ജാലകം നിത്യജീവൻ: September 2013

nithyajeevan

nithyajeevan

Tuesday, September 24, 2013

ജീവിതലക്ഷ്യം

                   ഈശോ പറയുന്നു:   "എനിക്കു വളരെ സന്തോഷം തരാൻ നീ കുറച്ചു മാത്രം ചെയ്താൽ മതി. നിനക്ക്  ദൈവത്തെക്കുറിച്ച് കൂടുതൽ പൂർണ്ണമായ  അറിവുണ്ടായിരുന്നെങ്കിൽ ഇതു മനസ്സിലാകുമായിരുന്നു.  മനുഷ്യന്റെ ഗുണങ്ങൾ വച്ചാണ് നീ മിക്കപ്പോഴും ദൈവത്തെ വിധിക്കുന്നത്. നീ ഒന്നുമല്ലെന്നും എന്റെ ദാനങ്ങൾക്ക് അയോഗ്യയാണെന്നും ഓർക്കുക. ഈ വർഷം ഞാൻ  നിനക്കു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിന്റെ ഹൃദയം സ്നേഹം കൊണ്ടു നിറയട്ടെ...  എന്റെ പരിശുദ്ധിയോടടുത്തു വരാനുള്ള ആഗ്രഹം കൊണ്ടു നിറയട്ടെ... നിന്റെ ആഗ്രഹങ്ങൾ എന്നെ പ്രസാദിപ്പിക്കുന്നു.   നിന്റെതന്നെ പരിശ്രമം കൊണ്ട് അവ നേടിയെടുക്കാമെന്ന് ശരണപ്പെടരുത്. മറിച്ച്, നിന്നെ സഹായിക്കാൻ എന്നോടു പറയുക. ആദ്ധ്യാത്മികതലത്തിൽ നിന്റെ ഇഷ്ടത്തെ മാറ്റിവയ്ക്കുക;  നീ സത്യത്തിന്റെ വേഗതയേറിയ വഴിയിലായിരിക്കും.  ഞാൻ  ദൈവമായിരുന്നിട്ടും എന്നെ അയച്ച എന്റെ പിതാവിന്റെ ഇഷ്ടം മാത്രമേ ഞാൻ  ചെയ്തുള്ളൂ.   തീർച്ചയായും അതൊരു രഹസ്യമാണ്. എന്നാൽ അതു വിശ്വസിക്കുക. എന്റെ ഹിതത്തിനെതിരായുള്ള നിന്റെ ഇഷ്ടങ്ങളിൽ നിന്ന് ഓടിയകലുമ്പോൾ സന്തോഷിക്കുവാൻ നീ പതിയെപ്പതിയെ പഠിക്കും. നീ പരിപൂർണ്ണയാകാൻ ആഗ്രഹിക്കുന്നെങ്കിൽ നീ എന്റെ ഭവനത്തിൽ വസിക്കും. നിന്റെ ഈ ഭൂമിയിലെ ജീവിതം അതിനുവേണ്ടി മാത്രമാണ്..
                    എന്റെ വിശ്വസ്തരായവരെ ഞാനെപ്പോഴും വിശ്വസ്തതയോടെ കൂടെ നടത്തുകയും എനിക്കായി സഹിക്കാനാഗ്രഹിക്കുന്നവർക്ക് ശക്തിയും സമാശ്വാസവും നൽകുകയും ചെയ്യുന്നു. അവർ എനിക്കായി സഹിക്കുന്നവ, ഞാൻ  അവർക്കു മുമ്പേ സഹിച്ചു; കാരണം, എന്റെ സ്നേഹിതരുടെ സഹനങ്ങളിൽ ഞാനും സഹിക്കുന്നു.  നിനക്കു പ്രിയപ്പെട്ട ഒരാൾ സഹിക്കുന്നതു കാണുമ്പോൾ നിനക്കും വേദനിക്കില്ലേ? എല്ലാ സ്നേഹിതരിലും വച്ച് ഏറ്റം ആർദ്രഹൃദയനായവൻ ഞാനല്ലേ? ഓ, എന്നെ വിശ്വസിക്കുക; കാരണം അതാണു സത്യം. എന്നെ കൂടുതലായി സ്നേഹിക്കാൻ അതു നിന്നെ ശക്തിപ്പെടുത്തും. ഓരോ ദിവസവും ഇത്തിരി കൂടി - അങ്ങനെ സാവധാനം,  നിന്റെ ആത്മാവിനെ ഭാരപ്പെടുത്താതെ...  വിശുദ്ധമായ ആഗ്രഹങ്ങൾ കൂടെക്കൂടെ പുലർത്തുക.  ഹൃദയത്തിന്റെ ഒരു ചെറിയ ഉയർത്തൽ, വാത്സല്യം നിറഞ്ഞ ഒരു നോട്ടം, സന്തോഷപൂർണ്ണമായ വിശ്വസ്തത, എളിമയുടെ ഒരു മൗനം, എന്നെപ്രതി ഒരു കാരുണ്യപ്രവൃത്തി... ഒരിക്കലും എനിക്കു   നന്ദി പറയാതിരിക്കരുത്..."

- Our Lord to  Gabrielle Bossis  (From 'He and I')

Monday, September 16, 2013

വേദനിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക

(പ്രമുഖ മിസ്റ്റിക്കായ വാസുല റിഡൻ തന്റെ അനുഭവം വിവരിക്കുന്നു)

04-08-1987

                     മൂന്നു ദിവസം മുമ്പ് ടിവിയിൽ രണ്ടു കുട്ടികൾ  ഭൂഗർഭത്തിൽ കുടുങ്ങി മരിച്ച സംഭവം ഞാൻ കാണാനിടയായി.  ആ കുട്ടികളോടും അവരുടെ മാതാപിതാക്കളോടും എനിക്കു സഹതാപം തോന്നി. മാതാപിതാക്കൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്തു. അടുത്ത ദിവസം, കാനഡായിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങളും ജനങ്ങളുടെ ദുരിതവും ടിവിയിൽ കണ്ടു...   അവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. എനിക്കവരോട് അനുകമ്പ തോന്നി. എന്നാലും ഈ ദുരന്തം എനിക്കനുഭവപ്പെട്ടിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വേദന തോന്നിയുമില്ല. പൊടുന്നനവേ, ദൈവം തന്റെ രശ്മി എന്നിലേക്കു കടത്തിവിട്ടു... അത് ന്റെ നെഞ്ചു തുളച്ച് പുറംവരെയെത്തി, എന്നെ ദഹിപ്പിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു അത്. ഓടിപ്പോയി വെള്ളം കുടിക്കണമെന്നു തോന്നി...  കുറച്ചു കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ, ഈ രണ്ടു സംഭവങ്ങളും ഞാൻ എത്രമാത്രം ആഴമായി സ്വയം അനുഭവിക്കേണ്ടിയിരുന്നുവെന്ന് ദൈവം കാണിച്ചുതന്നു. 
                              സ്വപ്നത്തിൽ, എന്റെ മകൻ മരിച്ചതായി ഞാൻ കാണുന്നു... സങ്കടം കൊണ്ട് ഞാൻ എണീറ്റപ്പോൾ, ഇതേ വേദന തന്നെ മക്കൾ നഷ്ടപ്പെട്ടവരോടും കാണിക്കണം എന്ന് ദൈവം അരുളിച്ചെയ്തു. ഞാൻ ആ മാതാപിതാക്കൾക്കുവേണ്ടി വേദനയോടെ പ്രാർത്ഥിച്ചു. എന്നിട്ടു ഞാൻ വീണ്ടും കിടന്നു. അടുത്തതായി, ഒരു ചുഴലിക്കാറ്റിൽ ഞാനകപ്പെടുന്നതായും മരണഭീതി എന്നിൽ ഉളവാകുന്നതായും ഞാൻ കണ്ടു... ദൈവം എന്നെ വീണ്ടും ഉണർത്തി,  കാനഡായിൽ  ചുഴലിക്കാറ്റിന്റെ ദുരന്തം  അനുഭവിക്കുന്നവർക്കുവേണ്ടി വേദനയോടെ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ ആ ദുരന്തത്തിലകപ്പെട്ടാലെന്നപോലെ അവർക്കുവേണ്ടി പ്രാർത്ഥിച്ചു..

ഈശോ പറയുന്നു:   "മറ്റുള്ളവരുടെ കഷ്ടപ്പാടുകളുമായി താദാത്മ്യം പ്രാപിക്കാൻ സ്നേഹം നിന്നെ പരിശീലിപ്പിക്കും. അവരുടെ വേദനകളും കഷ്ടപ്പാടുകളും നിന്റേതെന്നപോലെ നിനക്ക് അനുഭവപ്പെടും. കഷ്ടപ്പാടുകൾ നീ കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ, അവരുടെ  വേദന നിന്റേതെന്നപോലെ അനുഭവിക്കാനുള്ള കൃപാവരം ഞാൻ നിനക്കു നൽകും.  ഇപ്രകാരം അവരുടെ വേദനകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരുടെ അനുഭവങ്ങളെ വ്യക്തമായി മനസ്സിലാക്കാനും നിനക്കു സാധിക്കും. ഞാൻ നൽകുന്ന ഈ ഉൾക്കാഴ്ച മൂലം,  കഷ്ടപ്പെടുന്നവരെ നീ വളരെയേറെ സഹായിക്കും. അവർ കഷ്ടപ്പെടുമ്പോൾ നീയും ഒപ്പം കഷ്ടപ്പെടുക. അവരുടെ കഷ്ടതകൾ നീ പങ്കുവയ്ക്കുക...."


(From 'The True Life in God' by Vassula Ryden)

Saturday, September 14, 2013

വിശുദ്ധ കുരിശിന്റെ തിരുനാൾ


സെപ്തംബർ 14 -  ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ 



"ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് കുരിശ്. യേശുവിനു വേണ്ടി സഹിക്കുക എന്നതിനേക്കാൾ കൂടുതൽ മഹത്തരമായി, മധുരതരമായി മറ്റൊന്നുമില്ല."                                
                                                                                   വി.ലൂയി ഡി മോൺട്ഫോർട്ട്

Friday, September 13, 2013

സ്വർഗ്ഗരാജ്യം നേടുവിൻ

ഈശോ പറയുന്നു: 

   "ഞാൻ  ഗൗരവമായി പറയുന്നു, കലക്കവെള്ളത്തിന് വീണ്ടും ശുദ്ധജലമായി മാറുവാൻ   കഴിയും. സൂര്യപ്രകാശം അതിനു  ചൂടു നല്‍കി ആവിയാക്കി ആകാശത്തിലേക്കുയർത്തിയ ശേഷം ഭൂമിയ്ക്ക് ഉപകാരമുള്ള മഴയോ മഞ്ഞോ അത് താഴേക്കു വീഴുന്നു. യാതൊരഴുക്കും അതിലില്ല. അത് സൂര്യപ്രകാശമേറ്റതായിരിക്കണം. അതുപോലെ വലിയ പ്രകാശത്തെ സമീപിക്കുന്ന ആത്മാക്കളും ശുദ്ധീകരിക്കപ്പെട്ട് അവരുടെ സ്രഷ്ടാവിലേക്ക് ഉയരും. ഈ ആത്മാക്കൾ വലിയ പ്രകാശമാകുന്ന ദൈവത്തോടു വിളിച്ചു പറയുന്നു; "ഞാൻ  പാപം ചെയ്തുപോയി; ഞാൻ   അഴുക്കാണ്; എങ്കിലും ഓ! പ്രകാശമേ, ഞാൻ    നിനക്കായി കേഴുന്നു."   മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഭയം നീക്കിക്കളയുവിന്‍ൻ. ജീവൻ   വാങ്ങാനുള്ള പണമായി നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിക്കൊണ്ടാണതു സാധിക്കേണ്ടത്. ഒരു അഴുക്കു നിറഞ്ഞ വസ്ത്രമെന്ന പോലെ നിങ്ങളുടെ പഴയ ജീവിതം ഉരിഞ്ഞുമാറ്റുവിൻ. നന്മകളാകുന്ന പുതിയ വസ്ത്രം ധരിക്കുവിൻ. ഞാൻ  ദൈവത്തിന്റെ വചനമാകുന്നു. അവന്റെ നാമത്തിൽ ഞാൻ   പറയുകയാണ്; അവനിൽ   വിശ്വസിക്കുന്നവർ, സന്മനസ്സുള്ളവർ, പഴയ ജീവിതത്തെക്കുറിച്ച് പശ്ചാത്തപിക്കുന്നവർ, ഭാവിയിലേക്ക് നല്ല തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളവർ, അവർ   ഹെബ്രായരോ പുറജാതിക്കാരോ ആകട്ടെ, ആരായാലും ദൈവമക്കളായിത്തീരും. സ്വർഗ്ഗരാജ്യം അവര്‍ നേടുകയും ചെയ്യും."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)