ജാലകം നിത്യജീവൻ: August 2019

nithyajeevan

nithyajeevan

Saturday, August 17, 2019

കർത്താവിൻ്റെ ദിനം കളളനെപ്പോലെ വരും

(യുഗാന്ത്യത്തെപ്പറ്റിയുളള സന്ദേശങ്ങളിൽ നിന്ന്)


    "എൻ്റെ കരുണയുടെ കാലഘട്ടം അവസാനിച്ചു കൊണ്ടിരിക്കുന്നുവെന്നും ഭൂമിയിലെ എൻ്റെ ഭരണത്തിൻ്റെ കാലം സമീപിച്ചു കൊണ്ടിരിക്കുന്നുവെന്നും പ്രഖ്യാപിക്കുന്നതിനു വേണ്ടി നിങ്ങളുടെ ദൈവമായ ഞാൻ ദൂതന്മാരെ അയച്ചുകൊണ്ടിരിക്കുന്നു. എൻ്റെ സ്നേഹത്തെക്കുറിച്ച്‌ "ഭൂമിയിലുളളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും" (വെളിപാട്14:6) സാക്ഷ്യപ്പെടുത്തുന്നതിനു വേണ്ടി ഞാൻ എൻ്റെ ദൂതന്മാരെ അയയ്ക്കുന്നു. "ലോകത്തിൻ്റെ ഭരണാധികാരം, ഉന്നതത്തിലെ എൻ്റെ ഭരണാധികാരം പോലെ എന്നേക്കും എൻ്റെ ആത്മാവിൻ്റേതായിരിക്കും" (വെളിപാട്‌ 11:15) എന്നുളളതു പ്രഖ്യാപിക്കുന്നതിനുവേണ്ടിയും അവസാന നാളുകളിലെ അപ്പസ്തോലന്മാരായി എൻ്റെ ദൂതന്മാരെ ഞാനയയ്ക്കുന്നു. 
  "എന്നെ ഭയപ്പെടുകയും മഹത്വപ്പെടുത്തുകയും ചെയ്യുവിൻ; എന്തെന്നാൽ, എൻ്റെ വിധിയുടെ സമയം വന്നുകഴിഞ്ഞു"   (വെളിപാട്‌14:7) എന്ന്‌ ഈ മരുഭൂമിയിൽ നിങ്ങളോടു വിളിച്ചു പറയുന്നതിനു വേണ്ടി എൻ്റെ ദാസന്മാരായ പ്രവാചകന്മാരെ ഞാനയയ്ക്കുന്നു.
   എൻ്റെ രാജ്യം നിങ്ങളിൽ ഉടനെ വന്നെത്തും. ഇക്കാരണത്താൽ, അവസാനം വരെ നിങ്ങൾക്ക്‌ സ്ഥിരതയും വിശ്വാസവും ഉണ്ടായിരിക്കണം.
    എൻ്റെ കുഞ്ഞുങ്ങളേ, തൻ്റെ നാശത്തെക്കുറിച്ച്‌ ബോധവാനല്ലാത്ത പാപിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ. സമാധാനത്തിനും ആത്മാക്കളുടെ മാനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കുവിൻ.
    ലോകം തീവ്രദു:ഖത്തിലും അന്ധകാരത്തിലും കഠിനവേദനയിലും ആയിത്തീരുന്ന മണിക്കൂർ ആസന്നമായിരിക്കുന്നു..   "കാർമേഘങ്ങളുടെയും കൂരിരുട്ടിൻ്റെയും ദിനം! ഇതുപോലൊന്ന്‌ ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. തലമുറകളോളം ഇനി ഉണ്ടാവുകയുമില്ല." (ജോയേൽ 2:2) അതേ, ഇത് ആസന്നമായിരിക്കുന്നു..."

(message of Jesus given to Vassula Ryden)

Friday, August 16, 2019

കർത്താവിനു നന്ദി പറയുവിൻ


കർത്താവ് എന്നെ സന്ദർശിച്ചു; ഒരു കൊടുങ്കാറ്റു പോലെ 
അവിടുത്തെ ആത്മാവ്‌ എന്നെ പൊക്കിയെടുത്ത്, അവിടുത്തെ മുഖം
എനിക്കു കാണിച്ചുതന്നു.
കാരുണ്യവും സ്നേഹവും അനന്തമായ നന്മയും
അവിടുന്നെന്നോടു കാണിച്ചു..
അതിനുശേഷം അവിടുന്ന്‌ എൻ്റെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയും 
എൻ്റെ സഹോദരങ്ങളുമായി പങ്കുവയ്ക്കുന്നതിന് എനിക്ക്‌ സമൃദ്ധമായി മന്നാ (പരിശുദ്ധാത്മാഭിഷേകം) 
നൽകുകയും ചെയ്തു.
വിസ്മൃതിയുടെ ദേശത്തിലൂടെ അവിടുന്ന്‌ എന്നോടൊപ്പം നടന്നു; മൃതരുടെ ഇടയിൽ നിന്ന്‌ അവിടുന്ന് എന്നെ പൊക്കിയെടുത്തു..
എൻ്റെ ആത്മാവിന്‌ ഓർമ്മ തിരിച്ചു നൽകിക്കൊണ്ട്‌ അവിടുത്തെ വിസ്മരിക്കുന്നവരുടെയിടയിൽ നിന്ന്‌
അവിടുന്നെന്നെ ഉയിർപ്പിച്ചു.
ഓ,കർത്താവായ ദൈവമേ, ഞാൻ എപ്രകാരം കൃതജ്ഞതയുളളവളാണ്‌! ഓ, കർത്താവേ, അങ്ങയുടെ സ്നേഹമാധുര്യം ഞങ്ങൾ എല്ലാവരുടെമേലും ഉണ്ടായിരിക്കട്ടെ! കർത്താവ് എന്നേക്കും പുകഴ്ത്തപ്പെടട്ടെ.
ആമേൻ.


("ദൈവത്തിലുളള യഥാർത്ഥജീവിതം" എന്ന സ്ന്ദേശ ഗ്രന്ഥത്തിൽ നിന്ന്‌)

Sunday, August 11, 2019

ജപമാല പ്രാർത്ഥനയുടെ ശക്തി

(ഈശോയിൽ നിന്നും മാതാവിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവം)

     ഒരു ദിവസം ആരാധനയ്ക്കായി പരിശുദ്ധ ദിവ്യകാരുണ്യത്തിൻ്റെ മുമ്പിലിരിക്കുമ്പോൾ, വളരെ വർഷങ്ങൾക്കു മുമ്പ്‌, ഇരുപത്തിയെട്ടാം വയസ്സിൽ കൊക്കെയിൻ അമിതമായി കഴിച്ചതു മൂലം മരണപ്പെട്ട എൻ്റെ ഒരു സ്നേഹിതൻ്റെ ഓർമ്മ എന്നിലേക്കു കടന്നുവന്നു. മരണത്തിനു മുൻപ് അനുതപിക്കാനുളള സമയം  കിട്ടിക്കാണാൻ വഴിയില്ലാഞ്ഞതിനാൽ ഈ സ്നേഹിതൻ്റെ ആത്മരക്ഷയെപ്പറ്റി എനിക്ക് ഒട്ടുംതന്നെ ഉറപ്പില്ലായിരുന്നു. എന്നാൽ ആ ആത്മാവ് നശിച്ചുപോയി എന്നു  ചിന്തിക്കാനും എനിക്കു  കഴിഞ്ഞിരുന്നില്ല..
  വളരെക്കാലത്തിനുശേഷം ഇദ്ദേഹത്തെപ്പറ്റി ഓർക്കാൻ കാരണമെന്തെന്നു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്‌ ഞാനൊരു ദർശനം കാണുകയാണ്‌... എൻ്റെ സ്നേഹിതൻ ഈശോയുടെ മുമ്പിൽ തൻ്റെ വിധി കാത്തു നിൽക്കുന്നു.. ഈശോയുടെ വലതു വശത്തായി ഒരു മാലാഖ കൈയിൽ ഒരു ത്രാസും പിടിച്ച്‌ നിൽപ്പുണ്ട്‌. ഈശോയുടെ ഇടതു വശത്ത് സാത്താൻ നിൽക്കുന്നു.. എൻ്റെ സ്നേഹിതൻ ചെയ്ത പാപങ്ങൾ ഓരോന്നോരോന്നായി സാത്താൻ ഫറഞ്ഞുകൊണ്ടിരിക്കുമ്പോൾ ത്രാസിൻ്റെ ഒരു തട്ട്‌ താണുകൊണ്ടിരുന്നു..  ഒടുവിൽ അതു നിലംമുട്ടി.. ഇതിനിടയിൽ, പരിശുദ്ധ അമ്മ കടന്നു വന്ന്‌ എൻ്റെ സ്നേഹിതൻ്റെ അരികിലായി നിലയുറപ്പിച്ചിരുന്നു.. സാത്താൻ്റെ വാദം അവസാനിച്ചപ്പോൾ അമ്മ മുമ്പോട്ടുവന്ന്‌ ത്രാസിൻ്റെ മറ്റേ തട്ടിൽ ഒരു ജപമാല വച്ചു. ആ യുവാവിനു വേണ്ടി അവൻ്റെ അമ്മ ചൊല്ലിക്കൂട്ടിയ എല്ലാ ജപമാലകളുടേയും പ്രതീകമായിരുന്നു ആ ഒരൊറ്റ ജപമാല. ജപമാല   തട്ടിൽ വച്ചു കഴിഞ്ഞപ്പോൾ മറ്റേ തട്ട് ഉയരുകയും ജപമാലയുടെ തട്ട് താഴുകയും ചെയ്തു.. അങ്ങനെ, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ എൻ്റെ സ്നേഹിതൻ നിത്യശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്ന്‌ ഞാൻ മനസ്സിലാക്കി.  ദൈവത്തിന്‌ ഞാൻ നന്ദിയർപ്പിച്ചു..

Thursday, August 8, 2019

വി.ഡൊമിനിക്ക്‌

            ഇന്ന്‌ വി.ഡൊമിനിക്കിൻ്റെ തിരുനാൾ.


            സ്പെയിനിലെ കലരോഗ എന്ന സ്ഥലത്ത് 1170 ൽ, ഒരു സമ്പന്ന കുടുംബത്തിൽ വി.ഡൊമിനിക്‌ ജനിച്ചു. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ദൈവഭക്തരായിരുന്നു. അമ്മ ജോവാന്നയെ 1828 ൽ, ലിയോ പന്ത്രണ്ടാമൻ പാപ്പാ വാഴ്ത്തപ്പെട്ടവളായി  പ്രഖ്യാപിക്കുകയുണ്ടായി.
     മതപ്രസംഗം നടത്തുന്ന സന്യാസിമാർ (Order of Preachers) എന്ന സന്യാസസഭയുടെ സ്ഥാപകനാണ് വി. ഡൊമിനിക്.
                                    പരിശുദ്ധ    ജപമാലയുടെ ഉത്ഭവചരിത്രവും വി.ഡൊമിനിക്കുമായുളള  ബന്ധം സുവിദിതമാണ്‌.  അൽബിജൻസിയൻസിനെയും
 മറ്റ് പാഷണ്ഡികളെയും മാനസാന്തരപ്പെടുത്തുന്നതിനുളള ശക്തമായ ഒരു ഉപാധിയായി പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു    വി.ഡൊമിനിക്കിനു ലഭിച്ച  പ്രാർത്ഥനയാണ്‌ ജപമാല.

Wednesday, August 7, 2019

ദൈവപിതാവിൻ്റെ തിരുനാൾ

  (മദർ എവുജീനിയാ എലിസബത്താ റവാസിയോയിലൂടെ പിതാവായ ദൈവം മാർപ്പാപ്പായ്ക്കു നൽകിയ സന്ദേശം.)


                 ഞാൻ എൻ്റെ പ്രിയപുത്രനും വികാരിയുമായ അങ്ങയെ ഒരു ചുമതല ഏൽപ്പിക്കുകയാണ്‌. അങ്ങയുടെ ജോലികളിൽ ഇതിനു പ്രഥമസ്ഥാനം നൽകണം.  എനിക്കു വേണ്ടത് ഇതാണ്‌.
           ഒരു ദിവസം, ഒരു ഞായറാഴ്ച, എൻ്റെ ബഹുമാനത്തിനായി പ്രതിഷ്ഠിക്കപ്പെടണം. മുഴുവൻ മനുഷ്യരാശിയുടേയും പിതാവ്‌ എന്ന പ്രത്യേക അഭിധാനത്തിലായിരിക്കണം ഈ പ്രതിഷ്ഠ. ഈ തിരുനാളിന്‌ വിശേഷാൽ ദിവ്യബലിയും ഒപ്പീസും വേണം. ഇതിനു വേണ്ട പ്രാർത്ഥനകൾ വിശുദ്ധ ലിഖിതങ്ങളിൽ നിന്നു കിട്ടാൻ പ്രയാസമില്ല.  ഈ പ്രത്യേക ഭക്തിക്കു തെരഞ്ഞെടുക്കുന്നത് ഒരു ഞായറാഴ്ചയാണെങ്കിൽ, അത് ഓഗസ്റ്റ്‌ മാസത്തിലെ ആദ്യ ഞായറാഴ്ചയാകുന്നതാണ്‌ എനിക്കിഷ്ടം.  ഇടദിവസമാണെങ്കിൽ, എല്ലാ വർഷവും ഓഗസ്റ്റ് 7 ആയിരിക്കട്ടെ.
              
             പ്രിയ മകനേ,  അങ്ങേയ്ക്ക്‌ എൻ്റെ അനുഗ്രഹങ്ങൾ! എൻ്റെ മഹത്വത്തിനായി അങ്ങ്‌ ചെയ്യുന്നവയ്ക്കെല്ലാം നൂറുമടങ്ങ്‌ പ്രതിഫലം ഞാൻ വാഗ്ദാനം ചെയ്യുന്നു.

Tuesday, August 6, 2019

ദൈവരാജ്യം - ഈശോയുടെ പ്രബോധനം

   
(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്)

     ഗറേസാ പട്ടണത്തിന്റെതെക്കുകിഴക്കു ഭാഗത്തു നിന്നുകൊണ്ട് ഈശോ  പ്രസംഗം ആരംഭിച്ചു. 

                 "ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും ഒരാത്മാവുണ്ട്. ശരീരത്തോടൊപ്പം ആത്മാവ് മരിക്കുന്നില്ല.  അത്  ശരീരത്തെ അതിജീവിക്കുന്നു. ഓരോ മനുഷ്യനും ആത്മാവിനെ നൽകിയ സ്രഷ്ടാവായ ദൈവത്തിന്റെ ആഗ്രഹം, ഈ ആത്മാക്കളെല്ലാം  ഒരു സ്ഥലത്ത് ചെന്നു ചേരണമെന്നാണ്; അതായത് സ്വർഗ്ഗത്തിൽ.  അതിലെ ആനന്ദഭരിതരായ പ്രജകൾ  ഭൂമിയിൽ പരിശുദ്ധമായ ജീവിതം നയിച്ചവരും പാതാളത്തിൽ സമാധാനപൂർണ്ണമായ പ്രതീക്ഷയിൽ പാർത്തവരുമായ മനുഷ്യരാകുന്നു. ഭിന്നിപ്പും എതിർപ്പുമുണ്ടാക്കാൻ സാത്താൻ വന്നു.  നാശം വിതച്ച് ദൈവത്തെയും അരൂപികളെയും ദുഃഖിപ്പിക്കണമെന്നാണ് അവന്റെ ആഗ്രഹം. അതിനായി അവൻ മനുഷ്യ ഹൃദയത്തിൽ പാപം ഒരുക്കി വച്ചു. പാപത്തോടു കൂടെ ശരീരത്തിന് മരണവും അവൻ വരുത്തി. അരൂപിയേയും കൊല്ലാമെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ അരൂപിയുടെ (ആത്മാവിന്റെ) മരണം എന്നു പറയുന്നത് അതിന്റെ നാശമാണ്; അപ്പോഴും അതിന് അസ്തിത്വമുണ്ട്. എന്നാൽ നിത്യജീവനും സന്തോഷവുമില്ല. ദൈവത്തെക്കാണാൻ കഴിയാതെ, നിത്യമായ പ്രകാശത്തിൽ അവിടുത്തെ സ്വന്തമാക്കുവാൻ കഴിയാതെയുള്ള അവസ്ഥയിലാണ്. മനുഷ്യവർഗ്ഗം ഭിന്നമായ താൽപ്പര്യങ്ങൾ  നിമിത്തം വിഭജിക്കപ്പെട്ടുപോയി. പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങൾ നിമിത്തം പട്ടണവാസികൾ ഭിന്നിച്ചു പോകുന്നതു പോലെ. അങ്ങനെ മനുഷ്യ വംശം നാശത്തിൽ നിപതിച്ചു.

ഞാൻ വന്നിരിക്കുന്നത് ദൈവം സൃഷ്ടിച്ച മനുഷ്യകുലത്തോട് ദൈവത്തിനുള്ള സ്നേഹം നിമിത്തമാണ്. വിശുദ്ധമായ രാജ്യം ഒന്നുമാത്രമേ ഉള്ളൂവെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത് ദൈവരാജ്യം മാത്രം. നല്ലയാളുകൾ അതിലേക്ക് നീങ്ങുന്നതിനായി ഞാൻ പ്രസംഗിക്കുന്നു. ഓ! എല്ലാവരും, ഏറ്റം ദുഷ്ടരായവർ പോലും, തങ്ങളെ ബന്ധനസ്ഥരാക്കി വച്ചിട്ടുള്ള സാത്താന്റെ പിടിയിൽ നിന്ന് സ്വതന്ത്രരായി, മാനസാന്തരപ്പെട്ടു്, അതിലേക്കു വരണമെന്നാണെന്റെ ആഗ്രഹം. പിശാചിന്റെ ആധിപത്യം ശരീരത്തിലും അരൂപിയിലുമാകാം; അതിനാലാണ് രോഗികൾക്കു സൗഖ്യം നൽകിയും പിശാചുക്കളെ ബഹിഷ്കരിച്ചും പാപികളെ മാനസാന്തരപ്പെടുത്തിയും സുവിശേഷം പ്രസംഗിച്ചു് ഞാൻ എല്ലായിടത്തും   സഞ്ചരിക്കുന്നത്.   ദൈവം എന്നോടു കൂടെയുണ്ടെന്നു  നിങ്ങളെ  ബോദ്ധ്യപ്പെടുത്താനാണ്  ഞാൻ അത്ഭുതങ്ങൾ ചെയ്യുന്നത്.   കാരണം, ദൈവത്തെ തന്റെ സ്നേഹിതനാക്കിയിട്ടില്ലാത്ത ഒരുവനും  അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല. അതിനാൽ ദൈവത്തിന്റെ ശക്തിയാൽ ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുമ്പോൾ, രോഗികൾക്കു  സൗഖ്യം നൽകുമ്പോൾ, കുഷ്ഠരോഗികളെ ശുചിയാക്കുമ്പോൾ, പാപികളെ മാനസാന്തരപ്പെടുത്തുമ്പോൾ, ദൈവരാജ്യം അറിയിച്ചു് അതേക്കുറിച്ച് പ്രസംഗിക്കുമ്പോൾ, ദൈവനാമത്തിൽ ആളുകളെ ദൈവരാജ്യത്തിലേക്കു വിളിക്കുമ്പോൾ,  ദൈവം എന്നോടു കൂടെയുണ്ടെന്നുള്ള സത്യം അവിതർക്കിതമാണ്; വ്യക്തമാണ്. അവിശ്വസ്തരായ ശത്രുക്കൾ മാത്രമേ അതിനെതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്കയുള്ളൂ. ഇതെല്ലാം ദൈവരാജ്യം നിങ്ങളിലാണെന്നും അതു സ്ഥാപിക്കപ്പെടാനുള്ള സമയം ഇതാണെന്നും മനസ്സിലാക്കാനുള്ള അടയാളങ്ങളാണ്.

                      ദൈവരാജ്യം ലോകത്തിലും മനുഷ്യഹൃദയങ്ങളിലും എങ്ങനെയാണ്   സ്ഥാപിക്കപ്പെടുക?   മോശയുടെ നിയമത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട്; അതേക്കുറിച്ച് അറിഞ്ഞുകൂടെങ്കിൽ അതു പഠിച്ചുകൊണ്ട്; എന്നാൽ എല്ലാറ്റിനും ഉപരിയായി നമ്മുടെ ജീവിതത്തിന്റെ എല്ലാ സംഭവങ്ങളിലും അവയനുസരിച്ച്   ജീവിച്ചുകൊണ്ട്.   ആ  നിയമം പ്രായോഗികമാക്കാന്‍  കഴിയാത്തവണ്ണം അത്ര കഠിനമാണോ? അല്ല, അത് എളുപ്പമുള്ള പത്ത് വിശുദ്ധ പഠനങ്ങളാണ്. അവ ഇവയാണ്."

തുടർന്ന് ഈശോ പത്തുകൽപ്പനകൾ ഓരോന്നും വിശദീകരിക്കുന്നു.

Sunday, August 4, 2019

വി.ജോൺ മരിയ വിയാനി

ഇന്ന്‌ ഇടവക വൈദികരുടെ സ്വർഗീയ  മദ്ധ്യസ്ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ.


     ഫ്രാൻസിലെ ഡാർഡിലി എന്ന ഗ്രാമത്തിൽ, 1786 മെയ് 8 ന്‌ മാതാപിതാക്കളുടെ നാലാമത്തെ സന്താനമായിട്ടാണ്‌ അദ്ദേഹം ജനിച്ചത്. മാതാവിനോട്‌  അതിയായ ഭക്തിയും സ്നേഹവും നന്നേ ചെറുപ്പത്തിൽത്തന്നെ ജോണിനുണ്ടായിരുന്നു. എന്നാൽ പഠനത്തിൽ അവൻ തീരെ പുറകിലായിരുന്നു. 
     സെമിനാരിയിൽ ചേരുമ്പോൾ ജോണിന് 19 വയസ്സുണ്ടായിരുന്നു. ചില കൂട്ടുകാർ പഠനത്തിൽ സഹായിച്ചെങ്കിലും അദ്ദേഹത്തിന് കാര്യമായൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും നിരാശനാകാതെ പഠനം തുടർന്നു. ദൈവത്തോടു മുട്ടിപ്പായി പ്രാർത്ഥിച്ചു.  പഠനം പൂർത്തിയായപ്പോൾ പരീക്ഷ നടത്തിയ പണ്ഡിതരായ വൈദികർ ഇങ്ങനെ വിധിയെഴുതി: "മറ്റേതെങ്കിലും രൂപതയിലെ മെത്രാന് ഈ ചെറുപ്പക്കാരന് പട്ടം കൊടുക്കാൻ മനസ്സുണ്ടെങ്കിൽ അവിടെ പൊയ്ക്കൊളളട്ടെ.." എന്നാൽ പണ്ഡിതന്മാരെന്നതിനെക്കാൾ  കൂടുതലായി ഭക്തരായ വൈദികരാണ് സഭയുടെ ആവശ്യമെന്നു മനസ്സിലാക്കിയിരുന്ന ലയൺസ്‌ രൂപതയുടെ മെത്രാൻ, ജോണിനു പട്ടം നൽകുകയായിരുന്നു. 
    1815 ഓഗസ്റ്റ്‌ 13ന്‌ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.  ഇന്ന് ലോകപ്രശസ്തമായിത്തീർന്ന ആർസ് എന്ന കുഗ്രാമമായിരുന്നു വിയാനിയച്ചൻ്റെ സേവനരംഗം. അവിടത്തെ ഇടവകപ്പളളിയിലേക്കു നിയോഗിച്ചുകൊണ്ട്‌ മെത്രാൻ പറഞ്ഞു: "ദൈവസ്നേഹം മങ്ങിയ ഒരു നാടാണ്‌ ആർസ്‌.  അത്‌ കുറച്ചെങ്കിലും അവിടെ കാണിക്കൂ.." 
    ആർസിലേക്കുളള വഴിയറിയുവാൻ വിയാനിയച്ചൻ  ഒരു ഇടയക്കുട്ടിയുടെ സഹായം തേടി. അവനോട് അദ്ദേഹം പറഞ്ഞു: "കുഞ്ഞേ, നീ എനിക്ക്‌ ആർസിലേക്കുളള വഴി കാണിച്ചുതരൂ.. നിനക്കു ഞാൻ സ്വർഗത്തിലേക്കുളള വഴി കാണിച്ചുതരാം. 
    ആർസിലെ ഇടവകജനം സാമ്പത്തികമായും ധാർമികമായും ക്ഷയിച്ച ഒരു സമൂഹമായിരുന്നു. അവരുടെ അജ്ഞതയാണ് അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഈ ലോകത്തിൽ ജീവിക്കുന്നതെന്തിനെന്നു പോലും അറിവില്ലാത്ത അനേകം ക്രിസ്ത്യാനികളുണ്ടല്ലോയെന്ന് അദ്ദേഹം ഖേദിച്ചു. 
   ഉപദേശങ്ങളും മാതൃകയും കൊണ്ട് ആ പാവങ്ങളെ സമുദ്ധരിക്കാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിൻ്റെ ലളിതസുന്ദരങ്ങളായ പ്രസംഗങ്ങൾ മെല്ലെ മെല്ലെ ഫലം കണ്ടുതുടങ്ങി..
    വിയാനിയച്ചൻ്റെ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രസംഗം. പ്രാർത്ഥനയായിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആനന്ദം. അദ്ദേഹത്തിൻ്റ ജീവിതത്തിൻ്റെ സിംഹഭാഗവും അദ്ദേഹം കുമ്പസാരക്കൂട്ടിലാണ്‌ കഴിച്ചുകൂട്ടിയത്.  അദ്ദേഹം പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതം പാപികളുടെ മാനസാന്തരമാണ്‌. 
   വിയാനിയച്ചൻ്റെ ആത്മീയ ജീവിതവും അദ്ദേഹം മൂലം അനേകരിലുണ്ടായ മാനസാന്തരവും പിശാചുക്കളെ കോപാകുലരാക്കി.  തന്മൂലം ധാരാളം പൈശാചിക ഉപദ്രവങ്ങൾ അദ്ദേഹത്തിനു നേരിടേണ്ടതായി വന്നു.  എന്നാൽ അതുകൊണ്ടൊന്നും അദ്ദേഹം അധീരനായില്ല. ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി എന്തും സഹിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു.  ക്ഷമയും സഹനവുമായിരുന്നു അദ്ദേഹത്തിൻ്റെ ആയുധങ്ങൾ. 
     73 വയസ്സുവരെ ആ പുണ്യജീവിതം നീണ്ടുനിന്നു.  1859 ഓഗസ്റ്റ് നാലാം തിയതി അദ്ദേഹത്തിൻ്റെ ആത്മാവ് നിത്യസമ്മാനത്തിനായി യാത്രയായി..
   1925 മെയ്‌ 31 ന് പതിനൊന്നാം പീയൂസ്‌ മാർപ്പാപ്പാ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്കുയർത്തി.

Friday, August 2, 2019

യേശുവിൻ്റെ രണ്ടാമത്തെ ആഗമനം

(പരിശുദ്ധ അമ്മ ഫാദർ സ്റ്റെഫാനോ ഗോബിയ്ക്കു നൽകിയ സന്ദേശത്തിൽ നിന്ന്)
        
       "പ്രിയസുതരേ, യേശുവിൻ്റെ രണ്ടാമത്തെ വരവ് ആദ്യവരവു പോലെ തന്നെയായിരിക്കും. യേശുവിൻ്റെ ജനനം ക്രിസ്മസ്‌ രാത്രിയിൽ എങ്ങനെ നടന്നുവോ അതുപോലെ തന്നെയായിരിക്കും, അവസാന വിധി നടത്താനായി പിതാവിൻ്റെ നിഗൂഢ രഹസ്യങ്ങളിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മണിക്കൂറിൽ, മഹിമപ്രതാപത്തോടെ എഴുന്നെളളുന്നതിനു മുമ്പ്‌ അവൻ നടത്താനിരിക്കുന്ന തൻ്റെ രണ്ടാമത്തെ ആഗമനവും.
    
          ലോകം മുഴുവനും അന്ധകാരത്താൽ മൂടപ്പെടും. ദൈവനിഷേധത്തിൻ്റെയും ദൈവ നിരാകരണത്തിൻ്റെയും  അന്ധകാരം ലോകത്തെ ആവരണം ചെയ്യും.
     ഈ രണ്ടാമത്തെ ആഗമനത്തിലും പുത്രൻ തൻ്റെ അമ്മയിലൂടെയായിരിക്കും നിങ്ങളുടെ പക്കലേക്കു വരിക.

പ്രിയസുതരേ, ഞാൻ ചെയ്തതുപോലെ അവനെ സ്വീകരിക്കാൻ നിങ്ങളും ഒരുങ്ങണം."
      ഇനി നിങ്ങൾ ജീവിക്കാനിരിക്കുന്ന വിനാഴികകൾ ഏറ്റവും പ്രാധാന്യമേറിയതും വേദനാനിർഭരവുമായിരിക്കും. നിങ്ങളുടെ മാതാവായ എന്നോടൊന്നിച്ച്‌ പ്രാർത്ഥിക്കുക, ത്യാഗം ചെയ്യുക, സമർപ്പണം നടത്തുക, പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യുക.
     ഭക്തിരാഹിത്യം, അശുദ്ധി, അനീതി, സ്വാർത്ഥത, വിദ്വേഷം, അക്രമം എന്നിവയുടേയും പാപത്തിൻ്റേയും തിന്മയുടേയും അത്യഗാധ ഗർത്തത്തിലാണ്ടു കിടക്കുന്ന ഈ ലോകത്തിൻ്റെ രക്ഷയ്ക്കു വേണ്ടി നിങ്ങൾ    എന്നോടൊന്നിച്ച് പ്രാർത്ഥിക്കുക.
     യേശുവിൻ്റെ ദ്വിതീയാഗമനം സമീപിച്ചിരിക്കുന്നു എന്ന സത്യം ചൂണ്ടിക്കാട്ടുന്ന വിശുദ്ധഗ്രന്ഥത്തിലെ അടയാളങ്ങൾ മനസ്സിലാക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം.
     സുവിശേഷങ്ങളിലും പത്രോസ്‌, പൗലോസ്‌ ശ്ലീഹന്മാരുടെ ലേഖനങ്ങളിലും ഈ അടയാളങ്ങളെക്കുറിച്ച്‌ വ്യക്തമായ പ്രതിപാദനമുണ്ട്‌.
   വിശ്വാസത്തെയും മതത്തെയും ഉപേക്ഷിക്കുവാൻ തക്ക രീതിയിലുളള തെറ്റായ പ്രബോധനങ്ങളാണ് ഒന്നാമത്തെ അടയാളം.
    വ്യാജഗുരുക്കന്മാരും സുവിശേഷസത്യങ്ങൾക്കനുസൃതമായി ഒരിക്കലും പഠിപ്പിക്കാത്ത വേദപണ്ഡിതന്മാരുമാണ്‌ തെറ്റായ പഠനങ്ങളെ പ്രചരിപ്പിക്കുന്നത്.  ഇത് വിനാശകരമായ പാഷണ്ഡതക്ക്‌ വഴി തെളിക്കുന്നു.  "ആരും നിങ്ങളെ വഴി തെറ്റിക്കാതെ സൂക്ഷിച്ചു കൊളളുവിൻ. പലരും എൻ്റെ നാമത്തിൽ വന്ന്‌, ഞാൻ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴി തെറ്റിക്കുകയും ചെയ്യും."  (Mt.24:4,5).
    "വിശ്വാസത്യാഗം സംഭവിക്കുന്നതു വരെ കർത്താവിൻ്റെ ദിവസം സമാഗതമാവുകയില്ല."
 (2 Th 2:3)
     "നിങ്ങൾക്കിടയിൽ വ്യാജപ്രവാചകന്മാരുണ്ടാകും. തങ്ങളെ വില കൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിച്ചുകൊണ്ട് തങ്ങൾക്കുമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന അവർ, വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കും. പലരും അവരുടെ ദുഷിച്ച മാർഗത്തെ അനുഗമിക്കും. അങ്ങനെ അവർ മൂലം സത്യമാർഗം നിന്ദിക്കപ്പെടും. അവർ അതിമോഹത്തോടെ വ്യാജം പറഞ്ഞ്‌ നിങ്ങളെ ചൂഷണം ചെയ്യും." (2 Pet 2:1-3)
   സഹോദരൻ്റെ വധത്തിനായുളള ചരിത്രവും യുദ്ധങ്ങളുടെ പൊട്ടിപ്പുറപ്പെടലുമാണ് രണ്ടാമത്തെ അടയാളം. പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പങ്ങളും ഉണ്ടാകും. അധർമ്മം വർദ്ധിക്കുക നിമിത്തം മിക്കവരുടേയും സ്നേഹം തണുത്തുറഞ്ഞു പോകും. അവസാനം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്പെടും.
   സുവിശേഷത്തോടും യേശുവിനോടും വിശ്വസ്തത പുലർത്തുന്നവരും സത്യവിശ്വാസത്തിൽ നിലനിൽക്കുന്നവരുമായ വ്യക്തികളുടെ രക്തരൂക്ഷിതമായ പീഢനമാണ്‌ മൂന്നാമത്തെ അടയാളം. വി.മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം 9 മുതൽ 14 വരെയുളള തിരുവചനങ്ങൾ ഇക്കാര്യം സൂചിപ്പിക്കുന്നു.
   വിശുദ്ധ വസ്തുക്കളോടുളള അവഹേളനമാണ്‌ നാലാമത്തെ അടയാളം. ക്രിസ്തുവിനെ എതിർക്കുന്ന അന്തിക്രിസ്തുവാണ്‌ ഈ കർമ്മം നിർവഹിക്കുന്നത്‌. അവൻ ദൈവത്തിൻ്റെ ആലയത്തിലേക്കു പ്രവേശിക്കുകയും അവിടുത്തെ സിംഹാസനത്തിൽ ഉപവിഷ്ടനാവുകയും ചെയ്യും. പരിശുദ്ധ സ്ഥലത്തുവച്ച്‌ വിശുദ്ധവസ്തുക്കളെ അവൻ അവഹേളിക്കുന്നത്‌ നിങ്ങൾ കാണും.ദാനിയേൽ പ്രവാചകൻ ഇതു പറഞ്ഞിട്ടുണ്ട്‌.
(ദാനിയേൽ 12:9-12).
       വിശുദ്ധ കുർബാനയാണ് അനുദിനബലി. ഈ ബലിയർപ്പണം തിരുസഭയിൽ നിർത്തലാക്കപ്പെടും. ഇതിലൂടെ എൻ്റെ ശത്രുവായ അന്തിക്രിസ്തു  ആഗ്രഹിച്ച വിശുദ്ധ വസ്തുക്കളോടുളള  ഭയങ്കരമായ അവഹേളനം അവൻ നേടിയെടുക്കും.
     അഞ്ചാമത്തെ അടയാളം, അകാശത്ത്‌ പ്രത്യക്ഷപ്പെടുന്ന അസാധാരണ പ്രതിഭാസങ്ങളിലാണ് അടങ്ങിയിരിക്കുന്നത്‌.
   ആ ദിവസങ്ങളിലെ ദുരിതത്തിനു ശേഷം സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശിക്കില്ല. നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നു വീഴും. ആകാശശക്തികൾക്ക്‌ ഇളക്കം തട്ടും.
    ഫാത്തിമയിൽ, എൻ്റെ അവസാനത്തെ പ്രത്യക്ഷപ്പെടലിൻ്റെ വേളയിൽ സൂര്യനിൽ സംഭവിച്ച അത്ഭുതം, യേശുവിൻ്റെ മഹത്വപൂർണമായ പ്രത്യാഗമനം അടുത്തുവെന്ന്‌ നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാനായിരുന്നു.
    അന്തി ക്രിസ്തു തൻ്റെ ശക്തിപ്രഭാവം മുഴുവൻ കാട്ടുന്ന സമയം ഇതാ സമാഗതമായിക്കൊണ്ടിരിക്കുന്നു..
      ആകയാൽ നിങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ ഞാൻ ആവശ്യപ്പെടുന്നു. വിശ്വാസത്തിൻ്റെയും ആർദ്രമായ പരസ്നേഹത്തിൻ്റെയും അരൂപിയിൽ നിങ്ങൾ ജീവിക്കുക. നിങ്ങളെ വഴി നടത്താൻ എന്നെ അനുവദിക്കുക.


Thursday, August 1, 2019

വി.അൽഫോൻസ് ലിഗോരി

       ഇന്ന്, മെത്രാനും വേദപാരംഗതനും ദിവ്യരക്ഷകസഭാസ്ഥാപകനുമായ വി.അൽഫോൻസ് ലിഗോരിയുടെ തിരുനാൾ