ജാലകം നിത്യജീവൻ: February 2011

nithyajeevan

nithyajeevan

Thursday, February 24, 2011

ജപമാല പ്രാർത്ഥന

പരിശുദ്ധഅമ്മയുടെ സന്ദേശം

                                      " പ്രിയ സുതരേ, സാത്താനും അവന്റെ വക്രവും അപകടകരവുമായ പാപവശീകരണങ്ങള്‍ക്കും തിന്മയുടെ ശക്തമായ സൈന്യങ്ങള്‍ക്കുമെതിരെ, കര്‍ത്താവിന്റെ മാലാഖമാര്‍ നിങ്ങള്‍ക്കു നൽകുന്ന വിശേഷസഹായത്തിനു പുറമേ, സുരക്ഷിതവും അജയ്യവുമായ ഒരായുധം കൂടി നിങ്ങൾക്കാവശ്യമായിരിക്കുന്നു. ഈ ആയുധമാണ് നിങ്ങളുടെ പ്രാർത്ഥന.

ശത്രു ഏതു ഭൂവിഭാഗം കീഴ്പ്പെടുത്തിയാലും പ്രാര്‍ത്ഥന കൊണ്ട് എപ്പോഴും അതു തിരിച്ചുപിടിക്കുന്നതിന് നിങ്ങൾക്കു കഴിയും. പ്രാര്‍ത്ഥനയ്ക്ക് വളരെ ശക്തമായ  ഒരു പ്രവര്‍ത്തനശേഷിയുണ്ട്. അത് നന്മയുടെ പ്രതികരണത്തിന്റെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കുന്നു. അണുശക്തിയേക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രാർത്ഥന.

ഞാന്‍ പ്രത്യേകമായി ഇഷ്ടപ്പെടുന്ന പ്രാർത്ഥന പരിശുദ്ധ ജപമാലയാണ്. ജപമാല പ്രാർത്ഥന ഇത്രയും ഫലപ്രദമാകാനുള്ള കാരണമെന്തെന്നോ?
എന്തെന്നാൽ അത് ലളിതവും വിനീതവുമായ പ്രാര്‍ത്ഥനയാണ്. ഇന്ന് സാത്താന്‍ എല്ലാറ്റിനേയും കീഴടക്കിക്കൊണ്ട് വിജയകരമായി മുന്നേറുന്നത്, അഹങ്കാരത്തിന്റെ ചൈതന്യവും ദൈവത്തിനെതിരേയുള്ള പ്രക്ഷോഭണവും കൊണ്ടത്രേ. ചെറുമയുടേയും എളിമയുടേയും  പാതയിലൂടെ നിങ്ങളുടെ സ്വര്‍ഗ്ഗീയ മാതാവിനെ അനുധാവനം ചെയ്യുന്നവരെ അവൻ ഭയപ്പെടുന്നു. ഈ പ്രാര്‍ത്ഥനയെ വലിയവരും അഹങ്കാരികളും പുച്ഛിക്കുമ്പോള്‍, എന്റെ കുഞ്ഞുങ്ങളും പാവപ്പെട്ടവരും ബാലികാബാലന്മാരും വിനീതരും ക്ളേശിക്കുന്നവരും എന്റെ ആഹ്വാനം സ്വീകരിച്ച അനേകം വിശ്വാസികളും അത് വലിയ സ്നേഹത്തോടും ആനന്ദ വായ്പോടും കൂടെ ചൊല്ലുന്നു.
നിങ്ങള്‍  എന്നോടു കൂടി ചൊല്ലുന്ന ഒരു പ്രാർത്ഥനയാണിത്.


നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് നിങ്ങള്‍  എന്നെ ക്ഷണിക്കുമ്പോള്‍ ഞാന്‍ നിങ്ങളുടെ  അഭ്യര്‍ത്ഥന സ്വീകരിക്കുകയും എന്റെ സ്വരം നിങ്ങളുടേതുമായി കലർത്തുകയും എന്റെ പ്രാര്‍ത്ഥന  നിങ്ങളുടേതിനോടുകൂടി ചേർക്കുകയും ചെയ്യുന്നു. തൽഫലമായി, അത് എപ്പോഴും  ഫലപ്രദമായിത്തീരുന്നു. കാരണം, ഞാനപേക്ഷിക്കുന്നത് എപ്പോഴും  എനിക്കു ലഭിക്കുന്നു, അമ്മയുടെ അപേക്ഷയ്ക്ക് "ഇല്ല" എന്നു പറയുവാന്‍   ഈശോയ്ക്ക് ഒരിക്കലും സാദ്ധ്യമല്ല.

തിരുസ്സഭയുടേയും മനുഷ്യരുടേയും സ്വരങ്ങള്‍ സംയോജിക്കുന്ന പ്രാര്‍ത്ഥനയാണിത്. കാരണം, അത്  ഒരു  വ്യക്തിയുടേതു മാത്രമല്ല, സര്‍വ്വരുടേയും നാമത്തിലാണ് ചൊല്ലപ്പെടുന്നത്.

അതിന്റെ രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുമ്പോള്‍, ഈശോയുടെ ജീവിതം മുഴുവനും -  അവന്റെ മനുഷ്യാവതാരം മുതൽ  മഹിമയേറിയ ഉയിര്‍പ്പു വരെയുള്ള അവന്റെ ജീവിതം മുഴുവനും നിങ്ങൾ  ഗ്രഹിക്കുകയും രക്ഷാകരകര്‍മ്മത്തിലേക്ക് അധികമധികം ആഴമായി ചൂഴ്ന്നിറങ്ങുകയും ചെയ്യുന്നു. 
സൂര്യനെ അണിഞ്ഞിരിക്കുന്ന സ്ത്രീയുടെ നേതൃത്വത്തിൽ മഹാസമരം നടത്തുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം പരിശുദ്ധ ജപമാലയാകയാൽ അതു ചൊല്ലാൻ നിങ്ങളുടെ അമ്മ ഇന്നു നിങ്ങളോടാവശ്യപ്പെടുന്നു

എന്റെ ആഹ്വാനത്തിന് നിങ്ങള്‍   പിന്തുണ നൽകുക. പരിശുദ്ധ ജപമാല കൂടെക്കൂടെ ചൊല്ലുക. അപ്പോള്‍ ശക്തിമാനായ ചുവന്ന സര്‍പ്പം ഈ ശൃംഖലയാൽ വിലങ്ങു വയ്ക്കക്കപ്പെടും. അവന്റെ പ്രവൃത്തിമണ്ഡലം കൂടുതൽ ചുരുങ്ങും. അവസാനം അവന്‍ അശക്തനും നിരുപദ്രവിയുമായി മാറുകയും ചെയ്യും."

Wednesday, February 23, 2011

സുഗന്ധസാന്നിദ്ധ്യം

(പരിശുദ്ധഅമ്മ ഫാദര്‍ സ്റ്റെഫാനോ ഗോബി വഴി നല്‍കിയ സന്ദേശം)

"പ്രിയസുതരേ, നിങ്ങളുടെ  അമ്മയായ ഞാൻ  എല്ലായ്പ്പോഴും നിങ്ങളോടൊപ്പം സന്നിഹിതയാണെന്നു പറയുവാൻ ഞാനാഗ്രഹിക്കുന്നു. എന്റെ സ്വരൂപം എന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ്. അത് നിങ്ങളുടെ സ്വർഗ്ഗീയ മാതാവിനെപ്പറ്റി നിങ്ങളെ  അനുസ്മരിപ്പിക്കുന്നു.
                       നിങ്ങൾ  സ്നേഹിക്കുന്ന ഒരാളിന്റെ ഫോട്ടോ സ്നേഹത്തോടുകൂടി നിങ്ങള്‍   നോക്കുന്നു. കാരണം, അതു നിങ്ങളില്‍ ഒരോര്‍മ്മയും ഛായയും സൃഷ്ടിക്കുന്നു. അതുപോലെ നിങ്ങളുടെ സ്വർഗ്ഗീയ മാതാവിന്റെ രൂപത്തേയും നിങ്ങൾ  സ്നേഹപുരസ്സരം നോക്കണം. അത് നിങ്ങളിൽ എന്റെ ഓർമ്മയുണർത്തുന്നു. അതു നിങ്ങളുടെ മദ്ധ്യേയുള്ള എന്റെ സാന്നിദ്ധ്യത്തിന്റെ  ഒരു പ്രത്യേക അടയാളമായിത്തീരുന്നു.
                   എന്റെ സ്വരൂപത്തിനു നൽകപ്പെടുന്ന ഈ യുക്തമായ വണക്കം, എനിക്കു് എത്രത്തോളം പ്രിയങ്കരമാണെന്നുള്ളതിന്റെ ഒരടയാളം ഈ കൊച്ചു സ്വരൂപത്തിലൂടെ ഞാൻ   പ്രവർത്തിക്കുന്ന കാര്യങ്ങൾ തന്നെയാണ്. മൂന്നുവിധത്തിലുള്ള അടയാളങ്ങൾ എന്റെ സ്വരൂപത്തിലൂടെ  നിങ്ങൾക്ക് ഞാൻ തരുന്നു. പെട്ടെന്ന് സജീവങ്ങളാകുന്ന എന്റെ കണ്ണുകൾ, മാറിവരുന്ന എന്റെ മുഖത്തിന്റെ നിറം, സുഗന്ധം പുറപ്പെടുവിക്കുന്ന എന്റെ ഹൃദയം. ഈ അടയാളങ്ങൾ ചിലപ്പോൾ വളരെ മൃദുലവും മറ്റുചിലപ്പോൾ വളരെ ശക്തവുമായിരിക്കും. 
                        കണ്ണുകളിൽ ഞാൻ അടയാളം തരുന്നത്,  ദയാമസൃണമായ കണ്ണുകളോടെ ഞാൻ നിങ്ങളെ   കാക്കുന്നു എന്നു നിങ്ങളെ ഗ്രഹിപ്പിക്കാനാണ്. ഞാനൊരിക്കലും നിങ്ങളിൽനിന്നകലെയല്ല. 
                        എന്റെ മുഖത്തിനു  നൽകുന്ന നിറത്തിന്റെ അടയാളത്താൽ ഞാൻ എല്ലാവരുടേയും അമ്മയാണെന്ന് നിങ്ങളെ ഗ്രഹിപ്പിക്കാൻ  ഞാനാഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞാൻ പങ്കുചേരുന്നു. നിങ്ങളുടെ എല്ലാ  സന്തോഷങ്ങളിലും ഞാൻ       ആനന്ദിക്കുന്നു. നിങ്ങളുടെ നിരവധിയായ  കഷ്ടപ്പാടുകളിൽ ഞാനും സഹിക്കുന്നു.
                         ഒരമ്മ സന്തോഷവതിയായിരിക്കുമ്പോൾ അവളുടെ മുഖത്തിന്റെ  നിറം റോസാപ്പുഷ്പത്തിന്റേതു പോലെ ആയിത്തീരുന്നു. അവൾ, തന്റെ മക്കളുടെ ദുർവ്വിധിയെപ്പറ്റി വിഷാദചിത്തയാകുമ്പോൾ അവളുടെ മുഖം വിളറിയിരിക്കുന്നതായി നിങ്ങൾക്കു കാണാം. ഭൂമിയിലുള്ള ഒരമ്മയ്ക്ക് ഇപ്രകാരം സംഭവിക്കുന്നുവെങ്കിൽ എനിക്കും അങ്ങനെതന്നെ സംഭവിക്കുന്നു. നിങ്ങൾ സഹിക്കുമ്പോൾ ഞാനും സഹിക്കുന്നു; നിങ്ങൾ സന്തോഷിക്കുമ്പോൾ ഞാനും സന്തോഷിക്കുന്നു. നിങ്ങൾ    നല്ലവരായിരിക്കുമ്പോൾ ഞാൻ ആനന്ദിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുമ്പോൾ എന്റെ മുഖം പ്രോജ്ജ്വലമാകുന്നു. കാരണം അപ്പോൾ നിങ്ങളെന്നെ ആനന്ദിപ്പിക്കുകയാണ്.
                               ചിലപ്പോൾ കൂടുതലായും ചിലപ്പോൾ  കുറവായും ഞാൻ പരത്തുന്ന പരിമളത്താൽ,  സദാസമയവും, വിശിഷ്യാ എന്റെ സഹായം കൂടുതൽ ആവശ്യമുള്ള അവസരങ്ങളിൽ, ഞാൻ      നിങ്ങളോടുകൂടെ ഉണ്ടെന്ന കാര്യം നിങ്ങൾ ഗ്രഹിക്കണമെന്ന് ഞാനഭിലഷിക്കുന്നു. ആകയാൽ, എന്റെ സാന്നിദ്ധ്യത്തിന്റെ  അടയാളമാണത്.
                            ആ സുഗന്ധം നിങ്ങൾക്കനുഭവപ്പെടുന്നില്ലെങ്കിൽ, അഥവാ അൽപ്പം മാത്രമേ അനുഭവപ്പെടുന്നുള്ളുവെങ്കിൽ അതിന്റെ കാരണം ഞാൻ നിങ്ങളെ    സ്നേഹിക്കാത്തതുകൊണ്ടോ നിങ്ങൾ ദുഷ്ടരായതുകൊണ്ടോ ആണെന്നു വിചാരിക്കരുത്. ഒരമ്മ,  തന്റെ സഹായം  കൂടുതൽ  ആവശ്യമുള്ളവരെ പ്രത്യേക  മമതയോടെ സ്നേഹിക്കുന്നു.

                         ദുഃഖത്തിന്റെയും സഹതാപത്തിന്റെയും കണ്ണുനീർ പൊഴിക്കുന്ന എന്റെ ദയാപൂർണ്ണമായ കണ്ണുകളിൽ  നോക്കുക. ലോകത്തിന്റെ പലഭാഗങ്ങളിലും എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരാളമായി പ്രവഹിപ്പിച്ചുകൊണ്ട്, ചിലപ്പോൾ രക്തക്കണ്ണീർ ചിന്തിക്കൊണ്ടു പോലും ഈ അടയാളങ്ങൾ  ഞാൻ നൽകുന്നു.
                     ലോകത്തിൽ നിരവധി സ്ഥലങ്ങളിൽ എന്റെ മാതൃസന്ദേശം ഇപ്പോഴും ഞാൻ നൽകിക്കൊണ്ടിരിക്കുന്നു. എന്റെ മാതൃസാന്നിദ്ധ്യത്തിന് ഒരടയാളമായിട്ടും നിങ്ങളുടെ     ജീവിതത്തിനു സുരക്ഷിതരായ തുണയേകുന്നതിനുമായിട്ടാണ് ഈ സന്ദേശങ്ങൾ ഞാൻ           നൽകുന്നത്. ഞാൻ നിങ്ങളോടുകൂടി ജീവിക്കുന്നു; നിങ്ങൾക്കുവേണ്ടി എല്ലാം തയ്യാറാക്കുന്നു; ഈ സമയത്തുള്ള ശുദ്ധീകരണത്തിന്റെ പ്രയാസമേറിയ വഴികളിലൂടെ നിങ്ങളെ ഞാൻ  കൈപിടിച്ചു നടത്തുന്നു. 
എന്നിൽനിന്ന് ഇത്രത്തോളം സ്വീകരിച്ച നിങ്ങളോട് ഇക്കാര്യം ഞാൻ ആവശ്യപ്പെടുന്നു: "എന്നോടുള്ള നിങ്ങളുടെ സ്നേഹം വർദ്ധിപ്പിക്കുക!!!"

Tuesday, February 22, 2011

സ്വയംബലിയാക്കുന്ന ആത്മാക്കൾ

                                 ഈശോ പറയുന്നു: "ഒരു സൃഷ്ടി, അതിന്റെ ഉറവിടത്തെക്കുറിച്ചു    ചിന്തിച്ച്    സ്വഭാവാതീത മണ്ഡലത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്നു   മനസ്സിലാക്കുമ്പോൾ,   അവൻ  അരൂപികളായ   ദൈവദൂതന്മാരേക്കാൾ    ശ്രേഷ്ടനായിത്തീരുന്നു. 
ഇത് എപ്പോഴാണ് സംഭവിക്കുക? ഒരു വ്യക്തി പൂർണ്ണമായും എന്റെ ഹിതത്തിൽ ജീവിക്കുമ്പോഴാണ് - പരിപൂർണ്ണമായി സ്വയം എനിക്കു വിട്ടുതരുമ്പോഴാണ് - എനിക്കുവേണ്ടിയും എന്നിലും അല്ലാതെ ജീവിക്കയോ സ്നേഹിക്കയോ പ്രവർത്തിക്കയോ ചെയ്യാതാകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഈ സ്ഥിതിയിലെത്തുമ്പോൾ ആ വ്യക്തി  മാംസത്തെ ദൈവദൂതന്മാരേക്കാൾ ഉയർന്ന സ്ഥാനത്തേക്ക് ഉയർത്തുന്നു. 
ദൈവദൂതന്മാർക്ക് മാംസത്തിന്റെ പരീക്ഷണം എന്താണെന്നറിഞ്ഞുകൂടാ. അതിനെ കീഴ്പ്പെടുത്തുന്നതിന്റെ ബഹുമതിയും അവർക്കില്ല. സൃഷ്ടി, തന്റെ ക്രൂശിതനായ ഗുരുവിനോടുള്ള സ്നേഹത്തെപ്രതി, ഈ സ്ഥിതിയിൽ തന്നെത്തന്നെ ക്രൂശിക്കുന്നു.അപ്പോൾ അവൻ, ദൈവദൂതഗണങ്ങളുടെ വിസ്മയത്തിന്റെ വിഷയമായിത്തീരുകയാണ്. എന്നോടുള്ള സ്നേഹത്തെപ്രതി സഹിക്കുവാനോ എന്നെപ്പോലെ ക്രൂശിക്കപ്പെടുവാനോ അവർക്കു സാധിക്കയില്ല. ഞാൻ ലോകത്തിന്റെ രക്ഷകനും നിത്യനായ പിതാവിന്റെ പുത്രനുമാണല്ലോ.
എന്റെ കുരിശിനു ചുറ്റും എന്റെ പുൽക്കൂടിനു ചുറ്റും ഉണ്ടായിരുന്നതുപോലെ, എന്നെ ആരാധിക്കുന്ന ദൈവദൂതഗണങ്ങളുണ്ടായിരുന്നു.  കാരണം, പുൽക്കൂടും കുരിശും രക്ഷകൻ എന്നുള്ള എന്റെ ദൗത്യനിർവഹണത്തിന്റെ ആദിയും അന്ത്യവും ആയിരുന്നു. അതുപോലെ, ഇപ്പോൾ ക്രൂശിതരാകുന്ന ചെറിയ ആത്മാക്കൾക്കു ചുറ്റിലും ദൈവദൂതഗണങ്ങളുണ്ട്. കാരണം, എനിക്കായി മരിക്കുന്ന അത്തരം ആത്മാക്കളിൽ അവർ (ദൈവദൂതന്മാർ) എന്നെക്കാണുന്നു."


(മരിയ വാൾതോർത്തയുടെ 'Victim Souls' ൽ നിന്ന്)

സമ്പൂർണ്ണബലിയുടെ ആത്മാക്കൾ (VICTIM SOULS)


വി. പാദ്രേ പിയോ
          ഈശോ പറയുന്നു: "ഓരോ യുഗത്തിനും അതിന്റേതായ ഭക്തിമുറയുണ്ട്. ലൗകായതികത്വത്തിന്റെ തിരയടികളാൽ ക്ഷോഭിച്ചിരുന്ന ലോകത്തിലാണ് സഭ ജനിച്ചത്. കന്യകകളും സമർപ്പിതരായ ആത്മാക്കളും അജ്ഞാനികളുടെ മദ്ധ്യത്തിലാണ് ജീവിച്ചത്. അവരുടെ മദ്ധ്യത്തിലേക്ക് ക്രിസ്തുവിന്റെ പരിമളം പരത്തി അവർ ലോകത്തെ ക്രിസ്തുവിനായി കീഴടക്കി.
                        പിന്നീട്‌ കർശനമായ വിഭാഗീയതയുടെ കാലമായി. അന്നത്തെ ചിന്താഗതിയിൽ, പരിപൂർണ്ണത പ്രാപിക്കുന്നതിനും ആത്മാക്കളുടെ രക്ഷ തുടർന്നു നടക്കുന്നതിനും ലോകത്തിൽനിന്ന് പിന്മാറി ജീവിക്കേണ്ടത് ആവശ്യമായിരുന്നു. ആശ്രമങ്ങൾ, പർണ്ണശാലകൾ, അടച്ചുകെട്ടിയ മുറികൾ, ഇവയിൽ നിന്നെല്ലാം ത്യാഗത്തിന്റെയും പ്രാർത്ഥനയുടേയും നദികൾ ഭൂമിയിലെല്ലായിടത്തും പരന്നൊഴുകി, ശുദ്ധീകരണസ്ഥലത്തേക്ക് ഒഴുകിയിറങ്ങി, സ്വർഗ്ഗത്തിലേക്ക് ഉയരുകയും ചെയ്തു.
                        പിൽക്കാലത്ത് സന്യാസഭവനങ്ങൾ ഉണ്ടായി. കർമ്മപരമായ ജീവിതത്തിനായി സ്വയം അർപ്പിച്ച അവർ, ആശുപത്രികൾ, അഭയകേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ എന്നിവയുണ്ടാക്കി.  ക്രിസ്തുമതത്തിന്റെ ഈ പുതിയ ഭാവം  സമൂഹത്തിന് പ്രയോജനപ്രദമായി.
                                എന്നാൽ ഇപ്പോൾ, കഠിനമായ അജ്ഞാനാന്ധകാരം ബാധിച്ചിരിക്കുന്ന  ലോകത്തിൽ - പൈശാചികമാം വിധം  ഗോപ്യമായ വിഗ്രഹാരാധന കൊണ്ട് നിറഞ്ഞിരിക്കുന്ന ലോകത്തിൽ - സമർപ്പിതരായ ആത്മാക്കളെ ആവശ്യമുണ്ട്. അവർ തങ്ങളുടെ ധ്യാനാത്മകതയും കർമ്മനിരതയും  ഒറ്റവാക്കിൽ സംഗ്രഹിക്കുന്നു: "സമ്പൂർണ്ണബലിയുടെ ആത്മാക്കൾ."
                     സ്നേഹത്തിന്റെ ഏറ്റവും ശ്രേഷ്ടമായ രൂപമാണ് സ്വയംബലിയാക്കുക എന്നു മനസ്സിലാക്കുന്ന ഈ ആത്മാക്കൾക്കു മാത്രമേ എന്റെ ആത്മബലിയുടെ അർത്ഥം മനസ്സിലാക്കുവാനും എന്നെ അനുകരിക്കുവാനും കഴിയുന്നുള്ളൂ.
                           സഹനത്തിനായി സമ്പൂർണ്ണ സമർപ്പണം ചെയ്തിരിക്കുന്ന ഈ ആത്മാക്കൾ, സ്നേഹത്തെ, എന്റെ സ്നേഹത്തിന് അനുരൂപമായ വിധത്തിൽ ഉയർത്തുന്നു. എന്നെപ്രതി അവർ തങ്ങളെത്തന്നെ ബലിയാക്കുന്നു. കാരണം ആത്മാക്കളിൽ ഞാനുണ്ട്. ആരെങ്കിലും ഒരാത്മാവിനെ രക്ഷിക്കുമ്പോൾ, അവർ  ആ ആത്മാവിൽ എന്നെ രക്ഷിക്കുന്നു.
അതിനാൽ, എന്നെപ്രതി സ്വയംബലിയാക്കുന്നവർക്ക് അതിലും വലിയ സ്നേഹം എനിക്കു നൽകാനില്ല."
                             ഒരുവന് സ്വയം ബലിയാക്കിത്തീർക്കുവാൻ എങ്ങനെ കഴിയും? ഇങ്ങനെയാണ് കഴിയുന്നത്: മനസ്സിൽ ഒരൊറ്റ ആഗ്രഹവും ചിന്തയും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ആത്മാക്കളെ രക്ഷിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിക്കണം. ആത്മാക്കൾ വീണ്ടെടുക്കപ്പെടുന്നത് ബലി (ത്യാഗങ്ങൾ) സമർപ്പിക്കുമ്പോഴാണ്. എന്നാൽ ഞാൻ ആശ്വസിപ്പിക്കപ്പെടുന്നത് സ്നേഹത്താലാണ്; സ്നേഹം കെട്ടുപോയ ഹൃദയങ്ങളിൽ അതു കത്തിക്കുമ്പോഴാണ്. ആത്മബലിയായി സമർപ്പിക്കപ്പെട്ട ഒരാത്മാവും സമർപ്പണത്തിനു ശേഷം സ്വന്തമല്ല; നിരന്തരമായ സമർപ്പണമാണത്; സ്വയം നൽകലാണ്; കെടാത്ത തീ പിടിച്ച  ഒരു ജീവിതമാണത്.
                                  ഇതുപോലെ ജീവിക്കാൻ കഴിയുന്നവർക്ക് അദൃശ്യമായ എന്റെ സാന്നിദ്ധ്യം നൽകപ്പെടുന്നു. എന്റെ അപ്പസ്തോലന്മാരും എന്റെ രക്തസാക്ഷികളും എവിടെയുണ്ടോ അവിടെ ഞാനുമുണ്ട്. ബലിജീവിതം നയിക്കുന്നവർ അപ്പസ്തോലന്മാരാണ്; രക്തസാക്ഷികളുമാണ്."
                     (ലോകപാപങ്ങളുടെ പരിഹാരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി സ്വന്തം ജീവിതം ബലിയായി ദൈവത്തിനു സമർപ്പിച്ച്  സഹനജീവിതം നയിക്കുന്നവരാണ് victim souls. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഇപ്രകാരം ബലിജീവിതം നയിക്കുന്ന അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആത്മാക്കൾ എക്കാലവുമുണ്ട്.  ഇവരിലധികംപേരും ദൃശ്യമോ അദൃശ്യമോ ആയ പഞ്ചക്ഷതങ്ങൾ വഹിക്കുന്നവരായിരിക്കും.)


Famous Victim souls:
1. St. Padre Pio - mystic, stigmatist and victim soul:
2. St. Foustina Kowalska - mystic and victim soul.
3. St. Gemma Galgani - stigmatist and victim soul.
4. Servant of God Sr. Consolata Betrone - mystic and victim soul.
5. Therese Neumann -  stigmatist and victim soul
6. Servant of God Marthe Robin - Mystic, Stigmatic&Victim    Soul 
7. Maria Valtorta - mystic and victim soul.
8. Blessed Mariam Thresia - Mystic, Stigmatist, and victim soul

Saturday, February 19, 2011

പരിഹാര പ്രാർത്ഥന


           കർത്താവായ ഈശോയേ, നാളിതുവരെയും പലവിധത്തിലും തരത്തിലും രോഗബാധിതരായ എന്റെ മാതാപിതാക്കളേയും കുടുംബാംഗങ്ങളെയും പൂര്‍വികരേയും എന്നേയും അങ്ങേയ്ക്ക് സമര്‍പ്പിച്ച്  തീക്ഷ്ണമായി പ്രാര്‍ ത്ഥിക്കാത്തതിനെക്കുറിച്ച്  ഞാന്‍   ദുഃഖിക്കുന്നു. രക്ഷകനായ ഈശോയേ! എന്റെ വംശത്തിന്റെ മുഴുവനും, പ്രത്യേകിച്ച്, എന്റെ കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടേയും പ്രതിനിധിയായി നിന്നുകൊണ്ട് ഞാന്‍   ഇപ്പോള്‍ അങ്ങേയ്ക്ക്  അര്‍പ്പിക്കുന്ന എന്റെ പ്രാര്‍ത്ഥന കേട്ടു് എന്നേയും  അവരേയും അനുഗ്രഹിക്കേണമേ. എന്നേയും എന്റെ കുടുംബാംഗങ്ങളെയും തകര്‍ക്കുംവിധം എന്നിലും എന്റെ കുടുംബാംഗങ്ങളിലും തലമുറകളിലും ഇതുവരെ സംഭവിച്ചിട്ടുള്ള എല്ലാ ജഡികപാപങ്ങളെ പ്രതിയും പ്രത്യേകിച്ച്,  എന്റെ കുടുംബത്തില്‍  സംഭവിച്ചിട്ടുള്ള വിഗ്രഹാരാധന, അന്ധവിശ്വാസം, കൊലപാതകം, ഭ്രൂണഹത്യ, കലഹങ്ങള്‍, ഇന്നും നിലനില്‍ക്കുന്ന വൈരാഗ്യങ്ങള്‍, അമിത ധനസമ്പാദനം, പ്രകൃതിവിരുദ്ധപാപങ്ങള്‍, പലതരം അനീതികള്‍, അഹങ്കാരം, ലൈംഗികപാപങ്ങള്‍ ഇവയെല്ലാറ്റിനെയും പ്രതി ഞാനങ്ങയോട് മാപ്പു ചോദിക്കുന്നു.
                 കര്‍ത്താവേ, ഞങ്ങളുടെമേല്‍  കരുണയായിരിക്കേണമേ! മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഞങ്ങളുടെ കുടുംബാംഗങ്ങളുടേയും തലമുറകളുടേയും മേല്‍  കരുണയായിരിക്കേണമേ! ഞാനോ എന്റെ കുടുംബാംഗങ്ങളോ പൂര്‍വ്വികരോ തലമുറകളോ അങ്ങയെ നിഷേധിച്ചും ധിക്കരിച്ചും ഉപേക്ഷിച്ചും അന്യദൈവങ്ങളിലേക്കും ആരാധനകളിലേക്കും നീങ്ങിയിട്ടുണ്ടെങ്കില്‍, എല്ലാവര്‍ക്കും വേണ്ടി മനസ്താപത്തോടെ ഞാന്‍    മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ, ഞങ്ങളില്‍  കനിയേണമേ...! ഞങ്ങളെ അങ്ങയുടെ തിരുരക്തത്താല്‍  കഴുകേണമേ..!
                സകല തലമുറകളുടേയും രാജ്ഞിയായ പരിശുദ്ധ അമ്മേ, എന്റെ തലമുറയില്‍ വന്നിരിക്കുന്ന എല്ലാ മക്കളുടേയും ബന്ധനം അഴിക്കുവാന്‍ അമ്മ തമ്പുരാനോടു പറയണമേ, പ്രാര്‍ത്ഥിക്കണമേ!

                         ആമേന്‍

Thursday, February 17, 2011

ദിവ്യകാരുണ്യ അത്ഭുതങ്ങൾ


ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ പരിശുദ്ധ സാന്നിദ്ധ്യത്തെ അവിശ്വസിക്കുന്നവര്‍ കത്തോലിക്കരുടെ ഇടയില്‍ത്തന്നെ ഏറെയുണ്ട്. ഒരു വാഴ്ത്തിയ ചെറിയ ഓസ്തിയില്‍   ദൈവമായ ഈശോ സന്നിഹിതനാണെന്നു വിശ്വസിക്കുവാൻ നമ്മുടെ യുക്തിക്ക് ബുദ്ധിമുട്ടാണ്. എന്നാൽ വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ടു നോക്കുമ്പോൾ അതളുപ്പമാകുന്നു. 

പരിശുദ്ധ കുർബാനയെപ്പറ്റി ഈശോ പറയുന്നു: "സ്നേഹിക്കപ്പെട്ട  എൻ്റെ  അപ്പസ്തോലൻ്റെ (വി. യോഹന്നാൻ ശ്ലീഹാ), സുവിശേഷത്തിന്റെ ആറാം അദ്ധ്യായം നിങ്ങൾ ഭക്ത്യാദരപൂർവ്വം ധ്യാനിച്ച്  വായിച്ചിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു....! അന്ന് ഞാനരുളിച്ചെയ്തു: "സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്..."  ദിവ്യകാരുണ്യം ഒരു ദൈവിക രഹസ്യമാണ്. കൃപ ലഭിച്ചവർ മാത്രം അതു മനസ്സിലാക്കിയാൽ മതി. അന്നു ഞാനതു പറഞ്ഞപ്പോൾ, ഈ വചനം കഠിനമാണെന്ന് പറഞ്ഞ്, സത്യം ഗ്രഹിക്കാതെ,  അനേകർ എന്നെ വിട്ടുപോയി. എന്നാൽ എൻ്റെ അപ്പസ്തോലന്മാർ യാതൊന്നും സംശയിക്കാതെ അതിൽ വിശ്വസിച്ചു. നിങ്ങളും അതുപോലെ വിശ്വസിക്കാൻ പഠിക്കുക."

ലോകത്തിൽ പലയിടങ്ങളിലായി ഇന്നും  നടക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങൾ, നമ്മുടെ വിശ്വാസത്തെ  ഊട്ടിയുറപ്പിക്കുവാൻ പരാപ്തമാണ്. 


കേരളത്തിൽ,  പാലക്കാട്  ജില്ലയിലെ കഞ്ചിക്കോട് എന്ന സ്ഥലത്ത് 1997 ൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. കഞ്ചിക്കോട്ടുള്ള നല്ലിടയൻ പള്ളിയിൽ വച്ച്, 1997 ഒക്ടോബർ 26 ന് പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട  ദിവ്യബലിയിൽ, പരിശുദ്ധ കുർബാന സ്വീകരിച്ച റാണി ജോൺ എന്ന വീട്ടമ്മയുടെ നാവിൽ, തിരുവോസ്തി, ഈശോയുടെ തിരുശ്ശരീര രക്തങ്ങളായി മാറുകയുണ്ടായി. അതിനുശേഷവും ഈ അത്ഭുതം പലതവണ ആവർത്തിച്ചു. (കേരളത്തിലെ ജീവിച്ചിരിക്കുന്ന വിശുദ്ധരിൽ ഒരാളായ റാണിയ്ക്ക് ഈശോയുടെയും പരിശുദ്ധഅമ്മയുടേയും ദർശനങ്ങൾ (വ്യക്തിപരമായി) ഇപ്പോഴും ലഭിക്കുന്നുണ്ട്.)

2001 മേയ് മാസത്തിൽ, തിരുവനന്തപു രം രൂപതയിൽപ്പെട്ട ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേലാലയത്തിൽ ആരാധനയ്ക്കായി എഴുന്നെള്ളിച്ചു വച്ച പരിശുദ്ധ കുർബാനയിൽ,  ശിരസ്സിൽ മുൾമുടിയണിഞ്ഞ നമ്മുടെ കർത്താവിൻ്റെ  രൂപം കാണപ്പട്ടു.


 

Wednesday, February 16, 2011

ദിവ്യകാരുണ്യ ആരാധന

പരിശുദ്ധഅമ്മയുടെ സന്ദേശം
                      "ദിവ്യകാരുണ്യ നാഥനായ ഈശോ, തന്റെ രാജകീയ കൊട്ടാരമാകുന്ന ദേവാലയങ്ങളിൽ തന്റെ വിശ്വാസികളാൽ മാത്രമല്ല, അനേകശതം മാലാഖമാരാലും വിശുദ്ധരാലും ശുദ്ധീകരാത്മക്കളാലും ചുറ്റപ്പെട്ട് വണങ്ങപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന്റെയും കരുണാർദ്രമായ ഭക്തിയുടേയും അടയാളമായി, പരമപരിശുദ്ധ കൂദാശ, വീണ്ടും പുഷ്പങ്ങളാലും ദീപങ്ങളാലും സമലംകൃതമാക്കാൻ നിങ്ങൾ ബദ്ധശ്രദ്ധരാകുക. വിശ്വാസികളുടെ വണക്കത്തിനായി വിശുദ്ധ കുർബ്ബാന അടിക്കടി എഴുന്നെള്ളിച്ചു വയ്ക്കുക. ഇന്നു വളരെയധികം വ്യാപകമായിത്തീർന്നിരിക്കുന്നതും പരമകാഷ്ഠയിലെത്തി നിൽക്കുന്നതും വിവരിക്കാനാവാത്ത വിധം മ്ളേച്ഛവും പൈശാചികവും ദൈവനിന്ദാപരമായ രീതിയിൽ നടത്തപ്പെടുന്നതുമായ കറുത്ത കുർബ്ബാനകൾ മുഖാന്തിരം ദൈവത്തോട് കാണിക്കപ്പെടുന്ന അലക്ഷ്യതയ്ക്കും അപരാധങ്ങൾക്കും നിരവധിയായ ദൈവദോഷങ്ങൾക്കും ഭയാനകമായ ദൈവനിന്ദനത്തിനും പരിഹാരമായി ദിവ്യകാരുണ്യാരാധനയുടെ മണിക്കൂറുകൾ ഇരട്ടിപ്പിച്ചുകൊണ്ട് പ്രതിവിധി ചെയ്യുക.
         ദിവ്യകാരുണ്യത്തിൽ ഈശോ യഥാർത്ഥത്തിൽ സന്നിഹിതനാണ്. എപ്പോൾ നിങ്ങൾ അവനു മുമ്പിൽ പോകുന്നുവോ, അപ്പോൾ അവൻ നിങ്ങളെ കാണുന്നു. എപ്പോൾ നിങ്ങൾ അവനോടു സംസാരിക്കുന്നുവോ, അവൻ നിങ്ങളെ ശ്രവിക്കുന്നു. എപ്പോൾ നിങ്ങൾ അവനോടു് എന്തെങ്കിലും ചോദിക്കുന്നുവോ അപ്പോഴെല്ലാം അവൻ  നിങ്ങളുടെപ്രാർത്ഥന ചെവിക്കൊള്ളുന്നു.
         ലളിതവും നിത്യേനയുള്ളതുമായ ജീവിതാവസ്ഥ ഈശോയോടൊത്തു സ്വീകരിക്കാൻ സക്രാരിക്കു മുന്നിലേക്കു പോകുക. ഈശോയെ നിങ്ങളുടെ  പ്രിയ സ്നേഹിതനും ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്ന വ്യക്തിയും ഏറ്റവുമധികം ആശിക്കാവുന്നവനും സ്നേഹിക്കാവുന്നവനും ആക്കുക. 

               ഈശോയോടുള്ള നിങ്ങളുടെ  സ്നേഹം പറയുക; ഇതു തുടർച്ചയായി ആവർത്തിക്കുക. എന്തെന്നാൽ, ഈ ഒരു കാര്യം മാത്രമാണ് അവനെ അത്യാനന്ദഭരിതനാക്കുന്നത്. അത് എല്ലാ ഒറ്റിക്കൊടുക്കലിനും പരിഹാരമാകും.  "ഈശോയെ, നീ എന്റെ സ്നേഹമാകുന്നു; ഈശോയെ, നീ മാത്രമാണ്  എന്റെ ഉത്ക്കൃഷ്ടസുഹൃത്ത്; ഈശോയെ, ഞാൻ നിന്നെ സ്നേഹിക്കുന്നു; ഈശോയെ, ഞാൻ നീയുമായി സ്നേഹത്തിലാണ് " ഇത് എപ്പോഴും  അവനോടു  പറയുക. നിങ്ങളുടെ   തുടർച്ചയായ സക്രാരിസന്ദർശനം  നിങ്ങളുടെ പരിശുദ്ധിയെ പരിപോഷിപ്പിക്കുകയും പക്വതപ്പെടുത്തുകയും ചെയ്യും."

Monday, February 14, 2011

തിരുസ്വരൂപവണക്കം


                                                    കത്തോലിക്കാ സഭയിലെ തിരുസ്വരൂപ   വണക്കത്തെക്കുറിച്ച്        പെന്തക്കോസ്ത 
വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾ ആക്ഷേപമുന്നയിക്കാറുണ്ട്. നിയമാവർത്തനം 4:15-17 വാക്യങ്ങളാണ് ഇതിനുപോദ്ബലകമായി അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതേ വാക്യങ്ങളുപയോഗിച്ച് കോതമംഗലം സ്വദേശിനിയായ മരിയ സഹോദരി വഴി ഈശോ തന്നെ നമുക്ക് സംശയനിവൃത്തി വരുത്തിത്തരുന്നു. 
(ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച മായയ്ക്ക് ഈശോയോട് പ്രത്യേകമായ സ്നേഹമുണ്ടായിരുന്നതിനാൽ ഈശോ അവളെ തന്നിലേക്കാകർഷിക്കുകയും അങ്ങനെ അവൾ ഒരു ക്രിസ്തീയ വിശ്വാസിയായിത്തീരുകയും ചെയ്തു. എന്നാൽ ഈശോയെപ്പറ്റി അറിയുവാനും ഈശോയോട്  പ്രാർത്ഥിക്കുവാനും അവളെ സഹായിച്ചത് പെന്തക്കോസ്ത
വിഭാഗത്തിൽപ്പെട്ട ഒരു സഹോദരിയായിരുന്നു. സ്വാഭാവികമായും അവൾ ആ സഭയിലെ അംഗമാവുകയും സുവിശേഷം പ്രഘോഷിക്കുവാൻ തീക്ഷ്ണമായി ആഗ്രഹിക്കുകയും ചെയ്തു. ഈശോയെ എത്ര തീക്ഷ്ണമായി സ്നേഹച്ചോ, അതിലുമധികം തീക്ഷ്ണതയോടെ പരിശുദ്ധ അമ്മയെയും ജപമാലയെയും കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെയും അവൾ എതിർത്തിരുന്നു. അങ്ങനെയിരിക്കെ, മരിയ വാൾത്തോർത്തയുടെ 'ദൈവമനുഷ്യന്റെ സ്നേഹഗീത' വായിക്കാനിടയായ അവൾ ആകെ ആശയക്കുഴപ്പത്തിലായി. ഏതു സഭയാണ് സത്യസഭയെന്നും ആരു പറയുന്നതാണ് സത്യമെന്നും അറിയുവാൻ തീവ്രമായി ആഗ്രഹിച്ച അവൾ, അതിനായി ഈശോയോട് നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഈശോ അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുക തന്നെ ചെയ്തു. ഈശോ അവൾക്ക് ദർശനം നൽകുകയും അവളുടെ സംശയങ്ങൾക്കെല്ലാം നിവൃത്തി വരുത്തി, കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങൾ അവളെ പഠിപ്പിച്ചുകൊടുക്കുകയും 'മരിയ'  എന്നു പേരുകൊടുത്ത് കത്തോലിക്കാ തിരുസ്സഭയിലെ അംഗമാക്കുകയും ചെയ്തു.  തിരുസ്വരൂപവണക്കത്തെക്കുറിച്ച് മരിയയുടെ ചോദ്യത്തിന് ഉത്തരമായി  ഈശോ നൽകിയ മറുപടിയാണ് താഴെക്കൊടുത്തിരിക്കുന്നത്.)

മരിയയുടെ ചോദ്യം: "കർത്താവേ, കത്തോലിക്കാ  ദേവാലയങ്ങളിൽ എത്രമാത്രം വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്? എന്നാൽ നിയമാവർത്തനം 4:15-17 ൽ വിഗ്രഹാരാധനക്കെതിരെ അങ്ങ് വ്യക്തമായി പറയുന്നുണ്ടല്ലോ...?"

ഈശോ  പറയുന്നു: "കുഞ്ഞേ, നീ പരിശുദ്ധാത്മാവിന്റെ നിറവോടു കൂടി വചനം (യോഹ. 14:26) വായിക്കാത്തതുകൊണ്ടാണത്. നീ ഏതു വചനം ഉപയോഗിച്ച് എന്നോടു തർക്കിക്കുന്നുവോ ആ തിരുവചനത്തിൽത്തന്നെ അതിനുള്ള മറുപടിയുമുണ്ട്. ഞാൻ ആ വചനം  ആവർത്തിക്കാം; "ഹോറെബിൽവച്ച് ദൈവം നിങ്ങളോടു സംസാരിച്ച ദിവസം, നിങ്ങൾ ഒരു രൂപവും കണ്ടില്ല, അതിനാല്‍,  എന്തിന്റെയെങ്കിലും സാദൃശ്യത്തിൽ വിഗ്രഹങ്ങളുണ്ടാക്കി  നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ..."(നിയമാ: 4:15-17)  അതിനാൽ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുവിൻ. അന്നു നിങ്ങൾ യാതൊരു രൂപവും കണ്ടിരുന്നില്ല. അതുകൊണ്ടാണ് ഒന്നിന്റെയും സാദൃശ്യത്തിൽ  വിഗ്രഹങ്ങളുണ്ടാക്കരുതെന്ന് ഞാൻ കൽപ്പിച്ചത്. എന്നാൽ  ഇന്നു നീ ദൈവത്തെ കണ്ടിട്ടില്ലേ. യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായം ആരംഭിക്കുന്നതു ശ്രദ്ധിക്കൂ; "ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൾ കൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട്‌ സ്പർശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ  അറിയിക്കുന്നു. ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കണ്ടു. അതിനു സാക്ഷ്യം നൽകുകയും  ചെയ്യുന്നു...." കുഞ്ഞേ, നിങ്ങൾ  ദൈവത്തെ കണ്ടു. ദൈവത്തിന്റെ സ്വരം കേട്ടു. ദൈവത്തെ സ്പർശിച്ചറിയുകയും ചെയ്തിരിക്കുന്നു. എന്നിട്ടും ഇനിയും നിങ്ങൾ  ദൈവത്തെ  കണ്ടിട്ടില്ലെന്നു പറയുന്നതെന്തുകൊണ്ടാണ്? പുത്രനായ ദൈവം ഒരു  മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചു. ആ ദൈവപുത്രന്റെ തിരുസ്വരൂപം കാണുമ്പോൾ, കേവലമൊരു മനുഷ്യനെയാണോ നിനക്കോർമ്മ വരുന്നത്? സാക്ഷാൽ ദൈവത്തെത്തന്നെയല്ലേ? അനുതാപം തോന്നാറില്ലേ ഹൃദയത്തിൽ...? ആശ്വാസം തോന്നാറില്ലേ ജീവിതഭാരങ്ങളിൽ...? 

ഇനിയൊരു കാര്യം കൂടി - 'എന്നെക്കാണുന്നന്നവൻ പിതാവിനെയും കാണുന്നു'  എന്ന് യോഹന്നാന്റെ സുവിശേഷത്തിൽ ഞാൻ  അരുളിച്ചെയ്തിട്ടില്ലേ? (യോഹ. 14:8-10) അപ്പോൾ നീ പിതാവിനെയും  പുത്രനെയും കണ്ടുകഴിഞ്ഞു. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ എഴുന്നെള്ളി വന്നുവെന്ന്  സുവിശേഷം സാക്ഷ്യപ്പെടുത്തുന്നില്ലേ? (മത്തായി 3:16) പരിശുദ്ധ  ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും തങ്ങളെത്തന്നെ  വെളിപ്പെടുത്താൻ തിരുമനസ്സായിട്ടും ഇതൊന്നും  അറിയുന്നില്ല എന്നു നീ പറയുന്നതെന്തുകൊണ്ടാണ്? അതുവരെ ദൈവത്തെ  കാണാതിരുന്നതുകൊണ്ടു മാത്രമാണ് അന്ന് പഴയനിയമത്തിൽ നിങ്ങളോടു് വിഗ്രഹങ്ങളുണ്ടാക്കരുതെന്ന് ഞാൻ പറഞ്ഞത്. ഇപ്പോൾ ഈ തിരുസ്വരൂപങ്ങൾ ദൈവത്തെയാണ് അനുസ്മരിപ്പിക്കുന്നതെങ്കിൽ, ദൈവാത്മാവിനെയാണ് നിങ്ങളിലേക്കു കൊണ്ടുവരുന്നതെങ്കിൽ നീ എന്തിനു ഭയപ്പെടണം? ഭയപ്പെടേണ്ട കുഞ്ഞേ, ദൈവത്തിൽ വിശ്വസിക്കുക.."

ഈശോ ജറുസലേം ദേവാലയത്തിൽ


ഈശോ ജറുസലേം ദേവാലയത്തിലേക്കു പ്രവേശിക്കുന്നു. അപ്പസ്തോലന്മാരും ശിഷ്യരുടെ ഒരു വലിയ സംഘവും കൂടെയുണ്ട്.  അവർ മുമ്പോട്ടു നടന്ന് ഇസ്രായേൽക്കാരുടെ അങ്കണത്തിലേക്കു പ്രവേശിച്ചു. 
ദേവാലയത്തിൽ വലിയ തിക്കും തിരക്കുമാണ്. ഈശോ പ്രവേശിച്ചത് എല്ലാവരും ശ്രദ്ധിക്കുന്നു. ഒരു കുശുകുശുപ്പ് ഉടനീളം പരന്നു. സ്വരം കൂടിക്കൂടി വന്ന് പുറജാതിക്കാരുടെ അങ്കണത്തിലേക്കുള്ള പൂമുഖങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന പണ്ഡിതന്മാരുടെ സ്വരത്തെ അമർത്തിക്കളഞ്ഞു. ഈശോ വന്ന വിവരം അറിഞ്ഞപ്പോൾ വിദ്യാർത്ഥികളെല്ലാം നാനാവഴിക്ക് ഓട്ടമായി ഈശോയെ കാണുവാൻ. അതിനാൽ ഈശോ ഇസ്രായേൽക്കാരുടെ അങ്കണത്തിലേക്ക് കടന്നുപോകാനുള്ള ഇടവഴിയിലെത്തിയപ്പോൾ അനേകം പ്രീശരും നിയമജ്ഞരും പുരോഹിതരും നിരീക്ഷകരായിട്ടുണ്ട്. അവർ അടുത്തുചെല്ലുകയോ എന്തെങ്കിലും പറയുകയോ ചെയ്യുന്നില്ല. ഈശോ പ്രാർത്ഥിക്കുന്നത് നിരീക്ഷിക്കുക മാത്രം ചെയ്യുന്നു.
ഈശോ പുറജാതിക്കാരുടെ  അങ്കണത്തിലേക്ക്  തിരിച്ചുപോയി. ആളുകൾ അവനെ അനുഗമിക്കുന്നുണ്ട്. പുറജാതിക്കാരുടെ  അങ്കണത്തിലെ പൂമുഖത്ത്, ഒരു ഗണം ശിഷ്യരുടെ  മദ്ധ്യത്തിൽ ഗമാലിയേൽ നിൽക്കുന്നു. ഈശോ ഗമാലിയേലിന്റെ നേരെ ആയപ്പോൾ അയാൾ ഈശോയുടെ ശാന്തമായ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നു. ഒരു നിമിഷത്തേക്ക് ഈശോ അയാളെയും നോക്കുന്നു. അനന്തരം ഈശോ നടന്നുനീങ്ങുന്നു. ചിലർ ഗമാലിയേലിനോടു ചോദിക്കുന്നു; "ഗുരോ, ഇത് അവൻ തന്നെയാണോ? നീ അവനെക്കുറിച്ച് എന്തുപറയുന്നു? അവൻ ആരാണ്?"
അതേസമയം പുറജാതികളിൽ ഒരുവന്റെ സ്വരം  കേൾക്കുന്നു; "ഗുരുവേ, ഇന്നു ഞങ്ങളോടു് അൽപ്പം സംസാരിക്കണമേ. എല്ലാവരും ഒരു  ദൈവത്തിൽനിന്നു തന്നെയാണു വരുന്നതെന്ന് നീ പറയുന്നു എന്നാണ് ഞങ്ങൾ കേട്ടത്. എന്നാൽ നിന്റെ സഹപൗരന്മാർ പറയുന്നത് ഞങ്ങൾ മൃഗങ്ങളെക്കാൾ അശുദ്ധരാണ് എന്നുതന്നെ. ഈ രണ്ടു ചിന്താഗതികളും തമ്മിൽ എങ്ങനെ യോജിക്കും?"
ഈശോ മറുപടി പറയാൻ ഒരുങ്ങുന്നു. അപ്പോൾ ഒരുവൻ പറയുന്നു; "ഇവൻ സാധാരണക്കാരനായ ഒരു  മനുഷ്യനാണ്. ക്രിസ്തു ഇവനെപ്പോലെ ആയിരിക്കയില്ല. അവനിൽ എല്ലാം പ്രത്യേകതയുള്ളതായിരിക്കും. അവന്റെ രൂപം, പ്രകൃതം, ജനനം എല്ലാം."
ഈശോ ആ വശത്തേക്കു നോക്കിക്കൊണ്ട് ഉയർന്ന സ്വരത്തിൽ പറയുന്നു: "അപ്പോൾ നീ എന്നെ അറിയുന്നു. ഞാൻ എവിടുന്നു വരുന്നുവെന്നും നീ അറിയുന്നു. നിനക്കു തീർച്ചയുണ്ടോ? നിനക്ക് അൽപ്പം അറിയാമല്ലോ? അതിനു് എന്തെങ്കിലും അർത്ഥം നീ കൽപ്പിക്കുന്നുണ്ടോ? അതു പ്രവചനങ്ങൾ നിവൃത്തിതമാക്കുന്നില്ലേ? എന്നാൽ എന്നെക്കുറിച്ച് എല്ലാം നിനക്കറിഞ്ഞുകൂടാ. ഞാൻ ഗൗരവമായിപറയുന്നു, ഞാൻ  സ്വമേധയാ വന്നതല്ല. നിങ്ങൾ വിചാരിക്കുന്നിടത്തുനിന്നും വന്നതുമല്ല. നിങ്ങൾക്കറിഞ്ഞുകൂടാത്ത,  സത്യം തന്നെയായവനാണ് എന്നെ അയച്ചിരിക്കുന്നത്."
കോപത്തിന്റെ സ്വരം ശത്രുക്കളിൽ നിന്നുയരുന്നു. വലിയ അട്ടഹാസവും ബഹളവും. ശത്രുക്കൾ പാഞ്ഞടുക്കുന്നു. ഈശോയെ പിടിക്കാനും ബന്ധിക്കാനുമാണ് ശ്രമം. അപ്പസ്തോലന്മാർ, ശിഷ്യന്മാർ, പുതുയഹൂദർ, പുറജാതികൾ എന്നിവർ അവരെ എതിർക്കുന്നു. ചിലരെല്ലാം ഈശോയുടെ ശത്രുക്കളെ സഹായിക്കുവാൻ ഓടിയടുക്കുന്നു. ഒരുപക്ഷേ അവർ വിജയിക്കുമായിരുന്നു. എന്നാൽ ഗമാലിയേൽ -  ഒന്നിലും ഉൾപ്പെടാതെ ഇതേവരെ വിട്ടുനിന്ന ഗമാലിയേൽ - തന്റെ പരവതാനി വിട്ട് മുമ്പോട്ടു്, ഈശോയുടെ  അരികിലേക്കു വന്നു. പക്ഷേ, ഈശോയെ സംരക്ഷിക്കുന്നവർ അയാളെ പിന്നിലേക്ക് ഓടിച്ചു. അയാൾ ഉച്ചത്തിൽ വിളിച്ചുപറയുന്നു: "അവനെ ഉപദ്രവിക്കരുത്. അവൻ പറയുന്നത് എനിക്കു കേൾക്കണം."
ഗമാലിയേലിന്റെ വാക്കുകൾക്ക് റോമൻ പടയാളികളേക്കാൾ സ്വാധീനമുണ്ട്. ഒരു ചുഴി താഴുന്നതുപോലെ ബഹളം നിന്നു. 
"സംസാരിക്കൂ, നിന്നെ കുറ്റപ്പെടുത്തുന്നവരോട് മറുപടി പറയൂ." ഗമാലിയേൽ ഈശോയോട് ആജ്ഞാപിക്കുന്നു.
ഈശോ അൽപ്പം  മുമ്പോട്ടു നീങ്ങി ശാന്തനായി പ്രസംഗം തുടരുന്നു. ഗമാലിയേൽ  നിന്നിടത്തു തന്നെ നിൽക്കുന്നു. അയാളുടെ ശിഷ്യന്മാർ ഇരിപ്പിടവും പരവതാനിയും എടുത്തുകൊണ്ടു വരുന്നുണ്ട്. എന്നാൽ കണ്ണടച്ച്. നിശ്ചലനായി, തലതാഴ്ത്തി ശ്രദ്ധാപൂർവ്വം നിൽക്കയാണ് ഗമാലിയേൽ.
"നിങ്ങൾ അനീതിയായി എന്നിൽ കുറ്റാരോപണം നടത്തി. ഞാൻ ദൈവദൂഷണം പറഞ്ഞാലെന്നപോലെയാണ്  നിങ്ങൾ  എന്നോടു വർത്തിച്ചത്. ഞാൻ  സംസാരിക്കുന്നത് എന്നെത്തന്നെ ആദരിക്കാനല്ല; പിന്നയോ നിങ്ങൾ  സത്യം അറിയുവാനായി നിങ്ങൾക്കു് പ്രകാശം നൽകാനാണ്. ഞാൻ  സംസാരിക്കുന്നത് എന്റെ സ്വന്തം പേരിലുമല്ല; പ്രത്യുത, നിങ്ങൾ വിശ്വസിക്കുകയും  അതിന്മേൽ ആണയിടുകയും ചെയ്യുന്ന വാക്കുകൾ നിങ്ങളെ ഓർമ്മിപ്പിക്കുവാനാണ്. അവ എനിക്കു  സാക്ഷ്യം വഹിക്കുന്നു. നിങ്ങൾ   എന്നിൽക്കാണുന്നത് നിങ്ങളെപ്പോലെ തന്നെയുള്ള ഒരു മനുഷ്യനെയാണെന്ന് എനിക്കറിയാം; നിങ്ങളെക്കാൾ താണസ്ഥിതിയിലുള്ള ഒരു  മനുഷ്യനെ.. എന്നിട്ടു് ഒരു  മനുഷ്യന് മ്ശിഹായാകാൻ സാധിക്കയില്ല എന്നു നിങ്ങൾ വിശ്വസിക്കുന്നു. അഥവാ, മ്ശിഹാ കുറഞ്ഞപക്ഷം ഒരു   ദൈവദൂതനെങ്കിലും ആയിരിക്കണമെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്. അവന്റെ ജനനം അഗ്രാഹ്യമായ വിധത്തിലായിരിക്കണം. അവന്റെ ജനനത്തിന്റെ നിഗൂഢത നിമിത്തം  ഉളവാകുന്ന അധികാരത്താലായിരിക്കണം അവൻ രാജാവാകുന്നത് എന്നെല്ലാമാണ് നിങ്ങൾ  ചിന്തിക്കുന്നത്. എന്നാൽ എപ്പോഴെങ്കിലും ദൈവം തന്റെ ദൂതന്മാരിൽ ഒരുവനോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഞാൻ   നിനക്കു  ജന്മം തന്നതിനാൽ ഇപ്പോൾ മുതൽ നീ എന്റെ പുത്രനായിരിക്കും എന്ന്. നമ്മുടെ ജനത്തിന്റെ ചരിത്രമായിരിക്കുന്ന ആ ഗ്രന്ഥത്തിൽ, ലോകത്തോളം തന്നെ നിലനിൽക്കുന്ന ആ ഗ്രന്ഥത്തിൽ, എവിടെയെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഇല്ല."
ഗമാലിയേലിന്റെ കൈയിൽ ഒരെഴുത്തുപലകയും ഏതാനും ചചുരുളുകളുമുണ്ട്. അയാൾ ഇരുന്ന് എഴുതുന്നു.
"ക്രിസ്തു ആരായിരിക്കണം? ഒരു ദൈവദൂതനോ? ദൈവദൂതനെക്കാൾ കൂടിയവൻ; ഒരു മനുഷ്യനോ? മനുഷ്യനെക്കാൾ കൂടിയവൻ; ഒരു  ദൈവമോ? അതെ, ഒരു  ദൈവം. പക്ഷേ മനുഷ്യമാംസത്തോടു ചേർന്നിരിക്കുന്നവൻ. കാരണം കുറ്റം ചെയ്ത മാംസത്തിനു പരിപൂർണ്ണ പരിഹാരം ചെയ്യപ്പെടണം. പാപം ചെയ്ത അതേ പദാർത്ഥത്തിലൂടെ എല്ലാം വീണ്ടെടുക്കപ്പെടണം. ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. അതിനാൽ മനുഷ്യനെ  രക്ഷിക്കുന്നതിനും ദൈവവുമായി രമ്യതപ്പെടുത്തുന്നതിനും ദൈവം  മനുഷ്യനെ  അയയ്ക്കുന്നു; പരിപൂർണ്ണനായ ഏക മനുഷ്യനെ അയയ്ക്കുന്നു. ഒരു നരദൈവത്തിനു മാത്രമേ രക്ഷാകർമ്മം നിറവേറ്റുവാനും ദൈവത്തോട് രമ്യതയിലാകുവാനും സാധിക്കയുള്ളൂ എന്നുള്ളത് നീതി മാത്രമാണ്.
പിതാവും പുത്രനും പരസ്പരം സ്നേഹിച്ചു; പരസ്പരം മനസ്സിലാക്കി. പിതാവു പറഞ്ഞു; "ഞാൻ ആഗ്രഹിക്കുന്നു"; അപ്പോൾ പുത്രനും പറഞ്ഞു; "ഞാൻ ആഗ്രഹിക്കുന്നു". പിന്നീട് പുത്രൻ പറഞ്ഞു; "എനിക്കു തരൂ"; അപ്പോൾ പിതാവു പറഞ്ഞു; "എടുത്തുകൊള്ളുക." അപ്പോൾ  വചനം മാംസമായി. അതിന്റെ രൂപീകരണം നിഗൂഢരഹസ്യമാണ്. ഈ മാംസത്തിനു് ഈശോമിശിഹാ, യേശുക്രിസ്തു എന്നുപേരിട്ടു; മനുഷ്യനെ   രക്ഷിക്കാനുള്ളവൻ, രാജ്യത്തിലേക്ക് അവരെ നയിക്കാനുള്ളവൻ, സാത്താനെ പരാജയപ്പെടുത്തി അടിമത്തം തകർക്കാനുള്ളവൻ.
സാത്താനെ  തകർക്കുക ഒരു  ദൈവദൂതനു സാധിക്കയില്ല. മനുഷ്യപുത്രനു  ചെയ്യാൻ കഴിയുന്നത് ഒരു  ദൈവദൂതനു സാധിക്കയില്ല. അതുകൊണ്ടാണ് ഈ വലിയ ജോലി നിർവഹിക്കുവാൻ ദൈവദൂതന്മാരെ വിളിക്കാതെ 'മനുഷ്യനെ' ദൈവം  വിളിച്ചത്. ആ മനുഷ്യൻ ഇതാ! എന്റെ ജനനത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നു. കാഴ്ചയിൽ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ;  ഉത്ഭവത്തിൽ നിങ്ങളെക്കാൾ ശ്രേഷ്ഠൻ; നിങ്ങളിൽനിന്നു വ്യത്യസ്തൻ; മനുഷ്യരിൽ നിന്നു ജനിച്ചവനല്ല; പിന്നെയോ, ദൈവത്തിൽനിന്ന് ജനിച്ചവൻ; അവന്റെ ശുശ്രൂഷക്കായി സമർപ്പിക്കപ്പെട്ടവൻ. ഉയർന്ന ബലിപീഠത്തിനു മുൻപിൽ ലോകത്തിന്റെ പാപപരിഹാരത്തിനായി ബലിയർപ്പകനും ബലിവസ്തുവും ആയവൻ; ഏറ്റം വലിയ നിത്യ പുരോഹിതശ്രേഷ്ഠൻ; മെൽക്കിസ്ദേക്കിന്റെ ക്രമപ്രകാരം പ്രധാനാചാര്യൻ. പേടിക്കയൊന്നും വേണ്ട. ഞാൻ എന്റെ കൈ പ്രധാന പുരോഹിതന്റെ കിരീടത്തിനു വേണ്ടി നീട്ടുകയില്ല. വേറൊരു കിരീടം എനിക്കായി കാത്തിരിക്കുന്നു. 
എന്റെ ഉത്ഭവത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഇല്ല. എന്റെ പ്രവൃത്തികളെക്കുറിച്ചു് നിങ്ങൾക്കറിയാമോ? ഇല്ല. അതിനാൽ അങ്ങനെയും നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും ഞാനാണ് ക്രിസ്തുവെന്ന്. ക്രിസ്തുവിന്റെ ഉത്ഭവം, പ്രകൃതം, ദൗത്യം എന്നിവ ദൈവം   മനുഷ്യർക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതുവരെ അറിയപ്പെടുകയില്ലെന്നാണല്ലോ കരുതപ്പെടുന്നത്. ദൈവത്തിന്റെ ഭയാനകമായ വെളിപ്പെടുത്തൽ, അതിന്റെ  ഭാരത്താൽ തങ്ങളെ ഞെരിച്ചു തകർക്കുന്നതിനു മുമ്പ് അതു വിശ്വസിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാൻ!  നിങ്ങൾ പറയുന്നു; "ഇവൻ നസ്രസ്സുകാരനാണ്; ജോസഫായിരുന്നു ഇവന്റെ അപ്പൻ, മേരിയാണ് ഇവന്റെ അമ്മ." മനുഷ്യനായ ഒരു   പിതാവും  എനിക്കു ജന്മം തന്നില്ല. ദൈവം   എന്ന നിലയ്ക്ക് എന്നെ പ്രസവിച്ച ഒരമ്മ എനിക്കില്ല. എങ്കിലും എനിക്കൊരു ശരീരമുണ്ട്. അരൂപിയുടെ നിഗൂഢമായ പ്രവൃത്തിയാലാണ് എന്റെ ശരീരം എനിക്കു  ലഭിച്ചത്. ഒരു വിശുദ്ധ പേടകത്തിലൂടെ കടന്ന് ഞാൻ  നിങ്ങളുടെയിടയിലേക്കു വന്നു. ഞാൻ  നിങ്ങളെ രക്ഷിക്കും. എന്റെ ശരീരമാകുന്ന പേടകത്തിൽനിന്നു പുറത്തുവന്ന് എന്റെ യഥാർത്ഥരൂപം കാണിച്ചുകൊണ്ടായിരിക്കും അതു നിർവഹിക്കുക. മനുഷ്യരെ രക്ഷിക്കാനായി സ്വയം ബലിയായിത്തീരുന്ന ഒരു  ദൈവത്തിന്റെ  ആത്മാഹുതി പൂർത്തിയാക്കിക്കൊണ്ടായിരിക്കും അതു നിർവഹിക്കുക."
"പിതാവേ, എന്റെ പിതാവേ, സമയത്തിന്റെ ആരംഭത്തിൽ ഞാൻ നിന്നോടു പറഞ്ഞു: "നിന്റെ ഹിതമനുസരിക്കുന്നതിനായി ഇതാ ഞാൻ". സഹിക്കാൻ കഴിയേണ്ടതിന് ഒരു   ശരീരം സ്വീകരിക്കാനായി നിന്നിൽനിന്നു വേർപിരിയുന്നതിനു മുമ്പ് കൃപാവരത്തിന്റെ ആ സമയത്ത്  ഞാൻ നിന്നോടു പറഞ്ഞു: "നിന്റെ ഹിതമനുസരിക്കുന്നതിനായി ഇതാ ഞാൻ". ആർക്കുവേണ്ടി ഞാൻ വന്നിരിക്കുന്നുവോ അവരെ വിശുദ്ധീകരിക്കുന്നതിനായി ഞാൻ വീണ്ടും നിന്നോടു പറയുന്നു; "നിന്റെ ഹിതമനുസരിക്കുന്നതിനായി ഇതാ ഞാൻ!" നിന്റെ ഹിതം നിറവേറ്റിക്കഴിയുന്നതു വരെ ഇതുതന്നെ ഞാൻ  എല്ലായ്പ്പോഴും നിന്നോടു  പറയും."
 ഈശോ കണ്ണുകളടച്ച് രഹസ്യപ്രാർത്ഥനയിൽ ആമഗ്നനായി നിൽക്കുന്നു.
ആളുകൾ കുശുകുശുക്കുന്നു.  പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായില്ല. ദുർമ്മനസ്സുള്ളവർ പരിഹസിക്കുന്നു. "അവനു ഭ്രാന്താണ്"  എന്നു പറഞ്ഞുകൊണ്ട് കവാടങ്ങളിലേക്കു പോകുന്നു.

Friday, February 11, 2011

Anniversary of the Apparition of Lourdes - February 11


"അമലോൽഭവയായി ലൂർദ്ദിൽ പ്രത്യക്ഷയായ നിങ്ങളുടെ സ്വർഗ്ഗീയ മാതാവിന്റെ തേജോപൂർണ്ണമായ  മുഖത്തേക്ക് നിങ്ങൾ ഒന്നു നോക്കുക.  എന്റെ പരിപൂർണ്ണ വെളിപാടിന്റെ കാലഘട്ടത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു എന്നു നിങ്ങളോട് പ്രഖ്യാപിക്കുവാൻ വേണ്ടിയാണ് അന്നു ഞാൻ പ്രത്യക്ഷയായത്. നിങ്ങളുടെ  അന്തിമ വിനാഴികയുടെ ഈ കാലയളവിൽ, ഏതുവഴിയിലൂടെയാണ് നിങ്ങൾ  സഞ്ചരിക്കേണ്ടതെന്ന് മാർഗ്ഗനിർദ്ദേശം നൽകുന്നതിനു വേണ്ടിയാണ് അന്നു ഞാൻ പ്രത്യക്ഷയായത്. നിങ്ങളുടെയും എന്റെയും ശത്രുവായ പിശാചിന്റെ കെണിയിൽ കുടുങ്ങിയ നിങ്ങളെ, മാതൃനിർവ്വിശേഷമായ എന്റെ ദൗത്യത്താൽ വിമോചിതരാക്കുന്നതിനുവേണ്ടിയാണ് അന്നു ഞാൻ പ്രത്യക്ഷയായത്. കഠിന പരീക്ഷണങ്ങളുടെ കാലയളവിൽ നിങ്ങളെ സംഭീതരാക്കുന്ന അപകടങ്ങളെ ചൂണ്ടിക്കാട്ടുക കൂടി എന്റെ ദൗത്യമാണ്.
പ്രാർത്ഥനയെ ഒഴിച്ചുനിർത്തി  പ്രവൃത്തിയിൽ മാത്രം നിങ്ങൾ ശ്രദ്ധിക്കുന്നതാണ് നിങ്ങൾ   അഭിമുഖീകരിക്കുന്ന അപകടങ്ങളിലൊന്ന്. പാപകരമായ ജീവിതം നയിക്കുന്ന എന്റെ കുഞ്ഞുമക്കൾക്ക് മാനസാന്തരത്തിനുള്ള കൃപ ലഭ്യമാകുന്നത് നിങ്ങളുടെ ശക്തമായ  പ്രാർത്ഥനയിലൂടെയാണ്. അതുകൊണ്ടാണ് പാപികളുടെ മാനസാന്തരത്തിനു വേണ്ടി ഒത്തിരി പ്രാർത്ഥിക്കുവാൻ ഞാൻ  നിങ്ങളെ ആഹ്വാനം ചെയ്തത്. അതുകൊണ്ടാണ് എന്റെ വൽസലപുത്രിയായ ബർണഡിറ്റ്
വഴി (വിശുദ്ധ ബർണ്ണദീത്ത) ഞാൻ നിങ്ങളോട്  പറഞ്ഞത്, ഏറ്റവും ശക്തമായതും ഉപകാരപ്രദമായതും ഞാനേറ്റം ആഗ്രഹിക്കുന്നതുമായ പ്രാർത്ഥന ജപമാലയാണെന്ന്."



(പരിശുദ്ധ അമ്മ ഫാദർ സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശങ്ങളിൽ നിന്ന്)

Saturday, February 5, 2011

ഈശോ ബഥനിയിൽ ലാസറസ്സിന്റെ ഭവനത്തിൽ

ഈശോ അപ്പസ്തോലന്മാരോടൊപ്പം ബഥനിയിലെത്തുന്നു. കൂടാരത്തിരുനാളിന് മിക്ക ആളുകളും ജറുസലേമിലേക്കു പോയിരിക്കുന്നതിനാൽ പട്ടണം ആകെ ശാന്തമാണ്. അതിനാൽ ലാസറസ്സിന്റെ വീട്ടിലെത്തുന്നതുവരെ ഒരുത്തരും ഈശോയെ കാണുന്നില്ല. തോട്ടത്തോട് അടുത്തപ്പോൾ  രണ്ടാളുകളെ കാണുന്നു. അവർ ഈശോയെ  തിരിച്ചറഞ്ഞു. അഭിവാദ്യം ചെയ്തശേഷം ചോദിക്കുന്നു: " ഗുരുവേ, നീ ലാസറസ്സിനെ കാണാൻ പോകയാണോ? നീ ചെയ്യുന്നത് വളരെനല്ല കാര്യമാണ്. കാരണം അവനു് അത്രയ്ക്ക് രോഗമായിരിക്കുന്നു. അവന്റെ സഹോദരിമാർ സദാസമയവും കരച്ചിൽതന്നെ. അവനെ ശുശ്രൂഷിച്ചും കരഞ്ഞും അവന്റെ സഹോദരിമാർ വല്ലാതെ ക്ഷീണിച്ചു. അവൻ സദാ നിനക്കായി കാത്ത്  കരഞ്ഞു കൊണ്ടിരിക്കുന്നു.  നിന്നെക്കാണാനുള്ള ആഗ്രഹം ഒന്നു മാത്രമാണ് അവന്റെ ജീവനെ നിലനിർത്തുന്നത് എന്നെനിക്കു തോന്നുന്നു."
"ഞാൻ അവന്റെ പക്കലേക്കാണ് ധൃതിയിൽ പോകുന്നത്. ദൈവം നിന്നോടുകൂടെ."
"എന്നിട്ടു്.... നീ അവനെ സുഖപ്പെടുത്തുമോ?" ജിജ്ഞാസാപൂർവ്വം അവർ ചോദിക്കുന്നു.
"അവന്റെമേലുള്ള ദൈവഹിതം വെളിവാക്കപ്പെടും. കർത്താവിന്റെ ശക്തിയും." അവർക്ക് ഒരുപിടിയും കിട്ടാത്ത ഉത്തരം നൽകിക്കൊണ്ട് ഈശോ വേഗം നടക്കുന്നു. തോട്ടത്തിന്റെ കവാടത്തിലെത്തി.
ഒരു ഭൃത്യൻ ഈശോയെക്കണ്ടു. ഗേറ്റു തുറക്കുകയാണ്. എന്നാൽ സന്തോഷത്തിന്റെ പ്രകടനമൊന്നുമില്ല. ഗേറ്റു തുറന്നശേഷം അയാൾ മുട്ടുകുത്തി ഈശോയെ വണങ്ങി. ദുഃഖത്തോടെ പറയുന്നു; "കർത്താവേ നീ തക്കസമയത്ത് വന്നു. കർത്താവേ, കണ്ണീരിൽ മുങ്ങിയിരിക്കുന്ന ഈ വീട്ടിൽ നിന്റെ വരവ് സന്തോഷം പകരട്ടെ. എന്റെ യജമാനനായ ലാസറസ്സ്..."
"എനിക്കറിയാം. സമാധാനമായിരിക്കൂ. കർത്താവിന്റെ  ഇഷ്ടത്തിനു വഴങ്ങുക. പോയി മാർത്തയെയും മേരിയെയും വിളിക്കുക. ഞാൻ അവരെ കാത്ത് തോട്ടത്തിൽ നിൽക്കും."
ഭൃത്യൻ വേഗം പോയി. ഈശോ അപ്പസ്തോലന്മാരോട് പറഞ്ഞു: "ഞാൻ  ലാസറസ്സിന്റെ  അടുത്തേക്കു പോകയാണ്. നിങ്ങൾ അൽപ്പം വിശ്രമിക്കുക." ഈശോ ഭൃത്യനെ അനുഗമിക്കുന്നു.
ആ സഹോദരിമാർ രണ്ടുപേരും വാതിൽക്കലെത്തി. എന്നാൽ ഈശോയെ മനസ്സിലാക്കുന്നില്ല.  കരച്ചിലും ഉറക്കമൊഴിവും കാരണം അവരുടെ കണ്ണുകൾ അത്രയധികം ക്ഷീണിച്ചിട്ടുണ്ട്. സൂര്യപ്രകാശവും കണ്ണിലേക്ക് അടിച്ചതിനാൽ ഒന്നും മനസ്സിലായില്ല. 
"മാർത്ത,  മേരീ, ഇതു ഞാനാണ്. നിങ്ങൾക്ക് എന്നെ മനസ്സിലാകുന്നില്ലേ?"
"ഓ ! നമ്മുടെ ഗുരുവാണ്." രണ്ടുപേരും  ഒരേസ്വരത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് ഓടിച്ചെന്ന് ഈശോയുടെ കാൽക്കൽ സാഷ്ടാംഗം  വീണ് വണങ്ങുന്നു. തേങ്ങലുകൾ വളരെ ബുദ്ധിമുട്ടി നിയന്ത്രിക്കുന്നുമുണ്ട്. ഈശോ കുനിഞ്ഞ് അവരുടെ  ശിരസ്സിൽ കൈ വയ്ക്കുന്നു. അനുഗ്രഹിക്കുന്നു. എഴുന്നേൽക്കാൻ നിർബന്ധിക്കുന്നു.. "വരൂ. നമുക്ക് ആ മുല്ലപ്പന്തലിന്റെ താഴെ പോയിരിക്കാം. ലാസറസ്സിനെ  വിട്ട് നിങ്ങൾക്കു വരാൻ കഴിയുമോ?"
അവർ തലകുലുക്കി സമ്മതിക്കുന്നു. പടർന്നു കിടക്കുന്ന മുല്ലയുടെ തണലിലേക്ക് അവർ പോയി. 
"ഇനി എന്നോടു് എല്ലാം പറയൂ."
"ഓ! ഗുരുവേ, വളരെ ദുഃഖിതമായ ഒരു വീട്ടിലേക്കാണ് നീ വന്നിരിക്കുന്നത്. ദുഃഖംകൊണ്ട് ഞങ്ങൾ സ്തംഭിച്ചു പോയിരിക്കുന്നു. ഭൃത്യൻ  വന്നു പറഞ്ഞു, 'നിങ്ങളെ ഒരാൾ അന്വേഷിക്കുന്നു'വെന്ന്. നീയായിരിക്കുമെന്ന് ഞങ്ങൾ ചിന്തിച്ചതേയില്ല. ഞങ്ങൾ നിന്നെക്കണ്ടിട്ടും തിരിച്ചറിഞ്ഞതുമില്ല. കണ്ണീർചിന്തൽ ഞങ്ങളുടെ കണ്ണുകളെ ഉണക്കിക്കളഞ്ഞു. ലാസറസ്സ്  മരിക്കയാണ്..."അവർക്കു് സംസാരിക്കാൻ കഴിയുന്നില്ല. 
"ഇപ്പോൾ ഞാൻ  വന്നല്ലോ?"
"അവനെ സുഖപ്പെടുത്താനല്ലേ? ഓ!  എന്റെ കർത്താവേ!" കണ്ണീരിനിടയിൽ പ്രത്യാശ കൊണ്ട് അവളുടെ കണ്ണുകൾ  തിളങ്ങുന്നു.
"ഹാ! ഞാൻ പറഞ്ഞില്ലേ?.... അവൻ വരികയാണെങ്കിൽ ...." സന്തോഷപൂർവ്വം കൈകൾ ചേർത്തുപിടിച്ചുകൊണ്ട് മാർത്ത പറയുന്നു.
"ഓ! മാർത്ത, മാർത്ത, ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചും നിശ്ചയങ്ങളെക്കുറിച്ചും നിനക്കെന്തറിയാം?"
"കഷ്ടം! ഗുരുവേ, നീ അവനെ  സുഖപ്പെടുത്തുകയില്ലേ?" വീണ്ടും ദുഃഖത്തിലേക്ക് വീണ രണ്ടുപേരും കൂടെ ചോദിക്കുന്നു.
"ഞാൻ നിങ്ങളോടു പറയുന്നു; "അതിരില്ലാത്ത പ്രത്യാശ ദൈവത്തിൽ വയ്ക്കുവിൻ. കാലങ്ങളും സൂചനകളും സംഭവങ്ങളും വകവയ്ക്കാതെ ആ പ്രത്യാശയിൽ സ്ഥിരമായി നിൽക്കുവിൻ. നിങ്ങൾ  വൻകാര്യങ്ങൾ കാണും. ഒട്ടും പ്രതീക്ഷയില്ലാത്ത സമയത്ത് നിങ്ങൾ   കാണും. ലാസറസ്സ്  എന്താണു പറയുന്നത്?"
"അവൻ നിന്റെ വാക്കുകളുടെ പ്രതിധ്വനിയാണ്. അവൻ  ഞങ്ങളോടു പറയുന്നു; 'ദൈവത്തിന്റെ കാരുണ്യത്തെയും ശക്തിയെയും സംശയിക്കരുത്. എന്തു സംഭവിച്ചാലും സംശയിക്കരുത്. നിങ്ങളുടെയും എന്റേയും പേർക്ക് അവൻ ഇടപെടും. ' സുഖമുള്ളപ്പോൾ തിരുവെഴുത്തുകൾ അവൻ  ഞങ്ങൾക്കു വ്യാഖ്യാനിച്ചുതരും. നിന്നെക്കുറിച്ച് ഞങ്ങളോടു സംസാരിക്കും... അവൻ  വേറെ കാര്യങ്ങളും പറയുന്നുണ്ട്... അത് കേൾക്കുമ്പോൾ ഞങ്ങൾ  കൂടുതൽ കരയുന്നു." മാർത്ത പറയുന്നു.
"കർത്താവേ, വരൂ." മേരി പറയുന്നു.
അവർ വീട്ടിലേക്കു കടക്കുന്നു. മാർത്ത സഹോദരന്റെ പക്കലേക്കു് പോകയാണ്. മേരി ഈശോയ്ക്ക് ശുശ്രൂഷ ചെയ്യാനാഗ്രഹിക്കുന്നു. എന്നാൽ ഈശോ ലാസറസ്സിന്റെ പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ അവരൊരുമിച്ച് പകുതി ഇരുട്ടായിരിക്കുന്ന,  ബലി പൂർത്തിയാക്കപ്പെടുന്ന ലാസറസ്സിന്റെ മുറിയിലേക്ക് പ്രവേശിക്കുന്നു. 
"ഗുരുവേ"
"എന്റെ സ്നേഹിതാ"
ലാസറസ്സ് തന്റെ ശോഷിച്ച കൈകൾ ഉയർത്തുന്നു. ഈശോ കുനിഞ്ഞ് ഇരുകരങ്ങളും നീട്ടി സ്നേഹിതനെ ആലിംഗനം ചെയ്യുന്നു. ദീർഘമായ ആലിംഗനം. പിന്നീട് ഈശോ സ്നേഹിതനെ  മെല്ലെ കിടത്തി സഹതാപത്തോടെ നോക്കിനിൽക്കുന്നു. പക്ഷേ ലാസറസ്സ് പുഞ്ചിരിതൂകുന്നുണ്ട്. അവന് സന്തോഷമായി. ഒട്ടിപ്പോയ മുഖത്തെ കുഴിഞ്ഞ കണ്ണുകൾ സന്തോഷത്താൽ പ്രകാശിക്കുന്നു.
"നോക്കൂ, ഞാൻ വന്നിരിക്കുന്നു. ഞാൻ  നിന്റെകൂടെ വളരെയധികം സമയം ഉണ്ടായിരിക്കും."
"ഓ! നിനക്കു സാധിക്കയില്ല. എന്റെ കർത്താവേ, അവർ എല്ലാക്കാര്യങ്ങളും എന്നോടു പറയുന്നില്ല. പക്ഷേ നിനക്കു സാധിക്കയില്ല എന്നു പറയാനുംമാത്രം കാര്യങ്ങൾ എനിക്കറിയാം. നിനക്കു് അവർ തരുന്ന ദുഃഖത്തോടുകൂടെ എന്റെ ദുഃഖവും ഞാൻ തരുന്നു. നിന്റെ കരങ്ങളിൽ മരിക്കുവാനുള്ള അനുഗ്രഹം അവർ നിഷേധിക്കുകയാണല്ലോ. നിന്നെ ഞാൻ  സ്നേഹിക്കുന്നതിനാൽ നിന്നെ ഇവിടെ പിടിച്ചുനിർത്തി അപകടത്തിലാക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല. നീ... നീ ഒരുസ്ഥലത്തും അധികം തങ്ങാതെ മാറിമാറിപ്പോകണം. എന്റെ എല്ലാ വീടുകളും നിനക്കായി തുറന്നിട്ടിരിക്കുന്നു. കാവൽക്കാർക്കെല്ലാം നിർദ്ദേശം നൽകിയിട്ടുണ്ട്."
" ലാസറസ്സേ, നിനക്കു നന്ദി. നീ  പറയുന്നത് ഞാൻ സ്വീകരിച്ചിരിക്കുന്നു. എന്നാലും നമ്മൾ പരസ്പരം പലപ്രാവശ്യം കാണും." ഈശോ  വീണ്ടും ലാസറസ്സിനെ നോക്കുന്നു.
"ഗുരുവേ, നീയന്നെ നോക്കുകയാണോ? കണ്ടോ ഞാൻ   എത്രയധികം ക്ഷീണിച്ച് മെലിഞ്ഞു!  ഇല കൊഴിഞ്ഞ മരം പോലെയായി. ശക്തി പോയി. ജീവിതവും തീർന്നു. എന്നാൽ  ഒരു സത്യം പറയട്ടെ; നിന്റെ വിജയം കാണാൻ ഞാൻ ജീവിച്ചിരിക്കയില്ലെങ്കിലും പോകുന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിനക്കെതിരായി വർദ്ധിച്ചുവരുന്ന വിരോധം ഞാൻ കാണുകയില്ലല്ലോ. അതു തടയാൻ എനിക്കു ശക്തിയുമില്ല."
"നിനക്കു്  ശക്തിയില്ലായ്മ ഇല്ല. ഒരിക്കലുമില്ല. നീ നിന്റെ സ്നേഹിതന്റെ ആവശ്യങ്ങൾ കാണുന്നുണ്ട്. എനിക്കു സമാധാനമുള്ള രണ്ട് ഭവനങ്ങളാണുള്ളത്. അവ രണ്ടും ഒരുപോലെ എനിക്കു  പ്രിയപ്പെട്ടവയും.  നസ്രസ്സിലെ വീടും ഈ വീടും.  എന്റെ അമ്മ അവിടെയുണ്ടെങ്കിൽ സ്വർഗ്ഗീയമായ സ്നേഹം, മനുഷ്യപുത്രന് സ്വർഗ്ഗത്തിലെപ്പോലെയുള്ള സ്നേഹം അവിടെ ലഭിക്കുന്നു. ഇവിടെ മനുഷ്യരുടെ സ്നേഹം എനിക്കു  കിട്ടുന്നു. മനുഷ്യപുത്രന്  മനുഷ്യർ നൽകുന്ന സ്നേഹം -   സ്നേഹിതരുടെ വിശ്വസ്തതയും വണക്കവുമുള്ള സ്നേഹം. എന്റെ സ്നേഹിതരേ, നിങ്ങൾക്കു നന്ദി."
"നിന്റെ അമ്മ ഒരിക്കലും ഇവിടെ  വരികയില്ലേ?"
"വസന്തത്തിന്റെ ആരംഭത്തിൽ വരും."
"ഓ! അങ്ങനെയെങ്കിൽ ഞാൻ അവളെ കാണുകയില്ല."
"നീ അവളെ കാണും. ഞാൻ നിന്നോടു പറയുന്നു, നീ എന്നെ വിശ്വസിക്കണം."
"കർത്താവേ, ഞാനെല്ലാം വിശ്വസിക്കുന്നു. വസ്തുതകൾ വെളിവാക്കുന്നില്ലെങ്കിലും. നിന്റെ അപ്പസ്തോലന്മാർ നിന്നോടൊപ്പമില്ലേ?"
"അവർ മാക്സിമിനൂസിനോടു കൂടിയാണ്. അവർ ക്ഷീണിച്ച് തളർന്നിരിക്കുന്നതിനാൽ ക്ഷീണം മാറ്റുന്നു."
"നീ വളരെയധികം  നടക്കുകയായിരുന്നോ?"
"ഉവ്വ്, വളരെയധികം, വിശ്രമം കൂടാതെ. അക്കാര്യങ്ങളെല്ലാം ഞാൻ പറയാം. എന്നാൽ  ഇപ്പോൾ നീ വിശ്രമിക്കൂ. നിന്നെ ഞാൻ അനുഗ്രഹിക്കുന്നു." ലാസറസ്സിനെ അനുഗ്രഹിച്ചശേഷം ഈശോ പിൻവാങ്ങി.

Friday, February 4, 2011

ഈശോ വാസുലായ്ക്കു നൽകിയ പ്രാർത്ഥനകൾ


ഈശോയേ, അങ്ങാണ് എന്റെ ഏകസ്നേഹം
ഈശോയേ, അങ്ങാണ് എന്റെ പ്രചോദനവും എന്റെ ആത്മാവിന്റെ ചങ്ങാതിയും
ഈശോയേ അങ്ങു തന്നെയാണ്  എന്റെ പാനപാത്രവും എന്റെ പാനീയവും എന്റെ അനുഗ്രഹവും.
മരണം എന്നെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകുന്നതുവരെ
അങ്ങയുടെ ഹൃദയാന്തർഭാഗത്ത് എന്നെ മറച്ചുവയ്ക്കേണമേ!
എന്റെ ആത്മാവിന്റെ  കാവൽക്കാരനായ ഈശോയേ,
ഞാൻ എവിടെപ്പോയാലും
അങ്ങ് എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. ആമേൻ


എന്റെ ദൈവമേ, അവിടുത്തെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ
എന്റെ പ്രാർത്ഥന ചെവിക്കൊള്ളുന്നവനേ,
എന്റെ കർത്താവേ അവിടുന്ന് വാഴ്ത്തപ്പെട്ടവനാകുന്നു.
എന്റെ ആത്മാവിനെ കുഴിയിൽ നിന്നു കരേറ്റിയവനേ,
അവിടുന്ന്  അത്യുന്നതങ്ങളിൽ നിന്ന്എന്റെ നേരെ നോക്കി.
എന്റെ ആത്മാവിനെ എളിമപ്പെടുത്തി.
അവിടുത്തെ  കാരുണ്യാതിരേകം വാഴ്ത്തപ്പെടട്ടെ.
എന്നെ രക്ഷിക്കുന്നതിനും എനിക്കു സ്വാതന്ത്ര്യം നൽകുന്നതിനുമായി
അവിടുത്തെ ഹൃദയത്തിലേക്ക് അവിടുന്ന്   എന്നെ വലിച്ചടുപ്പിക്കുന്നു.
ദൈവമേ, അവിടുന്നാണ് എന്റെ രക്ഷ.
എന്റെ ധനവും എന്റെ കാഴ്ചയും എന്റെ ജീവനും അവിടുന്നുതന്നെ.
അവിടുന്ന് നിത്യവും എന്റെ ആത്മാവിനെ ആകർഷിക്കുന്നു.
അവിടുത്തെ  സാന്നിദ്ധ്യം മൂലംഎന്റെ ഹൃദയം ആനന്ദിക്കുന്നു.
അവിടുത്തെ  സാന്നിദ്ധ്യത്തിൽ നിന്നു പ്രയോജനം ലഭിക്കാൻ എന്നെ അനുവദിച്ചാലും.
സമാധാനവും സത്യസന്ധതയും സ്നേഹവും ക്ഷമയുടെ ആത്മാവും
എന്റെ ഹൃദയത്തിന്റെ ഓരോ കണികയിലും നിലനിന്നു.
സ്നേഹത്തോടെ അവിടുത്തെ   മഹത്വം പ്രഘോഷിക്കാൻ എനിക്കിടയാകട്ടെ.
എന്റെ പ്രാർത്ഥന  ശ്രവിക്കേണമേ.
അവിടുത്തെ രാജ്യത്ത് കടന്നുവന്നിരിക്കുന്ന
അവിടുത്തെ   അതിഥിയാകുന്നു ഞാൻ.
എനിക്കു് ഉത്തരമരുളേണമേ. ആമേൻ


(ദൈവത്തിലുള്ള യഥാർത്ഥ ജീവിതം- vol.9)

Thursday, February 3, 2011

പരിശുദ്ധഅമ്മയെ സ്തുതിച്ചുകൊണ്ട് അപ്പസ്തോലനായ ജോൺ പാടിയ പാട്ട്


പ്രഭാതനക്ഷത്രമേ വന്ദനം
രാത്രിയുടെ മുല്ലമലരേ
സ്വർഗ്ഗത്തിലെ സ്വർണ്ണചന്ദ്രികയേ
ഈശോയുടെ പരിശുദ്ധയായ അമ്മേ,
യാത്ര ചെയ്യുന്നവരുടെ പ്രതീക്ഷ നീയാണ്.
വേദനിക്കുന്നവരും മരണാസന്നരും
നിന്നെ സ്വപ്നം കാണുന്നു മേരീ..
പരിശുദ്ധയായ  പുണ്യനക്ഷത്രമേ പ്രശോഭിച്ചാലും
നിന്നെ സ്നേഹിക്കുന്നവരുടെ മേൽ പ്രകാശംവീശിയാലും!

Wednesday, February 2, 2011

മനോഹരമായ ഒരുപമ

ഈശോ സെസ്സേറിയാ പട്ടണത്തിൽ ശ്രദ്ധാപൂർവ്വം കാത്തിരിക്കുന്ന ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്.

"ഈ ഉപമ കേൾക്കൂ. അനേകം മക്കളുണ്ടായിരുന്ന ഒരു പിതാവ്, മക്കൾക്കു പ്രായപൂർത്തിയായപ്പോൾ വളരെ വിലയേറിയ രണ്ടു നാണയങ്ങൾ വീതം കൊടുത്തശേഷം പറഞ്ഞു: 'ഇനി നിങ്ങൾക്കുവേണ്ടി ജോലി ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സ്വന്തം നിത്യവൃത്തിക്കായി അദ്ധ്വാനിക്കുവാൻ നിങ്ങൾ പ്രാപ്തരായിട്ടുണ്ട്. അതിനാൽ നിങ്ങൾ ഓരോരുത്തർക്കും ഒരുപോലുള്ള തുക ഞാൻ തരുന്നു. നിങ്ങൾക്കു് ഇഷ്ടമായ വിധത്തിൽ അതുപയോഗിക്കുക. ഞാനിവിടെ കാത്തിരിക്കുന്നുണ്ടാവും. ദൗർഭാഗ്യത്താൽ പണം നഷ്ടപ്പെടുകയോ മറ്റോ ചെയ്താൽ, നിങ്ങൾക്കു്  മാർഗ്ഗനിർദ്ദേശം നൽകുവാനും സഹായിക്കുവാനും ഞാൻ  എപ്പോഴും ഇവിടെയുണ്ടായിരിക്കും. എന്നാൽ മോശമായി പണം ധൂർത്തടിക്കയാണെങ്കിൽ അത് ക്ഷമിക്കപ്പെടുകയില്ല. മടിനിമിത്തം പണം ഉപയോഗിക്കാതെ അതു നഷ്ടപ്പെടുത്തിക്കളയുന്നവരോടും ഞാൻ ക്ഷമിക്കയില്ല. നന്മതിന്മകൾ നിങ്ങളെ ഓരോരുത്തരെയും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ  ജീവിതം എന്താണെന്നറിയാതെയാണ് നിങ്ങൾ അതിനെ നേരിടുന്നതെന്ന് പറയാൻ സാധിക്കയില്ല. ജ്ഞാനത്തോടുകൂടി, നീതിയിലും പരമാർത്ഥതയിലും ജീവിക്കേണ്ടതെങ്ങനെയെന്ന് എന്റെ ജീവിതത്തിലൂടെ ഞാൻ  നിങ്ങൾക്ക് മാതൃക നൽകിയിട്ടുണ്ട്. അതിനാൽ എന്റെ ദുർമാതൃക നിമിത്തം നിങ്ങളെ ഞാൻ ദുഷിപ്പിച്ചെന്നു പറയാൻ സാദ്ധ്യമല്ല. ഞാൻ    എന്റെ കടമ നിർവഹിച്ചു. ഇപ്പോൾ നിങ്ങളുടെ കടമ നിങ്ങൾ നിർവഹിക്കേണ്ട സമയമാണ്.  നിങ്ങൾ  ബുദ്ധിഹീനരോ ഒരുക്കമില്ലാത്തവരോ അറിവില്ലാത്തവരോ അല്ല. എല്ലാവരും പൊയ്ക്കൊള്ളുക.' അവരെയെല്ലാവരേയും വിട്ടശേഷം അയാൾ വീട്ടിൽ കാത്തിരുന്നു.
മക്കൾ പലസ്ഥലങ്ങളിലേക്കു പോയി. എല്ലാവർക്കും തുല്യസ്വത്താണു കിട്ടിയത്. വിലയേറിയ രണ്ടു നാണയങ്ങൾ, നല്ല ആരോഗ്യം, ശക്തി, അറിവ്, പിതാവിന്റെ സന്മാതൃക. അതിനാൽ  എല്ലാവരും ഒരുപോലെ വിജയിക്കേണ്ടതായിരുന്നു. എന്നാൽ എന്താണു സംഭവിച്ചത്? ചിലർ ആ പണം ബുദ്ധിപൂർവ്വം ഉപയോഗിച്ചു. ആത്മാർത്ഥമായി ജോലി ചെയ്ത് അപ്പന്റെ ആഗ്രഹപ്രകാരം സത്യസന്ധരായി ജീവിച്ചു. അവർക്കു വേഗം സ്വത്തുവർദ്ധിച്ചു. മറ്റുചിലർ ആദ്യം ആത്മാർത്ഥമായി വർത്തിച്ചു. എന്നാൽ  പിന്നീട് ധൂർത്തടിച്ചു നശിപ്പിച്ചു. ചിലർ  കൊള്ളരുതാത്ത വ്യാപാരങ്ങൾ നടത്തി. വേറെ ചിലർ ഒന്നും ചെയ്തില്ല. മടി നിമിത്തം ജോലി ചെയ്യാതെ അലസരായി ജീവിച്ചു. അധികം വൈകാതെ അവരുടെ പണമെല്ലാം തീർന്നു.
കുറെ വർഷങ്ങൾക്കുശേഷം പിതാവ് മക്കളെ അന്വേഷിക്കുവാനും കൂട്ടിക്കൊണ്ടുവരുവാനും ഭൃത്യരെ അയച്ചു. "എന്റെ വീട്ടിലേക്കു വരുവാൻ അവരോടു പറയണം. അവർ എന്തുചെയ്തു എന്നതിന്റെ കണക്ക് എനിക്കു കാണണം. അവരുടെ  സ്ഥിതിയെന്ത് എന്നു നേരിട്ടു കാണുവാനും ഞാൻ ആഗ്രഹിക്കുന്നു." ഭൃത്യന്മാർ എല്ലാ സ്ഥലങ്ങളിലേക്കും പോയി തങ്ങളുടെ യജമാനനന്റെ മക്കളെ കണ്ടുപിടിച്ച് സന്ദേശം അവർക്കു കൊടുത്ത് അവരേയും കൂട്ടി തിരിച്ച് വീട്ടിലെത്തി.
പിതാവ് വളരെ ആഘോഷമായി അവരെ സ്വീകരിച്ചു. പുത്രന്മാരുടെ മുഖഭാവത്തിൽ നിന്നുതന്നെ എന്താണു സംഭവിച്ചതെന്നു വ്യക്തമായിരുന്നു. സത്യസന്ധമായി അദ്ധ്വാനിച്ച് പിതാവിന്റെ ഹിതമനുസരിച്ച് നല്ലവരായി ജീവിച്ചവർ സ്വത്തു വർദ്ധിപ്പിച്ചു് അഭിവൃദ്ധിയുള്ളവരായി. അവരെ കാഴ്ചയിൽത്തന്നെ മനസ്സിലാകുമായിരുന്നു. അവർ പിതാവിനെ എളിമയും നന്ദിയും വിജയാഹ്ളാദവും സ്ഫുരിക്കുന്ന പുഞ്ചിരിയോടെ നോക്കി.ചിലർക്ക് ഉന്മേഷമില്ലായ്മയും മനസ്സിടിവും. അവർ ആകെ അലങ്കോലമായി കാണപ്പെടുന്നു. അസന്മാർഗ്ഗികത്വത്തിന്റെയും പട്ടിണിയുടേയും ലക്ഷണങ്ങൾ വ്യക്തമാണ്.ഹീനവും നിഷിദ്ധവുമായ മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിച്ചവരുടെ മുഖത്ത് കഠിനതയും ക്രൂരതയുമാണ്. പിതാവ് അവരോടാണ് ആദ്യം സംസാരിച്ചത്.
"നിങ്ങൾ ഇവിടുന്നു പോയപ്പോൾ എത്ര ശാന്തരായിരുന്നു. ഇപ്പോൾ മനുഷ്യരെ കടിച്ചുകീറാൻ നോക്കുന്ന  കാട്ടുമൃഗങ്ങളെപ്പോലെയുണ്ടല്ലോ.  ഈ സ്വഭാവം എവിടുന്നുകിട്ടി?"
"ജീവിതം ഞങ്ങൾക്കു തന്നതാണ്. ഞങ്ങളെ വീട്ടിൽനിന്നു പറഞ്ഞുവിട്ട നിന്റെ കാർക്കശ്യം കാരണമായി. ലോകത്തോട് ഇടപെടാൻ വിട്ടത് നീയാണ്."
"ലോകത്തിൽ നിങ്ങളെന്തു ചെയ്തു?"
'നീ തന്ന ആ നിസ്സാരപണം കൊണ്ട് ജീവിക്കാൻ ശ്രമിച്ച ഞങ്ങളെക്കൊണ്ട് കഴിയുമായിരുന്നത് ചെയ്തു."


"ശരി, ആ മൂലയിൽ നിൽക്കൂ. ഇനി നിങ്ങളുടെ ഊഴമാണ്. ക്ഷീണിച്ച് അവശരായി രോഗികളെപ്പോലെ തോന്നിക്കുന്ന നിങ്ങൾ  ഈ സ്ഥിതിയിലായതെങ്ങനെ? ഇവിടെനിന്നു പോയപ്പോൾ നിങ്ങൾ ആരോഗ്യമുള്ളവരായിരുന്നല്ലോ?"
"ഞങ്ങളുടെ പണം വേഗം തീർന്നു. ആരംഭമുള്ളതിനെല്ലാം അവസാനവുമുണ്ട്."
"അതെ. അതിൽനിന്നെടുക്കുകയും തിരിച്ചങ്ങോട്ടിടുകയും ചെയ്യാതിരുന്നാൽ. നിങ്ങൾ   എന്തുകൊണ്ടാണ് എടുക്കുക മാത്രം ചെയ്തത്? അദ്ധ്വാനിച്ചിരുന്നെങ്കിൽ നിങ്ങൾക്കു്   അതിനോടു കൂട്ടിച്ചേർക്കാമായിരുന്നു. നിങ്ങളുടെ പണം വർദ്ധിക്കുമായിരുന്നു. ആകട്ടെ, നിങ്ങൾ   മുറിയുടെ നടുവിലേക്ക് മാറി നിൽക്കുക." മടിയന്മാരായ മക്കളോട് പിതാവ് പറഞ്ഞു.
"ഇനി നിങ്ങളുടെ  ഊഴമാണ്. നിങ്ങളെന്താണ് പറയാൻ പോകുന്നത്? നിങ്ങളെക്കണ്ടിട്ട് നിങ്ങൾ   വിശപ്പു സഹിച്ചെന്നു മാത്രമല്ല രോഗികളായിത്തീർന്നുവെന്നും തോന്നുന്നു. നിങ്ങൾക്കെന്താണു പറ്റിയത്? കഠിനാദ്ധ്വാനം മൂലം നിങ്ങൾ   രോഗികളായിത്തീർന്നതാണോ?"
 ചോദ്യം ചെയ്യപ്പെട്ട ചിലരെല്ലാം മുട്ടിന്മേൽ വീണു നെഞ്ചത്തടിച്ചുകൊണ്ടു പറഞ്ഞു: "അപ്പാ, ഞങ്ങളോടു ക്ഷമിക്കണേ. ദൈവം ഞങ്ങളെ ശിക്ഷിച്ചുകഴിഞ്ഞു. ഞങ്ങൾ  അതിന്നർഹരാണ്. എന്നാൽ  ഞങ്ങളുടെ  പിതാവായ നീ ഞങ്ങളോടു ക്ഷമിക്കണേ.. ഞങ്ങൾ   നന്നായി ആരംഭിച്ചു. എന്നാൽ   സ്ഥിരമായി നിന്നില്ല. വളരെ എളുപ്പത്തിൽ ഞങ്ങൾ  സമ്പന്നരായി. അപ്പോൾ ഞങ്ങൾ    പറഞ്ഞു: 'നമ്മുടെ സ്നേഹിതർ പറയുന്നതുപോലെ നമുക്ക് അൽപ്പമായി ആനന്ദിക്കാം. അതിനുശേഷം വീണ്ടും ജോലി ചെയ്ത് പരിഹരിക്കാം.' അങ്ങനെ ഞങ്ങൾ   ചെയ്തു.  രണ്ടുപ്രാവശ്യം,  മൂന്നുപ്രാവശ്യം, ഞങ്ങൾ വിജയിച്ചു. അതു കഴിഞ്ഞപ്പോൾ ഭാഗ്യം ഞങ്ങളെ  കൈവിട്ടു... ഞങ്ങളുടെ  പണം  മുഴുവൻ തീർന്നുപോയി."

"ശരി, നിങ്ങളും മുറിയുടെ നടുവിലേക്ക് മാറിനിൽക്കൂ."

 ആദ്യത്തെ കൂട്ടരോട് പിതാവു ചോദിച്ചു "സമ്പന്നരായി, സമാധാനമായിരിക്കുന്ന എന്റെ മക്കളേ, നിങ്ങൾ എങ്ങനെ ഇതു നേടിയെന്ന് എന്നോടു പറയൂ."
"നിന്റെ പഠിപ്പിക്കൽ, നിന്റെ മാതൃക, നിന്റെ ഉപദേശം, നിന്റെ കൽപ്പനകൾ എല്ലാം ഞങ്ങൾ പ്രവൃത്തിയിലാക്കി. പ്രലോഭനങ്ങളെ ഞങ്ങൾ എതിർത്തു. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞങ്ങൾ  ഇതെല്ലാം ചെയ്തത്."
"വളരെ നന്ന്. നിങ്ങൾ എന്റെ വലതുവശത്തേക്കു വരൂ."

"ഇനിഎന്റെ വിധിതീർപ്പും അതിനുള്ള ന്യായങ്ങളും എല്ലാവരും ശ്രവിച്ചുകൊള്ളുവിൻ.
ഞാൻ      നിങ്ങൾക്കെല്ലാവർക്കും ഒരുപോലെ  പണവും ജ്ഞാനവും മാതൃകയും തന്നു. എന്റെ പുത്രന്മാർ പലവിധത്തിലാണ് അതിനോടു പ്രതികരിച്ചത്. സത്യസന്ധനും കഠിനാദ്ധ്വാനിയും ആത്മനിയന്ത്രണമുള്ളവനുമായ ഒരു പിതാവിൽനിന്നാണ് ഈ മക്കളെല്ലാം ജനിച്ചത്. ചിലർ  അപ്പനെപ്പോലെ, ചിലർ അലസന്മാർ, ചിലർ  വേഗത്തിൽ പ്രലോഭനങ്ങൾക്കു് ഇരയായവർ, ചിലർ വളരെ ക്രൂരന്മാർ. അവർ അവരുടെ   പിതാവിനെ വെറുക്കുന്നു. സഹോദരന്മാരെയും അയൽക്കാരെയും വെറുക്കുന്നു. കഴിവു കുറഞ്ഞവരുടേയും മടിയന്മാരുടേയും ഇടയിൽ തെറ്റു ചെയ്തതിനെക്കുറിച്ച് അനുതാപമുള്ളവരും അനുതാപമില്ലാത്തവരുമുണ്ട്. ഇതാണ് എന്റെ തീരുമാനം. എല്ലാം നന്നായി ചെയ്തവർ ഇപ്പോൾത്തന്നെ എന്റെ വലതുഭാഗത്തുണ്ട്. മഹത്വത്തിലും പ്രവൃത്തിയിലും അവർ എനിക്കു തുല്യരാണ്. അനുതാപമുള്ളവർ, വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികൾക്കു തുല്യരാണ്. അവർ വീണ്ടും എന്റെ കീഴിൽ പരിശീലനം നേടട്ടെ. അനുതാപമില്ലാത്തവരും കുറ്റം ചെയ്തവരും എന്റെ വീട്ടിൽനിന്നു  ബഹിഷ്ക്കരിക്കപ്പെടും. ഒരുകാര്യം നിങ്ങളെ  എല്ലാവരേയും ഞാൻ അനുസ്മരിപ്പിക്കയാണ്. ഓരോ പുത്രന്റെയും വിധിക്കു കാരണക്കാരൻ അവൻ തന്നെയാണ്. കാരണം എല്ലാവർക്കും  ഒരേ ദാനങ്ങളാണ് ഞാൻ നൽകിയത്. എന്നാൽ  അത് പലതരത്തിലായിത്തീർന്നു. അവർക്കു തിന്മ വരുത്തുവാൻ ഞാൻ      ആഗ്രഹിച്ചു എന്ന് എന്നെ കുറ്റപ്പെടുത്തുക സാദ്ധ്യമല്ല."


"ഇതാണ് ഉപമ. ഇതിന്റെ വിശദീകരണം കേൾക്കൂ.
വലിയ കുടുംബത്തിന്റെ പിതാവ്  സ്വർഗ്ഗസ്ഥനായ പിതാവാണു്. മക്കളെ ലോകത്തിലേക്ക് അയയ്ക്കുന്നതിനു മുൻപു കൊടുത്ത വിലയേറിയ നാണയങ്ങൾ  സമയവും സ്വതന്ത്രമനസ്സുമാണ്. ദൈവം ഇത് എല്ലാ മനുഷ്യർക്കും കൊടുക്കുന്നു. അവർക്കിഷ്ടമുള്ളതുപോലെ അവ ഉപയോഗിക്കാം. ദൈവപ്രമാണങ്ങളും നീതിമാന്മാരുടെ ജീവിതമാതൃകകളും നൽകി വേണ്ടതെല്ലാം അവരെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും ഈ ദാനങ്ങൾ ഒരുപോലെ  നൽകപ്പെടുന്നു. എന്നാൽ ഓരോ  മനുഷ്യനും അവനാഗ്രഹമുള്ളതു പോലെ അത് ഉപയോഗിക്കുന്നു. ചിലർ  എല്ലാറ്റിനേയും നിധിയായി കരുതി, സമയം, വിദ്യാഭ്യാസം, സമ്പത്ത് എല്ലാം ശ്രേഷ്ഠമായ കാര്യങ്ങൾക്കായി ഉപയോഗിച്ച് വിശുദ്ധരും സുഖവുമുള്ളവരും വർദ്ധിച്ച സമ്പത്തിന്റെ ഉടമകളുമായിത്തീരുന്നു. ചിലർ  നന്നായി ആരംഭിക്കുന്നു. എന്നാൽ   പെട്ടെന്ന് ക്ഷീണിതരായി എല്ലാം നഷ്ടപ്പെടുത്തുകയാണ്. ചിലർ   തങ്ങളുടെ തെറ്റുകൾക്ക് പിതാവിനെ  കുറ്റപ്പെടുത്തുന്നു. ചിലർക്ക് അനുതാപമുണ്ട്. തെറ്റിനു പരിഹാരം ചെയ്യാനവർ ആഗ്രഹിക്കുന്നുമുണ്ട്. ചിലർക്ക് അനുതാപമില്ല. മറ്റുള്ളവരാണ് തങ്ങളുടെ  നാശത്തിനു കാരണമെന്നു കരുതി അവർ കുറ്റാരോപണം നടത്തുകയും ശപിക്കയും ചെയ്യുന്നു. നീതിമാന്മാർക്ക് ദൈവം  ഉടനടി പ്രതിസമ്മാനം നൽകുകയും അനുതപിക്കുന്നവരോട് കരുണ കാണിച്ച് പരിഹാരം ചെയ്യുവാൻ സമയം കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ അനുതാപവും പരിഹാരവും വഴി പ്രതിസമ്മാനത്തിന് അവരെ അർഹരാക്കുന്നു. അനുതാപരഹിതരായി സ്നേഹത്തെ ചവിട്ടി മെതിക്കുന്നവർക്ക് അവൻ ശാപവും ശിക്ഷയുമാണ് നൽകുന്നത്. ഓരോരുത്തർക്കും  അർഹമായത് അവൻ നൽകുന്നു."