ഈശോ അപ്പസ്തോലന്മാരോടൊപ്പം സമരിയായിലേക്കു പോവുകയാണ്. അതിർത്തിയിലെത്തിയപ്പോൾ ഈശോ യാത്ര അവസാനിപ്പിച്ച് അവിടെ കണ്ട ഒരു കിണറിന്റെ അടുത്തുള്ള ചെറിയ ഭിത്തിയിൽ ഇരുന്നു. ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാനായി പട്ടണത്തിലേക്കും പോയി. ഈശോയുടെ കൂടെയായിരിക്കാൻ ജോൺ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും എല്ലാവരും ഒരുമിച്ചു പോകുവാൻ ഈശോ കൽപ്പിച്ചതിനാൽ അവൻ അനുസരിച്ചു. ഈശോ കൈമുട്ടുകൾ കാൽമുട്ടുകളിൽ ഊന്നി കൈകൂപ്പി, ശരീരം മുന്നിലേക്കൽപ്പം ചായിച്ച് തല കുനിച്ച് അവിടെയിരുന്ന് ധ്യാനത്തിൽ മുഴുകി.
ഒഴിഞ്ഞ ഒരു വലിയ ഭരണി ഇടതുകൈയിൽ തൂക്കിപ്പിടിച്ചുകൊണ്ട് ഒരു സ്ത്രീ കിണറിനരികിലേക്കു നടന്നുവന്നു. അവിടെ ഇരിക്കുന്നതാരെന്ന് അവൾ അത്ഭുതപൂർവം നോക്കുന്നു. അവളെക്കണ്ട് കിണറ്റിൻകരയിൽ ആരോ വലിച്ചെറിഞ്ഞ കുറേ അപ്പക്കഷണങ്ങൾക്കായി കലപില കൂട്ടിക്കൊണ്ടിരുന്ന ചെറുകിളികൾ ശബ്ദമുണ്ടാക്കി പറന്നകന്നു. ഈശോ തലയുയർത്തി നോക്കി.
"സ്ത്രീയേ, നിനക്കു സമാധാനം. എനിക്കു കുടിക്കാൻ അൽപ്പം വെള്ളം തരുമോ? ദീർഘദൂരം നടന്നുവന്ന എനിക്ക് നല്ലതുപോലെ ദാഹിക്കുന്നു."
"താങ്കൾ ഒരു യഹൂദനല്ലേ? സമരിയാക്കാരിയായ എന്നോടു് വെള്ളം ചോദിക്കുന്നതു ശരിയാണോ? എന്താണു സംഭവിച്ചത്? ഞങ്ങൾ പുനരധിവസിക്കപ്പെട്ടുവോ? അതോ താങ്കൾ യഹൂദ സമുദായത്തിൽ നിന്നും പുറംതള്ളപ്പെട്ടവനാണോ? ഒരു യഹൂദൻ ഒരു സമരിയാക്കാരിയോട് ദയാപൂർവ്വം സംസാരിക്കണമെങ്കിൽ അതിനുതക്ക എന്തോ വലിയ കാര്യം സംഭവിച്ചിരിക്കണം. എനിക്ക് ഇതാണ് താങ്കളോടു പറയാനുള്ളത്. താങ്കൾക്ക് യാതൊന്നും ഞാൻ തരികയില്ല. നൂറ്റാണ്ടുകളായി യഹൂദന്മാർ ഞങ്ങളുടെമേൽ ചൊരിഞ്ഞിട്ടുള്ള എല്ലാ ദുർവചനങ്ങൾക്കും വേണ്ടി അങ്ങനെ ഞാൻ താങ്കൾക്ക് ശിക്ഷ തരും."
"നീ പറയുന്നത് ശരിയാണ്. ഒരു വലിയ സംഭവം ഉണ്ടായിരിക്കുന്നു. അതുവഴി പല കാര്യങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഇനി ഒട്ടേറെ കാര്യങ്ങളിൽ മാറ്റം വരികയും ചെയ്യും. ദൈവം ഈ ലോകത്തിന് മഹത്തായ ഒരു സമ്മാനം തന്നിരിക്കുന്നു. ദൈവത്തിന്റെ ആ സമ്മാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അവനോട് ദാഹജലം ചോദിക്കുകയും അവൻ നിനക്ക് ജീവജലം നൽകുകയും ചെയ്യുമായിരുന്നു."
"ജീവജലം ഭൂമിയുടെ ഞരമ്പുകളിലുണ്ട്. അത് ഈ കിണറ്റിലേക്ക് വരുന്നുണ്ട്. ഈ ജലം ഞങ്ങളുടേതാണ്." ആ സ്ത്രീ പരിഹാസദ്യോതകമായി പറഞ്ഞു.
"ജലം ദൈവത്തിന്റെ ദാനമാണ്. ദൈവകൃപയും അങ്ങനെയാണല്ലോ. ജീവനും ദൈവത്തിൽ നിന്നാണു വരുന്നത്. സ്ത്രീയേ, സകലതും ആ ഒരേയൊരു ദൈവത്തിന്റെ വകയാണ്. സമരിയാക്കാരും യഹൂദരും ഉൾപ്പെടെ എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഇത് യാക്കോബിന്റെ കിണറല്ലേ? യാക്കോബ് ഞങ്ങളുടെ വംശത്തലവനല്ലേ? പിൽക്കാലത്തുണ്ടായ ഏതോ പിഴ മൂലം നമ്മൾ തമ്മിൽ അകന്നുവെങ്കിലും നമ്മുടെ ഉത്ഭവത്തിന് മാറ്റമുണ്ടാകുന്നില്ല."
"തീർച്ചയായും തെറ്റ് ഞങ്ങളുടെ ഭാഗത്തായിരിക്കും, അല്ലേ?" അവൾ ചോദിക്കുന്നു.
"ഞങ്ങളോ നിങ്ങളോ തെറ്റു ചെയ്തിട്ടില്ല. കാരുണ്യമോ നീതിബോധമോ ഇല്ലാത്ത ഏതോ ഒരാളായിരിക്കും തെറ്റു ചെയ്തത്. നിന്നെയോ നിന്റെ വംശത്തെയോ കുറ്റപ്പെടുത്തുവാൻ ഞാനാഗ്രഹിക്കുന്നില്ല. പിന്നെ എന്തിനാണ് നീ എന്നോടു വിദ്വേഷപൂർവ്വം സംസാരിക്കുന്നത്?"
"ഇങ്ങനെ സംസാരിക്കുന്ന ആദ്യത്തെ യഹൂദൻ താങ്കളായിരിക്കും. മറ്റുള്ളവർ അങ്ങനെയല്ല. ഈ കിണറിന്റെ കാര്യം തന്നെ പറയാം. അതേ, ഇത് യാക്കോബിന്റെ കിണറാണ്. ഇതിൽ നല്ല ശുദ്ധമായ ജലം ധാരാളമുണ്ട്. എന്നാൽ ഇതിന് വളരെയേറെ ആഴമുണ്ട്.
താങ്കളുടെ പക്കൽ തൊട്ടിയോ ഭരണിയോ ഇല്ല. പിന്നെ എങ്ങനെയാണ് എനിക്കു ജീവജലം കോരിത്തരിക? വറ്റിപ്പോകാത്ത ഈ ഉറവ, തനിക്കും തന്റെ മക്കൾക്കും കന്നുകാലികൾക്കും വേണ്ടി കണ്ടെത്തുകയും പിന്നീട് തന്റെ സ്മാരകവും സമ്മാനവുമായി ഞങ്ങൾക്കു വിട്ടുതരികയും ചെയ്ത ഞങ്ങളുടെ പൂർവപിതാവായ യാക്കോബിനേക്കാൾ വലിയവനാണോ താങ്കൾ?"
"നീ പറഞ്ഞതു ശരിയാണ്. എന്നാൽ ഈ വെള്ളം ആരെങ്കിലും കുടിച്ചാൽ അവർക്കു പിന്നെയും ദാഹിക്കും. ഞാൻ തരുന്ന വെള്ളം കുടിക്കുന്നവർക്ക് പിന്നീടൊരിക്കലും ദാഹിക്കയില്ല. എന്തെന്നാൽ ഞാൻ തരുന്ന ജലം ഒരിക്കലും വറ്റാത്ത നിത്യജീവന്റെ അരുവിയായിത്തീരും."
"എന്ത്? താങ്കൾ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല. താങ്കൾ ഒരു മാന്ത്രികനാണോ? താങ്കൾ തരുന്ന ജലം ആയുഷ്ക്കാലം മുഴുവൻ നിലനിൽക്കുമെന്നാണോ പറയുന്നത്?"
"അത്രമാത്രമല്ല; അതിലുമധികം; അതായത് നിത്യജീവനോളം ആ ജലം നിലനിൽക്കും. അതു കുടിക്കുന്നവരിലേക്ക് നിത്യജീവൻ പ്രവഹിക്കും."
"യഥാർത്ഥമായും കൈവശമുണ്ടെങ്കിൽ എനിക്ക് ആ ജലം കുറേ തന്നാലും. ഇവിടെ വരെ വന്നപ്പോഴേക്കും ഞാൻ വളരെ ക്ഷീണിച്ചിരിക്കയാണ്. ആ ജലം കിട്ടിയാൽ പിന്നെ എനിക്കു രോഗം വരികയോ വാർദ്ധക്യം ബാധിക്കയോ ചെയ്യുകയില്ലല്ലോ."
"നിനക്കു ക്ഷീണം തോന്നിക്കുന്ന കാര്യം ഇതു മാത്രമാണോ? മറ്റൊന്നുമില്ലേ? ഈ വെള്ളം കുടിച്ച് നിന്റെ നിസ്സാരമായ ശരീരത്തിന് തൃപ്തി നൽകാൻ മാത്രമാണോ നീ ആഗ്രഹിക്കുന്നത്? ഇതേപ്പറ്റി ആലോചിച്ചുനോക്കുക. ശരീരത്തേക്കാളധികം പ്രാധാന്യമർഹിക്കുന്ന മറ്റെന്തോ ഇല്ലേ? നിന്റെ ആത്മാവു തന്നെ. യാക്കോബ് തനിക്കും മക്കൾക്കും വേണ്ടി ഭൗമികജലം മാത്രമല്ല സമ്പാദിച്ചത്; ശുദ്ധി സമ്പാദിക്കാനും അത് പ്രദാനം ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചു. അതാണ് ദൈവം തരുന്ന ജലം."
"നിങ്ങൾ ഞങ്ങളെ പുറജാതിക്കാരെന്നു വിളിക്കുന്നു. നിങ്ങൾ പറയുന്നതു ശരിയാണെങ്കിൽ ഞങ്ങൾക്കു ശുദ്ധരാകുവാൻ കഴിയില്ലല്ലോ?" ആ സ്ത്രീ ആശയക്കുഴപ്പത്തിലാണ്.
"പുറജാതിക്കാർക്കും ശുദ്ധരാകാം. നീതിമാനായ ദൈവം പുറജാതിക്കാർ ചെയ്യുന്ന
നന്മകൾക്കും പ്രതിഫലം നൽകും. അതൊരു പൂർണ്ണമായ പ്രതിഫലമായിരിക്കയില്ല. എന്നാൽ ഞാനൊരു കാര്യം പറയാം; പാപിയായ ഒരു വിശ്വാസിയേയും നിഷ്ക്കളങ്കനായ ഒരു പുറജാതിക്കാരനേയും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ദൈവം കൂടുതൽ കാരുണ്യം കാണിക്കുന്നത് രണ്ടാമത്തെയാളിനോടായിരിക്കും. രണ്ടാമത്തെ ഗണത്തിൽപ്പെട്ട ഒരാളാണെന്ന് നീയെന്ന് സ്വയം തോന്നുന്നുവെങ്കിൽ നീ എന്തുകൊണ്ട് യഥാർത്ഥ ദൈവത്തിന്റെ പക്കലേക്കു വരുന്നില്ല? നിന്റെ പേരെന്താണ്?"
"ഫോട്ടിനായി"
"ശരി, ഫോട്ടിനായി, എന്നോടു സത്യം പറയുക. പുറജാതിക്കാരിയായതു കൊണ്ട് വിശുദ്ധിയിലേക്കുയരാൻ കഴിയില്ലെന്നാണോ നിന്റെ സങ്കടം? എന്നാൽ ഞാൻ പറയുന്നു,
വർഷങ്ങളായി തെറ്റായ ജീവിതം നയിക്കുന്നതു കൊണ്ടുള്ള ചിന്താക്കുഴപ്പമാണ് നിനക്കുള്ളതെന്ന്."
"അതേ, ഞാൻ ദുഃഖിതയാണ്."
"അങ്ങനെയെങ്കിൽ കുറഞ്ഞപക്ഷം പരിശുദ്ധയായ ഒരു പുറജാതിക്കാരിയായി നിനക്കു ജീവിച്ചുകൂടേ?"
"കർത്താവേ!"
"അതേ; ഞാൻ പറഞ്ഞതു നിനക്കു നിഷേധിക്കാൻ പറ്റുമോ? നീ പോയി നിന്റെ
ഭർത്താവിനെയും വിളിച്ചുകൊണ്ട് ഇവിടെ മടങ്ങിവരിക."
"എനിക്കു ഭർത്താവില്ല." ആ സ്ത്രീ കൂടുതൽ വിഷമസ്ഥിതിയിലായി.
"നീ പറഞ്ഞതു ശരിയാണ്. നിനക്കു ഭർത്താവില്ല. നിനക്ക് അഞ്ച് പുരുഷന്മാരുണ്ടായിരുന്നു. ഇപ്പോൾ കൂടെയുള്ളയാൾ നിന്റെ ഭർത്താവല്ല. ഇതിന്റെ ആവശ്യമുണ്ടായിരുന്നോ? നിന്റെ മതം കാമാസക്തിയെ തിരസ്ക്കരിക്കുന്നുണ്ടല്ലോ. ദൈവത്തിന്റെ പത്തു കൽപ്പനകൾ ഉണ്ട്. അവയും നിനക്കറിയാം. ഫോട്ടിനായീ, പിന്നെ നീ ഇങ്ങനെ ഒരു ജീവിതം നയിച്ചതെന്തിനാണ്? ഒരു ഭർത്താവിന്റെ വിശ്വസ്തയായ ഭാര്യയായി കഴിയേണ്ടതിനു പകരം ഓരോരുത്തരുടെ കാമാസക്തി തീർക്കാൻ വേണ്ടി സ്വന്തം ശരീരം വിട്ടുകൊടുത്തതിൽ നിനക്കു പശ്ചാത്താപമില്ലേ? ജീവിതത്തിന്റെ സായംകാലത്ത് കഴിഞ്ഞകാല ജീവിതത്തിന്റെ
ഓർമ്മകളും ദുഃഖങ്ങളുമായി കഴിയേണ്ടി വരുമോ എന്നു നീ ഭയപ്പെടുന്നില്ലേ? ഉണ്ട്. ദൈവത്തേയും പ്രേതങ്ങളേയും നീ ഭയപ്പെടുന്നു. നിന്റെ കുട്ടികൾ എവിടെ?"
അവൾ തല കുനിച്ച് ഒന്നും മിണ്ടാതെ നിന്നു.
"നിനക്ക് ഈ ലോകത്തിൽ ആരുമില്ല. ഈ ഭൂമിയിൽ പിറന്നുവീഴാൻ നീ അവസരം
നൽകാതിരുന്ന നിന്റെ മക്കളുടെ ആത്മാക്കൾ നിനക്കെതിരേ നിലവിളിച്ചുകൊണ്ടിക്കുകയാണ്. നിനക്ക് മനോഹരമായ വസതിയും സമൃദ്ധമായ ഭക്ഷണവും രത്നങ്ങളും വസ്ത്രങ്ങളും എല്ലാമുണ്ട്. എന്നിട്ടും നിനക്കനുഭവപ്പെടുന്നത് ശൂന്യതയും കണ്ണീരും ആന്തരികദുഃഖവുമാണ്. സത്യസന്ധമായ പശ്ചാത്താപത്തിലൂടെയും ദൈവത്തിന്റെ ക്ഷമയിലൂടെയും അതോടൊപ്പം നിന്റെ കുഞ്ഞുങ്ങളുടെ ക്ഷമയിലൂടെയും നിനക്കു വീണ്ടും ധന്യയായിത്തീരാൻ കഴിയും."
"പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. എന്റെ ജീവിതത്തെക്കുറിച്ച് എനിക്കു ലജ്ജ തോന്നുന്നു."
"നീ ചീത്തക്കാര്യങ്ങൾ ചെയ്തപ്പോൾ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പാകെ നിനക്കു ലജ്ജ തോന്നിയിരുന്നില്ലേ? മനുഷ്യർ നിന്നെ വേദനിപ്പിച്ചപ്പോൾ നീ വിലപിച്ചിരുന്നില്ലേ? ഫോട്ടിനായീ, നീ എന്റെ അടുത്തുവരിക; ദൈവത്തെപ്പറ്റി ഞാൻ നിന്നോടു പറയാം. ഒരുപക്ഷേ, ദൈവത്തെപ്പറ്റി നിനക്ക് കാര്യമായി ഒന്നും അറിയില്ലെന്നുവരാം. അതുകൊണ്ടാവാം നീ ഇത്രത്തോളം തെറ്റുകാരിയായത്. സത്യദൈവത്തെ നന്നായി അറിഞ്ഞിരുന്നെങ്കിൽ നീ നിന്നെത്തന്നെ ഇത്രത്തോളം തരംതാഴ്ത്തുകയില്ലായിരുന്നു. ദൈവം നിന്നോടു സംസാരിക്കുകയും പിന്തുണ നൽകുകയും ചെയ്യുമായിരുന്നു."
"പ്രഭോ, ഞങ്ങളുടെ പൂർവികന്മാർ ഈ മലയിൽ വച്ചാണ് ദൈവത്തെ ആരാധിച്ചിരുന്നത്. എന്നാൽ ജറുസലേമിൽ ചെന്നുവേണം ദൈവത്തെ ആരാധിക്കാൻ എന്നാണല്ലോ യഹൂദന്മാർ പറയുന്നത്. എന്നാൽ ഒരൊറ്റ ദൈവമേ ഉള്ളൂവെന്ന് അവിടുന്ന് പറയുന്നു. ഞാൻ എന്തു ചെയ്യണം? എവിടെപ്പോയി ദൈവത്തെ ആരാധിക്കണം? എനിക്കു പറഞ്ഞുതരൂ."
"സ്ത്രീയേ, എന്നെ വിശ്വസിക്കൂ. അൽപ്പകാലം കഴിഞ്ഞാൽ സമരിയാ മലയിലോ ജറുസലേമിലോ ആയിരിക്കുകയില്ല പിതാവായ ദൈവം ആരാധിക്കപ്പെടുന്നത്. അറിയപ്പെടാത്ത ദൈവത്തെയാണ് നിങ്ങൾ ആരാധിക്കുന്നത്. ഞങ്ങൾ ആരാധിക്കുന്നത് അറിയപ്പെടുന്ന ദൈവത്തെയാണ്. എന്തെന്നാൽ രക്ഷ വരുന്നത് യഹൂദന്മാരിലൂടെയാണ്. പ്രവാചകന്മാരെക്കുറിച്ച് ഞാൻ നിന്നെ ഓർമ്മിപ്പിക്കുന്നു. എന്നാൽ യഥാർത്ഥ ഭക്തന്മാർ സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന സമയം വരുന്നു; അല്ല, ഇതാ ആ സമയം വന്നുകഴിഞ്ഞിരിക്കുന്നു. ഇനി പഴയ ആരാധനാ സമ്പ്രദായങ്ങൾക്കു പ്രസക്തിയില്ല. ജന്തുക്കളെ അഗ്നിയിൽ ബലികഴിക്കേണ്ട ആവശ്യവുമില്ല. ദിവ്യകാരുണ്യത്തിന്റെ അഗ്നിയിൽ അർപ്പിക്കപ്പെടുന്ന കളങ്കമില്ലാത്ത കുഞ്ഞാടിന്റെ നിത്യബലി ഇതാ വരുന്നു. അത് ആദ്ധ്യാത്മികമായ ഒരു ആരാധനാ സമ്പ്രദായമായിരിക്കും. സത്യത്തിലും ആത്മാവിലും ആരാധിക്കാൻ കഴിയുന്നവർക്ക് അതിന്റെ അർത്ഥം മനസ്സിലാകും. ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ അത് ആത്മീയമായി ചെയ്യണം."
"അവിടുന്ന് ദിവ്യമായ വാക്കുകൾ സംസാരിക്കുന്നു. മിശിഹാ വരാറായി എന്നു ഞങ്ങൾക്കും അറിയാം. അതുകൊണ്ടാണ് എനിക്കിത് മനസ്സിലാകുന്നത്. 'ക്രിസ്തു' എന്ന പേരിലും മിശിഹാ അറിയപ്പെടും. അവൻ എല്ലാക്കാര്യങ്ങളും ഞങ്ങളെ പഠിപ്പിക്കും. ഇവിടെനിന്നും അധികം അകലെയല്ലാതായി ഒരാളുണ്ട്. അദ്ദേഹം മിശിഹായുടെ മുന്നോടിയാണെന്ന് ആളുകൾ പറയുന്നു. ധാരാളം പേർ അദ്ദേഹത്തിന്റെ അടുത്തുപോയി പ്രസംഗം കേൾക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഒട്ടും മയമില്ലാത്തവനാണ്. അവിടുന്നാകട്ടെ ദയാലുവും... സാധാരണക്കാർ അങ്ങയെ ഭയപ്പെടുകയില്ല. ക്രിസ്തു നല്ലവനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം സമാധാനത്തിന്റെ രാജാവായിരിക്കുമെന്ന് അവർ പറയുന്നു. അദ്ദേഹം വരുന്നതിന് ഇനി അധികം താമസമുണ്ടാകുമോ?"
"അവന്റെ സമയം വന്നിരിക്കുന്നു എന്നു ഞാൻ നിന്നോടു പറഞ്ഞുകഴിഞ്ഞല്ലോ."
"അത് അങ്ങേയ്ക്കെങ്ങനെ അറിയാം? അതോ അങ്ങ് ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളാണോ? യോഹന്നാൻ സ്നാപകന് ധാരാളം ശിഷ്യന്മാരുണ്ട്. ക്രിസ്തുവിനും ധാരാളം ശിഷ്യന്മാരുണ്ടാവാം."
"നിന്നോട് ഇപ്പോൾ സംസാരിക്കുന്ന ഈ ഞാൻ തന്നെയാണ് ക്രിസ്തു."