ജാലകം നിത്യജീവൻ: പത്രോസിന്‍റെ സദ്‌ഗുണങ്ങള്‍

nithyajeevan

nithyajeevan

Sunday, July 3, 2011

പത്രോസിന്‍റെ സദ്‌ഗുണങ്ങള്‍

   (പന്ത്രണ്ട് അപ്പസ്തോലന്മാരുമൊത്ത് ഈശോ പേത്രാ എന്ന സ്ഥലത്തേക്കു പോകുമ്പോള്‍ യൂദാസ്കറിയോത്ത, അങ്ങോട്ടേക്ക് പോകേണ്ടതില്ല എന്നു നിര്‍ബന്ധം പിടിക്കുന്നു. അവന്‍റെ   വിചിത്രമായ പെരുമാറ്റത്തില്‍ അസ്വസ്ഥരായ  മറ്റുള്ളവര്‍ അതിനെതിരെ പ്രതികരിക്കുന്നു. സെബെദീപുത്രന്‍ ജയിംസും  യുദാസുമായി അല്‍പ്പം വാക്കുതര്‍ക്കം വരെയുണ്ടാകുന്നു.  ഇതു കേട്ട് അങ്ങേയറ്റം ദുഃഖത്തോടെ ഈശോ അവരെ തിരുത്തുകയും അവരുടെ ഉപവിയില്ലായ്മയെപ്പറ്റി ശാസിക്കയും ചെയ്യുന്നു. ഈശോയ്ക്കു ദുഃഖം വരുത്തിയതിന് ജയിംസ്, യുദാ തദേവൂസുമായി  ഈശോയുടെ അടുക്കല്‍  ചെന്ന്  ഈശോയോട്   മാപ്പു ചോദിക്കുന്നു.) 
  ഈശോ പറയുന്നു : "യൂദാസിന്‍റെ തെറ്റുകളെല്ലാം ഞാന്‍ കാണുന്നില്ലെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്?  അവന്‍റെ പ്രവൃത്തികളൊന്നും എനിക്ക് പരിചയമില്ലെന്ന് നിങ്ങള്‍ കരുതുന്നോ? ഓ! അതങ്ങനെയല്ലെന്നു നിങ്ങള്‍ക്കു ബോധ്യപ്പെട്ടു കൊളളും. അരൂപിയില്‍ പൂര്‍ണ്ണരായവരെയാണ് എനിക്ക് വേണ്ടിയിരുന്നതെങ്കില്‍, ഞാന്‍ ദൈവദൂതന്മാരെ മനുഷ്യരൂപം കൊടുത്ത് എന്‍റെ ചുറ്റിലും നിര്‍ത്തുവാന്‍ ആവശ്യപ്പെടുമായിരുന്നു. അങ്ങനെ ചെയ്തെങ്കില്‍ അത് ഉപകാരപ്പെടുമായിരുന്നോ?  ഇല്ല;  അത് എന്‍റെ  സ്വാര്‍ഥതയും   മനുഷ്യരോടുള്ള നിന്ദയും ആയിത്തീരുമായിരുന്നു. നിങ്ങളുടെ അപൂര്‍ണ്ണത നിമിത്തം ഉണ്ടാകുന്ന ദുഃഖം എനിക്ക് ഒഴിവാക്കാമായിരുന്നു. പക്ഷെ, എന്‍റെ പിതാവിനാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ, അവരെ രക്ഷിക്കാന്‍ എന്നെ അയക്കത്തക്കവിധം അത്രയധികം സ്നേഹിക്കപ്പെടുന്ന മക്കളെ ഞാന്‍ നിന്ദിക്കയായിരിക്കും ചെയ്യുക.  മനുഷ്യരുടെ കാര്യം നോക്കിയാല്‍, അത് അവര്‍ക്ക് ഉപദ്രവകരവുമാകുമായിരുന്നു. എന്‍റെ ദൗത്യം പൂര്‍ത്തിയാക്കി എന്‍റെ ദൂതന്മാരോട് കൂടെ   ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍, എന്‍റെ ദൗത്യം തുടരാന്‍ ആരുണ്ടാകും? എന്തുണ്ടാകും?ഞാന്‍ പറയുന്നത് പരീക്ഷിച്ചു നോക്കാനും പ്രവൃത്തിയിലാക്കാനും ഏതു മനുഷ്യനുണ്ടാകും? അരൂപിയാല്‍ നയിക്കപ്പെടുന്ന ഒരു ജീവിതത്തിന് ഒരു ദൈവവും ദൈവ ദൂതന്മാരും മാത്രമാണ് മാതൃക കാണിച്ചതെങ്കില്‍, മനുഷ്യന് ആഗ്രഹമുണ്ടെങ്കില്‍ അവന് എല്ലാത്തരത്തിലും ശുദ്ധതയും പരിശുദ്ധിയും  പാലിക്കുവാന്‍  കഴിയുമെന്ന് അവനെ 
ബോധ്യപ്പെടുത്തുവാന്‍,  മനുഷ്യ ശരീരമെടുക്കുക എനിക്കാവശ്യമായിരുന്നു. അതുപോലെ തന്നെ, എന്‍റെ അരൂപിക്ക് മറുപടി നല്‍കിയ അരൂപിയുള്ള ആളുകളെ - അവര്‍ ഏതു തരക്കാരായാലും, ധനികരോ ദരിദ്രരോ പഠനമുള്ളവരോ 
അറിവില്ലാത്തവരോ - സ്വീകരിക്കുക എന്നതും ആവശ്യമായിരുന്നു. അവരെ ഞാന്‍ കണ്ടതുപോലെ സ്വീകരിക്കുകയും എന്‍റെയും  അവരുടെയും ഇഷ്ടപ്രകാരം സാവധാനത്തില്‍ അവരെ മറ്റു മനുഷ്യരുടെ ഗുരുക്കന്മാരാക്കി രൂപാന്തരപ്പെടുത്തുകയും ആവശ്യമാണ്‌. 
                        മനുഷ്യന്‍ മനുഷ്യനെ വിശ്വസിക്കുന്നു. കാരണം, അവനെ കാണുന്നു. എന്നാല്‍ ഇത്രയധികം അധപ്പതിച്ച മനുഷ്യന്, അവന്‍ കാണാത്ത ദൈവത്തില്‍ വിശ്വസിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സീനായ്മല കത്തിയെരിഞ്ഞ സമയത്ത് തന്നെ അതിന്റെ ചുവട്ടില്‍ വിഗ്രഹാരാധന തുടങ്ങിക്കഴിഞ്ഞു.... മോശ മരിച്ചു പോലുമില്ല, അതിനു മുന്‍പുതന്നെ അവര്‍ കല്‍പ്പന ലംഘിച്ചു തുടങ്ങി. മോശയുടെ മുഖത്തു നോക്കുവാന്‍ അവര്‍ക്ക് സാധ്യമല്ലായിരുന്നു.
                             എന്നിട്ടും അവരതു ചെയ്തു. എന്നാല്‍ നിങ്ങള്‍ ഗുരുക്കന്മാരായി രൂപാന്തരപ്പെട്ടു കഴിയുമ്പോള്‍, പുളിമാവു പോലെ മനുഷ്യരുടെ ഇടയില്‍ നിങ്ങള്‍ സാക് ഷ്യം ആയിക്കഴിയുമ്പോള്‍, അവര്‍ ഇപ്രകാരം പറയുകയില്ല; "അവര്‍ മനുഷ്യരുടെ 
ഇടയിലേക്കിറങ്ങിയ ദൈവങ്ങളാണ്. നമുക്കവരെ അനുകരിക്കുക അസാധ്യം."  അവര്‍ ഇങ്ങനെ പറയുവാന്‍ നിര്‍ബന്ധിക്കപ്പെടും; അവര്‍ നമ്മെപ്പോലെ മനുഷ്യരാണ്. അവര്‍ക്ക് നമ്മെപ്പോലെ തന്നെയുള്ള പ്രവണതകളും പ്രേരണകളും പ്രതികരണങ്ങളുമുണ്ട്. എങ്കിലും അവയെ എതിര്‍ക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. അവരുടെ പ്രതികരണങ്ങള്‍ നമ്മുടെ മൃഗീയ പ്രവണതകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്."
                ദൈവത്തിന്‍റെ വഴികളിലൂടെ നടക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നെങ്കില്‍ മനുഷ്യന്‍ ദൈവികനാകും എന്നവര്‍ക്ക് ബോധ്യമാകും. അതിനാല്‍ നിങ്ങള്‍ എന്നെപ്പോലെയാകാന്‍  ശ്രമിക്കണം. അതിനു തിരക്കു കൂട്ടേണ്ട. വിവേചനാശക്തിയുള്ള ഒരു മൃഗത്തിന്‍റെ സ്ഥിതിയില്‍ നിന്ന് അരൂപിയുടെ നിലയിലേക്ക്                             മനുഷ്യന്‍ വളരുന്നത്‌ സാവധാനത്തിലാണ്. പരസ്പരം സഹിക്കുകയും ക്ഷമിക്കയും വേണം. ദൈവം ഒഴികെ ഒരുത്തരും പൂര്‍ണ്ണരല്ല.
             ഇപ്പോള്‍ എല്ലാം കഴിഞ്ഞല്ലോ. ഇല്ലേ? മനസ്സിന്റെ ദൃഡനിശ്ചയത്തോടെ നിങ്ങളെത്തന്നെ നന്നാക്കുവിന്‍. യോനായുടെ മകന്‍ സൈമണിനെ അനുകരിക്കുക. ഒരു വര്‍ഷം തന്നെയെടുത്തില്ല, അവന്‍ വളരെ നന്നായി പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍..... സൈമണിനെപ്പോലെ വെറും മാനുഷികരീതിയില്‍ വര്‍ത്തിച്ചിരുന്ന മറ്റാര് നിങ്ങളുടെ ഇടയിലുണ്ട്?"
                           "ശരിയാണ്. ഞാന്‍ അവനെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അവന്‍ എന്നെ വിസ്മയിപ്പിക്കുന്നു." യുദാ തദേവുസ് പറയുന്നു.
                             "നിങ്ങള്‍ സൈമണിനെ ബാഹ്യമായി മാത്രം കാണുന്നു. എന്നാല്‍, ഞാന്‍ അവന്‍റെ ആന്തരികമായ ആഴം കാണുന്നുണ്ട്. പരിപൂര്‍ണ്ണനാകുവാന്‍ ഇനിയും അവനു ധാരാളം ചെയ്യുവാനും സഹിക്കുവാനും ഉണ്ട്. എന്നാല്‍, അവന്‍റെതുപോലുള്ള സന്മനസ്സ്, സാധുത്വം, എളിമ, സ്നേഹം, എന്നിവ നിങ്ങളെല്ലാവരിലും കാണുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്."