(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)
"കടലിൽനിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രത്‌നങ്ങളും തലകളിൽ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു." (വെളിപാട് 13:1)
"കർത്താവ്, അവിടുത്തെ നിയമത്തെ പത്തു കല്പനകൾ വഴി നമുക്ക് കൈമാറിത്തന്നെങ്കിൽ, ഫ്രീമേസൺ സംഘം അതിൻ്റെ ഈ പത്തുകൊമ്പുകൾ വഴി ദൈവനിയമത്തിനു കടകവിരുദ്ധമായ മറ്റൊരു നിയമം എല്ലായിടത്തും വ്യാപിപ്പിക്കുന്നു.
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന കൽപ്പനയ്‌ക്കെതിരെ, അവർ ക്ഷുദ്ര വിഗ്രഹങ്ങളെ പടുത്തുയർത്തുകയും നിരവധിയാളുകൾ സാഷ്ടാംഗം വീണ് അവയെ ആരാധിക്കുവാനിടയാക്കുകയും ചെയ്യുന്നു.
നിൻ്റെ കർത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത് എന്ന കല്പനയ്ക്കു വിപരീതമായി, ദൈവത്തെയും അവിടുത്തെ അഭിഷിക്തനായ ക്രിസ്തുവിനെയും ദൂഷണം പറഞ്ഞുകൊണ്ട് പലതരത്തിലുള്ള കുടിലമാർഗ്ഗങ്ങളിൽക്കൂടി ദൈവനാമത്തെ അവിശുദ്ധമായ രീതിയിൽ ഒരു പരസ്യവില്പനച്ചരക്കായി തരം താഴ്ത്തുകയും അവിടുത്തെ ജീവിതത്തെയും ദിവ്യവ്യക്തിത്വത്തെയും പരാമർശിച്ചുള്ള ദൈവദൂഷണപരമായ ചലച്ചിത്രങ്ങൾ നിർമിക്കുകയും ചെയ്യുന്നു.
സാബത്തു ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന നിയമത്തിനു പകരം, അവർ ഞായറാഴ്ചയെ വാരാന്ത്യദിനമാക്കി കായിക വിനോദങ്ങൾക്കും മത്സരങ്ങൾക്കും മറ്റുമായി മാറ്റിവെച്ചിരിക്കുന്നു.
മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്ന കല്പനയ്ക്കു പകരം, ഒരു പുതിയ രീതിയിലുള്ള കുടുംബ സഹവാസവും സ്വവർഗഭോഗികളുടെ സഹവർത്തിത്വവും അവർ പ്രോത്സാഹിപ്പിക്കുന്നു.
അശുദ്ധ പ്രവൃത്തികൾ ചെയ്യരുതെന്ന കല്പനയ്‌ക്കെതിരായി എല്ലാത്തരത്തിലുള്ള അശുദ്ധിയേയും പ്രകൃതിവിരുദ്ധപ്രവൃത്തികളെയും ന്യായീകരിക്കുകയും അവയെ പ്രകീർത്തിക്കുകയും പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കൊല്ലരുതെന്ന ദൈവപ്രമാണത്തിനു വിരുദ്ധമായ ഭ്രൂണഹത്യയെ എല്ലായിടത്തും നിയമവിധേയമാക്കുകയും ദയാവധം സർവത്ര സ്വീകാര്യമാക്കിത്തീർക്കുകയും ചെയ്യുന്നു. മനുഷ്യജീവനു കല്പിച്ചിരിക്കുന്നു മൂല്യം തന്നെ തിരോഭവിച്ചു കഴിഞ്ഞു.
മോഷ്ടിക്കരുതെന്ന കല്പന വളച്ചൊടിച്ച്, മോഷണം, കവർച്ച, ബലപ്രയോഗം, പിടിച്ചുപറി തുടങ്ങിയവ ദൈനംദിനം വമ്പിച്ച തോതിൽ പെരുകിക്കൊണ്ടിരിക്കുന്നു.
കള്ളസാക്ഷി പറയരുതെന്ന കല്പനയ്‌ക്കെതിരെ വഞ്ചനയുടെ നിയമവും അസത്യഭാഷണവും ഇരട്ടത്താപ്പുനയവും കൂടുതൽ കൂടുതൽ പ്രചരിപ്പിക്കപ്പെടുകയാണ്.
അന്യൻ്റെ വസ്തുക്കളെയും ഭാര്യയേയും മോഹിക്കരുതെന്ന പ്രമാണം സംബന്ധിച്ചാണെങ്കിൽ, മനഃസാക്ഷിയുടെ ആഴങ്ങളെത്തന്നെ ദുഷിപ്പിച്ച് മനുഷ്യമനസ്സിനെയും ഹൃദയത്തെയും മരവിപ്പിക്കാനായി അത് അത്യദ്ധ്വാനം നടത്തുന്നു."