ജാലകം നിത്യജീവൻ: December 2011

nithyajeevan

nithyajeevan

Wednesday, December 28, 2011

ദിവ്യപൈതങ്ങളുടെ തിരുനാള്‍

                        December 28 - ഇന്ന് ദിവ്യപൈതങ്ങളുടെ തിരുനാള്‍

                           ഇന്ന് തിരുസഭ,  ഉണ്ണിയേശുവിനെ കൊല്ലാനുള്ള പരിശ്രമത്തില്‍ ,  ഹേറോദേസ്  രാജാവിനാല്‍    കൊല്ലപ്പെട്ട ശിശുക്കളുടെ ഓര്‍മ്മയാചരിക്കുന്നു.

            അന്ന്  ക്രൂരനായ ഹേറോദേസ്  രാജാവിനാല്‍  അസംഖ്യം പൈതങ്ങൾ   കൊല്ലപ്പെട്ടുവെങ്കില്‍,   ഇന്ന്  അതിന്റെ എത്രയോ ഇരട്ടി   കുഞ്ഞുങ്ങളാണ്   അവരുടെ   സ്വന്തം   അമ്മമാരുടെ ഉദരത്തില്‍   വച്ചുതന്നെ  കശാപ്പു   ചെയ്യപ്പെടുന്നത്!  അവര്‍  ആധുനിക കാലത്തിലെ "ദിവ്യപൈതങ്ങ"ളാണ്....  അവരേയും ഇന്നേദിവസം നമുക്കോര്‍ക്കാം...

Tuesday, December 27, 2011

വി. യോഹന്നാന്‍

December 27 -  ഇന്ന് അപ്പസ്തോലനും സുവിശേഷകനുമായ  വി. യോഹന്നാന്റെ തിരുനാള്‍ 

ഈശോ, അപ്പസ്തോലന്‍ ജോണിനു നല്‍കിയ ഒരു പ്രബോധനം

  "ആദിമാതാപിതാക്കള്‍ക്ക് പ്രകൃതിയെ സംബന്ധിച്ച് ദൈവം നല്‍കിയ നിയമങ്ങളെല്ലാം - ഭക്ഷണം, പാനീയം, വിശ്രമം എന്നിവയ്ക്കായുള്ള ആഗ്രഹം - നല്ലവയായിരുന്നു. എന്നാല്‍  നല്ലവയായിരുന്നതിന്റെ കൂടെ മൃഗീയമായ വാസനകളും മിതത്വമില്ലായ്മയും ഇന്ദ്രിയമോഹങ്ങളും  പാപം വഴിയായി സ്വഭാവിക പ്രമാണങ്ങളെ അവയുടെ സ്ഥാനത്തുനിന്നു മാറ്റി. അവരുടെ മിതത്വമില്ലായ്മയാല്‍ നന്മയായിരുന്നതിനെ  മലിനമാക്കി. സാത്താന്‍  ആ തീയ് കെടാതെ കത്തിച്ചു സൂക്ഷിച്ചു. അവന്റെ പ്രലോഭനങ്ങളാല്‍  ദുഷിച്ചതിനെ വളർത്തിക്കൊണ്ടിരുന്നു. 

ഭക്ഷണം, പാനീയം, വിശ്രമം എന്നിവയ്ക്കായുള്ള ആഗ്രഹം പാപമല്ല. എന്നാല്‍  ദുര്‍മാര്‍ഗ്ഗം, മദ്യപാനാസക്തി, തുടര്‍ച്ചയായുള്ള അലസത തുടങ്ങിയവ പാപമാണ്. വിവാഹം ചെയ്യുവാനും സന്താനോല്‍പ്പാദനത്തിനുമുള്ള ആഗ്രഹവും പാപമല്ല. നേരെമറിച്ച്, അങ്ങനെ ചെയ്യാന്‍  ദൈവം കല്‍പ്പിച്ചിരിക്കയാണ്. ഭൂമിയില്‍  മനുഷ്യനുണ്ടായിരിക്കേണ്ടതിനാണ് ഈ കല്‍പ്പന. എന്നാല്‍  ഇന്ദ്രിയങ്ങളുടെ സംതൃപ്തിക്കു വേണ്ടി മാത്രം സംഗമിക്കുന്നത് നല്ലതല്ല."

ജോണ്‍ ചോദിക്കുന്നു: "ഗുരുവേ, സന്താനോല്‍പ്പാദനം ആഗ്രഹിക്കാത്തവര്‍  ദൈവകല്‍പ്പന ലംഘിക്കയാണോ? ഒരിക്കല്‍  നീ പറഞ്ഞു കന്യാത്വം എന്ന സ്ഥിതി നല്ലതാണെന്ന്."

"അതാണ് ഏറ്റം പൂര്‍ണ്ണമായ സ്ഥിതി. സമ്പത്ത് വളരെയേറെയുള്ളവര്‍  അതു മുഴുവന്‍  നന്നായി വിനിയോഗിക്കുന്നതുകൊണ്ടു സംതൃപ്തരാകാതെ, മുഴുവനും ഉപേക്ഷിക്കുന്നതുപോലെയാണത്. ഏറ്റം പൂര്‍ണ്ണമായ സ്ഥിതി അതാണ്. ഒരു സൃഷ്ടിയ്ക്ക് പ്രാപിക്കാനാവുന്ന പൂര്‍ണ്ണതകളാണവ. അവ വളരെയധികമായി സമ്മാനിക്കപ്പെടും. ഏറ്റം പൂര്‍ണ്ണമായ കാര്യങ്ങൾ മൂന്നാണ്. മനസ്സാലെ സ്വീകരിക്കുന്ന ദാരിദ്രൃം, നിത്യമായ വിരക്തി, പാപമല്ലാത്ത എല്ലാറ്റിലും പൂര്‍ണ്ണമായ അനുസരണം. ഈ മൂന്നു കാര്യങ്ങള്‍ മനുഷ്യനെ ദൈവദൂതന്മാര്‍ക്ക് സമനാക്കുന്നു." 

Monday, December 26, 2011

വിശുദ്ധ സ്റ്റീഫൻ

  ഡിസംബര്‍ 26 - ഇന്ന് വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍
 

ആട്ടിടയന്മാർ - ദിവ്യകാരുണ്യത്തിന്റെ ആദ്യത്തെ ആരാധകർ

ഈശോ പറയുന്നു: ഇന്ന് ദിവ്യകാരുണ്യത്തെക്കുറിച്ചും അതിന്റെ പ്രേഷിതരെക്കുറിച്ചും ഞാൻ സംസാരിക്കാം. മാംസമായ വചനത്തിന്റെ   ശരീരത്തെ   ആദ്യം    ആരാധിച്ചത് ആട്ടിടയന്മാരായിരുന്നു. പരിശുദ്ധ കുർബാനയുടെ ആരാധകരുടെ മുന്നോടികളായിരുന്നു അവർ.  ഹേറോദേസിനാൽ കൊല്ലപ്പെട്ട ദിവ്യപൈതങ്ങൾ  ക്രിസ്തുവിന്റെ  ആദ്യത്തെ രക്തസാക്ഷികളായിരുന്നു.    ഇപ്പോൾ ഞാൻ പറയുന്നു, ദൈവത്തിന്റെ ശരീരത്തിന്റെ ആദ്യ ആരാധകർ ഇടയന്മാരായിരുന്നു. ദിവ്യകാരുണ്യത്തിന്റെ ആത്മാക്കളെ! എന്റെ ശരീരത്തിന്റെ ആരാധകരാകുവാനുള്ള എല്ലാ ഗുണവിശേഷങ്ങളും അവർക്കുണ്ടായിരുന്നു.

ഉറച്ച വിശ്വാസം: അവർ ദൈവദൂതനെ ചോദ്യം ചെയ്യാതെ ഉത്സാഹപൂർവ്വം വിശ്വസിക്കുന്നു.

ഔദാര്യം: അവർക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കർത്താവിനു കൊടുത്തു.

എളിമ: മാനുഷികമായ വീക്ഷണത്തിൽ, അവരേക്കാൾ ദരിദ്രരായവരെ അവർ സമീപിക്കുന്നു. അവരെ ഒട്ടും താഴ്ത്താതെ വിനയത്തോടെ പെരുമാറുന്നു. തങ്ങളെത്തന്നെ ദാസരായി ഏറ്റുപറയുന്നു.

ആഗ്രഹം: അവർക്കു കൊടുക്കുവാൻ സാധിക്കാത്തത് അവരുടെ പരിശ്രമഫലമായി മറ്റുള്ളവരെക്കൊണ്ട് കൊടുപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

അനുസരണം: സക്കറിയാസിനെ അറിയിക്കാൻ മേരി ആഗ്രഹിക്കുന്നു. ഏലിയാസ് ഉടനെ പോകാൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. അക്കാര്യം നീട്ടിവയ്ക്കുന്നില്ല.

സ്നേഹം:    ഗുഹയിൽ നിന്നു പോകുന്നത് അവർക്ക് വേദനയായിരുന്നു. വേറൊരു കാര്യം കൂടിയുണ്ട്. ദൈവദൂതൻ ആർക്കാണു് ആദ്യമേ സ്വയം വെളിപ്പെടുത്തിയത്? ആർക്കാണു് മേരിയുടെ സ്നേഹാമൃതം ആസ്വദിക്കാനുള്ള ഭാഗ്യമുണ്ടായത്? ബാലനായ ലേവിക്കല്ലേ?  ഒരു ശിശുവിന്റെ ആത്മാവുള്ളവർക്കാണ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. തന്റെ രഹസ്യങ്ങൾ അവിടുന്ന് അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. തന്റെ ദൈവിക വചനങ്ങളും മേരിയുടെ വാക്കുകളും കേൾക്കാൻ അവരെ അനുവദിക്കുന്നു.  ഒരു ശിശുവിന്റെ
ആത്മാവുള്ളവർക്ക് ധൈര്യവും ലഭിക്കുന്നു. ലേവി പറഞ്ഞതുപോലെ അവരും പറയുന്നു; "നമുക്കു് അവന്റെ വസ്ത്രം ചുംബിക്കാം." അവർ അതു മേരിയോടാണു പറയുന്നത്. കാരണം, മേരിയാണ് എപ്പോഴും ഈശോയെ നിങ്ങൾക്കു തരുന്നത്.

ദിവ്യകാരുണ്യത്തിന്റെ വാഹകയാണ് മേരി. അവൾ 'ജീവനുള്ള അരുളിക്കാ'യാണ്. മേരിയുടെ പക്കൽ പോകുന്നവർ എന്നെക്കാണുന്നു. അവളോടു ചോദിക്കുന്നവർക്ക് അവളിൽ നിന്ന് എന്നെ ലഭിക്കുന്നു. അതുകൊണ്ട് അവളോട് ഇങ്ങനെ പറയുക: "ഈശോയുടെ വസ്ത്രം ഞാനൊന്നു ചുംബിച്ചുകൊള്ളട്ടെ. ഈശോയുടെ മുറിവുകൾ ഞാൻ ചുംബിക്കട്ടെ.." അതിനേക്കാൾ കൂടുതൽ ധൈര്യത്തോടെ ഇങ്ങനെ പറയുക: "നിന്റെ ഈശോയുടെ ഹൃദയത്തിൽ എന്റെ ശിരസ്സു വച്ചു ഞാൻ വിശ്രമിച്ചുകൊള്ളട്ടെ. അതിൽ ഞാനാനന്ദം കണ്ടെത്തട്ടെ!"

Sunday, December 25, 2011

ആട്ടിടയന്മാര്‍ ഉണ്ണിയേശുവിനെ ആരാധിക്കുന്നു

വിസ്തൃതമായ ഒരു നാട്ടിൻപുറം....  ചന്ദ്രൻ അത്യുച്ചനിലയിൽ  നക്ഷത്രനിബിഡമായ ആകാശത്തിലൂടെ ശാന്തമായി ചരിക്കുന്നു...  ആകാശം നക്ഷത്രങ്ങൾ നിറഞ്ഞതാണ്.  ചന്ദ്രന്റെ പ്രകാശം കൂടിക്കൂടി വരുന്നു.  കൂടുതൽ ശക്തിയുള്ളതായിത്തീരുന്നു.

നാലുവശവും കെട്ടിയടച്ചിരിക്കുന്ന ഒരു പരന്ന ഷെഡിൽ നിന്ന്  ഇടവിട്ട് ആടിന്റെ കരച്ചിൽ കേൾക്കുന്നു.  ഒരു ഇടയൻ ഷെഡിന്റെ വാതിൽക്കലേക്കു വന്ന് വെളിയിലേക്കു നോക്കുന്നു. ഒരു കൈ നെറ്റിയിൽ വെച്ച് കണ്ണുകൾക്കു മറയാക്കിക്കൊണ്ട് മുകളിലേക്കു നോക്കുന്നു. ചന്ദ്രന്റെ പ്രകാശത്തിൽ നിന്നു കണ്ണുകളെ രക്ഷിക്കാൻ കണ്ണിനു മറ പിടിക്കുക എന്നത് അസംഭാവ്യമായിത്തോന്നുന്നു. എന്നാൽ ഇപ്പോൾ ചന്ദ്രന്റെ പ്രകാശം വളരെ ശക്തമാണ്. ഇടയൻ കൂട്ടുകാരെയെല്ലാം വിളിക്കുന്നു.   അവരെല്ലാം വാതിൽക്കലേക്കു വരുന്നു. രോമാവൃതമായ ശരീരമുള്ള പല പ്രായക്കാരായ മനുഷ്യർ. ചിലർ ചെറുപ്പക്കാരാണ്; ചിലർ നരച്ചു തുടങ്ങി. അസാധാരണമായ ഈ  കാഴ്ചയെക്കുറിച്ച്   അവർ  തമ്മിൽത്തമ്മിൽ  ഓരോ അഭിപ്രായങ്ങൾ പറയുന്നു. പ്രായം കുറഞ്ഞവർക്കു ഭയമാകുന്നു. പന്ത്രണ്ട് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ബാലനു കൂടുതൽ പേടിയാകുന്നു. അവൻ കരയാൻ തുടങ്ങുന്നു. അതുകണ്ട് മറ്റുള്ളവരെല്ലാം അവനെ പരിഹസിക്കുന്നു.

അവരിൽ ഏറ്റം പ്രായമുള്ളയാൾ പറയുന്നു; "എടാ വിഡ്ഡീ, നീ എന്തിനാണ് പേടിക്കുന്നത്? അന്തരീക്ഷം എത്ര ശാന്തമാണെന്നു നീ കാണുന്നില്ലേ? ചന്ദ്രന്റെ തെളിവുറ്റ പ്രകാശം നീ കണ്ടിട്ടില്ലേ? നീയിപ്പോഴും അമ്മയുടെ ഉടുപ്പിൽ പിടിച്ചു തൂങ്ങി നടക്കുന്ന ശിശുവാണോ? നിനക്ക്  എന്തെല്ലാം കാര്യങ്ങൾ കാണാനുണ്ട്?  ഓ! എന്തെല്ലാം കാര്യങ്ങൾ നീ കാണും, നീ കുറെ നീണ്ടകാലത്തേക്കു ജീവിച്ചിരുന്നാൽ..."

എന്നാൽ ഇടയബാലൻ ഇപ്പോള്‍ അയാളെ ശ്രദ്ധിക്കുന്നില്ല. അവന്റെ ഭയമെല്ലാം നീങ്ങിയതുപോലെയുണ്ട്. കാരണം, അവൻ വാതിൽക്കൽ നിന്നുമാറി വെളിയിലേക്കു പോകുന്നു. ഷെഡിന്റെ മുൻഭാഗത്തുള്ള പുൽപ്രദേശത്തെ ആലയിലേക്കാണവൻ പോകുന്നത്. അവൻ മുകളിലേക്കു നോക്കിക്കൊണ്ട് എന്തോ മാസ്മര ശക്തിയാൽ  ആകർഷിക്കപ്പെട്ടതുപോലെ നടക്കുന്നു... ഒരു നിമിഷത്തിൽ അവൻ സ്വരമുയർത്തി ഓ! എന്നു പറഞ്ഞ് കൈകൾ മുന്നോട്ടു നീട്ടി, ഭയചകിതനായി, നിശ്ചലനായി നിലകൊള്ളുന്നു. അവന്റെ കൂട്ടുകാർ പരസ്പരം നോക്കി മിണ്ടാൻ കഴിയാതെ നിൽക്കുന്നു. ഒരാൾ പറയുന്നു; "നാളെത്തന്നെ അവനെ ഞാൻ അവന്റെ അമ്മയുടെ പക്കലേക്ക് പറഞ്ഞയയ്ക്കും. ആടിനെ നോക്കാൻ ഭ്രാന്തന്മാരെയൊന്നും എനിക്കാവശ്യമില്ല."

നേരത്തേ സംസാരിച്ച വൃദ്ധൻ പറയുന്നു; "അവനെ വിധിക്കുന്നതിനു മുമ്പ് നമുക്കൊന്നു പോയി നോക്കാം... ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവരെയും വിളിക്കൂ..  വടിയും എടുത്തുകൊള്ളൂ. വല്ലകാട്ടുമൃഗങ്ങളോ കള്ളന്മാരോ ആയിരിക്കാം."

അവർ അകത്തു ചെന്നു മറ്റുള്ളവരെയും വിളിച്ചു. എല്ലാവരും പന്തങ്ങളും വടികളുമായി പുറത്തേക്കിറങ്ങുന്നു. അവർ ബാലന്റെ അടുത്തെത്തി. അവൻ പുഞ്ചിരി തൂകിക്കൊണ്ട് പറയുന്നു; "അതാ, അവിടെ! അവിടെ വൃക്ഷത്തിനു മുകളിൽ അടുത്തുവരുന്ന ആ വെളിച്ചം നോക്കൂ..."

"അത് ചന്ദ്രന്റെ രശ്മിയുടെ മീതെയാണു വരുന്നതെന്നു തോന്നുന്നു. എത്ര മനോഹരമാണത്.."

"എനിക്കു കുറെ തെളിവുള്ള പ്രകാശം കാണാനേ കഴിയുന്നുള്ളൂ.."

"എനിക്കും അങ്ങനെതന്നെ.."

 ബത്ലഹേമിനു സമീപം വച്ച് മേരിയെയും ജോസഫിനെയും കാണുകയും മേരിക്കു പാൽ കൊടുക്കുകയും ചെയ്ത  ഇടയൻ പറയുന്നു; "അല്ലാ, ഒരു ശരീരം പോലെ എന്തോ ഒന്ന് ഞാൻ  കാണുന്നു..."

"അതെ! അതൊരു ദൈവദൂതനാണ്..." ബാലനായ ഇടയൻ വിളിച്ചുപറയുന്നു.  "അവൻ താഴേക്കു വരികയാണ്... താഴേക്കു്..."    ദീർഘവും ആദരം നിറഞ്ഞതുമായ ഒരു "ഓ!" എല്ലാവരിൽ നിന്നുമുയരുന്നു.  ദൈവത്തിന്റെ ദൂതനു മുമ്പിൽ അവരെല്ലാവരും മുട്ടിന്മേൽ വീണു. ചെറുപ്പക്കാരെല്ലാം മുട്ടിന്മേൽ നിന്ന് അടുത്തടുത്തു വരുന്ന ദൈവദൂതനെ നോക്കിക്കൊണ്ടിരിക്കുന്നു... അവരുടെ ഷെഡിരിക്കുന്ന സ്ഥലത്തിനു മുകളിലെത്തിയപ്പോൾ ദൂതൻ ഇടവിതാനത്തിൽ നിശ്ചലനായി നിൽക്കുന്നു. തന്റെ വലിയ ചിറകുകൾ വീശിക്കൊണ്ട് ചന്ദ്രികയ്ക്കുള്ളിൽ മുത്തുപോലെയുള്ള പ്രകാശം പരത്തിക്കൊണ്ടു നിൽക്കുന്നു.

"ഭയപ്പെടേണ്ട, ഞാൻ നിങ്ങൾക്കു് ആപത്തൊന്നും കൊണ്ടുവരികയില്ല. ഒരു വലിയ സന്തോഷവാർത്ത ഇസ്രായേൽ ജനത്തിനും ലോകത്തിലുള്ള എല്ലാവർക്കുമായി ഞാൻ അറിയിക്കുന്നു.." ദൈവദൂതന്റെ സ്വരം, വീണയുടേയും അനേകം രാപ്പാടികളുടേയും സ്വരം ഒന്നുചേർത്തിണക്കിയതു പോലെയുണ്ട്.

"ഇന്ന്, ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ പിറന്നിരിക്കുന്നു." ഇതു പറയുമ്പോൾ ദൈവദൂതൻ തന്റെ ചിറകുകൾ  കൂടുതൽ കൂടുതൽ വിരിക്കുന്നു. അടക്കാനാവാത്ത സന്തോഷത്താൽ ചിറകുകൾ  വീശുന്നു. വിജയകമാനം തീർക്കുന്ന ഒരു മഴവില്ലു പോലെ, ദരിദ്രമായ ആ ഷെഡിനു മുകളിൽ ദൈവദൂതൻ നിൽക്കുന്നു.

"മിശിഹായാകുന്ന രക്ഷകൻ..."  ദൈവദൂതൻ കൂടുതൽ പ്രകാശമാനമായ വെളിച്ചം വീശി മിന്നുന്നു. അവന്റെ ചിറകുകൾ രണ്ടും ഇപ്പോൾ നിശ്ചലമായി മുകളിലേക്കു് നേരെ ഉയർന്നു നിൽക്കുന്നു. "കർത്താവായ മിശിഹാ..." തന്റെ മിന്നിത്തിളങ്ങുന്ന ചിറകുകൾ  ഒതുക്കി അതുകൊണ്ട് ദൈവദൂതൻ സ്വയം മൂടുന്നു. കൈകൾ രണ്ടും വിലങ്ങനെ നെഞ്ചത്തു ചേർത്തു വച്ച് തല കുനിഞ്ഞുതാണ് ആരാധനയർപ്പിക്കുന്നു. ഒതുക്കി വച്ചിരിക്കുന്ന ചിറകുകളുടെയിടയിൽ ദൈവദൂതന്റെ ശിരസ്സു മറഞ്ഞിരിക്കുന്നു. നിശ്ചലവും പ്രകാശപൂർണ്ണവുമായ ഒരു ദീർഘചതുരരൂപം മാത്രം കുറച്ചു സമയത്തേക്കു കാണപ്പെടുന്നു.

ഇപ്പോൾ ദൈവദൂതൻ ചലിക്കുന്നു. ചിറകുകൾ  വിടർത്തുന്നു... തലയുയർത്തി സ്വർഗ്ഗീയമായ ഒരു പുഞ്ചിരിയോടെ പറയുന്നു:  "ഈ അടയാളങ്ങളാൽ നിങ്ങൾ അവനെ തിരിച്ചറിയും... ബത്ലഹേമിന്റെ പിൻഭാഗത്ത് ദരിദ്രമായ ഒരു കാലിക്കൂട്ടിൽ പിള്ളക്കച്ചകളിൽപ്പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങൾ കാണും. മൃഗങ്ങളുടെ പുൽത്തൊട്ടിയിൽ അവനെക്കാണും; കാരണം, ദാവീദിന്റെ പട്ടണത്തിൽ മിശിഹായ്ക്ക് സ്ഥലം കിട്ടിയില്ല.."  ഇതു പറയുമ്പോൾ  ദൈവദൂതൻ ഗൗരവം സ്ഫുരിച്ച് ദുഃഖിതനായി കാണപ്പെടുന്നു.

പിന്നിട് സ്വർഗ്ഗത്തിൽ നിന്ന് അനേകം ദൈവദൂതന്മാർ താഴേക്കിറങ്ങി വരുന്നു... അവരുടെ ആനന്ദത്തിന്റെ സ്വർഗ്ഗീയ പ്രഭയിൽ ചന്ദ്രിക മങ്ങിപ്പോകുന്നു. വാർത്ത അറിയിച്ച ദൈവദൂതന്റെ ചുറ്റുംകൂടി അവർ ചിറകടിച്ച് സൗരഭ്യം വിതറുന്നു. മധുരമായ സംഗീതമാലപിക്കുന്നു... ദൈവദൂതന്മാരുടെ സ്തുതിഗീതം പ്രശാന്തമായ ആ നാട്ടിൻപുറത്ത് അകലങ്ങളിൽ അലിഞ്ഞുചേർന്നു... സംഗീതം സാവധാനത്തിൽ മങ്ങി ഇല്ലാതാകുന്നു... അതുപോലെ തന്നെ പ്രകാശവും... ദൈവദൂതന്മാർ സ്വർഗ്ഗത്തിലേക്കു കയറുന്നു.
ഇടയന്മാർ ആനന്ദസുഷുപ്തിയിൽ നിന്നുണർന്ന് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്കു വരുന്നു.

"നീ കേട്ടോ?"

"നമുക്കു പോയിക്കാണണ്ടേ?"

"അപ്പോൾ മൃഗങ്ങളുടെ കാര്യമെങ്ങനെ?"

"ഓ! അവയ്ക്ക് ഒന്നും സംഭവിക്കുകയില്ല. ദൈവത്തിന്റെ വചനം അനുസരിക്കാനല്ലേ  നമ്മൾ പോകുന്നത്?"

"പക്ഷേ, എങ്ങോട്ടാണ് നമ്മൾ പോവുക?"

"ഇന്നു ജനിച്ചു എന്നല്ലേ പറഞ്ഞത്? ബത്ലഹേമിൽ പാർക്കാൻ ഇടം കിട്ടിയില്ല എന്നും.."  മേരിക്കു പാൽ  കൊടുത്ത ഇടയനാണ് ഇപ്പോൾ സംസാരിക്കുന്നത്. "എന്റെ കൂടെ വരൂ.. എനിക്കറിയാം, അവർ എവിടെയാണെന്ന്. ആ സ്ത്രീയെ ഞാൻ കണ്ടിരുന്നു. എനിക്കു വളരെ ദുഃഖം തോന്നി... അവളോടു സഹതാപം തോന്നി. അവളെപ്രതി എങ്ങോട്ടു പോകണമെന്നു ഞാൻ അവർക്ക് പറഞ്ഞുകൊടുത്തു. കാരണം, അവർക്ക് താമസസ്ഥലം കിട്ടുകയില്ലെന്ന് എനിക്കു തോന്നി. അവൾക്കു കൊടുക്കാനായി ആ മനുഷ്യനു ഞാൻ കുറെ പാലും  കൊടുത്തു... അവൾ വളരെ ചെറുപ്പമാണ്. അവൾ  നല്ലവളും കരുണയുള്ളവളും  ആയിരിക്കണം; വരൂ, നമുക്കു പോയി കുറെ പാലും ചീസും ആട്ടിൻകുട്ടികളെയും നല്ല ആട്ടിൻ തോലും കൊണ്ടുവരാം. അവർ വളരെ ദരിദ്രരായിരിക്കണം... അവൻ എത്ര തണുപ്പു സഹിക്കുന്നുണ്ടായിരിക്കണം എന്നു ഞാൻ ചിന്തിക്കയാണ്.. അവന്റെ പേരുച്ചരിക്കാൻ എനിക്കു ധൈര്യം കിട്ടുന്നില്ല...  ഓർത്തുനോക്കൂ, ദരിദ്രനായ ഒരുവന്റെ ഭാര്യയോടു സംസാരിക്കുന്നതു പോലെയാണ് ഞാൻ അവന്റെ അമ്മയോടു സംസാരിച്ചത്. കഷ്ടം!"
  അവർ ഷെഡിനുള്ളിലേക്കു പോകുന്നു. അധികം താമസിയാതെ പുറത്തുവരുന്നു. ചിലരുടെ കൈയിൽ കുപ്പിയിൽ നിറച്ച പാലുണ്ട്. ചിലരുടെ കൈയിൽ ഒരുതരം വലയിൽ ഉരുണ്ടിരിക്കുന്ന ചീസ്, ചിലരുടെ കൈയിൽ കൂടയ്ക്കകത്ത് കരയുന്ന ആട്ടിൻകുട്ടികൾ, ചിലരുടെ കൈയിൽ ഊറയ്ക്കിട്ടു ശരിയാക്കിയ തോൽ... "അവർക്കു കൊടുക്കാൻ ഒരാടിനെയും കൊണ്ടുപോകാം. അതിന്റെ പാലും വളരെ നല്ലതാണ്. ആ സ്ത്രീക്ക് പാലില്ലെങ്കിൽ ഈ ആട് വലിയ ഉപകാരമായിരിക്കും. കണ്ടിട്ട് അവൾ വളരെ ചെറുപ്പമാണ്. വല്ലാതെ വിളറിയുമിരിക്കുന്നു." പാലു കൊടുത്ത ആ ഇടയൻ പറയുന്നു. അയാൾ അവർക്ക് നേതൃത്വം നൽകുന്നു. പന്തങ്ങൾ കത്തിച്ചുകൊണ്ട് നിലാവിൽ അവർ പുറപ്പടുന്നു.

അവർ ബത്ലഹേം ചുറ്റിപ്പോകുന്നു. മേരിയും ജോസഫും വന്ന വഴിയിലൂടെയല്ല, അതിനെതിരെയുള്ള വശത്തു കൂടിയാണ് അവർ വരുന്നത്. അതിനാൽ അവർ ആദ്യമേ തന്നെ വന്നെത്തിയത് ദിവ്യശിശുവിന്റെ കാലിക്കൂട്ടിലാണ്. അവർ നേരെ അതിന്റെ പ്രവേശനദ്വാരത്തിലേക്കു ചെല്ലുന്നു. ഉള്ളിലേക്കു ചെല്ലാൻ ബാലനായ ഇടയനെ പ്രേരിപ്പിക്കുന്നു. അവൻ ആദ്യം സന്ദേഹിച്ചെങ്കിലും ഉടനെ തന്നെ ആ ദ്വാരത്തിനടുത്തു ചെന്ന് വിരിയായി തൂക്കിയിട്ടിരിക്കുന്ന കുപ്പായം അൽപ്പം മാറ്റിനോക്കുന്നു.

"നീ എന്താണു് കാണുന്നത്?" ഉത്ക്കണ്ഠയോടെ, എന്നാൽ താണസ്വരതിൽ അവർ ചോദിക്കുന്നു.

പുൽത്തൊട്ടിയുടെ ഉള്ളിലേക്കു കുനിഞ്ഞുനിൽക്കുന്ന ഒരു യുവതിയെയും ഒരു മനുഷ്യനെയും എനിക്കു കാണാം. പിന്നെ ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേൾക്കാം..."

"അവളെ വിളിക്കൂ..."
"ഞാൻ വിളിക്കില്ല; നീ വിളിക്കൂ... നീയാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നത്. നീയല്ലേ നേരത്തേ അവളോടു സംസാരിച്ചിട്ടുള്ളത്?"

ഇടയൻ വായ് പൊളിക്കുന്നു. എന്നാൽ ഞരക്കം പോലെ ഒരു നേരിയ ശബ്ദമേ പുറത്തുവന്നുള്ളൂ.  ജോസഫ് തിരിഞ്ഞുനോക്കി വാതിൽക്കലേക്കു വന്നു ചോദിക്കുന്നു: "നിങ്ങൾ ആരാണ്?"

"ഇടയന്മാർ. നിങ്ങൾക്കായി കുറച്ചു ഭക്ഷണവും കുറച്ചു കമ്പിളിയും കൊണ്ടുവന്നിട്ടുണ്ട്.
 രക്ഷകനെ ആരാധിക്കാനാണു ഞങ്ങൾ വന്നിരിക്കുന്നത്."
"അകത്തേക്കു വരൂ.."

"അവരെല്ലാം  അകത്തേക്കു  പ്രവേശിക്കുന്നു.  പന്തങ്ങളുടെ വെളിച്ചത്തിൽ  കാലിക്കൂടു  പ്രകാശമാനമായി.  മേരി തിരിഞ്ഞുനോക്കി പുഞ്ചിരി തൂകുന്നു. "വരൂ.." അവൾ പറയുന്നു. ഇടയബാലനെ അവൾ അരികിൽ ചേർത്തു നിർത്തുന്നു. അവൻ ആനന്ദത്തോടെ  പുൽത്തൊട്ടിയിലേക്കു നോക്കുന്നു. ജോസഫ് വിളിച്ചപ്പോൾ  മറ്റുള്ളവരും  മുന്നോട്ടുവന്നു.  തങ്ങൾ കൊണ്ടുവന്നിരിക്കുന്ന സമ്മാനങ്ങളെല്ലാം മേരിയുടെ പാദത്തിങ്കൽ വച്ച് ഏതാനുംഹൃദയസ്പർശകമായ വാക്കുകളും അവർ പറയുന്നു. പിന്നീട്   മൃദുസ്വരത്തിൽ  കരയുന്ന  ശിശുവിനെ  നോക്കി ആനന്ദാശ്രുക്കൾ പൊഴിക്കുന്നു.

മറ്റുള്ളവരെക്കാൾ ധൈര്യമുള്ള ഒരിടയൻ പറയുന്നു; "അമ്മേ, ഈ കമ്പിളി എടുത്തുകൊള്ളുക. ഇത് വൃത്തിയും മാർദ്ദവവുമുള്ളതാണ്. ജനിക്കാറായ എന്റെ ശിശുവിനു വേണ്ടി ഞാനൊരുക്കിയതാണിത്.
 എന്നാൽ  ഇതു  ഞാൻ  അമ്മയ്ക്കു  തരുന്നു.  ഈ  ശിശുവിനെ ഇതിന്മേൽ കിടത്തുക." ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ വളരെ ഭംഗിയുള്ള ആട്ടിൻതോൽ കൊടുക്കുന്നു. മേരി ഉണ്ണിയെ എടുത്ത് അതിൽപ്പൊതിഞ്ഞ് ഇടയന്മാരെ കാണിക്കുന്നു. അവർ നിലത്ത് വയ്ക്കോലിൽ മുട്ടുകുത്തി ആനന്ദത്തോടെ ശിശുവിനെ നോക്കുന്നു.

ഒരാൾ അഭിപ്രായപ്പെടുന്നു; "കുഞ്ഞിന് ഒരു കവിൾ പാൽ കൊടുക്കണം. സ്വൽപ്പം തേനും വെള്ളവും കൊടുക്കുന്നതാണ് കുറേക്കൂടി നല്ലത്. എന്നാൽ ഇവിടെ നമുക്കു തേനില്ലല്ലോ."
"ഇവിടെ കുറച്ചു പാലുണ്ട്; അതെടുത്തുകൊള്ളൂ..."
"പക്ഷേ അതു തണുത്തതാണ്. പാൽ ചെറുചൂടുള്ളതായിരിക്കണം. ഏലിയാസെവിടെ? അവൻ ആടിനെ കൊണ്ടുവന്നിട്ടുണ്ട്."

                     നേരത്തേ  മേരിക്കു  പാൽ  കൊടുത്ത   ഇടയനാണ് ഏലിയാസ്.  എന്നാൽ  അവൻ  ആ  കൂട്ടത്തിലില്ല.   അവൻ വെളിയിൽ  നിന്നുകൊണ്ട്  ദ്വാരത്തിലൂടെ  നോക്കുകയാണ്.

"ആരാണ് നിങ്ങളെ ഇങ്ങോട്ടയച്ചത്?" ജോസഫ് ചോദിക്കുന്നു.

"ഒരു ദൈവദൂതൻ ഞങ്ങളോട് ഇവിടേക്കു വരാൻ പറഞ്ഞു. ഏലിയാസാണ്   വഴി   കാണിച്ചു  തന്നത്.  എന്നാൽ ഏലിയാസെവിടെ?"

ആടിന്റെ കരച്ചിൽ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്നു.  അവൻ ആടിനെയും കൊണ്ട് അകത്തേക്കു കയറുന്നു.

"ഓ! അതു നിങ്ങളാണോ?" ജോസഫ് അയാളെ മനസ്സിലാക്കുന്നു. മേരി അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറയുന്നു: "നിങ്ങൾ നല്ലവനാണ്."

അവർ ആടിനെ കറക്കുന്നു. ഒരു തുണിക്കഷണത്തിന്റെ അഗ്രം പാലിൽ മുക്കി മേരി ശിശുവിന്റെ അധരങ്ങൾ നനയ്ക്കുന്നു. ഉണ്ണി മധുരമുള്ള ആ പാലിന്റെ പത നുണയുന്നു. അവരെല്ലാവരും പുഞ്ചിരിക്കുന്നു.

             "പക്ഷേ, നിങ്ങൾക്കു് ഇവിടെ താമസിക്കാനാവില്ല. ഇവിടെ ആകെ  തണുപ്പും  ഈർപ്പവുമാണ്.  മൃഗങ്ങളുടെ  ദുർഗ്ഗന്ധവും ശക്തിയായിട്ടുണ്ട്. അതു നല്ലതല്ല; രക്ഷകനു് ഇത് ഒട്ടും നല്ലതല്ല."

"എനിക്കറിയാം.." ശക്തമായ നെടുവീർപ്പോടെ മേരി പറയുന്നു. ബത്ലഹേമിൽ ഞങ്ങൾക്കു സ്ഥലം കിട്ടിയില്ല."

"സ്ത്രീയേ, ധൈര്യമായിരിക്കൂ.. നിങ്ങൾക്കായി ഒരു വീട് ഞങ്ങളന്വേഷിക്കാം. എന്റെ സ്വാമിനിയോടു ഞാൻ പറയും." ഏലിയാസ് പറയുന്നു. "അവൾ നല്ലവളാണ്. തന്റെ സ്വന്തം മുറി നിങ്ങൾക്കു തരണമെങ്കിൽത്തന്നെയും അവൾ നിങ്ങളെ സ്വീകരിക്കും. പ്രഭാതമായാലുടനെ ഞാനവളോടു പറയാം.. അവളുടെ വീടു നിറയെ ആളുകളാണ്. എന്നാലും അവൾ നിങ്ങൾക്കു സ്ഥലമുണ്ടാക്കിത്തരും.."

"എന്റെ കുഞ്ഞിനെങ്കിലും സ്ഥലം കിട്ടിയാൽ മതിയായിരുന്നു..."

"സ്ത്രീയേ, ഒട്ടും വിഷമിക്കേണ്ട. ഞാനതു നോക്കിക്കൊള്ളാം. ഞങ്ങളോടു പറയപ്പെട്ട കാര്യങ്ങൾ ഞങ്ങൾ അനേകരോടു പറയും. നിങ്ങൾക്കൊന്നിനും കുറവുണ്ടാകയില്ല. തൽക്കാലത്തേക്ക് ഈ  ദരിദ്രരുടെ  ദാനങ്ങൾ  സ്വീകരിക്കൂ........  ഞങ്ങൾ ഇടയന്മാരാണ്...."

"ഞങ്ങളും ദരിദ്രരാണ്. നിങ്ങൾക്കു പ്രതിഫലം തരാൻ അശക്തരാണ്." ജോസഫ് പറയുന്നു.

"ഓ! അതൊന്നും ആവശ്യമില്ല. ഞങ്ങൾക്കൊന്നും വേണ്ടാ. നിങ്ങൾക്കു തരാൻ സാധിക്കുമെങ്കിൽത്തന്നെ ഞങ്ങൾക്കൊന്നും വേണ്ടാ. കർത്താവ് ഞങ്ങൾക്കു പ്രതിഫലം തന്നുകഴിഞ്ഞു. അവൻ എല്ലാവർക്കും സമാധാനം വാഗ്ദാനം ചെയ്തിരിക്കുന്നു. ദൈവദൂതന്മാർ പറഞ്ഞു:  "സന്മനസ്സുള്ളവർക്കു സമാധാനം"... എന്നാൽ അവൻ ഞങ്ങൾക്കിപ്പോഴേ അതു തന്നുകഴിഞ്ഞു..  ദൈവദൂതൻ പറഞ്ഞു, "ഈ ശിശുവാണു രക്ഷകൻ; കർത്താവായ ക്രിസ്തു"  എന്ന്.   ഞങ്ങൾ   ദരിദ്രരും   അറിവില്ലാത്തവരുമാണ്. എന്നാൽ   രക്ഷകൻ   സമാധാനത്തിന്റെ രാജകുമാരനായിരിക്കുമെന്നു പ്രവാചകന്മാർ പറഞ്ഞിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം. ഇവിടെ വന്ന് രക്ഷകനെ ആരാധിക്കാനും ദൈവദൂതൻ ഞങ്ങളോടു പറഞ്ഞു. അതുകൊണ്ടാണ്  അവൻ തന്റെ സമാധാനം  ഞങ്ങൾക്കു തന്നത്. അത്യുന്നതമായ സ്വർഗ്ഗത്തിൽ ദൈവത്തിന് സ്തുതിയുണ്ടാകട്ടെ. ഇവിടെയുള്ള അവന്റെ ക്രിസ്തുവിന് മഹത്വമുണ്ടാകട്ടെ. അവനെ പ്രസവിച്ച സ്ത്രീയേ, നിങ്ങൾ അനുഗൃഹീതയാകട്ടെ. അവനെ വഹിക്കുവാൻ അർഹയായതിനാൽ നീ പരിശുദ്ധയാണ്. ഞങ്ങളുടെ രാജ്ഞിയായി ഞങ്ങളോടു കൽപ്പിക്കുക. നിന്നെ സേവിക്കുന്നത് ഞങ്ങൾക്കു സന്തോഷമാണ്. ഞങ്ങൾ എന്താണു് ചെയ്യേണ്ടത്?"

"നിങ്ങൾക്കു് എന്റെ പുത്രനെ സ്നേഹിക്കാൻ കഴിയും. ഇപ്പോൾ നിങ്ങൾക്കുള്ള ഈ മനസ്ഥിതി എപ്പോഴും പാലിക്കാൻ കഴിയും."

"എന്നാൽ നിന്റെ കാര്യം എങ്ങനെ? നിനക്ക് ഒരാവശ്യവുമില്ലേ? ശിശു ജനിച്ചു എന്നറിയിക്കാൻ നിനക്കു ബന്ധുക്കളില്ലേ?"

"ഉണ്ട്; എനിക്കു ബന്ധുക്കളുണ്ട്. എന്നാൽ അവർ വളരെ ദൂരെയാണ്; അവർ ഹെബ്രോണിലാണ്."

"ഞാൻ പോകാം." ഏലിയാസ് പറയുന്നു. "ആരാണവർ?"

"പുരോഹിതനായ സക്കറിയാസും എന്റെ മാതൃസഹോദരീപുത്രി എലിസബത്തും."

"സക്കറിയാസോ? ഓ! എനിക്ക് അദ്ദേഹത്തെ നല്ലപോലെ അറിയാം. വേനൽക്കാലത്ത് ആ പർവതനിരകളിലേക്ക് ഞങ്ങൾ പോകാറുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ഇടയന്റെ ഒരു സ്നേഹിതനുമാണ്. നിങ്ങൾക്കു താമസസൗകര്യം ലഭിച്ചു കഴിയുമ്പോൾ ഞാൻ സക്കറിയാസിന്റെ പക്കൽ പോകാം."

"നന്ദിയുണ്ട് ഏലിയാസേ.."

"നിങ്ങൾ എനിക്കു നന്ദി പറയേണ്ട. ഒരു സാധു ഇടയനായ ഞാൻ ഒരു പുരോഹിതനോട് "രക്ഷകൻ പിറന്നിരിക്കുന്നു" എന്നു പറയാനിടയാകുന്നത് ഒരു വലിയ ബഹുമതിയാണ്."

"അല്ല, നീ പറയേണ്ടത്,  നസ്രസ്സിലെ മേരി പറഞ്ഞയച്ചിരിക്കുന്നു; "ഈശോ പിറന്നിരിക്കുന്നു, അതിനാൽ നിങ്ങൾ ബത്ലഹേമിലേക്കു വരണമെന്നു" മാത്രമാണ്."

"ഞാൻ അങ്ങനെ പറഞ്ഞുകൊള്ളാം."

"ദൈവം നിനക്കു പ്രതിഫലം നൽകട്ടെ.  ഏലിയാസേ, നിന്നെയും - നിങ്ങളോരോരുത്തരെയും ഞാൻ ഓർത്തുകൊള്ളാം."

"നിന്റെ ശിശുവിനോടു ഞങ്ങളെക്കുറിച്ചു പറയുമോ?"

"തീർച്ചയായും ഞാൻ പറയും."

"ഞാൻ ഏലിയാസാണ്."
"എന്റെ പേരു് ലേവി." ബാലനായ ഇടയൻ പറയുന്നു.
"എന്റെ പേരു് സാമുവൽ."
"എന്റെ പേരു് ജോനാ."
"എന്റെ പേരു് ഐസക്ക്."
"ഞാൻ തോബിയാസ്."
"ഞാൻ ജോനാഥൻ."
"ഞാൻ ദാനിയേൽ."
"ഞാൻ സൈമൺ."
"ഞാൻ ജോൺ."
"ഞാൻ ജോസഫാണ്. എന്റെ സഹോദരനാണ് ബഞ്ചമിൻ. ഞങ്ങൾ ഇരട്ടകളാണ്."

"ഞാൻ നിങ്ങളുടെ പേരുകൾ ഓർത്തിരിക്കും."

"ഞങ്ങൾക്കു പോകണമല്ലോ. പക്ഷേ ഞങ്ങൾ തിരിച്ചുവരും. രക്ഷകനെ ആരാധിക്കാൻ മറ്റുള്ളവരെയും ഞങ്ങൾ കൂട്ടിക്കൊണ്ടുവരും."

"അവന്റെ ഉടുപ്പു ചുംബിക്കുവാൻ ഞങ്ങളെ അനുവദിക്കുമോ?" ബാലനായ ലേവി ചോദിക്കുന്നു.

മേരി ഉണ്ണിയെ സാവധാനത്തിൽ എടുക്കുന്നു. വയ്ക്കോലിന്മേലിരുന്ന് ആ ചെറുപാദങ്ങൾ തുണിയിൽപ്പൊതിഞ്ഞ് അവർക്കു ചുംബിക്കുവാൻ കൊടുക്കുന്നു. ഇടയന്മാർ നിലംപറ്റെത്താണ് ആ ചെറുപാദങ്ങൾ ചുംബിക്കുന്നു. പോകാറായപ്പോൾ അവർ പുറംതിരിഞ്ഞു നടക്കാതെ പിന്നോക്കം നടക്കുന്നു. മേരി ശിശുവിനെ മടിയിൽ വച്ചുകൊണ്ട് വയ്ക്കോലിന്മേലിരിക്കുന്നു. ജോസഫ്, കൈമുട്ടുകൾ രണ്ടും പുൽത്തൊട്ടിയിൽ കുത്തിച്ചാരി നിന്നുകൊണ്ട് ശിശുവിനെ നോക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Saturday, December 24, 2011

തിരുപ്പിറവി                          മൃഗങ്ങളോടൊപ്പം രാത്രി ചെലവഴിക്കാനിടയായ, മേരിയും  ജോസഫും പ്രവേശിച്ച ആ ഗുഹയിൽ, തണുപ്പകറ്റാനായി ജോസഫ്  കത്തിച്ച  തീയ്  പതുക്കെ  കെട്ടു  തുടങ്ങുന്നു.  അതു സൂക്ഷിച്ചുകൊണ്ടിരുന്ന ആളും ഒന്നു മയങ്ങുന്നു. മേരി കിടക്കയിൽ നിന്നു തലയുയർത്തി  ചുറ്റും  നോക്കുന്നു.  ജോസഫിന്റെ തല കുനിഞ്ഞ്  നെഞ്ചോടു  ചേർന്നു്  ധ്യാനത്തിൽ  മുഴുകിയതു പോലെയുണ്ട്. ഉണർന്നിരിക്കാൻ ആഗ്രഹിച്ചെങ്കിലും ക്ഷീണം അധികരിച്ചതിനാൽ അതിനു കഴിയുന്നില്ലെന്നവൾക്കു മനസ്സിലായി. അവൾ പുഞ്ചിരി തൂകുന്നു. പിന്നെ എഴുന്നേറ്റു് മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. ആനന്ദം നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ദീർഘസമയം ഒരു മടുപ്പും കൂടാതെ പ്രാർത്ഥിക്കുന്നു.

ജോസഫ് ഉണരുന്നു. തീ മിക്കവാറും കെട്ടുപോയെന്നും കാലിക്കൂടു മുഴുവൻ  ഇരുട്ടായെന്നും  കണ്ട്  കുറച്ചു്  ഉണക്കപ്പുല്ലെടുത്ത് തീയിലേക്കിടുന്നു.  തീയ്  വീണ്ടും  കത്താൻ തുടങ്ങി.  ജോസഫ് തണുത്ത്  മരവിച്ചിട്ടുണ്ടാകണം.  കാരണം വാതിലിനോടു ചേർന്നാണ്  അദ്ദേഹം  ഇരുന്നത്.  കൈ  തീയ്ക്കടുത്തു  പിടിച്ചു് ചൂടാക്കുന്നു.  മെതിയടി മാറ്റി കാലും ചൂടാക്കുന്നു.  തീയ് ശരിക്കു കത്തിത്തുടങ്ങിയപ്പോൾ ജോസഫ് ചുറ്റും നോക്കുന്നു. എന്നാൽ ഒന്നും കാണുന്നില്ല. വയ്ക്കോലിൽ  മേരിയുടെ വെള്ള ശിരോവസ്ത്രം കാണാഞ്ഞതിനാൽ എഴുന്നേറ്റു് മേരിയുടെ കിടക്കയുടെ  സമീപത്തേക്കു പോകുന്നു.

"മേരീ, ഉറങ്ങുന്നില്ലേ?" ഇങ്ങനെ മൂന്നു പ്രാവശ്യം ചോദിച്ചു കഴിഞ്ഞപ്പോൾ മേരി തിരിഞ്ഞുനോക്കി പറയുന്നു: "ഞാൻ പ്രാർത്ഥിക്കുകയാണ്."

"എന്തെങ്കിലും ആവശ്യമുണ്ടോ?'

"ഒന്നുമില്ല ജോസഫേ."

"അൽപ്പമെങ്കിലും ഉറങ്ങാൻ ശ്രമിക്കൂ ... വിശ്രമിക്കൂ.."

ഞാൻ ശ്രമിക്കാം.  എന്നാൽ പ്രാർത്ഥിക്കുന്നതു കൊണ്ട് ഞാൻ ക്ഷീണിക്കുന്നില്ല."

"ദൈവം നിന്നോടു കൂടെയുണ്ടായിരിക്കട്ടെ മേരീ."
                             മേരി പൂർവസ്ഥിതിയിൽ വീണ്ടും പ്രാർത്ഥിക്കുന്നു. ഉറങ്ങിപ്പോകാതിരിക്കാൻ  ജോസഫ് തീയുടെ സമീപം മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്നു.

ഗുഹയുടെ മുകളിലുള്ള വിള്ളലിൽക്കൂടി ചന്ദ്രന്റെ രശ്മികൾ അകത്തു കടക്കുന്നു. അഭൗമികമായ ഒരു വെള്ളിക്കത്തിപോലെ ആ പ്രകാശം മേരിയെ അന്വേഷിച്ചു വരുന്നതുപോലെ തോന്നിക്കുന്നു. ചന്ദ്രൻ ഉയരുന്നതനുസരിച്ച് പ്രകാശധാരയുടെ നീളം കൂടിവരുന്നു. അവസാനം അത് മേരിയുടെ ശിരസ്സിൽ പതിക്കുന്നു. പരിശുദ്ധമായ പരിവേഷമായി മേരിയുടെ ശിരസ്സിനെ വലയം ചെയ്യുന്നു.

                            സ്വർഗ്ഗത്തിൽ നിന്ന് ഒരു വിളിയുണ്ടായതുപോലെ മേരി  തലയുയർത്തുന്നു.   പിന്നീട്  മുട്ടിന്മേൽ   നിന്ന്   വീണ്ടും പ്രാർത്ഥിക്കുന്നു.  അലൗകികമായ ഒരു പുഞ്ചിരിയിൽ അവളുടെ മുഖം ആകെ പ്രകാശിതമാകുന്നു.  അവൾ  എന്താണു്  കാണുന്നത്, എന്താണു് കേൾക്കുന്നത്,  എന്താണവൾക്ക് അനുഭവപ്പെടുന്നത്;  തന്റെ  മാതൃത്വത്തിന്റെ  ദീപ്തിമത്തായ ആ  മണിക്കൂറിൽ, അവൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ അവൾക്കു മാത്രമേ പറയാൻ കഴിയൂ ...

മേരിക്കു ചുറ്റുമുള്ള പ്രകാശം കൂടിക്കൂടി വരുന്നു... ആ പ്രകാശം സ്വർഗ്ഗത്തിൽ  നിന്നു താഴേക്കു വരുന്നതുപോലെ തോന്നുന്നു. എല്ലാറ്റിനുമുപരിയായി അവളിൽ നിന്നു തന്നെ  ആ  പ്രകാശം പ്രസരിക്കുന്നതായി തോന്നുന്നു ...  ഇപ്പോൾ  പ്രകാശം  മുഴുവൻ അവളിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രകാശം അവൾ ലോകത്തിനു പ്രദാനം ചെയ്യും.

                              പ്രകാശം കൂടിക്കൂടി വരുന്നു ... കണ്ണുകൾക്കു താങ്ങാനാവാത്ത വിധം അത് അത്ര ശക്തമാണിപ്പോൾ.  മേരി ആ പ്രകാശവലയത്തിനുള്ളിൽ മറയുന്നു. പ്രകാശത്തിന്റെ ധവളമായ ഒരു  മറ  അവളെ  അതിനുള്ളിലേക്കു  ലയിപ്പിച്ചതുപോലെ തോന്നുന്നു. അപ്പോൾ അതാ അതിൽ നിന്നും  "അമ്മ"  ഉയരുന്നു...

പ്രകാശത്തിന്റെ തീവ്രത അൽപ്പമൊന്നു കുറഞ്ഞപ്പോൾ മേരി അവളുടെ  അരുമജാതനെ  കരങ്ങളിൽ  വഹിച്ചിരിക്കുന്ന വിധത്തിൽ കാണപ്പെടുന്നു.. റോസ് നിറത്തിൽ തുടുതുടുത്ത ഒരു കുഞ്ഞ്... റോസാപ്പൂമൊട്ടുകൾ  പോലെയുള്ള  കൈകൾ ചലിപ്പിച്ചുകൊണ്ട് അവൻ ഒരു റോസാപ്പൂവിന്റെ ഉള്ളിലൊതുങ്ങുന്ന ചെറുപാദങ്ങൾ കൊണ്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. സ്വർണ്ണനിറമുള്ള ശിരസ്സു ചലിപ്പിച്ചുകൊണ്ട് പുതുതായിപ്പിറന്ന
ഒരാട്ടിൻകുഞ്ഞിനെപ്പോലെ നേരിയ, വിറയ്ക്കുന്ന സ്വരത്തിൽ കരയുന്നു. കുഞ്ഞു ശിരസ്സു് മേരിയുടെ ഉള്ളംകൈയിൽ ചേർത്തു വച്ചിരിക്കുന്നു. ശിശുവിനെ നോക്കി അവൾ ആരാധിക്കുന്നു... അവൾ പുഞ്ചിരിക്കുകയും ഒപ്പം കണ്ണീർ വീഴ്ത്തുകയും ചെയ്യുന്നു... അവൾ കുനിഞ്ഞ് ശിശുവിനെ ചുംബിക്കുന്നു; ശിരസ്സിലല്ല, നെഞ്ചിന്റെ മദ്ധ്യഭാഗത്ത്... നമുക്കുവേണ്ടി സ്പന്ദിക്കുന്ന ചെറു ഹൃദയം അതിനടിയിലാണല്ലോ... അവിടെ ഒരു ദിവസം ഒരു മുറിവ് ഉണ്ടാകാനുള്ളതുമാണ്.... അമ്മ ആ മുറിവിന് ഇന്നേ പരികർമ്മം ചെയ്യുന്നു, തന്റെ പാപരഹിതമായ ചുംബനത്താൽ.....

കണ്ണഞ്ചിക്കുന്ന പ്രകാശം നിമിത്തം കാള ഉണർന്നെണീറ്റുനിന്ന് തറയിൽ ചവിട്ടിയും മുക്രയിട്ടും ശബ്ദം പുറപ്പെടുവിക്കുന്നു. കഴുത തല തിരിച്ചുനോക്കി കരയുന്നു. അവ അവയുടെ സ്രഷ്ടാവിന് സ്വാഗതമരുളുന്നതു പോലെ തോന്നുന്നു.

                          പ്രാർത്ഥനയിൽ മുഴുകി ചുറ്റും നടക്കുന്നതൊന്നും അറിയാതിരുന്ന ജോസഫിന് മുഖത്തോടു  ചേർത്തു പിടിച്ചിരുന്ന കൈവിരലുകൾക്കിടയിലൂടെ പ്രകാശം കണ്ണിലേക്കു കടക്കുന്ന അനുഭവമുണ്ടായി. കൈകൾ മാറ്റി തലയുയർത്തി ജോസഫ് ചുറ്റും നോക്കുന്നു. കാളയുടെ മറവിൽ മേരിയെ കാണാൻ പറ്റുന്നില്ല. എന്നാൽ മേരി വിളിക്കുന്നു:  "ജോസഫേ, വരൂ..."

 ജോസഫ് തിടുക്കത്തിൽ ചെല്ലുന്നു. കണ്ടു കഴിഞ്ഞപ്പോൾ പെട്ടെന്ന് നിൽക്കുന്നു. ബഹുമാനത്തിന്റെ ആധിക്യം നിമിത്തം നിന്നിടത്തു തന്നെ മുട്ടുകുത്താൻ തുടങ്ങുന്നു. എന്നാൽ മേരി നിർബ്ബന്ധമായിപ്പറയുന്നു: "വരൂ ജോസഫേ..." അവൾ ശിശുവിനെ ചങ്കോടുചേർത്തു പിടിച്ചു് എഴുന്നേറ്റു് ജോസഫിന്റെ അടുക്കലേക്കു നടക്കുന്നു. ജോസഫ് സംഭ്രമത്തോടെ മുന്നോട്ടു ചെല്ലണമോ അതു ബഹുമാനിക്കുറവാകുമോ എന്നു സംശയിച്ച് ഭയത്തോടെ നടക്കുന്നു.    വയ്ക്കോൽക്കിടക്കയുടെ ചുവട്ടിൽ അവർ രണ്ടുപേരും എത്തി പരസ്പരം നോക്കി സന്തോഷാധിക്യത്താൽ കരയുന്നു.

                 "വരൂ... നമുക്കു് ഈശോയെ പിതാവിന് സമർപ്പിക്കാം" എന്ന്   മേരി പറയുന്നു.   ജോസഫ് ഉടനെ മുട്ടുകുത്തി നിൽക്കുന്നു. മേൽപ്പുരയ്ക്കു  താങ്ങു  കൊടുത്തിരിക്കുന്ന രണ്ടു മരത്തൂണുകളുടെ ഇടയിൽ   നിന്നുകൊണ്ട്   മേരി    കുഞ്ഞിനെ   കൈകളിൽ ഉയർത്തിപ്പിടിച്ചുകൊണ്ടു പറയുന്നു: "ഇതാ ഞാൻ അവന്റെ പേർക്ക് ഓ! ദൈവമേ, ഈ വാക്കുകൾ ഉച്ചരിക്കുന്നു. അങ്ങേ ഇഷ്ടം നിറവേറ്റുവാൻ ഞാനിതാ തയ്യാറായിരിക്കുന്നു. അവനോടൊപ്പം മേരിയായ ഞാനും എന്റെ മണവാളൻ ജോസഫുമുണ്ട്. അവിടുത്തെ ദാസൻ ഇതാ! ഓ! കർത്താവേ, അങ്ങേ മഹത്വത്തിനായും അങ്ങേ സ്നേഹത്തെ പ്രതിയും എല്ലാ മണിക്കൂറുകളിലും എല്ലാ സംഭവങ്ങളിലും ഞങ്ങൾ അവിടുത്തെ ഹിതം നിറവേറ്റുന്നവരാകട്ടെ!"

 അനന്തരം മേരി കുനിഞ്ഞു പറയുന്നു: "ഇതാ ജോസഫ്, അവനെ എടുക്കൂ.." കുഞ്ഞിനെ ജോസഫിന്റെ കൈകളിൽ കൊടുക്കുന്നു. "ഓ!    ഞാനോ,  ഓ! വേണ്ട,   ഞാനതിനു    യോഗ്യനല്ല.." ദൈവത്തെ സ്പർശിക്കാമോ   എന്ന    സന്ദേഹത്തിൽ     ജോസഫ് അത്ഭുതസ്തബ്ധനായി എന്തു പറയണമെന്നറിയാതെ നിൽക്കുന്നു.      എന്നാൽ     മേരി   പുഞ്ചിരി   തൂകിക്കൊണ്ട്
നിർബ്ബന്ധമായിപ്പറയുന്നു: "നീ വളരെ യോഗ്യനാണ്. നിന്നെക്കാൾ  അർഹതയുള്ള വേറാരുമില്ല. അതുകൊണ്ടാണ് അത്യുന്നതൻ നിന്നെ തെരഞ്ഞെടുത്തത്. എടുക്കൂ ജോസഫ്... എന്നിട്ട് അവനെ പിടിച്ചുകൊള്ളൂ.. ഞാൻ തുണികളൊക്കെ ഒന്നുനോക്കട്ടെ.."

ജോസഫ് വികാരാധീനനായി, ആകെ പരിഭ്രമിച്ചു് കൈകൾ നീട്ടി ശിശുവിനെ എടുക്കുന്നു. തണുപ്പു നിമിത്തം ഉണ്ണി കരച്ചിലാണ്.  കൈകളിലെടുത്തു കഴിഞ്ഞ് ജോസഫ് ബഹുമാനം നിമിത്തം കുഞ്ഞിനെ അകറ്റിപ്പിടിക്കുന്നില്ല.   നേരെമറിച്ച്   കുഞ്ഞിനെ ഹൃദയത്തോടു   ചേർത്തുപിടിച്ച് കുനിഞ്ഞു് ആ ചെറുപാദങ്ങളിൽ ചുംബിച്ചുകൊണ്ടു പറയുന്നു: "ഓ!  എന്റെ   കർത്താവേ...  എന്റെ ദൈവമേ..."   ഉണ്ണിയുടെ  കാലുകൾ  തണുത്തിരിക്കുന്നു  എന്നു മനസ്സിലാക്കിയ ജോസഫ് ഉടനെ നിലത്തിരുന്ന് ഉണ്ണിയെ നെഞ്ചോടു ചേർത്തുപിടിച്ച് സ്വന്തം ഉടുപ്പുകൊണ്ടും കൈകൾ കൊണ്ടും പൊതിയുന്നു.   തണുത്ത കാറ്റിൽ നിന്നും രക്ഷപ്പെടുത്തി അൽപ്പം  ചൂടു നൽകാനുള്ള ശ്രമമാണ്.  മേരി, പിള്ളക്കച്ചകളും തുണികളും  എടുത്ത്   തീയ്ക്കടുത്തു   പിടിച്ചു്   അവ   ചൂടാക്കി ജോസഫിന്റെ അടുത്തേക്കു വരുന്നു.  ചെറുചൂടുള്ള തുണി കൊണ്ട് ഉണ്ണിയെ പൊതിയുന്നു.  സ്വന്തം ശിരോവസ്ത്രമെടുത്ത് ഉണ്ണിയുടെ തലയും മൂടുന്നു. "എവിടെയാണ് കുഞ്ഞിനെ കിടത്തുക?" 

  ജോസഫ് ആലോചനാപൂർവം ചുറ്റും നോക്കുന്നു. "നിൽക്ക്, നമുക്കു് മൃഗങ്ങളെയും വയ്ക്കോലും മാറ്റാം. മുകളിലത്തെ വയ്ക്കോൽ വലിച്ചു താഴെ ആ പുൽത്തൊട്ടിയിൽ ക്രമപ്പെടുത്താം. അതിന്റെ വശത്തുള്ള തടി അവനെ തണുത്ത കാറ്റിൽ  നിന്നും രക്ഷിക്കും. കാള അതിന്റെ ശ്വാസം കൊണ്ട് ശിശുവിനു ചൂടു നൽകും. അത് ആ കഴുതയെക്കാൾ ഭേദമാണ്. അതിന് കൂടുതൽ ശാന്തതയും ക്ഷമയുമുണ്ട്."  ജോസഫ് തിരക്കിട്ട് എല്ലാം ചെയ്യുന്നു. മേരി ശിശുവിനെ മാറോടണച്ചു താരാട്ടുന്നു.

ജോസഫ് ചുള്ളികൾ ഉപയോഗിച്ച് തീ നല്ലതുപോലെ കൂട്ടുന്നു. തീ ആളുമ്പോൾ വയ്ക്കോൽ അതിന്റെ സമീപം പിടിച്ചു് ഉണക്കുന്നു. ഉണക്കിയതു വീണ്ടും തണുക്കാതിരിക്കുവാൻ നെഞ്ചോടു ചേർത്തു പിടിക്കുന്നു. ശിശുവിനു് ഒരു ചെറിയ കിടക്കയുണ്ടാക്കാൻ മാത്രം വയ്ക്കോൽ ഉണക്കിയശേഷം പുൽത്തൊട്ടിയ്ക്കടുത്തു ചെന്ന് അതു ക്രമപ്പെടുത്തി ഒരു പിള്ളത്തൊട്ടിലാക്കി മാറ്റുന്നു. "ശരിയായി. ഇനി ഒരു കരിമ്പടം വേണം. കാരണം വയ്ക്കോലിന് ദുർഗ്ഗന്ധമുണ്ട്; അവനെ പുതപ്പിക്കയും വേണം."

"എന്റെ മേലങ്കിയെടുക്കുക." മേരി പറയുന്നു. "നിനക്ക് തണുപ്പടിക്കുമല്ലോ?" "ഓ! അതു സാരമില്ല. കരിമ്പടം തീരെ പരുക്കനാണ്. മേലങ്കിക്കു മാർദ്ദവവും ചൂടുമുണ്ട്. കുഞ്ഞിന് ഇനിയും തണുപ്പടിക്കാൻ അനുവദിച്ചുകൂടാ.."

ജോസഫ്, മേരിയുടെ നല്ല വീതിയുള്ള മേലങ്കിയെടുത്ത് നാലായി മടക്കി വയ്ക്കോലിനു മീതെ വിരിക്കുന്നു. അതിന്റെ ഒരറ്റം താഴേക്കു തൂക്കിയിട്ടിരിക്കുന്നു. രക്ഷകന്റെ ആദ്യശയ്യ തയാറായിരിക്കുന്നു. അമ്മ കുഞ്ഞിനെ എടുത്തുകൊണ്ട് പുൽത്തൊട്ടിക്കു സമീപം ചെന്ന് അതിൽ കിടത്തുന്നു. മേലങ്കിയുടെ തൂങ്ങിക്കിടന്ന അറ്റമെടുത്ത് ഉണ്ണിയെ പുതപ്പിക്കുന്നു. തലയുടെ ചുറ്റും അതു ക്രമപ്പെടുത്തി വയ്ക്കുന്നു. വയ്ക്കോലിന്റെ പരുപരുപ്പിൽ നിന്നും കുഞ്ഞുതലയെ രക്ഷിക്കാൻ മേരിയുടെ നേർത്ത ശിരോവസ്ത്രം മാത്രമേയുള്ളൂ... ശിശുവിന്റെ മുഖം മാത്രമേ ഇപ്പോൾ കാണാനുള്ളൂ. മേരിയും ജോസഫും പുൽത്തൊട്ടിയിലേക്കു കുനിഞ്ഞു നോക്കുന്നു. അവരുടെ    ആനന്ദം   എത്രമാത്രം...... വസ്ത്രങ്ങളുടേയും വയ്ക്കോലിന്റെയും ചൂടു കിട്ടിയപ്പോൾ കരച്ചിൽ നിർത്തി ഉണ്ണി ഉറക്കമായി.  ഉണ്ണിയുടെ ആദ്യത്തെ ഉറക്കം ആനന്ദത്തോടെ അവർ വീക്ഷിക്കുന്നു...(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)

Thursday, December 22, 2011

തിരുപ്പിറവി - ബത് ലഹേമിലേക്കുള്ള യാത്ര


ജനനിബിഡമായ ഒരു പ്രധാന റോഡിൽക്കൂടി ആളുകളെയും സാധനസാമഗ്രികളും വഹിച്ചുകൊണ്ടു് ചെറു കഴുതകൾ നടന്നുനീങ്ങുന്നു. അക്കൂട്ടത്തിൽ ചാരനിറമുള്ള ഒരു ചെറു കഴുതയുടെ പുറത്താണ് മേരിയുടെ സഞ്ചാരം. കടിഞ്ഞാൺ പിടിച്ചുകൊണ്ട് ജോസഫ് സമീപത്തു നടക്കുന്നു. ഇടയ്ക്കിടെ മേരിയോടു ചോദിക്കുന്നു: "നീ ക്ഷീണിച്ചുപോയോ?" ജോസഫിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മേരി പറയുന്നു: "എനിക്ക് ഒട്ടും ക്ഷീണമില്ല." മൂന്നാം പ്രാവശ്യം മേരി ഇങ്ങനെയും കൂടിപ്പറയുന്നു: "ജോസഫ്  നടന്നു ക്ഷീണിച്ചുകാണും."

"ഓ! ഞാനോ, എനിക്കൊന്നുമില്ല. ഞാൻ വിചാരിക്കയായിരുന്നു, ഒരു കഴുതയെയും കൂടി കിട്ടിയിരുന്നെങ്കിൽ നിന്റെ യാത്ര കുറേക്കൂടി സുഖപ്രദമായേനെ. കൂടുതൽ വേഗത്തിൽ നമുക്കു് പോവുകയും ചെയ്യാമായിരുന്നു. എന്നാൽ ഒന്നിനെക്കൂടി കിട്ടാനില്ലായിരുന്നു. പക്ഷേ വിഷമിക്കേണ്ട, നമ്മൾ ഉടനെ തന്നെ ബത് ലഹേമിലെത്തും. ആ മലയുടെ അപ്പുറത്താണ് എഫ്രാത്ത."

രണ്ടുപേരും മൗനമായിരിക്കുന്നു. ഒരിടയൻ ആട്ടിൻപറ്റവുമായി അവരുടെ മുമ്പിലൂടെ റോഡു മുറിച്ചു കടക്കുന്നു.

 വലതുവശത്തുള്ള മേച്ചിൽസ്ഥലത്തു നിന്ന് റോഡിന്റെ ഇടതുവശത്തേക്കാണ് അയാളും മൃഗങ്ങളും കടക്കുന്നത്. ജോസഫ് കുനിഞ്ഞ് ഇടയനോട് എന്തോ പറയുന്നു. ഇടയൻ സമ്മതഭാവത്തിൽ തല തലകുലുക്കുന്നു. ജോസഫ് ആട്ടിൻപറ്റത്തിന്റെ പുറകിലൂടെ  മേച്ചിൽസ്ഥലത്തക്കു കഴുതയെ വലിച്ചു കൊണ്ടുപോകുന്നു.

ഇടയൻ അയാളുടെ മാറാപ്പിൽ നിന്ന് ഒരു പരുക്കൻ കോപ്പയെടുത്ത് നല്ല തടിച്ച അകിടുള്ള ഒരാടിനെ കറക്കുന്നു. ആ കോപ്പ ജോസഫിന്റെ കൈയിൽ കൊടുക്കുന്നു. ജോസഫ് അത് മേരിക്കു കൊടുക്കുന്നു.

"നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ." മേരി അത്ഭുതത്തോടെ  പറയുന്നു. "നിനക്ക് (ജോസഫേ) നിന്റെ സ്നേഹത്തിനും നിനക്കു (ഇടയാ) നിന്റെ കരുണയ്ക്കും... ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും."

"നിങ്ങൾ ദൂരെ നിന്നു വരുന്നവരാണോ?" ഇടയൻ ചോദിക്കുന്നു.

"നസ്രസ്സിൽ നിന്നും" ജോസഫ്  മറുപടി പറയുന്നു.

"നിങ്ങൾ എങ്ങോട്ടാണു പോകുന്നത്?"

"ബത്ലഹേമിലേക്ക്."

"ഈ സ്ഥിതിയിലുള്ള ഒരു സ്ത്രീയെയും കൊണ്ടുപോകാൻ കുറെ ദൂരമാണ്. ഇത് നിങ്ങളുടെ ഭാര്യയാണോ?"

"അതെ."

"നിങ്ങൾക്കു് അവിടെ പാർക്കാൻ സ്ഥലം കിട്ടിയിട്ടുണ്ടോ?'

"ഇല്ല."

"അതു കഷ്ടമാണല്ലോ. ബെത്ലഹേമിൽ വലിയ ആൾത്തിരക്കാണ്. അവിടെ പേരെഴുതിക്കാൻ വന്നവരും വേറെ സ്ഥലങ്ങള്ളിൽ പേരെഴുതിക്കാൻ പോകുന്നവരും... നിങ്ങൾക്കു് താമസിക്കാൻ സൗകര്യം കിട്ടുമോ എന്നെനിക്കറിഞ്ഞുകൂടാ... നിങ്ങൾക്കു് സ്ഥലം പരിചയമുണ്ടോ?"

"കാര്യമായ അറിവില്ല."         

"എന്നാൽ ഞാൻ പറഞ്ഞുതരാം. സത്രം അന്വേഷിക്കണം.  അത് മൈതാനത്തിലാണ്.  പ്രധാന റോഡ് അതിലേയാണു പോകുന്നത്.  സത്രം നിറയെ ആളുകൾ കാണും. അവിടെ സ്ഥലം കിട്ടുന്നില്ലെങ്കിൽ  മറ്റു വീടുകളിലും അന്വേഷിക്കണം. എന്നിട്ടും ഫലമില്ലെങ്കിൽ  സത്രത്തിന്റെ പുറകിലൂടെ കടന്നു നാട്ടിൻപുറത്തേക്കു പോകണം. മലമ്പ്രദേശത്ത് ഏതാനും തൊഴുത്തുകളുണ്ട്. ജറുസലേമിലേക്കു പോകുന്ന കച്ചവടക്കാർ ഹോട്ടലിൽ സ്ഥലം കിട്ടാതെ വരുമ്പോൾ അവരുടെ മൃഗങ്ങളെ കെട്ടുന്ന സ്ഥലമാണത്. പർവത പ്രദേശത്തുള്ള കാലിക്കൂടുകളാണവ.  അവ ഈർപ്പവും തണുപ്പുമുള്ളവയായിരിക്കും എന്നോർക്കണം. വാതിലും കതകും ഒന്നും കാണുകയില്ല. എന്നാലും അതൊരഭയസ്ഥാനമാണ്. കാരണം, നിങ്ങളുടെ ഭാര്യ..... അവളെ വഴിയിലിടാൻ പറ്റുമോ? ഒരുപക്ഷേ കാലിക്കൂട്ടിൽ നിങ്ങൾക്കു സ്ഥലം  കിട്ടുമായിരിക്കും. കിടന്നുറങ്ങുവാനും കഴുതയ്ക്കു കൊടുക്കുവാനുള്ള വയ്ക്കോലും കിട്ടുമായിരിക്കും... ദൈവം നിങ്ങളെ നയിക്കട്ടെ."

"ദൈവം നിനക്കു സന്തോഷം നല്‍കട്ടെ."
  മേരിയും ജോസഫും പറയുന്നു. "സമാധാനം നിന്നോടു  കൂടെയുണ്ടായിരിക്കട്ടെ."

അവർ വീണ്ടും റോഡിലേക്കിറങ്ങി. അവർ കയറിക്കഴിഞ്ഞ കുന്നിന്റെ നെറുകയിൽ നിന്നാൽ വീതിയുള്ള ഒരു താഴ്വരകാണാം.  താഴ്വരയുടെ ചരിവുകളിൽ മുകളിലും താഴെയുമായി നിരവധി വീടുകളുണ്ട്. അതാണ് "ബെത്ലഹേം."

"മേരീ, നാമിപ്പോൾ ദാവീദിന്റെ നാട്ടിലാണ്. ഇനി നിനക്ക് അൽപ്പം വിശ്രമിക്കാൻ കഴിയും.
നീ വളരെ ക്ഷീണിതയായി കാണപ്പെടുന്നു."  ജോസഫ് പറയുന്നു.

"ഇല്ല ... ഞാൻ വിചാരിക്കയായിരുന്നു... " ജോസഫിന്റെ കരങ്ങളിൽ പിടിച്ചു കൊണ്ടു് വളരെ സന്തോഷമുള്ള പുഞ്ചിരിയോടെ മേരി പറയുന്നു:  "സമയമായി എന്നെനിക്ക് ശരിക്കും തോന്നുന്നു."

"ഓ! കാരുണ്യവാനായ കർത്താവേ... ഞങ്ങൾ എന്തുചെയ്യും?"

"ഭയപ്പെടേണ്ട ജോസഫേ... സമാധാനമായിരിക്കൂ... എനിക്കൊരു പ്രയാസവുമില്ലല്ലോ .. അതു കാണുന്നില്ലേ?"

"പക്ഷേ നിനക്കു വലിയ വേദനയുണ്ടായിരിക്കും. നീ അതു സഹിക്കുന്നതായിരിക്കും."

"ഒരിക്കലുമില്ല. എനിക്കു സന്തോഷം തന്നെയാണ്. ഉള്ളു നിറഞ്ഞ സന്തോഷം... എത്ര വലിയ സന്തോഷം.. എന്റെ ഹൃദയം ശക്തിയായി തുടിക്കുന്നു... അതെന്നോടു പറയുന്നു, 'അവൻ വരികയാണ്, അവൻ വരികയാണ്' എന്ന്. ഹൃദയത്തിന്റെ ഓരോ മിടിപ്പും അതാണു പറയുന്നത്. ഓ! എന്റെ പ്രിയപ്പെട്ട ജോസഫേ, എത്ര വലിയ ആനന്ദം..."

എന്നാൽ ജോസഫിനു സന്തോഷം തോന്നുന്നില്ല. ഉടനെ തന്നെ ഒരു വസതി കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത ഓർത്തുകൊണ്ട് ജോസഫ് വേഗം നടക്കുകയാണ്.  അദ്ദേഹം വാതിലു തോറും കയറിയിറങ്ങി അന്വേഷിക്കുന്നു. ഒരിടത്തും ഇടമില്ല. എല്ലാം നിറഞ്ഞുപോയി. അവർ സത്രത്തിലെത്തി. അതിനുള്ളിലെ നടുമുറ്റത്തിനു ചുറ്റുമുള്ള വരാന്തകൾ പോലും നിറയെ സഞ്ചാരികളാണ്.

മേരിയെ കഴുതപ്പുറത്തു തന്നെ ഇരുത്തിയിട്ട് ജോസഫ് വീടന്വേഷിച്ച് പുറത്തേയ്ക്കിറങ്ങി.  വളരെ നിരാശനായി തിരിച്ചുവന്നു. ഒരു സ്ഥലവും കിട്ടിയില്ല. നേരം പെട്ടെന്ന് സന്ധ്യയാകാൻ തുടങ്ങി. മഞ്ഞുകാലമാണല്ലോ. ജോസഫ് സത്രമുടമയോടു കേണപേക്ഷിച്ചു. ചില യാത്രക്കാരോടും ചോദിച്ചു നോക്കി. അവരെല്ലാം നല്ല ആരോഗ്യമുള്ള പുരുഷന്മാരാണല്ലോ; പ്രസവമടുത്ത ഒരു സ്ത്രീയ്ക്കു വേണ്ടി അൽപ്പം സ്ഥലം ഒഴിഞ്ഞു തരുമോ? അവരുടെ കാരുണ്യത്തിനായി ജോസഫ് യാചിക്കുന്നു. ഒരു പ്രയോജനവുമുണ്ടാകുന്നില്ല.

ധനികനായ ഒരു പ്രീശൻ വളരെ നിന്ദാപൂർവ്വം അവരെ നോക്കുന്നു. മേരി അയാളുടെ സമീപത്തു ചെന്നപ്പോൾ ഒരു കുഷ്ഠരോഗിയെ കണ്ടാലെന്നപോലെ അയാൾ മാറിപ്പോകുന്നു. ജോസഫ് വെറുപ്പു മൂലം വിവർണ്ണനാകുന്നു. മേരി ജോസഫിനെ സമാധാനപ്പെടുത്താൻ അദ്ദേഹത്തിന്റെ  കൈയിൽ പിടിച്ചുകൊണ്ടു പറയുന്നു: "നിർബന്ധിച്ച് ഒന്നും പറയേണ്ട. നമുക്കു പോകാം. ദൈവം ഒരു വഴി തരും." അവർ പുറത്തിറങ്ങി സത്രത്തിന്റെ  ഭിത്തിയുടെ അരികിലൂടെ നടക്കുന്നു. പിന്നെ ഒരു ഇടവഴിയിലേക്കിറങ്ങി. സത്രത്തിനു പിന്നിൽ ഏതാനും ദരിദ്ര ഭവനങ്ങളുണ്ട്. അവയും സത്രവും തമ്മിൽ ബന്ധിപ്പിക്കുന്ന വഴിയാണത്. അവർ ആ വഴിയിൽ നിന്ന് ഒന്നുകൂടി തിരിഞ്ഞു  നടന്ന് കാലിക്കൂടുകൾ അന്വേഷിക്കുന്നു. അവസാനം ഏതാനും ഗുഹകൾ കണ്ടെത്തുന്നു. വളരെ താണതും ഈർപ്പം നിറഞ്ഞതുമായ ഗുഹകൾ  - അവയിൽത്തന്നെ നല്ലതെല്ലാം
ഓരോരുത്തർ സ്വന്തമാക്കിക്കഴിഞ്ഞു. ജോസഫ് ആകെത്തളർന്നു; ഉത്സാഹം മന്ദീഭവിച്ചവനായി.

"ഹേയ്, ഗലീലാക്കാരാ, അവിടെ അങ്ങേയറ്റത്ത് ഒരു ഗുഹയുണ്ട്. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒന്ന്; ഒരുപക്ഷേ, അതാരും സ്വന്തമാക്കിയിട്ടുണ്ടാവില്ല." വൃദ്ധനായ ഒരു മനുഷ്യൻ വിളിച്ചുപറയുന്നു.

അവർ വേഗത്തിൽ ആ ഗുഹയെ ലക്ഷ്യമാക്കി നീങ്ങി. ശരിക്കും അതൊരു മാളം പോലെയുണ്ട്. അതിനുള്ളിലേക്കു കടക്കുമ്പോൾ ഒരു 'മട'യുണ്ട്.  പാറപൊട്ടിച്ച 'മട.' ശരിക്കും ഒരു ഗുഹയല്ല. ഒരു കെട്ടിടത്തിന് അടിത്തറ മാന്തിയ ഇടമാണെന്നു തോന്നുന്നു. ആ സ്ഥലത്തിനു മുകളിൽ മേൽപ്പുരയായി തടി കൊണ്ടുള്ള തൂണുകളിൽ താങ്ങിപ്പാകിയിരിക്കുന്ന കല്ലുകൾ കാണാം.  ഉള്ളിൽ പ്രകാശമില്ല. ശരിക്കു കാണാൻ ജോസഫ് തന്റെ തോൾസഞ്ചിയിൽ നിന്നും വിളക്കും തിരിയുമെടുത്ത് കത്തിക്കുന്നു. അകത്തേക്കു കടന്നപ്പോൾ 'മുക്ര'യിട്ടുകൊണ്ടുള്ള ഒരു സ്വാഗതം. ജോസഫ് പറയുന്നു: "കടന്നുപോരൂ മേരീ, ഇതിനുള്ളിൽ ആരുമില്ല. ഒരു കാള മാത്രമേയുള്ളൂ."

മേരി കഴുതപ്പുറത്തു നിന്നിറങ്ങി അകത്തേക്കു കയറുന്നു. ജോസഫ് തൂണിന്മേൽ കണ്ട ഒരാണിയിൽ വിളക്കു തൂക്കുന്നു. മുകളിൽ മുഴുവൻ ചിലന്തിവലകളാണ്. 'തറ' ചവിട്ടിക്കുഴഞ്ഞ് കുന്നും കുഴിയും ചവറും കാഷ്ഠവും എല്ലാംകൂടിയുള്ള മണ്ണ്; വയ്ക്കോലും നിരന്നു കിടപ്പുണ്ട്. പിൻഭാഗത്ത് ഒരു  കാള തലതിരിച്ചു നോക്കുന്നു. അതിന്റെ വായിൽ വയ്ക്കോലുണ്ട്. ഒരു മൂലയ്ക്ക് ഒരു ദ്വാരത്തിനടുത്തായി ഒരു പരുക്കൻ ഇരിപ്പിടവും അതിനടുത്ത് വലിയ രണ്ടു കല്ലുകളും കാണുന്നു. അവിടുത്തെ കറുപ്പുനിറം കണ്ടിട്ട് അത് തീ കൂട്ടുന്ന സ്ഥലമാണെന്നു തോന്നുന്നു.


 മേരി കാളയുടെ അടുത്തേക്ക് പോകുന്നു. അവൾക്കു തണുപ്പു പിടിച്ചുപോയി. അവൾ കൈകൾ ചൂടു പിടിപ്പിക്കുവാൻ കാളയുടെ കഴുത്തിൽ ചേർത്തു പിടിക്കുന്നു. കാള മുക്രയിടുന്നുണ്ട്; എന്നാൽ അനങ്ങുന്നില്ല. പുൽത്തൊട്ടിയിൽ നിന്ന് കുറെ വയ്ക്കോലെടുത്ത് മേരിക്കു  കിടക്കയുണ്ടാക്കാൻ വേണ്ടി ജോസഫ് കാളയെ ഒരു വശത്തേക്ക് ഉന്തി മാറ്റുന്നു. അപ്പോഴും അത് ശാന്തമായിരിക്കുന്നു. 
 പുൽത്തൊട്ടിക്കു രണ്ടു തട്ടുകളുണ്ട്. താഴെയുള്ളതിൽ നിന്നാണു് കാള തിന്നുന്നത്. മുകളിലുള്ളതിൽ നിന്ന് ജോസഫ് പുല്ലു വലിച്ചിടുന്നു.  വിശന്നു ക്ഷീണിച്ചിരിക്കുന്ന കഴുത ഉടനെ തീറ്റ തുടങ്ങുന്നു.

പുൽത്തൊട്ടിയ്ക്കുള്ളിൽ കമിഴ്ത്തി വച്ചിരിക്കുന്ന ഒരു പഴഞ്ചൻ ബക്കറ്റുമെടുത്ത് അടുത്തുള്ള ഒരരുവിയിൽ നിന്നും വെള്ളം കോരിക്കൊണ്ടു വന്ന് കഴുതയ്ക്കു കൊടുത്തശേഷം ജോസഫ്, ഒരു മൂലയ്ക്കു കണ്ട ചുള്ളിക്കെട്ടെടുത്ത് നിലം തൂത്തുവാരുന്നു. അതിനുശേഷം വയ്ക്കോൽ നിലത്തു നിരത്തി ഒരു കിടക്കയുണ്ടാക്കുന്നു. കാളയുടെ അടുത്ത് ഏറ്റം സുരക്ഷിതത്വമുള്ള, ഈർപ്പം കുറഞ്ഞ സ്ഥലത്താണ് കിടക്കയുണ്ടാക്കിയത്. സൂക്ഷിച്ചു നോക്കിയപ്പോൾ വയ്ക്കോൽ നനവുള്ളതാണെന്നു കണ്ട് ജോസഫ് നെടുവീർപ്പിടുന്നു. എങ്കിലും ഉടനെ തീ കൂട്ടി ഒരുപിടി വയ്ക്കോലെടുത്ത് തീയുടെയടുത്തു പിടിച്ചു് ഉണക്കി ശരിയാക്കുന്നു. മേരി സ്റ്റൂളിന്മേലിരിക്കുന്നു. വയ്ക്കോൽക്കിടക്ക തയാറായി.  മാർദ്ദവമുള്ള വയ്ക്കോലിന്മേൽ മേരി കുറെക്കൂടി സുഖമായി വിശ്രമിക്കുന്നു. ജോസഫ്  സജ്ജീകരണങ്ങൾ പൂർത്തിയാക്കുകയാണ്. വാതിലിന്റെ സ്ഥാനത്തുള്ള ദ്വാരം തന്റെ പുറങ്കുപ്പായം കൊണ്ടു് വിരിയിട്ടു മറയ്ക്കുന്നു. പിന്നീട് അൽപ്പം റൊട്ടിയും ചീസും ഒരു കുപ്പിയിൽ നിന്നു വെള്ളവും മേരിക്കു  കൊടുക്കുന്നു.

"ഇനി ഉറങ്ങിക്കൊള്ളൂ. ഞാൻ ഉണർന്നിരുന്ന് തീ കെട്ടുപോകാതെ നോക്കിക്കൊള്ളാം. ഭാഗ്യത്തിന് കുറച്ചു വിറകുമുണ്ട്. അത് ആവശ്യത്തിനു തികയുമെന്നു തോന്നുന്നു. അങ്ങനെ വിളക്കിലെ എണ്ണ വറ്റാതെ സൂക്ഷിക്കാം."

                 മേരി അനുസരണയോടെ കിടക്കുന്നു. ജോസഫ് അവളെ പുറങ്കുപ്പായവും നേരത്തേ പുതച്ചിരുന്ന കരിമ്പടവും കൊണ്ടു മൂടുന്നു. ജോസഫ്   മൂലയിലേക്ക്   ഒതുങ്ങി   സ്റ്റൂളിന്മേലിരിക്കുന്നു. 


ഇങ്ങനെയാണ് അവർ കാണപ്പെടുന്നത്. മേരി വലതുവശത്ത് വാതിലിനു പുറംതിരിഞ്ഞാണു കിടക്കുന്നത്. തൂണും കാളയും നിമിത്തം പാതി മറഞ്ഞിരിക്കയാണ്. ജോസഫ് ഇടതുവശത്ത് വാതിലിനു് അഭിമുഖമായി മേരിക്ക് പുറം തിരിഞ്ഞ് ഇരിക്കുന്നു. ഇടയ്ക്കിടെ  തിരിഞ്ഞ് മേരിയെ നോക്കുന്നു. മേരി ഉറങ്ങുന്നതു പോലെ ശാന്തമായി കിടക്കുന്നതാണു കാണുന്നത്.  ജോസഫ് ചെറിയ ചുള്ളികൾ ഒട്ടുംതന്നെ ശബ്ദം കേൾപ്പിക്കാതെ മെല്ലെ ഒടിച്ച് തീയിലിട്ടു കൊടുക്കുന്നു. തീ കെടാതെയും എന്നാൽ ചുള്ളികൾ ഒന്നിച്ചു കത്തിത്തീർന്നുപോകാതെയും കരുതലോടെ ഇരിക്കുന്നു.

ഇപ്പോഴവിടെ  തീയുടെ മങ്ങിയ വെളിച്ചം മാത്രം...


 (ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന് )

Wednesday, December 21, 2011

പ്രത്യാശ - പരിശുദ്ധഅമ്മയുടെ പ്രബോധനം

                                  പരിശുദ്ധഅമ്മ പറയുന്നു:   "നിങ്ങളുടെ ശ്രദ്ധ ഒരു കാര്യത്തിലേക്കു  ക്ഷണിക്കാൻ  ഞാനാഗ്രഹിക്കുന്നു. ഇതു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. അത് ഒന്നുകൂടി നിർബ്ബന്ധമായി ഞാൻ പറയുന്നു.  ദൈവത്തിൽ  പ്രത്യാശ  വയ്ക്കുക.  ദൈവിക പുണ്യങ്ങളുടെ  ചുരുക്കം പ്രത്യാശയിലുണ്ട്.  പ്രത്യാശയുള്ളവനു വിശ്വാസമുണ്ട്;  വിശ്വാസമർപ്പിക്കുന്നിടത്ത്  പ്രതീക്ഷയുണ്ട്. പ്രത്യാശ  വയ്ക്കുന്നവൻ   സ്നേഹിക്കുന്നു. നാം  ഒരാളെ സ്നേഹിക്കുമ്പോൾ അയാളിൽ നാം പ്രത്യാശ വയ്ക്കുന്നു. അയാളെ നാം വിശ്വസിക്കുന്നു. സ്നേഹമില്ലെങ്കിൽ ഇതൊന്നും നമുക്കില്ല. ദൈവം നമ്മുടെ പ്രത്യാശ അർഹിക്കുന്നു. വീഴ്ച വരാൻ പാടുള്ള പാവപ്പെട്ട മനുഷ്യരിൽ നാം പ്രത്യാശ വയ്ക്കുന്നെങ്കിൽ, ഒരിക്കലും വീഴ്ച വരാത്ത ദൈവത്തിൽ നാം പ്രത്യാശയുള്ളവരാകേണ്ടതല്ലേ?

     പ്രത്യാശ എളിമയുമാണ്. അഹങ്കാരിയായ  മനുഷ്യൻ
പറയുന്നു; "ഇതു ഞാൻ തനിയെ ചെയ്യും. അവനെ ഞാൻ വിശ്വസിക്കുന്നില്ല; കാരണം, കഴിവില്ലാത്തവനും കള്ളനും ഇങ്ങോട്ടു ഭരണത്തിനു വരുന്നവനുമാണ്." എളിമയുള്ള മനുഷ്യൻ പറയുന്നു; "ഞാൻ അവനിൽ പ്രത്യാശ വയ്ക്കുന്നു. എന്തുകൊണ്ടു പ്രത്യാശ വച്ചുകൂടാ? ഞാൻ അവനെക്കാൾ മെച്ചമാണെന്ന് എന്തുകൊണ്ടാണ് ഞാൻ ചിന്തിക്കുന്നത്?"  ദൈവത്തെക്കുറിച്ച് കൂടുതൽ ന്യായത്തോടെ അവൻ പറയുന്നു; "ഇത്ര നല്ലവനായ ദൈവത്തെ ഞാൻ എന്തിനാണ് അവിശ്വസിക്കുന്നത്? എന്തുകൊണ്ടാണ് എനിക്കു തന്നെ ഇതു ചെയ്യാൻ കഴിയുമെന്നു ഞാൻ വിചാരിക്കുന്നത്?"  ദൈവം എളിയവർക്കു തന്നെത്തന്നെ നൽകുന്നു. എന്നാൽ അഹങ്കാരികളിൽ നിന്ന് അവിടുന്ന് പിൻവാങ്ങുന്നു.

പ്രത്യാശ അനുസരണയുമാണ്. അനുസരണയുള്ള മനുഷ്യനെ ദൈവം സ്നേഹിക്കുന്നു. നാം ദൈവത്തിന്റെ മക്കളാണെന്നും ദൈവം നമ്മുടെ പിതാവാണെന്നും  നാം സ്വയം അംഗീകരിക്കുന്നു എന്ന വസ്തുതയാണ് അനുസരണം വെളിപ്പെടുത്തുന്നത്. ഒരു യഥാർത്ഥ പിതാവിനെ സ്നേഹിക്കാതിരിക്കുക അസാദ്ധ്യമാണ്. ദൈവം നമ്മുടെ യഥാർത്ഥ പിതാവാണ്. പരിപൂർണ്ണനായ പിതാവാണ്. നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമിതാണ്;  പ്രത്യാശയിൽ നിന്നുത്ഭവിക്കുന്നതാണിത്. ദൈവം അനുവദിക്കാതെ ഒന്നും സംഭവിക്കുകയില്ല.

ഒരുത്തരേയും ശപിക്കരുത്. അത് ദൈവത്തിന്റെ പരിപാലനയ്ക്കു വിടുക. എല്ലാറ്റിന്റേയും കർത്താവായ അവിടുത്തേക്കുള്ളതാണ് തന്റെ സൃഷ്ടികളെ അനുഗ്രഹിക്കാനും ശപിക്കാനുമുള്ള അധികാരം."

 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Wednesday, December 14, 2011

കാനായിലെ കല്യാണവിരുന്ന്

                    പാലസ്തീനായിലെ ഒരു സാധാരണ വീട്. വീടിന്റെ ദർശനം റോഡിലേക്കാണ്.  പക്ഷേ  റോഡില്‍ നിന്നും   കുറച്ചകന്നാണ്  വീട്. പുല്ലുപിടിച്ച അങ്കണത്തിലെ ഒരു വഴിയില്‍ക്കൂടി നടന്നുവേണം വീട്ടിലെത്താന്‍.

 റോഡില്‍ക്കൂടി രണ്ടുസ്ത്രീകൾ നടന്നുവരുന്നു. അത് പരിശുദ്ധ കന്യകാമാതാവും  വി. യൌസേപ്പിന്റെ സഹോദരനായ അല്‍ഫെയുസിന്റെ   ഭാര്യ   മേരിയുമാണ്. (അപ്പസ്തോലന്മാരായ   യൂദായുടേയും ജയിംസിന്റേയും അമ്മ)  അവരെ സ്വീകരിക്കാനായി നന്നായി വസ്ത്രധാരണം ചെയ്ത രണ്ടുപുരഷന്മാരും രണ്ടുസ്ത്രീകളും എത്തുന്നു. രണ്ടുപേരെയും പ്രത്യേകിച്ച് പരിശുദ്ധ കന്യകാമാതാവിനെ വളരെ സ്നേഹത്തോടെയും ആദരവോടെയും സ്വാഗതം ചെയ്യുന്നു. പുരഷന്മാരില്‍  പ്രായമുള്ള  ആളാണ് ഗൃഹനാഥന്‍  എന്നുതോന്നുന്നു.

അതിഥികളെ മുകൾനിലയിലെ വിശാലമായ അലങ്കരിച്ച ഹാളിലേക്കു ഗൃഹനാഥന്‍  കൂട്ടിക്കൊണ്ടുപോകുന്നു. ഹാളിന്റെ നടുക്ക് ഒരു വലിയ മേശയിൽ പഴങ്ങൾ നിറച്ച താലങ്ങൾ, വീഞ്ഞുനിറച്ച ഇരുകയ്യന്‍  കുടങ്ങൾ തുടങ്ങിയ ഭക്ഷണസാധനങ്ങൾ അടുക്കിവച്ചിരിക്കുന്നു.
മേശയ്ക്കിരുവശവും ഇരിക്കുന്ന അതിഥികളോടൊപ്പം പരിശുദ്ധ കന്യകാമാതാവിനെയും മറ്റേ മേരിയേയും ഇരുത്തുന്നു. പരിശുദ്ധഅമ്മ തന്റെ മേലങ്കിമാറ്റി, മേശപ്പുറത്തു വിഭവങ്ങൾ നിരത്തിവയ്ക്കാൻ സഹായിക്കുന്നു. ഇരിപ്പിടങൾ ശരിയാക്കാനും താലങ്ങളില്‍  പഴങ്ങൾ നിറച്ചുവയ്ക്കാനും പൂക്കൂടകൾ ഭംഗിയായി അലങ്കരിക്കാനുമൊക്കെ അവൾ ചുറുചുറുക്കോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അധികം സംസാരിക്കുന്നില്ല. മിക്കവാറും സമയം അവൾ
മറ്റുള്ളവര്‍  പറയുന്നതു ശ്രദ്ധയോടെ കേൾക്കുകയാണ്.

റോഡില്‍ നിന്നും സംഗീതം കേൾക്കുന്നു. വീട്ടിലുള്ളവരെല്ലാം പുറത്തേക്ക് ഓടുകയാണ്. പരിശുദ്ധഅമ്മ മാത്രം അകത്തുതന്നെ നില്‍ക്കുന്നു. മനോഹരിയായ വധു ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അകമ്പടിയോടുകൂടി വരുന്നു. അവളെ സ്വീകരിക്കാനായി വരന്‍  ഇറങ്ങിച്ചെല്ലുന്നു.

ഈ സമയം ഈശോയും ആദ്യഅപ്പസ്തോലന്മാരിലൊരുവനായി ഈശോ സ്വീകരിച്ച ജോണും (സുവിശേഷകനായ യോഹന്നാന്‍) ഈശോയുടെ കസിന്‍  -  ഇനിയും അപ്പസ്തോലനായിട്ടില്ലാത്ത - യൂദാ തദേവൂസും കൂടി
കല്യാണവീട്ടിലക്കു വരുന്നു. ഈശോയെ സ്വീകരിക്കാനായി ഗൃഹനാഥനും അയാളുടെ  മകനായ നവവരനും  പരിശുദ്ധ  അമ്മയും താഴേയ്ക്കിറങ്ങിവരികയും ബഹുമാനപുരസ്സരം അവരെ സ്വീകരിക്കുകയും ചെയ്യുന്നു. ഈശോ അമ്മയെ അഭിവാദ്യം ചെയ്യുന്നു.
അമ്മയോടൊപ്പം ഈശൊ പടികൾ കയറുന്നു. പിന്നാലെ നവവരനും ഗൃഹനാഥനും ഉണ്ട്. അവര്‍ ഹാളില്‍  പ്രവേശിക്കുന്നു. പുതുതായെത്തിയ അതിഥികൾക്ക് ഇരിപ്പിടവും താലവും കൊടുക്കാന്‍ സ്ത്രീകൾ തത്രപ്പെടുന്നു. ഹാളില്‍  പ്രവേശിച്ചയുടനെ പൗരുഷം നിറഞ്ഞതും എന്നാല്‍  മധുരവുമായ സ്വരത്തില്‍  "ഈ ഗൃഹത്തില്‍  സമാധാനം ഉണ്ടായിരിക്കട്ട, ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെയെല്ലാം മേല്‍  ഉണ്ടായിരിക്കട്ട" എന്ന് ഈശോ പറയുന്നു. ഈശോയുടെ പൊക്കവും മുഖത്തെ ഗാംഭീര്യവും എല്ലാവരേയും നിഷ്പ്രഭരാക്കുന്നു. 

ഇപ്പോൾ വിരുന്നിലെ കേന്ദ്രബിന്ദു ഈശോയാണ്. നവവരനേക്കാളും ഗൃഹനാഥനേക്കാളും ശ്രദ്ധേയന്‍ . ഈശോയുടെ പെരുമാറ്റം വിനയം നിറഞ്ഞതാണെങ്കിലും എല്ലാവരേയും സന്തോഷിപ്പിക്കാന്‍  ശ്രമിക്കുന്നുണ്ടെങ്കിലും ഈശോയുടെ ഗാംഭീര്യം എങ്ങും നിറഞ്ഞുനില്‍ക്കുന്നു.  ഹാളിന്റെ നടുക്കുകിടക്കുന്ന മേശയുടെ അടുത്ത് വധൂവരന്മാരോടൊപ്പം ഈശോ ഇരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ വന്നവരും വധൂവരന്മാരുടെ അമ്മമാരും പരിശുദ്ധഅമ്മയും ഒപ്പമുണ്ട്.
സദ്യ ആരംഭിച്ചു. എല്ലാവരും നല്ലപോലെ ഭക്ഷണം കഴിക്കുന്നുണ്ട്. ഈശോയും അമ്മയും മാത്രമേ അധികം തിന്നാതെയും വീഞ്ഞു കുടിക്കാതെയും ഇരിക്കുന്നുള്ളൂ. മേരി ഒന്നുംതന്നെ പറയുന്നില്ല. ഈശോ അല്‍പ്പം സംസാരിക്കുന്നുണ്ട്.

                                മേരിയും ജോണും ഈശോയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഈശോയുടെ ഓരോ വാക്കും അവര്‍  അതീവശ്രദ്ധയോടെ ശ്രവിച്ചുകൊണ്ടിരിക്കയാണ്.  ജോലിക്കാര്‍  കലവറക്കാരനോട് താഴ്ന്ന സ്വരത്തില്‍ എന്തോ സംസാരിക്കുന്നതു മേരിയുടെ ശ്രദ്ധയില്‍പ്പെടുന്നു. അയാളുടെ മുഖത്ത് അങ്കലാപ്പുണ്ട്. എന്താണു കുഴപ്പം എന്നു മേരിക്കു മനസ്സിലായി." മകനേ, അവരുടെ വീഞ്ഞു തീര്‍ന്നുപോയി" എന്നു മേരി ഈശോയുടെ ചെവിയില്‍  മന്ത്രിച്ചു.
മറുപടിയായി സുവിശേഷത്തിലെ സുപരിചിതങ്ങളായ ആ വാക്കുകള്‍ ഈശോ ഉച്ചരിക്കുന്നു.  അതു പറയുമ്പോഴും ഈശോയുടെ മുഖത്തു മന്ദഹാസമാണ്. കണ്ണുകളില്‍  ആര്‍ദ്രതയും. മേരിയും പുഞ്ചിരിച്ചു.

'ഈശോ പറയുന്നതെന്തോ അതുചെയ്യുക" മേരി വേലക്കാരോടു പറഞ്ഞു. മകന്റെ പുഞ്ചിരിക്കുന്ന കണ്ണുകൾ അവന്‍  വേണ്ടതുചെയ്യും എന്നു മേരിയെ അറിയിച്ചു.

ഈശോ വേലക്കാരോടു പറഞ്ഞു: "ഈ കുടങ്ങളിലെല്ലാം വെള്ളംനിറക്കുവിന്‍."

കിണറ്റില്‍നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് ജോലിക്കാര്‍  കുടങ്ങൾ നിറക്കുന്നു. കലവറക്കാരന്‍  കുടത്തില്‍ നിന്ന് ജലം പകര്‍ന്നെടുക്കുമ്പോൾ അയാളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വികസിക്കുന്നു. അത് അല്‍പ്പം രുചിച്ചുനോക്കിയപ്പോൾ അത്ഭുതം വര്‍ദ്ധിച്ചു. അയാൾ പോയി വിവരം ഗൃഹനാഥനോടും വരനോടും പറഞ്ഞു......

മേരി മകനെ വീണ്ടും സുസ്മേരവദനയായി നോക്കുന്നു. ഈശോ വീണ്ടും പുഞ്ചിരിക്കുന്നു.

ഹാളിലെങ്ങും പതിഞ്ഞ സ്വരത്തില്‍  സംസാരം. എല്ലാവരും മേരിയെയും ഈശോയെയും നോക്കുന്നു. ചിലര്‍  എഴുന്നേറ്റുനിന്നു നോക്കുന്നു. ഒരുനിമിഷത്തേക്കു എങ്ങും നിശ്ശബ്ദത. ഉടന്‍തന്നെ ഈശോയെ അഭിനന്ദിച്ചുകൊണ്ടുള്ള കരഘോഷം, ആരവം.

ഈശോ എഴുന്നേറ്റുനിന്നു പറയുന്നു; "നിങ്ങൾ മേരിക്കു നന്ദി പറയുവിന്‍." ഇത്രയും പറഞ്ഞിട്ട് ഈശോ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. ശിഷ്യന്മാര്‍  അദ്ദേഹത്തെ അനുഗമിച്ചു. വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിനുമുന്‍പ് ഈശോ പറഞ്ഞു: "ഈ ഗൃഹത്തില്‍  സമാധാനം ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ." മേരിയുടെ നേരെ തിരിഞ്ഞു ഈശോ പറഞ്ഞു: "അമ്മേ, ഞാനിറങ്ങട്ടെ."

ഈ ദര്‍ശനത്തെപ്പറ്റി ഈശോ ഇപ്രകാരം വിശദീകരണം നല്‍കുന്നു.
എപ്പോഴും ഓര്‍മ്മിക്കുക; എന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചത് മേരിക്കു വേണ്ടിയാണ്. അമ്മ ചോദിക്കുന്നതൊന്നും ഞാന്‍  കൊടുക്കാതിരിക്കില്ല. എനിക്ക് എന്റെ അമ്മയെ അറിയാം. നന്മയുടെ കാര്യത്തില്‍  ദൈവം കഴിഞ്ഞാല്‍  ഏറ്റംമുന്നില്‍  നില്‍ ക്കുന്നതു മേരിയാണ്. നിനക്ക് ഒരനുഗ്രഹം തന്നാല്‍  മേരി സന്തോഷിക്കും. കാരണം അവൾ സ്നേഹമയിയാണ്.   മാത്രമല്ല, അവളുടെ ശക്തി ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍   ആഗ്രഹിച്ചു. എന്നോടൊപ്പം മേരിയും ശക്തയാണ്. ഞാന്‍  മേരിയില്‍ നിന്നാണു പിറന്നത്. ആ ഒരുമ ദൈവത്തിന്റെ ശക്തി ഭൂമുഖത്ത് പ്രകടമാക്കുന്നതിലും ഉണ്ടായിരിക്കണം എന്നാണ് ദൈവകല്‍പ്പന. ഞങ്ങൾ ഒരു മാംസമായിരുന്നു. ഒരു ലില്ലിപ്പൂവിന്റെ ഇതളുകൾ കോശത്തെ ആവരണം ചെയ്യുന്നതുപോലെ ദുഃഖത്തിലും മേരിയും ഞാനും ഒന്നായിരുന്നു. ഞങ്ങൾ രണ്ടുപേരും കുരിശില്‍ത്തൂങ്ങി. എന്റെ ശരീരവും അവളുടെ ആത്മാവും. ഇത് എപ്പോഴും ഓര്‍മ്മിക്കുക."

Sunday, December 11, 2011

ആത്മാവും ദൈവവും - ഈശോയുടെ പ്രബോധനം


            ഈശോയുടെ ശിഷ്യഗണത്തിലേക്കു വന്ന സിന്റിക് എന്ന ഗ്രീക്ക് വനിത   ഈശോയോട്   ചോദിക്കുന്നു;    "കർത്താവേ,  അജ്ഞാനികളുടെ   (ഇസ്രായേൽക്കാരല്ലാത്തവരുടെ) ആത്മാക്കൾക്ക്   സത്യത്തെക്കുറിച്ച് ലഭിക്കാൻ   പാടുള്ള അവ്യക്തമായ ഓർമ്മയെക്കുറിച്ച് നീ പറഞ്ഞുവല്ലോ. അനേകർ വിശ്വസിക്കുന്ന പുനർജന്മം എന്ന തത്വത്തെ അതു സ്ഥിരീകരിക്കയാണോ?"

ഈശോ മറുപടി നൽകുന്നു: "ശ്രദ്ധിച്ചു കേൾക്കൂ. സത്യത്തെ ആത്മാക്കൾ സ്വയം ഓർക്കുന്നു എന്നതിൽ നിന്ന്, നമുക്കു് അനേക ജീവിതങ്ങളുണ്ടെന്ന് ധരിക്കരുത്. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതും പാപം ചെയ്തതും ശിക്ഷിക്കപ്പെട്ടതുമെല്ലാം ഇതിനകം നീ മനസ്സിലാക്കിയിട്ടുണ്ടല്ലോ. അതുപോലെ, ഒരാത്മാവിനെ ദൈവം ഒരു മനുഷ്യനിൽ പ്രവേശിപ്പിക്കുന്നുവെന്നും നീ അറിഞ്ഞിട്ടുണ്ട്, അല്ലേ?  ആ   ആത്മാവ്   വീണ്ടും   വീണ്ടും
പുനർജന്മത്തിനായി ഉപയോഗിക്കപ്പെടുകയില്ല. എന്നാൽ ഇപ്പറഞ്ഞത്, ആത്മാക്കൾ   ഓർമ്മിക്കും   എന്നു   പറഞ്ഞതിനു വിരുദ്ധമാണെന്നു തോന്നിയേക്കാം. മനുഷ്യൻ ഒരു പ്രാവശ്യമേ ജനിക്കുന്നുള്ളു  എങ്കിലും  അവന് ഓർമ്മിക്കുവാൻ കഴിയും. ആത്മാവുള്ളതുകൊണ്ടാണ് അവൻ ഓർമ്മിക്കുന്നത്. ഓരോ മനുഷ്യന്റെയും ആത്മാവ് ദൈവത്തിൽ നിന്നാണു വരുന്നത്. ദൈവം ആരാണ്? ഏറ്റം ബുദ്ധിയുള്ള, ഏറ്റം ശക്തിയുള്ള പരിപൂർണ്ണ അരൂപി.   ആത്മാവ് എന്ന ഈ അത്ഭുതസൃഷ്ടി, അതിന്റെ സ്രഷ്ടാവിന്റെ സ്വാഭാവികമായ രീതികൾ കാണിക്കുന്നതാണ്. കാരണം, ദൈവം മനുഷ്യനു് തന്റെ ഛായയും സാദൃശ്യവും കൊടുക്കുന്നത്,  ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തിൽ തന്റെ പിതൃത്വം സ്ഥാപിക്കപ്പെടുന്നതിനാകുന്നു. അതിനാൽ, അതിനെ സൃഷ്ടിച്ച പിതാവിനെപ്പോലെ തന്നെ ആത്മാവ് ബുദ്ധിയുള്ളതും സ്വതന്ത്രവും  അമർത്യവുമാണ്. ദൈവിക ചിന്തയിൽ അതു രൂപം കൊള്ളുമ്പോൾ  അത് പൂർണ്ണതയിലാണ് രൂപപ്പെടുന്നത്. ഒരു നിമിഷനേരത്തേക്ക് അത് ആദിമനുഷ്യന്റെ ആത്മാവിനോട് തുല്യമുള്ളതാകുന്നു. സ്വതന്ത്രമായ ദാനത്താൽ സത്യത്തെ മനസ്സിലാക്കാൻ കഴിവുള്ളത്ര  പൂർണ്ണത.  ഒരു നിമിഷത്തിന്റെ ആയിരത്തിലൊന്നു സമയത്തേക്കു മാത്രം. എന്നാൽ അത് രൂപം കൊണ്ടു കഴിയുമ്പോൾ ഉത്ഭവപാപത്താൽ മലിനമാക്കപ്പെടുന്നു.   ഇതു  കൂടുതൽ  വ്യക്തമാക്കാൻ  ഞാൻ പറയുന്നു,  ദൈവം  ആത്മാവിനെ  ഗർഭത്തിൽ വഹിച്ചാലെന്ന  തുപോലെയാണ് അതിന്റെ ആരംഭം. എന്നാൽ ജനിക്കുന്ന പ്രക്രിയയിൽ   ആദിപാപത്തിന്റെ   ക്ഷതം 
അതിനേൽക്കുന്നു.  മായാത്ത ഒരടയാളം.   ഇപ്പോൾ മനസ്സിലായോ?"

                         "ഉവ്വ്, എനിക്കു മനസ്സിലായി. ദൈവത്തിന്റെ ചിന്തയിലായിരിക്കുമ്പോൾ അത് പൂർണ്ണതയിലാണ്. സൃഷ്ടിക്കുന്ന ചിന്ത ഒരു നിമിഷത്തിന്റെ  ആയിരത്തിലൊരംശം സമയമേ നിലനിൽക്കുന്നുള്ളൂ.   ചിന്ത  ഉടനെ  പ്രവൃത്തിയിലായി; സൃഷ്ടിയുണ്ടായി. പാപം ഉണ്ടാക്കിയ നിയമത്തിന് ആ പ്രവൃത്തി വിധേയവുമാകുന്നു."

"നിന്റെ മറുപടി ശരിയാണ്. അങ്ങനെ ഒരു മനുഷ്യശരീരത്തിൽ ആത്മാവ് അവതരിക്കുന്നു. എന്നാൽ ആത്മാവ് സ്രഷ്ടാവിന്റെ ഓർമ്മ കൂടെക്കൊണ്ടുവരുന്നുണ്ട്; അതായത് സത്യത്തിന്റെ ഓർമ്മ. അതിന്റെ ആത്മീയ അസ്തിത്വത്തിലെ ഒരു  രത്നമായിട്ടാണ്, ഒളിച്ചുവച്ചിരിക്കുന്ന രത്നമായിട്ടാണ് ഈ സത്യം സ്ഥിതി ചെയ്യുന്നത്. ഒരു ശിശു ജനിക്കുന്നു; അതു വളർന്നു നല്ലതാകാൻ, ചീത്തയാകാൻ, വളരെ ചീത്തയാകാൻ  സാദ്ധ്യതയുണ്ട്. എന്തു വേണമെങ്കിലും അതിന് ആയിത്തീരാം. കാരണം, സ്വതന്ത്രമനസ്സ് അതിനുണ്ട്. ദൈവദൂതന്മാരുടെ ശുശ്രൂഷ അതിന്മേൽ പ്രകാശം വീശുമ്പോൾ പ്രലോഭകൻ അതിന്റെ ഓർമ്മകളിൽ അന്ധകാരം പരത്തുന്നു. മനുഷ്യൻ പ്രകാശത്തെ പിന്തുടരുന്നുവെങ്കിൽ, കൂടുതൽ കൂടുതൽ നന്മയ്ക്കായി ആഗ്രഹിക്കും; ആത്മാവിനെ അവന്റെ യജമാനനാക്കും; അപ്പോൾ ഓർമ്മിക്കാനുള്ള അവന്റെ കഴിവ് വർദ്ധിക്കും; ആത്മാവിനും ദൈവത്തിനുമിടയ്ക്കുള്ള ഭിത്തിയുടെ കനം കുറഞ്ഞു കുറഞ്ഞുവരും.  അതുകൊണ്ടാണ്  ഏതു രാജ്യത്തുള്ളവരായാലും നല്ലയാളുകൾ സത്യം കാണുന്നത്; പൂർണ്ണമായിട്ടായിരിക്കയില്ല; കാരണം പരസ്പര വിരുദ്ധമായ തത്വങ്ങളും അജ്ഞതയും അവരെ മന്ദരാക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ ജനങ്ങൾക്ക് ധാർമ്മിക പൂർണ്ണത നൽകാനുംമാത്രം അറിവു പകരാൻ അവർക്കു കഴിയും. നിനക്കു ബോദ്ധ്യമായോ?"

"ഉവ്വ്. ചുരുക്കിപ്പറഞ്ഞാൽ നന്മയുടെ ആദ്ധ്യാത്മികത വീരോചിതമായി അഭ്യസിച്ചാൽ ആത്മാവ് യഥാർത്ഥ ആത്മീയജീവിതത്തിലേക്കും ദൈവത്തെക്കുറിച്ചുള്ള അറിവിലേക്കും നയിക്കപ്പെടും."

"ശരിയാണ്. അങ്ങനെതന്നെ. നീ അനുഗൃഹീതയാകട്ടെ."


(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)

Saturday, December 10, 2011

ഗറേസായിലെ അത്ഭുത രോഗശാന്തി

             അലക്സാണ്ടർ മിസേയ്സിന്റെ വലിയ വ്യാപാരസംഘം ഗറേസായിൽ നിന്നു യാത്ര പുറപ്പടുകയാണ്. ഏറ്റവും പിന്നിലായി ഈശോയും  സംഘവുമുണ്ട്.   ഈശോ പട്ടണത്തിൽ  നിന്നു  പോവുകയാണെന്നറിഞ്ഞ  പട്ടണവാസികൾ  പഴങ്ങളും  മറ്റു ഭക്ഷ്യവിഭവങ്ങളുമായി   ഓടി  വന്ന്   ഈശോയെ അഭിവാദ്യം ചെയ്യുന്നുണ്ട്. രോഗിയായ ഒരു ബാലനേയും കൊണ്ട് ഒരു മനുഷ്യൻ എത്തി. അയാൾ ഈശോയോടു പറയുന്നു; "ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ. ഇവൻ സുഖം പ്രാപിക്കേണ്ടതിന് ഇവനെ അനുഗ്രഹിക്കണമേ."

ഈശോ കരമുയർത്തി ബാലനെ അനുഗ്രഹിച്ചു കൊണ്ടു പറയുന്നു: "പൊയ്ക്കൊള്ളുക. വിഷമിക്കേണ്ട. വിശ്വസിക്കുക."

ആ മനുഷ്യൻ "ഉവ്വ്" എന്ന് വളരെ പ്രത്യാശയോടെ പറയുന്നതു കേട്ടുകൊണ്ട് ഒരു സ്ത്രീ ചോദിക്കുന്നു; "രണ്ടു കണ്ണുകളും വ്രണമായിപ്പോയിരിക്കുന്ന എന്റെ ഭർത്താവിനെ നീ സുഖപ്പെടുത്തുമോ?"

"നിനക്കു വിശ്വസിക്കാമെങ്കിൽ ഞാൻ സുഖപ്പെടുത്താം."

"ഞാൻ പോയി അവനെ കൂട്ടിക്കൊണ്ടുവരാം. കർത്താവേ, എനിക്കായി കാത്തിരിക്കണമേ.." ഇങ്ങനെ പറഞ്ഞശേഷം ഒരു കുരികിലിന്റെ വേഗത്തിൽ അവൾ ഓടി അപ്രത്യക്ഷയായി.

 പിന്നിൽ നടക്കുന്നതൊന്നും അറിയാതെ വ്യാപാരസംഘത്തിന്റെ ഒട്ടകങ്ങൾ നീങ്ങുകയാണ്. സംഘത്തലവനായ അലക്സാണ്ടറെ വിവരമറിയിക്കാൻ ഈശോ  ഒരു ശിഷ്യനെ പറഞ്ഞയയ്ക്കുന്നു. സംഘം യാത്ര നിർത്തി. അലക്സാണ്ടർ ഈശോയുടെ പക്കലേക്ക് വന്നു. "എന്തു സംഭവിച്ചു?" അയാൾ ചോദിച്ചു.

"ഇവിടെ നിന്നുകൊള്ളൂ. അപ്പോൾ കാണാം."

കണ്ണിനു രോഗമായിരിക്കുന്ന ഭർത്താവിനെയും കൂട്ടിക്കൊണ്ടു് ആ സ്ത്രീ വന്നു.  അയാളുടെ രണ്ടു കണ്ണും പഴുത്തിരിക്കുന്നു. വ്രണത്തേക്കാൾ ദയനീയം. ചുവന്നു മങ്ങി പാതി അന്ധമായ കണ്ണുകളിലൂടെ കണ്ണീരൊഴുകുന്നു. അയാൾ കരഞ്ഞുകൊണ്ട് പറയുന്നു; "എന്റെ മേൽ കരുണയായിരിക്കേണമേ. എന്റെ വേദന സഹിക്കാൻ പറ്റുന്നില്ല...."

"നീ വളരെയേറെ പാപം ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് പരാതിയൊന്നുമില്ലേ? ഈ ഭൂമിയിലെ കാഴ്ച നഷ്ടപ്പെടുന്നതിനെക്കുറിച്ചു മാത്രമേ നിനക്കു ദുഃഖമുള്ളോ? നിത്യമായ അന്ധകാരത്തെക്കുറിച്ച് നിനക്കൊരു ഭയവുമില്ലേ? നീ എന്തു കാര്യത്തിനാണു പാപം ചെയ്തത്?"

 ആ മനുഷ്യൻ  കുനിഞ്ഞുനിന്നു കരയുകയാണ്. അയാളുടെ ഭാര്യയും കരയുന്നുണ്ട്. കരച്ചിലിനിടയിൽ അവൾ പറയുന്നു; "ഞാൻ അവനോടു ക്ഷമിച്ചു."

"ഇനിയും പാപത്തിലേക്കു പിന്തിരിയുകയില്ലെങ്കിൽ ഞാനും അവനോടു ക്ഷമിക്കും."

"ഇല്ല; ഇനി ഞാൻ പാപം ചെയ്കയില്ല. എന്നോടു ക്ഷമിക്കണമേ... എന്റെ ഭാര്യ എന്നോടു ക്ഷമിച്ചതു പോലെ നീയും എന്നോടു ക്ഷമിക്കണമേ.. നീ നല്ലവനാണല്ലോ..."

"ഞാൻ നിന്നോടു ക്ഷമിക്കുന്നു. ആ അരുവിയിലേക്കു ചെന്ന് ആ വെള്ളത്തിൽ നിന്റെ കണ്ണുകൾ  കഴുകുക. നിനക്ക് സൗഖ്യം ലഭിക്കും."

കർത്താവേ, തണുത്ത വെള്ളം അവന്റെ വേദന വർദ്ധിപ്പിക്കുമല്ലോ..." ആ സ്ത്രീ കരഞ്ഞുപറയുന്നു.

എന്നാൽ ആ മനുഷ്യൻ  അതൊന്നും ചിന്തിക്കുന്നില്ല. അരുവിയിലേക്കു പോകാൻ അയാൾ വഴി തപ്പുകയാണ്. സഹതാപം തോന്നിയ അപ്പസ്തോലൻ ജോൺ ചെന്ന് അയാളുടെ കയ്യിൽ പിടിച്ചു് നയിക്കുന്നു. ഉടനെ ഭാര്യ വന്ന് മറ്റേക്കയ്യിലും പിടിച്ചു്  അയാളെ താങ്ങി നടത്തുന്നു. അരുവിയിലെത്തിയ അയാൾ കുനിഞ്ഞ് വെള്ളം കൈയിൽ കോരിയെടുത്ത് മുഖം കഴുകി. ഇപ്പോൾ വേദനയുടെ ഒരു ലക്ഷണവും കാണിക്കുന്നില്ല. നേരെമറിച്ച് ആശ്വാസം പ്രാപിച്ചപോലെ കാണപ്പെടുന്നു.

പിന്നീട് മുകളിലേക്കു കയറി ഈശോയുടെ അടുത്തു ചെന്നു. ഈശോ ചോദിച്ചു: "കൊള്ളാം; നിനക്കു സൗഖ്യം കിട്ടിയോ?"

"ഇല്ല കർത്താവേ, ഇതുവരെ കിട്ടിയിട്ടില്ല. എങ്കിലും നീ അങ്ങനെ പറഞ്ഞതിനാൽ എനിക്കു സൗഖ്യം കിട്ടും."

"കൊള്ളാം; നിന്റെ പ്രത്യാശയിൽ നിലനിൽക്കുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!"

ആ സ്ത്രീ വിലപിച്ചുകൊണ്ട് തളർന്നുവീണു. അവൾക്കു് നിരാശ. ഈശോ വ്യാപാരിയോട് യാത്ര തുടരാൻ ആംഗ്യം കാണിച്ചു. വ്യാപാരിക്കും ഇച്ഛാഭംഗം.

 എന്നാൽ യാത്ര തുടരാൻ അയാൾ ആജ്ഞ നൽകി. ഒട്ടകങ്ങളെല്ലാം പൊങ്ങിയും താണും തിരമാലകളെ മുറിച്ചു മുന്നോട്ടു നീങ്ങുന്ന വഞ്ചികൾ പോലെ നീങ്ങുന്നു. അവർ പട്ടണത്തിനു വെളിയിലായി.

ഏതാനും ദൂരം പിന്നിട്ടതേയുള്ളൂ. പിന്നിൽ നിന്ന് അന്തരീക്ഷത്തിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടുള്ള ഓശാനാ വിളികൾ കേൾക്കാറായി. ആഹ്ളാദത്തിമിർപ്പിൽ ഒരു സ്വരം വിളിച്ചു പറയുന്നു; "എനിക്കു കാണാൻ കഴിയുന്നു... ഈശോ  അനുഗൃഹീതൻ.. എനിക്കു കാണാം.. ഞാൻ വിശ്വസിച്ചു.. ഞാൻ കാണുന്നു..ഈശോ! ഈശോ!.."

സുഖം പ്രാപിച്ച കണ്ണുകളുമായി ആ മനുഷ്യൻ  ഓടിക്കിതച്ചു വന്ന് ഈശോയുടെ പാദത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുന്നു. വ്യാപാരിയുടെ ഒട്ടകത്തിന്റെ ചവിട്ടു കിട്ടാതെ ആ മനുഷ്യൻ  ഒട്ടകത്തെ പെട്ടെന്ന് നിയന്ത്രിച്ചു.

ഈശോയുടെ വസ്ത്രം ചുംബിച്ചുകൊണ്ടു് അയാൾ ആവർത്തിക്കുന്നു; "ഞാൻ വിശ്വസിച്ചു.. എനിക്കിപ്പോൾ കാണാം.. അനുഗൃഹീതനായ എന്റെ കർത്താവേ..."

"എഴുന്നേൽക്കൂ.. സന്തോഷമായിരിക്കൂ.. എന്നാൽ എല്ലാറ്റിനുമുപരിയായി നല്ലവനായിരിക്കുക. പരിധി വയ്ക്കാതെ വിശ്വസിക്കണമെന്ന് നിന്റെ ഭാര്യയോടു പറയുക. ദൈവം നിന്നോടു കൂടെയുണ്ടായിരിക്കട്ടെ!"

അയാളുടെ പിടിയിൽ നിന്നും സ്വയം വിടുവിച്ച് ഈശോ യാത്ര  തുടരുന്നു.  വ്യാപാരി ആലോചനയോടെ ഈശോയോടു ചോദിക്കുന്നു; "അരുവിയിലെ ജലത്തിൽ മുഖം കഴുകിക്കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. എങ്കിലും അയാൾ വിശ്വാസത്തിൽ ഉറച്ചുനിന്നു. അങ്ങനെ ഉറച്ചു നിന്നില്ലായിരുന്നെങ്കിൽ?"

"അവൻ അപ്രകാരം തന്നെയിരിക്കുമായിരുന്നു."

"അത്ഭുതം ചെയ്യുന്നതിന് ഇത്രയധികം വിശ്വാസം നീ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണ്?"

"കാരണം, വിശ്വാസം പ്രതീക്ഷയുടേയും ദൈവസ്നേഹത്തിന്റെയും അളവിനെ സാക്ഷ്യപ്പെടുത്തുന്നു."

"നീ പശ്ചാത്താപം ആദ്യമേ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണ്?"

"കാരണം, പശ്ചാത്താപം ദൈവത്തോട് അടുപ്പം ഉളവാക്കുന്നു."

 
 "എനിക്കു രോഗമൊന്നുമില്ലല്ലോ. അപ്പോൾ വിശ്വാസം ഉണ്ടെന്ന് ഞാനെങ്ങനെ തെളിയിക്കും?"

"നീ സത്യത്തിലേക്കു വരണം."

"ദൈവത്തോട് അടുപ്പമില്ലാതെ എനിക്കു വരാൻ കഴിയുമോ?"

"ദൈവത്തിന്റെ നന്മയിലൂടെയല്ലാതെ നിനക്കു വരാൻ പറ്റില്ല. ദൈവത്തെ അന്വേഷിക്കുന്നവർ, തന്നെ കണ്ടെത്താൻ അവിടുന്ന് ഇടയാക്കും.  അവർക്ക്  അനുതാപം   തൽക്കാലം ഉണ്ടായിട്ടില്ലെങ്കിൽപ്പോലും... കാരണം, സാധാരണയായി ഒരു മനുഷ്യൻ അനുതപിക്കുന്നത് അവൻ   ദൈവത്തെ   അറിയുമ്പോഴാണ്;  ഒന്നുകിൽ ബോധപൂർവമുള്ള അറിവ്, അല്ലെങ്കിൽ അവന്റെ ആത്മാവ് എന്താണാഗ്രഹിക്കുന്നതെന്നുള്ളതിനെക്കുറിച്ചുള്ള നേരിയ ഒരവബോധം. സ്വാഭാവിക വാസനയനുസരിച്ചു മാത്രം ജീവിക്കുന്ന ഒരു മരത്തലയനായിരുന്നു അവൻ മുൻകാലങ്ങളിൽ... വിശ്വസിക്കേണ്ടതിന്റെ ആവശ്യം നിനക്കെപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?"

"പല പ്രാവശ്യം തോന്നിയിട്ടുണ്ട്. എന്റെ സ്ഥിതിയെക്കുറിച്ച് എനിക്ക് ഒരിക്കലും തൃപ്തിയില്ലായിരുന്നു. വേറെയെന്തോ കൂടെയുണ്ട് എന്ന് എനിക്കെപ്പോഴും വിചാരമുണ്ടായിരുന്നു. പണത്തേക്കാൾ, കുട്ടികളെക്കാൾ, എന്റെ പ്രതീക്ഷകളെക്കാൾ... എന്നാൽ അറിയാതെ തന്നെ എന്റെ മനസ്സു് അന്വേഷിച്ചിരുന്നതിനെ തേടിപ്പിടിക്കാൻ ഞാൻ മെനക്കെട്ടില്ല..."

"നിന്റെ ആത്മാവ് ദൈവത്തെ അന്വേഷിക്കുന്നുണ്ടായിരുന്നു. ദൈവത്തെ  കണ്ടെത്താൻ അവിടുത്തെ കാരുണ്യം നിനക്കിട വരുത്തി. നിന്റെ അലസമായ ഭൂതകാല ജീവിതത്തെക്കുറിച്ചുള്ള പശ്ചാത്താപം നിന്നെ ദൈവത്തോട് അടുപ്പിക്കും."

"അപ്പോൾ, സത്യം കാണുക എന്ന അത്ഭുതം എനിക്കു ലഭിക്കണമെങ്കിൽ എന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഞാൻ അനുതപിക്കണം, അല്ലേ?"

"തീർച്ചയായും നീ അനുതപിക്കുകയും നിന്റെ ജീവിതം അപ്പാടെ മാറ്റാൻ നിശ്ചയിക്കയും വേണം."

അയാൾ താടിമീശ തടവിക്കൊണ്ട് ചിന്താമഗ്നനായി ഈശോയെ വിട്ട് മുന്നിലേക്കു പോകുന്നു.

ഈശോ ഗറേസായിൽ പ്രസംഗിക്കുന്നു


            ഗറേസാ പട്ടണത്തിലെത്തി  വ്യാപാരിയായ അലക്സാണ്ടർ മിസേയ്സിന്റെ ആതിഥ്യം സ്വീകരിച്ചു് അയാളുടെ ഭവനത്തിൽ താമസിച്ച   ഈശോയും  സംഘവും  പിറ്റേന്നു   രാവിലെ   പട്ടണത്തിലേക്കു   പുറപ്പടുന്നു.   ഗറേസായിലെ   ജനങ്ങൾ ഈശോയെ അനുഗമിക്കുന്നു. പിശാചുബാധയിൽ നിന്ന് ഈശോ  വിമുക്തനാക്കിയ ഒരാളാണ് ഈശോയെപ്പറ്റി അവരോടു സംസാരിച്ചതെന്ന് അവർ ഈശോയോടു പറയുന്നു. അവർ പറയുന്നതെല്ലാം കാരുണ്യപൂർവ്വം ഈശോ  ശ്രവിക്കുന്നു. അതേസമയം പട്ടണത്തിലേക്കു നടക്കുകയും ചെയ്യുന്നു.
      പട്ടണത്തിന്റെ ഉയരമുള്ള ഭാഗത്തേക്കാണ് ഈശോ നടക്കുന്നത്. തെക്കുകിഴക്കു ഭാഗത്തിനാണ്  ഉയരം കൂടുതൽ. അവിടെ നിന്നുകൊണ്ട് ഈശോ  പ്രസംഗം ആരംഭിച്ചു. "ഈ പട്ടണം വളരെ മനോഹരമാണ്. നീതിയിലും വിശുദ്ധിയിലും കൂടെ ഇതിനെ നിങ്ങൾ മനോഹരമാക്കണം. കുന്നുകൾ, പച്ചപിടിച്ച സമതലം, അരുവി ഇവയെല്ലാം ദൈവമാണ് നിങ്ങൾക്കു നൽകിയിരിക്കുന്നത്. നല്ല വീടുകളും കെട്ടിടങ്ങളും പണിയാൻ റോമായും  നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ പട്ടണത്തെ   വിശുദ്ധവും  നീതിയുള്ളതുമാക്കിത്തീർക്കേണ്ടത് നിങ്ങൾ തന്നെയാണ്. നഗരവാസികൾഎന്താക്കിത്തീർക്കുമോ അതുപോലെയായിരിക്കും നഗരം. കാരണം, നഗരം സമൂഹത്തിന്റെ ഒരു ഭാഗമാണ്. നഗരവാസികളാണ് നഗരം പണിയുന്നത്. നഗരം പാപം ചെയ്കയില്ല. അരുവി, വീടുകൾ, മാളികകൾ ഇവയ്ക്കൊന്നിനും പാപം ചെയ്യാൻ കഴിവില്ല.  അവ പദാർത്ഥങ്ങൾ മാത്രം; അവയ്ക്ക് ആത്മാവില്ല. എന്നാൽ വീടുകളിൽ, കടകളിൽ, എല്ലാ സ്ഥലങ്ങളിലുമുള്ളവർക്ക് പാപം ചെയ്യാൻ കഴിയും. ഒരു പട്ടണത്തിലുള്ളവർ കലഹിക്കുന്നവരും ദുഷ്ടരുമാണെങ്കിൽ ആ പട്ടണം ചീത്തയാണെന്ന് ആളുകൾ പറയും. പക്ഷേ അങ്ങനെ പറയുന്നത് തെറ്റ്... പട്ടണമല്ല, പട്ടണവാസികളാണ് ചീത്തയായിരിക്കുന്നത്. അവിടെയുള്ള വ്യക്തികളെല്ലാം ചേർന്ന സങ്കീർണ്ണമായ, ഏകമായ ഒന്നുണ്ടല്ലോ, അതിനെയാണ് പട്ടണമെന്നു വിളിക്കുന്നത്.
                      ഇനി ശ്രദ്ധിച്ചു കേൾക്കൂ.. ഒരു പട്ടണത്തിൽ പതിനായിരം പേർ നല്ലവരും  ആയിരം പേർ മാത്രം നല്ലവരല്ലാത്തവരും ആണെങ്കിൽ ആ പട്ടണം ദുഷിച്ചതാണെന്നു നമുക്കു പറയാൻ പറ്റുമോ?  ഇല്ല. അതുപോലെ തന്നെ പതിനായിരം പേരുള്ള ഒരു പട്ടണത്തിൽ സ്വന്തം  താൽപ്പര്യങ്ങൾ മാത്രം കരുതുന്ന പല ഗ്രൂപ്പുകളാണുള്ളതെങ്കിൽ ആ പട്ടണത്തിന് ഐക്യമുണ്ടെന്നു പറയാൻ പറ്റുമോ? ഇല്ല. ആ പട്ടണം വളരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല; അതു വളരുകയില്ല.

ഗറേസാ പട്ടണവാസികളായ നിങ്ങൾ ഇപ്പോൾ ഐക്യത്തോടെ നിങ്ങളുടെ പട്ടണത്തെ വളർത്താൻ ശ്രമിക്കുന്നു. നിങ്ങളെല്ലാവരും ഇതാഗ്രഹിക്കുന്നു. ഈ ലക്ഷ്യം നേടാൻ മാത്സര്യബുദ്ധ്യാ  ശ്രമിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾ വിജയിക്ക തന്നെ ചെയ്യും. എന്നാൽ നാളെ ഒരുപക്ഷേ, അഭിപ്രായഭിന്നതയുള്ള പല ഗ്രൂപ്പുകൾ രൂപം പ്രാപിച്ചാൽ ഒരു കൂട്ടർ പറയും, 'പട്ടണം കിഴക്കോട്ടാണ് വികസിപ്പിക്കേണ്ടത്'; മറ്റൊരു കൂട്ടർ പറയും, ' വടക്കാണ് കൂടുതൽ പരന്ന സ്ഥലമുള്ളത്, അതിനാൽ വടക്കോട്ടാണ് വികസിപ്പിക്കേണ്ടത്'; മൂന്നാമതൊരു കൂട്ടർ പറയും, 'കിഴക്കോട്ടും വടക്കോട്ടും വേണ്ട, നമുക്കെല്ലാവർക്കും പട്ടണത്തിന്റെ മദ്ധ്യത്തിൽ - അരുവിയുടെ അടുത്തു താമസിക്കാം' എന്ന്. അപ്പോൾ എന്തു സംഭവിക്കും?

ഇങ്ങനെയായിരിക്കും സംഭവിക്കുക. ആരംഭിച്ച പണികളെല്ലാം നിലയ്ക്കും. പണം ഇറക്കിയവരെല്ലാം അതു തിരിച്ചെടുക്കും. ഇവിടെ താമസിക്കാമെന്നു ചിന്തിച്ചവരെല്ലാം ഈ പട്ടണം വിട്ട് മറ്റു സ്ഥലങ്ങൾ തേടിപ്പോകും. ചെയ്ത പണിയെല്ലാം പാഴായിപ്പോകും; നശിക്കും. ഇതെല്ലാം എന്തിന്റെ ഫലമാണ്? പട്ടണവാസികളുടെ വഴക്കിന്റെ ഫലം. പട്ടണത്തിന്റെ  സുസ്ഥിതിക്ക് പട്ടണവാസികളുടെ ഐക്യം ആവശ്യമാണ്. കാരണം ഒരു  സമൂഹത്തിന്റെ സുസ്ഥിതി അതിലെ അംഗങ്ങളുടെ സുസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്.
                                                      നിങ്ങൾ ചിന്തിക്കുന്നത് പട്ടണത്തിലുള്ളവരുടെ സമൂഹം,   രാജ്യത്തുള്ളവരുടെ   സമൂഹം, കുടുംബസമൂഹം എന്നിവയെക്കുറിച്ചാണ്. എന്നാൽ നിങ്ങൾ പരിഗണിക്കാതിരിക്കുന്ന വിസ്തൃതമായ ഒരു സമൂഹമുണ്ട്. നിത്യമായ ഒന്ന്; പരിമിതിയില്ലാത്ത ഒന്ന്; അതായത് അരൂപികളുടെ (ആത്മാക്കളുടെ) സമൂഹം.
                 ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും ഒരാത്മാവുണ്ട്. ശരീരത്തോടൊപ്പം ആത്മാവ് മരിക്കുന്നില്ല.  അത്  ശരീരത്തെ അതിജീവിക്കുന്നു. ഓരോ മനുഷ്യനും ആത്മാവിനെ നൽകിയ സ്രഷ്ടാവായ ദൈവത്തിന്റെ ആഗ്രഹം, ഈ ആത്മാക്കളെല്ലാം  ഒരു സ്ഥലത്ത് ചെന്നു ചേരണമെന്നാണ്; അതായത് സ്വർഗ്ഗത്തിൽ.  അതിലെ ആനന്ദഭരിതരായ പ്രജകൾ  ഭൂമിയിൽ പരിശുദ്ധമായ ജീവിതം നയിച്ചവരും പാതാളത്തിൽ സമാധാനപൂർണ്ണമായ പ്രതീക്ഷയിൽ പാർത്തവരുമായ മനുഷ്യരാകുന്നു. ഭിന്നിപ്പും എതിർപ്പുമുണ്ടാക്കാൻ സാത്താൻ വന്നു.  നാശം വിതച്ച് ദൈവത്തെയും അരൂപികളെയും ദുഃഖിപ്പിക്കണമെന്നാണ് അവന്റെ ആഗ്രഹം. അതിനായി അവൻ മനുഷ്യ ഹൃദയത്തിൽ പാപം ഒരുക്കി വച്ചു. പാപത്തോടു കൂടെ ശരീരത്തിന് മരണവും അവൻ വരുത്തി. അരൂപിയേയും കൊല്ലാമെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ അരൂപിയുടെ (ആത്മാവിന്റെ) മരണം എന്നു പറയുന്നത് അതിന്റെ നാശമാണ്; അപ്പോഴും അതിന് അസ്തിത്വമുണ്ട്. എന്നാൽ നിത്യജീവനും സന്തോഷവുമില്ല. ദൈവത്തെക്കാണാൻ കഴിയാതെ, നിത്യമായ പ്രകാശത്തിൽ അവിടുത്തെ സ്വന്തമാക്കുവാൻ കഴിയാതെയുള്ള അവസ്ഥയിലാണ്. മനുഷ്യവർഗ്ഗം ഭിന്നമായ താൽപ്പര്യങ്ങൾ  നിമിത്തം വിഭജിക്കപ്പെട്ടുപോയി. പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങൾ നിമിത്തം പട്ടണവാസികൾ ഭിന്നിച്ചു പോകുന്നതു പോലെ. അങ്ങനെ മനുഷ്യ വംശം നാശത്തിൽ നിപതിച്ചു.
             ഞാൻ വന്നിരിക്കുന്നത് ദൈവം സൃഷ്ടിച്ച മനുഷ്യകുലത്തോട് ദൈവത്തിനുള്ള സ്നേഹം നിമിത്തമാണ്. വിശുദ്ധമായ രാജ്യം ഒന്നുമാത്രമേ ഉള്ളൂവെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത് ദൈവരാജ്യം മാത്രം. നല്ലയാളുകൾ അതിലേക്ക് നീങ്ങുന്നതിനായി ഞാൻ പ്രസംഗിക്കുന്നു. ഓ! എല്ലാവരും, ഏറ്റം ദുഷ്ടരായവർ പോലും, തങ്ങളെ ബന്ധനസ്ഥരാക്കി വച്ചിട്ടുള്ള സാത്താന്റെ പിടിയിൽ നിന്ന് സ്വതന്ത്രരായി, മാനസാന്തരപ്പെട്ടു്, അതിലേക്കു വരണമെന്നാണെന്റെ ആഗ്രഹം. പിശാചിന്റെ ആധിപത്യം ശരീരത്തിലും അരൂപിയിലുമാകാം; അതിനാലാണ് രോഗികൾക്കു സൗഖ്യം നൽകിയും പിശാചുക്കളെ ബഹിഷ്കരിച്ചും പാപികളെ മാനസാന്തരപ്പെടുത്തിയും സുവിശേഷം പ്രസംഗിച്ചു് ഞാൻ എല്ലായിടത്തും   സഞ്ചരിക്കുന്നത്.   ദൈവം എന്നോടു കൂടെയുണ്ടെന്നു  നിങ്ങളെ  ബോദ്ധ്യപ്പെടുത്താനാണ്  ഞാൻ അത്ഭുതങ്ങൾ ചെയ്യുന്നത്.   കാരണം, ദൈവത്തെ തന്റെ സ്നേഹിതനാക്കിയിട്ടില്ലാത്ത ഒരുവനും  അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല. അതിനാൽ ദൈവത്തിന്റെ ശക്തിയാൽ ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുമ്പോൾ, രോഗികൾക്കു  സൗഖ്യം നൽകുമ്പോൾ, കുഷ്ഠരോഗികളെ ശുചിയാക്കുമ്പോൾ, പാപികളെ മാനസാന്തരപ്പെടുത്തുമ്പോൾ, ദൈവരാജ്യം അറിയിച്ചു് അതേക്കുറിച്ച് പ്രസംഗിക്കുമ്പോൾ, ദൈവനാമത്തിൽ ആളുകളെ ദൈവരാജ്യത്തിലേക്കു വിളിക്കുമ്പോൾ,  ദൈവം എന്നോടു കൂടെയുണ്ടെന്നുള്ള സത്യം അവിതർക്കിതമാണ്; വ്യക്തമാണ്. അവിശ്വസ്തരായ ശത്രുക്കൾ മാത്രമേ അതിനെതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്കയുള്ളൂ. ഇതെല്ലാം ദൈവരാജ്യം നിങ്ങളിലാണെന്നും അതു സ്ഥാപിക്കപ്പെടാനുള്ള സമയം ഇതാണെന്നും മനസ്സിലാക്കാനുള്ള അടയാളങ്ങളാണ്.
                      ദൈവരാജ്യം ലോകത്തിലും മനുഷ്യഹൃദയങ്ങളിലും എങ്ങനെയാണ്   സ്ഥാപിക്കപ്പെടുക?   മോശയുടെ നിയമത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട്; അതേക്കുറിച്ച് അറിഞ്ഞുകൂടെങ്കിൽ അതു പഠിച്ചുകൊണ്ട്; എന്നാൽ എല്ലാറ്റിനും ഉപരിയായി നമ്മുടെ ജീവിതത്തിന്റെ എല്ലാ സംഭവങ്ങളിലും അവയനുസരിച്ച്   ജീവിച്ചുകൊണ്ട്.   ആ  നിയമം പ്രായോഗികമാക്കാന്‍  കഴിയാത്തവണ്ണം അത്ര കഠിനമാണോ? അല്ല, അത് എളുപ്പമുള്ള പത്ത് വിശുദ്ധ പഠനങ്ങളാണ്. അവ ഇവയാണ്."
           തുടർന്ന് ഈശോ പത്തുകൽപ്പനകൾ ഓരോന്നും വിശദീകരിക്കുന്നു.

ധനികനായ വ്യാപാരി

             ജോർദ്ദാന്റെ മറുകരയിൽ ഫലഭൂയിഷ്ടമായ ഒരു സമതലത്തിലൂടെ വളരെ ദൂരം നടന്ന ശേഷം ഈശോ,   അപ്പസ്തോലന്മാരും  പരിശുദ്ധഅമ്മയും  ഏതാനും ശിഷ്യകളും  
അടങ്ങുന്ന സംഘത്തോടൊപ്പം  ഒരു  ചെറുഗ്രാമത്തിൽ വിശ്രമിച്ചു. വിശ്രമത്തിനു ശേഷം അവർ ഗ്രാമത്തിൽ വച്ചു പരിചയപ്പെട്ട ഒരു  കച്ചവടസംഘത്തോടൊപ്പം വീണ്ടും യാത്രയാരംഭിച്ചു. സംഘനേതാവ് ഈശോയോടു് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അതുകണ്ട് അപ്പസ്തോലന്മാർ ചോദിക്കുന്നു; "അയാൾ ആരാണ്?"

"യുഫ്രട്ടീസിന്റെ അങ്ങേക്കരയിലുള്ള ധനികനായ ഒരു വ്യാപാരി. ഞാൻ പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലൂടെയെല്ലാം അയാൾ കടന്നുപോകും.  ഈ പർവത പ്രദേശത്തുകൂടി സ്ത്രീകളെയും കൊണ്ടു യാത്ര ചെയ്യുന്ന നമ്മുടെ മേലുള്ള ദൈവപരിപലന!"

"എന്തെങ്കിലും സംഭവിക്കുമെന്ന് നീ ഭയപ്പെടുന്നുണ്ടോ?"

"കവർച്ച ചെയ്യപ്പെടുമെന്ന് എനിക്കു ഭയമില്ല. കാരണം, നമുക്കു് സമ്പത്തൊന്നുമില്ലല്ലോ.  എന്നാൽ സ്ത്രീകളെ ഭയപ്പെടുത്താൻ അതു ധാരാളം മതി. ഈ സംഘം കൂടെയുള്ളത് നമുക്കു് സഹായകമായി.  ഇത്ര ശക്തമായ ഒരു  സംഘത്തെ ആക്രമിക്കാൻ ഒരു  പിടി കൊള്ളക്കാർ മുതിരുകയില്ല. 'നീ മ്ശിഹാ ആണോ' എന്ന് അയാൾ എന്നോടു ചോദിച്ചു. 'ഞാൻ ആണ്' എന്നു മറുപടി പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, 'നീ പ്രസംഗിച്ചത് ഞാൻ കേട്ടിരുന്നു; എന്നാൽ   ആൾത്തിരക്കു നിമിത്തം എനിക്കു നിന്നെക്കാണാൻ പറ്റിയില്ല. ആകട്ടെ, ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം. നീ എന്നെയും സംരക്ഷിക്കണം. വളരെ  വിലപിടിച്ച ചരക്ക് എന്റെ പക്കലുണ്ട്' എന്ന്."

"അയാൾ മാനസാന്തരപ്പെട്ടതാണോ?"

"എനിക്കു തോന്നുന്നില്ല."

അവർ യാത്രയാരംഭിച്ചു. ഈശോ അയാളോടു ചോദിക്കുന്നു: "നീ പുതുതായി യഹൂദമതത്തിൽ ചേർന്നവനാണോ?"

"ചേരേണ്ടതായിരുന്നു. എന്റെ പൂർവികർ ഇസ്രായേല്യരായിരുന്നു.   പക്ഷേ, ഞങ്ങൾ ചെന്നുചേർന്ന നാട്ടിലെ രീതികളുമായി ചേർന്നുപോയി."

"ഒരാത്മാവിന് ചേർന്നു പോകാൻ ഒരിടം മാത്രമേയുള്ളൂ; അതായത് സ്വർഗ്ഗം."

"നീ പറഞ്ഞത് ശരിയാണ്. എന്നാലും കാര്യങ്ങൾ അങ്ങനെയൊക്കെ സംഭവിക്കുന്നു. എന്റെ വല്യപ്പന്റെ അപ്പൻ ഇസ്രായേൽക്കാരിയല്ലാത്ത ഒരുവളെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മക്കൾ വിശ്വസ്തതയിൽ പിന്നോക്കം പോയി. മക്കളുടെ മക്കളും ഇസ്രായേൽക്കാരല്ലാത്ത സ്ത്രീകളെ വിവാഹം കഴിച്ചു. അവരുടെ മക്കൾക്ക് യഹൂദനാമം മാത്രം അവശേഷിച്ചു. യഹൂദ പാരമ്പര്യമുള്ളതു കൊണ്ട് പേരു മാത്രം അവശേഷിച്ചു. എന്റെ ഊഴമായപ്പോൾ ഒന്നുമില്ലാതായി. എല്ലാവരോടും എനിക്കു സമ്പർക്കമുള്ളതുകൊണ്ട് എല്ലാം ഞാൻ സ്വീകരിച്ചു. അതിന്റെ ഫലമോ, ഞാൻ ഒരിടത്തും അല്ലാതായി..."

"ഇപ്പറഞ്ഞത് അത്ര നല്ല കാരണമൊന്നുമല്ല. അതു ഞാൻ തെളിയിക്കാം.  ശരിയാണെന്നു നിനക്കു നല്ലവണ്ണം അറിയാവുന്ന ഈ വഴിക്ക് യാത്ര ചെയ്യുമ്പോൾ അഞ്ചാറുപേരെ കണ്ടെന്നു കണ്ടെന്നു കരുതുക. അവർ പറയുന്നത്, "ഈ വഴിയേ പോകരുത്,  തിരിച്ചുപോകുക, യാത്ര നിർത്തുക, കിഴക്കോട്ടു പോവുക, പടിഞ്ഞാറോട്ടു പോവുക" ഇങ്ങനെയെല്ലാമാണെങ്കിൽ നീ എന്തുചെയ്യും?"

 "ഞാൻ പറയും, 'ഇത് ശരിയായിട്ടുള്ള റോഡാണ്; ഏറ്റം കുറഞ്ഞ ദൂരവും ഈ വഴിക്കാണ്. അതിനാൽ ഈ വഴി ഞാൻ  വിട്ടുപോകയില്ല' എന്ന്."

"അതുപോലെ കച്ചവടകാര്യങ്ങളിൽ എങ്ങനെയാണ് വർത്തിക്കേണ്ടതെന്ന് നിനക്കറിയാവുന്ന സാഹചര്യത്തിൽ മറ്റുള്ളവർ വീമ്പടിക്കാനോ കൗശലം പ്രയോഗിക്കാനോ മറ്റു മാർഗ്ഗങ്ങൾ ഉപദേശിച്ചാൽ നീ എന്തുചെയ്യും? അവരെ ശ്രവിക്കുമോ?"

"ഇല്ല. ഏറ്റം നല്ലതെന്ന് എന്റെ അനുഭവം എന്നോടു പറയുന്ന മാർഗ്ഗം മാത്രമേ ഞാൻ  സ്വീകരിക്കയുള്ളൂ."

 "കൊള്ളാം; ആയിരം വർഷങ്ങളോളം  പാരമ്പര്യമുള്ള വിശ്വാസം നിന്റെ പിന്നിലുണ്ട്. ഇസ്രായേലിന്റെ പിൻഗാമിയാണ് നീ. നീ ഭോഷനോ അറിവില്ലാത്തവനോ അല്ല.  അപ്പോൾപ്പിന്നെ മറ്റുള്ളവരുമായുള്ള സമ്പർക്കത്തിന്റെ ഫലമായി നിന്റെ വിശ്വാസത്തെ നീ നഷ്ടപ്പെടുത്തുന്നതെന്തിനാണ്? കച്ചവടകാര്യത്തിലോ വഴിയുടെ കാര്യത്തിലോ നീ അതു ചെയ്യുന്നില്ലല്ലോ. വെറും മാനുഷികമായി ചിന്തിച്ചാൽപ്പോലും പണവും വഴിയും കഴിഞ്ഞിട്ടേ, ദൈവകാര്യമുള്ളൂ എന്നു വയ്ക്കുന്നത് എത്ര പരിതാപകരമാണ്?"

"ദൈവത്തെ ഞാൻ  മാറ്റി വയ്ക്കുന്നില്ല. എന്നാൽ ഞാൻ  ദൈവത്തെ ഇപ്പോൾ കാണുന്നതേയില്ല."

"കാരണം, കച്ചവടം, പണം, ജീവിതം ഇവയെല്ലാമാണ് നിന്റെ ദൈവങ്ങൾ. എന്നാൽ ഇവയെല്ലാം നിനക്ക് അനുവദിക്കുന്നത് ദൈവം തന്നെയാണ്."

 അവർ യാത്ര തുടരുന്നു. വഴി ഇപ്പോൾ മെച്ചമായിട്ടുണ്ട്. വ്യാപാരി പറയുന്നു; "അതാ ആ കാണുന്നതാണ് ഗറേസാ പട്ടണം. ഞാനവിടെ കുറെ സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ വാണിജ്യശാല പണിയും; എന്നിട്ട് കൂടിയ വിലയ്ക്ക് അതു വിൽക്കും. ഒരുപക്ഷേ ഒരു നല്ല വീട് അവിടെ പണിയും. എന്റെ വാർദ്ധക്യകാലം അവിടെ ചെലവഴിക്കാമല്ലോ. ഇതിനിടക്ക് എന്റെ ബാലന്മാർ വളർന്നു വലുതാകും; അവർക്ക് ഗറേസായിലും ആഷ്ക്കലോണിലും ജറുസലേമിലുമുള്ള കടകൾ കൊടുക്കും; ധനികരും സുന്ദരികളുമായ പെൺകുട്ടികൾക്ക് നല്ല വിവാഹങ്ങൾ വരും. അങ്ങനെ ധാരാളം കൊച്ചുമക്കൾ എനിക്കുണ്ടാകും..."

ഈശോ ശാന്തനായി ചോദിക്കുന്നു: "അതു കഴിഞ്ഞ്?"

വ്യാപാരി ഒന്നുണർന്ന് പരിഭ്രമത്തോടെ ഈശോയെ നോക്കിക്കൊണ്ട് പറഞ്ഞു; "അതു കഴിഞ്ഞോ... അത്രയുമേയുള്ളൂ... പിന്നെ മരണം വരും. അത് ദുഃഖകരമാണ്.. എന്നാൽ അതങ്ങനെയാണ്."

"അപ്പോൾ നിന്റെ വ്യാപാരങ്ങളെല്ലാം ഉപേക്ഷിക്കുമോ? നിന്റെ പ്രിയപ്പെട്ട കാര്യങ്ങളും?"

"എന്റെ കർത്താവേ, ഉപേക്ഷിക്കാൻ എനിക്കിഷ്ടമില്ല. എന്നാൽ, ഞാൻ ജനിച്ചു; ഞാൻ മരിക്കയും വേണം. എല്ലാം ഞാൻ വിട്ടുപോകയും വേണം."

"എന്നാൽ മരിക്കുമ്പോൾ എല്ലാം ഉപേക്ഷിക്കുമെന്ന് ആരാണ് നിന്നോടു പറഞ്ഞത്?"

"ആരെന്നോ? ജീവിതസംഭവങ്ങൾ... മരിച്ചു കഴിഞ്ഞാൽ പിന്നെ - അത്ര തന്നെ... നിനക്കു കയ്യോ കണ്ണോ കാതോ ഒന്നുമില്ല."

"നീ കയ്യ്, കണ്ണ്, കാത് ഇവ മാത്രമല്ല."

"ഞാൻ ഒരു മനുഷ്യനാണു്; അത് എനിക്കറിയാം. എനിക്കു മറ്റു കാര്യങ്ങളുമുണ്ട്. എന്നാൽ മരണത്തോടെ അതെല്ലാം അവസാനിക്കും. സൂര്യാസ്തമനം പോലെയാണത്. അസ്തമനം അതിനെ നശിപ്പിക്കുന്നു."

"എന്നാൽ പ്രഭാതം അതിനെ വീണ്ടും സൃഷ്ടിക്കുന്നു; അഥവാ അതിനെ വീണ്ടും കൊണ്ടുവന്നു തരുന്നു. നീ ഒരു മനുഷ്യനാണു് എന്നാണല്ലോ നീ പറഞ്ഞത്. നീ സവാരി ചെയ്യുന്ന മൃഗത്തേപ്പോലെയല്ല നീ. ഒരു മൃഗം ചത്തു കഴിഞ്ഞാൽ  തീർന്നു. നീ അങ്ങനെയല്ല; നിനക്ക് ഒരാത്മാവുണ്ട്. അതു നിനക്കറിഞ്ഞുകൂടേ?"

കാരുണ്യപൂർവ്വമുള്ള ആ കുറ്റപ്പെടുത്തൽ  വ്യാപാരി ശ്രവിക്കുന്നു. തല താഴ്ത്തി അയാൾ പിറുപിറുക്കുന്നു; "എനിക്കറിയാം..."

"ആത്മാവ് ശരീരത്തെ അതിജീവിക്കുന്നു എന്നറിഞ്ഞുകൂടെ?''

"അറിയാം.."

"കൊള്ളാം. അടുത്ത ജീവിതത്തിൽ അത് പ്രവർത്തനനിരതമാണെന്നും നിനക്കറിഞ്ഞുകൂടേ? അത് ദുഷ്ടമാണെങ്കിൽ ദുഷ്പ്രവൃത്തി. അതിന് തീർച്ചയായും അതിന്റേതായ വികാരങ്ങളുമുണ്ട്. അത് വിശുദ്ധമാണെങ്കിൽ സ്നേഹപൂർണ്ണമായ പ്രവർത്തനങ്ങൾ; അത് നശിച്ചുപോയതാണെങ്കിൽ വിദ്വേഷത്തിന്റെ പ്രവൃത്തികൾ. ആർക്കെതിരെയാണ് വിദ്വേഷം? അതിന്റെ നാശത്തിനു കാരണമായവയോട്.. നിന്റെ കാര്യത്തിൽ നിന്റെ വ്യാപാരം, നിന്റെ വ്യാപാരകേന്ദ്രങ്ങൾ ... വെറും മാനുഷികമായ പ്രിയങ്ങൾ. ഏതു പ്രിയങ്ങൾ? ഇക്കാര്യങ്ങളോടുള്ള മമത... എന്നാൽ ദൈവത്തിന്റെ സമാധാനത്തിലായിരിക്കുന്ന ഒരാത്മാവിന് അവന്റെ കഞ്ഞുങ്ങളുടെ മേൽ എത്ര ധാരാളമായ അനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയും!!"

ആ മനുഷ്യൻ ചിന്താമഗ്നനായി. അയാൾ പറയുന്നു: "സമയം വൈകിപ്പോയി. എനിക്കു വാർദ്ധക്യമായല്ലോ."

ഈശോ പുഞ്ചിരി തൂകിക്കൊണ്ട് പറയുന്നു: "ഞാൻ നിന്നെ നിർബന്ധിക്കയില്ല; ഉപദേശിക്കുക മാത്രം ചെയ്യുന്നു."