ജാലകം നിത്യജീവൻ: ഈശോ രൂപാന്തരപ്പെടുന്നു

nithyajeevan

nithyajeevan

Saturday, August 6, 2011

ഈശോ രൂപാന്തരപ്പെടുന്നു

ഇന്ന് കര്‍ത്താവിന്റെ രൂപാന്തരീകരണത്തിരുനാള്‍

ഈശോ താബോർമലയുടെ മുകളിലേക്കു കയറുകയാണ് . പത്രോസും ജോണും ജയിംസും ഈശോയോടൊപ്പമുണ്ട്.  മലയുടെ  ഉച്ചിയിലെത്തിയപ്പോൾ ഈശോ അവരോടു പറഞ്ഞു: "എന്റെ സ്നേഹിതരേ, നിങ്ങൾക്കു വിശ്രമിക്കാം. ഞാൻ പ്രാർത്ഥിക്കാനായി അതാ അവിടം വരെ പോകുന്നു."ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു വലിയ പാറ അവർക്കു കാണിച്ചുകൊടുത്തു.  ഈശോ പുല്ലിൽ മുട്ടുകുത്തി കൈകളും ശിരസ്സും പാറമേൽ വച്ച് പ്രാർത്ഥിക്കുന്നു. പത്രോസും ജോണും ജയിംസും ഒരു വൃക്ഷച്ചുവട്ടിൽ  വിശ്രമിക്കാനിരുന്നു.  ഉറക്കം മെല്ലെ അവരെ കീഴ്പ്പെടുത്തി.
സൂര്യന്റെ പ്രഭയെ വെല്ലുന്ന ഒരു വലിയ പ്രകാശം അവരെ ഉണർത്തുന്നു.  കണ്ണു തുറന്നു നോക്കുമ്പോൾ ഈശോയിൽ വന്നിട്ടുള്ള രൂപാന്തരീകരണം കണ്ട് അവർ അന്ധാളിച്ചു. ഈശോ നിൽക്കുകയാണ്. എന്നാൽ നിലത്തുനിന്നുയർന്നാണ്.  ഈശോ ആകാശത്തേക്കു നോക്കി ദർശനത്തിൽ മുഴുകി പുഞ്ചിരി തൂകുന്നു. അപ്പസ്തോലന്മാർക്ക് പേടിയായി. ഉത്ക്കണ്ഠയോടെ താഴ്ന്ന സ്വരത്തിൽ അവർ വിളിക്കുന്നു; "ഗുരുവേ, ഗുരുവേ.."എന്നാൽ ഈശോ ഇതു കേൾക്കുന്നില്ല.
പത്രോസ്  വിറച്ചുകൊണ്ട് പറയുന്നു; "അവൻ ഒരു പാരവശ്യത്തിലാണ്. എന്തായിരിക്കും അവൻ കാണുന്നതെന്ന് ഞാൻ വിസ്മയിക്കയാണ്." അവർ മൂന്നുപേരും എഴുന്നേറ്റു നിൽക്കയാണ്. ഈശോയുടെ അടുത്തേക്കു ചെന്നാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. എന്നാലതിന് ധൈര്യം കിട്ടുന്നില്ല. പ്രകാശം ഒന്നുകൂടി വർദ്ധിച്ചു. കാരണം ആകാശത്തു നിന്ന് രണ്ടു പ്രകാശങ്ങൾ താഴേക്കു വന്ന് ഈശോയുടെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചു. പുൽത്തകിടിയിൽ വന്നുനിന്നു കഴിഞ്ഞപ്പോൾ അവരെ ആവരണം ചെയ്തിരുന്ന മറ നീങ്ങി. പ്രഭയാർന്ന രണ്ടു മഹത് വ്യക്തികൾ പ്രത്യക്ഷരായി. മോശയും ഏലിയായും. അവതാരം ചെയ്ത തങ്ങളുടെ ദൈവത്തോട് വളരെ ബഹുമാനാദരങ്ങളോടെയാണ് ആ രണ്ടു വ്യക്തികളും സംസാരിക്കുന്നത്. ഈശോ ചിരപരിചിതരോടെന്ന പോലെ സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നെങ്കിലും അവർ  രണ്ടുപേരും തങ്ങളുടെ ബഹുമാനം അൽപ്പവും കുറയ്ക്കുന്നില്ല.
അപ്പസ്തോലന്മാർ മൂന്നുപേരും ഇരുകൈകളും കൊണ്ട് മുഖംപൊത്തി മുട്ടിന്മേൽ നിൽക്കുന്നു. നോക്കിയാൽ കൊള്ളാമെന്ന്  ആഗ്രഹമുണ്ട്. എങ്കിലും ഭയം... അവസാനം പത്രോസ് പറയുന്നു: "ഗുരുവേ, എന്നെ ശ്രവിക്കണമേ." ഈശോ പുഞ്ചിരി തൂകിക്കൊണ്ട് ചുറ്റും നോക്കുന്നു.  പത്രോസിനെ നോക്കി നന്നായി പുഞ്ചിരിക്കുന്നു. അതുകണ്ടപ്പോൾ പത്രോസിനു ധൈര്യമായി. അയാൾ പറയുന്നു; "ഗുരുവേ, ഇവിടെയായിരിക്കുന്നത് അതിവിസ്മയകരമായ ഒരനുഭവമാണ്. നിനക്കിഷ്ടമാണെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങൾ നിർമ്മിക്കാം; ഒന്ന് നിനക്ക്; ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. എന്നിട്ട് നിങ്ങൾക്കു ശുശ്രൂഷ ചെയ്യാൻ ഞങ്ങൾ ഇവിടെ താമസിച്ചുകൊള്ളാം."
ഈശോ വീണ്ടും പത്രോസിനെ നോക്കി കൂടുതൽ രസകരമായി പുഞ്ചിരി  തൂകുന്നു. മോശയും ഏലിയായും അവരെ സൂക്ഷിച്ചുനോക്കുന്നുണ്ട്. കൂടുതലൊന്നും പറയാൻ അപ്പസ്തോലന്മാർക്ക്  ധൈര്യമില്ല. പേടിച്ചരണ്ട അവർ മൗനം അവലംബിക്കയാണ്. അപ്പോഴതാ, ഇതുവരെ കണ്ടതിനേക്കാൾ പ്രഭയേറിയ ഒരു മറ ആ മൂന്നുപേരെയും മറയ്ക്കുന്നു. അപ്പസ്തോലന്മാർക്ക് അവരെ കാണാൻ കഴിയുന്നില്ല. ആ സമയത്ത് വളരെ ശക്തവും ഇമ്പമേറിയതുമായ ഒരു സ്വരം അന്തരീക്ഷം നിറഞ്ഞു പ്രകമ്പനം കൊള്ളുന്നു. അപ്പസ്തോലന്മാർ മൂന്നുപേരും മുഖം പുല്ലിന്മേൽ വച്ച് സാഷ്ടാംഗം വീണു. "ഇത് എന്റെ പ്രിയപുത്രനാകുന്നു. ഇവനിൽ ഞാൻ സംപ്രീതനാണ്. ഇവനെ ശ്രവിക്കുക."പത്രോസ്  മുഖം നിലത്തു വച്ച് കമിഴ്ന്നടിച്ചു വീണുകൊണ്ടു പറയുന്നു; "പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ... ഇത് ദൈവത്തിന്റെ മഹത്വം താണിറങ്ങുന്നതാണ്." ജയിംസ് ഒരക്ഷരം പോലും സംസാരിക്കുന്നില്ല. ജോണ്‍ മോഹാലസ്യപ്പെടാന്‍  പോകുന്നതു പോലെയുണ്ട്. നെടുനിശ്വാസം ഉതിര്‍ത്തു കൊണ്ട് അവന്‍ പറയുന്നു: "കര്‍ത്താവാണ് സംസാരിക്കുന്നത്..."

വീണ്ടും പരിപൂര്‍ണ്ണ നിശബ്ദത. തല ഉയര്‍ത്താന്‍ ആര്‍ക്കും  ധൈര്യമില്ല. അതിനാല്‍ പ്രകാശം പൂര്‍വസ്ഥിതിയിലാകുന്നത് അവര്‍ അറിയുന്നതേയില്ല. ഈശോയുടെ മുഖവും 
പൂര്‍വസ്ഥിതിയിലായി. അവർ ഇതു കാണുന്നില്ല.
ഈശോ പുഞ്ചിരിയോടെ അവരുടെയടുത്തേക്കു ചെന്നു. അവരെ തൊട്ട് പേരുപറഞ്ഞ് മൂന്നുപേരെയും വിളിച്ചു: "എഴുന്നേൽക്കൂ, ഇതു ഞാനാണു്. ഭയപ്പെടാതിരിക്കൂ." ഇങ്ങനെ പറയാൻ കാരണം അവർ മൂന്നുപേരും പേടിച്ച് തലതാഴ്ത്തിക്കിടന്നുകൊണ്ട് അവരുടെ പാപങ്ങൾക്കു മാപ്പപേക്ഷിക്കയാണ്. ഈശോ അധികാരപൂർവം വീണ്ടും പറയുന്നു: "എഴുന്നേൽക്കൂ, ഞാൻ ആജ്ഞാപിക്കുന്നു." അവർ തലയുയർത്തി നോക്കുമ്പോൾ ഈശോ പുഞ്ചിരി തൂകുന്നു.