ജാലകം നിത്യജീവൻ: ആത്മാവും ദൈവവും - ഈശോയുടെ പ്രബോധനം

nithyajeevan

nithyajeevan

Sunday, December 11, 2011

ആത്മാവും ദൈവവും - ഈശോയുടെ പ്രബോധനം


            ഈശോയുടെ ശിഷ്യഗണത്തിലേക്കു വന്ന സിന്റിക് എന്ന ഗ്രീക്ക് വനിത   ഈശോയോട്   ചോദിക്കുന്നു;    "കർത്താവേ,  അജ്ഞാനികളുടെ   (ഇസ്രായേൽക്കാരല്ലാത്തവരുടെ) ആത്മാക്കൾക്ക്   സത്യത്തെക്കുറിച്ച് ലഭിക്കാൻ   പാടുള്ള അവ്യക്തമായ ഓർമ്മയെക്കുറിച്ച് നീ പറഞ്ഞുവല്ലോ. അനേകർ വിശ്വസിക്കുന്ന പുനർജന്മം എന്ന തത്വത്തെ അതു സ്ഥിരീകരിക്കയാണോ?"   

ഈശോ മറുപടി നൽകുന്നു: "ശ്രദ്ധിച്ചു കേൾക്കൂ. സത്യത്തെ ആത്മാക്കൾ സ്വയം ഓർക്കുന്നു എന്നതിൽ നിന്ന്, നമുക്കു് അനേക ജീവിതങ്ങളുണ്ടെന്ന് ധരിക്കരുത്. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതും പാപം ചെയ്തതും ശിക്ഷിക്കപ്പെട്ടതുമെല്ലാം ഇതിനകം നീ മനസ്സിലാക്കിയിട്ടുണ്ടല്ലോ. അതുപോലെ, ഒരാത്മാവിനെ ദൈവം ഒരു മനുഷ്യനിൽ പ്രവേശിപ്പിക്കുന്നുവെന്നും നീ അറിഞ്ഞിട്ടുണ്ട്, അല്ലേ?  ആ   ആത്മാവ്   വീണ്ടും   വീണ്ടും
പുനർജന്മത്തിനായി ഉപയോഗിക്കപ്പെടുകയില്ല. എന്നാൽ ഇപ്പറഞ്ഞത്, ആത്മാക്കൾ   ഓർമ്മിക്കും   എന്നു   പറഞ്ഞതിനു വിരുദ്ധമാണെന്നു തോന്നിയേക്കാം. മനുഷ്യൻ ഒരു പ്രാവശ്യമേ ജനിക്കുന്നുള്ളു  എങ്കിലും  അവന് ഓർമ്മിക്കുവാൻ കഴിയും. ആത്മാവുള്ളതുകൊണ്ടാണ് അവൻ ഓർമ്മിക്കുന്നത്. ഓരോ മനുഷ്യൻ്റെയും ആത്മാവ് ദൈവത്തിൽ നിന്നാണു വരുന്നത്. ദൈവം ആരാണ്? ഏറ്റം ബുദ്ധിയുള്ള, ഏറ്റം ശക്തിയുള്ള പരിപൂർണ്ണ അരൂപി.   ആത്മാവ് എന്ന ഈ അത്ഭുതസൃഷ്ടി, അതിൻ്റെ സ്രഷ്ടാവിന്റെ സ്വാഭാവികമായ രീതികൾ കാണിക്കുന്നതാണ്. കാരണം, ദൈവം മനുഷ്യനു് തന്റെ ഛായയും സാദൃശ്യവും കൊടുക്കുന്നത്,  ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തിൽ തന്റെ പിതൃത്വം സ്ഥാപിക്കപ്പെടുന്നതിനാകുന്നു. അതിനാൽ, അതിനെ സൃഷ്ടിച്ച പിതാവിനെപ്പോലെ തന്നെ ആത്മാവ് ബുദ്ധിയുള്ളതും സ്വതന്ത്രവും  അമർത്യവുമാണ്. ദൈവിക ചിന്തയിൽ അതു രൂപം കൊള്ളുമ്പോൾ  അത് പൂർണ്ണതയിലാണ് രൂപപ്പെടുന്നത്. ഒരു നിമിഷനേരത്തേക്ക് അത് ആദിമനുഷ്യൻ്റെ ആത്മാവിനോട് തുല്യമുള്ളതാകുന്നു. സ്വതന്ത്രമായ ദാനത്താൽ സത്യത്തെ മനസ്സിലാക്കാൻ കഴിവുള്ളത്ര  പൂർണ്ണത.  ഒരു നിമിഷത്തിന്റെ ആയിരത്തിലൊന്നു സമയത്തേക്കു മാത്രം. എന്നാൽ അത് രൂപം കൊണ്ടു കഴിയുമ്പോൾ ഉത്ഭവപാപത്താൽ മലിനമാക്കപ്പെടുന്നു.   ഇതു  കൂടുതൽ  വ്യക്തമാക്കാൻ  ഞാൻ പറയുന്നു,  ദൈവം  ആത്മാവിനെ  ഗർഭത്തിൽ വഹിച്ചാലെന്ന  തുപോലെയാണ് അതിന്റെ ആരംഭം. എന്നാൽ ജനിക്കുന്ന പ്രക്രിയയിൽ   ആദിപാപത്തിന്റെ   ക്ഷതം 
അതിനേൽക്കുന്നു.  മായാത്ത ഒരടയാളം.   ഇപ്പോൾ മനസ്സിലായോ?"

                         "ഉവ്വ്, എനിക്കു മനസ്സിലായി. ദൈവത്തിൻ്റെ ചിന്തയിലായിരിക്കുമ്പോൾ അത് പൂർണ്ണതയിലാണ്. സൃഷ്ടിക്കുന്ന ചിന്ത ഒരു നിമിഷത്തിൻ്റെ  ആയിരത്തിലൊരംശം സമയമേ നിലനിൽക്കുന്നുള്ളൂ.   ചിന്ത  ഉടനെ  പ്രവൃത്തിയിലായി; സൃഷ്ടിയുണ്ടായി. പാപം ഉണ്ടാക്കിയ നിയമത്തിന് ആ പ്രവൃത്തി വിധേയവുമാകുന്നു."

"നിൻ്റെ മറുപടി ശരിയാണ്. അങ്ങനെ ഒരു മനുഷ്യശരീരത്തിൽ ആത്മാവ് അവതരിക്കുന്നു. എന്നാൽ ആത്മാവ് സ്രഷ്ടാവിൻ്റെ ഓർമ്മ കൂടെക്കൊണ്ടുവരുന്നുണ്ട്; അതായത് സത്യത്തിൻ്റെ ഓർമ്മ. അതിൻ്റെ ആത്മീയ അസ്തിത്വത്തിലെ ഒരു  രത്നമായിട്ടാണ്, ഒളിച്ചുവച്ചിരിക്കുന്ന രത്നമായിട്ടാണ് ഈ സത്യം സ്ഥിതി ചെയ്യുന്നത്. ഒരു ശിശു ജനിക്കുന്നു; അതു വളർന്നു നല്ലതാകാൻ, ചീത്തയാകാൻ, വളരെ ചീത്തയാകാൻ  സാദ്ധ്യതയുണ്ട്. എന്തു വേണമെങ്കിലും അതിന് ആയിത്തീരാം. കാരണം, സ്വതന്ത്രമനസ്സ് അതിനുണ്ട്. ദൈവദൂതന്മാരുടെ ശുശ്രൂഷ അതിന്മേൽ പ്രകാശം വീശുമ്പോൾ പ്രലോഭകൻ അതിൻ്റെ ഓർമ്മകളിൽ അന്ധകാരം പരത്തുന്നു. മനുഷ്യൻ പ്രകാശത്തെ പിന്തുടരുന്നുവെങ്കിൽ, കൂടുതൽ കൂടുതൽ നന്മയ്ക്കായി ആഗ്രഹിക്കും; ആത്മാവിനെ അവൻ്റെ യജമാനനാക്കും; അപ്പോൾ ഓർമ്മിക്കാനുള്ള അവൻ്റെ കഴിവ് വർദ്ധിക്കും; ആത്മാവിനും ദൈവത്തിനുമിടയ്ക്കുള്ള ഭിത്തിയുടെ കനം കുറഞ്ഞു കുറഞ്ഞുവരും.  അതുകൊണ്ടാണ്  ഏതു രാജ്യത്തുള്ളവരായാലും നല്ലയാളുകൾ സത്യം കാണുന്നത്; പൂർണ്ണമായിട്ടായിരിക്കയില്ല; കാരണം പരസ്പര വിരുദ്ധമായ തത്വങ്ങളും അജ്ഞതയും അവരെ മന്ദരാക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ ജനങ്ങൾക്ക് ധാർമ്മിക പൂർണ്ണത നൽകാനുംമാത്രം അറിവു പകരാൻ അവർക്കു കഴിയും. നിനക്കു ബോദ്ധ്യമായോ?"

"ഉവ്വ്. ചുരുക്കിപ്പറഞ്ഞാൽ നന്മയുടെ ആദ്ധ്യാത്മികത വീരോചിതമായി അഭ്യസിച്ചാൽ ആത്മാവ് യഥാർത്ഥ ആത്മീയജീവിതത്തിലേക്കും ദൈവത്തെക്കുറിച്ചുള്ള അറിവിലേക്കും നയിക്കപ്പെടും."  

"ശരിയാണ്. അങ്ങനെതന്നെ. നീ അനുഗൃഹീതയാകട്ടെ."


(ദൈവമനുഷ്യൻ്റെ    സ്നേഹഗീതയില്‍ നിന്ന്)