ജാലകം നിത്യജീവൻ: September 2021

nithyajeevan

nithyajeevan

Thursday, September 30, 2021

ആൾമാറാട്ടക്കാരനായ കർദിനാൾ

(വാലന്റീന പാപ്പഗ്ന എന്ന ദർശകയ്ക്ക് ലഭിച്ച ദർശനം)

ഇന്നു രാവിലെ ഞാൻ ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടിയും കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ മാലാഖ വന്നു പറഞ്ഞു: "എന്നോടൊപ്പം വരിക."
                    ഒരു ഗണം ശുദ്ധീകരണാത്മാക്കളുടെ അടുത്തേക്കാണ് മാലാഖ എന്നെ കൊണ്ടുപോയത്. അവർ ഏതാണ്ട് അൻപതോളം പേരുണ്ടായിരുന്നു. അവർക്ക് വലുതായ സഹനമൊന്നും ഉള്ളതായി തോന്നിയില്ല.   അവരെ പരിശുദ്ധ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാനായി ദേവാലയത്തിൽ അൾത്താരയുടെ മുൻപിലേക്കു കൊണ്ടുപോകണമെന്ന്  എനിക്കു  തോന്നി. ഞാനത് അവരോടു പറഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി.  
              സാധാരണയായി, എൻ്റെയടുത്തു പ്രാർത്ഥന ചോദിച്ചു വരുന്ന ആത്‌മാക്കളെ ഞാൻ പരിശുദ്ധ കുർബാനയുടെ സമയത്ത് സമർപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാലിപ്പോൾ ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, എന്താണ് ചെയ്യേണ്ടതെന്ന് ഞാനാലോചിച്ചു. ആത്മാക്കളെല്ലാം പ്രതീക്ഷയോടെ കാത്തു നിൽക്കുകയുമാണ്..

                   ഞാനവരെയും കൂട്ടിക്കൊണ്ട് നടക്കുമ്പോൾ ഒരു ചെറിയ കറുത്ത സ്റ്റീൽ ഗേറ്റ് കണ്ടു.  ഗേറ്റ് തള്ളിത്തുറന്ന്  ഒരു പൂന്തോട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.  അവിടെ, ഒരു കസേരയിൽ, ഏതാണ്ട് എഴുപതു വയസ്സോളം പ്രായമുള്ള ഒരു  മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു. കർദിനാളന്മാർ ധരിക്കുന്ന തരത്തിലുള്ള ചുവന്ന കുപ്പായവും തലയിൽ ചുവന്ന തൊപ്പിയും  അദ്ദേഹം ധരിച്ചിരുന്നു.  ഞാനദ്ദേഹത്തിന്റെ മുൻപിൽ ചെന്ന് മുട്ടുകുത്തി സ്തുതി ചൊല്ലിയിട്ടു പറഞ്ഞു,  "അങ്ങയെ കണ്ടതിൽ വളരെ സന്തോഷമുണ്ട് പിതാവേ,  പരിശുദ്ധ ബലിയിൽ സമർപ്പിച്ചു പ്രാർഥിക്കുന്നതിനായി ഈ ആത്മാക്കളെ ഞാൻ കൂട്ടിക്കൊണ്ടു വന്നതാണ്.  എനിക്ക് ദിവ്യകാരുണ്യം തന്നാലും..  ഞങ്ങൾ താമസിച്ചുപോയോ?"

കർദിനാൾ മറുപടി പറഞ്ഞു; ഇല്ല, നിങ്ങൾ താമസിച്ചുപോയില്ല.  നിങ്ങൾക്ക് ദിവ്യകാരുണ്യം തരാൻ സാധിക്കുകയില്ല. കാരണം, അങ്ങനെയൊന്ന് ഇപ്പോഴില്ല. അതൊക്കെ പഴംകഥയാണ്.  ദിവ്യകാരുണ്യം ഇല്ലാതെതന്നെ നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് മനസ്സിലായില്ലേ?  അതൊക്ക മനുഷ്യർ മെനഞ്ഞെടുത്ത ഓരോ കഥകളാണ്."
ഞാൻ സ്തംഭിച്ചു പോയി.   "ഏതു മനുഷ്യർ? ദൈവമാണ് 
ദിവ്യകാരുണ്യം സ്ഥാപിച്ചത്..."
"അല്ലേയല്ല,  ദിവ്യകാരുണ്യത്തെപ്പറ്റി ആകുലത വേണ്ട.. നിങ്ങൾക്ക് അതിൻ്റെ ആവശ്യമില്ല.  അതില്ലാതെതന്നെ നിങ്ങൾക്ക് കഴിയാൻ പറ്റും."
വീണ്ടും ഞാൻ ഞെട്ടി..
"ഇല്ല..ഇത് ശരിയല്ല.. ദിവ്യകാരുണ്യമില്ലാതെ ജീവിക്കാൻ എനിക്കാഗ്രഹമില്ല.  ഈ ആത്മാക്കളെയൊക്കെ ഞാൻ കൂട്ടിക്കൊണ്ടുവന്നത് എൻ്റെ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ അവർക്ക് ആശ്വാസം നൽകുന്നതിനായിട്ടാണ്... ദിവ്യകാരുണ്യം നൽകാൻ താങ്കൾക്കു നിർവാഹമില്ലെങ്കിൽ  താങ്കളുടെ മുകളിലുള്ള അധികാരിയെക്കാണാൻ എന്നെ അനുവദിക്കുക."

കർദിനാളിൻ്റെ പുറകിലായി  തിരുവസ്ത്രമെന്നു തോന്നിക്കുന്ന തരത്തിലുള്ള  വസ്ത്രങ്ങളണിഞ്ഞ മൂന്നു സ്ത്രീകൾ നിൽപ്പുണ്ടായിരുന്നു.  ദിവ്യകാരുണ്യം നൽകാൻ ഒരു വൈദികനെ കിട്ടുമോ എന്ന് ഞാനവരോടു ചോദിച്ചു.  അവർ പറഞ്ഞു; ഇല്ല, ദിവ്യകാരുണ്യം ഇനിമേൽ നല്കപ്പെടുകയില്ല! ഞങ്ങൾ അതിലൊന്നും വിശ്വസിക്കുന്നില്ല."

ഇതുകേട്ട് ഞാൻ വളരെ അസ്വസ്ഥയായി. 
 അപ്പോൾ ഒരു മാലാഖ എൻ്റെയടുത്തേക്കു  വന്നു. കർദിനാളിനെ ഉദ്ദേശിച്ച് മാലാഖ പറഞ്ഞു:  "അത് ആൾമാറാട്ടക്കാരനായ കർദിനാളാണ്. അവരെല്ലാം ആൾമാറാട്ടക്കാരാണ്. ഇതാണ് ഇപ്പോൾ ദേവാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.  ദേവാലയങ്ങൾ അടയ്ക്കപ്പെടാൻ കാരണമിതാണ്."
ഞാൻ ചോദിച്ചു: "ദിവ്യകാരുണ്യം സ്വീകരിക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന കർദിനാൾ എന്തുതരം കർദിനാളാണ് ?"
മാലാഖ പറഞ്ഞു; "വിശ്വാസികൾക്ക്  ദിവ്യകാരുണ്യം നൽകാൻ ഇവർക്ക് താൽപര്യമില്ല. അവർക്ക് അതിലൊന്നും വിശ്വാസവുമില്ല."
ഞാൻ ചോദിച്ചു; "അവർ എവിടെയുള്ളവരാണ്?"
മാലാഖ പറഞ്ഞു; "അതു വെളിപ്പെടുത്താൻ നിർവാഹമില്ല."
പെട്ടെന്ന് ഞാനോർത്തു; കർദിനാളന്മാർ കൂടുതലും റോമിലാണ് !!
ഞാൻ തിരിഞ്ഞ് എൻ്റെയൊപ്പം ഉണ്ടായിരുന്ന ആത്മാക്കളോടു പറഞ്ഞു; "നിങ്ങൾ കാണുന്നില്ലേ, എനിക്ക് നിങ്ങളെ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ കഴിയുന്നില്ല.. ഇനി ഞാനെവിടെ പോകും?"

    എന്നോടും മാലാഖയോടുമൊപ്പം ആയിരിക്കുന്നതിൽ ആത്മാക്കൾ സന്തുഷ്ടരായിരുന്നു. ഞങ്ങൾ വീണ്ടും നടന്ന് ഒരു ചെറിയ താഴ്വരയിലെത്തി. ആത്മാക്കൾക്ക് ആശ്വാസം ലഭിക്കുന്നതിനായി അവരെ നേരെ ഈശോയുടെ അടുക്കലേക്കു കൊണ്ടുപോകാമെന്ന് ഞാൻ കരുതി.  അവർക്കത് വളരെ ഇഷ്ടമായി..

Thursday, September 23, 2021

ആറാം മുദ്ര പൊട്ടിക്കാറായിരിക്കുന്നു

 

ഈശോ പറയുന്നു: 



                                         "ആറാം മുദ്ര പൊട്ടിക്കാറായിരിക്കുന്നു  (വെളിപാട്  6:12).  നിങ്ങളെല്ലാം അന്ധകാരത്തിൽ ആഴ്ത്തപ്പെടാൻ പോകുന്നു. അൽപം പോലും വെളിച്ചം ഉണ്ടായിരിക്കുകയില്ല.  കാരണം, പാതാളത്തിൽ നിന്ന് കോരിയൊഴിക്കപ്പെടുന്ന പുക, വലിയൊരു ചൂളയിൽ നിന്ന് വമിക്കുന്ന പുക പോലെ ഉയർന്ന് സൂര്യനെയും ആകാശത്തെയും ഇരുളിലാഴ്ത്തും (വെളിപാട്  9:2).  

                             കണ്ടുകൊള്ളുക !എൻ്റെ നാലു  മാലാഖമാർ ഇപ്പോൾ ആകാംക്ഷയോടെ എൻ്റെ സിംഹാസനത്തിനു ചുറ്റും എൻ്റെ ആജ്ഞ കാത്തുനിൽക്കുകയാണ്.  ഇടിനാദം കേൾക്കുകയും മിന്നൽപ്രഭ കാണുകയും ചെയ്യുമ്പോൾ ഓർത്തുകൊള്ളുക, എൻ്റെ നീതിവിധിയുടെ മണിക്കൂർ സമാഗതമായിരിക്കുന്നു എന്ന്.  

                          ഭൂമി ഇളകുകയും അതിൻ്റെ അച്ചുതണ്ടിൽ ഒരു ഉൽക്ക പോലെ കറങ്ങുകയും പർവ്വതങ്ങളെയും ദ്വീപുകളെയും വേരോടെ പിഴുതെറിയുകയും ചെയ്യും.

                                  രാജ്യങ്ങൾ മുഴുവൻ നശിപ്പിക്കപ്പെടും. മുകളിലേക്കു തെറുത്തു കയറുന്ന ഒരു ചുരുൾ പോലെ ആകാശം അപ്രത്യക്ഷമാകും (വെളിപാട്  6:14)  എല്ലാ ജനങ്ങളും മരണവേദനയിൽ പിടയും ... അവിശ്വാസിക്ക് ദുരിതം! അന്ധകാരത്തിൻ്റെ മണിക്കൂർ വരുമ്പോൾ നിങ്ങളുടെ ഉള്ള് ഞാൻ തുറന്നുകാട്ടും. നിങ്ങളുടെ ആത്മാവിൻ്റെ അകം ഞാൻ പുറത്തു കൊണ്ടുവരും.  കരി പോലെ കറുത്ത നിങ്ങളുടെ ആത്മാവിനെ നിങ്ങൾ കാണുമ്പോൾ അഭൂതപൂർവമായ ഒരസ്വാസ്ഥ്യം നിങ്ങൾ അനുഭവിക്കുകയും ചുറ്റും കാണുന്ന അന്ധകാരത്തെക്കാൾ കടുപ്പമേറിയതാണ് ഉള്ളിലെ അന്ധകാരമെന്നു പറഞ്ഞ് ഹൃദയവേദനയോടെ നിങ്ങൾ നെഞ്ചത്തടിച്ചു കരയുകയും ചെയ്യും.

               ലോകരാജ്യങ്ങളെ എൻ്റെ നീതി കാണിച്ചുകൊടുക്കുന്നത് ഇങ്ങനെയായിരിക്കും. ആ മണിക്കൂർ ആഗതമാകുമ്പോൾ എല്ലാ രാജ്യങ്ങളും എൻ്റെ വിധിവാചകം കേൾക്കും. " 

(From "The True Life in God" - messages given by Jesus to Vassula Ryden) 

അന്ത്യകാലം വളരെ അടുത്തിരിക്കുന്നു

മഹാ മുന്നറിയിപ്പ് 

(ഫാ.ജോൺ മാത്യു കുന്നത്തുമറ്റത്തിൻ്റെ  പ്രഭാഷണങ്ങളിൽ നിന്ന്)



                        മനുഷ്യ ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ  ഒരു കാലയളവിലാണ് നാമിപ്പോൾ ജീവിക്കുന്നത്.  എങ്കിലും നാമൊക്കെ മഹാഭാഗ്യവാന്മാരാണെന്നു കൂടി പറയേണ്ടതുണ്ട്; കാരണം, മാനവചരിത്രത്തിലെ  ഏറ്റവും വലിയ വിശുദ്ധരെ സൃഷ്ടിക്കുന്ന കാലമാണ് വരാൻ പോകുന്നത്.  പാപംനിറഞ്ഞ ഈ ലോകത്തെ ശുദ്ധീകരിക്കുന്നതിനും അവിടുത്തെ പ്രിയമക്കളായ നമ്മെ എല്ലാ പൈശാചിക സ്വാധീനങ്ങളിൽ നിന്നും പാപത്തിൻ്റെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുന്നതിനുമായി  ദൈവത്തിൻ്റെ മഹാകരുണ ഒരുക്കിയിരിക്കുന്ന ഒരു മഹാ പ്രതിഭാസം ഏതാനും മാസങ്ങൾക്കുള്ളിൽ ലോകത്തിൽ സംഭവിക്കാൻ പോകുന്നു!  മഹാ മുന്നറിയിപ്പ് അഥവാ The Great Warning എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെപ്പറ്റി പല കാലഘട്ടങ്ങളിലായി പല മിസ്റ്റിക്കുകളിലൂടെ ദൈവം അനേകം വെളിപ്പെടുത്തലുകൾ നൽകിയിട്ടുണ്ട്.  വി.പാദ്രേ പിയോ, വി.ഫൗസ്റ്റീനാ തുടങ്ങിയവർ അവരിൽ ചിലർ മാത്രം..

എന്താണ് ഈ മുന്നറിയിപ്പ്?

           നിനച്ചിരിക്കാത്ത ഒരു ദിവസം, ഭൂമി അതിവേഗത്തിൽ കറങ്ങുന്നതായി ജനങ്ങൾക്കനുഭവപ്പെടും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനായി അവർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന്, അല്ലെങ്കിൽ ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന് പുറത്തുവരും. ആകാശത്തിലേക്കു നോക്കുന്ന അവർ ഒരു അസാധാരണ ദൃശ്യം കാണും; സൂര്യൻ അസാധാരണമാം വിധം വലുതായിരിക്കുന്നതായി അവർ കാണും; സമീപത്തായി മറ്റൊരു സൂര്യനെയും കാണും. പിന്നീട്, ഫാത്തിമായിൽ മാതാവിൻ്റെ അവസാന ദർശനവേളയിൽ സംഭവിച്ചതുപോലെ, സൂര്യൻ സ്വയം അതിവേഗത്തിൽ കറങ്ങി ഭൂമിയിലേക്കു വരുന്നതായി കാണുകയും വലിയ ചൂട് എല്ലാവർക്കും അനുഭവപ്പെടുകയും ചെയ്യും. ഈ സമയം, വിപരീതദിശകളിൽ നിന്നു വരുന്ന രണ്ടു വാൽനക്ഷത്രങ്ങൾ വലിയ ശക്തിയോടുകൂടി കൂട്ടിയിടിച്ചു പൊട്ടിത്തെറിക്കും. ഈ ദൃശ്യം ഭൂമിയിലെ സകല മനുഷ്യരും ഒരേസമയം ദർശിക്കും. ഇതേത്തുടർന്ന് ഭൂമിയിൽ വലിയ ഭൂകമ്പം ഉണ്ടാവുകയും ഭൂമിയുടെ പല ഭാഗങ്ങളും ഇല്ലാതാവുകയും ചെയ്യും.

               പെട്ടെന്ന് ഭൂമി മുഴുവൻ അന്ധകാരം വ്യാപിക്കും. ആകാശത്തിലെയും ഭൂമിയിലെയും സകല വിളക്കുകളും അണയും. ആമോസ് 8:9 - ൽ  ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; "അന്ന് മധ്യാഹ്നത്തിൽ സൂര്യൻ അസ്തമിക്കും; നട്ടുച്ചയ്ക്ക് ഞാൻ ഭൂമിയെ അന്ധകാരത്തിൽ ആഴ്ത്തും."  ജോയേൽ 2:30 പറയുന്നു; "ആകാശത്തിലും ഭൂമിയിലും ഞാൻ അത്ഭുതകരമായ അടയാളങ്ങൾ കാണിക്കും."  ഈ വചനങ്ങൾ കൃത്യമായി ഇവിടെ നിറവേറും. 

മൂന്നു മണിക്കൂർ നേരത്തേക്ക് ലോകം മുഴുവൻ അന്ധകാരത്തിലാണ്ടുപോകും. (ത്രിദിനാന്ധകാരമല്ല ഇവിടെ വിവക്ഷിക്കുന്നത്.)  ആകാശം ഒരു പായ തെറുത്തുമാറ്റുന്നതുപോലെ തെറുത്തു മാറ്റപ്പെടും.  (വെളിപാട് 6:14) അവിടെ ഒരു വലിയ അടയാളം കാണപ്പെടും; കർത്താവിൻ്റെ കുരിശിൻ്റെ അടയാളം.  കുരിശിൽ തറയ്ക്കപ്പെട്ടതായി കാണപ്പെടുന്ന കർത്താവിൻ്റെ തിരുശരീരത്തിലെ തിരുമുറിവുകളിൽ നിന്ന് അതിശക്തമായ പ്രകാശരശ്മികൾ ഭൂമിയിലെ   ഓരോ മനുഷ്യനിലേക്കും  കടന്നുചെന്ന് അവൻ്റെ ചേതനയെ പ്രകാശിപ്പിക്കും.  ആ പ്രകാശത്തിൽ അവൻ തൻ്റെ ആത്മാവിൻ്റെ  നിജസ്ഥിതി ദർശിക്കും.  ദൈവത്തിനെതിരായി താൻ ചെയ്ത പാപങ്ങളും അതുവഴിയായി തൻ്റെ ആത്മാവിനേറ്റ കളങ്കങ്ങളും എല്ലാം വളരെ വ്യക്തമായി അവൻ കാണും. തൻ്റെ പാപങ്ങളാൽ ദൈവത്തെ എത്രയധികമായി ദ്രോഹിച്ചുവെന്ന് ഓരോ മനുഷ്യനും മനസ്സിലാക്കും. തൻ്റെ ആത്മാവിൻ്റെ ഭീകരമായ അവസ്ഥ കണ്ട് അവൻ ഞെട്ടിവിറയ്ക്കും.  എത്രമാത്രം വലിയ പാപിയായിരുന്നു താൻ എന്ന് ഓരോ ആത്മാവും മനസ്സിലാക്കും.  ഈശോയുടെ തിരുമുറിവുകൾ വീണ്ടും കാണുന്ന ആ ആത്മാവ്,  താൻ ചെയ്ത പാപങ്ങളാൽ ഈശോയെ വീണ്ടും വീണ്ടും കുരിശിൽ തറയ്ക്കുകയായിരുന്നു എന്ന ബോധ്യത്തിലേക്കു വരുന്നതോടെ അവനിൽ അനുതാപം ഉളവാകുകയും ദൈവത്തിൻ്റെ അതിരറ്റ കരുണയാൽ  പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും കടന്നുവരാൻ ആ ആത്മാവിന് ദൈവം അവസരം നൽകുകയും ചെയ്യും. 

ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ കാഴ്ചയുടെ സമയമത്രയും ലോകം മുഴുവൻ വലിയ നിശ്ശബ്ദതയിലേക്കു വീഴും.  സകല ചരാചരങ്ങളും ഈ സമയം നിശ്ചലമാകും.  

ഇത് ദൈവകരുണയുടെ അസാധാരണവും അവസാനത്തേതുമായ പ്രവൃത്തിയായിരിക്കും.  ശതകോടികൾ ഈ അവസരത്തിൽ മാനസാന്തരത്തിലേക്കു കടന്നുവരുമെന്ന് കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ, അനേകം കഠിനപാപികൾ അനുതപിക്കുവാൻ വിസമ്മതിക്കുമെന്നും അവർ നിത്യശിക്ഷയ്ക്കായി വിധിക്കപ്പെടുമെന്നതിനാൽ അവർക്കായി ത്യാഗങ്ങൾ സഹിച്ചുകൊണ്ട് പ്രാർത്ഥിക്കണമെന്നും  അവിടുന്ന് നമ്മോടാവശ്യപ്പെടുന്നു. 

അതോടൊപ്പം,  ഈ മുന്നറിയിപ്പിനായി പ്രാർഥനയോടെ ഒരുങ്ങിയിരിക്കുവാനും അവിടുന്ന് ആവശ്യപ്പെടുന്നു.

Video of Fr. John Kunnathumattom

https://youtu.be/GPwcKOU3XPg

Wednesday, September 8, 2021

ഉറ കെട്ടുപോയ ഉപ്പ്

(പരിശുദ്ധ 'അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

     എൻ്റെ പാവപ്പെട്ട അനേകം വൈദികസുതരെ പിശാച് ഇപ്പോൾ പൂർണ്ണമായി കൈവശപ്പെടുത്തിക്കഴിഞ്ഞു.   ഇതുമൂലം എൻ്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന  കയ്‌പ്പേറിയ മഹാദുഃഖത്തിൻ്റെ ഒരു ചെറിയ തുള്ളി നീയും രുചിച്ചു നോക്കണമെന്ന് ഞാനാഗ്രഹിച്ചു.

എൻ്റെ പാവപ്പെട്ട മക്കൾ! എത്രമാത്രം മനോവേദനയാണ് അവരെനിക്കു വരുത്തുന്നത്!!

എൻ്റെ പുത്രൻ്റെ പുരോഹിതർ! അവർ എൻ്റെ പുത്രനിൽ വിശ്വസിക്കുന്നില്ല. അവനെ അവർ തുടർച്ചയായി ഒറ്റിക്കൊടുക്കുന്നു.  പ്രസാദവരം പ്രദാനം ചെയ്യുന്നതിനു വിളിക്കപ്പെട്ട വൈദികർ ഇപ്പോൾ പാപത്തിൽ സ്ഥിരമായി ജീവിക്കുന്നു! അവരുടെ ജീവിതം തുടർച്ചയായ ഒരു ദൈവനിന്ദയാണ്. അനേകം ആത്മാക്കളെ അവർ നാശത്തിൻ്റെ പാതയിലേക്കു നയിക്കുന്നു.

വിനാശത്തിൻ്റെ  അശുദ്ധലക്ഷണം ദൈവത്തിൻ്റെ ആലയത്തിൽ യഥാർത്ഥമായി പ്രവേശിച്ചിരിക്കുന്ന സമയം ഇതാണ്.

അവർ ഭൂമിയുടെ ഉപ്പല്ലാതായിത്തീർന്നിരിക്കുന്നു. ഉപ്പുരസം നഷ്ടപ്പെട്ട്, അഴുകി ദുർഗന്ധം വമിക്കുകയും തറയിൽ എറിയപ്പെടുകയും സർവ്വരാലും ചവുട്ടി മെതിക്കപ്പെടുകയും ചെയ്യുന്ന ലവണം മാത്രമാണവർ. അവർ ദീപപീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദീപമല്ല, പ്രത്യുത, രാത്രിയെ കൂടുതൽ ഇരുണ്ടതാക്കിത്തീർക്കുന്ന അന്ധകാരം മാത്രം..

രോഗത്തിൽ വീണ് വേദനിക്കുന്ന എൻ്റെ വൈദികസുതരാണവർ. പിശാചിൻ്റെ ആധിപത്യത്തിന് അവർ അടിമപ്പെട്ടുപോയതാണ് ഇതിൻ്റെ കാരണം.

എൻ്റെ പ്രസ്ഥാനത്തിലെ വൈദികരേ, ഈ പുരോഹിതരെ രക്ഷിക്കാൻ നിങ്ങൾ എന്തുചെയ്യണം?

അവരെ വിധിക്കാതെ അവർക്കു സഹായമരുളുക. അവരെ എപ്പോഴും സ്നേഹിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക.

എൻ്റെ ഈ ദുർഭഗസുതരുടെ മാനസാന്തരം യേശുവിൽനിന്നു നേടാൻ വളരെയേറെ പ്രാർത്ഥന ആവശ്യമുണ്ട്. എൻ്റെ വിമലഹൃദയം ലോകത്തിൽ കൈവരിക്കാൻപോകുന്ന വിജയത്തിനുവേണ്ടി തെരെഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ. ഈ വിജയം, എൻ്റെയീ വഴിതെറ്റിപ്പോയ നിരവധി വൈദികസുതരുടെ ആത്മരക്ഷയോടുകൂടിയാണ് ആരംഭിക്കുന്നത്.

           അവർക്കുവേണ്ടി സഹിക്കുക. മാർപാപ്പായോടുകൂടെ, മെത്രാന്മാരോടുകൂടെ, വൈദികരോടുകൂടെ ഉപവസിക്കുക.

നിങ്ങളിൽനിന്ന് ഇപ്പോൾ യേശു ആവശ്യപ്പെടുന്ന കുരിശ് ഇതാണ്.