ജാലകം നിത്യജീവൻ: November 2011

nithyajeevan

nithyajeevan

Wednesday, November 30, 2011

നവംബര്‍ 30 - വി. ആന്‍ഡ്രൂവിന്റെ തിരുനാള്‍

ഇന്ന് തിരുസഭ അപ്പസ്തോലനായ വി. ആൻഡ്രൂവിന്റെ തിരുനാള്‍ കൊണ്ടാടുന്നു. 

അപ്പസ്തോലതലവനായ വി. പത്രോസിന്റെ സഹോദരനാണ് വി. ആന്‍ഡ്രൂ. ഈശോയെ ആദ്യം അനുഗമിച്ച രണ്ടുപേരില്‍ ഒരുവനും വി. പത്രോസിനെ ഈശോയിലേക്കു നയിച്ചവനുമായിട്ടാണ് വി. ആന്‍ഡ്രൂ അറിയപ്പെടുന്നത്.     എടുത്തുചാട്ടക്കാരനും പരുക്കനുമായ പത്രോസിന്റെ നേർവിപരീതസ്വഭാവക്കാരനാണ് അനുജന്‍ ആന്‍ഡ്രൂ. അതീവശാന്തനും സമാധാനപ്രിയനുമായ   ആന്‍ഡ്രൂ   ഈശോയ്ക്ക് ഏറെ പ്രിയങ്കരനുമാണ്. 
ഈശോയുടെ പരസ്യജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ത്തന്നെ  വി. ആന്‍ഡ്രൂ തന്റെ നിശ്ശബ്ദപരിശ്രമങ്ങളാൽ ഈശോയ്ക്കായി ആത്മാക്കളെ നേടിയിരുന്നു. 

ഒരുവേള ഈശോ വി. ആന്‍ഡ്രൂവിനോടു  പറയുന്നു; "നിന്നെയും നിന്റെ സഹോദരന്‍ സൈമണേയും കൂടി ഒരുമിച്ച് മൂശയിലിട്ട് വീണ്ടും രൂപപ്പെടുത്തണം. അപ്പോൾ രണ്ടുപേരും പരിപൂര്‍ണ്ണരാകും. ഇപ്പോൾ നിങ്ങൾ എത്ര വ്യത്യസ്തരാണ് ! നിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് നീ പത്രോസിനെപ്പോലെ തന്നെയായിത്തീരും എന്നു ഞാന്‍ പറഞ്ഞാല്‍ നീ വിശ്വസിക്കുമോ?"

"നീ അങ്ങനെ പറയുകയാണെങ്കിൽ അങ്ങനെതന്നെ സംഭവിക്കും. അതെങ്ങിനെയാണെന്നു പോലും ഞാന്‍ ചോദിക്കില്ല. കാരണം നീ പറയുന്നതെല്ലാം സത്യമാണ്. എന്റെ സഹോദരന്‍ സൈമണേപ്പോലെയാകുന്നത് എനിക്കു സന്തോഷമാണ്. കാരണം അവന്‍ നീതിമാനും അങ്ങയെ സന്തോഷിപ്പിക്കുന്നവനുമാണ്.  സൈമൺ സമർത്ഥനാണ്. അതിനെക്കുറിച്ച് എനിക്കു  സന്തോഷവുമാണ്. അവനു ശക്തിയും ധൈര്യവുമുണ്ട്. എന്നാല്‍ മറ്റുള്ളവർക്കും ......."

"നിനക്കില്ലേ?"

"ഓ! എനിക്കോ? എന്നെക്കുറിച്ചു തൃപ്തിയുള്ളതു നിനക്കു മാത്രമാണ്."

 "ശബ്ദമുണ്ടാക്കാതെ മറ്റുള്ളവരെക്കാൾ ആഴത്തില്‍ ജോലി ചെയ്യുന്നത് നീയാണെന്നു മനസ്സിലാക്കുന്ന ഏക വ്യക്തിയും ഞാന്‍ മാത്രമാണ്. കാരണം, പന്ത്രണ്ടു പേരില്‍ ചിലര്‍, അവര്‍ ചെയ്യുന്ന ജോലിയോളം തന്നെ ശബ്ദമുണ്ടാക്കുന്നവരാണ്. ചിലര്‍,  ചെയ്യുന്ന ജോലിയേക്കാൾ കൂടുതൽ ശബ്ദമുണ്ടാക്കുന്നു ചിലര്‍ നിരന്തരം ജോലി ചെയ്യുക മാത്രം ചെയ്യുന്നു. എളിയതും  അവഗണിക്കപ്പെടുന്നതും അദ്ധ്വാനമുള്ളതുമായ ജോലി.. അവര്‍ ഒന്നും ചെയ്യുന്നില്ല എന്നു മറ്റുള്ളവര്‍ ചിന്തിച്ചേക്കും. എന്നാൽ എല്ലാം കാണുന്നവന്‍ അതറിയുന്നു." 

 വി. ആന്‍ഡ്രൂവിന്റെ സുവിശേഷപ്രവർത്തനം കോൺസ്റ്റാന്റിനോപ്പിളിലും മാസിഡോണിയായിലും ഗ്രീസിലുമായിരുന്നു  എന്നു  വിശ്വസിക്കപ്പെടുന്നു.  നീറോ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലത്ത് AD 60 നവംബർ 30 ന് വി. ആന്‍ഡ്രൂ രരക്തസാക്ഷിത്വം വരിച്ചു. 'X' ആകൃതിയിലുള്ള കുരിശില്‍ കെട്ടിയിടപ്പെട്ട് രണ്ടുദിവസം കൊണ്ടാണ് അദ്ദേഹം മരിച്ചത്. ആ രണ്ടുദിവസവും അദ്ദേഹം വിശ്വാസികളോടു സുവിശേഷം പ്രസംഗിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു.

Sunday, November 27, 2011

വിവാഹമോചനവും ബ്രഹ്മചര്യവും - ഈശോയുടെ പ്രബോധനം

                       ഈശോ ഗദറാ എന്ന ഗ്രാമത്തിലാണ്.  വ്യാപാരകേന്ദ്രം  പോലെയുള്ള  ഒരു മൈതാനമാണ്   പ്രസംഗത്തിനായി   ഈശോ തെരഞ്ഞെടുത്തിരിക്കുന്നത്.   ചുറ്റുമുള്ള  സംഭരണശാലകളില്‍ ധാരാളമാളുകളുണ്ട്.   ചിലരെല്ലാം പറഞ്ഞുകേട്ടും ചൂണ്ടിക്കാണിക്കുന്നതു കണ്ടും ഈശോയുടെ ചുറ്റും വേഗംതന്നെ ആളുകൾ വന്നുകൂടിക്കഴിഞ്ഞു.   ഈശോ പ്രസംഗം തുടങ്ങുന്നു:
 
"എന്നെ ശ്രവിക്കുന്ന നിങ്ങൾക്കെല്ലാവര്‍ക്കും സമാധാനം. എസ്രായുടെ പുസ്തകത്തില്‍  ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "എന്റെ ദൈവമേ, ഈ സംഭവിച്ചതെല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ എന്താണു പറയേണ്ടത്? കാരണം, നിന്റെ ദാസന്മാര്‍  വഴി നീ കല്‍പ്പിച്ച പ്രമാണങ്ങൾ ഞങ്ങൾ പരിത്യജിച്ചെങ്കില്‍ ......"

"നിര്‍ത്തൂ... ആ പ്രസംഗിക്കുന്ന ആൾ... ഞങ്ങൾ നിനക്ക് വിഷയം തരാം.." ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു പിടി പ്രീശന്മാര്‍  തള്ളിക്കയറി മുന്നോട്ടുവന്നു. അവര്‍  ചോദിക്കുന്നു;
"നീയാണോ നസ്രസ്സിലെ ഈശോ"?

"ഞാനാകുന്നു."
 അവരില്‍ ഏറ്റവുംപ്രായമുള്ളയാൾ സംസാരിക്കുന്നു; "കുറെ ദിവസങ്ങളായി ഞങ്ങൾ നിന്നെ അനുധാവനം ചെയ്യുന്നു; പക്ഷേ ഞങ്ങളെത്തുമ്പോഴേക്കും നീ സ്ഥലം വിട്ടുകഴിഞ്ഞിരിക്കും."

"എന്തിനാണ് നിങ്ങൾ എന്റെ പിന്നാലെയെത്തുന്നത്?"

"കാരണം നീയാണ് ഗുരു.. നിയമത്തിലെ ഇരുണ്ട ഒരു ഭാഗത്തെക്കുറിച്ച് നീ ഞങ്ങളെ പഠിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു."

"ദൈവത്തിന്റെ കല്‍പ്പനകളില്‍  ഇരുണ്ട ഭാഗങ്ങളൊന്നുമില്ല. നിങ്ങൾ അറിയാന്‍  ആഗ്രഹിക്കുന്നതെന്താണ്?"

"ഞങ്ങൾക്കറിയേണ്ടത് ഏതെങ്കിലും കാരണത്താല്‍  മനുഷ്യന് അവന്റെ ഭാര്യയെ ഉപേക്ഷിക്കുവാന്‍  പാടുണ്ടോ എന്നാണ്. ഇത് പലപ്പോഴും സംഭവിക്കുന്നു; ഓരോ പ്രാവശ്യവും അതേച്ചൊല്ലി ഓരോ ബഹളവുമുണ്ട്. അത് നിയമാനുസൃതമാണോ എന്നറിയാന്‍  ആളുകൾ ഞങ്ങളെ സമീപിക്കുന്നു. ഓരോ കേസും പഠിച്ചു് ഞങ്ങൾ മറുപടി കൊടുക്കുകയാണു ചെയ്യുന്നത്."

"എന്നിട്ട് തൊണ്ണൂറു ശതമാനം കേസുകൾക്കും നിങ്ങൾ അംഗീകാരം നൽകുന്നു. ബാക്കി പത്തു ശതമാനം കേസുകൾ ദരിദ്രരുടെയോ നിങ്ങളുടെ ശത്രുക്കളുടെയോ ആണ്. അവ നിങ്ങൾ അംഗീകരിക്കുന്നില്ല."

"അതു നീ എങ്ങനെ അറിയുന്നു?"

"മനുഷ്യന്റെ എല്ലാക്കാര്യങ്ങളും ഇങ്ങനെയാണ്. മൂന്നാമതൊരു ഗണം ആളുകളെക്കൂടി ഞാന്‍  കൂട്ടിച്ചേര്‍ക്കുന്നു. വിവാഹമോചനം നിയമാനുസൃതമാണെങ്കില്‍, അത് അർഹിക്കുന്നവര്‍; അതായത് വളരെ പരിതാപകരമായ കേസുകൾ - സുഖമാകാത്ത കുഷ്ഠരോഗം, ആയുഷ്ക്കാല ജയില്‍വാസം, പറയാന്‍  കൊള്ളാത്ത രോഗങ്ങൾ..."

"അപ്പോൾ നിന്റെ അഭിപ്രായത്തില്‍ വിവാഹമോചനം ഒരിക്കലും നിയമാനുസൃതമല്ല?"

                  "എന്റെ അഭിപ്രായത്തിലോ, അത്യുന്നതന്റെ കല്‍പ്പനയനുസരിച്ചോ,  ആത്മാവില്‍  നീതിയുള്ള ഏതൊരുവന്റെ അഭിപ്രായത്തിലോ അതു ശരിയല്ല. സമയത്തിന്റെ ആരംഭത്തില്‍  സ്രഷ്ടാവ് അവരെ പുരുഷനും സ്ത്രീയുമായിട്ടാണ് സൃഷ്ടിച്ചതെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ? ദൈവം ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; അങ്ങനെ ചെയ്യേണ്ടത് ആവശ്യമായിരുന്നു.  എന്നിട്ട് അവന്‍  പറഞ്ഞു: " മനുഷ്യന്‍  അവന്റെ അപ്പനെയും അമ്മയെയും ഉപേക്ഷിച്ച് അവന്റെ ഭാര്യയോടു ചേരും. അങ്ങനെ ഒന്നായിട്ടുള്ള ഐക്യത്തിലാണ് ദൈവം അവരെ യോജിപ്പിച്ചത്. നല്ലതാണെന്നുകണ്ട് ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വിഭജിക്കരുത്. കാരണം, അങ്ങനെ സംഭവിച്ചാല്‍, പിന്നെ അത് നല്ലകാര്യമായിരിക്കയില്ല."

"എങ്കില്‍പ്പിന്നെ, മോശ എന്തുകൊണ്ടാണ് പറഞ്ഞത്, ഒരു മനുഷ്യന്‍  ഭാര്യയെ സ്വീകരിക്കയും എന്തെങ്കിലും കൊള്ളരുതായ്മ നിമിത്തം അവന് അവളോട് തൃപ്തിയില്ലായ്ക വരികയും  ചെയ്താല്‍  അവന്‍  അവൾക്കു് ഉപേക്ഷാപത്രം കൊടുത്ത് അവന്റെ വീട്ടില്‍  നിന്ന് പറഞ്ഞയയ്ക്കണമെന്ന്?"

"മോശ അങ്ങനെ പറഞ്ഞത് നിങ്ങളുടെ നിങ്ങളുടെ ഹൃദയത്തിന്റെ കാഠിന്യം നിമിത്തമാണ്. കൂടുതല്‍  ഗൗരവമായ തിന്മകൾ ഒഴിവാക്കാനാണ് ഈ കൽപ്പന തന്നത്.   എന്നാല്‍     ആരംഭം മുതല്‍ അങ്ങനെയല്ലായിരുന്നു. കാരണം, ഒരു സ്ത്രീ ഒരു മൃഗത്തേക്കാൾ വിലയുള്ളവളാണ്.  ഒരു മൃഗം  അതിന്റെ  യജമാനന്റെ തോന്നലിനനുസരിച്ചോ, പ്രകൃതിയിലെ സ്വതന്ത്ര സാഹചര്യത്തിലോ ആണിനോട് ഇണചേരും. ആത്മാവില്ലാത്ത ഒരു ശരീരമാണത്; സന്താനോല്‍പ്പാദനത്തിനായി ഇണചേരുന്നു. എന്നാല്‍   നിങ്ങൾക്കുള്ളതുപോലെ നിങ്ങളുടെ  ഭാര്യമാര്‍ക്കും ആത്മാവുണ്ട്. കാരുണ്യമില്ലാതെ അവരെ ചവിട്ടി മെതിക്കുന്നത് ശരിയല്ല. സ്ത്രീയ്ക്കു ലഭിച്ച ശാപവാക്കില്‍  ഇങ്ങനെ പറയുന്നു; "നിന്റെ ഭര്‍ത്താവിന്റെ അധികാരത്തിന് നീ വിധേയയായിരിക്കും; അവന്‍  നിന്റെമേല്‍  കര്‍ത്തവ്യം നടത്തും" എന്ന്. എന്നാല്‍  അതു നടക്കേണ്ടത് നീതിപൂര്‍വമാകണം. ധാര്‍ഷ്ട്യത്തോടെയാകരുത്.  ഭാര്യമാരെ ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ  ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതസഖിയുടെ ആത്മാവിനെ മുറിപ്പെടുത്തുകയാണു ചെയ്യുന്നത്.  അവളില്‍    നിന്ന്പരമാര്‍ത്ഥത  നിങ്ങൾ ആവശ്യപ്പെടുന്നു; എന്നാല്‍, ഓ! കള്ളസത്യം ചെയ്യുന്നവരേ, നിങ്ങൾ ആത്മാര്‍ത്ഥതയില്ലാത്തവരായി, ദുഷിച്ചവരായി, അവളെ സമീപിക്കുന്നു. തരം കിട്ടുമ്പോഴെല്ലാം അവളെ പ്രഹരിക്കുന്നു; എന്നിട്ട്,  നിങ്ങളുടെ വിഷയാസക്തിക്ക്, മതിവരാത്ത വിഷയസുഖങ്ങൾക്കുള്ള രംഗങ്ങൾ വിസ്തൃതമാക്കുന്നു. തങ്ങളുടെ ഭാര്യമാരെ വേശ്യകളാക്കുന്നവരേ, നിയമപ്രകാരം അനുഗ്രഹത്തോടെ നിങ്ങളോടു യോജിപ്പിക്കപ്പെട്ട സ്ത്രീയില്‍  നിന്ന് പിരിഞ്ഞു പോകുവാന്‍  ഒരു കാരണവശാലും നിങ്ങൾക്കു് സാധിക്കയില്ല.

എന്നാല്‍  കൃപാവരം നിന്നെ സ്പര്‍ശിച്ച്, സ്ത്രീ ഒരു സ്വത്തല്ല, ആത്മാവാണെന്നു നീ ഗ്രഹിക്കുമ്പോൾ, ഒരു വേശ്യയെപ്പോലെ അവളെ ആസ്വദിച്ചുകഴിഞ്ഞ് ഭാര്യാപദവിയിലേക്ക് അവളെ ഉയര്‍ത്താന്‍  നിന്റെ ഹൃദയകാഠിന്യം സമ്മതിക്കാതെ വരുമ്പോൾ, തങ്ങളുടെ ബന്ധത്തിന് ദൈവാനുഗ്രഹം കൂടാതെ രണ്ടുപേര്‍  ഒരുമിച്ചു ജീവിക്കുന്നു എന്ന ഇടര്‍ച്ച ഒഴിവാക്കാന്‍, നിങ്ങൾക്കു് അവളെ ഉപേക്ഷിക്കാം. കാരണം, ഈ കേസില്‍  അത് ശരിയായ ഒന്നുചേരലല്ല; അവിഹിതബന്ധം മാത്രമാണ്. പലപ്പോഴും കുട്ടികൾ ജനിക്കുന്നില്ല; കാരണം പ്രകൃതിയ്ക്കു വിരുദ്ധമായി അതു തടസ്സപ്പെടുത്തുന്നു. അഥവാ, ആക്ഷേപം നിമിത്തം കുട്ടികൾ ഉപേക്ഷിക്കപ്പെടുന്നു.  വേറൊരു സാഹചര്യത്തിലും ഭാര്യയെ ഉപേക്ഷിക്കുവാന്‍  പാടില്ല. 
             അവിഹിതബന്ധത്തില്‍   കുട്ടികളുണ്ടെങ്കില്‍  അവളെ വിവാഹം ചെയ്ത് ഇടര്‍ച്ചയ്ക്ക് അവസാനമുണ്ടാക്കണം - നീ സ്വതന്ത്രനാണെങ്കില്‍.    ഭാര്യയറിയാതെ വ്യഭിചാരത്തിലേര്‍പ്പെടുന്ന ഭർത്താക്കന്മാരുടെ കാര്യമല്ല ഞാന്‍  പറയുന്നത്.  അങ്ങനെയുള്ളവരുടെ കാര്യത്തില്‍, അവര്‍ക്കിട്ട് എറിയപ്പെടുന്ന കല്ലുകളും പാതാളത്തിലെ അഗ്നിയും വിശുദ്ധമാണ്. എന്നാല്‍  സ്വന്തം ഭാര്യമാരെക്കൊണ്ടു തൃപ്തിയായി, മടുപ്പു തോന്നിയിട്ട്, അവളെ ഉപേക്ഷിച്ച് വേറൊരുവളെ സ്വീകരിക്കുന്നവന് ഒരു പേരു മാത്രമേയുള്ളൂ. വ്യഭിചാരി. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ സ്വീകരിക്കുന്നവനും വ്യഭിചാരിയാണ്; കാരണം, ദൈവം യോജിപ്പിച്ചതിനെ വേർപിരിക്കാനുള്ള അവകാശം മനുഷ്യന്‍  അപഹരിച്ചാലും, ദൈവതിരുമുമ്പില്‍  വിവാഹത്തിന്റെ ഐക്യം നിലനില്‍ക്കുന്നു. രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കുന്നവന്‍, വിഭാര്യനല്ലെങ്കില്‍  ശപിക്കപ്പെട്ടവനാണ്. എന്നെ പരീക്ഷിക്കാന്‍  വന്ന പ്രീശരേ, നിങ്ങൾക്കു മനസ്സിലായോ?"

വളരെയധികം എളിമപ്പെടുത്തപ്പെട്ട അവര്‍  ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. 


ഈശോ പ്രസംഗം നിര്‍ത്തി,  അപ്പസ്തോലന്മാരുമൊത്ത്  അവിടെ നിന്ന്  യാത്രയാകുന്നു.

ഈശോയുടെ പ്രസംഗം ശ്രവിച്ചുകൊണ്ടിരുന്നവരില്‍  ചിലര്‍  പിറുപിറുക്കുന്നു;   "ഇത്ര ചാരിത്ര്യം പാലിക്കണമെങ്കില്‍  മനുഷ്യരായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്." ചിലര്‍  കുറേക്കൂടി ഉച്ചത്തില്‍  പറയുന്നു; "ഭാര്യയെ സംബന്ധിച്ച് മനുഷ്യന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍  വിവാഹം കഴിക്കാതെയിരിക്കയാണ് കൂടുതല്‍  നല്ലത്."

നാട്ടിന്‍ പുറത്തേക്കു നടക്കുന്ന അപ്പസ്തോലന്മാരും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. യൂദാസ് അവജ്ഞയോടെയാണു സംസാരം. സബദീപുത്രന്‍  ജയിംസ് ബഹുമാനത്തോടെ ഈശോയോടു സംസാരിക്കുന്നു. രണ്ടുപേര്‍ക്കും ഈശോ മറുപടി  നൽകുന്നുണ്ട്. "എല്ലാവരും ഇത് വേണ്ടവിധം മനസ്സിലാക്കുന്നില്ല. ചിലര്‍  ഏകരായി ജീവിക്കാന്‍  ആഗ്രഹിക്കുന്നത് അവരുടെ തിന്മകളില്‍  സ്വാതന്ത്ര്യത്തോടെ തുടരുന്നതിനാണ്. ചിലര്‍, നല്ല ഭർത്താക്കന്മാരാകാന്‍  കഴിയാതെ പാപം ചെയ്യുമോ എന്നു ഭയന്നു് ഏകരാകാന്‍  ശ്രമിക്കുന്നു. എന്നാല്‍  ഐന്ദ്രികസുഖങ്ങളില്‍  നിന്നുള്ള മോചനത്തിന്റെ  സൗന്ദര്യവും സ്ത്രീകളോടുള്ള നിഷ്ക്കളങ്കമായ ആഗ്രഹത്തില്‍  നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ സന്തോഷവും മനസ്സിലാക്കാനുള്ള കഴിവ് വളരെക്കുറച്ചുപേര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ. അവരാണ് ഭൂമിയില്‍ ഏറ്റവും വിശുദ്ധരും ഏറ്റവും സ്വതന്ത്രരും ദൈവദൂതന്മാരെപ്പോലെയുള്ളവരും.   ഞാനുദ്ദേശിക്കുന്നത് ദൈവരാജ്യത്തെപ്രതി ഷണ്ഡന്മാരായിരിക്കുന്നവരെയാണ്. ചിലയാളുകൾ അങ്ങനെയാണ് ജനിക്കുന്നത്. ചിലരെ മനുഷ്യര്‍  അങ്ങനെയാക്കുന്നു. ആദ്യത്തേത് സഹതാപം അര്‍ഹിക്കുന്ന വൈകൃതമാണ്. രണ്ടാമത്തേത്, നിര്‍ത്തലാക്കേണ്ട ചില അധര്‍മ്മങ്ങളാണ്. എന്നാല്‍  മൂന്നാമത് ഒരു കൂട്ടര്‍  കൂടിയുണ്ട്; മനസ്സാലെ ഷണ്ഡന്മാരാകുന്നവര്‍. അവര്‍, തങ്ങളോടു തന്നെ അക്രമം ചെയ്യാതെ, അങ്ങനെ ഇരട്ടി യോഗ്യതയോടെ, ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് ദൈവദൂതന്മാരെപ്പോലെ ജീവിക്കുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ബലിപീഠമാകുന്ന ഭൂമിയില്‍, കര്‍ത്താവിനായി പുഷ്പങ്ങളും ധൂപവും ഇപ്പോഴും ഉണ്ടാകാനിടയാക്കുന്നു. അവര്‍  തങ്ങളുടെ അധമാംശത്തിന്റെ സംതൃപ്തി ഉപേക്ഷിക്കുന്നത് ഉത്തമാംശം കൂടുതല്‍  വളര്‍ന്ന് സ്വര്‍ഗ്ഗത്തില്‍  പുഷ്പിക്കുന്നതിനും രാജാവിന്റെ സിംഹാസനത്തോട് ഏറ്റം അടുത്ത പൂത്തടങ്ങളില്‍  നില്‍ ക്കുന്നതിനുംവേണ്ടിയാണ്. ഞാന്‍  ഗൗരവമായി പറയുന്നു, അവര്‍   അവയവങ്ങൾ ഛേദിച്ചു കളഞ്ഞവരല്ല, നേരെമറിച്ച് മറ്റനേകരേക്കാൾ കഴിവുകൾ കൂടുതലുള്ളവരാണ്. അതിനാല്‍  അവരെക്കുറിച്ച് ബുദ്ധികെട്ട നിന്ദാവാക്കുകൾ പറയപ്പെടുന്നില്ല; വലുതായ വണക്കമാണ് പ്രകടമാവുക. മനസ്സിലാക്കേണ്ടവര്‍  ഇതു മനസ്സിലാക്കട്ടെ; കഴിയുമെങ്കില്‍  അതിനെ ബഹുമാനിക്കട്ടെ."
 
 അപ്പസ്തോലന്മാരില്‍  വിവാഹിതരായവല്‍ തമ്മില്‍  കുശുകുശുപ്പ്.

"നിങ്ങൾക്കെന്തു പറ്റി?" ഈശോ ചോദിക്കുന്നു.

"അപ്പോൾ ഞങ്ങളുടെ കാര്യം എങ്ങിനെ? ഞങ്ങൾക്ക് ഇതറിഞ്ഞുകൂടായിരുന്നു. ഞങ്ങൾ വിവാഹം ചെയ്യുകയും ചെയ്തു. എങ്കിലും നീ പറഞ്ഞതുപോലെയാകാന്‍  ഞങ്ങൾക്കാഗ്രഹമുണ്ട്." എല്ലാവരുടേയും പേർക്ക് ബര്‍ ത്തലോമിയോ പറയുന്നു.

"ഇപ്പോള്‍ മുതല്‍ അങ്ങനെ ജീവിക്കുന്നതിന് നിങ്ങള്‍ക്കു് തടസ്സമില്ല. ഇന്ദ്രിയനിഗ്രഹത്തോടെ ജീവിക്കുക. നിങ്ങളുടെ സഖിയെ സഹോദരിയായി കരുതുക. അപ്പോള്‍  ദൈവതൃക്കണ്ണുകളില്‍  നിങ്ങള്‍ക്കു് വലുതായ യോഗ്യതയുണ്ടാകും. എന്നാല്‍  വേഗം നടക്കൂ.. മഴ വീഴുന്നതിനു മുമ്പ് നമുക്കു് പെല്ലായില്‍  എത്തണം."

Saturday, November 26, 2011

നല്ല കൃഷിക്കാരന്റെ ഉപമ

ഈശോ അപ്പസ്തോലന്മാരോടായി ഈ ഉപമ പറയുന്നു:   "ശ്രദ്ധിച്ചു കേൾക്കൂ.  നല്ല കൃഷിക്കാരന്റെ ഉപമ എന്ന് ഇതിനെ വിളിക്കാം.

                 ധനികനായ ഒരു മനുഷ്യന്  വിവിധ തരത്തിലുള്ള അത്തിവൃക്ഷങ്ങൾ ഉള്ള വിസ്തൃതവും മനോഹരവുമായ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ ജോലി ചെയ്തിരുന്ന നല്ലവനായ ഭൃത്യൻ യജമാനനെയും വൃക്ഷങ്ങളെയും സ്നേഹിച്ചിരുന്നതിനാൽ അയാളുടെ ജോലി താൽപ്പര്യപൂർവം ചെയ്തുപോന്നു. മുന്തിരിച്ചെടികളും ഫലവൃക്ഷങ്ങളും വെട്ടിയൊരുക്കുന്നതിൽ അയാൾ സമർത്ഥനായിരുന്നു. എല്ലാ വർഷവും വിളവെടുപ്പിന്റെ കാലത്ത് യജമാനൻ പലപ്രാവശ്യം തോട്ടം സന്ദർശിക്കും. ഒരു ദിവസം, വളരെ വിശേഷപ്പെട്ട ഒരു അത്തിവൃക്ഷത്തിന്റെ ഫലം അന്വേഷിച്ച് അയാൾ ചെന്നു. എന്നാൽ കഴിഞ്ഞുപോയ രണ്ടു കൊല്ലങ്ങളിലുമെന്ന പോലെ ഇപ്രാവശ്യവും ഇലകൾ ധാരാളം; പഴങ്ങളില്ല. അയാൾ ഭൃത്യനെ വിളിച്ചുപറഞ്ഞു: "മൂന്നു വർഷമായി ഈ വൃക്ഷത്തിൽ ഞാൻ ഫലങ്ങളന്വേഷിക്കുന്നു. എന്നാൽ ഇലകളല്ലാതെ ഒന്നും കാണുന്നില്ല. ഫലം നൽകൽ തീർന്നെന്നുള്ളത് വ്യക്തം. അതിനാൽ അതു വെട്ടിക്കളയൂ. അത് സ്ഥലം മിനക്കെടുത്തുന്നു.
നിന്റെ അദ്ധ്വാനം നിഷ്ഫലമായിത്തീരുകയുമാണ്. അത് വെട്ടിയിട്ട് കത്തിച്ചുകളയൂ.  ആ സ്ഥാനത്ത് ഒരു പുതിയ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുക. ഏതാനും വർഷങ്ങൾക്കുള്ളിൽ അത് ഫലം തരും."
 

വളരെ ക്ഷമയും സ്നേഹമുള്ള ഭൃത്യൻ പറഞ്ഞു; "നീ പറഞ്ഞത് ശരിയാണ്. എന്നാൽ ഒരു വർഷം കൂടെ എനിക്കു തരിക. ഞാൻ ആ വൃക്ഷത്തിന്റെ ചുവടു കിളച്ച് വളമിട്ട് ശിഖരങ്ങൾ
വെട്ടിനിർത്താം. അത് ഒരുപക്ഷേ വീണ്ടും ഫലം തന്നേക്കും. അവസാനത്തെ ഈ പരിശ്രമവും കുഴിഞ്ഞിട്ട് ഫലമില്ലെന്നു കണ്ടാൽ ഞാനതു വെട്ടിക്കളയാം."

"വളരെ നന്ന്; പക്ഷേ ഉപമ തീർന്നിട്ടില്ല. പിറ്റേക്കൊല്ലം ആ വൃക്ഷം ഫലം നൽകിയോ?"  തീക്ഷ്ണനായ സൈമൺ ചോദിക്കുന്നു.

"അത് ഫലം നൽകിയില്ല. അതിനാൽ വെട്ടി മാറ്റപ്പെട്ടു. എന്നാൽ പ്രായക്കുറവും നല്ല  പുഷ്ടിയുമുണ്ടായിരുന്ന വൃക്ഷം വെട്ടിയതിൽ കൃഷിക്കാരനെ ന്യായീകരിക്കണം. കാരണം അയാളുടെ കടമ നിർവ്വഹിച്ചതിനു ശേഷമാണ് വൃക്ഷം വെട്ടി മാറ്റിയത്. ഞാനും എന്റെ മുന്തിരിത്തോട്ടത്തിൽ നിന്ന് ചിലരെയെല്ലാം വെട്ടി മാറ്റുന്നത്  നീതീകരിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മുന്തിരിത്തോട്ടത്തിൽ ഫലം തരാത്തതും വിഷമുള്ളതുമായ ചെടികളുണ്ട്; പാമ്പിൻപൊത്തുകളുണ്ട്; വൃക്ഷത്തിന്റെ നീരു വലിച്ചു കുടിക്കുന്ന ജീവികളും കീടങ്ങളുമുണ്ട്.  വിഷമുള്ള ജീവികൾ - കൂടെയുള്ള ശിഷ്യരെ ചീത്തയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരാണ്. ആഴത്തിൽ വേരോടിച്ച് പുഷ്ടിയായി വളരുന്നവയുണ്ട്; വിളിക്കാതെ വന്ന ഇവർ, ഒട്ടിക്കുന്നതിനോട് എതിർപ്പുള്ളവരാണ്. കാരണം, അവർ പ്രവേശിച്ചത് ചാരവൃത്തിക്കാണ്; നശിപ്പിക്കാനാണ്; എന്റെ നിലം ഫലശൂന്യമാക്കാനാണ്; അവരെ മാനസാന്തരപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ചെയ്തശേഷം അവയെ ഞാൻ ഛേദിച്ചു കളയും.  തൽക്കാലം ഞാൻ കോടാലി എടുക്കുന്നില്ല. കത്രികയും കത്തിയുമുപയോഗിച്ച് തിങ്ങി നിൽക്കുന്ന ശാഖകൾ മുറിച്ചു നന്നാക്കും; ഒട്ടിക്കയും ചെയ്യും. ഓ! അത് ശ്രമകരമായ ജോലിയാണ്. അതു ചെയ്യുന്ന എനിക്കും ആരുടെ മേൽ ചെയ്യുന്നുവോ അവർക്കും വേദനാജനകമാണ്. എന്നാലും അതു ചെയ്യുക തന്നെ വേണം. സ്വർഗ്ഗത്തിലുള്ളവർക്ക് ഇങ്ങനെ പറയാൻ കഴിയണം: "അവൻ എല്ലാം ചെയ്തു; വെട്ടിയൊരുക്കി; ഒട്ടിച്ചുനോക്കി; കിളച്ചു; വളമിട്ടു; ജോലി നിമിത്തം വിയർപ്പും കണ്ണീരും രക്തവും ചിന്തി; എന്നാൽ എത്രയധികമായി അവനതു ചെയ്തുവോ അത്രയധികമായി അവർ ഫലശൂന്യരും ദുഷ്ടരുമായിത്തീർന്നു..."

Wednesday, November 16, 2011

യൂദാസിന്റെ വ്യക്തിത്വം


                                     ഈശോ പറയുന്നു:  "കാലങ്ങൾ കൊണ്ട് യൂദാസിന്റെ വ്യക്തിത്വം വളരെ അലങ്കോലമായിട്ടുണ്ട്.   ഈയടുത്ത കാലത്ത് അതു വളരെ വികൃതമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ചില  പ്രബോധകര്‍ അവന്റെ സ്തുതിപാഠകരായി, രക്ഷാകര്‍മ്മത്തിന് അത്യന്താപേക്ഷിതമായ വ്യക്തിയായി യൂദാസിനെ അവതരിപ്പിക്കുന്നു. ചിലര്‍  ഇങ്ങനെയും ചിന്തിക്കുന്നുണ്ട്, അവന്‍ പ്രലോഭകന്റെ പെട്ടെന്നുള്ള കടന്നാക്രമണത്തില്‍ അകപ്പെട്ടുപോയി എന്ന്. എന്നാല്‍  ഇതു ശരിയല്ല. എല്ലാ വീഴ്ചകൾക്കും പിന്നില്‍  ദീര്‍ഘകാല ചരിത്രമുണ്ട്. അധഃപതനം എത്ര വലുതാണോ അത്രയധികമായി അതിനുവേണ്ടി ഒരുങ്ങിയിട്ടുണ്ട്. ഒരു വ്യക്തി ഉയരുന്നതും വീഴുന്നതും പെട്ടെന്നല്ല. നന്മയ്ക്കും തിന്മയ്ക്കും അതങ്ങനെയാണ്. ഇറക്കത്തിനു പിന്നില്‍   തിന്മയുടെ നീണ്ട കഥകളുണ്ട്. കയറ്റത്തിനു പിന്നില്‍  ക്ഷമയോടെയുള്ള അദ്ധ്വാനത്തിന്റെ വിശുദ്ധമായ കഥകളുമുണ്ട്. യൂദാസിന്റെ നിര്‍ഭാഗ്യകരമായ ജീവിതത്തില്‍  നിന്നു പഠിക്കുവിന്‍. സ്വയം രക്ഷിക്കേണ്ടതെങ്ങനെ? ദൈവത്തിന്റെ വഴികൾ പരിചയപ്പെടേണ്ടതെങ്ങനെ? ആഴമായ ഗര്‍ത്തത്തിലേക്കു താണുകൊണ്ടിരിക്കുന്നവര്‍, ദൈവത്തിന്റെ ക്ഷമിക്കുന്ന കാരുണ്യത്തെ, രക്ഷിക്കുന്ന കാരുണ്യത്തെ ആശ്രയിക്കേണ്ടതെങ്ങനെ?

കുറ്റം ചെയ്ത ശേഷം പൈശാചികമായ അബോധാവസ്ഥയിലാണ് യൂദാസിനെ കാണുന്നത്. നാരകീയമായ രീതികളില്‍  തഴങ്ങിയിട്ടില്ലെങ്കില്‍  അപ്രകാരമുള്ള അവസ്ഥയില്‍  എത്തുക അസാദ്ധ്യമാണ്.  വര്‍ഷങ്ങളായി അപ്രകാരമുള്ള പൈശാചിക സ്വഭാവം അവലംബിച്ചതിന്റെ ഫലമാണത്. പൊടുന്നനവെ ഉണ്ടായ ഒരു സംഭവം നിമിത്തം ചെയ്യുന്ന കുറ്റമാണെങ്കില്‍, മനസ്സിന്റെ സമനില തെറ്റിയാലും, വളരെ വിഷമം അനുഭവിക്കുന്നുണ്ടെങ്കിലും, പരിഹാരം ചെയ്യാനുള്ള പ്രാപ്തി നഷ്ടപ്പെടുന്നില്ല. കാരണം, ഹൃദയത്തിന്റെ ചില ഭാഗങ്ങളെങ്കിലും നാരകീയവിഷത്തില്‍ നിന്നു വിമുക്തമാണ. സാത്താന്‍ ഇല്ല എന്നു പറയുന്ന ലോകത്തിനു് സാത്താന്റെ അസ്തിത്വം ഞാന്‍ തെളിയിക്കുകയാണ്. ലോകം സാത്താന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിനു കാരണം, സാത്താന്റെ സാന്നിദ്ധ്യം അത്രയധികമായി ലോകത്തിലുണ്ട്. അവനെ സ്വീകരിച്ചു് അത്രയധികം സ്വാംശീകരിച്ചിരിക്കുന്നതിനാല്‍, ലോകം അവന്റെ ഒരു ഭാഗമായിത്തീര്‍ന്നിരിക്കുന്നതിനാല്‍,  അവനെ തിരിച്ചറിയുന്നില്ല. അവന്‍  നിത്യനാണ്; നിങ്ങളെ ബലിവസ്തുക്കളാക്കാനുള്ള അവന്റെ രീതിക്ക് ഒരു മാറ്റവും കുറവും വന്നിട്ടില്ല.

                                  ദൈവത്തിന്റെ ദാസരും മക്കളും എന്ന നിലയില്‍  നിന്നു വീണ് പിശാചുക്കളും ദൈവഘാതകരും ആയിത്തീരുന്നതെങ്ങനെയെന്ന്  ഈ പ്രബോധനങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഗ്രഹിക്കാനാകും. കൃപാവരം നശിപ്പിക്കുമ്പോൾ തങ്ങളിലുള്ള ദൈവത്തെ വധിക്കയാണ് ചെയ്യുന്നത്. ഇതുപോലുള്ള അറിവ് നരകത്തിലേക്കു നയിക്കുന്ന പാതകളില്‍ കാലു വയ്ക്കാതിരിക്കുവാന്‍  നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ഭീകരമെങ്കിലും സാധാരണയായിത്തീര്‍ന്നിട്ടുള്ള യൂദാസിന്റെ വ്യക്തിത്വത്തെ പഠിക്കുക. എല്ലാ പ്രധാന ദുര്‍ഗ്ഗുണങ്ങളും,  ഇളക്കിവിടപ്പെട്ട പാമ്പുപോലെ ആ വ്യക്തിത്വത്തില്‍  ചലിക്കുന്നു. ഇത്, ആ വ്യക്തിയിലോ ഈ വ്യക്തിയിലോ നിങ്ങൾ കാണാനിടയാകും. 
എല്ലാ ജീവിതസ്ഥിതിയിലുമുള്ളവര്‍, എത്രയധികം പേരാണ് യൂദാസിനെ അനുകരിച്ച് സാത്താന് തങ്ങളെത്തന്നെ നല്‍കി നിത്യമരണം വരിക്കുന്നത്!!
                        എന്റെ വചനത്തിന്റെ ശക്തിയും അതിന്റെ ഫലങ്ങളിലുള്ള വൈവിദ്ധ്യവും നിങ്ങൾ ഗ്രഹിക്കുവിന്‍. വചനം  സ്വീകരിക്കുന്നവര്‍  സന്മനസ്സുള്ളവരാണോ അതോ നീതിരഹിതരായ മനുഷ്യരുടെ ദുര്‍മ്മനസ്സുള്ളവരാണോ എന്നതിനനുസൃതമായിരിക്കും   അത് ഫലം ചെയ്യുക. 

അപ്പസ്തോലന്മാരും യൂദാസും -  വൈരുദ്ധ്യമുള്ള രണ്ടു് ഉദാഹരണങ്ങൾ. ആദ്യം പറഞ്ഞവര്‍, അപൂര്‍ണ്ണതകൾ ധാരാളമുള്ളവര്‍; പരുക്കന്‍  പ്രകൃതിക്കാര്‍; പഠനമില്ലാത്തവര്‍; വികാരത്താല്‍  പൊട്ടിത്തെറിക്കുന്നവര്‍; എന്നാല്‍  നല്ല മനസ്സുള്ളവര്‍. യൂദാസ് - അവരില്‍  അധികം പേരെയുംകാൾ പഠനമുള്ളവന്‍; തലസ്ഥാന നഗരിയില്‍  ജീവിച്ച പരിഷ്കാരി; ദേവാലയത്തോട് ഇടപഴകിയവന്‍; എങ്കിലും ദുര്‍മ്മനസ്സുകാരന്‍.  ആദ്യം പറഞ്ഞവര്‍  നന്മയില്‍ വളര്‍ന്ന് പരിണാമം പ്രാപിച്ചു; അവര്‍  ഉയര്‍ന്നു. രണ്ടാമത് പറഞ്ഞവന്‍ തിന്മയില്‍ വളര്‍ന്ന് വ്യത്യസ്തനായി; അവന്‍  താണു. നല്ലവരായ പതിനൊന്നുപേര്‍  പരിപൂര്‍ണ്ണതയിലേക്കു വളര്‍ന്നു."
 
  ("ദൈവമനുഷ്യന്റെ സ്നേഹഗീത"യില്‍ നിന്ന്)

Saturday, November 12, 2011

ഈശോ യൂദാസിനോടു സംസാരിക്കുന്നു

               ഈശോയും  അപ്പസ്തോലന്മാരും ജോപ്പായിലാണ്. അവർക്ക് ആതിഥ്യം  നൽകിയ വീടിന്റെ നടുമുറ്റത്ത് ഈശോ ധ്യാനനിമഗ്നനായി ഇരിക്കുന്നു. ദരിദ്രർക്കുള്ള സഹായം വിതരണം ചെയ്യാൻ പോയിരുന്ന യൂദാസ്, ജോലി തീർത്തു മടങ്ങിയെത്തി ഈശോയെ വിവരം അറിയിച്ചു. ഈശോ ചോദിക്കുന്നു: "അവസാനത്തുട്ടു വരെ കൊടുത്തോ? നമുക്കു കിട്ടുന്നത് നമുക്കല്ല എന്നോർത്തു കൊള്ളണം. സ്നേഹത്തോടെ മറ്റുള്ളവരെ സഹായിക്കാനുള്ളതാണ് അത്. നമ്മൾ  ദരിദ്രരാണ്. മറ്റുള്ളവരുടെ കാരുണ്യത്തിലാണ് നമ്മൾ  ജീവിക്കുന്നത്. മാനുഷികമായ ഓരോ കാര്യങ്ങൾക്കായി സ്വന്തം ദൗത്യം ചൂഷണമാർഗ്ഗമാക്കുന്നവനു ദുരിതം."

"ഒരു ദിവസം അപ്പമില്ലാതിരുന്നതിനാൽ  നമ്മൾ  കുരികിലുകളെ അനുകരിച്ചതിന് നമ്മൾ  നിയമം തെറ്റിക്കുന്നവരാണെന്ന് കുറ്റപ്പെടുത്തപ്പെട്ടെങ്കിൽ, ഇനിയും നമ്മൾ  എന്തുചെയ്യും?"

"നിനക്ക് എന്തിന്റെയെങ്കിലും കുറവുണ്ടായോ യൂദാസേ? നീ എന്റെ കൂടെ വന്നതിൽപ്പിന്നെ ആവശ്യമുള്ള എന്തെങ്കിലും ഇല്ലാതെ വന്നോ? ക്ഷീണിച്ചു തളർന്ന് നീ വഴിയിൽ വീണുപോയിട്ടുണ്ടോ?"

"ഇല്ല, ഗുരുവേ."

 കൊള്ളാം, യൂദാസേ, നിനക്കെന്തുകൊണ്ടാണ് ഇത്രയധികം വ്യത്യാസം വന്നത്? നിന്റെ തൃപ്തിയില്ലായ്മയും നിസ്സംഗതയും എന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നിനക്കറിഞ്ഞു കൂടെ? നിന്റെ അതൃപ്തി, നിന്റെ കൂട്ടുകാരെയും ബാധിക്കുന്നുണ്ടെന്ന് നിനക്കറിഞ്ഞു കൂടെ? യൂദാസേ, എന്റെ സ്നേഹിതാ, എന്തുകൊണ്ടാണ് ഇപ്പോൾ നീയെന്നെ ഉപേക്ഷിക്കുന്നത്? ഒരു മഹത്തായ സ്ഥാനത്തേയ്ക്കാണ് നീ വിളിക്കപ്പെട്ടിരിക്കുന്നത്. എന്റെ സ്നേഹത്തിലേക്കും പ്രകാശത്തിലേക്കും എത്ര ഉത്സാഹത്തോടെയാണ് നീ വന്നത്!"

"ഗുരുവേ, ഞാൻ നിന്നെ ഉപേക്ഷിക്കുന്നില്ല. ഞാനാണു് നിന്നെ ഏറ്റവുമധികം അന്വേഷിക്കുന്നത്; നിന്റെ താത്പര്യങ്ങളെയും നിന്റെ വിജയത്തെയും സംരക്ഷിക്കുന്നത്. നീ എല്ലായിടത്തും വിജയിക്കുന്നതു കാണാൻ ഞാനാഗ്രഹിക്കുന്നു. എന്നെ വിശ്വസിക്കുക."

 "എനിക്കറിയാം. അതു മാനുഷികമായ രീതിയിലാണ് നീ ആഗ്രഹിക്കുന്നത്. എന്നാൽ യൂദാസേ, എന്റെ സ്നേഹിതാ, അതല്ല ഞാനാഗ്രഹിക്കുന്നത്. ഞാൻ വന്നിരിക്കുന്നത് മാനുഷികമായ ഒരു വിജയത്തേയും മാനുഷികമായ ഒരു രാജ്യത്തെയുംകാൾ വളരെയധികം മഹത്തായ ഒരു കാര്യത്തിനു വേണ്ടിയാണ്. ഞാൻ വന്നിരിക്കുന്നത്, എന്റെ സ്നേഹിതർക്ക് മാനുഷികവിജയങ്ങൾ എന്ന അപ്പക്കഷണം നൽകാനല്ല; നേരെമറിച്ച്, മഹത്തായ, ധാരാളമായ, കാതലായ ഒരു പ്രതിസമ്മാനം നൽകാനാണ്. അത് വളരെ പൂർണ്ണമായതിനാൽ പ്രതിഫലം എന്നുപറയാൻ പറ്റുകയില്ല. അത് എന്റെ നിത്യമായ രാജ്യത്തിലുള്ള ഭാഗഭാഗിത്വമാണ്. അത് ദൈവമക്കളുടെ അവകാശത്തിൽ ഒന്നിച്ചുചേരലാണ്.... ഓ! യൂദാസേ, ഇത്ര ഉദാത്തമായ പിതൃസ്വത്തിന്റെ അവകാശത്തെക്കുറിച്ച് നിനക്ക് ആഹ്ളാദമില്ലാത്തത് എന്തുകൊണ്ടാണ്?

എന്റെ സ്വത്തിന്റെ കാര്യസ്ഥൻ നീയാണ്. ദൈവപുത്രനായ മനുഷ്യപുത്രൻ സ്വീകരിക്കുന്ന ദാനങ്ങളുടെ വിതരണക്കാരൻ നീയാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും പേരിൽ അവ മനുഷ്യർക്കു കൊടുക്കുന്നത് നീയാണ്. യൂദാസേ, മധുരമായ ഈ സന്ധ്യാവേളയിൽ നമ്മൾ രണ്ടുപേരും മാത്രമേയുള്ളൂ. നിന്റെ കൂട്ടുകാരെല്ലാം വീട്ടിന്നുള്ളിലേക്കു പിൻവാങ്ങി. യൂദാസേ, നമ്മുടെ ഹൃദയങ്ങൾ, വിദൂരതയിലായിരിക്കുന്ന നമ്മുടെ വീടുകളിലേക്കു പറക്കുന്നു; നമ്മുടെ അമ്മമാരുടെ പക്കലെത്തുന്നു. അവർ, തനിയെ കഴിക്കാനുള്ള അത്താഴം ഒരുക്കുമ്പോൾ
തീർച്ചയായും  നമ്മെക്കുറിച്ചു ചിന്തിക്കും. നമ്മൾ ഭക്ഷണത്തിനിരിക്കുന്ന സ്ഥലത്തെ അവർ കൈകൊണ്ടു തലോടും. നമ്മുടെ അമ്മമാർ! എന്റെ അമ്മ, വളരെ വിശുദ്ധിയും നൈർമ്മല്യവും ഉള്ളവൾ, നിങ്ങളോടു് വളരെ ഇഷ്ടമുള്ളവൾ -  നിങ്ങൾക്കായി പ്രാർത്ഥിക്കുന്നവൾ - അവൾക്ക് ഈ ഒരു സമാധാനമാണുള്ളത്; അതായത്, നിങ്ങളുടെ സ്നേഹം എനിക്കു ചുറ്റും ഉണ്ടല്ലോ എന്ന അറിവ്. അവളെ നിരാശപ്പെടുത്തരുതേ! എന്റെ പ്രിയ സ്നേഹിതാ, ഒരമ്മയുടെ ഹൃദയത്തെ മുറിപ്പെടുത്തരുതേ! യൂദാസേ, നിന്റെ അമ്മ! നമ്മൾ അവസാനമായി നിന്റെ നാട്ടിലൂടെ കടന്നുപോന്ന അവസരത്തിൽ എന്നെ അനുഗ്രഹിച്ചതിനു കണക്കില്ല.
 
 എന്റെ പാദങ്ങൾ ചുംബിക്കാൻ അവൾ ആഗ്രഹിച്ചു; കാരണം  അവളുടെ മകൻ പ്രകാശത്തിലാണല്ലോ എന്ന ചിന്തയാൽ അവൾക്കു സന്തോഷമായി. എന്നോടു പലപ്രാവശ്യം പറഞ്ഞു; "ഓ! ഗുരുവേ, എന്റെ യൂദാസിനെ പരിശുദ്ധനാക്കൂ." തന്റെ കുഞ്ഞിന്റെ സുസ്ഥിതിയല്ലാതെ മറ്റെന്താണ് ഒരമ്മയുടെ ഹൃദയം ആഗ്രഹിക്കുന്നത്? നിത്യമായ  നന്മയേക്കാൾ ശ്രേഷ്ഠമായ മറ്റേതു നന്മയാണുള്ളത്? യൂദാസേ, എന്റെ വഴിയിലൂടെയല്ലേ ആ നന്മ പ്രാപിക്കുന്നത്? യൂദാസേ, നിന്റെ അമ്മ വിശുദ്ധയായ ഒരു സ്ത്രീയാണ്; ഇസ്രായേലിന്റെ സാക്ഷാൽ പുത്രി. എന്റെ പാദങ്ങൾ ചുംബിക്കാൻ  ഞാനവളെ അനുവദിച്ചില്ല. കാരണം നിങ്ങളെന്റെ സ്നേഹിതരാണ്. നിങ്ങളുടെ അമ്മമാരിലും എല്ലാ നല്ല അമ്മമാരിലും ഞാൻ എന്റെ അമ്മയെക്കാണുന്നു. അവളെ കൊല്ലാതിരിക്കാൻ നിങ്ങൾ ആഗ്രഹിക്കണമെന്ന് ഞാൻ കരുതുന്നു. കാരണം, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ അമ്മമാരെ കൊല്ലുന്നതുപോലെ ആയിരിക്കും."

Friday, November 11, 2011

ത്യാഗങ്ങളും പ്രാർത്ഥനകളും പ്രതിസമ്മാനമില്ലാതെ പോകുന്നില്ല

               ഈശോ ബത്തേർ എന്ന സ്ഥലത്ത് സുവിശേഷം പ്രസംഗിക്കുകയും ബത്തേറിലെ ഈശോയുടെ പ്രധാന ശിഷ്യയായ യോവന്ന (കൂസായുടെ ഭാര്യ) യുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്ത ശേഷം  സന്ധ്യയോടെ  അപ്പസ്തോലന്മാരുമൊത്ത് അവിടെനിന്നും യാത്രയാവുകയാണ്.  കുന്നിൻമുകളിലുള്ള  യോവന്നായുടെ മാളികയിൽ നിന്നുമിറങ്ങി താഴ്വരയിലേക്കുള്ള റോഡിലൂടെ അവർ നടക്കുന്നു.

 ഈശോ ഏറ്റവും മുമ്പിൽ നിശ്ശബ്ദനായി നടന്നുനീങ്ങുന്നു. ഈശോയുടെ പിന്നിൽ അപ്പസ്തോലന്മാരും മൗനമായി നടക്കുന്നു. അൽപ്പം അകന്ന് വേറിട്ടു നിൽക്കുന്ന യൂദാസാണ് ഏറ്റവും പിന്നിൽ. ദേഷ്യം കൊണ്ട് അവന്റെ മുഖം വികൃതമായിട്ടുണ്ട്.  ശുദ്ധമനസ്കരായ ആൻഡ്രൂവും തോമസും ഇടയ്ക്കിടെ അവനെ തിരിഞ്ഞു നോക്കുന്നു. ആൻഡ്രൂ ചോദിക്കുന്നു: " നീ ഒറ്റയ്ക്ക് എന്തിനാണ് ഇത്രയും പിന്നിലായി നടക്കുന്നത്? നിനക്കെന്താ സുഖമില്ലേ?" ചോദ്യത്തിനു് കഠിനമായ മറുപടി; "നീ നിന്റെ കാര്യം നോക്ക്..." ആൻഡ്രൂവിനു വിസ്മയം; കാരണം, ഒടുവിൽ ഒരു ചീത്തവാക്കാണ് യൂദാസിന്റെ വായിൽ നിന്നു വന്നത്.

അപ്പസ്തോലന്മാരുടെ രണ്ടാം നിരയിലായിരുന്ന പത്രോസ് ആ പരുക്കൻ മറുപടി കേട്ടു.  ഉടനെ തിരിഞ്ഞ് യൂദാസിന്റെ പക്കലേക്കു നടക്കാൻ തുടങ്ങി. എന്നാൽ ഒരുനിമിഷം ചിന്തിച്ചു; പിന്നീട് ഈശോയുടെ അടുത്തേക്ക് ഓടി. ഈശോയുടെ  കൈയിൽ ബലമായി പിടിച്ചു കുലുക്കിക്കൊണ്ടു ചോദിക്കുന്നു: "കഴിഞ്ഞ രാത്രിയിൽ നീ എന്നോടു പറഞ്ഞ കാര്യം വാസ്തവത്തിൽ ശരിയാണോ? അതായത്, ത്യാഗങ്ങളും പ്രാർത്ഥനകളും ഒരിക്കലും വിജയിക്കാതിരിക്കയില്ലെന്ന്... ഒരുപകാരവും ഇല്ലെന്ന് തോന്നിയാൽപ്പോലും..?"

 ശാന്തനും ദുഃഖിതനുമായി കാണപ്പെടുന്ന ഈശോ, ദുഃഖത്തോടെ, എന്നാൽ സമാധാനപൂർണ്ണമായ പുഞ്ചിരിയോടെ പത്രോസിനെ നോക്കുന്നു. ധിക്കാരത്തിനു മറുപടി പറയാനുള്ള പ്രവണതയ്ക്കെതിരേ യുദ്ധം ചെയ്ത് പത്രോസ് വിയർക്കുന്നു; വിറയ്ക്കുന്നു. ഈശോ പറയുന്നു: "അവ പ്രതിസമ്മാനമില്ലാതെ പോകുന്നില്ല. അക്കാര്യം നിനക്ക് ഉറപ്പായിക്കരുതാം."

 പത്രോസ് ഈശോയുടെ അടുത്തുനിന്നു പോയി. ആദ്യത്തെ സ്ഥലത്തേക്കല്ല പോയത്.  കുന്നിന്റെ ഒരു ചെരിവിലേക്കാണു നടന്നത്. വൃക്ഷങ്ങളുടെ ഇടയിലൂടെ നടന്നു് ചെറിയ മരങ്ങളും കുറ്റിക്കാടുകളും ഒടിക്കുകയാണ്. തിങ്ങിയ വികാരങ്ങൾ പുറത്തേക്കു് വിടാനൊരു മാർഗ്ഗം; വളരെ വേഗത്തിൽ ചെയ്തു തീർക്കാനുള്ള എന്തോ ജോലി പോലെയാണ് ഒടിക്കൽ.

അതുകണ്ട് മറ്റുള്ളവർ വിളിച്ചു ചോദിക്കുന്നു: "നീ എന്താണു ചെയ്യുന്നത്? ഭ്രാന്താണോ?" എന്നാൽ പത്രോസ് മറുപടി പറയുന്നില്ല. അയാൾ, ഒടിച്ച കമ്പുകളെല്ലാം കെട്ടിയെടുത്ത് തോളിൽ വച്ച്  കൂട്ടുകാരുടെ കൂടെയെത്തി. പുറങ്കുപ്പായം, തോൾസഞ്ചി, വിറകിൻകെട്ട് എല്ലാം കൂടി വഹിച്ചുകൊണ്ടു് പരുക്കൻ വഴിയിലൂടെ പത്രോസ് നടക്കുന്നു.

യൂദാസ് അതുകണ്ടു ചിരിച്ചുകൊണ്ടു പറയുന്നു; "നീ ഇപ്പോൾ ഒരു അടിമയെപ്പോലുണ്ട്."

വിഷമത്തോടെ പത്രോസ് തലയുയർത്തി നോക്കി; എന്തോ പറയാനൊരുങ്ങി. എന്നാൽ മൗനം പാലിച്ചു നടപ്പു തുടർന്നു. അനുജൻ ആൻഡ്രൂ പറയുന്നു: "ജ്യേഷ്ഠാ, ഞാൻ സഹായിക്കാം."

"വേണ്ട."

 അവർ നടപ്പു തുടർന്നു. അവസാനംഒരു ഗുഹ കാണുന്നു. "നമ്മൾ ഇവിടെ താമസിക്കയാണ്." ഈശോ പറയുന്നു. "പുലർച്ചയ്ക്ക് നമ്മൾ പോകും. അത്താഴം ഒരുക്കിക്കൊള്ളുക."

                  പത്രോസ് വിറകിൻകെട്ട് താഴെയിട്ട് അതിന്മേൽ കയറിയിരിക്കുന്നു. ആരോടും ഒരു വിശദീകരണവും പറയുന്നില്ല.
അപ്പസ്തോലന്മാരെല്ലാം ഓരോരോ കാര്യങ്ങൾക്കായി പോകുന്നു ചിലർ വെള്ളം കൊണ്ടുവരാൻ പോയി. ചിലർ ഗുഹയുടെ തറ വൃത്തിയാക്കുന്നു. ഈശോയും പത്രോസും തനിച്ചായി. ഈശോ എഴുന്നേറ്റുനിന്ന് പത്രോസിന്റെ നരച്ച മുടിയുള്ള ശിരസ്സിൽ കൈ വയ്ക്കുന്നു. പത്രോസ് ആ കരം പിടിച്ചു ചുംബിക്കുകയും കവിളിൽ അമർത്തിപ്പിടിക്കയും ചെയ്യുന്നു.  ഈശോയുടെ
വെൺമയേറിയ കൈയിൽ ഒരുതുള്ളി വെള്ളം വീണു. അത് പരമാർത്ഥിയും പരുക്കനുമായ ആ അപ്പസ്തോലന്റെ വിയർപ്പുതുള്ളിയല്ല; സ്നേഹത്തിന്റെയും സഹനത്തിന്റെയും ബുദ്ധിമുട്ടി നേടിയ വിജയത്തിന്റെയും കണ്ണുനീർത്തുള്ളിയാണ്. ഈശോ  കുനിഞ്ഞ് പത്രോസിനെ ചുംബിച്ചുകൊണ്ടു പറയുന്നു: "സൈമൺ, നിനക്കു നന്ദി."

വലിയ സന്തോഷത്തോടെയും വണക്കത്തോടെയും പത്രോസ്  ഈശോയെ നോക്കുന്നു.


പിറ്റേന്ന് രാവിലെ അവർ എമ്മാവൂസിലേക്ക് പുറപ്പെടുന്നു. വഴിയിൽ വച്ച് ഈശോ അവർക്ക് ഈ പ്രബോധനം നൽകുന്നു: "എല്ലാവരും ഇക്കാര്യം ഓർത്തിരിക്കുക. ദൈവം ലക്ഷ്യമില്ലാതെ ഒന്നും ചെയ്യുന്നില്ല. അതുപോലെ, നേർബുദ്ധിയുള്ള ആളുകൾ ചെയ്യുന്ന പ്രവൃത്തികൾക്കൊന്നിനും പ്രതിസമ്മാനമില്ലാതെ വിടുന്നുമില്ല. ഏറ്റം ചെറിയ സംഭവങ്ങളിൽപ്പോലും,  ദൈവം ചെയ്യുന്ന കാര്യങ്ങളുടെ കാരണം കാണുകയും  മനുഷ്യരുടെ ത്യാഗങ്ങൾക്ക് ദൈവം നൽകുന്ന ഉത്തരം ഗ്രഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതരാണ്."

Thursday, November 10, 2011

ഈശോ അന്ധനായ ബർത്തിമേയൂസിന് കാഴ്ച നല്‍കുന്നു

ഈശോയും അപ്പസ്തോലന്മാരും ജറീക്കോയിൽ നിന്നും ബഥനിയിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയാണ്. വഴിയിൽ തീർത്ഥാടകർ ധാരാളമുണ്ട്. വഴിയരികിൽ ധാരാളം യാചകരും. ഗുരുവിന്റെ ദയ അറിയാവുന്ന അവർ വലിയ സ്വരത്തിൽ നിലവിളിക്കുന്നു.  അവർ  അത്ഭുതകരമായ രോഗസൗഖ്യത്തിനായി യാചിക്കുന്നില്ല. ഭിക്ഷ യാചിക്ക മാത്രം ചെയ്യുന്നു. യൂദാസ് അവർക്കു ധർമ്മം കൊടുക്കുന്നുണ്ട്. 

ധനികയെന്നു തോന്നിക്കുന്ന ഒരു സ്ത്രീ,  അവൾ സവാരി ചെയ്തിരുന്ന കഴുതയെ വഴിയരികിൽ ഒരു വൃക്ഷത്തിൽ കെട്ടിയശേഷം ഈശോയെ കാത്തു നിൽക്കുകയാണ്. ഈശോ അടുത്തു വന്നപ്പോൾ സാഷ്ടാംഗം പ്രണമിക്കുന്നു. അവളുടെ കയ്യിൽ ഒരു  കുട്ടിയുണ്ട്. ആ കുട്ടിക്ക് അനക്കമേയില്ല. അവൾ  ഒരു  വാക്കുപോലും ഉച്ചരിക്കാതെ കുട്ടിയെ ഉയർത്തിക്കാണിക്കുന്നു. അവളുടെ കണ്ണുകളും വിഷമിച്ചിരിക്കുന്ന മുഖവും പ്രാർത്ഥിക്കുന്നുണ്ട്. പക്ഷേ ഈശോയുടെ ചുറ്റിലും വേലികെട്ടിയതുപോലെ ആളുകളാണ്. അതിനാൽ റോഡരികിൽ മുട്ടിന്മേൽ നിൽക്കുന്ന സ്ത്രീയെ ഈശോ കാണുന്നില്ല.

 അവളോടുകൂടി വന്നിട്ടുള്ള ഒരു പുരുഷനും സ്ത്രീയും അവളോടു സംസാരിക്കുന്നുണ്ട്. ആ മനുഷ്യൻ തലകുലുക്കിക്കൊണ്ടു പറയുന്നു; "നമുക്കൊന്നുമില്ല." എന്നാൽ ആ സ്ത്രീ  ഉച്ചത്തിൽ പറയുന്നു; "സ്വാമിനീ, അവൻ നിന്നെ കണ്ടിട്ടില്ല. വിശ്വാസത്തോടെ അവനെ വിളിക്കുക. അവൻ നിന്റെ പ്രാർത്ഥന ശ്രവിക്കും."

ഏതാനും വാര മുമ്പോട്ടു കടന്നുപോയ ഈശോ നിന്ന് ഉച്ചത്തിൽ സംസാരിച്ചതാരാണെന്നു നോക്കുകയാണ്. അപ്പോൾ ആ ഭൃത്യ പറയുന്നു; "സ്വാമിനീ, അവൻ  നിന്നെയാണന്വേഷിക്കുന്നത്. അതിനാൽ എഴുന്നേറ്റു് അവന്റെ പക്കലേക്കു പോകൂ. ഫാബിയ സുഖം പ്രാപിക്കും." എഴുന്നേൽക്കാനും ഈശോയുടെ പക്കലേക്കു പോകുവാനും സ്വാമിനിയെ അവൾ സഹായിക്കുന്നു. ഈശോ പറയുന്നു: "എന്നോടു് അപേക്ഷിച്ചവർ എന്റെ പപക്കലേക്കു  വരണം. കരുണയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർക്ക് കരുണ ലഭിക്കുന്ന സമയമാണിത്."

ആ സ്ത്രീകൾ രണ്ടുപേരും ജനക്കൂട്ടത്തിടയിലൂടെ സ്ഥലമുണ്ടാക്കി, ഭൃത്യ  മുമ്പിലും സ്വാമിനി പിമ്പിലുമായി ഈശോയെ  സമീപിക്കാറായി. അപ്പോൾ ഒരു  സ്വരം കേൾക്കുന്നു; "എന്റെ മരിച്ചുപോയ കൈ നോക്കൂ!... ദാവീദിന്റെ പുത്രൻ അനുഗ്രഹീതനാകട്ടെ! ശക്തനും പരിശുദ്ധമായ യഥാർത്ഥ മ്ശിഹാ!"

ആളുകൾ തിരിഞ്ഞുനോക്കുകയും കാര്യം എന്താണെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഈശോയ്ക്കുചുറ്റും അലയടിക്കുന്നപോലെ ആളുകൾ നീങ്ങുന്നു. ഒരു വൃദ്ധൻ  പതാക പറപ്പിക്കുന്നതുപോലെ അയാളുടെ സുഖപ്പെട്ട കൈ വീശുന്നു. ആളുകൾ  അയാളെ ചോദ്യംചെയ്തു. അയാൾ  മറുപടി പറയുന്നു; "അവൻ നിന്നു. അപ്പോൾ അവന്റെ മേലങ്കിയുടെ വക്ക് എനിക്ക് പിടികിട്ടി. അതുകൊണ്ട് ഞാൻ എന്നെത്തന്നെ മൂടി. ആ നിമിഷത്തിൽ തീയും ജീവനുംഎന്റെ ആ കൈയിലേക്ക് പ്രവഹിക്കുന്നതായി എനിക്കു തോന്നി. ഇതാ ആ കൈ. എന്റെ വലുതുകൈ ഇടതുകൈ പോലെ തന്നെയായിരിക്കുന്നു, അവന്റെ വസ്തത്തിന്മേൽ ആ കൈ തൊട്ടു എന്ന ഒരു പ്രവൃത്തിയാൽ മാത്രം."

ഈ സമയത്ത് ഈശോ ആ സ്ത്രീയോട് ചോദിക്കുന്നു: "നീ എന്താണാഗ്രഹിക്കുന്നത്?"
ആ സ്ത്രീ അവളുടെ കുട്ടിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പറയുന്നു; "ഇവളും ജീവിക്കാൻ അവകാശമുള്ളവളാണ്. ഇവൾ നിഷ്ക്കളങ്കയാണ്. ഇന്ന സ്ഥലം വേണമെന്നോ ഇന്ന രക്തം വേണമെന്നോ ഇവൾ ആവശ്യപ്പെട്ടില്ല. ഞാൻ തെറ്റുകാരിയാണ്; ശിക്ഷയനുഭവിക്കേണ്ടവൾ തന്നെ. പക്ഷേ ഈ കുഞ്ഞ് അതു സഹിക്കേണ്ട."
"ദൈവത്തിന്റെ കാരുണ്യം മനുഷ്യരുടേതിനേക്കാൾ വലുതാണെന്ന പ്രത്യാശ നിനക്കുണ്ടോ?"
'"കർത്താവേ,  എനിക്കുണ്ട്. ഞാൻ വിശ്വസിക്കുന്നു. എന്റെ പേർക്കും എന്റെ കുഞ്ഞിന്റെ പേർക്കും ഞാൻ വിശ്വസിക്കുന്നു. എന്റെ കുഞ്ഞിന് മനസ്സിന്റെ തെളിവും ചലനശക്തിയും നീ 
നൽകുമെന്ന് ഞാൻ  പ്രത്യാശിക്കുന്നു. നീ ജീവനാണെന്ന് പറയപ്പെടുന്നു......"അവൾ കരയുകയാണ്.
"ഞാനാണ് ജീവൻ. എന്നിൽ വിശ്വസിക്കുന്നവർക്ക് അരൂപിയുടെ ജീവനും ശരീരത്തിന്റെ ജീവനും ഉണ്ടാകും. ഞാൻ അതാവശ്യപ്പെടുന്നു."
ഈ വാക്കുകൾ ഈശോ വളരെ ഉച്ചത്തിലാണ് പറഞ്ഞത്. ചലനമില്ലാത്ത കുഞ്ഞിന്റെ മേൽ ഈശോ കൈകൾ വയ്ക്കുന്നു. ആ കുഞ്ഞ്  അനങ്ങുന്നു; ഇളകുന്നു; പുഞ്ചിരിക്കുന്നു; ഒരു വാക്കു പറയുന്നു; "അമ്മ."
"അവൾ അനങ്ങുന്നു; അവൾ  ചിരിക്കുന്നു, അവൾ സംസാരിക്കുന്നു. ഫാബിയൂസേ, സ്വാമിനീ." ആ സ്ത്രീകൾ രണ്ടുപേരും അത്ഭുതത്തിന്റെ ഗതിയെ അനുധാവനം ചെയ്യുന്നു. അത് ഉച്ചത്തിൽ പ്രഖ്യാപിക്കുന്നു. അവർ കുട്ടിയുടെ പിതാവിനെ വിളിക്കുന്നു. അയാൾ ജനക്കൂട്ടത്തിനിടയിലൂടെ തള്ളിക്കയറി സ്ത്രീകളുടെ പക്കലെത്തുന്നു. അവർ  കരഞ്ഞുകൊണ്ട് ഈശോയുടെ 
കാൽക്കലെത്തിക്കഴിഞ്ഞു. ഭൃത്യ പറയുന്നു; "അവനു് എല്ലാവരോടും കരുണയുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ?"
കുട്ടിയുടെ അമ്മ പറയുന്നു; "ഇനി എന്റെ പാപവും നീ പൊറുക്കേണമേ."
"നിങ്ങൾക്കു തന്ന കൃപയിലൂടെ നിന്റെ തെറ്റ് ക്ഷമിച്ചു എന്നല്ലേ സ്വർഗ്ഗം വ്യക്തമാക്കിയിരിക്കുന്നത്. എഴുന്നേറ്റു് നടക്കുവിൻ. നിന്റെ മകളോടും നീ തെരഞ്ഞെടുത്ത മനുഷ്യനോടും കൂടെ പുതിയ മാർഗ്ഗത്തിൽ ചരിക്കുവിൻ. പൊയ്ക്കൊള്ളൂ.  സമാധാനം നിന്നോടുകൂടെ. കൊച്ചുപെൺകുട്ടീ, നിന്നോടുകൂടെയും;  വിശ്വസ്തയായ ഇസ്രായേൽക്കാരീ, നിന്നോടുകൂടെയും;  ദൈവത്തോടുള്ള നിന്റെ വിശ്വസ്തതയ്ക്കും നീ സേവനം ചെയ്യുന്ന കുടുംബത്തിലെ മകളോടു കാണിച്ച വിശ്വസ്തതയ്ക്കും ഹൃദയംകൊണ്ട് നിയമത്തോട് നീ വിശ്വസ്തത കാണിച്ചതിനും നിനക്ക് വലിയ സമാധാനം; മനുഷ്യാ, നിനക്കും സമാധാനം; ഇസ്രായേലിൽ അനേകരേക്കാൾ നീ മനുഷ്യപുത്രനോട് ബഹുമാനം കാണിച്ചിരിക്കുന്നു."
ഈശോ അവരെ വിട്ടുപോയി. ജനം വൃദ്ധനെ വിട്ട് പുതിയ അത്ഭുതത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. തളർന്ന്, ബുദ്ധിമാന്ദ്യം സംഭവിച്ച പെൺകുട്ടി ഇപ്പോൾ തുള്ളിച്ചാടി നടക്കുന്നു. 

ഈശോ യാത്ര തുടരാൻ ഒരുങ്ങുന്നു.  എന്നാൽ നാൽക്കവലയിൽ നിന്ന് രണ്ടുപേരുടെ ദീനരോദനം. "കർത്താവായ ഈശോയേ,  ദാവീദിന്റെ പുത്രാ, എന്റെമേൽ കരുണയായിരിക്കേണമേ." ജനക്കൂട്ടത്തിന്റെ ശബ്ദത്തിന്റെ ശബ്ദത്തിനു മീതെ ഒരുപ്രാവശ്യം കൂടി അതാവർത്തിച്ചു. എന്നാൽ ആളുകൾ പറയുന്നു; "മിണ്ടാതിരിക്കൂ, ഗുരു പൊയ്ക്കൊള്ളട്ടെ."
എന്നാൽ അവർ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറയുന്നു; "കർത്താവായ ഈശോയേ,  ദാവീദിന്റെ പുത്രാ, എന്റെമേൽ കരുണയായിരിക്കേണമേ."
ഈശോ വീണ്ടും നിന്നു. "പോയി ആ കരയുന്നവരെ എന്റെ പക്കലേക്കു കൂട്ടിക്കൊണ്ടു വരൂ."
ചിലർ ഉടനെ പോയി. അവർ ആ അന്ധരോടു പറഞ്ഞു; "വരൂ, അവനു്  നിങ്ങളുടെമേൽ കരുണയുണ്ട്. എഴുന്നേൽക്കൂ.. കാരണം അവൻ നിങ്ങളെ തൃപ്തരാക്കാൻ പോകുന്നു. അവൻ നിങ്ങളെ വിളിക്കുന്നു." അവരെ ജനക്കൂട്ടത്തിനിടയിലൂടെ  കൂട്ടിക്കൊണ്ടു പോകാൻ അവർ  ശ്രമിക്കുന്നു.
ഒരുവൻ അതിനു വഴങ്ങി. മറ്റേയാൾ കുറേക്കൂടെ ചെറുപ്പക്കാരനാണ്. വിശ്വാസവും കുടുതലുണ്ടെന്നു തോന്നുന്നു. അയാൾ തന്നെത്താൻ മുമ്പോട്ടു കുതിക്കുകയാണ്. വടി മുന്നോട്ടു നീട്ടിപ്പിടിച്ച് അന്ധർക്കു സഹജമായ രീതിയിൽ മുഖമുയർത്തി പുഞ്ചിരിയോടെ വളരെ വേഗത്തിൽ മുമ്പോട്ടു പോകുന്നു.  ഈശോയുടെ അടുക്കൽ അവൻ ആദ്യമെത്തി. ഈശോ അവനെ പിടിച്ചുനിർത്തി ചോദിക്കുന്നു; "ഞാൻ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?"
"ഗുരുവേ, എനിക്കു കാഴ്ച കിട്ടണം. ഓ! കർത്താവേ, എന്റെയും എന്റെ കൂടെയുള്ളവന്റേയും കണ്ണുകൾ തുറക്കേണമേ." മറ്റേ അന്ധനും എത്തി. അയാളെ അവർ  ഒന്നാമന്റെ അടുത്തുതന്നെ മുട്ടിന്മേൽ നിർത്തി. 
ഈശോ തന്റെ കരങ്ങൾ അവരുടെ മുഖത്തുവച്ച് ഇങ്ങനെ പറയുന്നു: "നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കട്ടെ. പൊയ്ക്കൊള്ളൂ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചിരിക്കുന്നു."
ഈശോ കൈകൾ മാറ്റി. അവരുടെ അധരങ്ങളിൽ സ്തുതിയും സന്തോഷവും. "എനിക്കു കാണാം ഉറിയേൽ; എനിക്കു കാണാം ബർത്തിമേയൂസ്." പിന്നെ രണ്ടുപേരും കൂടെപ്പറയുന്നു; "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതനാകുന്നു. അവനെ അയച്ചവൻ അനുഗ്രഹീതനാകുന്നു. ദൈവത്തിനു മഹത്വം. ദാവീദിന്റെ  പുത്രന് ഓശാന." രണ്ടുപേരും  സാഷ്ടാംഗം പ്രണമിച്ച് ഈശോയുടെ പാദങ്ങൾ ചുംബിക്കുന്നു. പിന്നീട്‌ അവർ  എഴുന്നേറ്റുനിന്നു. ഉറിയേൽ പറയുന്നു; "കർത്താവേ, ഞാൻ എന്റെ ബന്ധുക്കളുടെ പക്കലേക്കു പോയി  അവരെ കാണിക്കാൻ ഉറച്ചിരിക്കുന്നു. പിന്നീട്‌ ഞാൻ  തിരിച്ചുവന്ന് നിന്നെ അനുഗമിച്ചുകൊള്ളാം." ബർത്തിമേയൂസ് എന്നാൽ  ഇപ്രകാരമാണ് പറയുന്നത്; "ഞാൻ  നിന്നെ വിട്ടുപോകയില്ല. ഞാൻ ബന്ധുക്കളെ വിവരമറിയിക്കും. അതൊരു വലിയ  സന്തോഷമായിരിക്കും. എങ്കിലും നിന്നിൽ നിന്ന്  അകന്നു പോകാൻ ഞാനുദ്ദേശിക്കുന്നില്ല. നീ എനിക്കു കാഴ്ച നൽകി. എന്റെ ജീവിതം മുഴുവൻ നിനക്കായി ഞാൻ   സമർപ്പിക്കുന്നു. നിന്റെ ദാസരിൽ ഏറ്റം ചെറിയവന്റെ ആഗ്രഹം സാധിച്ചുതരേണമേ."
"വന്ന് എന്നെ അനുഗമിക്കുക. സന്മനസ്സ് എല്ലാവരേയും തുല്യരാക്കുന്നു."
ഈശോ യാത്ര തുടരുകയായി. ജനക്കൂട്ടം ഹോസാനാ വിളികൾ തുടരുന്നു. ബർത്തിമേയൂസ് അവരുടെ കൂടെ  നടക്കുമ്പോൾ പറയുന്നു; "ഞാൻ ഒരു  കഷണം അപ്പത്തിനായി വന്നു. എന്നാൽ  ഞാൻ കർത്താവിനെക്കണ്ടു. ഞാൻ ദരിദ്രനായിരുന്നു. ഇപ്പോൾ  വിശുദ്ധനായ രാജാവിന്റെ സേവകനാണ് ഞാൻ.    കർത്താവിനും അവന്റെ മ്ശിഹായ്ക്കും മഹത്വമുണ്ടാകട്ടെ."

Monday, November 7, 2011

ഈശോ യൂദാസിന്റെ അമ്മയോട് വിട പറയുന്നു

ഈശോ തന്റെ അപ്പസ്തോലനായ യൂദാ സ്കറിയോത്തായുടെ നാടായ കറിയോത്തിൽ സുവിശേഷ പ്രഘോഷണത്തിനായി വരികയും യൂദാസിന്റെ അമ്മ മേരിയുടെ ആതിഥ്യം സ്വീകരിച്ച് ഒരുനാൾ അവരുടെ വീട്ടിൽ തങ്ങുകയും ചെയ്തു. അവിടെ നിന്നു വിടവാങ്ങുമ്പോൾ മേരി ഈശോയ്ക്ക് നന്ദി പറയുകയും ഇങ്ങനെ ചോദിക്കയും ചെയ്യുന്നു: "കർത്താവേ, കൂടുതൽ നന്മ ചെയ്യാനായി ഇനിയും നീ എന്നാണ് ഇങ്ങോട്ടു വരുന്നത്?"

"സ്ത്രീയേ, ഞാൻ  ഒരിക്കലും വരികയില്ല. എന്നാൽ എന്റെ ഹൃദയം എപ്പോഴും നിന്നോടുകൂടെയുണ്ടായിരിക്കും. ഇത് ഓർത്തുകൊള്ളണം. ഞാൻ നിന്നെ സ്നേഹിച്ചെന്നും എപ്പോഴും സ്നേഹിക്കുന്നുവെന്നും ഓർത്തുകൊള്ളണം. ഏറ്റം ഭയാനകമായ മണിക്കൂറുകളിലും ഇത് ഓർത്തുകൊള്ളണം. ദൈവം നിന്നെ കുറ്റക്കാരിയായി കരുതുന്നു എന്നു നീ ഒരിക്കലും ചിന്തിക്കരുത്. അവന്റെ കണ്ണുകളിൽ നിന്റെ ആത്മാവ് തെളിഞ്ഞു നിൽക്കുന്നു;   അത് എപ്പോഴും നിന്റെ സുകൃതങ്ങളാകുന്ന രത്നങ്ങളാലും നിന്റെ സഹനങ്ങളാകുന്ന മുത്തുകളാലും അലംകൃതമായി കാണപ്പെടും. സൈമണിന്റെ ഭാര്യ മേരീ, യൂദാസിന്റെ അമ്മേ, നിന്നെ അനുഗ്രഹിക്കാൻ ഞാനാഗ്രഹിക്കുന്നു. നിന്നെ ആലിംഗനം ചെയ്യാനും ചുംബിക്കാനും ഞാനാഗ്രഹിക്കുന്നു. കാരണം, നിന്റെ ആത്മാർത്ഥതയുള്ള, വിശ്വസ്തതയുള്ള മാതൃചുംബനം, മറ്റേതിനും പരിഹാരമായിക്കൊള്ളും. എന്റെ ചുബനം നിന്റെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരമാകും. വരൂ.. യൂദാസിന്റെ അമ്മേ, നിനക്കു നന്ദി. എനിക്കു നൽകിയ എല്ലാ സ്നേഹത്തിനും ബഹുമാനത്തിനും നന്ദി." അനന്തരം ഈശോ അവളെ ആലിംഗനം ചെയ്യുകയും ഇളയമ്മയായ മേരിയെ (അപ്പസ്തോലന്മാരായ യൂദാ തദേവൂസിന്റെയും ജയിംസിന്റെയും അമ്മ) ചുംബിക്കുന്നതു പോലെ നെറ്റിത്തടത്തിൽ ചുംബിക്കുകയും ചെയ്യുന്നു.

മേരി പറയുന്നു: "പക്ഷേ നമ്മൾ ഇനിയും കാണും. ഞാൻ പെസഹായ്ക്ക് വരുന്നുണ്ട്."

"വേണ്ട; വരേണ്ട. ഞാൻ നിന്നോടു കേണപേക്ഷിക്കയാണ്. എന്നെ സന്തോഷിപ്പിക്കാൻ നിനക്കാഗ്രഹമുണ്ടോ? എങ്കിൽ വരരുത്. അടുത്ത പെസഹായ്ക്ക് സ്ത്രീകളോ? ... വേണ്ട."

"അതെന്തുകൊണ്ടാണ്?"

"അടുത്ത പെസഹായ്ക്ക് ജറുസലേമിൽ ഭയാനകമായ ഒരു ബഹളമുണ്ടാകും. അപ്പോൾ അവിടം സ്ത്രീകൾക്കു പറ്റിയതായിരിക്കയില്ല. വേണ്ട മേരീ.... നിന്റെ ബന്ധുവിനോട് നിന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ കൽപ്പിക്കും. നിങ്ങൾ ഒരുമിച്ചു താമസിക്കണം. നിനക്ക് അയാളെ ആവശ്യമുണ്ട്. കാരണം, ഇനി യൂദാസിന് നിന്നെ സഹായിക്കാനോ ഇങ്ങോട്ടു വരാനോ സാധിക്കയില്ല."

"നീ പറയുന്നതുപോലെ ഞാൻ ചെയ്യാം...   അപ്പോൾ സ്വർഗ്ഗത്തിന്റെ സമാധാനം പ്രതിഫലിപ്പിക്കുന്ന നിന്റെ മുഖം ഞാൻ ഇനിയൊരിക്കലും കാണുകയില്ലേ? നിന്റെ കണ്ണുകളിൽ നിന്ന് എന്റെ ദുഃഖം നിറഞ്ഞ ഹൃദയത്തിലേക്ക് എത്രയധികം സമാധാനം  നീ പകർന്നു?" മേരി കരയുന്നു.

"കരയരുത്. ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രം. പിന്നീട് എന്റെ രാജ്യത്തിൽ നീ നിത്യമായി എന്നെക്കാണും."

"അപ്പോൾ നീ വിചാരിക്കുന്നത് നിന്റെ ഈ എളിയദാസി അവിടെ പ്രവേശിക്കും എന്നാണോ?"

"രക്തസാക്ഷികളുടേയും സഹരക്ഷകരുടേയും ഇരിപ്പിടങ്ങൾക്കിടയിൽ നിന്റെ ഇരിപ്പിടം ഞാൻ ഇപ്പോഴേ കാണുന്നുണ്ട്.   മേരീ, കർത്താവ് എല്ലാറ്റിനും പ്രതിസമ്മാനം നൽകും."

 ഈശോ അനുഗ്രഹം നൽകിയ ശേഷം വളരെ വേഗത്തിൽ വിടചോദിച്ച് അപ്പസ്തോലന്മാരുമൊത്ത് യാത്രയാകുന്നു. ഈശോ പോകുന്ന സമയത്ത് മേരി മുട്ടിന്മേൽ നിന്ന് കരയുകയാണ്.

ഈശോ കറിയോത്തിലെ സിനഗോഗിൽ പ്രസംഗിക്കുന്നു


ഈശോ യൂദാ സ്കറിയോത്തായുടെ നാടായ കറിയോത്തിലെ സിനഗോഗിൽ പ്രസംഗിക്കുകയാണ്. അവിശ്വസനീയമാം വിധം വമ്പിച്ച ഒരു ജനാവലി അവിടെ സന്നിഹിതമാണ്.  രഹസ്യമായി ഈശോയുടെ ഉപദേശം തേടിയ പലർക്കും ഈശോ വ്യക്തിപരമായി മറുപടി കൊടുക്കുന്നുണ്ട്. എല്ലാവരേയും തൃപ്തിപ്പെടുത്തിയ ശേഷം ഈശോ പരസ്യമായി പ്രസംഗിക്കാൻ തുടങ്ങി.

"കറിയോത്തിലെ ജനങ്ങളേ, ഈ ഉപമ ശ്രദ്ധിച്ചു കേൾക്കുക. എല്ലാ വിധത്തിലും പൂർണ്ണനായിരുന്ന ഒരു പിതാവിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. രണ്ടുപേരെയും ജ്ഞാനിയായ ഒരു പിതാവിന്റെ സ്നേഹത്താൽ അവൻ സ്നേഹിക്കുകയും ശരിയായ  മാർഗ്ഗത്തിലൂടെ നയിക്കുകയും ചെയ്തു. അവരെ സ്നേഹിക്കയും പഠിപ്പിക്കയും ചെയ്ത വിധത്തിൽ ഒരു വ്യത്യാസവും ഇല്ലാതിരുന്നെങ്കിലും അവർ തമ്മിൽ കാര്യമായ വ്യത്യാസം കണ്ടു. മൂത്തമകൻ എളിമയും അനുസരണവും ഉള്ളവനായിരുന്നു. അവൻ അപ്പന്റെ ആഗ്രഹങ്ങൾ ചർച്ചയ്ക്ക് വിഷയമാക്കാതെ അനുസരിച്ചു. എപ്പോഴും അവൻ സംതൃപ്തനായിരുന്നു. ഇളയവൻ പലപ്പോഴും സന്തോഷരഹിതനായി കാണപ്പെട്ടു. അവൻ അപ്പനോടു തർക്കിക്കുകയും ഉള്ളിൽ അസ്വസ്ഥത പുലർത്തുകയും ചെയ്തുവന്നു. അപ്പൻ നൽകിയ ഉപദേശങ്ങളും കൽപ്പനകളും അവ  നൽകപ്പെട്ടതുപോലെ നിർവ്വഹിക്കുന്നതിനു പകരം അവ പൂർണ്ണമായോ ഭാഗികമായോ വ്യത്യാസപ്പെടുത്തി അവന്റെ ഇഷ്ടം പോലെ ചെയ്തു, അതു നൽകിയ ആൾ ഭോഷനാണെന്ന വിധത്തിൽ!

വർഷങ്ങൾ കടന്നുപോയി. മൂത്തമകൻ കൂടുതൽ നീതിമാനായി വളർന്നു. ഇളയവൻ ദുഷ്പ്രവണതകളിലും വളർന്നുവന്നു. ഒടുവിൽ പിതാവു പറഞ്ഞു, "ഇതിന് അവസാനം വരുത്തേണ്ടത് ആവശ്യമാണ്. ഒന്നുകിൽ ഞാൻ പറയുന്നത് നീ അനുസരിക്കണം. അല്ലെങ്കിൽ എന്റെ സ്നേഹം നിനക്കു നഷ്ടമാകും." അവൻ പിതാവിനെ  എതിർത്ത് അവന്റെ കപട സ്നേഹിതരോടു വിവരം പറഞ്ഞു. അവർ പറഞ്ഞു; "നീ വിഷമിക്കേണ്ട. നിന്റെ സഹോദരനെ ഞങ്ങൾക്ക് ഏൽപ്പിച്ചു തരിക. ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം. നിനക്കു കുറ്റമൊന്നും ഉണ്ടാകയില്ല." ദുഷ്ടനായ ഇളയവൻ അവരുടെ കുതന്ത്രത്തിനു സമ്മതിച്ചു.

ഇനി നിങ്ങൾ പറയൂ, മക്കളെ രണ്ടുപേരെയും രണ്ടു വ്യത്യസ്ത രീതികളിൽ അഭ്യസിപ്പിച്ചു എന്ന് പിതാവിനെ കുറ്റപ്പെടുത്താൻ കഴിയുമോ? ഇല്ല; എങ്കിൽപ്പിന്നെ എന്തുകൊണ്ട് ഒരു മകൻ  വിശുദ്ധനായി? മറ്റവൻ ദുഷ്ടനായി?  മനുഷ്യമനസ്സ് രണ്ടു തരത്തിലുള്ളതായിരുന്നോ ആദ്യമേ തന്നെ? അല്ല, അങ്ങനെയല്ല; ഒരു വിധത്തിലുള്ള മനസ്സു മാത്രമേ എല്ലാവർക്കും  നൽകപ്പെടുന്നുള്ളൂ. എന്നാൽ അതു വ്യത്യാസപ്പെടുത്താനുള്ള സ്വാതന്ത്ര്യം മനുഷ്യനു നൽകിയിട്ടുണ്ട്. നല്ലവൻ അവന്റെ മനസ്സിനെ നല്ലതായി സൂക്ഷിക്കുന്നു. ദുഷ്ടൻ അതിനെ ദുഷ്ടമായി സൂക്ഷിക്കുന്നു.

കറിയോത്തിലെ ജനങ്ങളേ, ജ്ഞാനത്തിന്റെ വഴികൾ പിന്തുടരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. നിങ്ങളുടെ സന്മനസ്സിനെ മാത്രമേ നിങ്ങൾ പിന്തുടരാവൂ. എന്റെ ശുശ്രൂഷയുടെ അന്ത്യമെന്നു പറയാവുന്ന ഈ അവസരത്തിൽ, എന്റെ ജനനവേളയിൽ പാടിയ വാക്കുകൾ ഞാൻ ആവർത്തിക്കയാണ്: "സന്മനസ്സുള്ളവർക്ക് സമാധാനമുണ്ട്."   സമാധാനം; അതായത് വിജയം. ഭൂമിയിലും സ്വർഗ്ഗത്തിലും വിജയം. കാരണം, ദൈവം, തന്നെ അനുസരിക്കുന്നവരുടെ  കൂടെയുണ്ട്.  സ്വന്തം  ആശയങ്ങളനുസരിച്ച് വമ്പിച്ച കാര്യങ്ങൾ ചെയ്യുന്നവരെയല്ല ദൈവം പരിഗണിക്കുന്നത്; നേരെമറിച്ച്, അവനാവശ്യപ്പെടുന്ന വേല ചെയ്യുന്നതിൽ കാണിക്കുന്ന എളിമയുള്ള, ഉത്സാഹമുള്ള, വിശ്വസ്തതയുള്ള അനുസരണമാണ് അവൻ പരിഗണിക്കുന്നത്."

ഇസ്രായേലിന്റെ ചരിത്രത്തിലെ രണ്ട് സംഭവങ്ങൾ ഞാൻ  നിങ്ങളെ അനുസ്മരിപ്പിക്കുന്നു. തന്നെത്താനെ ഇഷ്ടമുള്ളതു ചെയ്യുന്നവന്റെ കൂടെയല്ല, ദൈവകൽപ്പനയെ ചവിട്ടി മെതിക്കുന്നവന്റെ കൂടെയല്ല ദൈവം എന്ന് അത് തെളിയിക്കുന്നുണ്ട്.

നമുക്കു് മക്കബായരുടെ കാര്യം നോക്കാം. യൂദാസ് മക്കബായ ജോനാഥനോടു കൂടെ ഗിലയാദിൽ യുദ്ധത്തിനു പോയപ്പോൾ, സൈമൺ തന്റെ നാട്ടുകാരെ സഹായിക്കുവാൻ ഗലീലിയയിലേക്കു പോയി. സക്കറിയായുടെ മകൻ ജോസഫും ജനപ്രമാണിയായ അസറിയായും യൂദയായിൽ താമസിച്ച് അതിനെ സംരക്ഷിക്കണമെന്ന് അവർക്ക് ആജ്ഞ നൽകി. യൂദാസ് അവരോടു പറഞ്ഞു: "ഈ ജനത്തെ കാത്തുസൂക്ഷിക്കുക. ഞങ്ങൾ  തിരിച്ചു വരുന്നതുവരെ അജ്ഞാനികളുമായി ഇടപെടാൻ തുനിയരുത്."  എന്നാല്‍ ജോസഫും അസറിയായും  മക്കബായരുടെ വൻവിജയത്തെക്കുറിച്ച് കേട്ടപ്പോൾ അവർക്കും അങ്ങനെ ചെയ്യണമെന്നു തോന്നി ഇങ്ങനെ പറഞ്ഞു; 'നമുക്കും പേരെടുക്കാനായി പോയി ചുറ്റുമുള്ള രാജ്യങ്ങളോടു യുദ്ധം ചെയ്യാം.' എന്നാൽ അവർ തോൽപ്പിക്കപ്പെട്ടു; അവർക്ക് ഓടിപ്പോകേണ്ടതായി വന്നു.  ജനങ്ങൾക്ക് അതൊരു തിരിച്ചടിയായി. കാരണം, അവർ യൂദാസിനെയും അവന്റെ സഹോദരന്മാരെയും അനുസരിച്ചില്ല; മറിച്ച് തങ്ങളുടെ തന്നെ ശക്തിയിൽ ആശ്രയിച്ചു. 'അഹങ്കാരവും അനുസരണയില്ലായ്മയും.'

രാജാക്കന്മാരുടെ പുസ്തകത്തിൽ നാം എന്താണു വായിക്കുന്നത്? സാവൂൾ അനുസരണയില്ലായ്മ നിമിത്തം ഒരുപ്രാവശ്യം ശാസിക്കപ്പെട്ടു. രണ്ടാംപ്രാവശ്യം ശാസിക്കപ്പെടുക മാത്രമല്ല ചെയ്തത്; അയാളുടെ സ്ഥാനത്ത് ദാവീദ് തെരഞ്ഞെടുക്കപ്പെട്ടു. കാരണം അയാൾ അനുസരണയില്ലായ്മ കാണിച്ചു. ഇത് ഓർത്തുകൊള്ളണം. കർത്താവ് ആഗ്രഹിക്കുന്നത് ദഹനബലികളും ബലിവസ്തുക്കളും ആണോ? അവന്റെ സ്വരത്തെ അനുസരിക്കുന്നതല്ലേ അവൻ കൂടുതൽ ഇഷ്ടപ്പെടുന്നത്? ബലിയേക്കാൾ വിലയുള്ളത് അനുസരണത്തിനാണ്.
 ഓർത്തുകൊള്ളുക. ദൈവം, താൻ ആഗ്രഹിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അഹങ്കാരവും അനുസരണക്കേടും കൊണ്ട് ദൈവഹിതത്തെ നിന്ദിക്കുന്നവരെ അവൻ നിരസിക്കുന്നു.
കറിയോത്തിലെ ജനങ്ങളേ, സ്നേഹപൂർവം നിങ്ങളെയെല്ലാവരേയും ഞാൻ അനുഗ്രഹിക്കുന്നു. നല്ലവരായിരിക്കുക. അനീതി പ്രവർത്തിക്കരുത്. ദൈവം നിങ്ങളോടു കൂടെ. കർത്താവ്, നിങ്ങളുടെ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയെ പൂർണ്ണമാക്കട്ടെ."

ഈശോ കൈക
ളുയർത്തി ജനക്കൂട്ടത്തെ അനുഗ്രഹിക്കുന്നു.

Sunday, November 6, 2011

ഈശോയും യൂദാസിന്റെ അമ്മ മേരിയും


നല്ല കുളിർമ്മയുള്ള ഒരു പ്രഭാതത്തിൽ ഈശോയും അപ്പസ്തോലന്മാരും യൂദാസിന്റെ  നാട്ടിൻപുറത്തുള്ള വീട്ടിലെത്തുന്നു. യൂദാസിന്റെ അമ്മ മേരി, ഈശോയെക്കണ്ട്  അഭിവാദ്യം ചെയ്യാനായി ഓടിയെത്തി ഈശോയുടെ പാദങ്ങൾ ചുംബിക്കാനായി കുനിഞ്ഞു. എന്നാൽ ഈശോ അവളെ തടഞ്ഞുകൊണ്ട് പറയുന്നു: "എന്റെ അപ്പസ്തോലന്മാരുടെ അമ്മമാരും ഇസ്രായേലിലെ വിശുദ്ധരായ  സ്ത്രീകളും അടിമകളെപ്പോലെ എന്റെ മുമ്പിൽ താഴേണ്ട. അവർ, അവരുടെ വിശ്വസ്തതയുള്ള ആത്മാവുകളെയും അവരുടെ പുത്രന്മാരേയും എനിക്കു തന്നു. പ്രത്യേകമായ ഒരു സ്നേഹം ഞാനവർക്കു നൽകുന്നുണ്ട്."
തരളിതയായ അവൾ, ഈശോയുടെ കരം ചുംബിച്ചുകൊണ്ടു് "കർത്താവേ, നിനക്കു നന്ദി" എന്ന് താണസ്വരത്തിൽ പറയുന്നു. പിന്നീട് തലയുയർത്തി അപ്പസ്തോലന്മാരെ നോക്കി. കൂട്ടത്തിൽ അവളുടെ മകനെ കാണാത്തതിനാൽ  ആകെ പരിഭ്രാന്തയായി "എന്റെ മകൻ എവിടെ?" എന്ന് ഉച്ചത്തിൽ ചോദിച്ചുകൊണ്ട് അവൾ ഈശോയെ നോക്കുന്നു.
ഈശോ പറയുന്നു: "പേടിക്കേണ്ട മേരീ, ഞാൻ അവനെ തീക്ഷ്ണനായ സൈമണിനോടൊപ്പം ഒരു ദൗത്യവുമായി ലാസ്സറസ്സിന്റെ വീട്ടിലേക്ക് അയച്ചിരിക്കയാണ്. ഞാൻ വിചാരിച്ചിരുന്നതുപോലെ മസാദായിൽ കുറച്ചുകൂടി താമസിച്ചിരുന്നെങ്കിൽ അവിടെ വച്ച് ഞങ്ങൾ തമ്മിൽ കാണുമായിരുന്നു. എന്നാൽ എനിക്ക് അവിടെ താമസിക്കാൻ കുഴിഞ്ഞില്ല. ആ പട്ടണം വെറുപ്പോടെ എന്നെ നിരസിച്ചു. അതിനാൽ ഞാൻ ഉടനെ ഇങ്ങോട്ടു പോന്നു. ഒരമ്മയിൽ ആശ്വാസം കണ്ടെത്താനും അവളുടെ മകൻ കർത്താവിനു ശുശ്രൂഷ ചെയ്യുന്നു എന്നറിയുന്നതിലുള്ള ആനന്ദം അവൾക്കു് നൽകുന്നതിനുമായി." അവസാന വാക്കുകൾ കൂടുതൽ ഊന്നൽ കൊടുത്താണ് ഈശോ പറഞ്ഞത്.

വാടിത്തളർന്ന ഒരു പുഷ്പം വീണ്ടും സജീവമാകുന്നതു പോലെ മേരി ഉത്സാഹഭരിതയായി. അവൾ ചോദിക്കുന്നു: "കർത്താവേ, വാസ്തവമായും അങ്ങനെയാണോ? അവൻ നല്ലവനാണോ? നിനക്ക് അവനെ തൃപ്തിയാണോ? ഓ!  അവന്റെ അമ്മയുടെ ഹൃദയത്തിന് എന്തൊരാനന്ദം! ഞാൻ എത്രയധികം പ്രാർത്ഥിച്ചു... എത്രയധികം ദാനധർമ്മം ചെയ്തു... എത്രയധികം പരിഹാരം ചെയ്തു... എന്റെ മകനെ പരിശുദ്ധനാക്കുന്നതിനായി ഞാൻ ചെയ്യാത്തത് എന്തെങ്കിലുമുണ്ടോ? എന്റെ കർത്താവേ, നന്ദി.. അവനെ ഇത്രയധികം സ്നേഹിക്കുന്നതിന് നിനക്കു നന്ദി... കാരണം നിന്റെ സ്നേഹമാണ് എന്റെ യൂദാസിനെ രക്ഷിക്കുന്നത്..."


"അതെ, നമ്മുടെ സ്നേഹമാണ് അവനെ.... താങ്ങിനിർത്തുന്നത്."
 

"നമ്മുടെ സ്നേഹം! കർത്താവേ, നീ എത്ര കരുണയുള്ളവൻ! പാവപ്പെട്ട എന്റെ അൽപ്പമായ സ്നേഹം നീ നിന്റെ ദൈവിക സ്നേഹത്തോട് ചേർത്തുവച്ചു. ഓ! എത്ര ഇമ്പമേറിയ വാക്കുകളാണ് നീയെന്നോടു പറഞ്ഞത്! എത്ര സമാധാനമാണ് നീയെനിക്കു തരുന്നത്! എന്റെ ദരിദ്രമായ സ്നേഹം മാത്രമാണെങ്കിൽ യൂദാസിന് അതുകൊണ്ട് വലിയ ഉപകാരമൊന്നും ഉണ്ടാകയില്ല. എന്നാൽ നീ, നിന്റെ മാപ്പു നൽകുന്ന സ്നേഹം കൊണ്ട് - അവന്റെ കുറ്റങ്ങൾ നിനക്ക്  അറിയാമല്ലോ - നീ നിന്റെ സ്നേഹം വർദ്ധിപ്പിക്കുമ്പോൾ അവന് സ്വയം നിയന്ത്രിക്കാൻ കഴിയും... ഇത് ശരിയല്ലേ ഗുരുവേ?"  ആ അമ്മ കൈകൾ കൂപ്പിപ്പിടിച്ച്  പ്രാർത്ഥനയാണ്.

ഈശോയ്ക്ക് "ഉവ്വ്" എന്ന് അവളോടു പറയാൻ കഴിയുന്നില്ല. അതേസമയം, സമാധാനത്തിന്റെ ഈ മണിക്കൂർ  അവൾക്കു് നഷ്ടമാകരുതെന്നും ഈശോ ആഗ്രഹിക്കുന്നു. അതിനു പറ്റിയ വാക്കുകൾ - കള്ളവുമല്ല, വാഗ്ദാനവുമല്ലാത്ത വാക്കുകൾ  ഈശോ കണ്ടുപിടിക്കുന്നു. "അവന്റെ നല്ല മനസ്സു് നമ്മുടെ സ്നേഹത്തോടു യോജിപ്പിച്ചാൽ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും മേരീ. നിന്റെ ഹൃദയം എപ്പോഴും സമാധാനത്തിലായിരിക്കട്ടെ. ദൈവം നിന്നെ വളരെയധികം സ്നേഹിക്കുന്നു എന്ന ചിന്ത ആ സമാധാനം നിനക്കു തരും. ദൈവം നിന്നെ മനസ്സിലാക്കുന്നു. അവൻ എന്നെന്നേക്കും നിന്റെ സ്നേഹിതനായിരിക്കും."


 മേരി നന്ദിയോടെ വീണ്ടും ഈശോയുടെ കരങ്ങൾ ചുംബിക്കുന്നു. അനന്തരം പറയുന്നു:   "എന്റെ വീട്ടിനകത്തേക്കു വരൂ........ അനുഗൃഹീതനായ  ഗുരുവേ,   സ്നേഹവും സമാധാനവും ഇവിടെയുണ്ട്."

Saturday, November 5, 2011

സുകൃതത്തില്‍ സമ്പന്നരാകുക

ഈശോ അപ്പസ്തോലന്മാര്‍ക്കു നല്‍കിയ പ്രബോധനം

                                                               "സുകൃതത്തില്‍  സമ്പന്നനാകണമെന്നതിനെക്കുറിച്ചു മാത്രമേ മനുഷ്യന്‍ ചിന്താമഗ്നനാകേണ്ടൂ എന്ന കാര്യം നിങ്ങള്‍  വിശ്വസിക്കുക. എന്നാല്‍  ഉത്ക്കണ്ഠാകുലരാകേണ്ട; മനസ്സു കലങ്ങുകയും വേണ്ട. നന്മയുടെ ശത്രുക്കളാണ്   ഉത്ക്കണ്ഠയും  ഭയവും  ധൃതിയും. മേല്‍പ്പറഞ്ഞ തിന്മകളെല്ലാം അത്യാഗ്രഹം, അസൂയ, മാനുഷികമായ അവിശ്വാസം എന്നിവയുടെ ധൂളികളാണ്. നിങ്ങളുടെ പരിശ്രമം സ്ഥിരവും പ്രത്യാശയുള്ളതും  സമാധാനപൂര്‍ണ്ണവുമായിരിക്കട്ടെ. കാട്ടുകഴുതകളെപ്പോലെ എടുത്തു ചാടുകയും പൊടുന്നനവെ നില്‍ക്കുകയും ചെയ്യുന്നവരാകരുത്. സുരക്ഷിതമായ യാത്രയ്ക്ക് സുബുദ്ധിയുള്ളവരാരും അവയെ ഉപയോഗിക്കുകയില്ല. വിജയത്തിലും പരാജയത്തിലും സമാധാനമുള്ളവരായിരിക്കുക. ദൈവത്തിനു് അപ്രീതി വരുത്തിയല്ലോ എന്നോര്‍ത്ത് കണ്ണീര്‍ ചിന്തുമ്പോഴും എളിമയും പ്രത്യാശയുമുള്ളവരായിരിക്കുക. എളിമയുള്ള ആളിനറിയാം, മാംസത്തിന്റെ ദുരിതങ്ങള്‍ക്കു വിധേയനായ ഒരു സാധു മനുഷ്യനാണു താനെന്നും ആ ദുരാശകള്‍  ചിലപ്പോഴെല്ലാം വിജയിക്കുമെന്നും.  എളിമയുള്ളവര്‍ തന്നില്‍ത്തന്നില്‍  പ്രത്യാശ വയ്ക്കുന്നില്ല. അവന്റെ പ്രത്യാശ ദൈവത്തിലാണ്. തോല്‍വി പറ്റുമ്പോഴും അവന്‍  ശാന്തനായി ഇങ്ങനെ പറയുന്നു: "പിതാവേ, എന്നോടു ക്ഷമിക്കണമേ.. എന്റെ ബലഹീനത നീ അറിയുന്നുവെന്നും ചിലപ്പോള്‍  അവ എന്നെ കീഴ്പ്പെടുത്തുന്നുവെന്നും ഞാന്‍  കാണുന്നു. നീ എന്നോടു സഹതപിക്കുന്നുണ്ട് എന്നും ഞാന്‍  വിശ്വസിക്കുന്നു. നിന്റെ സഹായം കൂടുതലായി എനിക്കു ലഭിക്കുമെന്ന് ഞാന്‍  പ്രത്യാശിക്കുന്നു." ദൈവത്തിന്റെ ദാനങ്ങളോട് അത്യാഗ്രഹം പാടില്ല. നിസ്സംഗതയും പാടില്ല. നിങ്ങള്‍ക്കുള്ള ജ്ഞാനവും സുകൃതവും ഔദാര്യത്തോടെ നിങ്ങള്‍  നല്‍കുക.

എന്റെ ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്റെ പിതാവ് നിങ്ങളെ രാജ്യത്തിലേക്കു വിളിക്കാന്‍  താല്‍പ്പര്യം കാണിച്ചത് അവന്റെ രാജ്യം നിങ്ങള്‍ക്കു് ലഭിക്കാനാണ്. അതിനാല്‍ നിങ്ങള്‍  അതിനായി ആഗ്രഹിക്കുകയും നിങ്ങളുടെ നല്ല മനസ്സും പ്രവൃത്തികളും കൊണ്ട് പിതാവിനെ സഹായിക്കുകയും ചെയ്യുക.
                                
                         യാത്രപോകാന്‍  ഒരുങ്ങിയിരിക്കുന്ന  വരെപ്പോലെയോ യജമാനന്റെ വരവു  പാര്‍ത്തിരിക്കുന്ന ഭൃത്യനെപ്പോലെയോ നിങ്ങള്‍  എപ്പോഴും തയ്യാറായിരിക്കുവിന്‍. നിങ്ങളുടെ യജമാനന്‍  ദൈവമാണ്. ഏതു നിമിഷവും അവന്റെ പക്കലേക്ക് നിങ്ങളെ വിളിക്കാം. അല്ലെങ്കില്‍  നിങ്ങളുടെ പക്കലേക്ക് അവനു വരാം. അതിനാല്‍   എപ്പോഴും തയ്യാറായിരിക്കുവിന്‍. ആ വരവു് അല്ലെങ്കില്‍  വിളി പെട്ടെന്നായിരിക്കും.   യജമാനന്‍   വരുന്ന സമയത്ത് ജാഗ്രതയോടെയിരിക്കുന്ന ഭൃത്യന്‍  ഭാഗ്യവാന്‍. ഞാന്‍  ഗൗരവമായി പറയുന്നു, വിശ്വസ്തമായ അവരുടെ കാത്തിരിപ്പിന് പ്രതിഫലം നല്‍കാനായി യജമാനന്‍   തന്നെ അരമുറുക്കി അവർക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് ബഹുമാനിക്കും. അവന്‍  ഒന്നാം യാമത്തിലോ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വരാന്‍  പാടുണ്ട്. എപ്പോഴാണ് വരിക എന്നറിഞ്ഞുകൂടാത്തതുകൊണ്ട് എപ്പോഴും ജാഗ്രതയോടെയിരിക്കുക. അങ്ങനെ ചെയ്താല്‍  നിങ്ങള്‍ക്കു സന്തോഷമുണ്ടാകും. നിങ്ങള്‍  കാത്തിരിക്കുന്നതു കാണുന്ന യജമാനനും സന്തോഷമാകും.  സ്വയം വലിയഭാവം നടിച്ച് "സമയം ഇനിയുമുണ്ട്; അവന്‍  ഇന്നു രാത്രിയില്‍  ഏതായാലും വരികയില്ല" എന്നു പറയരുത്. തിന്മ വന്നുചേരും. കള്ളന്‍  എപ്പോഴാണ് വരുന്നതെന്നറിഞ്ഞാല്‍  ഒരുവന്‍  ജാഗ്രത പാലിക്കും. അതുപോലെ നിങ്ങളും തയ്യാറായിരിക്കുവിന്‍ . കാരണം, നിങ്ങള്‍  ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രന്‍  വന്നു പറയും, "സമയമായി" എന്ന്.

എന്നെ ശുശ്രൂഷിക്കുക എന്നത് മനുഷ്യര്‍ പറയുന്നതുപോലെയുള്ള അര്‍ത്ഥത്തില്‍   വിശ്രമമായിരിക്കയില്ല.  ധീരതയും അക്ഷീണപ്രയത്നവുമാണ് അതാവശ്യപ്പെടുന്നത്. എങ്കിലും ഞാന്‍  പറയുന്നു,  അവസാനം  ഈശോ തന്നെയായിരിക്കും അരമുറുക്കി നിങ്ങള്‍ക്കു  ശുശ്രൂഷ  ചെയ്യുന്നത്; നിങ്ങളോടുകൂടി നിത്യവിരുന്നിനിരിക്കുന്നത്. എല്ലാ അദ്ധ്വാനവും ദുഃഖവും അപ്പോള്‍ വിസ്മരിക്കപ്പെടും."