വിശുദ്ധ കുർബാനയ്ക്കിടെ, കുർബാന സ്വീകരണത്തിനു ശേഷം ഈശോ തൻ്റെ തിരുരക്തത്തിൻ്റെ ശക്തിയെക്കുറിച്ചു സംസാരിച്ചു. "ലോകത്തിൻ്റെ രക്തദാതാവ് ഞാനാണ്. എൻ്റെ രക്തമാണ് നിന്നെ ലഹരിയിലാഴ്ത്തുന്നത്. നിൻ്റെ മനസ്സിന് ഇതു ഗ്രഹിക്കാനാകുമോ?ബുദ്ധിമുട്ടാണ്. ഞാൻ മാത്രമേയുള്ളൂ ഈ ലോകത്തിൻ്റെ രക്തദാതാവായി; ഇതേക്കുറിച്ചു ധ്യാനിക്കുക. എൻ്റെ അളവില്ലാത്ത സ്നേഹത്തെക്കുറിച്ചു മനസ്സിലാക്കുക. നിൻ്റെ മുടന്തൻ ആത്മാവിനെ ചൂടു പിടിപ്പിക്കുന്നത് എൻ്റെ വിലയേറിയ തിരുരക്തമാണ്. എൻ്റെ രക്തം ഭൂമിയിലെ സകല ആത്മാക്കളുടെ മേലും കോരിയൊഴിക്കാൻ ഞാനാഗ്രഹിക്കുന്നു. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രം; എല്ലാവരെയും എൻ്റെ കരങ്ങളിൽ മുഴുവനായി സമർപ്പിക്കുക. നിങ്ങളുടെ ആത്മാവിലെ ജോലി ചെയ്യാൻ എന്നെ അനുവദിക്കുക. നിങ്ങൾ എൻ്റെ ദൈവികജീവിതം പങ്കു വയ്ക്കാൻ ആഗ്രഹിക്കുക. അപ്പോൾ എനിക്ക് ആഹ്ളാദിക്കാനാവും.നിങ്ങളിൽ, നിങ്ങളോടുകൂടി വളരാനും കഴിയും."