ജാലകം നിത്യജീവൻ: ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്

nithyajeevan

nithyajeevan

Sunday, August 14, 2011

ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്

ഈശോയുടെ പ്രസംഗം കേൾക്കാനായി ധാരാളമാളുകൾ കൂടിയിട്ടുണ്ട്. ഈശോ പ്രസംഗം ആരംഭിച്ചു: "നിങ്ങൾക്കെല്ലാവർക്കും സമാധാനമുണ്ടാകട്ടെ! സമാധാനത്തോടുകൂടെ പ്രകാശവും പരിശുദ്ധിയും നിങ്ങളിലേക്കു പ്രവഹിക്കട്ടെ!
"ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്" എന്നു പറയപ്പെട്ടിരിക്കുന്നു.
എപ്പോഴാണ് ആ നാമം വൃഥാ പ്രയോഗിക്കുന്നത്? ആ നാമത്തെ ശപിക്കുമ്പോൾ മാത്രമാണോ? തന്നെത്തന്നെ ആ നാമം ഉച്ചരിക്കുന്നതിന് അർഹനാക്കാതെ അതു പറയുമ്പോഴാണോ? ഒരു പിതാവ് മകനോടാവശ്യപ്പെടുന്ന കാര്യങ്ങൾക്കു നേരെ വിപരീതം ചെയ്യുന്ന മകന്, 'ഞാൻ എന്റെ പിതാവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു' എന്നു പറയാൻ സാധിക്കുമോ? 'അപ്പാ' എന്നു പറയുന്നതുകൊണ്ട് ഒരുവൻ തന്റെ പിതാവിനെ  സ്നേഹിക്കുന്നില്ല. ദൈവമേ, ദൈവമേ എന്നു പറയുന്നതുകൊണ്ട് ഒരുവൻ ദൈവത്തെ  സ്നേഹിക്കുന്നില്ല. 
 ഇസ്രായേൽ മക്കളുടെ ഹൃദയങ്ങളിൽ  ധാരാളം രഹസ്യ വിഗ്രഹങ്ങളുണ്ട്. അതുപോലെ കപടമായ ദൈവസ്തുതികളുമുണ്ട്. സ്തുതിക്കുന്നവരുടെ പ്രവൃത്തികൾ സ്തുതികൾക്കു ചേരുന്നില്ല. മറ്റൊരു പ്രവണതയും ഇസ്രായേലിലുണ്ട്. ബാഹ്യമായ കാര്യങ്ങളിൽ അവർ ധാരാളം പാപങ്ങൾ കാണുന്നു. എന്നാൽ അവ യഥാർത്ഥത്തിൽ എവിടെയാണോ അവിടെ, അതായത് ആന്തരിക കാര്യങ്ങളിൽ കണ്ടുപിടിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. വളരെ ബാലിശമായ ഒരഹങ്കാരവും ഇസ്രായേലിലുണ്ട്. മനുഷ്യത്വത്തിനും ആദ്ധ്യാത്മികതയ്ക്കും എതിരായ ഒരു പ്രവണത; നമ്മുടെ ദൈവത്തിന്റെ നാമം അജ്ഞാനികൾ ഉച്ചരിച്ചാൽ അത് ആണയിടീലായി പരിഗണിക്കുന്നു. പുറജാതിക്കാർ ദൈവത്തെ സമീപിക്കുന്നത് ദൈവനിന്ദയായിക്കരുതി അവരെ അതിൽനിന്നു തടയുകയും ചെയ്യുന്നു.

ഇതുവരെയും സ്ഥിതിഗതികൾ അങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾത്തുടങ്ങി അങ്ങനെയല്ല.

എല്ലാ മനുഷ്യരേയും സൃഷ്ടിച്ച ദൈവം തന്നെയാണ് ഇസ്രായേലിന്റെ ദൈവം. തങ്ങളുടെ സ്രഷ്ടാവിന്റെ ആകർഷണം അനുഭവിക്കുന്നതിൽ നിന്ന് സൃഷ്ടികളെ എന്തിനു തടയുന്നു? അജ്ഞാനികൾക്കും അവരുടെ ഹൃദയത്തിന്റെ അടിയിൽ തൃപ്തമല്ലാത്ത എന്തോ ഒന്ന് അനങ്ങുന്നതായും അന്വേഷിക്കുന്നതായും ഉച്ചത്തിൽ ശബ്ദിക്കുന്നതായും അനുഭവപ്പെടുന്നില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്?  അറിയപ്പെടാത്ത  ദൈവത്തിന്റെ അൾത്താരയിലേക്ക് അവർ നീങ്ങുന്നെങ്കിൽ ദൈവം അതു നിരസിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നോ? ആത്മാവാകുന്ന അൾത്താരയിൽ എപ്പോഴും സ്രഷ്ടാവിനെക്കുറിച്ചുള്ള
ഓർമ്മയുണ്ട്. ദൈവമഹത്വത്താൽ ഗ്രസിക്കപ്പെടുന്നതിന് ആത്മാവ് ആജ്ഞാപിച്ചതനുസരിച്ച് മോശ നിർമ്മിച്ച കൂടാരത്തിൽ ദൈവത്തിന്റെ  മഹത്വം ഇറങ്ങി വസിച്ചല്ലോ? അതുപോലെ തന്നിലും വസിക്കണമെന്നാഗ്രഹിച്ച് അതിനായി കേഴുന്ന ആത്മാവിനെ, അത് അജ്ഞാനിയുടെ ആത്മാവായതു കൊണ്ട് ദൈവാലയത്തെ അശുദ്ധമാക്കി എന്നു പറഞ്ഞ് ദൈവം  തള്ളിക്കളയുമോ? "വരൂ" എന്നു പറയുന്ന ദൈവസ്വരത്തിന് "ഞാൻ വരുന്നു" എന്ന് സ്വർഗ്ഗീയ പ്രചോദനത്താൽ പ്രത്യുത്തരം നൽകിക്കൊണ്ട് ആത്മാർത്ഥമായ ആഗ്രഹത്തോടെ ദൈവത്തെ സമീപിക്കാൻ ശ്രമിക്കുന്നത് ഒരു പാപമാണെന്നു നിങ്ങൾ വിചാരിക്കുന്നോ?
അതേസമയം, ഇസ്രായേൽക്കാരൻ,  ആകെ ദുഷിച്ചു വഷളായിരിക്കുന്ന മതാനുഷ്ഠാന വിധി പാലിച്ച് തന്റെ സുഖസന്തോഷങ്ങളെല്ലാം നേടിക്കഴിഞ്ഞ് മിച്ചമുള്ളതു ദൈവത്തിനു സമർപ്പിച്ച് ദൈവസന്നിധിയിലേക്കു പ്രവേശിച്ച് അതിവിശുദ്ധമായ അവിടുത്തെ നാമം ഉച്ചരിക്കുന്നത് വിശുദ്ധിയായി നിങ്ങൾ കരുതുന്നില്ലേ? അയാളുടെ ആത്മാവും ശരീരവും എണ്ണമില്ലാത്ത പാപങ്ങളാൽ മലിനമാക്കപ്പെട്ടിരുന്നാലും അയാളുടെ പ്രവൃത്തി പുണ്യമാണെന്നല്ലേ നിങ്ങൾ വിധിക്കുന്നത്?
തെറ്റ്, ഞാൻ ഗൗരവമായി പറയുന്നു; അശുദ്ധമായ ആത്മാവോടു കൂടെ ദൈവമായ
കർത്താവിന്റെ നാമം വൃഥാ പ്രയോഗിക്കുന്ന ഇസ്രായേൽക്കാരനാണ് പൂർണ്ണമായി ദൈവാലയത്തെ അശുദ്ധമാക്കി  ദൈവത്തെ നിന്ദിക്കുന്നത്. നിങ്ങൾ  ഭോഷന്മാരൊന്നുമല്ലല്ലോ.  നിങ്ങളുടെ ആത്മാക്കളുടെ സ്ഥിതിയറിഞ്ഞുകൊണ്ട് ആ സ്ഥിതിയിൽ ദൈവനാമം ഉച്ചരിക്കുന്നത്  നിഷ്ഫലമാണെന്നറിഞ്ഞിട്ടും ആ നാമം ഉപയോഗിക്കുന്നത് വൃഥാ ആയിരിക്കും. കപടഭക്തനായ ഒരാൾ ദൈവത്തെ വിളിക്കുമ്പോഴും അനുതാപമില്ലാത്ത ഒരാൾ ദൈവനാമം  ഉച്ചരിക്കുമ്പോഴും അതൃപ്തിയിൽ ദൈവം തന്റെ മുഖം തിരിച്ചുകളയുന്നത് ഞാൻ  കാണുന്നു. കോപം നിറഞ്ഞ ആ മുഖം കാണുമ്പോൾ ദൈവകോപത്തിന്
അർഹനല്ലെങ്കിൽത്തന്നെയും ഞാൻ ഭയപ്പെട്ടു പോകുന്നു.
നിങ്ങളിൽ വളരെപ്പേരുടെ ഹൃദയത്തിൽ ഇപ്പോഴുള്ള  വിചാരം ഞാൻ വായിക്കുന്നു. കുട്ടികളൊഴികെ എല്ലാ മനുഷ്യരിലും അശുദ്ധിയും പാപവും ഉള്ളതുകൊണ്ട് ഒരുത്തർക്കും ദൈവനാമം ഉച്ചരിക്കാൻ കഴിയുകയില്ലല്ലോ. അതു  ശരിയല്ല; ദൈവനാമം വിളിക്കേണ്ടത് പാപികളാണ്. സാത്താൻ തങ്ങളെ ശ്വാസംമുട്ടിക്കുന്നു എന്നു മനസ്സിലാക്കുന്നവരും പാപത്തിൽ നിന്നു സ്വതന്ത്രരാകുവാൻ ആഗ്രഹിക്കുന്നവരും ആ നാമം  വിളിച്ചു പ്രാർത്ഥിക്കണം.
ഉൽപ്പത്തിയുടെ പുസ്തകത്തിൽ പറയുന്നത് കർത്താവ് ഏദൻതോട്ടത്തിൽ നടക്കാതിരുന്ന സമയത്താണ് സർപ്പം ഹവ്വായെ പരീക്ഷിച്ചതെന്നാണ്. ദൈവം  ഏദൻതോട്ടത്തിലുണ്ടായിരുന്നെങ്കിൽ സാത്താൻ അവിടെയെത്തുമായിരുന്നില്ല. ഹവ്വാ ദൈവത്തെ  വിളിച്ചപേക്ഷിച്ചിരുന്നെങ്കിൽ സാത്താൻ ഓടിപ്പോകുമായിരുന്നു. എപ്പോഴും ഇക്കാര്യം
ഓർത്തുകൊള്ളണം. കർത്താവിനെ ആത്മാർത്ഥതയോടെ വിളിക്കണം. ആ നാമം രക്ഷയാണ്. നിങ്ങളിൽ അനേകർ ശുദ്ധീകരിക്കപ്പെടുന്നതിന് നദിയിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുക. അതിനായി സ്നേഹത്തോടെ ദൈവം എന്ന വാക്ക് ഹൃദയത്തിൽ നിരന്തരം എഴുതൂ. തെറ്റായ പ്രാർത്ഥനകൾ ഉപേക്ഷിക്കൂ. പതിവു മാത്രമായ അഭ്യാസങ്ങൾ നിർത്തൂ. ദൈവം എന്ന നാമം നിങ്ങളുടെ  ഹൃദയം കൊണ്ടും നിങ്ങളുടെ മുഴുവൻ വ്യക്തിത്വം കൊണ്ടും ആവർത്തിച്ചു പറയുക. പാപപ്പപ്പൊറുതി ലഭിക്കുന്നതിനായി ആ നാമം ആവർത്തിച്ചുരുവിടുക.
"സീനായിലെ ദൈവം" എന്നതിന്റെ അർത്ഥം മനസ്സിലാക്കൂ. "ദൈവം" എന്ന വാക്കുച്ചരിക്കുമ്പോൾ നന്മയിലേക്കു വരുന്ന ഒരു  മാറ്റം സംഭവിക്കുന്നില്ലെങ്കിൽ ദൈവനാമം വൃഥാ പ്രയോഗിക്കലാണ്. അപ്പോൾ അതു പാപമാണ്. നിങ്ങളുടെ ഹൃദയമിടിപ്പു പോലെ ദിവസത്തിലെ എല്ലാ സമയത്തും എല്ലാ പ്രവൃത്തികളിലും എല്ലാ  ആവശ്യങ്ങളിലും പ്രലോഭനങ്ങളിലും ദുഃഖങ്ങളിലും പുത്രനിർവ്വിശേഷമായ സ്നേഹത്തോടെ "എന്റെ ദൈവമേ, വരൂ" എന്ന് നിങ്ങളുടെ അധരങ്ങൾ ഉരുവിടുന്നെങ്കിൽ അത് ദൈവനാമം വൃഥാ പ്രയോഗിക്കലല്ല. അപ്പോൾ ദൈവത്തിന്റെ പരിശുദ്ധനാമം ഉച്ചരിക്കുന്നത്  പാപമല്ല.

പൊയ്ക്കൊള്‍ക. സമാധാനം നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ!"