ജാലകം നിത്യജീവൻ: July 2011

nithyajeevan

nithyajeevan

Sunday, July 31, 2011

വി. ഇഗ്നേഷ്യസ് ലയോള

 ജൂലൈ 31 - വി. ഇഗ്നേഷ്യസ് ലയോള


ഇന്ന്  ഈശോസഭാസ്ഥാപകനായ  വി. ഇഗ്നേഷ്യസ് ലയോളയുടെ തിരുനാൾ.  

സ്പെയിനിലെ Azpetitia പട്ടണത്തിനടുത്തുള്ള ലയോള പ്രഭുമന്ദിരത്തിലാണ് വി. ഇഗ്നേഷ്യസ് പിറന്നത്. ഒരു പട്ടാളക്കാരനായിരുന്ന അദ്ദേഹത്തിന്‍റെ മാനസാന്തരകഥ സുപ്രസിദ്ധമാണ്. ഫ്രഞ്ചു സൈന്യവുമായുള്ള യുദ്ധത്തിൽ കാലിനു മുറിവേറ്റ് കുറേനാൾ അദ്ദേഹത്തിനു് ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ശയ്യാവലംബിയായി കഴിയുമ്പോൾ വീരസാഹസിക കൃതികൾ വായിക്കാനാഗ്രഹിച്ചെങ്കിലും കൈയിൽ കിട്ടിയത് ലുഡോൾഫിന്റെ 'Life of Christ'   ആയിരുന്നു. കൂടാതെ വിശുദ്ധരുടെ ജീവചരിത്രമെന്ന മറ്റൊരു പുസ്തകവും അദ്ദേഹത്തിനു കിട്ടി. അവ വായിക്കാൻ താൽപ്പര്യമില്ലായിരുന്നെങ്കിലും മറ്റൊന്നുമില്ലായിരുന്നതിനാൽ അവ വായിക്കാൻ അദ്ദേഹം നിർബന്ധിതനായി. സ്വാഭീഷ്ടം അന്വേഷിക്കുന്ന താനും ദൈവഹിതം പിഞ്ചെല്ലുന്ന വിശുദ്ധരും തമ്മിലുള്ള അന്തരം അദ്ദേഹത്തെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു ചോദ്യമുദിച്ചു: 'അവനും ഇവനും വിശുദ്ധനാകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ?'  വിശുദ്ധരുടെ  മാതൃക അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. അവരെ പിന്തുടരുവാൻ അദ്ദേഹം തീരുമാനിച്ചു.
പ്രബലമായ  മനശ്ശക്തിയുടെ ഉടമയായിരുന്ന അദ്ദേഹം,  ആശുപത്രി വിട്ട ശേഷം ആത്മീയജീവിതത്തിലേക്ക് പ്രവേശിക്കുകയും വിശുദ്ധിയുടെ പടവുകൾ അതിവേഗം ചവിട്ടിക്കയറുകയും ചെയ്തു.
പുതിയ സഭാസ്ഥാപനത്തിൽ (ഈശോസഭ) പീറ്റർ ഫാവർ (Blessed Peter Favre) എന്ന ചങ്ങാതിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സഹായി. അടുത്തതായി തുണയ്ക്കെത്തിയത് പ്രസിദ്ധ വാഗ്മിയായിരുന്ന ഫ്രാൻസിസ് സേവ്യർ ആയിരുന്നു.  ഇഗ്നേഷ്യസിന്റെ എളിയ ജീവിതരീതിയോട് എതിർപ്പു കാണിച്ചിരുന്ന ആ യുവപണ്ഡിതനെ ഒടുവിൽ ഇഗ്നേഷ്യസ് മെരുക്കിയെടുക്കുക തന്നെ ചെയ്തു. ഫ്രാൻസിസ് സേവ്യർ കേൾക്കെ ഈ തിരുവചനം അദ്ദേഹം ആവർത്തിച്ചു് ഉരുവിട്ടു: "ഒരുവൻ ലോകം മുഴുവൻ നേടിയാലും അവ
ന്‍റെ ആത്മാവു നശിച്ചാൽ എന്തു പ്രയോജനം?" ഇഗ്നേഷ്യസിന്‍റെ കാന്തശക്തിയാൽ ആകർഷിക്കപ്പെട്ട ഫ്രാൻസിസ് സേവ്യറും അദ്ദേഹത്തിന്‍റെ സഭയിൽ അംഗമായി; പിന്നീട് ഭാരതത്തിന്‍റെ രണ്ടാം അപ്പസ്തോലൻ എന്നറിയപ്പെടുന്ന മഹാവിശുദ്ധനുമായി.

കുമ്പസാരം - സിസ്റ്റർ മരിയയ്ക്ക് ലഭിച്ച ദർശനം


Saturday, July 30, 2011

സിസ്റ്റർ മരിയയ്ക്ക് ലഭിച്ച ദർശനങ്ങൾ

 (ജീവിത സാഹചര്യങ്ങളാണ് കോതമംഗലം സ്വദേശിനിയായ  മായഎന്ന ഹിന്ദുപെണ്‍കുട്ടിയെ  ക്രിസ്തീയ വിശ്വാസത്തിലേക്കാനയിച്ചത്. പെന്തക്കോസ്ത് സഭയില്‍ ചേര്‍ന്ന അവള്‍, കത്തോലിക്കാ സഭയേയും സഭയുടെ പഠനങ്ങളെയും നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍  ഈശോയോടുള്ള അത്യഗാധമായ സ്നേഹവും ശിശുസഹജമായ അവളുടെ വിശ്വാസവും വലിയ കൃപ അവള്‍ക്കു നേടിക്കൊടുത്തു.  ഈശോ അവള്‍ക്ക് പ്രത്യക്ഷനായി കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങള്‍  വളരെ ലളിതമായ ഭാഷയില്‍  അവളെ പഠിപ്പിച്ചു. അങ്ങനെ അവള്‍  മരിയ എന്ന പേരില്‍  കത്തോലിക്കാ  സഭാംഗമായി.
മരിയ ഇന്ന് സിസ്റ്റര്‍  മരിയയാണ്.  വലിയ ദൗത്യങ്ങള്‍ക്കായി ഈശോ സിസ്റ്റര്‍  മരിയയെ ഒരുക്കിക്കൊണ്ടിരിക്കുന്നു.)

കത്തോലിക്കര്‍  ജപമാല ചൊല്ലുന്നതെന്തിനാണ്,   നന്മ നിറഞ്ഞ മറിയമേ എന്ന് ഒത്തിരി ആവര്‍ത്തിക്കുന്നതു കൊണ്ട് എന്താണു് പ്രയോജനം എന്നുള്ള മരിയയുടെ ചോദ്യത്തിനുത്തരമായി,  ജപമാലപ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെയും ശക്തിയെയും പറ്റി ഈശോ മരിയയെ ഇപ്രകാരം പഠിപ്പിക്കുന്നു.
"കുഞ്ഞേ, എന്താണാ പ്രാര്‍ത്ഥന? 'നന്മ നിറഞ്ഞ മറിയമേ നിനക്കു സ്തുതി; കര്‍ത്താവു നിന്നോടു കൂടെ, സ്ത്രീകളില്‍  നീ അനുഗൃഹീതയാകുന്നു! നിന്റെ ഉദരഫലവും അനുഗൃഹീതം!' ഈ വാക്കുകള്‍  എന്താണു്? ദൈവത്തിന്റെ വചനമല്ലേ? വചനത്തെക്കുറിച്ച് എന്താണു് ഞാൻ പറഞ്ഞിരിക്കുന്നത്? 'വചനം നിങ്ങളെ വിശുദ്ധീകരിക്കും; വചനം നിങ്ങളെ സ്വതന്ത്രരാക്കും' എന്നല്ലേ? നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ക്ക് നിന്നെ വിശുദ്ധീകരിക്കാനും സ്വതന്ത്രയാക്കാനും കഴിയും. എന്നാല്‍ , ഈ വചനങ്ങള്‍ക്കെതിരേ സാത്താൻ സര്‍വ്വശക്തിയുമെടുത്ത് പൊരുതും. കാരണം രക്ഷയുടെ ആദ്യത്തെ വചനങ്ങളാണത്. ആ വചനങ്ങള്‍ക്ക് എന്റെ അമ്മ 'ആമേന്‍' പറഞ്ഞപ്പോഴാണ് സാത്താന്റെ പതനം ആരംഭിച്ചത് . അതുകൊണ്ടാണ് ജപമാലപ്രാര്‍ത്ഥനയോട് അവനിത്രമാത്രം വൈരാഗ്യം.
കുഞ്ഞേ, അതിപുരാതന കത്തോലിക്കാ കുടുംബങ്ങളില്‍  മുട്ടിന്മേല്‍  നിന്ന് ജപമാല ചൊല്ലുന്ന ഒരു പതിവുണ്ടായിരുന്നു. എന്റെ അമ്മയുടെ കൂടെയാണ് അന്നവര്‍  ജീവിച്ചിരുന്നത്. എന്റെ മക്കളൊക്കെ ഇന്നത്തേക്കാള്‍  നല്ലവരായിരുന്നു. ഇന്നത്തേക്കാള്‍   ദൈവവിളികളുമുണ്ടായിരുന്നു അന്ന്.  അന്നത്തെപ്പോലെ ഇന്നും  എന്റെ മക്കള്‍  എന്റെ അമ്മയുടെ കൂടെ ജീവിച്ചിരുന്നെങ്കില്‍  എന്നു ഞാനാഗ്രഹിച്ചു പോവുകയാണ്.....

പുതിയനിയമത്തില്‍  പരിശുദ്ധാത്മാവ് ആദ്യമായി തന്നെത്തന്നെ വെളിപ്പെടുത്തുന്നത് എലിസബത്തിലൂടെയാണ്. ദൈവാത്മാവിനാല്‍  പൂരിതയായ എലിസബത്ത് ആദ്യം പറയുന്ന വാക്കുകള്‍  എന്താണു്?  "മറിയമേ, നീ സ്ത്രീകളില്‍   അനുഗൃഹീതയാണ്; നിന്റെ ഉദരഫലവും അനുഗൃഹീതം... എന്റെ കര്‍ത്താവിന്റെ അമ്മ എന്റെയടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എങ്ങനെയുണ്ടായി...!" കുഞ്ഞേ, പരിശുദ്ധ അമ്മ നിന്റെയടുത്തു വരുന്നത് മഹാഭാഗ്യമാണെന്ന ബോധ്യം നിനക്കുണ്ടാകണമെങ്കില്‍  നിന്റെയുള്ളില്‍  പരിശുദ്ധാത്മാവുണ്ടായിരിക്കണം. ഇല്ലെങ്കില്‍  നിനക്കത് മനസ്സിലാവില്ല. പുതിയനിയമത്തില്‍  പരിശുദ്ധാത്മാവ് ആദ്യം മഹത്വപ്പെടുത്തുന്നത് എന്റെ അമ്മയെയാണ്.  എന്റെ അമ്മയുടെ മഹത്വം നീയെന്നല്ല ആരു വിചാരിച്ചാലും ഇല്ലാതാക്കാനും കഴിയില്ല.

 അന്ന് ഞാന്‍  ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍, ഒരു സ്ത്രീ വിളിച്ചുപറഞ്ഞു, 'നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരങ്ങളും അനുഗൃഹീതം' എന്ന്.  അന്നു തുടങ്ങിയതാണ് എന്റെ അമ്മയെ മഹത്വപ്പെടുത്തല്‍. 
ആ  മഹത്വം നിത്യത വരേയും ഉണ്ടായിരിക്കുകയും ചെയ്യും."

മരിയ വീണ്ടും ചോദിച്ചു. "കര്‍ത്താവേ, പരിശുദ്ധ അമ്മ മുട്ടത്തൊണ്ടാണെന്നു ചിലര്‍  പരിഹസിക്കുന്നുണ്ടല്ലോ?"
"കുഞ്ഞേ, തിരുവചനം ഇപ്രകാരം പറയുന്നു: "സകല തലമുറകളും മറിയത്തെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും." (ലൂക്കാ 1:48) എന്റെ അമ്മ എനിക്ക് മുട്ടത്തൊണ്ടല്ല, അവളെനിക്ക് അമ്മയാണ്. അമ്മയുടെ വിലയറിയണമെങ്കില്‍  നീ പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുക. ഒരുകാര്യം കൂടി അറിയുക; പക്ഷിക്കുഞ്ഞിന്റെ അമ്മ തള്ളപ്പക്ഷിയാണ്. അല്ലാതെ മുട്ടത്തൊണ്ടല്ല. മേലില്‍  വിവേകമില്ലാതെ ഇങ്ങനെ സംസാരിക്കരുത്.

എന്റെ അമ്മ ജീവിക്കുന്ന സക്രാരിയാണ്; വാഗ്ദാന പേടകമാണ്. പഴയനിയമത്തില്‍  വാഗ്ദാന പേടകത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.  ദൈവം പറഞ്ഞു കൊടുത്തതനുസരിച്ച് മനുഷ്യര്‍  നിര്‍മ്മിച്ച ഒരു പേടകമായിരുന്നു അത്. അതിനള്ളില്‍  ദൈവമായിരുന്നില്ല; ദൈവത്തിന്റെ ഉടമ്പടി പത്രികയായിരുന്നു. എന്നിട്ടും വാഗ്ദാന പേടകത്തിനു നേരെ കൈനീട്ടിയ ഉസാ എന്ന മനുഷ്യനെ ദൈവം വധിച്ചു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.  പുതിയനിയമത്തിലെ ജീവിക്കുന്ന  വാഗ്ദാന പേടകമാണ് പരിശുദ്ധ മറിയം.  അമ്മയുടെയുള്ളില്‍  ദൈവത്തിന്റെ ഉടമ്പടി പത്രികയല്ല, ദൈവം തന്നെയായിരുന്നു വസിച്ചിരുന്നത്. അങ്ങനെയെങ്കില്‍,  ദൈവത്തിന്റെ സജീവ വാഗ്ദാന പേടകമായ പരിശുദ്ധ അമ്മയ്ക്കെതിരെ കരങ്ങളോ നാവോ ഉയർത്തുന്നവർക്കെതിരേ ദൈവം എന്തു ചെയ്യുമെന്ന് സങ്കല്‍പ്പിക്കാന്‍  പോലുമാവില്ല. 
കുഞ്ഞേ, രക്ഷയുടെ സമയം വ്യര്‍ത്ഥസംഭാഷണങ്ങളില്‍  ഏര്‍പ്പെട്ട് നശിപ്പിച്ചു കളയരുത്. എന്റെ അമ്മയെ സ്നേഹിക്കയും ആദരിക്കയും നിത്യം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കയും ചെയ്യുക."

വിശുദ്ധഗ്രന്ഥ വായന


                                  ഈശോ പറയുന്നു: "വിശുദ്ധഗ്രന്ഥം വായിക്കേണ്ടത് കണ്ണുകൾ കൊണ്ടായിരിക്കരുത്; ഒരുവന്റെ അരൂപി കൊണ്ടായിരിക്കണം.   അപ്പോൾ ആ വചനങ്ങൾക്കു നിദാനമായ അതിസ്വാഭാവിക അറിവ് സത്യത്തിന്റെ പ്രകാശത്താൽ വെളിവാക്കപ്പെടും.    പക്ഷേ, ഇതു ലഭിക്കണമെങ്കിൽ വായിക്കുന്ന വ്യക്തിക്ക് എന്നോടു് ഐക്യപ്പെട്ടിരിക്കുന്ന അരൂപി ഉണ്ടായിരിക്കണം. അപ്പോൾ നിങ്ങളെ നയിക്കുന്നത് എന്റെ അരൂപിയായിരിക്കും."

Friday, July 29, 2011

വിശുദ്ധ മാർത്താ

ജൂലൈ 29 - ഇന്ന് വി.മാർത്തായുടെ തിരുനാൾ

ഈശോയുടെ പ്രിയ സ്നേഹിതനായ ലാസ്സറസ്സിന്റെ സഹോദരിയും ഈശോയുടെ ശിഷ്യകളിൽ ഒരാളുമായിരുന്നു മാർത്ത.   ഈശോയുടെ കുരിശുമരണസമയത്ത് മറ്റ് ഭക്തസ്ത്രീകളോടൊപ്പം  മാർത്തയും സഹോദരി മേരിയും കാൽവരിയിലുണ്ടായിരുന്നു.

ഈശോയുടെ ഭൗമികജീവിതത്തിൽ ഏറ്റവുമധികം സ്നേഹവും സഹായവും കിട്ടിയത്  ലാസ്സറസ്സിന്റെ ഭവനത്തിൽ നിന്നാണ്. "ബഥനിയിലെ എന്റെ സ്നേഹിതരിൽ നിന്നു സ്വീകരിച്ചിട്ടുള്ളതു പോലെ മറ്റാരിൽ നിന്നും ഒന്നും ഞാൻ സ്വീകരിച്ചിട്ടില്ല" എന്ന്  ഈശോ തന്നെ ലാസ്സറസ്സിനോട് ഒരവസരത്തിൽ പറയുന്നുണ്ട്.

സഹോദരിമാരിൽ മൂത്തവളായിരുന്നു മാർത്ത.  ജഡമോഹങ്ങൾക്കടിപ്പെട്ട്  പാപജീവിതം നയിച്ചിരുന്ന ഇളയവളായ മേരിക്ക്  മാനസാന്തരത്തിന്റെ കൃപ നേടിക്കൊടുത്തത് സഹോദരങ്ങളുടെ കണ്ണീരും പ്രാർത്ഥനയുമായിരുന്നു. 

സ്നേഹം സൃഷ്ടിപരമാണ്


ഈശോ പറയുന്നു: "ആരോഗ്യമുള്ളപ്പോൾ ആരാണ് ശരീരത്തെക്കുറിച്ച് ചിന്തിക്കുക? എന്നാൽ പനിയുടെ ആദ്യത്തെ കിടുകിടുപ്പ് അനുഭവപ്പെടുമ്പോൾ  അഥവാ ഒരു പാണ്ട് ശരീരത്തിലെവിടെയെങ്കിലും കാണപ്പെട്ടാൽ ഭയമാകും. രോഗത്തിന്റെ കൂടെ ഭയവും കൂടിയാകുമ്പോൾ രോഗം മൂർഛിക്കുന്നു. ശരീരത്തിന്റെ ശക്തി മുഴുവൻ ക്ഷയിപ്പിക്കുന്നു. നേരെമറിച്ച്, സ്നേഹം സൃഷ്ടിപരമാണ്. 
അത് നിർമ്മിക്കുന്നു;  ഉറപ്പിക്കുന്നു; ഒരുമിപ്പിക്കുന്നു; നിലനിർത്തുന്നു. സ്നേഹം ദൈവത്തിൽ പ്രത്യാശ നൽകുന്നു. സ്നേഹം തിന്മകളകറ്റുന്നു; തന്നോടു തന്നെ ജ്ഞാനിയായി വർത്തിക്കുന്നതിനു കഴിവു നൽകുന്നു. അഹംഭാവികൾ, പ്രപഞ്ചത്തിന്റെ കേന്ദ്രം തങ്ങൾ തന്നെയാണെന്നു വിശ്വസിക്കുകയും അങ്ങനെ ജീവിക്കയും ചെയ്യുന്നു. അവർ വ്യക്തിയുടെ ഒരു ഭാഗത്തെ - മഹിമ കുറവുള്ള ഭാഗത്തെ മാത്രമേ സ്നേഹിക്കുന്നുള്ളൂ. തന്നിമിത്തം, അമർത്യവും വിശുദ്ധവുമായ ഭാഗത്തിന് നാശം വരുത്തുന്നു.

 എല്ലാ രോഗങ്ങളും സഹനങ്ങളും തിന്മയുടെ ഫലമോ ശിക്ഷയോ ആണെന്നു കരുതുന്നതു ശരിയല്ല. കർത്താവ് തന്റെ നീതിമാന്മാരായ മക്കൾക്കു നൽകുന്ന പരിശുദ്ധമായ രോഗങ്ങളും സഹനങ്ങളുമുണ്ട്. മറ്റുള്ളവരുടെ രക്ഷയ്ക്കായി മോചനദ്രവ്യമായി -  ജാമ്യത്തടവുകാരായിത്തീരുന്ന ആളുകളെപ്പോലെ സഹിക്കുന്ന ഇവർ, ലോകം അനുദിനം ചെയ്തുകൂട്ടുന്ന കുറ്റങ്ങൾക്ക് തങ്ങളുടെ വ്യക്തിപരമായ സഹനങ്ങളിലൂടെ പരിഹാരം ചെയ്യുന്നു. 


കർത്താവിന്റെ നാമത്തിൽ ജോഷ്വാ യുദ്ധം ചെയ്തുകൊണ്ടിരുന്ന സമയത്ത് വൃദ്ധനായ മോശ പ്രാർത്ഥിച്ചിരുന്നത് നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? എല്ലാ തിന്മകളുടേയും ആരംഭകനും മനുഷ്യരാശിയുടെ പീഢകനുമായ സാത്താന്, ഏറ്റം ഉഗ്രനായ ശത്രുവിന്, കനത്ത പ്രഹരം ഏൽപ്പിക്കുന്നത് വിശുദ്ധമായി സഹിക്കുന്ന ആത്മാക്കളാണെന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കണം. എല്ലാ മനുഷ്യരുടേയും പേർക്ക് അവർ യുദ്ധം  ചെയ്യുന്നു. ദൈവം അയയ്ക്കുന്ന വിശുദ്ധമായ ആ രോഗങ്ങളും ഇന്ദ്രിയസന്തോഷങ്ങളെ പാപമാക്കുന്ന തിന്മയുടെ ഫലമായ രോഗങ്ങളും തമ്മിൽ എത്ര വലിയ അന്തരമാണുള്ളത്! ആദ്യത്തെത് ദൈവകാരുണ്യത്തിന്റെ നിശ്ചയമാണ്; രണ്ടാമത്തേത് പൈശാചികമായ അഴിമതികളുടെ തെളിവ്. അതിനാൽ സ്നേഹിക്കേണ്ടത് ആവശ്യമാണ്.   വിശുദ്ധമായി ജീവിക്കാൻ സ്നേഹം  ആവശ്യമാണ്. കാരണം, സ്നേഹം സൃഷ്ടിക്കുകയും കാത്തുസൂക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു."

("ദൈവമനുഷ്യന്റെ സ്നേഹഗീത"യിൽ നിന്ന്)

ജീവനും മരണവും

ഈശോ  ജനക്കൂട്ടത്തോടു സംസാരിക്കയാണ്.
"വചനത്തിനായി നോക്കിയിരിക്കുന്ന നിങ്ങള്‍ക്കു സമാധാനം.  ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും പരിഗണിക്കുമ്പോഴും ഈ രണ്ടു പദങ്ങള്‍  ഉപയോഗിക്കുമ്പോള്‍ത്തന്നെയും മനുഷ്യന്‍  തെറ്റായി ധരിക്കുന്നു. മനുഷ്യന്‍  ജീവിതം എന്നു വിളിക്കുന്നത് ഒരു കാലഘട്ടത്തെയാണ്.  അതായത് - അമ്മയുടെ ഉദരത്തില്‍  നിന്നു ജനിച്ച്, ശ്വസിക്കാന്‍  തുടങ്ങി, ഭക്ഷണം കഴിച്ചുതുടങ്ങി, ചലിക്കുവാനും പ്രവർത്തിക്കുവാനും ചിന്തിക്കുവാനും തുടങ്ങി, അങ്ങനെ പോകുന്ന ഒരു കാലഘട്ടത്തെയാണ്.  മരണം എന്നു വിളിക്കുന്നതാകട്ടെ, ശ്വാസോച്ഛാസം നിന്നുപോയി, ഭക്ഷണം കഴിക്കാതെയായി, ചലനവും ചിന്തയും പ്രവൃത്തിയുമെല്ലാം നിന്നുപോയി, തണുത്ത് ശവകുടീരത്തിലേക്ക് പോകാന്‍  പാകമായിത്തീരുന്ന അവസ്ഥയും... എന്നാല്‍ അതങ്ങനെയല്ല. ജീവനെന്താണെന്ന് നിങ്ങൾ  മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ജീവനു യോജിച്ച പ്രവൃത്തികളെന്താണെന്നു ചൂണ്ടിക്കാട്ടുവാനും ആഗ്രഹിക്കുന്നു. ഉണ്ടായിരിക്കുക എന്നതല്ല ജീവന്‍. ഉണ്ടായിരിക്കുക  എന്നത് ജീവനുമല്ല. ഈ തൂണുകളിന്മേല്‍  പടര്‍ന്നു കിടക്കുന്ന മുന്തിരിവള്ളി 'ഉണ്ട്'.  എന്നാൽ  അതിന് ഞാൻ പറയുന്ന ജീവനില്ല. അതുപോലെ, അവിടെ അകലെയുള്ള മരത്തില്‍  കെട്ടിയിരിക്കുന്ന, കരയുന്ന ആടിന് അസ്തിത്വമുണ്ട്. എന്നാല്‍   അതിന് ഞാന്‍  പറയുന്ന ജീവനില്ല. ഞാന്‍  പറയുന്ന ജീവന്‍, ശരീരത്തിന്റെ അസ്തിത്വത്തോടെ  ആരംഭിക്കുന്നതല്ല;  മാംസത്തിന്റെ അന്ത്യത്തോടെ അവസാനിക്കുന്നുമില്ല.  ഞാന്‍  പരാമര്‍ശിക്കുന്ന ജീവന്‍  അമ്മയുടെ ഉദരത്തിലല്ല ആരംഭിക്കുന്നത്; ഒരു  ശരീരത്തില്‍  വസിക്കാന്‍  ദൈവം  ഒരാത്മാവിനെ സൃഷ്ടിക്കുമ്പോഴാണ് ആ ജീവന്‍  ആരംഭിക്കുന്നത്. ആ ജീവന്‍  അവസാനിക്കുന്നത് പാപം അതിനെ കൊല്ലുമ്പോഴാണ്.
മനുഷ്യന്‍  ആദ്യം  ഒരു വിത്താണ്. വളരുന്ന ഒരു വിത്ത്; മാംസളമായ ഒരു വിത്ത്. ധാന്യങ്ങളുടേയും പഴങ്ങളുടേയും വിത്തു പോലെയല്ല.  ആദ്യം അവന്‍  രൂപം പ്രാപിക്കുന്നത് ഒരു   മൃഗമായിട്ടാണ്. എന്നാല്‍  ശാരീരികമല്ലാത്ത ഭാഗം,   
 അതായത് ആത്മാവ്,  അതിലേക്കു നിവേശിക്കപ്പെടുന്നു. ഈ   അരൂപി വളരെ ശക്തിയുള്ള ആത്മീയജീവനാണ്. ഈ നിവേശനം കഴിയുമ്പോൾ ഭ്രൂണം ചലനമുള്ള ഒരു ചങ്കു മാത്രമായിരിക്കുന്നില്ല. സൃഷ്ടാവിന്റെ ചിന്തക്കനുസൃതമായി അതു ജീവിക്കുന്നു; അത് മനുഷ്യനായിത്തീരുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ  പുത്രന്‍; സ്വര്‍ഗ്ഗത്തിലെ ഭാവിപൗരന്‍.
 
ഇതു സംഭവിക്കണമെങ്കില്‍ ജീവന്‍  തുടരണം. മനുഷ്യനല്ലാതായിക്കഴിയുമ്പോഴും, അതായത് മരിച്ചു കുഴിഞ്ഞാലും മനുഷ്യന്റെ ഛായയില്‍  അവന് ആയിരിക്കുവാന്‍  കഴിയും.  അതുകൊണ്ടാണ് ഞാന്‍  പറയുന്നത് ജീവിതം ആരംഭിക്കുന്നത് മാംസത്തിന്റെ  ആരംഭത്തിലല്ല; അതവസാനിക്കുന്നത് മാംസത്തിന്റെ  അവസാനത്തിലുമല്ല എന്ന്. ജനിക്കുന്നതിനു മുമ്പ് ജീവിതം ആരംഭിക്കുന്നു; ജീവിതം ഒരിക്കലും അവസാനിക്കുന്നുമില്ല. കാരണം, ആത്മാവ് മരിക്കയില്ല. അതായത് ഇല്ലായ്മയായിത്തീരുന്നില്ല. പാപം വഴി അതിന്റെ ലക്ഷ്യത്തിന് അതു മരിച്ചതായിത്തീരുന്നു. ലക്ഷ്യം സ്വര്‍ഗ്ഗമാണ്.  കൃപാവരത്തിനു മരിച്ചു കഴിയുമ്പോൾ അതിന്റെ  സൗഭാഗ്യകരമായ ലക്ഷ്യത്തിന് മരിച്ചതായിത്തീരുന്നു. എന്നാല്‍   ശിക്ഷയ്ക്കായി അതു  ജീവിതം  തുടരുന്നു. നിത്യതയോളം തുടരുന്നു. എന്നാല്‍  ആത്മീയജീവന്‍  ഭദ്രമായി സംരക്ഷിക്കപ്പെടുന്നെങ്കില്‍  അത് ജീവന്റെ പൂര്‍ണ്ണതയിലെത്തുന്നു; നിത്യതയിലേക്ക് സൃഷ്ടാവിനെപ്പോലെ ആനന്ദത്തോടെ ചെന്നുചേരുന്നു.
 

മഞ്ഞുവീണ് ഇലകൊഴിഞ്ഞ് നഗ്നമായി മരവിച്ചു നില്‍ക്കുന്ന ഒരു വനത്തേക്കാൾ  കഷ്ടമാണ് മൃതമായ ഒരാത്മാവിന്റെ സ്ഥിതി. എന്നാല്‍  എളിമ, സന്മനസ്സ്, പ്രായശ്ചിത്തം, ഇവ നിങ്ങളില്‍  തറഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ ജീവന്‍   നിങ്ങളിലേക്കു തിരിയെ വരും. വസന്തകാലത്തിലെ വനം പോലെയായിത്തീരും അത്. ദൈവത്തിനായി നിങ്ങൾ പുഷ്പിക്കും. നിത്യം നിലനില്‍ക്കുന്ന ജീവന്റെ  ഫലങ്ങൾ നിങ്ങളിലുളവാകും.അത് അവസാനമില്ലാതെ നൂറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിടും.
ജീവനിലേക്കു വരൂ.. ഉണ്ടെന്ന അവസ്ഥയില്‍  മാത്രമായിരിക്കാതെ, ജീവിക്കാന്‍  ആരംഭിക്കൂ. അപ്പോൾ മരണം അവസാനമായിരിക്കയില്ല. പ്രത്യുത, ആരംഭമായിരിക്കും. ഒരിക്കലും അവസാനിക്കാത്ത സമാധാനവും  അളക്കാനാവാത്ത സന്തോഷവും നിറഞ്ഞ ഒരു     ദിവസത്തിന്റെ തുടക്കമായിരിക്കുമത്. ആവശ്യമുള്ളവർക്കെല്ലാം സത്യദൈവത്തിന്റെ നാമത്തില്‍  ഈ  ജീവിതം ഞാന്‍  വാഗ്ദാനം ചെയ്യുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍  അവര്‍  ജഡികാശകളും ദുർമോഹങ്ങളും പാദത്തിനടിയിലാക്കി ഞെരിച്ചു  കളയണം.
സമാധാനത്തില്‍  പോവുക. കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ."

Thursday, July 28, 2011

മാതാപിതാക്കളെ ബഹുമാനിക്കുക

ഈശോ പ്രസംഗം തുടങ്ങുകയാണ്: 

                  "നിങ്ങള്‍ക്കെല്ലാര്‍ക്കും സമാധാനമുണ്ടാകട്ടെ! 
അപ്പനെയും അമ്മയേയും ബഹുമാനിക്കുക എന്ന് പത്തു കല്‍പ്പനകള്‍ പറയുന്നു. എങ്ങനെയാണ് അവരെ ബഹുമാനിക്കേണ്ടത്? എന്തുകൊണ്ടാണ് അവരെ ബഹുമാനിക്കേണ്ടത്? 

പരമാർത്ഥമായ അനുസരണം, ശരിയായ സ്നേഹം, സ്നേഹനിർഭരമായ ബഹുമാനം ഇവയെല്ലാം നൽകിക്കൊണ്ടാണ് അവരെ ബഹുമാനിക്കേണ്ടത്. ദൈവം കഴിഞ്ഞാൽ ഒരു പിതാവും മാതാവുമാണ് നമുക്ക് ജീവൻ നല്‍കിയതും നമ്മുടെ എല്ലാ ഭൗതികാവശ്യങ്ങളും നടത്തിത്തന്നതും. ഭൂമിയിലേക്കു ജാതനാകുന്ന ചെറിയ വ്യക്തിയുടെ ആദ്യ ഗുരുഭൂതരും സ്നേഹിതരും അവരാണ്. അതിനാൽ അവരെ നമ്മ
ള്‍  ബഹുമാനിക്കണം.
നമ്മുടെ കൈയില്‍  നിന്നു താഴെ വീണുപോയ ഒരു സാധനം ആരെങ്കിലും എടുത്തു തരികയോ നമുക്ക് കഴിക്കാൻ അൽപ്പം ആഹാരം തരികയോ ചെയ്താൽ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നോ "വളരെ ഉപകാരം" എന്നോ നാം പറയും. അപ്പോള്‍, നമുക്ക് ഭക്ഷണം നേടാനായി ജോലി ചെയ്ത് പുറംപൊട്ടിക്കുന്നവരോട് "വളരെ ഉപകാരം" എന്നോ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നോ പറയേണ്ടതല്ലേ? അവർ നമ്മുടെ ഗുരുഭൂതരാണ്. നമ്മെ ആദ്യം സ്ക്കൂളിനായി ഒരുക്കുന്നതും പിന്നീട് ജീവിതത്തിനായി ഒരുക്കുന്നതും നമ്മുടെ മാതാപിതാക്കളാണ്. അവർ നമ്മുടെ  സ്നേഹിതരാണ്. ഒരു പിതാവിനേക്കാള്‍ കൂടുതല്‍  സഖിത്വം നല്‍കാൻ ഏതു സ്നേഹിതനാണ് കഴിയുക? ഒരു മാതാവിനേക്കാള്‍ കൂടുതല്‍  സഖിത്വം നല്‍കാൻ ഏതു സ്നേഹിതയ്ക്കാണ് കഴിയുക? അവരെക്കുറിച്ച് നമ്മള്‍ ഭയചകിതരാകാറുണ്ടോ? അവൻ എന്നെ വഞ്ചിച്ചു, അല്ലെങ്കില്‍  അവൾ എന്നെ വഞ്ചിച്ചു എന്ന് മാതാപിതാക്കളെക്കുറിച്ച് പറയാൻ പറ്റുമോ? മാതാപിതാക്കള്‍ക്കെതിരേ ഹൃദയങ്ങളടയ്ക്കുന്നവർ, അവരുടെ ഹൃദയത്തില്‍  ഉരുക്കിയ ഈയത്തുള്ളികള്‍ വീഴ്ത്തുകയാണ്. എന്നാല്‍  ഞാൻ പറയുന്നു, ആ കണ്ണീർ പൂഴിയില്‍  വീണുപോകയോ വിസ്മൃതിയിലാണ്ടു പോകയോ ചെയ്കയില്ല. ദൈവം അവ പെറുക്കിയെടുത്ത് എണ്ണി നോക്കുന്നു. അവഹേളിക്കപ്പെടുന്ന ഒരു പിതാവിന്റെയോ മാതാവിന്റെയോ വേദനക്ക് കർത്താവില്‍  നിന്ന് അവർക്കു സമ്മാനം ലഭിക്കും. എന്നാല്‍  ഒരു മകൻ അവന്റെ പിതാവിനെയോ മാതാവിനെയോ പീഡിപ്പിക്കുന്നെങ്കിൽ അവന്റെ പ്രവൃത്തി വിസ്മരിക്കപ്പെടുകയില്ല. മകനോടുള്ള ദുഃഖപൂർണ്ണമായ സ്നേഹത്താല്‍  അവർ മകനുവേണ്ടി കരുണയ്ക്കായി ദൈവത്തോടു യാചിച്ചാലും അവന്റെ തിന്മ വിസ്മരിക്കപ്പെടുകയില്ല.

" ഭൂമിയില്‍  ദീർഘകാലം ജീവിച്ചിരിക്കുവാൻ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" എന്നു പറയപ്പെട്ടിരിക്കുന്നു. 'സ്വർഗ്ഗത്തില്‍  എന്നേക്കും ജീവിച്ചിരിക്കുന്നതിനും' എന്നു ഞാൻ  കൂട്ടിച്ചേർക്കുന്നു. മാതാപിതാക്കള്‍ക്കെതിരേ തെറ്റു ചെയ്യുന്നവർക്ക് ഈ ഭൂമിയിലെ ഹൃസ്വജീവിതം മതിയായ ശിക്ഷയായിരിക്കയില്ല. വരാനിരിക്കുന്ന ജീവിതം ഒരു സാങ്കൽപ്പിക കഥയൊന്നുമല്ല. നാം ഇവിടെ എങ്ങനെ ജീവിക്കുന്നുവോ അതനുസരിച്ച് വരാനിരിക്കുന്ന ജീവിതത്തില്‍  സമ്മാനമോ ശിക്ഷയോ ഉണ്ടാകും.
മാതാപിതാക്കള്‍ക്കെതിരേ തെറ്റു  ചെയ്യുന്നവൻ ദൈവത്തിനു് അപ്രീതി വരുത്തുന്നു. കാരണം മാതാപിതാക്കളെ സ്നേഹിക്കണമെന്ന് അവൻ നമ്മോടു കൽപ്പിക്കുന്നു. അവരെ സ്നേഹിക്കാത്തവൻ പാപം ചെയ്യുന്നു. ദൈവസ്നേഹം കഴിഞ്ഞാൽ ഏറ്റം പരിശുദ്ധമായ സ്നേഹത്തെ അവൻ ധിക്കരിക്കുന്നു.  ഒരമ്മയുടെ സ്നേഹത്തെ വഞ്ചിക്കയും പിതാവിന്റെ നരച്ച മുടിയെ അവഹേളിക്കുകയും ചെയ്യുന്ന ഒരുവനെ വിശ്വസിക്കാൻ കഴിയുമോ? അവനോടു മതിപ്പു തോന്നുമോ?

 എന്നാല്‍  അല്‍പ്പം കൂടി ശ്രദ്ധിക്കൂ. മക്കളുടെ ചുമതലകള്‍ പോലെ മാതാപിതാക്കള്‍ക്കും അവരുടേതായ ചുമതലകളുണ്ട്. കുറ്റക്കാരനായ പുത്രൻ ശപിക്കപ്പെട്ടവനായിരിക്കട്ടെ. എന്നാല്‍  കുറ്റക്കാരായ മാതാപിതാക്കളും ശപിക്കപ്പെട്ടവരായിരിക്കട്ടെ. കുട്ടികള്‍ നിങ്ങളെ വിമർശിക്കാനിടയാകരുത്; നിങ്ങളുടെ തിന്മ അനുകരിക്കാനും ഇടയാക്കരുത്. മക്കളോടു നിങ്ങള്‍ കാണിക്കുന്ന നീതിയും കാരുണ്യവും നിറഞ്ഞ സ്നേഹം നിമിത്തം അവർ നിങ്ങളെ സ്നേഹിക്കാനിടയാക്കണം. ദൈവം  കാരുണ്യമാണ്. ദൈവം കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള നിങ്ങളും കാരുണ്യമായിരിക്കണം. നിങ്ങള്‍  കുട്ടികള്‍ക്ക് മാതൃകയും ആശ്വാസവുമായിരിക്കണം. അവർക്കു് സമാധാനവും വഴികാട്ടികളുമായിരിക്കണം. കുട്ടികളുടെ സ്നേഹത്തിന്റെ  പ്രഥമവിഷയം നിങ്ങളായിരിക്കട്ടെ. മക്കള്‍ നിങ്ങളെ ഓർത്തുകൊണ്ട് നിങ്ങളില്‍  കാണുന്ന 
സല്‍ഗുണങ്ങള്‍ തങ്ങളുടെ ജീവിതപങ്കാളികളില്‍  ഉണ്ടോ എന്നന്വേഷിക്കട്ടെ. 
സമാധാനം നിങ്ങളോടുകൂടെ."

Wednesday, July 27, 2011

ധന്യ മാതൃത്വം

ഇതാ ധന്യയായ ഒരമ്മ ...
ശ്രീമതി എലിസബത്ത് 

                                                                2011 July 14 നു  കര്‍ത്താവില്‍ നിദ്ര
പ്രാപിച്ച  ശ്രീമതി എലിസബത്ത് ആനിക്കുഴിക്കാട്ടില്‍ തന്റെ  15 മക്കളില്‍ പത്തുപേരെ ദൈവത്തിനു സമര്‍പ്പിച്ചു കൊണ്ട് മാതൃത്വത്തിന് ധന്യതയേറ്റി.
ശ്രീമതി എലിസബത്തിന്റെ മക്കളില്‍ ആറു പേര്‍ വൈദികരും നാലുപേര്‍ കന്യാസ്ത്രികളുമാണ്.

Tuesday, July 26, 2011

വിശുദ്ധ ജോവാക്കിമും വിശുദ്ധ അന്നയും

JULY 26 - ഇന്ന് വിശുദ്ധ ജോവാക്കിമിന്റെയും  വിശുദ്ധ അന്നയുടെയും തിരുനാള്‍ 



പരിശുദ്ധ കന്യകാ മാതാവിന്റെ മാതാപിതാക്കളായ   
വിശുദ്ധ ജോവാക്കിമും  വിശുദ്ധ അന്നയും  നീതി നിഷ്ഠരായിരുന്നു.

                      അവരെപ്പറ്റി ഈശോ പറയുന്നു:  "എന്റെ വല്യപ്പനും വല്യമ്മയും നീതിയുള്ളവരായിരുന്നു. വിശ്വാസമാകുന്ന പുണ്യം, സ്നേഹമാകുന്ന    പുണ്യം,    പ്രതീക്ഷയാകുന്ന      പുണ്യം, ചാരിത്ര്യമാകുന്ന പുണ്യം  ഇതെല്ലാം  അവര്‍ക്കുണ്ടായിരുന്നു.  വിവാഹിതരായ  ദമ്പതിമാരുടെ  ചാരിത്ര്യം, അത്   അവര്‍ക്കുണ്ടായിരുന്നു.  ചാരിത്ര്യം അഥവാ, പരിശുദ്ധി  പാലിക്കുന്നതിന് കന്യാത്വം ആവശ്യമായിരുന്നില്ല.  പരിശുദ്ധമായ വിവാഹശയ്യകള്‍ ദൈവദൂതന്മാര്‍ കാത്തു സൂക്ഷിക്കുന്നു. അവയില്‍ നിന്ന് നല്ല കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഈ കുഞ്ഞുങ്ങള്‍ തങ്ങളുടെ മാതാപിതാക്കളുടെ പുണ്യം അവരുടെ ജീവിത പ്രമാണമാക്കും

എന്നാല്‍ ഇന്ന് അതെല്ലാം എവിടെ? ഇപ്പോള്‍ കുട്ടികളെ വേണ്ടല്ലോ?  പരിശുദ്ധിയും വേണ്ട. അതിനാല്‍ ഞാന്‍ പറയുന്നു: സ്നേഹവും വിവാഹവും  പങ്കിലമാക്കപ്പെട്ടിരിക്കുന്നു."

Monday, July 25, 2011

വിശുദ്ധ വലിയ യാക്കോബ്


വിശുദ്ധ യാക്കോബ് -  ആദ്യത്തെ അപ്പസ്തോലരക്തസാക്ഷി 


എന്റെ പിന്നാലെ പോരുകയെന്നു
ക്രിസ്തുനായകൻ ചോൽകവേ
എല്ലാം ത്യജിച്ചു പോന്ന യാക്കോബേ
പ്രാർത്ഥിക്ക നിത്യം ഞങ്ങൾക്കായ്...


ഇടിമുഴക്കത്തിൻ പുത്രനെന്നുള്ള
അഭിധാനം പോലെ വിശ്വാസ -
സ്ഥിരതനൽകുന്ന വീര യാക്കോബേ
പ്രാർത്ഥിക്ക നിത്യം ഞങ്ങൾക്കായ്...


     താബോർമലയിൽ മറുരൂപം പൂണ്ട
     മിശിഹാ തൻ മഹിമ കാണുവാൻ
     ഭാഗ്യം സിദ്ധിച്ച വന്ദ്യ യാക്കോബേ
     പ്രാർത്ഥിക്ക നിത്യം ഞങ്ങൾക്കായ്...


മൃത്യു വരിച്ച ജായിറൂസിന്റെ
പുത്രിക്കു ജീവൻ നൽകിയ
കർത്താവിൻ ചാരേ നിന്ന യാക്കോബേ
പ്രാർത്ഥിക്ക നിത്യം ഞങ്ങൾക്കായ്...

ആദ്യത്തെ അപ്പസ്തോല രക്തസാക്ഷി

ജൂലൈ 25
ഇന്ന് ആദ്യത്തെ അപ്പസ്തോല രക്തസാക്ഷിയായ  വി. യാക്കോബ് ശ്ളീഹായുടെ തിരുനാൾ 
സെബദീപുത്രനും ജോണിന്റെ മൂത്ത സഹോദരനുമായ  ജയിംസാണ് (വി. യാക്കോബ്)  അപ്പസ്തോലന്മാരിൽ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ആൾ. ഈശോയ്ക്ക് ഏറ്റം പ്രിയപ്പെട്ട മൂന്ന് അപ്പസ്തോലന്മാർ പത്രോസും ജയിംസും ജോണുമായിരുന്നു. ജയ്റസിന്റെ മകളെ 
ഉയിർപ്പിക്കുന്ന വേളയിലും (Mark 5) താബോർ മലയിൽ വച്ച് ഈശോ രൂപാന്തരപ്പെട്ടപ്പോഴും ((Mark 9) ഗദ്സമെനിലും (Matthew 26) ഈ മൂന്നുപേരെയുമാണ് ഈശോ കൂടെക്കൂട്ടിയത്. 


ഈശോയുടെ പുനരുത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും പന്തക്കുസ്തയ്ക്കും ശേഷം ജോണും ഈശോയുടെ കസിൻ ജയിംസും  (ചെറിയ യാക്കോബ്  -  പിന്നീട് ജറുസലേം 
മെത്രാനായിത്തീർന്നു) ഒഴികെയുള്ള അപ്പസ്തോലന്മാർ സുവിശേഷ പ്രചാരണത്തിനായി പല രാജ്യങ്ങളിലേക്കും പോയി. വി. യാക്കോബ് സ്പെയിനിലേക്കാണു പോയതെന്നും  അവിടെ വച്ച് അദ്ദേഹത്തിനു് പരിശുദ്ധ കന്യകാ മാതാവിന്റെ ദർശനം ലഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.  മാതാവ് ജീവിച്ചിരിക്കെ സ്പെയിനിലെ സർഗോസയിൽ ഒരു കൽത്തൂണിൽ നിൽക്കുന്ന രൂപത്തിലാണ് പ്രത്യക്ഷയായത്. ജയിംസിനോട് ജറുസലേമിലേക്കു തിരിച്ചു വരാനും അവിടെ രക്തസാക്ഷിയാകാനും ഈശോ  ആവശ്യപ്പെടുന്നതായി അമ്മ അറിയിച്ചു. അതനുസരിച്ച് ജറുസലേമിലെത്തിയ ജയിംസ്, ഹേറോദ് അഗ്രിപ്പാ രാജാവിനാൽ ശിരഛേദം ചെയ്യപ്പെടുകയായിരുന്നു. 

Sunday, July 24, 2011

ധനവാനും ലാസറും


വളരെ പാവപ്പെട്ട ഏതാനും കൃഷിക്കാരൊത്ത് ഈശോ ഒരു സാബത്ത് ദിവസം ചെലവഴിക്കയാണ്.  
സമ്പന്നനും ക്രൂരനുമായ ഒരു പ്രീശന്റെ പണിക്കാരായിരുന്നു അവർ. തങ്ങളുടെ 
ദുരിതപൂർണ്ണമായ ജീവിതത്തെക്കുറിച്ച് അവർ ഈശോയോടു പറയുന്നു.
 ഈശോ    ഈ ഉപമ പറയുന്നു.


"ഒരിടത്ത് വളരെ ധനവാനായ ഒരു മനുഷ്യനുണ്ടായിരുന്നു. ദീവ്സ് എന്നു നമുക്കയാളെ വിളിക്കാം. എല്ലാവരും അയാളെ ബഹുമാനിച്ചു.  എല്ലാ ദിവസവും വലിയ വിരുന്നു 
സൽക്കാരങ്ങൾ അയാൾ നടത്തിയിരുന്നു.
ഈ പട്ടണത്തിൽത്തന്നെ വളരെ ദരിദ്രനായ ഒരു ഭിക്ഷുവും ജീവിച്ചിരുന്നു. ലാസർ എന്നു പേരായ അവൻ വളരെ അരിഷ്ടത അനുഭവിച്ചിരുന്നു. എന്നാൽ, മാനുഷികമായ ദുരിതം കൊണ്ടു മൂടപ്പെട്ടിരുന്ന ഒരു വലിയ നിധി ഭിക്ഷുവിലുണ്ടായിരുന്നു. അത് ലാസർ എന്നു വിളിക്കപ്പെട്ടിരുന്ന ഈ മനുഷ്യന്റെ കളങ്കമറ്റ വിശുദ്ധിയായിരുന്നു. അയാൾ നിയമങ്ങൾ ഒന്നും ലംഘിച്ചില്ല; ആവശ്യവും ന്യായവുമാണെന്നു തോന്നിയപ്പോൾപ്പോലും. ഏറ്റം ഉപരിയായ സ്നേഹത്തിന്റെ പ്രമാണം - ദൈവത്തോടുള്ള സ്നേഹവും സഹോദരനോടുള്ള സ്നേഹവും - അയാൾ വിശ്വസ്തതയോടെ അനുസരിച്ചു. എല്ലാ  ദരിദ്രരും ചെയ്യാറുള്ളതുപോലെ അയാളും ധനവാന്മാരുടെ പടിക്കൽ ചെന്ന് ഭിക്ഷ യാചിച്ച് ജീവിച്ചു. എല്ലാ ദിവസവും സന്ധ്യയാകുമ്പോൾ അയാൾ ദീവ്സിന്റെ വീട്ടിലേക്കു പോകും. അവിടത്തെ വലിയ സദ്യയുടെ ഉഛിഷ്ടങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ച് പടിക്കൽ വെളിയിലുള്ള വഴിയിൽ ക്ഷമാപൂർവ്വം കിടക്കും. 

ദീവ്സ് അയാളെക്കണ്ടാൽ അന്നേരം അവിടെ നിന്നോടിക്കും. ദീവ്സിന്റെ പട്ടികൾക്ക് യജമാനനേക്കാൾ കാരുണ്യമുണ്ടായിരുന്നു. അവ ലാസറിന്റെ അടുത്തുചെന്ന് അയാളുടെ വൃണങ്ങൾ നക്കും. മേശപ്പുറത്തു നിന്നു വീഴുന്ന ഭക്ഷണത്തിന്റെ കഷണങ്ങൾ അവ 
അയാൾക്കു കൊണ്ടു കൊടുക്കുമായിരുന്നു. അങ്ങനെ ലാസർ  ധനവാന്റെ നായ്ക്കളെ ആശ്രയിച്ചു ജീവിച്ചു.
ഒരു ദിവസം ലാസർ മരിച്ചു. ഒരുത്തരും അതറിഞ്ഞില്ല. ആരും അയാളെ ഓർത്തു വിലപിച്ചില്ല. എന്നാൽ ദീവ്സ്  സന്തോഷിച്ചു. കാരണം, അയാളുടെ പടിക്കൽ ആ ദുരിതത്തെ പിന്നീട് കണ്ടിട്ടില്ല. എന്നാൽ സ്വർഗ്ഗത്തിലെ ദൈവദൂതന്മാർ അതുകണ്ടു. അന്ത്യശ്വാസം വലിച്ചുകൊണ്ട് തണുത്ത് ശൂന്യമായ ഗുഹയിൽ കിടക്കുന്ന ലാസറിന്റെ  പക്കലേക്ക് ദൈവദൂതന്മാരുടെ ഒരു അകമ്പടി പറന്നിറങ്ങി. വലിയ  പ്രകാശധോരണിയോടെ അയാളുടെ  ആത്മാവിനെ എടുത്ത് ഓശാന പാടിക്കൊണ്ട് അബ്രഹാമിന്റെ മടിയിലേക്ക് കൊണ്ടുപോയി.
കുറെനാൾ കഴിഞ്ഞപ്പോൾ ദീവ്സ്  മരിച്ചു. ഓ! എത്ര കേമമായ ശവസംസ്കാരം! അയാളുടെ മരണത്തെക്കുറിച്ച് കേട്ടറിഞ്ഞ നഗരവാസികൾ, നഗരം ഒന്നടങ്കം, അയാളുടെ  ഭവനത്തിൽ തടിച്ചുകൂടി. അവരുടെ വിലാപം ആകാശത്തേക്കുയർന്നു. അതോടൊപ്പം മുഖസ്തുതിയുടെ കപടവാക്കുകളും. ഇയാൾ എത്ര നീതിമാനും എത്ര വലിയവനുമായിരുന്നു!
ദൈവത്തിന്റെ വിധിയെ മനുഷ്യന്റെ വാക്കുകൾക്ക് മാറ്റാനാവുമോ? ജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നത് റദ്ദാക്കാൻ മനുഷ്യന്റെ  ക്ഷമാപണത്തിനു കഴിയുമോ? ഇല്ല, സാദ്ധ്യമല്ല. വിധിക്കപ്പെട്ടത് അങ്ങനെതന്നെ. ശവസംസ്കാരം വളരെ കേമമായിരുന്നെങ്കിലും ദീവ്സിന്റെ  ആത്മാവ് നരകത്തിൽ കുഴിച്ചു മൂടപ്പെട്ടു.

ഭയാനകമായ ആ കാരാഗൃഹത്തിൽ,  അഗ്നിയും അന്ധകാരവും ഭക്ഷിക്കയും പാനം ചെയ്യുകയും ചെയ്യുന്ന ആ സ്ഥലത്ത് എല്ലാ നിമിഷങ്ങളും അതു തന്നെ. ഇതു ഗ്രഹിച്ച അയാൾ, 
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി. ഒരു മിന്നൽപ്രകാശത്തിൽ, ഒരു നിമിഷത്തേക്കാൾ വളരെക്കുറഞ്ഞ ഒരു  സമയത്തേക്ക് സ്വർഗ്ഗത്തിന്റെ മനോഹാരിത, വർണ്ണനാതീതമായ സൗന്ദര്യം അയാൾ കണ്ടു. ആ കാഴ്ച അയാളുടെ മനസ്സിൽപ്പതിഞ്ഞു.  അതയാളെ വല്ലാതെ അലട്ടുകയും ചെയ്തുകൊണ്ടിരുന്നു. പുറമേ, മറ്റ് കഠോര പീഡകളും.... സ്വർഗ്ഗത്തിൽ അബ്രഹാത്തെ അയാൾ കണ്ടു. അബ്രഹാമിന്റെ മടിയിൽ പ്രകാശിതനായി സന്തോഷഭരിതനായി ലാസർ ഇരിക്കുന്നു. ഒരു കാലത്ത്, നിന്ദിതനായി, അറപ്പുളവാക്കുന്നവനായി ദുരിതമനുഭവിച്ചിരുന്ന പാവം ലാസർ; എന്നാൽ ഇപ്പോൾ ദൈവത്തിന്റെ പ്രകാശത്തിലും സ്വന്തം വിശുദ്ധിയിലും സുന്ദരനായിത്തീർന്നിരിക്കുന്നു! മാലാഖമാർ അവനെ നോക്കി അത്ഭുതപ്പെടുന്നു. 
ദീവ്സ് കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു; "പിതാവായ അബ്രഹാമേ, എന്റെമേൽ കരുണയുണ്ടാകണമേ. ലാസറിനെ ഇങ്ങോട്ടയയ്ക്കണമേ... ലാസർ അവന്റെ വിരൽത്തുമ്പ് വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കുവാൻ ഇങ്ങോട്ടയയ്ക്കണമേ... കാരണം, ഈ തീജ്വാലകളിൽ ഞാൻ ദഹിപ്പിക്കപ്പെടുന്നു..."
അബ്രഹാം മറുപടി പറഞ്ഞു: "എന്റെ മകനേ, നിന്റെ ജീവിതകാലത്ത് നിനക്ക് എല്ലാ നല്ലകാര്യങ്ങളും ഉണ്ടായിരുന്നു. ലാസറിനാകട്ടെ, എല്ലാം ദുരിതങ്ങളായിരുന്നു. എല്ലാ  ദുരിതങ്ങളും അവൻ നന്മയായിപ്പകർത്തി. എന്നാൽ നിന്റെ നന്മകളെല്ലാം നീ ദുരിതമായിപ്പകർത്തി. അതിനാൽ ഇപ്പോൾ അവൻ ആശ്വസിപ്പിക്കപ്പെടണമെന്നുള്ളത് നീതിയത്രേ. എങ്ങനെയായാലും നീ ആവശ്യപ്പെടുന്നത് ചെയ്യാൻ സാദ്ധ്യമല്ല. വിശുദ്ധരായ മനുഷ്യർ ലോകത്തിന്റെ എല്ലാ  ഭാഗങ്ങളിലുമുണ്ട്. ജനങ്ങൾക്ക് അവർ നിമിത്തം നന്മയുണ്ടാകുന്നതിനാണ് അവരുടെ സാന്നിധ്യം നൽകിയിരിക്കുന്നത്. എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും ഒരു  മനുഷ്യന് മാറ്റമൊന്നും ഉണ്ടാകുന്നില്ലെങ്കിൽ വിശുദ്ധരുടെ സഹായം തേടുന്നതുകൊണ്ട് ഉപകാരമുണ്ടാകയില്ല.   വയലിൽ ചെടികളും പുല്ലും എല്ലാം ഇടകലർന്നു നിൽക്കുന്നു. അവ ശേഖരിക്കുമ്പോൾ 
നല്ലതും ചീത്തയും വേർതിരിക്കപ്പെടും. അതാണ് ഇപ്പോൾ  ഇവിടെ സംഭവിച്ചിരിക്കുന്നത്. നമ്മൾ ഭൂമിയിൽ ഒരുമിച്ചായിരുന്നു. നീ ഞങ്ങളെ നിരസിച്ചു. സ്നേഹത്തിന്റെ പ്രമാണത്തിനു വിരുദ്ധമായി നീ ഞങ്ങളെ വിസ്മരിച്ചു. ഇപ്പോൾ നമ്മൾ വേർതിരിക്കപ്പെട്ടിരിക്കയാണ്. നമുക്കിടയിൽ ഒരഗാധ ഗർത്തമുണ്ട്. അതു തരണം ചെയ്ത് നിന്റെ പക്കലേക്കു വരാൻ 
ഞങ്ങൾക്കു കഴിയുകയില്ല. ഭയാനകമായ ആ ഗർത്തം കടന്ന് ഇവിടേക്കു വരാൻ നിനക്കും കഴിയുകയില്ല."
ദീവ്സ് കുറേക്കൂടി ഉച്ചത്തിൽ കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു; "വിശുദ്ധനായ പിതാവേ, കുറഞ്ഞപക്ഷം ലാസറിനെ എന്റെ പിതാവിന്റെ വീട്ടിലേക്കെങ്കിലും പറഞ്ഞയയ്ക്കണമേ. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. സ്നേഹമെന്തെന്ന് ബന്ധുക്കൾക്കിടയിൽ നിന്നുപോലും ഞാനറിഞ്ഞിട്ടില്ല. എന്നാൽ സ്നേഹിക്കപ്പെടാതിരിക്കുക എന്നത് എത്ര കഠിനമായ വിഷമമാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. വിദ്വേഷത്തിന്റെ ഈ സ്ഥലത്തായിരിക്കേ, ഒരുനിമിഷത്തേക്കാൾ കുറഞ്ഞ സമയത്തേക്ക് എന്റെ ആത്മാവ് ദൈവത്തെ കണ്ടപ്പോൾ സ്നേഹം എന്തെന്നു് എനിക്കു മനസ്സിലായി. ഞാൻ അനുഭവിക്കുന്ന വേദനകൾ എന്റെ  സഹോദരന്മാർക്കും ഉണ്ടാകരുതെന്ന് ഞാനാഗ്രഹിക്കുന്നു. ഞാൻ ജീവിച്ചതുപോലെ തന്നെയാണ് അവരും ജീവിക്കുന്നത് എന്നോർക്കുമ്പോൾ ഞാൻ  ഭയപ്പെട്ടുപോകുന്നു. ഞാൻ  എവിടെയാണെന്നും എന്തുകൊണ്ടാണിവിടെ ആയിരിക്കുന്നതെന്നും അവരോടു പറയുവാൻ ലാസറിനെ അവരുടെ പക്കലേക്ക് അയയ്ക്കണമേ. നരകമുണ്ടെന്നും അത് ഭയങ്കരമാണെന്നും അവർ അറിയട്ടെ... അവനെ അയയ്ക്കണമേ. നിത്യമായ പീഡകളുടെ ഈ സ്ഥലത്ത് വന്നു ചേരാതിരിക്കാൻ അവർ മുൻകൂട്ടി ഒരുങ്ങട്ടെ."
എന്നാൽ അബ്രഹാം ഇങ്ങനെയാണ് മറുപടി പറഞ്ഞത്: "നിന്റെ സഹോദരന്മാർക്ക് മോശയും പ്രവാചകന്മാരുമുണ്ടല്ലോ. അവരെ ശ്രവിക്കട്ടെ."
വലിയ വേദനയോടെ കരഞ്ഞുകൊണ്ട് ദീവ്സ് പറഞ്ഞു; "ഓ! പിതാവായ അബ്രഹാമേ, എന്നെ ശ്രവിക്കണമേ... എന്റെമേൽ കരുണയുണ്ടാകണമേ... മരിച്ചവരിൽ നിന്നൊരാൾ ചെന്നു പറഞ്ഞാൽ അവർ  കൂടുതൽ ശ്രദ്ധിക്കും."
എന്നാൽ  അബ്രഹാം പറഞ്ഞു: "മോശയേയും പ്രവാചകന്മാരേയും ശ്രവിക്കാത്തവരാണെങ്കിൽ  മരിച്ചവരിൽ നിന്നുയിർത്ത ഒരുവൻ സത്യത്തിന്റെ വചസ്സുകൾ അവരോടു  പറഞ്ഞാലും അവർ  വിശ്വസിക്കയില്ല. എങ്ങനെയായാലും എന്റെ മടിയിൽ ഭാഗ്യമോടെ വാഴുന്ന ഒരാത്മാവ് അവിടം വിട്ടുപോയി ശത്രുവിന്റെ മക്കളാൽ അവഹേളിക്കപ്പെടുന്നത് ഉചിതമല്ല. നിന്ദനങ്ങൾ സഹിക്കാനുണ്ടായിരുന്ന കാലം കഴിഞ്ഞുപോയി. ദൈവത്തിന്റെ കൽപ്പനയാൽ അവനിപ്പോൾ സമാധാനത്തിൽ കഴിയുന്നു. ദൈവവചനം വിശ്വസിക്കയോ അവ അനുസരിക്കയോ ചെയ്യാത്തവരെ മാനസാന്തരപ്പെടുത്താൻ ശ്രമിക്കുന്നത് പ്രയോജനരഹിതമാണെന്ന് അവിടുത്തേക്കറിയാം."
എന്റെ സ്നേഹിതരേ,  വിശദീകരണം ആവശ്യമില്ലാത്തതു പോലെ അത്ര വ്യക്തമായ ഉപമയാണിത്. നിങ്ങളെ എല്ലാവരേയും സഹായിക്കുവാൻ, സാമ്പത്തികമായും സഹായിക്കുവാൻ എനിക്കാഗ്രഹമുണ്ട്. എന്നാൽ  അത് സാദ്ധ്യമല്ലാത്തതിൽ എനിക്കു ദുഃഖമുണ്ട്. സ്വർഗ്ഗം കാണിച്ചുതരാനേ എനിക്കു കഴിയൂ. മനസ്സിന്റെ വഴക്കത്തിന്റെ വില, അതിനുള്ള ജ്ഞാനം, നിങ്ങളെ  പഠിപ്പിക്കാൻ മാത്രമേ എനിക്കു സാധിക്കൂ. അങ്ങനെ വരാനിരിക്കുന്ന രാജ്യം നിങ്ങൾക്കു വാഗ്ദാനം ചെയ്യുവാനും....  
ഒരിക്കലും ദ്വേഷിക്കരുത്; ഒരു കാരണത്താലും. ദ്വേഷം ലോകത്തിൽ വളരെ ശക്തി പ്രാപിച്ചിരിക്കയാണ്. എന്നാലും അതിനു പരിധിയുണ്ട്. സ്നേഹത്തിനാകട്ടെ, ഒരു പരിധിയുമില്ല. ശക്തിയിലും സമയത്തിലും ഒതുങ്ങാത്തതാണു സ്നേഹം. ദീവ്സ് ആകുന്നതിനേക്കാൾ നല്ലത് ലാസർ ആകുന്നതാണ്. ഇതു വിശ്വസിക്കൂ. എന്നെ വിശ്വസിക്കൂ. എന്നാൽ നിങ്ങൾ അനുഗൃഹീതരാകും."

Saturday, July 23, 2011

ഈശോ ലാസറിനെ ഉയിർപ്പിക്കുന്നു

                ഈശോ തൻ്റെ പ്രിയ സ്നേഹിതനായ ലാസറിൻ്റെ മരണവിവരം അറിഞ്ഞ് അപ്പസ്തോലന്മാരോടൊപ്പം ബഥനിയിലെ ഭവനത്തിലെത്തി. പ്രമാണികളായ യൂദയാക്കാർ വളരെപ്പേർ സഹോദരിമാരായ മാർത്തയെയും മേരിയെയും ആശ്വസിപ്പിക്കാനെന്ന ഭാവത്തിൽ അവിടെ എത്തിയിട്ടുണ്ട്.  ഈശോയോടു വിശ്വസ്ത പുലർത്തുന്ന ചുരുക്കം ചിലർ - രഹസ്യശിഷ്യരായ നിക്കോദേമൂസ്, ജോസഫ്, ജോൺ, ഏലിയാസർ, നിയമജ്ഞനായ ജോൺ, ജോയേൽ തുടങ്ങിയവർ - കൂട്ടത്തിലുണ്ട്. ഗമാലിയേൽ അൽപ്പം മാറി ഏതാനും യുവാക്കന്മാരാൽ ചുറ്റപ്പെട്ട് നിൽക്കുന്നു. അക്കൂട്ടത്തിൽ അയാളുടെ മകനും ശിഷ്യനായ ബർണബാസുമുണ്ട്.  ഈശോ എത്തിയ വിവരമറിഞ്ഞ് മാർത്ത കരഞ്ഞുകൊണ്ട് ഓടിവന്ന് ഈശോയുടെ കാൽക്കൽ വീണു പാദങ്ങൾ ചുബിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറയുന്നു; "ഗുരുവേ, നിനക്കു സമാധാനം." ഈശോയും പറയുന്നു: "നിനക്കു സമാധാനം."  പിന്നെ കൈ ഉയർത്തി അവളെ അനുഗ്രഹിക്കുന്നു. 
         മാർത്ത മുട്ടിന്മേൽ നിന്നു കരഞ്ഞുകൊണ്ട് പറയുന്നു; "എന്നാൽ നിൻ്റെ ദാസിക്ക് ഇനി ഒരു സമാധാനവുമില്ല. ലാസ്സറസ്സ് മരിച്ചുപോയി.... നീ ഇവിടെയുണ്ടായിരുന്നെങ്കിൽ അവൻ മരിക്കയില്ലായിരുന്നു... ഗുരുവേ, എന്തുകൊണ്ടാണ് നീ നേരത്തേ വരാതിരുന്നത്?"
          അവളുടെ ചോദ്യത്തിൽ അൽപ്പം പരിഭവം നിഴലിച്ചു. വീണ്ടും ദുഃഖത്തോടെ കരഞ്ഞുകൊണ്ട് അവൾ പറയുന്നു: "ലാസ്സറസ്സ് നിന്നെ അനേക പ്രാവശ്യം വിളിച്ചു... അവൻ ഇനി ഇവിടെയില്ല.. അവനെ ഞങ്ങൾ എത്രയധികം സ്നേഹിച്ചിരുന്നുവെന്ന് നിനക്കറിയാമല്ലോ? ഞങ്ങൾ നിന്നിൽ പ്രതീക്ഷയർപ്പിച്ചിരിക്കയായിരുന്നു....."
 ചുറ്റും നിന്ന യൂദയാക്കാർ തലകുലുക്കുകയും നിന്ദാപൂർവ്വം ഈശോയെ നോക്കുകയും ചെയ്യുന്നു.  രഹസ്യശിഷ്യർ സഹതാപത്തോടെ ഈശോയെ നോക്കുന്നു. ഈശോ ദുഃഖിതനായി മാർത്തയുടെ സങ്കടം കേൾക്കുന്നു. ഗമാലിയേൽ ഈശോയെ തറപ്പിച്ചു നോക്കുന്നു. വിരോധവുമില്ല, സ്നേഹവുമില്ല. 
മാർത്ത തുടരുന്നു; "എങ്കിലും ഇപ്പോഴും ഞാൻ പ്രത്യാശിക്കുന്നു. കാരണം നീ ദൈവത്തോടു ചോദിക്കുന്നതെല്ലാം അവൻ തരുമെന്ന് എനിക്കറിയാം..." ദുഃഖം നിറഞ്ഞ വീരോചിതമായ വിശ്വാസപ്രഖ്യാപനം. അവളുടെ കണ്ണുകളിൽ ഉത്ക്കണ്ഠ. അവസാന പ്രത്യാശയിൽ തുടിക്കുന്ന ഹൃദയം.
"നിൻ്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും മാർത്ത, എഴുന്നേൽക്കൂ."
              മാർത്ത എഴുന്നേറ്റു. എങ്കിലും  ഈശോയോടുള്ള ബഹുമാനത്താൽ കുനിഞ്ഞു നിന്നുകൊണ്ട് മറുപടി പറയുന്നു; "എനിക്കറിയാം ഗുരുവേ, അവൻ വീണ്ടും എഴുന്നേൽക്കും. അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ എഴുന്നേൽക്കും."
" പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. എന്നിൽ വിശ്വസിക്കയും എന്നിൽ  ജീവിക്കയും ചെയ്യുന്നവൻ ഒരിക്കലും മരിക്കയില്ല. ഇത് നീ വിശ്വസിക്കുന്നുവോ?" മുമ്പ് താണ സ്വരത്തിൽ മാർത്തയോടു മാത്രം സംസാരിച്ച ഈശോ ഈ വാക്കുകൾ പറഞ്ഞത് വളരെ ഉച്ചത്തിലാണ്. ദൈവമെന്ന നിലയിൽ അവിടുത്തേക്കുള്ള ശക്തി ഈശോ പ്രഖ്യാപിക്കയായിരുന്നു. ഇമ്പമേറിയ ആ സ്വരം തങ്കമണിനാദം പോലെ തോട്ടത്തിലെങ്ങും അലതല്ലുന്നു. നടുങ്ങുന്നതുപോലെ ആളുകൾ വിറകൊള്ളുന്നു. ചിലർ തലകുലുക്കി നിന്ദ കാണിക്കുന്നുമുണ്ട്. ഈശോ തൻ്റെ കരം മാർത്തയുടെ തോളിൽ വച്ചുകൊണ്ട് അവളിൽ കൂടുതൽ കൂടുതൽ പ്രത്യാശ ഉദ്ദീപിക്കുന്നതായി തോന്നുന്നു. അവൾ തല നിവർത്തി ദുഃഖപൂർണ്ണമായ കണ്ണുകളുയർത്തി ഈശോയെ നോക്കിക്കൊണ്ട് മറുപടി പറയുന്നു; "ഉവ്വ്, എൻ്റെ കർത്താവേ, ഞാൻ വിശ്വസിക്കുന്നു. ഞാൻ അതെല്ലാം വിശ്വസിക്കുന്നു... നീ ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനായ ക്രിസ്തുവാണെന്ന് ഞാൻ വിശ്വസിക്കുന്നു. നീ ലോകത്തിലേക്കു വന്നിരിക്കുന്നുവെന്നും നിനക്കിഷ്ടമുള്ളതെല്ലാം ചെയ്യാൻ നിനക്കു  കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. നീ വന്ന വിവരം ഞാൻ മേരിയോടു പോയി പറയട്ടെ..." അവൾ വേഗത്തിൽ വീട്ടിനുള്ളിലേക്കു പോയി.
 ഈശോ ഇപ്പോഴും തോട്ടത്തിൽത്തന്നെ നിൽക്കുകയാണ്. യൂദയാക്കാർ ഈശോയെ  നിരീക്ഷിക്കുന്നു. അവരറിയാതെ തന്നെ വ്യത്യസ്ത ഗണങ്ങളായി വേർതിരിഞ്ഞിരിക്കുന്നു. ഒരു വശത്ത്, ഈശോയുടെ മുമ്പിൽ വിരോധികളെല്ലാവരും ഒന്നിച്ചിരിക്കുകയാണ്. 

             ഈശോയുടെ അടുത്ത് അപ്പസ്തോലന്മാരുടെ പിന്നിൽ ജോസഫ്, നിക്കോദേമൂസ് എന്നിവരും ഈശോയോടു സ്നേഹമുള്ളവരും നിൽക്കുന്നു
            മേരി, അവളുടെ  പതിവുള്ള വിളിയായ "റബ്ബോനീ" എന്നു വിളിച്ചുകൊണ്ട് വീട്ടിനുള്ളിൽ നിന്നും ഓടിവന്ന് ഇരുകൈകളും നീട്ടിപ്പിടിച്ച് ഈശോയുടെ  കാൽക്കൽ വീണു. വല്ലാതെ കരഞ്ഞുകൊണ്ട് ആ പാദങ്ങൾ  ചുബിക്കുന്നു. അവളുടെ  പരിചാരകരും ഭൃത്യരും അവളെ അനുഗമിച്ചു വന്ന് കരയുന്നു. മേരി കരയുന്നതു കണ്ട് മാർത്തയും കരയുന്നു. 
"നിനക്കു  സമാധാനം, മേരീ, എഴുന്നേൽക്കൂ... എന്നെ നോക്കൂ. ഒരു പ്രത്യാശയുമില്ലാത്തപോലെ എന്തിനാണ് ഇങ്ങനെ കരയുന്നത്? " കുനിഞ്ഞ്, താണസ്വരത്തിലാണ് ഈശോ ഇതു പറയുന്നത്. " ദൈവമഹത്വം കാണുവാൻ, കാണുന്നതിനപ്പുറം പ്രത്യാശ  വയ്ക്കണമെന്ന് ഞാൻ നിന്നോടു പറഞ്ഞിരുന്നില്ലേ? നിൻ്റെ ഗുരുവിനു വ്യത്യാസം വന്നുപോയോ? നീ ഇത്രയധികം മനസ്സിടിവ് കാണിക്കുന്നതെന്തുകൊണ്ടാണ്?"
         പക്ഷേ മേരി അതൊന്നും കേൾക്കുന്നതേയില്ല. അവസാനം സംസാരിക്കാൻ ശക്തി ലഭിച്ചപ്പോൾ അവൾ ഉച്ചത്തിൽ പറയുന്നു; "ഓ! കർത്താവേ, നീ എന്തുകൊണ്ടാണ് നേരത്തേ  വരാതിരുന്നത്? എന്തുകൊണ്ടാണ് നീ ഞങ്ങളെ  വിട്ട് ദൂരെപ്പോയത്? ലാസ്സറസ്സിനു രോഗമാണെന്നു നിനക്കറിയാമായിരുന്നു.... നീ ഇവിടെയുണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു... നീ എന്തുകൊണ്ടാണ് വരാതിരുന്നത്? എനിക്ക് അവനോടു സ്നേഹമുണ്ടെന്ന് തെളിയിക്കണമായിരുന്നു.... ഞാൻ എൻ്റെസഹോദരനെ വളരെയേറെ വേദനിപ്പിച്ചു. എന്നിട്ട് ഇപ്പോൾ! ഇപ്പോൾ.... അവനെ എനിക്ക് സന്തോഷിപ്പിക്കുവാൻ കഴിയുമായിരുന്നു.  എന്നാൽ അവൻ എന്നിൽ നിന്ന് എടുക്കപ്പെട്ടു.... നിനക്ക് അവനെ എന്നോടൊപ്പം ജീവിക്കാൻ വിടാമായിരുന്നു.... അവനെ വളരെ ആഴമായി മുറിവേൽപ്പിച്ച പാവം മേരിക്ക് അവനെ ആശ്വസിപ്പിക്കുന്നതിലുള്ള സന്തോഷം നൽകാൻ നിനക്ക് കഴിയുമായിരുന്നു... ഓ! ഈശോയേ, എൻ്റെ ഗുരുവേ, എൻ്റെ രക്ഷകാ...." അവൾ വീണ്ടും തളർന്നു വീഴുന്നു. തേങ്ങിക്കൊണ്ടവൾ ചോദിക്കുന്നു; "എന്തിനാണ് കർത്താവേ, നീ ഇങ്ങനെ ചെയ്തത്? നിന്നെ വെറുക്കുന്നവരും ഈ സംഭവിച്ചതിലെല്ലാം സന്തോഷിക്കുന്നവരും നിമിത്തവും....  എന്തുകൊണ്ടാണ് കർത്താവേ, നീ ഇങ്ങനെ ചെയ്തത്?" എന്നാൽ  മേരിയുടെ സ്വരത്തിൽ കുറ്റപ്പെടുത്തലിൻ്റെ ലാഞ്ചന പോലുമില്ല. സഹോദരിയെന്ന വിധത്തിൽ മാത്രമല്ല, തൻ്റെ ഗുരുവിനെക്കുറിച്ച് മറ്റുള്ളവർക്ക് ഉണ്ടായിരുന്ന മതിപ്പിനു കുറവു വന്നു എന്നതിൽ ദുഃഖിക്കുന്ന ഒരു സ്ത്രീയുടെ ദുഃഖമാണ് അതിൽ നിഴലിച്ചത്.
മുഖം നിലംപറ്റെ വച്ചുകൊണ്ട് അവൾ പറഞ്ഞത് കേൾക്കാൻ കുനിഞ്ഞ ഈശോ, നേരെനിന്ന് ഉച്ചസ്വരത്തിൽ പറയുന്നു: "മേരീ, കരയാതിരിക്കൂ. നിൻ്റെ ഗുരുവും തൻ്റെ സ്നേഹിതൻ്റെ മരണത്തിൽ ദുഃഖിക്കുന്നുണ്ട്. അവൻ മരിക്കേണ്ടി വന്നതിൽ ദുഃഖിക്കുന്നു."
ഈശോയുടെ വിരോധികളായവരുടെ നിന്ദ നിറഞ്ഞ മുഖങ്ങൾ ദുഷ്ടസന്തോഷത്താൽ പ്രകാശിതമായി. അവർ ചിന്തിക്കുന്നത് ക്രിസ്തു പരാജയപ്പെട്ടു എന്നുതന്നെ
കൂടുതൽ ഉച്ചത്തിൽ ഈശോ പറയുന്നു: "കരയാതിരിക്കൂ... എഴുന്നേൽക്കൂ.  നിങ്ങളെ ഇപ്രകാരം ഞാൻ  ദുഃഖിപ്പിച്ചത് വൃഥാ ആണെന്നു നീ വിചാരിക്കുന്നുവോ?  വരൂ, നമുക്ക് ലാസ്സറസ്സിൻ്റെ പക്കലേക്കു പോകാം. നിങ്ങൾ എവിടെയാണ് അവനെ വച്ചിരിക്കുന്നത്?"
മേരിയും മാർത്തയും കൂടുതൽ ഉച്ചത്തിൽ കരയുന്നതിനാൽ മറുപടി പറയാൻ അശക്തരാണ്. മേരിയുടെ കൂടെ വീട്ടിൽ നിന്നിറങ്ങിവന്നവർ പറയുന്നു; "വന്നു കാണുവിൻ."
അവർ കബറിടത്തിലേക്കു പോകുന്നു. 
            തോട്ടത്തിൻ്റെ അങ്ങേയറ്റത്താണ് കബറിടം. 
മാർത്ത ഈശോയുടെ അടുത്തുണ്ട്. കണ്ണീർ നിമിത്തം കാണാൻ കഴിയാത്ത മേരിയെ ഈശോ നിർബ്ബന്ധമായി പിടിച്ചെഴുന്നേൽപ്പിച്ച് കൂടെക്കൊണ്ടുപോകുന്നു. മാർത്ത, ലാസറിനെ അടക്കിയിരിക്കുന്ന സ്ഥലം ഈശോയെ  കൈചൂണ്ടി കാണിച്ചുകൊടുത്തു. ആ സ്ഥലത്തോടടുത്തപ്പോൾ മാർത്ത  പറയുന്നു; "ഗുരുവേ, അവിടെയാണ് നിൻ്റെ സ്നേഹിതനെ കബറടക്കിയിരിക്കുന്നത്." 
എല്ലാവരാലും അനുഗതനായി വന്ന ഈശോ ആ രണ്ടു സഹോദരിമാരോടുമൊപ്പം കബറിടത്തിന് വളരെ അടുത്തുപോയി അവിടെ  നിൽക്കുകയാണ്.  കാര്യസ്ഥനായ മാക്സിമിനൂസും അടുത്ത ബന്ധുക്കളിൽ ചിലരും കൂടെയുണ്ട്. വിരോധികളായ പ്രീശരെല്ലാവരും പിരിമുറുക്കത്തിലാണ്.
ഈശോ കബറിടത്തിന്റെ വാതിൽക്കൽ വച്ചിരിക്കുന്ന വളരെ ഭാരമുള്ള കല്ലിന്മേൽ നോക്കുന്നു. തനിക്കും സ്നേഹത്തിനും ഇടയിലുള്ള വലിയ തടസ്സം; ഈശോ കരയുന്നു. സഹോദരിമാരുടെ കരച്ചിൽ കൂടുതൽ  ഉച്ചത്തിലായി. ആത്മാർത്ഥ സ്നേഹിതരുടേയും ബന്ധുക്കളുടേയും ദുഃഖവും വർദ്ധിച്ചു. 
കണ്ണീർ തുടച്ചശേഷം ഈശോ ഉച്ചത്തിൽ പറയുന്നു: "ആ കല്ല് നീക്കിക്കളയുവിൻ."
എല്ലാവർക്കും വിസ്മയം. ജനക്കൂട്ടം മുഴുവൻ കുശുകുശുക്കുന്നു. ജനക്കൂട്ടം ഇപ്പോൾ വലുതായി. കാരണം, ഈശോ വന്നതറിഞ്ഞ് ബഥനിയിലെ ജനങ്ങളും വന്നെത്തിയിട്ടുണ്ട്. ചില പ്രീശന്മാർ നെറ്റിത്തടത്തിൽ കൈവയ്ക്കുകയും തലകുലുക്കുകയും  ചെയ്യുന്നു. ചിലർ പറയുന്നു; "അവന് ഭ്രാന്താണ്."
  ഈശോയുടെ കൽപ്പന ഒരുത്തരും അനുസരിക്കുന്നില്ല. ഏറ്റം വിശ്വസ്തരായവർക്കു പോലും സംശയമാണ്.
    ഈശോ കൽപ്പന ഒന്നുകൂടി ഉച്ചത്തിൽ ആവർത്തിച്ചു. ആളുകൾക്ക് കൂടുതൽ വിസ്മയമായി. ചിലർ  ഓടിപ്പോകാൻ ഭാവിച്ചെങ്കിലും പിന്നീട് എല്ലാം നന്നായി കാണുന്നതിനായി കൂടുതൽ അടുത്തേക്കു വന്നു
കണ്ണീർ നിയന്ത്രിച്ചുകൊണ്ട് മാർത്ത പറയുന്നു; "ഗുരുവേ, അതു സാദ്ധ്യമല്ല. അവനെ അവിടെ  വച്ചിട്ട് നാലുദിവസം കഴിഞ്ഞിരിക്കുന്നു. നിനക്കറിയാമല്ലോ എന്തു രോഗത്താലാണ് അവൻ മരിച്ചതെന്ന്. ഞങ്ങളുടെ സ്നേഹം മാത്രമാണ് അവനെ സുഖപ്പെടുത്താൻ കഴിയുമെന്ന പ്രത്യാശ  നൽകിയത്. എന്നാൽ ഇപ്പോൾ സുഗന്ധദ്രവ്യങ്ങൾക്കതീതമായി അവൻ ദുർഗ്ഗന്ധം പരത്തുമെന്നതിന് സംശയമില്ല.... നീ എന്താണു് കാണാനാഗ്രഹിക്കുന്നത്? അവൻ ചീഞ്ഞഴിഞ്ഞിരിക്കുന്നതോ?..... അത് സാധിക്കയില്ലല്ലോ? അഴുകലിന്റെ അശുദ്ധിയുമുണ്ട്...."
"വിശ്വസിക്കയാണെങ്കിൽ നീ ദൈവമഹത്വം കാണുമെന്ന് നിന്നോടു ഞാൻ  പറഞ്ഞില്ലേ? ആ കല്ല് മാറ്റുക. ഞാൻ അത് ആവശ്യപ്പെടുന്നു."  ദൈവനിശ്ചയത്തിന്റെ ശബ്ദമാണത്.
പതുങ്ങിയ സ്വരത്തിൽ  "ഓ!" എന്ന് എല്ലാവരും പറഞ്ഞുപോയി. മുഖങ്ങൾ വിളറുന്നു; ചിലരെല്ലാം വിറകൊള്ളുന്നു.
മാർത്ത, മാക്സിമിനൂസിന് അടയാളം കൊടുത്തു. അയാൾ ഭൃത്യരോട് ആവശ്യമുള്ള ആയുധങ്ങളും ഉപകരണങ്ങളും കൊണ്ടുവരാൻ കൽപ്പിച്ചു.
ഭൃത്യർ ഓടിപ്പോയി കമ്പിപ്പാര, കൂന്താലി, തുടങ്ങിയ ഉപകരണങ്ങളുമായി എത്തിക്കഴിഞ്ഞു. അവർ കൂന്താലിമുന കല്ലിനും പാറയ്ക്കും ഇടയ്ക്കു കയറ്റി വിടവുണ്ടാക്കിയശേഷം കമ്പിപ്പാര കടത്തി കല്ല്  സാവകാശം ഇളക്കി ഒരു വശത്തേക്ക് ഉരുട്ടിമാറ്റി. ഇരുണ്ട കുഴിയിൽ നിന്ന് ദുർഗ്ഗന്ധം  വല്ലാതെ വമിക്കുന്നു. എല്ലാവരും പിന്നിലേക്കു വലിഞ്ഞു.
മാർത്ത താണസ്വരത്തിൽ ചോദിക്കുന്നു; "ഗുരുവേ, പടികളിറങ്ങി താഴേക്കു പോകാൻ നീ ആഗ്രഹിക്കുന്നുണ്ടോ? പോകണമെങ്കിൽ പന്തം കത്തിക്കണം....." 
ഈശോ മറുപടി പറയുന്നില്ല. അവൻ കണ്ണുകൾ ആകാശത്തിലേക്കുയർത്തി, കൈകൾ കുരിശാകൃതിയിൽ നീട്ടിപ്പിടിച്ചുകൊണ്ട് ഉച്ചത്തിൽ വളരെ  വ്യക്തമായി പ്രാർത്ഥിക്കുന്നു: "പിതാവേ, നീ എന്നെ ശ്രവിക്കുന്നതിനെക്കുറിച്ച് നിനക്കു ഞാൻ നന്ദി പറയുന്നു. നീ എപ്പോഴും എന്നെ ശ്രവിക്കുന്നു എന്ന് എനിക്കറിയാം. എന്നാൽ ഞാനിതു പറയുന്നത് ഇവിടെയുള്ളവർക്കു വേണ്ടിയാണ്. എന്റെ ചുറ്റും നിൽക്കുന്നവർക്കു വേണ്ടിയാണ്. അവർ നിന്നിൽ വിശ്വസിക്കുന്നതിനും എന്നെ  വിശ്വസിക്കുന്നതിനും നീ എന്നെ അയച്ചു എന്നു വിശ്വസിക്കുന്നതിനും വേണ്ടിത്തന്നെ." 
ഈശോ അങ്ങനെതന്നെ നിൽക്കുന്നു. അപ്പോൾ അവൻ തേജസ്വിയായി മാറി. ദിവ്യാനുഭൂതിയിൽ ലയിച്ചതുപോലെ പിതാവിനെ ധ്യാനിച്ച് ആനന്ദത്തിൽ മുങ്ങിയിരിക്കയാണ്. ഈ നിലയിൽ ഈശോ കുറച്ചുസമയം നിൽക്കുന്നു. പിന്നീട് പൂർവസ്ഥിതിയിലായി.
എങ്കിലും വലിയ  മഹത്വം അവനിൽ കുടികൊള്ളുന്നു. കബറിടത്തിൻ്റെ  വാതിൽക്കൽ അവനെത്തി. കൈകൾ മുന്നോട്ടു നീട്ടി കൈപ്പത്തികൾ കമിഴ്ത്തിപ്പിടിച്ചിരിക്കുന്നു. കൈകൾ കബറിടത്തിനകത്തേക്കു കയറ്റിയാണ് പിടിച്ചിരിക്കുന്നത്. ഈശോയുടെ നീലക്കണ്ണുകൾ കത്തിജ്ജ്വലിക്കുന്നു. ശക്തമായ, വലിയ സ്വരത്തിൽ അവൻ കൽപ്പിക്കുന്നു: "ലാസ്സറസ്സേ, പുറത്തുവരൂ..." കബറിടത്തിന്റെ  ആഴത്തിൽ നിന്ന് അതിന്റെ പ്രതിധ്വനി കേൾക്കുന്നു. 
എല്ലാവരും വികാരഭരിതരായി, ജിജ്ഞാസയോടെ നിന്നിടത്തു തന്നെ തറഞ്ഞു നിൽക്കുന്നു. വിളറുന്ന മുഖങ്ങൾ, മിഴിച്ച കണ്ണുകൾ..... വിസ്മയസ്തബ്ധരാണെല്ലാവരും.
മാർത്ത അൽപ്പം പിറകിൽ, ഒരു വശത്താണു നിൽക്കുന്നത്. അവൾ  ഈശോയെത്തന്നെ നോക്കിനിൽക്കയാണ്. മേരി  ഗുരുവിൻ്റെ പക്കൽ നിന്നു മാറിയിട്ടില്ല. കബറിടത്തിനു മുമ്പിൽ അവൾ  മുട്ടിന്മേൽ  നിൽക്കുകയാണ്. കബറിടത്തിൻ്റെ  കൂടുതൽ താഴ്ചയുള്ള ഭാഗത്തുനിന്ന് വെളുത്ത എന്തോ ഒന്ന് പൊങ്ങിവരുന്നു. ആദ്യം അത്  വളഞ്ഞ ഒരു വരപോലെയാണ് കാണപ്പെട്ടത്. പിന്നീട്  അത് ദീർഘവൃത്തമായി. മൃതശരീരം ശീലകളാൽ പൊതിയപ്പെട്ട വിധത്തിൽത്തന്നെ സാവധാനത്തിൽ മുന്നോട്ടു  വരുന്നു. 
ഈശോ മെല്ലെ പിന്നിലേക്കു  നീങ്ങുന്നു; തുടർന്നു നീങ്ങിക്കൊണ്ടിരിക്കുന്നു. ഈശോയും  പുറത്തേക്കു വരുന്ന പൊതിയപ്പെട്ട ശരീരവും എപ്പോഴും ഒരേ അകലത്തിലാണ്.
നിശ്ശബ്ദമായിരുന്ന അധരങ്ങളിൽ നിന്ന് "ഓ!" എന്നുള്ള സ്വരം പുറത്തുവരുന്നു. 
ഈ സമയം ലാസ്സറസ്സ്  കബറിടത്തിൻ്റെ വാതിൽക്കലെത്തി; അവിടെ ഒരു  പ്രതിമ പോലെ നിശ്ശബ്ദമായി നിൽക്കുന്നു. കാഴ്ചയ്ക്ക് ഭയാനകമായ രൂപം; സൂര്യപ്രകാശം അതിന്മേലടിച്ചപ്പോൾ ചീഞ്ഞഴുകിയ മാംസം ഇറ്റു വീഴുന്നത് കാണാറായി. 
ഈശോ ഉച്ചത്തിൽ  പറയുന്നു: "അവന്റെ കെട്ടുകൾ അഴിക്കുവിൻ; അവൻ പോകട്ടെ. അവന്  വസ്ത്രങ്ങളും ഭക്ഷണവും കൊടുക്കുവിൻ."
"ഗുരുവേ..." മാർത്ത എന്തോ പറയാനൊരുങ്ങി. പക്ഷേ, ഈശോ അവളെ  തറപ്പിച്ചുനോക്കി സംസാരം നിർത്തിച്ചു. ഈശോ വീണ്ടും ആജ്ഞാപിക്കുന്നു: "ഇവിടെ,  ഉടനെ തന്നെ വസ്ത്രം കൊണ്ടുവരൂ. സകല ജനങ്ങളുടേയും മുമ്പിൽ വച്ച് അവനെ വസ്ത്രം ധരിപ്പിക്കൂ.... ഭക്ഷിക്കാൻ എന്തെങ്കിലും കൊടുക്കൂ.." അങ്ങനെ കൽപ്പിക്കയല്ലാതെ ഈശോ  ഒരുത്തരെയും നോക്കുന്നില്ല. ലാസ്സറസ്സിനെ മാത്രം നോക്കുന്നു. ഉയിർത്തെഴുന്നേറ്റ സഹോദരൻ്റെ സമീപെ മുട്ടുകുത്തി 
നിൽക്കുന്ന മേരി  അഴുക്കുനിറഞ്ഞ തുണികളെക്കുറിച്ച് ഒരറപ്പും കാണിക്കുന്നില്ല. സന്തോഷത്താൽ ഉച്ചത്തിൽ  കൂവണോ കരയണോ എന്നറിയാതെ   കിതച്ചുകൊണ്ടാണ് 
മാർത്തയുടെ നിൽപ്പ്.
കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കാൻ ഭൃത്യർ ഓടുകയാണ്. അവർ ലാസ്സറസ്സിനെ ചുറ്റിക്കെട്ടിയിരിക്കുന്ന ശീലകൾ ഓരോന്നായി അഴിക്കുന്നു. ശീല മുഴുവൻ അഴിച്ചുകഴിഞ്ഞപ്പോൾ ശരീരം പൊതിഞ്ഞിരിക്കുന്ന വലിയ ശീല താഴെ വീണു. ഒരു വലിയ കൊക്കൂൺ പോലെയിരുന്ന രൂപത്തിന് മനുഷ്യരൂപമായി. കെട്ടുകളഴിഞ്ഞ് ശരീരം തെളിഞ്ഞു കാണുന്നതനുസരിച്ച് സഹോദരിമാരും മാക്സിമിനൂസും ഭൃത്യരും ചേർന്ന് ശരീരം വൃത്തിയാക്കുകയാണ്. സുഗന്ധദ്രവ്യങ്ങൾ ചേർത്ത വെള്ളം കൊണ്ട്  ശരീരം പലപ്രാവശ്യം കഴുകി. മുഖം വൃത്തിയാക്കി കാണാറായപ്പോൾ ലാസ്സറസ്സ് ആദ്യം നോക്കുന്നത് ഈശോയെയാണ്. വേറൊന്നും ശ്രദ്ധിക്കുന്നില്ല. അധരങ്ങളിൽ സ്നേഹം തുളുമ്പുന്ന പുഞ്ചിരിയുമായി, കുഴിഞ്ഞ കണ്ണുകളിൽ നിറഞ്ഞ കണ്ണീരുമായി ഈശോയെ നോക്കുന്നു.  ഈശോയും  ലാസ്സറസ്സിനെ നോക്കി പുഞ്ചിരി തൂകുന്നു. സംസാരിക്കാതെ തന്നെ ഈശോ ലാസ്സറസ്സിൻ്റെ കണ്ണുകൾ മുകളിലേക്കുയർത്തുവാൻ അടയാളം കൊടുത്തു. ലാസ്സറസ്സിനു  മനസ്സിലായി. മൗനമായ പ്രാർത്ഥനയിൽ ലാസ്സറസ്സ്   അധരങ്ങൾ ചലിപ്പിച്ചു. 

മാർത്ത വിചാരിച്ചു അവൻ എന്തോ പറയാനാഗ്രഹിക്കുന്നു; പക്ഷേ സ്വരമില്ലാഞ്ഞിട്ടായിരിക്കാമെന്ന്. അവൾ ചോദിച്ചു; "എന്റെ ലാസ്സറസ്സേ, നീ എന്താണു് എന്നോടു പറയുന്നത്?"

"ഒന്നുമില്ല മാർത്ത, ഞാൻ അത്യുന്നതനെക്കുറിച്ച് ചിന്തിക്കയായിരുന്നു." ലാസ്സറസ്സിന്റെ ഉച്ചാരണം ദൃഢമാണ്; വ്യക്തമാണ്. മറുപടി വളരെ ഉച്ചത്തിലുമാണ്.
ജനക്കൂട്ടം വിസ്മയിച്ച്  "ഓ !" എന്ന് വീണ്ടും ആർത്തിരമ്പുന്നു. 
അവൻ്റെ പാർശ്വങ്ങൾ വരെ വൃത്തിയാക്കിക്കഴിഞ്ഞു. ഒരു ചെറിയ ഉള്ളുടുപ്പ് അവനെ അണിയിച്ചു. അവർ അവനെ ഇരുത്തി കാലുകളുടെ കെട്ടഴിച്ചു തുടങ്ങി. കാലുകൾ കണ്ടതേ 
മാർത്തയും മേരിയും ഉച്ചത്തിൽ കരയുകയാണ്. അവയിൽ നിന്ന് ധാരാളം പഴുപ്പും ചലവും ഒഴുകി. എന്നാൽ കാലുകൾ പൂർണ്ണമായി സുഖപ്പെട്ടിരിക്കുന്നു! പഴുപ്പു കയറിയ ഭാഗത്ത് ചുവന്ന കലകൾ മാത്രമേയുള്ളൂ. 
ജനങ്ങളെല്ലാം ഉച്ചത്തിൽ വിസ്മയം പ്രകടിപ്പിക്കുന്നു. ഈശോ പുഞ്ചിരി തൂകുന്നു. ലാസ്സറസ്സിനും പുഞ്ചിരി; ഒരുനിമിഷം സുഖപ്പെട്ട കാലുകളിലേക്ക് നോട്ടം തിരിച്ചു. എന്നാൽ വീണ്ടും ഈശോയെത്തന്നെ നോക്കുന്നു. യൂദയാക്കാർ, പ്രീശന്മാർ, സദുക്കായർ, റബ്ബിമാർ എല്ലാവരും മുന്നോട്ടു വരുന്നു. അവരുടെ വസ്ത്രങ്ങൾ അശുദ്ധമാകാതിരിക്കാൻ വളരെ ശ്രദ്ധയോടെയാണ് വരുന്നത്. അവർ അടുത്തുവന്ന് ലാസ്സറസ്സിനെ പരിശോധിക്കുന്നു. എന്നാൽ  ഈശോയാകട്ടെ, ലാസ്സറസ്സാകട്ടെ, അവരെ ഗൗനിക്കുന്നില്ല. 
ശരീരം വൃത്തിയാക്കിക്കഴിഞ്ഞപ്പോൾ  മാർത്ത കൊടുത്ത വസ്ത്രങ്ങൾ അവൻ  വാങ്ങി സ്വയം ധരിച്ചു. മുഖവും മുടിയും ഒന്നുകൂടി നന്നായി കഴുകിത്തുടച്ച്  ടവ്വൽ ഭൃത്യനെ 
ഏൽപ്പിച്ചശേഷം നേരെ ഈശോയുടെ പക്കലേക്കു പോയി സാഷ്ടാംഗം പ്രണമിച്ച് ഈശോയുടെ പാദങ്ങൾ ചുബിച്ചു. 
ഈശോ കുനിഞ്ഞ് അവനെ പിടിച്ചെഴുന്നേൽപ്പിച്ച് മാറോടണച്ചു കൊണ്ടു പറഞ്ഞു: "തിരിച്ചു വീട്ടിലേക്കു സ്വാഗതം, എൻ്റെ പ്രിയ സ്നേഹിതാ. സമാധാനവും സന്തോഷവും നിന്നോടു കൂടെയുണ്ടായിരിക്കട്ടെ. നിൻ്റെ സന്തോഷപ്രദമായ ലക്ഷ്യം നേടാൻ ജീവിക്കുക." ഈശോ ലാസ്സറസ്സിന്റെ ഇരുകവിളുകളിലും ചുബിക്കുന്നു. ലാസ്സറസ്സ് ഈശോയെയും ചുബിക്കുന്നു. ഗുരുവിനെ ആരാധിക്കയും ചുബിക്കയും ചെയ്തശേഷം മാത്രമാണ് ലാസ്സറസ്സ്  തന്റെ സഹോദരിമാരോട് സംസാരിക്കയും അവരെ ചുബിക്കയും ചെയ്യുന്നത്. ഒരു ട്രേയിൽ ഭക്ഷണവുമായി വന്ന ഭൃത്യൻ്റെ പക്കൽ ഈശോ പോയി അതിൽ നിന്ന് ഒരു തേൻകേക്ക്, ഒരാപ്പിൾ, ഒരു കപ്പു വീഞ്ഞ് ഇവയെടുത്ത്  സമർപ്പിച്ചു പ്രാർത്ഥിച്ചു് ആശീർവദിച്ച് ലാസ്സറസ്സിനു കൊടുക്കുന്നു. നല്ല വിശപ്പോടെ ലാസ്സറസ്സ്   അതു മുഴുവൻ കുഴിച്ചു. ആളുകൾ നോക്കി വിസ്മയിച്ച്  "ഓ!" എന്നു പറയുന്നു. 

കോപിച്ചു തുള്ളി പ്രീശന്മാരായ സാദോക്ക്, ഹെൽക്കൈ, ഹനനിയാ, ഡോറാസ് തുടങ്ങിയവർ പോകാൻ ഭാവിക്കുന്നു. അപ്പോൾ ഈശോ ഉച്ചത്തിൽ  പറയുന്നു: "നിൽക്കൂ ഒരു നിമിഷം, സാദോക്കേ, എനിക്കു നിന്നോടൊന്നു ചോദിക്കാനുണ്ട്; നിന്നോടും നിൻ്റെ സ്നേഹിതരോടും."

അവർ കുറ്റവാളികളുടെ ദുഷ്ടമായ നോട്ടത്തോടെ നിൽക്കുന്നു.
അരിമത്തിയാ ജോസഫിനു പരിഭ്രമമായി. ഈശോയെ വിലക്കാൻ അപ്പസ്തോലനായ സൈമണോട് ആംഗ്യം കാണിക്കുന്നു. എന്നാൽ ഈശോ അവരുടെ അടുത്തെത്തി ഉച്ചത്തിൽ  സംസാരിച്ചു തുടങ്ങിക്കഴിഞ്ഞു: "സാദോക്കേ, നീ കണ്ടത് നിനക്കു മതിയായോ? ഒരു ദിവസം നീ എന്നോടു  പറഞ്ഞല്ലോ നീയും നിൻ്റെ കൂട്ടുകാരും വിശ്വസിക്കണമെങ്കിൽ അഴിഞ്ഞു തുടങ്ങിയ ഒരു ശരീരം പുനർജ്ജീവിക്കുകയും ആരോഗ്യമുള്ളതായിരിക്കയും ചെയ്യുന്നതു കാണണമെന്ന്. നിങ്ങൾ കണ്ട അഴുകൽ കൊണ്ട് നിങ്ങൾക്കു ത്യപ്തിയായോ? ലാസ്സറസ്സ്    മരിച്ചവനായിരുന്നെന്നും എന്നാലിപ്പോഴവൻ ആരോഗ്യവാനായി ജീവിക്കുന്നുവെന്നും ഇത്രയും ആരോഗ്യം അനേക വർഷങ്ങളായി അവനില്ലായിരുന്നുവെന്നും നിങ്ങൾ സമ്മതിക്കുന്നുണ്ടോ? എനിക്കറിയാം, നിങ്ങൾ ഇവിടെ വന്നത് സ്നേഹം  നിമിത്തമല്ല. മരിച്ച മനുഷ്യനോട് ആദരവു കാണിക്കാനുമല്ല.  ഇവരെ പരീക്ഷിക്കാനാണ്.  ഇവരുടെ ദുഃഖവും സംശയവും 
വർദ്ധിപ്പിക്കാനാണ്. നിങ്ങൾ തുടർന്നു വന്നത് സമയം കടന്നുപോകുന്നതിൽ സന്തോഷിച്ചാണ്.  നിങ്ങൾ  വിചാരിക്കുന്നതു പോലെയായിരുന്നു സാഹചര്യങ്ങളെങ്കിൽ നിങ്ങൾ സന്തോഷിച്ചത് ശരിയാകുമായിരുന്നു. അതാണ് നിങ്ങൾ പ്രതീക്ഷിച്ചത്. എല്ലാവരേയും സുഖപ്പെടുത്തുന്ന സ്നേഹിതൻ; എന്നാൽ സ്വന്തം സ്നേഹിതനെ സുഖപ്പെടുത്തുന്നില്ല. മരണത്തിൻ്റെ 
യാഥാർത്ഥ്യത്തിന്മേൽ ഒരു  ശക്തിയുമില്ലാത്ത മിശിഹാ; അതാണ് നിങ്ങളെ സന്തോഷിപ്പിച്ചത്. ഇപ്പോൾ ദൈവം അവന്റെ മറുപടി നിങ്ങൾക്കു തന്നു.  മരിച്ചു് അഴുകിക്കഴിഞ്ഞ ശരീരത്തെ ഒരു   പ്രവാചകനും പുനർജ്ജീവിപ്പിച്ചിട്ടില്ല. ദൈവം അതു ചെയ്തു. ഞാൻ എന്താകുന്നു എന്നുള്ളതിൻ്റെ ജീവിക്കുന്ന സാക്ഷ്യമാണത്. എനിക്ക് എല്ലാം ചെയ്യാൻ കഴിയും. കാരണം, ജീവിച്ചിരിക്കുന്നവൻ ഞാനാകുന്നു. സകല സൃഷ്ടികളും വസ്തുക്കളും വിധേയപ്പെട്ടിരിക്കുന്ന രാജാക്കന്മാരുടെ രാജാവാണ് ഞാൻ. ഇപ്പോൾ  നിങ്ങൾ എന്തു മറുപടിയാണ് എന്നോടു പറയാൻ പോകുന്നത്?"
"നിൻ്റെ വാഗ്ദാനത്തിന്റെ ഒരു ഭാഗം നീ നിർവഹിച്ചു. എന്നാൽ  യോനായുടെ അടയാളം അതല്ല." സാദോക്ക് ശൗര്യത്തോടെ പറയുന്നു.
"അതും നിങ്ങൾക്കു ലഭിക്കും. എൻ്റെ വാക്ക് ഞാൻ പാലിക്കും."
     ഈശോ തിരിഞ്ഞു നടക്കുന്നു. അത്ഭുതം മൂലം ഈശോയിൽ വിശ്വസിച്ച ചിലർ ഈശോയുടെ മുമ്പിൽ മുട്ടുകുത്തി ആരാധിക്കുന്നു. അക്കൂട്ടത്തിൽ ഗമാലിയേലിൻ്റെ ശിഷ്യനായ 
ബർണബാസുമുണ്ട്. അവരെല്ലാം ഈശോയെ അഭിവാദ്യം ചെയ്തശേഷം പിരിഞ്ഞുപോയി.
തോട്ടം സാവധാനം വിജനമായി......

Friday, July 22, 2011

July 22 - Feast of St. Mary Magdelene

July 22 - Feast of St. Mary Magdelene.
ഇന്ന് വി. മറിയം മഗ്ദലനായുടെ തിരുനാള്‍ 
വി. മറിയം മഗ്ദലനായെ "അപ്പസ്തോലന്മാരുടെ അപ്പസ്തോല" എന്നാണ് വി. തോമസ് അക്വിനാസ് വിശേഷിപ്പിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിനെ (പരിശുദ്ധ അമ്മയ്ക്കു ശേഷം) ആദ്യം കാണുന്നതിനും പുനരുദ്ധാനത്തിന്റെ ദൗത്യവാഹകയാകുന്നതിനുമുള്ള അനുഗ്രഹം വി. മറിയം മഗ്ദലനായ്ക്കാണ് ലഭിച്ചത് എന്നതുതന്നെ ഈശോയിലുള്ള അവളുടെ അടിയുറച്ച വിശ്വാസവും ഈശോയോടുള്ള സ്നേഹത്തിന്റെ പാരമ്യവും വ്യക്തമാക്കുന്നു. 

പ്രീശനായ സൈമണിന്റെ വീട്ടിൽ വച്ച്  ഈശോയിൽനിന്നു പാപമോചനം ലഭിച്ച മഗ്ദലനാമേരി  വളരെപ്പെട്ടെന്ന് സ്നേഹത്തിൽ മുന്നേറി. അവളെപ്പറ്റി ഈശോ പറയുന്നു:

    "രക്ഷയിലേക്കു വന്ന ആ സുപ്രഭാതത്തിനുശേഷം മേരി വളരെയധികം മുന്നോട്ടുപോയി. ദീർഘദൂരം പിന്നിട്ടു. സ്നേഹം ശക്തമായ ഒരു  കാറ്റുപോലെ അവളെ വളരെ ഉയരത്തിലേക്കും മുമ്പോട്ടും പറപ്പിച്ചു. സ്നേഹം അഗ്നി എന്നപോലെ അവളെ ദഹിപ്പിച്ചു. സ്ത്രീത്വത്തിന്റെ മഹത്വത്തിലേക്കു നവീകരിക്കപ്പെട്ട മേരി ഇപ്പോൾ വ്യത്യസ്തയാണ്. വസ്ത്രധാരണത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. മുടി ക്രമപ്പെടുത്തുന്നതിലും വാക്കിലും നോക്കിലും പെരുമാറ്റത്തിലും എന്റെ അമ്മയുടെതുപോലുള്ള  ലാളിത്യം വരുന്നുണ്ട്. ഈ പുതിയ മേരിക്ക് അതേപ്രവൃത്തിയാൽ എന്നെ ബഹുമാനിക്കാൻ ഒരു പുതിയ മാർഗ്ഗവും കിട്ടി. അവളുടെ പരിമളതൈലക്കുപ്പികളിൽ അവസാനത്തേത്, എനിക്കായി അവൾ സൂക്ഷിച്ചു വച്ചിരുന്നത്, എന്റെ  പാദങ്ങളിലും ശിരസ്സിലും അവൾ പകർന്നു. കണ്ണീർ പൊഴിക്കാതെ സന്തോഷത്തോടെയാണതു ചെയ്തത്. അവളുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു എന്ന ഉറപ്പോടെയാണതു  ചെയ്തത്. മേരിക്കിപ്പോൾ എന്റെ ശിരസ്സിൽ സ്പർശിക്കാം. അതിനെ അഭിഷേകം ചെയ്യാം. അനുതാപവും സ്നേഹവും സ്രാപ്പേമാലാഖമാരുടെ അഗ്നി കൊണ്ട് അവളെ വിശുദ്ധീകരിച്ചു. അവളിപ്പോൾ ഒരു സ്രാപ്പേമാലാഖയാണ്. 
       കഫർണാമിൽ വച്ച് അന്ന് ഞാൻ  സംസാരിച്ചത് വലിയൊരു ജനാവലിയോടാണ്. എങ്കിലും യഥാർത്ഥത്തിൽ അവൾക്കുവേണ്ടി മാത്രമായിരുന്നു ഞാൻ  സംസാരിച്ചത്.  ആത്മാവിനെ അടിമപ്പെടുത്തിയിരുന്ന ജഡത്തിനെതിരെ തീക്ഷ്ണതയോടെ പൊരുതി എന്റെ പക്കലേക്കു വന്ന അവളെ കാണാതെപോയ ആടിന്റെ ഉപമയിലെ ആടിനേക്കാൾ കഷ്ടതരമായി, മുൾപ്പടർപ്പിൽ കുടുങ്ങിക്കിടക്കുന്ന അവളെ ഞാൻ  കണ്ടു.  സ്വന്തം ജീവിതത്തോടുള്ള  അറപ്പിൽ അവൾ മുങ്ങിച്ചാകാൻ തുടങ്ങുകയായിരുന്നു. 
            വലിയ വാക്കുകളൊന്നും ഞാൻ  പറഞ്ഞില്ല. അവളെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റിയും ഞാൻ  പരാമർശിച്ചില്ല. അറിയപ്പെടുന്ന ഒരു   പാപിനി. അവളെ എളിമപ്പെടുത്താനോ എന്റടുത്തു വരാൻ ലജ്ജിക്കുന്നതിനോ എന്നിൽ നിന്നോടിപോകുന്നതിനോ ഇടയാക്കാൻ ഞാനാഗ്രഹിച്ചില്ല. അവളെ ഞാൻ സമാധാനത്തിൽ വിട്ടു. മഹത്തരവും വിശുദ്ധവുമായ ഒരു   ഭാവി അവൾക്കുണ്ടാകുന്നതിന് നൈമിഷികമായി അവൾക്കുണ്ടായ ആ തോന്നൽ പതഞ്ഞുപൊങ്ങട്ടെ എന്നുദ്ദേശിച്ച് എന്റെ വാക്കുകൾ അവളുടെ ആത്മാവിൽ ആഴ്ന്നിറങ്ങാൻ ഞാൻ  അനുവദിച്ചു. വളരെ മാർദ്ദവമേറിയ വാക്കുകളിൽ ശാന്തമായ ഒരുപമ വഴി ഞാനവളോടു സംസാരിച്ചു. പ്രകാശത്തിന്റെ ഒരു രശ്മി അവൾക്കായി മാത്രം ഞാൻ ഉപമയിലൂടെ നൽകി. 
    പിന്നീട്  പ്രീശനായ സൈമണിന്റെ വീട്ടിൽ ഞാൻ  കടന്നുചെന്നു. എന്നാൽ എന്റെ വാക്കുകൾ, അഹങ്കാരിയായ ആ  സമ്പന്നന്റെ ഭാവിനന്മയ്ക്കുപകരിച്ചില്ല. കാരണം അവയെ  പ്രീശന്റെ അഹങ്കാരം കൊന്നുകളഞ്ഞു. എങ്കിലും ആ സമയത്ത് എനിക്കറിയാമായിരുന്നു, ധാരാളം കരഞ്ഞശേഷം മേരി എന്റെപക്കലേക്കു വരുമെന്ന്. 
                      അവൾ  പ്രവേശിക്കുന്നതു കണ്ടപ്പോൾ അതിഥികളെല്ലാവരുടേയും  ശരീരത്തിലും  മനസ്സിലും കാമാസക്തിയുണർന്നു.   വിരുന്നിനു  വന്നിരുന്നവരിൽ പരിശുദ്ധരായ   രണ്ടുപേരൊഴികെ  (ജോണും ഞാനും) ശേഷിച്ചവരെല്ലാം  കാമാസക്തിയോടെയാണവളെ നോക്കിയത്. അവരെല്ലാവരും ഓർത്തത് അവൾക്കു പതിവുള്ള ഒരു   തന്ത്രമനുസരിച്ച് പൈശാചികാവേശത്തോടെ നിനച്ചിരിക്കാത്ത നേരത്ത് ജഡികവേഴ്ചയ്ക്കായി വന്നതായിരിക്കും എന്നായിരുന്നു. എന്നാൽ  സാത്താൻ തോൽപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവൾ  ആരെയും നോക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ വിചാരിച്ചു അവൾ  എന്നെ ലക്ഷ്യം വച്ചാണു വന്നിരിക്കുന്നതെന്ന്. മനുഷ്യൻ മാംസവും രക്തവും മാത്രം ആയിരിക്കുന്നിടത്തോളം കാലം ഏറ്റവും പരിശുദ്ധമായ കാര്യങ്ങളെപ്പോലും  ചീത്തയാക്കുന്നു. പരിശുദ്ധരായവർക്കു മാത്രമേ കാര്യങ്ങളുടെ ശരിയായ വീക്ഷണമുള്ളൂ. കാരണം  ചിന്തകളെ തകിടംമറിക്കുന്ന പാപം അവരിലില്ല.
          എന്നാൽ   മനുഷ്യൻ മനസ്സിലാക്കാത്തതുകൊണ്ട് ഭയപ്പെടാനൊന്നുമില്ല. ദൈവം എല്ലാം മനസ്സിലാക്കുന്നു. സ്വർഗ്ഗത്തിന് അതുമതി. പറുദീസയിലെ അനുഗ്രഹീതാത്മാക്കളുടെ മഹത്വത്തിന് ഒരൗൺസുപോലും വർദ്ധനവു വരുത്താൻ മാനുഷിക മഹത്വത്തിന് സാദ്ധ്യമല്ല. പാവപ്പെട്ട മഗ്ദലനാമേരി അവളുടെ നല്ല പ്രവൃത്തികളിൽപ്പോലും മോശമായി വിധിക്കപ്പെട്ടിരുന്നു. എന്നാൽ അവളുടെ തെറ്റായ പ്രവൃത്തികളെ അവർ കുറ്റം വിധിച്ചില്ല. കാരണം, അത് കാമാതുരരായ പുരുഷന്മാരുടെ ഒരിക്കലും ശമിക്കാത്ത വിശപ്പു തീർക്കാൻ വായ് നിറയ്ക്കുന്നവയായിരുന്നു. പ്രീശന്റെ ഭവനത്തിൽവച്ച് അവൾ വിമർശിക്കപ്പെടുകയും തെറ്റായി വിധിക്കപ്പെടുകയും ചെയ്തു. പിന്നീട് ബഥനിയിലെ സ്വന്തം  വീട്ടിൽവച്ചും വിമർശിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്തു.
      എന്നാൽ ഞാൻ  ആവർത്തിച്ചു പറയുന്നു; ലോകത്തിന്റെ വിമർശനത്തിന് ഒരു  പ്രാധാന്യവുമില്ല. ദൈവത്തിന്റെ വിധിയാണ് കാര്യമാക്കാനുള്ളത്."

Thursday, July 21, 2011

മഗ്ദലനാ മേരി

                                     (ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കുഷ്ഠരോഗത്തില്‍ നിന്ന് ഈശോ സുഖപ്പെടുത്തിയവനും പിന്നീട് അവിടുത്തെ അപ്പസ്തോലനുമായിത്തീർന്ന തീക്ഷ്ണമതിയായ സൈമൺ വഴി ഈശോയുടെ സ്നേഹിതനായിത്തീർന്ന ബഥനിയിലെ ലാസറിന്റെ  ( ലാസറസ് )  സഹോദരിമാരാണ് മാർത്തയും മേരിയും.   സിറിയയിലെ   റോമന്‍           ഗവര്‍ണറായിരുന്ന തിയോഫിലസിന്റെയും ധനാഢ്യയായ ഭാര്യ യൂക്കേറിയയുടേയും മക്കളാണിവര്‍. മാതാപിതാക്കളുടെ മരണശേഷം ലാസറും മാർത്തയും ബഥനിയില്‍ താമസമാക്കിയപ്പോൾ ഇളയവളായ മേരി സഹോദരങ്ങളില്‍ നിന്നകന്ന് മഗ്ദലാ എന്ന പട്ടണത്തിൽ സ്വൈരിണിയായി ജീവിക്കുകയായിരുന്നു. ഈശോയെ പരിചയപ്പെട്ടശേഷം അവിടുത്തെ അനുയായികളായിത്തീർന്ന ലാസറും മാര്‍ത്തയും മേരിയുടെ മാനസാന്തരത്തിനുവേണ്ടി അവിടുത്തോട് കരഞ്ഞപേക്ഷിക്കുകയും പ്രാര്‍ത്ഥിച്ച് കാത്തിരിക്കാന്‍  ഈശോ അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സഹോദരങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ ഫലമായി മഗ്ദലനാ മേരി മാനസാന്തരത്തിലേക്കു വരുന്നു.   ഈശോയുടെ പ്രസംഗം കേള്‍ക്കാന്‍ കഫർണാമില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോടാണ് കാണാതായ ആടിന്റെ ഉപമ ഈശോ പറയുന്നതെങ്കിലും അവിടുന്ന് ലക്ഷ്യം വയ്ക്കുന്നത് മേരിയെയാണ്.     അനുതപിച്ച്  പാപപ്പരിഹാരം ചെയ്യുവാനും സ്വയം വിശുദ്ധീകരിക്കുവാനുമുള്ള ഈശോയുടെ ആഹ്വാനം  അവള്‍  ചെവിക്കൊണ്ടു.)

                 ധനികനായ പ്രീശന്‍  സൈമണിന്റെ ഭവനം.  അലങ്കരിക്കപ്പെട്ട വിശാലമായ മുറിയില്‍    ഗൃഹനാഥനും             ഈശോയുള്‍പ്പെടെയുള്ള അതിഥികളും  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും സംസാരിക്കുന്നുമുണ്ട്. അതിഥികളായി സ്ത്രീകളാരുമില്ല. ഗൃഹനാഥന്‍ ഇടയ്ക്കിടെ ഗൗരവ ഭാവത്തില്‍    ഈശോയോട് സംസാരിക്കുന്നു. തീക്ഷ്ണമതിയായ ഒരു പ്രവാചകനും ദരിദ്രനുമെന്ന് മറ്റുള്ളവര്‍ കരുതുന്ന ഈശോയെ സമ്പന്നനായ തന്റെ ഭവനത്തില്‍    വിരുന്നിനു ക്ഷണിച്ചുകൊണ്ട് ബഹുമാനിക്കുന്നു  എന്നു  കാണിക്കാനുള്ള             തത്രപ്പാടാണയാള്‍ക്ക്. ഈശോ കാരുണ്യത്താടും ശാന്തതയോടും കൂടി ചോദ്യങ്ങള്‍ക്കുത്തരം നൽകുന്നു. ജോൺ ഈശോയോടൊപ്പമുണ്ട്.
                
വാതില്‍   വിരി  മാറ്റിക്കൊണ്ട്  മഗ്ദലനാ മേരി  കടന്നുവരുന്നു.  വളരെ സുന്ദരി. ആഡംബരപൂര്‍ണ്ണമായ വസ്ത്രധാരണം. ഈശോയൊഴികെ മറ്റെല്ലാവരും   അവളെ കാണുന്നതിന് തലതിരിക്കുന്നു. ജോൺ ഒരുനിമിഷം നോക്കിയശേഷം ഈശോയെ നോക്കുന്നു. മറ്റുള്ളവര്‍ പ്രകടമായി ദുഷിച്ച ആഗ്രഹത്തോടെയാണു നോക്കുന്നത്. എന്നാല്‍ ആ സ്ത്രീ ഈശോയെയും ശിഷ്യനേയുമല്ലാതെ മറ്റാരെയും നോക്കുകയോ അവള്‍ പ്രവേശിച്ചപ്പോള്‍ ഉയർന്ന കുശുകുശുപ്പിനെ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. ഈശോ ഒന്നും കണ്ടില്ലെന്നുള്ള ഭാവത്തില്‍ ഗൃഹനാഥനോട് സംഭാഷണം തുടരുന്നു.
സ്ത്രീ ഈശോയുടെ അടുത്തുചെന്ന് ആ പാദത്തിങ്കല്‍ മുട്ടുകുത്തിയശേഷം കൈയിലുണ്ടായിരുന്ന കുംഭാകൃതിയിലുള്ള ഒരു ചെറിയ കുപ്പി തറയില്‍    വയ്ക്കുന്നു. എന്നിട്ട് മുടിയില്‍    ഉറപ്പിച്ചിരുന്ന നീളമുള്ള വിലയേറിയ പിന്‍ ഊരി ശിരോവസ്ത്രം മാറ്റുകയും വിരലുകളില്‍    അണിഞ്ഞിരുന്ന മോതിരങ്ങള്‍ ഊരി ഈശോയുടെ പാദത്തിങ്കല്‍    വയ്ക്കുകയും ചെയ്തു. പിന്നീട് ഈശോയുടെ  പാദങ്ങള്‍ കൈയിലെടുത്ത് ആദ്യം വലതുകാലിലെയും പിന്നെ ഇടതുകാലിലെയും ചെരിപ്പുകള്‍ അഴിച്ച് തറയില്‍ വച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ പാദങ്ങള്‍ ചുംബിക്കുകയും നെറ്റിത്തടം അവയില്‍ വയ്ക്കുകയും ചെയ്തു. മഴത്തുള്ളിപോലെ തുടര്‍ച്ചയായി ഒഴുകിയ കണ്ണീര്‍ ആരാദ്ധ്യമായ അവന്റെ പാദങ്ങളെ നനച്ചു. 
    ഈശോ തന്റെ ശിരസ്സ് സാവകാശം തിരിച്ച് കുനിഞ്ഞിരിക്കുന്ന സ്ത്രീയുടെ തലയിലേയ്ക്ക് ഒരുനിമിഷം നോക്കി.  കാരുണ്യത്താടെയുള്ള ഒരു കടാക്ഷം. അവളെ തടസ്സപ്പെടുത്താതെ മുറിയുടെ നടുവിലേക്ക് ഈശോ നോക്കുന്നു.
    എന്നാല്‍    മറ്റുള്ളവർ കണ്ണിറുക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. ശരിയായ കാഴ്ച കിട്ടാനായി ആ പ്രീശന്‍ ഒന്നു നേരെയിരുന്നു. സമ്മിശ്രവികാരങ്ങള്‍ അയാളുടെ കണ്ണുകളില്‍    പ്രകടമായി. ദ്വയാര്‍ത്ഥത്തോടെ അയാള്‍ ഈശോയെയും നോക്കുന്നു.
  എന്നാല്‍    സ്ത്രീ ഇതൊന്നും മനസ്സിലാക്കുന്നില്ല. അവള്‍ നിശ്ശബ്ദയായി കണ്ണീര്‍ പൊഴിക്കുകയും ഇടയ്ക്കിടെ ഏങ്ങലടിക്കുകയും ചെയ്യുന്നുണ്ട്. അവളുടെ മുടിയലങ്കരിച്ച് ഉറപ്പിച്ചു വച്ചിരുന്ന സ്വർണ്ണ ഹെയര്‍പിന്നുകളെല്ലാം ഊരി നേരത്തെ ഈശോയുടെ കാൽക്കൽവച്ച മോതിരങ്ങളുടെ കൂടെ വയ്ക്കുന്നു. തെറുത്തുവച്ചിരുന്ന മുടി അഴിഞ്ഞ് പുറത്തേക്കു വീണു. രണ്ടുകൈകള്‍ കൊണ്ടും ആ പാദങ്ങള്‍ ഉണങ്ങുന്നതുവരെ അവളുടെ മുടികൊണ്ടു തുടയ്ക്കുന്നു. പിന്നീട് വിരലുകള്‍ കുംഭത്തില്‍    മുക്കി മഞ്ഞനിറമുള്ള സുഗന്ധതൈലം എടുത്ത് ഈശോയുടെ  പാദത്തില്‍    പുരട്ടുന്നു. ഇടയ്ക്കിടെ  ആ പാദങ്ങള്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്. ആര്‍ദ്രമായ സ്നേഹത്തോടെ ഈശോ അവളെ നോക്കുന്നു.  അവള്‍ പൊട്ടിക്കരയുന്നതുകണ്ട് ആശ്ചര്യപൂർവം ജോൺ  ഈശോയെയും അവളെയും മാറിമാറി നോക്കുന്നു.
   പ്രീശന്റെ മുഖം കറുത്തു. വിശുദ്ധഗ്രന്ഥത്തിലെ സുപരിചിതങ്ങളായ വാക്കുകള്‍ - പ്രീശന്റെ സ്വഗതവും ഈശോയുടെ മറുപടിയും (വി.ലൂക്കാ 7:39-48) അവിടെ മുഴങ്ങുന്നു. ഈശോയുടെ വാക്കുകള്‍ കേട്ട് കോപിഷ്ഠനായ പ്രീശന്റെ തല കുനിയുന്നു.
   സ്ത്രീക്ക് പാപമോചനം നല്‍കിക്കൊണ്ടുള്ള വാക്കുകള്‍ ഉച്ചരിക്കുന്നതിനോടൊപ്പം അവളുടെ കുമ്പിട്ടിരിക്കുന്ന ശിരസ്സില്‍    ഒരുനിമിഷത്തേക്ക് ഈശോ കൈ വയ്ക്കുന്നു. വളരെ കാരുണ്യത്താടെ പറയുന്നു 'സമാധാനത്തില്‍    പോവുക'.
   അവള്‍ പോകുന്നു. ആഭരണങ്ങളെല്ലാം ഈശോയുടെ പാദത്തിങ്കല്‍    വച്ചതിനുശേഷം ശിരോവസ്ത്രം എടുത്ത് അതുകൊണ്ട് കഴിയുന്നവിധത്തില്‍    മുടി തലയില്‍    കെട്ടിയുറപ്പിച്ചു വച്ചുകൊണ്ടാണവള്‍ പോകുന്നത്.

ഈ ദർശനത്തെപ്പറ്റി ഈശോ പറയുന്നു:

'ഒറ്റനോട്ടത്തിലൂടെ എന്റെ അരൂപി അമ്പുപോലെ അയച്ച വാക്കുകള്‍  കാമാസക്തരായ അവരുടെ വരണ്ട ആത്മാക്കളില്‍ തറഞ്ഞുകയറിയതുകൊണ്ടാണ് പ്രീശനും സ്നേഹിതരും തലകുനിച്ചത്. ഇതൊന്നും സുവിശേഷത്തില്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ കേട്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തരം ഞാനവനു നല്‍കി. കാരണം ആ മനുഷ്യരുടെ ചിന്തകളൊന്നും എന്നില്‍നിന്നു മറഞ്ഞിരുന്നില്ല.
    ഞാന്‍ അവനോടു പറഞ്ഞു;  'അരുത്, സ്വയം നീതീകരിക്കാനായി ദുഷിച്ച കുറ്റാരോപണങ്ങള്‍ നടത്തരുത്. നിന്നെപ്പോലെ കാമാസക്തിയൊന്നും എനിക്കില്ല. അവള്‍ എന്റടുത്തു വന്നത് എന്നെ ആകർഷിക്കാനല്ല. ഞാന്‍, നിന്നെയോ നിന്നെപ്പോലുള്ളവരെയോ പോലെയല്ല. എന്നെക്കാണുകയും എന്റെ വാക്കുകള്‍  കേള്‍ക്കുകയും ചെയ്തപ്പോൾ ജഡികതയാല്‍ അന്ധകാരപൂർണ്ണമായിരുന്ന അവളുടെ ആത്മാവില്‍ പ്രകാശംവീശി. അവളുടെ  കാമാസക്തിയെ അതിജീവിക്കണമെന്ന് അവള്‍ക്കാഗ്രഹമുണ്ട്. എന്നാല്‍ സാധുവായ അവൾക്ക് അതു സ്വയം ചെയ്യാന്‍ ശക്തിയില്ലെന്നവള്‍ മനസ്സിലാക്കുന്നു. എന്റെ അരൂപിയെ അവള്‍ സ്നേഹിക്കുന്നു. മറ്റൊന്നിനെയുമല്ല. അരൂപിയെ മാത്രം. എന്റെ അരൂപി സ്വഭാവാതീതമായ 
വിധത്തില്‍    നല്ലതാണെന്നവള്‍ മനസ്സിലാക്കി. അവളുടെ ബലഹീനതകളില്‍   നിന്നു മുതലെടുത്ത നിങ്ങളുടെ ദുഷ്ടതയില്‍   നിന്ന് അവൾ  സ്വീകരിക്കേണ്ടി വന്ന പ്രതിഫലമായ വിദ്വേഷവും പേറി അവളെന്നെ സമീപിച്ചു. ഈ അഹന്തനിറഞ്ഞ ദുഷ്ടലോകത്തുനിന്ന് അവൾക്കു ലഭിക്കാതിരുന്ന നന്മയും സന്തോഷവും സമാധാനവും എന്നില്‍ കണ്ടെത്തിയതിനാലാണ് അവള്‍   എന്റടുത്തു വന്നത്.  ഓ,  കാപട്യം നിറഞ്ഞ പ്രീശാ, എല്ലാറ്റിനേയും നന്നായിക്കാണുന്നതിന് നിന്റെ ആത്മാവിന്റെ കുഷ്ഠം മാറ്റിത്തരേണമേ എന്ന് നീ എന്നോടു യാചിക്കുന്നു. എന്നാല്‍ എന്റെ സ്പർശംകൊണ്ട് അതുനീക്കാന്‍ എനിക്കു കഴിവില്ല. കാരണം അതിനെ നീ ഇഷ്ടപ്പെടുന്നു. അതു മാറണമെന്ന് നിനക്കാഗ്രഹമില്ല. എന്നാൽ അവള്‍ക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനാല്‍ അവളെ ഞാന്‍ ശുദ്ധയാക്കുകയും പാപത്തിന്റെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. പാപി മരണമടഞ്ഞു.  എന്റെ പാദത്തിങ്കല്‍ സമർപ്പിച്ച ആഭരണങ്ങളില്‍ അവളിപ്പോഴും സന്നിഹിതയാണ്. എന്റെയും ശിഷ്യരുടേയും ആവശ്യങ്ങള്‍ക്കും ഞാന്‍  സഹായിച്ചുകൊണ്ടിരിക്കുന്ന പാവപ്പെട്ടവർക്കും വേണ്ടി ഉപയോഗിച്ചുകൊണ്ട് അവയെ വിശുദ്ധീകരിക്കുന്നതിനായി അവള്‍   അവ സമർപ്പിച്ചു. അധികം സമ്പത്തുള്ളവരില്‍നിന്നു ലഭിക്കുന്നതാണ് ഞാന്‍  ദരിദ്രർക്കു നൽകുന്നത്. കാരണം ഈ പ്രപഞ്ചത്തിന്റെ ഉടമയായ ഞാൻ, മനുഷ്യവംശത്തിന്റെ രക്ഷകനായതിനാൽ ഇപ്പോൾ സ്വന്തമായി ഒന്നുമില്ലാത്തവനാണ്. അവള്‍ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശി എനിക്കു പാദശുശ്രൂഷ ചെയ്തു. എന്നാല്‍  നിനക്കു പ്രകാശം നൽകാനായി ഞാൻ വളരെദൂരം നടന്നിവിടെ വന്നിട്ടും നീ നിന്റെ കിണറ്റിലെ വെള്ളംകൊണ്ട് എന്റെ പാദങ്ങള്‍ കഴുകാൻ കൂട്ടാക്കിയില്ല. പാപി മരിച്ചു. മേരി വീണ്ടും ജനിച്ചിരിക്കുന്നു. അഗാധമായ ദുഃഖവും നേരായുള്ള സ്നേഹവുമാണ് അവള്‍ക്ക് പുനര്‍ജ്ജന്മം നൽകിയത്. അവള്‍ കണ്ണീരുകൊണ്ട് അവളെത്തന്നെ കഴുകി.  ഓ, പ്രീശാ, ഞാൻ ഗൗരവമായി പറയുന്നു, പരിശുദ്ധ യൗവനത്തില്‍  നിര്‍മ്മലസ്നേഹത്തില്‍ എന്നെ സ്നേഹിക്കുന്ന ഈ യുവാവും (ജോണിനെ ഉദ്ദേശിച്ച്) ആത്മാർത്ഥമായ അനുതാപത്താല്‍ കൃപാവരത്തിലേക്കു വീണ്ടും ജനിച്ചിരിക്കുന്ന, ആത്മാർത്ഥമായി എന്നെ സ്നേഹിക്കുന്ന ഈ സ്ത്രീയും തമ്മില്‍    ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.  മറ്റാർക്കും മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍    എന്റെ ചിന്തകള്‍ മനസ്സിലാക്കാനുള്ള അനുഗ്രഹം പരിശുദ്ധനായ ഈ യുവാവിനും അനുതപിക്കുന്ന ഈ സ്ത്രീക്കുമായി ഞാന്‍  ല്‍കുന്നു. എന്റെ ശരീരത്തിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള ചുമതലയും ഞാനവര്‍ക്കു  നല്‍കുന്നു.'