ഈശോ സുവിശേഷ ഭാഗ്യങ്ങളുടെ മലയിലാണ്. അവിടുന്ന് പ്രസംഗം തുടരുന്നു:
"കാരുണ്യമുള്ള പക്ഷം ഞാന്‍ എത്ര സന്തുഷ്ടനായിരിക്കും.' എനിക്ക് കാരുണ്യം ആവശ്യമില്ല എന്നു പറയുവാന്‍ മനുഷ്യരില്‍ ആര്‍ക്കു കഴിയും? ആര്‍ക്കും കഴിയുകയില്ല. "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്" എന്നു പഴയ നിയമത്തില്‍ എഴുതിയിരിക്കുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ "കാരുണ്യം കാണിക്കുന്നവന്‍ കരുണ കണ്ടെത്തും" എന്ന് എന്തുകൊണ്ട് നമുക്ക് പറഞ്ഞുകൂടാ? എല്ലാ മനുഷ്യര്‍ക്കും കാരുണ്യം ആവശ്യമുണ്ട്.
കാരുണ്യം നേടുന്നതിന് എന്തെങ്കിലും സൂത്ര വാക്യങ്ങളോ അനുഷ്ഠാനങ്ങളോ മതിയാകയില്ല. അതൊക്കെ മനുഷ്യന്റെ വിരസമായ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വെച്ചിട്ടുള്ള ബാഹ്യമായ അടയാളങ്ങള്‍ മാത്രമാണ്. കാരുണ്യം വരുന്നത്, ആന്തരികമായ സ്നേഹാനുഷ്ഠാനത്തിലൂടെയാണ്. സ്നേഹം തന്നെ കാരുണ്യമാണ്. ഒരു ആടിനെ ബലിയര്‍പ്പിക്കാനോ ഏതാനും നാണയങ്ങള്‍ കാഴ്ചയര്‍പ്പിക്കാനോ പറഞ്ഞിട്ടുള്ളത്, എല്ലാ തിന്മകളുടെയും അടിസ്ഥാനം അത്യാഗ്രഹവും അഹങ്കാരവും ആയതുകൊണ്ടാണ്. കാഴ്ചവസ്തുവിനെ വില കൊടുത്ത് വാങ്ങുന്നതിലൂടെ അത്യാഗ്രഹം ശിക്ഷിക്കപ്പെടുന്നു. പരസ്യമായി അനുഷ്ഠാന കര്‍മം നടത്തുന്നതിലൂടെ അഹങ്കാരത്തിനും ശിക്ഷ കിട്ടുന്നു. എങ്ങനെയെന്നാല്‍, 'ഈ ബലി ഞാനര്‍പ്പിക്കുന്നത് ഞാന്‍ പാപിയായതുകൊണ്ടാണ്' എന്നയാള്‍ പരോക്ഷമായി പറയുകയാണല്ലോ. ഇതിനു പുറമേ ഈ ബലി, വരാനിരിക്കുന്ന മറ്റൊരു ബലിയുടെ പ്രതീകം കൂടിയാണ്. മനുഷ്യന്റെ പാപങ്ങള്‍ക്ക് മോചനം നല്‍കുന്ന ദൈവ കുഞ്ഞാടിന്റെ രക്തത്തെയാണ് ആ രക്തത്തിലൂടെ പ്രതീകമാക്കുന്നത്.
വിശന്നിരിക്കുന്നവരോടും നഗ്നരോടും ഭവനരഹിതരോടും ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവരോടും കരുണ കാണിക്കുന്നവര്‍ അനുഗ്രഹീതരായിരിക്കും. കഷ്ടത അനുഭവിക്കുന്നവരോട് കാരുണ്യം കാണിക്കുകയും അവര്‍ക്ക് സഹായം നല്‍കുകയും അവരെ പഠിപ്പിക്കുകയും അവര്‍ക്ക് പിന്തുണ നകുകയും വേണം. "ഞാന്‍
പരിശുദ്ധനാണ്; പാപികളുടെ ഇടയിലേക്ക് ഇറങ്ങുകയില്ല" എന്നോ "ഞാന്‍ ധനികനും സന്തുഷ്ടനുമാണ്; മറ്റുള്ളവരുടെ കഷ്ടതകള്‍ എനിക്ക് കേള്‍ക്കേണ്ടാ" എന്നോ നിങ്ങള്‍ സ്വയം പറയരുത്. നിങ്ങളുടെ സമ്പത്തും ആരോഗ്യവും കുടുംബ ബലവും ഒക്കെ കാറ്റത്ത് പുക എന്നതിനെക്കാളധികം വേഗത്തില്‍ മാഞ്ഞു പോയേക്കാം എന്ന് നിങ്ങള്‍ മറക്കരുത്.
നിരന്തരവും രഹസ്യവും പരിശുദ്ധവുമായ പരിഹാരബലി അര്‍പ്പിക്കുന്നതിന് കാരുണ്യം ആവശ്യമാണ്. കാരുണ്യം നേടുന്നതിനും കരുണ കാണിക്കേണ്ടത് ആവശ്യമാണ്.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് കരുണ ലഭിക്കും."