ജാലകം നിത്യജീവൻ: April 2011

nithyajeevan

nithyajeevan

Saturday, April 23, 2011

ഈശോയുടെ ആനന്ദപ്രദമായ പുനരുത്ഥാനം


  ഈശോയെ കബറടക്കിയ അരിമത്തിയാ ജോസഫിന്റെ പച്ചക്കറിത്തോട്ടത്തിലുള്ള കബറിടത്തിൽ കാവൽ നിൽക്കുന്ന ദേവാലയ കാവൽക്കാർ ക്ഷീണിതരാണ്. തണുപ്പും ഉറക്കവും അവർക്ക് കൂട്ടായിട്ടുണ്ട്. 
         തോട്ടത്തിൽ ആകെ നിശ്ശബ്ദതയാണ്. പുലരി, ഇരുളിമയുള്ള സകലതിനേയും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് തള്ളിനീക്കുന്നു.  ഏതാനും ചെറിയ നക്ഷത്രങ്ങൾക്ക് അപ്രത്യക്ഷരാകാൻ മടി......  ഇടയ്ക്കിടെ ഒളിഞ്ഞുനോക്കുന്ന പോലെയുണ്ട്. 
അൽപ്പസമയത്തിനുള്ളിൽ അവയും ഓരോന്നായി വിട്ടുപോകുന്നു. അവസാനം, അങ്ങകലെ കിഴക്ക് ഒരു നക്ഷത്രം മാത്രം അവശേഷിച്ചു. 
   ഇന്ദ്രനീലപ്പട്ടു പോലുള്ള ആകാശത്തിൽ റോസ് നിറത്തിലുള്ള ഒരു രേഖ വീണപ്പോൾ ഒരു ഇളംതെന്നൽ ചെടികളെയും ഇലകളെയും തലോടിക്കൊണ്ടു പറയുന്നു: "എഴുന്നേൽക്കൂ, പ്രഭാതമായി." പക്ഷികൾ ഇനിയും ഉണർന്നിട്ടില്ല.
ആകാശത്തെ റോസ് നിറം, ഇളംചുവപ്പുനിറമായി; അത് അതിവേഗം പടരുന്നു. സൂര്യകിരണങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല.  അപ്പോഴതാ, അറിയപ്പെടാത്ത ആഴങ്ങളിൽ നിന്ന് അതാവിശിഷ്ടമായ പ്രകാശധോരണിയോടെ ഒരു  പ്രകാശഗോളം ,  താങ്ങാനാവാത്ത പ്രഭയോടെ, പിന്നാലെ പ്രഭാപൂരത്തിന്റെ ഒരു പാതയുമൊരുക്കി അതിവേഗത്തിൽ ഭൂമിയിലേക്ക് പാഞ്ഞുവരുന്നു. ശക്തമായ, ധവളമായ ഒരു പ്രകാശം.... ആകാശത്തിലെ റോസ് നിറമെല്ലാം പോയ്മറഞ്ഞു...  ആകെ ശക്തമായ ധവളപ്രകാശം....
കാവൽക്കാർ വിസ്മയത്തോടെ തലയുയർത്തി നോക്കുന്നു. പ്രകാശത്തോടൊപ്പം ശക്തമായ, ഇമ്പമേറിയ മുഴക്കവും.
പ്രകാശഗോളം, കബറിടത്തിന്റെ വാതിൽ ഇടിച്ചുതെറിപ്പിച്ചു; കാവൽക്കാരെ നിലത്തുവീഴിച്ചു; ഈ സമയം, ഈശോയുടെ പ്രാണൻ പിരിഞ്ഞപ്പോൾ ഉണ്ടായതു പോലുള്ള ഒരു  ഭൂമികുലുക്കവും ഉണ്ടായി. ആ പ്രകാശഗോളം ഇരുട്ടു നിറഞ്ഞിരുന്ന കല്ലറയിലേക്കു പ്രവേശിച്ച് അതിൽ നിറഞ്ഞുനിന്നു. കർത്താവിന്റെ അരൂപി, ശവക്കച്ചകളാൽ ചുറ്റിക്കെട്ടപ്പെട്ടു  കിടന്ന അവന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു. 
തിരുക്കച്ചയ്ക്കും മുഖാവരണത്തിനുമടിയിൽ നിത്യമായ സൗന്ദര്യമായി ആ തിരുശ്ശരീരം രൂപാന്തരപ്പെടുന്നു...  മരണത്തിന്റെ  നിദ്രയിൽ നിന്ന് അതുണർന്നു.... 
ഒരു  നിമിഷം! കച്ചയുടെ അടിയിൽ ഒരു ചലനം..... ഈശോ എഴുന്നറ്റു നിൽക്കുന്നു.... 
പദാർത്ഥപരമല്ലാത്ത ഒരു വസ്ത്രംധരിച്ച് സ്വഭാവാതീതമായ വിധത്തിൽ സുന്ദരൻ...  മഹിമപ്രതാപവാൻ !!  അവനെ മഹത്വീകരിക്കുന്ന ഒരു  ഗൗരവവും; എന്നാൽ അവന്റെ സ്വഭാവം അതുപോലെതന്നെ; ഒരു   വ്യത്യാസവുമില്ലാത്തത്. ഈശോയുടെ  ശരീരത്തിൽ നിന്ന് ആകെ പ്രകാശം വീശുന്നു... 
പുറത്തേക്കു കടക്കുവാൻ അവൻ അനങ്ങിയപ്പോൾ രണ്ട് അതിമനോഹരങ്ങളായ പ്രകാശങ്ങൾ, അവരുടെ ദൈവത്തെ സാഷ്ടാംഗം പ്രണമിച്ച് ആരാധിക്കുന്നു. ഈശോ പ്രകാശത്താൽ വലയം ചെയ്യപ്പെട്ടു് പുറത്തേക്കു പോകുന്നു...
കാവൽപ്പടയാളികൾ അവിടെയുണ്ട്; എന്നാലവർക്ക് ഈശോയെക്കാണുവാൻ കഴിയുന്നില്ല. അവർക്ക് വലിയ ആഘാതമാണുണ്ടായത്. മനുഷ്യന്റെ ദുഷിച്ചുപോയ കഴിവുകൾക്ക് ദൈവത്തെ  കാണാൻ സാധിക്കയില്ല. എന്നാൽ പ്രകൃതിയിലെ നിർമ്മലമായ ശക്തികൾ - പൂക്കൾ, പക്ഷികൾ, ചെടികൾ - അവയുടെ സൃഷ്ടാവിനെ അറിയുകയും വിസ്മയത്തോടെ ശക്തനായവനെ വണങ്ങുകയും ചെയ്യുന്നു. 

Thursday, April 21, 2011

HOLY THURSDAY


യേശുവിനോടൊപ്പം ഗദ്സെമനില്‍ പ്രവേശിക്കുക
പരിശുദ്ധ അമ്മ വൈദികര്‍ക്കു നല്‍കുന്ന സന്ദേശം (ഫാദര്‍ സ്റ്റെഫാനോ ഗോബി വഴി)
                            "എന്റെ പ്രിയംനിറഞ്ഞ വൈദികസുതരേ,
ഇന്ന്   നിങ്ങളുടെ   പെരുന്നാളാണ്.  ഇത് യേശുവിന്റെ പെസഹായാകുന്നു. ഇതു നിങ്ങളുടെയും പെസഹായാണ്.

ഇന്ന് കുര്‍ബ്ബാന, തിരുപ്പട്ടം എന്നീ കൂദാശകളുടെ സ്ഥാപനദിവസമാണെന്ന കാര്യം ഓര്‍ക്കുക. ദൈവത്തിന്റെ കാരുണ്യത്തിന്റെ പദ്ധതിയില്‍  പന്ത്രണ്ട് അപ്പസ്തോലന്മാരോടൊപ്പം നിങ്ങളും അവിടെ സന്നിഹിതരായിരുന്നു. വൈദികരുടെ ഏറ്റവും വലിയ ദിവസമാകുന്നു ഇന്ന്. 

നിങ്ങളുടെ വിശ്വസ്തതയുടെ വാഗ്ദാനം പുതുക്കുവാന്‍ ഞാന്‍  നിങ്ങളെ എല്ലാവരേയും ഇന്നു ക്ഷണിക്കുകയാണ്. യേശുവിനോടും      അവിടുത്തെ       വചനത്തോടും     നിങ്ങൾ 
വിശ്വസ്തരായിരിക്കുക. പരിശുദ്ധ പിതാവിനോടും തന്റെ തിരുസ്സഭയോടും നിങ്ങൾ വിശ്വസ്തത പാലിക്കുക. എല്ലാ കൂദാശകളുടെയും പരികര്‍മ്മത്തില്‍, പ്രത്യേകിച്ച് പരിശുദ്ധ കുര്‍ബ്ബാനയുടേയും കുമ്പസാരത്തിന്റെയും പരികര്‍മ്മത്തില്‍  നീ വിശ്വസ്തത പുലര്‍ത്തുക. നിങ്ങൾ വാഗ്ദാനം ചെയ്ത ബ്രഹ്മചര്യത്തിന്റെ കടമകൾ നിര്‍വ്വിഘ്നം പാലിക്കുക. അപ്പോൾ നിങ്ങളുടെ സഹോദരനായ ഈശോയുടെ ദിവ്യഹൃദയത്തെ ആശ്വസിപ്പിക്കാന്‍  നിങ്ങൾക്കു കഴിയും. 

ക്രിസ്തുവിന്റെ വേദനാജനകമായ ആന്തരികവ്യഥയുടെ നിമിഷങ്ങളില്‍  നിങ്ങളുടെ പ്രാര്‍ത്ഥന മൃദുലമായ തലോടലും പുരോഹിതരെന്ന നിലയിലുള്ള നിങ്ങളുടെ  സ്നേഹം, തന്റെ തിരുരക്തത്തെ ഒപ്പിയെടുക്കുന്ന ദയാര്‍ദ്രമായ കരങ്ങളും നിങ്ങളുടെ  വിശ്വസ്തത അവിടുത്തേക്ക് ആശ്വാസവും നിങ്ങളുടെ   കടമകളുടെ പൂര്‍ണ്ണമായ നിര്‍വ്വഹണം അവിടുത്തേക്ക്  കൂട്ടായ്മയും ആത്മാക്കൾക്കായുള്ള നിങ്ങളുടെ   ദാഹം, അവിടുത്തെ  ദാഹം ശമിപ്പിക്കാനുള്ള ജലവും നിങ്ങളുടെ ശുദ്ധത, വിനയം, എളിമ എന്നിവ അവിടുത്തെ   തിരുമുറിവുകൾക്ക് തൈലവുമാകട്ടെ.

                            ഞാന്‍  വൈദികരുടെ മാതാവാണ്.   എന്തെന്നാല്‍, യോഹന്നാന്‍ എന്ന നിങ്ങളുടെ     സഹോദരനിലൂടെ നിങ്ങളെ     ഒരു    പ്രത്യേകവിധത്തില്‍      ഈശോ     എന്നെ ഭരമേല്‍പ്പിച്ചിരിക്കയാണ്. നിങ്ങളുടെ     പൗരോഹിത്യത്തിന്റെ സ്നേഹരഹസ്യം മുഴുവനായി മനസ്സിലാക്കുന്നതിന്‌ ഞാനിതാ നിങ്ങളെ നയിക്കുന്നു. നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ചുമതലകൾ, പ്രത്യേകിച്ച്,  ബ്രഹ്മചര്യം വിശ്വസ്തതയോടെ പാലിക്കാന്‍  ഞാന്‍  നിങ്ങളുടെ സഹായത്തിനെത്തുന്നതാണ്. ആ വലിയ ദാനം നിങ്ങൾക്കു തന്ന എന്റെ തിരുക്കുമാരന്‍  ഈശോയോടുള്ള പ്രതിനന്ദി കാട്ടുന്നതിന് നിങ്ങൾ സഞ്ചരിക്കേണ്ട  വഴികള്‍  ഞാന്‍   കാണിച്ചുതരുന്നതുമാണ്." 

മഗ്ദലനാ മേരിയെപ്പറ്റി ഈശോ പറയുന്നു

പ്രീശനായ സൈമണിന്റെ വീട്ടിൽ വച്ച്  ഈശോയിൽനിന്നു പാപമോചനം ലഭിച്ച മഗ്ദലനാമേരി  വളരെപ്പെട്ടെന്ന് സ്നേഹത്തിൽ മുന്നേറി. അവളെപ്പറ്റി ഈശോ പറയുന്നു:
               "രക്ഷയിലേക്കു വന്ന ആ സുപ്രഭാതത്തിനുശേഷം മേരി വളരെയധികം മുന്നോട്ടുപോയി. ദീർഘദൂരം പിന്നിട്ടു. സ്നേഹം ശക്തമായ ഒരു  കാറ്റുപോലെ അവളെ വളരെ ഉയരത്തിലേക്കും മുമ്പോട്ടും പറപ്പിച്ചു. സ്നേഹം അഗ്നി എന്നപോലെ അവളെ ദഹിപ്പിച്ചു. സ്ത്രീത്വത്തിന്റെ മഹത്വത്തിലേക്കു നവീകരിക്കപ്പെട്ട മേരി ഇപ്പോൾ വ്യത്യസ്തയാണ്. വസ്ത്രധാരണത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. മുടി ക്രമപ്പെടുത്തുന്നതിലും വാക്കിലും നോക്കിലും പെരുമാറ്റത്തിലും എന്റെ അമ്മയുടെതുപോലുള്ള  ലാളിത്യം വരുന്നുണ്ട്. ഈ പുതിയ മേരിക്ക് അതേപ്രവൃത്തിയാൽ എന്നെ ബഹുമാനിക്കാൻ ഒരു പുതിയ മാർഗ്ഗവും കിട്ടി. അവളുടെ പരിമളതൈലക്കുപ്പികളിൽ അവസാനത്തേത്, എനിക്കായി അവൾ സൂക്ഷിച്ചു വച്ചിരുന്നത്, എന്റെ  പാദങ്ങളിലും ശിരസ്സിലും അവൾ പകർന്നു. കണ്ണീർ പൊഴിക്കാതെ സന്തോഷത്തോടെയാണതു ചെയ്തത്. അവളുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു എന്ന ഉറപ്പോടെയാണതു  ചെയ്തത്. മേരിക്കിപ്പോൾ എന്റെ ശിരസ്സിൽ സ്പർശിക്കാം. അതിനെ അഭിഷേകം ചെയ്യാം. അനുതാപവും സ്നേഹവും സ്രാപ്പേമാലാഖമാരുടെ അഗ്നി കൊണ്ട് അവളെ വിശുദ്ധീകരിച്ചു. അവളിപ്പോൾ ഒരു സ്രാപ്പേമാലാഖയാണ്. 
       കഫർണാമിൽ വച്ച് അന്ന് ഞാൻ  സംസാരിച്ചത് വലിയൊരു ജനാവലിയോടാണ്. എങ്കിലും യഥാർത്ഥത്തിൽ അവൾക്കുവേണ്ടി മാത്രമായിരുന്നു ഞാൻ  സംസാരിച്ചത്.  ആത്മാവിനെ അടിമപ്പെടുത്തിയിരുന്ന ജഡത്തിനെതിരെ തീക്ഷ്ണതയോടെ പൊരുതി എന്റെ പക്കലേക്കു വന്ന അവളെ കാണാതെപോയ ആടിന്റെ ഉപമയിലെ ആടിനേക്കാൾ കഷ്ടതരമായി, മുൾപ്പടർപ്പിൽ കുടുങ്ങിക്കിടക്കുന്ന അവളെ ഞാൻ  കണ്ടു.  സ്വന്തം ജീവിതത്തോടുള്ള  അറപ്പിൽ അവൾ മുങ്ങിച്ചാകാൻ തുടങ്ങുകയായിരുന്നു. 
            വലിയ വാക്കുകളൊന്നും ഞാൻ  പറഞ്ഞില്ല. അവളെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റിയും ഞാൻ  പരാമർശിച്ചില്ല. അറിയപ്പെടുന്ന ഒരു   പാപിനി. അവളെ എളിമപ്പെടുത്താനോ എന്റടുത്തു വരാൻ ലജ്ജിക്കുന്നതിനോ എന്നിൽ നിന്നോടിപോകുന്നതിനോ ഇടയാക്കാൻ ഞാനാഗ്രഹിച്ചില്ല. അവളെ ഞാൻ സമാധാനത്തിൽ വിട്ടു. മഹത്തരവും വിശുദ്ധവുമായ ഒരു   ഭാവി അവൾക്കുണ്ടാകുന്നതിന് നൈമിഷികമായി അവൾക്കുണ്ടായ ആ തോന്നൽ പതഞ്ഞുപൊങ്ങട്ടെ എന്നുദ്ദേശിച്ച് എന്റെ വാക്കുകൾ അവളുടെ ആത്മാവിൽ ആഴ്ന്നിറങ്ങാൻ ഞാൻ  അനുവദിച്ചു. വളരെ മാർദ്ദവമേറിയ വാക്കുകളിൽ ശാന്തമായ ഒരുപമ വഴി ഞാനവളോടു സംസാരിച്ചു. പ്രകാശത്തിന്റെ ഒരു രശ്മി അവൾക്കായി മാത്രം ഞാൻ ഉപമയിലൂടെ നൽകി. 
    പിന്നീട്  പ്രീശനായ സൈമണിന്റെ വീട്ടിൽ ഞാൻ  കടന്നുചെന്നു. എന്നാൽ എന്റെ വാക്കുകൾ, അഹങ്കാരിയായ ആ  സമ്പന്നന്റെ ഭാവിനന്മയ്ക്കുപകരിച്ചില്ല. കാരണം അവയെ  പ്രീശന്റെ അഹങ്കാരം കൊന്നുകളഞ്ഞു. എങ്കിലും ആ സമയത്ത് എനിക്കറിയാമായിരുന്നു, ധാരാളം കരഞ്ഞശേഷം മേരി എന്റെപക്കലേക്കു വരുമെന്ന്. 
  അവൾ  പ്രവേശിക്കുന്നതു കണ്ടപ്പോൾ അതിഥികളെല്ലാവരുടേയും ശരീരത്തിലും മനസ്സിലും കാമാസക്തിയുണർന്നു. വിരുന്നിനു വന്നിരുന്നവരിൽ പരിശുദ്ധരായ രണ്ടുപേരൊഴികെ(ജോണും ഞാനും) ശേഷിച്ചവരെല്ലാം കാമാസക്തിയോടെയാണവളെ നോക്കിയത്. അവരെല്ലാവരും ഓർത്തത് അവൾക്കു പതിവുള്ള ഒരു   തന്ത്രമനുസരിച്ച് പൈശാചികാവേശത്തോടെ നിനച്ചിരിക്കാത്ത നേരത്ത് ജഡികവേഴ്ചയ്ക്കായി വന്നതായിരിക്കും എന്നായിരുന്നു. എന്നാൽ  സാത്താൻ തോൽപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവൾ  ആരെയും നോക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ വിചാരിച്ചു അവൾ  എന്നെ ലക്ഷ്യം വച്ചാണു വന്നിരിക്കുന്നതെന്ന്. മനുഷ്യൻ മാംസവും രക്തവും മാത്രം ആയിരിക്കുന്നിടത്തോളം കാലം ഏറ്റവും പരിശുദ്ധമായ കാര്യങ്ങളെപ്പോലും  ചീത്തയാക്കുന്നു. പരിശുദ്ധരായവർക്കു മാത്രമേ കാര്യങ്ങളുടെ ശരിയായ വീക്ഷണമുള്ളൂ. കാരണം  ചിന്തകളെ തകിടംമറിക്കുന്ന പാപം അവരിലില്ല.
                എന്നാൽ   മനുഷ്യൻ മനസ്സിലാക്കാത്തതുകൊണ്ട് ഭയപ്പെടാനൊന്നുമില്ല. ദൈവം എല്ലാം മനസ്സിലാക്കുന്നു. സ്വർഗ്ഗത്തിന് അതുമതി. പറുദീസയിലെ അനുഗ്രഹീതാത്മാക്കളുടെ മഹത്വത്തിന് ഒരൗൺസുപോലും വർദ്ധനവു വരുത്താൻ മാനുഷിക മഹത്വത്തിന് സാദ്ധ്യമല്ല. പാവപ്പെട്ട മഗ്ദലനാമേരി അവളുടെ നല്ല പ്രവൃത്തികളിൽപ്പോലും മോശമായി വിധിക്കപ്പെട്ടിരുന്നു. എന്നാൽ അവളുടെ തെറ്റായ പ്രവൃത്തികളെ അവർ കുറ്റം വിധിച്ചില്ല. കാരണം, അത് കാമാതുരരായ പുരുഷന്മാരുടെ ഒരിക്കലും ശമിക്കാത്ത വിശപ്പു തീർക്കാൻ വായ് നിറയ്ക്കുന്നവയായിരുന്നു. പ്രീശന്റെ ഭവനത്തിൽവച്ച് അവൾ വിമർശിക്കപ്പെടുകയും തെറ്റായി വിധിക്കപ്പെടുകയും ചെയ്തു. പിന്നീട് ബഥനിയിലെ സ്വന്തം  വീട്ടിൽവച്ചും വിമർശിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്തു.
         എന്നാൽ ഞാൻ  ആവർത്തിച്ചു പറയുന്നു; ലോകത്തിന്റെ വിമർശനത്തിന് ഒരു  പ്രാധാന്യവുമില്ല. ദൈവത്തിന്റെ വിധിയാണ് കാര്യമാക്കാനുള്ളത്."

Wednesday, April 20, 2011

ഈശോയെ കുരിശിൽനിന്നിറക്കുന്നു


 ഈശോയുടെ മരണശേഷം കാൽവരിമലയിൽ   മൂന്നുതവണ അനുഭവപ്പെട്ട പ്രകൃതിക്ഷോഭങ്ങങ്ങളെത്തുടർന്ന്  യഹൂദരെല്ലാം പ്രാണഭയത്തോടെ പലായനം ചെയ്തു. അവിടം വീണ്ടും നിശ്ശബ്ദമായി. മേരിയുടെ കരച്ചിൽ മാത്രമാണ് നിശ്ശബ്ദതയെ ഭഞ്ജിക്കുന്നത്. കവർച്ചക്കാർ രണ്ടുപേരും പേടിച്ചുതളർന്ന് ഒന്നും പറയുന്നില്ല.
ഈശോയുടെ തിരുശ്ശരീരം വിട്ടുകിട്ടുന്നതിന് പീലാത്തോസിന്റെ അനുമതി വാങ്ങുന്നതിനായി പ്രത്തോറിയത്തിലേക്ക് പോയ അരിമത്തിയാക്കാരൻ ജോസഫും നിക്കോദേമൂസും അനുമതി നേടി തിരിച്ച് കാൽവരിയിലെത്തി. 
ലോങ്കിനൂസിന് അത്ര വിശ്വാസം വരാഞ്ഞതിനാൽ അയാൾ ഒരു കുതിരപ്പടയാളിയെ 
ഗവർണറുടെ പക്കലേക്കയച്ചു. രണ്ടു കവർച്ചക്കാരുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നും ചോദിക്കാൻ പറഞ്ഞുവിട്ടു. അയാൾ വേഗം തന്നെ പോയി തിരിച്ചുവന്നു. ഈശോയുടെ  ശരീരം വിട്ടുകൊടുക്കണമെന്നും കവർച്ചക്കാരുടെ കണങ്കാലുകൾ തകർക്കണമെന്നുള്ളത് യഹൂദരുടെ ആഗ്രഹമാണെന്നും അറിയിച്ചു.
ലോങ്കിനൂസ് ആരാച്ചാരന്മാരെ നാലുപേരെയും വിളിപ്പിച്ചു; കവർച്ചക്കാരെ ഗദ കൊണ്ട് അടിച്ചുകൊല്ലാൻ കൽപ്പിച്ചു. അങ്ങനെ ദീസ്മായെ കാൽമുട്ടുകളിലും നെഞ്ചിലും പ്രഹരിച്ചു. അയാൾ  യാതൊരു പ്രതിഷേധവും കാണിച്ചില്ല. ഈശോയുടെ നാമം അയാളുടെ അധരങ്ങളിലുണ്ടിയിരുന്നു. മരണവേദനയിൽ ആ നാമോച്ചാരണം മുറിഞ്ഞുപോയി. മറ്റേ കുള്ളൻ ഹീനമായ ശാപവാക്കുകൾ തന്നെ ഉച്ചരിക്കുന്നു. രണ്ടുപേരുടേയും മരണവേദന കഠിനമാണ്.
ആരാച്ചാരന്മാർക്ക് ഈശോയുടെ  കാര്യവും നടത്തിയാൽക്കൊള്ളാമെന്നുണ്ട്. ശരീരം കുരിശിൽ നിന്നിറക്കുവാൻ താൽപ്പര്യം.... എന്നാൽ ജോസഫും നിക്കോദേമൂസും അതനുവദിക്കുന്നില്ല. ജോസഫ് അയാളുടെ മേലങ്കി മാറ്റി. ജോണിനോടും മേലങ്കി മാറ്റാൻ ആവശ്യപ്പെട്ടു. ഏണി ഉറപ്പിച്ചു പിടിക്കുവാൻ ജോണിനെ ഏൽപ്പിച്ച് കൊടിലും മറ്റുപകരണങ്ങളുമായി അവർ രണ്ടുപേരും ഏണിയിൽക്കയറി.
മേരി വിറച്ചുകൊണ്ട് എഴുന്നറ്റു് സ്ത്രീകളുടെ സഹായത്തോടെ കുരിശിനരികിലേക്കു പോയി.
ഈ സമയത്ത് പടയാളികൾ അവരുടെ ജോലി തീർന്നതിനാൽ തിരിയെപ്പോയി. ലോങ്കിനൂസ് താഴോട്ടിറങ്ങുന്നതിനു മുമ്പ് കുതിരപ്പുറത്തു നിന്നു തിരിഞ്ഞ് മേരിയേയും ക്രൂശിതനെയും നോക്കുന്നു. പിന്നെ അവിടം വിട്ടുപോകുന്നു.
ഈശോയുടെ ഇടതകൈയിലെ ആണി അവർ ഊരി. ആ കരം ശരീരത്തിലേക്ക് വീണു. ശരീരം  പകുതി വിട്ടുപോയതുപോലെ തൂങ്ങുന്നു.
അവർ ജോണിനെയും വിളിക്കുന്നു. ഏണി ഉറപ്പിച്ചു പിടിക്കുവാൻ സ്ത്രീകളെ ഏൽപ്പിച്ചശേഷം ജോൺ മുകളിലേക്ക് കയറി, ഈശോയുടെ കരം അവന്റെ കഴുത്തിനുചുറ്റി അവന്റെ തോളിൽ പൂർണ്ണമായി വഹിക്കുന്നു. അരയിൽ അവന്റെ കൈ കൊണ്ട് വട്ടം പിടിക്കുന്നു. ഇടതകൈപ്പത്തിയിലെ മുറിവ് വളരെ വലുതാണ്. പാദങ്ങളിലെ ആണിയും ഊരിയപ്പോൾ ശരീരത്തിന്റെ ഭാരം മുഴുവൻ ജോൺ താങ്ങുന്നു. 
മേരി കുരിശിൻചുവട്ടിൽ പുറം കുരിശിന്മേൽ കൊള്ളിച്ച് ഇരുന്നു. മടിയിൽ ഈശോയെ  സ്വീകരിക്കാൻ ഒരുങ്ങിയിരിക്കയാണ്.
വലുതുകരം തറച്ചിരിക്കുന്ന ആണി ഊരുക വളരെ ശ്രമകരമായി. ജോൺ എത്ര ശ്രമിച്ചിട്ടും ശരീരം മുന്നോട്ട് ആഞ്ഞു തൂങ്ങിക്കിടക്കുകയാണ്. ആ മുറിവ് വലുതാക്കാൻ ആഗ്രഹിക്കാത്തതിനാൽ രണ്ടുപേരും കൂടെ ഏറെപ്പണിപ്പെട്ട് കൊടിൽ കൊണ്ട് ആണി പിടിച്ച് വലിച്ചൂരി.
ജോൺ ഈശോയുടെ കക്ഷത്തിൽ കൈകളിട്ട് ഈശോയുടെ ശിരസ്സ് തോളിൽ വഹിച്ചുകൊണ്ട് നിൽക്കുകയാണ്. ജോസഫും നിക്കോദേമൂസും ഈശോയുടെ തുടകളിലും കാൽമുട്ടുകളിലും പിടിച്ചുകൊണ്ട് വളരെ സൂക്ഷിച്ച് ഏണിയിൽ നിന്നിറങ്ങുന്നു.
താഴെയെത്തിയപ്പോൾ അവരുടെ മേലങ്കി വിരിച്ചിരിക്കുന്ന തുണിയിൽ 
കിടത്തിയാൽക്കൊള്ളാമെന്ന് അവർ ചിന്തിച്ചു. പക്ഷേ അമ്മ സമ്മതിക്കുന്നില്ല. അവൾ മേലങ്കി ഒരു വശത്തേക്കു മാറ്റി, മുട്ടുകളകറ്റി ഒരു തൊട്ടിൽ ഈശോയ്ക്കായി ഒരുക്കി.
അമ്മയുടെ മടിയിലേക്കു മകനെ കൊടുക്കാൻ തിരിയുമ്പോൾ മുൾമുടിയുള്ള ശിരസ്സ്‌ പുറകോട്ടു മറിഞ്ഞു; കൈകൾ നിലത്തേക്കു താണു. മുറിവുകൾ മണ്ണിൽ മുട്ടുമെന്നു തോന്നി. ശിഷ്യകൾ, കൈ നിലത്തു മുട്ടാതെ താങ്ങിപ്പിടിച്ചു..


ഈശോ ഇപ്പോൾ അമ്മയുടെ മടിയിലാണ്..... 

റബ്ബി ഗമാലിയേൽ കാൽവരിയിൽ

ഈശോയുടെ  മരണശേഷം, ഈശോയുടെ  രഹസ്യശിഷ്യന്മാരായിരുന്ന സൻഹെദ്രീൻ സഭാംഗങ്ങളായ അരിമത്തിയാക്കാരൻ ജോസഫും നിക്കോദേമൂസും, ശതാധിപനായ ലോങ്കിനൂസിനോട് ഈശോയുടെ ശരീരം സംസ്കരിക്കാനായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. പീലാത്തോസിന്റെ അനുമതി വാങ്ങിവരുവാൻ ലോങ്കിനൂസ് നിർദ്ദേശിച്ചതനുസരിച്ച് അതിനായി അവർ കാൽവരിയിൽ നിന്ന് യാത്രയായി.
അവർ കുത്തനെയുള്ള വഴിയിലൂടെ  താഴേക്കിറങ്ങി വരുമ്പോൾ  കുന്നിന്റെ താഴെയെത്തിയപ്പോൾ യഹൂദരുടെ മഹാറബ്ബി ഗമാലിയേലിനെ കാണുന്നു.
ആകെത്തകർന്നപോലെ കാഴ്ചയിൽ തോന്നിക്കുന്ന ഗമാലിയേലിന് ശിരോവസ്ത്രമില്ല, മേലങ്കിയില്ല. അങ്കി വിശിഷ്ടമാണെങ്കിലും മുള്ളുകൊണ്ട് കീറിയിരിക്കുന്നു. അയാൾ കൈകൾ രണ്ടും തലയിൽ വച്ചുകൊണ്ട് ഓടുകയാണ്. ജോസഫിനേയും നിക്കോദേമൂസിനേയും കണ്ട് അവരോടു സംസാരിക്കുന്നു.
"നീ ജോസഫേ, അവനെ വിട്ടിട്ടു പോന്നോ?"
"ഇല്ല, പക്ഷേ, നീയെങ്ങനെ ഇവിടെയെത്തി? ഈ അവസ്ഥയിൽ?"
"ഭയാനകമായ കാര്യങ്ങൾ!! ഞാൻ ദേവാലയത്തിലായിരുന്നു. അടയാളം !! ദേവാലയവാതിൽ,  അതുറപ്പിച്ചിരിക്കുന്ന വിജാഗിരികളിൽ നിന്നു് വിട്ടുപോന്നു! ധൂമ്രവർണ്ണമായ വിരി കീറിപ്പറിഞ്ഞു. അതിവിശുദ്ധസ്ഥലം തുറന്നുകിടക്കുന്നു. നമ്മുടെമേൽ ശാപം !!" അയാൾ മുകളിലേക്ക് ഓടിക്കൊണ്ടാണ് സംസാരിച്ചത്.
ജോസഫും നിക്കോദേമൂസും ഗമാലിയേലിന്റെ പോക്ക് നോക്കിനിൽക്കുന്നു. പിന്നെ അവർ പട്ടണത്തിലേക്കു പോകുന്നു. മലയ്ക്കും പട്ടണമതിലുകൾക്കും ഇടയിൽ അനേകം പേർ ബുദ്ധികെട്ടവരെപ്പോലെ അലഞ്ഞു തിരിയുന്നു... പട്ടണം ഭയത്തിന്റെ ഇരയായിത്തീർന്നിരിക്കുന്നു... ആളുകൾ നെഞ്ചത്തടിച്ചു കരയുകയാണ്...
അവർ പ്രത്തോറിയത്തിലെത്തി. അവിടെ ചെന്ന് പീലാത്തോസിനെക്കാണുവാൻ കാത്തിരിക്കുമ്പോഴാണ് അവർ സംഭവങ്ങൾ മുഴുവൻ അറിയുന്നത്. പല കുഴിമാടങ്ങളും ഭൂമികുലുക്കത്തിൽ തുറക്കപ്പെട്ടു... അവയിൽ നിന്ന് അസ്ഥികൾ പുറത്തുവന്നുവെന്നും അവ ഒരുനിമിഷത്തേക്ക് മനുഷ്യരൂപം പ്രാപിച്ചുവെന്നും അവർ ദൈവത്തെ വധിച്ചതിന് കാരണക്കാരായവരെ കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്തുവെന്നും ആളുകൾ സത്യം ചെയ്തു പറയുന്നു...


ഈ സമയം റബ്ബി ഗമാലിയേൽ കാൽവരിയിലേക്കുള്ള കയറ്റം കയറി ക്ഷീണിച്ചു തളർന്ന് കുരിശുകൾ നാട്ടിയിരിക്കുന്ന തുറസ്സായ സ്ഥലത്തെത്തി. നിലത്ത് സാഷ്ടാംഗം പ്രണമിച്ച് തേങ്ങിക്കരഞ്ഞുകൊണ്ട് അയാൾ പറയുന്നു; "അടയാളം ! അടയാളം ! എന്നോട് ക്ഷമിച്ചെന്നു പറയൂ... 
ഒരുവാക്കു പറഞ്ഞാൽ മതി; ഒരൊറ്റ വാക്കു മാത്രം പറഞ്ഞാൽ മതി; നീ എന്നെ 
കേൾക്കുന്നുണ്ടെന്നും  എന്നോടു ക്ഷമിച്ചെന്നും മാത്രം പറഞ്ഞാൽ മതി..."
ഗമാലിയേൽ ചിന്തിക്കുന്നത് ഈശോ മരിച്ചിട്ടില്ല എന്നാണ്. ഒരു പടയാളി കുന്തം കൊണ്ട് അയാളെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു; "എഴുന്നേൽക്കൂ... സംസാരിക്കരുത് ! അതുകൊണ്ട് ഒരുപകാരവുമില്ല. ഇക്കാര്യം നേരത്തേ ചിന്തിക്കണമായിരുന്നു. അവൻ മരിച്ചു. അജ്ഞാനിയായ ഞാൻ പറയുന്നു, ഈ മനുഷ്യൻ,  നിങ്ങൾ കുരിശിൽത്തറച്ച ഈ മനുഷ്യൻ യഥാർത്ഥത്തിൽ ദൈവത്തിന്റെ പുത്രനായിരുന്നു."
"മരിച്ചോ? നീ മരിച്ചോ?"  ഗമാലിയേലിനു ഭയമായി. ഭയത്തോടെ മുഖമുയർത്തി അയാൾ  കുരിശിലേക്കു നോക്കുന്നു. കാര്യമായിട്ടൊന്നും കാണുന്നില്ല. വെളിച്ചവും കുറവാണ്. എന്നാൽ ഈശോ മരിച്ചെന്നു ഗ്രഹിക്കാനും മാത്രം കണ്ടു.. സഹതപിക്കുന്ന ഭക്തസ്ത്രീകൾ മേരിയെ ആശ്വസിപ്പിക്കുന്നതും ജോൺ ഇടതുവശത്തു നിന്നു കരയുന്നതും അയാൾ  കണ്ടു. ലോങ്കിനൂസ് വലതുവശത്ത് ബഹുമാനപുരസ്സരം ഗൗരവമായി നിൽക്കുന്നു.

അയാൾ  മുട്ടിന്മേൽ നിന്നു; കൈകൾ വിരിച്ചു കരഞ്ഞുകൊണ്ട് പറയുന്നു; "നീ തന്നെയായിരുന്നു.. അത് നീ തന്നെയായിരുന്നു.. ഞങ്ങൾക്കു മാപ്പു ലഭിക്കയില്ല... നിന്റെ രക്തം ഞങ്ങളുടെ മേൽ പതിക്കട്ടെ എന്നു ഞങ്ങൾ ആവശ്യപ്പെട്ടു... അതു സ്വർഗ്ഗത്തിലേക്ക് കരഞ്ഞു വിളിക്കുന്നു.. 
സ്വർഗ്ഗം ഞങ്ങളെ ശപിക്കുന്നു... ഓ ! .... എന്നാൽ നീ കാരുണ്യമായിരുന്നു... ഏശയ്യാ പറയുന്നുണ്ട്... അവൻ പാപികൾക്കു വേണ്ടി വിലകൊടുത്തു... അനേകരുടെ പാപങ്ങൾ ഏറ്റെടുത്തു... എന്റേതുകൂടെയും... ഓ ! നസ്രായനായ ഈശോയെ..."
അയാൾ  എഴുന്നറ്റു നിന്നു. കുരിശിലേക്കു നോക്കി. പ്രകാശം കൂടിവരുന്നു. കുരിശ് വ്യക്തമായി കാണാറായി... അയാൾ കൂനി, വൃദ്ധനായി, നശിച്ചതുപോലെ പോകുന്നു.

Monday, April 18, 2011

ഈശോയുടെ മരണം

            ഗാഗുൽത്തായിൽ, കുരിശിൽ  തറയ്ക്കപ്പെട്ട്, മൂന്നു മണിക്കൂറോളം സമയം കുരിശിൽ   തൂങ്ങിക്കിടന്ന  ഈശോ മരണത്തോടടുക്കുകയാണ്. അമ്മയും പ്രിയ ശിഷ്യനായ ജോണും ഈശോയുടെ കുരിശിൽ ചുവട്ടിൽ നിൽപ്പുണ്ട്. ഈശോയുടെ മരണവേദന കണ്ട് അവർ കരയുകയാണ്...
           ശതാധിപനായ ലോങ്കിനൂസ് കുറെ സമയമായി വിശ്രമനിലപാടിലായിരുന്നു. ഈ സമയം അതു മാറ്റി അയാൾ പട്ടാളമുറയ്ക്ക് നേരെ നിൽക്കുന്നു. ഇടതുകൈ വാളിന്മേൽ പിടിച്ച് വലതുകൈ ഉടലോടു ചേർത്തു തൂക്കിയിട്ട് - രാജസിംഹാസനത്തിനടുത്തുള്ള  പടികളിൽ കാവൽ നിൽക്കുന്നതു പോലെയുണ്ട്. 
                      നറുക്കിട്ടു കളിച്ചിരുന്ന പടയാളികൾ കളി നിർത്തി, തൊപ്പി തലയിൽവച്ച്, എല്ലാം നിരീക്ഷിച്ച് മേൽത്തട്ടിലേക്കുള്ള പടികളിൽ  നിലയുറപ്പിച്ചു. കുരിശിനോടടുത്തു നിൽക്കുന്ന പടയാളികൾ അമ്മയുടെ വാക്കുകൾ കേട്ട് എന്തോ മന്ത്രിക്കുകയും തലയാട്ടുകയും ചെയ്യുന്നുണ്ട്.
             ശ്മശാനമൂകത... അന്ധകാരം പൂർണ്ണമായി. "എല്ലാം പൂർത്തിയായിരിക്കുന്നു" എന്നുള്ള ഈശോയുടെ  വാക്കുകൾ വളരെ  വ്യക്തമായി കേൾക്കുന്നു. 
               ഈശോയുടെ മരണവേദന കൂടിക്കൂടി വരുന്നു. മേരിമാരെല്ലാം കുന്നിൻതിട്ടയിൽ തല ചാരി നിന്നു കരയുകയാണ്.... ജനക്കൂട്ടം ഇപ്പോൾ നിശ്ശബ്ദമാണ്.... അവർ മരിക്കുന്ന ഗുരുവിന്റെ മരണവേദന ശ്രദ്ധിക്കുന്നു.
                 വീണ്ടും നിശ്ശബ്ദത... പിന്നെ ഈശോയുടെ  പരിമിതിയില്ലാത്ത കാരുണ്യത്തിന്റെ സമർപ്പണ പ്രാർത്ഥന: "പിതാവേ, നിന്റെ കരങ്ങളിലേക്ക് എന്റെ അരൂപിയെ ഞാൻ സമർപ്പിക്കുന്നു..."
                          വീണ്ടും നിശ്ശബ്ദത...  മരണവേദനയുടെ ശക്തി കുറഞ്ഞു. ശ്വാസം അധരങ്ങളിലും തൊണ്ടയിലും മാത്രം അനങ്ങുന്നു.
                പിന്നീട്‌ ഈശോയുടെ   അവസാനത്തെ വിഷമം. ഭയാനകമായ, വേദന നിറഞ്ഞ കോച്ചൽ... ശരീരത്തെ കുരിശിൽ നിന്നു പറിച്ചുമാറ്റുമെന്നു തോന്നിക്കുന്ന വിഷമം മൂന്നുപ്രാവശ്യം പാദം മുതൽ ശിരസ്സു വരെ ഉണ്ടായി. ശരീരം മുഴുവന്‍ വളഞ്ഞു വിറയ്ക്കുന്നു... കാഴ്ചയ്ക്ക് ഭീതി ജനിപ്പിക്കുന്നു... പിന്നെ ഒരു ശക്തമായ രോദനം അന്തരീക്ഷത്തെ ഭേദിക്കുന്നു. സുവിശേഷത്തിൽ പറയുന്ന വലിയ സ്വരത്തിലെ നിലവിളി അതാണ്. 
                      ഈശോയുടെ ശിരസ്സ് മാറിലേക്കു ചരിഞ്ഞു; ശരീരം മുമ്പോട്ട് ആഞ്ഞു; വിറയൽ തീർന്നു; ശ്വാസം  നിലച്ചു... അവൻ അന്ത്യശ്വാസം വലിച്ചു.
                   വധിക്കപ്പെട്ട നിർദ്ദോഷിയായവന്റെ കരച്ചിലിനു മറുപടിയായി ഭൂമി ഭയാനകമാംവിധം ഗർജ്ജനം തുടങ്ങി... ശക്തമായ ഇടിമുഴക്കം... മിന്നൽ തെരുതെരെ നാലുദിക്കിലേക്കും പായുന്നു.. പട്ടണത്തിലും ദേവാലയത്തിലും ജനക്കൂട്ടത്തിന്റെ മേലും അത് ഭീകരമായി മിന്നുന്നു. മിന്നലേറ്റ് പലരും നിലംപതിച്ചു. മിന്നലിന്റെ പ്രകാശമല്ലാതെ വേറെ വെളിച്ചമില്ല. ഇടിയും മിന്നലും തുടരുന്നതിനോടുകൂടിത്തന്നെ ഭൂമി കുലുക്കുന്ന ശക്തമായ ഒരു ചുഴലിക്കാറ്റ് വീശുന്നു... 
              ഗാഗുൽത്തായുടെ മുകൾഭാഗം, ഒരു ഭ്രാന്തന്റെ കൈയിലിരിക്കുന്ന പാത്രം പോലെ കുലുങ്ങുന്നു.. മൂന്നു കുരിശുകളും ആടുന്നു... മറിഞ്ഞുവീഴും എന്നു തോന്നിക്കുന്ന വിധത്തിൽ ആടിയുലയുന്നു....
                        ലോങ്കിനൂസും ജോണും പടയാളികളും വീഴാതിരിക്കുവാൻ അവർക്കു പിടികിട്ടിയ സാധനങ്ങളിന്മേൽ പിടിക്കുന്നു. ജോൺ ഒരു കൈ കൊണ്ട് കുരിശിന്മേൽ പിടിക്കുകയും മറ്റെക്കൈ കൊണ്ട് മേരിയെ താങ്ങുകയും ചെയ്യുന്നു.  മേരി, നേരെനിൽക്കാനാവാതെ ജോണിന്റെ മാറിൽച്ചാരുന്നു. പടയാളികൾ, പ്രത്യേകിച്ച് കുന്നിൻചരിവിൽ നിന്നിരുന്നവർ, ഉരുണ്ടുപോകാതിരിക്കാൻ നടുവിൽ വന്നുനിൽക്കുന്നു. കവർച്ചക്കാർ ഭയപ്പെട്ട് കൂവിക്കരയുന്നു... ജനക്കൂട്ടം അതിലും വലിയ ശബ്ദത്തിൽ കരയുകയും ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്യുന്നു... പക്ഷേ സാധിക്കുന്നില്ല. ആളുകൾ മീതെമീതെ മറ്റുള്ളവരുടെ മുകളിലേക്കു വീഴുകയാണ്... വീണവരുടെ മേൽ ചവിട്ടിപ്പോകുമ്പോൾ അവർ ഭൂമിയുടെ വിള്ളലുകളിലേക്ക് വീഴുന്നു; മുറിവേൽക്കുന്നു;  ഭ്രാന്തു പിടിച്ചതുപോലെ മലഞ്ചരിവിൽക്കൂടി ഉരുളുന്നു...
                    ഭൂമികുലുക്കവും ചുഴലിക്കാറ്റും മൂന്നു തവണ ആവർത്തിച്ചു. അതു കഴിഞ്ഞപ്പോൾ എല്ലാം നിശ്ചലമായി. മൃതമായ ഒരു ലോകം... മിന്നൽപ്പിണരുകൾ മിന്നുന്നു... ഇരുകൈകളും മുന്നോട്ടും മുകളിലേക്കും ഉയർത്തിപ്പിടിച്ച് യഹൂദർ ഓടിപ്പോകുന്നത് മിന്നൽവെളിച്ചത്തിൽ കാണാം... ഈ നിമിഷംവരെ പരിഹാസകരായിരുന്നവർക്ക് ഇപ്പോൾ ഭയമാണ്...ധാരാളം ആളുകൾ നിലത്തു വീണു കിടക്കുന്നു... പട്ടണമതിലുകൾക്കകത്ത് ഒരു വീടിനു തീ പിടിച്ചു കത്തിക്കാളുന്നു... 
                  മേരി അവളുടെ ശിരസ്സ്‌ ജോണിന്റെ മാറിൽനിന്നുയർത്തി ഈശോയെ നോക്കുന്നു... ഈശോയെ വിളിക്കുന്നുണ്ട്... പ്രകാശം തീരെയില്ലാത്തതിനാൽ ഈശോയെക്കാണാൻ കഴിയുന്നില്ല. ഈശോയെ  മൂന്നുപ്രാവശ്യം വിളിക്കുന്നു...." ഈശോ, ഈശോ, ഈശോ...." ഒരു മിന്നൽ     ഗാഗുൽത്തായുടെ മുകളിൽ മിന്നി നിന്നപ്പോൾ അവൾ ഈശോയെക്കണ്ടു... ചലനമില്ല... മുന്നോട്ട് തൂങ്ങിക്കിടക്കുന്നു.... ശിരസ്സ്‌ മുന്നോട്ട്  വളരെയധികം ചരിഞ്ഞ് വലതുവശത്തെ തോളിൽ കവിൾ മുട്ടുന്നു... താടി വാരിയെല്ലിലും... അവൾക്ക് മനസ്സിലായി.... അന്ധകാരത്തിലേക്ക് കൈകൾ നീട്ടിക്കൊണ്ട് അവൾ ഉച്ചത്തിൽ വിളിക്കുന്നു... " എന്റെ മകനേ ! എന്റെ മകനേ !" പിന്നെ അവൾ ശ്രദ്ധിച്ചു കാതോർത്തു നിൽക്കുന്നു... കണ്ണുകൾ വല്ലാതെ തുറന്നിരിക്കുന്നു..... ഈശോ ഇനിയില്ല എന്നു വിശ്വസിക്കാൻ കഴിയുന്നില്ല.
               ജോണും നോക്കിക്കണ്ടു; കേട്ടു; മനസ്സിലാക്കി; എല്ലാം കഴിഞ്ഞുവെന്ന് ധരിച്ചു. അവൻ മേരിയെ ആലിംഗനം ചെയ്തുകൊണ്ടു പറയുന്നു; "ഇനി അവനു സഹിക്കേണ്ടല്ലോ."
എന്നാൽ ജോണിന്റെ  വാക്കുകൾ തീരുന്നതിനു മുമ്പ് മേരിക്കു മനസ്സിലായി... പിടിവിടുവിച്ച് നിലത്തേക്കു കുനിഞ്ഞ് കണ്ണുകൾ പൊത്തിക്കരഞ്ഞുകൊണ്ട്  അവൾ പറയുന്നു: "എനിക്ക് ഇനിയും എന്റെ മകൻ ഇല്ല."
            അവൾ ആടുന്നു... തനിയെ നിൽക്കാൻ കഴിയുന്നില്ല. ജോൺ അവന്റെ നെഞ്ചിനോടു ചേർത്തു പിടിച്ചില്ലായിരുന്നുവെങ്കിൽ വീഴുമായിരുന്നു... ജോൺ നിലത്തിരുന്നു; മേരിയെ താങ്ങിയിരിക്കുന്നു. ഉടനെ മറ്റു മേരിമാരെല്ലാവരും വന്നു... പടയാളികൾ അവരെ തടയുന്നില്ല; കാരണം യഹൂദരെല്ലാം ഓടിപ്പോയി. ജോണിന്റെ  സ്ഥാനത്ത് മേരിയെ ആശ്വസിപ്പിക്കുന്നത് സ്ത്രീകൾ ഏറ്റെടുത്തു.
             മഗ്ദലനാമേരി ജോണിന്റെ  സ്ഥാനത്തിരുന്നു. അവൾ മേരിയെ  അവളുടെ കാൽമുട്ടുകളിൽ താങ്ങിക്കിടത്തുന്നു. മാർത്തയും സൂസന്നയും കൂടെ വിനാഗിരിയിൽ മുക്കിയ നീർപ്പഞ്ഞി കൊണ്ട് മേരിയുടെ നെറ്റിയിലും ഇരുവശങ്ങളിലും നാസികയിലും തുടയ്ക്കുന്നു. അവളുടെ ഭർതൃസഹോദരന്റെ  ഭാര്യ മേരി അവളുടെ കൈകൾ ചുബിച്ചുകൊണ്ട് ഹൃദയഭേദകമായ സ്വരത്തിൽ അവളെ വിളിക്കുന്നു.  സമാധാനമില്ലാതെ അവൾ കരയുന്നു... മറ്റു സ്ത്രീകളെല്ലാം പ്രതിധ്വനി എന്നപോലെ കരയുകയാണ്... മാർത്ത, മേരി, സൂസന്ന, ജോണിന്റെ അമ്മ സലോമി....
               ജോസഫും നിക്കോദേമൂസും അവിടേക്കു കടന്നുവന്ന്  ലോങ്കിനൂസിനോട് ഈശോയുടെ ശരീരം ആവശ്യപ്പെടുന്നു. 

Saturday, April 2, 2011

ഈശോ അപ്പസ്തോലന്മാർക്കു നൽകിയ പ്രബോധനം


ഈശോ അപ്പസ്തോലന്മാരോടു സംസാരിക്കുന്നു: "എന്റെ സ്നേഹിതരേ, പുരോഹിതര്‍ എന്നുള്ള നിലയില്‍ നിങ്ങള്‍ക്കുള്ള ശ്രേഷ്ഠത നിങ്ങള്‍  പരിഗണിക്കുവിന്‍... 
 
                വിധിക്കുവാനും പാപപ്പൊറുതി 
നല്‍കുവാനുമുള്ള അധികാരം പൂര്‍ണ്ണമായും  എന്റെ കരങ്ങളിലാണ്. കാരണം, പിതാവ്  അത് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു. എന്നാലത് ഭയാനകമായ ഒരു വിധിയായിരിക്കും. കാരണം, അതു സംഭവിക്കുന്നത് മനുഷ്യന് ഭൂമിയില്‍  എത്രനാള്‍  പരിഹാരം ചെയ്താലും പാപപ്പൊറുതി ലഭിക്കാന്‍  സാദ്ധ്യമല്ലാതാകുമ്പോഴായിരിക്കും. ഓരോ മനുഷ്യനും അവന്റെ അരൂപിയില്‍  എന്റെ പക്കല്‍  വരും. അതു സംഭവിക്കുന്നത്‌ 
പദാര്‍ത്ഥപരമായ അവന്റെ മരണത്തില്‍  അവന്‍  ശരീരം വിട്ടുപിരിയുമ്പോഴാണ്. ഉപയോഗശൂന്യമായ ശരീരം... അപ്പോള്‍ ആദ്യത്തെ വിധി ഞാന്‍  നടത്തും. പിന്നീട്‌ മനുഷ്യവംശം വീണ്ടും മാംസം ധരിച്ചുവരും. ദൈവകല്‍പ്പനയാല്‍  രണ്ടായി വിഭജിക്കപ്പെടുന്നതിനായി വീണ്ടും വരും. ചെമ്മരിയാട്ടിന്‍കുട്ടികള്‍  അവരുടെ ഇടയനോടുകൂടിയും കാട്ടാടുമുട്ടന്മാര്‍  അവരുടെ പീഡകനോടുകൂടിയും ചേര്‍ക്കപ്പെടും. എന്നാല്‍ മാമോദീസാ കഴിഞ്ഞ് അവര്‍ക്കു പാപപ്പൊറുതി നല്‍കുവാന്‍  ആരുമില്ലെങ്കില്‍  എത്രപേര്‍  അവരുടെ ഇടയനോടുകൂടിയുണ്ടായിരിക്കും?
അതുകൊണ്ടാണ് ഞാന്‍   പുരോഹിതരെ സൃഷ്ടിക്കുന്നത്. എന്റെ രക്തത്താൽ രക്ഷിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന്.... എന്റെ രക്തം രക്ഷിക്കുന്നു... എന്നാല്‍  മനുഷ്യന്‍  മരണത്തിലേക്കുള്ള വീഴ്ച തുടരുന്നു. വീണ്ടും മരണത്തിലേക്കു നിപതിക്കുന്നു... അവരെ തുടര്‍ച്ചയായി കഴുകിക്കൊണ്ടിരിക്കണം...ഏഴ് എഴുപതു പ്രാവശ്യം അതു ചെയ്യാന്‍  അധികാരമുള്ളവരാല്‍  അതു  നിര്‍വ്വഹിക്കപ്പെടണം. നിങ്ങളും നിങ്ങളുടെ പിന്‍ഗാമികളും അതു ചെയ്യണം. അതുകൊണ്ട് നിങ്ങളെ നിങ്ങളുടെ  സകല പാപങ്ങളില്‍  നിന്നും ഞാന്‍   മോചിക്കുന്നു. 

എന്റെ നാമത്തില്‍  വിധിക്കുകയും പാപം മോചിക്കുകയും ചെയ്യുക എന്നത് വലിയ ശുശ്രൂഷയാണ്. നിങ്ങള്‍  അപ്പവും വീഞ്ഞും സമര്‍പ്പിച്ചു് അവ എന്റെ ശരീരവും രക്തവുമായി മാറ്റുമ്പോള്‍,  സ്വഭാവാതീതമായ, അതിശ്രേഷ്ഠമായ ഒരു കര്‍മ്മമാണ് നിങ്ങള്‍   ചെയ്യുന്നത്. അതു  യോഗ്യതയോടുകൂടി നിര്‍വ്വഹിക്കണമെങ്കില്‍  നിങ്ങള്‍   പരിശുദ്ധരായിരിക്കണം. കാരണം നിങ്ങള്‍  പരിശുദ്ധനായവനെ സ്പര്‍ശിക്കയാണു ചെയ്യുന്നത്. ദൈവത്തിന്റെ മാംസത്താല്‍  നിങ്ങള്‍   നിങ്ങളെത്തന്നെ   പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. നിങ്ങള്‍   നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും അവയവങ്ങളിലും നാവിലും പരിശുദ്ധിയുള്ളവരായിരിക്കണം. പരിശുദ്ധ 
കുര്‍ബ്ബാനയെ നിങ്ങള്‍  സ്നേഹിക്കണം. ഈ സ്വര്‍ഗ്ഗീയ സ്നേഹത്തോടു കൂടി അശുദ്ധമായ യാതൊരു സ്നേഹവും കൂട്ടിക്കുഴയ്ക്കുവാന്‍  പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത് ദൈവനിന്ദയായിരിക്കും. നിങ്ങള്‍  ഈ സ്നേഹത്തിന്റെ രഹസ്യം വിശ്വസിക്കുകയും മനസ്സിലാക്കുകയും വേണം. ചിന്തയിലെ അശുദ്ധി വിശ്വാസത്തെ കൊല്ലുന്നു." 

ക്രിസ്ത്യാനിയുടെ മഹത്വം - ഈശോയുടെ പ്രബോധനം


ഈശോ അപ്പസ്തോലന്മാരോടു സംസാരിക്കുന്നു: "ഒരു  ക്രിസ്ത്യാനിയുടെ മഹത്വം വളരെ വലുതാണ്. ഞാൻ ആവർത്തിച്ചു പറയുന്നു, അത് പൗരോഹിത്യത്തേക്കാൾ അൽപ്പം മാത്രമേ താണിട്ടുള്ളൂ. പുരോഹിതൻ എവിടെയാണു താമസിക്കുന്നത്? ദേവാലയത്തിൽ. ഒരു ക്രിസ്ത്യാനി ജീവിക്കുന്ന ദേവാലയമായിത്തീരും. പുരോഹിതൻ എന്താണു ചെയ്യുന്നത്? പ്രാർത്ഥന, ത്യാഗപ്രവൃത്തികൾ, വിശ്വാസികളുടെ സംരക്ഷണം എന്നിവയിൽ വ്യാപൃതനായിരിക്കുന്നു. അതാണവർ ചെയ്യേണ്ടത്... ഒരു  ക്രിസ്ത്യാനി പ്രാർത്ഥനയും പരിത്യാഗവും സഹോദരസ്നേഹവും വഴി ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നു.
 വിവാഹത്തെപ്പറ്റി
മോശയുടെ നിയമത്തിൽ വിവാഹം ഒരു  ഉടമ്പടിയാണ്. പുതിയ ക്രിസ്തീയമതത്തിൽ അത്, മായിച്ചുകളയാൻ കഴിയാത്ത വിശുദ്ധമായ ഒരു കർമ്മമാണ്. അതിന്മേൽ കർത്താവിന്റെ കൃപ താണിറങ്ങട്ടെ. മനുഷ്യരാശിയുടെ വർദ്ധനവിന് ദൈവത്തിന്റെ ശുശ്രൂഷകരായിത്തീരുകയാണ് ഭർത്താവും ഭാര്യയും. യാതൊരു കാരണവശാലും ദൈവം യോജിപ്പിച്ചതിനെ വേർപിരിക്കരുത്. ഞാൻ ഗൗരവമായി പറയുന്നു; എല്ലാ ജീവിതസ്ഥിതിയിലും അവനവന്റെ കുരിശു വഹിക്കണം. വൈവാഹികജീവിതത്തിലും അതു വേണം. വിവാഹം, ഗൗരവമുള്ളതും വിശുദ്ധവുമായ 
കർമ്മമാണ്. അതു തെളിയിക്കുവാൻ ഞാൻ  വിവാഹത്തിൽ പങ്കെടുത്തു. എന്റെ ആദ്യത്തെ അത്ഭുതം അവിടെച്ചെയ്തു. എന്നാല്‍ അത് ജഡികാസക്തിയിലേക്ക് അധഃപതിച്ചാൽ ദുരിതം! സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വാഭാവികമായ ഉടമ്പടി, ആദ്ധ്യാത്മികമായ ഉടമ്പടിയായി 
ഉയർത്തപ്പെടട്ടെ. അതുവഴി രണ്ടുപേരുടെ ആത്മാക്കൾ, പരസ്പരം നൽകുന്ന സ്നേഹത്താൽ 
കർത്താവിനെ ശുശ്രൂഷിക്കുമെന്ന് ശപഥം ചെയ്യുന്നു. കർത്താവിനു മക്കളെ നൽകുവാൻ സന്താനോൽപ്പാദനം എന്ന കൽപ്പനയ്ക്ക് അനുസരണയുള്ളവരായി അവർ ജീവിക്കുന്നു."