ജാലകം നിത്യജീവൻ: November 2010

nithyajeevan

nithyajeevan

Monday, November 29, 2010

ഈശോ മഗ്ദലനാമേരിയോട് പരിശുദ്ധ അമ്മയെപ്പറ്റി സംസാരിക്കുന്നു

                                      ഈശോ അപ്പസ്തോലന്മാരോടൊപ്പം ലാസറസ്സിൻ്റെ ബഥനിയിലെ ഭവനത്തിലെത്തുന്നു.  മാർത്തയും  മേരിയും   ഭൃത്യരോടൊപ്പം   വന്ന്   ഈശോയെ   സ്വീകരിച്ചു് ഭവനത്തിലേക്കാനയിക്കുന്നു. പാനോപചാരങ്ങൾക്കുശേഷം അപ്പസ്തോലന്മാർ വിശ്രമിക്കാനായി പോകുന്നു. മാർത്ത അതിഥികൾക്ക് ഭക്ഷണമൊരുക്കാനായി പോകുന്നു. ഈശോ നല്ല തണലും തണുപ്പുമുള്ള തോട്ടത്തിലേക്കിറങ്ങി. മേരി  ഒപ്പമുണ്ട്. തോട്ടത്തിലുള്ള മൽസ്യക്കുളത്തിന്റെ വക്കത്തായി ഒരു ഇരിപ്പിടത്തിൽ ഈശോ ഇരിക്കുന്നു. മേരി ഈശോയുടെ പാദത്തിങ്കൽ പുല്ലിലും ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നില്ല. ഈശോ മനോഹരമായ തോട്ടത്തിന്റെ ഭംഗി ആസ്വദിക്കയാണ്. മേരി ആനന്ദത്തോടെ ഈശോയെ  നോക്കി സന്തോഷിക്കുന്നു.    
                 ഈശോ കൈവിരലുകൾ കൊണ്ട് വെള്ളത്തിൽ വരയ്ക്കുന്നു. പിന്നീട് കൈ മുഴുവൻ വെള്ളത്തിൽ മുക്കുകയാണ്.   "ഈ തെളിഞ്ഞ വെള്ളം എത്ര മനോഹരമായിരിക്കുന്നു."   ഈശോ പറയുന്നു.  

"ഗുരുവേ, നിനക്ക് ഈ  വെള്ളം  അത്ര ഇഷ്ടമാണോ?"

"അതെ മേരീ, നോക്കൂ, ഈ വെള്ളം എത്ര തെളിവുറ്റതാണ് ! അൽപ്പം പോലും ചെളിയില്ല. ഈ കുളം നിറച്ചു വെള്ളമുണ്ടെങ്കിലും ഒന്നുമില്ല എന്നുതോന്നിക്കുന്ന വിധത്തിൽ എത്ര തെളിഞ്ഞ വെള്ളം ! അടിയിൽ മൽസ്യങ്ങൾ പരസ്പരം പറയുന്ന വാക്കുകൾ നമുക്ക് വായിക്കാൻ കഴിയുന്നതുപോലെയുണ്ട്."

"വിശുദ്ധാത്മാക്കളുടെ ഏറ്റം ആഴമായ ചിന്തകൾ വായിക്കാൻ  കഴിയുന്നതുപോലെ, അല്ലേ ഗുരുവേ?"  ഉള്ളിലെ ഇച്ഛാഭംഗം നിമിത്തം നെടുവീർപ്പോടെ മേരി  ചോദിക്കുന്നു.

അവളുടെ ഇച്ഛാഭംഗം  മനസ്സിലാക്കിക്കൊണ്ട് ഈശോ മറുപടി പറയുന്നു: "മേരീ, വിശുദ്ധാത്മാക്കളെ നാം എവിടെയാണു കാണുക? മൂന്നുതരം വിശുദ്ധിയുള്ള ഒരു മനുഷ്യനെ കാണാൻ കഴിയുന്നതിനെക്കാൾ എളുപ്പം ഒരു പർവതം ചരിക്കുന്നതാണ്. മുതിർന്ന ആളുകളുടെ ചുറ്റിലും ധാരാളം കാര്യങ്ങൾ ഇളകി പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുന്നു. അവ ഉള്ളിലേക്കു പ്രവേശിക്കുന്നതു തടയുക എപ്പോഴും സാധിക്കുന്നതല്ല. ദൈവദൂതസമാനമായ ആത്മാക്കൾ കൊച്ചുകുട്ടികൾക്കു മാത്രമേയുള്ളൂ. അവരുടെ നിഷ്കളങ്കത നിമിത്തം ചെളിയായിത്തീരാൻ പാടുള്ള അറിവ് അവരിലേക്കു കടക്കുന്നില്ല. അതുകൊണ്ടാണ് കൊച്ചുകുട്ടികൾകളെ ഞാൻ വളരെയധികം സ്നേഹിക്കുന്നത്. അപരിമിതമായ പരിശുദ്ധിയുടെ  പ്രതിഫലനം അവരിൽ ഞാൻ കാണുന്നു. സ്വർഗ്ഗത്തിൻ്റെ ഓർമ്മ ഉള്ളിൽ വഹിക്കുന്നത് അവർ മാത്രമാണ്. ൻ്റെ അമ്മ കൊച്ചുകുട്ടിയുടെ ആത്മാവുള്ള സ്ത്രീയാണ്. അതിലും നിർമ്മലയാണ്. ഒരു ദൈവദൂതൻ്റെ ആത്മാവാണ് അവൾക്കുള്ളത്. പിതാവ് ഹവ്വായെ സൃഷ്ടിച്ചപ്പോൾ എങ്ങിനെയിരുന്നോ അതുപോലെയാണ് എൻ്റെ അമ്മ. പറുദീസയിലെ ആദ്യത്തെ ലില്ലിപ്പുഷ്പം വിരിഞ്ഞപ്പോൾ അതെങ്ങിനെയിരുന്നു എന്നു ചിന്തിക്കാൻ നിനക്കു കഴിയുമോ മേരീ ? ഈ വെള്ളത്തിലേക്കു ചരിഞ്ഞുനിൽക്കുന്ന ഇവ മനോഹരം തന്നെ. എന്നാൽ സൃഷ്ടാവിൻ്റെ കരങ്ങളിൽനിന്നു വന്ന ആദ്യത്തെ ലില്ലി !!!   അതൊരു പുഷ്പമായിരുന്നോ, അതോ വജ്രക്കല്ലായിരുന്നോ? എന്നാലും എൻ്റെ അമ്മ ആദ്യം അന്തരീക്ഷത്തിൽ സൗരഭ്യം പരത്തിയ  ലില്ലിപ്പുഷ്പത്തേക്കാൾ പരിശുദ്ധയാണ് ! അവളുടെ ഭംഗം വരാത്ത കന്യാത്വത്തിൻ്റെ സൗരഭ്യം സ്വർഗ്ഗത്തിലും ഭൂമിയിലും നിറഞ്ഞുനിൽക്കുന്നു! ഭാവിതലമുറകളിൽ നല്ലയാളുകൾ അത് അനുകരിക്കും."