ഈശോ ജറുസലേം ദേവാലയത്തിലേക്കു പ്രവേശിക്കുന്നു. അപ്പസ്തോലന്മാരും ശിഷ്യരുടെ ഒരു വലിയ സംഘവും കൂടെയുണ്ട്. അവർ മുമ്പോട്ടു നടന്ന് ഇസ്രായേൽക്കാരുടെ അങ്കണത്തിലേക്കു പ്രവേശിച്ചു.
ദേവാലയത്തിൽ വലിയ തിക്കും തിരക്കുമാണ്. ഈശോ പ്രവേശിച്ചത് എല്ലാവരും ശ്രദ്ധിക്കുന്നു. ഒരു കുശുകുശുപ്പ് ഉടനീളം പരന്നു. സ്വരം കൂടിക്കൂടി വന്ന് പുറജാതിക്കാരുടെ അങ്കണത്തിലേക്കുള്ള പൂമുഖങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന പണ്ഡിതന്മാരുടെ സ്വരത്തെ അമർത്തിക്കളഞ്ഞു. ഈശോ വന്ന വിവരം അറിഞ്ഞപ്പോൾ വിദ്യാർത്ഥികളെല്ലാം നാനാവഴിക്ക് ഓട്ടമായി ഈശോയെ കാണുവാൻ. അതിനാൽ ഈശോ ഇസ്രായേൽക്കാരുടെ അങ്കണത്തിലേക്ക് കടന്നുപോകാനുള്ള ഇടവഴിയിലെത്തിയപ്പോൾ അനേകം പ്രീശരും നിയമജ്ഞരും പുരോഹിതരും നിരീക്ഷകരായിട്ടുണ്ട്. അവർ അടുത്തുചെല്ലുകയോ എന്തെങ്കിലും പറയുകയോ ചെയ്യുന്നില്ല. ഈശോ പ്രാർത്ഥിക്കുന്നത് നിരീക്ഷിക്കുക മാത്രം ചെയ്യുന്നു.
ഈശോ പുറജാതിക്കാരുടെ അങ്കണത്തിലേക്ക് തിരിച്ചുപോയി. ആളുകൾ അവനെ അനുഗമിക്കുന്നുണ്ട്. പുറജാതിക്കാരുടെ അങ്കണത്തിലെ പൂമുഖത്ത്, ഒരു ഗണം ശിഷ്യരുടെ മദ്ധ്യത്തിൽ ഗമാലിയേൽ നിൽക്കുന്നു. ഈശോ ഗമാലിയേലിന്റെ നേരെ ആയപ്പോൾ അയാൾ ഈശോയുടെ ശാന്തമായ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നു. ഒരു നിമിഷത്തേക്ക് ഈശോ അയാളെയും നോക്കുന്നു. അനന്തരം ഈശോ നടന്നുനീങ്ങുന്നു. ചിലർ ഗമാലിയേലിനോടു ചോദിക്കുന്നു; "ഗുരോ, ഇത് അവൻ തന്നെയാണോ? നീ അവനെക്കുറിച്ച് എന്തുപറയുന്നു? അവൻ ആരാണ്?"
അതേസമയം പുറജാതികളിൽ ഒരുവന്റെ സ്വരം കേൾക്കുന്നു; "ഗുരുവേ, ഇന്നു ഞങ്ങളോടു് അൽപ്പം സംസാരിക്കണമേ. എല്ലാവരും ഒരു ദൈവത്തിൽനിന്നു തന്നെയാണു വരുന്നതെന്ന് നീ പറയുന്നു എന്നാണ് ഞങ്ങൾ കേട്ടത്. എന്നാൽ നിന്റെ സഹപൗരന്മാർ പറയുന്നത് ഞങ്ങൾ മൃഗങ്ങളെക്കാൾ അശുദ്ധരാണ് എന്നുതന്നെ. ഈ രണ്ടു ചിന്താഗതികളും തമ്മിൽ എങ്ങനെ യോജിക്കും?"
ഈശോ മറുപടി പറയാൻ ഒരുങ്ങുന്നു. അപ്പോൾ ഒരുവൻ പറയുന്നു; "ഇവൻ സാധാരണക്കാരനായ ഒരു മനുഷ്യനാണ്. ക്രിസ്തു ഇവനെപ്പോലെ ആയിരിക്കയില്ല. അവനിൽ എല്ലാം പ്രത്യേകതയുള്ളതായിരിക്കും. അവന്റെ രൂപം, പ്രകൃതം, ജനനം എല്ലാം."
ഈശോ ആ വശത്തേക്കു നോക്കിക്കൊണ്ട് ഉയർന്ന സ്വരത്തിൽ പറയുന്നു: "അപ്പോൾ നീ എന്നെ അറിയുന്നു. ഞാൻ എവിടുന്നു വരുന്നുവെന്നും നീ അറിയുന്നു. നിനക്കു തീർച്ചയുണ്ടോ? നിനക്ക് അൽപ്പം അറിയാമല്ലോ? അതിനു് എന്തെങ്കിലും അർത്ഥം നീ കൽപ്പിക്കുന്നുണ്ടോ? അതു പ്രവചനങ്ങൾ നിവൃത്തിതമാക്കുന്നില്ലേ? എന്നാൽ എന്നെക്കുറിച്ച് എല്ലാം നിനക്കറിഞ്ഞുകൂടാ. ഞാൻ ഗൗരവമായിപറയുന്നു, ഞാൻ സ്വമേധയാ വന്നതല്ല. നിങ്ങൾ വിചാരിക്കുന്നിടത്തുനിന്നും വന്നതുമല്ല. നിങ്ങൾക്കറിഞ്ഞുകൂടാത്ത, സത്യം തന്നെയായവനാണ് എന്നെ അയച്ചിരിക്കുന്നത്."
കോപത്തിന്റെ സ്വരം ശത്രുക്കളിൽ നിന്നുയരുന്നു. വലിയ അട്ടഹാസവും ബഹളവും. ശത്രുക്കൾ പാഞ്ഞടുക്കുന്നു. ഈശോയെ പിടിക്കാനും ബന്ധിക്കാനുമാണ് ശ്രമം. അപ്പസ്തോലന്മാർ, ശിഷ്യന്മാർ, പുതുയഹൂദർ, പുറജാതികൾ എന്നിവർ അവരെ എതിർക്കുന്നു. ചിലരെല്ലാം ഈശോയുടെ ശത്രുക്കളെ സഹായിക്കുവാൻ ഓടിയടുക്കുന്നു. ഒരുപക്ഷേ അവർ വിജയിക്കുമായിരുന്നു. എന്നാൽ ഗമാലിയേൽ - ഒന്നിലും ഉൾപ്പെടാതെ ഇതേവരെ വിട്ടുനിന്ന ഗമാലിയേൽ - തന്റെ പരവതാനി വിട്ട് മുമ്പോട്ടു്, ഈശോയുടെ അരികിലേക്കു വന്നു. പക്ഷേ, ഈശോയെ സംരക്ഷിക്കുന്നവർ അയാളെ പിന്നിലേക്ക് ഓടിച്ചു. അയാൾ ഉച്ചത്തിൽ വിളിച്ചുപറയുന്നു: "അവനെ ഉപദ്രവിക്കരുത്. അവൻ പറയുന്നത് എനിക്കു കേൾക്കണം."
ഗമാലിയേലിന്റെ വാക്കുകൾക്ക് റോമൻ പടയാളികളേക്കാൾ സ്വാധീനമുണ്ട്. ഒരു ചുഴി താഴുന്നതുപോലെ ബഹളം നിന്നു.
"സംസാരിക്കൂ, നിന്നെ കുറ്റപ്പെടുത്തുന്നവരോട് മറുപടി പറയൂ." ഗമാലിയേൽ ഈശോയോട് ആജ്ഞാപിക്കുന്നു.
ഈശോ അൽപ്പം മുമ്പോട്ടു നീങ്ങി ശാന്തനായി പ്രസംഗം തുടരുന്നു. ഗമാലിയേൽ നിന്നിടത്തു തന്നെ നിൽക്കുന്നു. അയാളുടെ ശിഷ്യന്മാർ ഇരിപ്പിടവും പരവതാനിയും എടുത്തുകൊണ്ടു വരുന്നുണ്ട്. എന്നാൽ കണ്ണടച്ച്. നിശ്ചലനായി, തലതാഴ്ത്തി ശ്രദ്ധാപൂർവ്വം നിൽക്കയാണ് ഗമാലിയേൽ.
"നിങ്ങൾ അനീതിയായി എന്നിൽ കുറ്റാരോപണം നടത്തി. ഞാൻ ദൈവദൂഷണം പറഞ്ഞാലെന്നപോലെയാണ് നിങ്ങൾ എന്നോടു വർത്തിച്ചത്. ഞാൻ സംസാരിക്കുന്നത് എന്നെത്തന്നെ ആദരിക്കാനല്ല; പിന്നയോ നിങ്ങൾ സത്യം അറിയുവാനായി നിങ്ങൾക്കു് പ്രകാശം നൽകാനാണ്. ഞാൻ സംസാരിക്കുന്നത് എന്റെ സ്വന്തം പേരിലുമല്ല; പ്രത്യുത, നിങ്ങൾ വിശ്വസിക്കുകയും അതിന്മേൽ ആണയിടുകയും ചെയ്യുന്ന വാക്കുകൾ നിങ്ങളെ ഓർമ്മിപ്പിക്കുവാനാണ്. അവ എനിക്കു സാക്ഷ്യം വഹിക്കുന്നു. നിങ്ങൾ എന്നിൽക്കാണുന്നത് നിങ്ങളെപ്പോലെ തന്നെയുള്ള ഒരു മനുഷ്യനെയാണെന്ന് എനിക്കറിയാം; നിങ്ങളെക്കാൾ താണസ്ഥിതിയിലുള്ള ഒരു മനുഷ്യനെ.. എന്നിട്ടു് ഒരു മനുഷ്യന് മ്ശിഹായാകാൻ സാധിക്കയില്ല എന്നു നിങ്ങൾ വിശ്വസിക്കുന്നു. അഥവാ, മ്ശിഹാ കുറഞ്ഞപക്ഷം ഒരു ദൈവദൂതനെങ്കിലും ആയിരിക്കണമെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്. അവന്റെ ജനനം അഗ്രാഹ്യമായ വിധത്തിലായിരിക്കണം. അവന്റെ ജനനത്തിന്റെ നിഗൂഢത നിമിത്തം ഉളവാകുന്ന അധികാരത്താലായിരിക്കണം അവൻ രാജാവാകുന്നത് എന്നെല്ലാമാണ് നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ എപ്പോഴെങ്കിലും ദൈവം തന്റെ ദൂതന്മാരിൽ ഒരുവനോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഞാൻ നിനക്കു ജന്മം തന്നതിനാൽ ഇപ്പോൾ മുതൽ നീ എന്റെ പുത്രനായിരിക്കും എന്ന്. നമ്മുടെ ജനത്തിന്റെ ചരിത്രമായിരിക്കുന്ന ആ ഗ്രന്ഥത്തിൽ, ലോകത്തോളം തന്നെ നിലനിൽക്കുന്ന ആ ഗ്രന്ഥത്തിൽ, എവിടെയെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഇല്ല."
ഗമാലിയേലിന്റെ കൈയിൽ ഒരെഴുത്തുപലകയും ഏതാനും ചചുരുളുകളുമുണ്ട്. അയാൾ ഇരുന്ന് എഴുതുന്നു.
"ക്രിസ്തു ആരായിരിക്കണം? ഒരു ദൈവദൂതനോ? ദൈവദൂതനെക്കാൾ കൂടിയവൻ; ഒരു മനുഷ്യനോ? മനുഷ്യനെക്കാൾ കൂടിയവൻ; ഒരു ദൈവമോ? അതെ, ഒരു ദൈവം. പക്ഷേ മനുഷ്യമാംസത്തോടു ചേർന്നിരിക്കുന്നവൻ. കാരണം കുറ്റം ചെയ്ത മാംസത്തിനു പരിപൂർണ്ണ പരിഹാരം ചെയ്യപ്പെടണം. പാപം ചെയ്ത അതേ പദാർത്ഥത്തിലൂടെ എല്ലാം വീണ്ടെടുക്കപ്പെടണം. ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. അതിനാൽ മനുഷ്യനെ രക്ഷിക്കുന്നതിനും ദൈവവുമായി രമ്യതപ്പെടുത്തുന്നതിനും ദൈവം മനുഷ്യനെ അയയ്ക്കുന്നു; പരിപൂർണ്ണനായ ഏക മനുഷ്യനെ അയയ്ക്കുന്നു. ഒരു നരദൈവത്തിനു മാത്രമേ രക്ഷാകർമ്മം നിറവേറ്റുവാനും ദൈവത്തോട് രമ്യതയിലാകുവാനും സാധിക്കയുള്ളൂ എന്നുള്ളത് നീതി മാത്രമാണ്.
പിതാവും പുത്രനും പരസ്പരം സ്നേഹിച്ചു; പരസ്പരം മനസ്സിലാക്കി. പിതാവു പറഞ്ഞു; "ഞാൻ ആഗ്രഹിക്കുന്നു"; അപ്പോൾ പുത്രനും പറഞ്ഞു; "ഞാൻ ആഗ്രഹിക്കുന്നു". പിന്നീട് പുത്രൻ പറഞ്ഞു; "എനിക്കു തരൂ"; അപ്പോൾ പിതാവു പറഞ്ഞു; "എടുത്തുകൊള്ളുക." അപ്പോൾ വചനം മാംസമായി. അതിന്റെ രൂപീകരണം നിഗൂഢരഹസ്യമാണ്. ഈ മാംസത്തിനു് ഈശോമിശിഹാ, യേശുക്രിസ്തു എന്നുപേരിട്ടു; മനുഷ്യനെ രക്ഷിക്കാനുള്ളവൻ, രാജ്യത്തിലേക്ക് അവരെ നയിക്കാനുള്ളവൻ, സാത്താനെ പരാജയപ്പെടുത്തി അടിമത്തം തകർക്കാനുള്ളവൻ.
സാത്താനെ തകർക്കുക ഒരു ദൈവദൂതനു സാധിക്കയില്ല. മനുഷ്യപുത്രനു ചെയ്യാൻ കഴിയുന്നത് ഒരു ദൈവദൂതനു സാധിക്കയില്ല. അതുകൊണ്ടാണ് ഈ വലിയ ജോലി നിർവഹിക്കുവാൻ ദൈവദൂതന്മാരെ വിളിക്കാതെ 'മനുഷ്യനെ' ദൈവം വിളിച്ചത്. ആ മനുഷ്യൻ ഇതാ! എന്റെ ജനനത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നു. കാഴ്ചയിൽ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ; ഉത്ഭവത്തിൽ നിങ്ങളെക്കാൾ ശ്രേഷ്ഠൻ; നിങ്ങളിൽനിന്നു വ്യത്യസ്തൻ; മനുഷ്യരിൽ നിന്നു ജനിച്ചവനല്ല; പിന്നെയോ, ദൈവത്തിൽനിന്ന് ജനിച്ചവൻ; അവന്റെ ശുശ്രൂഷക്കായി സമർപ്പിക്കപ്പെട്ടവൻ. ഉയർന്ന ബലിപീഠത്തിനു മുൻപിൽ ലോകത്തിന്റെ പാപപരിഹാരത്തിനായി ബലിയർപ്പകനും ബലിവസ്തുവും ആയവൻ; ഏറ്റം വലിയ നിത്യ പുരോഹിതശ്രേഷ്ഠൻ; മെൽക്കിസ്ദേക്കിന്റെ ക്രമപ്രകാരം പ്രധാനാചാര്യൻ. പേടിക്കയൊന്നും വേണ്ട. ഞാൻ എന്റെ കൈ പ്രധാന പുരോഹിതന്റെ കിരീടത്തിനു വേണ്ടി നീട്ടുകയില്ല. വേറൊരു കിരീടം എനിക്കായി കാത്തിരിക്കുന്നു.
എന്റെ ഉത്ഭവത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഇല്ല. എന്റെ പ്രവൃത്തികളെക്കുറിച്ചു് നിങ്ങൾക്കറിയാമോ? ഇല്ല. അതിനാൽ അങ്ങനെയും നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും ഞാനാണ് ക്രിസ്തുവെന്ന്. ക്രിസ്തുവിന്റെ ഉത്ഭവം, പ്രകൃതം, ദൗത്യം എന്നിവ ദൈവം മനുഷ്യർക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതുവരെ അറിയപ്പെടുകയില്ലെന്നാണല്ലോ കരുതപ്പെടുന്നത്. ദൈവത്തിന്റെ ഭയാനകമായ വെളിപ്പെടുത്തൽ, അതിന്റെ ഭാരത്താൽ തങ്ങളെ ഞെരിച്ചു തകർക്കുന്നതിനു മുമ്പ് അതു വിശ്വസിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാൻ! നിങ്ങൾ പറയുന്നു; "ഇവൻ നസ്രസ്സുകാരനാണ്; ജോസഫായിരുന്നു ഇവന്റെ അപ്പൻ, മേരിയാണ് ഇവന്റെ അമ്മ." മനുഷ്യനായ ഒരു പിതാവും എനിക്കു ജന്മം തന്നില്ല. ദൈവം എന്ന നിലയ്ക്ക് എന്നെ പ്രസവിച്ച ഒരമ്മ എനിക്കില്ല. എങ്കിലും എനിക്കൊരു ശരീരമുണ്ട്. അരൂപിയുടെ നിഗൂഢമായ പ്രവൃത്തിയാലാണ് എന്റെ ശരീരം എനിക്കു ലഭിച്ചത്. ഒരു വിശുദ്ധ പേടകത്തിലൂടെ കടന്ന് ഞാൻ നിങ്ങളുടെയിടയിലേക്കു വന്നു. ഞാൻ നിങ്ങളെ രക്ഷിക്കും. എന്റെ ശരീരമാകുന്ന പേടകത്തിൽനിന്നു പുറത്തുവന്ന് എന്റെ യഥാർത്ഥരൂപം കാണിച്ചുകൊണ്ടായിരിക്കും അതു നിർവഹിക്കുക. മനുഷ്യരെ രക്ഷിക്കാനായി സ്വയം ബലിയായിത്തീരുന്ന ഒരു ദൈവത്തിന്റെ ആത്മാഹുതി പൂർത്തിയാക്കിക്കൊണ്ടായിരിക്കും അതു നിർവഹിക്കുക."
"പിതാവേ, എന്റെ പിതാവേ, സമയത്തിന്റെ ആരംഭത്തിൽ ഞാൻ നിന്നോടു പറഞ്ഞു: "നിന്റെ ഹിതമനുസരിക്കുന്നതിനായി ഇതാ ഞാൻ". സഹിക്കാൻ കഴിയേണ്ടതിന് ഒരു ശരീരം സ്വീകരിക്കാനായി നിന്നിൽനിന്നു വേർപിരിയുന്നതിനു മുമ്പ് കൃപാവരത്തിന്റെ ആ സമയത്ത് ഞാൻ നിന്നോടു പറഞ്ഞു: "നിന്റെ ഹിതമനുസരിക്കുന്നതിനായി ഇതാ ഞാൻ". ആർക്കുവേണ്ടി ഞാൻ വന്നിരിക്കുന്നുവോ അവരെ വിശുദ്ധീകരിക്കുന്നതിനായി ഞാൻ വീണ്ടും നിന്നോടു പറയുന്നു; "നിന്റെ ഹിതമനുസരിക്കുന്നതിനായി ഇതാ ഞാൻ!" നിന്റെ ഹിതം നിറവേറ്റിക്കഴിയുന്നതു വരെ ഇതുതന്നെ ഞാൻ എല്ലായ്പ്പോഴും നിന്നോടു പറയും."
ഈശോ കണ്ണുകളടച്ച് രഹസ്യപ്രാർത്ഥനയിൽ ആമഗ്നനായി നിൽക്കുന്നു.
ആളുകൾ കുശുകുശുക്കുന്നു. പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായില്ല. ദുർമ്മനസ്സുള്ളവർ പരിഹസിക്കുന്നു. "അവനു ഭ്രാന്താണ്" എന്നു പറഞ്ഞുകൊണ്ട് കവാടങ്ങളിലേക്കു പോകുന്നു.