(ഈശോ അപ്പസ്തോലന്മാരെ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിക്കുന്നു.)
ലാസ്സറസ്സിന്റെ സ്വന്തമായ ഒരു വീട്ടില്‍ പെസഹാ ആഘോഷിച്ച ശേഷം ഈശോ പതിനൊന്ന് അപ്പസ്തോലന്മാരുമൊത്ത് വീണ്ടും ദൈവരാജ്യ പ്രഘോഷണത്തിനായി യാത്രയാവുകയാണ്. അവര്‍ ഒലിവു മലയെ ലക്ഷ്യമാക്കിയാണ് നടക്കുന്നത്. യൂദാസ് തിരുനാളിനു വരാതിരുന്നത് അവരെയെല്ലാം വിഷമിപ്പിച്ചു. അവനില്‍ ഒരു ചെറിയ പിശാച് കൂടിയിട്ടുണ്ടെന്ന് പത്രോസ് പറയുമ്പോള്‍ ഈശോ പറയുന്നു: "സൈമണ്‍, നല്ലവനായിരിക്കൂ..."
അവര്‍ മലയുടെ മുകളിലെത്തി. ഈശോ നിന്നിട്ടു പറയുന്നു: "കയറിയതു മതി; നമുക്ക് ഇവിടെ ആയിരിക്കാം. ഭാവിയില്‍ എൻ്റെ ജോലി തുടരാനുള്ള എന്റെ പ്രിയ ശിഷ്യരേ, എൻ്റെയടുത്തേക്കു വരൂ. പലപ്പോഴും നിങ്ങൾ എന്നോടു പറഞ്ഞിട്ടുണ്ട്, നീ പ്രാർത്ഥിക്കുന്നതു പോലെ,പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ എന്ന്; ഞാൻ എപ്പോഴും നിങ്ങളോടു പറഞ്ഞിരുന്നത് നിങ്ങൾ അതിനു കഴിവുള്ളവരായി ഒരുവിധമെങ്കിലും ഒരുങ്ങിയിട്ടുണ്ട് എന്നു കാണുമ്പോൾ പഠിപ്പിക്കാമെന്നാണ്. കാരണം, പ്രാർത്ഥന പിതാവിനോടുള്ള ഒരു ശരിയായ സംഭാഷണമാകുന്നതിനു പകരം വാക്കുകളുടെ വെറും ഉച്ചാരണമോ ആവർത്തനമോ ആയാൽപ്പോരല്ലോ. അതിനുള്ള സമയം ഇപ്പോൾ ആയിട്ടുണ്ട്. ഇന്നു രാത്രിയിൽ അവ നിങ്ങളെ പഠിപ്പിക്കാൻ പോകയാണ്. സമാധാനത്തിലും പരസ്പര സ്നേഹത്തിലും ദൈവത്തിന്റെ സ്നേഹത്തിലുമാണ് നമ്മളിപ്പോൾ. കാരണം, യഥാർത്ഥ ഇസ്രായേൽക്കാരേപ്പോലെ നമ്മൾ പെസഹാ ആചരണം മുറപ്രകാരം അനുഷ്ഠിച്ചു.
ശ്രദ്ധിക്കൂ, നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ വേണം പ്രാർത്ഥിക്കാൻ."
പ്രാർത്ഥന ചൊല്ലാൻ ഈശോ എഴുന്നേറ്റു നിന്നപ്പോൾ അവനെ അനുകരിച്ച് എല്ലാവരും എഴുന്നേറ്റു നിന്നു. "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിൻ്റെ നാമം പരിശുദ്ധമായി കരുതപ്പെടട്ടെ. സ്വർഗ്ഗത്തിലെന്നപോലെ നിൻ്റെ രാജ്യം ഭൂമിയിൽ വരട്ടെ. നിൻ്റെ തിരുമനസ്സ് സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിൽ നിർവഹിക്കപ്പെടട്ടെ. അനുദിന അപ്പം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. പരീക്ഷയിൽ ഞങ്ങളെ ഉൾപ്പെടുത്തരുതേ. എന്നാൽ ദുഷ്ടനിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ."
എൻ്റെ സ്നേഹിതരേ, മനുഷ്യൻ്റെ അരൂപിക്കും മാംസരക്തങ്ങൾക്കും ആവശ്യമായതെല്ലാം ഈ വാക്കുകളിൽ അടങ്ങിയിട്ടുണ്ട്. ഈ പ്രാർത്ഥനയിലൂടെ അരൂപിക്കും മാംസരക്തങ്ങൾക്കും ഉപകാരപ്രദമായിട്ടുള്ളതെല്ലാം നിങ്ങൾ ചോദിക്കുന്നു. ശീശ്മകളുടെ കൊടുങ്കാറ്റുകളോ കാലപ്പഴക്കമോ ഇതിൻ്റെ വില കുറയ്ക്കാത്തവണ്ണം അത്ര പൂർണ്ണമായ പ്രാർത്ഥനയാണിത്. ഇത് സൂക്ഷിച്ച് ഓർത്തുകൊള്ളുക. ഇതേപ്പറ്റി നിരന്തരം ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഇതു പ്രാവർത്തികമാക്കുക. നിങ്ങളെത്തന്നെ വിശുദ്ധീകരിക്കാൻ മറ്റൊന്നും ആവശ്യമില്ല."
"ഞങ്ങളുടെ പിതാവേ.."
"ഞാൻ അവനെ പിതാവേ എന്നു വിളിക്കുന്നു. വചനത്തിൻ്റെ പിതാവ്; മനുഷ്യാവതാരം ചെയ്തവൻ്റെ പിതാവ്; അങ്ങനെതന്നെ നിങ്ങളും വിളിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. കാരണം, നിങ്ങൾ എന്നിൽ വസിക്കുമെങ്കിൽ നിങ്ങളെല്ലാവരും എന്നിൽ ഒന്നാണ്.
ഒരുകാലത്ത് 'ദൈവം' എന്ന വാക്കുച്ചരിക്കുവാൻ മനുഷ്യൻ ഭയന്നു വിറച്ച് മുഖം നിലത്തു മുട്ടിച്ച് സാഷ്ടാംഗം പ്രണമിക്കേണ്ടിയിരുന്നു. എന്നിൽ വിശ്വസിക്കാത്തവനും ഇപ്പോഴും ഇതുപോലെ മരവിപ്പിക്കുന്ന ഭയത്തിലാണ് ജീവിക്കുന്നത്. ദേവാലയത്തിന്റെ അകം നോക്കൂ. ദൈവമല്ല, ദൈവത്തിന്റെ ഓർമ്മ പോലും വിശ്വാസികളുടെ കണ്ണുകളിൽ നിന്ന് മൂന്നു വിരികളിട്ട് മറയ്ക്കപ്പെട്ടിരിക്കുകയാണ്. പ്രാർത്ഥിക്കാൻ വരുന്നവനെ അകലം കൊണ്ടും വിരികൾ കൊണ്ടും മാറ്റി നിർത്തിയിരിക്കുകയാണ്. എല്ലാം അവനോടു് ഇങ്ങനെയാണ് പറയുക; ' നീ ചെളിയാണ്; അവൻ പ്രകാശവും. നീ നിന്ദ്യനാണ്; അവൻ പരിശുദ്ധനും. നീ അടിമയാണ്; അവൻ രാജാവും."
"എന്നാൽ ഇപ്പോഴോ? എഴുന്നേൽക്കൂ; എൻ്റെയടുത്തു വരൂ... ഞാൻ നിത്യപുരോഹിതനാണ്. നിങ്ങളുടെ കൈയിൽ പിടിച്ചുകൊണ്ട് എനിക്കു പറയാം "വരൂ" എന്ന്. എനിക്ക് വിരികളെല്ലാം പിടിച്ചു വലിച്ചു മാറ്റാം. അങ്ങനെ പ്രവേശനമില്ലാതെ ഇത്രയുംനാൾ അടഞ്ഞു കിടന്നിരുന്ന സ്ഥലം തുറക്കാം. അടഞ്ഞു കിടന്നതെന്തുകൊണ്ട്? പാപത്താൽ അടഞ്ഞു കിടന്നു. അതോ പാപം നിമിത്തമോ? എന്നാൽ അതിലുമധികമായി മനുഷ്യൻ്റെ നിരാശയുടെ ചിന്തയാൽ... ദൈവം സ്നേഹമാണെങ്കിൽ, ദൈവം പിതാവാണെങ്കിൽ, എന്തിനാണടച്ചിടുന്നത്? എനിക്കു കഴിയും; ഞാനതു ചെയ്യണം; ഞാനതു ചെയ്യാനാഗ്രഹിക്കുന്നു. നിങ്ങളെ മക്കളെപ്പോലെ ദൈവത്തിൻ്റെ ഹൃദയത്തിലേക്കു കൊണ്ടു ചെല്ലണം.
പിതാവേ, പിതാവേ എന്നു പറയണം. മടുപ്പു തോന്നാതെ ആ വാക്ക് ആവർത്തിച്ചു് പറയണം. ഓരോ പ്രാവശ്യവും നിങ്ങളതു പറയുമ്പോൾ ദൈവത്തിൻ്റെ സന്തോഷം നിമിത്തം സ്വർഗ്ഗം ഒന്നുകൂടി മിന്നി പ്രകാശിക്കുന്നു എന്നു നിങ്ങൾക്കറിഞ്ഞു കൂടെ? യഥാർത്ഥ സ്നേഹത്തോടെ വേറൊരു വാക്കും പറയാതെ ആ വാക്കു മാത്രം പറഞ്ഞാലും നിങ്ങൾ കർത്താവിന് ഇഷ്ടപ്പെട്ട ഒരു പ്രാർത്ഥനയായിരിക്കും ചൊല്ലുന്നത്. അപ്പാ അപ്പാ എന്നു കൊച്ചുകുഞ്ഞുങ്ങൾ അവരുടെ പിതാക്കന്മാരെ വിളിക്കുന്നു. അവർ ആദ്യം പറയുന്ന വാക്കുകൾ അമ്മ, അപ്പാ എന്നൊക്കെയാണ്. നിങ്ങൾ ദൈവത്തിന്റെ കൊച്ചുകുഞ്ഞുങ്ങളാണ്. നിങ്ങൾ ആയിരുന്ന പഴയ മനുഷ്യനെ ഞാൻ നശിപ്പിച്ചു. എന്റെ സ്നേഹം നിമിത്തം നിങ്ങളിൽ പുതിയ മനുഷ്യന് ഞാൻ ജന്മം നൽകി; ക്രിസ്ത്യാനിയാക്കി. അതിനാൽ കൊച്ചുകുട്ടികൾ വിളിക്കുന്ന ആദ്യത്തെ വാക്കുപയോഗിച്ച് സ്വർഗ്ഗത്തിലായിരിക്കുന്ന ഏറ്റം പരിശുദ്ധനായ പിതാവിനെ വിളിക്കൂ..."
"നിൻ്റെ നാമം പരിശുദ്ധ മായി കരുതപ്പെടട്ടെ!" ഓ! മറ്റേതു നാമത്തെക്കാള്‍ പരിശുദ്ധവും മാധുര്യമേറിയതുമായ നാമം! പാപം ചെയ്തവരുടെ ഭയം, ആ നാമത്തെ വേറൊരു നാമം കൊണ്ടു മറച്ചു. അല്ല, ഇനിയും അവന്‍"അഡോണായി" അല്ല. അവന്‍ ദൈവമാണ്. സ്നേഹത്തിൻ്റെ ആധിക്യത്തില്‍ മനുഷ്യരാശിയെ സൃഷ്ടിച്ച ദൈവമാണവന്‍. ഇപ്പോള്‍ മുതല്‍ മനുഷ്യവംശം, ഞാന്‍ അവര്‍ക്കായി തയാറാക്കുന്ന ശുദ്ധീകരണം കൊണ്ട് ശുചിയാക്കപ്പെട്ട അധരങ്ങളുപയോഗിച്ച് അവനെ അവൻ്റെ പേരു വിളിക്കണം. അഗ്രാഹ്യനായ അവനെ മനസ്സിലാക്കാന്‍ കാത്തു കഴിയുന്ന സമയമാണിപ്പോള്‍. മനുഷ്യമക്കളില്‍ ഏറ്റം നല്ലവരായവര്‍ അവനോടു ഐക്യപ്പെട്ട് ഞാന്‍ സ്ഥാപിക്കാന്‍ വന്ന രാജ്യത്തിലേക്ക് ഉയരുകയും ചെയ്യുന്ന സമയം.."
"സ്വർഗ്ഗത്തിലെപ്പോലെ നിൻ്റെ രാജ്യം ഭൂമിയിൽ വരട്ടെ." അതിൻ്റെ വരവിനായി നിങ്ങളുടെ
സർവ്വശക്തിയുമുപയോഗിച്ച് ആഗ്രഹിക്കുക. അതു വന്നെങ്കിൽ ഭൂമിയുടെ സന്തോഷമായിരിക്കും. ഹൃദയങ്ങളിലും കുടുംബങ്ങളിലും പൗരന്മാരുടെ ഇടയിലും രാഷ്ട്രങ്ങളിലും ദൈവരാജ്യം വരണം. ഈ രാജ്യസ്ഥാപനത്തിനായി സഹിക്കുകയും അദ്ധ്വാനിക്കുകയും ത്യാഗങ്ങളനുഷ്ഠിക്കുകയും ചെയ്യുക. സ്വർഗ്ഗത്തിലെ ജീവിതം ഓരോ വ്യക്തിയിലും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായിത്തീരട്ടെ ഈ ഭൂമി. ഇതു സംഭവിക്കും; ഒരു ദിവസം ഇതെല്ലാം സംഭവിക്കും. കണ്ണുനീർ, രക്തച്ചൊരിച്ചിൽ, അബദ്ധങ്ങൾ, പീഡനങ്ങൾ, അന്ധകാരം ഇവയെല്ലാം അനേക നൂറ്റാണ്ടുകൾ നീണ്ടുനിന്നാലും എൻ്റെ സഭയുടെ മൗതികമായ പ്രകാശം ഇടയ്ക്കിടെ വീശുന്നതിൽ സമാധാനവും ആശ്വാസവും ലഭിച്ചുകൊണ്ടിരിക്കും. ഓ! എന്റെ സഭ! ഒരു പടവാണ് അതെങ്കിലും ഒരിക്കലും അതു മുങ്ങിപ്പോകയില്ല. അതൊരു കൂറ്റൻ പാറയുമാണ്. തിരമാലകൾ ആഞ്ഞടിച്ചാലും അതിളകുകയില്ല. അതു പ്രകാശം ഉയർത്തിപ്പിടിക്കും; എൻ്റെ പ്രകാശം; ദൈവത്തിൻ്റെ പ്രകാശം. അസ്ഥിത്വത്തിന്റെ പൂർണ്ണതയിലെത്തിയ ഒരു നക്ഷത്രം, വളരെ ശക്തമായ പ്രഭയോടെ പ്രകാശിക്കുന്നതു പോലെ അന്ന് എൻ്റെ സഭ പ്രകാശമേറിയ ഒരു നക്ഷത്രമായിരിക്കും.
"നിൻ്റെ മനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിൽ നിർവഹിക്കപ്പെടട്ടെ." ഒരാൾ സ്നേഹത്തിൽ പൂർണ്ണത പ്രാപിച്ചു കഴിയുമ്പോഴാണ് സ്വന്തം മനസ്സിനെ സ്നേഹിക്കുന്ന ആളിൻ്റെ മനസ്സിന് പൂർണ്ണമായി വിധേയമാക്കുന്നത്. ഒരാൾ ദൈവിക പുണ്യങ്ങൾ വീരോചിതമായി സ്വന്തമാക്കിക്കഴിയുമ്പോൾ മാത്രമേ സ്വന്തം മനസ്സിനെ ദൈവത്തിൻ്റെ മനസ്സിന്
വിധേയമാക്കുകയുള്ളൂ. ഒരു കുറ്റവും കുറവും ഇല്ലാത്ത സ്വർഗ്ഗത്തിൽ ദൈവത്തിന്റെ മനസ്സ് നിർവഹിക്കപ്പെടുന്നു. സ്വർഗ്ഗത്തിന്റെ മക്കളായ നിങ്ങൾ സ്വർഗ്ഗത്തിൽ ചെയ്യപ്പെടുന്നതു ചെയ്യാൻ പഠിപ്പിക്കണം."