ഈശോ അപ്പസ്തോലന്മാരോടൊപ്പം ബഥനിയിലെത്തുന്നു. കൂടാരത്തിരുനാളിന് മിക്ക ആളുകളും ജറുസലേമിലേക്കു പോയിരിക്കുന്നതിനാൽ പട്ടണം ആകെ ശാന്തമാണ്. അതിനാൽ ലാസറസ്സിന്റെ വീട്ടിലെത്തുന്നതുവരെ ഒരുത്തരും ഈശോയെ കാണുന്നില്ല. തോട്ടത്തോട് അടുത്തപ്പോൾ രണ്ടാളുകളെ കാണുന്നു. അവർ ഈശോയെ തിരിച്ചറഞ്ഞു. അഭിവാദ്യം ചെയ്തശേഷം ചോദിക്കുന്നു: " ഗുരുവേ, നീ ലാസറസ്സിനെ കാണാൻ പോകയാണോ? നീ ചെയ്യുന്നത് വളരെനല്ല കാര്യമാണ്. കാരണം അവനു് അത്രയ്ക്ക് രോഗമായിരിക്കുന്നു. അവന്റെ സഹോദരിമാർ സദാസമയവും കരച്ചിൽതന്നെ. അവനെ ശുശ്രൂഷിച്ചും കരഞ്ഞും അവന്റെ സഹോദരിമാർ വല്ലാതെ ക്ഷീണിച്ചു. അവൻ സദാ നിനക്കായി കാത്ത് കരഞ്ഞു കൊണ്ടിരിക്കുന്നു. നിന്നെക്കാണാനുള്ള ആഗ്രഹം ഒന്നു മാത്രമാണ് അവന്റെ ജീവനെ നിലനിർത്തുന്നത് എന്നെനിക്കു തോന്നുന്നു."
"ഞാൻ അവന്റെ പക്കലേക്കാണ് ധൃതിയിൽ പോകുന്നത്. ദൈവം നിന്നോടുകൂടെ."
"എന്നിട്ടു്.... നീ അവനെ സുഖപ്പെടുത്തുമോ?" ജിജ്ഞാസാപൂർവ്വം അവർ ചോദിക്കുന്നു.
"അവന്റെമേലുള്ള ദൈവഹിതം വെളിവാക്കപ്പെടും. കർത്താവിന്റെ ശക്തിയും." അവർക്ക് ഒരുപിടിയും കിട്ടാത്ത ഉത്തരം നൽകിക്കൊണ്ട് ഈശോ വേഗം നടക്കുന്നു. തോട്ടത്തിന്റെ കവാടത്തിലെത്തി.
ഒരു ഭൃത്യൻ ഈശോയെക്കണ്ടു. ഗേറ്റു തുറക്കുകയാണ്. എന്നാൽ സന്തോഷത്തിന്റെ പ്രകടനമൊന്നുമില്ല. ഗേറ്റു തുറന്നശേഷം അയാൾ മുട്ടുകുത്തി ഈശോയെ വണങ്ങി. ദുഃഖത്തോടെ പറയുന്നു; "കർത്താവേ നീ തക്കസമയത്ത് വന്നു. കർത്താവേ, കണ്ണീരിൽ മുങ്ങിയിരിക്കുന്ന ഈ വീട്ടിൽ നിന്റെ വരവ് സന്തോഷം പകരട്ടെ. എന്റെ യജമാനനായ ലാസറസ്സ്..."
"എനിക്കറിയാം. സമാധാനമായിരിക്കൂ. കർത്താവിന്റെ ഇഷ്ടത്തിനു വഴങ്ങുക. പോയി മാർത്തയെയും മേരിയെയും വിളിക്കുക. ഞാൻ അവരെ കാത്ത് തോട്ടത്തിൽ നിൽക്കും."
ഭൃത്യൻ വേഗം പോയി. ഈശോ അപ്പസ്തോലന്മാരോട് പറഞ്ഞു: "ഞാൻ ലാസറസ്സിന്റെ അടുത്തേക്കു പോകയാണ്. നിങ്ങൾ അൽപ്പം വിശ്രമിക്കുക." ഈശോ ഭൃത്യനെ അനുഗമിക്കുന്നു.
ആ സഹോദരിമാർ രണ്ടുപേരും വാതിൽക്കലെത്തി. എന്നാൽ ഈശോയെ മനസ്സിലാക്കുന്നില്ല. കരച്ചിലും ഉറക്കമൊഴിവും കാരണം അവരുടെ കണ്ണുകൾ അത്രയധികം ക്ഷീണിച്ചിട്ടുണ്ട്. സൂര്യപ്രകാശവും കണ്ണിലേക്ക് അടിച്ചതിനാൽ ഒന്നും മനസ്സിലായില്ല.
"മാർത്ത, മേരീ, ഇതു ഞാനാണ്. നിങ്ങൾക്ക് എന്നെ മനസ്സിലാകുന്നില്ലേ?"
"ഓ ! നമ്മുടെ ഗുരുവാണ്." രണ്ടുപേരും ഒരേസ്വരത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് ഓടിച്ചെന്ന് ഈശോയുടെ കാൽക്കൽ സാഷ്ടാംഗം വീണ് വണങ്ങുന്നു. തേങ്ങലുകൾ വളരെ ബുദ്ധിമുട്ടി നിയന്ത്രിക്കുന്നുമുണ്ട്. ഈശോ കുനിഞ്ഞ് അവരുടെ ശിരസ്സിൽ കൈ വയ്ക്കുന്നു. അനുഗ്രഹിക്കുന്നു. എഴുന്നേൽക്കാൻ നിർബന്ധിക്കുന്നു.. "വരൂ. നമുക്ക് ആ മുല്ലപ്പന്തലിന്റെ താഴെ പോയിരിക്കാം. ലാസറസ്സിനെ വിട്ട് നിങ്ങൾക്കു വരാൻ കഴിയുമോ?"
അവർ തലകുലുക്കി സമ്മതിക്കുന്നു. പടർന്നു കിടക്കുന്ന മുല്ലയുടെ തണലിലേക്ക് അവർ പോയി.
"ഇനി എന്നോടു് എല്ലാം പറയൂ."
"ഓ! ഗുരുവേ, വളരെ ദുഃഖിതമായ ഒരു വീട്ടിലേക്കാണ് നീ വന്നിരിക്കുന്നത്. ദുഃഖംകൊണ്ട് ഞങ്ങൾ സ്തംഭിച്ചു പോയിരിക്കുന്നു. ഭൃത്യൻ വന്നു പറഞ്ഞു, 'നിങ്ങളെ ഒരാൾ അന്വേഷിക്കുന്നു'വെന്ന്. നീയായിരിക്കുമെന്ന് ഞങ്ങൾ ചിന്തിച്ചതേയില്ല. ഞങ്ങൾ നിന്നെക്കണ്ടിട്ടും തിരിച്ചറിഞ്ഞതുമില്ല. കണ്ണീർചിന്തൽ ഞങ്ങളുടെ കണ്ണുകളെ ഉണക്കിക്കളഞ്ഞു. ലാസറസ്സ് മരിക്കയാണ്..."അവർക്കു് സംസാരിക്കാൻ കഴിയുന്നില്ല.
"ഇപ്പോൾ ഞാൻ വന്നല്ലോ?"
"അവനെ സുഖപ്പെടുത്താനല്ലേ? ഓ! എന്റെ കർത്താവേ!" കണ്ണീരിനിടയിൽ പ്രത്യാശ കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങുന്നു.
"ഹാ! ഞാൻ പറഞ്ഞില്ലേ?.... അവൻ വരികയാണെങ്കിൽ ...." സന്തോഷപൂർവ്വം കൈകൾ ചേർത്തുപിടിച്ചുകൊണ്ട് മാർത്ത പറയുന്നു.
"ഓ! മാർത്ത, മാർത്ത, ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചും നിശ്ചയങ്ങളെക്കുറിച്ചും നിനക്കെന്തറിയാം?"
"കഷ്ടം! ഗുരുവേ, നീ അവനെ സുഖപ്പെടുത്തുകയില്ലേ?" വീണ്ടും ദുഃഖത്തിലേക്ക് വീണ രണ്ടുപേരും കൂടെ ചോദിക്കുന്നു.
"ഞാൻ നിങ്ങളോടു പറയുന്നു; "അതിരില്ലാത്ത പ്രത്യാശ ദൈവത്തിൽ വയ്ക്കുവിൻ. കാലങ്ങളും സൂചനകളും സംഭവങ്ങളും വകവയ്ക്കാതെ ആ പ്രത്യാശയിൽ സ്ഥിരമായി നിൽക്കുവിൻ. നിങ്ങൾ വൻകാര്യങ്ങൾ കാണും. ഒട്ടും പ്രതീക്ഷയില്ലാത്ത സമയത്ത് നിങ്ങൾ കാണും. ലാസറസ്സ് എന്താണു പറയുന്നത്?"
"അവൻ നിന്റെ വാക്കുകളുടെ പ്രതിധ്വനിയാണ്. അവൻ ഞങ്ങളോടു പറയുന്നു; 'ദൈവത്തിന്റെ കാരുണ്യത്തെയും ശക്തിയെയും സംശയിക്കരുത്. എന്തു സംഭവിച്ചാലും സംശയിക്കരുത്. നിങ്ങളുടെയും എന്റേയും പേർക്ക് അവൻ ഇടപെടും. ' സുഖമുള്ളപ്പോൾ തിരുവെഴുത്തുകൾ അവൻ ഞങ്ങൾക്കു വ്യാഖ്യാനിച്ചുതരും. നിന്നെക്കുറിച്ച് ഞങ്ങളോടു സംസാരിക്കും... അവൻ വേറെ കാര്യങ്ങളും പറയുന്നുണ്ട്... അത് കേൾക്കുമ്പോൾ ഞങ്ങൾ കൂടുതൽ കരയുന്നു." മാർത്ത പറയുന്നു.
"കർത്താവേ, വരൂ." മേരി പറയുന്നു.
അവർ വീട്ടിലേക്കു കടക്കുന്നു. മാർത്ത സഹോദരന്റെ പക്കലേക്കു് പോകയാണ്. മേരി ഈശോയ്ക്ക് ശുശ്രൂഷ ചെയ്യാനാഗ്രഹിക്കുന്നു. എന്നാൽ ഈശോ ലാസറസ്സിന്റെ പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ അവരൊരുമിച്ച് പകുതി ഇരുട്ടായിരിക്കുന്ന, ബലി പൂർത്തിയാക്കപ്പെടുന്ന ലാസറസ്സിന്റെ മുറിയിലേക്ക് പ്രവേശിക്കുന്നു.
"ഗുരുവേ"
"എന്റെ സ്നേഹിതാ"
ലാസറസ്സ് തന്റെ ശോഷിച്ച കൈകൾ ഉയർത്തുന്നു. ഈശോ കുനിഞ്ഞ് ഇരുകരങ്ങളും നീട്ടി സ്നേഹിതനെ ആലിംഗനം ചെയ്യുന്നു. ദീർഘമായ ആലിംഗനം. പിന്നീട് ഈശോ സ്നേഹിതനെ മെല്ലെ കിടത്തി സഹതാപത്തോടെ നോക്കിനിൽക്കുന്നു. പക്ഷേ ലാസറസ്സ് പുഞ്ചിരിതൂകുന്നുണ്ട്. അവന് സന്തോഷമായി. ഒട്ടിപ്പോയ മുഖത്തെ കുഴിഞ്ഞ കണ്ണുകൾ സന്തോഷത്താൽ പ്രകാശിക്കുന്നു.
"നോക്കൂ, ഞാൻ വന്നിരിക്കുന്നു. ഞാൻ നിന്റെകൂടെ വളരെയധികം സമയം ഉണ്ടായിരിക്കും."
"ഓ! നിനക്കു സാധിക്കയില്ല. എന്റെ കർത്താവേ, അവർ എല്ലാക്കാര്യങ്ങളും എന്നോടു പറയുന്നില്ല. പക്ഷേ നിനക്കു സാധിക്കയില്ല എന്നു പറയാനുംമാത്രം കാര്യങ്ങൾ എനിക്കറിയാം. നിനക്കു് അവർ തരുന്ന ദുഃഖത്തോടുകൂടെ എന്റെ ദുഃഖവും ഞാൻ തരുന്നു. നിന്റെ കരങ്ങളിൽ മരിക്കുവാനുള്ള അനുഗ്രഹം അവർ നിഷേധിക്കുകയാണല്ലോ. നിന്നെ ഞാൻ സ്നേഹിക്കുന്നതിനാൽ നിന്നെ ഇവിടെ പിടിച്ചുനിർത്തി അപകടത്തിലാക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല. നീ... നീ ഒരുസ്ഥലത്തും അധികം തങ്ങാതെ മാറിമാറിപ്പോകണം. എന്റെ എല്ലാ വീടുകളും നിനക്കായി തുറന്നിട്ടിരിക്കുന്നു. കാവൽക്കാർക്കെല്ലാം നിർദ്ദേശം നൽകിയിട്ടുണ്ട്."
" ലാസറസ്സേ, നിനക്കു നന്ദി. നീ പറയുന്നത് ഞാൻ സ്വീകരിച്ചിരിക്കുന്നു. എന്നാലും നമ്മൾ പരസ്പരം പലപ്രാവശ്യം കാണും." ഈശോ വീണ്ടും ലാസറസ്സിനെ നോക്കുന്നു.
"ഗുരുവേ, നീയന്നെ നോക്കുകയാണോ? കണ്ടോ ഞാൻ എത്രയധികം ക്ഷീണിച്ച് മെലിഞ്ഞു! ഇല കൊഴിഞ്ഞ മരം പോലെയായി. ശക്തി പോയി. ജീവിതവും തീർന്നു. എന്നാൽ ഒരു സത്യം പറയട്ടെ; നിന്റെ വിജയം കാണാൻ ഞാൻ ജീവിച്ചിരിക്കയില്ലെങ്കിലും പോകുന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിനക്കെതിരായി വർദ്ധിച്ചുവരുന്ന വിരോധം ഞാൻ കാണുകയില്ലല്ലോ. അതു തടയാൻ എനിക്കു ശക്തിയുമില്ല."
"നിനക്കു് ശക്തിയില്ലായ്മ ഇല്ല. ഒരിക്കലുമില്ല. നീ നിന്റെ സ്നേഹിതന്റെ ആവശ്യങ്ങൾ കാണുന്നുണ്ട്. എനിക്കു സമാധാനമുള്ള രണ്ട് ഭവനങ്ങളാണുള്ളത്. അവ രണ്ടും ഒരുപോലെ എനിക്കു പ്രിയപ്പെട്ടവയും. നസ്രസ്സിലെ വീടും ഈ വീടും. എന്റെ അമ്മ അവിടെയുണ്ടെങ്കിൽ സ്വർഗ്ഗീയമായ സ്നേഹം, മനുഷ്യപുത്രന് സ്വർഗ്ഗത്തിലെപ്പോലെയുള്ള സ്നേഹം അവിടെ ലഭിക്കുന്നു. ഇവിടെ മനുഷ്യരുടെ സ്നേഹം എനിക്കു കിട്ടുന്നു. മനുഷ്യപുത്രന് മനുഷ്യർ നൽകുന്ന സ്നേഹം - സ്നേഹിതരുടെ വിശ്വസ്തതയും വണക്കവുമുള്ള സ്നേഹം. എന്റെ സ്നേഹിതരേ, നിങ്ങൾക്കു നന്ദി."
"നിന്റെ അമ്മ ഒരിക്കലും ഇവിടെ വരികയില്ലേ?"
"വസന്തത്തിന്റെ ആരംഭത്തിൽ വരും."
"ഓ! അങ്ങനെയെങ്കിൽ ഞാൻ അവളെ കാണുകയില്ല."
"നീ അവളെ കാണും. ഞാൻ നിന്നോടു പറയുന്നു, നീ എന്നെ വിശ്വസിക്കണം."
"കർത്താവേ, ഞാനെല്ലാം വിശ്വസിക്കുന്നു. വസ്തുതകൾ വെളിവാക്കുന്നില്ലെങ്കിലും. നിന്റെ അപ്പസ്തോലന്മാർ നിന്നോടൊപ്പമില്ലേ?"
"അവർ മാക്സിമിനൂസിനോടു കൂടിയാണ്. അവർ ക്ഷീണിച്ച് തളർന്നിരിക്കുന്നതിനാൽ ക്ഷീണം മാറ്റുന്നു."
"നീ വളരെയധികം നടക്കുകയായിരുന്നോ?"
"ഉവ്വ്, വളരെയധികം, വിശ്രമം കൂടാതെ. അക്കാര്യങ്ങളെല്ലാം ഞാൻ പറയാം. എന്നാൽ ഇപ്പോൾ നീ വിശ്രമിക്കൂ. നിന്നെ ഞാൻ അനുഗ്രഹിക്കുന്നു." ലാസറസ്സിനെ അനുഗ്രഹിച്ചശേഷം ഈശോ പിൻവാങ്ങി.