വളരെ പാവപ്പെട്ട കൃഷിക്കാരുടെ ഒരു ഗണത്തോട് ഈശോ സംസാരിക്കയാണ്. ക്രൂരനായ ഒരു പ്രീശൻ്റെ വയലില്‍ പണിയെടുക്കുന്നവരായിരുന്നു അവര്‍. ഈശോയുടെ ആഗ്രഹപ്രകാരം, ലാസ്സറസ്സ് ബഥനിയിലെ തൻ്റെ മാളികയിൽ അവർക്കായി ഒരു വിരുന്നൊരുക്കിയിരുന്നു. വിരുന്നിനു ശേഷം ഈശോയുടെ പ്രഭാഷണം ശ്രവിക്കാനായി അവർ ഈശോയുടെ ചുറ്റും കൂടി. ഈശോയുടെ അമ്മയും അപ്പസ്തോലന്മാരും ശ്രോതാക്കളുടെ കൂട്ടത്തിലുണ്ട്. ഈശോ സംസാരിക്കുന്നു:
"വളരെ മാധുര്യമുള്ള ഒരുപമയാണ് ഇന്നു ഞാൻ നിങ്ങളോടു പറയാനാഗ്രഹിക്കുന്നത്. സന്മനസ്സുള്ളവർക്കു മാധുര്യം; അല്ലാത്തവർക്ക് കയ്പു്. രണ്ടാമത്തെ കൂട്ടർക്ക് അവരുടെ കയ്പു് നീക്കിക്കളയാൻ പറ്റും; അവർ സന്മനസ്സുള്ളവരായിത്തീരുകയാണെങ്കിൽ. അപ്പോൾ ഉപമയിലടങ്ങിയിരിക്കുന്ന ശാസന അവർക്ക് അനുഭവപ്പെടുകയില്ല.
സ്വർഗ്ഗരാജ്യം ഒരു കല്യാണവീടാണ്. ദൈവവും ആത്മാക്കളും തമ്മിലുള്ള വിവാഹം ആഘോഷിക്കുന്ന ഭവനം. ഒരാത്മാവ് അവിടെ പ്രവേശിക്കുന്ന ദിവസം അതിന് വിവാഹ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
ഇനി ശ്രദ്ധിച്ചു കേൾക്കൂ. വരൻ വരുമ്പോൾ കന്യകമാരുടെ ഒരു ഗണം അവന് അകമ്പടിയായി നടന്ന് അവനെ സ്വീകരിക്കുകയെന്നത് നമ്മുടെ ഒരു പാരമ്പര്യമാണല്ലോ. വധൂവരന്മാരെ കത്തിച്ച വിളക്കുകളോടെ പാട്ടുപാടി എതിരേറ്റ് വരന്റെ ഗൃഹത്തിലേക്കു സ്വീകരിക്കുകയാണു ചെയ്യുക. വധു, അവൾ രാജ്ഞിയായി വാഴാൻ പോകുന്ന വരൻ്റെ ഭവനത്തിലേക്കു നടന്നു തുടങ്ങുമ്പോൾ വധുവിൻ്റെ സ്നേഹിതകൾ കത്തുന്ന ദീപങ്ങളുമായി ഓടിച്ചെന്ന് അവരുടെ ചുറ്റും ഒരു പ്രകാശവലയം സൃഷ്ടിച്ചു് ഭർതൃഗൃഹത്തിലേക്ക് ആനയിക്കുന്നു.
ഒരിക്കൽ ഒരു പട്ടണത്തിൽ ഒരു വിവാഹമുണ്ടായിരുന്നു. വധുവിൻ്റെ വീട്ടിൽ വധൂവരന്മാരുടെ ബന്ധുക്കളും സ്നേഹിതരും ഒരുമിച്ചുകൂടി ആഹ്ളാദിക്കുന്ന സമയത്ത് പത്തു കന്യകകൾ വരൻ്റെ വീട്ടിലെ വിവാഹപന്തലിൽ ദീപങ്ങളുമായി എത്തി. സംഗീതവും വാദ്യവും കേൾക്കുമ്പോൾ അവർക്കറിയാം, വധൂവരന്മാർ വധൂഗൃഹത്തിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന്; അപ്പോൾ അവർ വിളക്കു കൊളുത്തി പുറപ്പെട്ടുചെന്ന് അവരെ സ്വീകരിക്കും. ആഘോഷം വളരെ നീണ്ടു; രാത്രിയായി. കന്യകകൾ വിളക്കുകൾ സാധാരണയായി അണയ്ക്കാറില്ല. കാരണം, കൃത്യസമയത്ത് പുറപ്പടണമെങ്കിൽ വിളക്കു വീണ്ടും കത്തിക്കുന്നത് താമസം വരുത്തും. പത്തു കന്യകകളിൽ അഞ്ചുപേർ ബുദ്ധിമതികളും അഞ്ചുപേർ ബുദ്ധിശൂന്യരുമായിരുന്നു. വിളക്കുകൾ എല്ലാവരും കത്തിച്ചു തന്നെ വച്ചു. ബുദ്ധിമതികൾ വിളക്കു നിറയെ എണ്ണയെടുത്തു. കൂടാതെ ചെറിയ കുപ്പികളിൽ കൂടുതൽ എണ്ണ കരുതിയിരുന്നു. ബുദ്ധിശൂന്യർ വിളക്കു നിറയെ എണ്ണയൊഴിച്ചു; എന്നാൽ പാത്രങ്ങളിൽ കൂടുതൽ കരുതിയില്ല.
മണിക്കൂറുകൾ കടന്നുപോയി. എല്ലാവർക്കും ക്ഷീണവും മുഷിച്ചിലുമായി. താമസിയാതെ ഉറക്കവുമായി. വിളക്കുകളെല്ലാം കത്തിച്ചു തന്നെ വച്ചിരുന്നു. പാതിരാ ആയപ്പോൾ അതാ ഒരു വിളിച്ചുപറച്ചിൽ! "വരൻ വരുന്നുണ്ട്; പോയി അവനെ സ്വീകരിക്കൂ.." പത്തുപേരും പിടഞ്ഞെണീറ്റ് ശിരോവസ്ത്രവും മാലയുമണിഞ്ഞ് വിളക്കു വച്ചിരുന്ന മേശയ്ക്കരികിലേക്കോടി. അഞ്ചുപേരുടെ വിളക്കുകളുടെ പ്രകാശം മങ്ങിയിരിക്കുന്നു. മറ്റഞ്ചു വിളക്കുകൾ നന്നായി കത്തുന്നു. കാരണം, ബുദ്ധിമതികളായവർ ഉറക്കം പിടിക്കുന്നതിനു മുമ്പ് വിളക്കുകളിൽ വീണ്ടും എണ്ണ നിറച്ചിരുന്നു. അവര്‍ കുറെ എണ്ണ കൂടി ഒഴിച്ചപ്പോള്‍ അവയുടെ പ്രകാശം ഒന്നുകൂടി വര്‍ദ്ധിച്ചു.
ബുദ്ധിശൂന്യകൾ മറ്റവരോട് യാചിച്ചു; 'നിങ്ങളുടെ എണ്ണ കുറച്ചു ഞങ്ങള്‍ക്കും തരിക. അല്ലെങ്കില്‍ ഞങ്ങളുടെ വിളക്കുകള്‍ എടുക്കുമ്പോള്‍ തന്നെ കെട്ടുപോകും.' എന്നാല്‍ ബുദ്ധിയുള്ളവര്‍ പറഞ്ഞു; 'വെളിയില്‍ കാറ്റു വീശുന്നുണ്ട്. മഞ്ഞും വീണു കൊണ്ടിരിക്കുന്നു. കാറ്റിനെയും മഞ്ഞിനേയും ചെറുത്തു നില്‍ക്കാന്‍ മാത്രം ജ്വാല ശക്തമാകണമെങ്കില്‍ എണ്ണ നല്ലപോലെയുണ്ടായിരിക്കണം. ഞങ്ങള്‍ കുറച്ചു പകര്‍ന്നു നിങ്ങള്‍ക്കു തന്നാല്‍ ഞങ്ങളുടെ വിളക്കുകളും മങ്ങിത്തുടങ്ങും. അങ്ങനെ കന്യകകളുടെ അകമ്പടി, പ്രകാശമില്ലാത്ത വിളക്കുകളുമായി ആകെ മോശമാകും.നിങ്ങള്‍ പോകൂ... ഏറ്റം അടുത്തുള്ള വില്‍പ്പനക്കാരൻ്റെ പക്കലേക്ക് ഓടുക. അയാളെ എഴുന്നേല്പ്പിച്ച് കുറെ എണ്ണക്കായി യാചിക്കുക.' ബുദ്ധിശൂന്യകൾ പരവേശം പിടിച്ച് ഓടുകയായി.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ വധൂവരന്മാര്‍ വീടിനടുത്തെത്തി. കത്തുന്ന വിളക്കുമായി
ബുദ്ധിമതികളായ അഞ്ചുപേർ വേഗം ചെന്ന് അവരെ സ്വീകരിച്ചു. വിവാഹത്തിൻ്റെ അവസാനത്തെ ചടങ്ങിനായി വധൂവരന്മാര്‍ കന്യകമാരുടെ അകമ്പടിയോടെവീട്ടില്‍ പ്രവേശിച്ചു. എല്ലാം കഴിയുമ്പോള്‍ കന്യകകള്‍ വധുവിനെ മണിയറയിലേക്ക് ആനയിക്കുകയാണ് ചെയ്യുന്നത്. അവര്‍ പ്രവേശിച്ചു കഴിയുമ്പോള്‍ വാതിലടയ്ക്കും.
അങ്ങനെ ബുദ്ധിമതികള്‍ പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെട്ടു.
ബുദ്ധിശൂന്യകൾ എണ്ണയും വാങ്ങി തിരിച്ചു വന്നപ്പോള്‍ വാതില്‍ അടച്ചുപോയി. അവര്‍ ധാരാളം പ്രാവശ്യം വാതിലില്‍ മുട്ടി വിളിച്ചു. ഒരുപകാരവുമുണ്ടായില്ല. അവര്‍ കരഞ്ഞു പറഞ്ഞു; "കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു വാതില്‍ തുറന്നു തരേണമേ. ഞങ്ങളും വിവാഹഘോഷയാത്രക്കുണ്ടായിരുന്നു. നിൻ്റെ വിവാഹത്തിന് മോടി കൂട്ടാന്‍
തെരെഞ്ഞെടുക്കപ്പെട്ടവരാണ് ഞങ്ങള്‍.." മണവാളന്‍
പറഞ്ഞു: "നിങ്ങളെ ഞാന്‍ അറിയുകയില്ല എന്ന് ഞാന്‍ പറയുന്നു. നിങ്ങള്‍ ആരാണെന്ന് എനിക്കറിഞ്ഞുകൂടാ. എൻ്റെ വധുവിനു ചുറ്റും നിന്ന് സന്തോഷിക്കുന്നവരായി നിങ്ങളെ ഞാന്‍ കണ്ടില്ല. നിങ്ങള്‍ കളവു പറയുന്നവരാണ്."
ബുദ്ധിശൂന്യകളായ ആ കന്യകമാര്‍ കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി.
ഇനി ഇതിൻ്റെ അര്‍ത്ഥമെന്തെന്നു ശ്രദ്ധിച്ചു കേള്‍ക്കൂ. വധുവിന് അകമ്പടിയായി വിളിക്കപ്പെടുന്നത് എത്ര ബഹുമതിയും ഭാഗ്യവുമായിട്ടാണ് പെണ്‍കുട്ടികള്‍ കരുതുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വരന്‍ ദൈവമാണ്. വധു, നീതിനിഷ്ഠയോടെ ജീവിക്കുന്ന മനുഷ്യൻ്റെ ആത്മാവാകുന്നു. സ്വര്‍ഗ്ഗരാജ്യമാണ് വിവാഹവീട്. എല്ലാ വിശ്വാസികളും വിവാഹത്തിനു ക്ഷണിക്കപ്പെട്ടിരിക്കുന്നു. കാരണം ദൈവം തൻ്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നു. എപ്പോഴെങ്കിലും എല്ലാവരും വിവാഹച്ചടങ്ങിൽ സംബന്ധിക്കും. അതൊരു വലിയ ബഹുമതിയാണ്.
വിവാഹവാഗ്ദാനം കഴിഞ്ഞു് കുറേക്കാലം വധു അവളുടെ പിതാവിന്റെ ഭവനത്തിൽ കഴിയുന്നു. പിതാവിൻ്റെ ഭവനം എന്നു പറയുന്നത്, ദൈവത്തിൻ്റെ പ്രമാണങ്ങളുടേയും നിർദ്ദേശങ്ങളുടേയും സുരക്ഷിതസ്ഥിതിയാണ്. അവയനുസരിച്ചു കൊണ്ട് പിതൃഭവനത്തിൽ നീതിയായി ജീവിക്കുന്ന അവളെ വിവാഹത്തിനായി വരൻ്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണ്. വിശ്വാസികളുടെ ആത്മാക്കളാണ് തോഴിമാരായ കന്യകകൾ. വധുവിൻ്റെ മാതൃകയനുസരിച്ച് ജീവിക്കുന്നവരാണവർ. തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു കൊണ്ട് വധുവിനു ലഭിക്കുന്ന ബഹുമാനം തങ്ങൾക്കും ലഭിക്കാനാണ് അവർ ശ്രമിക്കുന്നത്. വധുവിനെ തെരഞ്ഞെടുക്കാൻ വരനെ പ്രേരിപ്പിച്ചത് അവളുടെ നന്മകളാണ്. അവൾ വിശുദ്ധിയുടെ മാതൃക തന്നെയാണ്. തോഴിമാരുടെ കൈകളിൽ കത്തിച്ച ദീപമുണ്ട്. അവര്‍ വളരെ വെടിപ്പുള്ള വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വെള്ള ശിരോവസ്ത്രവും പൂമുടിയും അവർ അണിഞ്ഞിരിക്കുന്നു.
വെള്ളവസ്ത്രം: സ്ഥിരതയോടെ നീതിയായി ജീവിക്കുമ്പോൾ വസ്ത്രം വെൺമയുള്ളതാകുന്നു. ഒരു ദിവസം വരും; അന്ന് ഈ വസ്ത്രം അതി മനോഹരമായിരിക്കും. ദൈവദൂതന്മാരുടേതു പോലുള്ള വെണ്മ അതിനുണ്ടാകും.
വെടിപ്പുള്ള വസ്ത്രം: എളിമ അഭ്യസിച്ച് വെള്ളവസ്ത്രം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഹൃദയത്തിൻ്റെ പരിശുദ്ധിക്ക് മങ്ങലേൽക്കുക വളരെ എളുപ്പമാണ്. പരിശുദ്ധമായ ഹൃദയമില്ലാത്തവർക്ക് ദൈവത്തെ കാണുവാൻ കഴിയില്ല. എളിമ ജലം പോലെയാണ്. ആ ജലമുപയോഗിച്ച് വസ്ത്രം കഴുകണം. ഒരിക്കല്‍ ഞാന്‍ പറഞ്ഞു; നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ലോകം അതു കാണാതിരിക്കട്ടെ എന്ന്. ജ്ഞാനത്തിൻ്റെ പുസ്തകത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "രാജാവിൻ്റെ രഹസ്യം സൂക്ഷിക്കേണ്ടത് നീതിയാകുന്നു." നമ്മള്‍ ചെയ്യുന്ന നന്മയും ദൈവം നമുക്കു തരുന്ന അനുഗ്രഹങ്ങളും സംരക്ഷിക്കാന്‍ നാം ധരിക്കുന്ന മൂടുപടമാണ് എളിമ. ദൈവം നമുക്കു നല്‍കുന്ന പ്രത്യേകമായ സ്നേഹത്തെക്കുറിച്ച് നാം അഹങ്കരിക്കരുത്. മനുഷ്യരുടെ പൊട്ട സ്തുതി ഒരിക്കലും അന്വേഷിക്കയുമരുത്. അന്വേഷിച്ചാല്‍ ആ നിമിഷത്തില്‍ ഈ ദാനം പിന്‍വലിക്കപ്പെടും. എന്നാല്‍, ഹൃദയത്തിൻ്റെ അഗാധതയില്‍ നിന്ന് ഇങ്ങനെ പാടി സ്തുതിക്കണം; "ഓ ! കര്‍ത്താവേ, എൻ്റെ ആത്മാവ് അങ്ങയെ മഹത്വപ്പെടുത്തുന്നു. എന്തെന്നാല്‍ നിൻ്റെ എളിയ ദാസിയെ നീ തൃക്കണ്‍പാര്‍ത്തു."
(ഈശോ അല്‍പ്പം നിര്‍ത്തിയിട്ട് അമ്മയെ ഒന്നു നോക്കുന്നു. മേരി വിവര്‍ണ്ണയാകുന്നുണ്ട്. അതു മറയ്ക്കാന്‍ മുഖം കുനിക്കുന്നു.)
പുതിയ വസ്ത്രം: ഓ! ഹൃദയത്തിൻ്റെ പുതുമ. കൊച്ചുകുട്ടികൾക്ക് അതുണ്ട്. ദൈവത്തിൻ്റെ ദാനമാണത്. നീതിമാന്മാർക്ക് അവർ മനസ്സാകുന്നതിനാൽ ദൈവം സമ്മാനമായി അതു
നൽകുന്നു. വിശുദ്ധന്മാർ അവരുടെ മനസ്സിനെ വീരോചിതമായ വിധത്തിൽ ദൈവത്തിലേക്ക് ഉയർത്തിയതിനാൽ ദൈവത്തിൽ നിന്നും സമ്മാനമായി അതു ലഭിക്കുന്നു. പാപം നിമിത്തം ആത്മാവ് കീറിപ്പറിഞ്ഞ്, കരിഞ്ഞ്, വിഷമേറ്റ് നികൃഷ്ടമായിരിക്കുന്ന ഒരാത്മാവിന് ഒരു പുതിയ വസ്ത്രം കിട്ടുമോ? തീർച്ചയായും കിട്ടും. തന്നെത്തന്നെ അറപ്പോടു കൂടെ നോക്കാൻ തുടങ്ങുന്ന നിമിഷത്തിലവന് അതു ലഭിക്കാൻ തുടങ്ങും. ജീവിതം വ്യത്യാസപ്പെടുത്താന്‍ അവന്‍ നിശ്ചയിച്ചു കഴിയുമ്പോള്‍ ആ വസ്ത്രത്തിൻ്റെ പുതുമ വര്‍ദ്ധിക്കും. അനുതാപത്താല്‍, പ്രായശ്ചിത്തത്താല്‍ അവന്‍ അതിനെ കഴുകി, വിഷാംശമെല്ലാം നശിപ്പിച്ച് സുഖപ്പെടുത്തി രൂപപ്പെടുത്തിക്കഴിയുമ്പോള്‍ അത് പരിപൂര്‍ണ്ണ പുതുമയാര്‍ന്നതാകും. വീണ്ടും ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ടും അവൻ്റെ കഠിനമായ പരിശ്രമം കൊണ്ടും അവൻ്റെ ഹൃദയത്തെ കൊച്ചുകുട്ടികളുടെതുപോലുള്ള പുതുമയിലേക്ക് കൊണ്ടുവരാന്‍ കഴിയും. അവൻ്റെ പുതുമയ്ക്ക് ഒരു നവീനത്വം പ്രത്യേകമായിട്ടുണ്ടാകും. കാരണം, അവനെപ്പോലെ പാപികളായിരുന്ന അനേകരുടെ അനുഭവജ്ഞാനമുള്ള ഗുരുവായിത്തീരും അവന്‍.
പുഷ്പമുടി: എല്ലാ ദിവസവും സത്കൃത്യങ്ങള്‍ കൊണ്ട് പുഷ്പമാല്യം നിര്‍മ്മിക്കണം. വാടിയതോ കേടുള്ളതോ ഒന്നും അത്യുന്നതൻ്റെ സന്നിധിയില്‍ വെയ്ക്കാന്‍ പറ്റുകയില്ല. എല്ലാ ദിവസവും എന്ന് ഞാന്‍ പറഞ്ഞു. കാരണം, എന്നാണ് എപ്പോഴാണ് മണവാളന്‍ (ദൈവം) പ്രത്യക്ഷനായി ആത്മാവിനോട് 'വരൂ' എന്നു പറയുന്നതെന്നറിഞ്ഞുകൂടാ. അതിനാല്‍ പുഷ്പമാല എന്നും പുതുതായി കോര്‍ത്തു കാത്തിരിക്കണം. പേടിക്കയൊന്നും വേണ്ടാ. പൂക്കള്‍ വാടും;
എന്നാല്‍, സത്കൃത്യങ്ങളാകുന്ന പൂക്കള്‍ ഒരിക്കലും വാടുകയില്ല.
കത്തിച്ച വിളക്കുകള്‍: മണവാളനെ ബഹുമാനിക്കുന്നതിനും വഴി ശരിക്ക് കാണുന്നതിനുമാണ് കത്തിച്ച വിളക്കുകള്‍. എത്ര പ്രകാശമേറിയതാണ് വിശ്വാസം! എത്ര നല്ല സ്നേഹിതനും!! ഒരു നക്ഷത്രത്തിൻ്റെതു പോലുള്ള പ്രകാശമേറിയ ജ്വാല അതു നല്‍കുന്നു. ആത്മാവ് വിശ്വാസം കൊണ്ടു നിറഞ്ഞതാണെങ്കില്‍ അതിൻ്റെ ജ്വാല ലോകത്തിൻ്റെ ആകര്‍ഷണമാകുന്ന കാറ്റു കൊണ്ടോ ജഡികതയാകുന്ന മൂടല്‍ കൊണ്ടോ അണഞ്ഞു പോകയില്ല.
അവസാനമായി ജാഗ്രത - ജാഗ്രത - ജാഗ്രത -
കരുതലില്ലാതെ പ്രത്യാശ വയ്ക്കുന്നയാൾ പറയും; 'ഓ! ദൈവം എൻ്റെ വിളക്കിലെ എണ്ണ തീരുന്നതിനു മുമ്പ് വരും' എന്ന്. എന്നിട്ട് ഉണർന്നിരിക്കുന്നതിനു പകരം ഉറങ്ങാൻ തീരുമാനിക്കും. പെട്ടെന്നെണീറ്റ് തയാറെടുക്കുന്നതിനാവശ്യമായവ കരുതി ക്രമപ്പെടുത്തി വയ്ക്കാതെ ഉറക്കം തുടങ്ങുകയും ചെയ്യും. എണ്ണ വാങ്ങാൻ അവസാന നിമിഷം വരെ കാത്തിരിക്കുന്നവനും സന്മനസ്സാകുന്ന തിരി കൃത്യസമയത്ത് തെളിച്ചുകൊള്ളാമെന്നു കരുതുന്നവനും അവസാനം മണവാളൻ വരുമ്പോൾ പുറത്തായിപ്പോകാനുള്ള അപകടത്തിലാണ് ജീവിക്കുന്നത്. അതിനാൽ ജാഗ്രതയോടെയിരിക്കുക. വിവേകം, സ്ഥിരത, പരിശുദ്ധി, പ്രത്യാശ ഇവയെല്ലാം പാലിച്ചുകൊണ്ട് ദൈവത്തിൻ്റെ വിളിക്കായി കാത്തിരിക്കുക. കാരണം, അവൻ എപ്പോൾ വരുമെന്നു് നിങ്ങൾക്കറിഞ്ഞു കൂടാ.
എൻ്റെ പ്രിയ ശിഷ്യരേ, നിങ്ങൾ ദൈവത്തെ ഭയപ്പെടണമെന്നല്ല, നേരെമറിച്ച് ദൈവത്തിൻ്റെ നന്മയിൽ പ്രത്യാശയുള്ളവരാകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ബുദ്ധിമതികളായ കന്യകമാർ ചെയ്തത് നിങ്ങൾ ചെയ്താൽ മണവാളനെ എതിരേൽക്കാൻ മാത്രമായിരിക്കയില്ല നിങ്ങളെ വിളിക്കുന്നത്, പിന്നയോ "വാസ്തി"യുടെ സ്ഥാനത്ത് "എസ്തേറി"നെ രാജ്ഞിയാക്കിയതു പോലെ നിങ്ങളേയും വധുവായി തെരഞ്ഞെടുക്കും. കാരണം, മറ്റാരെയുംകാൾ നിങ്ങളെയാണ് മണവാളൻ കൂടുതൽ കൊള്ളാവുന്നവരായി കാണുക.
അകലേക്ക് പോകാന്‍ ഒരുങ്ങുന്ന നിങ്ങളെ എല്ലാവരെയും ഞാന്‍ അനുഗ്രഹിക്കുന്നു. കര്‍ത്താവിൻ്റെ സമാധാനം നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ!"
(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്)