ഈശോ ഗദറാ എന്ന ഗ്രാമത്തിലാണ്. വ്യാപാരകേന്ദ്രം പോലെയുള്ള ഒരു മൈതാനമാണ് പ്രസംഗത്തിനായി ഈശോ തെരഞ്ഞെടുത്തിരിക്കുന്നത്. ചുറ്റുമുള്ള സംഭരണശാലകളില്‍ ധാരാളമാളുകളുണ്ട്. ചിലരെല്ലാം പറഞ്ഞുകേട്ടും ചൂണ്ടിക്കാണിക്കുന്നതു കണ്ടും ഈശോയുടെ ചുറ്റും വേഗംതന്നെ ആളുകൾ വന്നുകൂടിക്കഴിഞ്ഞു. ഈശോ പ്രസംഗം തുടങ്ങുന്നു:
"എന്നെ ശ്രവിക്കുന്ന നിങ്ങൾക്കെല്ലാവര്‍ക്കും സമാധാനം. എസ്രായുടെ പുസ്തകത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "എന്റെ ദൈവമേ, ഈ സംഭവിച്ചതെല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ എന്താണു പറയേണ്ടത്? കാരണം, നിന്റെ ദാസന്മാര്‍ വഴി നീ കല്‍പ്പിച്ച പ്രമാണങ്ങൾ ഞങ്ങൾ പരിത്യജിച്ചെങ്കില്‍ ......"
"എന്നെ ശ്രവിക്കുന്ന നിങ്ങൾക്കെല്ലാവര്‍ക്കും സമാധാനം. എസ്രായുടെ പുസ്തകത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "എന്റെ ദൈവമേ, ഈ സംഭവിച്ചതെല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ എന്താണു പറയേണ്ടത്? കാരണം, നിന്റെ ദാസന്മാര്‍ വഴി നീ കല്‍പ്പിച്ച പ്രമാണങ്ങൾ ഞങ്ങൾ പരിത്യജിച്ചെങ്കില്‍ ......"
"നിര്‍ത്തൂ... ആ പ്രസംഗിക്കുന്ന ആൾ... ഞങ്ങൾ നിനക്ക് വിഷയം തരാം.." ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു പിടി പ്രീശന്മാര്‍ തള്ളിക്കയറി മുന്നോട്ടുവന്നു. അവര്‍ ചോദിക്കുന്നു;
"നീയാണോ നസ്രസ്സിലെ ഈശോ"?
"ഞാനാകുന്നു."
അവരില്‍ ഏറ്റവുംപ്രായമുള്ളയാൾ സംസാരിക്കുന്നു; "കുറെ ദിവസങ്ങളായി ഞങ്ങൾ നിന്നെ അനുധാവനം ചെയ്യുന്നു; പക്ഷേ ഞങ്ങളെത്തുമ്പോഴേക്കും നീ സ്ഥലം വിട്ടുകഴിഞ്ഞിരിക്കും."
"എന്തിനാണ് നിങ്ങൾ എന്റെ പിന്നാലെയെത്തുന്നത്?"
"കാരണം നീയാണ് ഗുരു.. നിയമത്തിലെ ഇരുണ്ട ഒരു ഭാഗത്തെക്കുറിച്ച് നീ ഞങ്ങളെ പഠിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു."
"ദൈവത്തിന്റെ കല്‍പ്പനകളില്‍ ഇരുണ്ട ഭാഗങ്ങളൊന്നുമില്ല. നിങ്ങൾ അറിയാന്‍ ആഗ്രഹിക്കുന്നതെന്താണ്?"
"ഞങ്ങൾക്കറിയേണ്ടത് ഏതെങ്കിലും കാരണത്താല്‍ മനുഷ്യന് അവന്റെ ഭാര്യയെ ഉപേക്ഷിക്കുവാന്‍ പാടുണ്ടോ എന്നാണ്. ഇത് പലപ്പോഴും സംഭവിക്കുന്നു; ഓരോ പ്രാവശ്യവും അതേച്ചൊല്ലി ഓരോ ബഹളവുമുണ്ട്. അത് നിയമാനുസൃതമാണോ എന്നറിയാന്‍ ആളുകൾ ഞങ്ങളെ സമീപിക്കുന്നു. ഓരോ കേസും പഠിച്ചു് ഞങ്ങൾ മറുപടി കൊടുക്കുകയാണു ചെയ്യുന്നത്."
"എന്നിട്ട് തൊണ്ണൂറു ശതമാനം കേസുകൾക്കും നിങ്ങൾ അംഗീകാരം നൽകുന്നു. ബാക്കി പത്തു ശതമാനം കേസുകൾ ദരിദ്രരുടെയോ നിങ്ങളുടെ ശത്രുക്കളുടെയോ ആണ്. അവ നിങ്ങൾ അംഗീകരിക്കുന്നില്ല."
"അതു നീ എങ്ങനെ അറിയുന്നു?"
"മനുഷ്യന്റെ എല്ലാക്കാര്യങ്ങളും ഇങ്ങനെയാണ്. മൂന്നാമതൊരു ഗണം ആളുകളെക്കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവാഹമോചനം നിയമാനുസൃതമാണെങ്കില്‍, അത് അർഹിക്കുന്നവര്‍; അതായത് വളരെ പരിതാപകരമായ കേസുകൾ - സുഖമാകാത്ത കുഷ്ഠരോഗം, ആയുഷ്ക്കാല ജയില്‍വാസം, പറയാന്‍ കൊള്ളാത്ത രോഗങ്ങൾ..."
"അപ്പോൾ നിന്റെ അഭിപ്രായത്തില്‍ വിവാഹമോചനം ഒരിക്കലും നിയമാനുസൃതമല്ല?"
"എന്റെ അഭിപ്രായത്തിലോ, അത്യുന്നതന്റെ കല്‍പ്പനയനുസരിച്ചോ, ആത്മാവില്‍ നീതിയുള്ള ഏതൊരുവന്റെ അഭിപ്രായത്തിലോ അതു ശരിയല്ല. സമയത്തിന്റെ ആരംഭത്തില്‍ സ്രഷ്ടാവ് അവരെ പുരുഷനും സ്ത്രീയുമായിട്ടാണ് സൃഷ്ടിച്ചതെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ? ദൈവം ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; അങ്ങനെ ചെയ്യേണ്ടത് ആവശ്യമായിരുന്നു. എന്നിട്ട് അവന്‍ പറഞ്ഞു: " മനുഷ്യന്‍ അവന്റെ അപ്പനെയും അമ്മയെയും ഉപേക്ഷിച്ച് അവന്റെ ഭാര്യയോടു ചേരും. അങ്ങനെ ഒന്നായിട്ടുള്ള ഐക്യത്തിലാണ് ദൈവം അവരെ യോജിപ്പിച്ചത്. നല്ലതാണെന്നുകണ്ട് ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വിഭജിക്കരുത്. കാരണം, അങ്ങനെ സംഭവിച്ചാല്‍, പിന്നെ അത് നല്ലകാര്യമായിരിക്കയില്ല."
"എങ്കില്‍പ്പിന്നെ, മോശ എന്തുകൊണ്ടാണ് പറഞ്ഞത്, ഒരു മനുഷ്യന്‍ ഭാര്യയെ സ്വീകരിക്കയും എന്തെങ്കിലും കൊള്ളരുതായ്മ നിമിത്തം അവന് അവളോട് തൃപ്തിയില്ലായ്ക വരികയും ചെയ്താല്‍ അവന്‍ അവൾക്കു് ഉപേക്ഷാപത്രം കൊടുത്ത് അവന്റെ വീട്ടില്‍ നിന്ന് പറഞ്ഞയയ്ക്കണമെന്ന്?"
"മോശ അങ്ങനെ പറഞ്ഞത് നിങ്ങളുടെ നിങ്ങളുടെ ഹൃദയത്തിന്റെ കാഠിന്യം നിമിത്തമാണ്. കൂടുതല്‍ ഗൗരവമായ തിന്മകൾ ഒഴിവാക്കാനാണ് ഈ കൽപ്പന തന്നത്. എന്നാല്‍ ആരംഭം മുതല്‍ അങ്ങനെയല്ലായിരുന്നു. കാരണം, ഒരു സ്ത്രീ ഒരു മൃഗത്തേക്കാൾ വിലയുള്ളവളാണ്. ഒരു മൃഗം അതിന്റെ യജമാനന്റെ തോന്നലിനനുസരിച്ചോ, പ്രകൃതിയിലെ സ്വതന്ത്ര സാഹചര്യത്തിലോ ആണിനോട് ഇണചേരും. ആത്മാവില്ലാത്ത ഒരു ശരീരമാണത്; സന്താനോല്‍പ്പാദനത്തിനായി ഇണചേരുന്നു. എന്നാല്‍ നിങ്ങൾക്കുള്ളതുപോലെ നിങ്ങളുടെ ഭാര്യമാര്‍ക്കും ആത്മാവുണ്ട്. കാരുണ്യമില്ലാതെ അവരെ ചവിട്ടി മെതിക്കുന്നത് ശരിയല്ല. സ്ത്രീയ്ക്കു ലഭിച്ച ശാപവാക്കില്‍ ഇങ്ങനെ പറയുന്നു; "നിന്റെ ഭര്‍ത്താവിന്റെ അധികാരത്തിന് നീ വിധേയയായിരിക്കും; അവന്‍ നിന്റെമേല്‍ കര്‍ത്തവ്യം നടത്തും" എന്ന്. എന്നാല്‍ അതു നടക്കേണ്ടത് നീതിപൂര്‍വമാകണം. ധാര്‍ഷ്ട്യത്തോടെയാകരുത്. ഭാര്യമാരെ ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതസഖിയുടെ ആത്മാവിനെ മുറിപ്പെടുത്തുകയാണു ചെയ്യുന്നത്. അവളില്‍ നിന്ന്പരമാര്‍ത്ഥത നിങ്ങൾ ആവശ്യപ്പെടുന്നു; എന്നാല്‍, ഓ! കള്ളസത്യം ചെയ്യുന്നവരേ, നിങ്ങൾ ആത്മാര്‍ത്ഥതയില്ലാത്തവരായി, ദുഷിച്ചവരായി, അവളെ സമീപിക്കുന്നു. തരം കിട്ടുമ്പോഴെല്ലാം അവളെ പ്രഹരിക്കുന്നു; എന്നിട്ട്, നിങ്ങളുടെ വിഷയാസക്തിക്ക്, മതിവരാത്ത വിഷയസുഖങ്ങൾക്കുള്ള രംഗങ്ങൾ വിസ്തൃതമാക്കുന്നു. തങ്ങളുടെ ഭാര്യമാരെ വേശ്യകളാക്കുന്നവരേ, നിയമപ്രകാരം അനുഗ്രഹത്തോടെ നിങ്ങളോടു യോജിപ്പിക്കപ്പെട്ട സ്ത്രീയില്‍ നിന്ന് പിരിഞ്ഞു പോകുവാന്‍ ഒരു കാരണവശാലും നിങ്ങൾക്കു് സാധിക്കയില്ല.
അവിഹിതബന്ധത്തില്‍ കുട്ടികളുണ്ടെങ്കില്‍ അവളെ വിവാഹം ചെയ്ത് ഇടര്‍ച്ചയ്ക്ക് അവസാനമുണ്ടാക്കണം - നീ സ്വതന്ത്രനാണെങ്കില്‍. ഭാര്യയറിയാതെ വ്യഭിചാരത്തിലേര്‍പ്പെടുന്ന ഭർത്താക്കന്മാരുടെ കാര്യമല്ല ഞാന്‍ പറയുന്നത്. അങ്ങനെയുള്ളവരുടെ കാര്യത്തില്‍, അവര്‍ക്കിട്ട് എറിയപ്പെടുന്ന കല്ലുകളും പാതാളത്തിലെ അഗ്നിയും വിശുദ്ധമാണ്. എന്നാല്‍ സ്വന്തം ഭാര്യമാരെക്കൊണ്ടു തൃപ്തിയായി, മടുപ്പു തോന്നിയിട്ട്, അവളെ ഉപേക്ഷിച്ച് വേറൊരുവളെ സ്വീകരിക്കുന്നവന് ഒരു പേരു മാത്രമേയുള്ളൂ. വ്യഭിചാരി. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ സ്വീകരിക്കുന്നവനും വ്യഭിചാരിയാണ്; കാരണം, ദൈവം യോജിപ്പിച്ചതിനെ വേർപിരിക്കാനുള്ള അവകാശം മനുഷ്യന്‍ അപഹരിച്ചാലും, ദൈവതിരുമുമ്പില്‍ വിവാഹത്തിന്റെ ഐക്യം നിലനില്‍ക്കുന്നു. രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കുന്നവന്‍, വിഭാര്യനല്ലെങ്കില്‍ ശപിക്കപ്പെട്ടവനാണ്. എന്നെ പരീക്ഷിക്കാന്‍ വന്ന പ്രീശരേ, നിങ്ങൾക്കു മനസ്സിലായോ?"
വളരെയധികം എളിമപ്പെടുത്തപ്പെട്ട അവര്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
ഈശോ പ്രസംഗം നിര്‍ത്തി, അപ്പസ്തോലന്മാരുമൊത്ത് അവിടെ നിന്ന് യാത്രയാകുന്നു.
ഈശോയുടെ പ്രസംഗം ശ്രവിച്ചുകൊണ്ടിരുന്നവരില്‍ ചിലര്‍ പിറുപിറുക്കുന്നു; "ഇത്ര ചാരിത്ര്യം പാലിക്കണമെങ്കില്‍ മനുഷ്യരായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്." ചിലര്‍ കുറേക്കൂടി ഉച്ചത്തില്‍ പറയുന്നു; "ഭാര്യയെ സംബന്ധിച്ച് മനുഷ്യന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ വിവാഹം കഴിക്കാതെയിരിക്കയാണ് കൂടുതല്‍ നല്ലത്."
നാട്ടിന്‍ പുറത്തേക്കു നടക്കുന്ന അപ്പസ്തോലന്മാരും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. യൂദാസ് അവജ്ഞയോടെയാണു സംസാരം. സബദീപുത്രന്‍ ജയിംസ് ബഹുമാനത്തോടെ ഈശോയോടു സംസാരിക്കുന്നു. രണ്ടുപേര്‍ക്കും ഈശോ മറുപടി നൽകുന്നുണ്ട്. "എല്ലാവരും ഇത് വേണ്ടവിധം മനസ്സിലാക്കുന്നില്ല. ചിലര്‍ ഏകരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നത് അവരുടെ തിന്മകളില്‍ സ്വാതന്ത്ര്യത്തോടെ തുടരുന്നതിനാണ്. ചിലര്‍, നല്ല ഭർത്താക്കന്മാരാകാന്‍ കഴിയാതെ പാപം ചെയ്യുമോ എന്നു ഭയന്നു് ഏകരാകാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഐന്ദ്രികസുഖങ്ങളില്‍ നിന്നുള്ള മോചനത്തിന്റെ സൗന്ദര്യവും സ്ത്രീകളോടുള്ള നിഷ്ക്കളങ്കമായ ആഗ്രഹത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ സന്തോഷവും മനസ്സിലാക്കാനുള്ള കഴിവ് വളരെക്കുറച്ചുപേര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ. അവരാണ് ഭൂമിയില്‍ ഏറ്റവും വിശുദ്ധരും ഏറ്റവും സ്വതന്ത്രരും ദൈവദൂതന്മാരെപ്പോലെയുള്ളവരും. ഞാനുദ്ദേശിക്കുന്നത് ദൈവരാജ്യത്തെപ്രതി ഷണ്ഡന്മാരായിരിക്കുന്നവരെയാണ്. ചിലയാളുകൾ അങ്ങനെയാണ് ജനിക്കുന്നത്. ചിലരെ മനുഷ്യര്‍ അങ്ങനെയാക്കുന്നു. ആദ്യത്തേത് സഹതാപം അര്‍ഹിക്കുന്ന വൈകൃതമാണ്. രണ്ടാമത്തേത്, നിര്‍ത്തലാക്കേണ്ട ചില അധര്‍മ്മങ്ങളാണ്. എന്നാല്‍ മൂന്നാമത് ഒരു കൂട്ടര്‍ കൂടിയുണ്ട്; മനസ്സാലെ ഷണ്ഡന്മാരാകുന്നവര്‍. അവര്‍, തങ്ങളോടു തന്നെ അക്രമം ചെയ്യാതെ, അങ്ങനെ ഇരട്ടി യോഗ്യതയോടെ, ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് ദൈവദൂതന്മാരെപ്പോലെ ജീവിക്കുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ബലിപീഠമാകുന്ന ഭൂമിയില്‍, കര്‍ത്താവിനായി പുഷ്പങ്ങളും ധൂപവും ഇപ്പോഴും ഉണ്ടാകാനിടയാക്കുന്നു. അവര്‍ തങ്ങളുടെ അധമാംശത്തിന്റെ സംതൃപ്തി ഉപേക്ഷിക്കുന്നത് ഉത്തമാംശം കൂടുതല്‍ വളര്‍ന്ന് സ്വര്‍ഗ്ഗത്തില്‍ പുഷ്പിക്കുന്നതിനും രാജാവിന്റെ സിംഹാസനത്തോട് ഏറ്റം അടുത്ത പൂത്തടങ്ങളില്‍ നില്‍ ക്കുന്നതിനുംവേണ്ടിയാണ്. ഞാന്‍ ഗൗരവമായി പറയുന്നു, അവര്‍ അവയവങ്ങൾ ഛേദിച്ചു കളഞ്ഞവരല്ല, നേരെമറിച്ച് മറ്റനേകരേക്കാൾ കഴിവുകൾ കൂടുതലുള്ളവരാണ്. അതിനാല്‍ അവരെക്കുറിച്ച് ബുദ്ധികെട്ട നിന്ദാവാക്കുകൾ പറയപ്പെടുന്നില്ല; വലുതായ വണക്കമാണ് പ്രകടമാവുക. മനസ്സിലാക്കേണ്ടവര്‍ ഇതു മനസ്സിലാക്കട്ടെ; കഴിയുമെങ്കില്‍ അതിനെ ബഹുമാനിക്കട്ടെ."
അപ്പസ്തോലന്മാരില്‍ വിവാഹിതരായവല്‍ തമ്മില്‍ കുശുകുശുപ്പ്.
"നിങ്ങൾക്കെന്തു പറ്റി?" ഈശോ ചോദിക്കുന്നു.
"അപ്പോൾ ഞങ്ങളുടെ കാര്യം എങ്ങിനെ? ഞങ്ങൾക്ക് ഇതറിഞ്ഞുകൂടായിരുന്നു. ഞങ്ങൾ വിവാഹം ചെയ്യുകയും ചെയ്തു. എങ്കിലും നീ പറഞ്ഞതുപോലെയാകാന്‍ ഞങ്ങൾക്കാഗ്രഹമുണ്ട്." എല്ലാവരുടേയും പേർക്ക് ബര്‍ ത്തലോമിയോ പറയുന്നു.
"ഇപ്പോള്‍ മുതല്‍ അങ്ങനെ ജീവിക്കുന്നതിന് നിങ്ങള്‍ക്കു് തടസ്സമില്ല. ഇന്ദ്രിയനിഗ്രഹത്തോടെ ജീവിക്കുക. നിങ്ങളുടെ സഖിയെ സഹോദരിയായി കരുതുക. അപ്പോള്‍ ദൈവതൃക്കണ്ണുകളില്‍ നിങ്ങള്‍ക്കു് വലുതായ യോഗ്യതയുണ്ടാകും. എന്നാല്‍ വേഗം നടക്കൂ.. മഴ വീഴുന്നതിനു മുമ്പ് നമുക്കു് പെല്ലായില്‍ എത്തണം."