ജാലകം നിത്യജീവൻ: മഗ്ദലനാ മേരി

nithyajeevan

nithyajeevan

Thursday, July 21, 2011

മഗ്ദലനാ മേരി

                                     (ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കുഷ്ഠരോഗത്തില്‍ നിന്ന് ഈശോ സുഖപ്പെടുത്തിയവനും പിന്നീട് അവിടുത്തെ അപ്പസ്തോലനുമായിത്തീർന്ന തീക്ഷ്ണമതിയായ സൈമൺ വഴി ഈശോയുടെ സ്നേഹിതനായിത്തീർന്ന ബഥനിയിലെ ലാസറിന്റെ  ( ലാസറസ് )  സഹോദരിമാരാണ് മാർത്തയും മേരിയും.   സിറിയയിലെ   റോമന്‍           ഗവര്‍ണറായിരുന്ന തിയോഫിലസിന്റെയും ധനാഢ്യയായ ഭാര്യ യൂക്കേറിയയുടേയും മക്കളാണിവര്‍. മാതാപിതാക്കളുടെ മരണശേഷം ലാസറും മാർത്തയും ബഥനിയില്‍ താമസമാക്കിയപ്പോൾ ഇളയവളായ മേരി സഹോദരങ്ങളില്‍ നിന്നകന്ന് മഗ്ദലാ എന്ന പട്ടണത്തിൽ സ്വൈരിണിയായി ജീവിക്കുകയായിരുന്നു. ഈശോയെ പരിചയപ്പെട്ടശേഷം അവിടുത്തെ അനുയായികളായിത്തീർന്ന ലാസറും മാര്‍ത്തയും മേരിയുടെ മാനസാന്തരത്തിനുവേണ്ടി അവിടുത്തോട് കരഞ്ഞപേക്ഷിക്കുകയും പ്രാര്‍ത്ഥിച്ച് കാത്തിരിക്കാന്‍  ഈശോ അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സഹോദരങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ ഫലമായി മഗ്ദലനാ മേരി മാനസാന്തരത്തിലേക്കു വരുന്നു.   ഈശോയുടെ പ്രസംഗം കേള്‍ക്കാന്‍ കഫർണാമില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോടാണ് കാണാതായ ആടിന്റെ ഉപമ ഈശോ പറയുന്നതെങ്കിലും അവിടുന്ന് ലക്ഷ്യം വയ്ക്കുന്നത് മേരിയെയാണ്.     അനുതപിച്ച്  പാപപ്പരിഹാരം ചെയ്യുവാനും സ്വയം വിശുദ്ധീകരിക്കുവാനുമുള്ള ഈശോയുടെ ആഹ്വാനം  അവള്‍  ചെവിക്കൊണ്ടു.)

                 ധനികനായ പ്രീശന്‍  സൈമണിന്റെ ഭവനം.  അലങ്കരിക്കപ്പെട്ട വിശാലമായ മുറിയില്‍    ഗൃഹനാഥനും             ഈശോയുള്‍പ്പെടെയുള്ള അതിഥികളും  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും സംസാരിക്കുന്നുമുണ്ട്. അതിഥികളായി സ്ത്രീകളാരുമില്ല. ഗൃഹനാഥന്‍ ഇടയ്ക്കിടെ ഗൗരവ ഭാവത്തില്‍    ഈശോയോട് സംസാരിക്കുന്നു. തീക്ഷ്ണമതിയായ ഒരു പ്രവാചകനും ദരിദ്രനുമെന്ന് മറ്റുള്ളവര്‍ കരുതുന്ന ഈശോയെ സമ്പന്നനായ തന്റെ ഭവനത്തില്‍    വിരുന്നിനു ക്ഷണിച്ചുകൊണ്ട് ബഹുമാനിക്കുന്നു  എന്നു  കാണിക്കാനുള്ള             തത്രപ്പാടാണയാള്‍ക്ക്. ഈശോ കാരുണ്യത്താടും ശാന്തതയോടും കൂടി ചോദ്യങ്ങള്‍ക്കുത്തരം നൽകുന്നു. ജോൺ ഈശോയോടൊപ്പമുണ്ട്.
                
വാതില്‍   വിരി  മാറ്റിക്കൊണ്ട്  മഗ്ദലനാ മേരി  കടന്നുവരുന്നു.  വളരെ സുന്ദരി. ആഡംബരപൂര്‍ണ്ണമായ വസ്ത്രധാരണം. ഈശോയൊഴികെ മറ്റെല്ലാവരും   അവളെ കാണുന്നതിന് തലതിരിക്കുന്നു. ജോൺ ഒരുനിമിഷം നോക്കിയശേഷം ഈശോയെ നോക്കുന്നു. മറ്റുള്ളവര്‍ പ്രകടമായി ദുഷിച്ച ആഗ്രഹത്തോടെയാണു നോക്കുന്നത്. എന്നാല്‍ ആ സ്ത്രീ ഈശോയെയും ശിഷ്യനേയുമല്ലാതെ മറ്റാരെയും നോക്കുകയോ അവള്‍ പ്രവേശിച്ചപ്പോള്‍ ഉയർന്ന കുശുകുശുപ്പിനെ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. ഈശോ ഒന്നും കണ്ടില്ലെന്നുള്ള ഭാവത്തില്‍ ഗൃഹനാഥനോട് സംഭാഷണം തുടരുന്നു.
സ്ത്രീ ഈശോയുടെ അടുത്തുചെന്ന് ആ പാദത്തിങ്കല്‍ മുട്ടുകുത്തിയശേഷം കൈയിലുണ്ടായിരുന്ന കുംഭാകൃതിയിലുള്ള ഒരു ചെറിയ കുപ്പി തറയില്‍    വയ്ക്കുന്നു. എന്നിട്ട് മുടിയില്‍    ഉറപ്പിച്ചിരുന്ന നീളമുള്ള വിലയേറിയ പിന്‍ ഊരി ശിരോവസ്ത്രം മാറ്റുകയും വിരലുകളില്‍    അണിഞ്ഞിരുന്ന മോതിരങ്ങള്‍ ഊരി ഈശോയുടെ പാദത്തിങ്കല്‍    വയ്ക്കുകയും ചെയ്തു. പിന്നീട് ഈശോയുടെ  പാദങ്ങള്‍ കൈയിലെടുത്ത് ആദ്യം വലതുകാലിലെയും പിന്നെ ഇടതുകാലിലെയും ചെരിപ്പുകള്‍ അഴിച്ച് തറയില്‍ വച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ പാദങ്ങള്‍ ചുംബിക്കുകയും നെറ്റിത്തടം അവയില്‍ വയ്ക്കുകയും ചെയ്തു. മഴത്തുള്ളിപോലെ തുടര്‍ച്ചയായി ഒഴുകിയ കണ്ണീര്‍ ആരാദ്ധ്യമായ അവന്റെ പാദങ്ങളെ നനച്ചു. 
    ഈശോ തന്റെ ശിരസ്സ് സാവകാശം തിരിച്ച് കുനിഞ്ഞിരിക്കുന്ന സ്ത്രീയുടെ തലയിലേയ്ക്ക് ഒരുനിമിഷം നോക്കി.  കാരുണ്യത്താടെയുള്ള ഒരു കടാക്ഷം. അവളെ തടസ്സപ്പെടുത്താതെ മുറിയുടെ നടുവിലേക്ക് ഈശോ നോക്കുന്നു.
    എന്നാല്‍    മറ്റുള്ളവർ കണ്ണിറുക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. ശരിയായ കാഴ്ച കിട്ടാനായി ആ പ്രീശന്‍ ഒന്നു നേരെയിരുന്നു. സമ്മിശ്രവികാരങ്ങള്‍ അയാളുടെ കണ്ണുകളില്‍    പ്രകടമായി. ദ്വയാര്‍ത്ഥത്തോടെ അയാള്‍ ഈശോയെയും നോക്കുന്നു.
  എന്നാല്‍    സ്ത്രീ ഇതൊന്നും മനസ്സിലാക്കുന്നില്ല. അവള്‍ നിശ്ശബ്ദയായി കണ്ണീര്‍ പൊഴിക്കുകയും ഇടയ്ക്കിടെ ഏങ്ങലടിക്കുകയും ചെയ്യുന്നുണ്ട്. അവളുടെ മുടിയലങ്കരിച്ച് ഉറപ്പിച്ചു വച്ചിരുന്ന സ്വർണ്ണ ഹെയര്‍പിന്നുകളെല്ലാം ഊരി നേരത്തെ ഈശോയുടെ കാൽക്കൽവച്ച മോതിരങ്ങളുടെ കൂടെ വയ്ക്കുന്നു. തെറുത്തുവച്ചിരുന്ന മുടി അഴിഞ്ഞ് പുറത്തേക്കു വീണു. രണ്ടുകൈകള്‍ കൊണ്ടും ആ പാദങ്ങള്‍ ഉണങ്ങുന്നതുവരെ അവളുടെ മുടികൊണ്ടു തുടയ്ക്കുന്നു. പിന്നീട് വിരലുകള്‍ കുംഭത്തില്‍    മുക്കി മഞ്ഞനിറമുള്ള സുഗന്ധതൈലം എടുത്ത് ഈശോയുടെ  പാദത്തില്‍    പുരട്ടുന്നു. ഇടയ്ക്കിടെ  ആ പാദങ്ങള്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്. ആര്‍ദ്രമായ സ്നേഹത്തോടെ ഈശോ അവളെ നോക്കുന്നു.  അവള്‍ പൊട്ടിക്കരയുന്നതുകണ്ട് ആശ്ചര്യപൂർവം ജോൺ  ഈശോയെയും അവളെയും മാറിമാറി നോക്കുന്നു.
   പ്രീശന്റെ മുഖം കറുത്തു. വിശുദ്ധഗ്രന്ഥത്തിലെ സുപരിചിതങ്ങളായ വാക്കുകള്‍ - പ്രീശന്റെ സ്വഗതവും ഈശോയുടെ മറുപടിയും (വി.ലൂക്കാ 7:39-48) അവിടെ മുഴങ്ങുന്നു. ഈശോയുടെ വാക്കുകള്‍ കേട്ട് കോപിഷ്ഠനായ പ്രീശന്റെ തല കുനിയുന്നു.
   സ്ത്രീക്ക് പാപമോചനം നല്‍കിക്കൊണ്ടുള്ള വാക്കുകള്‍ ഉച്ചരിക്കുന്നതിനോടൊപ്പം അവളുടെ കുമ്പിട്ടിരിക്കുന്ന ശിരസ്സില്‍    ഒരുനിമിഷത്തേക്ക് ഈശോ കൈ വയ്ക്കുന്നു. വളരെ കാരുണ്യത്താടെ പറയുന്നു 'സമാധാനത്തില്‍    പോവുക'.
   അവള്‍ പോകുന്നു. ആഭരണങ്ങളെല്ലാം ഈശോയുടെ പാദത്തിങ്കല്‍    വച്ചതിനുശേഷം ശിരോവസ്ത്രം എടുത്ത് അതുകൊണ്ട് കഴിയുന്നവിധത്തില്‍    മുടി തലയില്‍    കെട്ടിയുറപ്പിച്ചു വച്ചുകൊണ്ടാണവള്‍ പോകുന്നത്.

ഈ ദർശനത്തെപ്പറ്റി ഈശോ പറയുന്നു:

'ഒറ്റനോട്ടത്തിലൂടെ എന്റെ അരൂപി അമ്പുപോലെ അയച്ച വാക്കുകള്‍  കാമാസക്തരായ അവരുടെ വരണ്ട ആത്മാക്കളില്‍ തറഞ്ഞുകയറിയതുകൊണ്ടാണ് പ്രീശനും സ്നേഹിതരും തലകുനിച്ചത്. ഇതൊന്നും സുവിശേഷത്തില്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ കേട്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തരം ഞാനവനു നല്‍കി. കാരണം ആ മനുഷ്യരുടെ ചിന്തകളൊന്നും എന്നില്‍നിന്നു മറഞ്ഞിരുന്നില്ല.
    ഞാന്‍ അവനോടു പറഞ്ഞു;  'അരുത്, സ്വയം നീതീകരിക്കാനായി ദുഷിച്ച കുറ്റാരോപണങ്ങള്‍ നടത്തരുത്. നിന്നെപ്പോലെ കാമാസക്തിയൊന്നും എനിക്കില്ല. അവള്‍ എന്റടുത്തു വന്നത് എന്നെ ആകർഷിക്കാനല്ല. ഞാന്‍, നിന്നെയോ നിന്നെപ്പോലുള്ളവരെയോ പോലെയല്ല. എന്നെക്കാണുകയും എന്റെ വാക്കുകള്‍  കേള്‍ക്കുകയും ചെയ്തപ്പോൾ ജഡികതയാല്‍ അന്ധകാരപൂർണ്ണമായിരുന്ന അവളുടെ ആത്മാവില്‍ പ്രകാശംവീശി. അവളുടെ  കാമാസക്തിയെ അതിജീവിക്കണമെന്ന് അവള്‍ക്കാഗ്രഹമുണ്ട്. എന്നാല്‍ സാധുവായ അവൾക്ക് അതു സ്വയം ചെയ്യാന്‍ ശക്തിയില്ലെന്നവള്‍ മനസ്സിലാക്കുന്നു. എന്റെ അരൂപിയെ അവള്‍ സ്നേഹിക്കുന്നു. മറ്റൊന്നിനെയുമല്ല. അരൂപിയെ മാത്രം. എന്റെ അരൂപി സ്വഭാവാതീതമായ 
വിധത്തില്‍    നല്ലതാണെന്നവള്‍ മനസ്സിലാക്കി. അവളുടെ ബലഹീനതകളില്‍   നിന്നു മുതലെടുത്ത നിങ്ങളുടെ ദുഷ്ടതയില്‍   നിന്ന് അവൾ  സ്വീകരിക്കേണ്ടി വന്ന പ്രതിഫലമായ വിദ്വേഷവും പേറി അവളെന്നെ സമീപിച്ചു. ഈ അഹന്തനിറഞ്ഞ ദുഷ്ടലോകത്തുനിന്ന് അവൾക്കു ലഭിക്കാതിരുന്ന നന്മയും സന്തോഷവും സമാധാനവും എന്നില്‍ കണ്ടെത്തിയതിനാലാണ് അവള്‍   എന്റടുത്തു വന്നത്.  ഓ,  കാപട്യം നിറഞ്ഞ പ്രീശാ, എല്ലാറ്റിനേയും നന്നായിക്കാണുന്നതിന് നിന്റെ ആത്മാവിന്റെ കുഷ്ഠം മാറ്റിത്തരേണമേ എന്ന് നീ എന്നോടു യാചിക്കുന്നു. എന്നാല്‍ എന്റെ സ്പർശംകൊണ്ട് അതുനീക്കാന്‍ എനിക്കു കഴിവില്ല. കാരണം അതിനെ നീ ഇഷ്ടപ്പെടുന്നു. അതു മാറണമെന്ന് നിനക്കാഗ്രഹമില്ല. എന്നാൽ അവള്‍ക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനാല്‍ അവളെ ഞാന്‍ ശുദ്ധയാക്കുകയും പാപത്തിന്റെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. പാപി മരണമടഞ്ഞു.  എന്റെ പാദത്തിങ്കല്‍ സമർപ്പിച്ച ആഭരണങ്ങളില്‍ അവളിപ്പോഴും സന്നിഹിതയാണ്. എന്റെയും ശിഷ്യരുടേയും ആവശ്യങ്ങള്‍ക്കും ഞാന്‍  സഹായിച്ചുകൊണ്ടിരിക്കുന്ന പാവപ്പെട്ടവർക്കും വേണ്ടി ഉപയോഗിച്ചുകൊണ്ട് അവയെ വിശുദ്ധീകരിക്കുന്നതിനായി അവള്‍   അവ സമർപ്പിച്ചു. അധികം സമ്പത്തുള്ളവരില്‍നിന്നു ലഭിക്കുന്നതാണ് ഞാന്‍  ദരിദ്രർക്കു നൽകുന്നത്. കാരണം ഈ പ്രപഞ്ചത്തിന്റെ ഉടമയായ ഞാൻ, മനുഷ്യവംശത്തിന്റെ രക്ഷകനായതിനാൽ ഇപ്പോൾ സ്വന്തമായി ഒന്നുമില്ലാത്തവനാണ്. അവള്‍ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശി എനിക്കു പാദശുശ്രൂഷ ചെയ്തു. എന്നാല്‍  നിനക്കു പ്രകാശം നൽകാനായി ഞാൻ വളരെദൂരം നടന്നിവിടെ വന്നിട്ടും നീ നിന്റെ കിണറ്റിലെ വെള്ളംകൊണ്ട് എന്റെ പാദങ്ങള്‍ കഴുകാൻ കൂട്ടാക്കിയില്ല. പാപി മരിച്ചു. മേരി വീണ്ടും ജനിച്ചിരിക്കുന്നു. അഗാധമായ ദുഃഖവും നേരായുള്ള സ്നേഹവുമാണ് അവള്‍ക്ക് പുനര്‍ജ്ജന്മം നൽകിയത്. അവള്‍ കണ്ണീരുകൊണ്ട് അവളെത്തന്നെ കഴുകി.  ഓ, പ്രീശാ, ഞാൻ ഗൗരവമായി പറയുന്നു, പരിശുദ്ധ യൗവനത്തില്‍  നിര്‍മ്മലസ്നേഹത്തില്‍ എന്നെ സ്നേഹിക്കുന്ന ഈ യുവാവും (ജോണിനെ ഉദ്ദേശിച്ച്) ആത്മാർത്ഥമായ അനുതാപത്താല്‍ കൃപാവരത്തിലേക്കു വീണ്ടും ജനിച്ചിരിക്കുന്ന, ആത്മാർത്ഥമായി എന്നെ സ്നേഹിക്കുന്ന ഈ സ്ത്രീയും തമ്മില്‍    ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.  മറ്റാർക്കും മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍    എന്റെ ചിന്തകള്‍ മനസ്സിലാക്കാനുള്ള അനുഗ്രഹം പരിശുദ്ധനായ ഈ യുവാവിനും അനുതപിക്കുന്ന ഈ സ്ത്രീക്കുമായി ഞാന്‍  ല്‍കുന്നു. എന്റെ ശരീരത്തിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള ചുമതലയും ഞാനവര്‍ക്കു  നല്‍കുന്നു.'