ജാലകം നിത്യജീവൻ: നവംബര്‍ 30 - വി. ആന്‍ഡ്രൂവിന്റെ തിരുനാള്‍

nithyajeevan

nithyajeevan

Wednesday, November 30, 2011

നവംബര്‍ 30 - വി. ആന്‍ഡ്രൂവിന്റെ തിരുനാള്‍

ഇന്ന് തിരുസഭ അപ്പസ്തോലനായ വി. ആൻഡ്രൂവിന്റെ തിരുനാള്‍ കൊണ്ടാടുന്നു. 

അപ്പസ്തോലതലവനായ വി. പത്രോസിന്റെ സഹോദരനാണ് വി. ആന്‍ഡ്രൂ. ഈശോയെ ആദ്യം അനുഗമിച്ച രണ്ടുപേരില്‍ ഒരുവനും വി. പത്രോസിനെ ഈശോയിലേക്കു നയിച്ചവനുമായിട്ടാണ് വി. ആന്‍ഡ്രൂ അറിയപ്പെടുന്നത്.     എടുത്തുചാട്ടക്കാരനും പരുക്കനുമായ പത്രോസിന്റെ നേർവിപരീതസ്വഭാവക്കാരനാണ് അനുജന്‍ ആന്‍ഡ്രൂ. അതീവശാന്തനും സമാധാനപ്രിയനുമായ   ആന്‍ഡ്രൂ   ഈശോയ്ക്ക് ഏറെ പ്രിയങ്കരനുമാണ്. 
ഈശോയുടെ പരസ്യജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ത്തന്നെ  വി. ആന്‍ഡ്രൂ തന്റെ നിശ്ശബ്ദപരിശ്രമങ്ങളാൽ ഈശോയ്ക്കായി ആത്മാക്കളെ നേടിയിരുന്നു. 

ഒരുവേള ഈശോ വി. ആന്‍ഡ്രൂവിനോടു  പറയുന്നു; "നിന്നെയും നിന്റെ സഹോദരന്‍ സൈമണേയും കൂടി ഒരുമിച്ച് മൂശയിലിട്ട് വീണ്ടും രൂപപ്പെടുത്തണം. അപ്പോൾ രണ്ടുപേരും പരിപൂര്‍ണ്ണരാകും. ഇപ്പോൾ നിങ്ങൾ എത്ര വ്യത്യസ്തരാണ് ! നിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് നീ പത്രോസിനെപ്പോലെ തന്നെയായിത്തീരും എന്നു ഞാന്‍ പറഞ്ഞാല്‍ നീ വിശ്വസിക്കുമോ?"

"നീ അങ്ങനെ പറയുകയാണെങ്കിൽ അങ്ങനെതന്നെ സംഭവിക്കും. അതെങ്ങിനെയാണെന്നു പോലും ഞാന്‍ ചോദിക്കില്ല. കാരണം നീ പറയുന്നതെല്ലാം സത്യമാണ്. എന്റെ സഹോദരന്‍ സൈമണേപ്പോലെയാകുന്നത് എനിക്കു സന്തോഷമാണ്. കാരണം അവന്‍ നീതിമാനും അങ്ങയെ സന്തോഷിപ്പിക്കുന്നവനുമാണ്.  സൈമൺ സമർത്ഥനാണ്. അതിനെക്കുറിച്ച് എനിക്കു  സന്തോഷവുമാണ്. അവനു ശക്തിയും ധൈര്യവുമുണ്ട്. എന്നാല്‍ മറ്റുള്ളവർക്കും ......."

"നിനക്കില്ലേ?"

"ഓ! എനിക്കോ? എന്നെക്കുറിച്ചു തൃപ്തിയുള്ളതു നിനക്കു മാത്രമാണ്."

 "ശബ്ദമുണ്ടാക്കാതെ മറ്റുള്ളവരെക്കാൾ ആഴത്തില്‍ ജോലി ചെയ്യുന്നത് നീയാണെന്നു മനസ്സിലാക്കുന്ന ഏക വ്യക്തിയും ഞാന്‍ മാത്രമാണ്. കാരണം, പന്ത്രണ്ടു പേരില്‍ ചിലര്‍, അവര്‍ ചെയ്യുന്ന ജോലിയോളം തന്നെ ശബ്ദമുണ്ടാക്കുന്നവരാണ്. ചിലര്‍,  ചെയ്യുന്ന ജോലിയേക്കാൾ കൂടുതൽ ശബ്ദമുണ്ടാക്കുന്നു ചിലര്‍ നിരന്തരം ജോലി ചെയ്യുക മാത്രം ചെയ്യുന്നു. എളിയതും  അവഗണിക്കപ്പെടുന്നതും അദ്ധ്വാനമുള്ളതുമായ ജോലി.. അവര്‍ ഒന്നും ചെയ്യുന്നില്ല എന്നു മറ്റുള്ളവര്‍ ചിന്തിച്ചേക്കും. എന്നാൽ എല്ലാം കാണുന്നവന്‍ അതറിയുന്നു." 

 വി. ആന്‍ഡ്രൂവിന്റെ സുവിശേഷപ്രവർത്തനം കോൺസ്റ്റാന്റിനോപ്പിളിലും മാസിഡോണിയായിലും ഗ്രീസിലുമായിരുന്നു  എന്നു  വിശ്വസിക്കപ്പെടുന്നു.  നീറോ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലത്ത് AD 60 നവംബർ 30 ന് വി. ആന്‍ഡ്രൂ രരക്തസാക്ഷിത്വം വരിച്ചു. 'X' ആകൃതിയിലുള്ള കുരിശില്‍ കെട്ടിയിടപ്പെട്ട് രണ്ടുദിവസം കൊണ്ടാണ് അദ്ദേഹം മരിച്ചത്. ആ രണ്ടുദിവസവും അദ്ദേഹം വിശ്വാസികളോടു സുവിശേഷം പ്രസംഗിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു.