ജാലകം നിത്യജീവൻ: വേദനിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക

nithyajeevan

nithyajeevan

Monday, September 16, 2013

വേദനിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക

(പ്രമുഖ മിസ്റ്റിക്കായ വാസുല റിഡൻ തന്റെ അനുഭവം വിവരിക്കുന്നു)

04-08-1987

                     മൂന്നു ദിവസം മുമ്പ് ടിവിയിൽ രണ്ടു കുട്ടികൾ  ഭൂഗർഭത്തിൽ കുടുങ്ങി മരിച്ച സംഭവം ഞാൻ കാണാനിടയായി.  ആ കുട്ടികളോടും അവരുടെ മാതാപിതാക്കളോടും എനിക്കു സഹതാപം തോന്നി. മാതാപിതാക്കൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്തു. അടുത്ത ദിവസം, കാനഡായിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങളും ജനങ്ങളുടെ ദുരിതവും ടിവിയിൽ കണ്ടു...   അവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. എനിക്കവരോട് അനുകമ്പ തോന്നി. എന്നാലും ഈ ദുരന്തം എനിക്കനുഭവപ്പെട്ടിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വേദന തോന്നിയുമില്ല. പൊടുന്നനവേ, ദൈവം തന്റെ രശ്മി എന്നിലേക്കു കടത്തിവിട്ടു... അത് ന്റെ നെഞ്ചു തുളച്ച് പുറംവരെയെത്തി, എന്നെ ദഹിപ്പിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു അത്. ഓടിപ്പോയി വെള്ളം കുടിക്കണമെന്നു തോന്നി...  കുറച്ചു കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ, ഈ രണ്ടു സംഭവങ്ങളും ഞാൻ എത്രമാത്രം ആഴമായി സ്വയം അനുഭവിക്കേണ്ടിയിരുന്നുവെന്ന് ദൈവം കാണിച്ചുതന്നു. 
                              സ്വപ്നത്തിൽ, എന്റെ മകൻ മരിച്ചതായി ഞാൻ കാണുന്നു... സങ്കടം കൊണ്ട് ഞാൻ എണീറ്റപ്പോൾ, ഇതേ വേദന തന്നെ മക്കൾ നഷ്ടപ്പെട്ടവരോടും കാണിക്കണം എന്ന് ദൈവം അരുളിച്ചെയ്തു. ഞാൻ ആ മാതാപിതാക്കൾക്കുവേണ്ടി വേദനയോടെ പ്രാർത്ഥിച്ചു. എന്നിട്ടു ഞാൻ വീണ്ടും കിടന്നു. അടുത്തതായി, ഒരു ചുഴലിക്കാറ്റിൽ ഞാനകപ്പെടുന്നതായും മരണഭീതി എന്നിൽ ഉളവാകുന്നതായും ഞാൻ കണ്ടു... ദൈവം എന്നെ വീണ്ടും ഉണർത്തി,  കാനഡായിൽ  ചുഴലിക്കാറ്റിന്റെ ദുരന്തം  അനുഭവിക്കുന്നവർക്കുവേണ്ടി വേദനയോടെ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ ആ ദുരന്തത്തിലകപ്പെട്ടാലെന്നപോലെ അവർക്കുവേണ്ടി പ്രാർത്ഥിച്ചു..

ഈശോ പറയുന്നു:   "മറ്റുള്ളവരുടെ കഷ്ടപ്പാടുകളുമായി താദാത്മ്യം പ്രാപിക്കാൻ സ്നേഹം നിന്നെ പരിശീലിപ്പിക്കും. അവരുടെ വേദനകളും കഷ്ടപ്പാടുകളും നിന്റേതെന്നപോലെ നിനക്ക് അനുഭവപ്പെടും. കഷ്ടപ്പാടുകൾ നീ കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ, അവരുടെ  വേദന നിന്റേതെന്നപോലെ അനുഭവിക്കാനുള്ള കൃപാവരം ഞാൻ നിനക്കു നൽകും.  ഇപ്രകാരം അവരുടെ വേദനകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരുടെ അനുഭവങ്ങളെ വ്യക്തമായി മനസ്സിലാക്കാനും നിനക്കു സാധിക്കും. ഞാൻ നൽകുന്ന ഈ ഉൾക്കാഴ്ച മൂലം,  കഷ്ടപ്പെടുന്നവരെ നീ വളരെയേറെ സഹായിക്കും. അവർ കഷ്ടപ്പെടുമ്പോൾ നീയും ഒപ്പം കഷ്ടപ്പെടുക. അവരുടെ കഷ്ടതകൾ നീ പങ്കുവയ്ക്കുക...."


(From 'The True Life in God' by Vassula Ryden)