ജാലകം നിത്യജീവൻ: കാനായിലെ കല്യാണവിരുന്ന്

nithyajeevan

nithyajeevan

Wednesday, December 14, 2011

കാനായിലെ കല്യാണവിരുന്ന്

                    പാലസ്തീനായിലെ ഒരു സാധാരണ വീട്. വീടിന്റെ ദർശനം റോഡിലേക്കാണ്.  പക്ഷേ  റോഡില്‍ നിന്നും   കുറച്ചകന്നാണ്  വീട്. പുല്ലുപിടിച്ച അങ്കണത്തിലെ ഒരു വഴിയില്‍ക്കൂടി നടന്നുവേണം വീട്ടിലെത്താന്‍.

 റോഡില്‍ക്കൂടി രണ്ടുസ്ത്രീകൾ നടന്നുവരുന്നു. അത് പരിശുദ്ധ കന്യകാമാതാവും  വി. യൌസേപ്പിന്റെ സഹോദരനായ അല്‍ഫെയുസിന്റെ   ഭാര്യ   മേരിയുമാണ്. (അപ്പസ്തോലന്മാരായ   യൂദായുടേയും ജയിംസിന്റേയും അമ്മ)  അവരെ സ്വീകരിക്കാനായി നന്നായി വസ്ത്രധാരണം ചെയ്ത രണ്ടുപുരഷന്മാരും രണ്ടുസ്ത്രീകളും എത്തുന്നു. രണ്ടുപേരെയും പ്രത്യേകിച്ച് പരിശുദ്ധ കന്യകാമാതാവിനെ വളരെ സ്നേഹത്തോടെയും ആദരവോടെയും സ്വാഗതം ചെയ്യുന്നു. പുരഷന്മാരില്‍  പ്രായമുള്ള  ആളാണ് ഗൃഹനാഥന്‍  എന്നുതോന്നുന്നു.

അതിഥികളെ മുകൾനിലയിലെ വിശാലമായ അലങ്കരിച്ച ഹാളിലേക്കു ഗൃഹനാഥന്‍  കൂട്ടിക്കൊണ്ടുപോകുന്നു. ഹാളിന്റെ നടുക്ക് ഒരു വലിയ മേശയിൽ പഴങ്ങൾ നിറച്ച താലങ്ങൾ, വീഞ്ഞുനിറച്ച ഇരുകയ്യന്‍  കുടങ്ങൾ തുടങ്ങിയ ഭക്ഷണസാധനങ്ങൾ അടുക്കിവച്ചിരിക്കുന്നു.
മേശയ്ക്കിരുവശവും ഇരിക്കുന്ന അതിഥികളോടൊപ്പം പരിശുദ്ധ കന്യകാമാതാവിനെയും മറ്റേ മേരിയേയും ഇരുത്തുന്നു. പരിശുദ്ധഅമ്മ തന്റെ മേലങ്കിമാറ്റി, മേശപ്പുറത്തു വിഭവങ്ങൾ നിരത്തിവയ്ക്കാൻ സഹായിക്കുന്നു. ഇരിപ്പിടങൾ ശരിയാക്കാനും താലങ്ങളില്‍  പഴങ്ങൾ നിറച്ചുവയ്ക്കാനും പൂക്കൂടകൾ ഭംഗിയായി അലങ്കരിക്കാനുമൊക്കെ അവൾ ചുറുചുറുക്കോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അധികം സംസാരിക്കുന്നില്ല. മിക്കവാറും സമയം അവൾ
മറ്റുള്ളവര്‍  പറയുന്നതു ശ്രദ്ധയോടെ കേൾക്കുകയാണ്.

റോഡില്‍ നിന്നും സംഗീതം കേൾക്കുന്നു. വീട്ടിലുള്ളവരെല്ലാം പുറത്തേക്ക് ഓടുകയാണ്. പരിശുദ്ധഅമ്മ മാത്രം അകത്തുതന്നെ നില്‍ക്കുന്നു. മനോഹരിയായ വധു ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അകമ്പടിയോടുകൂടി വരുന്നു. അവളെ സ്വീകരിക്കാനായി വരന്‍  ഇറങ്ങിച്ചെല്ലുന്നു.

ഈ സമയം ഈശോയും ആദ്യഅപ്പസ്തോലന്മാരിലൊരുവനായി ഈശോ സ്വീകരിച്ച ജോണും (സുവിശേഷകനായ യോഹന്നാന്‍) ഈശോയുടെ കസിന്‍  -  ഇനിയും അപ്പസ്തോലനായിട്ടില്ലാത്ത - യൂദാ തദേവൂസും കൂടി
കല്യാണവീട്ടിലക്കു വരുന്നു. ഈശോയെ സ്വീകരിക്കാനായി ഗൃഹനാഥനും അയാളുടെ  മകനായ നവവരനും  പരിശുദ്ധ  അമ്മയും താഴേയ്ക്കിറങ്ങിവരികയും ബഹുമാനപുരസ്സരം അവരെ സ്വീകരിക്കുകയും ചെയ്യുന്നു. ഈശോ അമ്മയെ അഭിവാദ്യം ചെയ്യുന്നു.
അമ്മയോടൊപ്പം ഈശൊ പടികൾ കയറുന്നു. പിന്നാലെ നവവരനും ഗൃഹനാഥനും ഉണ്ട്. അവര്‍ ഹാളില്‍  പ്രവേശിക്കുന്നു. പുതുതായെത്തിയ അതിഥികൾക്ക് ഇരിപ്പിടവും താലവും കൊടുക്കാന്‍ സ്ത്രീകൾ തത്രപ്പെടുന്നു. ഹാളില്‍  പ്രവേശിച്ചയുടനെ പൗരുഷം നിറഞ്ഞതും എന്നാല്‍  മധുരവുമായ സ്വരത്തില്‍  "ഈ ഗൃഹത്തില്‍  സമാധാനം ഉണ്ടായിരിക്കട്ട, ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെയെല്ലാം മേല്‍  ഉണ്ടായിരിക്കട്ട" എന്ന് ഈശോ പറയുന്നു. ഈശോയുടെ പൊക്കവും മുഖത്തെ ഗാംഭീര്യവും എല്ലാവരേയും നിഷ്പ്രഭരാക്കുന്നു. 

ഇപ്പോൾ വിരുന്നിലെ കേന്ദ്രബിന്ദു ഈശോയാണ്. നവവരനേക്കാളും ഗൃഹനാഥനേക്കാളും ശ്രദ്ധേയന്‍ . ഈശോയുടെ പെരുമാറ്റം വിനയം നിറഞ്ഞതാണെങ്കിലും എല്ലാവരേയും സന്തോഷിപ്പിക്കാന്‍  ശ്രമിക്കുന്നുണ്ടെങ്കിലും ഈശോയുടെ ഗാംഭീര്യം എങ്ങും നിറഞ്ഞുനില്‍ക്കുന്നു.  ഹാളിന്റെ നടുക്കുകിടക്കുന്ന മേശയുടെ അടുത്ത് വധൂവരന്മാരോടൊപ്പം ഈശോ ഇരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ വന്നവരും വധൂവരന്മാരുടെ അമ്മമാരും പരിശുദ്ധഅമ്മയും ഒപ്പമുണ്ട്.
സദ്യ ആരംഭിച്ചു. എല്ലാവരും നല്ലപോലെ ഭക്ഷണം കഴിക്കുന്നുണ്ട്. ഈശോയും അമ്മയും മാത്രമേ അധികം തിന്നാതെയും വീഞ്ഞു കുടിക്കാതെയും ഇരിക്കുന്നുള്ളൂ. മേരി ഒന്നുംതന്നെ പറയുന്നില്ല. ഈശോ അല്‍പ്പം സംസാരിക്കുന്നുണ്ട്.

                                മേരിയും ജോണും ഈശോയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഈശോയുടെ ഓരോ വാക്കും അവര്‍  അതീവശ്രദ്ധയോടെ ശ്രവിച്ചുകൊണ്ടിരിക്കയാണ്.  ജോലിക്കാര്‍  കലവറക്കാരനോട് താഴ്ന്ന സ്വരത്തില്‍ എന്തോ സംസാരിക്കുന്നതു മേരിയുടെ ശ്രദ്ധയില്‍പ്പെടുന്നു. അയാളുടെ മുഖത്ത് അങ്കലാപ്പുണ്ട്. എന്താണു കുഴപ്പം എന്നു മേരിക്കു മനസ്സിലായി." മകനേ, അവരുടെ വീഞ്ഞു തീര്‍ന്നുപോയി" എന്നു മേരി ഈശോയുടെ ചെവിയില്‍  മന്ത്രിച്ചു.
മറുപടിയായി സുവിശേഷത്തിലെ സുപരിചിതങ്ങളായ ആ വാക്കുകള്‍ ഈശോ ഉച്ചരിക്കുന്നു.  അതു പറയുമ്പോഴും ഈശോയുടെ മുഖത്തു മന്ദഹാസമാണ്. കണ്ണുകളില്‍  ആര്‍ദ്രതയും. മേരിയും പുഞ്ചിരിച്ചു.

'ഈശോ പറയുന്നതെന്തോ അതുചെയ്യുക" മേരി വേലക്കാരോടു പറഞ്ഞു. മകന്റെ പുഞ്ചിരിക്കുന്ന കണ്ണുകൾ അവന്‍  വേണ്ടതുചെയ്യും എന്നു മേരിയെ അറിയിച്ചു.

ഈശോ വേലക്കാരോടു പറഞ്ഞു: "ഈ കുടങ്ങളിലെല്ലാം വെള്ളംനിറക്കുവിന്‍."

കിണറ്റില്‍നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് ജോലിക്കാര്‍  കുടങ്ങൾ നിറക്കുന്നു. കലവറക്കാരന്‍  കുടത്തില്‍ നിന്ന് ജലം പകര്‍ന്നെടുക്കുമ്പോൾ അയാളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വികസിക്കുന്നു. അത് അല്‍പ്പം രുചിച്ചുനോക്കിയപ്പോൾ അത്ഭുതം വര്‍ദ്ധിച്ചു. അയാൾ പോയി വിവരം ഗൃഹനാഥനോടും വരനോടും പറഞ്ഞു......

മേരി മകനെ വീണ്ടും സുസ്മേരവദനയായി നോക്കുന്നു. ഈശോ വീണ്ടും പുഞ്ചിരിക്കുന്നു.

ഹാളിലെങ്ങും പതിഞ്ഞ സ്വരത്തില്‍  സംസാരം. എല്ലാവരും മേരിയെയും ഈശോയെയും നോക്കുന്നു. ചിലര്‍  എഴുന്നേറ്റുനിന്നു നോക്കുന്നു. ഒരുനിമിഷത്തേക്കു എങ്ങും നിശ്ശബ്ദത. ഉടന്‍തന്നെ ഈശോയെ അഭിനന്ദിച്ചുകൊണ്ടുള്ള കരഘോഷം, ആരവം.

ഈശോ എഴുന്നേറ്റുനിന്നു പറയുന്നു; "നിങ്ങൾ മേരിക്കു നന്ദി പറയുവിന്‍." ഇത്രയും പറഞ്ഞിട്ട് ഈശോ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. ശിഷ്യന്മാര്‍  അദ്ദേഹത്തെ അനുഗമിച്ചു. വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിനുമുന്‍പ് ഈശോ പറഞ്ഞു: "ഈ ഗൃഹത്തില്‍  സമാധാനം ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ." മേരിയുടെ നേരെ തിരിഞ്ഞു ഈശോ പറഞ്ഞു: "അമ്മേ, ഞാനിറങ്ങട്ടെ."

ഈ ദര്‍ശനത്തെപ്പറ്റി ഈശോ ഇപ്രകാരം വിശദീകരണം നല്‍കുന്നു.
എപ്പോഴും ഓര്‍മ്മിക്കുക; എന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചത് മേരിക്കു വേണ്ടിയാണ്. അമ്മ ചോദിക്കുന്നതൊന്നും ഞാന്‍  കൊടുക്കാതിരിക്കില്ല. എനിക്ക് എന്റെ അമ്മയെ അറിയാം. നന്മയുടെ കാര്യത്തില്‍  ദൈവം കഴിഞ്ഞാല്‍  ഏറ്റംമുന്നില്‍  നില്‍ ക്കുന്നതു മേരിയാണ്. നിനക്ക് ഒരനുഗ്രഹം തന്നാല്‍  മേരി സന്തോഷിക്കും. കാരണം അവൾ സ്നേഹമയിയാണ്.   മാത്രമല്ല, അവളുടെ ശക്തി ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍   ആഗ്രഹിച്ചു. എന്നോടൊപ്പം മേരിയും ശക്തയാണ്. ഞാന്‍  മേരിയില്‍ നിന്നാണു പിറന്നത്. ആ ഒരുമ ദൈവത്തിന്റെ ശക്തി ഭൂമുഖത്ത് പ്രകടമാക്കുന്നതിലും ഉണ്ടായിരിക്കണം എന്നാണ് ദൈവകല്‍പ്പന. ഞങ്ങൾ ഒരു മാംസമായിരുന്നു. ഒരു ലില്ലിപ്പൂവിന്റെ ഇതളുകൾ കോശത്തെ ആവരണം ചെയ്യുന്നതുപോലെ ദുഃഖത്തിലും മേരിയും ഞാനും ഒന്നായിരുന്നു. ഞങ്ങൾ രണ്ടുപേരും കുരിശില്‍ത്തൂങ്ങി. എന്റെ ശരീരവും അവളുടെ ആത്മാവും. ഇത് എപ്പോഴും ഓര്‍മ്മിക്കുക."