ജാലകം നിത്യജീവൻ: ജപമാല പ്രാർത്ഥന

nithyajeevan

nithyajeevan

Thursday, February 24, 2011

ജപമാല പ്രാർത്ഥന

പരിശുദ്ധഅമ്മയുടെ സന്ദേശം

                                      " പ്രിയ സുതരേ, സാത്താനും അവന്റെ വക്രവും അപകടകരവുമായ പാപവശീകരണങ്ങള്‍ക്കും തിന്മയുടെ ശക്തമായ സൈന്യങ്ങള്‍ക്കുമെതിരെ, കര്‍ത്താവിന്റെ മാലാഖമാര്‍ നിങ്ങള്‍ക്കു നൽകുന്ന വിശേഷസഹായത്തിനു പുറമേ, സുരക്ഷിതവും അജയ്യവുമായ ഒരായുധം കൂടി നിങ്ങൾക്കാവശ്യമായിരിക്കുന്നു. ഈ ആയുധമാണ് നിങ്ങളുടെ പ്രാർത്ഥന.

ശത്രു ഏതു ഭൂവിഭാഗം കീഴ്പ്പെടുത്തിയാലും പ്രാര്‍ത്ഥന കൊണ്ട് എപ്പോഴും അതു തിരിച്ചുപിടിക്കുന്നതിന് നിങ്ങൾക്കു കഴിയും. പ്രാര്‍ത്ഥനയ്ക്ക് വളരെ ശക്തമായ  ഒരു പ്രവര്‍ത്തനശേഷിയുണ്ട്. അത് നന്മയുടെ പ്രതികരണത്തിന്റെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കുന്നു. അണുശക്തിയേക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രാർത്ഥന.

ഞാന്‍ പ്രത്യേകമായി ഇഷ്ടപ്പെടുന്ന പ്രാർത്ഥന പരിശുദ്ധ ജപമാലയാണ്. ജപമാല പ്രാർത്ഥന ഇത്രയും ഫലപ്രദമാകാനുള്ള കാരണമെന്തെന്നോ?
എന്തെന്നാൽ അത് ലളിതവും വിനീതവുമായ പ്രാര്‍ത്ഥനയാണ്. ഇന്ന് സാത്താന്‍ എല്ലാറ്റിനേയും കീഴടക്കിക്കൊണ്ട് വിജയകരമായി മുന്നേറുന്നത്, അഹങ്കാരത്തിന്റെ ചൈതന്യവും ദൈവത്തിനെതിരേയുള്ള പ്രക്ഷോഭണവും കൊണ്ടത്രേ. ചെറുമയുടേയും എളിമയുടേയും  പാതയിലൂടെ നിങ്ങളുടെ സ്വര്‍ഗ്ഗീയ മാതാവിനെ അനുധാവനം ചെയ്യുന്നവരെ അവൻ ഭയപ്പെടുന്നു. ഈ പ്രാര്‍ത്ഥനയെ വലിയവരും അഹങ്കാരികളും പുച്ഛിക്കുമ്പോള്‍, എന്റെ കുഞ്ഞുങ്ങളും പാവപ്പെട്ടവരും ബാലികാബാലന്മാരും വിനീതരും ക്ളേശിക്കുന്നവരും എന്റെ ആഹ്വാനം സ്വീകരിച്ച അനേകം വിശ്വാസികളും അത് വലിയ സ്നേഹത്തോടും ആനന്ദ വായ്പോടും കൂടെ ചൊല്ലുന്നു.
നിങ്ങള്‍  എന്നോടു കൂടി ചൊല്ലുന്ന ഒരു പ്രാർത്ഥനയാണിത്.


നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് നിങ്ങള്‍  എന്നെ ക്ഷണിക്കുമ്പോള്‍ ഞാന്‍ നിങ്ങളുടെ  അഭ്യര്‍ത്ഥന സ്വീകരിക്കുകയും എന്റെ സ്വരം നിങ്ങളുടേതുമായി കലർത്തുകയും എന്റെ പ്രാര്‍ത്ഥന  നിങ്ങളുടേതിനോടുകൂടി ചേർക്കുകയും ചെയ്യുന്നു. തൽഫലമായി, അത് എപ്പോഴും  ഫലപ്രദമായിത്തീരുന്നു. കാരണം, ഞാനപേക്ഷിക്കുന്നത് എപ്പോഴും  എനിക്കു ലഭിക്കുന്നു, അമ്മയുടെ അപേക്ഷയ്ക്ക് "ഇല്ല" എന്നു പറയുവാന്‍   ഈശോയ്ക്ക് ഒരിക്കലും സാദ്ധ്യമല്ല.

തിരുസ്സഭയുടേയും മനുഷ്യരുടേയും സ്വരങ്ങള്‍ സംയോജിക്കുന്ന പ്രാര്‍ത്ഥനയാണിത്. കാരണം, അത്  ഒരു  വ്യക്തിയുടേതു മാത്രമല്ല, സര്‍വ്വരുടേയും നാമത്തിലാണ് ചൊല്ലപ്പെടുന്നത്.

അതിന്റെ രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുമ്പോള്‍, ഈശോയുടെ ജീവിതം മുഴുവനും -  അവന്റെ മനുഷ്യാവതാരം മുതൽ  മഹിമയേറിയ ഉയിര്‍പ്പു വരെയുള്ള അവന്റെ ജീവിതം മുഴുവനും നിങ്ങൾ  ഗ്രഹിക്കുകയും രക്ഷാകരകര്‍മ്മത്തിലേക്ക് അധികമധികം ആഴമായി ചൂഴ്ന്നിറങ്ങുകയും ചെയ്യുന്നു. 
സൂര്യനെ അണിഞ്ഞിരിക്കുന്ന സ്ത്രീയുടെ നേതൃത്വത്തിൽ മഹാസമരം നടത്തുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം പരിശുദ്ധ ജപമാലയാകയാൽ അതു ചൊല്ലാൻ നിങ്ങളുടെ അമ്മ ഇന്നു നിങ്ങളോടാവശ്യപ്പെടുന്നു

എന്റെ ആഹ്വാനത്തിന് നിങ്ങള്‍   പിന്തുണ നൽകുക. പരിശുദ്ധ ജപമാല കൂടെക്കൂടെ ചൊല്ലുക. അപ്പോള്‍ ശക്തിമാനായ ചുവന്ന സര്‍പ്പം ഈ ശൃംഖലയാൽ വിലങ്ങു വയ്ക്കക്കപ്പെടും. അവന്റെ പ്രവൃത്തിമണ്ഡലം കൂടുതൽ ചുരുങ്ങും. അവസാനം അവന്‍ അശക്തനും നിരുപദ്രവിയുമായി മാറുകയും ചെയ്യും."