ജാലകം നിത്യജീവൻ: മാതാപിതാക്കളെ ബഹുമാനിക്കുക

nithyajeevan

nithyajeevan

Thursday, July 28, 2011

മാതാപിതാക്കളെ ബഹുമാനിക്കുക

ഈശോ പ്രസംഗം തുടങ്ങുകയാണ്: 

                  "നിങ്ങള്‍ക്കെല്ലാര്‍ക്കും സമാധാനമുണ്ടാകട്ടെ! 
അപ്പനെയും അമ്മയേയും ബഹുമാനിക്കുക എന്ന് പത്തു കല്‍പ്പനകള്‍ പറയുന്നു. എങ്ങനെയാണ് അവരെ ബഹുമാനിക്കേണ്ടത്? എന്തുകൊണ്ടാണ് അവരെ ബഹുമാനിക്കേണ്ടത്? 

പരമാർത്ഥമായ അനുസരണം, ശരിയായ സ്നേഹം, സ്നേഹനിർഭരമായ ബഹുമാനം ഇവയെല്ലാം നൽകിക്കൊണ്ടാണ് അവരെ ബഹുമാനിക്കേണ്ടത്. ദൈവം കഴിഞ്ഞാൽ ഒരു പിതാവും മാതാവുമാണ് നമുക്ക് ജീവൻ നല്‍കിയതും നമ്മുടെ എല്ലാ ഭൗതികാവശ്യങ്ങളും നടത്തിത്തന്നതും. ഭൂമിയിലേക്കു ജാതനാകുന്ന ചെറിയ വ്യക്തിയുടെ ആദ്യ ഗുരുഭൂതരും സ്നേഹിതരും അവരാണ്. അതിനാൽ അവരെ നമ്മ
ള്‍  ബഹുമാനിക്കണം.
നമ്മുടെ കൈയില്‍  നിന്നു താഴെ വീണുപോയ ഒരു സാധനം ആരെങ്കിലും എടുത്തു തരികയോ നമുക്ക് കഴിക്കാൻ അൽപ്പം ആഹാരം തരികയോ ചെയ്താൽ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നോ "വളരെ ഉപകാരം" എന്നോ നാം പറയും. അപ്പോള്‍, നമുക്ക് ഭക്ഷണം നേടാനായി ജോലി ചെയ്ത് പുറംപൊട്ടിക്കുന്നവരോട് "വളരെ ഉപകാരം" എന്നോ "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നോ പറയേണ്ടതല്ലേ? അവർ നമ്മുടെ ഗുരുഭൂതരാണ്. നമ്മെ ആദ്യം സ്ക്കൂളിനായി ഒരുക്കുന്നതും പിന്നീട് ജീവിതത്തിനായി ഒരുക്കുന്നതും നമ്മുടെ മാതാപിതാക്കളാണ്. അവർ നമ്മുടെ  സ്നേഹിതരാണ്. ഒരു പിതാവിനേക്കാള്‍ കൂടുതല്‍  സഖിത്വം നല്‍കാൻ ഏതു സ്നേഹിതനാണ് കഴിയുക? ഒരു മാതാവിനേക്കാള്‍ കൂടുതല്‍  സഖിത്വം നല്‍കാൻ ഏതു സ്നേഹിതയ്ക്കാണ് കഴിയുക? അവരെക്കുറിച്ച് നമ്മള്‍ ഭയചകിതരാകാറുണ്ടോ? അവൻ എന്നെ വഞ്ചിച്ചു, അല്ലെങ്കില്‍  അവൾ എന്നെ വഞ്ചിച്ചു എന്ന് മാതാപിതാക്കളെക്കുറിച്ച് പറയാൻ പറ്റുമോ? മാതാപിതാക്കള്‍ക്കെതിരേ ഹൃദയങ്ങളടയ്ക്കുന്നവർ, അവരുടെ ഹൃദയത്തില്‍  ഉരുക്കിയ ഈയത്തുള്ളികള്‍ വീഴ്ത്തുകയാണ്. എന്നാല്‍  ഞാൻ പറയുന്നു, ആ കണ്ണീർ പൂഴിയില്‍  വീണുപോകയോ വിസ്മൃതിയിലാണ്ടു പോകയോ ചെയ്കയില്ല. ദൈവം അവ പെറുക്കിയെടുത്ത് എണ്ണി നോക്കുന്നു. അവഹേളിക്കപ്പെടുന്ന ഒരു പിതാവിന്റെയോ മാതാവിന്റെയോ വേദനക്ക് കർത്താവില്‍  നിന്ന് അവർക്കു സമ്മാനം ലഭിക്കും. എന്നാല്‍  ഒരു മകൻ അവന്റെ പിതാവിനെയോ മാതാവിനെയോ പീഡിപ്പിക്കുന്നെങ്കിൽ അവന്റെ പ്രവൃത്തി വിസ്മരിക്കപ്പെടുകയില്ല. മകനോടുള്ള ദുഃഖപൂർണ്ണമായ സ്നേഹത്താല്‍  അവർ മകനുവേണ്ടി കരുണയ്ക്കായി ദൈവത്തോടു യാചിച്ചാലും അവന്റെ തിന്മ വിസ്മരിക്കപ്പെടുകയില്ല.

" ഭൂമിയില്‍  ദീർഘകാലം ജീവിച്ചിരിക്കുവാൻ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" എന്നു പറയപ്പെട്ടിരിക്കുന്നു. 'സ്വർഗ്ഗത്തില്‍  എന്നേക്കും ജീവിച്ചിരിക്കുന്നതിനും' എന്നു ഞാൻ  കൂട്ടിച്ചേർക്കുന്നു. മാതാപിതാക്കള്‍ക്കെതിരേ തെറ്റു ചെയ്യുന്നവർക്ക് ഈ ഭൂമിയിലെ ഹൃസ്വജീവിതം മതിയായ ശിക്ഷയായിരിക്കയില്ല. വരാനിരിക്കുന്ന ജീവിതം ഒരു സാങ്കൽപ്പിക കഥയൊന്നുമല്ല. നാം ഇവിടെ എങ്ങനെ ജീവിക്കുന്നുവോ അതനുസരിച്ച് വരാനിരിക്കുന്ന ജീവിതത്തില്‍  സമ്മാനമോ ശിക്ഷയോ ഉണ്ടാകും.
മാതാപിതാക്കള്‍ക്കെതിരേ തെറ്റു  ചെയ്യുന്നവൻ ദൈവത്തിനു് അപ്രീതി വരുത്തുന്നു. കാരണം മാതാപിതാക്കളെ സ്നേഹിക്കണമെന്ന് അവൻ നമ്മോടു കൽപ്പിക്കുന്നു. അവരെ സ്നേഹിക്കാത്തവൻ പാപം ചെയ്യുന്നു. ദൈവസ്നേഹം കഴിഞ്ഞാൽ ഏറ്റം പരിശുദ്ധമായ സ്നേഹത്തെ അവൻ ധിക്കരിക്കുന്നു.  ഒരമ്മയുടെ സ്നേഹത്തെ വഞ്ചിക്കയും പിതാവിന്റെ നരച്ച മുടിയെ അവഹേളിക്കുകയും ചെയ്യുന്ന ഒരുവനെ വിശ്വസിക്കാൻ കഴിയുമോ? അവനോടു മതിപ്പു തോന്നുമോ?

 എന്നാല്‍  അല്‍പ്പം കൂടി ശ്രദ്ധിക്കൂ. മക്കളുടെ ചുമതലകള്‍ പോലെ മാതാപിതാക്കള്‍ക്കും അവരുടേതായ ചുമതലകളുണ്ട്. കുറ്റക്കാരനായ പുത്രൻ ശപിക്കപ്പെട്ടവനായിരിക്കട്ടെ. എന്നാല്‍  കുറ്റക്കാരായ മാതാപിതാക്കളും ശപിക്കപ്പെട്ടവരായിരിക്കട്ടെ. കുട്ടികള്‍ നിങ്ങളെ വിമർശിക്കാനിടയാകരുത്; നിങ്ങളുടെ തിന്മ അനുകരിക്കാനും ഇടയാക്കരുത്. മക്കളോടു നിങ്ങള്‍ കാണിക്കുന്ന നീതിയും കാരുണ്യവും നിറഞ്ഞ സ്നേഹം നിമിത്തം അവർ നിങ്ങളെ സ്നേഹിക്കാനിടയാക്കണം. ദൈവം  കാരുണ്യമാണ്. ദൈവം കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള നിങ്ങളും കാരുണ്യമായിരിക്കണം. നിങ്ങള്‍  കുട്ടികള്‍ക്ക് മാതൃകയും ആശ്വാസവുമായിരിക്കണം. അവർക്കു് സമാധാനവും വഴികാട്ടികളുമായിരിക്കണം. കുട്ടികളുടെ സ്നേഹത്തിന്റെ  പ്രഥമവിഷയം നിങ്ങളായിരിക്കട്ടെ. മക്കള്‍ നിങ്ങളെ ഓർത്തുകൊണ്ട് നിങ്ങളില്‍  കാണുന്ന 
സല്‍ഗുണങ്ങള്‍ തങ്ങളുടെ ജീവിതപങ്കാളികളില്‍  ഉണ്ടോ എന്നന്വേഷിക്കട്ടെ. 
സമാധാനം നിങ്ങളോടുകൂടെ."