ജാലകം നിത്യജീവൻ: ഗറേസായിലെ അത്ഭുത രോഗശാന്തി

nithyajeevan

nithyajeevan

Saturday, December 10, 2011

ഗറേസായിലെ അത്ഭുത രോഗശാന്തി

             അലക്സാണ്ടർ മിസേയ്സിന്റെ വലിയ വ്യാപാരസംഘം ഗറേസായിൽ നിന്നു യാത്ര പുറപ്പടുകയാണ്. ഏറ്റവും പിന്നിലായി ഈശോയും  സംഘവുമുണ്ട്.   ഈശോ പട്ടണത്തിൽ  നിന്നു  പോവുകയാണെന്നറിഞ്ഞ  പട്ടണവാസികൾ  പഴങ്ങളും  മറ്റു ഭക്ഷ്യവിഭവങ്ങളുമായി   ഓടി  വന്ന്   ഈശോയെ അഭിവാദ്യം ചെയ്യുന്നുണ്ട്. രോഗിയായ ഒരു ബാലനേയും കൊണ്ട് ഒരു മനുഷ്യൻ എത്തി. അയാൾ ഈശോയോടു പറയുന്നു; "ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ. ഇവൻ സുഖം പ്രാപിക്കേണ്ടതിന് ഇവനെ അനുഗ്രഹിക്കണമേ."

ഈശോ കരമുയർത്തി ബാലനെ അനുഗ്രഹിച്ചു കൊണ്ടു പറയുന്നു: "പൊയ്ക്കൊള്ളുക. വിഷമിക്കേണ്ട. വിശ്വസിക്കുക."

ആ മനുഷ്യൻ "ഉവ്വ്" എന്ന് വളരെ പ്രത്യാശയോടെ പറയുന്നതു കേട്ടുകൊണ്ട് ഒരു സ്ത്രീ ചോദിക്കുന്നു; "രണ്ടു കണ്ണുകളും വ്രണമായിപ്പോയിരിക്കുന്ന എന്റെ ഭർത്താവിനെ നീ സുഖപ്പെടുത്തുമോ?"

"നിനക്കു വിശ്വസിക്കാമെങ്കിൽ ഞാൻ സുഖപ്പെടുത്താം."

"ഞാൻ പോയി അവനെ കൂട്ടിക്കൊണ്ടുവരാം. കർത്താവേ, എനിക്കായി കാത്തിരിക്കണമേ.." ഇങ്ങനെ പറഞ്ഞശേഷം ഒരു കുരികിലിന്റെ വേഗത്തിൽ അവൾ ഓടി അപ്രത്യക്ഷയായി.

 പിന്നിൽ നടക്കുന്നതൊന്നും അറിയാതെ വ്യാപാരസംഘത്തിന്റെ ഒട്ടകങ്ങൾ നീങ്ങുകയാണ്. സംഘത്തലവനായ അലക്സാണ്ടറെ വിവരമറിയിക്കാൻ ഈശോ  ഒരു ശിഷ്യനെ പറഞ്ഞയയ്ക്കുന്നു. സംഘം യാത്ര നിർത്തി. അലക്സാണ്ടർ ഈശോയുടെ പക്കലേക്ക് വന്നു. "എന്തു സംഭവിച്ചു?" അയാൾ ചോദിച്ചു.

"ഇവിടെ നിന്നുകൊള്ളൂ. അപ്പോൾ കാണാം."

കണ്ണിനു രോഗമായിരിക്കുന്ന ഭർത്താവിനെയും കൂട്ടിക്കൊണ്ടു് ആ സ്ത്രീ വന്നു.  അയാളുടെ രണ്ടു കണ്ണും പഴുത്തിരിക്കുന്നു. വ്രണത്തേക്കാൾ ദയനീയം. ചുവന്നു മങ്ങി പാതി അന്ധമായ കണ്ണുകളിലൂടെ കണ്ണീരൊഴുകുന്നു. അയാൾ കരഞ്ഞുകൊണ്ട് പറയുന്നു; "എന്റെ മേൽ കരുണയായിരിക്കേണമേ. എന്റെ വേദന സഹിക്കാൻ പറ്റുന്നില്ല...."

"നീ വളരെയേറെ പാപം ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് പരാതിയൊന്നുമില്ലേ? ഈ ഭൂമിയിലെ കാഴ്ച നഷ്ടപ്പെടുന്നതിനെക്കുറിച്ചു മാത്രമേ നിനക്കു ദുഃഖമുള്ളോ? നിത്യമായ അന്ധകാരത്തെക്കുറിച്ച് നിനക്കൊരു ഭയവുമില്ലേ? നീ എന്തു കാര്യത്തിനാണു പാപം ചെയ്തത്?"

 ആ മനുഷ്യൻ  കുനിഞ്ഞുനിന്നു കരയുകയാണ്. അയാളുടെ ഭാര്യയും കരയുന്നുണ്ട്. കരച്ചിലിനിടയിൽ അവൾ പറയുന്നു; "ഞാൻ അവനോടു ക്ഷമിച്ചു."

"ഇനിയും പാപത്തിലേക്കു പിന്തിരിയുകയില്ലെങ്കിൽ ഞാനും അവനോടു ക്ഷമിക്കും."

"ഇല്ല; ഇനി ഞാൻ പാപം ചെയ്കയില്ല. എന്നോടു ക്ഷമിക്കണമേ... എന്റെ ഭാര്യ എന്നോടു ക്ഷമിച്ചതു പോലെ നീയും എന്നോടു ക്ഷമിക്കണമേ.. നീ നല്ലവനാണല്ലോ..."

"ഞാൻ നിന്നോടു ക്ഷമിക്കുന്നു. ആ അരുവിയിലേക്കു ചെന്ന് ആ വെള്ളത്തിൽ നിന്റെ കണ്ണുകൾ  കഴുകുക. നിനക്ക് സൗഖ്യം ലഭിക്കും."

കർത്താവേ, തണുത്ത വെള്ളം അവന്റെ വേദന വർദ്ധിപ്പിക്കുമല്ലോ..." ആ സ്ത്രീ കരഞ്ഞുപറയുന്നു.

എന്നാൽ ആ മനുഷ്യൻ  അതൊന്നും ചിന്തിക്കുന്നില്ല. അരുവിയിലേക്കു പോകാൻ അയാൾ വഴി തപ്പുകയാണ്. സഹതാപം തോന്നിയ അപ്പസ്തോലൻ ജോൺ ചെന്ന് അയാളുടെ കയ്യിൽ പിടിച്ചു് നയിക്കുന്നു. ഉടനെ ഭാര്യ വന്ന് മറ്റേക്കയ്യിലും പിടിച്ചു്  അയാളെ താങ്ങി നടത്തുന്നു. അരുവിയിലെത്തിയ അയാൾ കുനിഞ്ഞ് വെള്ളം കൈയിൽ കോരിയെടുത്ത് മുഖം കഴുകി. ഇപ്പോൾ വേദനയുടെ ഒരു ലക്ഷണവും കാണിക്കുന്നില്ല. നേരെമറിച്ച് ആശ്വാസം പ്രാപിച്ചപോലെ കാണപ്പെടുന്നു.

പിന്നീട് മുകളിലേക്കു കയറി ഈശോയുടെ അടുത്തു ചെന്നു. ഈശോ ചോദിച്ചു: "കൊള്ളാം; നിനക്കു സൗഖ്യം കിട്ടിയോ?"

"ഇല്ല കർത്താവേ, ഇതുവരെ കിട്ടിയിട്ടില്ല. എങ്കിലും നീ അങ്ങനെ പറഞ്ഞതിനാൽ എനിക്കു സൗഖ്യം കിട്ടും."

"കൊള്ളാം; നിന്റെ പ്രത്യാശയിൽ നിലനിൽക്കുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!"

ആ സ്ത്രീ വിലപിച്ചുകൊണ്ട് തളർന്നുവീണു. അവൾക്കു് നിരാശ. ഈശോ വ്യാപാരിയോട് യാത്ര തുടരാൻ ആംഗ്യം കാണിച്ചു. വ്യാപാരിക്കും ഇച്ഛാഭംഗം.

 എന്നാൽ യാത്ര തുടരാൻ അയാൾ ആജ്ഞ നൽകി. ഒട്ടകങ്ങളെല്ലാം പൊങ്ങിയും താണും തിരമാലകളെ മുറിച്ചു മുന്നോട്ടു നീങ്ങുന്ന വഞ്ചികൾ പോലെ നീങ്ങുന്നു. അവർ പട്ടണത്തിനു വെളിയിലായി.

ഏതാനും ദൂരം പിന്നിട്ടതേയുള്ളൂ. പിന്നിൽ നിന്ന് അന്തരീക്ഷത്തിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടുള്ള ഓശാനാ വിളികൾ കേൾക്കാറായി. ആഹ്ളാദത്തിമിർപ്പിൽ ഒരു സ്വരം വിളിച്ചു പറയുന്നു; "എനിക്കു കാണാൻ കഴിയുന്നു... ഈശോ  അനുഗൃഹീതൻ.. എനിക്കു കാണാം.. ഞാൻ വിശ്വസിച്ചു.. ഞാൻ കാണുന്നു..ഈശോ! ഈശോ!.."

സുഖം പ്രാപിച്ച കണ്ണുകളുമായി ആ മനുഷ്യൻ  ഓടിക്കിതച്ചു വന്ന് ഈശോയുടെ പാദത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുന്നു. വ്യാപാരിയുടെ ഒട്ടകത്തിന്റെ ചവിട്ടു കിട്ടാതെ ആ മനുഷ്യൻ  ഒട്ടകത്തെ പെട്ടെന്ന് നിയന്ത്രിച്ചു.

ഈശോയുടെ വസ്ത്രം ചുംബിച്ചുകൊണ്ടു് അയാൾ ആവർത്തിക്കുന്നു; "ഞാൻ വിശ്വസിച്ചു.. എനിക്കിപ്പോൾ കാണാം.. അനുഗൃഹീതനായ എന്റെ കർത്താവേ..."

"എഴുന്നേൽക്കൂ.. സന്തോഷമായിരിക്കൂ.. എന്നാൽ എല്ലാറ്റിനുമുപരിയായി നല്ലവനായിരിക്കുക. പരിധി വയ്ക്കാതെ വിശ്വസിക്കണമെന്ന് നിന്റെ ഭാര്യയോടു പറയുക. ദൈവം നിന്നോടു കൂടെയുണ്ടായിരിക്കട്ടെ!"

അയാളുടെ പിടിയിൽ നിന്നും സ്വയം വിടുവിച്ച് ഈശോ യാത്ര  തുടരുന്നു.  വ്യാപാരി ആലോചനയോടെ ഈശോയോടു ചോദിക്കുന്നു; "അരുവിയിലെ ജലത്തിൽ മുഖം കഴുകിക്കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. എങ്കിലും അയാൾ വിശ്വാസത്തിൽ ഉറച്ചുനിന്നു. അങ്ങനെ ഉറച്ചു നിന്നില്ലായിരുന്നെങ്കിൽ?"

"അവൻ അപ്രകാരം തന്നെയിരിക്കുമായിരുന്നു."

"അത്ഭുതം ചെയ്യുന്നതിന് ഇത്രയധികം വിശ്വാസം നീ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണ്?"

"കാരണം, വിശ്വാസം പ്രതീക്ഷയുടേയും ദൈവസ്നേഹത്തിന്റെയും അളവിനെ സാക്ഷ്യപ്പെടുത്തുന്നു."

"നീ പശ്ചാത്താപം ആദ്യമേ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണ്?"

"കാരണം, പശ്ചാത്താപം ദൈവത്തോട് അടുപ്പം ഉളവാക്കുന്നു."

 
 "എനിക്കു രോഗമൊന്നുമില്ലല്ലോ. അപ്പോൾ വിശ്വാസം ഉണ്ടെന്ന് ഞാനെങ്ങനെ തെളിയിക്കും?"

"നീ സത്യത്തിലേക്കു വരണം."

"ദൈവത്തോട് അടുപ്പമില്ലാതെ എനിക്കു വരാൻ കഴിയുമോ?"

"ദൈവത്തിന്റെ നന്മയിലൂടെയല്ലാതെ നിനക്കു വരാൻ പറ്റില്ല. ദൈവത്തെ അന്വേഷിക്കുന്നവർ, തന്നെ കണ്ടെത്താൻ അവിടുന്ന് ഇടയാക്കും.  അവർക്ക്  അനുതാപം   തൽക്കാലം ഉണ്ടായിട്ടില്ലെങ്കിൽപ്പോലും... കാരണം, സാധാരണയായി ഒരു മനുഷ്യൻ അനുതപിക്കുന്നത് അവൻ   ദൈവത്തെ   അറിയുമ്പോഴാണ്;  ഒന്നുകിൽ ബോധപൂർവമുള്ള അറിവ്, അല്ലെങ്കിൽ അവന്റെ ആത്മാവ് എന്താണാഗ്രഹിക്കുന്നതെന്നുള്ളതിനെക്കുറിച്ചുള്ള നേരിയ ഒരവബോധം. സ്വാഭാവിക വാസനയനുസരിച്ചു മാത്രം ജീവിക്കുന്ന ഒരു മരത്തലയനായിരുന്നു അവൻ മുൻകാലങ്ങളിൽ... വിശ്വസിക്കേണ്ടതിന്റെ ആവശ്യം നിനക്കെപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?"

"പല പ്രാവശ്യം തോന്നിയിട്ടുണ്ട്. എന്റെ സ്ഥിതിയെക്കുറിച്ച് എനിക്ക് ഒരിക്കലും തൃപ്തിയില്ലായിരുന്നു. വേറെയെന്തോ കൂടെയുണ്ട് എന്ന് എനിക്കെപ്പോഴും വിചാരമുണ്ടായിരുന്നു. പണത്തേക്കാൾ, കുട്ടികളെക്കാൾ, എന്റെ പ്രതീക്ഷകളെക്കാൾ... എന്നാൽ അറിയാതെ തന്നെ എന്റെ മനസ്സു് അന്വേഷിച്ചിരുന്നതിനെ തേടിപ്പിടിക്കാൻ ഞാൻ മെനക്കെട്ടില്ല..."

"നിന്റെ ആത്മാവ് ദൈവത്തെ അന്വേഷിക്കുന്നുണ്ടായിരുന്നു. ദൈവത്തെ  കണ്ടെത്താൻ അവിടുത്തെ കാരുണ്യം നിനക്കിട വരുത്തി. നിന്റെ അലസമായ ഭൂതകാല ജീവിതത്തെക്കുറിച്ചുള്ള പശ്ചാത്താപം നിന്നെ ദൈവത്തോട് അടുപ്പിക്കും."

"അപ്പോൾ, സത്യം കാണുക എന്ന അത്ഭുതം എനിക്കു ലഭിക്കണമെങ്കിൽ എന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഞാൻ അനുതപിക്കണം, അല്ലേ?"

"തീർച്ചയായും നീ അനുതപിക്കുകയും നിന്റെ ജീവിതം അപ്പാടെ മാറ്റാൻ നിശ്ചയിക്കയും വേണം."

അയാൾ താടിമീശ തടവിക്കൊണ്ട് ചിന്താമഗ്നനായി ഈശോയെ വിട്ട് മുന്നിലേക്കു പോകുന്നു.