ഈശോയുടെ 11 - 08 - 2018 ലെ സന്ദേശം
സഭയ്‌ക്കെതിരായ ആക്രമണങ്ങളും കർദിനാളന്മാരുടെ നിസ്സഹകരണവും നിമിത്തം, ഭൂമിയിലെ എൻ്റെ ഇപ്പോഴത്തെ വികാരി ഈസമയം നിശബ്‌ദസഹനങ്ങളിലൂടെ കടന്നുപോവുകയാണ്. അനേകം കർദിനാളന്മാരും ബിഷപ്പുമാരും വൈദികരും അദ്ദേഹത്തെ അനുസരിക്കുന്നില്ല. കർദിനാളന്മാരുടെ സംഘം വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ മാർപാപ്പായെ പിന്താങ്ങുമ്പോൾ മറ്റൊരു കൂട്ടർ അദ്ദേഹത്തെ എതിർക്കുന്നു. നിലവിലെ പാപ്പായ്‌ക്കെതിരായ ഉപജാപങ്ങളും ഭിന്നതയും അവരുടെയിടയിൽ നിലനിൽക്കുന്നു.
അധികാരികൾക്കു വഴങ്ങാത്ത വഴക്കാളികളായ ഒരു കൂട്ടം കർദിനാളന്മാർ, നിലവിലെ മാർപാപ്പാ രാജി വെച്ച് പുതിയ കോൺക്ളേവ് കൂടി മറ്റൊരു പാപ്പായെ തെരെഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇക്കൂട്ടർക്ക് വഴങ്ങിക്കൊണ്ട് പുതിയ പാപ്പായെ തെരഞ്ഞെടുക്കുമ്പോൾ, ഇനി ആരാണ് പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ പോകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുക.
ആകയാൽ, എൻ്റെ അജഗണമേ, കാനോനികമായി തെരെഞ്ഞെടുക്കപ്പെട്ട ഇപ്പോഴുള്ള എൻ്റെ രണ്ടു വികാരിമാർക്കും വേണ്ടി പ്രാർഥിക്കുക. കാരണം സഭ പിളർക്കപ്പെടുമ്പോൾ ഈ രണ്ടു പാപ്പാമാരുടെയും ജീവൻ അപകടത്തിലാകും. കാരണം ഇവർ രണ്ടുപേരും വത്തിക്കാനുള്ളിൽ പൂർണമായ സ്വീകാര്യതയുള്ളവരല്ല.
സഭ ആടിയുലയുകയാണ്; എന്നാൽ, അതു വീണുപോകാൻ ഞാൻ അനുവദിക്കില്ല. അടുത്തുതന്നെ ഉണ്ടാകാൻ പോകുന്ന ഭിന്നിപ്പിനും കലാപത്തിനുമിടയ്ക്ക് പുതിയൊരു മാർപ്പാപ്പാ തെരെഞ്ഞെടുക്കപ്പെടും; എന്നാൽ, അത് എൻ്റെ പാപ്പായായിരിക്കുകയില്ല! ഈ എതിർപാപ്പാ വന്നുകഴിയുമ്പോൾ എൻ്റെ ആലയങ്ങൾ അടയ്ക്കപ്പെടുകയും എൻ്റെ സക്രാരികൾ അശുദ്ധമാക്കപ്പെടുകയും ചെയ്യും. ദൈനംദിനബലി നിർത്തലാക്കപ്പെടും; എൻ്റെ ജനം പീഡിപ്പിക്കപ്പെടുകയും അവരിൽ അനേകം പേർ രക്തസാക്ഷികളാവുകയും ചെയ്യും. എതിർപാപ്പാ തെരെഞ്ഞെടുക്കപ്പെട്ടു കഴിയുന്നതോടെ ഇപ്പോഴുള്ള മാർപാപ്പായ്ക്ക് റോമിൽനിന്ന് പലായനം ചെയ്യേണ്ടിവരും; എൻ്റെ 'അമ്മ ഫാത്തിമയിൽ വെച്ചു പ്രവചിച്ച കാര്യങ്ങൾ അതിൻ്റെ പൂർണതയിൽ നിറവേറുന്നത് നിങ്ങൾ കാണും.
എൻ്റെ അജഗണമേ, എൻ്റെ സഭയ്ക്കും എൻ്റെ വികാരിയ്ക്കും കുടിക്കാനുള്ള കയ്പ്പ് നിറഞ്ഞ കാസായെ പ്രതി നിങ്ങൾ പ്രാർഥിക്കുകയും ഉപവസിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യുക. സഭ ആത്മീയമായ ഒരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സഭയുടെ ഈ ശുദ്ധീകരണ നാളുകളിൽ നിങ്ങൾ അപാരമായ ധൈര്യവും അടിപതറാത്ത വിശ്വാസവും ഉള്ളവരായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ എൻ്റെ സുവിശേഷത്തിൽ നിന്നും ക്രിസ്തീയ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരാകാതിരിക്കട്ടെ!
എൻ്റെ സഭയുടെ കാൽവരി യാത്ര തുടങ്ങിക്കഴിഞ്ഞു. എൻ്റെ പാപ്പാമാരെ നിങ്ങളുടെ പ്രാർത്ഥനയാൽ പിന്താങ്ങുക; ഒരിക്കലും സഭ വിട്ടുപോകരുത്. ലോകം മുഴുവനും വ്യാപിക്കുന്ന പ്രാർത്ഥന കൊണ്ട് - വിശേഷിച്ചും എൻ്റെ അമ്മയോടു ചേർന്നുള്ള ജപമാല പ്രാർഥന കൊണ്ട് സഭയ്ക്ക് സഭയ്ക്ക് സംരക്ഷണം തീർക്കുക; നരകകവാടങ്ങൾ അവൾക്കെതിരേ പ്രബലപ്പെടാതിരിക്കട്ടെ!! വി.മിഖായേലിനോടുള്ള പ്രാർത്ഥന ഒഴിവാക്കരുത്.
ഭയപ്പെടാതിരിക്കുക; എൻ്റെ അജഗണമേ, എഴുതപ്പെട്ടിരിക്കുന്നവയെല്ലാം നിറവേറേണ്ടിയിരിക്കുന്നു. ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ, എൻ്റെ വാക്കുകൾ കടന്നുപോകയില്ല!
അനുതപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുവിൻ; എന്തെന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു..