ജാലകം നിത്യജീവൻ: ദൈവരാജ്യം - ഈശോയുടെ പ്രബോധനം

nithyajeevan

nithyajeevan

Tuesday, August 6, 2019

ദൈവരാജ്യം - ഈശോയുടെ പ്രബോധനം

   
(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്)

     ഗറേസാ പട്ടണത്തിന്റെതെക്കുകിഴക്കു ഭാഗത്തു നിന്നുകൊണ്ട് ഈശോ  പ്രസംഗം ആരംഭിച്ചു. 

                 "ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും ഒരാത്മാവുണ്ട്. ശരീരത്തോടൊപ്പം ആത്മാവ് മരിക്കുന്നില്ല.  അത്  ശരീരത്തെ അതിജീവിക്കുന്നു. ഓരോ മനുഷ്യനും ആത്മാവിനെ നൽകിയ സ്രഷ്ടാവായ ദൈവത്തിന്റെ ആഗ്രഹം, ഈ ആത്മാക്കളെല്ലാം  ഒരു സ്ഥലത്ത് ചെന്നു ചേരണമെന്നാണ്; അതായത് സ്വർഗ്ഗത്തിൽ.  അതിലെ ആനന്ദഭരിതരായ പ്രജകൾ  ഭൂമിയിൽ പരിശുദ്ധമായ ജീവിതം നയിച്ചവരും പാതാളത്തിൽ സമാധാനപൂർണ്ണമായ പ്രതീക്ഷയിൽ പാർത്തവരുമായ മനുഷ്യരാകുന്നു. ഭിന്നിപ്പും എതിർപ്പുമുണ്ടാക്കാൻ സാത്താൻ വന്നു.  നാശം വിതച്ച് ദൈവത്തെയും അരൂപികളെയും ദുഃഖിപ്പിക്കണമെന്നാണ് അവന്റെ ആഗ്രഹം. അതിനായി അവൻ മനുഷ്യ ഹൃദയത്തിൽ പാപം ഒരുക്കി വച്ചു. പാപത്തോടു കൂടെ ശരീരത്തിന് മരണവും അവൻ വരുത്തി. അരൂപിയേയും കൊല്ലാമെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ അരൂപിയുടെ (ആത്മാവിന്റെ) മരണം എന്നു പറയുന്നത് അതിന്റെ നാശമാണ്; അപ്പോഴും അതിന് അസ്തിത്വമുണ്ട്. എന്നാൽ നിത്യജീവനും സന്തോഷവുമില്ല. ദൈവത്തെക്കാണാൻ കഴിയാതെ, നിത്യമായ പ്രകാശത്തിൽ അവിടുത്തെ സ്വന്തമാക്കുവാൻ കഴിയാതെയുള്ള അവസ്ഥയിലാണ്. മനുഷ്യവർഗ്ഗം ഭിന്നമായ താൽപ്പര്യങ്ങൾ  നിമിത്തം വിഭജിക്കപ്പെട്ടുപോയി. പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങൾ നിമിത്തം പട്ടണവാസികൾ ഭിന്നിച്ചു പോകുന്നതു പോലെ. അങ്ങനെ മനുഷ്യ വംശം നാശത്തിൽ നിപതിച്ചു.

ഞാൻ വന്നിരിക്കുന്നത് ദൈവം സൃഷ്ടിച്ച മനുഷ്യകുലത്തോട് ദൈവത്തിനുള്ള സ്നേഹം നിമിത്തമാണ്. വിശുദ്ധമായ രാജ്യം ഒന്നുമാത്രമേ ഉള്ളൂവെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത് ദൈവരാജ്യം മാത്രം. നല്ലയാളുകൾ അതിലേക്ക് നീങ്ങുന്നതിനായി ഞാൻ പ്രസംഗിക്കുന്നു. ഓ! എല്ലാവരും, ഏറ്റം ദുഷ്ടരായവർ പോലും, തങ്ങളെ ബന്ധനസ്ഥരാക്കി വച്ചിട്ടുള്ള സാത്താന്റെ പിടിയിൽ നിന്ന് സ്വതന്ത്രരായി, മാനസാന്തരപ്പെട്ടു്, അതിലേക്കു വരണമെന്നാണെന്റെ ആഗ്രഹം. പിശാചിന്റെ ആധിപത്യം ശരീരത്തിലും അരൂപിയിലുമാകാം; അതിനാലാണ് രോഗികൾക്കു സൗഖ്യം നൽകിയും പിശാചുക്കളെ ബഹിഷ്കരിച്ചും പാപികളെ മാനസാന്തരപ്പെടുത്തിയും സുവിശേഷം പ്രസംഗിച്ചു് ഞാൻ എല്ലായിടത്തും   സഞ്ചരിക്കുന്നത്.   ദൈവം എന്നോടു കൂടെയുണ്ടെന്നു  നിങ്ങളെ  ബോദ്ധ്യപ്പെടുത്താനാണ്  ഞാൻ അത്ഭുതങ്ങൾ ചെയ്യുന്നത്.   കാരണം, ദൈവത്തെ തന്റെ സ്നേഹിതനാക്കിയിട്ടില്ലാത്ത ഒരുവനും  അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല. അതിനാൽ ദൈവത്തിന്റെ ശക്തിയാൽ ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുമ്പോൾ, രോഗികൾക്കു  സൗഖ്യം നൽകുമ്പോൾ, കുഷ്ഠരോഗികളെ ശുചിയാക്കുമ്പോൾ, പാപികളെ മാനസാന്തരപ്പെടുത്തുമ്പോൾ, ദൈവരാജ്യം അറിയിച്ചു് അതേക്കുറിച്ച് പ്രസംഗിക്കുമ്പോൾ, ദൈവനാമത്തിൽ ആളുകളെ ദൈവരാജ്യത്തിലേക്കു വിളിക്കുമ്പോൾ,  ദൈവം എന്നോടു കൂടെയുണ്ടെന്നുള്ള സത്യം അവിതർക്കിതമാണ്; വ്യക്തമാണ്. അവിശ്വസ്തരായ ശത്രുക്കൾ മാത്രമേ അതിനെതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്കയുള്ളൂ. ഇതെല്ലാം ദൈവരാജ്യം നിങ്ങളിലാണെന്നും അതു സ്ഥാപിക്കപ്പെടാനുള്ള സമയം ഇതാണെന്നും മനസ്സിലാക്കാനുള്ള അടയാളങ്ങളാണ്.

                      ദൈവരാജ്യം ലോകത്തിലും മനുഷ്യഹൃദയങ്ങളിലും എങ്ങനെയാണ്   സ്ഥാപിക്കപ്പെടുക?   മോശയുടെ നിയമത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട്; അതേക്കുറിച്ച് അറിഞ്ഞുകൂടെങ്കിൽ അതു പഠിച്ചുകൊണ്ട്; എന്നാൽ എല്ലാറ്റിനും ഉപരിയായി നമ്മുടെ ജീവിതത്തിന്റെ എല്ലാ സംഭവങ്ങളിലും അവയനുസരിച്ച്   ജീവിച്ചുകൊണ്ട്.   ആ  നിയമം പ്രായോഗികമാക്കാന്‍  കഴിയാത്തവണ്ണം അത്ര കഠിനമാണോ? അല്ല, അത് എളുപ്പമുള്ള പത്ത് വിശുദ്ധ പഠനങ്ങളാണ്. അവ ഇവയാണ്."

തുടർന്ന് ഈശോ പത്തുകൽപ്പനകൾ ഓരോന്നും വിശദീകരിക്കുന്നു.