ജാലകം നിത്യജീവൻ: 2016

nithyajeevan

nithyajeevan

Tuesday, August 9, 2016

ലിയോ പതിമൂന്നാമൻ പാപ്പായുടെ പിശാചിനെക്കുറിച്ചുള്ള ദർശനം

           

     രണ്ടാം വത്തിക്കാൻ കൗൺസിൽ നവീകരണങ്ങൾക്കു മുമ്പ് എല്ലാ ദിവ്യബലിക്കും ശേഷം കാർമ്മികനും വിശ്വാസികളും മുട്ടിന്മേൽ നിന്ന് പരിശുദ്ധ കന്യകാമാതാവിനോടും വി.മിഖായേലിനോടുമുള്ള ഓരോ പ്രാർഥനകൾ ചൊല്ലിയിരുന്നത് പലരും ഓർമ്മിക്കുന്നുണ്ടാകും. ഇത് വളരെ മനോഹരമായ ഒരു പ്രാർത്ഥനയാണ്. ഇത് ചൊല്ലുന്നവർക്ക് അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിക്കുന്നു.

     "മുഖ്യദൂതനായ വി.മിഖായേലേ, പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവും ആയിരിക്കേണമേ. പിശാചിന്റെ ദുഷ്ടതയിൽ നിന്നും കെണികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ദൈവം അവനെ ശാസിക്കട്ടെ എന്ന് എളിമയോടെ ഞങ്ങൾ പ്രാർഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാൻ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗ്ഗീയ സൈന്യാധിപാ, ദൈവത്തിന്റെ ശക്തിയാൽ അങ്ങ് നരകാഗ്നിയിലേക്കു തള്ളിത്താഴ്ത്തേണമേ. ആമേൻ."
ഈ പ്രാർഥനയുടെ ഉത്ഭവം എങ്ങിനെയെന്ന് ഫാ.ഡൊമിനിക്കോ പെച്ചനിനോ എഴുതുന്നു. 
                        "ഏതുവർഷമാണെന്നു ഞാൻ കൃത്യം ഓർമിക്കുന്നില്ല. ഒരു പ്രഭാതത്തിൽ പതിവുപോലെ ദിവ്യബലിക്കു ശേഷം ലിയോ പതിമൂന്നാമൻ പാപ്പാ സ്തോത്രഗാന(തെ ദേവും)ത്തിൽ  പങ്കുചേർന്നിരിക്കുകയായിരുന്നു. പെട്ടെന്ന്, അതിനു നേതൃത്വം കൊടുത്തു കൊണ്ടിരുന്ന വൈദികന്റെ ശിരസ്സിനു മുകളിൽ എന്തോ കണ്ടതുപോലെ അദ്ദേഹം തുറിച്ചുനോക്കുന്നതു ഞങ്ങൾ കണ്ടു. സ്‌തബ്ധനായി, കണ്ണുചിമ്മാതെ അദ്ദേഹമതു നോക്കിനിൽക്കുകയായിരുന്നു. വലിയ ഭയവും ഭീതിയും മുഖത്തു നിറഞ്ഞു. അദ്ദേഹത്തിൻറെ മുഖഭാവവും നിറവും അതിവേഗം മാറിക്കൊണ്ടിരുന്നു. അസാധാരണവും ഗൗരവമേറിയതുമായ എന്തോ അദ്ദേഹത്തിൽ സംഭവിക്കുകയായിരുന്നു. 
                       ദർശനം അവസാനിച്ചപ്പോൾ സുബോധത്തോടെ അദ്ദേഹം കൈകൾ മൃദുവായിഎന്നാൽ ശക്തമായി കൂട്ടിത്തിരുമ്മി എഴുന്നേറ്റു. പെട്ടെന്ന് അദ്ദേഹം സ്വന്തം മുറിയിലേക്കു പോയി. സഹപ്രവർത്തകർ വളരെ ആകാംക്ഷയോടെയും അസ്വസ്ഥയോടെയും അദ്ദേഹത്തെ അനുഗമിച്ചു. അവർ പതിയെ ചോദിക്കുന്നുണ്ടായിരുന്നു; "പരിശുദ്ധ പിതാവേ, അങ്ങേക്ക് അസുഖം വല്ലതും .." പാപ്പാ പറഞ്ഞു; "ഇല്ല, ഒന്നുമില്ല." ഏകദേശം അറ മണിക്കൂർ കഴിഞ്ഞ് ആരാധനാക്രമ തിരുസംഘത്തിന്റെ സെക്രട്ടറിയെ വിളിച്ച് ഒരു പേപ്പർ കൊടുത്തിട്ട് അതു പ്രിന്റ് ചെയ്ത് ലോകത്തെങ്ങുമുള്ള എല്ലാ മെത്രാന്മാർക്കും അയയ്ക്കാൻ പറഞ്ഞു. എന്തായിരുന്നു ആ പേപ്പറിൽ? ഓരോ  ദിവ്യബലിയുടെ അവസാനവും നാം ചൊല്ലുന്ന പ്രാർത്ഥനയായിരുന്നു അത്. പരിശുദ്ധ കന്യകാമാതാവിനോടുള്ള യാചനയും മാലാഖമാരുടെ രാജകുമാരനോടുള്ള തീക്ഷ്ണമായ സഹായാഭ്യർഥനയും വഴി സാത്താനെ നരകത്തിലേക്ക് തിരിച്ചയക്കണമേ എന്ന് ദൈവത്തോട് അർഥിക്കുന്ന പ്രാർത്ഥനയായിരുന്നു അത്."
          ഈ പ്രാർത്ഥനയിലെ 'ആത്മാക്കളെ നശിപ്പിക്കാൻ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും എന്ന ഭാഗത്തിന് ചരിത്രപരമായ വിശദീകരണമുണ്ട്. പപ്പയുടെ സെക്രട്ടറി മോൺസിഞ്ഞോർ റിനാൾഡോ ആഞ്ചലി പല പ്രാവശ്യം ഇത് ആവർത്തിച്ചിട്ടുണ്ട്. നിത്യനഗരത്തെ (റോം) വലയം ചെയ്ത് ചുറ്റിനടക്കുന്ന ദുഷ്ടാരൂപികളെ ലിയോ പതിമൂന്നാമൻ പാപ്പാസത്യമായും ദർശനത്തിലൂടെ കണ്ടതാണ്. ആ അനുഭവത്തിന്റെ ഫലമായിരുന്നു സഭയോടു മുഴുവൻ ചൊല്ലാൻ ആഹ്വാനം ചെയ്ത ആ പ്രാർത്ഥന. 

സാത്താന്റെ പ്രവർത്തനങ്ങൾ

(റോമിലെ മുഖ്യ ഭൂതോച്ചാടക (Exorcist) നായ ഫാ.ഗബ്രിയേൽ അമോർത്തിന്റെ അനുഭവങ്ങളിൽ നിന്ന്)

സാത്താന്റെ പ്രവർത്തനങ്ങൾ 

       സാധാരണ പ്രവർത്തനങ്ങൾ - പിശാചുക്കളുടെ പൊതുവായ പ്രവൃത്തിയാണ് 'പ്രലോഭനം'. ഇത് സകല മനുഷ്യർക്കും എതിരായിട്ടുള്ളതാണ്. തന്നെ പ്രലോഭിക്കാൻ യേശു സാത്താന് അനുവാദം നൽകിയപ്പോൾ അവിടുന്ന് നമ്മുടെ മാനുഷികാവസ്ഥ സ്വീകരിക്കുകയായിരുന്നു. 

അസാധാരണ പ്രവർത്തനങ്ങൾ - ഇത് ആറു വ്യത്യസ്ത തരത്തിലാണ്.

1. സാത്താൻ സൃഷ്ടിക്കുന്ന ബാഹ്യമായ ശാരീരിക വേദന:-
                   അനേകം വിശുദ്ധരുടെ ജീവിതത്തിൽ നിന്നാണ് നാം ഇതിനെക്കുറിച്ച് അറിയുന്നത്. കുരിശിന്റെ വി.പൗലോസ്, ആർസിലെ വികാരി, പാദ്രേ പിയോ തുടങ്ങിയവരും മറ്റനേകം വിശുദ്ധരും പിശാചുക്കളാൽ അടിക്കപ്പെടുകയും മർദിക്കപ്പെടുകയും പ്രഹരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബാഹ്യമായ ഈ പീഢ ആത്മാവിനെ ബാധിക്കില്ല. അതുകൊണ്ട് ഇക്കാര്യങ്ങൾക്ക് ഒരിക്കലും ഒരു ഭൂതോച്ചാടനത്തിന്റെ ആവശ്യമുണ്ടാകാറില്ല. പ്രാർഥന മാത്രം മതിയാകും. 
2. പൈശാചിക ബാധ (Possession)
                                  ശരീരത്തിന്റെ (ആത്മാവിന്റെയല്ല) പൂർണ്ണ ഉടമസ്ഥത സാത്താൻ ഏറ്റെടുക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇരയുടെ അറിവോ സമ്മതമോ കൂടാതെ പിശാച് സംസാരിക്കയും പ്രവർത്തിക്കയും ചെയ്യുന്നു. അതുകൊണ്ട് ബാധയുള്ള വ്യക്തി ധാർമികമായി കുറ്റക്കാരനല്ല. വളരെ ഗൗരവമുള്ളതും ശ്രദ്ധേയവുമായ പൈശാചിക ബാധയുടെ ഒരു രൂപമാണത്. ഭൂതോച്ചാടനത്തിനുള്ള കർമ്മമനുസരിച്ച് ബാധയുടെ ലക്ഷണങ്ങളിൽപ്പെട്ടവ മറുഭാഷയിലുള്ള സംസാരം, അസാധാരണമായ കരുത്ത്‌, അറിയപ്പെടാത്തവയെ വെളിപ്പെടുത്താനുള്ള കഴിവ് എന്നിവയാണ്. ഗരസേനരുടെ നാട്ടിൽ കണ്ടെത്തിയ മനുഷ്യൻ, വിശുദ്ധഗ്രന്ഥത്തിൽ  പൈശാചിക ബാധയ്ക്കുള്ള വ്യക്തമായ ഉദാഹരണമാണ്. പൈശാചിക ബാധയ്ക്കുള്ള ക്ലിപ്തമായ മാതൃക നിശ്ചയിക്കുന്നത്  ഗൗരവമായ തെറ്റായിരിക്കും.    പിശാചുബാധ ആകമാന ലക്ഷണങ്ങളും കാഠിന്യവും കാണിക്കും. ഉദാഹരണത്തിന്, പൂർണ്ണമായ  പൈശാചിക ബാധയുള്ള രണ്ടു വ്യക്തികളെ ഞാൻ ഭൂതോച്ചാടനം നടത്തിയിട്ടുണ്ട്. ഉച്ചാടന സമയത്ത് അവർ പൂർണ്ണ നിശ്ശബ്ദരും യാതൊരു പ്രതികരണവും ഇല്ലാത്തവരുമായിരുന്നു. മറ്റനേകം ഉദാഹരണങ്ങളും ലക്ഷണങ്ങളും എനിക്ക് എടുത്തുപറയാനാകും.

3. Oppression (പൈശാചികപീഡനം)
           ഗൗരവമായ രോഗങ്ങൾ മുതൽ ലഘുവായ രോഗങ്ങൾ വരെയുള്ള വ്യത്യസ്തങ്ങളായ ലക്ഷണങ്ങൾ പൈശാചികപീഡകളിൽ സംഭവിക്കാറുണ്ട്. ഇവിടെ ബാധയോ സുബോധം നശിക്കലോ നിയന്ത്രണമില്ലാത്ത പ്രവൃത്തിയോ വാക്കോ ഉണ്ടാകാറില്ല. പൈശാചികപീഡയുടെ ധാരാളം ഉദാഹരണം വിശുദ്ധ ഗ്രന്ഥം നമുക്ക് നൽകുന്നുണ്ട്. അതിലൊന്ന് ജോബാണ്. അദ്ദേഹത്തിന് പിശാചുബാധ ഉണ്ടായിരുന്നില്ല. പക്ഷേ, ജോബിന് മക്കളും വസ്തുവകകളും ആരോഗ്യവുമെല്ലാം നഷ്ടമായി. ഈശോ സൗഖ്യം നൽകിയ കൂനുള്ള സ്ത്രീയും ബധിരനും മൂകനുമായ മനുഷ്യനും പൂർണ്ണമായും  പിശാചു ബാധിതരായിരുന്നില്ല. പക്ഷേ, ശാരീരിക അസ്വസ്ഥത സൃഷ്ടിച്ച പൈശാചിക സാന്നിധ്യം അവിടെയുണ്ടായിരുന്നു. 
      ബാധകൾ ഇന്നു താരതമ്യേന കുറവാണെങ്കിലും പിശാചിന്റെ ആക്രമണം ആരോഗ്യത്തെയും ജോലിയെയും ബന്ധങ്ങളെയും തകർത്ത വലിയൊരു പറ്റം ജനങ്ങളെ ഞങ്ങൾ ഭൂതോച്ചാടകർ കണ്ടുമുട്ടാറുണ്ട്. പൈശാചികപീഡ മൂലമുള്ള രോഗം നിർണ്ണയിച്ച് സൗഖ്യം നൽകുന്നത്,  പൂർണ്ണമായ പിശാചുബാധയുള്ള ഒരു വ്യക്തിയെ മനസ്സിലാക്കി സൗഖ്യം നൽകുന്നതുപോലെ തന്നെ വിഷമമേറിയതാണ്. കാഠിന്യം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും നിർണയിക്കാനുള്ള വിഷമവും  സൗഖ്യത്തിനാവശ്യമായ സമയവും തുല്യമാണ്.

4. പിശാചിന്റെ ഉപദ്രവം  (ഒബ്‌സെഷൻ)  
           ഇരയ്ക്ക് എളുപ്പം സ്വതന്ത്രനാകാൻ സാധിക്കാത്ത സ്വഭാവത്തോടു കൂടിയ, ചിലപ്പോൾ തികച്ചും യുക്തിരഹിതമായ, തുടർച്ചയായതും അല്ലാത്തതുമായ ദുഷ് ചിന്തകളുടെ പെട്ടെന്നുള്ള ആക്രമണങ്ങൾ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അതുകൊണ്ട് ഉപദ്രവിക്കപ്പെടുന്ന വ്യക്തി നിരന്തരമായ വിഷാദത്തിലും നിരാശയിലും ആത്മഹത്യാ പ്രവണതയിലുമാണ് ജീവിക്കുന്നത്. മിക്കപ്പോഴും ഈ ഉപദ്രവം സ്വപ്നങ്ങളെ സ്വാധീനിക്കുന്നു. മനഃശാസ്ത്രജ്ഞന്റെയോ മാനസികരോഗ വിദഗ്ദ്ധന്റെയോസഹായം ആവശ്യമായ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇതെന്ന് ചിലർ പറയും. മറ്റു പൈശാചിക പ്രതിഭാസങ്ങളെക്കുറിച്ചും ഇതുതന്നെ പറയപ്പെട്ടേക്കാം. എന്നിരുന്നാലും ചില ലക്ഷണങ്ങൾ സാധാരണ അറിയപ്പെടുന്ന രോഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഇത് തീർച്ചയായും അവയുടെ പൈശാചിക ഉത്ഭവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രാഗത്ഭ്യമുള്ള, നല്ലരീതിയിൽ പരിശീലനം നേടിയ നേത്രങ്ങൾക്കു മാത്രമേ ഈ നിർണ്ണായകമായ വ്യത്യാസം തിരിച്ചറിയാനാവൂ.


 5. പൈശാചിക ആക്രമണം (ഇൻഫെസ്റ്റേഷൻ)
                  ആക്രമണങ്ങൾ വീടുകളെയും വസ്തുക്കളെയും മൃഗങ്ങളെയും ബാധിക്കും.  

6. പിശാചിന് അടിമ വെക്കൽ (സബ്‌ജുഗേഷൻ)
            ഈ തിന്മയിൽ മനുഷ്യർ വീണുപോകുന്നത് പൂർണ്ണ മനസ്സോടെ സാത്താന് സ്വയം സമർപ്പിക്കുമ്പോഴാണ്.  'അടിമ വെക്കലിന്റെ' ഏറ്റവും പ്രഖ്യാതമായ രണ്ടുരീതികൾ പിശാചുമായുള്ള രക്ത ഉടമ്പടിയും സാത്താനുള്ള സമർപ്പണവുമാണ്. 

Monday, August 8, 2016

സാത്താന്റെ ദാസൻ

ഫാ.ജെയിംസ്   മഞ്ഞാക്കലിന്റെ "നിയമത്തിന്റെ ശാപത്തിൽ നിന്നുള്ള മോചനം" എന്ന പുസ്തകത്തിൽ നിന്ന്:-

     ഒരു കുടുംബത്തിലെ വല്യപ്പന്മാരിൽ ഒരാൾ ക്രിസ്തുവിനെയും തിരുസഭയെയും തള്ളിപ്പറയുകയും സാത്താനെ ആരാധിച്ച് അവന്റെ ഒരു ദാസനായി ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സാന്നിദ്ധ്യത്തെ നിഷേധിക്കുക വഴിയാണ് അവന് സാത്താന്റെ ആവാസം ലഭിച്ചത്. അവൻ വി.കുർബാന സ്വീകരിച്ചശേഷം വായിൽനിന്നു തിരിച്ചെടുത്ത് അതിൽ ചവിട്ടുകയും പരിശുദ്ധ അമ്മയുടെ രൂപവും കുരിശുരൂപവും ഒടിക്കുകയും ചെയ്തു. പിശാചിന്റെ ശക്തിയാൽ അവൻ  രോഗശാന്തിയും അത്ഭുതങ്ങളും  ഒക്കെ ചെയ്യുവാൻ തുടങ്ങി. തനിക്കു കൂടുതൽ അത്ഭുതങ്ങൾ ചെയ്യുവാൻ കഴിയും എന്നുപറഞ്ഞ് യേശുവിനെ പരിഹസിക്കുകയും ചെയ്തിരുന്നു. പിശാചിന് പ്രകാശത്തിന്റെ മാലാഖയായി മുഖംമൂടി ധരിക്കുവാനും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാനും കഴിയുമല്ലോ.(2 കോറി 11:4,  2 തെസ2:9).  അയാളുടെ നാലു മക്കൾക്ക് മാനസികരോഗം വരുകയും മൂത്ത മകൾ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. അടുത്ത തലമുറയിൽ, അംഗവൈകല്യമുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും ഉണ്ടായിരുന്നു. ഇപ്പോൾ നാലാം തലമുറയിൽ കുറച്ചു പേർക്കു മാത്രമേ ബുദ്ധിസ്ഥിരതയുള്ളൂ.പക്ഷെ, അവർ നിരീശ്വരവാദികളും അവിശ്വാസികളുമാണ്. അതിൽ രണ്ടുപേർ മാജിക്കും മന്ത്രവിദ്യയും നടത്തുന്നവരാണ്. ഈ നാലുതലമുറകളിലും കൊലപാതകങ്ങളും ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. ദൈവത്തിന്റെയും മനുഷ്യന്റെയും ശത്രുവായ പിശാചിന് തന്നെത്തന്നെ വിട്ടുകൊടുത്തതിന്റെ ഫലമായിട്ടാണ് തലമുറ തലമുറയായി ഈ അനർത്ഥങ്ങൾ ഉണ്ടായത്. ചില കഠിന പാപങ്ങളുടെ ശിക്ഷയും ശാപങ്ങളും പല തലമുറകളിലെയും സന്താനങ്ങളുടെ മേൽ വന്നുപതിക്കും. എനിക്ക് ഈ കുടുംബത്തെ അറിയാമായിരുന്നുവെങ്കിലും ദൂരെയിരുന്നു പ്രാർത്ഥിക്കുവാനല്ലാതെ ഒന്നും ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല.. 
"ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു; അവർ മരിക്കുകയും ചെയ്തു. ഞങ്ങൾ അവരുടെ അകൃത്യങ്ങൾ വഹിക്കുന്നു" (വിലാ 5:7)  

Sunday, August 7, 2016

അനുഗ്രഹവും ശാപവും      ശാപം അഥവാ പ്രാക്ക് എന്നുപറയുന്നത് അനുഗ്രഹത്തിന്റെ എതിർപദമാണ്. ഒരാൾ അനുഗ്രഹദായകമായ എല്ലാ സ്വാധീനവലയങ്ങളിൽ നിന്നും വിച്ഛേദിക്കപ്പെട്ട് തിന്മയുടെ അധീനതയ്ക്കു പൂർണ്ണമായും വിട്ടുകൊടുത്തുകൊണ്ടുള്ള ഉറച്ച ഒരു പ്രഖ്യാപനമാണത്. നിശിതമായി പറഞ്ഞാൽ, ശാപം എന്നുപറയുന്നത് വെറും ഒരു ആഗ്രഹമല്ല, പ്രത്യുത അലംഘനീയമായ അധികാരസ്വരത്തിലുള്ള ഒരു വാക്യമാണ്. അതുദ്ദേശിക്കുന്ന കാര്യം അതിന്റെ ശക്തിയാൽത്തന്നെ സാധിക്കുന്നു.  മൊവാബിലെ രാജാവായ ബാലാക്, കാനാൻ ദേശത്തേക്കുള്ള യാത്രയിൽ ആക്രമിച്ച ഇസ്രായേൽക്കാരെ ശപിക്കുന്നതിനും അതുവഴി അവരുടെ ശക്തി ക്ഷയിപ്പിക്കുന്നതിനുമായി മെസപ്പൊട്ടോമിയയിൽ നിന്ന് ബാലാം എന്ന മാന്ത്രികനെ വിളിച്ചുവരുത്തി (സംഖ്യ 22:28). പക്ഷേ, ശാപത്തിനുപകരം അനുഗ്രഹത്തിന്റെ വാക്കുകളാണ് അവൻ   ഇസ്രായേലിന്റെ മേൽ ചൊരിഞ്ഞത്.  ഉടമ്പടിക്കു വിപരീതമായി പ്രവർത്തിക്കുന്നവർക്കു മാത്രമേ ശാപത്തിന്റെ ഭീഷണിയുള്ളൂ. നിയമാവർത്തനപുസ്തകത്തിൽ ശാപം ഉൾക്കൊള്ളുന്ന വിപത്തുകൾ എന്തൊക്കെയാണെന്നതിന്റെ ഒരു നീണ്ട പട്ടികയുണ്ട് (നിയമാ 28:15-68).  ചുരുക്കിപ്പറഞ്ഞാൽ വലിയ തിന്മകൾ ചെയ്തവർക്ക് ദൈവകോപവും ശിക്ഷയും വിളിച്ചുവരുത്തുന്നതാണ് ശാപം.  നിയമാവർത്തനപുസ്തകം 27: 14-26 വരെ  വാക്യങ്ങളിൽ പത്തു കൽപ്പനകൾ വിവരിച്ചശേഷം അവ പാലിക്കാത്തവർക്കുണ്ടാകാവുന്ന ശാപങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. ഓരോ ശാപവും വായിക്കുമ്പോൾ ഇസ്രായേൽക്കാർ "ആമേൻ" ഏറ്റു പറയുമായിരുന്നു. കൽപ്പനകൾ പാലിച്ചില്ലെങ്കിൽ ഈ ശാപങ്ങൾ തങ്ങളുടെമേൽ വന്നുപതിച്ചുകൊള്ളട്ടെ എന്ന സമ്മതമായിരുന്നു അവർ നൽകിയത്! ലേവ്യർ പ്രഖ്യാപിച്ച പത്തു കല്പനകളുടെ ശാപങ്ങളുടെമേൽ ജനം "ആമേൻ" പറഞ്ഞു (നിയമാ 27: 14-26).
   അനുഗ്രഹത്തെപ്പോലെ തന്നെ ശാപവും ഗൗരവമേറിയ വാക്കുകളാണ്.  അത് തിരിച്ചെടുക്കാനോ റദ്ദാക്കാനോ ആവാത്തതാണ്. പറയപ്പെട്ട വാക്കുകൾക്ക് ഒരു പ്രത്യേക വാസ്തവികതയുണ്ട്;  അത് ലക്ഷ്യമാക്കുന്ന വ്യക്തിയെ മാറ്റമില്ലാതെ പിന്തുടരാനുള്ള കഴിവുമതിനുണ്ട്. യഹോവക്ക് ഈ ശാപത്തെ, അത് ഉച്ചരിക്കുന്നവന്റെ ശിരസ്സിലേക്കു തിരിച്ചു വിടാൻ കഴിയും (ഉൽപ്പ17:1-6).  യഹോവയുടെ അനുഗ്രഹം ശാപത്തെ നിർവീര്യമാക്കുന്നു (സംഖ്യ 23:8). 

Saturday, August 6, 2016

ഒരു ശാപത്തിന്റെ കഥ

 ഫാ.ജെയിംസ്   മഞ്ഞാക്കലിന്റെ "നിയമത്തിന്റെ ശാപത്തിൽ നിന്നുള്ള മോചനം" എന്ന പുസ്തകത്തിൽ നിന്ന്:-


                ഒരുവൻ ക്രിസ്ത്യാനി ആകുമ്പോൾത്തന്നെ ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ ശക്തിയാൽ, ദൈവമക്കളുടെ ശാപം മുഴുവൻ നീക്കിക്കളഞ്ഞതിനാൽ ശാപം മുഴുവൻ അക്രൈസ്തവർക്കു മാത്രമേ ബാധകമാകുന്നുള്ളൂ എന്നുപറയുന്നവർ ധാരാളമുണ്ട്. മാമോദീസാ വഴി ലഭിച്ച രക്ഷ, സ്വാഭാവികമായിത്തന്നെ തലമുറകളുടെ ശാപം നീക്കിക്കളയുന്നതിനാൽ, പൂർവികശാപത്തിൽ നിന്നു വിടുതൽ ലഭിക്കുവാൻ പ്രത്യേകിച്ച് ഒരു വിമോചന പ്രാർത്ഥനയുടെ ആവശ്യമില്ല എന്നാണവർ പറയുന്നത്. ഇവിടെ ചോദ്യം ഇതാണ്:  ക്രിസ്തുവിൽ വിശ്വസിച്ച്, അവനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്ന വേളയിൽത്തന്നെ ഒരുവന്റെ രക്ഷ പൂർണ്ണമാകുന്നുണ്ടോ ? അഥവാ,  അതൊരു തുടർപ്രക്രിയയും അനുഭവവുമാണോ? മാമോദീസായോടുകൂടി ഒരുവൻ സ്വർഗ്ഗജീവിതം ആരംഭിക്കുന്നതേയുള്ളൂ എന്നകാര്യം എല്ലാവരും സമ്മതിക്കും എന്നെനിക്ക് ഉറപ്പുണ്ട്. മാമോദീസായിലൂടെ ലഭിച്ച പ്രസാദവരം നഷ്ടമാകാതെ ഉജ്ജ്വലിപ്പിക്കുവാൻ ജീവിതകാലം മുഴുവൻ പ്രാർത്ഥന, അനുതാപം, പരിഹാരാനുഷ്‌ഠാനം കൂദാശാസ്വീകരണം, ദാനധർമ്മം എന്നിവയാൽ നിരന്തരം പരിശ്രമിക്കണം. "വിശ്വാസത്തിലൂടെ മാത്രം രക്ഷ" എന്ന സിദ്ധാന്തം ബൈബിൾ തന്നെ നിരസിക്കുന്നു. "എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കുവാൻ കഴിയുമോ? ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തി കൂടാതെയുള്ള വിശ്വാസവും മൃതമാണ്." (യാക്കോബ് 2:14, 26). വസ്തുനിഷ്ഠമായി പറഞ്ഞാൽ, നാമെല്ലാവരും ക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ടവരാണ് എന്നതു സത്യമാണെങ്കിലും ആത്മനിഷ്ഠമായി പറഞ്ഞാൽ,  ഈ രക്ഷ സ്വന്തമാക്കണമെങ്കിൽ വിശ്വാസത്തോടും വിശ്വാസത്തിനനുയോജ്യമായ  പ്രവൃത്തികളോടുംകൂടെ ക്രിസ്തുവിന്റെ പക്കലേക്കു നാം വരേണ്ടിയിരിക്കുന്നു.

ഒരു ശാപത്തിന്റെ ശരിയായ കഥ 
                                   ഒരിക്കൽ,ഒരു സ്ത്രീ തന്റെ ഏഴുവയസ്സുള്ള വികലാംഗനായ മകനെ ഒരു വീൽചെയറിൽ ഇരുത്തി   എന്റെയടുത്തുകൊണ്ടു കൊണ്ടുവന്നിട്ട് അവന്റെമേൽ കൈകൾ വെച്ച് സൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചു.  ഈ കുട്ടി എങ്ങനെ വികലാംഗനായി എന്നു ചോദിച്ചപ്പോൾ ആ സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു, ആ കുഞ്ഞു ഉദരത്തിലായിരുന്നപ്പോൾ  അവളുടെ അമ്മായിയമ്മ ശപിച്ചതാണെന്ന്. അവൾ എട്ട് ആഴ്ച ഗർഭവതിയായിരിക്കുമ്പോഴാണ് 'അമ്മ ശപിച്ചത്. ശപിച്ച ആ നിമിഷം തന്നെ അവൾക്ക് അടിവയറ്റിൽ വേദനയുണ്ടാവുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഡോക്ടർമാർ പരിശോധിച്ചിട്ട് ഒരു സാധാരണ പ്രസവമുണ്ടാകാൻ വേണ്ടി ബെഡ് റസ്റ്റ് എടുക്കുവാൻ ഉപദേശിച്ചു. പക്ഷെ, ആ കുഞ്ഞു ജനിച്ചത് വികലാംഗനായാണ്.

                അമ്മായിയമ്മ ഗർഭസ്ഥ ശിശുവിനെ  ശപിക്കാൻ  കാരണം -  മകന്റെ   വിവാഹശേഷം, അമ്മയുടെ     ഇഷ്ടത്തിനെതിരായി     അവരെ വീട്ടിൽനിന്നു    മാറ്റി    ഒരു     വൃദ്ധസദനത്തിൽ കൊണ്ടുപോയി    വിട്ടു.    ഞാൻ ആ ദമ്പതികളോടു പറഞ്ഞുവിട്ടത്   ആ   അമ്മയോട്   ക്ഷമ   ചോദിച്ചു അവരെ    വീട്ടിലേക്കു    കൊണ്ടു  വന്നു താമസിപ്പിക്കുവാനാണ്.   പല   പ്രാവശ്യം ക്ഷമ ചോദിച്ചു   അവർ    അമ്മയുടെ    അടുത്തു ചെന്നെങ്കിലും  ക്ഷമിക്കുവാൻ  അവർ   കൂട്ടാക്കിയില്ല.  ഒമ്പതുദിവസം അടുപ്പിച്ചുള്ള ഒരു നൊവേന    കുർബാന    തിരുഹൃദയത്തിന്റെ സ്തുതിക്കായി    ചൊല്ലിക്കുവാനും    ഒൻപതു വെള്ളിയാഴ്ച         ഉപവസിക്കുവാനും പരിശുദ്ധാത്മാവിന്     ഒരു     നൊവേന ചൊല്ലിക്കുവാനും  അതുവഴിയായി  അമ്മയ്ക്ക് ക്ഷമിക്കുവാനുള്ള    കൃപ    ലഭിക്കുന്നതിനായി പ്രാർത്ഥിക്കുവാനും നിർദ്ദേശിച്ചു.   ഒൻപത് ആഴ്ചകൾക്കുശേഷം  ഈ  അമ്മയുടെ മേലുള്ള ദുരാത്മാവിന്റെ  ശക്തി   വിട്ടുപോകുന്നതിനായി ഞാൻ    പ്രത്യേകം     പ്രാർത്ഥിച്ചു.           അത് വിദൂരത്തുനിന്നുള്ള   ഒരു പ്രാർത്ഥനാശുശ്രൂഷയായിരുന്നു.
അവിടെ ഒരത്ഭുതം തന്നെ സംഭവിച്ചു. എന്റെ പ്രാർത്ഥനയ്ക്കുശേഷം അവർ അമ്മായിയമ്മയുടെ അടുത്തു പോയപ്പോൾ ആ 'അമ്മ അവരെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് കണ്ടത്. ആ മക്കൾ അവരോടു ക്ഷമ ചോദിച്ചു. 'അമ്മ അവരോട് ക്ഷമിക്കുകയും അവരെ ചുംബിക്കുകയും ചെയ്തു. അവർ ആ പേരക്കുട്ടിയെ ചുംബിച്ചമാത്രയിൽ അവൻ വീൽചെയറിൽ നിന്നു ചാടിയെണീറ്റ് ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു; 'ഇപ്പം ഞാൻ ശരിയായി. എനിക്ക് നടക്കാം.. നമുക്ക് വീട്ടിൽപ്പോകാം' എന്ന്. അവൻ പൂർണ്ണ ആരോഗ്യവാനായി മാറി. 'അമ്മ അവരോടുകൂടി പോയി താമസിക്കാൻ തുടങ്ങി. അവർ പറഞ്ഞത്  മരിച്ചുപോയ അവരുടെ ഭർത്താവിനെ  ഒരാഴ്ച മുൻപ്  സ്വപ്നത്തിൽ കണ്ടെന്നും മക്കളോട് ക്ഷമിച്ചു അവരുടെ കൂടെപ്പോയി താമസിക്കാൻ അയാൾ പറഞ്ഞെന്നുമാണ്. അവരിൽ മാറ്റമുണ്ടാക്കിയത് ആ മക്കൾ അർപ്പിച്ച വിശുദ്ധ കുർബാനകളും  പരിശുദ്ധാത്മാവിനോടുള്ള നൊവേനയും ഉപവാസവുമാണ്.എന്നുഞാൻ വിശ്വസിക്കുന്നു. 

Friday, August 5, 2016

നരകദർശനം

              സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ  ഫാ.ജെയിംസ്   മഞ്ഞാക്കലിന്റെ  ജീവിതാനുഭവങ്ങളിൽ നിന്ന്:-


  (വളരെ തീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണം
നടത്തിക്കുണ്ടിരുന്ന ഫാ.ജെയിംസിന്,  വളരെ അപ്രതീക്ഷിതമായാണ് 2012 ഡിസംബറിൽ ഗിലൻ ബാരെ സിൻഡ്രോം (Guillain-Barre Syndrome - GBS) എന്ന രോഗം ബാധിച്ചു ശരീരമാസകലം തളർന്ന് ഏതാണ്ട് രണ്ടര വർഷത്തോളം  യൂറോപ്പിലെ വിവിധ ആശുപത്രികളിൽ കിടക്കേണ്ടിവന്നത്. ആഴ്ചകളോളം കോമയിൽ കഴിഞ്ഞ അദ്ദേഹത്തിന് മരണാനന്തരാനുഭവം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ആദ്ധ്യാത്‌മികാനുഭവങ്ങൾ ഉണ്ടാവുകയും അതേത്തുടർന്ന് അദ്ദേഹം ക്രമേണ രോഗവിമുക്തനാവുകയും ചെയ്തു.  തന്റെ    ആദ്ധ്യാത്‌മികാനുഭവങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പുസ്തകമാണ് "നിത്യത ദർശിച്ച നിമിഷങ്ങൾ." നരകം - ശുദ്ധീകരണസ്ഥലം - സ്വർഗ്ഗം ഇവയാണ് ഈ പുസ്തകത്തിന്റെ  മുഖ്യ പ്രതിപാദ്യം.)
                                               "എന്നാൽ, ഭീരുക്കൾ, അവിശ്വാസികൾ, ദുർമാർഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ, കാപട്യക്കാർ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണ് രണ്ടാമത്തെ മരണം;" (വെളി 21:8). ഒരു കറുത്ത ലോറി എന്റെ മുൻപിൽ വന്നു നിൽക്കുന്നതായി ഞാൻ കണ്ടു. മൂക്കുതുളച്ചു കയറുന്ന ദുർഗന്ധം അതിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. കറുത്ത് ഇരുണ്ട മുഖമുള്ള ഒരാളായിരുന്നു ലോറി ഡ്രൈവർ. അവനെ കണ്ടപ്പോൾ ഞാൻ ഭയന്നുപോയി. അവന്റെ വലതുവശത്തെ സീറ്റിലേക്ക് ഞാൻ എങ്ങനെ കയറി എന്നറിയില്ല. ഉരുണ്ടുകയറിയതു പോലെ തോന്നി. അതിവേഗത്തിൽ അവൻ വണ്ടിയോടിച്ചു. ഏറെ ദൂരം, ഏറെ സമയം വണ്ടി ഓടിയതായാണ് എനിക്ക് അനുഭവപ്പെട്ടത്.  പെട്ടെന്ന് വണ്ടി നിന്നു.. ഞാൻ തെറിച്ചുപോകും എന്നെനിക്കു തോന്നി. അകലെ എവിടെയോ നിന്ന് ഭീകരമായ നിലവിളികളും രോദനങ്ങളും കേൾക്കാമായിരുന്നു. അത് പിശാചിന്റേതാണ് എന്നു ഞാൻ തിരിച്ചറിഞ്ഞു. ലോറിയിൽ നിന്ന് എന്നെ ആരോ തള്ളിയിട്ടപോലെ ഞാൻ ഇറങ്ങി. പക്ഷെ വീണില്ല. നിമിഷങ്ങൾക്കുള്ളിൽ കത്തിജ്വലിക്കുന്ന ഒരു തീച്ചൂളയുടെ മുൻപിൽ ഞാൻ വന്നുപെട്ടു. സൂക്ഷിച്ചുനോക്കിയപ്പോൾ എനിക്കു മനസ്സിലായി, അതു തീച്ചൂളയല്ല, പിന്നെയോ, തീ കത്തി എരിയുന്ന, കറുത്തതും വെളുത്തതുമായ പുകകൾ മുകളിലേക്ക് ഉയരുന്ന വലിയ വിജനപ്രദേശമാണ്. പച്ച   മാംസം വെന്തുരുകുന്നതിന്റെ ദുർഗന്ധം ഉണ്ടായിരുന്നു. പലതരത്തിലുള്ള വികൃതവും പ്രാകൃതവുമായ, നീണ്ട ചുണ്ടും ചിറകുമുള്ള ജന്തുക്കളെയും ഇഴജന്തുക്കളെയും ഞാനവിടെ കണ്ടു. എല്ലായിടത്തും പുകയും പൊടിയും നിറഞ്ഞിരുന്നു..   വളരെ ഭീകരത നിറഞ്ഞ അന്തരീക്ഷമായിരുന്നു അത്..              ചിത്രങ്ങളിൽ ഞാൻ കണ്ടിട്ടുള്ളനീണ്ട  വാലും  തലയും ചുരുണ്ട കൊമ്പും കടവാവലിന്റെതുപോലെയുള്ള ചിറകുകളും വന്യ മൃഗങ്ങളുടെതുപോലുള്ള കാലുകളും നഖങ്ങളുമുള്ള പിശാചിന്റെ രൂപം തീയിൽ ഞാൻ ദർശിച്ചു.. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ. (1പത്രോസ് 5:8-9) അവന് അവന്റേതായ കുതന്ത്രങ്ങൾ ഉണ്ട്. "സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തു നിൽക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല,പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കും എതിരായിട്ടാണ് പട വെട്ടുന്നത്. "(എഫേ 6:11-12)
                ഞാൻ അവിടെ മനുഷ്യരെ ആരെയും കണ്ടില്ല. ഒരുപക്ഷേ, ദൈവം എന്നിൽ നിന്ന് ആ കാഴ്ച മറച്ചതായിരിക്കാം. അഥവാ, അന്ത്യവിധിക്കു ശേഷം മാത്രമേ, ആരെല്ലാം ആയിരിക്കും നരകത്തിൽ എന്നു നമുക്ക് അറിയാനാവൂ. ഒരുകാര്യം സത്യമാണ്. ദൈവവിശ്വാസം ഇല്ലാത്തവരും അനുതപിക്കാത്തവരും നരകത്തിൽ നിപതിക്കും. 
                          ഇന്ന് പല ദൈവശാസ്ത്രജ്ഞന്മാരും ബിഷപ്പുമാർ പോലും പിശാചിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നില്ല എന്നതും പിശാചിനെതിരെ പോരാടണം എന്ന് ഉദ്ബോധിപ്പിക്കാത്തതും വളരെ ശോചനീയം തന്നെ. പിശാചിന്റെ അസ്തിത്വനിഷേധം എന്നതു തന്നെ അവന്റെ ഒരു കുതന്ത്രമാണ്. 'അവൻ ഇല്ല' എന്നു പറയുമ്പോൾ 
ആരും തന്നെ അവനെതിരായി അടരാടുകയില്ലല്ലോ. 
          പല രൂപതകളിലും പിശാചിനെ ശാസിക്കുവാനും ബഹിഷ്‌കരിക്കുവാനും പ്രത്യേക അധികാരമുള്ള വൈദികരെ (Exorcists)  നിയോഗിച്ചിട്ടില്ല എന്നത് ശോചനീയമാണ്. അതിനാൽ, ദൈവജനം പിശാചിനാൽ വശീകരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചിലപ്പോൾ ആവസിക്കപ്പെടുകയും ചെയ്യുന്നു. വിടുതൽ പ്രാപിക്കുവാൻ എവിടെപ്പോകണം എന്നറിയാതെ ചിലർ ഇതര മതവിഭാഗങ്ങളിലേക്ക് പരക്കം പായുന്നു. യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നത് സാത്താനെയും അവന്റെ പ്രവർത്തനങ്ങളെയും  നശിപ്പിക്കുവാനും മനുഷ്യവംശത്തെ രക്ഷിക്കുവാനുമാണ്. യേശുവിൽ വിശ്വസിക്കുന്നവരും അവിടുത്തെ അനുഗമിക്കുന്നവരും അവിടുന്ന് നടത്തിയ ശുശ്രൂഷകൾ തുടരേണ്ടതാണ്. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ദുഷ്ടനിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ എന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. 
   എല്ലാ മാർപ്പാപ്പാമാരും  പിശാചിനെയും അവന്റെ ശക്തിയെയും പറ്റിയും അവനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെയും പറ്റി പഠിപ്പിച്ചിരുന്നു. ലിയോ പതിമ്മൂന്നാമൻ പാപ്പാ വിശുദ്ധ മിഖായേലിനോടുള്ള പ്രാർഥന എല്ലാ ദിവ്യബലിയുടെയും അവസാനം പ്രാർഥിക്കണം എന്നു നിഷ്കർഷിച്ചിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പാ പറയുന്നു; "He who does not pray to Jesus prays to the devil; He who does not profess Jesus professes demoniac worldliness."

Monday, July 25, 2016

വിശുദ്ധ വലിയ യാക്കോബ് ശ്ലീഹാ

July 25
ഇന്ന്   സെബദീപുത്രനും ആദ്യത്തെ അപ്പസ്തോല രക്തസാക്ഷിയുമായ വിശുദ്ധ വലിയ യാക്കോബ് ശ്ലീഹായുടെ തിരുനാൾ 

Monday, July 11, 2016

വി.ബനഡിക്ട്.

ഇന്ന് വി.ബനഡിക്ടിന്റെ തിരുനാൾ 

                               കത്തോലിക്കാ സഭയിലെ മഹാവിശുദ്ധന്മാരിൽ ഒരാളും ബെനഡിക്ടൈൻ സഭാസ്ഥാപകനും പാശ്ചാത്യ   ആശ്രമസമ്പ്രദായത്തിന്റെ   ഉപജ്ഞാതാവുമാണ് വി.ബനഡിക്ട്. 
           AD 480 ൽ  ഇറ്റലിയിലെ നർസിയായിലാണ്  അദ്ദേഹം ജനിച്ചത്. പഠനത്തിനായി അദ്ദേഹത്തിന്റെ മാതാപിതാക്കൾ, അദ്ദേഹത്തെ  റോമിലേയ്ക്കയച്ചുവെങ്കിലും ആ നഗരത്തിന്റെ കുത്തഴിഞ്ഞ രീതികൾ  അദ്ദേഹത്തിന്റെ അഭിരുചികൾക്കിണങ്ങുന്നതായിരുന്നില്ല. തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കണമെന്നാഗ്രഹിച്ച ആ യുവാവ്, റോമിനു തെക്കുകിഴക്കുള്ള സുബിയാക്കോ ഗുഹയിലേക്ക്  പലായനം ചെയ്ത് ഏകാന്തവാസിയായി മൂന്നു വർഷത്തോളം അവിടെ കഴിച്ചുകൂട്ടി. കാര്യങ്ങളന്വേഷിക്കാനായി  ഒരു സ്നേഹിതൻ മാത്രം ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.  ഇക്കാലത്ത് അദ്ദേഹത്തെ കണ്ടുമുട്ടാനിടയായ ചില സന്യാസികൾ അദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ കർശന രീതികളും നിയമങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ അവർക്കു കഴിയാതെ വന്നതിനാൽ അദ്ദേഹത്തെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിക്കുകയും അതിൽനിന്ന് അദ്ദേഹം ദൈവാനുഗ്രഹത്താൽ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം അവരെ വിട്ട് സുബിയാക്കോ ഗുഹയിൽത്തന്നെ അഭയം തേടി. 
                   കാലക്രമേണ,  അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പരിമളം ചുറ്റുപാടും വ്യാപിച്ചു.  അദ്ദേഹത്തിന് ശിഷ്യന്മാർ  കൂടിക്കൂടി വന്നു. അവർക്കായി സുബിയാക്കോയ്ക്കു ചുറ്റും പന്ത്രണ്ടു ചെറിയ ആശ്രമങ്ങൾ സ്ഥാപിതമായി.  വി.ബനഡിക്ടായിരുന്നു  അവരുടെയെല്ലാം ആത്മീയ ഗുരു. 
         AD 530 ൽ വി.ബനഡിക്ട്  സുബിയാക്കോ വിട്ട്  റോമിനും നേപ്പിൾസിനും ഇടയ്ക്കുള്ള  മോണ്ടെ കാസിനോയിലേക്കു പോവുകയും അവിടെ മറ്റൊരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു.  AD 547 ൽ തന്റെ മരണം വരെ അദ്ദേഹം അവിടെയാണ് കഴിഞ്ഞത്.   അവിടെ കഴിയുമ്പോഴാണ് അദ്ദേഹം തന്റെ ആശ്രമനിയമങ്ങൾ എഴുതിയുണ്ടാക്കിയത്. പ്രാർത്ഥന, പഠനം, അദ്ധ്വാനം ഈ മൂന്നു കാര്യങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവിതരീതിയാണ് വിശുദ്ധൻ  തന്റെ അനുയായികൾക്കായി നിർദേശിച്ചത്. ഇന്നും അത് മാറ്റമില്ലാതെ തുടരുന്നു  എന്നു  മാത്രമല്ല, "The Rule of Saint Benedict" എന്ന പേരിൽ ഇന്നത് വിശ്വപ്രസിദ്ധവുമാണ്.

വി.ബനഡിക്ടിന്റെ കാശുരൂപം 

              ഈ കാശുരൂപത്തിന്റെ ഒരു വശത്ത്  വിശുദ്ധന്റെ പടമാണ്. വലത്തെ കൈയിൽ ഒരു കുരിശ്; ഇടത്തെ കൈയിൽ അദ്ദേഹം എഴുതിയ, തന്റെ സന്യാസസഭയുടെ നിയമപുസ്തകവും. 
                         കാശുരൂപത്തിന്റെ അകത്തും വിളുമ്പിനും ലത്തീനിൽ Eivs in obitv nostro prae sentia mvniamvr അതായത്, "നമ്മുടെ മരണനേരത്ത് അവിടുത്തെ സാന്നിധ്യം കൊണ്ട് നാം സഹായിക്കപ്പെടട്ടെ" എന്ന്  എഴുതിയിരിക്കുന്നു.


കാശുരൂപത്തിന്റെ   മറുവശത്ത്,  നടുവിലായി ഒരു കുരിശു കാണാം. അതു നമ്മുടെ രക്ഷയുടെ അടയാളവും പിശാചിനോടു യുദ്ധം ചെയ്യുന്നതിനുള്ള ആയുധവുമത്രേ. 
കുരിശിന്റെ  നെടിയ തണ്ടിന്മേൽ കാണുന്ന അഞ്ച് അക്ഷരങ്ങളായ C,S,S,M,L ഇവയുടെ സാരാർത്ഥമിതാണ്: 
Crux, Sacra, Sit, Mihi, Lux (വി.ബനഡിക്റ്റിന്റെ കുരിശ് എനിക്കു വെളിച്ചമായിരിക്കട്ടെ)
കുരിശിന്റെ  കുറിയ തണ്ടിന്മേൽ കാണുന്ന അഞ്ച് അക്ഷരങ്ങളായ N,D,S,M,D ഇവയുടെ അർത്ഥമാകട്ടെ,
Non, Draco, Sit, Mihi, Dux (പിശാച് എനിക്കു വഴികാട്ടിയാകേണ്ട)

                   കാശുരൂപത്തിന്റെ പുറത്തെ വിളുമ്പിൽ കാണുന്ന പതിന്നാല്  അക്ഷരങ്ങളായ V,R,,S,N,S,M,V, S,M,Q, L,I,V,B  ഇവയുടെ സാരാർത്ഥമിതാണ്: Vade, Retro Santna, Nunpuam, Suade, Mihi, Vana, Sunt, Mala, Quae, Libas, Ipse, Venea, Bibis (പിശാചേ, നീ പുറകോട്ടു പോവുക; മായകളെ നീ എനിക്ക് ഉപദേശിക്കേണ്ട. നീ കുടിക്കുന്നത് വിഷമാകുന്നു)

     ഈ കാശുരൂപം വെഞ്ചെരിക്കുന്നതിന് വൈദികർക്ക് പ്രത്യേക അനുവാദം വേണം. ഇതിന് പ്രത്യേക വെഞ്ചെരിപ്പും നമസ്കാരങ്ങളുമാണുള്ളത്. 

Sunday, May 29, 2016

സാത്താന്റെ തല തകർക്കപ്പെടും

പരിശുദ്ധ അമ്മ  കഞ്ചിക്കോട് റാണി  വഴി  നൽകിയ സന്ദേശം


മക്കളേ, 

                    എന്റെ വിമലഹൃദയമാകുന്ന സക്രാരിയിൽ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധ കുർബാനയുടെ ശക്തി വഴിയും അണുശക്തിയെക്കാൾ പതിന്മടങ്ങ്‌ ശക്തിയുള്ള ജപമാലപ്രാർത്ഥന വഴിയും മാത്രമേ സാത്താന്റെ തല തകർക്കപ്പെടുകയുള്ളൂ. മക്കളേ, ദിവ്യസക്രാരിയുടെ അടുക്കലേക്ക്‌ ഓടിയണയുവിൻ. തിരുമണിക്കൂർ ആരാധന നടത്തുവിൻ. പരിപൂർണ്ണമായ അനുതാപത്തോടും സ്നേഹത്തോടും ഭയഭക്ത്യാദരവോടും കൂടെ സമർപ്പണം നടത്തി ബലിയർപ്പണം നടത്തുവിൻ. അതിൽ പങ്കു പറ്റുവിൻ. അത്ഭുതകരമായ ശക്തിയും ധൈര്യവും പകരുന്ന ദിവ്യകാരുണ്യനാഥന്റെ ഹൃദയസക്രാരിയിൽ, നിങ്ങളുടെ സ്നേഹത്തിന്റെ ഒരു തുള്ളി പകരാൻ തൽപ്പരരാകുവിൻ. അനേകം ദൈവദോഷങ്ങളെ അതു ശമിപ്പിക്കും. എന്റെ നിർമലമായ ഉദരത്തിൽ ആയിരുന്നപ്പോൾ മുതൽ ദിവ്യകാരുണ്യത്തിന്റെ ജീവിതത്തിൽ ഉടനീളവും ഉത്ഥാനാനന്തരം മഹിമപ്രതാപത്തോടുകൂടെ ദർശിച്ചപ്പോൾ വരെയും ഇപ്പോൾ നിരന്തരവും ഈ അമ്മ അവിടുത്തെ ആരാധിക്കുന്നു. ഈശോയോടും അവിടുത്തെ തിരുഹ്രുദയത്തോടും യോജിച്ച് വിശുദ്ധ കുർബാനയിലെ കാരുണ്യവുമായി ഗാഡബന്ധം പുലർത്തി,  എന്റെ വിമലഹൃദയമാകുന്ന ദിവ്യസക്രാരിക്കു ചുറ്റും നിങ്ങളുടെ ജീവിതചക്രം തിരിക്കാൻ ഈ അമ്മയെ അനുവദിക്കുക. തീക്ഷ്ണതയോടെ ജപമാല ചൊല്ലുക. തീർച്ചയായും സാത്താന്റെ തല തകർക്കപ്പെടും. ദിവ്യകാരുണ്യത്തിന്റെ അമ്മയായ ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു; വിമലഹൃദയവിജയം സാധ്യമാകേണ്ട സമയമായി. ഇരുണ്ട മേഘങ്ങളെ തൂത്തെറിയാൻ സകല ഹൃദയങ്ങളേയും കുടുംബങ്ങളേയും സമുദായങ്ങളെയും ലോകസംവിധാനത്തെത്തന്നെ മാറ്റിമറിക്കാൻ, ദിവ്യകാരുണ്യനാഥനോടു ചേർന്ന് ബലിയർപ്പണം വഴി, ജപമാല വഴി നമുക്കൊന്നിച്ച് പോരാടാം.. തികച്ചും നവീനവും സമാധാനപരവുമായ ഭൗമിക പറുദീസയുടെ അനുഭവത്തിൽ   പ്രവേശിക്കാൻ വിശ്വസ്തരായ മക്കൾക്ക്‌ സാധിക്കും. അതിനാൽ, ദിവ്യസക്രാരിയുടെയും അൾത്താരയുടെയും അരികിൽ സന്നിഹിതയാകുന്ന ദിവ്യകാരുണ്യമാതാവിനെ ശ്രവിക്കൂ.. അനുസരിക്കൂ..  ഈ ചിത്രവും സന്ദേശവും പ്രചരിപ്പിക്കുന്നവരെയും അവരുടെ ജീവിതസാഹചര്യങ്ങളെയും ഞാൻ ഈശോയുടെ അനുഗ്രഹങ്ങൾ കൊണ്ടുനിറയ്ക്കും. ഇതു സ്ഥാപിക്കുന്ന ഇടങ്ങൾ, സന്ദേശം ഉൾക്കൊള്ളുന്നവർ അനുഗ്രഹിക്കപ്പെടും. മക്കളേ,  ദിവ്യകാരുണ്യനാഥനായി, ഹോമിക്കപ്പെട്ട ബലിവസ്തുവായിക്കഴിയുന്ന ഈശോയോടു ചേർന്ന് ഈ അമ്മയും നിങ്ങളെ ആശീർവദിക്കുന്നു. കാരുണ്യത്തിന്റെ സക്രാരികളായി പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാക്കുവാൻ പ്രാർഥനയിലും പരിശുദ്ധിയിലും മുന്നേറുവിൻ.."

Saturday, February 13, 2016

വി.ജറാൾഡ് മജില്ല


1726 ഏപ്രിൽ ആറാം തീയതി, തെക്കേ ഇറ്റലിയിലെ മുറോ
എന്ന കൊച്ചുഗ്രാമത്തിലാണ് വിശുദ്ധന്റെ ജനനം. 
ചെറുപ്പത്തിൽത്തന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു വിശുദ്ധൻ. 
അതുകൊണ്ടുതന്നെ ഏവർക്കും പ്രിയങ്കരനുമായിരുന്നു.
1749 ൽ അദ്ദേഹം, ദിവ്യരക്ഷകസഭയിൽ തുണ
സഹോദരനായി ചേർന്നു.  അവിടെയും പാവങ്ങളെയും
അവശത അനുഭവിക്കുന്നവരേയും തനിക്കുള്ളതെല്ലാം നൽകി സഹായിച്ചുകൊണ്ട് മറ്റുള്ളവർക്ക്‌
മാതൃകയായി. 1752 ജൂലൈ 16 ന് ബ്രദർ  ജറാൾഡ് വ്രതവാഗ്ദാനമെടുത്തു. അന്നുമുതൽ അദ്ദേഹം
രക്ഷകനായ ദൈവത്തിനു മാത്രമുള്ളവനായിത്തീർന്നു. 
ആഴമായ പ്രാർഥനാജീവിതം  അദ്ദേഹത്തെ
ഒരു അത്ഭുതപ്രവർത്തകനാക്കി മാറ്റി.
താൻ എപ്പോൾ മരിക്കുമെന്ന് വിശുദ്ധന് മുൻകൂട്ടി നിശ്ചയമുണ്ടായിരുന്നു. അദ്ദേഹം ഡോക്റ്ററോടു പറഞ്ഞു;
"പ്രിയപ്പെട്ട ഡോക്ടർ, എന്നെ ഹൃദയപൂർവ്വം
വി.ത്രേസ്യയ്ക്ക് സമർപ്പിക്കുക. പിന്നീട് എനിക്കുവേണ്ടി ദിവ്യകാരുണ്യത്തിനു പോവുക.'' പരിശുദ്ധ കുർബാന
സ്വീകരിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു: "ഇന്ന് വി.ത്രേസ്യയുടെ തിരുനാളാകയാൽ  
നിങ്ങൾക്ക് ഉല്ലാസദിനമാണ്. നാളെയും നിങ്ങൾക്ക് ഉല്ലസിക്കാം .." ഇതുകൊണ്ട്‌  
അദ്ദേഹം ഉദ്ദേശിച്ചത് തന്റെ മരണം തന്നെയാണ്. ദിവ്യരക്ഷകസഭയിലെ വൈദികർ വി.ത്രേസ്യയുടെ
തിരുനാളാഘോഷിക്കുന്ന പതിവുണ്ട്. അതുകൊണ്ടാണ് ആ ദിവസം അവർക്ക്
ഉല്ലാസമായിരിക്കുന്നത്. കൂടാതെ, ആശ്രമത്തിലെ ഏതെങ്കിലും ഒരംഗം മരിച്ചാൽ, പിറ്റേ ദിവസം ആ ആശ്രമത്തിൽപ്പെട്ടവർ ഉല്ലസിക്കുന്നു. അപ്പോൾ
ബ്രദർ  ജറാൾഡ് സൂചിപ്പിച്ചത്, വി.ത്രേസ്യയുടെ തിരുനാളിൽ
താൻ കർത്താവിൽ നിദ്ര പ്രാപിക്കുമെന്നും തന്മൂലം ആശ്രമവാസികൾ പിറ്റേദിവസം ഉല്ലസിക്കുമെന്നുമാണ്.
അന്നു രാത്രി 10 മണിക്ക് (1756 ഒക്ടോബർ 15) തന്റെ മുപ്പതാമത്തെ വയസ്സിൽ
തന്റെ രക്ഷകന്റെ സവിധത്തിലേക്ക് അദ്ദേഹം യാത്രയായി.
    ഗർഭിണികളുടെ പ്രത്യേക സ്വർഗ്ഗീയ
മദ്ധ്യസ്ഥനായി സഭ അദ്ദേഹത്തെ ആദരിക്കുന്നു.  ഗർഭിണികൾ അദ്ദേഹത്തിന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ  ഭരമേല്പ്പിക്കുന്നു. പ്രസവാരിഷ്ടതകളിലൂടെ സുരക്ഷിതരായി കടന്നു പോകുന്നതിന് അദ്ദേഹത്തോട് അവർ മാധ്യസ്ഥാപേക്ഷ നടത്താറുണ്ട്‌. ഇതിന് ഉപോദ്ബലകമായ സംഭവം ഇങ്ങനെയാണ്:
പുണ്യവാൻ ഒരിക്കൽ സെനർക്കിയ ഗ്രാമത്തിൽക്കൂടി സഞ്ചരിക്കുകയായിരുന്നു.   പ്രസവാരിഷ്ടത കൊണ്ട് മരിക്കുമെന്ന ഘട്ടത്തിലെത്തിയ ഒരു സാധു സ്ത്രീ അദ്ദേഹത്തിന്റെ  സഹായം അഭ്യർഥിച്ചു. അദ്ദേഹം അവൾക്കുവേണ്ടി പ്രാർഥിച്ച് അവളുടെ ജീവൻ രക്ഷിച്ചു. അതേത്തുടർന്ന്  ഈ സഹായമപേക്ഷിച്ച് പുണ്യവാന്റെ സഹായവും പ്രാർത്ഥനയും തേടുന്നവരുടെ എണ്ണം സംഖ്യാതീതമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഗർഭിണികളുടെ പ്രത്യേക മദ്ധ്യസ്ഥനായി അറിയപ്പെടുവാൻ തുടങ്ങിയത്.

Tuesday, February 2, 2016

മൂന്നാം ഫാത്തിമാരഹസ്യം

2000 ജൂൺ മാസത്തിൽ വത്തിക്കാൻ പരസ്യപ്പെടുത്തിയ രേഖകൾ പ്രകാരം, ഫാത്തിമായിലെ  മൂന്നാം രഹസ്യത്തെപ്പറ്റിയുള്ള  സി.ലൂസിയായുടെ വിവരണം ഇപ്രകാരമാണ്:

"ഞാൻ മുൻപു വിവരിച്ച ആദ്യത്തെ രണ്ടു ഭാഗങ്ങൾക്കു ശേഷം,  പരിശുദ്ധ അമ്മയുടെ ഇടതുവശത്ത്‌ അൽപ്പം മുകളിലായി, ജ്വലിക്കുന്ന ഒരു വാൾ  ഇടതുകൈയിലേന്തിയ ഒരു മാലാഖയെ ഞങ്ങൾ കണ്ടു.  ആ വാളിൽനിന്ന്  ലോകത്തെ  ചാമ്പലാക്കാനെന്നോണം  തീജ്വാലകൾ 
പുറപ്പെട്ടുകൊണ്ടിരുന്നു..  എന്നാൽ, ആ തീജ്വാലകൾ പരിശുദ്ധ അമ്മയുടെ  കൈയിൽ നിന്നും മാലാഖയുടെ നേർക്ക്‌ പുറപ്പെട്ടിരുന്ന തേജോസ്ഫുലിംഗങ്ങളിൽ തട്ടി   ഇല്ലാതാകുന്നതു ഞങ്ങൾ കണ്ടു.  മാലാഖ, തന്റെ ഇടതുകൈ ഭൂമിയുടെ നേരെ ചൂണ്ടിക്കൊണ്ട് ഉച്ചത്തിൽ "പ്രായശ്ചിത്തം, പ്രായശ്ചിത്തം, പ്രായശ്ചിത്തം" എന്നു പറയുന്നുണ്ടായിരുന്നു..
           അനന്തരം, ഒരു വലിയ പ്രകാശത്തിൽ, ധവളവസ്ത്രധാരിയായ ഒരു ബിഷപ്പിനെ ഞങ്ങൾ കണ്ടു. അത് പരിശുദ്ധ പിതാവായിരിക്കാമെന്നു ഞങ്ങൾക്കു തോന്നി. പിന്നാലെ,  വേറെ ബിഷപ്പുമാരും വൈദികരും പുരുഷന്മാരും സ്ത്രീകളുമായ സന്യസ്തരും പല പദവിയിൽപ്പെട്ട അല്മായരും പിതാവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അവർ  കുത്തനെയുള്ള ഒരു മലയിലേക്കു കയറിപ്പോവുകയായിരുന്നു. മലയുടെ മുകളിൽ, ഒരു വലിയ പരുക്കൻ മരക്കുരിശ് നാട്ടിയിരുന്നു.  മലമുകളിലെത്തുന്നതിനു മുൻപ് പാതി നശിപ്പിക്കപ്പെട്ട ഒരു നഗരത്തിലൂടെ പരിശുദ്ധ പിതാവ് കടന്നുപോയി. വേച്ചുപോകുന്ന  കാലടികളോടെ, ഇടയ്ക്കിടെ  സന്താപനിമഗ്നനായി  നിന്നുകൊണ്ട്, വഴിമദ്ധ്യേ കാണാനിടയായ മരിച്ചയാളുകളുടെ ആത്മശാന്തിക്കായി പിതാവ് പ്രാർഥിക്കുന്നുണ്ടായിരുന്നു.  മലമുകളിലെത്തി കുരിശിൻ ചുവട്ടിൽ മുട്ടുകുത്തിയ പരിശുദ്ധ പിതാവിനെ ഒരുകൂട്ടം പട്ടാളക്കാർ വെടിവെച്ചും അമ്പെയ്തും കൊലപ്പെടുത്തി.  പിന്നാലെയെത്തിയ ബിഷപ്പുമാരെയും വൈദികരെയും സന്യസ്തരെയും വിശ്വാസികളേയും ഇതേരീതിയിൽത്തന്നെ അവർ കൊല ചെയ്തു..
           മരക്കുരിശിന്റെ  ഇരു കരങ്ങൾക്കും  താഴെയായി കൈയിൽ സ്ഫടികക്കാസായുമായി രണ്ടു മാലാഖമാർ  നിൽപ്പുണ്ടായിരുന്നു.  അവർ രക്തസാക്ഷികളുടെ രക്തം ശേഖരിച്ച് സ്വർഗ്ഗത്തിലേക്കുള്ള  യാത്രയിലായിരുന്നവരുടെ  മേൽ തളിച്ചുകൊണ്ടിരുന്നു ..." 

                     സി.ലൂസിയായുടെ ഈ വിവരണത്തിന്  സഭ  നല്കുന്ന വ്യാഖ്യാനം, ഇത് ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കു നേരെയുണ്ടായ പരാജയപ്പെട്ട വധശ്രമത്തെക്കുറിച്ചുള്ള പ്രവചനമാണെന്നാണ്.  അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് വാദമുഖങ്ങളുള്ളതിനാൽ, ഇതൊരു വിവാദവിഷയവുമാണ്‌.
                    അതെന്തായാലും  ലോകവും സഭയും കടന്നുപോകുന്നത് മുമ്പില്ലാത്തവണ്ണം പ്രശ്നകലുഷിതമായ സമയങ്ങളിലൂടെയാണ്.  ഫാത്തിമാനാഥയുടെ സന്ദേശം - "ജപമാല ചൊല്ലി പ്രാർഥിക്കുക; പ്രായശ്ചിത്തം ചെയ്യുക" - അന്നും ഇന്നും എന്നും ഒരുപോലെ പ്രസക്തമാണ്.     

                                    "അവസാനം എന്റെ വിമലഹൃദയം വിജയം കൈവരിക്കും (In the end, My Immaculate Heart will Triumph)" എന്നത് ഫാത്തിമാനാഥയുടെ  വാഗ്ദാനമാണ്.   അതിൽ  ഉറപ്പായി വിശ്വസിച്ചുകൊണ്ട് നമുക്ക് നമ്മുടെ ജപമാലകൾ കൈകളിലേന്താം. സാത്താനുമായുള്ള യുദ്ധത്തിൽ നമ്മുടെ അമ്മയ്ക്ക് പൂർണ്ണ പിന്തുണ നല്കാം...   

Monday, February 1, 2016

മൂന്നാം ഫാത്തിമാരഹസ്യം വെളിപ്പെടുന്നു?

                   സി.ലൂസിയ,  തന്റെ ബിഷപ്പിന്റെ ആജ്ഞയ്ക്കു വിധേയപ്പെട്ടും  ദൈവമാതാവിന്റെ നിർദ്ദേശങ്ങളനുസരിച്ചും 1944  ജനുവരി മാസത്തിൽ രേഖപ്പെടുത്തിയതും 1960 ൽ വിശ്വാസികളെ അറിയിക്കേണ്ടിയിരുന്നതുമായ    ഫാത്തിമായിലെ മൂന്നാം രഹസ്യം,  ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ മാർപ്പാപ്പായായിരുന്ന ജോൺ ഇരുപത്തിമൂന്നാമൻ വെളിപ്പെടുത്തിയില്ല. 1963 ൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് മാർപ്പാപ്പയായ പോൾ ആറാമൻ, 1965 ൽ 
ഫാത്തിമായിലെ  മൂന്നാം രഹസ്യമടങ്ങുന്ന സി.ലൂസിയായുടെ കത്തു വായിച്ചെങ്കിലും എന്തുകൊണ്ടോ അതു വെളിപ്പെടുത്താനാഗ്രഹിക്കാതെ വത്തിക്കാൻ ആർക്കൈവ്സിലേക്കു തിരിച്ചയയ്ക്കുകയാണുണ്ടായത്‌.   
              1978 ൽ പോൾ ആറാമൻ പാപ്പാ കാലം ചെയ്തു.  അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ജോൺ പോൾ ഒന്നാമൻ പാപ്പാ 1978 ഓഗസ്റ്റ് 26 ന് സ്ഥാനമേറ്റെങ്കിലും 33 ദിവസത്തെ വാഴ്ചയ്ക്കു ശേഷം സെപ്റ്റംബർ 28 ന് കാലം ചെയ്തു.  തുടർന്നുവന്ന ജോൺ പോൾ രണ്ടാമൻ പാപ്പായും 1981 മെയ്‌ 13ന്  അദ്ദേഹത്തിനു നേരെ വധശ്രമം ഉണ്ടാകുന്നതുവരെ ഇതെപ്പറ്റി മൗനം അവലംബിച്ചു. വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടശേഷം ജോൺപോൾ പാപ്പാ മൂന്നാം ഫാത്തിമാരഹസ്യത്തെപ്പറ്റി ലഭ്യമായ എല്ലാ രേഖകളും പഠിക്കുകയും 1982 മെയ് 13 ന് ലോകം മുഴുവനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു  പ്രതിഷ്ടിക്കുകയും ചെയ്തു.  എന്നാൽ സി.ലൂസിയായുടെ കത്തിലെ വിവരങ്ങൾ പുറത്തുവിടുവാൻ  രണ്ടായിരാമാണ്ട്‌ വരെ അദ്ദേഹവും തയാറായില്ല.  
  2000 ജൂൺ മാസത്തിൽ വത്തിക്കാൻ പരസ്യപ്പെടുത്തിയ രേഖകൾ  പ്രകാരം, ഫാത്തിമായിലെ  മൂന്നാം രഹസ്യത്തെപ്പറ്റിയുള്ള സി.ലൂസിയായുടെ വിവരണം ഇപ്രകാരമാണ്:  
    "ഞാൻ മുൻപു വിവരിച്ച ആദ്യത്തെ രണ്ടു ഭാഗങ്ങൾക്കു ശേഷം,  പരിശുദ്ധ അമ്മയുടെ ഇടതുവശത്ത്‌ അൽപ്പം മുകളിലായി, ജ്വലിക്കുന്ന ഒരു വാൾ  ഇടതുകൈയിലേന്തിയ ഒരു മാലാഖയെ ഞങ്ങൾ കണ്ടു.  ആ വാളിൽനിന്ന്  ലോകത്തെ ചാമ്പലാക്കാനെന്നോണം  തീജ്വാലകൾ പുറപ്പെട്ടുകൊണ്ടിരുന്നു.. " 

Sunday, January 31, 2016

ഫാത്തിമായിലെ മൂന്നാം രഹസ്യം

         

ഫാത്തിമായിലെ മൂന്നാം ദർശനത്തിൽ (1917ജൂലൈ 13) മാതാവ് അറിയിച്ച രഹസ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ  സി.ലൂസിയ 1941 ൽ, അന്നത്തെ ലിറിയ ബിഷപ്പായിരുന്ന മോൺ.ജോസ് ആൽവ്സ് ഡിസിൽവയുടെ നിർദേശപ്രകാരം എഴുതിയ തന്റെ ആദ്യത്തെ ഓർമ്മക്കുറിപ്പിലൂടെ  വെളിപ്പെടുത്തി.  
 രഹസ്യത്തിന്റെ ആദ്യഭാഗം നരകദർശനമാണ്.  ധാരാളമാളുകൾ  തങ്ങളുടെ പാപങ്ങൾ നിമിത്തം നരകത്തിൽ വീഴുന്നുവെന്നും പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനും ത്യാഗം ചെയ്യുവാനും ആരുമില്ലെന്നും പരിശുദ്ധ അമ്മ വിലപിച്ചു.  
രഹസ്യത്തിന്റെ രണ്ടാം  ഭാഗം, വരാൻ പോകുന്ന മറ്റൊരു  യുദ്ധത്തെയും കമ്മ്യുണിസ്റ്റ് റഷ്യയുടെ ഉദയത്തെയും  കമ്മ്യുനിസത്തിന്റെ  വളർച്ചയെയും പറ്റിയുള്ള പ്രവചനങ്ങളാണ്.  മനുഷ്യർ മാനസാന്തരപ്പെട്ട്  ദൈവത്തിങ്കലേക്ക് തിരിയുന്നില്ലെങ്കിൽ ഇപ്പോഴത്തെതിലും ഭയാനകമായ  മറ്റൊരു യുദ്ധം ഉണ്ടാകുമെന്നും  അതു  തടയുന്നതിനായി റഷ്യയെ  മാതാവിന്റെ  വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും അല്ലെങ്കിൽ റഷ്യ അതിന്റെ അബദ്ധസിദ്ധാന്തങ്ങൾ ലോകം മുഴുവൻ പരത്തുമെന്നും, കൂടാതെ,  മാതാവിന്റെ
 വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ       പ്രചരിക്കണമെന്ന്  നിത്യപിതാവ് ആഗ്രഹിക്കുന്നുവെന്നും അതിനായി മാസാദ്യശനിയാഴ്ച ആചരണം സഭയിൽ        തുടങ്ങണമെന്നും മാതാവ് 
                                         അറിയിച്ചു.                                           
മൂന്നാം ഭാഗം, അഥവാ മൂന്നാം ഫാത്തിമ രഹസ്യം (The third secret of Fatima)  കൂടി വെളിപ്പെടുത്തുവാൻ 1943 ൽ ബിഷപ്പ് ആവശ്യപ്പെട്ടുവെങ്കിലും .കുറഞ്ഞൊരു കാലം  ലൂസിയ സന്ദേഹിച്ചു;   "അതു ചെയ്യുവാൻ   തന്നെ അധികാരപ്പെടുത്തുന്നതായുള്ള  ഒരുറപ്പ്  അവൾക്കു ദൈവത്തിൽ നിന്നു ലഭിച്ചില്ല" എന്നാണ് കാരണമായി അവൾ പറഞ്ഞത്. എന്നാൽ 1943 ഒക്ടോബറിൽ  ഇതുസംബന്ധിച്ച വ്യക്തമായ കൽപ്പന ബിഷപ്പ് പുറപ്പെടുവിച്ചപ്പോൾ അനുസരണത്തിൻ കീഴിൽ,  ആ രഹസ്യം കടലാസിലാക്കുവാൻ അവൾ  തുനിഞ്ഞു.  എന്നാൽ,  വളരെയേറെ  ക്ലേശിച്ചിട്ടും അവൾക്കത് എഴുവാൻ കഴിഞ്ഞില്ല.   ഒടുവിൽ,  പരിശുദ്ധ മാതാവുതന്നെ അവളുടെ  സഹായത്തിനെത്തി. ബിഷപ്പിന്റെ ആജ്ഞ അനുസരിച്ച്  രഹസ്യം രേഖപ്പെടുത്താമെന്നും  എന്നാൽ രേഖപ്പെടുത്തിയ  രഹസ്യം കവറിലാക്കി മുദ്രവെച്ച് ബിഷപ്പിനെ ഏൽപ്പിക്കണമെന്നും ഈ രഹസ്യം 1960 നുശേഷം മാത്രം വെളിപ്പെടുത്തുവാനുള്ളതാണെന്നും  മാതാവ് അവളെ അറിയിച്ചു.  അങ്ങനെ മാതാവിന്റെ സഹായത്തോടെ,   1944 ജനുവരി മൂന്നാം  തീയതി
  അവൾ ഫാത്തിമാ രഹസ്യത്തിന്റെ മൂന്നാം ഭാഗം  രേഖപ്പെടുത്തുകയും അത് കവറിലിട്ട് സീൽ ചെയ്ത് "1960 നുശേഷം മാത്രം  ദൈവജനത്തിനു  വെളിപ്പെടുത്തപ്പെടുവാനുള്ളത്" എന്നു   കവറിനു പുറത്ത് രേഖപ്പെടുത്തി ബിഷപ്പിന്റെ പക്കൽ എത്തിക്കുകയും ചെയ്തു.. 
 എന്നാൽ,  അതു തുറന്നു വയിച്ചുനോക്കുവാൻ ബിഷപ്പ് തുനിഞ്ഞില്ല.  ഇതറിഞ്ഞ സി.ലൂസിയാ,  ബിഷപ്പിൽനിന്നും ഒരു വാഗ്ദാനം ചോദിച്ചുവാങ്ങി.  ദൈവമാതാവ്  അറിയിച്ച  ഈ രഹസ്യം, 1960 നു ശേഷമോ അല്ലെങ്കിൽ അവളുടെ മരണത്തിനു ശേഷമോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് ലോകത്തെ അറിയിക്കണമെന്നതായിരുന്നു അത്.  അതല്ല, ബിഷപ്പാണ് ആദ്യം മരിക്കുന്നതെങ്കിൽ രഹസ്യമടങ്ങിയ കവർ ലിസ്ബണിലെ കർദ്ദിനാളിനെ എല്പ്പിക്കണമെന്നും സി.ലൂസിയ അഭ്യർഥിച്ചു. ബിഷപ്പ് അതു സമ്മതിച്ചു.  സി.ലൂസിയായുടെ കത്ത് 1957 വരെ ബിഷപ്പ് സൂക്ഷിച്ചു. അതിനുശേഷം,  ഈ കത്ത് പ്രാദേശിക  സഭാധികാരികൾ  വത്തിക്കാനിലേക്ക് അയക്കുകയാണ് ഉണ്ടായത്.
അന്ന് മാർപ്പാപ്പായായിരുന്ന പന്ത്രണ്ടാം പീയൂസും 1960 ആകുന്നതുവരെ  കാത്തിരിക്കാനാണ് തീരുമാനിച്ചത്.  1958 ൽ അദ്ദേഹത്തിന്റെ   മരണത്തെത്തുടർന്ന്  ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പാ സ്ഥാനമേറ്റു.  അദ്ദേഹം കത്ത് തുറന്നു  വായിച്ചുവെങ്കിലും  അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല. 
                   "ഫാത്തിമായിലെ മൂന്നാം രഹസ്യം,  രഹസ്യമായിത്തന്നെ സൂക്ഷിക്കപ്പെടുന്നതാണ്" എന്ന ഒരു പത്രപ്രസ്താവന  വത്തിക്കാൻ 1960 ൽ പുറപ്പെടുവിച്ചു. ഇത് ഒരുപാട് ഊഹാപോഹങ്ങൾക്കു വഴി തെളിച്ചു.  ലോകത്തിന്റെ നാശത്തിനു വഴിതെളിക്കുന്ന ആണവയുദ്ധം മുതൽ 
കത്തോലിക്കാ സഭയിലെ പിളർപ്പ് വരെ ഫാത്തിമായിലെ മൂന്നാം രഹസ്യമായി വ്യാഖ്യാനിക്കപ്പെട്ടു..