ജാലകം നിത്യജീവൻ: "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ"

nithyajeevan

nithyajeevan

Monday, August 29, 2011

"അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ"



 "അന്നന്നു വേണ്ടുന്ന അപ്പം ഇന്നു ഞങ്ങള്‍ക്കു തരണമേ:" നിങ്ങൾ സ്വർഗ്ഗത്തിലായിരിക്കുമ്പോള്‍  നിങ്ങള്‍ക്കുള്ള പോഷണം ദൈവം മാത്രമാണ്. സ്വർഗ്ഗീയാനന്ദം നിങ്ങളുടെ ഭക്ഷണമായിരിക്കും. എന്നാൽ ഭൂമിയിലായിരിക്കുമ്പോള്‍  നിങ്ങള്‍ക്ക് അപ്പം  ആവശ്യമുണ്ട്. നിങ്ങള്‍  ദൈവത്തിന്റെ മക്കളായതിനാൽ അപ്പാ, ഞങ്ങള്‍ക്കു് കുറച്ചു് അപ്പം തരണമേ എന്നു പറയുന്നത് ശരിയായിട്ടുള്ളതാണ്. അവൻ കേള്‍ക്കുകയില്ല എന്നു നിങ്ങള്‍  ഭയപ്പെടുന്നുണ്ടോ? ഓ! ഒരിക്കലുമില്ല. ഒന്നു ചിന്തിച്ചു നോക്കൂ... നിങ്ങളുടെ ഒരു സ്നേഹിതൻ പാതിരാത്രിക്കു വന്ന് നിങ്ങളോടു പറയുകയാണ്, 'എനിക്ക് മൂന്ന് അപ്പം  തരണമേ; കാരണം എന്റെ ഒരു  സ്നേഹിതൻ വന്നിരിക്കുന്നു. അയാള്‍ക്കു കൊടുക്കാൻ എന്റെ കൈവശം ഒന്നുമില്ല' എന്ന്.  'എന്നെ ഉപദ്രവക്കല്ലേ, വാതിലടച്ചു കുറ്റിയിട്ടു; കുട്ടികളും എന്റെയടുത്തു കിടന്നുറങ്ങുകയാണ്; എഴുന്നേറ്റു നീ ചോദിക്കുന്നതു തരാൻ എനിക്കു സാദ്ധ്യമല്ല'  എന്നുള്ള ഉത്തരം നിങ്ങള്‍   പറയുമോ? നിങ്ങള്‍   യഥാർത്ഥത്തിൽ സ്നേഹിതനാണെങ്കിൽ സ്നേഹിതന്റെ ആവശ്യത്തിനു വഴങ്ങി അയാള്‍  ചോദിച്ചതു കൊടുക്കും. അത്ര നല്ല സ്നേഹിതനല്ലെങ്കിൽത്തന്നെയും നിർബ്ബന്ധത്തിനു വഴങ്ങി, ഉപദ്രവം തീരട്ടെ എന്നു കരുതി അയാള്‍  ആവശ്യപ്പെട്ടതു കൊടുക്കും. 
എന്നാൽ പിതാവിനോടു നിങ്ങള്‍പ്രാർത്ഥിക്കുമ്പോള്‍ ഭൂമിയിലെ ഒരു സ്നേഹിതനോടല്ല നിങ്ങള്‍    ചോദിക്കുന്നത്. സ്വർഗ്ഗത്തിലെ പിതാവായ പരിപൂർണ്ണനായ സ്നേഹിതന്റെ പക്കലേക്കാണു നിങ്ങള്‍  തിരിയുന്നത്. അതിനാലാണ് ഞാൻ നിങ്ങളോടു പറയുന്നത്, "ചോദിക്കുവിൻ; 

നിങ്ങള്‍ക്കു കിട്ടും. അന്വേഷിക്കുവിൻ; നിങ്ങള്‍  കണ്ടെത്തും. മുട്ടുവിൻ; വാതിൽ നിങ്ങള്‍ക്കായി  തുറക്കപ്പെടും" എന്ന്. കാരണം ചോദിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ എപ്പോഴും കണ്ടെത്തുന്നു; മുട്ടുന്നവന് വാതിൽ തുറന്നു കിട്ടുകയും ചെയ്യുന്നു. മകൻ അപ്പം  ചോദിച്ചാൽ കല്ലെടുത്തു കൊടുക്കുന്ന അപ്പന്‍  നിങ്ങളുടെ  ഇടയിലുണ്ടോ? അല്ലെങ്കിൽ പൊരിച്ച മീനിനു പകരം പാമ്പിനെ കൊടുക്കുമോ? ഒരു മുട്ടയ്ക്കു പകരം സുബുദ്ധിയുള്ള ഒരുവനും ഒരു  തേളിനെ കൊടുക്കുകയില്ലെങ്കിൽ നിങ്ങള്‍   ചോദിക്കുന്നവ എത്ര ധാരാളതയോടെയായിരിക്കും ദൈവം നിങ്ങള്‍ക്കു തരിക? കാരണം, നിങ്ങള്‍  ഒരുമാതിരി ദുഷ്ടരാണ്. എന്നിട്ടും മക്കള്‍ക്കു നല്ലതു മാത്രം നൽകുന്നു. എന്നാൽ ദൈവം  നല്ലവനാണ്. അതിനാൽ പുത്രസഹജമായ സ്നേഹത്തോടെ, എളിമയോടെ നിങ്ങള്‍ക്കാവശ്യമായ അപ്പത്തിനായി നിങ്ങളുടെ അപ്പനോട്  ചോദിക്കുക."

"ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍  ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ  കടങ്ങള്‍  ഞങ്ങളോടു ക്ഷമിക്കണമേ."  പദാര്‍ത്ഥപരമായ കടങ്ങളും അരൂപിയുടെ കടങ്ങളും ഉണ്ട്. കൂടാതെ ധാർമ്മികമായ കടങ്ങളുമുണ്ട്. തിരിച്ചു കൊടുക്കുവാന്‍  കടമായി വാങ്ങിയിട്ടുള്ള പണവും സാധനങ്ങളുമെല്ലാം പദാർത്ഥപരമായ കടങ്ങളാണ്. സൽപ്പേരു നഷ്ടപ്പെടുത്തിയിട്ട് അതു തിരിച്ചു നൽകാതിരിക്കുന്നതും അർഹിക്കുന്ന സ്നേഹം കൊടുക്കാതിരിക്കുന്നതും ധാർമ്മിക കടങ്ങളാകുന്നു. 

  ദൈവത്തിൽ നിന്ന് എല്ലാം പിടിച്ചു വാങ്ങുകയും എന്നാൽ വളരെക്കുറച്ചു മാത്രം ദൈവത്തിനു നൽകുകയും ചെയ്യുന്നതും ദൈവത്തിനു നൽകേണ്ട  അനുസരണയും സ്നേഹവും
നൽകാതിരിക്കുന്നതും അരൂപിയുടെ കടങ്ങളാണ്. ദൈവം നമ്മെ സ്നേഹിക്കുന്നു; അതിനാൽ അവനെ നാം സ്നേഹിക്കണം. നമ്മുടെ അമ്മ, ഭാര്യ, മക്കള്‍  ഇവരെയെല്ലാം നാം സ്നേഹിക്കേണ്ടതല്ലേ? അതുപോലെ ദൈവത്തെയും നാം സ്നേഹിക്കണം. സ്വാർത്ഥമതിയായ മനുഷ്യനു് എല്ലാം വേണം; പക്ഷേ ഒന്നും കൊടുക്കുകയില്ല. നമുക്ക് എല്ലാവരോടും കടമുണ്ട്. ദൈവം തുടങ്ങി ഒരു ബന്ധു വരെ; ബന്ധു തുടങ്ങി സ്നേഹിതന്‍  വരെ; സ്നേഹിതന്‍  തുടങ്ങി അയൽക്കാരന്‍  വരെ; ഒരു ഭൃത്യന്‍  വരെ; ഒരടിമ വരെ. കാരണം അവരെല്ലാവരും നമ്മെപ്പോലെയുള്ള സൃഷ്ടികളാണ്. ക്ഷമിക്കാത്തവന്, ഹാ! ദുരിതം... അവനോടു ക്ഷമിക്കപ്പെടുകയില്ല. മനുഷ്യന്‍  അവന്റെ സഹജീവിയോടു ക്ഷമിക്കുന്നില്ലെങ്കിൽ ഏറ്റം പരിശുദ്ധനായ ദൈവത്തോട് മനുഷ്യനുള്ള കടങ്ങള്‍  ഇളവു ചെയ്യാന്‍  തന്റെ നീതിയിൽ അവനു കഴിയുകയില്ല.
"പരീക്ഷയിൽ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ; എന്നാല്‍ ദുഷ്ടനില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ."  പെസഹാ അത്താഴം നമ്മോടൊത്ത് കഴിക്കേണ്ടതാണെന്നു തോന്നാതിരുന്ന  മനുഷ്യന്‍ (കറിയോത്തുകാരന്‍ യൂദാസിനെയാണ് ഈശോ ഉദ്ദേശിക്കുന്നത് ) ഏകദേശം ഒരു വര്‍ഷം മുന്‍പ് എന്നോടു ചോദിച്ചു; 'എന്ത്? പരീക്ഷിക്കപ്പെടരുത് എന്നു പ്രാർത്ഥിക്കണമെന്നോ?' അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാനതിനു മറുപടി പറഞ്ഞു. എന്നിട്ടൊരുപകാരവും ഉണ്ടായില്ല. 

  എന്നാല്‍ നിങ്ങള്‍ വിചിത്രമായ തത്വങ്ങളാലോ ദുരാശകളാലോ  കഠിനരായിത്തീർന്നിട്ടില്ലാത്തതിനാൽ ഇങ്ങനെ പ്രാര്‍ഥിക്കുക. പരീക്ഷകള്‍ നിങ്ങളില്‍ നിന്ന് അകറ്റി വിടണമേ എന്ന് എളിമയോടെ ദൈവത്തോട് പ്രാർത്ഥിക്കുക. ഓ! എളിമ! അവനവന്‍ എന്തായിരിക്കുന്നുവെന്ന് സ്വയം അറിയുക. നിരാശപ്പെടാതെ, മനസ്സ് തളര്‍ന്നുപോകാതെ, അവനവനായിരിക്കുന്ന യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കുക. നിങ്ങള്‍ ഇങ്ങനെ  പറയണം; "ഞാനതൊന്നും ചെയ്കയില്ല എന്നു ഞാന്‍  വിചാരിക്കുന്നുണ്ടെങ്കിലും ഞാന്‍  വീണു പോയേക്കാം. ആകയാൽ പിതാവേ, കഴിയുമെങ്കിൽ ദുഷ്ടന്‍  എന്നെ ഉപദ്രവിക്കാന്‍  അനുവദിക്കാത്തവിധം എന്നെ അങ്ങേയരികിൽ ചേർത്തുനിർത്തി പ്രലോഭനങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ."  കാരണം തിന്മ ചെയ്യാന്‍  പ്രലോഭിപ്പിക്കുന്നത് ദുഷ്ടാരൂപിയാണ്. നിന്റെ ബലഹീനതയെ ദുഷ്ടന്‍   പ്രലോഭനത്തിലേക്കു വീഴ്ത്താതിരിക്കാന്‍  നിന്നെ താങ്ങണമേ എന്ന് പിതാവിനോടു പ്രാർത്ഥിക്കുവിന്‍. 

എന്റെ സ്നേഹിതരേ, ഞാന്‍  എല്ലാം നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. ഇത് നിങ്ങളോടുകൂടെ ഞാന്‍   പങ്കെടുക്കുന്ന രണ്ടാമത്തെ പെസഹായാണ്. കുഴിഞ്ഞ കൊല്ലം പെസഹായ്ക്ക് നമുക്ക് അപ്പവും ആടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കൊല്ലം എന്റെ പ്രാർത്ഥന നിങ്ങള്‍ക്കു ഞാന്‍  തരുന്നു. ഭാവിയിലുള്ള പെസഹാത്തിരുനാളുകളിൽ മറ്റു സമ്മാനങ്ങള്‍  

നിങ്ങള്‍ക്കു  ഞാന്‍  നൽകും.   കാരണം, പിതാവ് ആവശ്യപ്പെടുന്നയിടത്തേക്കു ഞാന്‍  പോയിക്കഴിയുമ്പോള്‍, മോശ കൽപ്പിച്ച ആട്ടിന്‍ കുട്ടിയുടെ തിരുനാളിൽ സാക്ഷാൽ ആട്ടിന്‍കുട്ടിയെ നിങ്ങള്‍  ഓർത്തിരിക്കാനായി അവ ആവശ്യമാണ്."