ജാലകം നിത്യജീവൻ: ആൾമാറാട്ടക്കാരനായ കർദിനാൾ

nithyajeevan

nithyajeevan

Thursday, September 30, 2021

ആൾമാറാട്ടക്കാരനായ കർദിനാൾ

(വാലന്റീന പാപ്പഗ്ന എന്ന ദർശകയ്ക്ക് ലഭിച്ച ദർശനം)

ഇന്നു രാവിലെ ഞാൻ ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടിയും കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ മാലാഖ വന്നു പറഞ്ഞു: "എന്നോടൊപ്പം വരിക."
                    ഒരു ഗണം ശുദ്ധീകരണാത്മാക്കളുടെ അടുത്തേക്കാണ് മാലാഖ എന്നെ കൊണ്ടുപോയത്. അവർ ഏതാണ്ട് അൻപതോളം പേരുണ്ടായിരുന്നു. അവർക്ക് വലുതായ സഹനമൊന്നും ഉള്ളതായി തോന്നിയില്ല.   അവരെ പരിശുദ്ധ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാനായി ദേവാലയത്തിൽ അൾത്താരയുടെ മുൻപിലേക്കു കൊണ്ടുപോകണമെന്ന്  എനിക്കു  തോന്നി. ഞാനത് അവരോടു പറഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി.  
              സാധാരണയായി, എൻ്റെയടുത്തു പ്രാർത്ഥന ചോദിച്ചു വരുന്ന ആത്‌മാക്കളെ ഞാൻ പരിശുദ്ധ കുർബാനയുടെ സമയത്ത് സമർപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാലിപ്പോൾ ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, എന്താണ് ചെയ്യേണ്ടതെന്ന് ഞാനാലോചിച്ചു. ആത്മാക്കളെല്ലാം പ്രതീക്ഷയോടെ കാത്തു നിൽക്കുകയുമാണ്..

                   ഞാനവരെയും കൂട്ടിക്കൊണ്ട് നടക്കുമ്പോൾ ഒരു ചെറിയ കറുത്ത സ്റ്റീൽ ഗേറ്റ് കണ്ടു.  ഗേറ്റ് തള്ളിത്തുറന്ന്  ഒരു പൂന്തോട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.  അവിടെ, ഒരു കസേരയിൽ, ഏതാണ്ട് എഴുപതു വയസ്സോളം പ്രായമുള്ള ഒരു  മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു. കർദിനാളന്മാർ ധരിക്കുന്ന തരത്തിലുള്ള ചുവന്ന കുപ്പായവും തലയിൽ ചുവന്ന തൊപ്പിയും  അദ്ദേഹം ധരിച്ചിരുന്നു.  ഞാനദ്ദേഹത്തിന്റെ മുൻപിൽ ചെന്ന് മുട്ടുകുത്തി സ്തുതി ചൊല്ലിയിട്ടു പറഞ്ഞു,  "അങ്ങയെ കണ്ടതിൽ വളരെ സന്തോഷമുണ്ട് പിതാവേ,  പരിശുദ്ധ ബലിയിൽ സമർപ്പിച്ചു പ്രാർഥിക്കുന്നതിനായി ഈ ആത്മാക്കളെ ഞാൻ കൂട്ടിക്കൊണ്ടു വന്നതാണ്.  എനിക്ക് ദിവ്യകാരുണ്യം തന്നാലും..  ഞങ്ങൾ താമസിച്ചുപോയോ?"

കർദിനാൾ മറുപടി പറഞ്ഞു; ഇല്ല, നിങ്ങൾ താമസിച്ചുപോയില്ല.  നിങ്ങൾക്ക് ദിവ്യകാരുണ്യം തരാൻ സാധിക്കുകയില്ല. കാരണം, അങ്ങനെയൊന്ന് ഇപ്പോഴില്ല. അതൊക്കെ പഴംകഥയാണ്.  ദിവ്യകാരുണ്യം ഇല്ലാതെതന്നെ നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് മനസ്സിലായില്ലേ?  അതൊക്ക മനുഷ്യർ മെനഞ്ഞെടുത്ത ഓരോ കഥകളാണ്."
ഞാൻ സ്തംഭിച്ചു പോയി.   "ഏതു മനുഷ്യർ? ദൈവമാണ് 
ദിവ്യകാരുണ്യം സ്ഥാപിച്ചത്..."
"അല്ലേയല്ല,  ദിവ്യകാരുണ്യത്തെപ്പറ്റി ആകുലത വേണ്ട.. നിങ്ങൾക്ക് അതിൻ്റെ ആവശ്യമില്ല.  അതില്ലാതെതന്നെ നിങ്ങൾക്ക് കഴിയാൻ പറ്റും."
വീണ്ടും ഞാൻ ഞെട്ടി..
"ഇല്ല..ഇത് ശരിയല്ല.. ദിവ്യകാരുണ്യമില്ലാതെ ജീവിക്കാൻ എനിക്കാഗ്രഹമില്ല.  ഈ ആത്മാക്കളെയൊക്കെ ഞാൻ കൂട്ടിക്കൊണ്ടുവന്നത് എൻ്റെ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ അവർക്ക് ആശ്വാസം നൽകുന്നതിനായിട്ടാണ്... ദിവ്യകാരുണ്യം നൽകാൻ താങ്കൾക്കു നിർവാഹമില്ലെങ്കിൽ  താങ്കളുടെ മുകളിലുള്ള അധികാരിയെക്കാണാൻ എന്നെ അനുവദിക്കുക."

കർദിനാളിൻ്റെ പുറകിലായി  തിരുവസ്ത്രമെന്നു തോന്നിക്കുന്ന തരത്തിലുള്ള  വസ്ത്രങ്ങളണിഞ്ഞ മൂന്നു സ്ത്രീകൾ നിൽപ്പുണ്ടായിരുന്നു.  ദിവ്യകാരുണ്യം നൽകാൻ ഒരു വൈദികനെ കിട്ടുമോ എന്ന് ഞാനവരോടു ചോദിച്ചു.  അവർ പറഞ്ഞു; ഇല്ല, ദിവ്യകാരുണ്യം ഇനിമേൽ നല്കപ്പെടുകയില്ല! ഞങ്ങൾ അതിലൊന്നും വിശ്വസിക്കുന്നില്ല."

ഇതുകേട്ട് ഞാൻ വളരെ അസ്വസ്ഥയായി. 
 അപ്പോൾ ഒരു മാലാഖ എൻ്റെയടുത്തേക്കു  വന്നു. കർദിനാളിനെ ഉദ്ദേശിച്ച് മാലാഖ പറഞ്ഞു:  "അത് ആൾമാറാട്ടക്കാരനായ കർദിനാളാണ്. അവരെല്ലാം ആൾമാറാട്ടക്കാരാണ്. ഇതാണ് ഇപ്പോൾ ദേവാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.  ദേവാലയങ്ങൾ അടയ്ക്കപ്പെടാൻ കാരണമിതാണ്."
ഞാൻ ചോദിച്ചു: "ദിവ്യകാരുണ്യം സ്വീകരിക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന കർദിനാൾ എന്തുതരം കർദിനാളാണ് ?"
മാലാഖ പറഞ്ഞു; "വിശ്വാസികൾക്ക്  ദിവ്യകാരുണ്യം നൽകാൻ ഇവർക്ക് താൽപര്യമില്ല. അവർക്ക് അതിലൊന്നും വിശ്വാസവുമില്ല."
ഞാൻ ചോദിച്ചു; "അവർ എവിടെയുള്ളവരാണ്?"
മാലാഖ പറഞ്ഞു; "അതു വെളിപ്പെടുത്താൻ നിർവാഹമില്ല."
പെട്ടെന്ന് ഞാനോർത്തു; കർദിനാളന്മാർ കൂടുതലും റോമിലാണ് !!
ഞാൻ തിരിഞ്ഞ് എൻ്റെയൊപ്പം ഉണ്ടായിരുന്ന ആത്മാക്കളോടു പറഞ്ഞു; "നിങ്ങൾ കാണുന്നില്ലേ, എനിക്ക് നിങ്ങളെ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ കഴിയുന്നില്ല.. ഇനി ഞാനെവിടെ പോകും?"

    എന്നോടും മാലാഖയോടുമൊപ്പം ആയിരിക്കുന്നതിൽ ആത്മാക്കൾ സന്തുഷ്ടരായിരുന്നു. ഞങ്ങൾ വീണ്ടും നടന്ന് ഒരു ചെറിയ താഴ്വരയിലെത്തി. ആത്മാക്കൾക്ക് ആശ്വാസം ലഭിക്കുന്നതിനായി അവരെ നേരെ ഈശോയുടെ അടുക്കലേക്കു കൊണ്ടുപോകാമെന്ന് ഞാൻ കരുതി.  അവർക്കത് വളരെ ഇഷ്ടമായി..