ജാലകം നിത്യജീവൻ: August 2015

nithyajeevan

nithyajeevan

Monday, August 24, 2015

വി.ബർത്തലോമിയോ

ഓഗസ്റ്റ് 24 - ഇന്ന് അപ്പസ്തോലനും രക്തസാക്ഷിയുമായ 

വി.ബർത്തലോമിയോയുടെ തിരുനാൾ 
വി.ബർത്തലോമിയോ 

Saturday, August 15, 2015

സ്വർഗ്ഗാരോപണത്തിരുനാൾ

            ഓഗസ്റ്റ് 15 - തിരുസഭ ഇന്ന് പരിശുദ്ധ കന്യകാമാതാവിന്റെ  സ്വർഗ്ഗാരോപണത്തിരുനാൾ സാഘോഷം കൊണ്ടാടുന്നു.


                 ദൈവപുത്രനായ ഈശോ, ഉയിർപ്പിനുശേഷം തന്റെ തിരുശരീരത്തോടുകൂടി  സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തുവെന്നും     ഈ ലോകത്തിൽ നീതിയോടെ ജീവിച്ച  എല്ലാ മനുഷ്യരുടെയും  ശരീരങ്ങൾ അവസാന നാളിൽ സ്വർഗ്ഗത്തിലുള്ള  അവരുടെ ആത്മാക്കളോടു ചേരുമെന്നും അവ ക്രിസ്തുവിന്റെ മഹത്വീകൃതമായ ശരീരത്തോടു സാരൂപ്യം പ്രാപിക്കുമെന്നും എല്ലാ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. 
           ദൈവമാതാവായ കന്യകാമറിയവും മരണശേഷം സശരീരിയായി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന്  കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നു.  
  
             ക്രിസ്തു തന്റെ ദൈവികശക്തിയാൽ സ്വർഗ്ഗത്തിലേക്ക് സ്വയം ആരോഹണം ചെയ്തപ്പോൾ (സ്വർഗ്ഗാരോഹണം),  കന്യകാമാതാവ് തന്റെ പുത്രന്റെ ശക്തിയാൽ സ്വർഗ്ഗത്തിലേക്ക്  എടുക്കപ്പെടുകയായിരുന്നു (സ്വർഗ്ഗാരോപണം).
             ക്രിസ്തീയ വിശ്വാസത്തിന്റെ ആരംഭം മുതൽക്കേ മാതാവിന്റെ സ്വർഗ്ഗാരോപണത്തിൽ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു. അതിന് ഉപോൽബലകമായ   ശക്തമായ പല   ചരിത്രവസ്തുതകളുമുണ്ട് :
                       1. ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രത്തിൽ ഒരുകാലത്തും മാതാവിന്റെ കല്ലറ എന്നപേരിൽ ഒരു സ്ഥലമോ കല്ലറയോ ക്രിസ്ത്യാനികൾ വണങ്ങിയിട്ടില്ല.  
                      2. അഞ്ചാം നൂറ്റാണ്ടു വരെ മാതാവിന്റെ കല്ലറയെപ്പറ്റി ഒരു ഐതിഹ്യമോ കേട്ടുകേൾവിയോ ഉണ്ടായിട്ടില്ല.
                               3. മാതാവിന്റെ ശരീരത്തിന്റെ ഏതെങ്കിലുമൊരു തിരുശേഷിപ്പ് ലോകത്തിൽ ഒരിടത്തും ഉള്ളതായി അറിവില്ല. മാതാവിനെക്കാൾ മുൻപ് മരണമടഞ്ഞ വിശുദ്ധ യൗസേപ്പിന്റെയും അപ്പസ്തോലന്മാരിൽ പലരുടെയും തിരുശേഷിപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അത്യാദരപൂർവ്വം വണങ്ങപ്പെടുന്നുണ്ട്. 

       ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ നിർബന്ധപൂർവമായ അപേക്ഷപ്രകാരം, 1950 നവംബർ 1 ന് സ്വർഗ്ഗാരോപണം  ഒരു വിശ്വാസസത്യമായി  പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ പ്രഖ്യാപിച്ചു.  അതിൽ ഇപ്രകാരം പറയുന്നു:
              "മറിയം, തന്റെ ഭൗമിക ജീവിതത്തിന്റെ അന്ത്യത്തിൽ, തന്റെ ആത്മാവോടും ശരീരത്തോടും കൂടി സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു.
 മറിയം എങ്ങിനെയാണോ ക്രിസ്തുവിനെ ഭൂമിയിലേക്കു സ്വീകരിച്ചത് അതുപോലെ ക്രിസ്തു അവളെ സ്വർഗ്ഗത്തിലേക്കു സ്വീകരിക്കുവാൻ തിരുമനസ്സായി. മനുഷ്യനായി അവളിലേക്കു താണിറങ്ങിയ  അവിടുന്ന്, അവിടുത്തെ മഹത്വത്തിലേക്ക് അവളെ ഉയർത്തുവാനും തിരുവുള്ളമായി.  ദൈവമാതാവിന്റെ ഇരിപ്പിടം  കല്ലറയുടെ ശോകമൂകതയിലല്ല; പിന്നെയോ, നിത്യമഹത്വത്തിന്റെ പ്രശോഭയിലത്രേ.."


ജയ ജയ ജയ ജന്മഭൂമി

ആഗസ്റ്റ്‌ 15 2015 

സ്വാതന്ത്ര്യ ദിനാശംസകൾ 


സ്കൂൾ മാസ്റ്ററിലെ ഈ മനോഹരമായ ദേശഭക്തിഗാനം കേട്ടാലും ..

Thursday, August 13, 2015

ഫാത്തിമാ രഹസ്യങ്ങൾ

 എന്താണ് ഫാത്തിമാ രഹസ്യങ്ങൾ ?

    സിസ്റ്റർ ലൂസി തന്റെ മൂന്നാമത്തെ ഓർമ്മക്കുറിപ്പിൽ എഴുതി:
              "ഫാത്തിമാ രഹസ്യത്തിന് മൂന്നു പ്രത്യേക ഭാഗങ്ങളുണ്ട്. ഇതിൽ ആദ്യത്തെ ഭാഗം നരകദർശനമാണ്. മാതാവ് ഞങ്ങളെ കാണിച്ച ദർശനത്തിലെ തീക്കടലും അതിലേക്ക് നിരന്തരം വന്നുപതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരും ഞങ്ങളുടെ ഓർമ്മയിൽ നിന്നൊരിക്കലും മാഞ്ഞുപോയില്ല. മാതാവ് ഞങ്ങളെ പഠിപ്പിച്ച "ഓ, എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളണേ, എല്ലാ ആത്മാക്കളെയും, വിശിഷ്യാ, അങ്ങേ സഹായം ഏറ്റം ആവശ്യമായിരിക്കുന്നവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ" എന്ന പ്രാർത്ഥന  ഞങ്ങൾ കൂടെക്കൂടെ  ചൊല്ലുമായിരുന്നു..
                   നരകത്തിന്റെ ഭീകരദർശനം ഏറ്റവും ആഴത്തിൽ പതിഞ്ഞത് ജസീന്തയുടെ മനസ്സിലാണ്. പാവപ്പെട്ട പാപികൾ നരകത്തിൽ വീഴാതിരിക്കാനായി, എത്ര കഠിന ത്യാഗവും അനുഷ്ഠിക്കാൻ അവളൊരുക്കമായിരുന്നു.  ഞങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ അവൾ പലപ്പോഴും ആലോചനയിലാണ്ടിരിക്കുന്നതു കാണാം; പിന്നെ സ്വയം പറയും, ''ഓ, നരകം.. അതിൽ വീഴുന്നവരെയോർത്ത് എനിക്കെത്ര സങ്കടമാണെന്നോ? അവർ വിറകു കത്തുന്നതുപോലെയല്ലേ അവിടെ കത്തിക്കൊണ്ടിരിക്കുന്നത് ?"  പെട്ടെന്നുതന്നെ അവൾ ഞെട്ടിയെഴുന്നേറ്റു മുട്ടുകുത്തി, കൈകൾ കൂപ്പി മാതാവ്  പഠിപ്പിച്ച 'ഓ, എന്റെ ഈശോയെ'  എന്ന പ്രാർത്ഥന ആവർത്തിച്ചാവർത്തിച്ച് ചൊല്ലും.. ഇടയ്ക്ക് സഹോദരനെ വിളിക്കും; "ഫ്രാൻസിസ്, നീ എന്റെ കൂടെ പ്രാർഥിക്കുന്നില്ലേ? ആളുകൾ  നരകത്തിൽ വീഴാതിരിക്കാനായി നമുക്ക് ഒരുപാട് പ്രാർഥിക്കണം; എത്രയാളുകളാണെന്നോ നരകത്തിൽ പോകുന്നത്?" 
                 മറ്റുചിലപ്പോൾ സങ്കടത്തോടെ അവൾ ചോദിക്കും; "നമ്മളെ കാണിച്ചപോലെ നരകത്തിന്റെ കാഴ്ച  എന്തുകൊണ്ടാണ്  മാതാവ്  പാപികളെക്കൂടെ കാണിക്കാത്തത്?  അവരതു കണ്ടിരുന്നെങ്കിൽ നരകത്തിൽ വീഴാതിരിക്കാനായി പാപം ചെയ്യാതിരുന്നേനെ ..  ഇനി മാതാവ് വരുമ്പോൾ നീ പറയണം എല്ലാവരെയും ഈ കാഴ്ച കാണിക്കണമെന്ന് ..അപ്പോൾ അവരെല്ലാം നല്ലവരായി ജീവിക്കും.."
                          ചിലപ്പോൾ അവൾ ഇങ്ങനെയും ചോദിക്കും; "ആളുകളെ നരകത്തിലേക്കു തള്ളിവിടുന്ന പാപങ്ങൾ എന്തൊക്കെയാണ്?"  ഞാൻ പറയും; "എനിക്കറിഞ്ഞുകൂടാ.. ചിലപ്പോൾ ഞായറാഴ്ചക്കുർബാന മുടക്കിയിട്ടായിരിക്കും .. ചിലപ്പോൾ മോഷണം നടത്തിയിട്ടായിരിക്കും .. അല്ലെങ്കിൽ ചീത്തവാക്കുകൾ പറഞ്ഞിട്ടായിരിക്കും ...ചിലപ്പോൾ ആണയിട്ടിട്ടോ  ശപിച്ചിട്ടോ ഒക്കെയായിരിക്കും .."
"അപ്പോൾ,  വെറും ഒരു വാക്കു മൂലവും  ആളുകൾ നരകത്തിൽ പോകുമോ ?"
"അതും പാപം തന്നെയല്ലേ?"
" ഓ, നരകത്തിൽ പോകുന്നവരെയോർത്ത് എനിക്ക് വല്ലാത്ത സങ്കടമുണ്ട്."
പിന്നെയവൾ എന്റെ കൈപിടിച്ചിട്ടു പറയും, "ഞാൻ സ്വർഗ്ഗത്തിൽ പോകയാണ്. പക്ഷെ,  നീ ഇവിടെത്തന്നെയാണല്ലോ..  മാതാവ് അനുവദിക്കയാണെങ്കിൽ നീ നരകത്തെപ്പറ്റി എല്ലാവരോടും പറയണം..അവർ പാപം ചെയ്യതിരിക്കട്ടെ.. അങ്ങനെ അവർ നരകത്തിൽ വീഴാതിരിക്കുമല്ലോ .."
അവളെ ശാന്തയാക്കാൻ ഞാൻ പറയും; "പേടിക്കേണ്ട, നീ എന്തായാലും സ്വർഗ്ഗത്തിൽ പോകയല്ലേ?"
പ്രസന്നയായി അവൾ പറയും; "അതെ, പക്ഷെ ഞാൻ മാത്രമല്ല, എല്ലാ  ആളുകളും  സ്വർഗ്ഗത്തിൽ എത്തിച്ചേരണമെന്നാണ് എന്റെ ആഗ്രഹം .."
  മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനുള്ള തീവ്രമായ ആഗ്രഹത്താൽ പലപ്പോഴും അവൾ തന്റെ ഭക്ഷണം  ഉപേക്ഷിക്കുമായിരുന്നു. "ജസീന്താ, വന്നു ഭക്ഷണം കഴിക്കൂ" എന്നു പറഞ്ഞു ഞാൻ വിളിക്കുമ്പോൾ അവൾ പറയും; "ഇല്ല! അമിതഭക്ഷണം കഴിക്കുന്ന പാപികൾക്കുവേണ്ടി ഈ ത്യാഗം  ഞാൻ ദൈവത്തിനു കാഴ്ച വെയ്ക്കുന്നു.." അതുപോലെ, അവൾക്കു സുഖമില്ലാതിരുന്നപ്പോഴും ഇടദിവസങ്ങളിൽ അവൾ കുർബാനയ്ക്കു പോയിരുന്നു. ഞാനവളോടു പറയു; "ജസീന്താ, നിനക്ക് സുഖമില്ല; തന്നെയുമല്ല, ഇന്ന് ഞായറാഴ്ചയുമല്ലല്ലൊ .." അവൾ പറയും; "അതു സാരമില്ല,  ഞായറാഴ്ച പോലും പള്ളിയിൽപ്പോകാൻ കൂട്ടാക്കാത്ത പാപികൾക്കു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.."  എന്നിട്ടവൾ ഫാത്തിമാപ്രാർത്ഥന ആവർത്തിച്ചു ചൊല്ലും.
          ഫാത്തിമാ രഹസ്യത്തിന്റെ രണ്ടാം ഭാഗം മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയെ സംബന്ധിച്ചുള്ളതാണ്.  ജൂണ്‍ 13 ലെ രണ്ടാമത്തെ ദർശന വേളയിൽ,  ഒരിക്കലും എന്നെ കൈവിടില്ലെന്നും മാതാവിന്റെ വിമലഹൃദയം എന്നും എന്റെ അഭയകേന്ദ്രമായിരിക്കുമെന്നും മാതാവ് എന്നോടു പറഞ്ഞിരുന്നു.  ഈ വാക്കുകൾ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ മാതാവ് തന്റെ ഇരുകരങ്ങളും വിടർത്തി. ആ കരങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ പ്രകാശം ഞങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് തുളഞ്ഞു കയറി.  ഞങ്ങളുടെ ഉള്ളിൽ മാതാവിന്റെ വിമലഹൃദയത്തോട്  പ്രത്യേകമായ ഒരു സ്നേഹം ഉളവാക്കുക എന്നതായിരുന്നു ആ പ്രകാശധാരയുടെ ലക്ഷ്യം എന്നെനിക്കു തോന്നി. 
         ജൂലയ് മാസത്തിലെ ദർശനത്തിൽ, മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ വ്യാപകമാകണമെന്ന്  നിത്യപിതാവ് ആഗ്രഹിക്കുന്നതായി മാതാവ് വെളിപ്പെടുത്തി. കൂടാതെ,   ഇനിയൊരു യുദ്ധം ഭാവിയിൽ ഉണ്ടാകാതിരിക്കാനായി റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും മാതാവിനെതിരെ പറയപ്പെടുന്ന ദൂഷണങ്ങൾക്കു പരിഹാരമായി മാസാദ്യശനിയാഴ്ച  ആചരണം നടത്തണമെന്നും  മാതാവ് അറിയിച്ചു.  ഇക്കാര്യങ്ങൾ ഫ്രാൻസിസിനോടൊഴികെ  മറ്റാരോടും ഇപ്പോൾ പറയരുതെന്നും എപ്പോഴാണ് ഇതു പരസ്യമാക്കേണ്ടതെന്ന് പിന്നീട് അറിയിക്കാമെന്നും മാതാവ്  പറഞ്ഞു." 

Tuesday, August 11, 2015

ജസീന്തയും ഫ്രാൻസിസും

ജസീന്തയും ഫ്രാൻസിസും - അനുപമ സൗന്ദര്യമുള്ള രണ്ടാത്മാക്കൾ

             ദൈവമാതാവിന്റെ ദർശനങ്ങൾക്കു ശേഷം ദർശനസ്ഥലത്ത് തീർഥാടകർ പതിവായി വന്നുകൊണ്ടിരുന്നു. ഞായറാഴ്ചകളിലും പതിമ്മൂന്നാം തീയതികളിലും തീർഥാടകരുടെ എണ്ണം വളരെക്കൂടുതലായിരിക്കും. ദർശകരായ ലൂസിയെയും ജസീന്തയെയും ഫ്രാൻസിസിനെയും കാണാനെത്തുന്നവരുടെ എണ്ണവും കുറവല്ലായിരുന്നു.  ചോദ്യങ്ങൾ കൊണ്ട് കുട്ടികളെ അവർ വീർപ്പുമുട്ടിച്ചു;  ഈ സഹനങ്ങളെല്ലാം അവർ പാപികളുടെ മാനസാന്തരത്തിനായി കാഴ്ച വെച്ചു.
Blessed Jacinta (1910 - 1920)

        ദർശനങ്ങൾക്കു മുൻപ്‌ സാധാരണ കുട്ടികളെപ്പോലെ കളികളിലും ഡാൻസിലും പാട്ടിലുമൊക്കെ താൽപ്പര്യമുണ്ടായിരുന്ന കുട്ടികൾ മൂവരും, ദർശനശേഷം  അവയൊക്കെ ഒഴിവാക്കി. അതൊക്കെ പാപസാഹചര്യങ്ങളിലേക്ക് നയിക്കുന്നവയാണെന്ന് അവർ വിശ്വസിച്ചു..
                 എഴുതുവാനും വായിക്കുവാനും പഠിക്കണമെന്ന് ദർശനവേളകളിലൊന്നിൽ മാതാവ് ലൂസിയോട്‌ പറഞ്ഞിരുന്നതനുസരിച്ച് അവൾ സ്കൂളിൽ ചേർന്ന് പഠനമാരംഭിച്ചു.  ജസീന്തയും കൂട്ടിനുണ്ടായിരുന്നു. എന്നാൽ,  ഫ്രാൻസിസ് പഠനത്തിൽ താൽപ്പര്യം കാണിച്ചില്ല. അവൻ താമസിയാതെ സ്വർഗ്ഗത്തിൽ പോകുമെന്ന് മാതാവ് പറഞ്ഞിരുന്നതോർമ്മിച്ച് തന്റെ സമയം പ്രാർഥനയിലും ദിവ്യകാരുണ്യസന്നിധിയിലുമായി അവൻ കഴിച്ചുകൂട്ടി.   തന്റെ പ്രാർത്ഥനയും ത്യാഗങ്ങളും വഴി ലോകത്തിന്റെ പാപങ്ങൾ നിമിത്തം വേദനിക്കുന്ന ഈശോയെ ആശ്വസിപ്പിക്കാൻ അവൻ അതിയായി ആഗ്രഹിച്ചു..                      
Blessed Francisco (1908-1919)

ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു.. 1918 ൽ യൂറോപ്പാകമാനം പടർന്നുപിടിച്ച ജ്വരപ്പനി (ഇൻഫ്ലുവൻസാ) പോർട്ടുഗലിലും വ്യാപിച്ചു.  ഫ്രാൻസിസും ജസീന്തയും അതിനിരയായി. മാസങ്ങളോളം വേദനയും ദുരിതങ്ങളുമനുഭവിച്ച ശേഷം .   ഫ്രാൻസിസ് 1919 ഏപ്രിൽ 4 നും  ജസീന്ത 1920 ഫെബ്രുവരി 20 നും സ്വർഗ്ഗത്തിലേക്കു പറന്നുയർന്നു.
              പ്രസന്നപ്രകൃതിയായിരുന്നു ഫ്രാൻസിസിന്റെത്. എപ്പോഴും ആരെയും  സഹായിക്കാൻ സന്നദ്ധനായിരുന്ന അവൻ ഏവർക്കും പിയങ്കരനായിരുന്നു.
                  അഞ്ചുമാസത്തോളം അവൻ രോഗശയ്യയിലായിരുന്നു. ഈ കാലത്ത് അവൻ സഹിച്ച വേദനകൾ കുറച്ചെങ്കിലും പങ്കുവെച്ചത് ലൂസിയോടു മാത്രമാണ്.   ലൂസി തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി: "രോഗസമയത്തെ അവന്റെ സഹനങ്ങൾ വീരോചിതമായിരുന്നു.  വേദനകൾ അവൻ അതിരറ്റ ക്ഷമയോടെ സഹിച്ചു.  പരാതിയുടെതോ    വേദനയുടെതോ ആയ  ഒരു നേരിയ ഞരക്കം  പോലും അവന്റെ അധരങ്ങളിൽ നിന്നു പുറപ്പെട്ടില്ല..അവന്റെ മരണത്തിനു തൊട്ടുമുമ്പുള്ള  ദിവസങ്ങളിലൊന്നിൽ   ഞാനവനോടു ചോദിച്ചു; "നീ ഒരുപാടു സഹിക്കുന്നുണ്ട് ഇല്ലേ?"  അവൻ പറഞ്ഞു: "ഉവ്വ്, എന്നാൽ, ഞാനതെല്ലാം സഹിക്കുന്നത് ഈശോയോടും  മാതാവിനോടുമുള്ള സ്നേഹത്തെപ്രതിയാണ്.." മറ്റൊരു ദിവസം ഞാനവനെ കാണാൻ ചെന്നപ്പോൾ, അവന്റെ അരയിൽ കെട്ടിയിരുന്ന പരുക്കൻ ചരട് എന്റെ കൈയിൽ തന്നിട്ട് അവൻ പറഞ്ഞു: "എന്റെ അമ്മ കാണുന്നതിനു മുൻപ് ഇത് മാറ്റിക്കൊള്ളൂ .. ഇനി ഇതു ധരിക്കാനുള്ള ശേഷി എനിക്കില്ല .." അവന്റെ അമ്മ കൊടുത്തിരുന്നതെന്തും ഒരു മടിയും കാണിക്കാതെ  അവൻ ഭക്ഷിച്ചിരുന്നു; അതിനാൽ അവന് ഇഷ്ടമുള്ളതേത്, ഇഷ്ടമില്ലാത്തതേത് എന്നൊരിക്കലും അവർക്ക് മനസ്സിലാക്കാനായിരുന്നില്ല.  മരിക്കുന്നതിന്റെ തലേദിവസം അവൻ എന്നോടും ജസീന്തയോടുമായി പറഞ്ഞു:  "ഞാൻ സ്വർഗ്ഗത്തിലേക്കു പോവുകയാണ്. അവിടെയെത്തിക്കഴിഞ്ഞാൽ നിങ്ങളെ  രണ്ടുപേരെയും എത്രയും വേഗം അവിടെയെത്തിക്കണേ എന്ന് ഈശോയോടും മാതാവിനോടും ഞാൻ പ്രാർഥിക്കും .."
                      ജസീന്തയും മാസങ്ങളായി കിടപ്പിലായിരുന്നു. ഇടയ്ക്ക് അവളുടെ സ്ഥിതി അൽപ്പം മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ന്യുമോണിയ ബാധിച്ച് അവൾ കിടപ്പിലായി. അവളുടെ നെഞ്ചിൽ പഴുപ്പു ബാധിച്ച, ദുസ്സഹമായ വേദനയുളവാക്കുന്ന ഒരു പരുവും കാണപ്പെട്ടു. 1919 ജൂലയ് മാസത്തിൽ, ചികിത്സാർത്ഥം അവളെ ഔറെമിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കുശേഷവും അവളുടെ സ്ഥിതി മെച്ചപ്പെട്ടില്ല. നെഞ്ചിലൊരു തുറന്ന മുറിവും തീവ്രവേദനയുമായി അവൾ വീട്ടിലേക്കുതന്നെ  മടങ്ങി. 1920 ഫെബ്രുവരിയിൽ വീണ്ടും അവളെ ലിസ്ബണിലെ ഒരാശുപത്രിയിലാക്കി.  അവിടെ വെച്ച് അത്യന്തം വേദനാജനകമായ ഓരോപ്പറേഷനിലൂടെ  അവളുടെ രോഗബാധിതമായ രണ്ടു വാരിയെല്ലുകൾ നീക്കം ചെയ്തു.  അവളുടെ രോഗഗ്രസ്തമായ ഹൃദയസ്ഥിതി കണക്കിലെടുത്ത്  അനസ്തേഷ്യ കൊടുക്കാതെയാണ്‌ ഓപ്പറേഷൻ നടത്തിയത്!! അവൾ സഹിച്ച വേദന ഊഹിക്കയേ വേണ്ടൂ.. എല്ലാ വേദനകളും പാപികളുടെ മാനസാന്തരത്തിനായി അവൾ സമർപ്പിച്ചു ..
        ഇതെല്ലാമായിട്ടും അവളുടെ രോഗസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. 1920 ഫെബ്രുവരി ഇരുപതാം തീയതി വൈകിട്ട് അവളുടെ ആഗ്രഹപ്രകാരം, അടുത്തുള്ള ദേവാലയത്തിലെ വൈദികൻ  വന്ന് അവളെ കുമ്പസാരിപ്പിച്ചു. അപ്പോൾത്തന്നെ പരിശുദ്ധ കുർബാന സ്വീകരിക്കുവാൻ അവൾ അതിയായി ആഗ്രഹിച്ചുവെങ്കിലും വൈദികൻ അനുവദിച്ചില്ല.  പിറ്റെദിവസം വരെ കാത്തിരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു.  അന്നുരാത്രി, വീട്ടിൽ നിന്ന് വളരെ അകലെ, ഒരാശുപത്രിയിൽ വെച്ച്  പ്രിയ മാതാപിതാക്കളോ സഹോദരങ്ങളോ ആരും അടുത്തില്ലാതെ ഏകയായി അവൾ പറന്നകന്നു; അവൾ ആഗ്രഹത്തോടെ കാത്തിരുന്ന  ആ മനോഹരിയുടെ സവിധത്തിലേക്ക്‌..

Saturday, August 8, 2015

സഭയും ഫാത്തിമാ ദർശനങ്ങളും

         
                        ഫാത്തിമാ ദർശനങ്ങൾ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിക്കുന്നത്   1930  ഒക്ടോബർ 13 ന് ആണ്. ഫാത്തിമായിൽ ദൈവമാതാവിന്റെ  ദർശനങ്ങൾ തുടരുമ്പോഴും പിന്നീട് കുറെക്കാലത്തേക്കും, അതുൾപ്പെടുന്ന ലിറിയ രൂപതയിലെ സഭാധികാരികൾ അകന്നുനിന്നു വീക്ഷിച്ചതല്ലാതെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മിനക്കെട്ടില്ല.  എന്നാൽ, കാലം ചെല്ലുംതോറും വർദ്ധിക്കുന്ന തീർഥാടകരുടെ ഒഴുക്കും  ദർശനസ്ഥലത്ത് നടക്കുന്നതായി പറയപ്പെടുന്ന അത്ഭുതങ്ങളും ഇതേപ്പറ്റി ആഴത്തിൽ പഠിക്കാൻ സഭാധികാരികളെ പ്രേരിപ്പിച്ചു. 1922 ൽ, ദൈവശാസ്ത്ര പണ്ഡിതരായ രണ്ടു വൈദികരുൾപ്പെടുന്ന ഒരു കമ്മിറ്റിയെ ലിറിയ ബിഷപ്പ് ഇതിനായി നിയോഗിച്ചു.  വളരെ വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ കമ്മിറ്റി സമർപ്പിച്ച  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഫാത്തിമായിലെ സംഭവങ്ങൾ ദൈവിക ഇടപെടലുകളാണെന്ന  സത്യം പ്രാദേശിക സഭ അംഗീകരിച്ചു. ഫാത്തിമയിലെ കോവാ ദ ഇറിയയിൽ 1917 മെയ്‌മാസം  മുതൽ ഒക്ടോബർ വരെ  ലൂസി, ജസീന്ത, ഫ്രാൻസിസ്കോ എന്നീ ഇടയബാലകർക്കു ദർശനമരുളിയത് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയമാണെന്നും 1917 ഒക്ടോബർ 13 ലെ  ദർശനവേളയിൽ നടന്നത് അത്ഭുതമാണെന്നും സഭ സ്ഥിരീകരിച്ചു.  ഫാത്തിമാനാഥ എന്ന നാമധേയത്തിൽ മാതാവിനെ വണങ്ങുന്നതിനുള്ള അനുമതിയും സഭ വിശ്വാസികൾക്കു  നല്കി.
       ലോകത്തിൽ സമാധാനം കൈവരുത്തുന്നതിനായി മാനവരാശിയുടെ സഹകരണം തേടുകയായിരുന്നു ഈ ദർശനങ്ങളിലൂടെ മാതാവു ചെയ്തത്.  ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. യുദ്ധങ്ങൾ മനുഷ്യരുടെ പാപങ്ങൾക്കുള്ള ശിക്ഷയാണെന്നും അതിനാൽ മനുഷ്യർ പാപവഴികളിൽ നിന്നകന്ന്  ദൈവകൽപ്പനകൾ അനുസരിച്ചു ജീവിക്കണമെന്നും അല്ലാത്തപക്ഷം കൂടുതൽ ഭയാനകമായ യുദ്ധങ്ങളിലൂടെയും മറ്റു ദുരന്തങ്ങളിലൂടെയും ലോകം കടന്നുപോകുമെന്നും മാതാവ് മുന്നറിയിപ്പു നല്കി. ലോകത്തെ ശിക്ഷിക്കുന്നതിനായി ദൈവം തെരഞ്ഞെടുത്തിരിക്കുന്നത് റഷ്യയെയാണെന്നും അതിനാൽ  റഷ്യൻ ജനതയുടെ  മാനസാന്തരത്തിനായി എല്ലാവരും പ്രാർഥിക്കുകയും ത്യാഗങ്ങൾ അനുഷ്ടിക്കുകയും ചെയ്യണമെന്നും റഷ്യയെ  മാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. മാതാവിന്റെ  ഈ അപേക്ഷകൾ തിരസ്കരിക്കപ്പെട്ടാൽ റഷ്യ അതിന്റെ അബദ്ധസിദ്ധാന്തങ്ങൾ ലോകം മുഴുവൻ പരത്തുമെന്നും തൽഫലമായി മഹായുദ്ധങ്ങളും ഭയാനകമായ മറ്റു വിപത്തുകളും ഉണ്ടാകുമെന്നും സഭയും അതിന്റെ ഇടയനും പീഡിപ്പിക്കപ്പെടുമെന്നും   ലോകത്തിലെ പല രാജ്യങ്ങളും നാമാവശേഷമാകുമെന്നുമുള്ള മുന്നറിയിപ്പും അമ്മ നല്കി. 
          മാതാവു നൽകിയ ഈ സന്ദേശങ്ങൾ, ദർശകരായ മൂന്നു കുട്ടികളും രഹസ്യമായി സൂക്ഷിച്ചു. മാതാവിന്റെ നിർദേശാനുസാരമായിരുന്നു ഇത്.   1917 ജൂലൈ 13 നു നൽകിയ ദർശനത്തിൽ, മാതാവ് തന്റെ രണ്ടു പ്രത്യേക നിർദേശങ്ങൾ നടപ്പിലാക്കേണ്ട കാലം അറിയിക്കുന്നതിനായി താൻ വീണ്ടും വരുന്നതാണെന്ന് ലൂസിയെ അറിയിച്ചിരുന്നു. മാതാവിന്റെ വിമലഹൃദയത്തിനുള്ള റഷ്യയുടെ പ്രതിഷ്ഠയും മാതാവിന്റെ വിമലഹൃദയഭക്തിയുടെ പ്രചാരവുമായിരുന്നു ഈ രണ്ടു പ്രത്യേക നിർദേശങ്ങൾ. 
            8 വർഷങ്ങൾക്കുശേഷം, 1925 ഡിസംബർ 10 ന്, ലൂസി സ്പെയിനിലെ ഒരു കോണ്‍വെന്റിൽ സന്യാസാർഥിയായിരിക്കുമ്പോൾ, ഉണ്ണിയീശോയെ കൈകളിലേന്തി മാതാവ് അവൾക്കു പ്രത്യക്ഷയായി. മാതാവിന്റെ ഹൃദയം മുള്ളുകളാൽ വലയം ചെയ്യപ്പെട്ടിരുന്നു. മാതാവ് അവളോടു പറഞ്ഞു: "കാണുക, എന്റെ മകളേ, ദൈവദൂഷണങ്ങളാകുന്ന മുള്ളുകളാൽ, നന്ദിയറ്റ മനുഷ്യർ എന്റെ ഹൃദയം   ഓരോ നിമിഷവും കുത്തിത്തുളച്ചുകൊണ്ടിരിക്കുന്നു...."   ദൈവമാതാവിനെതിരെ പറയപ്പെടുന്ന ദൂഷണങ്ങൾക്കും നിന്ദയ്ക്കും പരിഹാരമായി, തുടർച്ചയായ അഞ്ചു മാസാദ്യ ശനിയാഴ്ചകളിൽ കുമ്പസ്സാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുന്നവരുടെ മരണസമയത്ത് നല്ല മരണം ലഭിക്കുന്നതിനാവശ്യമായ എല്ലാ കൃപകളും അവരുടെമേൽ വർഷിച്ച് അവരുടെ ആത്മരക്ഷ ഉറപ്പാക്കുന്നതാണെന്ന് മാതാവ് അവളെ അറിയിച്ചു.  പരിശുദ്ധ കുർബാന സ്വീകരിക്കുന്നതോടൊപ്പം   അന്നേദിവസം എപ്പോഴെങ്കിലും ജപമാലയുടെ 5 ദശകങ്ങൾ ചൊല്ലുകയും 15 മിനിറ്റ് ജപമാല രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യണമെന്നും ഇക്കാര്യം എല്ലാവരെയും അറിയിക്കണമെന്നും   മാതാവ് ആവശ്യപ്പെട്ടു.  
            സി.ലൂസി ഇക്കാര്യം ഉടൻതന്നെ അവളുടെ കുമ്പസാരക്കാരനായ വൈദികനെയും മദർ സുപ്പീരിയറിനെയും അറിയിച്ചു.  കുമ്പസാരക്കാരനച്ചന്റെ നിർദ്ദേശ പ്രകാരം ദർശനവിവരങ്ങളെല്ലാം അവൾ  വിശദമായി  രേഖപ്പെടുത്തിവെച്ചു.  പിന്നീട് ലിറിയ ബിഷപ്പിനും സഭാനേതൃത്വവുമായി ബന്ധപ്പെട്ട മറ്റനേകം പേർക്കും ഇക്കാര്യം വിശദമാക്കി അവൾ കത്തുകളെഴുതി.  മെല്ലെ മെല്ലെ ഈ ഭക്തി സഭയാകമാനം വ്യാപിച്ചു. "മാസാദ്യശനിയാഴ്ചആചരണം" എന്നപേരിൽ ഈ ഭക്തി ഇപ്പോൾ സഭയിൽ സജീവമാണ്. 
എന്തുകൊണ്ട് 5 മാസാദ്യശനിയാഴ്ചകൾ? 
         ഈ ചോദ്യത്തിന് സി.ലൂസിക്ക് ഉത്തരം നൽകിയത് മറ്റാരുമല്ല, നമ്മുടെ കർത്താവ്‌ തന്നെയാണ്. അവിടുന്ന് പറഞ്ഞു:  "എന്റെ മകളേ, ഉത്തരം വളരെ ലളിതമാണ്. എന്റെ അമ്മയ്ക്കെതിരായി പറയപ്പെടുന്ന 5 പ്രധാന ദൂഷണങ്ങൾ ഇവയാണ്:
1.അവളുടെ  അമലോത്ഭവ ജനനത്തിനെതിരെ,
2. അവളുടെ  നിത്യകന്യാത്വത്തിനെതിരെ,
3.അവളുടെ ദൈവമാതൃത്വത്തിനെതിരെ;  അവൾ ഒരേസമയം ദൈവമാതാവും മനുഷ്യകുലം മുഴുവന്റെയും  മാതാവുമാണെന്ന  സത്യം അംഗീകരിക്കാൻ മടിക്കുന്ന ധാരാളം മനുഷ്യരുണ്ട്‌ .
4.അവൾക്കെതിരായി പരസ്യമായി പറയുന്ന ദൂഷണങ്ങൾ വഴി കുട്ടികളുടെ  മനസ്സിൽ അവളോടുള്ള വെറുപ്പു വിതയ്ക്കുക
5. അവളുടെ  തിരുസ്വരൂപങ്ങൾക്കുനേരെയുള്ള പരസ്യാവഹേളനം
            ഈ അഞ്ച് അവഹേളനങ്ങൾക്കു പരിഹാരമായിട്ടാണ് നിങ്ങൾ ഈ  മാസാദ്യശനിയാഴ്ച ആചരണം നടത്തേണ്ടത്."

Thursday, August 6, 2015

ഫാത്തിമ - അവസാന ദർശനം

                  1917 ഒക്ടോബർ 13 ന് നടന്ന, ദൈവമാതാവിന്റെ ഫാത്തിമായിലെ ആറാമത്തെ  ദർശനത്തെപ്പറ്റി സി.ലൂസി പിന്നീട് തന്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തി:
           "അലങ്കരിക്കപ്പെട്ട ആ ഓക്ക്മരത്തിന്റെ മുകളിലായി  അതീവസൌന്ദര്യവതിയായ മാതാവിനെ ഞങ്ങൾ കണ്ടു.  ഞാൻ എന്റെ പതിവുചോദ്യം ആവർത്തിച്ചു; "ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
                    "എന്റെ ബഹുമാനത്തിനായി ഇവിടെ ഒരു ചാപ്പൽ നിർമ്മിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരണം. യുദ്ധം പെട്ടെന്നുതന്നെ അവസാനിക്കുകയും പട്ടാളക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ്."
"അങ്ങയുടെ പേരെന്താണെന്ന് ഞങ്ങളോട് പറയുമോ?"
"ഞാൻ ജപമാല രാജ്ഞിയാണ്."
                       അൽപ്പസമയത്തെ നിശബ്ദതയ്ക്കു ശേഷം ലൂസി പറഞ്ഞു; "ഒരുപാട് ആളുകൾ അപേക്ഷകൾ അറിയിച്ചിട്ടുണ്ട്. അങ്ങ് അവയെല്ലാം സാധിച്ചു കൊടുക്കുമോ?"
                      "ചിലത് ഞാൻ സാധിച്ചു കൊടുക്കുന്നതാണ്; മറ്റുള്ളത് ഇല്ല."  ദൈവമാതാവ് ഗൗരവത്തോടെ  പറഞ്ഞു.  ദർശനവേളകളിൽ ഒരിക്കൽപ്പോലും മാതാവ് പുഞ്ചിരിച്ചില്ല.  ആളുകൾ തങ്ങളുടെ  പാപങ്ങൾക്കു  പ്രായശ്ചിത്തം ചെയ്യണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്.   "അവർ  ജീവിതം നവീകരിക്കുകയും തങ്ങളുടെ പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പിരക്കുകയും ചെയ്യണം. ഇനിയും അവിടുത്തെ കൂടുതൽ ദ്രോഹിക്കരുത്. നിങ്ങളുടെ പാപങ്ങളാൽ ഇപ്പോൾത്തന്നെ അവിടുന്ന് അത്യധികം വ്രണിതനാണ്‌."

"ഇത്ര മാത്രമേയുള്ളുവോ" ?
"കൂടുതലായി ഒന്നുമില്ല."
                                                         മെല്ലെ കിഴക്കുഭാഗത്തേക്ക് ഉയർന്നുകൊണ്ട് മാതാവ് വിട പറഞ്ഞു. പോകുംവഴി തന്റെ മൃദുലകരങ്ങൾ ഇരുണ്ടുമൂടിയ  ആകാശത്തിനു നേരെ വിടർത്തിപ്പിടിച്ചു. അതൊരു അടയാളമെന്നപൊലെ മഴ തൽക്ഷണം നിലച്ചു.  
1917 ഒക്ടോ.13 ന്  പെരുമഴയത്ത് കോവാ ദ ഇറിയായിൽ തടിച്ചു കൂടിയ ജനാവലി 
       സൂര്യനെ മറച്ചുകൊണ്ട്‌ നിന്നിരുന്ന വൻ കാർമേഘങ്ങൾ നീങ്ങിപ്പോയി. സൂര്യൻ ഉഗ്രപ്രതാപവാനായി ജ്വലിക്കാൻ തുടങ്ങി.. മാതാവിന്റെ കരങ്ങളിൽ നിന്ന്, സൂര്യന്റെ ഉഗ്രതാപം കുറയ്ക്കാനെന്നപോലെ   അസാധാരണങ്ങളായ പ്രകാശരശ്മികൾ പുറപ്പെടുന്നത് ഞങ്ങൾ കണ്ടു. പെട്ടെന്ന് സൂര്യൻ ഒരു വെള്ളിത്തളിക കറങ്ങുന്നതുപോലെ കറങ്ങാൻ തുടങ്ങി. ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: "അതാ സൂര്യനെ നോക്കൂ ..."
                 പിന്നെ ഞാൻ കാണുന്നത് മാതാവ് അത്യന്തം മഹിമയോടെ സൂര്യന്റെ വലതുവശത്തു നിൽക്കുന്നതാണ്. അവളുടെ അത്യധികമായ തേജസ്സിൽ   സൂര്യന്റെ പ്രകാശം മങ്ങിപ്പോയി. ആദ്യം വെള്ളയങ്കി ധരിച്ചു നിൽക്കുന്നതായി  കാണപ്പെട്ട മാതാവ് പെട്ടെന്നുതന്നെ നീലയങ്കി ധരിച്ച് കൈകളിൽ ഉണ്ണിയീശോയെ വഹിച്ചു നിൽക്കുന്ന വിശുദ്ധ യൗസേപ്പിനൊടൊപ്പം കാണപ്പെട്ടു.
                           ഈ ദർശനങ്ങൾ ഒന്നിനു പിറകേ ഒന്നായി അതിവേഗത്തിലാണ് കാണപ്പെട്ടത്.  വി.യൌസേപ്പ് തന്റെ കരങ്ങളുയർത്തി     ജനക്കൂട്ടത്തിന്റെമേൽ  മൂന്നുപ്രാവശ്യം  കുരിശടയാളം വരച്ചു.  അനന്തരം വി.യൌസേപ്പിന്റെ രൂപം മായുകയും ഈശോ പ്രത്യക്ഷനാവുകയും ചെയ്തു. ചുവന്ന അങ്കി ധരിച്ചാണ് അവിടുന്ന് തന്റെ അമ്മയോടൊപ്പം കാണപ്പെട്ടത്. അമ്മയുടെ വസ്ത്രം ഇപ്പോൾ വെളുപ്പോ നീലയോ അല്ലായിരുന്നു. വ്യാകുലമാതാവിന്റെ ചിത്രത്തിലുള്ള  അമ്മയെയാണ് ഞങ്ങൾ കണ്ടത്.  ഈശോ അവിടെയുണ്ടായിരുന്ന  ജനക്കൂട്ടത്തെ അനുഗ്രഹിച്ചു.  ഏറ്റവും ഒടുവിലായി കർമ്മല മാതാവും പ്രത്യക്ഷയായി.   

                   കുട്ടികൾ ഈ സ്വർഗ്ഗീയ ദൃശ്യങ്ങൾ  വീക്ഷിക്കുമ്പോൾ ചുറ്റും തടിച്ചു കൂടിയിരുന്ന ജനക്കൂട്ടം മറ്റൊരു വിഭ്രമജനകമായ കാഴ്ച കാണുകയായിരുന്നു.. 
"അതാ സൂര്യനെ നോക്കൂ" എന്ന് ലൂസി വിളിച്ചുപറയുന്നതുകേട്ട് സൂര്യനെ നോക്കിയവർ അത്ഭുതസ്തബ്ധരായി.. ഇത്രയും നേരം   മഴമേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്ന സൂര്യൻ  ഇപ്പോൾ കത്തിജ്ജ്വലിക്കുന്നു ..  ജ്വലിക്കുന്ന  ഉച്ചസൂര്യനെ കണ്ണു ചുളിക്കാതെ  അവർ നോക്കിനിന്നു.. പെട്ടെന്ന്   സൂര്യൻ വിചിത്രമായ രീതിയിൽ  കറങ്ങാനും ഡാൻസ് ചെയ്യുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാനും തുടങ്ങി.. ബഹുവർണ്ണ പ്രകാശരശ്മികൾ സൂര്യനിൽ നിന്നും എല്ലാ ദിശകളിലേക്കും പ്രസരിച്ചുകൊണ്ടിരുന്നു...  അത് ഭൂമിയിൽ വന്നുപതിച്ചപ്പോൾ മനുഷ്യരും വൃക്ഷങ്ങളും എല്ലാം മഴവിൽനിറങ്ങൾ വാരിപ്പൂശിയതുപോലെ കാണപ്പെട്ടു.. പെട്ടെന്ന്, സൂര്യൻ അതിന്റെ അച്ചുതണ്ടിൽനിന്നും വേർപെട്ട് അമ്പരപ്പിക്കുന്ന  വേഗതയിൽ ഭൂമിയിലേക്കു  പാഞ്ഞു വരുന്നതു പോലെ അവർക്ക് തോന്നി.  ലോകാവസാനമായെന്നു ഭയപ്പെട്ട് ആളുകൾ ചെളി നിറഞ്ഞ നിലത്ത് മുട്ടുകുത്തി നിലവിളിച്ചു പ്രാർഥിക്കാൻ തുടങ്ങി. "ഈശോയേ, രക്ഷിക്കണേ, ഈശോയേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ " എന്ന മുറവിളി എങ്ങും മുഴങ്ങി.. ചിലർ  വിളിച്ചുപറഞ്ഞു; "അത്ഭുതം.. അത്ഭുതം.."  മറ്റുചിലർ   മാതാവിനെ വിളിച്ചു കരഞ്ഞു..
    
People witnessing  the Sun Miracle at Fatima on Oct.13, 1917

                  ജസീന്തയുടെ പിതാവായ ടി മാർത്തോ അന്നത്തെ സംഭവങ്ങൾ ഇപ്രകാരം ഓർമ്മിക്കുന്നു:        "ഉച്ചസൂര്യനെ നോക്കിയിട്ട് എന്തുകൊണ്ടോ ഞങ്ങൾക്കു കണ്ണഞ്ചിയില്ല. സൂര്യൻ  അതിവേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നു.. സൂര്യനിൽ നിന്നു പുറപ്പെട്ട പലവർണ്ണങ്ങളിലുള്ള പ്രകാശം പതിച്ച് മനുഷ്യരും പ്രകൃതിയും ചുറ്റുപാടുമെല്ലാം   വർണ്ണാഭമായതു
പോലെ ഞങ്ങൾക്കു തോന്നി..ഏറ്റവും വിചിത്രമായി എനിക്കു തോന്നിയത് സൂര്യനെ നോക്കാൻ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല എന്നതാണ്.  എല്ലാവരും മേലേക്ക് നോക്കി നിൽക്കയായിരുന്നു. പെട്ടെന്നൊരു നിമിഷത്തിൽ സൂര്യൻ കറക്കം നിർത്തി  അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ തുടങ്ങി.  ഒരു ആകാശനൃത്തം..  പിന്നെ, അത് ആയിരുന്നിടത്തു നിന്നും വേർപെട്ട് ഞങ്ങളുടെ മേൽ പതിക്കാൻ പോകുന്നതുപോലെ അതിവേഗത്തിൽ താഴേക്കു വന്നു;  അല്ലെങ്കിൽ അങ്ങനെ തോന്നിച്ചു..അതൊരു ഭയാനക നിമിഷം തന്നെയായിരുന്നു..ആ സമയം ആളുകൾ അലമുറയിട്ട് കരയാൻ തുടങ്ങി.."     
       
  
          കോവാ ദ  ഇറിയായിൽ തടിച്ചു കൂടിയ എഴുപതിനായിരത്തിലധികം  ആളുകളാണ് ഈ അത്ഭുത ദൃശ്യങ്ങൾക്കു സാക്ഷികളായത്. അക്കൂട്ടത്തിൽ വിശ്വാസികളും അവിശ്വാസികളും വൃദ്ധരും ചെറുപ്പക്കാരും ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.. 
                      സൂര്യനൃത്തം ഏതാണ്ട് 10 മിനിറ്റ് നീണ്ടുനിന്നു.  പിന്നെ  സൂര്യൻ പഴയപടിയായി.  അപകടം ഒഴിവായെന്നു ബോധ്യമായ ജനക്കൂട്ടം അതിരറ്റ ആഹ്ലാദത്തോടെ ദൈവത്തിനു നന്ദി പറയാനും മാതാവിനു സ്തുതി ചൊല്ലാനും തുടങ്ങി.
           ഇതിനിടയിൽ മറ്റൊരത്ഭുതം കൂടി നടന്നു. നിർത്താതെ പെയ്തിറങ്ങിയ മഴയിൽ നനഞ്ഞുകുതിർന്നിരുന്ന ആളുകളുടെ വസ്ത്രങ്ങൾ, ഷൂസ്, തൊപ്പി തുടങ്ങിയവയെല്ലാം   സൂര്യനൃത്തം കഴിഞ്ഞപ്പോഴേക്കും പരിപൂർണ്ണമായി ഉണങ്ങിക്കഴിഞ്ഞിരുന്നു!!

https://en.wikipedia.org/wiki/Miracle_of_the_Sun