(പരിശുദ്ധ 'അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)
എൻ്റെ പാവപ്പെട്ട അനേകം വൈദികസുതരെ പിശാച് ഇപ്പോൾ പൂർണ്ണമായി കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇതുമൂലം എൻ്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന കയ്‌പ്പേറിയ മഹാദുഃഖത്തിൻ്റെ ഒരു ചെറിയ തുള്ളി നീയും രുചിച്ചു നോക്കണമെന്ന് ഞാനാഗ്രഹിച്ചു.
എൻ്റെ പാവപ്പെട്ട മക്കൾ! എത്രമാത്രം മനോവേദനയാണ് അവരെനിക്കു വരുത്തുന്നത്!!
എൻ്റെ പുത്രൻ്റെ പുരോഹിതർ! അവർ എൻ്റെ പുത്രനിൽ വിശ്വസിക്കുന്നില്ല. അവനെ അവർ തുടർച്ചയായി ഒറ്റിക്കൊടുക്കുന്നു. പ്രസാദവരം പ്രദാനം ചെയ്യുന്നതിനു വിളിക്കപ്പെട്ട വൈദികർ ഇപ്പോൾ പാപത്തിൽ സ്ഥിരമായി ജീവിക്കുന്നു! അവരുടെ ജീവിതം തുടർച്ചയായ ഒരു ദൈവനിന്ദയാണ്. അനേകം ആത്മാക്കളെ അവർ നാശത്തിൻ്റെ പാതയിലേക്കു നയിക്കുന്നു.
വിനാശത്തിൻ്റെ അശുദ്ധലക്ഷണം ദൈവത്തിൻ്റെ ആലയത്തിൽ യഥാർത്ഥമായി പ്രവേശിച്ചിരിക്കുന്ന സമയം ഇതാണ്.
അവർ ഭൂമിയുടെ ഉപ്പല്ലാതായിത്തീർന്നിരിക്കുന്നു. ഉപ്പുരസം നഷ്ടപ്പെട്ട്, അഴുകി ദുർഗന്ധം വമിക്കുകയും തറയിൽ എറിയപ്പെടുകയും സർവ്വരാലും ചവുട്ടി മെതിക്കപ്പെടുകയും ചെയ്യുന്ന ലവണം മാത്രമാണവർ. അവർ ദീപപീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദീപമല്ല, പ്രത്യുത, രാത്രിയെ കൂടുതൽ ഇരുണ്ടതാക്കിത്തീർക്കുന്ന അന്ധകാരം മാത്രം..
രോഗത്തിൽ വീണ് വേദനിക്കുന്ന എൻ്റെ വൈദികസുതരാണവർ. പിശാചിൻ്റെ ആധിപത്യത്തിന് അവർ അടിമപ്പെട്ടുപോയതാണ് ഇതിൻ്റെ കാരണം.
എൻ്റെ പ്രസ്ഥാനത്തിലെ വൈദികരേ, ഈ പുരോഹിതരെ രക്ഷിക്കാൻ നിങ്ങൾ എന്തുചെയ്യണം?
അവരെ വിധിക്കാതെ അവർക്കു സഹായമരുളുക. അവരെ എപ്പോഴും സ്നേഹിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക.
എൻ്റെ ഈ ദുർഭഗസുതരുടെ മാനസാന്തരം യേശുവിൽനിന്നു നേടാൻ വളരെയേറെ പ്രാർത്ഥന ആവശ്യമുണ്ട്. എൻ്റെ വിമലഹൃദയം ലോകത്തിൽ കൈവരിക്കാൻപോകുന്ന വിജയത്തിനുവേണ്ടി തെരെഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ. ഈ വിജയം, എൻ്റെയീ വഴിതെറ്റിപ്പോയ നിരവധി വൈദികസുതരുടെ ആത്മരക്ഷയോടുകൂടിയാണ് ആരംഭിക്കുന്നത്.
അവർക്കുവേണ്ടി സഹിക്കുക. മാർപാപ്പായോടുകൂടെ, മെത്രാന്മാരോടുകൂടെ, വൈദികരോടുകൂടെ ഉപവസിക്കുക.
നിങ്ങളിൽനിന്ന് ഇപ്പോൾ യേശു ആവശ്യപ്പെടുന്ന കുരിശ് ഇതാണ്.