ഈശോയും അപ്പസ്തോലന്മാരും ജറീക്കോയിൽ നിന്നും ബഥനിയിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയാണ്. വഴിയിൽ തീർത്ഥാടകർ ധാരാളമുണ്ട്. വഴിയരികിൽ ധാരാളം യാചകരും. ഗുരുവിന്റെ ദയ അറിയാവുന്ന അവർ വലിയ സ്വരത്തിൽ നിലവിളിക്കുന്നു. അവർ അത്ഭുതകരമായ രോഗസൗഖ്യത്തിനായി യാചിക്കുന്നില്ല. ഭിക്ഷ യാചിക്ക മാത്രം ചെയ്യുന്നു. യൂദാസ് അവർക്കു ധർമ്മം കൊടുക്കുന്നുണ്ട്.
ധനികയെന്നു തോന്നിക്കുന്ന ഒരു സ്ത്രീ, അവൾ സവാരി ചെയ്തിരുന്ന കഴുതയെ വഴിയരികിൽ ഒരു വൃക്ഷത്തിൽ കെട്ടിയശേഷം ഈശോയെ കാത്തു നിൽക്കുകയാണ്. ഈശോ അടുത്തു വന്നപ്പോൾ സാഷ്ടാംഗം പ്രണമിക്കുന്നു. അവളുടെ കയ്യിൽ ഒരു കുട്ടിയുണ്ട്. ആ കുട്ടിക്ക് അനക്കമേയില്ല. അവൾ ഒരു വാക്കുപോലും ഉച്ചരിക്കാതെ കുട്ടിയെ ഉയർത്തിക്കാണിക്കുന്നു. അവളുടെ കണ്ണുകളും വിഷമിച്ചിരിക്കുന്ന മുഖവും പ്രാർത്ഥിക്കുന്നുണ്ട്. പക്ഷേ ഈശോയുടെ ചുറ്റിലും വേലികെട്ടിയതുപോലെ ആളുകളാണ്. അതിനാൽ റോഡരികിൽ മുട്ടിന്മേൽ നിൽക്കുന്ന സ്ത്രീയെ ഈശോ കാണുന്നില്ല.
അവളോടുകൂടി വന്നിട്ടുള്ള ഒരു പുരുഷനും സ്ത്രീയും അവളോടു സംസാരിക്കുന്നുണ്ട്. ആ മനുഷ്യൻ തലകുലുക്കിക്കൊണ്ടു പറയുന്നു; "നമുക്കൊന്നുമില്ല." എന്നാൽ ആ സ്ത്രീ ഉച്ചത്തിൽ പറയുന്നു; "സ്വാമിനീ, അവൻ നിന്നെ കണ്ടിട്ടില്ല. വിശ്വാസത്തോടെ അവനെ വിളിക്കുക. അവൻ നിന്റെ പ്രാർത്ഥന ശ്രവിക്കും."
ഏതാനും വാര മുമ്പോട്ടു കടന്നുപോയ ഈശോ നിന്ന് ഉച്ചത്തിൽ സംസാരിച്ചതാരാണെന്നു നോക്കുകയാണ്. അപ്പോൾ ആ ഭൃത്യ പറയുന്നു; "സ്വാമിനീ, അവൻ നിന്നെയാണന്വേഷിക്കുന്നത്. അതിനാൽ എഴുന്നേറ്റു് അവന്റെ പക്കലേക്കു പോകൂ. ഫാബിയ സുഖം പ്രാപിക്കും." എഴുന്നേൽക്കാനും ഈശോയുടെ പക്കലേക്കു പോകുവാനും സ്വാമിനിയെ അവൾ സഹായിക്കുന്നു. ഈശോ പറയുന്നു: "എന്നോടു് അപേക്ഷിച്ചവർ എന്റെ പപക്കലേക്കു വരണം. കരുണയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർക്ക് കരുണ ലഭിക്കുന്ന സമയമാണിത്."
ആ സ്ത്രീകൾ രണ്ടുപേരും ജനക്കൂട്ടത്തിടയിലൂടെ സ്ഥലമുണ്ടാക്കി, ഭൃത്യ മുമ്പിലും സ്വാമിനി പിമ്പിലുമായി ഈശോയെ സമീപിക്കാറായി. അപ്പോൾ ഒരു സ്വരം കേൾക്കുന്നു; "എന്റെ മരിച്ചുപോയ കൈ നോക്കൂ!... ദാവീദിന്റെ പുത്രൻ അനുഗ്രഹീതനാകട്ടെ! ശക്തനും പരിശുദ്ധമായ യഥാർത്ഥ മ്ശിഹാ!"
ആളുകൾ തിരിഞ്ഞുനോക്കുകയും കാര്യം എന്താണെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഈശോയ്ക്കുചുറ്റും അലയടിക്കുന്നപോലെ ആളുകൾ നീങ്ങുന്നു. ഒരു വൃദ്ധൻ പതാക പറപ്പിക്കുന്നതുപോലെ അയാളുടെ സുഖപ്പെട്ട കൈ വീശുന്നു. ആളുകൾ അയാളെ ചോദ്യംചെയ്തു. അയാൾ മറുപടി പറയുന്നു; "അവൻ നിന്നു. അപ്പോൾ അവന്റെ മേലങ്കിയുടെ വക്ക് എനിക്ക് പിടികിട്ടി. അതുകൊണ്ട് ഞാൻ എന്നെത്തന്നെ മൂടി. ആ നിമിഷത്തിൽ തീയും ജീവനുംഎന്റെ ആ കൈയിലേക്ക് പ്രവഹിക്കുന്നതായി എനിക്കു തോന്നി. ഇതാ ആ കൈ. എന്റെ വലുതുകൈ ഇടതുകൈ പോലെ തന്നെയായിരിക്കുന്നു, അവന്റെ വസ്തത്തിന്മേൽ ആ കൈ തൊട്ടു എന്ന ഒരു പ്രവൃത്തിയാൽ മാത്രം."
ഈ സമയത്ത് ഈശോ ആ സ്ത്രീയോട് ചോദിക്കുന്നു: "നീ എന്താണാഗ്രഹിക്കുന്നത്?"
ആ സ്ത്രീ അവളുടെ കുട്ടിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പറയുന്നു; "ഇവളും ജീവിക്കാൻ അവകാശമുള്ളവളാണ്. ഇവൾ നിഷ്ക്കളങ്കയാണ്. ഇന്ന സ്ഥലം വേണമെന്നോ ഇന്ന രക്തം വേണമെന്നോ ഇവൾ ആവശ്യപ്പെട്ടില്ല. ഞാൻ തെറ്റുകാരിയാണ്; ശിക്ഷയനുഭവിക്കേണ്ടവൾ തന്നെ. പക്ഷേ ഈ കുഞ്ഞ് അതു സഹിക്കേണ്ട."
"ദൈവത്തിന്റെ കാരുണ്യം മനുഷ്യരുടേതിനേക്കാൾ വലുതാണെന്ന പ്രത്യാശ നിനക്കുണ്ടോ?"
'"കർത്താവേ, എനിക്കുണ്ട്. ഞാൻ വിശ്വസിക്കുന്നു. എന്റെ പേർക്കും എന്റെ കുഞ്ഞിന്റെ പേർക്കും ഞാൻ വിശ്വസിക്കുന്നു. എന്റെ കുഞ്ഞിന് മനസ്സിന്റെ തെളിവും ചലനശക്തിയും നീ
നൽകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. നീ ജീവനാണെന്ന് പറയപ്പെടുന്നു......"അവൾ കരയുകയാണ്.
"ഞാനാണ് ജീവൻ. എന്നിൽ വിശ്വസിക്കുന്നവർക്ക് അരൂപിയുടെ ജീവനും ശരീരത്തിന്റെ ജീവനും ഉണ്ടാകും. ഞാൻ അതാവശ്യപ്പെടുന്നു."
ഈ വാക്കുകൾ ഈശോ വളരെ ഉച്ചത്തിലാണ് പറഞ്ഞത്. ചലനമില്ലാത്ത കുഞ്ഞിന്റെ മേൽ ഈശോ കൈകൾ വയ്ക്കുന്നു. ആ കുഞ്ഞ് അനങ്ങുന്നു; ഇളകുന്നു; പുഞ്ചിരിക്കുന്നു; ഒരു വാക്കു പറയുന്നു; "അമ്മ."
"അവൾ അനങ്ങുന്നു; അവൾ ചിരിക്കുന്നു, അവൾ സംസാരിക്കുന്നു. ഫാബിയൂസേ, സ്വാമിനീ." ആ സ്ത്രീകൾ രണ്ടുപേരും അത്ഭുതത്തിന്റെ ഗതിയെ അനുധാവനം ചെയ്യുന്നു. അത് ഉച്ചത്തിൽ പ്രഖ്യാപിക്കുന്നു. അവർ കുട്ടിയുടെ പിതാവിനെ വിളിക്കുന്നു. അയാൾ ജനക്കൂട്ടത്തിനിടയിലൂടെ തള്ളിക്കയറി സ്ത്രീകളുടെ പക്കലെത്തുന്നു. അവർ കരഞ്ഞുകൊണ്ട് ഈശോയുടെ
കാൽക്കലെത്തിക്കഴിഞ്ഞു. ഭൃത്യ പറയുന്നു; "അവനു് എല്ലാവരോടും കരുണയുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ?"
കുട്ടിയുടെ അമ്മ പറയുന്നു; "ഇനി എന്റെ പാപവും നീ പൊറുക്കേണമേ."
"നിങ്ങൾക്കു തന്ന കൃപയിലൂടെ നിന്റെ തെറ്റ് ക്ഷമിച്ചു എന്നല്ലേ സ്വർഗ്ഗം വ്യക്തമാക്കിയിരിക്കുന്നത്. എഴുന്നേറ്റു് നടക്കുവിൻ. നിന്റെ മകളോടും നീ തെരഞ്ഞെടുത്ത മനുഷ്യനോടും കൂടെ പുതിയ മാർഗ്ഗത്തിൽ ചരിക്കുവിൻ. പൊയ്ക്കൊള്ളൂ. സമാധാനം നിന്നോടുകൂടെ. കൊച്ചുപെൺകുട്ടീ, നിന്നോടുകൂടെയും; വിശ്വസ്തയായ ഇസ്രായേൽക്കാരീ, നിന്നോടുകൂടെയും; ദൈവത്തോടുള്ള നിന്റെ വിശ്വസ്തതയ്ക്കും നീ സേവനം ചെയ്യുന്ന കുടുംബത്തിലെ മകളോടു കാണിച്ച വിശ്വസ്തതയ്ക്കും ഹൃദയംകൊണ്ട് നിയമത്തോട് നീ വിശ്വസ്തത കാണിച്ചതിനും നിനക്ക് വലിയ സമാധാനം; മനുഷ്യാ, നിനക്കും സമാധാനം; ഇസ്രായേലിൽ അനേകരേക്കാൾ നീ മനുഷ്യപുത്രനോട് ബഹുമാനം കാണിച്ചിരിക്കുന്നു."
ഈശോ അവരെ വിട്ടുപോയി. ജനം വൃദ്ധനെ വിട്ട് പുതിയ അത്ഭുതത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. തളർന്ന്, ബുദ്ധിമാന്ദ്യം സംഭവിച്ച പെൺകുട്ടി ഇപ്പോൾ തുള്ളിച്ചാടി നടക്കുന്നു.
ഈശോ യാത്ര തുടരാൻ ഒരുങ്ങുന്നു. എന്നാൽ നാൽക്കവലയിൽ നിന്ന് രണ്ടുപേരുടെ ദീനരോദനം. "കർത്താവായ ഈശോയേ, ദാവീദിന്റെ പുത്രാ, എന്റെമേൽ കരുണയായിരിക്കേണമേ." ജനക്കൂട്ടത്തിന്റെ ശബ്ദത്തിന്റെ ശബ്ദത്തിനു മീതെ ഒരുപ്രാവശ്യം കൂടി അതാവർത്തിച്ചു. എന്നാൽ ആളുകൾ പറയുന്നു; "മിണ്ടാതിരിക്കൂ, ഗുരു പൊയ്ക്കൊള്ളട്ടെ."
എന്നാൽ അവർ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറയുന്നു; "കർത്താവായ ഈശോയേ, ദാവീദിന്റെ പുത്രാ, എന്റെമേൽ കരുണയായിരിക്കേണമേ."
ഈശോ വീണ്ടും നിന്നു. "പോയി ആ കരയുന്നവരെ എന്റെ പക്കലേക്കു കൂട്ടിക്കൊണ്ടു വരൂ."
ചിലർ ഉടനെ പോയി. അവർ ആ അന്ധരോടു പറഞ്ഞു; "വരൂ, അവനു് നിങ്ങളുടെമേൽ കരുണയുണ്ട്. എഴുന്നേൽക്കൂ.. കാരണം അവൻ നിങ്ങളെ തൃപ്തരാക്കാൻ പോകുന്നു. അവൻ നിങ്ങളെ വിളിക്കുന്നു." അവരെ ജനക്കൂട്ടത്തിനിടയിലൂടെ കൂട്ടിക്കൊണ്ടു പോകാൻ അവർ ശ്രമിക്കുന്നു.
ഒരുവൻ അതിനു വഴങ്ങി. മറ്റേയാൾ കുറേക്കൂടെ ചെറുപ്പക്കാരനാണ്. വിശ്വാസവും കുടുതലുണ്ടെന്നു തോന്നുന്നു. അയാൾ തന്നെത്താൻ മുമ്പോട്ടു കുതിക്കുകയാണ്. വടി മുന്നോട്ടു നീട്ടിപ്പിടിച്ച് അന്ധർക്കു സഹജമായ രീതിയിൽ മുഖമുയർത്തി പുഞ്ചിരിയോടെ വളരെ വേഗത്തിൽ മുമ്പോട്ടു പോകുന്നു. ഈശോയുടെ അടുക്കൽ അവൻ ആദ്യമെത്തി. ഈശോ അവനെ പിടിച്ചുനിർത്തി ചോദിക്കുന്നു; "ഞാൻ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?"
"ഗുരുവേ, എനിക്കു കാഴ്ച കിട്ടണം. ഓ! കർത്താവേ, എന്റെയും എന്റെ കൂടെയുള്ളവന്റേയും കണ്ണുകൾ തുറക്കേണമേ." മറ്റേ അന്ധനും എത്തി. അയാളെ അവർ ഒന്നാമന്റെ അടുത്തുതന്നെ മുട്ടിന്മേൽ നിർത്തി.
ഈശോ തന്റെ കരങ്ങൾ അവരുടെ മുഖത്തുവച്ച് ഇങ്ങനെ പറയുന്നു: "നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കട്ടെ. പൊയ്ക്കൊള്ളൂ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചിരിക്കുന്നു."
ഈശോ കൈകൾ മാറ്റി. അവരുടെ അധരങ്ങളിൽ സ്തുതിയും സന്തോഷവും. "എനിക്കു കാണാം ഉറിയേൽ; എനിക്കു കാണാം ബർത്തിമേയൂസ്." പിന്നെ രണ്ടുപേരും കൂടെപ്പറയുന്നു; "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതനാകുന്നു. അവനെ അയച്ചവൻ അനുഗ്രഹീതനാകുന്നു. ദൈവത്തിനു മഹത്വം. ദാവീദിന്റെ പുത്രന് ഓശാന." രണ്ടുപേരും സാഷ്ടാംഗം പ്രണമിച്ച് ഈശോയുടെ പാദങ്ങൾ ചുംബിക്കുന്നു. പിന്നീട് അവർ എഴുന്നേറ്റുനിന്നു. ഉറിയേൽ പറയുന്നു; "കർത്താവേ, ഞാൻ എന്റെ ബന്ധുക്കളുടെ പക്കലേക്കു പോയി അവരെ കാണിക്കാൻ ഉറച്ചിരിക്കുന്നു. പിന്നീട് ഞാൻ തിരിച്ചുവന്ന് നിന്നെ അനുഗമിച്ചുകൊള്ളാം." ബർത്തിമേയൂസ് എന്നാൽ ഇപ്രകാരമാണ് പറയുന്നത്; "ഞാൻ നിന്നെ വിട്ടുപോകയില്ല. ഞാൻ ബന്ധുക്കളെ വിവരമറിയിക്കും. അതൊരു വലിയ സന്തോഷമായിരിക്കും. എങ്കിലും നിന്നിൽ നിന്ന് അകന്നു പോകാൻ ഞാനുദ്ദേശിക്കുന്നില്ല. നീ എനിക്കു കാഴ്ച നൽകി. എന്റെ ജീവിതം മുഴുവൻ നിനക്കായി ഞാൻ സമർപ്പിക്കുന്നു. നിന്റെ ദാസരിൽ ഏറ്റം ചെറിയവന്റെ ആഗ്രഹം സാധിച്ചുതരേണമേ."
"വന്ന് എന്നെ അനുഗമിക്കുക. സന്മനസ്സ് എല്ലാവരേയും തുല്യരാക്കുന്നു."
ഈശോ യാത്ര തുടരുകയായി. ജനക്കൂട്ടം ഹോസാനാ വിളികൾ തുടരുന്നു. ബർത്തിമേയൂസ് അവരുടെ കൂടെ നടക്കുമ്പോൾ പറയുന്നു; "ഞാൻ ഒരു കഷണം അപ്പത്തിനായി വന്നു. എന്നാൽ ഞാൻ കർത്താവിനെക്കണ്ടു. ഞാൻ ദരിദ്രനായിരുന്നു. ഇപ്പോൾ വിശുദ്ധനായ രാജാവിന്റെ സേവകനാണ് ഞാൻ. കർത്താവിനും അവന്റെ മ്ശിഹായ്ക്കും മഹത്വമുണ്ടാകട്ടെ."