December 27 - ഇന്ന് അപ്പസ്തോലനും സുവിശേഷകനുമായ വി. യോഹന്നാന്റെ തിരുനാള്‍
ഈശോ, അപ്പസ്തോലന്‍ ജോണിനു നല്‍കിയ ഒരു പ്രബോധനം
"ആദിമാതാപിതാക്കള്‍ക്ക് പ്രകൃതിയെ സംബന്ധിച്ച് ദൈവം നല്‍കിയ നിയമങ്ങളെല്ലാം - ഭക്ഷണം, പാനീയം, വിശ്രമം എന്നിവയ്ക്കായുള്ള ആഗ്രഹം - നല്ലവയായിരുന്നു. എന്നാല്‍ നല്ലവയായിരുന്നതിന്റെ കൂടെ മൃഗീയമായ വാസനകളും മിതത്വമില്ലായ്മയും ഇന്ദ്രിയമോഹങ്ങളും പാപം വഴിയായി സ്വഭാവിക പ്രമാണങ്ങളെ അവയുടെ സ്ഥാനത്തുനിന്നു മാറ്റി. അവരുടെ മിതത്വമില്ലായ്മയാല്‍ നന്മയായിരുന്നതിനെ മലിനമാക്കി. സാത്താന്‍ ആ തീയ് കെടാതെ കത്തിച്ചു സൂക്ഷിച്ചു. അവന്റെ പ്രലോഭനങ്ങളാല്‍ ദുഷിച്ചതിനെ വളർത്തിക്കൊണ്ടിരുന്നു.
ഭക്ഷണം, പാനീയം, വിശ്രമം എന്നിവയ്ക്കായുള്ള ആഗ്രഹം പാപമല്ല. എന്നാല്‍ ദുര്‍മാര്‍ഗ്ഗം, മദ്യപാനാസക്തി, തുടര്‍ച്ചയായുള്ള അലസത തുടങ്ങിയവ പാപമാണ്. വിവാഹം ചെയ്യുവാനും സന്താനോല്‍പ്പാദനത്തിനുമുള്ള ആഗ്രഹവും പാപമല്ല. നേരെമറിച്ച്, അങ്ങനെ ചെയ്യാന്‍ ദൈവം കല്‍പ്പിച്ചിരിക്കയാണ്. ഭൂമിയില്‍ മനുഷ്യനുണ്ടായിരിക്കേണ്ടതിനാണ് ഈ കല്‍പ്പന. എന്നാല്‍ ഇന്ദ്രിയങ്ങളുടെ സംതൃപ്തിക്കു വേണ്ടി മാത്രം സംഗമിക്കുന്നത് നല്ലതല്ല."
ജോണ്‍ ചോദിക്കുന്നു: "ഗുരുവേ, സന്താനോല്‍പ്പാദനം ആഗ്രഹിക്കാത്തവര്‍ ദൈവകല്‍പ്പന ലംഘിക്കയാണോ? ഒരിക്കല്‍ നീ പറഞ്ഞു കന്യാത്വം എന്ന സ്ഥിതി നല്ലതാണെന്ന്."
"അതാണ് ഏറ്റം പൂര്‍ണ്ണമായ സ്ഥിതി. സമ്പത്ത് വളരെയേറെയുള്ളവര്‍ അതു മുഴുവന്‍ നന്നായി വിനിയോഗിക്കുന്നതുകൊണ്ടു സംതൃപ്തരാകാതെ, മുഴുവനും ഉപേക്ഷിക്കുന്നതുപോലെയാണത്. ഏറ്റം പൂര്‍ണ്ണമായ സ്ഥിതി അതാണ്. ഒരു സൃഷ്ടിയ്ക്ക് പ്രാപിക്കാനാവുന്ന പൂര്‍ണ്ണതകളാണവ. അവ വളരെയധികമായി സമ്മാനിക്കപ്പെടും. ഏറ്റം പൂര്‍ണ്ണമായ കാര്യങ്ങൾ മൂന്നാണ്. മനസ്സാലെ സ്വീകരിക്കുന്ന ദാരിദ്രൃം, നിത്യമായ വിരക്തി, പാപമല്ലാത്ത എല്ലാറ്റിലും പൂര്‍ണ്ണമായ അനുസരണം. ഈ മൂന്നു കാര്യങ്ങള്‍ മനുഷ്യനെ ദൈവദൂതന്മാര്‍ക്ക് സമനാക്കുന്നു."