ജാലകം നിത്യജീവൻ: തിരുപ്പിറവി

nithyajeevan

nithyajeevan

Saturday, December 24, 2011

തിരുപ്പിറവി



                          മൃഗങ്ങളോടൊപ്പം രാത്രി ചെലവഴിക്കാനിടയായ, മേരിയും  ജോസഫും പ്രവേശിച്ച ആ ഗുഹയിൽ, തണുപ്പകറ്റാനായി ജോസഫ്  കത്തിച്ച  തീയ്  പതുക്കെ  കെട്ടു  തുടങ്ങുന്നു.  അതു സൂക്ഷിച്ചുകൊണ്ടിരുന്ന ആളും ഒന്നു മയങ്ങുന്നു. മേരി കിടക്കയിൽ നിന്നു തലയുയർത്തി  ചുറ്റും  നോക്കുന്നു.  ജോസഫിന്റെ തല കുനിഞ്ഞ്  നെഞ്ചോടു  ചേർന്നു്  ധ്യാനത്തിൽ  മുഴുകിയതു പോലെയുണ്ട്. ഉണർന്നിരിക്കാൻ ആഗ്രഹിച്ചെങ്കിലും ക്ഷീണം അധികരിച്ചതിനാൽ അതിനു കഴിയുന്നില്ലെന്നവൾക്കു മനസ്സിലായി. അവൾ പുഞ്ചിരി തൂകുന്നു. പിന്നെ എഴുന്നേറ്റു് മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. ആനന്ദം നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ദീർഘസമയം ഒരു മടുപ്പും കൂടാതെ പ്രാർത്ഥിക്കുന്നു.

ജോസഫ് ഉണരുന്നു. തീ മിക്കവാറും കെട്ടുപോയെന്നും കാലിക്കൂടു മുഴുവൻ  ഇരുട്ടായെന്നും  കണ്ട്  കുറച്ചു്  ഉണക്കപ്പുല്ലെടുത്ത് തീയിലേക്കിടുന്നു.  തീയ്  വീണ്ടും  കത്താൻ തുടങ്ങി.  ജോസഫ് തണുത്ത്  മരവിച്ചിട്ടുണ്ടാകണം.  കാരണം വാതിലിനോടു ചേർന്നാണ്  അദ്ദേഹം  ഇരുന്നത്.  കൈ  തീയ്ക്കടുത്തു  പിടിച്ചു് ചൂടാക്കുന്നു.  മെതിയടി മാറ്റി കാലും ചൂടാക്കുന്നു.  തീയ് ശരിക്കു കത്തിത്തുടങ്ങിയപ്പോൾ ജോസഫ് ചുറ്റും നോക്കുന്നു. എന്നാൽ ഒന്നും കാണുന്നില്ല. വയ്ക്കോലിൽ  മേരിയുടെ വെള്ള ശിരോവസ്ത്രം കാണാഞ്ഞതിനാൽ എഴുന്നേറ്റു് മേരിയുടെ കിടക്കയുടെ  സമീപത്തേക്കു പോകുന്നു.

"മേരീ, ഉറങ്ങുന്നില്ലേ?" ഇങ്ങനെ മൂന്നു പ്രാവശ്യം ചോദിച്ചു കഴിഞ്ഞപ്പോൾ മേരി തിരിഞ്ഞുനോക്കി പറയുന്നു: "ഞാൻ പ്രാർത്ഥിക്കുകയാണ്."

"എന്തെങ്കിലും ആവശ്യമുണ്ടോ?'

"ഒന്നുമില്ല ജോസഫേ."

"അൽപ്പമെങ്കിലും ഉറങ്ങാൻ ശ്രമിക്കൂ ... വിശ്രമിക്കൂ.."

ഞാൻ ശ്രമിക്കാം.  എന്നാൽ പ്രാർത്ഥിക്കുന്നതു കൊണ്ട് ഞാൻ ക്ഷീണിക്കുന്നില്ല."

"ദൈവം നിന്നോടു കൂടെയുണ്ടായിരിക്കട്ടെ മേരീ."
                             മേരി പൂർവസ്ഥിതിയിൽ വീണ്ടും പ്രാർത്ഥിക്കുന്നു. ഉറങ്ങിപ്പോകാതിരിക്കാൻ  ജോസഫ് തീയുടെ സമീപം മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്നു.

ഗുഹയുടെ മുകളിലുള്ള വിള്ളലിൽക്കൂടി ചന്ദ്രന്റെ രശ്മികൾ അകത്തു കടക്കുന്നു. അഭൗമികമായ ഒരു വെള്ളിക്കത്തിപോലെ ആ പ്രകാശം മേരിയെ അന്വേഷിച്ചു വരുന്നതുപോലെ തോന്നിക്കുന്നു. ചന്ദ്രൻ ഉയരുന്നതനുസരിച്ച് പ്രകാശധാരയുടെ നീളം കൂടിവരുന്നു. അവസാനം അത് മേരിയുടെ ശിരസ്സിൽ പതിക്കുന്നു. പരിശുദ്ധമായ പരിവേഷമായി മേരിയുടെ ശിരസ്സിനെ വലയം ചെയ്യുന്നു.

                            സ്വർഗ്ഗത്തിൽ നിന്ന് ഒരു വിളിയുണ്ടായതുപോലെ മേരി  തലയുയർത്തുന്നു.   പിന്നീട്  മുട്ടിന്മേൽ   നിന്ന്   വീണ്ടും പ്രാർത്ഥിക്കുന്നു.  അലൗകികമായ ഒരു പുഞ്ചിരിയിൽ അവളുടെ മുഖം ആകെ പ്രകാശിതമാകുന്നു.  അവൾ  എന്താണു്  കാണുന്നത്, എന്താണു് കേൾക്കുന്നത്,  എന്താണവൾക്ക് അനുഭവപ്പെടുന്നത്;  തന്റെ  മാതൃത്വത്തിന്റെ  ദീപ്തിമത്തായ ആ  മണിക്കൂറിൽ, അവൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ അവൾക്കു മാത്രമേ പറയാൻ കഴിയൂ ...

മേരിക്കു ചുറ്റുമുള്ള പ്രകാശം കൂടിക്കൂടി വരുന്നു... ആ പ്രകാശം സ്വർഗ്ഗത്തിൽ  നിന്നു താഴേക്കു വരുന്നതുപോലെ തോന്നുന്നു. എല്ലാറ്റിനുമുപരിയായി അവളിൽ നിന്നു തന്നെ  ആ  പ്രകാശം പ്രസരിക്കുന്നതായി തോന്നുന്നു ...  ഇപ്പോൾ  പ്രകാശം  മുഴുവൻ അവളിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രകാശം അവൾ ലോകത്തിനു പ്രദാനം ചെയ്യും.

                              പ്രകാശം കൂടിക്കൂടി വരുന്നു ... കണ്ണുകൾക്കു താങ്ങാനാവാത്ത വിധം അത് അത്ര ശക്തമാണിപ്പോൾ.  മേരി ആ പ്രകാശവലയത്തിനുള്ളിൽ മറയുന്നു. പ്രകാശത്തിന്റെ ധവളമായ ഒരു  മറ  അവളെ  അതിനുള്ളിലേക്കു  ലയിപ്പിച്ചതുപോലെ തോന്നുന്നു. അപ്പോൾ അതാ അതിൽ നിന്നും  "അമ്മ"  ഉയരുന്നു...

പ്രകാശത്തിന്റെ തീവ്രത അൽപ്പമൊന്നു കുറഞ്ഞപ്പോൾ മേരി അവളുടെ  അരുമജാതനെ  കരങ്ങളിൽ  വഹിച്ചിരിക്കുന്ന വിധത്തിൽ കാണപ്പെടുന്നു.. റോസ് നിറത്തിൽ തുടുതുടുത്ത ഒരു കുഞ്ഞ്... റോസാപ്പൂമൊട്ടുകൾ  പോലെയുള്ള  കൈകൾ ചലിപ്പിച്ചുകൊണ്ട് അവൻ ഒരു റോസാപ്പൂവിന്റെ ഉള്ളിലൊതുങ്ങുന്ന ചെറുപാദങ്ങൾ കൊണ്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. സ്വർണ്ണനിറമുള്ള ശിരസ്സു ചലിപ്പിച്ചുകൊണ്ട് പുതുതായിപ്പിറന്ന
ഒരാട്ടിൻകുഞ്ഞിനെപ്പോലെ നേരിയ, വിറയ്ക്കുന്ന സ്വരത്തിൽ കരയുന്നു. കുഞ്ഞു ശിരസ്സു് മേരിയുടെ ഉള്ളംകൈയിൽ ചേർത്തു വച്ചിരിക്കുന്നു. ശിശുവിനെ നോക്കി അവൾ ആരാധിക്കുന്നു... അവൾ പുഞ്ചിരിക്കുകയും ഒപ്പം കണ്ണീർ വീഴ്ത്തുകയും ചെയ്യുന്നു... അവൾ കുനിഞ്ഞ് ശിശുവിനെ ചുംബിക്കുന്നു; ശിരസ്സിലല്ല, നെഞ്ചിന്റെ മദ്ധ്യഭാഗത്ത്... നമുക്കുവേണ്ടി സ്പന്ദിക്കുന്ന ചെറു ഹൃദയം അതിനടിയിലാണല്ലോ... അവിടെ ഒരു ദിവസം ഒരു മുറിവ് ഉണ്ടാകാനുള്ളതുമാണ്.... അമ്മ ആ മുറിവിന് ഇന്നേ പരികർമ്മം ചെയ്യുന്നു, തന്റെ പാപരഹിതമായ ചുംബനത്താൽ.....

കണ്ണഞ്ചിക്കുന്ന പ്രകാശം നിമിത്തം കാള ഉണർന്നെണീറ്റുനിന്ന് തറയിൽ ചവിട്ടിയും മുക്രയിട്ടും ശബ്ദം പുറപ്പെടുവിക്കുന്നു. കഴുത തല തിരിച്ചുനോക്കി കരയുന്നു. അവ അവയുടെ സ്രഷ്ടാവിന് സ്വാഗതമരുളുന്നതു പോലെ തോന്നുന്നു.

                          പ്രാർത്ഥനയിൽ മുഴുകി ചുറ്റും നടക്കുന്നതൊന്നും അറിയാതിരുന്ന ജോസഫിന് മുഖത്തോടു  ചേർത്തു പിടിച്ചിരുന്ന കൈവിരലുകൾക്കിടയിലൂടെ പ്രകാശം കണ്ണിലേക്കു കടക്കുന്ന അനുഭവമുണ്ടായി. കൈകൾ മാറ്റി തലയുയർത്തി ജോസഫ് ചുറ്റും നോക്കുന്നു. കാളയുടെ മറവിൽ മേരിയെ കാണാൻ പറ്റുന്നില്ല. എന്നാൽ മേരി വിളിക്കുന്നു:  "ജോസഫേ, വരൂ..."

 ജോസഫ് തിടുക്കത്തിൽ ചെല്ലുന്നു. കണ്ടു കഴിഞ്ഞപ്പോൾ പെട്ടെന്ന് നിൽക്കുന്നു. ബഹുമാനത്തിന്റെ ആധിക്യം നിമിത്തം നിന്നിടത്തു തന്നെ മുട്ടുകുത്താൻ തുടങ്ങുന്നു. എന്നാൽ മേരി നിർബ്ബന്ധമായിപ്പറയുന്നു: "വരൂ ജോസഫേ..." അവൾ ശിശുവിനെ ചങ്കോടുചേർത്തു പിടിച്ചു് എഴുന്നേറ്റു് ജോസഫിന്റെ അടുക്കലേക്കു നടക്കുന്നു. ജോസഫ് സംഭ്രമത്തോടെ മുന്നോട്ടു ചെല്ലണമോ അതു ബഹുമാനിക്കുറവാകുമോ എന്നു സംശയിച്ച് ഭയത്തോടെ നടക്കുന്നു.    വയ്ക്കോൽക്കിടക്കയുടെ ചുവട്ടിൽ അവർ രണ്ടുപേരും എത്തി പരസ്പരം നോക്കി സന്തോഷാധിക്യത്താൽ കരയുന്നു.

                 "വരൂ... നമുക്കു് ഈശോയെ പിതാവിന് സമർപ്പിക്കാം" എന്ന്   മേരി പറയുന്നു.   ജോസഫ് ഉടനെ മുട്ടുകുത്തി നിൽക്കുന്നു. മേൽപ്പുരയ്ക്കു  താങ്ങു  കൊടുത്തിരിക്കുന്ന രണ്ടു മരത്തൂണുകളുടെ ഇടയിൽ   നിന്നുകൊണ്ട്   മേരി    കുഞ്ഞിനെ   കൈകളിൽ ഉയർത്തിപ്പിടിച്ചുകൊണ്ടു പറയുന്നു: "ഇതാ ഞാൻ അവന്റെ പേർക്ക് ഓ! ദൈവമേ, ഈ വാക്കുകൾ ഉച്ചരിക്കുന്നു. അങ്ങേ ഇഷ്ടം നിറവേറ്റുവാൻ ഞാനിതാ തയ്യാറായിരിക്കുന്നു. അവനോടൊപ്പം മേരിയായ ഞാനും എന്റെ മണവാളൻ ജോസഫുമുണ്ട്. അവിടുത്തെ ദാസൻ ഇതാ! ഓ! കർത്താവേ, അങ്ങേ മഹത്വത്തിനായും അങ്ങേ സ്നേഹത്തെ പ്രതിയും എല്ലാ മണിക്കൂറുകളിലും എല്ലാ സംഭവങ്ങളിലും ഞങ്ങൾ അവിടുത്തെ ഹിതം നിറവേറ്റുന്നവരാകട്ടെ!"

 അനന്തരം മേരി കുനിഞ്ഞു പറയുന്നു: "ഇതാ ജോസഫ്, അവനെ എടുക്കൂ.." കുഞ്ഞിനെ ജോസഫിന്റെ കൈകളിൽ കൊടുക്കുന്നു. "ഓ!    ഞാനോ,  ഓ! വേണ്ട,   ഞാനതിനു    യോഗ്യനല്ല.." ദൈവത്തെ സ്പർശിക്കാമോ   എന്ന    സന്ദേഹത്തിൽ     ജോസഫ് അത്ഭുതസ്തബ്ധനായി എന്തു പറയണമെന്നറിയാതെ നിൽക്കുന്നു.      എന്നാൽ     മേരി   പുഞ്ചിരി   തൂകിക്കൊണ്ട്
നിർബ്ബന്ധമായിപ്പറയുന്നു: "നീ വളരെ യോഗ്യനാണ്. നിന്നെക്കാൾ  അർഹതയുള്ള വേറാരുമില്ല. അതുകൊണ്ടാണ് അത്യുന്നതൻ നിന്നെ തെരഞ്ഞെടുത്തത്. എടുക്കൂ ജോസഫ്... എന്നിട്ട് അവനെ പിടിച്ചുകൊള്ളൂ.. ഞാൻ തുണികളൊക്കെ ഒന്നുനോക്കട്ടെ.."

ജോസഫ് വികാരാധീനനായി, ആകെ പരിഭ്രമിച്ചു് കൈകൾ നീട്ടി ശിശുവിനെ എടുക്കുന്നു. തണുപ്പു നിമിത്തം ഉണ്ണി കരച്ചിലാണ്.  കൈകളിലെടുത്തു കഴിഞ്ഞ് ജോസഫ് ബഹുമാനം നിമിത്തം കുഞ്ഞിനെ അകറ്റിപ്പിടിക്കുന്നില്ല.   നേരെമറിച്ച്   കുഞ്ഞിനെ ഹൃദയത്തോടു   ചേർത്തുപിടിച്ച് കുനിഞ്ഞു് ആ ചെറുപാദങ്ങളിൽ ചുംബിച്ചുകൊണ്ടു പറയുന്നു: "ഓ!  എന്റെ   കർത്താവേ...  എന്റെ ദൈവമേ..."   ഉണ്ണിയുടെ  കാലുകൾ  തണുത്തിരിക്കുന്നു  എന്നു മനസ്സിലാക്കിയ ജോസഫ് ഉടനെ നിലത്തിരുന്ന് ഉണ്ണിയെ നെഞ്ചോടു ചേർത്തുപിടിച്ച് സ്വന്തം ഉടുപ്പുകൊണ്ടും കൈകൾ കൊണ്ടും പൊതിയുന്നു.   തണുത്ത കാറ്റിൽ നിന്നും രക്ഷപ്പെടുത്തി അൽപ്പം  ചൂടു നൽകാനുള്ള ശ്രമമാണ്.  മേരി, പിള്ളക്കച്ചകളും തുണികളും  എടുത്ത്   തീയ്ക്കടുത്തു   പിടിച്ചു്   അവ   ചൂടാക്കി ജോസഫിന്റെ അടുത്തേക്കു വരുന്നു.  ചെറുചൂടുള്ള തുണി കൊണ്ട് ഉണ്ണിയെ പൊതിയുന്നു.  സ്വന്തം ശിരോവസ്ത്രമെടുത്ത് ഉണ്ണിയുടെ തലയും മൂടുന്നു. "എവിടെയാണ് കുഞ്ഞിനെ കിടത്തുക?" 

  ജോസഫ് ആലോചനാപൂർവം ചുറ്റും നോക്കുന്നു. "നിൽക്ക്, നമുക്കു് മൃഗങ്ങളെയും വയ്ക്കോലും മാറ്റാം. മുകളിലത്തെ വയ്ക്കോൽ വലിച്ചു താഴെ ആ പുൽത്തൊട്ടിയിൽ ക്രമപ്പെടുത്താം. അതിന്റെ വശത്തുള്ള തടി അവനെ തണുത്ത കാറ്റിൽ  നിന്നും രക്ഷിക്കും. കാള അതിന്റെ ശ്വാസം കൊണ്ട് ശിശുവിനു ചൂടു നൽകും. അത് ആ കഴുതയെക്കാൾ ഭേദമാണ്. അതിന് കൂടുതൽ ശാന്തതയും ക്ഷമയുമുണ്ട്."  ജോസഫ് തിരക്കിട്ട് എല്ലാം ചെയ്യുന്നു. മേരി ശിശുവിനെ മാറോടണച്ചു താരാട്ടുന്നു.

ജോസഫ് ചുള്ളികൾ ഉപയോഗിച്ച് തീ നല്ലതുപോലെ കൂട്ടുന്നു. തീ ആളുമ്പോൾ വയ്ക്കോൽ അതിന്റെ സമീപം പിടിച്ചു് ഉണക്കുന്നു. ഉണക്കിയതു വീണ്ടും തണുക്കാതിരിക്കുവാൻ നെഞ്ചോടു ചേർത്തു പിടിക്കുന്നു. ശിശുവിനു് ഒരു ചെറിയ കിടക്കയുണ്ടാക്കാൻ മാത്രം വയ്ക്കോൽ ഉണക്കിയശേഷം പുൽത്തൊട്ടിയ്ക്കടുത്തു ചെന്ന് അതു ക്രമപ്പെടുത്തി ഒരു പിള്ളത്തൊട്ടിലാക്കി മാറ്റുന്നു. "ശരിയായി. ഇനി ഒരു കരിമ്പടം വേണം. കാരണം വയ്ക്കോലിന് ദുർഗ്ഗന്ധമുണ്ട്; അവനെ പുതപ്പിക്കയും വേണം."

"എന്റെ മേലങ്കിയെടുക്കുക." മേരി പറയുന്നു. "നിനക്ക് തണുപ്പടിക്കുമല്ലോ?" "ഓ! അതു സാരമില്ല. കരിമ്പടം തീരെ പരുക്കനാണ്. മേലങ്കിക്കു മാർദ്ദവവും ചൂടുമുണ്ട്. കുഞ്ഞിന് ഇനിയും തണുപ്പടിക്കാൻ അനുവദിച്ചുകൂടാ.."

ജോസഫ്, മേരിയുടെ നല്ല വീതിയുള്ള മേലങ്കിയെടുത്ത് നാലായി മടക്കി വയ്ക്കോലിനു മീതെ വിരിക്കുന്നു. അതിന്റെ ഒരറ്റം താഴേക്കു തൂക്കിയിട്ടിരിക്കുന്നു. രക്ഷകന്റെ ആദ്യശയ്യ തയാറായിരിക്കുന്നു. അമ്മ കുഞ്ഞിനെ എടുത്തുകൊണ്ട് പുൽത്തൊട്ടിക്കു സമീപം ചെന്ന് അതിൽ കിടത്തുന്നു. മേലങ്കിയുടെ തൂങ്ങിക്കിടന്ന അറ്റമെടുത്ത് ഉണ്ണിയെ പുതപ്പിക്കുന്നു. തലയുടെ ചുറ്റും അതു ക്രമപ്പെടുത്തി വയ്ക്കുന്നു. വയ്ക്കോലിന്റെ പരുപരുപ്പിൽ നിന്നും കുഞ്ഞുതലയെ രക്ഷിക്കാൻ മേരിയുടെ നേർത്ത ശിരോവസ്ത്രം മാത്രമേയുള്ളൂ... ശിശുവിന്റെ മുഖം മാത്രമേ ഇപ്പോൾ കാണാനുള്ളൂ. മേരിയും ജോസഫും പുൽത്തൊട്ടിയിലേക്കു കുനിഞ്ഞു നോക്കുന്നു. അവരുടെ    ആനന്ദം   എത്രമാത്രം...... വസ്ത്രങ്ങളുടേയും വയ്ക്കോലിന്റെയും ചൂടു കിട്ടിയപ്പോൾ കരച്ചിൽ നിർത്തി ഉണ്ണി ഉറക്കമായി.  ഉണ്ണിയുടെ ആദ്യത്തെ ഉറക്കം ആനന്ദത്തോടെ അവർ വീക്ഷിക്കുന്നു...



(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)