ജാലകം നിത്യജീവൻ: നല്ല സമരിയാക്കാരന്റെ ഉപമ

nithyajeevan

nithyajeevan

Monday, October 31, 2011

നല്ല സമരിയാക്കാരന്റെ ഉപമ

 ഈശോ ജറുസലേം ദേവാലയത്തിലാണ്. ഈശോയുടെ പ്രഭാഷണം കേൾക്കാന്‍ പതിവുള്ള ജനക്കൂട്ടത്തിനു പുറമേ ഏതാനും നിയമജ്ഞരും അറിയപ്പെടുന്ന റബ്ബിമാരുടെ ശിഷ്യരും എത്തിയിട്ടുണ്ട്.   ഗൗരവത്തോടെ ഈശോയെ  ശ്രവിച്ചുകൊണ്ടിരുന്ന ഒരു നിയമജ്ഞന്‍  ചോദിക്കുന്നു; "ഗുരുവേ, നിത്യജീവന്‍  പ്രാപിക്കുന്നതിന് ഞാന്‍  എന്തു ചെയ്യണം? മറ്റുള്ളവർക്ക് നീ മറുപടി കൊടുത്തല്ലോ. എനിക്കും മറുപടി തരണമേ."
"നീ എന്തിനാണ് എന്നെ പരീക്ഷിക്കാന്‍  ശ്രമിക്കുന്നത്? നിയമത്തിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള എന്തെങ്കിലും ഞാന്‍  പറയുമെന്നാണോ നീ പ്രതീക്ഷിക്കുന്നത്? നിയമത്തിൽ എന്താണു് എഴുതപ്പെട്ടിരിക്കുന്നത്? നിയമത്തിലെ ഒന്നാമത്തെ കൽപ്പന ഏതാണ്?"
"നിന്റെ കർത്താവായ ദൈവത്തെ പൂർണ്ണഹൃദയത്തോടും പൂർണ്ണആത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക."
"നീ പറഞ്ഞത് ശരിയാണ്. അതു ചെയ്യുക. എന്നാൽ നിനക്ക് നിത്യജീവന്‍  ലഭിക്കും."
"പക്ഷേ, ആരാണ് എന്റെ അയൽക്കാരന്‍ ? ലോകം നിറയെ നല്ലയാളുകളും ചീത്തയാളുകളുമുണ്ട്. അറിയപ്പെടാത്തവരും ഇസ്രായേലിനോടു സ്നേഹമുള്ളവരും വിരോധമുള്ളവരുമുണ്ട്. ഇതിലേതാണ് എന്റെ അയൽക്കാരന്‍?"

                             "ഒരു മനുഷ്യന്‍  ജറുസലേമിൽ നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു.  മലയിടുക്കുകളിലൂടെ നടക്കുമ്പോൾ അയാൾ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവർ അവനെ കൊള്ളയടിച്ചു സകല സാധനങ്ങളും അപഹരിച്ചു. അവനെ മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കി വഴിയരികിൽ ഇട്ടിട്ടു് കടന്നുകളഞ്ഞു.

ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം ഒരു  പുരോഹിതന്‍ യാത്ര ചെയ്ത് ആ വഴിയേ വന്നു. ഓ! പരിശുദ്ധ സ്ഥലത്തെ കുന്തിരിക്കത്തിന്റെ സുഗന്ധം അപ്പോഴും അവന്റെ കൂടെയുണ്ടായിരുന്നു.  അവന്റെ ആത്മാവും  സ്വഭാവാതീതമായ കാരുണ്യവും സ്നേഹവും കൊണ്ട്  സുഗന്ധപൂരിതമാകേണ്ടതായിരുന്നില്ലേ? ദൈവഭവനത്തിൽ അത്യുന്നതനെ തൊട്ടാലെന്നപോലെ ദൈവത്തോട് അടുത്ത 
ആൾ ... തിരിച്ചു വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു അയാൾ. മുറിവേറ്റു കിടന്ന മനുഷ്യനെ അയാൾ നോക്കി; പക്ഷേ നിന്നില്ല. ധൃതിയിൽ അയാൾ നടന്നുനീങ്ങി.

പിന്നീട് ഒരു ലേവായന്‍  അതിലേ കടന്നുപോയി. ദേവാലയ ശുശ്രൂഷയിലേർപ്പെടാനുള്ള താന്‍  അശുദ്ധനാകുന്നത്  യുക്തമാണോ? അല്ല; ഒരിക്കലും പാടില്ല. അയാൾ കുപ്പായം ചുരുക്കിപ്പിടിച്ചു; രക്തം പുരളാതിരിക്കാന്‍.  വേദന കൊണ്ടു ഞരങ്ങുന്ന ആ മനുഷ്യനെ ആകെ ഒന്നു നോക്കിയ ശേഷം അയാൾ ദേവാലയത്തെ ലക്ഷ്യമാക്കി ധൃതിയിൽ നടന്നുനീങ്ങി.

മൂന്നാമത് ഒരു സമരിയാക്കാരന്‍  സമരിയായിൽ നിന്ന് ജോർദ്ദാന്‍  കടവിലേക്കു യാത്ര പോകയായിരുന്നു. രക്തം വഴിയിൽ കണ്ടപ്പോൾ അയാൾ യാത്ര നിർത്തി. സന്ധ്യാസമയമായതിനാൽ മങ്ങിയ വെളിച്ചത്തിൽ മുറിവേറ്റു കിടന്ന മനുഷ്യനെ അയാൾ കണ്ടു. അയാൾ കുതിരപ്പുറത്തു നിന്നു താഴെയിറങ്ങി. അവശനായിരുന്ന മനുഷ്യന് നല്ല  വീര്യമുള്ള വീഞ്ഞു് സ്വൽപ്പം പകർന്നു കൊടുത്തു കുടിപ്പിച്ചു. പിന്നീട് അയാളുടെ പുറങ്കുപ്പായം കീറി ആ തുണി കൊണ്ട് മുറിവുകൾ  വളരെ ശ്രദ്ധയോടെ വെച്ചുകെട്ടി, അയാളെ കുതിരപ്പുറത്തു കയറ്റി വളരെ സൂക്ഷിച്ചു കുതിരയെ ഓടിച്ച് പട്ടണത്തിലെ ഒരു  സത്രത്തിൽ പ്രവേശിപ്പിച്ചു. രാത്രി മുഴുവന്‍ അവന്‍  അയാളെ ശുശ്രൂഷിച്ചു. അയാൾക്കു് ആശ്വാസമുണ്ടെന്നു കണ്ടപ്പോൾ പുലർച്ചയ്ക്ക് അയാളെ സത്രം സൂക്ഷിപ്പുകാരന്റെ പ്രത്യേക അന്വേഷണത്തിന് ഏൽപ്പിച്ചു;
മുൻകൂർ കുറെ പണവും കൊടുത്ത് ഇങ്ങനെ പറഞ്ഞു; "എന്നെ പരിപാലിക്കുന്നു എന്നവിധം അയാളെ സംരക്ഷിക്കുക. നിനക്ക് അധികച്ചെലവു വന്നാൽ മടക്കയാത്രയിൽ ഞാനതു തന്നുകൊള്ളാം." അനന്തരം അയാൾ തന്റെ യാത്ര തുടർന്നു.

നിയമജ്ഞാ, ഇപ്പോൾ എന്നോടു പറയൂ, ഈ മൂന്നുപേരിൽ ആരാണ് കള്ളന്മാരുടെ കയ്യിലകപ്പെട്ട മനുഷ്യന് "അയൽക്കാര"നായത്?"

           നിയമജ്ഞന്‍ അഭിപ്രായപ്പെട്ടു; "അവസാനം വന്നവന്‍, അയാളോട് കരുണ കാണിച്ചവന്‍, ആയിരുന്നു അയാൾക്കു് അയൽക്കാരന്‍."
"ഇതുതന്നെ നീയും ചെയ്യുക. അപ്പോൾ നീ നിന്റെ അയൽക്കാരനെയും അയൽക്കാരനിൽ ദൈവത്തെയും സ്നേഹിക്കുകയായിരിക്കും ചെയ്യുക. അങ്ങനെ നീ നിത്യജീവന് അർഹനായിത്തീരും."