ഈശോ അപ്പസ്തോലന്മാര്‍ക്കു നല്‍കിയ പ്രബോധനം
"സുകൃതത്തില്‍ സമ്പന്നനാകണമെന്നതിനെക്കുറിച്ചു മാത്രമേ മനുഷ്യന്‍ ചിന്താമഗ്നനാകേണ്ടൂ എന്ന കാര്യം നിങ്ങള്‍ വിശ്വസിക്കുക. എന്നാല്‍ ഉത്ക്കണ്ഠാകുലരാകേണ്ട; മനസ്സു കലങ്ങുകയും വേണ്ട. നന്മയുടെ ശത്രുക്കളാണ് ഉത്ക്കണ്ഠയും ഭയവും ധൃതിയും. മേല്‍പ്പറഞ്ഞ തിന്മകളെല്ലാം അത്യാഗ്രഹം, അസൂയ, മാനുഷികമായ അവിശ്വാസം എന്നിവയുടെ ധൂളികളാണ്. നിങ്ങളുടെ പരിശ്രമം സ്ഥിരവും പ്രത്യാശയുള്ളതും സമാധാനപൂര്‍ണ്ണവുമായിരിക്കട്ടെ. കാട്ടുകഴുതകളെപ്പോലെ എടുത്തു ചാടുകയും പൊടുന്നനവെ നില്‍ക്കുകയും ചെയ്യുന്നവരാകരുത്. സുരക്ഷിതമായ യാത്രയ്ക്ക് സുബുദ്ധിയുള്ളവരാരും അവയെ ഉപയോഗിക്കുകയില്ല. വിജയത്തിലും പരാജയത്തിലും സമാധാനമുള്ളവരായിരിക്കുക. ദൈവത്തിനു് അപ്രീതി വരുത്തിയല്ലോ എന്നോര്‍ത്ത് കണ്ണീര്‍ ചിന്തുമ്പോഴും എളിമയും പ്രത്യാശയുമുള്ളവരായിരിക്കുക. എളിമയുള്ള ആളിനറിയാം, മാംസത്തിന്റെ ദുരിതങ്ങള്‍ക്കു വിധേയനായ ഒരു സാധു മനുഷ്യനാണു താനെന്നും ആ ദുരാശകള്‍ ചിലപ്പോഴെല്ലാം വിജയിക്കുമെന്നും. എളിമയുള്ളവര്‍ തന്നില്‍ത്തന്നില്‍ പ്രത്യാശ വയ്ക്കുന്നില്ല. അവന്റെ പ്രത്യാശ ദൈവത്തിലാണ്. തോല്‍വി പറ്റുമ്പോഴും അവന്‍ ശാന്തനായി ഇങ്ങനെ പറയുന്നു: "പിതാവേ, എന്നോടു ക്ഷമിക്കണമേ.. എന്റെ ബലഹീനത നീ അറിയുന്നുവെന്നും ചിലപ്പോള്‍ അവ എന്നെ കീഴ്പ്പെടുത്തുന്നുവെന്നും ഞാന്‍ കാണുന്നു. നീ എന്നോടു സഹതപിക്കുന്നുണ്ട് എന്നും ഞാന്‍ വിശ്വസിക്കുന്നു. നിന്റെ സഹായം കൂടുതലായി എനിക്കു ലഭിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു." ദൈവത്തിന്റെ ദാനങ്ങളോട് അത്യാഗ്രഹം പാടില്ല. നിസ്സംഗതയും പാടില്ല. നിങ്ങള്‍ക്കുള്ള ജ്ഞാനവും സുകൃതവും ഔദാര്യത്തോടെ നിങ്ങള്‍ നല്‍കുക.
എന്റെ ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്റെ പിതാവ് നിങ്ങളെ രാജ്യത്തിലേക്കു വിളിക്കാന്‍ താല്‍പ്പര്യം കാണിച്ചത് അവന്റെ രാജ്യം നിങ്ങള്‍ക്കു് ലഭിക്കാനാണ്. അതിനാല്‍ നിങ്ങള്‍ അതിനായി ആഗ്രഹിക്കുകയും നിങ്ങളുടെ നല്ല മനസ്സും പ്രവൃത്തികളും കൊണ്ട് പിതാവിനെ സഹായിക്കുകയും ചെയ്യുക.
യാത്രപോകാന്‍ ഒരുങ്ങിയിരിക്കുന്ന വരെപ്പോലെയോ യജമാനന്റെ വരവു പാര്‍ത്തിരിക്കുന്ന ഭൃത്യനെപ്പോലെയോ നിങ്ങള്‍ എപ്പോഴും തയ്യാറായിരിക്കുവിന്‍. നിങ്ങളുടെ യജമാനന്‍ ദൈവമാണ്. ഏതു നിമിഷവും അവന്റെ പക്കലേക്ക് നിങ്ങളെ വിളിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ പക്കലേക്ക് അവനു വരാം. അതിനാല്‍ എപ്പോഴും തയ്യാറായിരിക്കുവിന്‍. ആ വരവു് അല്ലെങ്കില്‍ വിളി പെട്ടെന്നായിരിക്കും. യജമാനന്‍ വരുന്ന സമയത്ത് ജാഗ്രതയോടെയിരിക്കുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. ഞാന്‍ ഗൗരവമായി പറയുന്നു, വിശ്വസ്തമായ അവരുടെ കാത്തിരിപ്പിന് പ്രതിഫലം നല്‍കാനായി യജമാനന്‍ തന്നെ അരമുറുക്കി അവർക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് ബഹുമാനിക്കും. അവന്‍ ഒന്നാം യാമത്തിലോ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വരാന്‍ പാടുണ്ട്. എപ്പോഴാണ് വരിക എന്നറിഞ്ഞുകൂടാത്തതുകൊണ്ട് എപ്പോഴും ജാഗ്രതയോടെയിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകും. നിങ്ങള്‍ കാത്തിരിക്കുന്നതു കാണുന്ന യജമാനനും സന്തോഷമാകും. സ്വയം വലിയഭാവം നടിച്ച് "സമയം ഇനിയുമുണ്ട്; അവന്‍ ഇന്നു രാത്രിയില്‍ ഏതായാലും വരികയില്ല" എന്നു പറയരുത്. തിന്മ വന്നുചേരും. കള്ളന്‍ എപ്പോഴാണ് വരുന്നതെന്നറിഞ്ഞാല്‍ ഒരുവന്‍ ജാഗ്രത പാലിക്കും. അതുപോലെ നിങ്ങളും തയ്യാറായിരിക്കുവിന്‍ . കാരണം, നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രന്‍ വന്നു പറയും, "സമയമായി" എന്ന്.
എന്നെ ശുശ്രൂഷിക്കുക എന്നത് മനുഷ്യര്‍ പറയുന്നതുപോലെയുള്ള അര്‍ത്ഥത്തില്‍ വിശ്രമമായിരിക്കയില്ല. ധീരതയും അക്ഷീണപ്രയത്നവുമാണ് അതാവശ്യപ്പെടുന്നത്. എങ്കിലും ഞാന്‍ പറയുന്നു, അവസാനം ഈശോ തന്നെയായിരിക്കും അരമുറുക്കി നിങ്ങള്‍ക്കു ശുശ്രൂഷ ചെയ്യുന്നത്; നിങ്ങളോടുകൂടി നിത്യവിരുന്നിനിരിക്കുന്നത്. എല്ലാ അദ്ധ്വാനവും ദുഃഖവും അപ്പോള്‍ വിസ്മരിക്കപ്പെടും."