ജാലകം നിത്യജീവൻ: ഈശോ യൂദാസിനോടു സംസാരിക്കുന്നു

nithyajeevan

nithyajeevan

Saturday, November 12, 2011

ഈശോ യൂദാസിനോടു സംസാരിക്കുന്നു

               ഈശോയും  അപ്പസ്തോലന്മാരും ജോപ്പായിലാണ്. അവർക്ക് ആതിഥ്യം  നൽകിയ വീടിന്റെ നടുമുറ്റത്ത് ഈശോ ധ്യാനനിമഗ്നനായി ഇരിക്കുന്നു. ദരിദ്രർക്കുള്ള സഹായം വിതരണം ചെയ്യാൻ പോയിരുന്ന യൂദാസ്, ജോലി തീർത്തു മടങ്ങിയെത്തി ഈശോയെ വിവരം അറിയിച്ചു. ഈശോ ചോദിക്കുന്നു: "അവസാനത്തുട്ടു വരെ കൊടുത്തോ? നമുക്കു കിട്ടുന്നത് നമുക്കല്ല എന്നോർത്തു കൊള്ളണം. സ്നേഹത്തോടെ മറ്റുള്ളവരെ സഹായിക്കാനുള്ളതാണ് അത്. നമ്മൾ  ദരിദ്രരാണ്. മറ്റുള്ളവരുടെ കാരുണ്യത്തിലാണ് നമ്മൾ  ജീവിക്കുന്നത്. മാനുഷികമായ ഓരോ കാര്യങ്ങൾക്കായി സ്വന്തം ദൗത്യം ചൂഷണമാർഗ്ഗമാക്കുന്നവനു ദുരിതം."

"ഒരു ദിവസം അപ്പമില്ലാതിരുന്നതിനാൽ  നമ്മൾ  കുരികിലുകളെ അനുകരിച്ചതിന് നമ്മൾ  നിയമം തെറ്റിക്കുന്നവരാണെന്ന് കുറ്റപ്പെടുത്തപ്പെട്ടെങ്കിൽ, ഇനിയും നമ്മൾ  എന്തുചെയ്യും?"

"നിനക്ക് എന്തിന്റെയെങ്കിലും കുറവുണ്ടായോ യൂദാസേ? നീ എന്റെ കൂടെ വന്നതിൽപ്പിന്നെ ആവശ്യമുള്ള എന്തെങ്കിലും ഇല്ലാതെ വന്നോ? ക്ഷീണിച്ചു തളർന്ന് നീ വഴിയിൽ വീണുപോയിട്ടുണ്ടോ?"

"ഇല്ല, ഗുരുവേ."

 കൊള്ളാം, യൂദാസേ, നിനക്കെന്തുകൊണ്ടാണ് ഇത്രയധികം വ്യത്യാസം വന്നത്? നിന്റെ തൃപ്തിയില്ലായ്മയും നിസ്സംഗതയും എന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നിനക്കറിഞ്ഞു കൂടെ? നിന്റെ അതൃപ്തി, നിന്റെ കൂട്ടുകാരെയും ബാധിക്കുന്നുണ്ടെന്ന് നിനക്കറിഞ്ഞു കൂടെ? യൂദാസേ, എന്റെ സ്നേഹിതാ, എന്തുകൊണ്ടാണ് ഇപ്പോൾ നീയെന്നെ ഉപേക്ഷിക്കുന്നത്? ഒരു മഹത്തായ സ്ഥാനത്തേയ്ക്കാണ് നീ വിളിക്കപ്പെട്ടിരിക്കുന്നത്. എന്റെ സ്നേഹത്തിലേക്കും പ്രകാശത്തിലേക്കും എത്ര ഉത്സാഹത്തോടെയാണ് നീ വന്നത്!"

"ഗുരുവേ, ഞാൻ നിന്നെ ഉപേക്ഷിക്കുന്നില്ല. ഞാനാണു് നിന്നെ ഏറ്റവുമധികം അന്വേഷിക്കുന്നത്; നിന്റെ താത്പര്യങ്ങളെയും നിന്റെ വിജയത്തെയും സംരക്ഷിക്കുന്നത്. നീ എല്ലായിടത്തും വിജയിക്കുന്നതു കാണാൻ ഞാനാഗ്രഹിക്കുന്നു. എന്നെ വിശ്വസിക്കുക."

 "എനിക്കറിയാം. അതു മാനുഷികമായ രീതിയിലാണ് നീ ആഗ്രഹിക്കുന്നത്. എന്നാൽ യൂദാസേ, എന്റെ സ്നേഹിതാ, അതല്ല ഞാനാഗ്രഹിക്കുന്നത്. ഞാൻ വന്നിരിക്കുന്നത് മാനുഷികമായ ഒരു വിജയത്തേയും മാനുഷികമായ ഒരു രാജ്യത്തെയുംകാൾ വളരെയധികം മഹത്തായ ഒരു കാര്യത്തിനു വേണ്ടിയാണ്. ഞാൻ വന്നിരിക്കുന്നത്, എന്റെ സ്നേഹിതർക്ക് മാനുഷികവിജയങ്ങൾ എന്ന അപ്പക്കഷണം നൽകാനല്ല; നേരെമറിച്ച്, മഹത്തായ, ധാരാളമായ, കാതലായ ഒരു പ്രതിസമ്മാനം നൽകാനാണ്. അത് വളരെ പൂർണ്ണമായതിനാൽ പ്രതിഫലം എന്നുപറയാൻ പറ്റുകയില്ല. അത് എന്റെ നിത്യമായ രാജ്യത്തിലുള്ള ഭാഗഭാഗിത്വമാണ്. അത് ദൈവമക്കളുടെ അവകാശത്തിൽ ഒന്നിച്ചുചേരലാണ്.... ഓ! യൂദാസേ, ഇത്ര ഉദാത്തമായ പിതൃസ്വത്തിന്റെ അവകാശത്തെക്കുറിച്ച് നിനക്ക് ആഹ്ളാദമില്ലാത്തത് എന്തുകൊണ്ടാണ്?

എന്റെ സ്വത്തിന്റെ കാര്യസ്ഥൻ നീയാണ്. ദൈവപുത്രനായ മനുഷ്യപുത്രൻ സ്വീകരിക്കുന്ന ദാനങ്ങളുടെ വിതരണക്കാരൻ നീയാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും പേരിൽ അവ മനുഷ്യർക്കു കൊടുക്കുന്നത് നീയാണ്. യൂദാസേ, മധുരമായ ഈ സന്ധ്യാവേളയിൽ നമ്മൾ രണ്ടുപേരും മാത്രമേയുള്ളൂ. നിന്റെ കൂട്ടുകാരെല്ലാം വീട്ടിന്നുള്ളിലേക്കു പിൻവാങ്ങി. യൂദാസേ, നമ്മുടെ ഹൃദയങ്ങൾ, വിദൂരതയിലായിരിക്കുന്ന നമ്മുടെ വീടുകളിലേക്കു പറക്കുന്നു; നമ്മുടെ അമ്മമാരുടെ പക്കലെത്തുന്നു. അവർ, തനിയെ കഴിക്കാനുള്ള അത്താഴം ഒരുക്കുമ്പോൾ
തീർച്ചയായും  നമ്മെക്കുറിച്ചു ചിന്തിക്കും. നമ്മൾ ഭക്ഷണത്തിനിരിക്കുന്ന സ്ഥലത്തെ അവർ കൈകൊണ്ടു തലോടും. നമ്മുടെ അമ്മമാർ! എന്റെ അമ്മ, വളരെ വിശുദ്ധിയും നൈർമ്മല്യവും ഉള്ളവൾ, നിങ്ങളോടു് വളരെ ഇഷ്ടമുള്ളവൾ -  നിങ്ങൾക്കായി പ്രാർത്ഥിക്കുന്നവൾ - അവൾക്ക് ഈ ഒരു സമാധാനമാണുള്ളത്; അതായത്, നിങ്ങളുടെ സ്നേഹം എനിക്കു ചുറ്റും ഉണ്ടല്ലോ എന്ന അറിവ്. അവളെ നിരാശപ്പെടുത്തരുതേ! എന്റെ പ്രിയ സ്നേഹിതാ, ഒരമ്മയുടെ ഹൃദയത്തെ മുറിപ്പെടുത്തരുതേ! യൂദാസേ, നിന്റെ അമ്മ! നമ്മൾ അവസാനമായി നിന്റെ നാട്ടിലൂടെ കടന്നുപോന്ന അവസരത്തിൽ എന്നെ അനുഗ്രഹിച്ചതിനു കണക്കില്ല.
 
 എന്റെ പാദങ്ങൾ ചുംബിക്കാൻ അവൾ ആഗ്രഹിച്ചു; കാരണം  അവളുടെ മകൻ പ്രകാശത്തിലാണല്ലോ എന്ന ചിന്തയാൽ അവൾക്കു സന്തോഷമായി. എന്നോടു പലപ്രാവശ്യം പറഞ്ഞു; "ഓ! ഗുരുവേ, എന്റെ യൂദാസിനെ പരിശുദ്ധനാക്കൂ." തന്റെ കുഞ്ഞിന്റെ സുസ്ഥിതിയല്ലാതെ മറ്റെന്താണ് ഒരമ്മയുടെ ഹൃദയം ആഗ്രഹിക്കുന്നത്? നിത്യമായ  നന്മയേക്കാൾ ശ്രേഷ്ഠമായ മറ്റേതു നന്മയാണുള്ളത്? യൂദാസേ, എന്റെ വഴിയിലൂടെയല്ലേ ആ നന്മ പ്രാപിക്കുന്നത്? യൂദാസേ, നിന്റെ അമ്മ വിശുദ്ധയായ ഒരു സ്ത്രീയാണ്; ഇസ്രായേലിന്റെ സാക്ഷാൽ പുത്രി. എന്റെ പാദങ്ങൾ ചുംബിക്കാൻ  ഞാനവളെ അനുവദിച്ചില്ല. കാരണം നിങ്ങളെന്റെ സ്നേഹിതരാണ്. നിങ്ങളുടെ അമ്മമാരിലും എല്ലാ നല്ല അമ്മമാരിലും ഞാൻ എന്റെ അമ്മയെക്കാണുന്നു. അവളെ കൊല്ലാതിരിക്കാൻ നിങ്ങൾ ആഗ്രഹിക്കണമെന്ന് ഞാൻ കരുതുന്നു. കാരണം, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ അമ്മമാരെ കൊല്ലുന്നതുപോലെ ആയിരിക്കും."