ജാലകം നിത്യജീവൻ: March 2011

nithyajeevan

nithyajeevan

Friday, March 25, 2011

മാർച്ച് 25 - മംഗലവാർത്തത്തിരുന്നാൾ

(മേരിയുടെ മാതാപിതാക്കളായ ജോവാക്കിമിനും അന്നയ്ക്കും അവരുടെ വാർദ്ധക്യത്തിൽ ജനിച്ച പുത്രിയായിരുന്നു മേരി. അവൾക്ക് മൂന്നുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ, അവർ ദൈവത്തോടു ചെയ്ത വാഗ്ദാനപ്രകാരം മേരിയെ ദേവാലയത്തിൽ സമർപ്പിച്ചു. പതിനഞ്ചു വയസ്സുവരെ അവൾ ദേവാലയത്തിലെ കന്യകയായിട്ടാണ് വളർന്നത്. പിന്നീട് ദൈവപരിപാലനപ്രകാരം, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫുമായുള്ള വിവാഹം തീരുമാനിക്കപ്പെടുകയും ദേവാലയത്തിൽ വച്ചു നടത്തിയ വിവാഹവാഗ്ദാനച്ചടങ്ങിനുശേഷം (അവളുടെ മാതാപിതാക്കൾ ഇതിനകം മരണമടഞ്ഞിരുന്നു) മേരി അവളുടെ നസ്രസ്സിലെ ഭവനത്തിലെത്തുകയും ചെയ്യുന്നു.)


              മേരി അവളുടെ നസ്രസ്സിലെ ഭവനത്തിലാണ്. അവളുടെ ചെറിയ മുറിയിലിരുന്ന് മഞ്ഞുപോലെ വെൺമയള്ള കുറച്ചു നൂൽ നൂൽക്കുകയാണ്. വീട്ടിലും ചേർന്നുള്ള അടുക്കളത്തോട്ടത്തിലും വലുതായ നിശ്ശബ്ദത. മേരിയുടെ മുഖത്തും ചുറ്റുമുള്ള സ്ഥലത്തെ വലുതായ സമാധാനം. അവൾ താഴ്ന്ന സ്വരത്തിൽ പാടാൻ തുടങ്ങുന്നു. പിന്നീട് സ്വരം അൽപ്പം കൂടി ഉയരുന്നു. എന്നാൽ ഉച്ചത്തിൽ പാടുന്നില്ല. അവളുടെ മുഖം സുന്ദരമായി തുടുത്തിരിക്കുന്നു.
                 ഇപ്പോൾ പാട്ട് ഒരു പ്രാർത്ഥനയായി മാറിയിരിക്കുന്നു. "അത്യുന്നതനായ ദൈവമേ, ലോകത്തിനു സമാധാനം കൊണ്ടുവരുന്ന അങ്ങേ ദാസനെ അയയ്ക്കുവാൻ ഇനിയും വൈകരുതേ. അനുകൂലമായ കാലവും പരിശുദ്ധയും ഫലദായികയുമായ കന്യകയെയും അവിടുത്തെ ക്രിസ്തുവിന്റെ വരവിനായി ഞങ്ങൾക്കു നൽകണമേ. ഭൂമിയിൽ അങ്ങേ പ്രകാശവും നീതിയും കണ്ടതിനുശേഷവും രക്ഷ സാധിച്ചുകഴിഞ്ഞു എന്നറിഞ്ഞതിനുശേഷവും മാത്രം മരിക്കുവാനുള്ള അനുഗ്രഹം എനിക്കു തരേണമേ. ഓ, ഏറ്റം പരിശുദ്ധനായ പിതാവേ, പ്രവാചകന്മാർ വാഗ്ദാനം ചെയ്ത രക്ഷകനെ ഭൂമിയിലേക്കയയ്ക്കേണമേ. രക്ഷകനെ അങ്ങേ ദാസിയുടെ പക്കലേക്കയയ്ക്കേണമേ. അങ്ങനെ എന്റെ മരണത്തിന്റെ നാഴികയിൽ അങ്ങേ വസതി എനിക്കായി തുറക്കുവാനിടയാകട്ടെ. രക്ഷകന്റെ ആഗമനത്തിൽ നിന്റെ ക്രിസ്തു നിന്നിൽ പ്രത്യാശ വച്ചിരുന്ന എല്ലാവർക്കുമായി സ്വർഗ്ഗകവാടം തുറന്നുകഴിഞ്ഞിരിക്കുമല്ലോ .... വരൂ, കർത്താവിന്റെ അരൂപീ .... വരൂ ... വരൂ... സമാധാനത്തിന്റെ രാജാവേ വരൂ ....." ഈ പ്രാർത്ഥനയിൽ ലയിച്ച് മേരി എല്ലാം മറന്നിരിക്കുന്നു.
                വാതിൽവിരി പിന്നിൽനിന്ന് ആരോ പൊക്കിയതുപോലെയോ കാറ്റു കയറുവാൻ വലിച്ചുമാറ്റിയതുപോലെയോ പെട്ടെന്ന് മാറുന്നു. വെള്ളിയുടെ തെളിമയും മുത്തിന്റെ ധവളതയും കൂടിക്കലർന്നതുപോലെ ഒരു പ്രകാശം ഭിത്തികളെ ശോഭയുള്ളതാക്കുന്നു. സംഭവിക്കാൻ പോകുന്ന മഹാരഹസ്യത്തിന്മേൽ ഒരു മറയെന്നതുപോലെ വിരി വാതിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നു. മുഖ്യദൈവദൂതൻ മേരിയെ താണുവണങ്ങുന്നു.
"വന്ദനം മേരീ, കൃപാവരപൂരിതേ വന്ദനം. " ദൈവദൂതന്റെ അഭിവാദനം കേട്ട് മേരി നടുങ്ങിപ്പോയി. തലതാഴ്ന്നു പ്രകാശിക്കുന്ന ഒരു രൂപം ഏതാനുംവാര അകലെ മുട്ടുകുത്തി നിൽക്കുന്നതുകണ്ടപ്പോൾ അവൾ ഒന്നുകൂടി നടുങ്ങി. വളരെ വണക്കത്തോടെ ഇരുകരങ്ങളും മാറോടു ചേർത്തുവച്ച് ആ രൂപം മേരിയെ നോക്കുന്നു.
മേരി ചാടിയെണീറ്റ് ഭിത്തിയുടെ അരികിലേക്കുമാറി പറ്റിപ്പിടിച്ചു നിൽക്കുന്നു. അവളുടെ മുഖം മാറിമാറി ചുമക്കുകയും വിളറുകയും ചെയ്യുന്നു. ശരീരം പാടുള്ളിടത്തോളം മറയ്ക്കാൻ വേണ്ടി അവൾ കുനിഞ്ഞുനിൽക്കുന്നു. പ്രശാന്തമായ വിനയത്തിന്റെ ഭാവം
"വേണ്ട; പേടിക്കേണ്ട , കർത്താവ് നിന്നോടുകൂടെ; എല്ലാ സ്ത്രീകളിലും വച്ച് നീ അനുഗ്രഹീതയാകുന്നു....." മേരിക്ക് എന്നിട്ടും പേടി തന്നെ. ഈ അസാധാരണരൂപം എവിടെനിന്നു വരുന്നു? ഇതു ദൈവത്തിന്റെ സന്ദേശവാഹകനോ
"ഒട്ടും ഭയപ്പെടേണ്ട മേരീ," ദൈവദൂതൻ ആവർത്തിച്ചു പറയുന്നു. "ഞാൻ ദൈവത്തിന്റെ ദൂതനായ ഗബ്രിയേൽ ആണ്. എന്റെ കർത്താവ് എന്നെ നിന്റെ പക്കലേക്ക് അയച്ചിരിക്കുകയാണ്. ഒട്ടും പേടിക്കേണ്ട. കാരണം ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് '"ഈശോ'" എന്നു പേരിടണം. അവൻ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രൻ എന്ന് അവൻ വിളിക്കപ്പെടും. കർത്താവായ ദൈവം ദാവീദിന്റെ സിംഹാസനം അവനു നൽകും. യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ ഭരണം നടത്തും. അവന്റെ ഭരണത്തിന് അവസാനമുണ്ടാവുകയില്ല."
"ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ..... അപ്പോൾ ഇതെങ്ങനെ സംഭവിക്കും? ഒരുപക്ഷേ കർത്താവായ ദൈവം തന്റെ സ്നേഹത്തിനായി ഞാൻ കന്യകയായിരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലായിരിക്കാം... തന്റെ ദാസിയുടെ അർപ്പണം ഇനിമുതൽ സ്വീകരിക്കുന്നുമില്ലായിരിക്കാം."
"മേരീ, പുരുഷന്റെ പ്രവൃത്തിയാലല്ല നീ അമ്മയാകാൻ പോകുന്നത്. നീ നിത്യകന്യകയാണ്. ദൈവത്തിന്റെ വിശുദ്ധയായ കന്യക. ദൈവത്തിന്റെ അരൂപി നിന്റെമേൽ ആവസിക്കും. അത്യുന്നതന്റെ ശക്തി അതിന്റെ നിഴലിൽ നിന്നെ ആവരണം ചെയ്യും. അതിനാൽ നിന്നിൽ നിന്നും ജനിക്കുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നമ്മുടെ കർത്താവായ ദൈവത്തിനു് എല്ലാം ചെയ്യാൻ കഴിയും. നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർദ്ധക്യത്തിൽ ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. നിന്റെ പുത്രന്റെ പ്രവാചകനും അവനു വഴിയൊരുക്കുന്നവനുമായിരിക്കും ആ ശിശു. കർത്താവ് അവളുടെ അപമാനം നീക്കിക്കളഞ്ഞു. നിന്റെ പുത്രന്റെ നാമത്തോടുകൂടി അവളുടെ പുത്രന്റെ നാമം ചേർന്നിരിക്കുന്നതുപോലെ നിന്റെ നാമത്തോടുകൂടി അവളുടെ സ്മരണയും ജനങ്ങളുടെ ഇടയിൽ നിലനിൽക്കും. യുഗാന്ത്യം വരെ നീ അനുഗ്രഹീതയെന്നു വിളിക്കപ്പെടും. കാരണം കർത്താവിന്റെ കൃപ നിങ്ങൾ രണ്ടുപേരോടും കൂടെ, പ്രത്യേകിച്ച് നിന്നോടുകൂടെയുണ്ടായിരിക്കുന്നു. നീ വഴിയായി എല്ലാ ജനതകളിലേക്കും കൃപാവരം വന്നിരിക്കുന്നു. എലിസബത്തിന് ഇത് ആറാംമാസമാണ്. മേരീ, കൃപാവരപൂരിതേ, കർത്താവിന് അസാദ്ധ്യമായത് ഒന്നുമില്ല. എന്റെ കർത്താവിനോട് ഞാനെന്താണു പറയേണ്ടത്? ഒരു ചിന്തയും നിന്നെ അസ്വസ്ഥയാക്കാതിരിക്കട്ടെ. നീ അവനിൽ പ്രത്യാശ വച്ചാൽ നിന്റെ താൽപ്പര്യങ്ങളെല്ലാം അവിടുന്ന് കാത്തു കൊള്ളും. ലോകവും സ്വർഗ്ഗവും നിത്യപിതാവും നിന്റെ വാക്കിനായി കാത്തിരിക്കുന്നു."
മേരി അവളുടെ ഇരുകരങ്ങളും മാറോടുചേർത്തുവച്ച് താണുവണങ്ങിക്കൊണ്ടു പറയുന്നു: "ഞാൻ കർത്താവിന്റെ ദാസിയാകുന്നു. നീ പറഞ്ഞത് എന്നിൽ സംഭവിക്കട്ടെ."
ദൈവദൂതൻ സന്തോഷാധിക്യത്താൽ പ്രകാശമാനനാകുന്നു. അവൻ മുട്ടുകുത്തി ആരാധിക്കുന്നു. കാരണം ദൈവത്തിന്റെ അരൂപി, സമ്മതം നൽകി ശിരസ്സു നമിച്ചു നിൽക്കുന്ന കന്യകയുടെ മേൽ വരുന്നത് അവൻ കാണുന്നു.

Tuesday, March 22, 2011

കുരിശുയാത്ര കാൽവരിയിലേക്ക്


 മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഈശോ,   ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ നടുവിലൂടെ ഭാരമേറിയ തന്റെ കുരിശും വഹിച്ചുകൊണ്ടു മുന്നോട്ടു നീങ്ങുകയാണ്.  പട്ടണത്തിലൂടെ 
അൽപ്പദൂരം  നടത്തിയശേഷം, ശതാധിപനായ ലോങ്കിനൂസ് തന്ത്രപൂർവ്വം യാത്രയുടെ ഗതി മാറ്റി, ജനക്കൂട്ടത്തിന്റെ എതിർപ്പു വകവെയ്ക്കാതെ ദൂരക്കുറവുള്ള ഒരു വഴിയിലൂടെ ഈശോയെയും ഒപ്പം വിധിക്കപ്പെട്ട രണ്ടു കള്ളന്മാരെയും നയിക്കുന്നു. 
കുരിശുയാത്ര കാൽവരിമലയുടെ ചുവട്ടിലെത്തി. കുത്തനെ മുകളിലേക്കുള്ള കയറ്റം  ഈശോ അതികഠിനമായ വേദന സഹിച്ചുകൊണ്ടാണ് കയറുന്നത്. ഈശോ വഹിക്കുന്ന വളരെ നീളമുള്ള ആ കുരിശിന്  നല്ല ഭാരമുണ്ട്.  അതുമായി മുന്നോട്ടു നീങ്ങുമ്പോൾ പൊങ്ങിനിൽക്കുന്ന ഒരു കല്ലിൽത്തട്ടി വലുതുകാൽമുട്ടു കുത്തി ഈശോ വീഴുന്നു. എന്നാല്‍ ഇടത്തെ കൈപ്പത്തി കുത്തി നിവരുന്നു. ജനക്കൂട്ടം സന്തോഷം കൊണ്ടു കൂവിച്ചിരിക്കുന്നു. 
ഈശോ എഴുന്നേൽക്കുന്നു.... മുന്നോട്ടു നടക്കുന്നു. എന്നാല്‍ കുനിഞ്ഞ് പോകയാണ്..... കിതപ്പ് ശക്തിയായി. കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന പലക കാഴ്ചയ്ക്ക് മറയായിപ്പോകുന്നു. രണ്ടുമുട്ടും കുത്തി വീണ്ടും വീഴുന്നു. കുരിശ് കൈയിൽ നിന്നു വഴുതി താഴെവീണു.. പുറത്തു ശക്തിയായി അടിച്ചശേഷമാണ് അതു വീണത്. ഈശോ കുനിഞ്ഞ് കുരിശെടുത്തു വീണ്ടും തോളിൽ വയ്ക്കാൻ ശ്രമിക്കുന്നു. അപ്പോൾ വലതുതോളിലെ കുരിശ്  ഉരഞ്ഞുണ്ടായ വലിയ മുറിവ് വ്യക്തമായിക്കാണുന്നു. അതിൽനിന്ന് രക്തവും ജലവും വാർന്നൊഴുകുന്നു... അങ്കിയുടെ 
തോൾഭാഗം മുഴുവന്‍ രക്തത്തിൽ കുതിർന്നു.. ഈശോ വീണ്ടും വീണതുകണ്ട് ജനം സന്തോഷാരവം മുഴക്കുന്നു. 
ലോങ്കിനൂസ് പടയാളികളോട് വേഗത കൂട്ടുവാൻ ആവശ്യപ്പെടുന്നു. പടയാളികൾ അവരുടെ കഠാരപ്പിടി കൊണ്ട് വേഗം നടക്കുവാൻ ഈശോയെ അടിക്കുന്നു. എങ്കിലും ഈശോ വളരെ സാവധാനത്തിലാണ് മുന്നേറുന്നത്. പൂർണ്ണമായി ലഹരിയിലാവനെപ്പോലെ ഈശോ ആടുന്നു. അങ്ങോട്ടുമിങ്ങോട്ടും ആടി പടയാളികളെ മുട്ടുന്നുണ്ട്. അതുകണ്ട് ജനം ഉച്ചത്തിൽ പറയുന്നു; "അവന്റെ തത്ത്വങ്ങൾ തലയ്ക്കു പിടിച്ചിരിക്കയാണ്... നോക്കൂ, ആടിയാടി പോകുന്ന പോക്ക്.."
മറ്റു ചിലർ പറയുന്നു; "അല്ല, ലാസറസ്സിന്റെ വീട്ടിലെ വിരുന്നിന്റെ പുകയാണിപ്പോഴും... അത് നല്ലതായിരുന്നോ? ഇപ്പോൾ ഞങ്ങളുടെ ഭക്ഷണം കഴിക്കൂ..."
ലോങ്കിനൂസ്  ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. അയാൾ സഹതാപത്തോടെ കുറച്ചുസമയം നിൽക്കുവാൻ കൽപ്പന കൊടുത്തു. ജനം അതിനയാളെ അധിക്ഷേപിക്കാൻ തുടങ്ങി. അവരെ പ്രഹരിക്കുവാൻ പടയാളികളോട്  അയാൾ ആജ്ഞാപിച്ചു. മിന്നുന്ന കുന്തമുന കണ്ടപ്പോഴേ പേടിത്തൊണ്ടന്മാരായ യഹൂദർ ഓട്ടം പിടിച്ചു...
ഓടിപ്പോകാതിരിന്ന കുറച്ചാളുകളുടെ  കൂടെ ഈശോയുടെ ആട്ടിടയ ശിഷ്യരായ പത്തുപേർ നിൽക്കുന്നത് ഈശോ കാണുന്നു.  പൊടിപിടിച്ച, കീറിയ വസ്ത്രങ്ങളുമായി വന്നിരിക്കുന്ന അവർ ആകെ വിഷമിച്ച് കണ്ണീരോടെ ഈശോയെ നോക്കുന്നു.. ദൈവദൂതന്മാരുടെ മുഖങ്ങളെന്നപോലെ അതിയായ സന്തോഷത്തോടെ ഈശോ അവരെ നോക്കുന്നു...  ഈശോ പുഞ്ചിരിക്കുന്നു... നടപ്പു തുടരാനുള്ള കൽപ്പന കേട്ട് ഈശോ അവരുടെ മുമ്പിലൂടെ നടന്നുപോകുന്നു... വേദനയോടെ അവർ കരയുന്നത് ഈശോ കേട്ടു... വളരെ ബുദ്ധിമുട്ടി ഈശോ തിരിഞ്ഞുനോക്കി ഒരുപ്രാവശ്യം കൂടി പുഞ്ചിരി തൂകി... തീപിടിച്ച വെയിലത്ത്‌ ഈശോയുടെ  ആശ്വാസം... 
തൊട്ടുപിന്നാലെ മൂന്നാമത്തെ വീഴ്ചയുടെ വേദന... സമൂലം ഒരു  വീഴ്ച... കാൽതട്ടി വീണതല്ല... ശക്തി പെട്ടെന്നു ക്ഷയിച്ചതിനാൽ വീണതാണ്... നെട്ടായം വീണു... മുഖം നിലത്തടിച്ചു... കുരിശ്  ഈശോയുടെ മുകളിലായി വീണു.. പടയാളികൾ ഈശോയെ  എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുന്നു... എന്നാല്‍  ഈശോ മരിച്ചതുപോലെ തോന്നിക്കുന്നു....
പടയാളികൾ പോയി ശതാധിപനെ വിവരമറിയിക്കുന്നു. അവർ  പോയിവരുന്ന സമയത്ത് ഈശോയ്ക്ക് ബോധം വന്നു. രണ്ടു പടയാളികളുടെ സഹായത്തോടെ - ഒരാൾ കുരിശെടുത്തു മാറ്റി; മറ്റെയാൾ ഈശോയെ താങ്ങി എഴുന്നേൽപ്പിച്ചു.  വീണ്ടും ഈശോ  കുരിശു വാങ്ങി തോളിലേന്തി.. എന്നാല്‍  ഈശോയുടെ  ശക്തിയെല്ലാം തീർന്നു.
"അവൻ കുരിശിൽത്തന്നെയാണ് മരിക്കേണ്ടത്. അതുറപ്പാക്കുക..." ജനക്കൂട്ടം  വിളിച്ചുപറയുന്നു. "അതിനുമുമ്പ് അവൻ മരിച്ചിട്ടുണ്ടെങ്കിൽ ഗവർണറോട് നിങ്ങൾ ഉത്തരം പറയേണ്ടതായി വരും. കുറ്റവാളി വധസ്ഥലത്ത് ജീവനോടെ എത്തിയിരിക്കണം." നിയമജ്ഞർ പടയാളികളോട്  പറയുന്നു.
 പടയാളികൾ അവരെ നിന്ദാപൂർവ്വം നോക്കുന്നു. എന്നാല്‍ സംസാരിക്കുന്നതിൽ നിന്ന് പട്ടാളച്ചിട്ട അവരെ  തടയുന്നു.
 ഈശോ  വഴിയിൽവച്ചുതന്നെ മരിച്ചുപോകുമോ എന്ന് യഹൂദരെപ്പോലെതന്നെ ലോങ്കിനൂസിനും ഭയമുണ്ട്. അയാൾ വേണ്ടത് ഉടനെ ചെയ്യുകയാണ്. കയറ്റം കുറഞ്ഞ നല്ലവഴിയിലൂടെ ഈശോയെ നടത്തുവാൻ അയാൾ  നിശ്ചയിച്ചു.  ഈ വഴിയിലൂടെയും ആളുകൾ സഞ്ചരിക്കുന്നുണ്ട്. എന്നാലവർ ജനക്കൂട്ടത്തിന്റെ  ആർപ്പുവിളിയിൽ പങ്കെടുക്കുന്നില്ല.  വഴിയാത്രക്കാർ  അധികവും സ്ത്രീകളാണ്.  അവർ  ജനക്കൂട്ടത്തിന്റെ  ആരവം കേട്ടു തിരിഞ്ഞുനോക്കുന്നു. പ്രദക്ഷിണം അവരുടെ  പിന്നാലെ വരുന്നതു കണ്ടപ്പോൾ അവർ  നിന്നു. ശിരോവസ്ത്രം നന്നായി താഴ്ത്തിയിട്ടാണവരുടെ നിൽപ്പ്. വളരെ വിശേഷപ്പെട്ട വസ്ത്രങ്ങൾ ധരിച്ച ഒരുവൾ അക്കൂട്ടത്തിലുണ്ട്. ബലിഷ്ഠനായ ഒരു വൃദ്ധനും ആ സ്ത്രീകളുടെ സഹായത്തിനുണ്ട്. അയാളും മേലങ്കികൊണ്ട് സ്വയം നന്നായി മൂടിയിരിക്കുന്നു. 
ഈശോ അടുത്തെത്തിയപ്പോൾ സ്ത്രീകൾ ഉച്ചത്തിൽ  കരയുന്നു; തല നല്ലതുപോലെ താഴ്ത്തി വണങ്ങുകയും ചെയ്യുന്നു. പടയാളികൾക്ക് കുന്തം ചുഴറ്റി അവരെ  ഓടിക്കണമെന്നുണ്ട്. എന്നാല്‍ വിശേഷമായി വസ്ത്രംധരിച്ച സ്ത്രീ ഒരുനിമിഷത്തേക്ക് അവളുടെ ശിരോവസ്ത്രം നീക്കി അവളുടെ മുഖം മുന്നിൽ വരുന്ന ഉദ്യോഗസ്ഥനെക്കാണിച്ചു. വളരെ സ്വാധീനമുള്ള ഒരുവളാണതെന്നു വ്യക്തമാണ്. കാരണം ലോങ്കിനൂസിന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ അവളെ അനുസരിച്ചു. 
സ്ത്രീകൾ ഈശോയുടെ  അരികിൽ കരഞ്ഞുകൊണ്ട് ചെന്നു. അവന്റെ കാൽക്കൽ മുട്ടിന്മേൽ നിന്നു. ഈശോ നിന്നു; കിതപ്പുണ്ട; എങ്കിലും പുഞ്ചിരി തൂകുന്നു... സഹതാപമുള്ള ആ വനിതകളേയും അവർക്കു തുണയായി വന്ന വൃദ്ധനേയും നോക്കി പുഞ്ചിരിച്ചു... 
സ്ത്രീകളിൽ ഒരാൾ കൂസായുടെ ഭാര്യ ജോവന്നായാണ്. കരഞ്ഞുകരഞ്ഞ് അവളുടെ മുഖത്ത് ചുവന്ന ചാലുകൾ വീണിട്ടുണ്ട്. ഇടത്തെ കൈ കൊണ്ട് ഈശോ മുഖത്തേക്കും കണ്ണുകളിലേക്കും ഇറ്റിറ്റു വീഴുന്ന വിയർപ്പും രക്തവും  തുടയ്ക്കുന്നു...
വേറൊരു സ്ത്രീ, കൂട കൈയിലുള്ള ഒരു  ദാസിയോടുകൂടി വന്ന് കൂട തുറന്ന് ചതുരത്തിലുള്ള ഒരു   തൂവാലയെടുത്ത് ഈശോയ്ക്കു കൊടുത്തു. ഈശോ അതു സ്വീകരിച്ചു.. ഒരുകൈ കൊണ്ട് കഴുത്തും മുഖവും തുടയ്ക്കാൻ ബുദ്ധിമുട്ടുന്നതുകണ്ട് ആ സ്ത്രീ, മുഖവും തുടയ്ക്കാൻ ഈശോയെ  സഹായിക്കുന്നു.... മുൾക്കിരീടത്തിൽ മുട്ടാതിരിക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്... തണുപ്പുള്ള ആ തൂവാല ഈശോ മുഖത്ത് അമർത്തിപ്പിടിച്ചു.... വലിയ ആശ്വാസം കിട്ടിയതുപോലെ തോന്നിക്കുന്നു. ആ തുണി തിരിച്ചുകൊടുത്തു കൊണ്ട്  ഈശോ  പറയുന്നു: "ജോവന്നാ, നിനക്കു നന്ദി;  നൈക്ക് (വേറോനിക്കാ), നിനക്കു നന്ദി...... സാറാ.... മർസെല്ലാ... ഏലീശാ....ലിഡിയാ..... വലേരിയാ ..... ആൻ..... നിങ്ങൾക്കും... പക്ഷേ, കരയേണ്ട.... എന്നെ ഓർത്ത് കരയേണ്ട.... ജറുസലേം പുത്രിമാരേ... എന്നാല്‍ നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി... നിങ്ങളുടെ പട്ടണവാസികളുടെ പാപങ്ങൾക്കുവേണ്ടി... ജോവന്നാ..... പുത്രന്മാരില്ലാത്തതിന് ദൈവത്തെ സ്തുതിക്കുക.... നോക്കൂ... ഇതു ദൈവത്തിന്റെ കാരുണ്യം..... പുത്രന്മാരില്ലാത്തത്...  കാരണം ഇതു നിമിത്തം അവർ സഹിക്കും... നീയും എലിസബത്തെ... ആയിരുന്നതുപോലെ ആകട്ടെ... ദൈവഘാതകരാകുന്നതിൽ ഭേദം ഇതാണ്....നിങ്ങളും... അമ്മമാരേ... കരയുന്നത്  നിങ്ങളുടെ പുത്രന്മാർക്കുവേണ്ടി.... കാരണം  ഈ മണിക്കൂർ.... ശിക്ഷ കൂടാതെ കടന്നു പോകയില്ല.... എത്രവലിയ ശിക്ഷയായിരിക്കും.... പാപമില്ലാത്തവന് ....... ഇതാണെങ്കിൽ.... നിങ്ങൾ അപ്പോൾ കരയും..... ഗർഭം ധരിച്ചതിനെക്കുറിച്ച്.... പാലൂട്ടി വളർത്തിയതിനെക്കുറിച്ച്.. പുത്രന്മാർ കൂടുതലുണ്ടായിരുന്നതിനെക്കുറിച്ച്.... ആ ദിവസങ്ങളിലെ അമ്മമാർ ......കരയും.... കാരണം, ഞാൻ ഗൗരവമായി നിങ്ങളോടു പറയുന്നു......... അവൻ ഭാഗ്യവാൻ........ അന്ന്... ആദ്യം മരിച്ചുവീഴുന്നവൻ..... നാശകൂമ്പാരത്തിനടിയിൽ...... ഞാൻ നിങ്ങളെ .... അനുഗ്രഹിക്കുന്നു.... പൊയ്ക്കൊള്ളൂ..... വീട്ടിൽ..... പ്രാർത്ഥിക്കുക..... എനിക്കുവേണ്ടി..... ദൈവം നിങ്ങളോടു കൂടെ... പൊയ്ക്കൊള്ളുവിൻ..... ജോനാഥൻ, ഇവരെ കൊണ്ടുപൊയ്ക്കൊള്ളുവിൻ....."
ഉച്ചത്തിൽക്കരയുന്ന സ്ത്രീകളുടെയും ശപിക്കുന്ന യഹൂദരുടേയും ശബ്ദകോലാഹലങ്ങളുടെ മദ്ധ്യേ, ഈശോ  വീണ്ടും നടക്കുന്നു.
വഴിക്ക് കയറ്റം കുറവാണെങ്കിലും നിരപ്പുള്ളതാണെങ്കിലും ഈശോയ്ക്ക് കാലുകൾ കുഴയുന്നു; നടക്കാൻ കഴിയാതെ വേച്ചു പോകുന്നു. ആടിയാടി പടയാളികളെ ചെന്നു മുട്ടുന്നു. 
മുമ്പത്തേക്കാൾ കുനിഞ്ഞാണ് നടപ്പ്. 
വഴിയിലൊരിടത്ത് ഈശോയുടെ അമ്മ അപ്പസ്തോലൻ ജോണുമൊത്ത് കാത്തുനിൽക്കുന്നു. മേരിയുടെ മുഖം വിളറി വെളുത്തിരിക്കുന്നു. ജോണിന്റെ മുഖത്തും രക്തമയമില്ല. മറ്റു സ്ത്രീകൾ- ലാസറസ്സിന്റെ സഹോദരിമാർ മാർത്തയും മേരിയും,  അപ്പസ്തോലന്മാരായ യൂദാ തദേവൂസിന്റേയും ചെറിയ യാക്കോബിന്റേയും അമ്മയായ മേരി, സെബദിയുടെ ഭാര്യ മേരി, കാനായിലെ സൂസന്ന, പിന്നെ വേറെ ചില സ്ത്രീകളുമുണ്ട് - റോഡിനു നടുവിൽ നിന്ന് ഈശോ വരുന്നുണ്ടോ എന്നു നോക്കുന്നു. ലോങ്കിനൂസ് വരുന്നതു കണ്ടപ്പോൾ അവർ വേഗം ചെന്ന് മേരിയെ വിവരമറിയിച്ചു. മേരി ഉടനെ ജോണിന്റെ  സഹായത്തോടെ വഴിമദ്ധ്യത്തിൽ വന്നുനിന്നു. ലോങ്കിനൂസ് വന്നപ്പോൾ ഒരുവശത്തേക്കു മാറി. ലോങ്കിനൂസ്  കുതിരപ്പുറത്തിരുന്ന് അവരെ നോക്കിയിട്ട് തലകുലുക്കിക്കൊണ്ടു കടന്നുപോയി. പിന്നാലെ പതിനൊന്നു കുതിരപ്പടയാളികളും.
പടയാളികളുടെയിടയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന മേരിയെ അവർ തടയുന്നു. എന്നാല്‍ ലോങ്കിനൂസ് ഇതുകണ്ട് ഉച്ചത്തിൽ വിളിച്ചുപറയുന്നു; "ആ സ്ത്രീ കടന്നുപോകട്ടെ." ഇതിനിടെ ലോങ്കിനൂസ് ഒരു വണ്ടികണ്ടു; നിർത്തിയിട്ടിരിക്കുന്ന ഒരു പച്ചക്കറിവണ്ടി.  സൈറീൻകാരനായ മനുഷ്യനും രണ്ടു പുത്രന്മാരും പ്രദക്ഷിണം സൂക്ഷിച്ചുനോക്കിക്കാണുന്നു. ലോങ്കിനൂസ്  അയാളെ അടിമുടി ഒന്നുനോക്കി. ഇയാളെ കൊള്ളാം എന്നു നിശ്ചയിച്ചു് ആജ്ഞാപിക്കുന്നു; "ഏയ്, മനുഷ്യാ, ഇവിടെവരൂ."
സൈറീൻകാരൻ ശിമയോൻ കേൾക്കാത്ത ഭാവത്തിൽ നിന്നെങ്കിലും ലോങ്കിനൂസ് കൽപ്പന ആവർത്തിച്ചപ്പോൾ വണ്ടിയുടെ കടിഞ്ഞാൺ ഒരു മകനെ ഏൽപ്പിച്ചശേഷം ശതാധിപന്റെ പക്കലേക്കു ചെന്നു. 
"നീ ആ മനുഷ്യനെ കാണുന്നുണ്ടോ? അവന് കുരിശു ചുമന്നുകൊണ്ട് പോകാൻ ശക്തിയില്ല. നിനക്ക് ശക്തിയുണ്ട്. അവന്റെ കുരിശു വാങ്ങി അതു ചുമന്ന് കുന്നിൻമുകളിൽ കൊണ്ടുവയ്ക്കുക."
"എനിക്കു സാധിക്കില്ല... " അയാൾ പറയുന്നു; "എനിക്ക് കഴുതയുണ്ട്.. അതിനു വെകിളിയാണ്... മക്കൾക്ക് അതിനെ നിയന്ത്രിക്കുവാൻ സാധിക്കയില്ല."
എന്നാല്‍ ലോങ്കിനൂസ് പറയുന്നു; "നിന്റെ കഴുത നഷ്ടപ്പെടാതിരിക്കണമെങ്കിൽ, ശിക്ഷയായി ഇരുപത് അടി കിട്ടാതിരിക്കണമെങ്കിൽ വേഗം അനുസരിച്ചുകൊള്ളുക."
പിന്നെ ഒന്നും പറയുവാനയാൾ തുനിഞ്ഞില്ല. മക്കളോട് വേഗം വീട്ടിൽപ്പോകാൻ വിളിച്ചുപറഞ്ഞിട്ട് അയാൾ ഈശോയുടെ പക്കലേക്കു പോകുന്നു.
ഈ സമയത്തുതന്നെയാണ് മേരിയും ഈശോയുടെയടുത്തെത്തിയത്. അമ്മയെക്കണ്ടപ്പോൾ ഈശോ ഉച്ചത്തിൽ വിളിക്കുന്നു: "അമ്മേ.."
പീഡനങ്ങൾ തുടങ്ങിയതിൽപ്പിന്നെ ആദ്യമായി ഇപ്പോഴാണ് ഈശോ  വേദനയോടെ ഒരു വാക്കുച്ചരിക്കുന്നത്. ആ വിളിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്; അരൂപിയുടെ ഭീകരമായ ദുഃഖവും മനസ്സിന്റെ തളർച്ചയും ശരീരത്തിന്റെ വേദനകളും എല്ലാം... മേരി അവളുടെ കൈ 
നെഞ്ചിലമർത്തിപ്പിടിക്കുന്നു. ചങ്കിനു കുത്തേറ്റതുപോലെ വേച്ചുപോകുന്നു... എങ്കിലും ഇരുകൈകളും നീട്ടി "മകനേ" എന്നുച്ചത്തിൽ വിളിച്ചുകൊണ്ട് പീഡിതനായ മകന്റെ പക്കലേക്കു പോകുന്നു. 
സഹതാപത്തിന്റെ അടയാളങ്ങൾ റോമൻ പടയാളികളുടെയിടയിലും കാണപ്പെടുന്നു. 
സൈറീൻകാരൻ ശിമയോനും അലിവ് അനുഭവപ്പെടുന്നു. കുരിശു നിമിത്തം  മേരിക്ക് മകനെ ആശ്ളേഷിക്കാൻ കഴിയുന്നില്ല എന്നു മനസ്സിലാക്കി അയാൾ വേഗം കുരിശ് ഏറ്റുവാങ്ങി.. ഒരു പിതാവിന്റെ വാത്സല്യത്തോടെ മുൾമുടിയിന്മേൽ തട്ടാതെയും മുറിവുകൾ ഉരയാതെയും വളരെ സൂക്ഷിച്ചാണയാൾ കുരിശെടുത്തു മാറ്റിയത്.
 ക്ഷുഭിതരായ ആളുകളുടെ നിർബ്ബന്ധം നിമിത്തം പ്രദക്ഷിണം വീണ്ടും മുന്നോട്ടു നീങ്ങുകയാണ്. അമ്മ കുന്നിൻതിട്ടയിലേക്കു തള്ളിമാറ്റപ്പെട്ടു. ജനങ്ങൾ അമ്മയെ പരിഹസിക്കുന്നു. 
ഈശോയുടെ പിന്നിൽ സൈറീൻകാരനായ മനുഷ്യൻ കുരിശു വഹിച്ചുകൊണ്ടു നടക്കുന്നു. ആ ഭാരം നീങ്ങിയതിനാൽ ഈശോ കൂടുതൽ വേഗത്തിൽ നടക്കുന്നു... 
മേരിയും  സ്ത്രീകളും പിൻവാങ്ങി. പ്രദക്ഷിണം കടന്നുപോയിക്കഴിഞ്ഞ് അവർ ഒരു കുറുക്കുവഴിയിലൂടെ കുന്നിൻമുകളിലേക്കു പോകുന്നു.
ഈശോയ്ക്കിപ്പോൾ നടക്കുവാൻ എളുപ്പമായതിനാൽ വഴിയുടെ അവസാനഭാഗം വേഗം  പിന്നിട്ട് കുന്നിൻമുകളിലെത്തി. അസഭ്യം വിളിച്ചുപറയുന്ന ജനവും ഒപ്പം മുകളിലെത്തിക്കഴിഞ്ഞു. 

ആൾക്കൂട്ടത്തെ തുരത്താൻ ലോങ്കിനൂസ് കൽപ്പന കൊടുത്തു. പടയാളികൾ വേഗം തന്നെ സ്ഥലം വിജനമാക്കി. യഹൂദരെല്ലാം  ചീത്തപറഞ്ഞുകൊണ്ട് ഓടി താഴെയിറങ്ങി കുന്നിന്റെ മൂന്നുവശത്തുമായി  നിന്നു. വഴിയിലും പട്ടണമതിലുകൾക്കപ്പുറത്തും ആളുകളുണ്ട്. വീടുകളുടെ മട്ടുപ്പാവുകളിൽ ആളുകൾ കാൽവരിയിലേക്കു നോക്കിനിൽപ്പുണ്ട്. പട്ടണത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം വിജനമാണ്... സർവ്വജനവും ചുറ്റും കൂടിയിരിക്കുന്നു; സ്നേഹിതരും ശത്രുക്കളും... 
കുരിശുമരണം നടത്താൻ ചുമതലപ്പെട്ടവർ അതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഉപകരണങ്ങൾ തയ്യാറാക്കുന്നു; കുഴികൾ ഒന്നുകൂടി ഒരുക്കുന്നു. ഈശോയും കുറ്റം വിധിക്കപ്പെട്ട മറ്റു രണ്ടുപേരും പടയാളികളുടെ മദ്ധ്യത്തിൽ ക്രൂശിക്കൽ കാത്തുനിൽക്കുന്നു. 
മുകളിൽ എല്ലാം സജ്ജമായി. വിധിക്കപ്പെട്ടവർ മുകളിലേക്ക് നയിക്കപ്പെട്ടു. 

Monday, March 21, 2011

കുരിശിന്റെ വഴി - പീലാത്തോസിന്റെ അരമനയിൽ നിന്ന് കാൽവരിയിലേക്ക്

ഈശോ കുരിശുമരണത്തിനു വിധിക്കപ്പെട്ടു കഴിഞ്ഞു. ശതാധിപനായ ലോങ്കിനുസിനെയാണ് ഈശോയെ വധിക്കുന്ന ജോലി ഏൽപ്പിച്ചിരിക്കുന്നത്. അയാൾ കൽപ്പനകൾ നൽകുന്നു.
 ഈശോയെ പുറത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ജിജ്ഞാസയോടെ രണ്ടുമൂന്നു പ്രാവശ്യം ഈശോയുടെ അടുക്കൽ വന്നു നോക്കുന്നു. പിന്നെ ഒരു പടയാളിയുമായി വന്ന് ഒരു കപ്പിൽ വീഞ്ഞുപോലെ നിറമുള്ള ഒരു പാനീയം ഈശോയ്ക്കു കൊടുത്തുകൊണ്ടു പറയുന്നു; "ഇതു കുടിക്കൂ.. നിനക്ക് നല്ലതാണ്.. നിനക്കു ദാഹമുണ്ടായിരിക്കുമല്ലോ? പുറത്തു നല്ല വെയിലാണ്. വഴിയാണെങ്കിലോ ഏറെ ദൂരവും."
ഈശോ മറുപടി പറയുന്നു: "നിന്റെ സഹാനുഭൂതിക്ക് ദൈവം നിനക്കു പ്രതിഫലം നൽകട്ടെ!  പക്ഷേ നിങ്ങൾക്കുള്ളത് ഇല്ലാതാക്കേണ്ട."
"എനിക്കു നല്ല ആരോഗ്യവും ശക്തിയുമുണ്ട്. എന്നാല്‍ നീ...... ഞാൻ എന്റേത് ഉപേക്ഷിക്കുന്നതല്ല. അങ്ങനെയാണെങ്കിൽത്തന്നെ നിനക്ക്  അൽപ്പം ആശ്വാസം 
നൽകാനായിട്ടാണ് ഞാനത് ഉപേക്ഷിക്കുന്നത്. ഒരു  കവിൾ കുടിച്ചാൽമതി. അജ്ഞാനികളെ നീ വെറുക്കുന്നില്ലെന്ന് കാണിക്കാൻ മാത്രമെങ്കിലും..."
ഈശോ പിന്നെ വേണ്ടെന്നു പറഞ്ഞില്ല. ഒരു  കവിൾ മാത്രം കുടിച്ചു. 
"കുറച്ചുകൂടി കുടിക്കൂ.. ഇതു തേനും വെള്ളവുമാണ്. ഇതു  ശക്തി നൽകും.. ദാഹം ശമിപ്പിക്കുകയും ചെയ്യും... എനിക്കു നിന്നോടു സഹതാപം തോന്നുന്നു.... യഹൂദരുടെയിടയിൽ വധിക്കപ്പെടേണ്ടതു നീയല്ല.... ഞാൻ നിന്നെ വെറുക്കുന്നില്ല.... ആവശ്യമുള്ളിടത്തോളം മാത്രമേ നിന്നെ സഹിപ്പിക്കുവാൻ ഞാൻ അനുവദിക്കയുള്ളൂ."
എങ്കിലും ഈശോ വീണ്ടും കുടിക്കുന്നില്ല. എന്നാൽ ആ റോമാക്കാരന്റെ സഹതാപം  തേൻവെള്ളത്തേക്കാൾ കൂടുതൽ ആശ്വാസം ഈശോയ്ക്കു  നൽകുന്നു.
ഈശോയോടൊപ്പം രണ്ടു കവർച്ചക്കാരുംകൂടി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. അവരും തയ്യാറായി വന്നുകഴിഞ്ഞു. രണ്ടുപേർക്കും കാവലായി പത്തു പടയാളികൾ വീതമുണ്ട്. പുറപ്പെടാൻ സമയമായി. ലോങ്കിനുസ് അവസാനനിർദ്ദേശങ്ങൾ നൽകുന്നു. 
വേറെ നൂറു പടയാളികളെയും ഇറക്കി; രണ്ടുവരിയായി അവർ നീങ്ങുന്നു. വേറെ നൂറുപേർ, ചതുരാകൃതിയിൽ അതിരു തിരിച്ച് ജനത്തെ അകറ്റി നിർത്തുന്നു. 
കുരിശുകൾ കൊണ്ടുവന്നു. ഈശോയുടെ കുരിശു കൊടുക്കുന്നതിനുമുമ്പ് 'യഹൂദരുടെ രാജാവായ നസ്രായൻ ഈശോ' എന്നഴുതിയ ഒരു പലക ഈശോയുടെ കഴുത്തിൽ കെട്ടിത്തൂക്കി. 
എല്ലാം തയ്യാറായി. മാർച്ചു ചെയ്യുവാൻ ലോങ്കിനുസ്  കൽപ്പന കൊടുത്തു. ഈശോ മുന്നിൽ; പിന്നാലെ രണ്ടു കള്ളന്മാർ... ഓരോരുത്തർക്കും ചുറ്റുമായി പത്തു പടയാളികൾ വീതം നിരന്നു.. ശേഷമുള്ള പടയാളികളെല്ലാം ഇരുവശത്തും സുരക്ഷിതത്വത്തിനായി നിരന്നു. 
പ്രത്തോറിയത്തിന്റെ പടികളിറങ്ങുമ്പോൾത്തന്നെ ഈശോ വേച്ചു പോകുന്നു. നേരത്തെതന്നെ മുറിവുകളാൽ നിറഞ്ഞിരിക്കുന്ന തോളിൽ കുരിശു വച്ചതിനാലും കഴുത്തിൽ  പലക കെട്ടിത്തൂക്കിയതിനാലും ഓരോ പടിയിലും കുരിശിന്റെ നെടിയ കാൽ തട്ടുമ്പോൾ ശരീരം മുഴുവന്‍ ഉലയുകയും മുറിവുകൾ ഇളകുകയും ചെയ്യുന്നു.
ലഹരിയിലാവനെപ്പോലെ ഈശോ വേച്ചു പോകുന്നതുകണ്ട് യൂദർ അട്ടഹസിച്ച് ചിരിക്കുകയും ഭടന്മാരോട് വിളിച്ചുപറയുകയും ചെയ്യുന്നു; "അവനെ തള്ളുക; അവൻ വീഴട്ടെ; പൊടിയിൽ വീഴട്ടെ. ദൈവദൂഷകൻ!" 
ലോങ്കിനൂസ് കുതിരയെ നടത്തുന്നു; അതോടെ യാത്ര ആരംഭിച്ചു. വേഗം പോകണമെന്നയാൾ ആഗ്രഹിച്ചു. കാരണം വിധിക്കപ്പെട്ടവന് എത്രമാത്രം സഹിക്കാൻ കഴിയുമെന്ന് നിശ്ചയമില്ല. എന്നാല്‍ കാരുണ്യം അശേഷമില്ലാത്ത ജനം അതാഗ്രഹിക്കുന്നില്ല.  പട്ടണം ചുറ്റിയുള്ള നീണ്ട വഴിയിലൂടെ വേണം ഈശോയെ വധസ്ഥലത്തേക്കു കൊണ്ടുപോകാൻ എന്നവർ നിർബ്ബന്ധം പിടിച്ചു. 
ഈശോ കിതപ്പോടെയാണ് നടക്കുന്നത്.  വഴിയിലുള്ള ഓരോ കുഴിയും ഓരോ കെണിയാണ്;  മുറിവുകളാൽ കഠിനവേദന അനുഭവിക്കുന്ന തോളിന് പുതിയ പീഡനമാണ്.  വെയിലിന്റെ കാഠിന്യം, മുൾമുടി വയ്ക്കപ്പെട്ടിരിക്കുന്ന ശിരസ്സിലെ വേദന  വർദ്ധിപ്പിക്കുന്നു. ഈശോയ്ക്ക് പനിയും ക്ഷീണവും അസഹനീയമായ ചൂടും അനഅനുഭവപ്പെടുന്നുണ്ട്. ഉഗ്രമായ പ്രകാശവും ജനക്കൂട്ടത്തിന്റെ ആരവവും അസഹനീയമാണ്.  ചെവി അടയ്ക്കുക സാദ്ധ്യമല്ലല്ലോ.  കണ്ണഞ്ചിക്കുന്ന പ്രകാശം നിമിത്തം ഈശോ കണ്ണുകൾ പകുതി അടയ്ക്കുന്നു. 
ഈശോ കൂടുതൽ കൂടുതലായി കിതയ്ക്കുന്നു. വിയർപ്പ് മുഖത്തുകൂടി ഒഴുകുന്നു. മുൾമുടി  നിമിത്തം ഉണ്ടായ മുറിവുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തവും കലരുന്നുണ്ട്. പെട്ടെന്ന് ഈശോ വീഴാൻ തുടങ്ങുന്നു. ഒരു പടയാളിയുടെ പെട്ടെന്നുള്ള സഹായത്താൽ നിലത്തു വീഴാനിടയായില്ല. ആൾക്കൂട്ടത്തിൽ നിന്ന് ചിരിയും പരിഹാസവും ഉയരുന്നു; "അവനെ പിടിക്കേണ്ട. അവൻ എല്ലാവരോടും പറയുന്നത് എഴുന്നേൽക്കൂ എന്നാണു്. അവൻ ഇപ്പോള്‍ എഴുന്നേൽക്കട്ടെ!"
കാൽവരിയിലേക്കുള്ള കയറ്റം  ആരംഭിക്കയാണ്.


(ഈശോയുടെ വധശിക്ഷ നടപ്പാക്കിയ ശതാധിപൻ ലോങ്കിനൂസ്, ഈശോയുടെ മരണത്തിനും ഉയിർപ്പിനും ശേഷം ജ്ഞാസസ്നാനം സ്വീകരിച്ച് ക്രിസ്ത്യാനിയായിത്തീരുകയും പിന്നീട്‌ രക്തസാക്ഷിത്വം വരിച്ച് സഭയുടെ ആദ്യകാല വിശുദ്ധരിലൊരാളായിത്തീരുകയും ചെയ്തു.)

Saturday, March 19, 2011

നന്മരണമദ്ധ്യസ്ഥനായ വിശുദ്ധൻ - വി. യൗസേപ്പ്

                       ഇന്ന് മാർച്ച് 19 - വിശുദ്ധ യൗസേപ്പിന്റെ തിരുനാൾദിനം.
നന്മരണമദ്ധ്യസ്ഥനാണ് വി. ജോസഫ്. കാരണം ദൈവപുത്രന്റെയും ദൈവമാതാവിന്റെയും കരങ്ങളിൽക്കിടന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ ആ രംഗം
വിവരിച്ചിരിക്കുന്നതു കാണുക.

           രു ആശാരിയുടെ പണിപ്പുര. ഈശോ അവിടെ പണി  എടുത്തു കൊണ്ടിരിക്കുന്നു. ശാന്തമായ് നല്ല കൃത്യതയോടെ പണിയുന്നു. ഇടക്ക് തലയുയര്‍ത്തി വശത്തുള്ള ഭിത്തിയിലേക്ക് നോക്കുന്നു. വീണ്ടും ജോലി തുടരുന്നു. തിരക്കിട്ട് പണിതുകൊണ്ടിരിക്കുമ്പോള്‍ അമ്മ കയറി വരുന്നു. അവള്‍ മകന്റെയടുത്തേക്ക് തിടുക്കത്തില്‍ വരുന്നു. ഉത്കണ്ഠയോടെ മകനെ വിളിക്കുന്നു. ഈശോ കരങ്ങള്‍ അമ്മയുടെ തോളില്‍ വച്ച് തലോടിക്കൊണ്ട് ആശ്വസിപ്പിക്കുന്നു. പണി നിര്‍ത്തി അമ്മയുടെ കൂടെ പുറത്തേക്കു പോകുന്നു.
     മേരി കണ്ണുനീരോടെ പറയുന്നു;  "ഓ ഈശോ, അദ്ദേഹത്തിന് അസുഖം കൂടുതലാണ്. " ഈശോ അമ്മെ എന്ന് മാത്രം വിളിക്കുന്നു. ആ വിളിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
      ജോഫ്  കിടക്കുന്ന മുറിയിലേക്ക് അവര്‍ പ്രവേശിക്കുന്നു.  ഏറെ വെടിപ്പും ക്രമവും ഉള്ള ചെറിയ ഒരു മുറി ആണത്. താഴ്ന്ന ഒരു കിടക്കയില്‍ കുറെ കുഷിനുകള്‍ വച്ചിട്ടുണ്ട്. അതില്‍ ചാരി ജോസഫ് കിടക്കുന്നു. അദ്ദേഹം മരിക്കുകയാണ്. മുഖം വിളറിയും കരുവാളിച്ചുമിരിക്കുന്നു.  കണ്ണുകള്‍ ചൈതന്യരഹിതമാണ്. ശരീരമാകെ നിശ്ചലമായിരിക്കുന്നു.
    മേരി ജോസഫിന്റെ ഇടതുവശത്ത് നിന്നുകൊണ്ട് ചുളിവു വീണ കരം കയ്യില്‍ ചേര്‍ത്ത് തടവുകയും ചുംബിക്കുകയും ചെയ്യുന്നു.ഒരു ചെറിയ കഷണം തുണി വെളുത്ത വീഞ്ഞില്‍ മുക്കി ജോസഫിന്റെ അധരങ്ങള്‍ നനക്കുന്നു.
       ഈശോ ജോസഫിന്റെ വലതുവശത്ത് ചെന്ന് നില്‍ക്കുന്നു. ഇടിഞ്ഞുപോയ ശരീരം വളരെ സൂക്ഷിച്ചും വേഗത്തിലും പൊക്കി നേരെ കിടത്തുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ജോസഫിന്റെ നെറ്റി ഈശോ തലോടുന്നു.
അദ്ദേഹത്തെ ധൈര്യപ്പെടുത്താന്‍ ശ്രമിക്കുന്നു.
    മേരി ശാന്തമായ് കരയുന്നു. ജോസഫിന് അല്‍പ്പം സുഖമുള്ളതുപോലെ തോന്നുന്നു. ഈശോയുടെ കയ്യില്‍ പിടിക്കുന്നു. അവസാന പരീക്ഷണത്തില്‍ ധൈര്യം കിട്ടാന്‍ ദൈവിക സ്പര്‍ശനത്തിനായെന്നു തോന്നുന്നു.
    ഈശോ കുനിഞ്ഞു ആ കൈ ചുംബിക്കുന്നു. ജോസഫ് പുഞ്ചിരിക്കുന്നു. അനന്തരം തിരിഞ്ഞു മേരി എവിടെ എന്ന് നോക്കുന്നു. മേരി പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട്  കിടക്കയുടെ സമീപം മുട്ട് കുത്തുന്നു. എന്നാല്‍ പുഞ്ചിരിക്കാന്‍ കഴിയുന്നില്ല. അവള്‍ തല കുനിക്കുന്നു. ജോസെഫ് തന്റെ കരം അവളുടെ ശിരസ്സില്‍ വെച്ച് അതിവിശുദ്ധമാം വിധം തലോടുന്നു. അനുഗ്രഹിക്കുന്നതുപോലെ കാണപ്പെടുന്നു.
    ഈശോ കിടക്ക ചുറ്റി മറുവശത്ത് ചെന്ന് ഒരു സ്ടൂള്‍ എടുത്തുകൊണ്ടുവന്നു അമ്മയെ അതിലിരുത്തി. പിന്നീട് പൂര്‍വസ്ഥാനത്തു ചെന്നുനിന്നു ജോസഫിന്റെ കരം സ്വന്തം കരങ്ങളില്‍ ഗ്രഹിക്കുന്നു. മേരിയുടെ വേദന കണ്ടുനില്ക്കാന്‍ കഴിയുന്നില്ല.
    ഈശോ കുനിഞ്ഞുനിന്നു മരിക്കുന്ന ആളിന്റെ ചെവിയില്‍ വളരെ താണ സ്വരത്തില്‍ ഒരു സങ്കീര്‍ത്തനം ചൊല്ലുന്നു. അതിപ്രകാരമാണ് :
          "കര്‍ത്താവെ, എന്നെ  കടാക്ഷിക്കേണമേ; എന്തെന്നാല്‍ എന്റെ പ്രതീക്ഷ അങ്ങില്‍ ഞാന്‍ വെച്ചു. ഭൂമിയിലായിരിക്കുന്ന തന്റെ സ്നേഹിതര്‍ക്കായി എന്റെ എല്ലാ ആഗ്രഹങ്ങളും അത്ഭുതകരമാംവിധത്തില്‍ അവിടുന്ന് നിറവേറ്റി.  എന്റെ ഉപദേഷ്ടാവായ കര്‍ത്താവിനെ ഞാന്‍ സ്തുതിക്കും.
   കര്‍ത്താവു എപ്പോഴും എന്റെ മുന്‍പിലുണ്ട്. ഞാന്‍ വീഴാതിരിക്കാന്‍ അവിടുന്ന് എന്റെ വലതുഭാഗത്തുണ്ട്.
  അതിനാല്‍ എന്റെ ഹൃദയം ആഹ്ലാദിക്കുന്നു.എന്റെ നാവു സന്തോഷിക്കുന്നു. എന്റെ ശരീരം പ്രതീക്ഷയോടെ വിശ്രമിക്കും.
 എന്തെന്നാല്‍ നീ എന്റെ ആത്മാവിനെ മരിച്ചവരുടെ വാസ സ്ഥലത്ത് ഉപേക്ഷിക്കയില്ല. നിന്റെ സ്നേഹിതന്‍ അഴിവ് കാണാന്‍ അനുവദിക്കയുമില്ല.
 പ്രകാശത്തിന്റെ വഴി നീ എനിക്ക് വെളിപ്പെടുത്തിത്തരും. നിന്റെ മുഖം എന്നെ കാണിച്ചുകൊണ്ട് എന്നെ സന്തോഷത്താല്‍ നിറക്കുകയും ചെയ്യും."
              ജോസഫ് അല്‍പ്പം സന്തോഷം കാണിക്കുകയും അല്‍പ്പം കൂടി സജീവമായ കണ്ണുകളോടെ ഈശോയെ നോക്കുകയും ചെയ്യുന്നു. ഈശോ വാത്സല്യപൂര്‍വ്വം ജോസഫിനെ തലോടുന്നു.
ജോസഫ് വിതുമ്പിക്കൊണ്ട് ഈശോയെ നോക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ കഴിയുന്നില്ല. ഈശോ സങ്കീര്‍ത്തനം തുടര്‍ന്ന് ചൊല്ലുന്നു;
  " ഓ കര്‍ത്താവെ നിന്റെ സ്വന്തം രാജ്യത്തെ നീ അനുകൂലിച്ചു. യാക്കോബിന്റെ മക്കളെ അടിമത്തത്തില്‍ നിന്നു നീ തിരിച്ചുകൊണ്ടുവന്നു.
 കര്‍ത്താവെ ഞങ്ങളോട് കരുണ കാണിക്കേണമേ, അവിടുത്തെ രക്ഷകനെ ഞങ്ങള്‍ക്ക് തിരിച്ചു തരേണമേ.
അതെ, അവന്റെ രക്ഷാകരമായ സഹായം അടുത്തിരിക്കുന്നു. നീതി സ്വര്‍ഗത്തില്‍ നിന്നും താഴേക്ക്‌ വരുന്നു.
 നീ ആ സമയം കണ്ടു അപ്പാ, നീ അതിനായി ജോലി ചെയ്തു. കര്‍ത്താവു അതിനു നിനക്ക് പ്രതിഫലം തരും;" ഞാന്‍ പറയുന്നു എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ജോസഫിന്റെ കവിളിലൂടെ ഒഴുകിയ കണ്ണീര്‍ ഈശോ തുടക്കുന്നു.
         ഈശോ തുടരുന്നു; "ഓ കര്‍ത്താവെ, ദാവീദിനെയും അവന്റെ കരുണയും അങ്ങ് ഓര്‍ക്കേണമേ! ഓ കര്‍ത്താവെ എഴുന്നേറ്റു അങ്ങേ വിശ്രമ സ്ഥലത്തേക്ക് വരേണമേ.
(മേരി പൊട്ടിക്കരയുന്നു )
       എന്റെ അപ്പാ, എന്റെ പേരിലും എന്റെ അമ്മയുടെ പേരിലും ഞാന്‍ നന്ദി പറയുന്നു. എനിക്ക് നീ നീതിമാനായ പിതാവായിരുന്നു. നിത്യപിതാവ് തന്റെ ക്രിസ്തുവിന്റെയും തന്റെ പേടകത്തിന്റെയും സൂക്ഷിപ്പുകാരനായി നിന്നെ തെരഞ്ഞെടുത്തു. അവനുവേണ്ടി തെളിക്കപ്പെട്ട വിളക്കാണ് നീ. പരിശുദ്ധമായ ഉദരത്തിന്റെ ഫലത്തോട്‌ സ്നേഹമുള്ള ഒരു ഹൃദയം നിനക്ക്  ഉണ്ടായിരുന്നു. അപ്പാ, സമാധാനത്തില്‍ പോവുക; നിന്റെ വിധവ നിസ്സഹായയായിത്തീരുകയില്ല. അവള്‍ ഏകാകിനിയാകില്ല. നിന്റെ വിശ്രമത്തിലേക്ക് സമാധാനമായി പോവുക എന്ന് ഞാന്‍ പറയുന്നു.'
                    മേരി, ജോസഫിന്റെ ശരീരത്തിലുള്ള പുതപ്പുകളിലേക്ക് കമിഴ്ന്നു കിടന്നു കരയുന്നു. ജോസഫ് വളരെ പ്രയാസപ്പെട്ടാണ് ശ്വാസം എടുക്കുന്നത്. കണ്ണുകളുടെ പ്രകാശം മങ്ങിത്തുടങ്ങി. ഈശോ അപ്പനെ ആശ്വസിപ്പിക്കാന്‍ തത്രപ്പെടുന്നു.
"അപ്പാ, പോവുക, എന്റെഅനുഗ്രഹംഅപ്പനെ നുഗമിക്കട്ടെ" 
                 മേരി ജോസഫിനെ തലോടുന്നു. ഈശോ കിടക്കയുടെ അരികിലിരുന്നു അപ്പനെ ആശ്ലേഷിക്കുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. ജോസഫ് തളര്‍ന്നു വീഴുന്നു.സമാധാനമായി മരിക്കുന്നു.
ഈശോ പിതാവിനെ കിടത്തിയ ശേഷം അമ്മയെ ആലിംഗനം ചെയ്യുന്നു.
                ഈ ദര്‍ശനത്തെക്കുറിച്ചു ഈശോ ഇപ്രകാരം പറയുന്നു "വേദന കൊണ്ട് പീഡിതരായിരിക്കുന്ന എല്ലാ ഭാര്യമാരോടും  ഞാന്‍ പറയുന്നു; നിങ്ങളുടെ വൈധവ്യത്തില്‍ മേരിയെ അനുകരിച്ചു ഈശോയോടു ഐക്യപ്പെട്ടു  ജീവിക്കുക."

Tuesday, March 15, 2011

ഈശോയെ മുൾമുടി ധരിപ്പിക്കുന്നു

പീലാത്തോസിന്റെ അരമനയിൽ വച്ച് നടത്തിയ ഭീകരമായ ചമ്മട്ടിയടിക്കു ശേഷം ഈശോയെ പടയാളികൾ ബന്ധനവിമുക്തനാക്കി.   ക്ഷീണത്താലും പനിയുടെ വിറയലുള്ളതിനാലും അവശനായ ഈശോ വെയിലത്ത് പോയിരിക്കുന്നു. 
വീണ്ടും ഈശോയുടെ  കൈകൾ അവർ  ബന്ധിച്ചു. കയർ ഉരഞ്ഞ് തൊലിപോയി ചുവന്ന വളകൾ പോലെ കൈത്തണ്ടുകളിൽ കാണാം.
"ഇനിയെന്താണ്? ഇവനെക്കൊണ്ട് ഇനിയെന്തു ചെയ്യണം? ഞാൻ മടുത്തു." ഒരു പടയാളി   പറയുന്നു.
"നിൽക്കൂ, യഹൂദർക്ക് ഒരു   രാജാവു വേണം. ഇപ്പോൾ നമുക്ക് ഒരാളെക്കൊടുക്കാം... ഇവനെ.."
മറ്റൊരാൾ പറയുന്നു. അയാൾ പിന്നിലുള്ള മുറ്റത്തേക്കോടി അവിടെനിന്ന് ഒരുപിടി കാട്ടുവള്ളി ഹോത്തോൺ മുറിച്ചു കൊണ്ടുവന്നു. അതിന്റെ തണ്ട് ഇളതാണെങ്കിലും മുള്ളുകൾക്ക് നല്ല ബലവും മൂർച്ചയുമാണ്. ഒരു കഠാര കൊണ്ട് ഇലകളും മൊട്ടുകളും ഛേദിച്ചശേഷം അവ വളച്ച് വളയമാക്കി ഈശോയുടെ ശിരസ്സിൽ വയ്ക്കുന്നു. എന്നാൽ  ക്രൂരമായ ആ മുടി കഴുത്തിലേക്കു വീണു.
"അതു പാകമല്ല; എടുത്തു ചെറുതാക്കുക."
അവരത് തിരിച്ചെടുക്കുന്നു. മുഖത്തും മുടിയിലും ഉടക്കി ഉരയുകയും വേദനിപ്പിക്കുകയും  ചെയ്യുന്നു. അവരത് ചെറുതാക്കി. ഇപ്പോൾ  അത് കൂടുതൽ ചെറുതായിപ്പോയി. തലയിൽ വച്ചമർത്തിയിട്ടും അത് ഉറച്ചിരിക്കുന്നില്ല. വീണ്ടും  അതെടുത്തപ്പോൾ മുടി പറിയുന്നു. ഇപ്രാവശ്യം പാകത്തിനു വലിപ്പമായി. മുൻഭാഗത്ത് മൂന്നു മുള്ളുകൾ നിറഞ്ഞ തണ്ടുകൾ; പിന്നിൽ ഇവയുടെ അറ്റം ഒരുമിച്ചു കൂടിയിരിക്കുന്നിടത്ത് മുള്ളുകൾ നിറഞ്ഞ ഒരു കെട്ടാണുള്ളത്. കഴുത്തിന്റെ പിന്നിൽ മുകൾഭാഗത്ത് അതു തറച്ചുകയറുന്നുണ്ട്.
"ഒരു രാജാവിന് കിരീടം മാത്രം പോരാ; ധൂമ്രവസ്ത്രവും ചെങ്കോലും കൂടെ വേണം. തൊഴുത്തിൽ ഒരു  ചൂരലുണ്ട്; ഓടയിൽ ഒരു ചെറിയ ചുവപ്പുമേലങ്കി കിടപ്പുണ്ട്. കൊർണ്ണേലിയൂസ് അവ കൊണ്ടുവരൂ."
അവ കൊണ്ടുവന്നു കഴിഞ്ഞ് വൃത്തിഹീനമായ ആ തുണി ഈശോയുടെ തോളുകളിലേക്കിട്ടു; ചൂരൽ കൈയിൽ കൊടുക്കുന്നതിനു മുമ്പ് അതുകൊണ്ടു് ഈശോയുടെ ശിരസ്സിൽ  അടിച്ച് താണ്  അഭിവാദ്യം ചെയ്ത് നിന്ദിക്കുന്നു. "യഹൂദരുടെ രാജാവേ, വാഴ്ക" എന്നുപറഞ്ഞ് അട്ടഹസിച്ചു ചിരിക്കുന്നു.
ഈശോ  യാതൊരു തരത്തിലും പ്രതികരിക്കുന്നില്ല. കുതിരകൾക്കു വെള്ളം കൊടുക്കുന്ന ഒരു    തൊട്ടി കമഴ്ത്തിയിട്ട് അതിന്മേൽ ഈശോയെ ഇരുത്തി അടിക്കുവാനും പരിഹസിക്കുവാനും ഈശോ അനുവദിക്കുന്നു. ഒരു വാക്കുപോലും  പറയുന്നില്ല. അവരെ നോക്കുക മാത്രം ചെയ്യുന്നു. വലുതായ കാരുണ്യത്തിന്റെയും ദുഃഖത്തിന്റെയും സമ്മിശ്രവികാരങ്ങങ്ങൾ സ്പഷ്ടമായ നോട്ടം....
അവരുടെ മേലുദ്യോഗസ്ഥന്റെ സ്വരം കേൾക്കുന്നതു വരെ അവർ  പരിഹാസം തുടർന്നു. കുറ്റവാളിയെ പീലാത്തോസിന്റെ പക്കലേക്കു കൊണ്ടുപോകുവാൻ ആജ്ഞ കിട്ടി. ഈശോയെ   തിരിച്ച് പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി.  ഈശോയ്ക്ക് മുൾമുടിയും വൃത്തിഹീനമായ ചെറുമേലങ്കിയും ചൂരലുമുണ്ട്.
"മുന്നോട്ടുവരൂ, നിന്നെ ഞാൻ  ജനത്തിനു കാണിച്ചു കൊടുക്കട്ടെ."
ഈശോ  തളർന്നിട്ടുണ്ടെങ്കിലും നിവർന്നു നിൽക്കുന്നു. നല്ല മഹത്വം! ശരിക്കും ഒരു രാജാവിന്റെ മഹത്വം!
"യഹൂദന്മാരെ, ശ്രദ്ധിക്കുവിൻ.. ഇതാ ആ മനുഷ്യൻ! ഞാൻ അവനെ ശിക്ഷിച്ചുകഴിഞ്ഞു! ഇനി അവൻ പോകട്ടെ!"
"വേണ്ട, വേണ്ട, ഞങ്ങൾക്കു് അവനെ കാണണം. പുറത്തിറക്കൂ.. ദൈവദൂഷകനെ ഞങ്ങൾ കാണട്ടെ."
"അവനെ പുറത്തേക്കു കൊണ്ടുവരൂ."
ഈശോ നടന്ന് പ്രത്തോറിയത്തിന്റെ കവാടത്തിൽ പടയാളികളുടെ മദ്ധ്യത്തിൽ വന്നുനിന്നു. പീലാത്തോസ് ഈശോയെ  ചൂണ്ടിക്കാണിച്ചുകൊണ്ടു പറയുന്നു: "ഇതാ മനുഷ്യൻ! നിങ്ങളുടെ രാജാവ്! ഇത്രയും ആയതുപോരേ?"

ഈശോ ചുറ്റും നോക്കുന്നു. വിദ്വേഷം നിറഞ്ഞ ആ മനുഷ്യസമുദ്രത്തിൽ സ്നേഹമുള്ള വല്ലവരുമുണ്ടോ എന്ന് ഈശോ നോക്കുന്നു. ഏതാനും മുഖങ്ങൾ കാണുന്നുണ്ട്. ആയിരക്കണക്കിനു ശത്രുക്കളുടെയിടയിൽ പത്തിരുപത് സ്നേഹിതരുടെ മുഖങ്ങൾ... ഈശോ തലതാഴ്ത്തി. ഇത്രയും ഉപേക്ഷിക്കപ്പെട്ടതിലുള്ള ദുഃഖം... കണ്ണുകളിൽ നിന്ന് കണ്ണുനീർ അടർന്നു വീഴുന്നു. കണ്ണീരു കണ്ടിട്ട് ജനത്തിനു സഹതാപമില്ല; കൂടുതൽ കഠിനമായ വെറുപ്പാണ്.


ഈശോയെ പ്രത്തോറിയത്തിലേക്ക് വീണ്ടും തിരികെ കയറ്റി. പീലാത്തോസ് യഹൂദരോട് വീണ്ടും പറഞ്ഞു; "അപ്പോൾ അവൻ പോകട്ടെ. അതു നീതിയാണ്."
"വേണ്ട; അവനു മരണം. അവനെ ക്രൂശിക്കുക."
"ഞാൻ ബറാബാസ്സിനെ നിങ്ങൾക്ക് തരാം."
"വേണ്ട; ക്രിസ്തുവിനെ മതി."
"അങ്ങനെയെങ്കിൽ  നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങൾതന്നെ ക്രൂശിച്ചുകൊള്ളുക. കാരണം, അതു ചെയ്യുവാൻ അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല."
"
അവൻ ദൈവപുത്രനാണെന്ന് അവൻ പറഞ്ഞു. ഇപ്രകാരമുള്ള ദൈവദൂഷണം എന്ന കുറ്റത്തിന് ഞങ്ങളുടെ നിയമം മരണമാണ് കൽപ്പിച്ചിരിക്കുന്നത്."

പീലാത്തോസ്  ചിന്താമഗ്നനായി തിരിച്ചുപോയി സിംഹാസനത്തിൽ ഇരിക്കുന്നു. ഈശോയെ  സൂക്ഷ്മമായി വീക്ഷിക്കുന്നു. "എന്റെയടുത്തേക്കു വരൂ" അയാൾ ഈശോയോടു പറഞ്ഞു.
ഈശോ പീലാത്തോസിനു സമീപെ ചെന്നു.
"ഇതു സത്യമാണോ? എന്നോടു പറയൂ."
ഈശോ മൗനം ഭജിച്ചു.
"നീ എവിടെനിന്നു വരുന്നു? ദൈവം ആരാണ്?"
"അവനാണ് എല്ലാം ആയിരിക്കുന്നത്."
"എല്ലാം എന്നതിന്റെ അർത്ഥമെന്താണ്? മരിക്കുന്നവന് എല്ലാം എന്നുള്ളത് എന്താണ്? നിനക്കു ഭ്രാന്താണ്... ദൈവം എന്നൊന്നില്ല.. ഞാൻ  ഉണ്ട്."
ഈശോ സംസാരിക്കുന്നില്ല.
"എനിക്കു നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും അധികാരമുണ്ടെന്ന് നിനക്കറിഞ്ഞുകൂടേ?"
"മുകളിൽ നിന്ന് നിനക്ക് തന്നില്ലായിരുന്നെങ്കിൽ നിനക്ക് ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതിനാൽ എന്നെ നിനക്ക്  ഏൽപ്പിച്ചുതന്നവനാണ് നിന്നേക്കാൾ കൂടുതൽ കുറ്റക്കാരൻ."
പീലാത്തോസിനു  വിഷമമായി. അവനു മനസ്സുണ്ട്; അവനു ദൈവശിക്ഷയെ ഭയമുണ്ട്... റോമായെയും ഭയപ്പടുന്നു. യഹൂദരുടെ പ്രതികാരത്തെയും ഭയപ്പടുന്നു. ഒരു നിമിഷനേരത്തേക്ക് ദൈവഭയം ജയിക്കയാണ്... യഹൂദരുടെ  മുന്നിലേക്കു ചെന്ന് ഇടിനാദം പോലെയുള്ള സ്വരത്തിൽ അയാൾ പറയുന്നു; "അവൻ  കുറ്റക്കാരനല്ല."
"ഇങ്ങനെ നീ പറഞ്ഞാൽ നീ സീസറിന്റെ സ്നേഹിതനല്ല. സ്വയം രാജാവായി പ്രഖ്യാപിക്കുന്നവൻ സീസറിന്റെ ശത്രുവാണ്. നീ നസ്രായനെ സ്വതന്ത്രനാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇക്കാര്യം സീസറിനെ അറിയിക്കും."
മനുഷ്യഭയം കൊണ്ട് പീലാത്തോസിന്റെ ഉള്ളുനിറഞ്ഞു.
"അപ്പോൾ അവനെ കൊല്ലണം എന്നാണു നിങ്ങൾ ആവശ്യപ്പെടുന്നത്? അങ്ങനെയാകട്ടെ... എന്നാൽ നീതിമാനായ ഈ മനുഷ്യന്റെ രക്തം എന്റെ കൈകളിൽ കറയാകുവാൻ പാടില്ല." ഒരു പാത്രം വെളളം വരുത്തി അയാൾ  അതിൽ കൈകഴുകി. ജനങ്ങൾക്ക് ആവേശംകൊണ്ട് ഭ്രാന്തു പിടിച്ചപോലെയുണ്ട്. "അവന്റെ രക്തം ഞങ്ങളുടെമേൽ ആയിരിക്കട്ടെ!  അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും ആയിരിക്കട്ടെ! ഞങ്ങൾക്കു് അവനെ ഭയമില്ല... അവനെ ക്രൂശിക്കുക!! അവനെ ക്രൂശിക്കുക!!"
പീലാത്തോസ്   അയാളുടെ സിംഹാസനത്തിലേക്കു തിരിച്ചുപോയി. ശതാധിപനായ ലോങ്കിനുസിനെയും ഒരടിമയേയും വിളിപ്പിച്ചു. ഒരു പലക കൊണ്ടുവരാൻ അടിമയോട് ആവശ്യപ്പെട്ടു. അതിന്മേൽ ഇപ്രകാരം എഴുതിച്ചു: "യഹൂദരുടെ   രാജാവായ നസ്രായൻ ഈശോ". അയാളത് ജനത്തെക്കാണിച്ചു.
"അല്ല, അങ്ങനെയല്ല; യഹൂദരുടെ രാജാവല്ല; അവൻ  യഹൂദരുടെ രാജാവാണെന്നു പറഞ്ഞു എന്നാണ് എഴുതേണ്ടത്." അനേകർ വിളിച്ചുപറയുന്നു.
"ഞാൻ എന്തെഴുതിയോ അത് എഴുതിയതു തന്നെ." പീലാത്തോസ്   കർശനമായിപ്പറഞ്ഞു. പിന്നെ നിവർന്നുനിന്ന് കൈപ്പത്തി കമഴ്ത്തി നീട്ടിപ്പിടിച്ചുകൊണ്ട് കൽപ്പിച്ചു: "അവൻ   കുരിശിലേക്കു പോകട്ടെ. പടയാളീ, പോകൂ.. കുരിശു തയ്യാറാക്കൂ." പിന്നെ സിംഹാസനത്തിൽ  നിന്നിറങ്ങി ബഹളം കൂട്ടുന്ന ജനക്കൂട്ടത്തെയോ വിധിക്കപ്പെട്ട മനുഷ്യനെയോ നോക്കാതെ ആ ശാലയിൽ നിന്നു പോയി. 
ഈശോ കുരിശു കാത്തുനിൽക്കുന്നു!!

ക്രൂശുമായ്......


    സുരലോകരാജരാജൻ കുരിശേന്തി 
                                          പോവതെങ്ങോ....
    നരർ ചെയ്യും പെരുംപാപം
                                  ചുമലിൽ ചുമന്നിടുന്നു....
     
                തിരുമേനി മാനവർക്കായ്
                              പെടുംപാടു പാർക്കിലയ്യോ
                കരയാത്തതാരു പാരിൽ
                              കനിവേവം ആർക്കുനേരിൽ...

     മൂവ്വുലകപാലകാ നീ 
                             മൂന്നുരു കുരിശുമായി
     മുട്ടുകുത്തി വീണു ഭൂമൗ 
                            പെട്ടപാടിതെന്തു ചെയ്വോ...


                അങ്ങുയിർവിടുന്ന നേരം
                               കന്നിമേരിയംബികയെ
                അമ്മയായെനിക്കു തന്ന
                               നിൻമഹാകൃപയ്ക്കു വന്ദേൻ...

Monday, March 14, 2011

ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു

പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായ യൂദാസ്ക്കറിയോത്തായാൽ ഒറ്റിക്കൊടുക്കപ്പെട്ട ഈശോയെ, വിചാരണയ്ക്കായി യഹൂദ മതകോടതിയായ സൻഹെദ്രീന്റെ മുമ്പിൽ ഹാജരാക്കുകയും അവർ അവനെ മരണത്തിനു വിധിക്കുകയും ചെയ്തു. അന്നത്തെ നിയമമനുസരിച്ച്, മരണശിക്ഷ വിധിക്കുവാൻ സൻഹെദ്രീന് അധികാരമില്ലാതിരുന്നതിനാൽ റോമൻ ഭരണകൂടത്തിന്റെ അനുമതിക്കായി, ഗവർണർ പീലാത്തോസിന്റെ അരമനയിലേക്ക് അവർ ഈശോയെ  കൊണ്ടുപോകുന്നു.
ഈശോയെ അധികമായി പീഡിപ്പിക്കുന്നതിനു മാത്രം അവർ ജറുസലേം പട്ടണം ചുറ്റിയുള്ള ദീർഘമായ വഴിയിലൂടെ നടത്തുന്നു. ചപ്പുചവറുകളും ചെളിയുമെല്ലാം വാരി എറിയുന്നതിനാൽ ഈശോയുടെ  മുഖം  അഴുക്കുകൊണ്ട് പൊതിയപ്പെടുന്നു.
പീഢകരുടെ എണ്ണം കൂടിക്കൂടി വരുന്നു. ആളുകളുടെ ഭാവം തന്നെ മാറിപ്പോകുന്നു. അവർ  ഉച്ചത്തിൽ വിളിച്ചുപറയുന്നു; "ദൈവദൂഷകന് മരണം! മരണം! ദുഷിപ്പിക്കുന്നവൻ! സാത്താൻ!! അവന്റെ സ്നേഹിതർക്ക് മരണം!"
ബഹളം കേട്ടു് ഏതാനും റോമൻ പടയാളികൾ കുന്തവുമായി അന്റോണിയായിൽ നിന്ന് പുറത്തുവന്നു. ജനക്കൂട്ടം നാലുപാടും ചിതറി. വഴിയുടെ നടുവിൽ ഈശോയും കാവൽ
നിൽക്കുന്നവരും മാത്രമായി. ചില പുരോഹിതരും നിയമജ്ഞരും ജനപ്രമാണികളും ഓടിപ്പോയില്ല.
"ഈ മനുഷ്യൻ? ഈ ബഹളം? നിങ്ങൾ ഇതിന് റോമായോട് ഉത്തരം പറയേണ്ടിവരും." ഒരു ശതാധിപൻ പരിഹാസത്തോടെ പറഞ്ഞു.
"ഞങ്ങളുടെ നിയമമനുസരിച്ച് ഇവൻ മരിക്കേണ്ടതാണ്."
"ഇതെന്നു തുടങ്ങിയതാണ്? മരണശിക്ഷ വിധിക്കാനുള്ള അവകാശം എന്നു തുടങ്ങിയാണ് നിങ്ങൾക്കു തിരിയെത്തന്നത്? ആ ശതാധിപൻ അവജ്ഞയോടെ ചോദിക്കുന്നു.
"ആ അവകാശം ഞങ്ങൾക്കില്ല എന്നറിയാം. ഞങ്ങൾ റോമിന്റെ വിശ്വസ്തരായ പ്രജകളാണ്."
"ഹ..ഹ  ഹ... ഇതുകേട്ടോ ലോങ്കിനുസേ? വിശ്വസ്തത! പ്രജകൾ! ചീഞ്ഞുനാറുന്നവർ... എന്റെ വില്ലാളികളുടെ അസ്ത്രങ്ങൾ കൊണ്ടാണ് എന്റെ മറുപടി."
"അതു കുറെ ബഹുമാനക്കൂടുതലാ... കഴുതകളുടെ പുറത്ത് ചാട്ടവാർ തന്നെ വേണം."
നിന്ദാപൂർവം  ലോങ്കിനുസ് പറയുന്നു.
പുരോഹിതരും നിയമജ്ഞരും ജനപ്രമാണികളും അവർക്ക് കിട്ടിയ നിന്ദ വിഴുങ്ങി മൗനം പാലിക്കുന്നു. ലക്ഷ്യം നേടണമല്ലോ. അവർ റോമൻ  ഉദ്യോഗസ്ഥരെ  തലകുനിച്ചു വണങ്ങുകയും ഈശോയെ  പന്തിയോസ് പീലാത്തോസിന്റെ  പക്കൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.  പീലാത്തോസ്, റോമായുടെ നീതിയനുസരിച്ച് ശിക്ഷാവിധി നൽകട്ടെ.
"ഹഹഹ... കേൾക്കൂ...ഞങ്ങൾ മിനർവായേക്കാൾ ജ്ഞാനമുള്ളവരായി തീർന്നിരിക്കുന്നു! ഇവിടെ വാ... അവനെ ഞങ്ങൾക്ക് വിടൂ... എന്നിട്ടു് ഞങ്ങളേക്കാൾ മുൻപേ പോകൂ... നാറുന്ന കുറുക്കന്മാർ... നിങ്ങളെ ഞങ്ങളുടെ പിന്നിൽ നിർത്തുന്നത് അപകടമാണ്. പൊയ്ക്കോ.."
"ഞങ്ങൾക്ക്  സാധിക്കയില്ല."
"എന്തുകൊണ്ടാണ്? കുറ്റം ആരോപിക്കുന്നവർ പ്രതിയെയും കൊണ്ട് വിധിയാളന്റെ മുമ്പിൽ  ഹാജരാകണം. അതാണ്‌ റോമൻ  നിയമം."
"ഒരജ്ഞാനിയുടെ വീട് ഞങ്ങൾക്ക്  അശുദ്ധമാണ്. ഞങ്ങൾ പെസഹായ്ക്കു വേണ്ടി ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കയാണ്."
"ഓ !! സാധുക്കൾ! അകത്തുവന്നാൽ അശുദ്ധിയാകുംപോലും! ഈ മനുഷ്യനെ, നിങ്ങളെപ്പോലെ  സർപ്പമല്ലാത്തത്തവനെ, മനുഷ്യനായിട്ടുള്ള ഏക യഹൂദനെ കൊല്ലുന്നത് നിങ്ങളെ  അശുദ്ധമാക്കുകയില്ലേ? ശരി, എങ്കിൽ നിങ്ങൾ  അവിടെത്തന്നെ നിന്നുകൊള്ളൂ. ഒരടി മുമ്പോട്ടു വയ്ക്കരുത്..... പ്രതിയുടെ ചുറ്റും ഒരു ദളം  ഭടന്മാർ നിൽക്കട്ടെ. മറ്റുള്ളവർ ഈ ബഹളക്കാരെ തടഞ്ഞുനിർത്തട്ടെ. കുളിപ്പിക്കാത്ത ആട്ടിൻകൊറ്റന്മാരുടെ നാറ്റമുള്ള കൂട്ടം!!"
ഈശോ പത്തു റോമൻ പടയാളികളുടെ മദ്ധ്യത്തിൽ പ്രത്തോറിയത്തിലേക്കു കടന്നു. ശതാധിപന്മാർ രണ്ടുപേരും മുന്നോട്ടുപോയി. അവർ ഗവർണറുമായി തിരിച്ചുവന്നു. പീലാത്തോസ് ഈശോയുടെ അരികിലെത്തി. ഈശോയെ നോക്കിക്കൊണ്ട് ചോദിക്കുന്നു; "ഇവനാണോ?"
"അതെ. ഈ മനുഷ്യൻ."
"അവനെ കുറ്റാരോപണം ചെയ്യുന്നവർ വരട്ടെ." അയാൾ ഉന്നതപീഠത്തിലെ ആസനത്തിൽ ഇരുന്നു.
"അവർക്ക് വരാൻ സാധിക്കയില്ല. അവർ   അശുദ്ധരാക്കപ്പെടും."
"ഫൂ.. നല്ലകാര്യം... അവർ   ഇവിടം വരെയെങ്കിലും അടുത്തുവരാൻ പറയൂ. അകത്തേക്കു കയറ്റരുത്."
ഒരു  പടയാളി,  ഗവർണറുടെ കൽപ്പന  ആൾക്കൂട്ടത്തെ അറിയിച്ചു.
പുരോഹിതരും നിയമജ്ഞരും ജനപ്രമാണികളും അടുത്തുവന്നു. അടിമകളെപ്പോലെ
ഗവർണറെ  താണുവണങ്ങി.
"വേഗമാകട്ടെ, കാര്യം പറയൂ. രാത്രിയിൽ സമാധാനത്തിനു ഭംഗം വരുത്തിയതിനും പട്ടണകവാടങ്ങൾ ബലമായിത്തുറന്നതിനും നിങ്ങൾ ഉത്തരവാദികളാണ്. എന്നാൽ അതു ശരിയാണോ എന്നു ഞാൻ ശരിക്കന്വേഷിക്കും. അധികാരികളും പ്രധാനികളും അതിനുത്തരം പറയേണ്ടിവരും." പീലാത്തോസ് അവരുടെ പക്കലേക്കിറങ്ങിച്ചെന്ന് പ്രത്തോറിയത്തിൽ നിൽക്കുന്നു.
"ഈ മനുഷ്യനെക്കുറിച്ചുള്ള ഞങ്ങളുടെ തീരുമാനം റോമായുടെ ദൈവികചക്രവർത്തിയുടെ പ്രതിപുരുഷനായ നിന്നെ അറിയിക്കുവാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.'
"എന്തു കുറ്റങ്ങളാണ് ഈ മനുഷ്യനിൽ നിങ്ങൾ  ആരോപിക്കുന്നത്? ഇയാൾ
നിർദ്ദോഷിയാണെന്ന് എനിക്കു തോന്നുന്നു."
"ഇവൻ തിന്മചെയ്യുന്നവനല്ലായിരുന്നെങ്കിൽ ഞങ്ങൾ  ഇവനെ നിന്റെ പക്കലേക്കു കൊണ്ടുവരികയില്ലായിരുന്നു." അവനെ കുറ്റാരോപണം ചെയ്യാനുള്ള ആവേശത്തിൽ അവർ മുൻപോട്ടുവന്നു.
"ഈ ജനത്തെ പിന്നിലേക്ക് അകറ്റുക. കവാടത്തിലെ മൂന്നു പടികൾക്കപ്പുറം ആറുചുവട് അകറ്റുക. രണ്ടു ശതദളങ്ങൾ ആയുധധാരികളാവട്ടെ."
പടയാളികൾ ഉടനടി അനുസരിക്കുന്നു. നൂറുപേർ കവാടത്തിന്റെ മുകൾപ്പടിയിൽ പ്രത്തോറിയത്തിനു പുറംതിരിഞ്ഞ് ആളുകൾക്കഭിമുഖമായി നിലയുറപ്പിച്ചു.
"ഞാൻ വീണ്ടും ചോദിക്കുന്നു; ഈ മനുഷ്യനെതിരായി നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ എന്തെല്ലാമാണ്?"
"അവൻ ഞങ്ങളുടെ പൂർവ്വപിതാക്കന്മാരുടെ നിയമങ്ങൾക്കു വിരുദ്ധമായി കുറ്റങ്ങൾ ചെയ്തിരിക്കുന്നു."
"അതിന് എന്നെ ഉപദ്രവിക്കാനെത്തിയിരിക്കയാണോ? അവനെക്കൊണ്ടുപോയി നിങ്ങളുടെ നിയമങ്ങൾക്കനുസൃതമായി വിധിക്കുക."
"ഞങ്ങൾക്ക് ഒരുത്തരെയും മരണത്തിനു വിധിക്കാൻ സാദ്ധ്യമല്ല. ഞങ്ങൾക്ക് പഠനമില്ല. റോമായുടെ പൂർണ്ണതയുള്ള നിയമത്തോടു തുലനം ചെയ്താൽ യഹൂദനിയമം മന്ദബുദ്ധിയായ ഒരു കുട്ടിയെപ്പോലെയാണ്. അറിവില്ലാത്തവരും റോമിന്റെ അധീനതയിലുള്ളവരും എന്ന നിലയിൽ ഞങ്ങൾക്കാവശ്യം....."
അവർ പറഞ്ഞുവന്നതു പൂർത്തിയാക്കാൻ  പീലാത്തോസ് അനുവദിച്ചില്ല. "എന്നു തുടങ്ങിയാണ് നിങ്ങൾ തേനും വെണ്ണയും ആയിത്തീർന്നത്? പക്ഷേ, കള്ളത്തരത്തിന്റെ ആശാന്മാരെ, നിങ്ങൾ പറഞ്ഞത് സത്യമാണ്. നിങ്ങൾക്കു് റോമായെക്കൊണ്ട് ആവശ്യമുണ്ട്! അതെ,
നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ മനുഷ്യനെ ഇല്ലാതാക്കുവാൻ നിങ്ങൾക്കു് റോമായെക്കൊണ്ട് ആവശ്യമുണ്ട്! എനിക്കു മനസ്സിലായി. ആട്ടെ, എന്നോടു പറയൂ; നിങ്ങളുടെ  നിയമങ്ങൾക്കു വിരുദ്ധമായി എന്തു കുറ്റങ്ങളാണ് ഇയാൾ ചെയ്തത്?"
"നമ്മുടെ നാട്ടിൽ ഇയാൾ അസ്വസ്ഥതയുണ്ടാക്കുന്നു. സീസറിനു കപ്പംകൊടുക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നു. ഇവൻ ക്രിസ്തുവാണ്, യഹൂദരുടെ രാജാവാണ് എന്നു പറയുന്നു."
"പീലാത്തോസ് ഈശോയുടെ പക്കൽ തിരിച്ചുചെന്ന് ചോദിക്കുന്നു; "നീ യഹൂദരുടെ  രാജാവാണോ?" ഈശോയുടെ  കൈകൾ ബന്ധിച്ചിരിക്കുകയാണ്. കാവലായി അടുത്താരുമില്ല.
"നീ ഇത് സ്വയം ചോദിക്കയാണോ? അതോ മറ്റുള്ളവരുടെ പ്രേരണയാൽ ചോദിക്കുന്നതോ?"
"ഞാൻ എന്തുചെയ്യണമെന്നാണ് നീ പ്രതീക്ഷിക്കുന്നത്? നിന്റെ രാജ്യത്തിനുവേണ്ടി ഞാൻ  ശ്രദ്ധിക്കേണമോ? ഞാൻ   യഹൂദനാണോ? നിന്റെ രാജ്യവും അതിന്റെ നേതാക്കന്മാരുമാണ്  നിന്നെ എന്റെ പക്കൽ ഏൽപ്പിച്ചുതന്നിരിക്കുന്നത്. ഞാൻ നിന്നെ വിധിക്കണം. നീ എന്താണു ചെയ്തത്? നീ വിശ്വസ്തനാണെന്ന് എനിക്കറിയാം. പറയൂ, രാജ്യം ഭരിക്കാൻ നിനക്കാഗ്രഹമുണ്ടോ?"
"എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കിൽ എന്റെ സേവകരും പടയാളികളും എന്നെ ബന്ധനസ്ഥനാക്കിയ യഹൂദർക്കെതിരെ യുദ്ധം ചെയ്യുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല. ഞാൻ  അധികാരം അന്വേഷിക്കുന്നില്ല എന്നു നിനക്കറിയാമല്ലോ?"
"അതുസത്യമാണ്. എന്നോടു് അങ്ങനെയാണു പറഞ്ഞിട്ടുള്ളത്. പക്ഷേ നീ രാജാവാണെന്നുള്ളത് നീ നിരാകരിക്കുന്നില്ല."
"നീ അത് ഉറപ്പിച്ചു പറയുകയാണ്. ഞാൻ   ഒരു രാജാവാണ്. അതു നിമിത്തമാണ് ഞാനീ ലോകത്തിലേക്കു വന്നത്. സത്യത്തിനു സാക്ഷ്യം വഹിക്കുവാൻ. സത്യത്തിന്റെ ഭാഗത്തായിരിക്കുന്നവൻ എന്നെ ശ്രവിക്കുന്നു."
"എന്താണു സത്യം? നീ ഒരു  തത്വജ്ഞാനിയാണോ? മരണത്തെ നേരിടുമ്പോൾ അതുകൊണ്ട് ഉപകാരമില്ല. സോക്രട്ടീസ് അങ്ങനെയാണു മരിച്ചത്."
"പക്ഷേ, ജീവിതകാലത്ത് സത്യസന്ധമായി ജീവിക്കാൻ അയാളെ അതു സഹായിച്ചു. നന്നായി മരിക്കുവാനും  പൗരധർമ്മങ്ങളിൽ വഞ്ചന കാണിച്ചവൻ എന്നപേരു കേൾപ്പിക്കാതെ അനന്തരജീവിതത്തിലേക്ക് പ്രവേശിക്കുവാനും അതു സഹായിച്ചു."
"ജോവുദേവനാണേ!" ഏതാനും നിമിഷം വലിയ വിസ്മയത്തോടും മതിപ്പോടും കൂടെ അയാൾ ഈശോയെ നോക്കുന്നു. പിന്നെ, ബോറടിച്ചതുപോലെ ഈശോയ്ക്ക് പുറം തിരിഞ്ഞ് യഹൂദരുടെ  പക്കലേക്കു പോകുന്നു.
"ഞാൻ അവനിൽ ഒരുകുറ്റവും കാണുന്നില്ല."
ജനം ബഹളം വയ്ക്കുന്നു. ഇങ്ങനെ വിളിച്ചുപറയുന്നു; "ദൈവദൂഷകൻ", "ഇവൻ ധിക്കാരിയാണ്", "ഇവൻ  സീസറിനു ബഹുമാനം നൽകുന്നില്ല", ഇവൻ  പിശാചാണ്", അവൻ ഗലീലിയായിൽ നിന്നു വന്നാണ് പഠിപ്പിക്കുന്നത്", "അവൻ  മരിക്കണം."
"ഇയാൾ ഗലീലിയാക്കാരനാണോ?" പീലാത്തോസ് ഈശോയുടെ പക്കൽ തിരിച്ചുചെന്ന് ചോദിച്ചു; "അവർ എത്രയധികമായി നിന്നെ കുറ്റപ്പെടുത്തുന്നുവെന്ന് നീ കേൾക്കുന്നുണ്ടോ? നിന്റെ നിരപരാധിത്വം തെളിയിക്കുക." എന്നാൽ ഈശോ ഒന്നും പറയുന്നില്ല.
 പീലാത്തോസ് ചിന്തിച്ച് തീരുമാനത്തിലെത്തുന്നു. "ഒരു ശതദളം പടയാളികൾ ഇവനെ ഹേറോദേസിന്റെ പക്കൽ കൊണ്ടുപോകട്ടെ; വിധി അയാൾ നടത്തട്ടെ. ഇവൻ  ഹേറോദേസിന്റെ  കീഴിലുള്ളവനാണ്. ഉപരാജാവിന്റെ അവകാശത്തെ ഞാൻ മാനിക്കുന്നു. അവന്റെ തീരുമാനം ഞാൻ  മാനിക്കുന്നു. അവന്റെ തീരുമാനം ഞാൻ  മുൻകൂട്ടി അംഗീകരിക്കുന്നു. അവനെ അത് അറിയിക്കുവിൻ. പോകൂ.."
ഈശോ നൂറു പടയാളികളാൽ ചുറ്റപ്പെട്ട് മഹാപാതകിയെപ്പോലെ വീണ്ടും പട്ടണത്തിലേക്കു നയിക്കപ്പെടുന്നു. വഴിയിൽ വച്ച് ഈശോ യൂദാസ്കറിയോത്തായെ കാണുന്നു. ഈശോ കാരുണ്യത്തോടെ അവനെ നോക്കുന്നു.
ചുറ്റും പടയാളികളുള്ളതിനാൽ ഈശോയെ തൊഴിക്കുവാനും വടികൊണ്ടടിക്കുവാനും
ശത്രുക്കൾക്കു കഴിയുന്നില്ല.  എന്നാൽ കല്ലുകൾക്കും ചപ്പുചവറിനും പഞ്ഞമില്ല. അവ വാരിയെറിഞ്ഞ് ഈശോയെ മുറിവേൽപ്പിക്കുകയും അഴുക്കു് ശരീരത്തിൽ പറ്റിപ്പിടിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു.
ഹേറോദേസിന്റെ  കൊട്ടാരത്തിൽ പ്രവേശിച്ചപ്പോൾ ഈശോ കൂസായെക്കണ്ടു. (കൂസായുടെ ഭാര്യ ജോവന്നാ, ഈശോയുടെ അറിയപ്പെടുന്ന ശിഷ്യയാണ്) ഈശോയെ ഈവിധം കാണാൻ ശക്തിയില്ലാതെ അയാൾ മേലങ്കി കൊണ്ട് ശിരസ്സുമൂടി ഓടിപ്പോയി.
ഈശോ ഹേറോദേസിന്റെ  മുമ്പിലേക്കാനയിക്കപ്പെട്ടു. കുറ്റാരോപണം നടത്താൻ തയ്യാറായി നിയമജ്ഞരും പ്രീശരും ഈശോയുടെ പിന്നിൽ നിൽക്കുന്നു. ഈശോയ്ക്ക് കാവലായി ശതാധിപനും നാലു ഭടന്മാരും മാത്രമുണ്ട്.
ഹേറോദേസ് സിംഹാസനത്തിൽ നിന്നിറങ്ങി ഈശോയ്ക്കു ചുറ്റും നടക്കുന്നു; അതേസമയം, ശത്രുക്കളുടെ കുറ്റാരോപണം ശ്രവിക്കുന്നുമുണ്ട്. അതിനുശേഷം സഹതാപവും ബഹുമാനവും അഭിനയിച്ചുകൊണ്ട് ഈശോയോടു പറയുന്നു; "നീ വലിയവനാണ്; എനിക്കറിയാം. കൂസാ നിന്റെ സ്നേഹിതനും മനേയൻ (ഹേറോദേസിന്റെ വളർത്തുപുത്രൻ) നിന്റെ ശിഷ്യനുമാണെന്നറിഞ്ഞതിൽ എനിക്കു സന്തോഷമാണ്. എനിക്കാണെങ്കിൽ ഭരണത്തിന്റെ വിഷമതകൾ...... നീ എത്ര വലിയവനാണെന്നു പറയുവാൻ ഞാൻ എത്രയോ ആഗ്രഹിച്ചു!! നിന്നോടു മാപ്പു ചോദിക്കണമെന്നും ഞാൻ ആഗ്രഹിച്ചു.... സ്നാപകന്റെ കണ്ണുകൾ..... അവന്റെ ശബ്ദം....അവ എപ്പോഴും എന്നെ  കുറ്റപ്പെടുത്തുന്നു... അവ എപ്പോഴും എന്റെ മുൻപിലുണ്ട്... ലോകത്തിന്റെ പാപങ്ങൾ നീക്കിക്കളയുന്ന വിശുദ്ധൻ നീയാണല്ലോ....ഓ! ക്രിസ്തുവേ, എനിക്കു പാപമോചനം നൽകൂ.."
ഈശോ ശബ്ദിക്കുന്നില്ല.
"നീ റോമിനെതിരായി ബഹളമുണ്ടാക്കുന്നെന്ന് അവർ കുറ്റപ്പെടുത്തുന്നതായി ഞാൻ കേട്ടു. അസ്സൂറിനെ പ്രഹരിക്കാനുള്ള വാഗ്ദാനത്തിന്റെ വടി നീയല്ലേ?"
ഈശോ മൗനം പാലിക്കുന്നു.
നിനക്കു ഭ്രാന്താണോ? നിന്റെ ശക്തി നഷ്ടപ്പെട്ടോ? സംസാരിക്കാൻ കഴിവില്ലാതാക്കുന്നത് സാത്താനാണോ? അവൻ നിന്നെ ഉപേക്ഷിച്ചോ?"
ഹേറോദേസ്  ചിരിക്കുന്നു. പിന്നെ അവൻ ഒരു കൽപ്പന കൊടുത്തു. ഭൃത്യന്മാർ ഉടനെ  കാലൊടിഞ്ഞ ഒരു വേട്ടപ്പട്ടിയെ കൊണ്ടുവരുന്നു. ദയനീയമായി അത് കരയുന്നുണ്ട്. തൊഴുത്തിൽ വേലചെയ്യുന്ന മന്ദബുദ്ധിയായ ഒരു  മനുഷ്യനെയും കൊണ്ടുവന്നു. ഭൃത്യന്മാരെല്ലാം ചിരിക്കുന്നു. നിയമജ്ഞരും പുരോഹിതരും ഓടിക്കളഞ്ഞു; ദൈവനിന്ദയ്ക്കെതിരെ ഉച്ചത്തിൽ ശാപവാക്കുകൾ പറഞ്ഞുകൊണ്ടാണ് ഓടിയത്.
ഹേറോദേസ്  വിവരിക്കുന്നു; "ഇത് ഹേറോദിയായുടെ വളർത്തുനായയാണ്. ഇന്നലെ അതിന്റെ കാലൊടിഞ്ഞു. അതിനെ ഒരു  കൽപ്പന കൊണ്ട് സുഖപ്പെടുത്തുക. ഒരത്ഭുതം ചെയ്യുവിൻ."
ഈശോ  അവനെ നിശിതമായി നോക്കുന്നു. ഒന്നും പറയുന്നില്ല.
"ഞാൻ  നിന്നെ വിഷമിപ്പിച്ചോ? എങ്കിൽ മന്ദബുദ്ധിയായ ഈ മനുഷ്യന്റെ കാര്യം; അവന് ബുദ്ധി കൊടുക്കൂ.  കാരണം നീ പിതാവിന്റെ ബുദ്ധിയാണല്ലോ.. അങ്ങനെയല്ലേ നീ പറയുന്നത്."
ഈശോ വീണ്ടും  നിശിതമായി അവനെ നോക്കുന്നു. ഒന്നും സംസാരിച്ചില്ല.
ഹേറോദേസ്  വീണ്ടും പറയുന്നു; "ഈ മനുഷ്യൻ വലിയ ത്യാഗിയാണ്; ഇപ്പോൾ നീരുകൊണ്ട് സ്തംഭിച്ചിരിക്കുന്നു. വീഞ്ഞും സ്ത്രീകളും വരട്ടെ! എന്നിട്ടു് അവനെ  അഴിച്ചുവിടുക."
അവർ ഈശോയുടെ കൈകളുടെ ബന്ധനം അഴിച്ചു. സേവകർ  വീഞ്ഞുനിറച്ച  ജഗ്ഗുകളും പകരാൻ കപ്പുകളും കൊണ്ടുവരുന്നു. നർത്തകികളും എത്തി; അവർ നിശ്ശബ്ദമായി നൃത്തം ചെയ്യുന്നു.
ഈശോ വീഞ്ഞുകപ്പ് നിരസിച്ചു. കണ്ണുകളും അടച്ചു. ഒന്നും പറഞ്ഞില്ല. ഈശോയുടെ  നിന്ദ കണ്ട് ഭൃത്യന്മാർ  ചിരിക്കുന്നു.
"നിനക്കിഷ്ടപ്പെട്ട സ്ത്രീയെ എടുത്തുകൊള്ളുക; ജീവിക്കുക; ജീവിക്കേണ്ടതെങ്ങനെയെന്നു പഠിക്കുക." ഹേറോദേസ്  പറയുന്നു.
ഈശോ ഒരു   പ്രതിമയെപ്പോലെ നിൽക്കുന്നു.
 "മതി; ഞാൻ നിന്നെ ദൈവമായി ബഹുമാനിച്ചു; നീ ദൈവമായി  പ്രവർത്തിച്ചില്ല. നിന്നെ മനുഷ്യനായിക്കരുതി ഞാൻ ബഹുമാനിച്ചു; നീ  മനുഷ്യനായി പ്രവർത്തിച്ചില്ല. നീ ഭ്രാന്തനാണ്. അവനെ ഒരു വെള്ളവസ്ത്രം ധരിപ്പിച്ച് തിരിയെ അയയ്ക്കുക. അവനു ഭ്രാന്താണ് എന്നു ഞാൻ  കരുതുന്നതായി അറിയട്ടെ. ശതാധിപാ, ഗവർണറോടു പറയണം, ഹേറോദേസ് എളിമയോടെ അവന്റെ ബഹുമാനം അറിയിക്കുന്നുവെന്നും റോമായെ വണങ്ങുന്നുവെന്നും;  പൊയ്ക്കൊള്ളൂ."
വീണ്ടും കൈകൾ ബന്ധിക്കപ്പെട്ടവനായി, മുട്ടോളം ഇറക്കമുള്ള ഒരു വെള്ളയുടുപ്പ് അങ്കിയുടെ മീതെ ധരിച്ചവനായി  ഈശോയെ പീലാത്തോസിന്റെ പക്കലേക്കു തിരികെ കൊണ്ടുപോകുന്നു.
ആളുകൾ കാത്തുനിൽക്കുകയാണ്. ജറുസലേമിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാവരുംതന്നെ ഒരുമിച്ചു കൂടിയിരിക്കുന്നു. ആട്ടിടയന്മാരെല്ലാം ഒരു സംഘമായി ഒരുമിച്ചു നിൽക്കുന്നത് ഈശോ  കാണുന്നു. ഐസക്, ജോനാഥൻ, ലേവി, ജോസഫ്, ഏലിയാസ്, മത്തിയാസ്, ജോൺ, ശിമയോൻ, ബഞ്ചമിൻ, ഡാനിയേൽ, ഗലീലേരായ ഒരു  ചെറുഗണം ആളുകൾ എന്നിവർ വന്നിട്ടുണ്ട്. അൽപ്പം അകലെയായി അപ്പസ്തോലൻ ജോൺ നിൽപ്പുണ്ട്. ഈശോ  അവരെയെല്ലാം നോക്കി പുഞ്ചിരിക്കുന്നു..... അവന്റെ സ്നേഹിതർ.... എന്നാൽ വിരോധം കൊണ്ടു തിളയ്ക്കുന്ന ഒരു  മനുഷ്യസമുദ്രത്തിനെതിരെ ഈ ചെറുഗണം എന്താകാൻ?
ശതാധിപൻ പീലാത്തോസിനെ സമീപിച്ച്‌ അഭിവാദ്യം ചെയ്തശേഷം റിപ്പോർട്ട് നൽകുന്നു.
"വീണ്ടും ഇങ്ങോട്ടു തന്നെയോ? ഫൂ........ ശപിക്കപ്പെട്ട വർഗ്ഗം.... ബഹളക്കാരോട് മുമ്പോട്ടു വരാൻ പറയൂ. കുറ്റാരോപണം ചെയ്യപ്പെടുന്നവനെ ഇവിടെ കൊണ്ടുവരൂ... ഓ! എന്തൊരു ശല്യം!"
അയാൾ ജനത്തിന്റെ പക്കലേക്കു നടന്നു.
"യൂദന്മാരെ, ശ്രദ്ധിക്കുവിൻ... ജനങ്ങളെ എതിർക്കുവാൻ പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞാണ് നിങ്ങൾ ഇയാളെ എന്റെ പക്കൽ കൊണ്ടുവന്നത്. നിങ്ങളുടെ സാന്നിദ്ധ്യത്തിൽ അവനെ ഞാൻ  വിസ്തരിച്ചു. നിങ്ങൾ  ആരോപിക്കുന്ന കുറ്റങ്ങളൊന്നും അവനിൽ ഞാൻ   കണ്ടില്ല. ഞാൻ   കണ്ടതിൽ കൂടുതലൊന്നും ഹേറോദേസും കണ്ടില്ല. അയാൾ അവനെ നമ്മുടെ പക്കലേക്കു  തന്നെ തിരിച്ചയയ്ക്കുകയാണുണ്ടായത്. അവൻ മരണം അർഹിക്കുന്നില്ല... റോമ്മാ സംസാരിച്ചു കഴിഞ്ഞു. എന്നാൽ നിങ്ങളെ വിഷമത്തിലാക്കാതിരിക്കുവാൻ, നിങ്ങളുടെ വിനോദം നഷ്ടപ്പെടാതിരിക്കുവാൻ, ബറാബാസിനെ നിങ്ങൾക്കു തരാം. ഇവനു നാൽപ്പത് അടി കൊടുക്കാൻ ഞാൻ കൽപ്പിക്കാം. അതുമതി."
"വേണ്ട, വേണ്ട, ബറാബാസിനെ  വേണ്ട; ഈശോയ്ക്ക് മരണം; ഭയാനകമായ മരണം. ബറാബാസിനെ  വിട്ടയയ്ക്കുക, ഈശോയ്ക്ക് മരണം വിധിക്കുക."
"ഞാൻ പറഞ്ഞു അവനെ പ്രഹരിക്കുമെന്ന്. അതു മതിയാകയില്ലെ? എങ്കിൽ അവനെ ചമ്മട്ടിയടി ഏൽപ്പിക്കാം. അത് ഭയാനകമാണ്, അതുനിമിത്തം അവൻ മരിക്കാനിടയുണ്ട്. അവൻ എന്തു കുറ്റമാണ് ചെയ്തത്? ഞാനവനിൽ ഒരു കുറ്റവും കാണുന്നില്ല. അവനെ ഞാൻ    സ്വതന്ത്രനാക്കും."
"അവനെ കുരിശിൽ തറയ്ക്കുക;  അവനെ കുരിശിൽ തറയ്ക്കുക; അവൻ മരിക്കണം.. നീ കുറ്റവാളികളെ സംരക്ഷിക്കുന്നു! അജ്ഞാനി!! നീയും സാത്താനാണ്!"
ജനം മുന്നോട്ട് ആഞ്ഞടുത്തു. മുൻനിരയിലെ പടയാളികൾക്ക് ഒരു ചാഞ്ചല്യം; അവർക്ക് അവരുടെ കുന്തം പ്രയോഗിക്കുവാൻ കഴിയുന്നില്ല. എന്നാൽ  മുകളിലത്തെ നടയിൽ നിന്നവർ ഒരു പടി താഴേക്കിറങ്ങി കുന്തം  ചുഴറ്റി അവരുടെ കൂട്ടരെ സംരക്ഷിച്ചു.
"അവനെ ചമ്മട്ടിയടി ഏൽപ്പിക്കുവിൻ." പീലാത്തോസ് ഒരു ശതാധിപനോട് കൽപ്പിച്ചു.
"എത്ര അടികൾ?"
"നിങ്ങൾക്കിഷ്ടമുള്ളിടത്തോളം.... എന്തായാലും കാര്യം കഴിയണം.. പോകൂ."
നാലു പടയാളികൾ  പ്രത്തോറിയത്തിന്റെ പിന്നിലുള്ള നടുമുറ്റത്തേക്ക് ഈശോയെ കൊണ്ടുപോകുന്നു.
ആ നടുമുറ്റത്തിന്റെ മദ്ധ്യത്തിൽ ഒരു വലിയ തൂണുണ്ട്.  തൂണിൽനിന്നും നീണ്ടുനിൽക്കുന്ന ഒരു  ഇരുമ്പുപട്ടയുടെ അറ്റത്തുള്ള വളയത്തിൽ ഈശോയെ  ഇരുകൈകളും ഉയർത്തിച്ചേർത്തുപിടിച്ച നിലയിൽ ബന്ധിക്കുന്നു.വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി, അടിവസ്ത്രം മാത്രമാണ് ഈശോയുടെ ശരീരത്തിലുള്ളത്. കാലിന്റെ പെരുവിരൽ മാത്രം നിലത്തുതൊട്ടു   നിൽക്കുന്നു. ആ അവസ്ഥതന്നെ ഒരു  പീഡനമാണ്.

ആരാച്ചാരെപ്പോലെ ഒരുവൻ ഈശോയുടെ  പിന്നിൽ നിൽക്കുന്നു. മറ്റൊരുവൻ മുൻപിലും. അവരുടെ  കയ്യിൽ ചമ്മട്ടികളുണ്ട്; തുകൽവാറുകൾ ഏഴെണ്ണം; അറ്റത്ത് ചെറിയ ഈയച്ചുറ്റിക പിടിപ്പിച്ചിരിക്കുന്നു. ഈ തുകൽവാറുകൾ, ഒരു   പിടിയിന്മേൽ ഉറപ്പായി ബന്ധിച്ചിരിക്കുന്നു. ആദ്യം അവർ സാവകാശത്തിൽ താളം പിടിച്ച് അടിക്കുന്നു. ഒന്നു മുന്നിൽ; പിന്നെ പുറകിൽ.. അങ്ങനെ പ്രഹരത്തിന്റെ ചുഴിയിലകപ്പെട്ടതുപോലെയായി ഈശോയുടെ   ഉടൽ. ഈശോയ്ക്ക് കാവലായി വന്ന നാലു പടയാളികളും നിസ്സംഗരായി പകിട കളിക്കുന്നു. പ്രഹരം പാമ്പുചീറ്റുന്നതു പോലെ ശീൽക്കാരത്തിൽ തുടങ്ങി ചെണ്ടയിൽ കല്ലു വന്നുകൊള്ളുന്നതു പോലെ മുഴങ്ങി അവസാനിക്കയാണ്!! വളരെ മെലിഞ്ഞ മൃദുവായ ശരീരം നിറയെ റോസ്- ചെമപ്പു നിറമുള്ള വരകൾ വീണു. പിന്നീട്‌ അവ ധൂമ്രവർണ്ണമായി; ഒടുവിൽ നീലനിറത്തിൽ രക്തം കട്ടയായി 
വീർത്തു കാണപ്പെടുന്നു. തുടർന്ന് തൊലി പൊട്ടി രക്തം ഒഴുകുകയാണ്. ഈശോയുടെ നെഞ്ചിലും ഉദരഭാഗത്തും അവർ കൂടുതൽ വീറോടെ അടിക്കുന്നു... കാലുകളിലും കൈകളിലും തലയിൽപ്പോലും അടിവീഴുന്നുണ്ട്. വേദനയില്ലാത്ത ഒരിടവുമില്ല. 
ഒരു തേങ്ങൽ പോലുമില്ല....... കയർ കെട്ടിത്തൂക്കിയിരിക്കുന്നതുകൊണ്ട് ഈശോ വീഴുന്നില്ല. ഞരങ്ങുന്നുമില്ല. എന്നാൽ ശിരസ്സ്‌ നെഞ്ചിന്മേൽ ചരിഞ്ഞുകിടക്കുന്നു. ബോധംകെട്ടു പോയതുപോലെയുണ്ട്.
"ഹേയ്, നിർത്തൂ! ജീവനോടെ കൊണ്ടുപോയി അവനെ കൊല്ലണം!" നിന്ദയോടെ ഒരു പടയാളി വിളിച്ചുപറയുന്നു.
ചമ്മട്ടിയടിച്ച രണ്ടുപേരും അടിനിർത്തി വിയർപ്പു തുടയ്ക്കുകയാണ്. 
"നിങ്ങൾ നന്നായിച്ചെയ്തു. വരൂ ... നമുക്കിവനെ അഴിച്ചുവിടാം."
അവർ കെട്ടഴിച്ചു. ഈശോ മരിച്ചതുപോലെ നിലത്തുവീണു. അവൻ കരയുമോ എന്നറിയാൻ ഇടയ്ക്കിടെ കാലുകൊണ്ടു തട്ടുന്നു. എന്നാൽ ഈശോ ശബ്ദിക്കുന്നില്ല.
"അവൻ മരിച്ചോ? മരിച്ചുപോകുമോ? അവൻ ചെറുപ്പമാണ്; കൈത്തൊഴിൽ ചെയ്യുന്നവനുമാണ്; അങ്ങനെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്... പക്ഷേ കണ്ടിട്ട് മൃദുലയായ ഒരു  വനിതയെപ്പോലുണ്ട്."
"ഞാനവനെ ശുശ്രൂഷിക്കും." ഒരു  ഭടൻ പറയുന്നു. അയാൾ ഈശോയെ തൂണിന്മേൽ ചാരിയിരുത്തി. ഈശോ  കിടന്ന സ്ഥലത്ത് രക്തം കട്ടയായി കിടക്കുന്നു. അയാൾ പോയി ജലധാരയിൽനിന്ന് ഒരുതൊട്ടി വെളളം കൊണ്ടുവന്ന് ഈശോയുടെ ശിരസ്സിലും ശരീരത്തിലും ഒഴിച്ചു. 
ഈശോ ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നു. കണ്ണുകൾ ഇപ്പോഴും അടഞ്ഞുതന്നെയാണിരിക്കുന്നത്.
"എഴുന്നേൽക്കൂ, വേഗമാകട്ടെ! എന്താ, ബലമില്ലേ? ഇതാ സ്വൽപ്പം ആശ്വാസം." ഇങ്ങനെ പറഞ്ഞുകൊണ്ട് മറ്റൊരു പടയാളി  അവന്റെ കയ്യിലുള്ള ആയുധത്തിന്റെ പിടി കൊണ്ട് ഈശോയുടെ മുഖത്തടിച്ചു. വലതുവശത്തെ കവിളിന്റെ എല്ലിനും നാസികക്കും അടിയേറ്റതിനാൽ രക്തം ഒഴുകാൻ തുടങ്ങുന്നു.
ഈശോ  കണ്ണുകൾ  തുറന്ന് ചുറ്റും നോക്കുന്നു. അടിച്ച പടയാളിയെ ഈശോ തറപ്പിച്ചു നോക്കുന്നു. വാർന്നൊഴുകുന്ന രക്തം, കൈ കൊണ്ട് തുടച്ചുമാറ്റുകയും വളരെ ബുദ്ധിമുട്ടി എഴുന്നറ്റു നിൽക്കുകയും ചെയ്യുന്നു.
"വേഗം വസ്ത്രം ധരിക്കൂ.. ഇങ്ങനെ നിൽക്കുന്നത് മോശമാണ്. ലജ്ജയില്ലാത്ത ജഡികമനുഷ്യാ.."
ഈശോയുടെ  ചുറ്റും കൂടിനിന്ന് പടയാളികൾ ചിരിക്കുന്നു.
ഒന്നു പറയാതെ ഈശോ  അനുസരിക്കുന്നു. എന്നാൽ ഈശോ വസ്ത്രമെടുക്കാൻ കുനിയുമ്പോൾ ഒരുവൻ ആ വസ്ത്രം തൊഴിച്ചുമാറ്റുന്നു. വീണ്ടും ഈശോ വസ്ത്രമെടുക്കാനെത്തുമ്പോൾ അവരത് വീണ്ടും  തൊഴിച്ചുമാറ്റി ഈശോയെ പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്യുകയാണ്.  ഒരു  വാക്കു പോലും പറയാതെ വീണ്ടും ഈശോ അതെടുക്കാൻ ശ്രമിക്കുമ്പോൾ പടയാളികൾ അസഭ്യം പറഞ്ഞ് ഈശോയെ  പരിഹസിക്കുന്നു.

Thursday, March 10, 2011

യഹൂദ മതകോടതി ഈശോയെ വിചാരണ ചെയ്യുന്നു

    ഗദ്സെമൻ തോട്ടത്തിൽ വച്ച് ബന്ധനസ്ഥനാക്കപ്പെട്ട ഈശോയേയും കൊണ്ട് ദേവാലയത്തിന്റെ കാവൽഭടന്മാരും അവരോടൊപ്പം ചേർന്ന വിരോധികളായ ജനങ്ങളും ഉൾപ്പെട്ട ജനക്കൂട്ടം, ജറുസലേം ദേവാലയ മതിൽക്കെട്ടുകൾക്കകത്തേക്കു പ്രവേശിക്കുന്നു.  വഴിനീളെ  അവരുടെ  ക്രൂരമായ  പരിഹാസവും  കഠിനമായ പീഡനങ്ങളും      ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ഈശോയുടെ യാത്ര. ഒടുവിൽ ഈശോയെ അവർ അന്നാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഈശോയെ  അന്നാസിന്റെ  മുമ്പിൽ ഹാജരാക്കി.

"അന്നാസേ, ദൈവം നിനക്ക് ആശ്വാസം നൽകട്ടെ."  കാവൽഭടന്മാരുടെ തലവനെന്നു തോന്നിക്കുന്ന  ഒരുവൻ പറയുന്നു. കുറ്റവാളി ഇതാ. അവനെ ഞാൻ പരിശുദ്ധനായ നിനക്കേൽപ്പിച്ചു തരുന്നു.  ഇസ്രായേൽ പാപത്തിൽ നിന്നും ശുദ്ധിയാക്കപ്പെടട്ടെ."

"ദൈവം നിന്റെ കാര്യപ്രാപ്തിക്കും വിശ്വാസത്തിനും നിന്നെ അനുഗ്രഹിക്കട്ടെ."
അന്നാസ് ഈശോയെ ചോദ്യം ചെയ്യുന്നു.

"നീ ആരാണ്?"

"നസ്രസ്സിലെ റബ്ബി; ക്രിസ്തു. നിനക്ക് എന്നെയറിയാം. ഞാൻ ഇരുട്ടിൽ ഒന്നും ചെയ്തില്ല."

"ഇല്ല, ഇരുട്ടിൽ  ചെയ്തിട്ടില്ല. പക്ഷേ നീ ജനക്കൂട്ടത്തെ വഴിതെറ്റിക്കുന്നു; മനസ്സിലാകാത്ത തത്വങ്ങൾ പറയുന്നു. അബ്രഹാത്തിന്റെ മക്കളുടെ ആത്മാക്കളെ സംരക്ഷിക്കണമെന്നുള്ളത് ദേവാലയത്തിന്റെ  അവകാശവും ചുമതലയുമാണ്."

"ആത്മാക്കൾ!! ഇസ്രായേലിന്റെ പുരോഹിതാ,  ഈ ജനത്തിൽ ഏറ്റം ചെറിയവനു വേണ്ടി അഥവാ ഏറ്റം വലിയവനു വേണ്ടി നീ എന്തെങ്കിലും സഹിച്ചിട്ടുണ്ടെന്ന് നിനക്കു പറയാൻ കഴിയുമോ?"

"അപ്പോൾ നീ എന്തുചെയ്തു? സഹനം എന്നു വിളിക്കാവുന്ന എന്താണ് നീ ചെയ്തിട്ടുള്ളത്?"

"ഞാൻ  എന്തുചെയ്തു എന്നോ? എന്തുകൊണ്ടാണ് നീ എന്നോടു ചോദിക്കുന്നത്? ഇസ്രായേൽ  മുഴുവനും എന്നെക്കുറിച്ചു സംസാരിക്കുന്നു. വിശുദ്ധനഗരം മുതൽ ഏറ്റം  ദരിദ്രമായ ഗ്രാമം വരെ;  ഞാൻ  എന്തുചെയ്തെന്ന് കല്ലുകൾ പോലും പറയും. ഞാൻ അന്ധർക്ക് കാഴ്ച നൽകിയിട്ടുണ്ട് - കണ്ണുകൾക്കും അവരുടെ ഹൃദയങ്ങൾക്കും; ബധിരരുടെ ചെവികൾ തുറന്നിട്ടുണ്ട് - ഭൂമിയിലേയും സ്വർഗ്ഗത്തിലേയും സ്വരം കേൾക്കാനിടയാക്കി. മുടന്തരേയും തളർവാതം  പിടിപെട്ടവരേയും നടത്തി - ജഡത്തിൽ നിന്ന് ദൈവത്തിലേക്കു നടക്കാനും പിന്നെ അരൂപിയിൽ നടക്കാനും  ഇടവരുത്തി. മോശയുടെ നിയമം ചൂണ്ടിക്കാണിച്ചിട്ടുള്ള കുഷ്ഠരോഗത്തിൽ നിന്ന് ആളുകളെ ശുദ്ധരാക്കി. ഞാൻ മരിച്ചവരെ ഉയിർപ്പിച്ചു.   ഒരു മൃതശരീരത്തെ ജീവിതത്തിലേക്കു തിരിച്ചുവിളിക്കുന്നത് വലിയകാര്യമാണെന്നു ഞാൻ    കരുതുന്നില്ല. എന്നാൽ ഒരു പാപിയെ വീണ്ടെടുക്കുന്നത് വലിയകാര്യമാണ്. അതു ഞാൻ    ചെയ്തിട്ടുണ്ട്. ഞാൻ ദരിദ്രരെ സഹായിച്ചിട്ടുണ്ട്; അത്യാഗ്രഹികളും സമ്പന്നരുമായ ഹെബ്രായരെ ഞാൻ സ്നേഹത്തിന്റെ  പ്രമാണം പഠിപ്പിച്ചു. എന്റെ കൈകളിലൂടെ സ്വർണ്ണം ഒഴുകിയെങ്കിലും ഞാൻ ദരിദ്രനായിക്കഴിഞ്ഞു. സമ്പന്നരായ നിങ്ങളെല്ലാവരേയുംകാൾ കൂടുതലായി ഞാൻ തന്നെ   ദരിദ്രരുടെ കണ്ണുനീര് തുടച്ചുകളഞ്ഞു. അവസാനം ഞാൻ  "പേരി"ല്ലാത്ത സ്വത്ത് കൊടുക്കുകയും ചെയ്തു.  നിയമത്തെക്കുറിച്ചുള്ള അറിവ്,  ദൈവത്തെക്കുറിച്ചുള്ള അറിവ്, നാമെല്ലാം  തുല്യരാണെന്നുള്ള ഉറപ്പു്,   പരിശുദ്ധനായ പിതാവിന്റെ  മുമ്പിൽ  കണ്ണീരും കുറ്റകൃത്യങ്ങളും ആരുടേതായാലും - ഭരണാധികാരിയും പ്രധാനാചാര്യനും യാചകനും കുഷ്ഠരോഗിയും തുല്യരാണെന്നുള്ള  ഉറപ്പു് എന്നിവ ഞാൻ നൽകി.  ഇതെല്ലാമാണ് ഞാൻ       ചെയ്തത്."

"നീ നിന്നെത്തന്നെ കുറ്റം വിധിക്കയാണെന്ന് നീ അറിയുന്നുണ്ടോ? നീ പറയുന്നു: ഒരുവനെ കുഷ്ഠരോഗം ദൈവസന്നിധിയിൽ അശുദ്ധനാക്കുന്നു എന്നുള്ളത് മോശ ചൂണ്ടിക്കാണിച്ചിട്ടില്ല എന്ന്. നീ മോശയെ നിന്ദിക്കയാണു ചെയ്യുന്നത്. മോശയുടെ  നിയമത്തിൽ കുറെ പഴുതുകളുണ്ടെന്നാണ് സൂചിപ്പിക്കുന്നത്."

"മോശയുടെ  നിയമത്തിലല്ല, ദൈവത്തിന്റെ നിയമത്തിൽ. കുഷ്ഠം മാംസത്തിന്റെ ഒരു  ദൗർഭാഗ്യമാണ്. അതിന് അവസാനമുണ്ട്. ഗൗരവമുള്ളതായി ഞാൻ  പ്രസ്താവിക്കുന്നത്   പാപത്തെയാണ്. അത് അരൂപിയുടെ നിത്യമായ ദൗർഭാഗ്യമാകുന്നു."

"നിനക്ക് പാപം പൊറുക്കാൻ കഴിയുമെന്നു പറയാൻ നീ ധൈര്യപ്പെടുന്നോ? നിനക്കെങ്ങനെ അതു ചെയ്യാൻ കഴിയും?"

"അൽപ്പം ശുദ്ധീകരണജലവും ഒരു മുട്ടാടിന്റെ ബലിയും കൊണ്ട് പാപം നീക്കുന്നു എന്നത് നിയമാനുസൃതവും വിശ്വാസ്യവുമാണെങ്കിൽ, എന്തുകൊണ്ടാണ്  എന്റെ കണ്ണീരും  എന്റെ രക്തവും എന്റെ ആഗ്രഹവും അത് സാധിക്കാത്തതാക്കുന്നത്?"

"പക്ഷേ, നീ മരിച്ചിട്ടില്ലല്ലോ. അപ്പോൾ രക്തം എവിടെ?"

"ഞാൻ ഇപ്പോൾ മരിച്ചിട്ടില്ല; പക്ഷേ ഞാൻ  മരിക്കും. കാരണം അങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. അത് സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു. സീയോൻ ഉണ്ടാകുന്നതിനു മുൻപ്,  മോശയുണ്ടാകുന്നതിനുമുൻപ്, യാക്കോബ് ഉണ്ടാകുന്നതിനു മുൻപ്, അബ്രഹാം ഉണ്ടാകുന്നതിനു മുൻപ്, തിന്മയുടെ രാജാവ് മനുഷ്യന്റെ ഹൃദയത്തിൽ കരണ്ട് അവനിലും അവന്റെ മക്കളിലും വിഷം ഇറക്കിയപ്പോൾത്തുടങ്ങി എഴുതപ്പെട്ടതാണ്. പ്രവാചകശബ്ദങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥത്തിൽ, ഭൂമിയിലും അത്  എഴുതപ്പെട്ടിട്ടുണ്ട്. നിന്റെ ഹൃദയത്തിലുണ്ട്, കായ്ഫാസിന്റെ ഹൃദയത്തിലുണ്ട്, സൻഹെദ്രീൻ സഭാംഗങ്ങളുടെ  ഹൃദയത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.  ഞാൻ നല്ലവനായിരിക്കുന്നു എന്നുള്ളത് അവർ - അവരുടെ ഹൃദയങ്ങൾ പൊറുക്കുന്നില്ല. എന്റെ രക്തം മുന്നിൽ കണ്ടുകൊണ്ട് ഞാനതു പൊറുക്കുന്നു. ഇപ്പോൾ ഞാനതു നിർവഹിക്കും. അത് ശുദ്ധീകരിക്കുന്ന രക്തത്തിൽ കുളിച്ചുകൊണ്ടായിരിക്കും."

"നീ പറയുന്നു ഞങ്ങൾ അത്യാഗ്രഹികളാണെന്നും സ്നേഹത്തിന്റെ  പ്രമാണം ഞങ്ങൾ അവഗണിക്കുന്നു എന്നും."

"അത് സത്യമല്ലേ? എന്തിനാണു് നിങ്ങൾ എന്നെ വധിക്കുന്നത്? കാരണം, ഞാൻ നിങ്ങളെ സ്ഥാനഭ്രഷ്ടരാക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നു. ഓ ! ഭയപ്പെടേണ്ട. എന്റെ രാജ്യം ഈ ലോകത്തിന്റേതല്ല. എല്ലാ അധികാരത്തത്തിന്റെയും യജമാനന്മാരായി നിങ്ങളെ ഞാൻ          വിട്ടുകളയുന്നു.  'മതി' എന്ന് എപ്പോൾ പറയണമെന്ന് നിത്യനായ പിതാവിനറിയാം. അപ്പോൾ  ഇടിവെട്ടി നിങ്ങൾ  നിലംപതിക്കും."

"ഡോറാസിനെപ്പോലെ, ഏ?"

"അവൻ കോപം മൂത്തു മരിച്ചതാണ്. സ്വർഗ്ഗത്തിൽ  നിന്നുള്ള മിന്നലേറ്റല്ല അവൻ മരിച്ചത്.   അവനെ പ്രഹരിക്കാനായി ദൈവം മറുവശത്തു നിൽക്കുന്നുണ്ടായിരുന്നു."

"എന്നിട്ടു് നീ അതെന്നോട് ആവർത്തിക്കയാണോ? അവന്റെ ഒരു   ബന്ധുവായ എന്നോടു്? നിനക്കിത്ര തന്റേടമോ?"

"ഞാൻ സത്യം തന്നെയാണ്. സത്യത്തിന് ഒരിക്കലും ഭീരുത്വമില്ല."

"അഹങ്കാരവും ഭോഷത്വവും."

"അല്ല, ആത്മാർത്ഥത. നിന്നെ വിഷമിപ്പിക്കുന്നുവെന്ന് നീയെന്നെ കുറ്റപ്പെടുത്തുന്നു. എന്നാൽ  നിങ്ങളെല്ലാം വെറുക്കുകയല്ലേ ചെയ്യുന്നത്? നിങ്ങൾ  തമ്മിൽത്തമ്മിൽ വെറുക്കുന്നു. എന്നോടുള്ള വെറുപ്പാണ് നിങ്ങളെ ഇപ്പോൾ  യോജിപ്പിച്ചിരിക്കുന്നത്. ഞാൻ സ്നേഹമാണ് പഠിപ്പിച്ചത്. ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണത്. അത്യാഗ്രഹം ത്യജിക്കണമെന്നു ജനത്തെ ഞാൻ പഠിപ്പിച്ചു. കാരുണ്യം കാണിക്കണമെന്നു പഠിപ്പിച്ചു. എന്തിനെക്കുറിച്ചാണ് നിങ്ങളെന്നെ കുറ്റപ്പെടുത്തുന്നത്?"

"നീ ഒരു പുതിയ തത്വം പഠിപ്പിക്കുന്നതുകൊണ്ട്."

"ഓ! പുരോഹിതാ, ഇസ്രായേലിൽ  പുതിയ പ്രബോധനങ്ങൾ നിറഞ്ഞുകവിയുകയാണ്.      എസ്സീൻകാർക്ക് അവരുടേതായതുണ്ട്; പ്രീശരും സദുക്ക്യരും അവരുടേതായവ പഠിപ്പിക്കുന്നു. എല്ലാവർക്കും അവരുടേതായ രഹസ്യതത്വവും ഉണ്ട്. ഒരാൾക്ക് അതു സുഖമാണെങ്കിൽ മറ്റൊരാൾക്ക് സ്വർണ്ണമാണ്; വേറൊരുവന് അധികാരമാണ്. ഓരോരുത്തർക്കും അവരവരുടേതായ വിഗ്രഹമുണ്ട്.  പുതിയ പ്രബോധനമുള്ളത് എനിക്കല്ല. ഞാൻ  എന്റെ പിതാവിന്റെ,  നിത്യനായ  ദൈവത്തിന്റെ, ചവിട്ടിമെതിക്കപ്പെട്ട നിയമത്തെ ഉദ്ധരിക്കയാണു ചെയ്തത്. പത്തുകൽപ്പനകൾ ലളിതമായി വിശദീകരിച്ച് പഠിപ്പിക്കയാണു ചെയ്തത്. അവ അറിയുകപോലും ചെയ്യാതിരുന്നവരോട് സംസാരിച്ച് എന്റെ സ്വരം പോലും പതറി."
"ഭയങ്കരം! ദൈവദൂഷണം! ഒരു പുരോഹിതനായ  എന്നോടു് ഇതുപറയുവാൻ നിനക്കെങ്ങങ്ങനെ ധൈര്യം വന്നു? ഇസ്രായേലിന് ദേവാലയമില്ലേ? ഞങ്ങൾ  ബാബിലോണിലെ വിപ്രവാസികളെപ്പോലെയാണോ? ഉത്തരം പറയൂ."

"നീ അതുതന്നെയാണ്; അതിലും കൂടുതൽ. ഒരു ദേവാലയമുണ്ട്;  ഒരു കെട്ടിടം. പക്ഷേ ദൈവം   അതിലില്ല. അവന്റെ ഭവനത്തിലെ മ്ളേഛതയ്ക്കു മുൻപെ അവിടം വിട്ടുപോയി. പക്ഷേ, എന്തുകൊണ്ടാണ്  എന്നോടു്  ഇത്രയധികം ചോദ്യങ്ങള്‍ ചോദിക്കുന്നത്? എന്റെ മരണം നിശ്ചയിച്ചു കഴിഞ്ഞിരിക്കയാണല്ലോ?"

"ഞങ്ങൾ  കൊലപാതകികളല്ല. വ്യക്തമായ ഒരു  കുറ്റത്തിനാണ്  ഞങ്ങൾക്ക് അധികാരമുള്ള കാര്യങ്ങളിൽ ഞങ്ങൾ   കൊല്ലുന്നത്. എന്നാൽ  ഞാൻ  നിന്നെ രക്ഷിക്കാനാഗ്രഹിക്കുന്നു. എന്നോടു  പറയൂ, നിന്റെ ശിഷ്യരെല്ലാം എവിടെയാണ്? അവരെ എന്റെപക്കൽ ഏൽപ്പിച്ചു തരാമെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രനായി വിടാം. അവരുടെയെല്ലാം പേരുകൾ - രഹസ്യശിഷ്യരുടെ പേരുകൾ കൂടുതൽ പ്രധാനമാണ് - എന്നോടു  പറയൂ... നിക്കോദേമൂസ് നിന്റെ ശിഷ്യനാണോ? അരിമത്തിയാ ജോസഫ്? ഗമാലിയേൽ? ഏലിയാസർ? പറയൂ.... തുറന്നുപറയൂ... എനിക്കു നിന്നെ കൊല്ലാൻ കഴിയും; രക്ഷിക്കാനും കഴിയും. ഞാൻ   ശക്തനാണ്."

"നീ ചെളിയാണ്.  വാർത്ത കൊണ്ടുവരുന്ന ജോലി, അഴുക്കു തന്നെയായ നിനക്കായി ഞാൻ       വിടുന്നു.... ഞാൻ പ്രകാശമാകുന്നു."

ഒരു ഗുണ്ടാ  ഈശോയുടെ കരണത്തടിക്കുന്നു.

"ഞാൻ പ്രകാശമാകുന്നു. പ്രകാശവും സത്യവുമാകുന്നു. ലോകത്തോട് പരസ്യമായിട്ടാണ് ഞാൻ   സംസാരിച്ചിട്ടുള്ളത്. രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഞാനത് ആവർത്തിച്ചു പറയുന്നു. നീ എന്തുകൊണ്ടാണ് എന്നോടു ചോദിക്കുന്നത്? ഞാൻ പറഞ്ഞതു കേട്ടവരോടു ചോദിക്കുക. അവർക്കറിയാം."

വേറൊരു ഗുണ്ടാ ഈശോയുടെ മുഖത്തടിച്ചുകൊണ്ടു ചോദിക്കുന്നു; "ഇങ്ങനെയാണോ നീ പ്രധാനാചാര്യനോടു മറുപടി പറയുന്നത്?"

"ഞാൻ സംസാരിക്കുന്നത് അന്നാസിനോടാണ്. കായ്ഫാസാണ് പ്രധാനപുരോഹിതൻ. ഞാൻ സംസാരിക്കുന്നത്  ഈ വൃദ്ധനു കൊടുക്കേണ്ട ബഹുമാനത്തോടുകൂടിയാണ്. എങ്കിലും ഞാൻ      പറഞ്ഞതിൽ  എന്തെങ്കിലും  തെറ്റുണ്ടെന്ന് നിനക്കു തോന്നുന്നെങ്കിൽ അതു തെളിയിക്കുക. ഇല്ലെങ്കിൽ നീ എന്തുകൊണ്ടാണ് എന്നെ പ്രഹരിക്കുന്നത്?"

"അവനെ ഒന്നും ചെയ്യേണ്ട. ഞാൻ കായ്ഫാസിന്റെ  പക്കലേക്കു പോകയാണ്. തൽക്കാലം അവനെ ഇവിടെ സൂക്ഷിക്കുക. അവൻ ഒരുത്തരോടും സംസാരിക്കാനിടയാകരുത്."

ഇതു പറഞ്ഞിട്ട് അന്നാസ്  പുറത്തേക്കു പോയി.
ഈശോ ഒന്നും പറയുന്നില്ല. ഗുണ്ടകളുടെ ഒരു സംഘം തന്നെ അവിടെയുണ്ട്. ഈശോ അവരുടെ കൂടെയാണ്. കയറുകൊണ്ടുള്ള അടി, തുപ്പൽ, അധിക്ഷേപം, തൊഴി, മുടി വലിച്ചുപറിക്കൽ, എന്നിവയെല്ലാം അവർ ഈശോയോടു ചെയ്യുന്നു. ബന്ധിതനെ കായ്ഫാസിന്റെ  പക്കലേക്കു കൊണ്ടുചെല്ലണമെന്ന് ഒരു ഭൃത്യൻ വന്നുപറയുന്നതുവരെ ഈ ക്രൂരത തുടർന്നു.
      ഇപ്പോഴും ബന്ധിതനും ഉപദ്രവിക്കപ്പെടുന്നവനുമായി പല പൂമുഖങ്ങളും ഇടനാഴികളും അങ്കണങ്ങളും കടന്ന് ഒരു മുറ്റത്തുകൂടി ഈശോ കടന്നുപോകുന്നു. അവിടെ മുറ്റത്ത് തീകൂട്ടി വളരെപ്പേർ തീ കായുന്നുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് തണുത്ത കാറ്റടിക്കുന്നുണ്ട്. പത്രോസും ജോണും അവിടെയുണ്ട്. വിരോധികളായ  ജനക്കൂട്ടത്തിനിടയിൽ നിൽക്കുവാൻ അവർക്ക് ധൈര്യം കൈവന്നിട്ടുണ്ട്. ഈശോ നേരിയ പുഞ്ചിരിയോടെ അവരെ നോക്കുന്നു. ഈശോയുടെ  അധരങ്ങൾ പ്രഹരം മൂലം ചതഞ്ഞുവീർത്തിട്ടുണ്ട്.
   അവസാനം പ്രധാനാചാര്യന്റെ ഭവനത്തിലെത്തി. ആൾക്കൂട്ടത്തെ മാറ്റിനിർത്തി ഏതാനും പടയാളികളും പുരോഹിതന്മാരും ചേർന്ന് ഈശോയെ  മുമ്പോട്ടു കൊണ്ടുപോകുന്നു. ഒരു  വലിയ മുറിയിലേക്ക് അവർ പ്രവേശിക്കുന്നു. ധാരാളം ഇരിപ്പിടങ്ങൾ മുറിയുടെ മൂന്നു വശങ്ങളിലായിട്ടുണ്ട്. 
          ഈശോ അകത്തേക്കു കയറാൻ തുടങ്ങിയ സമയത്തുതന്നെ റബ്ബി ഗമാലിയേൽ ആ വാതിൽക്കലെത്തി.  ഈശോയോട്  താണസ്വരത്തിൽ അയാൾ ചോദിക്കുന്നു; "നീ ആരാണ്? എന്നോടു  പറയൂ."
          ഈശോ  കരുണാപൂർവ്വം മറുപടി പറയുന്നു: "പ്രവാചകന്മാരെ വായിക്കുക; അപ്പോൾ  നിനക്ക്  ഉത്തരം കിട്ടും. അവയിൽ ഒന്നാമത്തെ അടയാളമുണ്ട്. പിന്നത്തെ അടയാളം ഉടനെ വരും."
              ഗമാലിയേൽ മേലങ്കി ഒതുക്കിപ്പിടിച്ച് അകത്തേക്കു കടന്നു. ഈശോ അയാൾക്കു പിന്നിലായി എത്തി. അയാൾ  ഇരിപ്പിടത്തിലേക്കു പോകുന്നു. ഈശോയെ മുറിയുടെ നടുവിലേക്കു വലിച്ചു കൊണ്ടുവന്നു; പ്രധാനാചാര്യന്റെ മുമ്പിലായി ഈശോ നി  നിൽക്കുന്നു. സൻഹെദ്രീൻ  സഭാംഗങ്ങൾ എല്ലാവരും വരാനായി അവർ കാത്തിരിക്കുന്നു.
                 പിന്നെ സഭാനടപടികൾ ആരംഭിക്കയായി. രണ്ടോ മൂന്നോ ഇരിപ്പിടങ്ങളിൽ ആളില്ല. അതു മനസ്സിലാക്കി കായ്ഫാസ് ചോദിക്കുന്നു; "ഏലിയാസർ എവിടെ? ജോൺ എവിടെയാണ്?"
ഒരു ചെറുപ്പക്കാരൻ എഴുന്നറ്റ് ആദരവോടെ കുനിഞ്ഞശേഷം മറുപടി പറയുന്നു; "അവർ വരുന്നില്ല എന്നറിയിച്ചുകൊണ്ടുള്ള കത്തുകൾ കിട്ടിയിട്ടുണ്ട്. ഇതാ എഴുത്തുകൾ."
               "അത് സൂക്ഷിച്ചുവയ്ക്കൂ. അവർ മറുപടി പറയേണ്ടി വരും. ഈ സംഘത്തിന്റെ പരിശുദ്ധരായ അംഗങ്ങൾക്ക് ഈ മനുഷ്യനെക്കുറിച്ച് എന്താണു പറയാനുള്ളത്?"

"ഇവൻ എന്റെ ഭവനത്തിൽ വച്ച് സാബത്ത് ലംഘിച്ചു. ഞാൻ കള്ളമല്ല പറയുന്നതെന്നതിന് ദൈവം സാക്ഷിയുണ്ട്. ഫാബിയുടെ മകൻ ഇസ്മായേൽ ഒരിക്കലും കള്ളം പറയുകയില്ല."

"ഇതു സത്യമാണോ പ്രതീ?"

ഈശോ മൗനം പാലിക്കുന്നു.
                 "അറിയപ്പെടുന്ന വേശ്യകളുടെ കൂടെ അവൻ ജീവിച്ചിട്ടുണ്ട്. ഞാനതു കണ്ടിട്ടുണ്ട്. പ്രവാചകനാണെന്നഭിനയിച്ച് അവന്റെ താമസസ്ഥലം വേശ്യാലയമാക്കിയിട്ടുണ്ട്; അതും അജ്ഞാനി സ്ത്രീകളുമായി.  അന്നാസിന്റെ നടത്തിപ്പുകാരായ സാദോക്ക്, കലസ്റ്റബോണാ, നാഹും എന്നിവർ എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ പറയുന്നത് സത്യമാണോ  സാദോക്ക്? 
കലസ്റ്റബോണാ?  ഞാൻ  അർഹിക്കുന്നെങ്കിൽ ഇതു കളവാണെന്നു നിങ്ങൾ പറയൂ."
"ഇതു ശരിയാണ്;  വളരെ സത്യമാണ്."
"നീ എന്തുപറയുന്നു?"
ഈശോ മൗനം പാലിച്ചു.
              "നമ്മെ നിന്ദിക്കുന്നതിനും പരിഹസിക്കുന്നതിനും കിട്ടിയ അവസരങ്ങളൊന്നും അവൻ പാഴാക്കിയിട്ടില്ല. അവൻ നിമിത്തം സാധാരണക്കാർ ഇപ്പോൾ നമ്മെ സ്നേഹിക്കുന്നില്ല."

"നീയിതു കേൾക്കുന്നുണ്ടോ? നീ പരിശുദ്ധരായവരെ ചീത്തയാക്കി."
ഈശോ മൗനം പാലിക്കുന്നു.

ഈ മനുഷ്യന് പിശാചുബാധയുണ്ട്. ഇവൻ  ഈജിപ്തിൽ നിന്നു വന്നപ്പോൾ മുതൽ മന്ത്രവാദം ചെയ്യുന്നു."
"എങ്ങനെ നിനക്കിത് തെളിയിക്കാൻ കഴിയും?"
"എന്റെ വിശ്വാസത്തിന്മേലും നിയമസംഹിതയിന്മേലും."
"ഒരു ഗൗരവമായ കുറ്റമാണ്. നിന്റെ നിരപരാധിത്വം തെളിയിക്കൂ."

ഈശോ സംസാരിക്കുന്നില്ല.

   "നിന്റെ ശുശ്രൂഷ നിയമാനുസൃതമല്ല. നിനക്കിതറിയാം. മരണത്തിന്നർഹമായ തെറ്റ്... ഉത്തരം പറയൂ."

"നമ്മുടെ ഈ സമ്മേളനം നിയമാനുസൃതമല്ല. എഴുന്നേൽക്കൂ സൈമൺ, നമുക്കു പോകാം."   ഗമാലിയേൽ പറയുന്നു.

"റബ്ബീ, നിനക്കു ഭ്രാന്താണോ?"

"ഓരോന്നിനും ഓരോ ക്രമമുണ്ട്. ഞാൻ അതിനെ  ബഹുമാനിക്കുന്നു. നമ്മൾ ഇപ്പോൾ ചെയ്യുന്നത് നിയമാനുസൃതമല്ല. ഇതിനെതിരെ ഒരു പരസ്യ ആരോപണം തന്നെ  ഞാൻ നടത്തും." റബ്ബി ഗമാലിയേൽ ഇതു പറഞ്ഞശേഷം പുറത്തേക്കു പോകുന്നു. അയാളെ അനുഗമിച്ച് മകൻ സൈമണും പുറത്തേക്കു പോകുന്നു.
             സഭയിലാകെ ബഹളം. ഈ അവസരം ഉപയോഗിച്ച് നിക്കോദേമൂസും അരിമത്തിയാ ജോസഫും ഈശോയ്ക്ക് അനുകൂലമായി സംസാരിക്കുന്നു. "ഗമാലിയേൽ  പറഞ്ഞത് ശരിയാണ്. ഈ സമ്മേളനത്തിന്റെ സമയവും സ്ഥലവും നിയമാനുസൃതമല്ല. ആരോപണങ്ങളും ഉറപ്പുള്ളതല്ല. നിയമത്തെ അലക്ഷ്യമായി നിന്ദിച്ചെന്ന് അവനെക്കുറിച്ച് ആർക്കെങ്കിലും പറയാൻ കഴിയുമോ? ഞാൻ അവന്റെ ഒരു  സ്നേഹിതനാണ്. എപ്പോഴും നിയമത്തെ ബഹുമാനിക്കുന്നവനായിട്ടാണ് അവനെ ഞാൻ    കണ്ടിട്ടുള്ളത്." നിക്കോദേമൂസ് പറയുന്നു.

"ഞാനും അങ്ങനെതന്നെയാണ് കണ്ടിട്ടുള്ളത്. ഒരു   മഹാപരാധത്തിനു സമ്മതമല്ല എന്നറിയിക്കുവാനായി ഞാനെന്റെ ശിരസ്സു മൂടുന്നു; അവനുവേണ്ടിയല്ല; പിന്നയോ, നമുക്കുവേണ്ടിയാണത്. ഞാൻ     പോകുന്നു." ജോസഫ് ഇരിപ്പിടത്തിൽ നിന്നിറങ്ങി പോകാനൊരുങ്ങുന്നു.
              എന്നാൽ കായ്ഫാസ്  ഉച്ചത്തിൽപ്പറയുന്നു; "ഹാ! നീ അങ്ങനെയാണോ പറയുന്നത്? എങ്കിൽ സത്യം ചെയ്ത സാക്ഷികൾ വരട്ടെ. അവർ പറയുന്നത്  ശ്രദ്ധിക്കൂ. അതിനുശേഷം പോകുക."
                   ജയിൽപ്പുള്ളികളെപ്പോലെ തോന്നിക്കുന്ന രണ്ടുപേർ വരുന്നു.
"പറയൂ."
"രണ്ടുപേരും ഒരുമിച്ചു പറയുന്നതും അത് ഒരേസമയത്തു കേൾക്കുന്നതും നിയമാനുസൃതമല്ല."
ജോസഫ് ഉച്ചത്തിൽപ്പറയുന്നു.

"ഞാനാണ് പ്രധാനപുരോഹിതൻ. ഞാൻ കൽപ്പിക്കുന്നു; നിശ്ശബ്ദമായിരിക്കൂ."
                  ജോസഫ്  മേശയിൽ മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ടു പറയുന്നു; "സ്വർഗ്ഗത്തിൽനിന്നുള്ള തീയ് നിന്റെമേൽ വീഴട്ടെ. ഈ നിമിഷം മുതൽ വലിയജോസഫ്  സൻഹെദ്രീന്റെ ശത്രുവും ക്രിസ്തുവിന്റെ സ്നേഹിതനുമാണെന്ന് അറിഞ്ഞുകൊള്ളുക. ഞാനുടനെതന്നെ പോയി, റോമായുടെ അനുമതി കൂടാതെ ഒരു മനുഷ്യനെ കൊലയ്ക്കു വിധിക്കുന്നു എന്ന് പ്രത്തോറിനെ അറിയിക്കും." അയാൾ പുറത്തുകടക്കുന്നു. തടയാൻ ശ്രമിച്ച ഒരു നിയമജ്ഞനെ ഒറ്റത്തള്ളിനു ദൂരെയാക്കി.
               നിക്കോദേമൂസ് ഒരുവാക്കു പോലും പറയാതെ ശാന്തനായി പുറത്തേക്കുപോയി. 

വീണ്ടും ഒരു ബഹളം... അവർക്ക് റോമായെ ഭയമുണ്ട്. അതിനെല്ലാം പരിഹാരം ചെയ്യുന്നത്  ബലിവസ്തുവായ ഈശോ.
"നോക്കൂ! ഇതെല്ലാം സംഭവിക്കുന്നത് നിന്റെ കുറ്റം നിമിത്തമാണ്. നീ ഏറ്റം നല്ല യഹൂദരെപ്പോലും ചീത്തയാക്കുന്നു."

ഈശോ സംസാരിക്കുന്നില്ല.
"സാക്ഷികൾ  സംസാരിക്കട്ടെ." കയ്യാഫാസ് ഉച്ചത്തിൽപ്പറയുന്നു.
"ഉവ്വ്... അവൻ ഉപയോഗിച്ചത്.........ആ.........ആ............. ഞങ്ങൾക്കറിയാം..... അതിന്റെ പേരെന്താ?"

"ഒരുപക്ഷേ ദൈവത്തിന്റെ നാമമായിരിക്കും: 'തെത്രാഗ്രാം'"

"അതുതന്നെ.... നീ പറഞ്ഞതുതന്നെ. അവൻ മരിച്ചവരുടെ ആത്മാക്കളെ സഹായത്തിനു വിളിച്ചു.. സാബത്ത്  ലംഘിക്കാനും ബലിപീഠം അശുദ്ധമാക്കാനും ജനങ്ങളെ പഠിപ്പിച്ചു. ഞങ്ങൾ സത്യം ചെയ്തുപറയുന്നു; അവൻ പറഞ്ഞു, ദേവാലയം നശിപ്പിച്ചിട്ട് മൂന്നു ദിവസം കൊണ്ട് പിശാചുക്കളുടെ സഹായത്തോടെ അതു വീണ്ടും പണിയുമെന്ന്."

"അല്ല, അവൻ പറഞ്ഞത്  മനുഷ്യൻ ഇനി അതു പണിയുകയില്ലെന്നാണ്."
                  കയ്യാഫാസ് അയാളുടെ ഇരിപ്പിടത്തിൽ നിന്നിറങ്ങി താഴെ ഈശോയുടെ പക്കലേക്കു വന്നു. പൊക്കം കുറഞ്ഞ് അമിതവണ്ണമുള്ള ഒരു വിരൂപൻ. ഒരു  പൂവിനടുത്ത് ഒരു വലിയ പൊരിക്കുട്ട വന്നിരിക്കുന്നതുപോലെയുണ്ട്. കാരണം, ഈശോ മുറിവും ചതവുമേറ്റ് വൃത്തിയില്ലാത്തവനും മുടിയും മറ്റും അലങ്കോലപ്പെട്ടവനും ആണെങ്കിലും ഇപ്പോഴും സുന്ദരനും മഹത്വമുള്ളവനുമാണ്. "നീ മറുപടി പറയുന്നില്ലേ? എത്ര ഭയങ്കരമായ കുറ്റങ്ങളാണ് നിനക്കെതിരെ അവർ  ഉന്നയിക്കുന്നത്? ഈ ലജ്ജാകരമായ ആരോപണങ്ങളെ തള്ളിക്കളയുവാൻ നീ സംസാരിക്കൂ."
                   എങ്കിലും ഈശോ സംസാരിക്കുന്നില്ല. അയാളെ  ഈശോ നോക്കുന്നുണ്ട്. എന്നാൽ  ഒന്നും പറയുന്നില്ല.

"എങ്കിൽ  എന്നോടു പറയൂ; ഞാൻ നിന്റെ പ്രധാനാചാര്യനാണ്. ദൈവനാമത്തിൽ ഞാൻ      ആണയിട്ടു ചോദിക്കുന്നു; നീയാണോ ക്രിസ്തു? ദൈവത്തിന്റെ  പുത്രൻ?"

"നീ അതു  പറഞ്ഞുകഴിഞ്ഞു. ഞാൻ ആകുന്നു. ഞാൻ  മനുഷ്യപുത്രൻ, പിതാവിന്റെ വലുതുവശത്ത് പ്രതാപത്തോടുകൂടിയിരിക്കുന്നത്  നീ കാണും; ആകാശത്തിലെ മേഘങ്ങളിൽ വരുന്നത് നീ കാണും. കൂടാതെ, എന്തുകൊണ്ടാണ് നീ എന്നോടു ചോദിക്കുന്നത്? ഞാൻ        മൂന്നുവർഷം പരസ്യമായിട്ടാണ് സംസാരിച്ചത്. എന്നെ ശ്രവിച്ചവരോടു ചോദിക്കുക. ഞാൻ        എന്താണു പറഞ്ഞതെന്നും എന്താണു  ചെയ്തതെന്നും അവർ  പറയും."
              ഈശോയെപ്പിടിച്ചിരിക്കുന്ന പടയാളികളിൽ ഒരുത്തൻ ഈശോയുടെ  അധരങ്ങളിൽ അടിച്ചു.  രക്തം ഒഴുകുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ ചോദിക്കുകയും ചെയ്യുന്നു; "ഉന്നതനായ പ്രധാനാചാര്യനോടു് നീ ഇങ്ങനെയാണോ ഉത്തരം പറയുന്നത്  പിശാചേ?"
                  ഈശോ മുൻപിലത്തെ പ്രഹരക്കാരനോടു ചോദിച്ചതുതന്നെ ഇയാളോടും   ശാന്തമായി ചോദിക്കുന്നു: "ഞാൻ സത്യമാണു  പറഞ്ഞതെങ്കിൽ നീ എന്തിനാണു് എന്നെ പ്രഹരിക്കുന്നത്? ഞാൻ എന്തെങ്കിലും തെറ്റാണു ചെയ്തതെങ്കിൽ എന്തുകൊണ്ടാണ് എന്നോടു നീ അതു പറയാതിരിക്കുന്നത്, എനിക്ക് എവിടെയാണു തെറ്റിയതെന്ന്. ഒരുപ്രാവശ്യം കൂടെ നിന്നോടു ഞാൻ പറയുന്നു: 'ഞാനാണ് ക്രിസ്തു: ദൈവത്തിന്റെ പുത്രൻ. എനിക്ക് കള്ളം പറയുവാൻ കഴിയില്ല. ഞാനാണ് പ്രധാനപുരോഹിതൻ; നിത്യനായ പുരോഹിതൻ. ഞാൻ മാത്രമാണ് "തത്വവും സത്യവും" എന്നെഴുതപ്പെട്ടിരിക്കുന്ന യഥാർത്ഥ ഫലകം ധരിച്ചിരിക്കുന്നവൻ. ഞാൻ  അവയോട് വിശ്വസ്തത പുലർത്തുന്നു; മരിക്കുന്നതുവരെയും... ലോകദൃഷ്ടിയിൽ മോശക്കാരൻ; ദൈവസന്നിധിയിൽ വിശുദ്ധൻ; ആനന്ദദായകമായ ഉയിർപ്പുവരെ അങ്ങനെയാണ്. അഭിഷേകം ചെയ്യപ്പെട്ടവൻ ഞാനാണ്. പ്രധാനാചാര്യനും രാജാവും ഞാനാണ്. ഞാൻ  എന്റെ രാജചെങ്കോൽ എടുക്കാൻ സമയമായി വരുന്നു. മെതിക്കളം ഞാൻ വൃത്തിയാക്കും. ഈ ദേവാലയം നശിപ്പിക്കപ്പെടും; അത് വീണ്ടും ഉയിർക്കും; പുതിയതായി, വിശുദ്ധമായി. കാരണം ഈ ദേവാലയം ദുഷിച്ചതാണ്; ദൈവം അതിനെ അതിന്റെ ഭാഗധേയത്തിനായി കൈവിട്ടിരിക്കുന്നു."

"ദൈവദൂഷകൻ!!!" എല്ലാവരും ഒരുമിച്ചു പറയുന്നു.

"നീ അത്  മൂന്നു ദിവസത്തിനകം ചെയ്യുമോ? ഭോഷൻ, പിശാചുബാധിച്ചവനായ നീ?"
               "ഇതല്ല; എന്റേത്  വീണ്ടും ഉയിർക്കും; സത്യം തന്നെയായ, ജീവനുള്ള, പരിശുദ്ധനായ, മൂന്നു പ്രാവശ്യം പരിശുദ്ധനായ ദൈവത്തിന്റെ ആലയം."

"ദൈവദൂഷണം!!" അവരെല്ലാവരും വീണ്ടും ഒരുമിച്ചു പറയുന്നു.
                  കയ്യാഫാസ് അയാളുടെ വസ്ത്രം കീറി, വലിയഭയം നടിച്ചു പറയുന്നു; "നമുക്കിനി എന്താണു സാക്ഷികളിൽനിന്നു കേൾക്കാനുള്ളത്? ഇവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു! അതിനാൽ നമ്മൾ എന്താണു ചെയ്യേണ്ടത്?"
          എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു; "അവൻ മരണം അർഹിക്കുന്നു."
           വലിയ ഇടർച്ചയ്ക്കു കാരണമായ വിധത്തിൽ ഓരോ ചേഷ്ടകളോടെ അവർ സ്ഥലം വിടുന്നു.
                 ഈശോ ഗുണ്ടകളുടെയും കള്ളസ്സാക്ഷികളുടേയും നടുവിലാണ്. അവർ അവനെ അടിക്കുന്നു; ഇടിക്കുന്നു; തുപ്പുന്നു; ഒരു പഴന്തുണി കൊണ്ട് കണ്ണു കെട്ടുന്നു; പിന്നെ മുടിയിൽപ്പിടിച്ച് ശക്തമായി വലിക്കുന്നു; കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്ന അവനെ  അവിടവിടെ വലിച്ചുകൊണ്ടു നടക്കുന്നു. 
             ഈശോ മേശയിൽ, കസേരകളിൽ, ഭിത്തിയിൽ ചെന്നടിക്കുന്നു. അവർ പരിഹസിച്ച് ചോദിക്കുന്നു; "ആരാണ് നിന്നെ അടിച്ചത്? ഊഹിച്ചു പറയൂ..." പലപ്രാവശ്യം അവനെ തട്ടിവീഴിക്കുന്നു. മുഖംകുത്തി ഈശോ വീഴുന്നു. എഴുന്നേൽക്കാൻ ഈശോ പാടുപെടുന്നതുകണ്ട് അട്ടഹസിച്ചു ചിരിക്കുന്നു.
             
         മണിക്കൂറുകൾ കടന്നുപോയി. പീഢകർ ക്ഷീണിച്ചതിനാൽ ഇടവേള..... പിന്നീട്‌ ഈശോയെ ഒരു നടുമുറ്റത്തുകൂടെ കൊണ്ടുപോകുന്നു. അവിടെ പത്രോസ് തീ കായുന്നുണ്ടായിരുന്നു. ഈശോ അവനെ നോക്കി. എന്നാൽ പത്രോസ് അതുകണ്ടില്ല. ജോണിനെ അവിടെ കാണാനുണ്ടായിരുന്നില്ല.
            പ്രഭാതം പൊട്ടിവിടരുന്നു. "ബന്ധിതനെ വീണ്ടും സഭ കൂടുന്ന സ്ഥലത്തേക്കു കൊണ്ടുചെല്ലാൻ"  കൽപ്പനയായി. വിസ്താരം നിയമാനുസൃതമാണെന്നു ബോദ്ധ്യപ്പെടുത്താനാണത്. ഈ സമയത്താണ് പത്രോസ്  ഈശോയെ അറിയുകയില്ലെന്നു  തറപ്പിച്ചു പറഞ്ഞത്.  
             ഒരു വികൃതി പൂവൻകോഴിയുടെ കൂവൽ അന്തരീക്ഷം കീറിമുറിക്കുന്നു. ഈ സമയത്തെ നിശ്ശബ്ദതയിൽ പത്രോസിന്റെ പരുഷമായ സ്വരം വ്യക്തമായി കേൾക്കാം; "സ്ത്രീയേ, ഞാൻ ആണയിട്ടു പറയുന്നു, അയാളെ ഞാനറിയുകയില്ല." ഉടനെ അതിനു മറുപടിയായി ഒരു  കൊച്ചുപൂവനും ഉച്ചത്തിൽ കൂകി. പത്രോസ്  ഒന്നുഞെട്ടി. ഓടിപ്പോകാനായി അയാൾ തിരിഞ്ഞു.  അപ്പോൾ നേരെ ഈശോയുടെ മുഖമാണ് കാണുന്നത്. ഈശോ  അതിരറ്റ സഹതാപത്തോടെ പത്രോസിനെ നോക്കുന്നു. പത്രോസ് കരഞ്ഞുകൊണ്ട് വേച്ചുവേച്ച് മദ്യപിച്ചയാളെപ്പോലെ പോകുന്നു. 
ഈശോയെ വീണ്ടും സഭ കൂടുന്ന സ്ഥലത്തേക്കു കൊണ്ടുപോയി. എല്ലാവരുംകൂടി ആ കെണി വെച്ച ചോദ്യം വീണ്ടും ചോദിക്കുന്നു; "സത്യദൈവത്തിന്റെ നാമത്തിൽ ഞങ്ങളോടു പറയൂ, നീ ക്രിസ്തുവാണോ?" മുൻപു പറഞ്ഞ അതേ ഉത്തരം കിട്ടിയപ്പോൾ അവർ അവനെ മരണത്തിനു വിധിച്ചു. അവനെ റോമൻ ഗവർണറായ പീലാത്തോസിന്റെ പക്കൽ കൊണ്ടുപോകാൻ ഉത്തരവിടുകയും ചെയ്തു.


(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)