ജാലകം നിത്യജീവൻ: August 2011

nithyajeevan

nithyajeevan

Tuesday, August 30, 2011

അസ്ഥികളുടെ താഴ്വര (എസക്കിയേൽ 37) - വിശദീകരണം

   കൂടാരപ്പെരുനാളിന്റെ അവസാന ദിവസമാണ്.    ഈശോ ജറുസലേം ദേവാലയത്തിലേക്കു പ്രവേശിക്കുന്നു. അപ്പസ്തോലന്മാരും ശിഷ്യരുടെ ഒരു വലിയ സംഘവും കൂടെയുണ്ട്.  അവർ മുമ്പോട്ടു നടന്ന് ഇസ്രായേൽക്കാരുടെ അങ്കണത്തിലേക്കു പ്രവേശിച്ച്  പ്രാര്‍ഥിച്ചശേഷം പുറജാതിക്കാരുടെ   അങ്കണത്തിലേക്ക് പോയി. ഈശോ എളിമയോടെ നിലത്തിരുന്ന് തന്നെ സമീപിച്ച് ഉപദേശം
തേടുന്നവരോട് മറുപടി പറയുന്നു. അൽപ്പസമയം കൊണ്ടു് ജനക്കൂട്ടം വളരെ വലുതായിക്കഴിഞ്ഞു. ഈശോ തലയുയർത്തി ചുറ്റും നോക്കുകയാണ്. അതിനുശേഷം ഈശോ എഴുന്നേറ്റു നിന്ന് ഏറ്റം ഉച്ചസ്വരത്തിൽ വ്യക്തമായിപ്പറയുന്നു: "ദാഹിക്കുന്നവർ എന്റെ  പക്കൽ വരട്ടെ; വന്നു പാനം ചെയ്യട്ടെ. എന്നിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവികൾ പുറപ്പെടും."
ഈശോയുടെ സ്വരം വിസ്തൃതമായ ആ അങ്കണം നിറഞ്ഞു നിൽക്കുന്നു. പറഞ്ഞുകഴിഞ്ഞു് ഈശോ ഒരുനിമിഷം മൗനം അവലംബിക്കുന്നു. തന്നെ ശ്രവിക്കുവാൻ
താൽപ്പര്യമില്ലാത്തവർക്ക് മറ്റുള്ളവരെ അസ്വസ്ഥരാക്കാതെ ഇറങ്ങിപ്പോകുവാൻ അവസരം നൽകുന്നതു പോലെ തോന്നുന്നു. നിയമജ്ഞരും പണ്ഡിതന്മാരും മൗനം പാലിക്കുന്നു.
ഈശോ മുന്നോട്ടു നീങ്ങി, പൂമുഖത്തിന്റെ മൂലയിലേക്കു പോയി മുകളിലത്തെ നടയിൽ നിന്നു.  സാധാരണ പ്രസംഗിക്കുമ്പോൾ ചെയ്യാറുള്ളതുപോലെ വലുതുകൈ ഈശോ ഉയർത്തിപ്പിടിച്ചു; ഇടതുകൈ കൊണ്ടു് മേലങ്കി നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്നു.
ആദ്യത്തെ വാക്കുകൾ ഈശോ ആവർത്തിക്കുകയാണ്.
"ദാഹിക്കുന്നവർ എന്റെ  പക്കൽ വരട്ടെ; വന്നു പാനം ചെയ്യട്ടെ. എന്നിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവികൾ പുറപ്പെടും."
"പുരോഹിതനും പ്രവാചകനുമായിരുന്ന എസക്കിയേലിന് ദൈവദർശനമുണ്ടായി. കർത്താവിന്റെ ഭവനത്തെ അശുദ്ധമാക്കിയിരുന്ന അശുദ്ധ പ്രവൃത്തികളെ പ്രവാചകൻ മുന്നിൽക്കണ്ടു. വീണ്ടും അദ്ദേഹം കണ്ടു; 'താവ്' അടയാളം ലഭിച്ചിട്ടുള്ളവർ മാത്രമേ യഥാർത്ഥ ജറുസലേമിൽ ജീവിക്കയുള്ളൂ എന്ന്;  മറ്റുള്ളവർക്ക് ഒന്നിലധികം മരണവും ശിക്ഷാവിധിയും ഉണ്ടാകും എന്ന്... ആ സമയം ഇതാ വന്നിരിക്കുന്നു. എന്നെ ശ്രവിക്കുന്ന നിങ്ങൾ വിചാരിക്കുന്നതിലും സമീപെ എത്തിയിരിക്കുന്നു. അതിനാൽ ഗുരുവും രക്ഷകനുമായ ഞാൻ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു: രക്ഷയുടെ അടയാളത്താൽ നിങ്ങളെത്തന്നെ അടയാളപ്പെടുത്തുവിൻ. പ്രകാശവും ജ്ഞാനവും നിങ്ങളിലേക്കു പ്രവേശിപ്പിക്കുന്നത് വൈകിപ്പോകാതെ കരുതലുള്ളവരായിരിക്കുവിൻ.  
ഇതും ഇതിലധികവും ദർശിച്ച  എസക്കിയേൽ ഭയാനകമായ മറ്റൊരു ദർശനത്തെക്കുറിച്ച് പറയുന്നു. ഉണങ്ങി വരണ്ട അസ്ഥികളുടെ ദർശനം.
ഒരു ദിവസം വരും; മൃതമായ ലോകത്തിന്മേൽ ഇരുണ്ടുപോയ ആകാശവിതാനത്തിനടിയിൽ ദൈവദൂതൻ കാഹളം മുഴക്കുമ്പോൾ മൃതരായവരുടെ അസ്ഥികൾ പ്രത്യക്ഷമാകും. പ്രസവത്തിന് ഉദരം തുറക്കുന്നതുപോലെ ഭൂമി അതിനുള്ളിലുള്ള മൃതരായ എല്ലാവരുടേയും അസ്ഥികൾ പുറന്തള്ളും. അപ്പോഴായിരിക്കും മൃതരായവരുടെ ഉയിർപ്പ്. ആ വലിയ വിധിക്കായി, അന്ത്യവിധിക്കായി, മൃതരായവർ ഉയിർപ്പിക്കപ്പെടും. അതിനുശേഷം സോദോമിലെ ആപ്പിൾ പോലെ ലോകം പൊള്ളയാകും; ശൂന്യമാകും. ആകാശവിതാനം, അതിലെ നക്ഷത്രങ്ങളോടു കൂടെ മറഞ്ഞ് ഇല്ലാതാകും. എല്ലാം അവസാനിക്കും. നിത്യമായ രണ്ടുകാര്യങ്ങൾ മാത്രം നിലനിൽക്കും.  അളക്കാനാവാത്ത രണ്ടു വലിയ ഗര്‍ത്തങ്ങള്‍ കാണപ്പെടും. രണ്ടും കടകവിരുദ്ധമായിരിക്കും. ദൈവത്തിന്റെ ശക്തി അവയില്‍ പ്രകടമാകും. പറുദീസാ - പ്രകാശം, സന്തോഷം, സമാധാനം, സ്നേഹം എന്നിവ അന്ത്യമില്ലാതെ അതില്‍ നിലനില്‍ക്കും.  നരകം - അന്ധകാരം, ഭയം, വിദ്വേഷം, ദുഃഖം എന്നിവയായിരിക്കും ഇതില്‍.
  ഇത്ര വിസ്തൃതമായ ഭൂമി, ജീവനില്ലാത്ത, ഉണങ്ങിയ, നിശ്ചലമായ, പരസ്പരബന്ധമില്ലാത്ത അസ്ഥികൾ കൊണ്ടു് മൂടപ്പെട്ടിട്ടില്ല എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? ലോകം മൃതമല്ല, മൃതരെ ഒരുമിച്ചുകൂട്ടാൻ ദൈവദൂതന്റെ കാഹളം മുഴങ്ങുന്നില്ല; അതുകൊണ്ട് ഇതു സംഭവിച്ചിട്ടില്ല എന്നു നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ അതു ശരിയല്ല. ഞാൻ ഗൗരവമായി പറയുന്നു: ശ്വാസം എടുക്കുന്നതിനാൽ ജീവിച്ചിരിക്കുന്നവരുടെ ഇടയിൽ മൃതശരീരങ്ങൾ പോലുള്ള ആളുകൾ എണ്ണമില്ലാത്തവിധം അത്രയധികമുണ്ട്. എസക്കിയേൽ ദർശിച്ച ഉണങ്ങിയ അസ്ഥികൾ പോലെയാണവർ... അരൂപിയുടെ ജീവൻ ഇല്ലാത്തവർ."
   അങ്ങനെയുള്ള ആളുകള്‍ ഇസ്രായേലിലും ലോകം മുഴുവനിലും ഉണ്ട്. പുറജാതികളുടെയും വിഗ്രഹാരാധകരുടെയും ഇടയില്‍ മൃതരായ ആളുകള്‍  മാത്രം  ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. ജീവന് മൃതരായ അവര്‍ ജീവിക്കുവാന്‍ കാത്തിരിക്കുന്നു. ജ്ഞാനമുള്ളവർക്ക് ഇതു  ദുഃഖകാരണമാണ്. കാരണം, നിത്യനായ പിതാവ് മനുഷ്യരെ സൃഷ്ടിച്ചത് തനിക്കു വേണ്ടവരായിട്ടാണ്. വിഗ്രഹാരാധകരാകാനല്ല. അതിനാല്‍, അവരില്‍  അനേകര്‍  മൃതരായിരിക്കുന്നതു  കാണുക  ആ  

പിതാവിനെ ദുഃഖിപ്പിക്കുന്നു. ഇവരെപ്രതി പിതാവിന് ഇതുപോലെ ദുഃഖമാണെങ്കിൽ അവന്റെ ജനമായ ഇസ്രായേൽമക്കളിൽ വിളറി ജീവനില്ലാതെ, അരൂപിയില്ലാതെ അസ്ഥികൾ മാത്രമായവരെ കാണുമ്പോൾ അവനു് എത്ര വലിയ ദുഃഖമായിരിക്കും!!
 എന്തുകൊണ്ടാണ് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവർ, പ്രിയപ്പെട്ടവർ, കാത്തുപരിപാലിക്കപ്പെട്ടവർ, നേരിട്ട് അഥവാ തന്റെ പ്രവാചകന്മാർ വഴി പഠിപ്പിക്കപ്പെട്ടവർ സ്വന്തം കുറ്റത്താൽ ഉണങ്ങിയ അസ്ഥികളായിത്തീരുന്നത്? നിത്യനായ അരൂപി ജ്ഞാനത്തിന്റെ ഒരു ഭണ്ഡാരം തന്നെ അവർക്കു നൽകിയിട്ടും എന്തുകൊണ്ടാണ് അവരുടെ അരൂപി മൃതമായിപ്പോയത്? ആ ജ്ഞാനത്തിന്റെ  ഭണ്ഡാരത്തിൽ നിന്ന് ആവശ്യമുള്ളവ സ്വീകരിച്ചു് അവർക്കു ജീവിക്കാമായിരുന്നു. ദൈവം നൽകിയ പ്രകാശത്തെ അവർ തന്നെ ഉപേക്ഷിച്ച്, അന്ധകാരത്തിൽ തപ്പിത്തടഞ്ഞ്, വൃത്തിഹീനമായ വെള്ളം കുടിച്ച് അശുദ്ധമായ ഭക്ഷണവും കുഴിച്ചു നടന്നാൽ ജീവനിലേക്കു തിരിച്ചു വരാൻ പിന്നെ ആരെക്കൊണ്ട് കഴിയും?
അതുകൊണ്ട് ഇനിയൊരിക്കലും അവർ ജീവനുള്ളവരായിത്തീരുകയില്ലേ? തീരും. അവർ ജീവിക്കും. അത്യുന്നതന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്തുപറയുന്നു; ധാരാളം പേർ വീണ്ടും ഉയിർക്കും. ദൈവം ആ അത്ഭുതം തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു. അല്ല, അത് ഇപ്പോൾത്തന്നെ ആരംഭിച്ചു കുഴിഞ്ഞിരിക്കുന്നു. ചിലരുടെ മേൽ അതു പ്രവർത്തിച്ചു കുഴിഞ്ഞു. ഉണങ്ങി വരണ്ട  അസ്ഥികളിന്മേൽ ജീവൻ വന്നുകഴിഞ്ഞു. ജീവൻ പ്രതീക്ഷിച്ചു കഴിയുന്ന അസ്ഥികളോട് അവൻ ഉന്നതസ്വർഗ്ഗത്തിൽ നിന്നു വിളിച്ചുപറയുന്നു, ഇപ്പോൾ അരൂപിയെ നിങ്ങളിൽ ഞാൻ നിവേശിപ്പിക്കും. നിങ്ങൾ ജീവിക്കുകയും ചെയ്യും. അങ്ങനെ അവൻ  അവന്റെ അരൂപിയെ എടുത്തു; അവൻ  തന്നെത്തന്നെ എടുത്തു;  അവന്റെ വചനത്തെ ധരിപ്പിക്കാൻ അവൻ  മാംസം രൂപപ്പെടുത്തി. അവനെ മൃതരായ ഈ ആളുകളുടെയടുത്തേക്ക് അയച്ചു. അങ്ങനെ ചെയ്തത് അവരോടു സംസാരിച്ചു് വീണ്ടും  അവരിൽ ജീവൻ  നിവേശിപ്പിക്കുന്നതിനാണ്.
ഞാൻ പുനരുത്ഥാനവും ജീവനുമാണ്. അന്ധകാരത്തിൽ  കിടക്കുന്നവരെ പ്രകാശിപ്പിക്കുന്ന പ്രകാശമാണു ഞാൻ. നിത്യജീവൻ പുറപ്പെടുവിക്കുന്ന അരുവിയാണ് ഞൻ.
എന്റെ പക്കൽ വരുന്നവർ മരണം അറിയുകയില്ല. ജീവനായി ദാഹിക്കുന്നവർ എന്റെ പക്കൽ വന്ന് പാനം ചെയ്യട്ടെ. ജീവൻ  നേടുവാൻ, അതായത് ദൈവത്തെ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ എന്നിൽ വിശ്വസിക്കട്ടെ. അപ്പോൾ സജീവജലത്തിന്റെ നദികൾ അവരുടെ ഹൃദയങ്ങളിൽ നിന്ന് ഒഴുകും.
ജനപദങ്ങളേ, എന്റെ പക്കലേക്ക് വരിക. സൃഷ്ടികളേ, എന്റെ പക്കലേക്ക് വരുവിൻ. വന്ന് ഒരു ദേവാലയം പണിയുക. ഒന്നു മാത്രം. ഞാൻ ആരേയും നിരസിക്കുന്നില്ല. സ്നേഹം നിമിത്തം ഞാൻ നിങ്ങളെ വിളിക്കുന്നു. എന്നോടൊപ്പം എന്റെ ജോലിക്ക് നിങ്ങൾ വേണം. എന്റെ യോഗ്യതകളിലും എന്റെ മഹത്വത്തിലും നിങ്ങൾ നിങ്ങൾ എന്നോടുകൂടെയുണ്ടാകണം."


 "പിന്നെ ഞാൻ കണ്ടു; ഭവനത്തിന്റെ വാതിലിനടിയിലൂടെ ജലം കിഴക്കോട്ട് ഒഴുകുന്നു. ബലിപീഠത്തിന്റെ തെക്കുഭാഗത്ത് വലതുവശത്ത് അടിയിലൂടെ ജലമൊഴുകി."
"കർത്താവിന്റെ മ്ശിഹായാകുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവർ, പുതിയനിയമത്തിൽ വിശ്വസിക്കുന്നവർ, രക്ഷയുടെയും സമാധാനത്തിന്റെയും സമയമായി എന്ന പ്രബോധനത്തിൽ വിശ്വസിക്കുന്നവരാണ് ആ ദേവാലയം. 
വെള്ളം ഊറി വരുന്ന കിഴക്കോട്ട് ദർശനമായിട്ടുള്ള ബലിപീഠം ഞാനാണു്. അതിന്റെ വലതുവശത്തു നിന്നാണു് വെള്ളം ഉറവയായി വരുന്നത്. കാരണം, ആ വശമാണ് ദൈവരാജ്യത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ സ്ഥലം. ആ ഉറവ എന്നിൽ നിന്നാണു് പുറപ്പെടുന്നത്. ഞാൻ തെരഞ്ഞെടുത്തവരിലേക്ക് അതു പ്രവഹിക്കുന്നു. അവരെ സജീവജലത്താൽ സമ്പന്നമാക്കുന്നു. അവരതു സംഭരിച്ചു്  തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള ആളുകൾക്ക് ജീവൻ  കൊടുക്കും. പ്രകാശത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അതു കൊടുക്കും. 
എന്നില്‍ നിന്നു വരുന്ന ജീവജലം പല ഭാഗത്തേക്കും ഒഴുകി ഞാന്‍ എന്റെ അനുയായികള്‍ക്ക് നല്കിയതും നല്കാനിരിക്കുന്നതുമായ ജീവജലത്തോടു ചേര്‍ന്ന് ഭൂമിയെ നല്ലതാക്കുവാന്‍ കൂടുതല്‍ പരന്നൊഴുകും. എങ്കിലും അതു 
 കൃപാവരത്തിന്റെ ഒരു നദി മാത്രമായിരിക്കും. അതു കൂടുതല്‍ കൂടുതല്‍ ആഴവും കൂടുതല്‍ കൂടുതല്‍  വീതിയുമുള്ളതായിത്തീരും.
    അനുദിനം പടിപടിയായി അതു വളരും. പുതിയ പുഷ്പങ്ങളുടെ ജലം അതില്‍ ചേരും. അവസാനം ഭൂമി മുഴുവനിലും ഒഴുകി അതിനെ കഴുകി വിശുദ്ധീകരിക്കുന്ന ഒരു കടല്‍ പോലെയാകും. 
  ദൈവം അതാഗ്രഹിക്കുന്നു; അതു ചെയ്യുകയും ചെയ്യുന്നു. ഒരു
 വലിയ ജലപ്രളയം ഒഴുകി ലോകത്തെ മുഴുവൻ കഴുകി. പാപികളെ കൊന്നു. ഒരു  പുതിയ പ്രളയം, മഴയല്ലാത്ത വേറൊരു ദ്രവം ലോകത്തെ കഴുകി അതിനു ജീവൻ  നൽകും. കൃപാവരത്തിന്റെ നിഗൂഡമായ ഒരു  പ്രവർത്തനത്താൽ മനുഷ്യർക്ക് വിശുദ്ധീകരിക്കുന്ന ഒരു  പ്രളയത്തിൽ പങ്കുകൊള്ളാൻ കഴിയും. അവരുടെ മനസ്സിനെ എന്റെ മനസ്സിനോടു ചേർക്കണം. അവരുടെ ക്ഷീണം എന്റേതിനോടു ചേർക്കണം; അവരുടെ സഹനം എന്റേതിനോടു ചേർക്കണം; അപ്പോൾ ലോകം സത്യത്തെയും ജീവനെയും പരിചയപ്പെടും. അതിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാൻ കഴിയും. ജീവന്റെ ജലം കൊണ്ടു് പോഷിപ്പിക്കപ്പെടാൻ ആഗ്രഹമില്ലാത്തവർ ഒരു ചതുപ്പുനിലമായി മാറും. എല്ലാ കീടങ്ങളും അതിൽ സമൃദ്ധമാകും. 

ഞാൻ ഗൗരവമായി ഒരിക്കൽക്കൂടി നിങ്ങളോടു പറയുന്നു; ദാഹിക്കയും എന്റെ പക്കൽ വരികയും ചെയ്യുന്നവർ പാനം ചെയ്യും. പിന്നെ ഒരിക്കലും അവർക്ക് ദാഹിക്കയില്ല. കാരണം, എന്റെ കൃപാവരം ജീവജലത്തിന്റെ അരുവികളും നദികളും അവരിൽ പുറപ്പെടുവിക്കും. എന്നിൽ വിശ്വസിക്കാത്തവർ ജീവനില്ലത്ത ഉപ്പുവെള്ളം പോലെ നശിക്കും."

ഈശോ സംസാരം നിർത്തി. പ്രസംഗത്തിൽ വിസ്മയഭരിതരായി ശ്രദ്ധിച്ചിരുന്ന ജനം മെല്ലെ അഭിപ്രായങ്ങൾ പറഞ്ഞുതുടങ്ങി. ചിലർ പറയുന്നു; "എന്തൊരു വാക്കുകൾ! ഇവൻ ശരിക്കും ഒരു   പ്രവാചകൻ തന്നെ!"
വേറെ ചിലർ; "ഇവൻ ക്രിസ്തുവാണ്. സ്നാപകൻ പോലും ഇതുപോലെ സംസാരിച്ചിട്ടില്ല."
"പ്രവാചകന്മാരെ മനസ്സിലാക്കിത്തരുന്നു ഇവൻ. മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള എസക്കിയേൽ പ്രവാചകൻ  പറഞ്ഞിട്ടുള്ള അടയാളങ്ങൾ പോലും ഇവൻ  വിശദമാക്കുന്നു."
""ഉണങ്ങിയ അസ്ഥികൾ! നിയമജ്ഞരും പ്രീശരുമെല്ലാം ചൂളിപ്പോയതു കണ്ടോ?"
ഈ സമയം ഈശോ തന്റെ അരികിൽ കൊണ്ടുവരപ്പെട്ട ഏതാനും രോഗികളെ സുഖപ്പെടുത്തുകയാണ്. അപ്പോഴേക്കും കുറെ ദേവാലയപ്രമാണികളും പ്രീശരും ഉന്തിത്തള്ളി ആൾക്കൂട്ടത്തിനിടയിലൂടെ ഈശോയുടെ അടുത്തെത്തി ഭീഷണിപ്പെടുത്താൻ തുടങ്ങുന്നു.

Monday, August 29, 2011

"അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ" "അന്നന്നു വേണ്ടുന്ന അപ്പം ഇന്നു ഞങ്ങള്‍ക്കു തരണമേ:" നിങ്ങൾ സ്വർഗ്ഗത്തിലായിരിക്കുമ്പോള്‍  നിങ്ങള്‍ക്കുള്ള പോഷണം ദൈവം മാത്രമാണ്. സ്വർഗ്ഗീയാനന്ദം നിങ്ങളുടെ ഭക്ഷണമായിരിക്കും. എന്നാൽ ഭൂമിയിലായിരിക്കുമ്പോള്‍  നിങ്ങള്‍ക്ക് അപ്പം  ആവശ്യമുണ്ട്. നിങ്ങള്‍  ദൈവത്തിന്റെ മക്കളായതിനാൽ അപ്പാ, ഞങ്ങള്‍ക്കു് കുറച്ചു് അപ്പം തരണമേ എന്നു പറയുന്നത് ശരിയായിട്ടുള്ളതാണ്. അവൻ കേള്‍ക്കുകയില്ല എന്നു നിങ്ങള്‍  ഭയപ്പെടുന്നുണ്ടോ? ഓ! ഒരിക്കലുമില്ല. ഒന്നു ചിന്തിച്ചു നോക്കൂ... നിങ്ങളുടെ ഒരു സ്നേഹിതൻ പാതിരാത്രിക്കു വന്ന് നിങ്ങളോടു പറയുകയാണ്, 'എനിക്ക് മൂന്ന് അപ്പം  തരണമേ; കാരണം എന്റെ ഒരു  സ്നേഹിതൻ വന്നിരിക്കുന്നു. അയാള്‍ക്കു കൊടുക്കാൻ എന്റെ കൈവശം ഒന്നുമില്ല' എന്ന്.  'എന്നെ ഉപദ്രവക്കല്ലേ, വാതിലടച്ചു കുറ്റിയിട്ടു; കുട്ടികളും എന്റെയടുത്തു കിടന്നുറങ്ങുകയാണ്; എഴുന്നേറ്റു നീ ചോദിക്കുന്നതു തരാൻ എനിക്കു സാദ്ധ്യമല്ല'  എന്നുള്ള ഉത്തരം നിങ്ങള്‍   പറയുമോ? നിങ്ങള്‍   യഥാർത്ഥത്തിൽ സ്നേഹിതനാണെങ്കിൽ സ്നേഹിതന്റെ ആവശ്യത്തിനു വഴങ്ങി അയാള്‍  ചോദിച്ചതു കൊടുക്കും. അത്ര നല്ല സ്നേഹിതനല്ലെങ്കിൽത്തന്നെയും നിർബ്ബന്ധത്തിനു വഴങ്ങി, ഉപദ്രവം തീരട്ടെ എന്നു കരുതി അയാള്‍  ആവശ്യപ്പെട്ടതു കൊടുക്കും. 
എന്നാൽ പിതാവിനോടു നിങ്ങള്‍പ്രാർത്ഥിക്കുമ്പോള്‍ ഭൂമിയിലെ ഒരു സ്നേഹിതനോടല്ല നിങ്ങള്‍    ചോദിക്കുന്നത്. സ്വർഗ്ഗത്തിലെ പിതാവായ പരിപൂർണ്ണനായ സ്നേഹിതന്റെ പക്കലേക്കാണു നിങ്ങള്‍  തിരിയുന്നത്. അതിനാലാണ് ഞാൻ നിങ്ങളോടു പറയുന്നത്, "ചോദിക്കുവിൻ; 

നിങ്ങള്‍ക്കു കിട്ടും. അന്വേഷിക്കുവിൻ; നിങ്ങള്‍  കണ്ടെത്തും. മുട്ടുവിൻ; വാതിൽ നിങ്ങള്‍ക്കായി  തുറക്കപ്പെടും" എന്ന്. കാരണം ചോദിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ എപ്പോഴും കണ്ടെത്തുന്നു; മുട്ടുന്നവന് വാതിൽ തുറന്നു കിട്ടുകയും ചെയ്യുന്നു. മകൻ അപ്പം  ചോദിച്ചാൽ കല്ലെടുത്തു കൊടുക്കുന്ന അപ്പന്‍  നിങ്ങളുടെ  ഇടയിലുണ്ടോ? അല്ലെങ്കിൽ പൊരിച്ച മീനിനു പകരം പാമ്പിനെ കൊടുക്കുമോ? ഒരു മുട്ടയ്ക്കു പകരം സുബുദ്ധിയുള്ള ഒരുവനും ഒരു  തേളിനെ കൊടുക്കുകയില്ലെങ്കിൽ നിങ്ങള്‍   ചോദിക്കുന്നവ എത്ര ധാരാളതയോടെയായിരിക്കും ദൈവം നിങ്ങള്‍ക്കു തരിക? കാരണം, നിങ്ങള്‍  ഒരുമാതിരി ദുഷ്ടരാണ്. എന്നിട്ടും മക്കള്‍ക്കു നല്ലതു മാത്രം നൽകുന്നു. എന്നാൽ ദൈവം  നല്ലവനാണ്. അതിനാൽ പുത്രസഹജമായ സ്നേഹത്തോടെ, എളിമയോടെ നിങ്ങള്‍ക്കാവശ്യമായ അപ്പത്തിനായി നിങ്ങളുടെ അപ്പനോട്  ചോദിക്കുക."

"ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍  ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ  കടങ്ങള്‍  ഞങ്ങളോടു ക്ഷമിക്കണമേ."  പദാര്‍ത്ഥപരമായ കടങ്ങളും അരൂപിയുടെ കടങ്ങളും ഉണ്ട്. കൂടാതെ ധാർമ്മികമായ കടങ്ങളുമുണ്ട്. തിരിച്ചു കൊടുക്കുവാന്‍  കടമായി വാങ്ങിയിട്ടുള്ള പണവും സാധനങ്ങളുമെല്ലാം പദാർത്ഥപരമായ കടങ്ങളാണ്. സൽപ്പേരു നഷ്ടപ്പെടുത്തിയിട്ട് അതു തിരിച്ചു നൽകാതിരിക്കുന്നതും അർഹിക്കുന്ന സ്നേഹം കൊടുക്കാതിരിക്കുന്നതും ധാർമ്മിക കടങ്ങളാകുന്നു. 

  ദൈവത്തിൽ നിന്ന് എല്ലാം പിടിച്ചു വാങ്ങുകയും എന്നാൽ വളരെക്കുറച്ചു മാത്രം ദൈവത്തിനു നൽകുകയും ചെയ്യുന്നതും ദൈവത്തിനു നൽകേണ്ട  അനുസരണയും സ്നേഹവും
നൽകാതിരിക്കുന്നതും അരൂപിയുടെ കടങ്ങളാണ്. ദൈവം നമ്മെ സ്നേഹിക്കുന്നു; അതിനാൽ അവനെ നാം സ്നേഹിക്കണം. നമ്മുടെ അമ്മ, ഭാര്യ, മക്കള്‍  ഇവരെയെല്ലാം നാം സ്നേഹിക്കേണ്ടതല്ലേ? അതുപോലെ ദൈവത്തെയും നാം സ്നേഹിക്കണം. സ്വാർത്ഥമതിയായ മനുഷ്യനു് എല്ലാം വേണം; പക്ഷേ ഒന്നും കൊടുക്കുകയില്ല. നമുക്ക് എല്ലാവരോടും കടമുണ്ട്. ദൈവം തുടങ്ങി ഒരു ബന്ധു വരെ; ബന്ധു തുടങ്ങി സ്നേഹിതന്‍  വരെ; സ്നേഹിതന്‍  തുടങ്ങി അയൽക്കാരന്‍  വരെ; ഒരു ഭൃത്യന്‍  വരെ; ഒരടിമ വരെ. കാരണം അവരെല്ലാവരും നമ്മെപ്പോലെയുള്ള സൃഷ്ടികളാണ്. ക്ഷമിക്കാത്തവന്, ഹാ! ദുരിതം... അവനോടു ക്ഷമിക്കപ്പെടുകയില്ല. മനുഷ്യന്‍  അവന്റെ സഹജീവിയോടു ക്ഷമിക്കുന്നില്ലെങ്കിൽ ഏറ്റം പരിശുദ്ധനായ ദൈവത്തോട് മനുഷ്യനുള്ള കടങ്ങള്‍  ഇളവു ചെയ്യാന്‍  തന്റെ നീതിയിൽ അവനു കഴിയുകയില്ല.
"പരീക്ഷയിൽ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ; എന്നാല്‍ ദുഷ്ടനില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ."  പെസഹാ അത്താഴം നമ്മോടൊത്ത് കഴിക്കേണ്ടതാണെന്നു തോന്നാതിരുന്ന  മനുഷ്യന്‍ (കറിയോത്തുകാരന്‍ യൂദാസിനെയാണ് ഈശോ ഉദ്ദേശിക്കുന്നത് ) ഏകദേശം ഒരു വര്‍ഷം മുന്‍പ് എന്നോടു ചോദിച്ചു; 'എന്ത്? പരീക്ഷിക്കപ്പെടരുത് എന്നു പ്രാർത്ഥിക്കണമെന്നോ?' അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാനതിനു മറുപടി പറഞ്ഞു. എന്നിട്ടൊരുപകാരവും ഉണ്ടായില്ല. 

  എന്നാല്‍ നിങ്ങള്‍ വിചിത്രമായ തത്വങ്ങളാലോ ദുരാശകളാലോ  കഠിനരായിത്തീർന്നിട്ടില്ലാത്തതിനാൽ ഇങ്ങനെ പ്രാര്‍ഥിക്കുക. പരീക്ഷകള്‍ നിങ്ങളില്‍ നിന്ന് അകറ്റി വിടണമേ എന്ന് എളിമയോടെ ദൈവത്തോട് പ്രാർത്ഥിക്കുക. ഓ! എളിമ! അവനവന്‍ എന്തായിരിക്കുന്നുവെന്ന് സ്വയം അറിയുക. നിരാശപ്പെടാതെ, മനസ്സ് തളര്‍ന്നുപോകാതെ, അവനവനായിരിക്കുന്ന യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കുക. നിങ്ങള്‍ ഇങ്ങനെ  പറയണം; "ഞാനതൊന്നും ചെയ്കയില്ല എന്നു ഞാന്‍  വിചാരിക്കുന്നുണ്ടെങ്കിലും ഞാന്‍  വീണു പോയേക്കാം. ആകയാൽ പിതാവേ, കഴിയുമെങ്കിൽ ദുഷ്ടന്‍  എന്നെ ഉപദ്രവിക്കാന്‍  അനുവദിക്കാത്തവിധം എന്നെ അങ്ങേയരികിൽ ചേർത്തുനിർത്തി പ്രലോഭനങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ."  കാരണം തിന്മ ചെയ്യാന്‍  പ്രലോഭിപ്പിക്കുന്നത് ദുഷ്ടാരൂപിയാണ്. നിന്റെ ബലഹീനതയെ ദുഷ്ടന്‍   പ്രലോഭനത്തിലേക്കു വീഴ്ത്താതിരിക്കാന്‍  നിന്നെ താങ്ങണമേ എന്ന് പിതാവിനോടു പ്രാർത്ഥിക്കുവിന്‍. 

എന്റെ സ്നേഹിതരേ, ഞാന്‍  എല്ലാം നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. ഇത് നിങ്ങളോടുകൂടെ ഞാന്‍   പങ്കെടുക്കുന്ന രണ്ടാമത്തെ പെസഹായാണ്. കുഴിഞ്ഞ കൊല്ലം പെസഹായ്ക്ക് നമുക്ക് അപ്പവും ആടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കൊല്ലം എന്റെ പ്രാർത്ഥന നിങ്ങള്‍ക്കു ഞാന്‍  തരുന്നു. ഭാവിയിലുള്ള പെസഹാത്തിരുനാളുകളിൽ മറ്റു സമ്മാനങ്ങള്‍  

നിങ്ങള്‍ക്കു  ഞാന്‍  നൽകും.   കാരണം, പിതാവ് ആവശ്യപ്പെടുന്നയിടത്തേക്കു ഞാന്‍  പോയിക്കഴിയുമ്പോള്‍, മോശ കൽപ്പിച്ച ആട്ടിന്‍ കുട്ടിയുടെ തിരുനാളിൽ സാക്ഷാൽ ആട്ടിന്‍കുട്ടിയെ നിങ്ങള്‍  ഓർത്തിരിക്കാനായി അവ ആവശ്യമാണ്."

Sunday, August 28, 2011

"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ"

(ഈശോ അപ്പസ്തോലന്മാരെ  സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ  എന്ന പ്രാര്‍ത്ഥന പഠിപ്പിക്കുന്നു.) 


ലാസ്സറസ്സിന്റെ സ്വന്തമായ ഒരു വീട്ടില്‍  പെസഹാ ആഘോഷിച്ച ശേഷം ഈശോ പതിനൊന്ന് അപ്പസ്തോലന്മാരുമൊത്ത്  വീണ്ടും ദൈവരാജ്യ പ്രഘോഷണത്തിനായി യാത്രയാവുകയാണ്.    അവര്‍ ഒലിവു     മലയെ ലക്ഷ്യമാക്കിയാണ് നടക്കുന്നത്. യൂദാസ് തിരുനാളിനു വരാതിരുന്നത് അവരെയെല്ലാം വിഷമിപ്പിച്ചു. അവനില്‍  ഒരു ചെറിയ പിശാച് കൂടിയിട്ടുണ്ടെന്ന് പത്രോസ് പറയുമ്പോള്‍  ഈശോ പറയുന്നു: "സൈമണ്‍, നല്ലവനായിരിക്കൂ..."
അവര്‍ മലയുടെ മുകളിലെത്തി. ഈശോ നിന്നിട്ടു പറയുന്നു: "കയറിയതു മതി;  നമുക്ക്  ഇവിടെ ആയിരിക്കാം. ഭാവിയില്‍ എന്റെ ജോലി തുടരാനുള്ള എന്റെ പ്രിയ ശിഷ്യരേ, എന്റെയടുത്തേക്കു വരൂ. പലപ്പോഴും നിങ്ങൾ എന്നോടു പറഞ്ഞിട്ടുണ്ട്, നീ പ്രാർത്ഥിക്കുന്നതു പോലെ,പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ എന്ന്;  ഞാൻ എപ്പോഴും നിങ്ങളോടു പറഞ്ഞിരുന്നത് നിങ്ങൾ അതിനു കഴിവുള്ളവരായി ഒരുവിധമെങ്കിലും ഒരുങ്ങിയിട്ടുണ്ട് എന്നു കാണുമ്പോൾ പഠിപ്പിക്കാമെന്നാണ്. കാരണം, പ്രാർത്ഥന പിതാവിനോടുള്ള ഒരു ശരിയായ സംഭാഷണമാകുന്നതിനു പകരം വാക്കുകളുടെ വെറും ഉച്ചാരണമോ ആവർത്തനമോ ആയാൽപ്പോരല്ലോ. അതിനുള്ള സമയം ഇപ്പോൾ ആയിട്ടുണ്ട്. ഇന്നു രാത്രിയിൽ അവ നിങ്ങളെ പഠിപ്പിക്കാൻ പോകയാണ്. സമാധാനത്തിലും പരസ്പര സ്നേഹത്തിലും ദൈവത്തിന്റെ സ്നേഹത്തിലുമാണ് നമ്മളിപ്പോൾ.  കാരണം,  യഥാർത്ഥ ഇസ്രായേൽക്കാരേപ്പോലെ നമ്മൾ പെസഹാ ആചരണം മുറപ്രകാരം അനുഷ്ഠിച്ചു.
 ശ്രദ്ധിക്കൂ, നിങ്ങൾ  പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ വേണം പ്രാർത്ഥിക്കാൻ."
പ്രാർത്ഥന  ചൊല്ലാൻ  ഈശോ എഴുന്നേറ്റു നിന്നപ്പോൾ അവനെ അനുകരിച്ച്   എല്ലാവരും എഴുന്നേറ്റു നിന്നു. "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം പരിശുദ്ധമായി കരുതപ്പെടട്ടെ. സ്വർഗ്ഗത്തിലെന്നപോലെ നിന്റെ രാജ്യം ഭൂമിയിൽ വരട്ടെ. നിന്റെ തിരുമനസ്സ് സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിൽ
നിർവഹിക്കപ്പെടട്ടെ. അനുദിന അപ്പം ഇന്നു  ഞങ്ങൾക്കു തരണമേ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു  ക്ഷമിക്കണമേ. പരീക്ഷയിൽ ഞങ്ങളെ ഉൾപ്പെടുത്തരുതേ. എന്നാൽ ദുഷ്ടനിൽ നിന്നു ഞങ്ങളെ  രക്ഷിക്കണമേ."

എന്റെ സ്നേഹിതരേ,  മനുഷ്യന്റെ അരൂപിക്കും മാംസരക്തങ്ങൾക്കും ആവശ്യമായതെല്ലാം ഈ വാക്കുകളിൽ അടങ്ങിയിട്ടുണ്ട്. ഈ  പ്രാർത്ഥനയിലൂടെ അരൂപിക്കും മാംസരക്തങ്ങൾക്കും ഉപകാരപ്രദമായിട്ടുള്ളതെല്ലാം നിങ്ങൾ ചോദിക്കുന്നു. ശീശ്മകളുടെ കൊടുങ്കാറ്റുകളോ കാലപ്പഴക്കമോ ഇതിന്റെ വില കുറയ്ക്കാത്തവണ്ണം   അത്ര   പൂർണ്ണമായ   പ്രാർത്ഥനയാണിത്. ഇത് സൂക്ഷിച്ച്  ഓർത്തുകൊള്ളുക. ഇതേപ്പറ്റി നിരന്തരം ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഇതു പ്രാവർത്തികമാക്കുക. നിങ്ങളെത്തന്നെ വിശുദ്ധീകരിക്കാൻ മറ്റൊന്നും ആവശ്യമില്ല."

"ഞങ്ങളുടെ  പിതാവേ.."

"ഞാൻ അവനെ പിതാവേ എന്നു വിളിക്കുന്നു. വചനത്തിന്റെ പിതാവ്; മനുഷ്യാവതാരം ചെയ്തവന്റെ പിതാവ്; അങ്ങനെതന്നെ നിങ്ങളും വിളിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. കാരണം, നിങ്ങൾ എന്നിൽ വസിക്കുമെങ്കിൽ നിങ്ങളെല്ലാവരും എന്നിൽ ഒന്നാണ്.
ഒരുകാലത്ത്  'ദൈവം' എന്ന വാക്കുച്ചരിക്കുവാൻ മനുഷ്യൻ ഭയന്നു വിറച്ച് മുഖം നിലത്തു മുട്ടിച്ച് സാഷ്ടാംഗം പ്രണമിക്കേണ്ടിയിരുന്നു. എന്നിൽ വിശ്വസിക്കാത്തവനും ഇപ്പോഴും ഇതുപോലെ മരവിപ്പിക്കുന്ന ഭയത്തിലാണ് ജീവിക്കുന്നത്. ദേവാലയത്തിന്റെ അകം നോക്കൂ. ദൈവമല്ല, ദൈവത്തിന്റെ ഓർമ്മ പോലും വിശ്വാസികളുടെ കണ്ണുകളിൽ നിന്ന് മൂന്നു വിരികളിട്ട് മറയ്ക്കപ്പെട്ടിരിക്കുകയാണ്. പ്രാർത്ഥിക്കാൻ വരുന്നവനെ അകലം കൊണ്ടും വിരികൾ കൊണ്ടും മാറ്റി നിർത്തിയിരിക്കുകയാണ്. എല്ലാം അവനോടു് ഇങ്ങനെയാണ് പറയുക; ' നീ ചെളിയാണ്; അവൻ പ്രകാശവും. നീ നിന്ദ്യനാണ്; അവൻ പരിശുദ്ധനും. നീ അടിമയാണ്; അവൻ രാജാവും."
"എന്നാൽ ഇപ്പോഴോ? എഴുന്നേൽക്കൂ; എന്റെയടുത്തു വരൂ... ഞാൻ നിത്യപുരോഹിതനാണ്. നിങ്ങളുടെ കൈയിൽ പിടിച്ചുകൊണ്ട് എനിക്കു പറയാം "വരൂ" എന്ന്. എനിക്ക് വിരികളെല്ലാം പിടിച്ചു വലിച്ചു മാറ്റാം. അങ്ങനെ പ്രവേശനമില്ലാതെ ഇത്രയുംനാൾ അടഞ്ഞു കിടന്നിരുന്ന സ്ഥലം തുറക്കാം. അടഞ്ഞു കിടന്നതെന്തുകൊണ്ട്? പാപത്താൽ അടഞ്ഞു കിടന്നു. അതോ പാപം നിമിത്തമോ? എന്നാൽ  അതിലുമധികമായി മനുഷ്യന്റെ നിരാശയുടെ ചിന്തയാൽ... ദൈവം സ്നേഹമാണെങ്കിൽ, ദൈവം പിതാവാണെങ്കിൽ, എന്തിനാണടച്ചിടുന്നത്? എനിക്കു കഴിയും; ഞാനതു ചെയ്യണം; ഞാനതു ചെയ്യാനാഗ്രഹിക്കുന്നു. നിങ്ങളെ  മക്കളെപ്പോലെ ദൈവത്തിന്റെ  ഹൃദയത്തിലേക്കു കൊണ്ടു ചെല്ലണം.
                  
പിതാവേ, പിതാവേ എന്നു പറയണം. മടുപ്പു തോന്നാതെ  ആ വാക്ക് ആവർത്തിച്ചു് പറയണം. ഓരോ പ്രാവശ്യവും നിങ്ങളതു പറയുമ്പോൾ ദൈവത്തിന്റെ സന്തോഷം നിമിത്തം സ്വർഗ്ഗം ഒന്നുകൂടി മിന്നി പ്രകാശിക്കുന്നു എന്നു നിങ്ങൾക്കറിഞ്ഞു കൂടെ? യഥാർത്ഥ സ്നേഹത്തോടെ വേറൊരു വാക്കും പറയാതെ ആ വാക്കു മാത്രം പറഞ്ഞാലും നിങ്ങൾ കർത്താവിന് ഇഷ്ടപ്പെട്ട ഒരു പ്രാർത്ഥനയായിരിക്കും ചൊല്ലുന്നത്. അപ്പാ അപ്പാ എന്നു കൊച്ചുകുഞ്ഞുങ്ങൾ അവരുടെ പിതാക്കന്മാരെ വിളിക്കുന്നു. അവർ ആദ്യം പറയുന്ന വാക്കുകൾ അമ്മ, അപ്പാ എന്നൊക്കെയാണ്. നിങ്ങൾ ദൈവത്തിന്റെ കൊച്ചുകുഞ്ഞുങ്ങളാണ്. നിങ്ങൾ ആയിരുന്ന പഴയ മനുഷ്യനെ ഞാൻ നശിപ്പിച്ചു. എന്റെ സ്നേഹം നിമിത്തം നിങ്ങളിൽ പുതിയ മനുഷ്യന് ഞാൻ ജന്മം നൽകി; ക്രിസ്ത്യാനിയാക്കി. അതിനാൽ കൊച്ചുകുട്ടികൾ വിളിക്കുന്ന ആദ്യത്തെ വാക്കുപയോഗിച്ച് സ്വർഗ്ഗത്തിലായിരിക്കുന്ന ഏറ്റം പരിശുദ്ധനായ പിതാവിനെ വിളിക്കൂ..."


"നിന്റെ നാമം പരിശുദ്ധ മായി കരുതപ്പെടട്ടെ!"  ഓ! മറ്റേതു നാമത്തെക്കാള്‍ പരിശുദ്ധവും  മാധുര്യമേറിയതുമായ നാമം! പാപം ചെയ്തവരുടെ ഭയം, ആ നാമത്തെ വേറൊരു നാമം കൊണ്ടു മറച്ചു.  അല്ല,  ഇനിയും അവന്‍"അഡോണായി" 
അല്ല.  അവന്‍ ദൈവമാണ്.   സ്നേഹത്തിന്റെ ആധിക്യത്തില്‍ 
 മനുഷ്യരാശിയെ സൃഷ്ടിച്ച ദൈവമാണവന്‍. ഇപ്പോള്‍ മുതല്‍  മനുഷ്യവംശം,  ഞാന്‍ അവര്‍ക്കായി തയാറാക്കുന്ന 
 ശുദ്ധീകരണം കൊണ്ട്   ശുചിയാക്കപ്പെട്ട 
അധരങ്ങളുപയോഗിച്ച് അവനെ അവന്റെ പേരു  വിളിക്കണം. അഗ്രാഹ്യനായ അവനെ മനസ്സിലാക്കാന്‍ കാത്തു കഴിയുന്ന സമയമാണിപ്പോള്‍. മനുഷ്യമക്കളില്‍ ഏറ്റം നല്ലവരായവര്‍ അവനോടു ഐക്യപ്പെട്ട് ഞാന്‍ സ്ഥാപിക്കാന്‍ വന്ന രാജ്യത്തിലേക്ക് ഉയരുകയും ചെയ്യുന്ന സമയം.."
 
"സ്വർഗ്ഗത്തിലെപ്പോലെ നിന്റെ രാജ്യം ഭൂമിയിൽ വരട്ടെ." അതിന്റെ വരവിനായി നിങ്ങളുടെ
സർവ്വശക്തിയുമുപയോഗിച്ച് ആഗ്രഹിക്കുക. അതു  വന്നെങ്കിൽ ഭൂമിയുടെ സന്തോഷമായിരിക്കും. ഹൃദയങ്ങളിലും കുടുംബങ്ങളിലും പൗരന്മാരുടെ ഇടയിലും രാഷ്ട്രങ്ങളിലും  ദൈവരാജ്യം വരണം. ഈ രാജ്യസ്ഥാപനത്തിനായി സഹിക്കുകയും അദ്ധ്വാനിക്കുകയും ത്യാഗങ്ങളനുഷ്ഠിക്കുകയും ചെയ്യുക. സ്വർഗ്ഗത്തിലെ ജീവിതം ഓരോ വ്യക്തിയിലും പ്രതിഫലിപ്പിക്കുന്ന ഒരു  കണ്ണാടിയായിത്തീരട്ടെ ഈ ഭൂമി. ഇതു സംഭവിക്കും; ഒരു ദിവസം ഇതെല്ലാം സംഭവിക്കും. കണ്ണുനീർ, രക്തച്ചൊരിച്ചിൽ, അബദ്ധങ്ങൾ, പീഡനങ്ങൾ, അന്ധകാരം ഇവയെല്ലാം അനേക നൂറ്റാണ്ടുകൾ നീണ്ടുനിന്നാലും എന്റെ സഭയുടെ മൗതികമായ പ്രകാശം ഇടയ്ക്കിടെ വീശുന്നതിൽ സമാധാനവും ആശ്വാസവും ലഭിച്ചുകൊണ്ടിരിക്കും. ഓ! എന്റെ സഭ! ഒരു  പടവാണ് അതെങ്കിലും ഒരിക്കലും അതു  മുങ്ങിപ്പോകയില്ല. അതൊരു കൂറ്റൻ പാറയുമാണ്. തിരമാലകൾ ആഞ്ഞടിച്ചാലും അതിളകുകയില്ല. അതു പ്രകാശം ഉയർത്തിപ്പിടിക്കും; എന്റെ പ്രകാശം; ദൈവത്തിന്റെ പ്രകാശം. അസ്ഥിത്വത്തിന്റെ പൂർണ്ണതയിലെത്തിയ ഒരു നക്ഷത്രം, വളരെ ശക്തമായ പ്രഭയോടെ പ്രകാശിക്കുന്നതു പോലെ അന്ന് എന്റെ സഭ പ്രകാശമേറിയ ഒരു നക്ഷത്രമായിരിക്കും. 


"നിന്റെ മനസ്സ് സ്വർഗ്ഗത്തിലെപ്പോലെ  ഭൂമിയിൽ നിർവഹിക്കപ്പെടട്ടെ." ഒരാൾ സ്നേഹത്തിൽ പൂർണ്ണത പ്രാപിച്ചു കഴിയുമ്പോഴാണ് സ്വന്തം മനസ്സിനെ സ്നേഹിക്കുന്ന ആളിന്റെ മനസ്സിന് പൂർണ്ണമായി വിധേയമാക്കുന്നത്. ഒരാൾ ദൈവിക പുണ്യങ്ങൾ വീരോചിതമായി സ്വന്തമാക്കിക്കഴിയുമ്പോൾ മാത്രമേ സ്വന്തം മനസ്സിനെ ദൈവത്തിന്റെ മനസ്സിന്
 വിധേയമാക്കുകയുള്ളൂ. ഒരു കുറ്റവും കുറവും  ഇല്ലാത്ത സ്വർഗ്ഗത്തിൽ ദൈവത്തിന്റെ മനസ്സ് നിർവഹിക്കപ്പെടുന്നു. സ്വർഗ്ഗത്തിന്റെ മക്കളായ നിങ്ങൾ സ്വർഗ്ഗത്തിൽ ചെയ്യപ്പെടുന്നതു ചെയ്യാൻ പഠിപ്പിക്കണം."

Saturday, August 27, 2011

കൊല്ലരുത്

(സ്ത്രീകൾക്കായുള്ള ഈശോയുടെ ഒരു പ്രബോധനം)ഈശോ  പറയുന്നു: "നിങ്ങൾ സ്ത്രീകൾ ശ്രദ്ധിച്ചു കേൾക്കൂ. നിങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുന്ന കൊലപാതകിനികളാണ്. എത്ര ജീവനാണ് നിങ്ങൾ  അപഹരിക്കുന്നത്! ഉദരത്തിൽ വളരുന്ന ഫലത്തെ അതിൽനിന്ന് വേർപെടുത്തുന്നത് കൊലപാതകമാണ്. ഒന്നുകിൽ അത് കുറ്റകരമായ ബീജസ്വീകരണത്തിൽ നിന്നുണ്ടായതായിരിക്കാം. അല്ലെങ്കിൽ അത്  ആവശ്യമില്ലാത്ത ഒരു ഭ്രൂണം; നിങ്ങൾക്ക് ഉപകാരമില്ലാത്ത ഒരു ഭാരം; നിങ്ങളുടെ ശരീരത്തിനും സ്വത്തിനും ഒരു ഭാരം എന്നു നിങ്ങൾ   കരുതുന്നു. ഈ ഭാരമുണ്ടാകാതിരിക്കാൻ ഒരു മാർഗ്ഗമേയുള്ളൂ. പരിശുദ്ധമായ ജീവിതം നയിക്കുക. ജഡികാസക്തിയോടു കൂടെ കൊലപാതകവും ചേർക്കാതിരിക്കുക. അനുസരണയില്ലായ്മയോടു കൂടെ അക്രമവും ചേർക്കാതിരിക്കുക. മനുഷ്യൻ കാണാത്തതു കൊണ്ട് ദൈവവും കാണുന്നില്ല എന്നു വിചാരിക്കാതിരിക്കൂ. ദൈവം എല്ലാം കാണുന്നു; എല്ലാം ഓർത്തിരിക്കയും ചെയ്യുന്നു. ഇതും നിങ്ങൾ  ഓർമ്മിച്ചുകൊള്ളുക."

Friday, August 26, 2011

ഈശോ പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.ഈശോയും അപ്പസ്തോലന്മാരും കൂടി നാട്ടിന്‍ പുറങ്ങളിലൂടെ നടക്കുകയാണ്. അപ്പസ്തോലന്മാരുടെ കൂടെക്കൂടിയ ഏതാനും പേരോട് ഈശോ സംസാരിക്കുന്നു.
ഒരാള്‍ പറയുന്നു: "ശരി, അവനെ സുഖപ്പെടുത്താന്‍ യാതൊന്നുകൊണ്ടും സാദ്ധ്യമല്ല. അവനു  ഭ്രാന്തിനേക്കാള്‍ കൂടിയ എന്തോ ആണ്. അവന്‍ എല്ലാവരേയും പ്രത്യേകിച്ച് സ്തീകളേയും ഭയപ്പടുത്തുന്നു.അശ്ലീലമായ ഗോഷ്ടികള്‍ കാണിച്ചുകൊണ്ട് അവരെ അവന്‍ പിന്തുടരും. പിടിച്ചുപോയിട്ടുണ്ടെങ്കില്‍  ഭയങ്കരമായിരിക്കും."
"അവന്‍ എവിടെയാണെന്നു പറയാന്‍ പറ്റുകയില്ല." വേറൊരാള്‍ പറയുന്നു: "പര്‍വതത്തിലോ വനത്തിലോ വയലിലോ....ഒരു പാമ്പിനെപ്പോലെ പെട്ടെന്നാണ്  പ്രത്യക്ഷപ്പെടുന്നത്. സ്തീകൾക്ക് കഠിനമായ ഭയമാണ്. ഒരുവള്‍, ഒരു ചെറുപ്പക്കാരി നദിയിൽ നിന്നു വരികയായിരുന്നു. അവളെ ആ ഭ്രാന്തൻ പിടിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ വലിയ പനിയായി അവള്‍ മരിച്ചു."
"കഴിഞ്ഞ ദിവസം എന്റെ അളിയൻ, അവനും അവന്റെ ബന്ധുക്കള്‍ക്കുമായി തയ്യാറാക്കിയ കബറിടത്തിലേക്കു പോയി.   അവന്റെ ശ്വശുരന്‍ മരണപ്പെട്ടു. സംസ്ക്കാരകർത്തിനാവശ്യമായതെല്ലാം ചെയ്യുന്നതിന് അന്വേഷണത്തിനു പോയതാണ്. പക്ഷേ അവനു്  ഓടി രക്ഷപ്പെടേണ്ടതായി വന്നു. കാരണം ആ പിശാചുബാധിതന്‍ പതിവുപോലെ നഗ്നനായി കൂവിക്കൊണ്ട് അകത്തുകയറിയിരുപ്പുണ്ടായിരുന്നു. കല്ലറിയുമെന്ന് ഭയപ്പടുത്തുകയും ചെയ്തു.... അയാൾ അളിയനെ ഗ്രാമത്തിന്റെ അതിര്‍ത്തി വരെ ഓടിച്ചു. പിന്നീട് തിരിച്ച് കല്ലറകളിലേക്കു തന്നെ പോയി. മരിച്ച മനുഷ്യനെ എന്റെ കല്ലറയിലാണ് സംസ്ക്കരിച്ചത്."
"പക്ഷേ  അവനെ നിങ്ങള്‍ പുരോഹിതന്മാര്‍ക്ക് കാണിച്ചുകൊടുത്തില്ലേ?" ഈശോ ചോദിക്കുന്നു.
"ഉവ്വ്. ഒരു ഭാണ്ഡക്കെട്ടുപോലെ അവനെ കെട്ടിയെടുത്ത് ..... ജറുസലേമിലേക്കു കൊണ്ടുപോയി. എന്തൊരു ദുരിതം പിടിച്ച യാത്ര..... ഞാന്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, നരകത്തിലെ സംഭവങ്ങളെന്താണെന്നറിയുവാന്‍ അങ്ങോട്ടു പോകേണ്ടതില്ല. എന്നാല്‍  അതുകൊണ്ടും പ്രയോജനമുണ്ടായില്ല."
"ആദ്യത്തേതു പോലെ തന്നെ? വ്യത്യാസമൊന്നുമുണ്ടായില്ല?"
"ഒന്നുകൂടി കഷ്ടമായിരുന്നു."
"എങ്കിലും .....പുരോഹിതന്‍..."
"എന്താ നമ്മള്‍ പ്രതീക്ഷിക്കുക!..... അത് ആവശ്യമാ...."
"എന്ത്?.... പറയൂ...."
മൗനം.
തുറന്നു പറയൂ. ഞാന്‍  നിങ്ങളെ കുറ്റപ്പെടുത്തുകയില്ല."
"ശരി.... ഞാന്‍  പറയുകയായിരുന്നു......പക്ഷേ ഒരു പാപം ചെയ്യുവാൻ ഞാനാഗ്രഹിക്കുന്നില്ല.... ഞാൻ പറഞ്ഞത്.... അതെ.....പുരോഹിതന്‍ വിജയിക്കും. എങ്കിൽ മാത്രമല്ലേ......"
"അയാള്‍ ഒരു  വിശുദ്ധനായ വ്യക്തിയാണെങ്കിൽ...... അതല്ലേ നീ ഉദ്ദേശക്കുന്നത്..എങ്കിലുംപറയുവാന്‍ ധൈര്യപ്പെടുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു; നിങ്ങള്‍ വിധിക്കരുത്. എന്നാൽ നീ പറയുന്നതു് സത്യമാണ്. ഒരു  ദുഃഖസത്യം..."
ഈശോ മൗനമവലംബിക്കുന്നു. നെടുനിശ്വാസം ഉതിര്‍ക്കുന്നു. മനസ്സിലെ വിഷമം കൊണ്ടുള്ള മൗനം. 
ഒരാള്‍ ആ സംസാരത്തിന്റെ തുടര്‍ച്ചയായി ഇങ്ങനെ പറയുന്നു: "നമ്മള്‍ അവനെ കാണാനിടയായാല്‍ നീ അവനെ സുഖപ്പെടുത്തുമോ? ഈ നാടിനെ ഈ വിപത്തില്‍ നിന്നു മോചിപ്പിക്കുമോ?"
"എനിക്കതു ചെയ്യുവാന്‍ കഴിയുമെന്നു നീ പ്രതീക്ഷിക്കുന്നുണ്ടോ? എന്തുകൊണ്ടാണത്?"
"കാരണം നീ പരിശുദ്ധനാണ്..."
"ദൈവമാണ് പരിശുദ്ധന്‍."
"നീ അവന്റെ പുത്രനും."
"നീ അതെങ്ങനെയറിയുന്നു?"
"ഏയ്, ആളുകള്‍ പറയുന്നില്ലേ? ഇനി എന്തായാലും ഞങ്ങള്‍ ഇവിടെ താമസിക്കുന്നവരാണ്. മൂന്നുമാസം മുമ്പ് നീ എന്താണു ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം. വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞൊഴുകുന്ന നദിയെ തടഞ്ഞു നിര്‍ത്തുവാന്‍ ദൈവപുത്രനല്ലാതെ മറ്റാര്‍ക്കു കഴിയും?"
"നീ അതു ചെയ്യുമോ ഗുരുവേ?"
"നമ്മള്‍ അവനെ കാണുകയാണെങ്കില്‍ ചെയ്യാം."
അവര്‍ മുന്നോട്ടു നീങ്ങുന്നു. ചൂടധികമായതിനാല്‍ അവര്‍ റോഡു വിട്ട് നദീതീരത്തുള്ള ഒരു  കുറ്റിക്കാട്ടിലേക്കു കയറുന്നു. നടന്ന് അവര്‍ ഒരു  ഗ്രാമത്തോടടുക്കുന്നു. വെളുത്ത ചെറിയ വീടുകള്‍ കാണാറായി. 
"ദൂരെപ്പോകൂ...ദൂരെപ്പോകൂ... തിരിയെപ്പോകൂ. അല്ലങ്കിൽ നിങ്ങളെ ഞാന്‍  കൊന്നുകളയും."
"പിശാചുബാധിതന്‍ നമ്മളെക്കണ്ടു. ഞാന്‍  പോകയാണ്."
"ഞാനും പോകയാണ്."
"ഭയപ്പടേണ്ട, ഇവിടെയിരുന്നു സൂക്ഷിച്ചു നോക്കിക്കൊള്ളൂ."
ഈശോ അത്രയധികം ഉറപ്പിച്ചാണു പറയുന്നതു് . അതിനാൽ ധൈര്യമുള്ളവരെല്ലാം അനുസരിക്കുന്നു. എങ്കിലും അവര്‍ ഈശോയുടെ പിന്നിലേക്കു നീങ്ങി. ശിഷ്യരും ഈശോയുടെ പിന്നിലാണ്. ഈശോ ഏകനായി ഗാംഭീര്യത്തോടെ മുമ്പോട്ടു നടക്കുന്നു.
"ദൂരെപ്പോകൂ.." അന്തരീക്ഷം ഭേദിക്കുന്ന ഒരു  കൂവല്‍. "ദൂരെപ്പോകൂ... ഞാന്‍  നിന്നെക്കൊല്ലും. തിരിച്ചു പോകൂ... എന്തിനാണു നീ എന്നെ പീഡിപ്പിക്കുന്നത്? എനിക്കു നിന്നെ കാണുകയേ വേണ്ട..." പിശാചുബാധിതനായ മനുഷ്യന്‍ നഗ്നനാണ്. അയാള്‍  വായ പൊളിച്ച് കൂവുകയും വല്ലാതെ ചിരിക്കുകയും ചെയ്യുന്നു. ഒരു ഭ്രാന്തനെപ്പോലെ കല്ലുകൊണ്ട് വായ്ക്ക് ഇടിച്ചു മുറിവേൽപ്പിക്കുന്നു. അയാള്‍  ചോദിക്കുന്നു: "എന്തുകൊണ്ടാണ് എനിക്കു നിന്നെക്കൊല്ലാന്‍ കഴിയാത്തതു്? എന്റെ ശക്തിയെ ആരാണു പിടിച്ചുകെട്ടുന്നത്? അതു നീയാണോ? നീ?"
ഈശോ അയാളെ നോക്കുകയും തുടര്‍ന്ന് മുന്നോട്ടു  നടക്കുകയും ചെയ്യുന്നു.
അയാള്‍  നിലത്തുവീണുരുളുകയും സ്വയം കടിക്കുകയും ചെയ്യുന്നു. വായിലൂടെ ധാരാളം പത വരുന്നുണ്ട്. കല്ലുകൊണ്ട്  സ്വയം ഇടിച്ചു മുറിവേല്‍പ്പിക്കുന്നു. പിന്നീട് ചാടിയെഴുന്നേറ്റ് ഈശോയുടെ  നേരെ കൈ ചൂണ്ടി ഈശോയെ തറപ്പിച്ചു നോക്കിക്കൊണ്ട്  വല്ലാത്ത സ്വരത്തില്‍ വിളിച്ചു പറയുന്നു: "ശ്രദ്ധിക്കൂ..... ഈ വരുന്നയാള്‍....."
"ശബ്ദിക്കരുത്. ഈ മനുഷ്യനിലെ സാത്താനേ.... നിന്നോടു ഞാന്‍  ആജ്ഞാപിക്കുന്നു..."
"ഇല്ല...ഇല്ല...  ഞാന്‍  മൗനമായിരിക്കയില്ല... നീയും ഞങ്ങളും തമ്മിൽ എന്താണുള്ളത്? നീ എന്തുകൊണ്ടാണ്  ഞങ്ങളെ സമാധാനത്തില്‍ വിടാത്തത്? ഞങ്ങളെ നരകത്തില്‍ അടച്ചതുകൊണ്ട് നിനക്ക് തൃപ്തിയായില്ലേ? മനുഷ്യനെ ഞങ്ങളുടെ പക്കല്‍ നിന്നു തട്ടിപ്പറിക്കുവാന്‍ നീ വന്നതുപോരെ? ഓ.... ശപി.... ഇല്ല.... എനിക്കതു  പറയാന്‍ കഴിയുന്നില്ല. എനിക്കു നിന്നെ ശപിക്കാന്‍ കഴിവില്ല... ഞാന്‍   നിന്നെ വെറുക്കുന്നു... നീ ആരില്‍നിന്നു വരുന്നോ അവനെയും വെറുക്കുന്നു...സ്നേഹത്തെ ഞാന്‍  വെറുക്കുന്നു..കാരണം ഞാന്‍ വെറുപ്പാണ്. എനിക്കു നിന്നെ ശപിക്കണം.. എനിക്കു നിന്നെ കൊല്ലണം. പക്ഷേ എനിക്കു സാദ്ധ്യമല്ല. എനിക്കു സാദ്ധ്യമല്ല. ഇതുവരെ സാദ്ധ്യമല്ല... പക്ഷേ നിനക്കുവേണ്ടി ഞാന്‍  കാത്തിരിക്കും... ഓ! ക്രിസ്തുവേ, നിനക്കുവേണ്ടി ഞാന്‍  കാത്തിരിക്കും... മരിച്ചവനായി നിന്നെ ഞാന്‍ കാണും. ഓ! എത്ര സന്തോഷപ്രദമായ മണിക്കൂര്‍... അല്ല... സന്തോഷമല്ല... നീ മരിച്ചോ? ഇല്ല... മരിച്ചില്ല... ഞാന്‍  തോൽപ്പിക്കപ്പെട്ടു. എപ്പോഴും ഞാന്‍  
തോൽപ്പിക്കപ്പെട്ടു. ഹാ....ഹാ....ഹാ...." വികാരം കൊണ്ട് അയാള്‍ തുള്ളലാണ്.
പിശാചുബാധിതനെ  നോക്കിക്കൊണ്ട്  ഈശോ മുന്നോട്ടു നടക്കുന്നു. കാന്തികശക്തിയുള്ള ആ കണ്ണുകള്‍ അവനെ തറപ്പിച്ചു നോക്കുന്നുണ്ട്. ഇപ്പോള്‍ ഈശോ ഒറ്റയ്ക്കായി. അപ്പസ്തോലന്മാരും  മറ്റാളുകളും പിന്നില്‍ നിന്നു. 
ശബ്ദം കേട്ട് ചിലയാളുകള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങി നോക്കുന്നുണ്ട്. അവരും ഓടാന്‍ തയാറായിട്ടാണു നില്‍ക്കുന്നതു്. 
സാത്താനോടു നിശ്ശബ്ദമായിരിക്കാന്‍ കല്‍പ്പിച്ചശേഷം ഈശോ ഒന്നുംതന്നെ പറയുന്നില്ല. തറപ്പിച്ചു നോക്കുക മാത്രം ചെയ്യുന്നു. ഇപ്പോള്‍ ഈശോ നിന്നിട്ട് കൈകളുയര്‍ത്തുന്നു. കൈകള്‍ രണ്ടും പിശാചുബാധിതന്റെ നേര്‍ക്കു നീട്ടി സംസാരിക്കാന്‍ തുടങ്ങുന്നു. പിശാചുബാധിതന്റെ കൂവല്‍ ഭയങ്കരം.  അയാള്‍  ഞെളിപിരി കൊള്ളുന്നു. 
ഈശോ കരങ്ങള്‍ നീട്ടി നിവര്‍ത്തി ശപഥം ചെയ്യുന്നതുപോലെ പിടിച്ചപ്പോള്‍ പിശാചുബാധിതന്‍ അതികഠിനമായി കരയുകയും കൂവുകയും ചെയ്യുന്നു. കരച്ചിലും ചിരിയും ശാപവുമെല്ലാം കഴിഞ്ഞ്  കരഞ്ഞുകൊണ്ട് യാചനയായി. "വേണ്ട... നരകത്തിലേക്കു വേണ്ട... എന്നെ അങ്ങോട്ടയയ്ക്കരുതേ.. എന്നെ പുറത്തേക്കു വിടൂ..."
"അവനില്‍നിന്നു പുറത്തുവരൂ. ഇതൊരു കല്ലറയാണ്."
"ഇല്ല."
"പുറത്തുവരൂ."
"ഇല്ല."
"പുറത്തുവരൂ."
"ഇല്ല."
"സത്യദൈവത്തിന്റെ നാമത്തില്‍ പുറത്തുവരൂ."
"ഓ! എന്തിനാണു് നീ എന്നെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്? പക്ഷേ ഞാന്‍ വരുന്നില്ല. ഇല്ല... നീ ക്രിസ്തുവാണ്... ദൈവത്തിന്റെ പുത്രന്‍... പക്ഷേ ഞാന്‍ ..."
"നീ ആരാണ്?"
"ഞാന്‍ ബേൽസബൂബ് ആണ്. ലോകത്തിന്റെ അധിപന്‍. ഞാന്‍ കീഴടങ്ങുകയില്ല.. ഓ! ക്രിസ്തുവേ... നിന്നെ ഞാന്‍  വെല്ലുവിളിക്കുന്നു."
പിശാചുബാധിതന്‍ പെട്ടെന്ന് നിശ്ചലനായി, വടിപോലെ നിവര്‍ന്ന് ഈശോയെ തുറിച്ചു നോക്കുന്നു. ഈശോയും നിശ്ചലനായി, കൈകൾ നെഞ്ചിലേക്കു ചേര്‍ത്തുവച്ചുകൊണ്ട് അയാളെ സൂക്ഷിച്ചുനോക്കുന്നു. അധരങ്ങള്‍ അല്‍പ്പം അനക്കുന്നുണ്ട്.
ഈശോ കൈകള്‍ തുറക്കുന്നു. ഈശോ ആജ്ഞ നൽകിക്കഴിഞ്ഞു. മിന്നല്‍വേഗത്തില്‍. ഈശോയുടെ സ്വരം ഇടിനാദം പോലെ. "പുറത്തുവരൂ...ഓ! സാത്താനേ.. ഞാനാണു് ആജ്ഞാപിക്കുന്നത്."
ഒരു  നീണ്ട കരച്ചില്‍................. കരച്ചിലിനു ശേഷം ഈ വാക്കുകളും. "ഞാൻ   പുറത്തുവരുന്നു.. ശരി, നീ എന്നെ തോല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ പ്രതികാരം ചെയ്യും. നീ എന്നെ ഓടിക്കയാണ്... എന്നാൽ നിന്റെയടുത്ത് ഒരു പിശാചുണ്ട്. ഞാന്‍ അവനിലേക്കു പ്രവേശിക്കും. അവനില്‍ ആവസിച്ച് എന്റെ ശക്തി മുഴുവന്‍ അവനു കൊടുക്കും. നിന്റെ കല്‍പ്പനയ്ക്കൊന്നും അവനെ എന്നില്‍ നിന്നെടുത്തു മാറ്റുക സാദ്ധ്യമല്ല. ഞാന്‍  പോകുന്നു...ഓ! ക്രിസ്തുവേ... നീ ആഗ്രഹിക്കുന്നതുപോലെ ഞാന്‍  പോകുന്നു..എന്റെ പുതിയ രാജ്യം കൈയടക്കാന്‍ പോകുന്നു. ഞാന്‍ ഉപദ്രവിച്ച ഈ നികൃഷ്ടനെ ഞാന്‍  വിട്ടുപോകുന്നു.. അവന്റെ സ്ഥാനത്ത് ഞാന്‍ ആയിരങ്ങളെയും പതിനായിരങ്ങളെയും ഞാനിപ്പോള്‍ പിടികൂടും. ഞാന്‍   നിന്നെ പീഡിപ്പിക്കും..."
ഇടിവെട്ടിയാലെന്നപോലെ ഒരു വലിയ ശബ്ദം. എന്നാല്‍ മിന്നലില്ല. പ്രകാശവുമില്ല. പൊട്ടിപ്പിളരുന്നതുപോലെ ഒരു  ശബ്ദം. പിശാചുബാധിതന്‍ മൃതശരീരം പോലെ വീണുകിടക്കുന്ന സമയത്ത് അപ്പസ്തോലന്മാരുടെ സമീപെ ഒരു വലിയ വൃക്ഷം ഒടിഞ്ഞുവീണു. അപ്പസ്തോലന്മാര്‍ പെട്ടെന്ന് മാറിപ്പോയി. സ്ഥലവാസികൾ പമ്പകടന്നു.
എന്നാല്‍ ഈശോ വീണുകിടക്കുന്ന മനുഷ്യന്റെ പക്കലേക്കു കുനിഞ്ഞു് അയാളുടെ കൈയില്‍ പിടിച്ചു് തിരിഞ്ഞുനോക്കിക്കൊണ്ടു പറയുന്നു: "വരൂ, ഭയപ്പെടേണ്ട!" ആളുകള്‍ ശങ്കിച്ചു ശങ്കിച്ചു് അടുത്തുചെല്ലുന്നു. "അവനു സുഖമായി. ഒരു വസ്ത്രം കൊണ്ടുവരൂ. " വസ്ത്രം കൊണ്ടുവരാന്‍ ഒരു മനുഷ്യന്‍  ഓടി.
സുഖം പ്രാപിച്ച മനുഷ്യന് സാവകാശം സുബോധം വീണ്ടുകിട്ടി. അയാള്‍ കണ്ണുകള്‍  തുറന്നു. ഈശോയെക്കാണുന്നു. വളരെയധികം ആളുകളുടെ സാന്നിദ്ധ്യത്തില്‍ താന്‍ നഗ്നനാണെന്നു മനസ്സിലായപ്പോള്‍ ലജ്ജിച്ച് ചോദിക്കുന്നു: "എന്താണു സംഭവിച്ചത്? നീ ആരാണ്? ഞാന്‍ എന്തിനാണു് ഇവിടെ വന്നത്?"
ഈശോ പറയുന്നു: "എന്റെ സ്നേഹിതാ, ഒന്നുമില്ല. അവര്‍ നിനക്കിപ്പോൾ വസ്ത്രം കൊണ്ടുവരും. അതു ധരിച്ചുകൊണ്ട് നീ വീട്ടില്‍പ്പോകും."
ഒരുടുപ്പുമായി ഏതാനും ആളുകൾ വന്നു. അവര്‍ അയാളെ അത് ധരിപ്പിക്കയാണ്. വൃദ്ധയായ ഒരു  സ്ത്രീ വന്ന് കരഞ്ഞുകൊണ്ട് സുഖം പ്രാപിച്ച മനുഷ്യനെ മാറോടണയ്ക്കുന്നു. 
"മകനേ"
"അമ്മേ, അമ്മ എന്തുകൊണ്ടാണ്   ഇത്രയേറെക്കാലം എന്നെ വിട്ടു പോയത്?"
ആ സ്ത്രീ കരയുന്നു. 
അവള്‍ പറയുന്നു: "നിനക്ക് വലിയ രോഗമായിരുന്നു മകനേ. നിന്നെ സുഖപ്പെടുത്തിയ ദൈവത്തെ സ്തുതിക്കുക. ദൈവനാമത്തില്‍ പ്രവര്‍ത്തിച്ച മ്ശിഹായേയും സ്തുതിക്കുക."
"അവനെയോ? അവന്റെ പേരെന്താണ്?"
"ഈശോ. എന്നാല്‍ അവന്റെ പേര് നന്മയെന്നാണ്. അവന്റെ കൈകള്‍  ചുംബിക്കൂ... നീ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനെല്ലാം അവനോടു മാപ്പു ചോദിക്കുക."
ഈശോ പറയുന്നു: "അവനല്ല സംസാരിച്ചത്. ഞാൻ  അവനോട് കര്‍ശനമായി വർത്തിക്കുന്നില്ല. ഇനി അവന്‍ നല്ലവനായിരിക്കട്ടെ. അവന്‍ ഇന്ദ്രിയനിഗ്രഹം പാലിക്കട്ടെ."
ഇന്ദ്രിയനിഗ്രഹം എന്നുള്ളത് ഈശോ ഊന്നല്‍ കൊടുത്താണു പറഞ്ഞത്. ആ മനുഷ്യൻ ലജ്ജിതനായി തല താഴ്ത്തുന്നു.


എന്നാല്‍ ഗ്രാമത്തിലെ ധനികരായ പൗരന്മാര്‍ അവനെ വെറുതെ വിടുന്നില്ല. അവര്‍ ഈ സമയത്ത് അടുത്തുവന്നു. അവരുടെകൂടെ ഗംഭീരന്മാരായ ഏതാനും പ്രീശന്മാരുമുണ്ട്. അവര്‍ പറയുന്നു: "നിനക്ക് ഭാഗ്യമുണ്ട്. പിശാചുക്കളുടെ ഗുരുവായ അവനെ  കണ്ടത് നന്നായി."
"ഞാന്‍..... ഞാന്‍ പിശാചുബാധിതനായിരുന്നോ?" ആ മനുഷ്യന്‍ ഭയചകിതനാകുന്നു.
വൃദ്ധ പൊട്ടിത്തെറിക്കുന്നു: "നിങ്ങൾ ശപിക്കപ്പെട്ടവര്‍.. നിങ്ങള്‍ക്കു് കാരുണ്യമോ ബഹുമാനമോ ഇല്ല. അത്യാഗ്രഹികള്‍, ക്രൂരന്മാരായ അണലിപ്പാമ്പുകള്‍; നീയുമുണ്ടോ കാശിനു കൊള്ളാത്ത സിനഗോഗ് ശുശ്രൂഷീ? പരിശുദ്ധനായവൻ സാത്താന്മാരുടെ അധിപനെന്നോ?"
"അവരുടെ രാജാവിനും പിതാവിനുമല്ലാതെ മറ്റാർക്കാണ് അവരുടെമേല്‍ ആധിപത്യം ഉള്ളതെന്നാണ് നീ വിചാരിക്കുന്നത്?"
"ഓ ! ദൈവഭക്തിയില്ലാത്ത ജനം... ദൈവദൂഷകന്മാര്‍..."
"സ്ത്രീയേ, മൗനമായിരിക്കൂ. നിന്റെ മകനോടൊത്തു സന്തോഷമായിരിക്കുക. ശപിക്കരുത്. അവര്‍ എന്നെ ആകുലനോ അസ്വസ്ഥനോ ആക്കുന്നില്ല. നിങ്ങളെല്ലാവരും സമാധാനത്തില്‍ പൊയ്ക്കൊള്ളൂ. നല്ലയാളുകള്‍ക്ക് എന്റെ സമാധാനം. എന്റെ സ്നേഹിതരേ, നമുക്കു പോകാം."
"ഞാന്‍ നിന്നെ അനുഗമിച്ചുകൊള്ളട്ടെയോ?" സുഖം പ്രാപിച്ച മനുഷ്യന്‍ ചോദിക്കുന്നു.
"വേണ്ട. ഇവിടെത്തന്നെ ജീവിക്കുക. എനിക്കു സാക്ഷ്യം വഹിക്കുകയും നിന്റെ അമ്മയ്ക്ക് സന്തോഷം നൽകുകയും ചെയ്യൂ. പൊയ്ക്കൊള്ളൂ."
ആളുകളുടെ ഉച്ചത്തിലുള്ള ആർപ്പുവിളികളുടേയും താണസ്വരത്തിലുള്ള പരിഹാസത്തിന്റെയും നടുവിലൂടെ ഈശോ ആ സ്ഥലം വിട്ടു പോകുന്നു. നദീതീരത്തുള്ള തണലിലേക്കാണ് പോയത്. അപ്പസ്തോലന്മാര്‍ ചുറ്റും കൂടി.
 പത്രോസ് ചോദിക്കുന്നു: "കര്‍ത്താവേ, എന്തുകൊണ്ടാണ് ആ അശുദ്ധാരൂപി ഇത്രയധികം എതിര്‍പ്പു  കാണിച്ചത്?"
"അത് ഒരു പൂര്‍ണ്ണ അരൂപിയായിരുന്നതുകൊണ്ട്."
"അതിന്റെ അര്‍ത്ഥമെന്താണ്?"


"ശ്രദ്ധയോടെ കേള്‍ക്കുക. ചിലയാളുകള്‍ പിശാചിനു വാതില്‍ തുറന്നു കൊടുക്കുന്നത് പ്രധാന ദുര്‍ഗ്ഗുണങ്ങളില്‍ ഒന്നു വഴിയാണ്. ചിലര്‍ രണ്ടും ചിലര്‍ മൂന്നും ചിലര്‍ ഏഴും ദുര്‍ഗ്ഗണങ്ങള്‍ വഴി പിശാചിനെ സ്വീകരിക്കുന്നു. ഏഴു ദുര്‍ഗ്ഗണങ്ങളും സ്വീകരിക്കാന്‍ സ്വന്തം അരൂപിയെ തുറന്നു കഴിയുമ്പോള്‍ ഒരു പൂര്‍ണ്ണ അരൂപി അവനില്‍ പ്രവേശിക്കുന്നു. അതായത് സാത്താൻ, കറുത്ത രാജാവ് പ്രവേശിക്കുന്നു."
"ഇത്രയും ചെറുപ്പമായ അവനിൽ സാത്താന് എങ്ങനെ പ്രവേശിക്കുവാന്‍ കഴിഞ്ഞു?"
:"ഓ ! എന്റെ സ്നേഹിതരേ, സാത്താന്‍ ഏതുവഴിക്കാണു വരുന്നതെന്നു നിങ്ങള്‍ക്കറിയാമോ? സാധാരണ മൂന്നുവഴികളാണ് അവന്‍ അതിധാരാളമായി ഉപയോഗിക്കുന്നത്. അതില്‍ ഒരെണ്ണം ഒരിക്കലും ഇല്ലാതെ വരികയില്ല.  ആ മൂന്നുവഴികള്‍ ഇവയാണ്. സുഖലോലുപത, പണം, അരൂപിയുടെ അഹങ്കാരം. അവയില്‍ സുഖലോലുപത അഥവാ ഭോഗേച്ഛ എല്ലായ്പ്പോഴും കാണും. മറ്റു ദുരാശകളുടെ മുന്നോടി സുഖലോലുപതയാണ്. അത് കടന്നുപോകുന്ന വഴിയിലെല്ലാം അതിന്റെ വിഷം പരത്തുകയും പൈശാചികമായ വിധത്തില്‍ എല്ലാം പുഷ്പിക്കുകയും ചെയ്യും. അതിനാലാണ് ഞാന്‍ നിങ്ങളോടു പറയുന്നത് "നിങ്ങള്‍ നിങ്ങളുടെ മാംസത്തിന്റെ അധിപന്മാരായിത്തീരണ"മെന്ന്. ആ നിയന്ത്രണം ആയിരിക്കണം മറ്റെല്ലാറ്റിന്റെയും ആരംഭം കുറിക്കേണ്ടത്. കാരണം ആ അടിമത്തമാണ് മറ്റെല്ലാ അടിമത്തങ്ങള്‍ക്കും ആരംഭം. ജഡികാസക്തിയുടെ അടിമയായിരിക്കുന്ന മനുഷ്യൻ കള്ളനും വഞ്ചകനും ക്രൂരനുമായിത്തീരും. അധികാരത്തിനുള്ള ആഗ്രഹവും സുഖലോലുപതയോടു ബന്ധപ്പട്ടതാണ്. മാംസത്തിലൂടെയാണ് സാത്താന്‍ മനുഷ്യനിൽ പ്രവേശിച്ചത്. മനുഷ്യനിലേക്കു തിരിച്ചുപോകുന്നതും മാംസത്തിലൂടെയാണ്. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ അവനു സന്തോഷമായി. അവൻ ഒന്നും ഏഴുമായി മനുഷ്യനില്‍ പ്രവേശിക്കുന്നു. അവന്റെകൂടെ ചെറിയ പിശാചുക്കളുടെ  സൈന്യം തന്നെയുണ്ടാകും."
"ഗുരുവേ, നീ പറഞ്ഞല്ലോ മേരി മഗ്ദലനയില്‍ ഏഴു പിശാചുക്കളുണ്ടായിരുന്നെന്ന്. അവയെല്ലാം മാംസേച്ഛയുടെ പിശാചുക്കളായിരുന്നു. എന്നിട്ടും നീ അവളെ വളരെ എളുപ്പത്തില്‍ സ്വതന്ത്രയാക്കി."


"ഉവ്വ്, യൂദാസേ. അത് സത്യമാണ്."


"അതുകൊണ്ട്?"


"അതുകൊണ്ടു നീ പറയുന്നത് എന്റെ തത്വം തെറ്റാണെന്നാകുന്നു. എന്റെ സ്നേഹിതാ, അതു തെറ്റല്ല. ആ സ്ത്രീക്ക് പിശാചിന്റെ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യം വേണമെന്ന് ആ സമയത്ത്  ആഗ്രഹമുണ്ടായിരുന്നു. അവള്‍ ആഗ്രഹിച്ചു. മനഃശക്തി ; അതെല്ലാമാണ്."

Wednesday, August 24, 2011

ഇമ്മാനുവേലെ വരിക


ഇമ്മാനുവേലെ വരിക,
എന്റെ പ്രിയപ്പെട്ടവനേ വരിക.
വന്ന് എന്റെ ആത്മാവിനെ പുനരുദ്ധരിക്കുക,
വന്ന് എന്റെ ആത്മാവിനെ ജീവൻ കൊണ്ട് നിറയ്ക്കുക!

    ഓ! പിതാവിന്റെ വാത്സല്യവാനേ,
ഞാൻ എന്റെ ഹൃദയവാതിൽ തുറന്നിരിക്കുന്നു.
അവിടുന്നെന്റെ ഹൃദയത്തിനുള്ളിൽ പ്രവേശിക്കുവാൻ
ഞാൻ അധികനേരം കാത്തിരിക്കണമോ?
അവിടുന്നെന്റെ  ഹൃദയത്തിൽ ഒരു പ്രാവശ്യം
  കടന്നാൽപ്പോലും
ഏറ്റവും വിശിഷ്ടമായ പരിമളത്തിന്റെ സുഗന്ധം
അതെന്നിൽ അവശേഷിപ്പിക്കും.
എന്തെന്നാൽ അവിടുത്തെ സ്നേഹം
എന്റെ ദരിദ്രമായ ആത്മാവിനെ പുനരുദ്ധരിക്കും.
സ്നേഹത്തിന്റെ ആത്മാവേ,
എനിക്കുള്ള അവിടുത്തെ സ്നേഹത്തിന്റെ ഓഹരി എനിക്കു
                  നൽകണമേ!

ഇമ്മാനുവേലെ വരിക,
പരിശുദ്ധനായവനേ വരിക.
വന്ന് എന്റെ ആത്മാവിനെ മുഴുവനായി കീഴ്പ്പെടുത്തേണമേ.
അല്ലെങ്കിൽ ദുരിതപൂർണ്ണമായ എന്റെ ഹൃദയം
            അനാഥമായിപ്പോകും.

ഓ! പിതാവിന്റെ വാത്സല്യവാനേ,
അവിടുന്നെത്ര സൗന്ദര്യപൂർണ്ണനാണ്!
അത്യുന്നതന്റെ പുത്രനേ,
അവിടുത്തോടു തുല്യനായി ആരുള്ളൂ?
വന്ന് അവിടുത്തെ പാദമുദ്രകളിൽ എന്നെ നടത്തണമേ,
നമുക്ക് ഒന്നിച്ച് പ്രയാണം ചെയ്യാം;
അവിടുത്തെ  പിതാവിന്റെ കരങ്ങൾ
ആനന്ദങ്ങളുടെ പറുദീസായിലേക്ക് ഇട്ടിട്ടുള്ള അടയാളങ്ങളെ
നമുക്കു പിന്തുടരാം.

എന്റെ വാത്സല്യവാനേ, നമുക്കൊന്നിച്ച്
ഒരേ ഹൃദയത്തോടും ഒരേ മനസ്സോടും
അവിടുത്തെ പിതാവ് എന്നെ പ്രോത്സാഹിപ്പിക്കാനായി
എനിക്കായി ഒരുക്കിയിരിക്കുന്ന

പരിമളപൂരിതമായ വഴിത്താരയിലൂടെ മുന്നോട്ടു പോകാം.

അവിടുന്ന് നീലരത്നങ്ങൾ കൊണ്ട് എന്റെ പാതയെ
പൊതിഞ്ഞിരിക്കുന്നു;
അവിടുന്ന് എന്നെ ധൈര്യപ്പെടുത്തുവാനായി തൈലം കൊണ്ട്
           അവിടുത്തെ  പരിശുദ്ധനാമം
എന്റെമേൽ മുദ്ര കുത്തിയിരിക്കുന്നു.

ഓ! പിതാവിന്റെ വാത്സല്യവാനേ,
അവിടുത്തെ കരങ്ങളിൽ നിന്ന്
അവിടുത്തെ പുനരുത്ഥാനത്തിനു ശേഷം
ഇപ്പോഴും മീറാ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നവനേ,
വന്ന് അവിടുത്തെ ഒരൊറ്റ നോട്ടത്താൽ
എന്റെ ആത്മാവിനെ മുഴുവനായി കീഴ്പ്പെടുത്തേണമേ.
എന്റെ ആത്മാവിനെ ശാന്തമാക്കാൻ
അതു മതിയാകുന്നതാണ്.
അവിടുത്തെ സാന്നിധ്യത്തിൽ
എന്റെ കണ്ണുകൾ ആനന്ദിക്കുവാൻ
അതു മതിയാകുന്നതാണ്.
(ദൈവത്തിലുള്ള യഥാര്‍ഥ ജീവിതം  Vol.7)

പത്തു കന്യകകളുടെ ഉപമവളരെ പാവപ്പെട്ട കൃഷിക്കാരുടെ ഒരു ഗണത്തോട്   ഈശോ സംസാരിക്കയാണ്. ക്രൂരനായ ഒരു പ്രീശന്റെ വയലില്‍ പണിയെടുക്കുന്നവരായിരുന്നു അവര്‍.   ഈശോയുടെ ആഗ്രഹപ്രകാരം, ലാസ്സറസ്സ്  ബഥനിയിലെ തന്റെ മാളികയിൽ അവർക്കായി ഒരു വിരുന്നൊരുക്കിയിരുന്നു. വിരുന്നിനു ശേഷം ഈശോയുടെ പ്രഭാഷണം ശ്രവിക്കാനായി അവർ ഈശോയുടെ ചുറ്റും കൂടി. ഈശോയുടെ അമ്മയും അപ്പസ്തോലന്മാരും ശ്രോതാക്കളുടെ കൂട്ടത്തിലുണ്ട്.  ഈശോ സംസാരിക്കുന്നു:
 "വളരെ മാധുര്യമുള്ള ഒരുപമയാണ് ഇന്നു ഞാൻ നിങ്ങളോടു പറയാനാഗ്രഹിക്കുന്നത്. സന്മനസ്സുള്ളവർക്കു മാധുര്യം; അല്ലാത്തവർക്ക് കയ്പു്. രണ്ടാമത്തെ കൂട്ടർക്ക് അവരുടെ കയ്പു് നീക്കിക്കളയാൻ പറ്റും; അവർ സന്മനസ്സുള്ളവരായിത്തീരുകയാണെങ്കിൽ. അപ്പോൾ ഉപമയിലടങ്ങിയിരിക്കുന്ന ശാസന അവർക്ക് അനുഭവപ്പെടുകയില്ല.
സ്വർഗ്ഗരാജ്യം ഒരു കല്യാണവീടാണ്. ദൈവവും ആത്മാക്കളും തമ്മിലുള്ള വിവാഹം ആഘോഷിക്കുന്ന ഭവനം. ഒരാത്മാവ് അവിടെ പ്രവേശിക്കുന്ന ദിവസം അതിന് വിവാഹ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
ഇനി ശ്രദ്ധിച്ചു കേൾക്കൂ. വരൻ വരുമ്പോൾ കന്യകമാരുടെ ഒരു ഗണം അവന് അകമ്പടിയായി നടന്ന് അവനെ സ്വീകരിക്കുകയെന്നത് നമ്മുടെ ഒരു  പാരമ്പര്യമാണല്ലോ. വധൂവരന്മാരെ കത്തിച്ച വിളക്കുകളോടെ പാട്ടുപാടി എതിരേറ്റ് വരന്റെ ഗൃഹത്തിലേക്കു സ്വീകരിക്കുകയാണു ചെയ്യുക. വധു, അവൾ രാജ്ഞിയായി വാഴാൻ പോകുന്ന വരന്റെ ഭവനത്തിലേക്കു നടന്നു തുടങ്ങുമ്പോൾ വധുവിന്റെ സ്നേഹിതകൾ കത്തുന്ന ദീപങ്ങളുമായി ഓടിച്ചെന്ന് അവരുടെ ചുറ്റും ഒരു  പ്രകാശവലയം സൃഷ്ടിച്ചു് ഭർതൃഗൃഹത്തിലേക്ക് ആനയിക്കുന്നു.
ഒരിക്കൽ ഒരു  പട്ടണത്തിൽ ഒരു വിവാഹമുണ്ടായിരുന്നു. വധുവിന്റെ  വീട്ടിൽ വധൂവരന്മാരുടെ ബന്ധുക്കളും സ്നേഹിതരും ഒരുമിച്ചുകൂടി ആഹ്ളാദിക്കുന്ന സമയത്ത് പത്തു കന്യകകൾ വരന്റെ വീട്ടിലെ വിവാഹപന്തലിൽ ദീപങ്ങളുമായി എത്തി. സംഗീതവും വാദ്യവും കേൾക്കുമ്പോൾ അവർക്കറിയാം, വധൂവരന്മാർ വധൂഗൃഹത്തിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന്; അപ്പോൾ അവർ വിളക്കു കൊളുത്തി പുറപ്പെട്ടുചെന്ന് അവരെ സ്വീകരിക്കും. ആഘോഷം വളരെ നീണ്ടു; രാത്രിയായി. കന്യകകൾ വിളക്കുകൾ സാധാരണയായി അണയ്ക്കാറില്ല. കാരണം, കൃത്യസമയത്ത് പുറപ്പടണമെങ്കിൽ വിളക്കു വീണ്ടും കത്തിക്കുന്നത് താമസം വരുത്തും. പത്തു കന്യകകളിൽ അഞ്ചുപേർ ബുദ്ധിമതികളും അഞ്ചുപേർ ബുദ്ധിശൂന്യരുമായിരുന്നു. വിളക്കുകൾ എല്ലാവരും കത്തിച്ചു തന്നെ വച്ചു. ബുദ്ധിമതികൾ വിളക്കു നിറയെ എണ്ണയെടുത്തു. കൂടാതെ ചെറിയ കുപ്പികളിൽ കൂടുതൽ എണ്ണ കരുതിയിരുന്നു. ബുദ്ധിശൂന്യർ വിളക്കു നിറയെ എണ്ണയൊഴിച്ചു; എന്നാൽ പാത്രങ്ങളിൽ കൂടുതൽ കരുതിയില്ല.
മണിക്കൂറുകൾ കടന്നുപോയി. എല്ലാവർക്കും ക്ഷീണവും മുഷിച്ചിലുമായി. താമസിയാതെ ഉറക്കവുമായി. വിളക്കുകളെല്ലാം കത്തിച്ചു തന്നെ വച്ചിരുന്നു. പാതിരാ ആയപ്പോൾ അതാ ഒരു    വിളിച്ചുപറച്ചിൽ! "വരൻ വരുന്നുണ്ട്; പോയി അവനെ സ്വീകരിക്കൂ.." പത്തുപേരും പിടഞ്ഞെണീറ്റ് ശിരോവസ്ത്രവും മാലയുമണിഞ്ഞ് വിളക്കു വച്ചിരുന്ന മേശയ്ക്കരികിലേക്കോടി. അഞ്ചുപേരുടെ വിളക്കുകളുടെ പ്രകാശം മങ്ങിയിരിക്കുന്നു. മറ്റഞ്ചു വിളക്കുകൾ നന്നായി കത്തുന്നു. കാരണം, ബുദ്ധിമതികളായവർ ഉറക്കം പിടിക്കുന്നതിനു മുമ്പ് വിളക്കുകളിൽ വീണ്ടും  എണ്ണ നിറച്ചിരുന്നു. അവര്‍ കുറെ എണ്ണ കൂടി ഒഴിച്ചപ്പോള്‍ അവയുടെ പ്രകാശം ഒന്നുകൂടി വര്‍ദ്ധിച്ചു.
  
ബുദ്ധിശൂന്യകൾ മറ്റവരോട് യാചിച്ചു; 'നിങ്ങളുടെ എണ്ണ കുറച്ചു ഞങ്ങള്‍ക്കും തരിക. അല്ലെങ്കില്‍ ഞങ്ങളുടെ വിളക്കുകള്‍ എടുക്കുമ്പോള്‍ തന്നെ കെട്ടുപോകും.' എന്നാല്‍   ബുദ്ധിയുള്ളവര്‍ പറഞ്ഞു; 'വെളിയില്‍ കാറ്റു വീശുന്നുണ്ട്. മഞ്ഞും വീണു കൊണ്ടിരിക്കുന്നു. കാറ്റിനെയും മഞ്ഞിനേയും ചെറുത്തു നില്‍ക്കാന്‍ മാത്രം ജ്വാല ശക്തമാകണമെങ്കില്‍ എണ്ണ നല്ലപോലെയുണ്ടായിരിക്കണം. ഞങ്ങള്‍ കുറച്ചു പകര്‍ന്നു നിങ്ങള്‍ക്കു തന്നാല്‍ ഞങ്ങളുടെ വിളക്കുകളും മങ്ങിത്തുടങ്ങും. അങ്ങനെ കന്യകകളുടെ അകമ്പടി, പ്രകാശമില്ലാത്ത വിളക്കുകളുമായി  ആകെ മോശമാകും.നിങ്ങള്‍ പോകൂ... ഏറ്റം അടുത്തുള്ള വില്‍പ്പനക്കാരന്റെ പക്കലേക്ക് ഓടുക. അയാളെ എഴുന്നേല്പ്പിച്ച് കുറെ എണ്ണക്കായി യാചിക്കുക.' ബുദ്ധിശൂന്യകൾ പരവേശം പിടിച്ച് ഓടുകയായി. 
 അവര്‍ പോയിക്കഴിഞ്ഞപ്പോള്‍  വധൂവരന്മാര്‍ വീടിനടുത്തെത്തി. കത്തുന്ന വിളക്കുമായി 
ബുദ്ധിമതികളായ അഞ്ചുപേർ വേഗം ചെന്ന് അവരെ സ്വീകരിച്ചു. വിവാഹത്തിന്റെ അവസാനത്തെ ചടങ്ങിനായി വധൂവരന്മാര്‍ കന്യകമാരുടെ അകമ്പടിയോടെവീട്ടില്‍ പ്രവേശിച്ചു. എല്ലാം കഴിയുമ്പോള്‍ കന്യകകള്‍ വധുവിനെ മണിയറയിലേക്ക് ആനയിക്കുകയാണ് ചെയ്യുന്നത്. അവര്‍ പ്രവേശിച്ചു കഴിയുമ്പോള്‍ വാതിലടയ്ക്കും. 
അങ്ങനെ ബുദ്ധിമതികള്‍  പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെട്ടു.  

    ബുദ്ധിശൂന്യകൾ എണ്ണയും വാങ്ങി തിരിച്ചു വന്നപ്പോള്‍ വാതില്‍ അടച്ചുപോയി. അവര്‍ ധാരാളം പ്രാവശ്യം വാതിലില്‍ മുട്ടി വിളിച്ചു. ഒരുപകാരവുമുണ്ടായില്ല. അവര്‍ കരഞ്ഞു പറഞ്ഞു; "കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു വാതില്‍ തുറന്നു തരേണമേ. ഞങ്ങളും വിവാഹഘോഷയാത്രക്കുണ്ടായിരുന്നു.  നിന്റെ വിവാഹത്തിന് മോടി കൂട്ടാന്‍ 
തെരെഞ്ഞെടുക്കപ്പെട്ടവരാണ് ഞങ്ങള്‍.." മണവാളന്‍ 
   പറഞ്ഞു: "നിങ്ങളെ ഞാന്‍ അറിയുകയില്ല എന്ന് ഞാന്‍ പറയുന്നു. നിങ്ങള്‍ ആരാണെന്ന് എനിക്കറിഞ്ഞുകൂടാ. എന്റെ വധുവിനു ചുറ്റും നിന്ന് സന്തോഷിക്കുന്നവരായി നിങ്ങളെ ഞാന്‍ കണ്ടില്ല. നിങ്ങള്‍ കളവു പറയുന്നവരാണ്."
ബുദ്ധിശൂന്യകളായ  ആ കന്യകമാര്‍ കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി.
 ഇനി ഇതിന്റെ അര്‍ത്ഥമെന്തെന്നു ശ്രദ്ധിച്ചു കേള്‍ക്കൂ. വധുവിന്‌ അകമ്പടിയായി വിളിക്കപ്പെടുന്നത്  എത്ര 
ബഹുമതിയും ഭാഗ്യവുമായിട്ടാണ്  പെണ്‍കുട്ടികള്‍ കരുതുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വരന്‍ ദൈവമാണ്. വധു, നീതിനിഷ്ഠയോടെ ജീവിക്കുന്ന മനുഷ്യന്റെ ആത്മാവാകുന്നു. സ്വര്‍ഗ്ഗരാജ്യമാണ്‌ വിവാഹവീട്. എല്ലാ വിശ്വാസികളും വിവാഹത്തിനു  ക്ഷണിക്കപ്പെട്ടിരിക്കുന്നു. കാരണം ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നു. എപ്പോഴെങ്കിലും എല്ലാവരും  വിവാഹച്ചടങ്ങിൽ സംബന്ധിക്കും. അതൊരു വലിയ ബഹുമതിയാണ്.
വിവാഹവാഗ്ദാനം കഴിഞ്ഞു് കുറേക്കാലം വധു അവളുടെ പിതാവിന്റെ ഭവനത്തിൽ കഴിയുന്നു. പിതാവിന്റെ ഭവനം എന്നു പറയുന്നത്, ദൈവത്തിന്റെ പ്രമാണങ്ങളുടേയും നിർദ്ദേശങ്ങളുടേയും സുരക്ഷിതസ്ഥിതിയാണ്. അവയനുസരിച്ചു കൊണ്ട് പിതൃഭവനത്തിൽ നീതിയായി ജീവിക്കുന്ന അവളെ വിവാഹത്തിനായി വരന്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണ്. വിശ്വാസികളുടെ ആത്മാക്കളാണ് തോഴിമാരായ കന്യകകൾ. വധുവിന്റെ മാതൃകയനുസരിച്ച് ജീവിക്കുന്നവരാണവർ. തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു കൊണ്ട് വധുവിനു ലഭിക്കുന്ന ബഹുമാനം തങ്ങൾക്കും ലഭിക്കാനാണ് അവർ ശ്രമിക്കുന്നത്. വധുവിനെ തെരഞ്ഞെടുക്കാൻ വരനെ പ്രേരിപ്പിച്ചത് അവളുടെ നന്മകളാണ്. അവൾ വിശുദ്ധിയുടെ മാതൃക തന്നെയാണ്. തോഴിമാരുടെ കൈകളിൽ  കത്തിച്ച ദീപമുണ്ട്.  അവര്‍ വളരെ വെടിപ്പുള്ള വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.  വെള്ള ശിരോവസ്ത്രവും പൂമുടിയും അവർ അണിഞ്ഞിരിക്കുന്നു.

വെള്ളവസ്ത്രം: സ്ഥിരതയോടെ നീതിയായി ജീവിക്കുമ്പോൾ വസ്ത്രം വെൺമയുള്ളതാകുന്നു. ഒരു ദിവസം വരും; അന്ന് ഈ വസ്ത്രം അതി മനോഹരമായിരിക്കും. ദൈവദൂതന്മാരുടേതു പോലുള്ള വെണ്മ അതിനുണ്ടാകും.
വെടിപ്പുള്ള വസ്ത്രം:   എളിമ അഭ്യസിച്ച് വെള്ളവസ്ത്രം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഹൃദയത്തിന്റെ പരിശുദ്ധിക്ക് മങ്ങലേൽക്കുക വളരെ എളുപ്പമാണ്. പരിശുദ്ധമായ ഹൃദയമില്ലാത്തവർക്ക് ദൈവത്തെ കാണുവാൻ കഴിയില്ല. എളിമ ജലം പോലെയാണ്. ആ ജലമുപയോഗിച്ച് വസ്ത്രം കഴുകണം.  ഒരിക്കല്‍ ഞാന്‍ പറഞ്ഞു; നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ലോകം അതു കാണാതിരിക്കട്ടെ എന്ന്. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "രാജാവിന്റെ രഹസ്യം സൂക്ഷിക്കേണ്ടത് നീതിയാകുന്നു." നമ്മള്‍ ചെയ്യുന്ന നന്മയും ദൈവം നമുക്കു തരുന്ന അനുഗ്രഹങ്ങളും സംരക്ഷിക്കാന്‍ നാം ധരിക്കുന്ന മൂടുപടമാണ് എളിമ. ദൈവം നമുക്കു നല്‍കുന്ന പ്രത്യേകമായ സ്നേഹത്തെക്കുറിച്ച് നാം അഹങ്കരിക്കരുത്. മനുഷ്യരുടെ പൊട്ട സ്തുതി ഒരിക്കലും അന്വേഷിക്കയുമരുത്‌.  അന്വേഷിച്ചാല്‍ ആ നിമിഷത്തില്‍ ഈ ദാനം പിന്‍വലിക്കപ്പെടും. എന്നാല്‍, ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന്  ഇങ്ങനെ പാടി സ്തുതിക്കണം; "ഓ ! കര്‍ത്താവേ, എന്റെ ആത്മാവ് അങ്ങയെ മഹത്വപ്പെടുത്തുന്നു. എന്തെന്നാല്‍ നിന്റെ എളിയ ദാസിയെ നീ തൃക്കണ്‍പാര്‍ത്തു."
 (ഈശോ അല്‍പ്പം നിര്‍ത്തിയിട്ട് അമ്മയെ ഒന്നു നോക്കുന്നു. മേരി വിവര്‍ണ്ണയാകുന്നുണ്ട്. അതു മറയ്ക്കാന്‍ മുഖം കുനിക്കുന്നു.)
പുതിയ വസ്ത്രം: ഓ! ഹൃദയത്തിന്റെ പുതുമ. കൊച്ചുകുട്ടികൾക്ക് അതുണ്ട്. ദൈവത്തിന്റെ ദാനമാണത്. നീതിമാന്മാർക്ക് അവർ മനസ്സാകുന്നതിനാൽ ദൈവം  സമ്മാനമായി അതു
    നൽകുന്നു. വിശുദ്ധന്മാർ അവരുടെ മനസ്സിനെ വീരോചിതമായ വിധത്തിൽ ദൈവത്തിലേക്ക് ഉയർത്തിയതിനാൽ ദൈവത്തിൽ നിന്നും സമ്മാനമായി അതു ലഭിക്കുന്നു. പാപം നിമിത്തം ആത്മാവ് കീറിപ്പറിഞ്ഞ്, കരിഞ്ഞ്, വിഷമേറ്റ് നികൃഷ്ടമായിരിക്കുന്ന ഒരാത്മാവിന് ഒരു പുതിയ വസ്ത്രം കിട്ടുമോ? തീർച്ചയായും കിട്ടും. തന്നെത്തന്നെ അറപ്പോടു കൂടെ നോക്കാൻ തുടങ്ങുന്ന നിമിഷത്തിലവന് അതു ലഭിക്കാൻ തുടങ്ങും. ജീവിതം വ്യത്യാസപ്പെടുത്താന്‍ അവന്‍  നിശ്ചയിച്ചു കഴിയുമ്പോള്‍ ആ വസ്ത്രത്തിന്റെ പുതുമ വര്‍ദ്ധിക്കും. അനുതാപത്താല്‍, പ്രായശ്ചിത്തത്താല്‍  അവന്‍ അതിനെ കഴുകി, വിഷാംശമെല്ലാം നശിപ്പിച്ച് സുഖപ്പെടുത്തി രൂപപ്പെടുത്തിക്കഴിയുമ്പോള്‍ അത് പരിപൂര്‍ണ്ണ 
   പുതുമയാര്‍ന്നതാകും. വീണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും അവന്റെ കഠിനമായ പരിശ്രമം കൊണ്ടും അവന്റെ ഹൃദയത്തെ കൊച്ചുകുട്ടികളുടെതുപോലുള്ള പുതുമയിലേക്ക് കൊണ്ടുവരാന്‍ കഴിയും. അവന്റെ പുതുമയ്ക്ക് ഒരു നവീനത്വം പ്രത്യേകമായിട്ടുണ്ടാകും. കാരണം, അവനെപ്പോലെ പാപികളായിരുന്ന അനേകരുടെ അനുഭവജ്ഞാനമുള്ള ഗുരുവായിത്തീരും അവന്‍. 
  പുഷ്പമുടി: എല്ലാ ദിവസവും സത്കൃത്യങ്ങള്‍ കൊണ്ട് പുഷ്പമാല്യം നിര്‍മ്മിക്കണം. വാടിയതോ കേടുള്ളതോ ഒന്നും അത്യുന്നതന്റെ സന്നിധിയില്‍ വെയ്ക്കാന്‍ പറ്റുകയില്ല. എല്ലാ ദിവസവും എന്ന് ഞാന്‍ പറഞ്ഞു. കാരണം, എന്നാണ് എപ്പോഴാണ് മണവാളന്‍ (ദൈവം) പ്രത്യക്ഷനായി ആത്മാവിനോട്  'വരൂ'  എന്നു പറയുന്നതെന്നറിഞ്ഞുകൂടാ. അതിനാല്‍ പുഷ്പമാല എന്നും പുതുതായി കോര്‍ത്തു കാത്തിരിക്കണം. പേടിക്കയോന്നും വേണ്ടാ. പൂക്കള്‍ വാടും;     
 എന്നാല്‍, സത്കൃത്യങ്ങളാകുന്ന പൂക്കള്‍ ഒരിക്കലും വാടുകയില്ല. 
       കത്തിച്ച വിളക്കുകള്‍: മണവാളനെ ബഹുമാനിക്കുന്നതിനും വഴി ശരിക്ക് കാണുന്നതിനുമാണ് കത്തിച്ച വിളക്കുകള്‍. എത്ര പ്രകാശമേറിയതാണ്  വിശ്വാസം!  എത്ര നല്ല സ്നേഹിതനും!! ഒരു നക്ഷത്രത്തിന്റേതു പോലുള്ള പ്രകാശമേറിയ ജ്വാല അതു നല്‍കുന്നു. ആത്മാവ്  വിശ്വാസം കൊണ്ടു നിറഞ്ഞതാണെങ്കില്‍ അതിന്റെ ജ്വാല ലോകത്തിന്റെ ആകര്‍ഷണമാകുന്ന കാറ്റു കൊണ്ടോ ജഡികതയാകുന്ന മൂടല്‍ കൊണ്ടോ അണഞ്ഞു പോകയില്ല.   
 അവസാനമായി ജാഗ്രത - ജാഗ്രത - ജാഗ്രത -   
കരുതലില്ലാതെ പ്രത്യാശ വയ്ക്കുന്നയാൾ പറയും; 'ഓ! ദൈവം എന്റെ വിളക്കിലെ എണ്ണ തീരുന്നതിനു മുമ്പ് വരും' എന്ന്. എന്നിട്ട് ഉണർന്നിരിക്കുന്നതിനു പകരം ഉറങ്ങാൻ തീരുമാനിക്കും. പെട്ടെന്നെണീറ്റ് തയാറെടുക്കുന്നതിനാവശ്യമായവ കരുതി ക്രമപ്പെടുത്തി വയ്ക്കാതെ ഉറക്കം തുടങ്ങുകയും ചെയ്യും. എണ്ണ വാങ്ങാൻ അവസാന നിമിഷം വരെ കാത്തിരിക്കുന്നവനും സന്മനസ്സാകുന്ന തിരി കൃത്യസമയത്ത് തെളിച്ചുകൊള്ളാമെന്നു കരുതുന്നവനും അവസാനം മണവാളൻ വരുമ്പോൾ പുറത്തായിപ്പോകാനുള്ള അപകടത്തിലാണ് ജീവിക്കുന്നത്. അതിനാൽ ജാഗ്രതയോടെയിരിക്കുക. വിവേകം, സ്ഥിരത, പരിശുദ്ധി, പ്രത്യാശ ഇവയെല്ലാം പാലിച്ചുകൊണ്ട് ദൈവത്തിന്റെ  വിളിക്കായി കാത്തിരിക്കുക. കാരണം, അവൻ എപ്പോൾ വരുമെന്നു് നിങ്ങൾക്കറിഞ്ഞു കൂടാ.

എന്റെ പ്രിയ ശിഷ്യരേ, നിങ്ങൾ ദൈവത്തെ ഭയപ്പെടണമെന്നല്ല, നേരെമറിച്ച് ദൈവത്തിന്റെ  നന്മയിൽ പ്രത്യാശയുള്ളവരാകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ബുദ്ധിമതികളായ കന്യകമാർ ചെയ്തത് നിങ്ങൾ ചെയ്താൽ മണവാളനെ എതിരേൽക്കാൻ മാത്രമായിരിക്കയില്ല നിങ്ങളെ വിളിക്കുന്നത്, പിന്നയോ "വാസ്തി"യുടെ സ്ഥാനത്ത് "എസ്തേറി"നെ രാജ്ഞിയാക്കിയതു പോലെ നിങ്ങളേയും വധുവായി തെരഞ്ഞെടുക്കും. കാരണം, മറ്റാരെയുംകാൾ നിങ്ങളെയാണ് മണവാളൻ കൂടുതൽ കൊള്ളാവുന്നവരായി കാണുക.

അകലേക്ക്‌ പോകാന്‍ ഒരുങ്ങുന്ന നിങ്ങളെ എല്ലാവരെയും ഞാന്‍ അനുഗ്രഹിക്കുന്നു.   കര്‍ത്താവിന്റെ  സമാധാനം നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ!"


(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)