അനുസരണയുള്ളവരായിരിക്കുവിന്‍. നിങ്ങളുടെ മാതാപിതാക്കളോട് ബഹുമാനവും അനുസരണയും ഉള്ളവരായിരിക്കുവിന്‍. അങ്ങനെയെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടും ബഹുമാനവുംഅനുസരണയും ഉള്ളവരായിരിക്കും. കാരണം നിങ്ങളുടെ മാതാപിതാക്കളുടെ ലളിതമായ കല്‍പ്പനകള്‍ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എങ്ങനെ ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കും? മാതാപിതാക്കളെ നിങ്ങള്‍ കാണുന്നുണ്ട്. ദൈവത്തെ നിങ്ങള്‍ കാണുന്നില്ല; കേള്‍ക്കുന്നുമില്ല. ദൈവകല്‍പ്പനകള്‍ അവന്റെ പേരില്‍ നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതെയുള്ളു. മാതാപിതാക്കള്‍ നിങ്ങള്‍ക്ക് നല്‍കുന്ന കല്‍പ്പനകള്‍ നല്ലവയാണെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍, ദൈവകല്‍പ്പനകള്‍ നിങ്ങളോട് പറയുമ്പോള്‍ അവ നല്ലവയാണെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കും? ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നറിയുവിന്‍. അവന്‍ ഒരു പിതാവാണ്. ആകയാല്‍ പ്രിയ കുഞ്ഞുങ്ങളെ, നിങ്ങള്‍
നല്ലവരായിരിക്കണമെന്ന് അവന്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ നല്ലവരാകുവാന്‍ നിങ്ങള്‍ പഠിക്കുന്ന ആദ്യത്തെ വിദ്യാലയം നിങ്ങളുടെ കുടുംബമാണ്. സ്നേഹിക്കുവാനും അനുസരിക്കുവാനും അവിടെ വെച്ചു നിങ്ങള്‍ പഠിക്കുന്നു. നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന വഴി അവിടെ നിന്നാണ് ആരംഭിക്കുന്നത്. അതിനാല്‍ നല്ലവരായിരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്മാരെ സ്നേഹിക്കുവിന്‍. നിങ്ങളെ തിരുത്തുമ്പോഴും സ്നേഹിക്കുവിന്‍. കാരണം, നിങ്ങളുടെ നന്മക്കുവേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ അമ്മമാരെയും സ്നേഹിക്കുവിന്‍. തങ്ങളുടെ അനുഭവം നിമിത്തം മോശമാണെന്നറിയുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ നിങ്ങളെ
തടയുമ്പോഴും അവരെ സ്നേഹിക്കുക. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ബഹുമാനം നല്‍കുക. നിങ്ങളുടെ ചീത്ത
പ്രവൃത്തികള്‍ നിമിത്തം അപമാനിതരാകുവാന്‍ അവര്‍ക്കിട നല്‍കരുത്. അഹങ്കാരം നല്ലതല്ല. എന്നാല്‍ വിശുദ്ധമായ ഒരഹങ്കാരമുണ്ട്; "ഞാന്‍ എന്റെ അപ്പനെയോ അമ്മയെയോ വേദനിപ്പിച്ചിട്ടില്ല" എന്ന് പറയുവാന്‍ കഴിയുന്നതിലുള്ള അഹങ്കാരം. ഇപ്രകാരമുള്ള പെരുമാറ്റം അവരോടൊത്ത് ജീവിക്കുമ്പോള്‍ സന്തോഷിക്കുവാന്‍ കാരണമാകും. അവര്‍ മരിച്ചു കഴിയുമ്പോള്‍ ഹൃദയത്തിലെ ആ മുറിവില്‍ ആശ്വാസവും സമാധാനവും പകരും. എന്നാല്‍, ഒരു മകന്‍ നിമിത്തം മാതാപിതാക്കള്‍ കണ്ണീരു പോഴിക്കുവാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ദുഷ്ടനായ ആ മകന്റെ ഹൃദയത്തില്‍ ഈയം ഉരുക്കി ഒഴിച്ചാലെന്ന പോലെ പൊള്ളലായിരിക്കും അനുഭവപ്പെടുക. ഏതെല്ലാം വിധത്തില്‍ അത് മയപ്പെടുത്താന്‍ ശ്രമിച്ചാലും സാധിക്കയില്ല. അത് വേദനിപ്പിക്കും. പ്രത്യേകിച്ചും മാതാപിതാക്കള്‍ മരിച്ചുകഴിയുമ്പോള്‍. ഓ! കുട്ടികളെ, ദൈവം നിങ്ങളെ സ്നേഹിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നല്ലവരായിരിക്കുവിന്‍."