ജാലകം നിത്യജീവൻ: September 2011

nithyajeevan

nithyajeevan

Thursday, September 29, 2011

മുഖ്യദൂതന്മാരുടെ തിരുനാള്‍

സെപ്തംബര്‍ 29 -  ഇന്ന് തിരുസഭ അതിദൂതന്മാരായ വിശുദ്ധ മിഖായേല്‍ , വിശുദ്ധ ഗബ്രിയേല്‍, വിശുദ്ധ റാഫേല്‍ എന്നിവരുടെ തിരുനാള്‍ ആഘോഷിക്കുന്നു.

പരിശുദ്ധ അമ്മ പറയുന്നു:
St. Michael
"വിശുദ്ധ മിഖായേലിന്റെ
ജോലി, സാത്താന്‍ നിങ്ങള്‍ക്കെതിരെ അഴിച്ചുവിടുന്ന ഭീകരമായ ആക്രമണങ്ങളില്‍നിന്നു നിങ്ങളെ സംരക്ഷിക്കുകയാകുന്നു. ദുഷടപ്പിശാചില്‍നിന്നും അവന്റെ അപകടകരമായ കെണികളില്‍നിന്നും നിങ്ങളെ മോചിപ്പിക്കുന്നതിന്, തന്റെ മഹാശക്തിയോടെ ഇടപെടുന്നതും സമരത്തില്‍ നിങ്ങളോടുകൂടെ ചേരുന്നതും മുഖ്യദൂതനും സാര്‍ വലൗകികസഭയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ മിഖായേലാണ്.
അതിനാല്‍ ലിയോ 13- മന്‍  മാര്‍ പ്പാപ്പ രചിച്ച, ഭൂതോച്ചാടനം ചെയ്യുന്ന, ഹൃസ്വവും എന്നാല്‍ ഫലപ്രദവുമായ പ്രാര്‍ ത്ഥന അനുദിനം ചൊല്ലി വിശുദ്ധ മിഖായേലിന്റെ സംരക്ഷണം അഭ്യര്‍ത്ഥിക്കുന്നതിന് ഞാന്‍  നിങ്ങളെ ആഹ്വാനം ചെയ്യുന്നു.
St. Gabriel
വിശുദ്ധ ഗബ്രിയേലിന്റെ കര്‍ ത്തവ്യം നിങ്ങളെ ദൈവശക്തി അണിയിച്ചുകൊണ്ട് ധൈര്യപ്രതീക്ഷയില്‍ വളര്‍ ത്തുകയാണ്. അദ്ദേഹം നിങ്ങളെ അനുദിനം ധീരതയോടെ വിശ്വാസത്തിന്റെ പാതയിലൂടെ നയിക്കുന്നു.
വിശുദ്ധ റാഫേലിന് നിങ്ങളുടെ
St. Raphael
മുറിവുകളില്‍
തൈലം പൂശുന്നതിനുള്ള
കര്‍ത്തവ്യമത്രേ
നല്‍കിയിരിക്കുന്നത്.

നിങ്ങള്‍ ഈ മാലാഖമാരുടെ
സഹവാസത്തില്‍
ജീവിക്കണമെന്ന്
ഞാനാഗ്രഹിക്കുന്നു."

ലിയോ13- മന്‍ മാര്‍ പ്പാപ്പ രചിച്ച   വിശുദ്ധമിഖായേലിനോടുള്ള പ്രാര്‍ ത്ഥന

"മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കേണമേ. പിശാചിന്റെ ദുഷ്ടതയില്‍നിന്നും കെണിയില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ദൈവം അവനെ ശാസിക്കട്ടെ എന്ന് എളിമയോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാന്‍  ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനേയും മറ്റെല്ലാ ദുഷ്ടാരൂപികളേയും, അല്ലയോ സ്വര്‍ഗ്ഗീയ സൈന്യാധിപാ, ദൈവത്തിന്റെ ശക്തിയാല്‍ അങ്ങ് നരകാഗ്നിയിലേക്ക് തള്ളിത്താഴ്ത്തേണമേ. ആമേന്‍."

Wednesday, September 28, 2011

ഈശോ മഗ്ദലനാ മേരിയെ രണ്ടാം പ്രാവശ്യം കാണുന്നു

          ഈശോയും അപ്പസ്തോലന്മാരും ഒരു
ദീര്‍ഘയാത്രക്കുശേഷം അരുവിക്കരയിലുള്ള ഒരു മരത്തണലില്‍  ഒത്തുകൂടിയിരുന്ന് ഭക്ഷണം കഴിക്കയാണ്. ഒന്നു വിശ്രമിച്ചാല്‍ക്കൊള്ളാമെന്ന് അപ്പസ്തോലന്മാര്‍ക്കുണ്ട്.  എന്നാല്‍ "ക്ഷീണിക്കാത്ത ആ നടപ്പുകാര"ന്റെ മനഃസ്ഥിതി അതായിരുന്നില്ല. ഈശോ എഴുന്നേറ്റ്
റോഡില്‍പ്പോയിനോക്കിയിട്ടു പറഞ്ഞു; 'നമുക്ക് പോകാം". മറ്റൊന്നും പറഞ്ഞില്ല.
അവര്‍  ഒരു നാല്‍ക്കവലയിലെത്തിയപ്പോൾ ഈശോ വടക്കുകിഴക്കു ദിശയിലേക്കുള്ള പാതയിലൂടെ ദൃഢനിശ്ചയത്തോടെ നടന്നു.
"നാം കഫര്‍ണാമിലേക്ക് മടങ്ങിപ്പോവുകയാണോ ?" പത്രോസ് ജിജ്ഞാസാപൂര്‍വം അന്വേഷിച്ചു.


"അല്ല." ഈശോ മറുപടി പറഞ്ഞു.


'എങ്കില്‍ തിബര്യാസിലേക്കായിരിക്കും ?' വീണ്ടും പത്രോസ് ചോദിച്ചു

"അങ്ങോട്ടുമല്ല."
"എന്നാല്‍  ഈ വഴി ഗലീലിയായിലേക്കുള്ളതാണ്. കഫര്‍ണാമും തിബര്യാസും ഈ വഴിക്കാണ്."

"മഗ്ദലായും ഈ വഴിക്കാണ്."

"മഗ്ദലായോ ?"
"അതേ, "മഗ്ദലായിലേക്കുതന്നെ. ആ പട്ടണത്തിലേക്കു പ്രവേശിക്കുന്നത് ഉചിതമല്ലെന്നു നിനക്കു തോന്നുന്നുണ്ടോ ? പത്രോസേ.... പത്രോസേ...എന്നെപ്രതി നീ ഒരു കാര്യം ചെയ്യുക. നീ പോകേണ്ടത് സുഖസൗകര്യങ്ങളിലേക്കല്ല, യഥാര്‍ത്ഥ വേശ്യാലയങ്ങളിലേക്കാണ്. രക്ഷിക്കപ്പെട്ടു കഴിഞ്ഞവരെ രക്ഷിക്കാനല്ല ക്രിസ്തു വന്നിരിക്കുന്നത്, നേരെ മറിച്ച് നഷ്ടപ്പെട്ടു പോയവരെ രക്ഷിക്കാനാണ്. നീ സൈമണല്ല, പത്രോസ് അഥവാ പാറയാണ്. ഇക്കാര്യത്തിൽ നീ പാറപോലെ ഉറപ്പുള്ളവനായിരിക്കണം. അവിടെപ്പോയാൽ മലിനപ്പെടുമെന്ന് നിനക്കു ഭയമുണ്ടോ ? ഇല്ല, ഇതാ ഈ നിൽക്കുന്നവനുപോലും (ഏറ്റം പ്രായം കുറഞ്ഞ ജോണിനെ ചൂണ്ടിക്കാട്ടി) കുഴപ്പമൊന്നും വരികയില്ല. എന്തെന്നാൽ അവൻ അതൊന്നും ആഗ്രഹിക്കുന്നില്ല. നീയും അപ്രകാരം തന്നെ. നിന്റെ സഹോദരനും ജോണിന്റെ സഹോദരനും നിങ്ങളിലാരും തന്നെ അതാഗ്രഹിക്കുന്നില്ല. ഒരാൾക്ക് ആഗ്രഹമില്ലാത്തിടത്തോളം കാലം ഒരുപദ്രവവും ഉണ്ടാവുകയില്ല. എന്നാൽ ആഗ്രഹിക്കാതിരിക്കുന്നത് ദൃഢചിത്തത്തോടെയും സ്ഥിരപരിശ്രമത്തോടെയും ആയിരിക്കണം
സദുദ്ദേശത്തോടെ പ്രാർത്ഥിച്ചാൽ പിതാവു നിങ്ങൾക്കു മനഃശക്തി പ്രദാനം ചെയ്യും. യൂദാസ്, നീ എന്തു പറയുന്നു ? ആത്മവിശ്വാസം അധികമായിപ്പോകരുത്. ക്രിസ്തുവായ ഞാൻ സാത്താനെതിരെ ശക്തി പ്രാപിക്കുവാൻവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടാണിരിക്കുന്നത്. നീ എന്നേക്കാൾ ശ്രേഷ്ടനാണോ? സാത്താൻ നുഴഞ്ഞുകയറുന്ന ദ്വാരമാണ് അഹംഭാവം. യൂദാസ്, ജാഗ്രതയോടെയും വിനയത്തോടെയുമിരിക്കുക. മാത്യു, നിനക്ക് ഈ സ്ഥലം സുപരിചിതമാണല്ലോ ? നീ എന്നോടു പറയുക, ഈ പട്ടണത്തക്ക് ഈ വഴി പോകുന്നതാണോ മറ്റേതെങ്കിലും വഴിയേ പോകുന്നതാണോ നല്ലത്?"


"ഗുരോ, അത് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. മുക്കുവരും പാവപ്പെട്ടവരും താമസിക്കുന്ന മഗ്ദലായിലാണ് അങ്ങു പോകാനാഗ്രഹിക്കുന്നതെങ്കിൽ ഇതുതന്നെയാണു വഴി. അതല്ല, ധനവാന്മാര്‍  താമസിക്കുന്ന സ്ഥലമാണ് അങ്ങുദ്ദേശിക്കുന്നതെങ്കിൽ ഈ വഴി വിട്ടിട്ട് വേറൊരു വഴിയേ പോകണം. കുറെ പിന്നോക്കം പോവുകയും വേണം."

"നമുക്ക് തിരിയെപ്പോകാം. എന്തെന്നാൽ ധനവാന്മാരുടെ വാസസ്ഥലത്തു പോകാനാണ് ഞാനാഗ്രഹിക്കുന്നത്. യൂദാസ് എന്തു പറയുന്നു ?"

"ഗുരോ, എനിക്കൊന്നും പറയാനില്ല. അങ്ങിതു രണ്ടാംതവണയാണ് എന്നോടു ചോദിക്കുന്നത്. എന്നാൽ ഞാൻ യാതൊന്നും പറഞ്ഞില്ലല്ലോ."

"ഇല്ല, നിന്റെ അധരങ്ങൾകൊണ്ട് നീ ഒന്നും പറഞ്ഞില്ല. എന്നാല്‍  നീ നിന്റെ ഹൃദയത്തില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു."


ആ സംഘം നിശ്ശബ്ദമായി മുമ്പോട്ടുപോയി. പ്രധാനപാത കുറെ ചെന്നപ്പോഴേക്കും ഒരു നഗരവീഥിയുടെ മട്ടായി. ചുറ്റുപാടും ആഡംബരസമന്വിതമായ ഉദ്യാനങ്ങളും ഫലവൃക്ഷത്തോപ്പുകളും കാണാം. ഈശോ മുമ്പോട്ടു തന്നെ പോയി. എങ്ങോട്ടാണു പോകുന്നതെന്നു് ഈശോയ്ക്കു മാത്രമേ അറിയാവൂ.

അവർ മുമ്പോട്ടു പോകവേ, ഒരു വലിയ വീട്ടില്‍ നിന്നും അത്യുച്ചത്തിലുള്ള ഒരു നിലവിളി കേട്ടു. തുടര്‍ന്ന് ഒരു സ്ത്രീ ദയനീയമായി കരഞ്ഞുകൊണ്ട് പറയുന്നു; "എന്റെ മകൻ, എന്റെ മകൻ."
ഈശോ ചുറ്റും തിരിഞ്ഞ് അപ്പസ്തോലന്മാരെ നോക്കി. അപ്പോൾ യൂദാസ് മുമ്പോട്ടുവന്നു. "നിന്നെയല്ല, മാത്യുവിനെയാണ്. മാത്യൂ, നീ പോയി വിവരം അറിഞ്ഞു വരിക."

മാത്യൂ പോയിട്ടുവന്നു.


"ഗുരോ, ഒരു വഴക്കാണ്. ഒരാൾ മരിക്കാറായിക്കിടക്കുന്നു. യഹൂദനാണ്. ഒരു റോമാക്കാരൻ അയാളെ മുറിവേല്‍പ്പിച്ചിട്ട് കടന്നുകളഞ്ഞു. മുറിവേറ്റവനെ സഹായിക്കുവാൻ അവന്റെ അമ്മയും ഭാര്യയും കുട്ടികളും എത്തിയിട്ടുണ്ട്. എങ്കിലും അയാൾ മരിച്ചുകൊണ്ടിരിക്കുകയാണ്.

"നമുക്ക് അങ്ങോട്ടു പോകാം."

"ഗുരോ, ഗുരോ, ഇതു സംഭവിച്ചത് ഒരു സ്ത്രീയുടെ വീട്ടിലാണ്. അവൾ അയാളുടെ ഭാര്യയല്ല."

'നമുക്ക് പോകാം."

വിശാലമായി തുറന്നുകിടന്ന വാതിലിലൂടെ അവര്‍  അകത്തു കയറി. ഹാളിലൂടെ പ്രവേശിക്കാവുന്ന ഒരു മുറിയിൽ കുറെ സ്ത്രീകൾ കരഞ്ഞുകൊണ്ടിരിക്കുന്നു. ഈശോ മുമ്പോട്ടു ചെന്നു. എന്നാല്‍  സാധാരണ പറയാറുള്ള സമാധാന അഭിവാദനം പറഞ്ഞില്ല.
അവിടെ ഉണ്ടായിരുന്ന പുരുഷന്മാരില്‍  ഒരാൾക്ക് ഈശോയെ അറിയാമായിരുന്നു. "നസ്രായക്കാരനായ റബ്ബി" എന്നുപറഞ്ഞ് അയാൾ ആദരപൂർവം ഈശോയെ അഭിവാദ്യം ചെയ്തു. ഈശോ ചോദിച്ചു; ജോസഫ്, എന്താണു സംഗതി ?"

"ഗുരോ, ഇവന്റെ ചങ്കിനു കുത്തേറ്റിരിക്കുന്നു. ഇവൻ മരിച്ചുകൊണ്ടിരിക്കയാണ്."
" എന്തിനാണ് ?"

നരച്ചുപാറിയ മുടിയുള്ള ഒരു സ്ത്രീ മുട്ടിന്മേലിരുന്ന് കുത്തേറ്റ മനുഷ്യന്റെ കൈ പിടിച്ചുകൊണ്ട് ക്ഷീണിച്ച സ്വരത്തില്‍  പറഞ്ഞു; "അവള്‍ കാരണമാണ്, അവള്‍  കാരണമാണ്, അവള്‍  ഇവനെ ഒരു ചെകുത്താനാക്കി. അമ്മയെയും ഭാര്യയെയും മക്കളെയും എല്ലാം അവന്‍ മറന്നു.
സാത്താനേ, നിനക്കു മരണം തന്നെ കിട്ടും.'

അവരുടെ വിറക്കുന്ന കൈകൾ ചൂണ്ടിയ ഭാഗത്തേക്ക് ഈശോ തലയുയര്‍ത്തി നോക്കി. ഒരു മൂലയ്ക്ക് ഇരുണ്ട ഭിത്തിക്കെതിരെ ധിക്കാരമട്ടില്‍  മേരി മഗ്ദലന നില്‍ക്കുന്നു. സഭ്യേതരമായ രീതിയിലാണവളുടെ വസ്ത്രധാരണം. ഈശോ ആ അമ്മയോട് പറഞ്ഞു;

''സ്ത്രീയേ, ശപിക്കരുത്. എന്നോടു പറയൂ, നിങ്ങളുടെ മകൻ എന്തിനാണിവിടെ വന്നത്?"

"ഞാൻ പറഞ്ഞുകഴിഞ്ഞു; അവൾ എന്റെ മകനെ വശീകരിച്ചതാണ്."

"നിശ്ശബ്ദയായിരിക്കൂ.  അവള്‍ പാപത്തിലായിരിക്കുന്നതുപോലെ അവനും വ്യഭിചാരിയാണ്. അവന്റെ കടമകള്‍ അവൻ മറന്നു. ഈ പിഞ്ചുകുഞ്ഞുങ്ങളെ മറന്നു. അതിനാല്‍  അവൻ ഈ ശിക്ഷ അർഹിക്കുന്നു. പശ്ചാത്തപിക്കാത്തവർക്ക് ഈ ലോകത്തിലും പരലോകത്തിലും കരുണ ലഭിക്കുകയില്ല. എങ്കിലും നിങ്ങളുടെ ദുഃഖത്തില്‍  എനിക്കു കരുണ തോന്നുന്നു. ഈ കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. നിങ്ങളുടെ വീട് എത്രയകലെയാണ്?"

'ഏകദേശം നൂറുവാര അകലെയാണ്."

"ഈ മനുഷ്യനെ എടുത്ത് അങ്ങോട്ടു കൊണ്ടുപോകൂ."

"ഗുരോ, അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അയാൾ അന്ത്യശ്വാസം വലിക്കയാണ്." ഈശോയെ പരിചയമുള്ള ജോസഫ് എന്നയാൾ പറഞ്ഞു.

"ഞാൻ പറഞ്ഞപ്രകാരം ചെയ്യുക.'


മരണാസന്നനായ മനുഷ്യന്റെ അടിയിൽ ഒരു പലക വച്ച് അവർ അയാളെ എടുത്തു. ആ സംഘം പതുക്കെ നീങ്ങി. നിരത്തു കടന്ന് അവർ ഒരു

ഉദ്യാനത്തിന്റെ തണലില്‍  പ്രവേശിച്ചു. സ്ത്രീകൾ ഉച്ചത്തില്‍  കരഞ്ഞുകൊണ്ടേയിരുന്നു.

ഉദ്യാനത്തില്‍  പ്രവേശിച്ച ഉടനെ ഈശോ അമ്മയോടു ചോദിച്ചു; "നിങ്ങൾക്കു ക്ഷമിക്കുവാൻ കഴിയുമോ ? നിങ്ങൾ ക്ഷമിക്കുമെങ്കിൽ ദൈവം ക്ഷമിക്കും. നാം കാരുണ്യമുള്ളവരായിരിക്കണം. ദൈവകൃപ ലഭിക്കുന്നതിന് ഇതാവശ്യമാണ്. ഇയാൾ പാപം ചെയ്തു. ഇനിയും ചെയ്യും. അതിനാല്‍  അവൻ മരിക്കുന്നതാണ് നല്ലത്. എന്തെന്നാല്‍  ജീവിച്ചിരുന്നാല്‍  ഇവൻ വീണ്ടും പാപത്തില്‍  വീഴും. തന്നെ രക്ഷിച്ച ദൈവത്തോടു കാണിച്ച നന്ദികേടിനും അവൻ സമാധാനം പറയേണ്ടി വരും. എന്നാല്‍  നിങ്ങളും നിഷ്കളങ്കരായ ഇവരും (ഭാര്യയെയും മക്കളെയും ചൂണ്ടിക്കൊണ്ട്) നിരാശരാകരുത്. ഞാൻ വന്നത് രക്ഷിക്കാനാണ്; നശിപ്പിക്കാനല്ല. മനുഷ്യാ, എഴുന്നേറ്റു നില്‍ക്കൂ, സുഖം പ്രാപിക്കൂ."

അയാൾ സുഖം പ്രാപിച്ചുതുടങ്ങി. കണ്ണുകൾ തുറന്നപ്പോൾ തന്റെ അമ്മയെയും ഭാര്യയെയും മക്കളെയും കണ്ടു.

"മകനെ, മകനെ, ഇദ്ദേഹം നിന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍  നീ മരിച്ചുപോകുമായിരുന്നു. നിന്റെ സുബോധം വീണ്ടെടുക്കുക. നീ മതിമറന്ന്........"

ഈശോ വൃദ്ധയെക്കൊണ്ട് കൂടുതല്‍  പറയിക്കുന്നില്ല. "മിണ്ടാതിരിക്കൂ. നിങ്ങളോടു കരുണ കാണിച്ചതുപോലെ നിങ്ങളും കരുണ കാണിക്കുക. ഒരത്ഭുതത്താല്‍  ഇവിടം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഈ പരിശുദ്ധി കാത്തുസൂക്ഷിക്കുക. പാപമുള്ളിടത്തുവച്ച് എനിക്ക് അത്ഭുതം പ്രവർത്തിക്കാനാവില്ല. സ്ത്രീയേ, നീയും കുഞ്ഞുങ്ങളും നല്ലവരായിരിക്കുക. ഞാൻ പോകട്ടെ."
പുറത്തേക്കുപോയ ഈശോ മഗ്ദലനയുടെ വീടിന്റെ മുമ്പിലൂടെയാണു കടന്നുപോയത്. കുത്തേറ്റയാളിനെ എടുത്തുകൊണ്ടുപോയ ആളുകളോടൊപ്പം അവൾ വീട്ടുപടിക്കലോളം വന്നിരുന്നു. ഒരു മരത്തില്‍  ചാരി അവിടെ നില്‍ക്കുമ്പോഴാണ് ഈശോ തിരിയെ അതുവഴി വന്നത്. അവിടെ എത്തിയപ്പോൾ ഈശോ നടപ്പിന്റെ വേഗം കുറച്ചു. പിന്നാലെ വരുന്ന ശിഷ്യന്മാർ ഈശോയുടെ ഒപ്പമെത്തി. അവൾക്കു പറ്റിയ ഒരു വിശേഷണം പിറുപിറുക്കാതിരിക്കാൻ പത്രോസിനു കഴിഞ്ഞില്ല. അതുകേട്ട് അവൾ പൊട്ടിച്ചിരിക്കയാണ് ചെയ്തത്. എന്നാല്‍  പത്രോസ് പറഞ്ഞ വാക്ക് ഈശോ കേട്ടു. അവിടുന്ന് പത്രോസിനെ ശകാരിച്ചു. "സൈമൺ, ഞാൻ ആരെയും കുറ്റപ്പെടുത്താറില്ല. നിങ്ങളും ആരെയും കുറ്റപ്പെടുത്തരുത്. പാപികൾക്കുവേണ്ടി പ്രാർത്ഥിക്കുക. മറ്റൊന്നും വേണ്ടാ."


മഗ്ദലനമേരി പൊട്ടിച്ചിരി അവസാനിപ്പിച്ച് തല കുനിച്ചുകൊണ്ട് വീട്ടിനകത്തേക്ക് ഓടിപ്പോയി.

Monday, September 26, 2011

കൊള്ളക്കാരുടെ മാനസാന്തരം

                      ഈശോയും അപ്പസ്തോലന്മാരും  സുവിശേഷ പ്രഘോഷണത്തിനായുള്ള   യാത്രയിലാണ്. 
ദുർഘടമായ വഴികളിലൂടെയാണ്  ഇന്നത്തെ അവരുടെ യാത്ര. കയറ്റവും ഇറക്കവും മാറി മാറി വരുന്ന, വീതി കുറഞ്ഞ, കല്ലുകൾ നിറഞ്ഞ വഴി...കുന്നുകൾ പലതും പിന്നിടുന്നു. ഒടുവിൽ, വളരെ താഴ്ചയുള്ള ഒരു താഴ്വരയിലെത്തുന്നു. അവിടെ അവർക്കു് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യാം.
താഴ്വരയിലെ പുൽത്തകിടികളിലും കുറ്റിക്കാടുകളിലുമായി ചെറിയ സംഘങ്ങൾ നേരത്തേ അവിടെയെത്തി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജറുസലേമിലേക്കും ജോർദാനിലേക്കും പോകുന്ന ആടു വിൽപ്പനക്കാർ, ആട്ടിൻപറ്റങ്ങളും അവയുടെ ഇടയന്മാരും, ഇങ്ങനെ നാനാതരത്തിൽപ്പെട്ട ആളുകൾ അവിടെയുണ്ട്. ചിലരെല്ലാം കുതിരപ്പുറത്താണ് യാത്ര ചെയ്യുന്നത്; എന്നാൽ അധികമാളുകളും കാൽനടക്കാർ തന്നെ.
ഒരു വിവാഹപ്പാർട്ടി ഇപ്പോൾ അവിടെ  വന്നു ചേർന്നിരിക്കുന്നു. വധുവിന്റെ ആവരണത്തിലൂടെ സ്വർണ്ണാഭരണങ്ങൾ മിന്നിത്തിളങ്ങുന്നു. കഷ്ടിച്ചു കൗമാരം കുഴിഞ്ഞുവെന്നു തോന്നിക്കുന്ന വധുവിന്റെ കൂടെ പ്രായം ചെന്ന രണ്ടു സ്ത്രീകളുമുണ്ട്. അവർക്കു കൂട്ടായി ഒരു  മനുഷ്യനും രണ്ടു ഭൃത്യരുമുണ്ട്. വധു ആരാണ്, എങ്ങോട്ടു പോകുന്നു എന്നൊക്കെ അറിയാൻ ജിജ്ഞാസ പൂണ്ട ആളുകൾ, ഉപ്പു വാങ്ങാൻ അല്ലെങ്കിൽ കത്തിയുണ്ടോ എന്നൊക്കെ ചോദിച്ച് ഇടനിലക്കാരനെന്നു തോന്നിക്കുന്ന മനുഷ്യനെ സമീപിച്ച് കുശലമന്വേഷിക്കുന്നു.
അവിടെയുള്ള മറ്റൊരു യാത്രക്കാരന് വധുവിനെയും കുടുംബത്തെയും അറിയാം. അയാൾ അതൊക്കെ സന്തോഷത്തോടെ വിവരിക്കുന്നു. വേറൊരുവൻ വീഞ്ഞു കൂടെക്കൂടെ പകർന്നുകൊണ്ട് അയാളുടെ സംസാരപ്രിയം വർദ്ധിപ്പിക്കുന്നു. അൽപ്പസമയത്തിനകം വധൂവരന്മാരെയും അവരുടെ കുടുംബങ്ങളെയും പറ്റിയുള്ള കാര്യങ്ങളെല്ലാം പരസ്യമായി. വധു ജോപ്പായിലെ ധനികനായ ഒരു ജൗളിവ്യാപാരിയുടെ മകളാണ്. അവളെ വിവാഹം ചെയ്യാൻ പോകുന്നത് ജറുസലേമിലെ ധനാഢ്യനായ ഒരു കച്ചവടക്കാരന്റെ മകനാണ്.   വരനും സംഘവും മുൻപേ പോയിട്ടുണ്ട്.
ആ വായാടി മനുഷ്യന്റെ സംസാരം കേട്ടു കൊണ്ടിരുന്ന അപ്പസ്തോലന്മാർ തമ്മിൽ തമ്മിൽ സംസാരിക്കുന്നു.
"ആ വായാടി വിഡ്ഡിയെക്കൊണ്ട് എല്ലാം പറയിച്ച ആ മനുഷ്യനെ എനിക്കു തീരെ പിടിച്ചില്ല." ബർത്തലോമിയോ പറയുന്നു. "അവനാഗ്രഹിച്ചതെല്ലാം കേട്ടു  കഴിഞ്ഞപ്പോൾ അവൻ പർവതത്തിലേക്കു കയറിപ്പോയി. ഇതൊരു ചീത്ത സ്ഥലമാണ്. കാലാവസ്ഥയാണെങ്കിൽ പിടിച്ചുപറിക്കാർക്ക് ഏറ്റം അനുകൂലവും. നിലാവുള്ള രാത്രി..........  ഈ സ്ഥലം എനിക്കൊട്ടും   ഇഷ്ടപ്പെടുന്നില്ല.......   തുടർന്ന് യാത്രയാകുന്നതായിരുന്നു നല്ലത്."
"പണത്തിന്റെ കാര്യമെല്ലാം വിളമ്പിയ ആ മണ്ടൻ, വലിയ കാവൽക്കാരൻ - നിഴലിനെ പേടിക്കുന്നവൻ - കൊള്ളാം... തീ കൂട്ടിയിരിക്കുന്നതിനടുത്ത് ഞാൻ പോയി കാവലിരിക്കാം... എന്റെ കൂടെ ആരാണ് വരുന്നത്?" പത്രോസ് ചോദിക്കുന്നു.
"ഞാൻ വരാം സൈമൺ... എനിക്ക് ഉറക്കം നഷ്ടപ്പെട്ടാലും ബുദ്ധിമുട്ടില്ല." തീക്ഷ്ണനായ സൈമൺ പറയുന്നു. തനിച്ചു യാത്ര ചെയ്യുന്ന പലരും പല പ്രാവശ്യമായി എഴുന്നേറ്റു പോയിക്കഴിഞ്ഞു. ഇടയന്മാരും അവരുടെ ആട്ടിൻപറ്റവും വിവാഹസംഘവും മൂന്നു്  ആടുവിൽപ്പനക്കാരും അപ്പസ്തോലസംഘവും  മാത്രം അവശേഷിച്ചു. ആടുവിൽപ്പനക്കാർ ഉറക്കം പിടിച്ചു. വധു കൂടാരത്തിൽ ഉറങ്ങാൻ തുടങ്ങി.   ഭൃത്യന്മാർ നേരത്തേ തന്നെ കൂടാരം സ്ഥാപിച്ചിരുന്നു. 
അപ്പസ്തോലന്മാർ  വിശ്രമിക്കാനൊരുങ്ങുമ്പോൾ ഈശോ ഏകനായി പ്രാർത്ഥിക്കാൻ പോയി. പത്രോസും സൈമണും കൂടെ ആ മനുഷ്യൻ പർവതത്തിലേക്കു കയറിപ്പോയ വഴിയുടെ ഭാഗത്ത്   വലിയ  ആഴി കൂട്ടി.  ആ മനുഷ്യനാണ് ബർത്തലോമിയോയിൽ സംശയം ജനിപ്പിച്ചത്.
സമയം കുറെ കടന്നു പോയി. ഈശോ പ്രാർത്ഥിക്കയാണ്.
ഇടയന്മാരുടെ ഒരു വലിയ കാവൽനായ മുരളുന്നു. ഒരിടയൻ തല പൊക്കി നോക്കുന്നു. നായ വല്ലാതെ മുരളുകയും ചീറുകയും ചെയ്യുന്നു. സൈമൺ തലയുയർത്തി നോക്കുകയും ഉറക്കം പിടിച്ച പത്രോസിനെ വിളിച്ചുണർത്തുകയും ചെയ്യുന്നു. വനത്തിൽ ഇലകളനങ്ങുന്ന നേരിയ ശബ്ദം കേൾക്കുന്നുണ്ട്.
ഈ സമയം ആടുവിൽപ്പനക്കാരിലൊരുവൻ ഉണർന്ന് കൂട്ടുകാരെ ഉണർത്തുന്നു. ശബ്ദമുണ്ടാക്കാതെ എല്ലാവരും ശ്രദ്ധിക്കയാണ്.

                 ഈശോ എഴുന്നേറ്റു് പത്രോസും സൈമണും ഇരിക്കുന്നിടത്തേക്കു നടക്കാൻ തുടങ്ങി. മറ്റുള്ളവരെല്ലാം ഇടയന്മാരുടെ അടുത്ത് ഒരുമിച്ചുകൂടി. അവരുടെ നായ കൂടുതൽ ശൗര്യത്തോടെ കുരയ്ക്കുന്നു.

"ഉറങ്ങുന്നവരെയെല്ലാം വിളിച്ചുണർത്തൂ...എല്ലാവരും ശബ്ദമുണ്ടാക്കാതെ ഇങ്ങു പോരാൻ പറയുക; പ്രത്യേകിച്ച് സ്ത്രീകളും പണപ്പെട്ടി സൂക്ഷിക്കുന്ന ഭൃത്യന്മാരും.. ഒരുപക്ഷേ കൊള്ളക്കാർ അടുത്തെത്തിയിട്ടുണ്ടാവാം എന്ന് അവരോടു പറയുക. എന്നാൽ സ്ത്രീകളോട് ഒന്നും പറയേണ്ട."
അപ്പസ്തോലന്മാർ എല്ലാ ഭാഗത്തേക്കും പോയി അവരോടു കൽപ്പിച്ചതു പോലെ ചെയ്യുന്നു. ഇടയന്മാരോട് ഈശോ പറയുന്നു: "നല്ല പ്രകാശം കിട്ടത്തക്കവിധം കുറെയേറെ വിറകിട്ട് തീ ആളിക്കുക. ഭയപ്പെടേണ്ട. ഒരുപിടി രോമം പോലും നിങ്ങളിൽ നിന്ന് അപഹരിക്കപ്പെടുകയില്ല.
സ്ത്രീകൾ പേടിച്ച് കരഞ്ഞുകൊണ്ടാണു വരുന്നത്. അവരുടെ ധീരനായ ഇടനിലക്കാരൻ ഭയം കൊണ്ട് വിറച്ച് വിലപിക്കുന്നു; "ഇതു നമ്മുടെ അന്ത്യമായിരിക്കും. കൊള്ളക്കാർ  തീർച്ചയായും നമ്മെക്കൊല്ലും."
"ഭയപ്പെടേണ്ട. ഒരുത്തരും നിങ്ങളെ തൊടുകയില്ല." ഇങ്ങനെ പറഞ്ഞുകൊണ്ട് ഈശോ സ്ത്രീകളെ പുരുഷന്മാരുടെ സംഘത്തിന്റെയും പേടിച്ചരണ്ട ആടുകളുടെയും മദ്ധ്യത്തിൽ കൊണ്ടുചെന്നു നിർത്തുന്നു.
കഴുതകളെല്ലാം കരയുന്നു. പട്ടി കുര തന്നെ കുര... ആടുകളെല്ലാം കൂട്ടത്തോടെ കരയുന്നു... സ്ത്രീകൾ ഏങ്ങലടിച്ചു കരച്ചിലാണ്... പുരുഷന്മാർ സ്ത്രീകളെക്കാൾ കഷ്ടമായി കരയുന്നു..
 യാതൊന്നും സംഭവിക്കാത്തപോലെ ഈശോ ശാന്തനാണ്. സ്വരത്തിന്റെ ബഹളം കൊണ്ട് വനത്തിൽ നിന്നുള്ള ശബ്ദം കേൾക്കാനില്ല. എന്നാൽ മരച്ചില്ലകൾ ഒടിക്കയും പാറകൾ ഉരുട്ടിയിടുകയും ചെയ്യുന്നതു കേൾക്കുന്നതിനാൽ കൊള്ളക്കാർ  അടുത്തെത്തിയെന്നു വ്യക്തമായി. "ശബ്ദമുണ്ടാക്കരുത്." ഈശോ ആജ്ഞാപിക്കുന്നു. എല്ലാം നിശ്ശബ്ദമായി.
ഈശോ നിന്നിരുന്ന സ്ഥലത്തു നിന്ന് വനത്തിന്റെ ഭാഗത്തേക്കു തിരിഞ്ഞ് നടന്നു. വനത്തിനു പുറംതിരിഞ്ഞു നിന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി.



"സ്വർണ്ണത്തോടുള്ള ഹീനമായ ആർത്തി മനുഷ്യനെ നികൃഷ്ട വികാരങ്ങളിലേക്കു തള്ളിവിടുന്നു. വശീകരണ ശക്തിയുള്ള, എന്നാൽ ഉപകാരമില്ലാത്ത അതിന്റെ തിളക്കം എത്രയധികം തിന്മകൾക്കു കാരണമാകുന്നുവെന്ന് ചിന്തിച്ചു നോക്കൂ... എനിക്കു തോന്നുന്നത് നരകത്തിലെ വായുവിന് ഇതിന്റെ നിറം തന്നെയാകുന്നുവെന്നാണ്. മനുഷ്യൻ പാപം ചെയ്തതു മുതൽ
സ്വർണ്ണം നാരകീയമായിത്തീർന്നിട്ടുണ്ട്. ഒരു ബൃഹത്തായ ഇന്ദ്രനീലക്കല്ലായി ഭൂമിയെ സൃഷ്ടിച്ച ദൈവം, അതിന്റെ ഉദരകോശങ്ങളിൽ ഈ ലോഹത്തേയും വച്ചിട്ടുണ്ട്. അങ്ങനെ വച്ചതിന്റെ ഉദ്ദേശം, അതിന്റെ ലവണങ്ങൾ മനുഷ്യന് ഉപകാരപ്പെടട്ടെ എന്നും ദേവാലയത്തിന് അലങ്കാരമാകട്ടെ എന്നുമായിരുന്നു. എന്നാൽ സാത്താൻ ഹവ്വായുടെ കണ്ണുകളെ ചുംബിക്കുകയും മനുഷ്യന്റെ അഹന്തയെ കടിക്കയും ചെയ്തുകൊണ്ട് ലോഹത്തിന് - നിർദ്ദോഷിയായ ഈ ലോഹത്തിന് വലുതായ മാന്ത്രികശക്തിയുടെ രുചി പകർന്നു കൊടുത്തു. അന്നു തുടങ്ങി മനുഷ്യൻ സ്വർണ്ണത്തിനു വേണ്ടി പാപം ചെയ്യുകയും കൊലപാതകം വരെ നടത്തുകയും ചെയ്യുന്നു. സ്ത്രീകൾ സ്വർണ്ണത്തിനു  വേണ്ടി കാമവിലോലകളായി മാറി ജഡികപാപങ്ങൾക്കു പ്രേരിപ്പിക്കപ്പെടുന്നു. കള്ളൻ, പിടിച്ചുപറിക്കാരൻ, കൊലപാതകി, സഹോദര വിദ്വേഷി, സ്വയ വിദ്വേഷി ഇങ്ങനെയെല്ലാമായിത്തീരുകയാണ് മനുഷ്യൻ... ക്ഷണഭംഗുരമായ വസ്തുക്കൾക്കു വേണ്ടി അവന്റെ യഥാർത്ഥ പിതൃസ്വത്ത് നഷ്ടപ്പെടുത്തുന്നു. മിന്നുന്ന ഏതാനും ചെതുമ്പലുകൾക്കു വേണ്ടി - മരണത്തോടെ ഉപേക്ഷിക്കേണ്ടി വരുന്ന ഈ സാധനത്തിനായി - നിത്യമായ നിധി അവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
സ്വർണ്ണത്തിനു വേണ്ടി വലുതോ ചെറുതോ ആയ പാപങ്ങൾ ചെയ്യുന്ന നിങ്ങൾ, കൂടുതൽ പാപങ്ങൾ ചെയ്യുന്തോറും നിങ്ങളുടെ മാതാപിതാക്കളെയും അദ്ധ്യാപകരേയും കൂടുതലായി പരിഹസിച്ചു ചിരിക്കയാണ്. കാരണം, അവർ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, ഈ ഭൂമിയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രതിസമ്മാനം അഥവാ ശിക്ഷയുണ്ടാകുമെന്ന് - പാപം നിമിത്തം ദൈവത്തിന്റെ സംരക്ഷണം നഷ്ടപ്പെടുമെന്ന്. നിത്യജീവനും സന്തോഷവും നഷ്ടപ്പെടുകയും ഹൃദയത്തിൽ എപ്പോഴും അസ്വസ്ഥതയും കുണ്ഠിതവും അനുഭവപ്പെടുകയും ചെയ്യുമെന്ന് നിങ്ങൾ ചിന്തിക്കുന്നില്ലേ? ഭയം എപ്പോഴും നിങ്ങളുടെ കൂട്ടുകാരനായിരിക്കും. മനുഷ്യർ കണ്ടുപിടിച്ച് ശിക്ഷിക്കുമോ എന്ന ഭയം... ദൈവശിക്ഷയോടു താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യശിക്ഷ വളരെ ലഘുവാണ്. അക്രമികളായിത്തീരത്തക്ക വിധം  നിങ്ങൾ അത്ര അധഃപതിച്ചിട്ടുണ്ടെങ്കിൽ,   നിങ്ങളുടെ ശിക്ഷ നിത്യകാലത്തേക്കായിരിക്കും  എന്നു  നിങ്ങൾ
ചിന്തിക്കുന്നില്ലെങ്കിൽത്തന്നെയും അയൽക്കാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം എന്ന കൽപ്പന നിങ്ങൾ ലംഘിച്ചിരിക്കുന്നതിനാൽ -  നിങ്ങളുടെ അത്യാഗ്രഹം നിമിത്തം പട്ടിണി കിടക്കേണ്ടതായി വരുന്നവർക്ക് നിങ്ങൾ സഹായം നിരസിക്കുന്നതിനാൽ -  അന്യായമായി സ്ഥാനങ്ങളും സമ്പത്തും നിങ്ങൾ കയ്യടക്കിവക്കുന്നതിനാൽ - കള്ളത്രാസുകളുപയോഗിച്ചു  വഞ്ചിച്ചു് പണം സമ്പാദിക്കുന്നതിനാൽ - നിങ്ങൾ തീർച്ചയായും ശിക്ഷിക്കപ്പെടുന്നില്ല. നിങ്ങൾ ഇതൊന്നും ചിന്തിക്കുന്നില്ല. നിങ്ങൾ പറയും; ഇതെല്ലാം വെറും പൊട്ടക്കഥകളാണ്; എന്റെ സ്വർണ്ണത്തിന്റെ ഭാരം ഈ കഥകളെയെല്ലാം ഞെരിച്ചു കളഞ്ഞിട്ടുണ്ട്. അതിനാൽ അവയൊന്നും ഇനി ബാക്കിയില്ല എന്ന്.
എന്നാൽ ഇതൊന്നും പൊട്ടക്കഥകളല്ല. ഇതു  സത്യമാണ്. 'കൊള്ളാം, ഞാൻ മരിക്കുമ്പോൾ എല്ലാം തീരും' എന്നു പറയരുത്. ഇല്ല; മരണം ആരംഭമാണ്. വരാനിരിക്കുന്ന ജീവിതം  നീതിമാന്മാർക്ക്  സന്തോഷമുള്ള പ്രതീക്ഷയായിരിക്കും; നശിച്ചുപോയവർക്ക് ഭയാനകമായ പ്രതീക്ഷയും.
പാപികളായ നിങ്ങൾ ഇതേക്കുറിച്ച് ചിന്തിക്കൂ... അനുതപിക്കുന്നതിന് ഇപ്പോഴും സമയം വൈകിപ്പോയിട്ടില്ല. നിങ്ങളെ ഭയപ്പെടുന്ന മനുഷ്യർക്ക് സമാധാനം നൽകൂ... വളരെ നികൃഷ്ട സ്ഥിതിയിലെത്തിയിരിക്കുന്ന സാധുക്കളായ നിങ്ങൾക്കുതന്നെ നിങ്ങൾ സമാധാനം നൽകൂ... സഹോദരന്മാരുടെ രക്തം ഇറ്റിറ്റു വീഴുന്ന നിങ്ങളുടെ കൈകൾ പരിശുദ്ധമാക്കൂ... നിങ്ങളുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കൂ...
എനിക്ക് നിങ്ങളിൽ  പ്രത്യാശയുണ്ട്. അതുകൊണ്ടാണ് നിങ്ങളോടു ഞാൻ സംസാരിക്കുന്നത്. കാരണം ലോകം മുഴുവൻ നിങ്ങളെ  ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നെങ്കിലും ഞാൻ നിങ്ങളെ  ഭയപ്പെടുകയോ വെറുക്കുകയോ ചെയ്യുന്നില്ല. നേരെമറിച്ച് എന്റെ കരങ്ങൾ നീട്ടി ഞാൻ നിങ്ങളെ  വിളിക്കുന്നു. എഴുന്നേൽക്കൂ... വരൂ.. ജനങ്ങളുടെ ഇടയിൽ ശാന്തതയുള്ളവരായി വർത്തിക്കൂ... ഇവിടെയുള്ള ആളുകളോടു ഞാൻ പറയുന്നു, എല്ലാവരും തിരിച്ചുപോയി വിശ്രമിക്കൂ... നിങ്ങളുടെ പാവം സഹോദരങ്ങളോട് അൽപ്പം പോലും വെറുപ്പു തോന്നരുത്. നിങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കണം."
അനന്തരം എല്ലാവരോടുമായി ഈശോ പറയുന്നു: "നിങ്ങൾക്കെല്ലാവർക്കും ഇനി പോകാം. ഒട്ടും ഭയപ്പെടേണ്ട. തിന്മ പ്രവർത്തിക്കുന്നവർ ഇനി അവിടെയെങ്ങുമില്ല. വിസ്മയം പൂണ്ടു് വിലപിക്കുന്ന മനുഷ്യർ മാത്രമേയുള്ളൂ. കരയുന്നവർ ഒരുപദ്രവും ചെയ്കയില്ല. അവർ ഇപ്പോൾ ആയിരിക്കുന്നതു പോലെ തുടരണമേ, ദൈവമേ, ഇത് അവരുടെ രക്ഷയായിരിക്കും."

Sunday, September 25, 2011

പ്രലോഭിപ്പിക്കപ്പെടുന്നത് പാപമല്ല.

ഈശോ പറയുന്നു: ഒരാത്മാവ് പ്രലോഭനത്തിലൂടെ കടന്നു പോകുന്നു എന്നുള്ളത് ഒരുത്തരെയും വിസ്മയിപ്പിക്കേണ്ടതില്ല. യഥാർത്ഥത്തിൽ ഒരാത്മാവ് എന്റെ പാതയിൽ കൂടുതൽ കൂടുതൽ മുന്നേറുമ്പോൾ പ്രലോഭനം കൂടുതൽ കഠിനമാകുന്നു.
സാത്താൻ അസൂയാലുവും വക്രബുദ്ധിയുമാണ്. അതിനാൽ ഒരാത്മാവിനെ സ്വർഗ്ഗത്തിൽ നിന്നു പറിച്ചു മാറ്റുന്നതിന് കൂടുതൽ ബുദ്ധിമുട്ടേണ്ടതായി കാണുമ്പോൾ അവൻ തന്റെ ബുദ്ധി മുഴുവൻ പ്രയോഗിക്കുന്നു. ജഡികനായി ജീവിക്കുന്ന ഒരുവനെ പ്രലോഭിപ്പിക്കേണ്ട ആവശ്യമില്ല. അവൻ സ്വയം അതിനായി അദ്ധ്വാനിച്ചുകൊള്ളുമെന്ന് സാത്താനറിയാം. പക്ഷേ, ദൈവത്തിന്റേതു മാത്രമാകാൻ ആഗ്രഹിക്കുന്ന ഒരാത്മാവിൽ അവൻ തന്റെ സകല ദുഷ്ടതകളും പ്രയോഗിക്കുന്നു.
എങ്കിലും ആത്മാക്കൾ ഭയപ്പെട്ട് വിറകൊള്ളേണ്ടതില്ല; മനസ്സിടിയുകയും വേണ്ട. പ്രലോഭിപ്പിക്കപ്പെടുന്നത് പാപമല്ല. പ്രലോഭനങ്ങൾക്ക് വഴിപ്പെടുന്നതാണ് പാപം. 


              വലിയ പ്രലോഭനങ്ങളുണ്ട്. അവ നേരിടുമ്പോൾ നീതിനിഷ്ഠരായ ആത്മാക്കൾ ഉടനടി എതിർക്കും. എന്നാൽ അറിയുക പോലുമില്ലാത്ത ചെറിയ പ്രലോഭനങ്ങളുമുണ്ട്. ഇവയാണ് ശത്രുവിന്റെ പുതിയ ആയുധങ്ങൾ. ഒരാത്മാവ് വലുതും പ്രകടവുമായ പ്രലോഭനങ്ങളെ ജാഗ്രതയോടെ വീക്ഷിക്കുന്നു എന്നു  കാണുമ്പോഴാണ്  ശത്രു ഈ പരിഷ്കൃതായുധങ്ങൾ പ്രയോഗിക്കുന്നത്. ഈ പ്രലോഭനങ്ങൾ ഏതു സ്ഥലത്തു നിന്നും കടന്നു വരാവുന്നവയാണ്.
എന്തുകൊണ്ടാണ് ഞാൻ ഇവ അനുവദിക്കുന്നത്? ബുദ്ധിമുട്ട് അശേഷമില്ലെങ്കിൽ സമ്മാനത്തിന് എന്തർഹത? എന്റെ കാസയിൽ നിന്ന് കുടിക്കാത്തവരാണ് നിങ്ങളെങ്കിൽ നിങ്ങളെ എന്റേതെന്നു വിളിക്കാൻ എങ്ങനെ കഴിയും? 

എന്റെ കാസാ വേദനയുടേതു മാത്രമായിരുന്നോ? അല്ല; നിങ്ങൾ അനുഭവിക്കുന്നതിനു മുമ്പ് ഞാൻ പ്രലോഭനം അനുഭവിച്ചു.  എനിക്ക് മരുഭൂമിയിലെ ഒരു പരീക്ഷ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? 

 അല്ല; ക്രിസ്തുവായ ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, മറ്റവസരങ്ങളിലും എനിക്കു പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. സുവിശേഷം  അതു  പറയുന്നില്ല.  എന്നാൽ എന്റെ സ്നേഹിക്കപ്പെട്ട അപ്പസ്തോലൻ പറയുന്നു; 'ഈശോ ചെയ്ത എല്ലാ അത്ഭുതങ്ങളും രേഖപ്പെടുത്തുകയാണെങ്കിൽ ആ പുസ്തകങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിനു് ഇടം പോരാതെ വരും.

പ്രിയ ശിഷ്യരേ, ഇതേപ്പറ്റി ചിന്തിക്കുവിൻ. മനുഷ്യപുത്രനെ സുവിശേഷ പ്രഘോഷണത്തിൽ നിന്നു പിന്തിരിപ്പിക്കുവാൻ എത്രയധികം പ്രാവശ്യം സാത്താൻ ശ്രമിച്ചുകാണും!! തുടർച്ചയായുള്ള പര്യടനത്തിൽ ശരീരത്തിന് എത്രയധികം ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട്!  എന്റെ ആത്മാവിന്റെ തളർച്ച എത്രയധികമായിരുന്നു!!  എന്റെ ചുറ്റിലും ശത്രുക്കളും ജിജ്ഞാസുക്കളും  മാനുഷികമായ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചവരും എത്രയധികമായിരുന്നു! ഏകാന്തതയുടെ നിമിഷങ്ങളിൽ എത്രയധികം പ്രാവശ്യം പരീക്ഷകൻ എന്നെ മടുപ്പു കൊണ്ടു് പരീക്ഷിച്ചിരുന്നു!  ഗദ്സമെനിലെ രാത്രിയിൽ അവസാന യുദ്ധത്തിൽ - മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനും നരകവും തമ്മിലുള്ള യുദ്ധത്തിൽ - വിജയിക്കുവാൻ എത്ര കൗശലത്തോടെ സാത്താൻ ശ്രമിച്ചു!! 

            ദൈവികതയും പൈശാചികതയും തമ്മിലുള്ള മൽപ്പിടുത്തത്തിന്റെ രഹസ്യം അറിയുവാനും അതിലേക്ക് ചൂഴ്ന്നിറങ്ങുവാനുമുള്ള  കൃപ മനുഷ്യന്  നൽകപ്പെട്ടിട്ടില്ല. അതിലൂടെ  കടന്നുപോയ എനിക്കു മാത്രമേ  അതറിയൂ. അതിനാൽ  ഞാൻ നിങ്ങളോടു പറയുന്നു: ഒരു നല്ല കാര്യത്തിനായി സഹിക്കുന്ന മനുഷ്യനോടു കൂടെ ഞാനുണ്ട്. 
  ഒരു ബലി പൂർത്തിയാക്കുന്നിടത്ത് ഞാനുണ്ട്.
മറ്റുള്ളവർക്കായി പരിഹാരം ചെയ്യുന്ന നിങ്ങളോടു ഞാൻ പറയുന്നു: 'ഭയപ്പെടേണ്ട; അവസാനം വരെ ഞാൻ നിങ്ങളോടു കൂടിയുണ്ട്."

Saturday, September 24, 2011

മഗ്ദലനാ മേരിയുമായുള്ള കൂടിക്കാഴ്ച

  ഈശോ സുവിശേഷ ഭാഗ്യങ്ങളെപ്പറ്റി പ്രസംഗിച്ച മലയിലാണ്.  അവിടുന്ന്  പ്രസംഗം ആരംഭിച്ചു. "നിങ്ങൾക്കു സമാധാനം ഉണ്ടാകട്ടെ. നിങ്ങൾ പിന്തുടരേണ്ട ദൈവികമാർഗ്ഗങ്ങൾ ഞാൻ വിശദീകരിക്കാം.   ഇവിടെ നിന്നും ഇടതുവശത്തുള്ള വഴിയിലൂടെ പോകുന്ന ഒരാൾക്ക്, അതേസമയത്തുതന്നെ വലതുവശത്തുകൂടി താഴേക്കു പോകുന്ന വഴിയിലൂടെ സഞ്ചരിക്കാൻ കഴിയുമോ ? ഇല്ല, എന്തെന്നാൽ ഒരു വഴിയേ പോകുമ്പോൾ നിങ്ങൾക്ക്  മറ്റേ വഴി ഉപേക്ഷികേണ്ടി വരും.  രണ്ടുവഴികളും  അടുത്തടുത്തു    വന്നാൽപ്പോലും  ഒരു  കാൽ ഒരു  വഴിയിലും മറ്റേക്കാൽ മറ്റേ വഴിയിലും ചവിട്ടി നിങ്ങൾക്ക് ഏറെ ദൂരം പോകാൻ കഴിയില്ല. എന്നാൽ ദൈവത്തിന്റെയും സാത്താന്റെയും
 വഴികൾക്കു തമ്മിൽ വളരെ അകലമുണ്ട്. അത് കൂടിക്കൂടി വരികയുമാണ്. താഴേക്കു  പോകുന്തോറും ആ കാണുന്ന വഴികൾ തമ്മിൽ  അകലം കൂടിവരുന്നതുപോലെ. ഒരു വഴിയേ  പോയാൽ കഫർണാമിലെത്തും; മറ്റേ വഴിയിലൂടെ പോകുന്നവൻ ടോളോമയ്സിലായിരിക്കും എത്തുക. 

            ജീവിതവും ഇപ്രകാരമാണ്. ഭൂതവും ഭാവിയും തമ്മിലും നന്മയും തിന്മയും തമ്മിലും ഉള്ള അകലം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കും. തന്റെ ഇച്ഛാശക്തിയുമായി മനുഷ്യൻ ഇവയുടെ മദ്ധ്യത്തിൽ നിൽക്കുന്നു. ഒരു പാത അവസാനിക്കുന്നത് ദൈവത്തിലും സ്വർഗ്ഗത്തിലുമാണ്. മറ്റേത് സാത്താനിലുംനരകത്തിലും എത്തുന്നു. ഇവയിൽ ഒന്ന് മനുഷ്യനു തെരഞ്ഞെടുക്കാം. ആരും അവനെ നിർബന്ധിക്കുന്നില്ല. സാത്താൻ ഞങ്ങളെ പ്രലോഭിപ്പിച്ചു എന്ന് നിങ്ങൾ എന്നോടു പറയരുത്. തെറ്റായ പാതയിൽക്കൂടിപ്പോയതിന് അതൊരു ഒഴിവുകഴിവല്ല. അതേസമയത്തുതന്നെ തന്റെ അതിശക്തമായ സ്നേഹത്താലും പരമപരിശുദ്ധമായ വചനത്താലും ഏറ്റവും ആകർഷകമായ വാഗ്ദാനങ്ങളാലും  ദൈവവും നിങ്ങളെ പ്രലോഭിപ്പിച്ചിരുന്നല്ലോ ? ഇവയിൽ ഒന്നിനാൽമാത്രം നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുവാൻ കാരണമെന്താണ് ? ഏറ്റവും അനർഹമായതിന് നിങ്ങൾ  ചെവി കൊടുത്തതെന്തിനാണ് ? സാത്താന്റെ വിഷത്തെ അതിജീവിക്കുവാൻ ദൈവത്തിന്റെ വചനങ്ങൾക്കും വാഗ്ദാനങ്ങൾക്കും സ്നേഹത്തിനും കഴിവില്ലെന്നോ ?

    നിങ്ങളുടെ  ഈ സമീപനം നിങ്ങൾക്കു  പ്രയോജനകരമല്ലെന്നു മനസ്സിലാക്കുക. അതിനാൽ രണ്ടു പാതകളിൽ നല്ലതു തെരഞ്ഞെടുക്കുകയും അതിലൂടെ മുന്നേറുകയും ചെയ്യുക. ഇന്ദ്രിയങ്ങൾ, ലോകം, ശാസ്ത്രം, സാത്താൻ എന്നിവയുടെ പ്രലോഭനങ്ങളെ അതിജീവിച്ചു മുന്നേറുക. നിങ്ങളുടെ  പ്രവൃത്തികൾ നന്മതിന്മകൾ ഇടകലർന്നതായാൽ നിങ്ങൾക്കു യാതൊരു പ്രയോജനവുമില്ല. ദുഷ്ടന്മാരുടെ സാമീപ്യത്തിൽ നിങ്ങളിലെ നന്മ മുഴുവൻ നിർവീര്യമാകും. അവശേഷിക്കുന്ന തിന്മ നിങ്ങളെ നയിക്കുന്നത് നേരെ സാത്താന്റെ  കരങ്ങളിലേക്കായിരിക്കും. നിങ്ങളുടെ   പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായിരിക്കണം. രണ്ടു മനസ്സോടെ രണ്ടു യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല. അയാൾ ഒരാളെ സ്നേഹിക്കും; മറ്റേയാളെ വെറുക്കും. നിങ്ങൾക്ക് ഒരേസമയം ദൈവത്തേയും മാമ്മോനെയും സ്നേഹിക്കാൻ കഴിയുകയില്ല. ദൈവത്തിന്റെ  ആത്മാവിന് ലോകത്തിന്റെ ആത്മാവുമായി സമരസപ്പെടാൻ സാദ്ധ്യമല്ല. ആദ്യത്തേത് നിങ്ങളെ  ഉയർത്തുന്നു. രണ്ടാമത്തേത് നിങ്ങളെ  താഴ്ത്തുന്നു. ആദ്യത്തേത് നിങ്ങളെ ശുദ്ധീകരിക്കുന്നു. രണ്ടാമത്തേത് നിങ്ങളെ അശുദ്ധനാക്കുന്നു. ദുഷ്ടനിൽ ഇന്ദ്രിയങ്ങൾ ഉണർന്നു പ്രവർത്തിക്കുകയും അവ ആസക്തികളുടെ പിന്നാലെ പോവുകയും ചെയ്യുന്നു.   ദുഷ്ടനായ ഒരു  വ്യക്തി മറ്റൊരാളേക്കൂടി ദുഷ്ടതയിലേക്ക് വലിച്ചിഴയ്ക്കുന്നു. രണ്ടാമത്തെയാൾ ശരിയായ അർത്ഥത്തിൽ ഒരു  വിശുദ്ധനാണെങ്കിൽ ഇങ്ങനെ വലിച്ചിഴയ്ക്കാൻ കഴിയുകയില്ല.  
      
                  അതിനാൽ അല്ലയോ ദൈവമക്കളേ, നിങ്ങൾക്കെതിരായി നിങ്ങളെത്തന്നെ കാത്തുകൊള്ളുക. പ്രലോഭനങ്ങൾക്കെതിരായി നിതാന്തജാഗ്രത പുലർത്തുക. പ്രലോഭനങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നുഎന്നതു പാപമല്ല. ഏറ്റുമുട്ടലിൽ വിജയം വരിക്കുവാൻ കായികതാരങ്ങൾ തയാറെടുപ്പുനടത്താറുണ്ടല്ലോ. വേണ്ടത്ര തയാറെടുപ്പില്ലാത്തതു കൊണ്ടോ നിങ്ങൾ അലസനായതുകൊണ്ടോ മൽസരത്തിൽ പരാജയപ്പെടേണ്ടി വന്നാൽ അതു മോശമാണ്. ഓരോ കാര്യവും പ്രലോഭനമായി പരിണമിച്ചേക്കാമെന്ന് എനിക്കറിയാം. അപ്പോൾ  പ്രതിരോധശക്തി കുറഞ്ഞുപോകുമെന്നും എനിക്കറിയാം. ഈ ഏറ്റുമുട്ടൽ ക്ഷീണിപ്പിക്കുന്നതാണെന്നും ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇവയിൽനിന്ന് എന്താണ് നിങ്ങൾക്കു  ലഭിക്കാൻ പോകുന്നതെന്ന് ആലോചിച്ചുനോക്കുക. ഏതു തരത്തിലുള്ളതായാലും ഒരു മണിക്കൂർനേരത്തെ സുഖത്തിനുവേണ്ടി നിത്യമായ സമാധാനം നഷ്ടപ്പെടുത്തുവാൻ നിങ്ങൾ ആഗ്രഹിക്കുമോ ? മാംസമോ സ്വർണ്ണമോ ചിന്തയോ നിങ്ങൾക്കു നേടിത്തരുന്ന സുഖം അൽപ്പമെങ്കിലും ബാക്കി നിൽക്കുമോ ? ഇല്ല. അത്തരം  സുഖം ഉപേക്ഷിച്ചാൽ നിങ്ങൾക്ക് എന്തുകിട്ടും ? എല്ലാം കിട്ടും.  ശരി, നിങ്ങൾ  എന്നോട് സത്യംപറയുക. ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുകഴിയുമ്പോൾ നിങ്ങളുടെ അത്യാഗ്രഹവും അഹങ്കാരവും വർദ്ധിക്കുകയല്ലേ ചെയ്യുന്നത് ? ഇന്ദ്രിയസംതൃപ്തി നേടിയശേഷം അതേപ്പറ്റി ആലോചിക്കുമ്പോൾ സന്തോഷം ലഭിച്ചതായി നിങ്ങൾക്ക് ശരിക്കും തോന്നാറുണ്ടോ ? ഇന്ദ്രിയസുഖത്തിന്റെ അപ്പം ഞാൻ ഒരിക്കലും രുചിച്ചിട്ടില്ല. എങ്കിലും നിങ്ങൾക്കുവേണ്ടി ഞാൻ മറുപടി പറയാം. "ഇല്ല, ആ സുഖത്തിനുവേണ്ടി ചെലവഴിച്ച ആ സമയത്തുനിന്ന് ഊറിക്കിട്ടിയത് ഇതൊക്കെയാണ്;  ഓക്കാനം, തളർച്ച, അസന്തുഷ്ടി, ഭയം, അസ്വാസ്ഥ്യം."

    ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. "ഒരിക്കലും അങ്ങനെ ചെയ്യരുത്' എന്നു  ഞാൻ പറയുമ്പോൾ "തെറ്റുകൾ ചെയ്യുന്നവരുടെ അടുക്കൽ നിങ്ങൾ വഴങ്ങിക്കൊടുക്കരുത്" എന്നുകൂടി ഞാൻ അർത്ഥമാക്കുന്നു. നിങ്ങളെല്ലാവരും സഹോദരന്മാരാണെന്ന ഓർമ്മ വേണം.

     ഒരേ മാംസവും ഒരേ ആത്മാവുമാണ് നിങ്ങളുടേത്. ഒരാൾ പാപത്തിലേക്ക് നയിക്കപ്പെടുന്നതിന് പല കാരണങ്ങളുണ്ടാവാം. നിങ്ങൾ  പാപികളോടു കരുണ കാണിക്കുകയും ദയാപൂർവം അവരെ സഹായിക്കുകയും വേണം. അങ്ങനെ അവരെ ദൈവത്തിലേക്കു തിരിയെ കൊണ്ടുവരണം. അങ്ങനെ ചെയ്താൽ നിങ്ങൾക്കു  വലിയ പ്രതിഫലം ലഭിക്കും. എന്തെന്നാൽ സ്വർഗ്ഗസ്ഥനായ പിതാവ് നല്ലവരോട് കാരുണ്യമുള്ളവനാണ്. അർഹതയുള്ളവർക്ക് നൂറുമടങ്ങായി നൽകേണ്ടതെങ്ങിനെയെന്ന് അവിടുത്തേക്കറിയാം. അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു........."

  ഈ സമയം ഈശോയുടെ പ്രസംഗം തടസ്സപ്പെട്ടു. ജനങ്ങൾക്ക് വലിയ വികാരാവേശമുണ്ടായി. അവർ ഈശോ നിന്നിരുന്ന പീഠത്തിനടുത്തു തടിച്ചുകൂടി. ഈശോ  പ്രസംഗം നിർത്തി തിരിഞ്ഞുനോക്കി. മറ്റുള്ളവർ നോക്കിയിടത്തേക്ക് അവിടുന്നും നോക്കി. മോടിയായി വസ്ത്രധാരണം ചെയ്ത നാലു പൂവാലന്മാർ, കൈകൾ കൂട്ടിപ്പിണച്ച് ഒരു ഇരിപ്പിടമുണ്ടാക്കി അതിന്മേലിരുത്തി മഹാപാപിനിയായ മേരിമഗ്ദലനയെ അങ്ങോട്ടു കൊണ്ടുവരികയാണ്. അവരിൽ ഒരാൾ ഒരു  റോമാക്കാരനാണ്.  മനോഹരമായ അധരങ്ങൾകൊണ്ട് അവൾ പുഞ്ചിരിക്കയാണ്. അവളുടെ ശിരസ്സും സ്വർണ്ണനിറത്തിലുള്ള തലമുടിയും ആകർഷകമായിരുന്നു. പിന്നിയിട്ടിരിക്കുന്ന ആ ചുരുണ്ടമുടിയിൽ വിലയേറിയ ഹെയർപ്പിന്നുകളും മുത്തുകൾ പതിച്ച ഒരു  സ്വർണ്ണ പതക്കവും കുത്തിവച്ചിട്ടുണ്ട്. നെറ്റിയുടെ മുകൾഭാഗത്തെ ആവരണം ചെയ്തിരുന്ന പതക്കം ഒരു കിരീടം പോലെയിരിക്കുന്നു. അതിനിടയിലൂടെ വീണുകിടക്കുന്ന അളകങ്ങൾ അവളുടെ അതിസുന്ദരമായ കണ്ണുകളെ അൽപ്പാൽപ്പം മറയ്ക്കുന്നുണ്ട്. പിൻവശത്ത് അവളുടെ സമൃദ്ധമായ തലമുടിയുടെ താഴെയായി അതിവെൺമയാർന്ന നഗ്നകണ്ഠം കാണാം. ഒട്ടും കൈകളില്ലാത്ത ഉടുപ്പ് രണ്ട് സ്വർണ്ണശൃംഖലകൾ കൊണ്ട്   ബന്ധിച്ചിരിക്കുന്നു. അവൾ ഇടയ്ക്കിടെ തിരിഞ്ഞ് തന്റെ കാമുകരിൽ ഓരോരുത്തരോടും എന്തൊക്കെയോ പറയുന്നു. അവരിൽ ആ റോമാക്കാരനോടാണ് അവൾക്ക് കൂടുതൽ ഇഷ്ടമെന്നു തോന്നുന്നു. എന്തെന്നാൽ ഇടയ്ക്കിടെ അവൾ അയാളെ നോക്കി പുഞ്ചിരിക്കയും അവളുടെ തല അയാളുടെ തോളിൽ ചാരുകയും ചെയ്യുന്നു.

    'ഈ ദേവതയുടെ ആഗ്രഹം സാധിച്ചു." റോമാക്കാരൻ പറയുന്നു. അതാ, അവിടെ ഭവതി കാണാനാഗ്രഹിച്ച അപ്പോളോ ദേവൻ. അതിനാൽ അദ്ദേഹത്തെ വശീകരിക്കൂ. എന്നാൽ ഭവതിയുടെ സൗന്ദര്യധാരയുടെ ഉച്ഛിഷ്ടമെങ്കിലും ഞങ്ങൾക്കുവേണ്ടി ബാക്കിവച്ചേക്കണേ."


മഗ്ദലനാമേരി പുഞ്ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെ ചാടിയിറങ്ങി. നേർമ്മയുള്ള വെളുത്ത കമ്പിളിവസ്ത്രം കൊണ്ട് അവൾ ശരീരം മൂടിയിട്ടുണ്ട്. സ്വർണ്ണനിർമ്മിതമായ ഒരു വലിയ ബൽറ്റ് അരയിൽ കെട്ടിയിരിക്കുന്നു. ആ പുൽപ്പരപ്പിലെ ലില്ലിപ്പുഷ്പങ്ങൾക്കിടയിൽ ആഭിചാരകർമ്മത്താൽ ആവിർഭവിച്ച ഒരു അവിശുദ്ധ മാംസപുഷ്പത്തേപ്പോലെ അവൾ നിന്നു. അവളുടെ ഇളംചുവപ്പുള്ള ചുണ്ടുകൾക്കിടയിലൂടെ അതിമനോഹരമായ ദന്തനിര പുറത്തു കാണാം. സൗന്ദര്യവും ആകാരഭംഗിയും ഒത്തിണങ്ങിയതായിരുന്നു അവളുടെ ശരീരം.


     ഈശോ അവളെ തുറിച്ചുനോക്കി. അവൾ ധിക്കാരപൂർവം അതിനെ നേരിട്ടു. ഈശോ നോട്ടം പിൻവലിച്ചുകൊണ്ട് പ്രസംഗം പുനരാരംഭിച്ചു.  എരിഞ്ഞടങ്ങാൻ തുടങ്ങിയ ആ പ്രസംഗം ആ മായാരൂപിണിയുടെ ആഗമനത്തോടെ വീണ്ടും കത്തിജ്ജ്വലിക്കുകയാണ്.
"നിയമത്തോടു വിശ്വസ്തത പുലർത്താനും വിനയവും കാരുണ്യവും ഉള്ളവരാകുവാനും രക്തബന്ധത്തിലുള്ളവരെ മാത്രമല്ല, മനുഷ്യരായി ജനിച്ച എല്ലാവരേയും സഹോദരന്മാരായി സ്നേഹിക്കുവാനും ഞാൻ നിങ്ങളോടു പറഞ്ഞു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളോടു പറയുന്നതെന്തെന്നാൽ നിങ്ങൾ  അപലപിക്കുവാൻ ആഗ്രഹിക്കുന്ന പാപത്തിൽനിന്നു വിമുക്തരല്ലെങ്കിൽ നിങ്ങൾ  ആ പാപത്തെ അപലപിക്കരുതെന്നാണ്. തങ്ങളോടുതന്നെ ഒഴികെ മറ്റെല്ലാവരോടും കർക്കശമായി പെരുമാറുന്ന പരീശന്മാരെപ്പോലെ നിങ്ങൾ  പെരുമാറരുത്. അവർ ബാഹ്യമായതിനെയാണ് അശുദ്ധമെന്നു വിളിക്കുന്നത്. എന്നാൽ അതിന് ബാഹ്യമായതിനെ മാത്രമേ അശുദ്ധമാക്കാൻ കഴിയൂ. അവരാകട്ടെ, ഉള്ളിന്റെ ഉള്ളിൽ അവരുടെ ഹൃദയത്തിൽ അശുദ്ധിയെ കൈക്കൊള്ളുന്നവരാണ്.

ധനികർക്കും അമിതമായ സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കും ഹാ കഷ്ടം ! എന്തെന്നാൽ  ഇങ്ങനെയുള്ളവരിലാണ് ഏറ്റവുമധികം അശുദ്ധി കാണപ്പെടുന്നത്. അലസതയും പണവും അവരുടെ കിടക്കയും തലയിണയുമാണ്. നിങ്ങൾക്ക് ഇപ്പോൾ ചെടിച്ചിരിക്കും. ഭോഗാസക്തിയാകുന്ന ഭക്ഷണം തൊണ്ടയിലെത്തി നിങ്ങളെ ശ്വാസം മുട്ടിക്കുന്നു. എങ്കിലും നിങ്ങൾ വിശപ്പുള്ളവരായിരിക്കും. നിങ്ങളുടെ  വിശപ്പ് അതിഭയങ്കരമായിരിക്കും. നിങ്ങൾക്ക് ഒരിക്കലും പൂർണ്ണമായ തൃപ്തി കൈവരികയില്ല. നിങ്ങൾ   ഇപ്പോൾ ധനികരാണ്. ഈ ധനംകൊണ്ട് എത്രത്തോളം നന്മചെയ്യാൻ നിങ്ങൾക്കു  കഴിഞ്ഞു ? നേരെമറിച്ച് നിങ്ങൾക്കും മറ്റുള്ളവർക്കും കഴിയുന്നത്ര തിന്മയാണു നിങ്ങൾ   ചെയ്തത്. എന്നാൽ ഒരിക്കലും അവസാനിക്കാത്ത ഒരു  ദിനത്തിൽ നിങ്ങൾക്ക് ഭയങ്കരമായ ദാരിദ്ര്യം അനുഭവപ്പെടും. നിങ്ങൾ   ഇപ്പോൾ ചിരിക്കുന്നു. എന്നാൽ നിങ്ങളുടെ   കണ്ണുനീർ കൊണ്ട് ഗഹെന്നായിലെ കുളങ്ങൾ നിറയും. അത് ഒരിക്കലും അവസാനിക്കുകയില്ല.

    വ്യഭിചാരത്തിന്റെ അഭയസ്ഥാനം എവിടെയാണ് ? യുവതികളുടെ ഈ തിന്മയുടെ ഗൂഢസങ്കേതം ഏതാണ് ? വിവാഹബന്ധത്തിലുള്ള കിടക്കയ്ക്കു പുറമേ വേറെ രണ്ടോ മൂന്നോ കിടക്കകൾ കൂടി തേടിപ്പോകുന്നതാരാണ്? തന്റെ പണം ധൂർത്തടിക്കുകയും ജോലി ചെയ്ത് തന്റെ കുടുംബത്തെ പുലർത്താനായി ദൈവം തന്നിരിക്കുന്ന ശരീരം അവിശുദ്ധകളായ വേശ്യകൾക്കു നൽകി അതിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു കളയുകയും ചെയ്യുന്നതാരാണ് ? നിങ്ങൾ   വ്യഭിചാരം ചെയ്യരുത് എന്ന കൽപ്പന നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നതെന്തെന്നാൽ കാമാസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവനും പരപുരുഷനോടൊപ്പം പോകാൻ ആഗ്രഹിക്കുന്നവളും അതുകൊണ്ടുതന്നെ തന്റെ ഹൃദയത്തിൽ വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്നാണ്. യാതൊരു ന്യായംകൊണ്ടും   വ്യഭിചാരത്തെ ന്യായീകരിക്കുവാൻ കഴിയുകയുമില്ല -  യാതൊന്നുകൊണ്ടും. ഭർത്താവിന്റെ നിരാകരണമോ ഭാര്യയുടെ ദുശ്ശീലങ്ങളോ ഒന്നും ഇതിനുള്ള ന്യായീകരണമല്ല. നിങ്ങൾക്ക് ഒരേയൊരു ആത്മാവേയുള്ളൂ. പരസ്പര വിശ്വാസത്തിലൂടെ അത് മറ്റൊരു ആത്മാവുമായി യോജിച്ചുകഴിഞ്ഞാൽ പിന്നെ വഞ്ചന കാണിക്കരുത്. അല്ലയോ ദുഷ്ടാത്മാക്കളേ, നേരെമറിച്ചായാൽ മനോഹരമായ ശരീരം വരുത്തിവക്കുന്ന പാപം നിങ്ങളെ  ഒടുങ്ങാത്ത അഗ്നിയിലേക്കു നയിക്കും. അല്ലയോ ധനവാന്മാരേ, ദുഷ്ടതയുടെ അഴുക്കുവെള്ളം കെട്ടിനിർത്തിയിരിക്കുന്ന സംഭരണികളേ, നിങ്ങളുടെ ധാർമ്മികബോധം വീണ്ടെടുക്കുക. അങ്ങനെ നിങ്ങൾ സ്വർഗ്ഗത്തെ വെറുക്കാതിരിക്കുവാൻ ഇടവരട്ടെ !"

     വശീകരണക്ഷമമായ ദിവാസ്വപ്നത്തിലും ഹാസ്യഭാവത്തിലുമിരുന്ന് പ്രസംഗം കേട്ടുകൊണ്ടിരുന്ന മേരി, ആദ്യമൊക്കെ ഇടയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിലായപ്പോഴേക്കും അതു കടുംകോപമായി മാറി. തന്നെ നോക്കിയല്ല പറഞ്ഞതെങ്കിലും പറഞ്ഞതു മുഴുവൻ തന്നോടാണെന്ന് അവൾക്ക് മനസ്സിലായി. കോപം നിയന്ത്രണാതീതമായപ്പോൾ അവൾ അവിടം വിട്ടിറങ്ങി. ആളുകളുടെ പരിഹാസദ്യോതകമായ നോട്ടവും ഈശോയുടെ ശബ്ദവും കുറേനേരത്തേക്ക് അവളെ പിന്തുടരുന്നുണ്ടായിരുന്നു. മലയുടെ താഴ്വാരത്തേക്കിറങ്ങവേ അവളുടെ വസത്രാഞ്ചലം വഴിയോരത്തെ ഞെരിഞ്ഞിലുകളിലും കാട്ടുറോസുകളിലും ഉടക്കി. അവ അവളെ പരിഹസിച്ചു ചിരിക്കുകയാണെന്നു തോന്നി.


          മ്ഗദലനാമേരി പോയിക്കഴിഞ്ഞപ്പോൾ ഈശോ  പ്രസംഗം തുടർന്നു. " ഇവിടെ  സംഭവിച്ച കാര്യങ്ങളിൽ നിങ്ങൾ കോപാകുലരാണ്. കഴിഞ്ഞ ദിവസങ്ങളിലൊന്നും യാതൊരു കുഴപ്പവുമില്ലാതിരുന്ന നമ്മുടെ കൂടാരം സാത്താന്റെ ഫൂൽക്കാരം മൂലം മറിഞ്ഞുവീണിരിക്കുന്നു. ഇനി അത് ഒരു വാസസ്ഥാനമായി ഉപയോഗിക്കാൻ പറ്റില്ല. അതിനാൽ അത് നാം ഉപേക്ഷിക്കയാണ്. എന്നാൽ വിശാലമായ ഈ ചക്രവാളത്തിനു കീഴിൽ നിന്നുകൊണ്ട് "ഏറ്റവും പൂർണ്ണമായ"  ഈ നിയമസംഹിത ഉപസംഹരിക്കുവാൻ ഞാനാഗ്രഹിക്കുന്നു. ദൈവം സൃഷ്ടാവെന്ന നിലയിലുള്ള തന്റെ മഹത്വത്തോടുകൂടി പ്രത്യക്ഷപ്പെടുകയും തന്റെ അത്ഭുതങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. സാത്താനല്ല, ദൈവമാണ് സർവശക്തനെന്നു നമുക്കു ദൃഢമായി വിശ്വസിക്കാം. ഒരു ചെറിയ പുൽക്കൊടിയെപ്പോലും സൃഷ്ടിക്കാൻ സാത്താന് കഴിയുകയില്ല. ഇതു നമ്മെ ആനന്ദിപ്പിക്കണം. നാമിപ്പോൾ തണുപ്പും തണലുമുള്ള താഴ്വാരത്തേക്കു മാറുകയാണ്.


     കൂടാരം താഴേക്കു കൊണ്ടുപോകാൻ ഈശോ പതോസിനോട് പറയുന്നു. അപ്പസ്തോലന്മാരെല്ലാവരും കൂടി  ഉൽസാഹപൂർവം കൂടാരം താഴ്വാരത്തേക്കു മാറ്റുന്നു. ഈസമയം ജനങ്ങൾ ഭക്ഷണം കഴിക്കുന്നു. ബർത്തലോമിയോ പറയുന്നു; " ഗുരോ ഒരു കാര്യം ഓർത്താലും. ഇന്ന് വെള്ളിയാഴ്ചയാണ്. നാളെ അവർക്ക് ഭക്ഷണം കിട്ടുമെന്നോ യഥാസമയം വീട്ടിലെത്താൻ കഴിയുമെന്നോ എനിക്കു തോന്നുന്നില്ല.

"അതു സാരമില്ല, ദൈവം അതിനൊക്കെ വഴികാണും. പക്ഷേ നാം അവരോട് പറയണം."
ഈശോ ജനങ്ങളുടെ അടുത്തേക്കു ചെന്നുപറഞ്ഞു; "ഒരു കാര്യം നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാനാഗ്രഹിക്കുന്നു. അതായത്, ഇന്ന് വെള്ളിയാഴ്ചയാണ്. സമയത്ത് വീട്ടിലെത്താൻ കഴിയില്ലെന്ന് ഭയമുള്ളവരും നാളത്തേക്കുള്ള ഭക്ഷണം ദൈവം തരുമെന്ന് വിശ്വസിക്കാൻ കഴിയാത്തവരും ഉടൻതന്നെ പോവുക. സൂര്യാസ്തമയത്തിനു മുമ്പ് അവർക്കു വീട്ടിലെത്താം."


ആ വലിയ ജനക്കൂട്ടത്തിൽ നിന്ന് ഏകദേശം അമ്പതുപേർ എഴുന്നേറ്റു പോയി. ബാക്കിയുള്ളവർ അവിടെത്തന്നെ ഇരുന്നു. ഈശോ പുഞ്ചിരിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചു.


                    "പഴയ കാലത്ത് ഇപ്രകാരം പറയുന്നത് നിങ്ങൾ കേട്ടിരിക്കും. "നിങ്ങൾ വ്യഭിചാരം ചെയ്യരുത്.' ഈ പാപത്തെപ്പറ്റി ഞാൻ പലസ്ഥലങ്ങളിലും വച്ചു പറയുന്നത് നിങ്ങളിൽ പലരും കേട്ടിരിക്കും. എന്റെ നോട്ടത്തിൽ ഇതു് ഒരാളെ മാത്രമല്ല രണ്ടോ മൂന്നോ പേരെ ബാധിക്കുന്ന പാപമാണ്. ഞാനിത് ഒന്നുകൂടി വ്യക്തമാക്കാം. ഒരു വ്യഭിചാരി തന്നോടുതന്നെ പാപം ചെയ്യുന്നു.  അയാൾ തന്റെ പങ്കാളിയോട്  പാപം ചെയ്യുന്നു; വഞ്ചിതയായ ഭാര്യയോ ഭർത്താവോ പാപം ചെയ്യാൻ ഇതു് കാരണമായിത്തീരുകയും ചെയ്യുന്നു. ഇപ്രകാരം വഞ്ചിക്കപ്പെടുന്ന  ഭാര്യാഭർത്താക്കന്മാർ നിരാശയിലാണ്ടു പോകുന്നതിനോ വല്ലകടുംകൈയും ചെയ്യുന്നതിനോ പ്രേരിതരാകുന്നു. ചെയ്തുകഴിഞ്ഞ വ്യഭിചാരപ്രവൃത്തിയെക്കുറിച്ചാണ് ഇപ്പറഞ്ഞത്. എന്നാൽ ഞാൻ ഒന്നുകൂടി പറയുന്നു; ചെയ്തുകഴിഞ്ഞ പാപം മാത്രമല്ല പാപം, ചെയ്യാനുള്ള അഭിലാഷവും പാപം തന്നെയാണ്.  വ്യഭിചാരമെന്നത് എന്താണ് ? നമ്മുടേതല്ലാത്ത ഒരുവനു വേണ്ടിയോ ഒരുവൾക്കു  വേണ്ടിയോ  ഉള്ള ആസക്തിയാണത്. പാപം ആഗ്രഹത്തിൽ തുടങ്ങുന്നു, പ്രലോഭനത്തിൽ തുടരുന്നു, പ്രേരണയിൽ പൂർത്തിയാകുന്നു, പ്രവൃത്തിയിൽ മകുടമണിയുന്നു.

   ഒരാൾ എങ്ങിനെയാണ് ഈ പാപത്തിനു തുടക്കം കുറിക്കുന്നത് ? സാധാരണഗതിയിൽ ശുദ്ധമല്ലാത്ത ഒരു നോട്ടം മുഖേന ആയിരിക്കും. പരിശുദ്ധമായ കണ്ണുകൾക്ക് അദൃശ്യമായവ,  പരിശുദ്ധിയില്ലാത്ത കണ്ണുകൾ കാണുന്നു. കണ്ണിലൂടെ പ്രവേശിക്കുന്ന ദാഹം തൊണ്ടയിലും വിശപ്പ് ശരീരത്തിലുമെത്തി രക്തത്തെ ചൂടു പിടിപ്പിക്കുന്നു. ഇത് അയാളെ ഉന്മാദത്തിലേക്കു നയിക്കുന്നു. മറ്റേ വ്യക്തി വഴങ്ങാത്ത ആളാണെങ്കിൽ ഉന്മാദിയായ വിഷയാസക്തൻ ഉത്കണ്ഠാകുലനായിത്തീരുന്നു; അല്ലെങ്കിൽ പ്രതികാരേഛുവായിത്തീരുന്നു. എന്നാൽ മറ്റേ വ്യക്തി ധാർമ്മികബോധമില്ലാത്ത ആളാണെങ്കിൽ വിഷയാസക്തമായ നോട്ടത്തിന് അനുകൂലമായി പ്രതികരിക്കുന്നു. പാപത്തിലേക്കുള്ള അധഃപതനം അതോടെ ആരംഭിക്കുന്നു.

                  അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു; കാമാസക്തിയോടുകൂടി ഒരു പുരുഷൻ സ്ത്രീയെ നോക്കുന്നുവെങ്കിൽ അയാൾ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. എന്തെന്നാൽ അവൻ അഭിലഷിക്കുന്ന പ്രവൃത്തി ചിന്ത ചെയ്തുകഴിഞ്ഞു.നിന്റെ വലതുകണ്ണ് പാപകാരണമായിത്തീരുന്നുവെങ്കിൽ അതു ചൂഴ്ന്നെടുത്ത് ദൂരെക്കളയുക. രണ്ടു കണ്ണുള്ളവനായി നരകാന്ധകാരത്തിൽ എന്നേക്കും എറിയപ്പെടുന്നതിനേക്കാൾ നല്ലത് ഒരു കണ്ണ് ഇല്ലാതെ ഇരിക്കുന്നതാണ്. വലതുകൈ പാപം ചെയ്യാൻ നിന്നെ പ്രേരിപ്പിക്കുന്നുവെങ്കിൽ
അത് മുറിച്ചെടുത്ത് ദൂരെക്കളയുക. നിന്റെ മുഴുവൻ ശരീരവും നരകത്തിൽ  പോകുന്നതിനെക്കാൾ നല്ലത് ശരീരത്തിന്റെ ഒരു ഭാഗം ഇല്ലാതിരിക്കുന്നതാണ്.

      ഇതും ഓർത്തുകൊള്ളുക: നിന്റെ ഇണയുടെ പേരിൽ നിനക്ക് അസന്തുഷ്ടിയണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഒരു കുരിശുപോലെ ചുമക്കുക. അസന്തുഷ്ടരെങ്കിലും രണ്ടുപേരും പരിശുദ്ധരായിരുന്നാൽ കുട്ടികളെ സന്തുഷ്ടരായിത്തന്നെ വളർത്താം. നിർഭാഗ്യകരങ്ങളായ സ്ഥിതിവിശേഷങ്ങൾ കൂടുതൽ ബാധിക്കുക നിങ്ങളുടെ കുട്ടികളെയായിരിക്കും.  കുട്ടികളോട് സ്നേഹമുണ്ടെങ്കിൽ നൂറുതവണ ആലോചിച്ചേ നിങ്ങൾ എന്തും ചെയ്യുകയുള്ളൂ.

    എന്റെ മക്കളേ, ഞാൻ പ്രസംഗം അവസാനിപ്പിക്കുകയാണ്.എന്തെന്നാൽ സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നു. മലയിൽ ചേർന്ന ഈ യോഗത്തിൽ ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങളുടെ ഓർമ്മയിലിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. അവയെ നിങ്ങളുടെ ഹൃദയത്തിൽ കൊത്തിവയ്ക്കുക. വീണ്ടും വീണ്ടും വായിക്കുക. അവ നിങ്ങളെ എന്നെന്നും വഴി നടത്തട്ടെ !   ത്രിയേകദൈവത്തിന്റെ നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങൾക്കു സമാധാനം ഉണ്ടായിരിക്കട്ടെ ! "


       പ്രസംഗശേഷം ഈശോ അവിടെനിന്നും യാത്രയായി. ശിഷ്യന്മാരും ജനക്കൂട്ടവും അവിടുത്തെ അനുഗമിച്ചു. താമസിയാതെ അവർ പർവതത്തിന്റെ അടിഭാഗത്തുള്ള സമതലത്തിലെത്തി. അവിടം ഇലകളും പൂക്കളും കൊണ്ട് അലംകൃതമായിരുന്നു. അവർ അവിടെ തങ്ങി.

Monday, September 19, 2011

യുഗാന്തം - ദാനിയേലിന്റെ പ്രവചനം (ദാനിയേൽ 12)

 ഈശോ പറയുന്നു: "ലൂസിഫറിനെ തോൽപ്പിച്ച, എന്റെ രാജ്യത്തെയും അതിന്റെ മക്കളെയും കാത്തുസൂക്ഷിക്കുന്ന മുഖ്യദൂതനായിരിക്കും  (St. Michael)  അവസാന കാലത്തെ സ്വർഗ്ഗീയ   അടയാളമായി  ഉയരുന്നത്.  ഈ സമയത്തായിരിക്കും ഇസ്രായേൽ ക്രിസ്തുവിന്റെ റോമ്മായുമായി വീണ്ടും ഒന്നായിച്ചേരുന്നത്. ദൈവജനത്തിന്റെ രണ്ടു ശാഖകൾ ഇനി ഉണ്ടായിരിക്കയില്ല. അനുഗ്രഹിക്കപ്പെട്ട ഒന്നും ശപിക്കപ്പെട്ട ഒന്നും; ദൈവഘാതകരായതിനാൽ ശപിക്കപ്പെട്ടവർ. ഇനി ഒരു തായ്ത്തടി മാത്രമേ ഉണ്ടായിരിക്കയുള്ളൂ. അത് ക്രിസ്തുവിന്റെതായിരിക്കും. കാരണം, സഭ എന്നിൽ സജീവമായിരിക്കും."

 "ആ ദിവസങ്ങളിൽ രക്ഷിക്കപ്പെടുന്നവരുടെ എണ്ണം പൂർത്തിയായിരിക്കയാൽ ശരീരത്തിന്റെ ഉയിർപ്പ് സംഭവിക്കും. ഉറങ്ങിക്കിടക്കുന്ന ഒരു ജനസമൂഹം, അതിനെ ഒരുമിച്ചുകൂട്ടാൻ വിളിക്കുന്ന കാഹളശബ്ദം കേട്ട് ഉണരുന്നതുപോലെ  എണ്ണമില്ലാത്ത കുഴിമാടങ്ങളിൽ കിടക്കുന്നവർ, മരുഭൂമികളിൽ, സമുദ്രങ്ങളിൽ, മനുഷ്യരുടെ ജഡങ്ങൾ എവിടെയെല്ലാം മറയ്ക്കപ്പെട്ടുവോ അവിടെ നിന്നെല്ലാം ഉയർന്നു് ഏറ്റം ഉന്നത വിധിയാളനായ എന്റെ പക്കലേക്കു വരും.

ഓ! പ്രകാശമേ, എന്റെ സവിശേഷതയായ നീ ഒരു വിഭാഗത്തെ പ്രകാശിപ്പിക്കും. ജ്ഞാനം ഉണ്ടായിരുന്നവരുടെ മേൽ, നീതി പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തവരുടെ മേൽ നിന്റെ പ്രകാശം നീ വീശുന്നത് എത്ര സന്തോഷത്തോടെ ആയിരിക്കും! അവർ എന്റെ അനുഗൃഹീതരായ മക്കളായിരിക്കും.

അവസാനത്തെ മൂന്നു വർഷങ്ങളും ആറുമാസവും, മനുഷ്യവർഗ്ഗം ഇന്നോളം അനുഭവിച്ചിട്ടുള്ളതിലധികം കഷ്ടതകൾ നിറഞ്ഞതായിരിക്കും.  
സാത്താൻ ഏറ്റവുമധികം പകയോടെ കത്തിജ്ജ്വലിക്കുകയായിരിക്കും. കാരണം, ദൈവജനത്തിനിടയിലുണ്ടായിരുന്ന പിളർപ്പു പോലും നീങ്ങിയിരിക്കുന്നു! അതോടുകൂടി ധാർമ്മികവും ആത്മീയവും ഭൗതികവുമായ തിന്മയുടെ കാരണങ്ങളും ഇല്ലാതായി. സാത്താൻ അവന്റെ സന്തതി വഴി അവന്റെ അവസാനത്തെ അടവുകളെല്ലാം പ്രയോഗിച്ചു് ക്രിസ്തുവിന്റേതായിരിക്കുന്ന ഹൃദയങ്ങളെ വധിക്കുവാനും ഹൃദയങ്ങളിലുള്ള ക്രിസ്തുവിനെ വധിക്കുവാനും ശ്രമിക്കും.

ജ്ഞാനമുള്ളവർക്ക് സാത്താന്റെ ചതികൾ മനസ്സിലാകും. കാരണം യഥാർത്ഥ ജ്ഞാനമുള്ളവർക്ക് ആത്മീയ പ്രകാശം ലഭിക്കും. കൃപാവരത്തോട് അവർ വിശ്വസ്തത
പുലർത്തുന്നതിനാൽ അവർ പരിശുദ്ധരായിത്തീരും; അഗ്നിയിലെന്ന പോലെ ശുദ്ധീകരിക്കപ്പെടും; സ്വർഗ്ഗത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിന് അർഹരാകും. ദൈവമില്ലാത്തവർ തിന്മയെ അനുഗമിക്കും; തിന്മ ചെയ്യും; നന്മയേതെന്നു മനസ്സിലാക്കുവാൻ അവർക്കു കഴിവില്ല. കാരണം, സ്വന്ത ഇഷ്ടത്താൽ അവർ തങ്ങളുടെ ഹൃദയങ്ങളെ തിന്മ കൊണ്ടു നിറയ്ക്കുകയാണു ചെയ്തത്.
 
അതിനുശേഷം ഒരു സമയം വരും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ സഭ തകർക്കപ്പെടും. നിത്യമായ ബലി അർപ്പിക്കുവാൻ സഭയ്ക്കു് സ്വാതന്ത്ര്യമില്ലാതാകും. വിശുദ്ധസ്ഥലം വിജനമാക്കപ്പെട്ട് അറപ്പുളവാക്കുന്നതായി ഉയർത്തിക്കാണിക്കപ്പെടും. പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതു പോലെയും ഞാൻ ആവർത്തിച്ചുറപ്പിച്ചിട്ടുള്ളതു പോലെയും  എല്ലാ വിശുദ്ധസ്ഥലങ്ങളും അങ്ങനെ പരിഗണിക്കപ്പെടും.

ദാനിയേൽ പറയുന്നു: 'ഈ ഞെരുക്കം 1290 ദിവസം നീണ്ടുനിൽക്കും. കാത്തിരുന്നു് 1335 ദിവസം തികയ്ക്കുന്നവർക്ക് ഭാഗ്യം.'
                       ഇതിന്റെ അർത്ഥം, അവസാനത്തിനു തൊട്ടു മുമ്പുള്ള മൂന്നു വർഷവും ആറുമാസവും നീണ്ടുനിൽക്കുന്ന കാലത്തിന്റെ അന്ത്യഘട്ടത്തിൽ കുറച്ചുസമയം വിശ്വാസികൾക്കായി നീക്കി വയ്ക്കപ്പെടും. അവർക്കു് ഒരുമിച്ചുകൂടി അവരുടെ അന്തരാത്മാക്കളിൽ മുഴങ്ങുന്ന അവസാന വാക്കുകൾ, സ്വർഗ്ഗത്തിലേക്കുള്ള ക്ഷണമായി അനുഭവപ്പെടുന്ന വാക്കുകൾ പങ്കു വയ്ക്കുവാനും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും വേണ്ടിയാണ്. ആ സമയം മിഖായേലും ദൂതന്മാരും കൂടി സാത്താനെയും അവന്റെ പിശാചുക്കളെയും തകർക്കും. 'കാത്തിരുന്നു് 1335 ദിവസങ്ങളിലേക്കു കടന്നു വരുന്നവനു ഭാഗ്യം' എന്നു പറയുന്നതിന്റെ അർത്ഥം, 'അവസാനം വരെ
നിലനിൽക്കുന്നവനു ഭാഗ്യം; കാരണം, അവൻ രക്ഷിക്കപ്പെടും' എന്നാണ്."

Sunday, September 18, 2011

നന്മയും തിന്മയും വിവേചിച്ചറിയുക

ഈശോ ജനക്കൂട്ടത്തിന് ദിവസത്തിന്റെ അവസാനത്തെ പ്രബോധനം നൽകുകയാണ്: "എപ്പോഴാണ് തെറ്റുണ്ടാകുന്നത്? പാപം ചെയ്യാൻ മനസ്സാകുമ്പോൾ. പാപത്തെക്കുറിച്ച് അറിവും അറിഞ്ഞിട്ടും പാപം ചെയ്യാൻ നിശ്ചയിച്ച് ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് പാപമാകുന്നത്. ഒരു പ്രവൃത്തി പാപമാണോ അല്ലയോ എന്നു വിവേചിച്ചറിയുന്നത് അതു ചെയ്യുമ്പോഴുള്ള മനോഭാവത്തെ ആശ്രയിച്ചാണ്.
                                          നന്മയായിട്ടുള്ള ഒരു കാര്യം, തിന്മ വിചാരിച്ചുകൊണ്ട് ചെയ്യുകയാണെങ്കിൽ അതു പാപമാണ്. അതുപോലെ, തിന്മയായിട്ടുള്ള ഒന്ന് തിന്മയല്ല എന്നു വിചാരിച്ചു ചെയ്യുമ്പോൾ അതു പാപമാകയില്ല.
                                         ഉദാഹരണത്തിന്, ഒരു മനുഷ്യന് രോഗമായപ്പോൾ യാതൊരു കാരണവശാലും തണുത്ത വെള്ളം കുടിക്കരുത്; വെള്ളം അൽപ്പം പോലും കുടിക്കരുത് എന്നു വൈദ്യൻ കൽപ്പിച്ചു. ഈ വിവരം അയാളുടെ ശത്രു അറിഞ്ഞു. അയാൾ സ്നേഹം നടിച്ചുകൊണ്ട്  രോഗിയായ മനുഷ്യനെ സന്ദർശിച്ചു. രോഗി വെള്ളം ചോദിച്ചു കൊണ്ടു കരയുകയാണ്. അപ്പോൾ സഹതാപവും സ്നേഹവും നടിച്ചുകൊണ്ട് ശത്രു വെള്ളം കൊടുക്കുന്നു. 'എന്റെ സ്നേഹിതാ, നീ കുടിച്ചുകൊള്ളൂ.. കാരണം, രോഗികളെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം വളരെ വലുതാണ്.  ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നതും അങ്ങനെതന്നെ..'  അങ്ങനെ കുടിക്കാൻ വെള്ളം കൊടുത്ത് അയാൾ മരിക്കുവാൻ ഇടയാക്കുന്നു. ആ പ്രവൃത്തി അതിൽത്തന്നെ നല്ലതായിരുന്നല്ലോ. രണ്ടു നന്മകളാണ് അതിലടങ്ങിയിരുന്നത്.   എങ്കിലും  ദുഷ്ടത ഉദ്ദേശിച്ചിരുന്നതിനാൽ അത് നന്മയായോ? ഇല്ല;   തീർച്ചയായും ഇല്ല.

വീണ്ടും വേറൊരുദാഹരണം! മദ്യപനായ ഒരു പിതാവിന്റെ മകൻ വീഞ്ഞു വച്ചിരിക്കുന്ന അറ പൂട്ടുന്നു. പൂട്ടിയില്ലെങ്കിൽ പിതാവ് മദ്യപിച്ചു മരിക്കും. പിതാവിന്റെ  പക്കലുള്ള പണം പിടിച്ചെടുക്കുന്നു; അപ്പന്റെ മേൽ കർശനമായ നിയന്ത്രണം വയ്ക്കുന്നു. വച്ചില്ലെങ്കിൽ അയാൾ ഗ്രാമം മുഴുവൻ ചുറ്റി നടന്ന് കുടിച്ചു നശിക്കും. ഈ മകൻ നാലാം പ്രമാണത്തിനെതിരേ പാപം ചെയ്യുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നോ? അവൻ അപ്പനെ ശകാരിക്കയും കുടുംബഭരണം നടത്തുകയും ചെയ്യുന്നു. അപ്പനെ വേദനിപ്പിക്കുന്നതു നിമിത്തം അവൻ  പാപം ചെയ്യുകയല്ലേ എന്നു തോന്നും. യഥാർത്ഥത്തിൽ അവനൊരു നല്ല പുത്രനാണ്. കാരണം അവന്റെ മനസ്സു നല്ലതാണ്. അപ്പനെ മരണത്തിൽ നിന്നു രക്ഷിക്കുവാനാണ് അവനാഗ്രഹിക്കുന്നത്.   

വീണ്ടും; ഒരു യുദ്ധത്തിൽ എതിരാളികളെ കൊല്ലുന്നവൻ കൊലപാതകിയാണോ? അവന്റെ അരൂപിയ്ക്ക് അതു സമ്മതമല്ലെങ്കിലും  നിർബ്ബന്ധിക്കപ്പെടുന്നതു കൊണ്ട് അവൻ യുദ്ധം ചെയ്യുന്നു. യുദ്ധത്തിന്റെ നിയമങ്ങൾ മനുഷ്യത്വരഹിതമാണ്. എന്നാൽ അവന്റെ അധികാരവിധേയമായ സ്ഥിതി അതാവശ്യപ്പെടുന്നു. 
          എല്ലായ്പ്പോഴും ഒരുവന്റെ മനസ്ഥിതിയാണ് പ്രവൃത്തികളുടെ വില നിർണ്ണയിക്കുന്നത്. അതുകൊണ്ട് വിവേചിച്ചറിയുവാൻ കഴിയണം. ദൈവം വിട്ടുവീഴ്ചയില്ലാത്തവൻ എന്നതിലുമധികമായി കാരുണ്യവാനാണ്. ദൈവം ഒരു പിതാവാണ്; ദൈവം സ്നേഹമാണ്. അവൻ തന്റെ ഹൃദയം എല്ലാവർക്കുമായി തുറക്കുന്നു.
നിങ്ങളോടു്, ഇസ്രായേൽക്കാരോട് ഞാൻ യാചിക്കുന്നു. നീതിയുള്ളവരായിരിക്കുവിൻ. ഇക്കാര്യങ്ങളെല്ലാം ഓർമ്മിക്കുവിൻ. നിങ്ങൾ അശുദ്ധരെന്നു കരുതുന്നവർ (വിജാതീയർ) അതു മനസ്സിലാക്കുകയും നിങ്ങൾക്കു് അതു  മനസ്സിലാകാതിരിക്കയും ചെയ്യുന്ന സ്ഥിതിയുണ്ടാകാതെ സൂക്ഷിക്കുവിൻ." 

Saturday, September 17, 2011

ഉപവി - ദൈവത്തിന്റെ പ്രധാന ലക്ഷണം

ഈശോ പറയുന്നു: "എന്നെ ശ്രദ്ധിച്ചു കേൾക്കുക. ഒരു ദിവസം വളരെ ധനികരായ ദമ്പതികൾ നിങ്ങളുടെ വാതിൽക്കൽ മുട്ടി, അവരെ ജീവിതകാലം മുഴുവൻ നിങ്ങളുടെ അതിഥികളായി സ്വീകരിക്കാമോ എന്നു ചോദിക്കുന്നുവെന്നു സങ്കൽപ്പിക്കുവിൻ. ഭർത്താവിനെ ഞങ്ങൾ സ്വീകരിക്കാം; ഭാര്യയെ സ്വീകരിക്കയില്ല എന്നു പറയാൻ നിങ്ങൾക്കു കഴിയുമോ? അങ്ങനെ  പറഞ്ഞാൽ ഭർത്താവ് മറുപടി പറയുന്നതിങ്ങനെയായിരിക്കും; 'അതു സാദ്ധ്യമല്ല. കാരണം എന്റെ മാംസത്തിന്റെ മാംസമായ ഇവളെ പിരിയുക സാദ്ധ്യമല്ല. ഇവളെ സ്വീകരിക്കയില്ലെങ്കിൽ എനിക്കു നിങ്ങളോടൊത്തു വസിക്കുക സാദ്ധ്യമല്ല. നിങ്ങളുമായി പങ്കിടുവാൻ ഞാൻ ഉദ്ദേശിച്ചിരുന്ന എന്റെ നിധികൾ സഹിതം ഞാൻ പൊയ്ക്കൊള്ളാം.'

ദൈവം ഉപവിയോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. ഉപവി സത്യമായും അഭേദ്യമായും യഥാർത്ഥമായും ദൈവത്തിന്റെ അരൂപിയുടെ അരൂപിയാണ്. വിവാഹിതരായ ദമ്പതിമാരുടെ ഏറ്റം ആഴമേറിയ സ്നേഹബന്ധത്തേക്കാൾ ആഴമായ ബന്ധമാണത്.  ദൈവം തന്നെ ഉപവിയാണ്. ദൈവത്തിന്റെ ഏറ്റം വ്യക്തമായ ലക്ഷണവും സ്വഭാവവും ഉപവിയാണ്. ദൈവത്തിന്റെ മറ്റെല്ലാ ലക്ഷണങ്ങളും ഉപവിയിൽ നിന്നാണു് ഉത്ഭവിക്കുന്നത്. ശക്തി, പ്രവർത്തനനിരതമായ ഉപവിയല്ലാതെ മറ്റെന്താണ്? ജ്ഞാനം, പ്രബോധനപരമായ ഉപവിയല്ലാതെ മറ്റെന്താണ്? കാരുണ്യം, മാപ്പു നൽകുന്ന ഉപവിയല്ലാതെ മറ്റെന്താണ്? നീതി ഭരണപരമായ ഉപവിയല്ലാതെ മറ്റെന്താണ്? ഇങ്ങനെ ദൈവത്തിന്റെ എണ്ണമില്ലാത്ത നന്മകളെക്കുറിച്ച് തുടർന്നു പറയാൻ കഴിയും. ഇപ്പറഞ്ഞതിന്റെ വെളിച്ചത്തിൽ ഉപവിയില്ലാത്തവന് ദൈവം ഉണ്ട് എന്നു നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ? ഇല്ല, അവനു ദൈവമില്ല. അവൻ ദൈവത്തെ സ്വീകരിക്കും; പക്ഷേ ഉപവി സ്വീകരിക്കയില്ല എന്നു പറയാൻ സാധിക്കുമോ? ഒരൊറ്റ ഉപവി മാത്രമേയുള്ളൂ. അത് സ്രഷ്ടാവിനെയും സൃഷ്ടികളേയും ഉൾക്കൊള്ളുന്നു.   അതിന്റെ പകുതി  മാത്രം ഒരാൾക്കുണ്ടായിരിക്കുക സാദ്ധ്യമല്ല. അതായത് സഹോദരനോട്  ഉപവിയില്ലാതെ  സ്രഷ്ടാവിനോട് ഉപവിയുണ്ടാവുക സാദ്ധ്യമല്ല."

Friday, September 16, 2011

മുന്തിരിത്തോട്ടത്തിന്റെയും സ്വതന്ത്രമനസ്സിന്റെയും ഉപമ


ഈശോ പറയുന്നു: "അമ്മയുടെ ഉദരത്തിൽ നാം ഒരു മൃഗശരീരമായി രൂപപ്പെട്ടപ്പോൾ ദൈവം സ്വർഗ്ഗത്തിൽ ഒരാത്മാവിനെ സൃഷ്ടിച്ചു. അവന്റെ സാദൃശ്യത്തിൽ ഒരു മനുഷ്യനെ രൂപപ്പെടുത്തുവാനാണ് ഇതു ചെയ്തത്. ആ ആത്മാവിനെ ഉദരത്തിൽ  രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ശരീരത്തിലേക്കു നിവേശിപ്പിക്കുന്നു. ജനനത്തിനു സമയമാകുമ്പോൾ ആത്മാവോടു കൂടി മനുഷ്യൻ ജനിക്കുന്നു. വിവേചനാശക്തിയുണ്ടാകുന്നതു വരെ ആ വ്യക്തിയുടെ ആത്മാവ് കൃഷി ചെയ്യത്ത ഭൂമി പോലെയാണ്. എന്നാൽ ചിന്തിക്കുവാനുള്ള കഴിവു പ്രാപിച്ചു കഴിയുമ്പോൾ നന്മയും തിന്മയും വേർതിരിച്ചറിയുവാൻ കഴിയുന്നു. അപ്പോൾ തന്റെ ഹിതം പോലെ കൃഷി ചെയ്യുവാൻ ഒരു  സ്ഥലം തനിക്കുണ്ടെന്ന് അവൻ ഗ്രഹിക്കയാണ്. അവന്റെ കൃഷിസ്ഥലം ഒരു  മുന്തിരിത്തോട്ടമാണെന്നും അതിൽ കൃഷി ചെയ്യുന്ന ഒരു പണിക്കാരൻ ഉണ്ടെന്നും അവൻ മനസ്സിലാക്കുന്നു. അവന്റെ സ്വതന്ത്രമനസ്സാണ് ആ പണിക്കാരൻ. വാസ്തവത്തിൽ, ദൈവം തന്റെ പുത്രനായ മനുഷ്യനു നൽകിയ സ്വാതന്ത്ര്യം, ആത്മാവാകുന്ന മുന്തിരിത്തോട്ടത്തെ ഫലദായകമാക്കുന്നതിനാണ് കൊടുത്തിരിക്കുന്നത്. നല്ല കാര്യപ്രാപ്തിയുള്ള ഒരു പണിക്കാരനാണ് സ്വതന്ത്രമനസ്സ്.

               സമ്പന്നനാകുന്നതിന് അദ്ധ്വാനിക്കാതെ, നിത്യസൗഭാഗ്യത്തിന്റെ ഒരു ഭാവി പടുത്തുയർത്താൻ ശ്രമിക്കാതെ,   എല്ലാം ദൈവത്തിൽ നിന്നു സ്വീകരിക്കുകയാണെങ്കിൽ മനുഷ്യന് എന്തു വിലയാണുള്ളത്?  ആദി മാതാപിതാക്കൾക്ക് ഇഷ്ടദാനമായി ദൈവം കൊടുത്തിരുന്ന അപങ്കിലമായ പരിശുദ്ധി ലൂസിഫർ നശിപ്പിച്ചു കളഞ്ഞത് പുനഃസ്ഥാപിക്കാൻ, വിശുദ്ധി വീണ്ടും സൃഷ്ടിക്കുവാൻ മനുഷ്യൻ അദ്ധ്വാനിക്കേണ്ടതല്ലേ? ജന്മാവകാശമായ പാപത്തിൽ വീണ മനുഷ്യന് വീണ്ടും വിശുദ്ധി പ്രാപിക്കുവാനും അതിനു സമ്മാനം നേടുവാനും ദൈവം  അനുവദിച്ചിരിക്കുന്നതു തന്നെ ഒരു മഹാദാനമാണ്. സ്വമനസ്സാലെ സൃഷ്ടിയുടെ ആദ്യത്തെ പൂർണ്ണതയിലേക്ക് വീണ്ടും ജനിക്കുവാൻ ദൈവം അനുവദിക്കുന്നു. സ്രഷ്ടാവ്, ആദത്തിനും ഹവ്വായ്ക്കും, അവർ പാപം ചെയ്യാതിരുന്നെങ്കിൽ അവരുടെ മക്കൾക്കും കൊടുക്കുവാനിരുന്ന ആദ്യത്തെ പരിപൂർണ്ണാവസ്ഥയിലേക്കാണ് തിരിച്ചു പോകേണ്ടത്. വീണുപോയ മനുഷ്യൻ സ്വതന്ത്രമനസ്സാലെ തിരഞ്ഞെടുക്കപ്പെട്ട ഒരുവനായിത്തീരണം. എന്നാൽ ആത്മാക്കൾക്ക് എന്താണു സംഭവിക്കുന്നത്? മനുഷ്യൻ അവന്റെ ആത്മാവിനെ സ്വതന്ത്രമനസ്സിനു വിട്ടുകൊടുക്കുന്നു. ഇതുവരെ ഒരു കൃഷിയും ഇറക്കിയിട്ടില്ലാത്ത, ശൂന്യമായ സ്ഥലമെന്നു പറയാവുന്ന ആത്മാവിനെ ഒരു  മുന്തിരിത്തോട്ടമാക്കുവാൻ  സ്വതന്ത്രമനസ്സാകുന്ന പണിക്കാരൻ ആരംഭിക്കുകയായി. ആദ്യകാലത്ത് ആത്മാവാകുന്ന സ്ഥലത്ത് ദുർബലമായ പുല്ലും അതിവേഗം കൊഴിയുന്ന പൂക്കളും മാത്രമേ വളരുന്നുള്ളൂ. നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത ഒരു മാലാഖയാണ് ആ കുട്ടി. സ്വഭാവത്താലെയുള്ള നന്മ മാത്രമാണവ.

നിങ്ങൾ ചോദിച്ചേക്കാം; "എത്രകാലം അവൻ  അങ്ങനെയായിരിക്കും?" നാം സാധാരണ പറയാറുള്ളത് ആദ്യത്തെ ആറു വർഷം എന്നാണ്. പക്ഷേ ചില കുട്ടികൾക്ക് അത്രയും പ്രായമാകുന്നതിനു മുമ്പുതന്നെ വിവേചനാശക്തിയുണ്ട്. അങ്ങനെയുള്ളവർ തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദിയായിരിക്കും. കാരണം നന്മയേത് തിന്മയേത് എന്നവർക്കറിയാം. എന്നാൽ ഒരു വിഡ്ഡിക്ക് നൂറു വയസ്സായാലും ഉത്തരവാദിത്വമില്ല; എന്നാൽ അവന്റെ സ്ഥാനത്ത് അവന്റെ  രക്ഷിതാക്കൾക്ക് ഉത്തരവാദിത്വമുണ്ട്. അതിനാൽ അവന്റേയും അവൻ  ഉപദ്രവിക്കാനിടയുള്ള അയൽക്കാരുടേയും മേൽ അവർക്കു് ജാഗ്രതയുണ്ടാകണം. അവൻ  തന്നെത്തന്നെയും മറ്റുള്ളവരെയും ഉപദ്രവിക്കാതെ സൂക്ഷിക്കണം. എന്നാൽ നാം സംസാരിക്കുന്നതു് ആത്മാവിലും ശരീരത്തിലും ശരിയായ ബുദ്ധിയുള്ള വ്യക്തികളെക്കുറിച്ചാണ്.

അപ്പോൾ, മനുഷ്യൻ ഇതുവരെ കൃഷി  ചെയ്തിട്ടില്ലാത്ത ഭൂമി - മുന്തിരിത്തോപ്പ്, ജോലിയറിയാവുന്ന ഒരുവനെ -  അവന്റെ സ്വതന്ത്രമനസ്സാകുന്ന പണിക്കാരനെ ഏൽപ്പിക്കുന്നു. അവൻ അതു കൃഷി ചെയ്യാൻ ആരംഭിക്കുകയായി. ആത്മാവാകുന്ന മുന്തിരിത്തോപ്പിന് ഒരു സ്വരമുണ്ട്. അത് സ്വഭാവാതീതമായ ഒരു സ്വരമാണ്; ജ്ഞാനത്തിന്റെ സ്വരം; ദൈവം  അയയ്ക്കുന്ന അരൂപികളുടെ സ്വരം;  എല്ലാ ആത്മാക്കൾക്കും ദൈവം നൽകുന്ന സ്വഭാവാതീതമായ ഓർമ്മകൾ എന്നിവയെല്ലാം.. അങ്ങനെ മുന്തിരിത്തോപ്പ് സ്വതന്ത്രമനസ്സിനോട് അപേക്ഷാരൂപത്തിൽ കാരുണ്യത്തോടെ ആവശ്യപ്പെടുന്നത് നല്ല ചെടികൾ കൊണ്ടു് അതിനെ അലങ്കരിക്കണമെന്നാണ്. എപ്പോഴും നല്ല സൂക്ഷവും ജാഗ്രതയും പുലർത്തണം; കാടും മുള്ളും വിഷച്ചെടികളും അവിടെയുണ്ടാകരുത്. പാമ്പുകളും തേളും കുറുക്കന്മാരും മറ്റു ജന്തുക്കളും അതിൽ കയറിപ്പറ്റാൻ അനുവദിക്കരുത് എന്നെല്ലാം സ്വതന്ത്രമനസ്സിനോടു കേണപേക്ഷിക്കുന്നു.

സ്വതന്ത്രമനസ്സ് എപ്പോഴും ഒരു നല്ല കൃഷിക്കാരനായിട്ടല്ല ജോലി ചെയ്യുന്നത്. മുന്തിരിത്തോപ്പിന്റെ ഭദ്രതയുടെ കാര്യത്തിൽ നല്ല ശ്രദ്ധയില്ല. നല്ല വേലി ചുറ്റും ഉയർത്തുകയില്ല. അതായത് നന്മയെക്കുറിച്ചുള്ള ദൃഢനിശ്ചയമില്ല. കവർച്ചക്കാർ, ജന്തുക്കൾ, വലിയ കാറ്റ് ഇവയൊന്നും മുന്തിരിത്തോട്ടത്തെ നശിപ്പിക്കരുതെന്നുള്ള ചിന്തയില്ല. നന്മ ചെയ്യണമെന്നുള്ള നിശ്ചയങ്ങളാകുന്ന ചെറുപുഷ്പങ്ങൾ മുളയ്ക്കുമ്പോൾത്തന്നെ കാറ്റ് അവയെ നശിപ്പിക്കാനിടയാകുന്നു. ഓ! എത്ര ഉയരമുള്ള, ബലമുള്ള വേലി ചുറ്റും കെട്ടിയാലാണ് തിന്മയിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുവാൻ കഴിയുന്നത്!
ആ വേലി ബലം പ്രയോഗിച്ചു് പൊളിക്കുന്നുണ്ടോ എന്നറിയുവാൻ എത്ര ജാഗ്രതയോടെ കാത്തിരിക്കണം! വേലിയിൽ വിടവുണ്ടായി ഇഴജന്തുക്കൾ - അണലിപ്പാമ്പുകൾ (പ്രധാനപ്പെട്ട തിന്മകളാണ് പാമ്പുകൾ) നുഴഞ്ഞു കയറാതെ സൂക്ഷിക്കണം. ഇടയ്ക്ക് ഭൂമി കിളച്ച് കളകൾ ചുട്ടു കളയണം. ചാലുകൾ കീറി വെള്ളം നിർത്തണം; വളമിടണം. ആശാനിഗ്രഹവും ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹമാകുന്ന വളം നൽകണം. മുന്തിരിമുളകൾ ആദ്യന്തം നന്നായിട്ടുള്ളവയാണോ എന്ന് കണ്ണു തുറന്നു നോക്കണം. ചീത്തയാണെന്നു കണ്ടാൽ കാരുണ്യം കൂടാതെ നശിപ്പിച്ചു കളയണം.

നമുക്കു്  ഹൃദയമുണ്ട്. നമ്മുടെ ഹൃദയങ്ങൾ എപ്പോഴും കൃഷി ചെയ്യപ്പെടുന്ന മുന്തിരിത്തോട്ടങ്ങളാണ്. അതിൽ കൃഷിക്കാരൻ പുതിയ പുതിയ ചെടികൾ ധാരാളമായി നടുന്നു. അയാൾക്കു് ആശയങ്ങൾ ധാരാളമുണ്ട്. അവയൊന്നും ദുഷ്ടമല്ലതാനും. എന്നാലയാൾ അവയെ അവഗണിക്കയാണു ചെയ്യുന്നത്. അവഗണിക്കപ്പെടുന്നതു നിമിത്തം അവ ചീത്തയായിപ്പോകുന്നു. എത്രയോ നന്മകൾ നശിക്കുന്നു!! കാരണം, അവ  ഐന്ദ്രികസ്നേഹത്തിന്റെ കലർപ്പുള്ളവയാണ്. അവ പരിപാലിക്കപ്പെടുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സ്വതന്ത്രമനസ്സ് സ്നേഹത്താൽ ശക്തിപ്പെടുന്നില്ല. കവർച്ചയ്ക്കായി എത്ര കള്ളന്മാർ കയറുന്നു! കാരണം മനസ്സാക്ഷി ഉറങ്ങുകയാണ്. ജാഗ്രത പാലിക്കുന്നില്ല. കാരണം, സ്വതന്ത്രമനസ്സ് അതിന്റെ ശക്തി നഷ്ടപ്പെടുത്തി; ദുഷിച്ചു. സ്വതന്ത്രമാണെങ്കിലും തിന്മ അതിനെ വശീകരിച്ചു. അത് തിന്മയുടെ അടിമയായിത്തീർന്നു. എന്നാൽ ചിന്തിച്ചുനോക്കൂ.. ദൈവം അതിനു സ്വാതന്ത്ര്യം നൽകി. എന്നാലുമത് തിന്മയുടെ അടിമയായിപ്പോകുന്നു. അഹങ്കാരം, അത്യാഗ്രഹം, അരിശം, ജഡികാസക്തി, ഇവ ആദ്യം നല്ല ചെടികളുടെ കൂടെ വളരും; പിന്നീട് അവയെ കീഴ്പ്പെടുത്തും. ചെടികളെ ഉണക്കിക്കളയുന്ന വരൾച്ച എത്രയധികം! കാരണം, ആളുകൾ പ്രാർത്ഥിക്കുന്നതേയില്ല. പ്രാർത്ഥന ദൈവത്തോടുള്ള ഐക്യമാണ്. അതിനാൽ അത് ചെടിയ്ക്കുപകാരമുള്ള മഞ്ഞുതുള്ളികളാകുന്നു.
  ദൈവത്തോടും അയൽക്കാരോടും സ്നേഹമില്ലാത്തതിനാൽ എത്ര തണുപ്പ് ! ചെടിയുടെ വേരുകളെ മഞ്ഞുറഞ്ഞു മരവിപ്പിച്ചു നശിപ്പിക്കുന്നു. ഇന്ദ്രിയനിഗ്രഹവും എളിമയുമാകുന്ന വളമില്ലാത്തതിനാൽ മണ്ണ് ഫലദായകമല്ലാതായി.

തിന്മയിലേക്കു ചായ് വുള്ള, അമിത സ്വാതന്ത്ര്യമുള്ള, സ്വതന്ത്രമനസ്സാകുന്ന കൃഷിക്കാരൻ നടത്തുന്ന കൃഷി ഇപ്രകാരമായിരിക്കും. ആത്മാവാകുന്ന മുന്തിരിത്തോട്ടം നശിക്കും.


എന്നാൽ ഒരാത്മാവിന്റെ സ്വതന്ത്രമനസ്സ് ക്രമമായി പ്രവർത്തിക്കുമ്പോൾ, അതായത് നിയമം അനുസരിച്ചു ജീവിക്കുമ്പോൾ ആത്മാവ് മനോഹരമായ മുന്തിരിത്തോട്ടമായിത്തീരുന്നു. അങ്ങനെ ജീവിക്കുന്ന ആത്മാവ് വീരോചിതമായി നന്മയോടു വിശ്വസ്തത പുലർത്തും. നന്മ മനുഷ്യനെ ഉയർത്തും; ദൈവത്തോട് സാധർമ്മ്യമുള്ളവനാക്കും. നേരെമറിച്ച് തിന്മ മനുഷ്യനെ മൃഗീയനാക്കും. സ്വതന്ത്രമനസ്സ് നന്മ മാത്രം ചെയ്യുമ്പോൾ ആത്മാവാകുന്ന മുന്തിരിത്തോട്ടത്തിൽ വിശ്വാസമാകുന്ന നിർമ്മലജലം ധാരാളമായി ഒഴുകും; പ്രത്യാശയാകുന്ന വൃക്ഷങ്ങളുടെ തണൽ ലഭിക്കും; സ്നേഹമാകുന്ന സൂര്യന്റെ ചൂടും ലഭിക്കും. മനസ്സ് അതിനെ നിയന്ത്രിക്കും; ഇന്ദ്രിയനിഗ്രഹം അതിനു പക്വത നൽകും; മുന്തിരിവള്ളികൾ അനുസരണയെന്ന ചരടു കൊണ്ടു് കെട്ടിവയ്ക്കപ്പെട്ടിരിക്കും. ആത്മശക്തിയാൽ വെട്ടി ശരിയാക്കപ്പെടും; നീതിയാൽ നയിക്കപ്പെടും. അപ്പോൾ കൃപാവരം വർദ്ധിക്കും. വിശുദ്ധിയിൽ വളരും. മുന്തിരിത്തോട്ടം അതിമനോഹരമായിത്തീരും. വ്യക്തിയുടെ മരണം വരെ ഈ വിശ്വസ്തതയിൽ തുടർന്നാൽ, മുന്തിരിത്തോട്ടം എന്നും മനോഹരമായിരുന്നാൽ  ദൈവം തന്റെ ദൂതനെ അയച്ച് സ്വതന്ത്രമനസ്സിന്റെ നിശ്ചയത്താൽ നേടിയ ഈ പൂവനത്തെ സ്വർഗ്ഗത്തിലെ നിത്യമനോഹര ഉദ്യാനത്തിലേക്ക് എടുപ്പിക്കും.
ഈ ഭാഗ്യമാണ് നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത്. അതിനാൽ ജാഗ്രത പാലിക്കുക. പിശാച്, ലോകം, മാംസം എന്നിവ നിങ്ങളുടെ സ്വതന്ത്രമനസ്സിനെ വശീകരിച്ചു് അധീനമാക്കി നിങ്ങളുടെ ആത്മാക്കളെ നശിപ്പിക്കാനിടയാക്കരുത്. നിങ്ങളിൽ സ്നേഹമുണ്ടെന്ന് ഉറപ്പു വരുത്തുക. എങ്കിൽ നിറയെ ഫലങ്ങളുമായി നിത്യസമ്മാനത്തിനായി നിങ്ങൾ കർത്താവിന്റെ സന്നിധിയിലേക്കു പ്രവേശിക്കും."

Saturday, September 10, 2011

വിവാഹമോചനം - ഈശോയുടെ പ്രബോധനം

 ഈശോ പറയുന്നു: "വിവാഹമോചനം നിയമപ്രകാരമുള്ള വേശ്യാവൃത്തിയാണ്. കാരണം, ജഡികപാപങ്ങൾ ചെയ്യുവാനുള്ള അവസ്ഥയിലേക്ക് പുരുഷനെയും സ്ത്രീയേയും അത് എത്തിക്കുന്നു. വിവാഹമോചിതയായ ഒരുവൾ വളരെ അപൂർവ്വമായി മാത്രമേ ജീവിച്ചിരിക്കുന്ന മനുഷ്യന്റെ വിശ്വസ്ത വിധവയായി തുടരുകയുള്ളൂ. വിവാഹമോചിതനായ ഒരു മനുഷ്യൻ  ഒരിക്കലും അവന്റെ ആദ്യവിവാഹത്തോടു വിശ്വസ്തനായിരിക്കയില്ല. മറ്റു ബന്ധങ്ങളിലേക്കു നീങ്ങുമ്പോൾ അവനും അവളും മനുഷ്യന്റെ സ്ഥിതിയിൽ നിന്ന് മൃഗങ്ങളുടെ സ്ഥിതിയിലേക്ക് അധഃപതിക്കുന്നു.  നിയമപ്രകാരമുള്ള പരസ്ത്രീഗമനം കുടുംബങ്ങൾക്കും പിതൃരാജ്യത്തിനും ആപൽക്കരമായ തിന്മയും നിഷ്ക്കളങ്കരായ കുട്ടികൾക്കെതിരെ ചെയ്യുന്ന ശിക്ഷാർഹമായ കുറ്റവുമാണ്. വിവാഹമോചിതരായ ദമ്പതിമാരുടെ മക്കൾ അവരുടെ മാതാപിതാക്കളെ വിധിക്കേണ്ടതായി വരുന്നു. മക്കളുടെ വിധി വളരെ കഠിനമാണ്. കുറഞ്ഞപക്ഷം, മാതാപിതാക്കളിൽ ഒരാളെ മക്കൾ കുറ്റക്കാരനോ കുറ്റക്കാരിയോ ആയി വിധിക്കും. മാതാപിതാക്കളുടെ സ്വാർത്ഥത നിമിത്തം,  ആ കുട്ടികൾ,  വിച്ഛേദിക്കപ്പെട്ട സ്നേഹത്തിൽ ജീവിക്കേണ്ടി വരുന്നു. ഇതിനും പുറമേ, കുട്ടികളുടെ രക്ഷിതാവായ മാതാവോ പിതാവോ വീണ്ടും വിവാഹം ചെയ്താൽ ഒരു വിച്ഛേദനം കൂടെ അവരുടെ സ്നേഹത്തിന്മേൽ ഉണ്ടാകുന്നു.

വിവാഹമോചിതനായ ഒരു പുരുഷനെയോ സ്ത്രീയെയോ സംബന്ധിച്ച് പുതിയൊരു വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതു തന്നെ വിവാഹത്തിന്റെ അന്തഃസ്സത്തയെയും
അർത്ഥത്തെയും അശുദ്ധമാക്കലാണ്. ഒരു  പങ്കാളിയുടെ മരണം മാത്രമേ ഇതര പങ്കാളിയുടെ  വിവാഹത്തെ സാധൂകരിക്കുന്നുള്ളൂ. മരണം, വിവാഹജീവിതത്തിന് അന്ത്യം കുറിക്കുമ്പോൾ  വീണ്ടും വിവാഹം ചെയ്യാതെ ചാരിത്ര്യശുദ്ധിയിൽ ജീവിക്കുകയും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും മരിച്ചുപോയ ജീവിതപങ്കാളിയെ ആ കുട്ടികളിൽ കണ്ട് സ്നേഹിക്കുകയും ചെയ്യണം. അങ്ങനെയുള്ള സ്നേഹം പരിശുദ്ധവും യഥാർത്ഥവും 

ഐന്ദ്രികതയുടെ കലർപ്പില്ലാത്തതുമായിരിക്കും. 

എന്റെ മതത്തിൽ വിവാഹമോചനം ഉണ്ടായിരിക്കയില്ല. കോടതി വഴി വിവാഹമോചനം വാങ്ങി പുതിയ വിവാഹത്തിനു ശ്രമിക്കുന്നവൻ വ്യഭിചാരിയും പാപിയുമാണ്. മാനുഷികനിയമം എന്റെ കൽപ്പനയെ വ്യത്യാസപ്പെടുത്തുകയില്ല. എന്റെ മതത്തിൽ  വിവാഹം, രാജ്യനിയമമനുസരിച്ചുള്ള ഒരുടമ്പടി ആയിരിക്കയില്ല; സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു  ധാർമ്മിക ഉടമ്പടി ആയിരിക്കയില്ല. നേരെമറിച്ച്, അത് ഒരിക്കലും വേർപെടുത്താൻ പാടില്ലാത്ത ഒരു ബന്ധമായിരിക്കും. ആ ബന്ധം സ്ഥാപിക്കപ്പെടുകയും ഉറപ്പിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത്, ഒരു   കൂദാശ എന്ന നിലയിൽ അതിനു ഞാൻ നൽകുന്ന വിശുദ്ധീകരണശക്തി കൊണ്ടാണ്. 

ഇത്രയും കാലം, വിവാഹമെന്നത്  ഒരു പുരുഷനും സ്ത്രീയും തമ്മിൽ സ്വാഭാവികമായി, ധാർമ്മികമായി നടത്തുന്ന ഒരുടമ്പടി ആയിരുന്നു. എന്റെ നിയമം നടപ്പിലായിക്കഴിയുമ്പോൾ അത് ദമ്പതിമാരുടെ ആത്മാക്കളിലേക്ക് കടന്നുചെല്ലും. അതിനാൽ അത് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരാത്മീയ ഉടമ്പടിയായി തന്റെ ശുശ്രൂഷകളിൽക്കൂടി നൽകപ്പെടും. ദൈവത്തിനു മുകളിൽ ഒന്നുമില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. അതിനാൽ ദൈവം യോജിപ്പിച്ചതിനെ, യാതൊന്നിനും വേർപെടുത്താൻ കഴിയില്ല. മരണം ഒരവസാനമല്ല; പ്രത്യുത ഭാര്യയും ഭർത്താവും തമ്മിലുള്ള താൽക്കാലിക വേർപാടു മാത്രമാണ്. സ്നേഹിക്കാനുള്ള കടമ മരണശേഷവും നിലനിൽക്കുന്നു."

Thursday, September 8, 2011

ചുങ്കക്കാരന്റെയും ഫരിസേയന്റേയും ഉപമ


ഈശോ ജറീക്കോ പട്ടണത്തിൽ പ്രസംഗിക്കുകയാണ്. മാനസാന്തരപ്പെട്ട ചുങ്കക്കാരൻ സക്കേവൂസിന്റെ പരിശ്രമത്താൽ മനസ്സുതിരിഞ്ഞ, തങ്ങളുടെ പാപജീവിതം വെടിയാനാഗ്രഹിക്കുന്ന ഒരു കൂട്ടമാളുകളും ശ്രോതാക്കളുടെ കൂട്ടത്തിലുണ്ട്.
ഈശോ പറയുന്നു: "ഞാൻ പറയുന്ന ഈ ഉപമ ശ്രദ്ധിച്ചു ശ്രവിക്കുവിൻ. ദൈവസന്നിധിയിൽ വിലയള്ള കാര്യങ്ങൾ എന്തെല്ലാമെന്ന് നിങ്ങൾക്കു മനസ്സിലാകും. ഹൃദയത്തിലെ മോശമായ ചിന്തകൾ തിരുത്തുന്നതിന് അതു സഹായിക്കും.
അധികമാളുകളും തങ്ങളുടെ തന്നെ വിധികർത്താക്കളാണ്. ആയിരം മനുഷ്യരിൽ ഒരുവൻ മാത്രമേ എളിമയുള്ളവനായിരിക്കൂ. അതിനാൽ ഇതാണു സംഭവിക്കുക: ഓരോരുത്തരും അവനവനെ പൂർണ്ണനായിക്കരുതും; അയൽക്കാരനിൽ നൂറുകണക്കിനു കുറ്റങ്ങൾ കണ്ടെത്തുകയും ചെയ്യും.
ഒരു ദിവസം രണ്ടു മനുഷ്യർ ദേവാലയത്തിലേക്കു പോയി. അവർ ഓരോരോ കാര്യാന്വേഷണത്തിനായി ജറുസലേമിൽ എത്തിയതാണ്. ഇവരിൽ ഒരാൾ ഫരിസേയനും അപരൻ ചുങ്കക്കാരനുമായിരുന്നു. ഫരിസേയൻ വന്നത് ചില കടകളുടെ വാടക പിരിക്കാനും പട്ടണത്തിനു സമീപം താമസിച്ചിരുന്ന കാര്യസ്ഥന്മാരുമായി കണക്കു തീർക്കാനുമാണ്. ചുങ്കക്കാരൻ വന്നത് അയാൾ പിരിച്ചെടുത്ത കരമടയ്ക്കാനും ദരിദ്രയായ ഒരു വിധവയ്ക്ക് കരമടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ അവൾക്കു വേണ്ടി സഹാനുഭൂതി നേടാനുമാണ്.
ദേവാലയത്തിലേക്കു  പോകുന്നതിനു മുമ്പ് ഫരിസേയൻ കടകൾ എടുത്തിരിക്കുന്ന എല്ലാവരേയും പോയിക്കണ്ടു. കടകളെല്ലാം നന്നായി നടക്കുന്നു. അതിനാൽ അയാൾ അവരോട് ഇരട്ടി വാടക ആവശ്യപ്പെട്ടു. അവരുടെ സങ്കടം അയാൾ ശ്രവിച്ചില്ല.
അതിലൊരാൾക്ക് ഒരു വലിയ കുടുബം പോറ്റാനുണ്ടായിരുന്നതിനാൽ അയാൾ എതിർത്തു. കോപിഷ്ഠനായ ഫരിസേയൻ കടക്കാരനെ പുറത്താക്കി കട പൂട്ടിച്ച് മുദ്രയും വയ്പിച്ചു.
ഇതുപോലെതന്നെ, പാവപ്പെട്ട കാര്യസ്ഥന്മാരോടും അയാൾ വർത്തിച്ചു.
ചുങ്കക്കാരൻ, നേരെ മറിച്ച് അവന്റെ അധികാരിയുടെ പക്കൽ ചെന്ന് അന്നത്തെ
കണക്കേൽപ്പിച്ചു. അവൻ പിരിച്ചെടുത്ത തുകയിൽ അൽപ്പം കുറവു വന്നതിന്റെ കാരണം അധികാരി അന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു; "കാരണമിതാണ്; ഗ്രാമത്തിൽ ഒരു വിധവയുണ്ട്. അവൾക്കു് ഏഴു കുട്ടികളുണ്ടെങ്കിലും അവരിൽ ജോലി ചെയ്യാൻ കഴിവുള്ളത് മൂത്തകുട്ടിക്കു മാത്രം. അവരോടു കരം പിരിക്കാൻ എന്റെ മനസ്സനുവദിച്ചില്ല."
"ശരി; പക്ഷേ നിയമം നിയമം തന്നെയാണ്. കരമടക്കാതെ പറ്റില്ല."
"എങ്കിൽ കുറവുള്ള തുക ഞാനടച്ചുകൊള്ളാം."
പിന്നീട് രണ്ടുപേരും ദേവാലയത്തിലേക്കു പോയി. 
ഭണ്ഡാരത്തിനു സമീപെ എത്തിയപ്പോൾ ഫരിസേയൻ മടിയിൽ നിന്ന് തടിച്ച മടിശ്ശീലയെടുത്ത് അവസാനത്തുട്ടു വരെ അതിലിട്ടു. ചുങ്കക്കാരനാകട്ടെ, ഒരുപിടി നാണയങ്ങൾ - തിരിച്ചു വീട്ടിലേക്കു പോകാനാവശ്യമായത് - എടുത്തശേഷം ബാക്കിയുള്ളത് ഭണ്ഡാരത്തിലിട്ടു.
പിന്നീട് അവർ കർത്താവിന്റെ പക്കലേക്കു പോയി. ഫരിസേയൻ ഏറ്റം മുമ്പിൽ, ചുങ്കക്കാരൻ വളരെ പിന്നിൽ. രണ്ടുപേരും പ്രാർത്ഥിച്ചു.
ഫരിസേയൻ പറഞ്ഞു; "ഇതാ ഞാൻ ഇവിടെ വന്നിരിക്കുന്നു. ഞങ്ങളുടെ മഹത്വമായ ഈ ഭവനത്തിൽ നിന്നെ ബഹുമാനിക്കാൻ എത്തിയിരിക്കുന്നു. ഞാൻ ഇങ്ങനെയായിരിക്കുന്നത് എന്റെ കഴിവു കൊണ്ടാണെങ്കിലും നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ നിനക്കു ഞാൻ നന്ദി പറയുന്നു. ഭണ്ഡാരത്തിലേക്ക് ഒരുപിടി  നാണയങ്ങൾ മാത്രം എറിഞ്ഞ ആ ചുങ്കക്കാരനെപ്പോലെ ഞാൻ അത്യാഗ്രഹിയോ അനീതിക്കാരനോ വ്യഭിചാരിയോ പാപിയോ അല്ല. നീ കണ്ടതുപോലെ എന്റെ കൈയിലുണ്ടായിരുന്നതു മുഴുവൻ നിനക്കു ഞാൻ തന്നു. അത്യാഗ്രഹിയായ അവൻ, അവന്റെ പണം രണ്ടായിപ്പകുത്ത് കുറവുള്ള ഭാഗം നിനക്കു തന്നു. മറ്റേ ഭാഗം അവൻ സൂക്ഷിക്കുന്നത് തീർച്ചയായും സ്ത്രീകളുമായി കൂത്താടുന്നതിനാണ്. എന്നാൽ ഞാൻ  പരിശുദ്ധനും നീതിമാനുമാണ്. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഞാൻ ഉപവസിക്കുന്നു; എനിക്കുള്ളതിന്റെയെല്ലാം ദശാംശം കൊടുക്കുന്നു. ഓ, കർത്താവേ, നീയിത് ഓർക്കണമേ."
ചുങ്കക്കാരൻ അങ്ങകലെ ഒരു മൂലയിൽ നിന്നിട്ട് ദേവാലയത്തിന്റെ അതിവിശിഷ്ടഭാഗത്തേക്കു കണ്ണുകളുയർത്താൻ പോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു:
"കർത്താവേ, ഇവിടെ നിൽക്കാനുള്ള യോഗ്യത എനിക്കില്ല. എന്നാൽ നീ പരിശുദ്ധനും നീതിമാനുമാണ്. എന്നിട്ടും ഇവിടെ വരാൻ എന്നെ അനുവദിക്കുന്നു. ഓ! എന്റെ
കർത്താവേ, രാവും പകലും നിന്നെ ബഹുമാനിക്കാൻ എനിക്കാഗ്രഹമുണ്ട്. എന്നാൽ അനേക മണിക്കൂറുകൾ ഞനെന്റെ ജോലിയുടെ അടിമയാണ്. എനിക്ക് താത്പര്യമില്ലാത്ത ഒരു ജോലി.
അത് എന്റെ മനസ്സിനെ തളർത്തിക്കളയുന്നു. കാരണം, അത് എന്റെ ഏറ്റം ദരിദ്രരായ
അയൽക്കാർക്ക് ദുഃഖമുളവാക്കുകയാണ്. എന്നാൽ എനിക്ക് എന്റെ അധികാരികളെ അനുസരിക്കണമല്ലോ. കാരണം, അതെന്റെ അനുദിന അപ്പമാണ്. എന്റെ ദൈവമേ, അധികാരികളോടുള്ള കടമയും എന്റെ ദരിദ്രരായ സഹോദരന്മാരോടുള്ള സ്നേഹവും യോജിപ്പിച്ചു കൊണ്ടുപോകാൻ എനിക്കു കഴിവു നൽകണമേ... കർത്താവേ, നിന്നെ കൂടുതൽ ബഹുമാനിക്കാൻ എനിക്കാഗ്രഹമുണ്ട്. നിനക്കതറിയാമല്ലോ. എന്നാൽ ഞാൻ ചിന്തിച്ചു, ദേവാലയത്തിനായി മാറ്റിവച്ച പണത്തിൽ കുറെയെടുത്ത് ദരിദ്രയായ ആ വിധവയ്ക്ക്
നൽകിയാൽ അവർക്കത് ആശ്വാസമാകുമല്ലോ.. എന്നാൽ ഞാൻ തെറ്റാണു ചെയ്യുന്നതെങ്കിൽ എനിക്കതു മനസ്സിലാക്കിത്തരേണമേ.. ഓ! കർത്താവേ, എന്റെമേൽ കരുണയുണ്ടാകണമേ.. കാരണം, ഞാൻ ഒരു വലിയ പാപിയാണ്.."
ഇതാണ് ഉപമ. ഞാൻ  ഗൗരവമായിപ്പറയുന്നു; പ്രീശൻ പുതിയ ഒരു പാപവും കൂടി ചെയ്തിട്ടാണ് ദേവാലയത്തിൽ നിന്നു പോയത്. എന്നാൽ ചുങ്കക്കാരൻ നീതീകരിക്കപ്പെട്ടവനായി പുറത്തുവന്നു. ദൈവാനുഗ്രഹം അവനെ അനുഗമിച്ചു് അവന്റെ വീട്ടിലെത്തി അവിടെ നിറയുകയും ചെയ്തു. കാരണം, അവൻ എളിയവനും കാരുണ്യമുള്ളവനുമായിരുന്നു. അവന്റെ പ്രവൃത്തികൾ വാക്കുകളേക്കാൾ വിശുദ്ധിയുള്ളവയായിരുന്നു.  പ്രീശൻ നേരെമറിച്ച്, ബാഹ്യമായും വാക്കുകളിലും മാത്രമാണ് നന്മ കാണിച്ചത്. ആന്തരികമായി അവൻ ഒരു പിശാചിനെപ്പോലെ ആയിരുന്നു. അവന്റെ ഹൃദയത്തിന് അഹങ്കാരവും കാപട്യവുമാണുണ്ടായിരുന്നത്. അതിനാൽ ദൈവം അവനെ വെറുത്തു.
സ്വയം ഉയർത്തുന്നവൻ ഉടൻ തന്നെയോ പിന്നീടോ താഴ്ത്തപ്പെടും; ഈ ലോകത്തിലല്ലെങ്കിൽ ഭാവി ജീവിതത്തിൽ. സ്വയം താഴ്ത്തുന്നവൻ ഉയർത്തപ്പെടും; പ്രത്യേകിച്ചു് സ്വർഗ്ഗത്തിൽ. അവിടെയാണ് മനുഷ്യരുടെ പ്രവൃത്തികൾ അവയുടെ തനിമയിൽ കാണപ്പെടുന്നത്."

The Nativity of the Blessed Virgin Mary

September 8

  ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍.

 എട്ടാം നൂറ്റാണ്ടു മുതലാണ്‌ തിരുസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. രണ്ടു വിശുദ്ധരുടെ ജനനത്തിരുനാളുകള്‍ മാത്രമാണ്   സഭ കൊണ്ടാടാറുള്ളത്.   പരിശുദ്ധ അമ്മയുടെയും വി. സ്നാപക യോഹന്നാന്റെയും. 

Thy birth, O Virgin Mother of God,
heralded joy to all the world.
For from thou hast risen the Sun of justice,
Christ our God.

Destroying the curse, He gave blessing;
and damning death, He bestowed on us
life everlasting.

Blessed art thou among women
and blessed is the fruit of thy womb.
For from thou hast risen of Sun of justice,
Christ our God.

 
- From The Divine Office - Matins (Morning Prayer)
­