ജാലകം നിത്യജീവൻ: July 2021

nithyajeevan

nithyajeevan

Wednesday, July 28, 2021

വി.മത്തായി 24 :1 -3 - വിശദീകരണം

 വി.മത്തായി 24 :1 -3 (from the sermon of Fr.Michael Rodriges)

         
                         "യേശു ദേവാലയം വിട്ടുപോകുമ്പോൾ ദേവാലയത്തിൻ്റെ   പണികൾ അവനു കാണിച്ചുകൊടുക്കാൻ ശിഷ്യന്മാർ അടുത്തെത്തി. അവൻ അവരോടു പറഞ്ഞു: നിങ്ങൾ ഇതെല്ലാം കാണുന്നല്ലോ.  സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; ഇവിടെ കല്ലിന്മേൽ കല്ലു ശേഷിക്കാതെ എല്ലാം തകർക്കപ്പെടും."
(മത്തായി 24:1 -2 )    

   ഇതൊരു അടയാളമാണ്; കാരണം, ഈ പ്രവചനം നടത്തിയിരിക്കുന്നത് കർത്താവായ ഈശോ തന്നെയാണ്. ഇത് ജെറുസലേം ദേവാലയത്തെക്കുറിച്ചു മാത്രമുള്ള പ്രവചനമല്ല, അവിടുത്തെ ശരീരമായ തിരുസഭയെ കുറിച്ചുകൂടിയുള്ള പ്രവചനമാണ്.  ഈശോ കടന്നുപോയ അതേ വഴികളിലൂടെത്തന്നെ സഭയും കടന്നുപോകും. ഈശോ ക്രൂശിക്കപ്പെട്ടതുപോലെതന്നെ സഭയും ക്രൂശിക്കപ്പെടും.  നാമിപ്പോൾ സഭയുടെ ക്രൂശീകരണനാളിലേക്കു കടന്നിരിക്കുകയാണ്. സഭ ക്രൂശിക്കപ്പെടുകയും കല്ലറയിൽ അടക്കപ്പെടുകയും ചെയ്യും. ലോകത്തിനു നൽകാൻ അവൾക്ക് ഒരു സന്ദേശവും ഉണ്ടാവുകയില്ല.  ലോകത്തിനു മുൻപിൽ അവൾക്ക് യാതൊരു വിലയും ഉണ്ടാവുകയില്ല. 

           കല്ലുകൾ സഭയുടെ പ്രബോധനങ്ങളെ പ്രതിനിധീകരിക്കുന്നു. യുഗാന്ത്യ കാലത്തിൽ സഭയുടെ പ്രബോധനങ്ങളാകുന്ന ഈ കല്ലുകൾ വലിച്ചെറിയപ്പെടും. സഭയുടെ ചരിത്രത്തിലാദ്യമായി ഈ പ്രബോധനങ്ങളാകെ ആക്രമിക്കപ്പെടും.  കൂദാശകൾ നശിപ്പിക്കപ്പെടും. കൂദാശകളിൽ ആളുകൾക്ക് വിശ്വാസമില്ലാതാകുന്ന ഒരു കാലം വരും. പ്രാർത്ഥിക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിശ്വാസികൾ ചിന്തിക്കുന്ന ഒരു കാലം വരും. ഇതാണ് ഒരടയാളം.

ആ അടയാളം ആരംഭിച്ചുകഴിഞ്ഞു.  തെറ്റായ പ്രബോധനങ്ങളുടെ ഒരു പ്രവാഹം തന്നെ നമ്മുടെ ചുറ്റും നമുക്കിപ്പോൾ കാണാൻ കഴിയും.  നമ്മുടെ സർവ്വകലാശാലകൾ, സെമിനാരികൾ, കുടുംബങ്ങൾ, എല്ലാംതന്നെ അവയുടെ പിടിയിലമർന്നിരിക്കുന്നു. ലോകമാധ്യമങ്ങളും എല്ലാ തലങ്ങളിലുമുള്ള വ്യാജ പ്രവാചകന്മാരും ചേർന്നാണ് ഈ വ്യാജ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നത്.

മത്തായി 24:3 - "അവൻ ഒലിവു മലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അവനെ സമീപിച്ചുപറഞ്ഞു; ഇതെല്ലാം എപ്പോൾ സംഭവിക്കുമെന്നും നിൻ്റെ ആഗമനത്തിനെയും യുഗാന്തത്തിൻ്റെയും  അടയാളമെന്താണെന്നും ഞങ്ങൾക്കു പറഞ്ഞു തരണമേ!"

ഈശോ ഒലിവുമലയിൽ ഇരിക്കുമ്പോഴാണ് ഇതു പറഞ്ഞത്. ശിഷ്യന്മാർ മൂന്നു ചോദ്യങ്ങളാണ് അവനോടു ചോദിച്ചത്.

1. ഇത് എപ്പോഴാണ് സംഭവിക്കുക?

2. നിൻ്റെ ആഗമനത്തിൻ്റെ അടയാളമെന്താണ്?

3. യുഗാന്തത്തിൻ്റെ  അടയാളമെന്താണ് ?

യേശുവിൻ്റെ ആഗമനത്തിൻ്റെ ഒന്നാമത്തെ അടയാളം,സമീപഭാവിയിൽ  സംഭവിക്കാനിരിക്കുന്ന  അവിടുത്തെ മഹത്വപൂർണ്ണമായ

                                          ഒരു വെളിപ്പെടുത്തലാണ്.

                     

                      വി.ഫൗസ്റ്റീന ഉൾപ്പെടെ സഭയിലെ പല വിശുദ്ധരിലൂടെയും ആധുനിക കാലത്തെ പല ദർശകരിലൂടെയും വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതും ഭൂമുഖത്തുള്ള സകല മനുഷ്യരും ഒരേസമയം ഒരുപോലെ ദർശിക്കുന്നതുമായ ഒരടയാളമായിരിക്കും അത്. 

The Great Warning അഥവാ മഹാ മുന്നറിയിപ്പ് എന്ന ഈ പ്രതിഭാസം ദൈവത്തിന്റെ കരുണയുടെ അവസാന പ്രവൃത്തിയായിരിക്കും 

 

Monday, July 26, 2021

വി.ജോവാക്കിമും വി.അന്നയും

  ഇന്ന് വി.ജോവാക്കിമിൻ്റെയും വി.അന്നയുടെയും തിരുനാൾ 


ദൈവമാതാവായ പരിശുദ്ധ  കന്യകാമറിയത്തിൻ്റെ മഹനീയരായ മാതാപിതാക്കളാണ് വി.ജോവാക്കിമും  വി.അന്നയും. 

തൻ്റെ മാതാമഹനെയും മാതാമഹിയെയും പറ്റി ഈശോ ഇപ്രകാരം പറയുന്നു:

"എനിക്ക് മാനുഷികമായി ലഭിച്ച ബന്ധുക്കളിൽ എൻ്റെ ജീവിതത്തോടു കൂടുതൽ ബന്ധപ്പെട്ടവർ ജ്ഞാനമുള്ളവരായിരുന്നു. യോവാക്കിം,അന്ന, ജോസഫ്, സക്കറിയാസ്, അവരെക്കാളും കൂടുതലായി എലിസബത്തും യോഹന്നാനും (സ്നാപകൻ)..

ഇവരെല്ലാം ശരിക്കും ജ്ഞാനികളായിരുന്നില്ലേ? ജ്ഞാനത്തിൻ്റെ വാസസ്ഥലം തന്നെയായിരുന്നു എൻ്റെ അമ്മയുടെ കാര്യം പറയേണ്ടതില്ലല്ലോ?

തങ്ങളുടെ ചെറുപ്പം മുതൽ മരണം വരെയും ദൈവത്തിനിഷ്ടപ്പെട്ട വിധം ജീവിക്കേണ്ടതെങ്ങനെയെന്ന് ജ്ഞാനം എൻ്റെ വല്യപ്പനും വല്യമ്മയ്ക്കും മനസ്സിലാക്കികൊടുത്തിരുന്നു. ഒരു കൂടാരം പ്രകൃതിശക്തികളിൽനിന്നു നമ്മെ സംരക്ഷിക്കുന്നതുപോലെ ജ്ഞാനം അവരെ പാപത്തിൻ്റെ അപകടത്തിൽനിന്നു സംരക്ഷിച്ചു. ജ്ഞാനമാകുന്ന വൃക്ഷത്തിൻ്റെ വേര് ദൈവഭയമാകുന്നു. ഈ വൃക്ഷം അതിൻ്റെ ശാഖകളെ നാലുവശത്തേക്കും വളർത്തി ശാന്തവും സമാധാനപൂർണ്ണവുമായ സ്നേഹത്തിൽ എത്തിക്കുന്നു. 

യോവാക്കിമും അന്നയും ഇപ്രകാരം ജ്ഞാനത്തെ സ്നേഹിച്ചവരാണ്. അവരുടെ പരീക്ഷണങ്ങളിൽ ജ്ഞാനം അവരോടുകൂടിയുണ്ടായിരുന്നു.

അവരുടെ വിശുദ്ധമായ ജീവിതം അർഹിച്ചിരുന്നതുപോലെ, അവരുടെ വിശുദ്ധി നിമിത്തം, ദൈവത്തിൻ്റെ  പ്രിയപ്പെട്ട കന്യകയുടെ രക്ഷകർത്താക്കളാകാൻ അവർ അർഹരായി. തങ്ങളുടെ ജീവിതാന്ത്യത്തിൽ ഒരു വലിയ സൂര്യൻ പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമേ തങ്ങൾക്കു ദൈവം നൽകിയ വലിയ അനുഗ്രഹം അവർ മനസ്സിലാക്കിയുള്ളൂ. 

(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്) 

നാവിനെ നിയന്ത്രിക്കുക

(പരിശുദ്ധ അമ്മയുടെ സന്ദേശം)



കുഞ്ഞുങ്ങളേ, ഉപവസിക്കുക; ഭക്ഷണം മാത്രം   ഉപേക്ഷിച്ചാൽ  പോരാ, നിങ്ങളുടെ അവയവങ്ങളെയും നിയന്ത്രിക്കുവാൻ ശീലിക്കുക; പ്രത്യേകിച്ചും, നാവിനെ...  പ്രാർത്ഥനയ്ക്കായി മാത്രം നാവിനെ  ഉപയോഗിക്കുക. 

Sunday, July 25, 2021

ഈശോ എഫ്രായിമിൽ പ്രസംഗിക്കുന്നു

 

മാതളപ്പഴത്തിൻ്റെ ഉപമ 

               ഈശോ എഫ്രായിമിലാണ്.   ഒരരുവിക്കരയിലുള്ള വലിയൊരു പാറമേൽ ഇരിക്കുന്നു.  ഈശോയുടെ ചുറ്റിനുമായി (സമരിയാക്കാരായ) ആളുകൾ   പുല്ലുള്ള    നിലത്തിരിക്കുന്നു.  കൊച്ചുകുട്ടികളും കൂട്ടത്തിലുണ്ട്.  ഈശോ അവരെ നോക്കി പുഞ്ചിരിക്കുന്നു.

                    ഒരു ബാലൻ, തൻ്റെ കൈയിലുള്ള മൂന്ന് ചെമന്ന മാതളപ്പഴങ്ങൾ ഈശോയുടെ കൈയിൽ കൊടുത്തു. ഈശോ രണ്ടെണ്ണം പൊട്ടിച്ച് എല്ലാ കൊച്ചു കൂട്ടുകാർക്കും വീതിച്ചുകൊടുത്തു. മൂന്നാമത്തേത് ഇടതു കൈയിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റുനിന്ന് സംസാരിക്കാൻ തുടങ്ങി. മാതളപ്പഴം ഇപ്പോൾ എല്ലാവർക്കും കാണാം.

"ലോകത്തെ മുഴുവൻ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? പ്രത്യേകിച്ചും,  പാലസ്തീനാ നാടിനെ എന്തിനോടാണ് ഉപമിക്കുക? ഒരിക്കൽ അതൊരു രാഷ്ട്രമായി ഐക്യത്തിൽ വർത്തിച്ചിരുന്നു.  ദൈവഹിതവും അതായിരുന്നു.  പിൽക്കാലങ്ങളിൽ അത് തെറ്റിൽ വീണു. സഹോദരങ്ങളുടെ ദുഃശാഠ്യവും രാജ്യം വിഭജിച്ചു പോകാൻ കാരണമായി.  സ്വന്തം ഇഷ്ടത്താൽത്തന്നെ ചെറുതാക്കപ്പെട്ടുപോയ ഇസ്രായേലിനെ ഞാൻ എന്തിനോടാണ് താരതമ്യം ചെയ്യുക?  ഞാൻ അതിനെ ഈ  മാതളപ്പഴത്തോട് ഉപമിക്കുകയാണ്.  ഞാൻ ഗൗരവമായിപ്പറയുന്നു;  യഹൂദരിലും സമരിയാക്കാരിലും കാണുന്ന ഭിന്നത തന്നെ വേറെ രൂപത്തിലും അളവിലും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും കാണുന്നുണ്ട്.  ചിലപ്പോൾ  ഒരു രാജ്യത്തിലെതന്നെ പ്രവിശ്യകളിലും കാണുന്നു. അവ ദൈവം സൃഷ്ടിച്ചവയാണോ?  അല്ല.  എത്ര വർഗ്ഗങ്ങളുണ്ടോ അത്രയും ആദാമുകളെയും ഹവ്വമാരെയും ദൈവം സൃഷ്ടിച്ചില്ല. എത്രയേറേ വർഗ്ഗങ്ങളും ഗോത്രങ്ങളും കുടുംബങ്ങളുമാണ് പരസ്പരം ശത്രുതയിൽ കഴിയുന്നത്?  ദൈവം ഒരു  ആദത്തെയും ഹവ്വായെയും മാത്രമേ  സൃഷ്ടിച്ചുള്ളൂ.  അവരിൽ നിന്നാണ് സകല  മനുഷ്യരും ഉണ്ടായിട്ടുള്ളത്;  ഒരൊറ്റ കുടുംബവും വീടും പോലെ..  കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് വീടിൻ്റെ മുറികളും കൂടിയതുപോലെ ..പല മുറികളായി വളർന്നു, വർദ്ധിച്ചു .. അതിനാൽ, എന്തിനാണ് ഇത്രയധികം വിരോധം? ഇത്രയധികം പ്രതിബന്ധങ്ങളും തെറ്റിദ്ധാരണകളും ?  നിങ്ങൾ എന്നോടു പറഞ്ഞല്ലോ,  സഹോദങ്ങളെപ്പോലെ പരിഗണിച്ച് ഐക്യത്തിൽ ജീവിക്കാൻ നിങ്ങൾക്കറിയാമെന്ന് ? എന്നാൽ, അതുപോരാ; നിങ്ങൾ സമരിയാക്കാരല്ലാത്തവരെയും സ്നേഹിക്കണം. 

                   ഈ മാതളപ്പഴത്തിലേക്കു നോക്കൂ..  ഇതിൻ്റെ ഭംഗി മാത്രമല്ല, രുചിയും നിങ്ങൾക്കറിയാം. തൊണ്ടു കൊണ്ടു മൂടിയിരിക്കുന്നെങ്കിലും അതിൻ്റെ നീര് മധുരമുള്ളതാണെന്ന് നിങ്ങൾക്കറിയാം. അതു  തുറക്കുമ്പോൾ സ്വർണച്ചെപ്പിൽ അടുക്കി വെച്ചിരിക്കുന്ന മാണിക്യക്കല്ലുകൾ പോലെയാണ് അതിൻ്റെ അല്ലികൾ.  എന്നാൽ, അല്ലികളുടെ അറകൾ വേർതിരിക്കുന്ന അകത്തെ കട്ടിയുള്ള പാട നീക്കാതെ അതിന്മേൽ കടിക്കുന്നവർ,  അത് കയ്പ് , അല്ലെങ്കിൽ വിഷമാണെന്നു പറഞ്ഞു ദൂരെയെറിയും. അതുപോലെ, ജനതകൾ തമ്മിൽ, ഗോത്രങ്ങൾ തമ്മിൽ, വേർതിരിവു വരുത്തുന്ന  വിരോധം വിഷമാണ്.  മധുരത്തിനു പകരം കയ്പ്.. ഈ വേർതിരിവുകൾ കൊണ്ട് ഒരുപകാരവുമില്ല. ഇവ പരിമിതികൾ വരുത്തുകയാണ് ചെയ്യുന്നത്. ഉത്ക്കണ്ഠയും ദുഃഖവും കൂടെ അവ കയ്‌പുള്ളവയാക്കുന്നു. അതു ഭക്ഷിക്കുന്നവരിൽ വിഷമായിത്തീരുന്നു.  സ്നേഹിക്കുന്നതിനു പകരം അയൽക്കാരെ ഉപദ്രവിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുമ്പോൾ വിഷം കഴിച്ചതുപോലെയുള്ള അനുഭവമാണുണ്ടാവുക. ഇത് തുടച്ചുനീക്കാൻ സാധിക്കാത്തതാണോ?  അല്ല,  സന്മനസ്സ് അവയെ ഇല്ലാതാക്കും.  ഈ പഴത്തിലുള്ള കയ്പ് പാട ഒരു കൊച്ചുകുട്ടിക്ക് എടുത്തുകളയാൻ കഴിയുന്നതുപോലെ എളുപ്പമാകും.  സന്മനസ്സുണ്ടായാൽ മതി. "

Friday, July 16, 2021

സഹനം എന്ന സേവിങ്സ് അക്കൗണ്ട്

ഈശോ പറയുന്നു:

                          "ഓരോ സഹനവും നിൻ്റെ സേവിങ്സ് അക്കൗണ്ടിൽ

 പണം കൂട്ടുന്നതു പോലെയാണ്.      അതു നിനക്കായി

കാത്തിരിക്കുകയും നിൻ്റെ മരണ ശേഷം അതിൻ്റെ പലിശ

 അനേകം ആത്മാക്കൾക്ക് ഉപകരിക്കുകയും ചെയ്യും."

സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുക

 


ഈശോ പറയുന്നു:

                                "എൻ്റെ സഭ എന്തുമാത്രം സഹനങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുമെന്നും നിയമവിധേയനല്ലാത്ത ഒരുവൻ്റെ നിയമത്തിനു കീഴ്പ്പെടുമെന്നും എഴുതപ്പെട്ടിരിക്കുന്നത് നിങ്ങൾ വായിക്കുക. സഭ അതിനുള്ളിൽത്തന്നെ വഞ്ചിക്കപ്പെടുന്നതിനും നിങ്ങൾ സാക്ഷികളാകും.  എല്ലാ ദർശനങ്ങളും സത്യമായിത്തീരുന്നതും നിങ്ങൾ കാണും.

               ഹാ ! കഷ്ടം,  നിങ്ങളുടെ ഇടയന്മാരിൽ വളരെപ്പേർ നിദ്രയിലാണ്ടിരിക്കയാണ്.  എൻ്റെ ആടുകളെ നയിക്കാൻ വളരെക്കുറച്ച്  ഇടയന്മാർ മാത്രമേയുളളൂ എന്നതിനാൽ ആടുകൾ ചിതറിപ്പോയിരിക്കുന്നു..

       ദൈവമായ ഞാൻ,  എന്താണവർക്ക് നൽകുന്നതെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ദൈവിക ദാനങ്ങൾക്കായി അവർ എന്നോടപേക്ഷിക്കുമായിരുന്നു .."


(From The True Life in God)  

പരിശുദ്ധ അമ്മയുടെ വിലാപം


             


        ഒരു ദിവസം ഞാൻ എൻ്റെ സാധാരണ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധ അമ്മ പരാതിപ്പെട്ടു.  "നീയും ഒരമ്മയല്ലേ? എൻ്റെ ഹൃദയത്തിലെ ദുഃഖങ്ങളെല്ലാം ഞാൻ നീയുമായി പങ്കു വയ്ക്കുന്നു.  നിൻ്റെ ആറു മക്കളിലൊരാൾ നശിച്ചു പോകുന്നുവെന്നു നീ ചിന്തിക്കുക. എത്രമാത്രം നീ ദുഖിക്കും?  എൻ്റെ അവസ്ഥ ചിന്തിക്കൂ.. എൻ്റെ എത്രയോ മക്കൾ നരകത്തിലേക്കു പോകുന്നത് ഞാൻ കാണുന്നു ! എൻ്റെ കുഞ്ഞേ, എന്നെ സഹായിക്കൂ..

                     എത്രയോ വട്ടം  എത്രയോ പേരിലൂടെ, ഞാൻ വ്യാകുലങ്ങളുടെ അമ്മയാണ് എന്നറിയിച്ചു. അന്ന് എൻ്റെ പുത്രനുവേണ്ടി ഞാൻ കാൽവരിയിൽ സഹിച്ചതുപോലെ   ഇന്നും അനേകം  മക്കൾക്കുവേണ്ടി സഹിക്കുകയാണെന്നും പറഞ്ഞു.  ആരും ഇതു മനസ്സിലാക്കുന്നില്ല..."    


(ഹംഗറിയിലെ എലിസബത്ത് കിൻഡൽമാൻ  എന്ന ദർശകയ്ക്കു ലഭിച്ച സന്ദേശങ്ങളിൽ നിന്ന്) 

Wednesday, July 14, 2021

ശത്രുക്കളെ സ്നേഹിക്കുവിൻ

 ഈശോ ജെറുസലേം ദേവാലയത്തിൽ പ്രസംഗിക്കുകയാണ്:


                             "
ഇസ്രായേൽ ജനമേ, ഞാൻ പറയുന്നതു കേൾക്കൂ, പ്രതീക്ഷയുടെ മഞ്ഞുകാലം അവസാനിച്ചു; വാഗ്ദാനത്തിൻ്റെ ആഹ്ളാദം ഇതാ എത്തിയിരിക്കുന്നു. ആ വാഗ്ദാനം നിറവേറ്റപ്പെടുകയാണ്. നിങ്ങളുടെ വിശപ്പു ശമിപ്പിക്കാനുള്ള അപ്പവും വീഞ്ഞും തയാറായിക്കൊണ്ടിരിക്കുകയാണ്. സൂര്യൻ നിങ്ങളുടെ ഇടയിലുണ്ട്. ഭൂമുഖത്തുള്ള എല്ലാ ജീവികളും സ്വതന്ത്രമായും മധുരമായും ശ്വസിക്കുന്നു.  നിയമത്തിലെ ഈ കൽപന നോക്കൂ.. കല്പനകളിൽ ഒന്നാമത്തേതും ഏറ്റം പരിശുദ്ധവും ഇതാണ്; "നിൻ്റെ  ദൈവത്തെ സ്നേഹിക്കുക; 
നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക."

                     നിങ്ങൾക്ക് ഇതുവരേയും അനുവദിച്ചിരുന്ന അറിവിൻ്റെ മങ്ങിയ വെളിച്ചത്തിൽ, നിങ്ങളോട് പറഞ്ഞിരുന്നത് ഇതാണ്; "നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക; നിങ്ങളുടെ ശത്രുക്കളെ  വെറുക്കുക." ഇതിനപ്പുറം ഒന്നും ചെയ്യാൻ നിങ്ങൾക്കു കഴിയുമായിരുന്നില്ല. ആദാമിൻ്റെ പാപം നിങ്ങളെ ദൈവത്തിൻ്റെ  ത്രുക്കളാക്കി.  ദൈവത്തിൻ്റെ കോപം നിങ്ങൾക്ക് ചുമക്കാനാകാത്ത ഒരു ഭാരമായി അനുഭവപ്പെട്ടു.  നിങ്ങളുടെ രാജ്യാതിർത്തികൾ  ലംഘിച്ച അയൽക്കാർ മാത്രമായിരുന്നില്ല  നിങ്ങളുടെ ത്രു; നിങ്ങളെ ഏതെങ്കിലും രീതിയിൽ ദ്രോഹിച്ച ആരും, ദ്രോഹിച്ചെന്നു നിങ്ങൾ കരുതിയ ആരും നിങ്ങളുടെ ത്രുവായി. വിദ്വേഷം അങ്ങനെ ഓരോ ഹൃദയത്തിലും എരിഞ്ഞുകൊണ്ടിരുന്നു. അറിഞ്ഞോ അറിയാതെയോ ഓരോ മനുഷ്യനും തൻ്റെ സഹോദരന് കുറെ ശല്യം ചെയ്യുന്നുണ്ട്. വാർദ്ധക്യത്തിൽ എത്തുന്നതിനു മുൻപ് ആരോടും വിരോധം തോന്നിയിട്ടില്ലാത്ത മനുഷ്യരാരെങ്കിലുമുണ്ടോ?

   ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളെ ഉപദ്രവിക്കുന്നവരേയും നിങ്ങൾ സ്നേഹിക്കണം.  ആദാമും ആദാമിലൂടെ എല്ലാ മനുഷ്യരും ദൈവത്തിനെതിരായി പാപം ചെയ്തിട്ടുള്ളവരാണ്.  ഞാൻ ദൈവത്തിനെതിരായി പാപം ചെയ്തിട്ടില്ലെന്നു പറയാൻ ആർക്കു കഴിയും? എങ്കിലും ദൈവം നിങ്ങളോടു ക്ഷമിക്കുന്നു; ഒന്നല്ല, ഒരായിരം തവണ. അല്ലെങ്കിൽ ഈ ഭൂമുഖത്ത് ഇന്നു മനുഷ്യൻ ഉണ്ടാകുമായിരുന്നില്ല.  നിങ്ങൾ ക്ഷമിക്കുക. ദൈവം ക്ഷമിക്കുന്നതുപോലെ നിങ്ങളും ക്ഷമിക്കണം. നിങ്ങളെ ഉപദ്രവിച്ച സഹോദരനോട് സ്നേഹപൂർവ്വം ക്ഷമിക്കാൻ പറ്റുന്നില്ലെങ്കിൽ ദൈവത്തോടുള്ള സ്നേഹമോർത്തു ക്ഷമിക്കുക. ജീവനും ആഹാരവും നൽകുന്ന ദൈവം, നിങ്ങളുടെ ലൗകികമായ ആവശ്യങ്ങൾ നിറവേറ്റിത്തരികയും നിങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യുന്ന ദൈവം - ആ ദൈവത്തോടുള്ള സ്നേഹം സഹോദരനോടു ക്ഷമിക്കാൻ നിനക്കു പ്രേരകമാകണം. ഇതാണ് പുതിയ നിയമം.  ദൈവത്തിൻ്റെ വസന്തകാലമായ ഈ കാലഘട്ടത്തിലെ നിയമം. മനുഷ്യരുടെമേൽ ദൈവാനുഗ്രഹങ്ങൾ പ്രവഹിക്കുന്ന കാലമാണ് ഇത്. ഈ കാലം നിങ്ങൾക്ക് ഒരു കനി വിളയിക്കും.  ആ കനി സ്വർഗ്ഗകവാടം നിങ്ങൾക്കായി തുറന്നുതരും."

Thursday, July 8, 2021

ത്രിദിനാന്ധകാരം

   (വാലൻറ്റീന പാപ്പാഗ്ന എന്ന ദർശകക്ക് ലഭിച്ച ദർശനം )     

 

  കാലത്ത് ഏകദേശം ഒൻപതു മണിയായിട്ടുണ്ടാവണം. ഞാൻ വീടിനു വെളിയിൽ തുണികൾ ഉണക്കാനിടുകയായിരുന്നു. 

        അപ്പോൾ മാലാഖ പ്രത്യക്ഷനായി എന്നോട് പറഞ്ഞു: "അടുത്തു തന്നെ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങൾ നിന്നെ കാണിച്ചു തരുവാനാണ് ഞാൻ വന്നിരിക്കുന്നത്. അവ വളരെ അടുത്തെത്തിയിരിക്കുന്നു. ആളുകൾ അവരുടെ പാപങ്ങളെപ്പറ്റി മനസ്തപിക്കുന്നില്ലെങ്കിൽ അവ ഒഴിവാക്കപ്പെടുകയില്ല. വിശുദ്ധ ഗ്രന്ഥത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന അക്കാര്യങ്ങൾ പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും."

                         ഇതിനുശേഷം, ലോകത്തിനുമേൽ വരാനിരിക്കുന്ന ത്രിദിനാന്ധകാരം എന്ന പ്രതിഭാസത്തെപറ്റിയുള്ള ഒരു ദർശനം മാലാഖ എന്നെ കാണിച്ചു. അതിപ്രകാരമായിരുന്നു.

അതൊരു പകൽ സമയമായിരുന്നു. പെട്ടെന്ന്, വലിയൊരു കറുത്ത  മൂടൽമഞ്ഞു വന്നു മൂടുന്നതുപോലെ ഇരുട്ടു പരക്കുവാൻ തുടങ്ങി. മാലാഖ പറഞ്ഞു: "ഇതാണ് ത്രിദിനാന്ധകാരത്തിന്റെ ആരംഭം.

പകലായിക്കുമ്പോൾത്തന്നെ ഇരുട്ടു പരക്കുകയും രാത്രിയുടെ പ്രതീതി തോന്നിക്കുകയും ചെയ്യുമ്പോൾ,  ഇത് ദൈവത്തിന്റെ പ്രവൃത്തിയെന്ന് ആളുകൾ മനസ്സിലാക്കും.

ഇപ്രകാരം സംഭവിക്കുമ്പോൾ, ഉടൻതന്നെ വീട്ടിന്നുള്ളിലേക്കു പോവുക. 

ഭയപ്പെടുകയോ നിരാശരാവുകയോ ചെയ്യരുത്. വീടിന്റെ വാതിലുകളും ജനാലകളുമെല്ലാം അടച്ചു ഭദ്രമാക്കുക.

പ്രാർഥിക്കുക, തീക്ഷ്ണമായി പ്രാർഥിക്കുക. എല്ലാവരോടും പ്രാർത്ഥിക്കാൻ പറയുക. വെഞ്ചരിച്ച തിരികൾ കത്തിക്കുക.


Wednesday, July 7, 2021

മനോഹരമായ ഒരുപമ


ഈശോ സെസ്സേറിയാ പട്ടണത്തില്‍ ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്.


                                 "ഈ ഉപമ കേൾക്കൂ. അനേകം മക്കളുണ്ടായിരുന്ന ഒരു പിതാവ്, മക്കൾക്കു പ്രായപൂർത്തിയായപ്പോൾ വളരെ വിലയേറിയ രണ്ടു നാണയങ്ങൾ വീതം കൊടുത്തശേഷം പറഞ്ഞു: 'ഇനി നിങ്ങൾക്കുവേണ്ടി ജോലി ചെയ്യാന്‍  ഞാന്‍  ഉദ്ദേശിക്കുന്നില്ല. സ്വന്തം നിത്യവൃത്തിക്കായി അദ്ധ്വാനിക്കുവാന്‍  നിങ്ങൾ പ്രാപ്തരായിട്ടുണ്ട്. അതിനാല്‍  നിങ്ങൾ ഓരോരുത്തർക്കും ഒരുപോലുള്ള തുക ഞാൻ തരുന്നു. നിങ്ങൾക്കു് ഇഷ്ടമായ വിധത്തില്‍  അതുപയോഗിക്കുക. ഞാനിവിടെ കാത്തിരിക്കുന്നുണ്ടാവും. ദൗർഭാഗ്യത്താല്‍  പണം നഷ്ടപ്പെടുകയോ മറ്റോ ചെയ്താൽ, നിങ്ങൾക്കു് മാർഗ്ഗനിർദ്ദേശം നൽകുവാനും സഹായിക്കുവാനും ഞാന്‍  എപ്പോഴും ഇവിടെയുണ്ടായിരിക്കും. എന്നാൽ മോശമായി പണം ധൂർത്തടിക്കയാണെങ്കില്‍  അത് ക്ഷമിക്കപ്പെടുകയില്ല. മടിനിമിത്തം പണം ഉപയോഗിക്കാതെ അതു നഷ്ടപ്പെടുത്തിക്കളയുന്നവരോടും ഞാന്‍  ക്ഷമിക്കയില്ല. നന്മതിന്മകൾ നിങ്ങളെ ഓരോരുത്തരെയും ഞാന്‍  പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍  ജീവിതം എന്താണെന്നറിയാതെയാണ് നിങ്ങൾ അതിനെ നേരിടുന്നതെന്ന് പറയാന്‍  സാധിക്കയില്ല. ജ്ഞാനത്തോടുകൂടി, നീതിയിലും പരമാർത്ഥതയിലും ജീവിക്കേണ്ടതെങ്ങനെയെന്ന് എന്റെ ജീവിതത്തിലൂടെ ഞാൻ നിങ്ങൾക്ക് മാതൃക നൽകിയിട്ടുണ്ട്. അതിനാ ല്‍  എന്റെ ദുർമാതൃക നിമിത്തം നിങ്ങളെ ഞാൻ ദുഷിപ്പിച്ചെന്നു പറയാന്‍  സാദ്ധ്യമല്ല. ഞാന്‍  എന്റെ കടമ നിർവഹിച്ചു. ഇപ്പോൾ നിങ്ങളുടെ കടമ നിങ്ങൾ നിർവഹിക്കേണ്ട സമയമാണ്. നിങ്ങൾ ബുദ്ധിഹീനരോ ഒരുക്കമില്ലാത്തവരോ അറിവില്ലാത്തവരോ അല്ല. എല്ലാവരും പൊയ്ക്കൊള്ളുക.' അവരെയെല്ലാവരേയും വിട്ടശേഷം അയാൾ വീട്ടില്‍  കാത്തിരുന്നു.

                                      മക്കൾ പലസ്ഥലങ്ങളിലേക്കു പോയി. എല്ലാവർക്കും തുല്യസ്വത്താണു കിട്ടിയത്. വിലയേറിയ രണ്ടു നാണയങ്ങൾ, നല്ല ആരോഗ്യം, ശക്തി, അറിവ്, പിതാവിന്റെ സന്മാതൃക. അതിനാൽ എല്ലാവരും ഒരുപോലെ വിജയിക്കേണ്ടതായിരുന്നു. എന്നാൽ എന്താണു സംഭവിച്ചത്? ചിലർ ആ പണം ബുദ്ധിപൂർവ്വം ഉപയോഗിച്ചു. ആത്മാർത്ഥമായി ജോലി ചെയ്ത് അപ്പന്റെ ആഗ്രഹപ്രകാരം സത്യസന്ധരായി ജീവിച്ചു. അവർക്കു വേഗം സ്വത്തുവർദ്ധിച്ചു. മറ്റുചിലർ ആദ്യം ആത്മാർത്ഥമായി വർത്തിച്ചു. എന്നാല്‍  പിന്നീട് ധൂർത്തടിച്ചു നശിപ്പിച്ചു. ചിലർ കൊള്ളരുതാത്ത വ്യാപാരങ്ങൾ നടത്തി. വേറെ ചിലർ ഒന്നും ചെയ്തില്ല. മടി നിമിത്തം ജോലി ചെയ്യാതെ അലസരായി ജീവിച്ചു. അധികം വൈകാതെ അവരുടെ പണമെല്ലാം തീർന്നു.

                            കുറെ വർഷങ്ങൾക്കുശേഷം പിതാവ് മക്കളെ അന്വേഷിക്കുവാനും കൂട്ടിക്കൊണ്ടുവരുവാനും ഭൃത്യരെ അയച്ചു. "എന്റെ വീട്ടിലേക്കു വരുവാന്‍  അവരോടു പറയണം. അവർ എന്തുചെയ്തു എന്നതിന്റെ കണക്ക് എനിക്കു കാണണം. അവരുടെ സ്ഥിതിയെന്ത് എന്നു നേരിട്ടു കാണുവാനും ഞാന്‍  ആഗ്രഹിക്കുന്നു." ഭൃത്യന്മാർ എല്ലാ സ്ഥലങ്ങളിലേക്കും പോയി തങ്ങളുടെ യജമാനനന്റെ മക്കളെ കണ്ടുപിടിച്ച് സന്ദേശം അവർക്കു കൊടുത്ത് അവരേയും കൂട്ടി തിരിച്ച് വീട്ടിലെത്തി.

                    പിതാവ് വളരെ ആഘോഷമായി അവരെ സ്വീകരിച്ചു. പുത്രന്മാരുടെ മുഖഭാവത്തിൽ നിന്നുതന്നെ എന്താണു സംഭവിച്ചതെന്നു വ്യക്തമായിരുന്നു. സത്യസന്ധമായി അദ്ധ്വാനിച്ച് പിതാവിന്റെ ഹിതമനുസരിച്ച് നല്ലവരായി ജീവിച്ചവർ സ്വത്തു വർദ്ധിപ്പിച്ചു് അഭിവൃദ്ധിയുള്ളവരായി. അവരെ കാഴ്ചയിൽത്തന്നെ മനസ്സിലാകുമായിരുന്നു. അവർ പിതാവിനെ എളിമയും നന്ദിയും വിജയാഹ്ളാദവും സ്ഫുരിക്കുന്ന പുഞ്ചിരിയോടെ നോക്കി.ചിലർക്ക് ഉന്മേഷമില്ലായ്മയും മനസ്സിടിവും. അവർ ആകെ അലങ്കോലമായി കാണപ്പെടുന്നു. അസന്മാർഗ്ഗികത്വത്തിന്റെയും പട്ടിണിയുടേയും ലക്ഷണങ്ങൾ വ്യക്തമാണ്.ഹീനവും നിഷിദ്ധവുമായ മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിച്ചവരുടെ മുഖത്ത് കഠിനതയും ക്രൂരതയുമാണ്. പിതാവ് അവരോടാണ് ആദ്യം സംസാരിച്ചത്.

"നിങ്ങൾ ഇവിടുന്നു പോയപ്പോൾ എത്ര ശാന്തരായിരുന്നു. ഇപ്പോൾ മനുഷ്യരെ കടിച്ചുകീറാന്‍  നോക്കുന്ന കാട്ടുമൃഗങ്ങളെപ്പോലെയുണ്ടല്ലോ. ഈ സ്വഭാവം എവിടുന്നുകിട്ടി?"

"ജീവിതം ഞങ്ങൾക്കു തന്നതാണ്. ഞങ്ങളെ വീട്ടില്‍ നിന്നു പറഞ്ഞുവിട്ട നിന്റെ കാർക്കശ്യം കാരണമായി. ലോകത്തോട് ഇടപെടാന്‍  വിട്ടത് നീയാണ്."
"ലോകത്തില്‍  നിങ്ങളെന്തു ചെയ്തു?"

'നീ തന്ന ആ നിസ്സാരപണം കൊണ്ട് ജീവിക്കാന്‍  ശ്രമിച്ച ഞങ്ങളെക്കൊണ്ട് കഴിയുമായിരുന്നത് ചെയ്തു."

 
"ശരി, ആ മൂലയില്‍  നില്‍ക്കൂ. ഇനി നിങ്ങളുടെ ഊഴമാണ്. ക്ഷീണിച്ച് അവശരായി രോഗികളെപ്പോലെ തോന്നിക്കുന്ന നിങ്ങൾ ഈ സ്ഥിതിയിലായതെങ്ങനെ? ഇവിടെനിന്നു പോയപ്പോൾ നിങ്ങൾ ആരോഗ്യമുള്ളവരായിരുന്നല്ലോ?"

                 "ഞങ്ങളുടെ പണം വേഗം തീർന്നു. ആരംഭമുള്ളതിനെല്ലാം അവസാനവുമുണ്ട്."

                         "അതെ. അതിൽനിന്നെടുക്കുകയും തിരിച്ചങ്ങോട്ടിടുകയും ചെയ്യാതിരുന്നാല്‍. നിങ്ങൾ എന്തുകൊണ്ടാണ് എടുക്കുക മാത്രം ചെയ്തത്? അദ്ധ്വാനിച്ചിരുന്നെങ്കിൽ നിങ്ങൾക്കു് അതിനോടു കൂട്ടിച്ചേർക്കാമായിരുന്നു. നിങ്ങളുടെ പണം വർദ്ധിക്കുമായിരുന്നു. ആകട്ടെ, നിങ്ങൾ മുറിയുടെ നടുവിലേക്ക് മാറി നിൽക്കുക." മടിയന്മാരായ മക്കളോട് പിതാവ് പറഞ്ഞു.

          "ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളെന്താണ് പറയാൻ പോകുന്നത്? നിങ്ങളെക്കണ്ടിട്ട് നിങ്ങൾ വിശപ്പു സഹിച്ചെന്നു മാത്രമല്ല രോഗികളായിത്തീർന്നുവെന്നും തോന്നുന്നു. നിങ്ങൾക്കെന്താണു പറ്റിയത്? കഠിനാദ്ധ്വാനം മൂലം നിങ്ങൾ രോഗികളായിത്തീർന്നതാണോ?"

                   ചോദ്യം ചെയ്യപ്പെട്ട ചിലരെല്ലാം മുട്ടിന്മേൽ വീണു നെഞ്ചത്തടിച്ചുകൊണ്ടു പറഞ്ഞു: "അപ്പാ, ഞങ്ങളോടു ക്ഷമിക്കണേ. ദൈവം ഞങ്ങളെ ശിക്ഷിച്ചുകഴിഞ്ഞു. ഞങ്ങൾ അതിന്നർഹരാണ്. എന്നാൽ ഞങ്ങളുടെ പിതാവായ നീ ഞങ്ങളോടു ക്ഷമിക്കണേ.. ഞങ്ങൾ നന്നായി ആരംഭിച്ചു. എന്നാൽ സ്ഥിരമായി നിന്നില്ല. വളരെ എളുപ്പത്തിൽ ഞങ്ങൾ സമ്പന്നരായി. അപ്പോൾ ഞങ്ങൾ പറഞ്ഞു: 'നമ്മുടെ സ്നേഹിതർ പറയുന്നതുപോലെ നമുക്ക് അൽപ്പമായി ആനന്ദിക്കാം. അതിനുശേഷം വീണ്ടും ജോലി ചെയ്ത് പരിഹരിക്കാം.' അങ്ങനെ ഞങ്ങൾ ചെയ്തു. രണ്ടുപ്രാവശ്യം, മൂന്നുപ്രാവശ്യം, ഞങ്ങൾ വിജയിച്ചു. അതു കഴിഞ്ഞപ്പോൾ ഭാഗ്യം ഞങ്ങളെ കൈവിട്ടു... ഞങ്ങളുടെ പണം മുഴുവൻ തീർന്നുപോയി."

"ശരി, നിങ്ങളും മുറിയുടെ നടുവിലേക്ക് മാറിനിൽക്കൂ."


                             ആദ്യത്തെ കൂട്ടരോട് പിതാവു ചോദിച്ചു "സമ്പന്നരായി, സമാധാനമായിരിക്കുന്ന എന്റെ മക്കളേ, നിങ്ങൾ എങ്ങനെ ഇതു നേടിയെന്ന് എന്നോടു പറയൂ."

"നിന്റെ പഠിപ്പിക്കൽ, നിന്റെ മാതൃക, നിന്റെ ഉപദേശം, നിന്റെ കൽപ്പനകൾ എല്ലാം ഞങ്ങൾ പ്രവൃത്തിയിലാക്കി. പ്രലോഭനങ്ങളെ ഞങ്ങൾ എതിർത്തു. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞങ്ങൾ ഇതെല്ലാം ചെയ്തത്."

"വളരെ നന്ന്. നിങ്ങൾ എന്റെ വലതുവശത്തേക്കു വരൂ."

"ഇനിഎന്റെ വിധിതീർപ്പും അതിനുള്ള ന്യായങ്ങളും എല്ലാവരും ശ്രവിച്ചുകൊള്ളുവിന്‍.

                 ഞാൻ നിങ്ങൾക്കെല്ലാവർക്കും ഒരുപോലെ പണവും ജ്ഞാനവും മാതൃകയും തന്നു. എന്റെ പുത്രന്മാർ പലവിധത്തിലാണ് അതിനോടു പ്രതികരിച്ചത്.       സത്യസന്ധനും കഠിനാദ്ധ്വാനിയും ആത്മ നിയന്ത്രണമുള്ളവനുമായ ഒരു പിതാവിൽനിന്നാണ് ഈ മക്കളെല്ലാം ജനിച്ചത്. ചിലർ അപ്പനെപ്പോലെ, ചിലർ അലസന്മാർ, ചിലർ വേഗത്തിൽ പ്രലോഭനങ്ങൾക്കു് ഇരയായവർ, ചിലർ വളരെ ക്രൂരന്മാർ. അവർ അവരുടെ പിതാവിനെ വെറുക്കുന്നു. സഹോദരന്മാരെയും അയൽക്കാരെയും വെറുക്കുന്നു. കഴിവു കുറഞ്ഞവരുടേയും മടിയന്മാരുടേയും ഇടയിൽ തെറ്റു ചെയ്തതിനെക്കുറിച്ച് അനുതാപമുള്ളവരും അനുതാപമില്ലാത്തവരുമുണ്ട്. ഇതാണ് എന്റെ തീരുമാനം. എല്ലാം നന്നായി ചെയ്തവർ ഇപ്പോൾത്തന്നെ എന്റെ വലതുഭാഗത്തുണ്ട്. മഹത്വത്തിലും പ്രവൃത്തിയിലും അവർ എനിക്കു തുല്യരാണ്. അനുതാപമുള്ളവർ, വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികൾക്കു തുല്യരാണ്. അവർ വീണ്ടും എന്റെ കീഴിൽ പരിശീലനം നേടട്ടെ. അനുതാപമില്ലാത്തവരും കുറ്റം ചെയ്തവരും എന്റെ വീട്ടിൽനിന്നു ബഹിഷ്ക്കരിക്കപ്പെടും. ഒരുകാര്യം നിങ്ങളെ എല്ലാവരേയും ഞാൻ അനുസ്മരിപ്പിക്കയാണ്. ഓരോ പുത്രന്റെയും വിധിക്കു കാരണക്കാരൻ അവൻ തന്നെയാണ്. കാരണം എല്ലാവർക്കും ഒരേ ദാനങ്ങളാണ് ഞാൻ നൽകിയത്. എന്നാൽ അത് പലതരത്തിലായിത്തീർന്നു. അവർക്കു തിന്മ വരുത്തുവാൻ ഞാൻ ആഗ്രഹിച്ചു എന്ന് എന്നെ കുറ്റപ്പെടുത്തുക സാദ്ധ്യമല്ല."

"ഇതാണ് ഉപമ. ഇതിന്റെ വിശദീകരണം കേൾക്കൂ.

                       വലിയ കുടുംബത്തിന്റെ പിതാവ് സ്വർഗ്ഗസ്ഥനായ പിതാവാണു്. മക്കളെ ലോകത്തിലേക്ക് അയയ്ക്കുന്നതിനു മുൻപു കൊടുത്ത വിലയേറിയ നാണയങ്ങൾ സമയവും സ്വതന്ത്രമനസ്സുമാണ്. ദൈവം ഇത് എല്ലാ മനുഷ്യർക്കും കൊടുക്കുന്നു. അവർക്കിഷ്ടമുള്ളതുപോലെ അവ ഉപയോഗിക്കാം. ദൈവപ്രമാണങ്ങളും നീതിമാന്മാരുടെ ജീവിതമാതൃകകളും നൽകി വേണ്ടതെല്ലാം അവരെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും ഈ ദാനങ്ങൾ ഒരുപോലെ നൽകപ്പെടുന്നു. എന്നാൽ ഓരോ മനുഷ്യനും അവനാഗ്രഹമുള്ളതു പോലെ അത് ഉപയോഗിക്കുന്നു. ചിലർ എല്ലാറ്റിനേയും നിധിയായി കരുതി, സമയം, വിദ്യാഭ്യാസം, സമ്പത്ത് എല്ലാം ശ്രേഷ്ഠമായ കാര്യങ്ങൾക്കായി ഉപയോഗിച്ച് വിശുദ്ധരും സുഖവുമുള്ളവരും വർദ്ധിച്ച സമ്പത്തിന്റെ ഉടമകളുമായിത്തീരുന്നു. ചിലർ നന്നായി ആരംഭിക്കുന്നു. എന്നാൽ പെട്ടെന്ന് ക്ഷീണിതരായി എല്ലാം നഷ്ടപ്പെടുത്തുകയാണ്. ചിലർ തങ്ങളുടെ തെറ്റുകൾക്ക് പിതാവിനെ കുറ്റപ്പെടുത്തുന്നു. ചിലർക്ക് അനുതാപമുണ്ട്. തെറ്റിനു പരിഹാരം ചെയ്യാനവർ ആഗ്രഹിക്കുന്നുമുണ്ട്. ചിലർക്ക് അനുതാപമില്ല. മറ്റുള്ളവരാണ് തങ്ങളുടെ നാശത്തിനു കാരണമെന്നു കരുതി അവർ കുറ്റാരോപണം നടത്തുകയും ശപിക്കയും ചെയ്യുന്നു. നീതിമാന്മാർക്ക് ദൈവം ഉടനടി പ്രതിസമ്മാനം നൽകുകയും അനുതപിക്കുന്നവരോട് കരുണ കാണിച്ച് പരിഹാരം ചെയ്യുവാന്‍  സമയം കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ അനുതാപവും പരിഹാരവും വഴി പ്രതിസമ്മാനത്തിന് അവരെ അർഹരാക്കുന്നു. അനുതാപരഹിതരായി സ്നേഹത്തെ ചവിട്ടി മെതിക്കുന്നവർക്ക് അവൻ ശാപവും ശിക്ഷയുമാണ് നൽകുന്നത്. ഓരോരുത്തർക്കും അർഹമായത് അവന്‍ നൽകുന്നു."

അലക്സാൻഡ്രൊസീനിൽ പ്രസംഗിക്കുന്നു



                  ഫിനീഷ്യൻ പട്ടണമായ അലക്സാൻഡ്രൊസീനിൽ എത്തിയ ഈശോയും അപ്പസ്തോലന്മാരും അവിടെ റോമൻ പട്ടാളക്കാരെ ധാരാളമായി കാണുന്നു. അവർ പട്ടണവാസികളുമായി സൗഹൃദത്തിലാണെന്നു കണ്ട അപ്പസ്തോലന്മാർ പിറുപിറുക്കുന്നു: "ഈ ഫിനീഷ്യന്മാർക്ക് ആത്മാഭിമാനം അശേഷമില്ല."


                     വലിയ ഒരു ശാലയിൽ അവരെത്തി. ഒരു താടിക്കാരൻ അവരെ സമീപിച്ചു ചോദിക്കുന്നു; "എന്താണു നിങ്ങൾക്കു വേണ്ടത്? ഭക്ഷണസാധനങ്ങളോ?"

അതേ... താമസസൗകര്യവും; തീർത്ഥാടകർക്ക് ആതിഥ്യം നൽകുന്നതിന് നിങ്ങൾക്കു ബുദ്ധിമുട്ടില്ലെങ്കിൽ...  ഞങ്ങൾ ദൂരെ നിന്നു വരുന്നവരാണ്. ഇതിനുമുമ്പ് ഇവിടെ വന്നിട്ടില്ല. കർത്താവിന്റെ നാമത്തിൽ ഞങ്ങളെ സ്വീകരിക്കുക."

                                      എല്ലാവരുടേയും പേർക്കു സംസാരിച്ച ഈശോയെ ആ മനുഷ്യൻ സൂക്ഷിച്ചു നോക്കുന്നു. പിന്നെ അയാൾ പോയി തന്റെ രണ്ടു സഹോദരന്മാരെയും കൂട്ടിക്കൊണ്ടു വന്നു. വന്നവരിൽ ഒരാൾ ഈശോയോടു ചോദിക്കുന്നു; "നിങ്ങളുടെ പേരുകളെന്താണ്?"

"നസ്രസ്സിലെ ഈശോ; നസ്രസ്സുകാർ തന്നെയായ ജയിംസും യൂദാസും, ബത്സയ്ദായിലെ ജയിംസും ജോണും ആൻഡ്രൂവും; കഫർണാമിലെ മാത്യുവും."

"നിങ്ങൾ എങ്ങനെ ഇവിടെയെത്തി? പീഡനം നിമിത്തമാണോ?"

 "അല്ല; ഞങ്ങൾ സുവിശേഷം പ്രസംഗിക്കുകയാണ്. പാലസ്തീനാ നാടു മുഴുവൻ; ഗലീലിയാ മുതൽ യൂദയാ വരെ, കടൽ മുതൽ കടൽ വരെ, ഒന്നിലധികം പ്രാവശ്യം ഞങ്ങൾ സഞ്ചരിച്ചു കഴിഞ്ഞു. ജോർദ്ദാനപ്പുറത്ത് ഹൗറാൻ വരെയും ഞങ്ങൾ പോയി. ഇവിടെ ഇപ്പോൾ വന്നത് പഠിപ്പിക്കാനാണ്."

"ഇവിടെ ഒരു റബ്ബിയോ? വിസ്മയകരമായിരിക്കന്നു; ഇല്ലേ, ഫിലിപ്പ്? ഏലിയാസ്?
നിങ്ങൾ ഏതു വർഗ്ഗത്തിൽപ്പെട്ടവരാണ്?"

"ഒരു വർഗ്ഗത്തിലും പെട്ടവരല്ല. ഞാൻ ദൈവത്തിന്റേതാണ്. ലോകത്തിലുള്ള നല്ല മനുഷ്യർ എന്നെ വിശ്വസിക്കുന്നു. ഞാൻ ദരിദ്രനാണ്; ദരിദ്രരെ ഞാൻ സ്നേഹിക്കുന്നു. എങ്കിലും ധനികരെ ഞാൻ നിന്ദിക്കുന്നില്ല. കാരുണ്യം കാണിക്കാനും സ്നേഹിക്കാനും സമ്പത്തിൽ നിന്ന് മനസ്സിനെ വിടുവിക്കാനും ഞാനവരെ പഠിപ്പിക്കുന്നു. ദാരിദ്ര്യത്തെ സ്നേഹിക്കാനും ദൈവത്തിൽ ആശ്രയിക്കാനും ദരിദ്രരെ ഞാൻ പഠിപ്പിക്കുന്നു. ഒരുത്തരും നശിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ലല്ലോ."

"മ്ശിഹാ എന്നു പറയപ്പെടുന്നവൻ നീയാണോ?"

"ഞാൻ ആകുന്നു."

"ജറുസലേമിൽ വച്ച് ഞങ്ങൾ കേട്ടു, നിന്നെ ദൈവത്തിന്റെ വചനം എന്നാണു വിളിക്കുന്നതെന്ന്; നീ ദൈവത്തിന്റെ വചനമാണെന്ന്; ഇതു സത്യമാണോ?"

"അതെ, അതു സത്യമാണ്.  ഇതു വിശ്വസിക്കാൻ നിനക്കു കഴിയുമോ?"

"വിശ്വസിക്കുന്നതിനു ചെലവൊന്നുമില്ലല്ലോ. പ്രത്യേകിച്ച് ഒരുവൻ സഹിക്കുന്നതിനു കാരണമായവ നീക്കിക്കളയാൻ ആ വിശ്വാസത്തിനു കഴിയും എന്നു പ്രതീക്ഷയുള്ളപ്പോൾ എളുപ്പവുമാണ്."

"ഏലിയാസേ, അതു സത്യമാണ്. പക്ഷേ അങ്ങനെ പറയരുത്. അത് ശുദ്ധമല്ലാത്ത ഒരു ചിന്തയാണ്. മനുഷ്യനെന്ന നിലയിൽ മറ്റുള്ളവരാൽ അവഹേളിക്കപ്പെടുന്നതിലുള്ള സഹനം അപ്രത്യക്ഷമാകും എന്നോർത്ത് സന്തോഷിക്കേണ്ട. നേരെമറിച്ച്, സ്വർഗ്ഗരാജ്യം നേടാൻ കഴിയും എന്നുള്ള പ്രത്യാശയിൽ സന്തോഷിക്കുക."





കാലത്തിന്റെ അടയാളങ്ങൾ

      ഈശോ അപ്പസ്തോലന്മാരുമൊത്ത്  കേദേശ് എന്ന പട്ടണത്തിലേക്കു പ്രവേശിക്കുന്നു. ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചിട്ടുള്ള മനോഹരമായ പട്ടണമാണു കേദേശ്. സുന്ദരമായ വീടുകൾ, ഭംഗിയുള്ള സിനഗോഗ്, ഒരു വലിയ അരുവിയും. 

അവർ  മനോഹരമായ ഒരു മൈതാനത്തിന്റെ കവാടത്തിലെത്തി.  സിനഗോഗ് മൈതാനത്തിലാണ്.  താഴെയുള്ള ചന്തയിൽ പതിവുള്ള ബഹളം...  കഴുതകൾ, കച്ചവടക്കാർ, വാങ്ങുന്നവർ,  വിൽക്കുന്നവർ...
              സിനഗോഗിന്റെ വാതിലിൽ ചാരി കുറെയധികം പ്രീശന്മാരും സദുക്കായരും നിൽപ്പുണ്ട്. അവരെക്കണ്ട് ഭയപ്പെട്ടു പോയ ജോൺ പറയുന്നു: "കഷ്ടം! കർത്താവേ,  അവർ ഇവിടെയും വന്നിരിക്കുന്നു.."

"ഭയപ്പെടാതിരിക്കൂ.. ഈ കള്ളന്മാരെ അഭിമുഖീകരിക്കാൻ പറ്റുകയില്ല എന്നു തോന്നുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ തിരിച്ചു പൊയ്ക്കൊള്ളട്ടെ. ലേവായരുടെ ഈ പട്ടണത്തിൽ തീർച്ചയായും എനിക്കു പ്രസംഗിക്കണം."

                            ഈശോ ശത്രുക്കളുടെ മുന്നിലൂടെ നടന്ന് ഒരു പെയർ വൃക്ഷത്തിനടുത്ത് തോട്ടത്തിന്റെ മതിലിനോടു ചേർന്നു നിന്നുകൊണ്ട് പ്രസംഗം ആരംഭിക്കുന്നു: "ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്ന നിങ്ങളെല്ലാവരും വന്ന് സുവിശേഷം ശ്രവിക്കുക. കാരണം ദൈവരാജ്യം പിടിച്ചടക്കുന്നത് കച്ചവടത്തെയും പണത്തേയുംകാൾ വളരെ പ്രധാനമാണ്."
                  ഈശോയുടെ ഇമ്പമേറിയ സ്വരം മൈതാനം നിറഞ്ഞു നിൽക്കുന്നു; അതിനാൽ ആളുകൾ അങ്ങോട്ടു തിരിയുന്നുണ്ട്.  

"ഓ! അത് ഗലീലിയായിലെ ആ റബ്ബിയാണ്. വരൂ,  നമുക്കു പോയി പ്രസംഗം കേൾക്കാം..  ഒരുപക്ഷേ, അവൻ അത്ഭുതം പ്രവർത്തിച്ചേക്കും." ഒരുവൻ പറയുന്നു.
                           ഒരു ജനക്കൂട്ടം ഈശോയുടെ ചുറ്റിലും ആയിക്കഴിഞ്ഞു. ശ്രദ്ധാപൂർവം ശ്രവിക്കുന്ന അവരോടു് ഈശോ തുടർന്നു പറയുന്നു: "ലേവായരുടെ ഈ പട്ടണത്തിന്റെ ഹൃദയത്തിൽ നിന്നുകൊണ്ട് നിയമത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഹൃദയങ്ങളിൽ അവയുണ്ടെന്ന് എനിക്കറിയാം. ഇസ്രായേലിലെ ചുരുക്കം ചില പട്ടണങ്ങളിൽ മാത്രമേ അതു കാണുകയുള്ളൂ. ഇവിടെ ഒരു ചിട്ടയും ക്രമവും ഞാൻ കാണുന്നുണ്ട്. ഇവിടുത്തെ കച്ചവടക്കാർ  സത്യസന്ധരാണ്. അതെനിക്കു മനസ്സിലായത് എനിക്കും എന്റെ ചെറിയ അജഗണത്തിനും ഭക്ഷണം വാങ്ങിയപ്പോഴാണ്. അതുപോലെ ഈ സിനഗോഗ്, ദൈവത്തെ ആരാധിക്കുന്ന സ്ഥലത്തിന് അനുയോജ്യമായ വിധത്തിൽ അലംകൃതമാണ്.  എന്നാൽ നിങ്ങളോരോരുത്തരിലും ദൈവം ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥലമുണ്ട്.  പരിശുദ്ധമായ ആഗ്രഹങ്ങൾ കുടികൊള്ളുന്ന സ്ഥലം; പ്രത്യാശയുടെ ഏറ്റം മാധുര്യമേറിയ വാക്കുകൾ, തീക്ഷ്ണമായ പ്രാർത്ഥനയുടെ വാക്കുകളുമായി ചേർന്ന് പ്രതിധ്വനിക്കുന്ന സ്ഥലം - അതായത് നിങ്ങളുടെ ആത്മാക്കൾ ദൈവത്തെക്കുറിച്ചും ദൈവത്തോടും സംസാരിക്കുന്ന ഏക സ്ഥലം - കാത്തിരിക്കുന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനായി വെമ്പൽ കൊള്ളുന്ന സ്ഥലം..  ആ വാഗ്ദാനം പൂർത്തിയായിരിക്കുന്നു.