ജാലകം നിത്യജീവൻ: സുഗന്ധസാന്നിദ്ധ്യം

nithyajeevan

nithyajeevan

Wednesday, February 23, 2011

സുഗന്ധസാന്നിദ്ധ്യം

(പരിശുദ്ധഅമ്മ ഫാദര്‍ സ്റ്റെഫാനോ ഗോബി വഴി നല്‍കിയ സന്ദേശം)

"പ്രിയസുതരേ, നിങ്ങളുടെ  അമ്മയായ ഞാൻ  എല്ലായ്പ്പോഴും നിങ്ങളോടൊപ്പം സന്നിഹിതയാണെന്നു പറയുവാൻ ഞാനാഗ്രഹിക്കുന്നു. എന്റെ സ്വരൂപം എന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ്. അത് നിങ്ങളുടെ സ്വർഗ്ഗീയ മാതാവിനെപ്പറ്റി നിങ്ങളെ  അനുസ്മരിപ്പിക്കുന്നു.
                       നിങ്ങൾ  സ്നേഹിക്കുന്ന ഒരാളിന്റെ ഫോട്ടോ സ്നേഹത്തോടുകൂടി നിങ്ങള്‍   നോക്കുന്നു. കാരണം, അതു നിങ്ങളില്‍ ഒരോര്‍മ്മയും ഛായയും സൃഷ്ടിക്കുന്നു. അതുപോലെ നിങ്ങളുടെ സ്വർഗ്ഗീയ മാതാവിന്റെ രൂപത്തേയും നിങ്ങൾ  സ്നേഹപുരസ്സരം നോക്കണം. അത് നിങ്ങളിൽ എന്റെ ഓർമ്മയുണർത്തുന്നു. അതു നിങ്ങളുടെ മദ്ധ്യേയുള്ള എന്റെ സാന്നിദ്ധ്യത്തിന്റെ  ഒരു പ്രത്യേക അടയാളമായിത്തീരുന്നു.
                   എന്റെ സ്വരൂപത്തിനു നൽകപ്പെടുന്ന ഈ യുക്തമായ വണക്കം, എനിക്കു് എത്രത്തോളം പ്രിയങ്കരമാണെന്നുള്ളതിന്റെ ഒരടയാളം ഈ കൊച്ചു സ്വരൂപത്തിലൂടെ ഞാൻ   പ്രവർത്തിക്കുന്ന കാര്യങ്ങൾ തന്നെയാണ്. മൂന്നുവിധത്തിലുള്ള അടയാളങ്ങൾ എന്റെ സ്വരൂപത്തിലൂടെ  നിങ്ങൾക്ക് ഞാൻ തരുന്നു. പെട്ടെന്ന് സജീവങ്ങളാകുന്ന എന്റെ കണ്ണുകൾ, മാറിവരുന്ന എന്റെ മുഖത്തിന്റെ നിറം, സുഗന്ധം പുറപ്പെടുവിക്കുന്ന എന്റെ ഹൃദയം. ഈ അടയാളങ്ങൾ ചിലപ്പോൾ വളരെ മൃദുലവും മറ്റുചിലപ്പോൾ വളരെ ശക്തവുമായിരിക്കും. 
                        കണ്ണുകളിൽ ഞാൻ അടയാളം തരുന്നത്,  ദയാമസൃണമായ കണ്ണുകളോടെ ഞാൻ നിങ്ങളെ   കാക്കുന്നു എന്നു നിങ്ങളെ ഗ്രഹിപ്പിക്കാനാണ്. ഞാനൊരിക്കലും നിങ്ങളിൽനിന്നകലെയല്ല. 
                        എന്റെ മുഖത്തിനു  നൽകുന്ന നിറത്തിന്റെ അടയാളത്താൽ ഞാൻ എല്ലാവരുടേയും അമ്മയാണെന്ന് നിങ്ങളെ ഗ്രഹിപ്പിക്കാൻ  ഞാനാഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞാൻ പങ്കുചേരുന്നു. നിങ്ങളുടെ എല്ലാ  സന്തോഷങ്ങളിലും ഞാൻ       ആനന്ദിക്കുന്നു. നിങ്ങളുടെ നിരവധിയായ  കഷ്ടപ്പാടുകളിൽ ഞാനും സഹിക്കുന്നു.
                         ഒരമ്മ സന്തോഷവതിയായിരിക്കുമ്പോൾ അവളുടെ മുഖത്തിന്റെ  നിറം റോസാപ്പുഷ്പത്തിന്റേതു പോലെ ആയിത്തീരുന്നു. അവൾ, തന്റെ മക്കളുടെ ദുർവ്വിധിയെപ്പറ്റി വിഷാദചിത്തയാകുമ്പോൾ അവളുടെ മുഖം വിളറിയിരിക്കുന്നതായി നിങ്ങൾക്കു കാണാം. ഭൂമിയിലുള്ള ഒരമ്മയ്ക്ക് ഇപ്രകാരം സംഭവിക്കുന്നുവെങ്കിൽ എനിക്കും അങ്ങനെതന്നെ സംഭവിക്കുന്നു. നിങ്ങൾ സഹിക്കുമ്പോൾ ഞാനും സഹിക്കുന്നു; നിങ്ങൾ സന്തോഷിക്കുമ്പോൾ ഞാനും സന്തോഷിക്കുന്നു. നിങ്ങൾ    നല്ലവരായിരിക്കുമ്പോൾ ഞാൻ ആനന്ദിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുമ്പോൾ എന്റെ മുഖം പ്രോജ്ജ്വലമാകുന്നു. കാരണം അപ്പോൾ നിങ്ങളെന്നെ ആനന്ദിപ്പിക്കുകയാണ്.
                               ചിലപ്പോൾ കൂടുതലായും ചിലപ്പോൾ  കുറവായും ഞാൻ പരത്തുന്ന പരിമളത്താൽ,  സദാസമയവും, വിശിഷ്യാ എന്റെ സഹായം കൂടുതൽ ആവശ്യമുള്ള അവസരങ്ങളിൽ, ഞാൻ      നിങ്ങളോടുകൂടെ ഉണ്ടെന്ന കാര്യം നിങ്ങൾ ഗ്രഹിക്കണമെന്ന് ഞാനഭിലഷിക്കുന്നു. ആകയാൽ, എന്റെ സാന്നിദ്ധ്യത്തിന്റെ  അടയാളമാണത്.
                            ആ സുഗന്ധം നിങ്ങൾക്കനുഭവപ്പെടുന്നില്ലെങ്കിൽ, അഥവാ അൽപ്പം മാത്രമേ അനുഭവപ്പെടുന്നുള്ളുവെങ്കിൽ അതിന്റെ കാരണം ഞാൻ നിങ്ങളെ    സ്നേഹിക്കാത്തതുകൊണ്ടോ നിങ്ങൾ ദുഷ്ടരായതുകൊണ്ടോ ആണെന്നു വിചാരിക്കരുത്. ഒരമ്മ,  തന്റെ സഹായം  കൂടുതൽ  ആവശ്യമുള്ളവരെ പ്രത്യേക  മമതയോടെ സ്നേഹിക്കുന്നു.

                         ദുഃഖത്തിന്റെയും സഹതാപത്തിന്റെയും കണ്ണുനീർ പൊഴിക്കുന്ന എന്റെ ദയാപൂർണ്ണമായ കണ്ണുകളിൽ  നോക്കുക. ലോകത്തിന്റെ പലഭാഗങ്ങളിലും എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരാളമായി പ്രവഹിപ്പിച്ചുകൊണ്ട്, ചിലപ്പോൾ രക്തക്കണ്ണീർ ചിന്തിക്കൊണ്ടു പോലും ഈ അടയാളങ്ങൾ  ഞാൻ നൽകുന്നു.
                     ലോകത്തിൽ നിരവധി സ്ഥലങ്ങളിൽ എന്റെ മാതൃസന്ദേശം ഇപ്പോഴും ഞാൻ നൽകിക്കൊണ്ടിരിക്കുന്നു. എന്റെ മാതൃസാന്നിദ്ധ്യത്തിന് ഒരടയാളമായിട്ടും നിങ്ങളുടെ     ജീവിതത്തിനു സുരക്ഷിതരായ തുണയേകുന്നതിനുമായിട്ടാണ് ഈ സന്ദേശങ്ങൾ ഞാൻ           നൽകുന്നത്. ഞാൻ നിങ്ങളോടുകൂടി ജീവിക്കുന്നു; നിങ്ങൾക്കുവേണ്ടി എല്ലാം തയ്യാറാക്കുന്നു; ഈ സമയത്തുള്ള ശുദ്ധീകരണത്തിന്റെ പ്രയാസമേറിയ വഴികളിലൂടെ നിങ്ങളെ ഞാൻ  കൈപിടിച്ചു നടത്തുന്നു. 
എന്നിൽനിന്ന് ഇത്രത്തോളം സ്വീകരിച്ച നിങ്ങളോട് ഇക്കാര്യം ഞാൻ ആവശ്യപ്പെടുന്നു: "എന്നോടുള്ള നിങ്ങളുടെ സ്നേഹം വർദ്ധിപ്പിക്കുക!!!"