ജാലകം നിത്യജീവൻ: മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞി

nithyajeevan

nithyajeevan

Monday, August 15, 2011

മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞി

ഇന്ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാൾ


 (1997 August 15 ന്  ഫാദർ സ്റ്റെഫാനോ ഗോബി വഴി അമ്മ നൽകിയ സന്ദേശം)

"ആത്മശരീരങ്ങളോടെ പറുദീസയുടെ മഹത്വത്തിലേക്ക് സംവഹിക്കപ്പെട്ട നിങ്ങളുടെ സ്വർഗ്ഗീയമാതാവിൻ്റെ നേർക്കു് പ്രത്യാശാപൂർവ്വം നിങ്ങൾ നോക്കുക. സ്വർഗ്ഗത്തിൻ്റെ ഏറ്റം ഉന്നതതലങ്ങളിലേക്ക് ഉയർത്തപ്പെട്ട് എൻ്റെ പുത്രനായ യേശുവിൻ്റെ വലതുഭാഗത്ത് ഉപവിഷ്ടയായിരിക്കുന്ന രാജ്ഞിയായ എൻ്റെ മുമ്പിൽ വാനവദൂതർ താണുവണങ്ങി നമസ്കരിക്കുന്നു. പറുദീസാനിവാസികൾ ഏവരും എന്നെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിക്കുന്നു: 'അങ്ങയുടെ വലതുഭാഗത്ത് ഉജ്ജ്വല പ്രഭയാർന്ന രാജ്ഞി ഉപവിഷ്ടയായിരിക്കുന്നു.'

 പ്രത്യേക ആദരവിനു പാത്രീഭൂതനാകുന്ന ഒരു വ്യക്തിക്ക് തൊട്ടു വലതുഭാഗത്താണ് സ്ഥാനം നൽകുക. എന്റെ പുത്രനായ യേശു മഹത്വത്തിൻ്റെ പ്രഭയോടെ ഉയിർത്ത് സ്വർഗ്ഗത്തിലേക്ക് എഴുന്നെള്ളിയപ്പോൾ പിതാവ് തൻ്റെ വലതുഭാഗത്താണ്  യേശുവിനെ ഉപവിഷ്ടനാക്കിയത്.
ൻ്റെ ഏകജാതനെന്ന നിലയിൽ യേശുവിനു മാത്രം അവകാശമായ വലതുഭാഗത്ത് പിതാവ് അവിടുത്തെ ഉപവിഷ്ടനാക്കി. ഇതുവഴി, മാംസമായ വചനവും രക്ഷകനും നാഥനും വിശ്വൈക രാജാവുമായ തൻ്റെ ഏകജാതന് ഏറ്റം ഉന്നതമായ ആദരവാണ് പിതാവു നൽകിയത്.

പറുദീസയുടെ  മഹത്വത്തിലേക്ക് ഞാൻ ആരോപണം ചെയ്തപ്പോൾ എൻ്റെ പുത്രൻ്റെ വലതുഭാഗത്താണ്  എന്നെ ഉപവിഷ്ടയാക്കിയത്. നിർമ്മലയായ അമ്മയോടു് ഉചിതമായ ആദരവ് പുത്രൻ അങ്ങനെ പ്രകടമാക്കി. രക്ഷാകർമ്മത്തിൽ അവിടുത്തോടൊപ്പം ഗാഢമാംവിധം ചേർന്നു നിൽക്കുകയും അവിടുത്തെ വ്യാകുലങ്ങളിൽ പങ്കാളിയാവുകയും ചെയ്ത എന്നെ, ഇപ്പോൾ അവിടുത്തെ  മഹത്വത്തിൽ ഭാഗഭാക്കാക്കിക്കൊണ്ട് പുത്രൻ്റെ ആദരവ് അവിടുന്ന് പ്രദർശിപ്പിച്ചു. 

അവിടുത്തെ വലതുഭാഗത്ത് ഉപവിഷ്ടയായി, തിരുസഭയുടേയും മാനവവംശത്തിന്റെയും അമ്മയെന്ന നിലയിലുള്ള എൻ്റെ ആത്മീയ ചുമതലകൾ വിശ്വസ്തതയോടെ ഞാൻ നിറവേറ്റും.    

മരണം ഇനിയും നിങ്ങളുടെ മേൽ ചെലുത്തുന്ന ആധിപത്യം ഇല്ലാതാക്കി ഒരുനാൾ ക്രിസ്തു നിങ്ങളിൽ വിജയം വരിക്കുന്നതിനു വേണ്ടി ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കയും മാദ്ധ്യസ്ഥം അപേക്ഷിക്കയും സാത്താനും അവൻ്റെ ദുഷ്ടാരൂപികൾക്കുമെതിരേയുള്ള നിങ്ങളുടെ പോരാട്ടത്തിൽ നിങ്ങളെ സഹായിക്കയും ചെയ്യുന്നതിനായി അവിടുത്തെ വലതുഭാഗത്ത് ഞാൻ ഉപവിഷ്ടയായിരിക്കുന്നു."