ഈശോ അപ്പസ്തോലന്മാരുമൊത്ത് കേദേശ് എന്ന പട്ടണത്തിലേക്കു പ്രവേശിക്കുന്നു. ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചിട്ടുള്ള മനോഹരമായ പട്ടണമാണു കേദേശ്. സുന്ദരമായ വീടുകൾ, ഭംഗിയുള്ള സിനഗോഗ്, ഒരു വലിയ അരുവിയും.
അവർ മനോഹരമായ ഒരു മൈതാനത്തിന്റെ കവാടത്തിലെത്തി. സിനഗോഗ് മൈതാനത്തിലാണ്. താഴെയുള്ള ചന്തയിൽ പതിവുള്ള ബഹളം... കഴുതകൾ, കച്ചവടക്കാർ, വാങ്ങുന്നവർ, വിൽക്കുന്നവർ...
സിനഗോഗിന്റെ വാതിലിൽ ചാരി കുറെയധികം പ്രീശന്മാരും സദുക്കായരും നിൽപ്പുണ്ട്. അവരെക്കണ്ട് ഭയപ്പെട്ടു പോയ ജോൺ പറയുന്നു: "കഷ്ടം! കർത്താവേ, അവർ ഇവിടെയും വന്നിരിക്കുന്നു.."
"ഭയപ്പെടാതിരിക്കൂ.. ഈ കള്ളന്മാരെ അഭിമുഖീകരിക്കാൻ പറ്റുകയില്ല എന്നു തോന്നുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ തിരിച്ചു പൊയ്ക്കൊള്ളട്ടെ. ലേവായരുടെ ഈ പട്ടണത്തിൽ തീർച്ചയായും എനിക്കു പ്രസംഗിക്കണം."
ഈശോ ശത്രുക്കളുടെ മുന്നിലൂടെ നടന്ന് ഒരു പെയർ വൃക്ഷത്തിനടുത്ത് തോട്ടത്തിന്റെ മതിലിനോടു ചേർന്നു നിന്നുകൊണ്ട് പ്രസംഗം ആരംഭിക്കുന്നു: "ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്ന നിങ്ങളെല്ലാവരും വന്ന് സുവിശേഷം ശ്രവിക്കുക. കാരണം ദൈവരാജ്യം പിടിച്ചടക്കുന്നത് കച്ചവടത്തെയും പണത്തേയുംകാൾ വളരെ പ്രധാനമാണ്."
ഈശോയുടെ ഇമ്പമേറിയ സ്വരം മൈതാനം നിറഞ്ഞു നിൽക്കുന്നു; അതിനാൽ ആളുകൾ അങ്ങോട്ടു തിരിയുന്നുണ്ട്.
"ഓ! അത് ഗലീലിയായിലെ ആ റബ്ബിയാണ്. വരൂ, നമുക്കു പോയി പ്രസംഗം കേൾക്കാം.. ഒരുപക്ഷേ, അവൻ അത്ഭുതം പ്രവർത്തിച്ചേക്കും." ഒരുവൻ പറയുന്നു.
ഒരു ജനക്കൂട്ടം ഈശോയുടെ ചുറ്റിലും ആയിക്കഴിഞ്ഞു. ശ്രദ്ധാപൂർവം ശ്രവിക്കുന്ന അവരോടു് ഈശോ തുടർന്നു പറയുന്നു: "ലേവായരുടെ ഈ പട്ടണത്തിന്റെ ഹൃദയത്തിൽ നിന്നുകൊണ്ട് നിയമത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഹൃദയങ്ങളിൽ അവയുണ്ടെന്ന് എനിക്കറിയാം. ഇസ്രായേലിലെ ചുരുക്കം ചില പട്ടണങ്ങളിൽ മാത്രമേ അതു കാണുകയുള്ളൂ. ഇവിടെ ഒരു ചിട്ടയും ക്രമവും ഞാൻ കാണുന്നുണ്ട്. ഇവിടുത്തെ കച്ചവടക്കാർ സത്യസന്ധരാണ്. അതെനിക്കു മനസ്സിലായത് എനിക്കും എന്റെ ചെറിയ അജഗണത്തിനും ഭക്ഷണം വാങ്ങിയപ്പോഴാണ്. അതുപോലെ ഈ സിനഗോഗ്, ദൈവത്തെ ആരാധിക്കുന്ന സ്ഥലത്തിന് അനുയോജ്യമായ വിധത്തിൽ അലംകൃതമാണ്. എന്നാൽ നിങ്ങളോരോരുത്തരിലും ദൈവം ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥലമുണ്ട്. പരിശുദ്ധമായ ആഗ്രഹങ്ങൾ കുടികൊള്ളുന്ന സ്ഥലം; പ്രത്യാശയുടെ ഏറ്റം മാധുര്യമേറിയ വാക്കുകൾ, തീക്ഷ്ണമായ പ്രാർത്ഥനയുടെ വാക്കുകളുമായി ചേർന്ന് പ്രതിധ്വനിക്കുന്ന സ്ഥലം - അതായത് നിങ്ങളുടെ ആത്മാക്കൾ ദൈവത്തെക്കുറിച്ചും ദൈവത്തോടും സംസാരിക്കുന്ന ഏക സ്ഥലം - കാത്തിരിക്കുന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനായി വെമ്പൽ കൊള്ളുന്ന സ്ഥലം.. ആ വാഗ്ദാനം പൂർത്തിയായിരിക്കുന്നു.